Friday 25 June 2021

ഉസൈദ്ബ്നു ഹുളൈർ (റ)

 

ജാഹിലിയ്യത്തിലെ രണതന്ത്രജ്ഞനും ധീരയോദ്ധാവുമായിരുന്നു മദീനയിലെ ഹുളൈർ.

ഔസ് ഗോത്രത്തിന്റെ ജനസമ്മതനായ നേതാവുമായിരുന്നു അദ്ദേഹം. ഹുളൈറിന്റെ അനുയോജ്യനായ പുത്രനായിരുന്നു ഉസൈദ് (റ). ധൈര്യശാലിയും ധർമ്മിഷ്ഠനും അസ്ത്രപടുവുമായിരുന്നു അദ്ദേഹം.

ഇസ്ലാമിന്റെ പ്രഭാകിരണം അദ്ദേഹത്തിന്റെ ജീവിതത്തിൽ വെളിച്ചം വീശിയപ്പോൾ അദ്ദേഹം അല്ലാഹു ﷻ വിന്റെയും പ്രവാചകന്റെയും (ﷺ) ഉത്തമ ദാസൻമാരിൽ അഗ്രഗണ്യനായിത്തീർന്നു.

ഒന്നാം അഖബാ ഉടമ്പടിയിൽ നബിﷺയുടെ സന്നിധിയിൽ വെച്ച് ഇസ്ലാം സ്വീകരിച്ച പുത്തൻവിശ്വാസികളായ മദീനാ നിവാസികൾക്ക് ഇസ്ലാംമതം പഠിപ്പിക്കുവാനും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുവാനും നബി ﷺ മിസ്അബ് (റ) വിനെ അങ്ങോട്ടയച്ചു.

മിസ്‌അബ് (റ) വിന്റെ ആഗമനം അവിടത്തുകാരിൽ ഒച്ചപ്പാടുണ്ടാക്കി. പൂർവ്വിക വിശ്വാസാചാരങ്ങൾക്ക് നേരെ തലപൊക്കിയ പുതിയ ഭീഷണി ഒരു വിപത്തായി പഴമക്കാർ മനസ്സിലാക്കി. അങ്ങുമിങ്ങും അത് ചർച്ചാവിഷയമായിത്തീർന്നു.

ഉസൈദ് (റ)വും സഅദുബ്നു മുആദ് (റ) വും പ്രസ്തുത വിഷയത്തെക്കുറിച്ച് പര്യാലോചന നടത്തി. തലപുകഞ്ഞാലോചിച്ചു. അവർ രണ്ടുപേരും മദീനയിലെ ജനനേതാക്കളായിരുന്നു.

സഅദ് (റ) ഉസൈദ് (റ) വിനോട് പറഞ്ഞു: “നീ അസ്അദ് (റ)വിന്റെ വീട്ടിൽ പോകൂ, അവിടെയാണ് ആ പുതിയ മതക്കാരൻ താമസിക്കുന്നത്. അവനെ പിടിച്ച് നീ പുറത്താക്കുക”

ഉസൈദ് (റ) മടിച്ചില്ല. അദ്ദേഹം ആയുധമണിഞ്ഞു പുറപ്പെട്ടു. കോപാന്ധനായി അസ്അദ് (റ)വിന്റെ വീട്ടിൽ കയറിച്ചെന്നു. അസ്അദ് (റ)വും കുട്ടുകാരും അപ്പോൾ മിസ്അബ് (റ) വിന്റെ വചനം ശ്രദ്ധിച്ചു കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ആഗതന്റെ മുഖഭാവം കണ്ട് മിസ്അബ് (റ) ശാന്തസ്വരത്തിൽ അദ്ദേഹത്തോട് പറഞ്ഞു: “താങ്കൾ ഇരുന്നാലും! അൽപ്പമൊന്ന് ശ്രദ്ധിക്കൂ, വേണമെങ്കിൽ സ്വീകരിക്കുക. അല്ലെങ്കിൽ തിരസ്കരിക്കുക."

ഉസൈദ് (റ) ബുദ്ധിമാനായിരുന്നു. 'ഉസൈദുൽ കാമിൽ' (പരിപൂർണ്ണനായ ഉസൈദ് ) എന്നായിരുന്നു കൂട്ടുകാർ അദ്ദേഹത്തെ വിളിച്ചിരുന്നത്. അദ്ദേഹം മിസ്അബ് (റ) വിന്റെ വചനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. ഒരു പരിവർത്തനം അനുഭവപ്പെടുന്നതുപോലെ അദ്ദേഹത്തിന്ന് തോന്നി. ആ വചനങ്ങളിൽ അദ്ദേഹം ആകൃഷ്ടനായി. തന്റെ ആയുധം താഴെവെച്ചു.

മിസ്അബ് (റ) പരിശുദ്ധ വചനങ്ങൾ ഓതിക്കേൾപ്പിച്ചുകൊണ്ടിരുന്നു. അത് വിശദീകരിക്കുകയും ചെയ്തു. അതിന്റെ ദിവ്യശക്തിയിൽ അദ്ദേഹം പരിപൂർണ്ണമായി ലയിച്ചു.

സദസ്യരിൽ ചിലർ പിന്നീട് പറയുകയുണ്ടായി: “ഉസൈദ് വല്ലതും സംസാരിക്കാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ അദ്ദേഹം ഇസ്ലാമിന്ന് കീഴ്പ്പെട്ട് കഴിഞ്ഞിരിക്കുന്നുവെന്ന് മുഖഭാവം കൊണ്ട് ഞങ്ങൾ മനസ്സിലാക്കിയിരുന്നു.''

മിസ്അബ് (റ) സംസാരിച്ചുകൊണ്ടിരിക്കെ ഉസൈദ് (റ) അത്ഭുതപരതന്ത്രനായി എഴുന്നേറ്റു പറഞ്ഞു: "എന്തൊരു സുന്ദര വചനമാണിത്. നിങ്ങളുടെ മതത്തിൽ പ്രവേശിക്കണമെങ്കിൽ ഞാനെന്തുവേണം..?''

മിസ്അബ് (റ) പറഞ്ഞു: "ശരീരവും വസ്ത്രവും മാലിന്യങ്ങളിൽ നിന്ന് ശുദ്ധിയാക്കുകയും സാക്ഷിവചനം മൊഴിയുകയും ചെയ്യുക, പിന്നീട് നീ നമസ്കാരം നിലനിർത്തുക.”

അങ്ങനെ ഉസൈദ് (റ) തന്റെ പഴയ ജീവിതമാർഗ്ഗത്തോട് വിട പറഞ്ഞു. പുതിയസരണിയിൽ പ്രവേശിച്ചു. തന്റെ നാഥന്റെ ഏകത്വം അംഗീകരിച്ചു. അവന്റെ മുന്നിൽ സാഷ്ടാംഗം നമിച്ചു. ഉസൈദ് (റ) സഅദ് (റ) വിന്റെ അടുത്തേക്ക് മടങ്ങി. ഉസൈദ് (റ) വിനെ കണ്ട മാത്രയിൽ സഅദ് (റ) തന്റെ കുട്ടുകാരോട് പറഞ്ഞു: “ഉസൈദിന് എന്തോ പന്തികേട് പിണഞ്ഞിരിക്കുന്നു. അവന്റെ മുഖഭാവം നോക്കൂ...

പകയും വിദ്വേഷവും ജ്വലിച്ചിരുന്ന ആ മുഖത്ത് ഇപ്പോൾ ശാന്തിയുടെയും കാരുണ്യത്തിന്റെയും പ്രകാശമായിരുന്നു വിളയാടിയിരുന്നത്.

സഅദിനോട് എന്ത് പറയണം? ഉസൈദ് (റ) ചിന്തിച്ചു. സഅദ് സരളഹൃദയനാണ്. അവിടെ വക്രതയില്ല. എങ്കിലും അദ്ദേഹത്തോട് കാര്യം തുറന്നു പറയാമോ? അതല്ലേ ഉത്തമം, അസ്അദിന്റെ വീട്ടിലേക്ക് സഅദിനെ എങ്ങനെയെങ്കിലും എത്തിക്കണം. മിസ്അബിന്റെ (റ) ആ വശ്യമായ സൂക്തങ്ങൾ സഅദ് നേരിട്ട് കേൾക്കണം. സഅദ് അതിൽ ആകൃഷ്ടനാകും, തീർച്ച! 

അതിനെന്തു മാർഗ്ഗം. അദ്ദേഹം ചിന്തിച്ചു. ഒരു പൊടിക്കൈ പ്രയോഗിക്കാൻ തന്നെ തീരുമാനിച്ചു.

അസ്അദിന്റെ വീട്ടിലേക്ക് സഅദിനെ എങ്ങനെയെങ്കിലും എത്തിക്കണം. മിസ്അബിന്റെ (റ) ആ വശ്യമായ സൂക്തങ്ങൾ സഅദ് നേരിട്ട് കേൾക്കണം. സഅദ് അതിൽ ആകൃഷ്ടനാകും, തീർച്ച! 

അതിനെന്തു മാർഗ്ഗം. അദ്ദേഹം ചിന്തിച്ചു. ഒരു പൊടിക്കൈ പ്രയോഗിക്കാൻ തന്നെ തീരുമാനിച്ചു.

ഉസൈദ് (റ) പറഞ്ഞു: “സഅദ്, ബനുഹാരിസ് ഗോത്രക്കാർ അസദിനെ വധിക്കാൻ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്ന് ഞാൻ അറിഞ്ഞു. അത് നിന്റെ മാതൃസഹോദരിയുടെ പുത്രനാണല്ലോ.

വാർത്ത കേട്ടമാത്രയിൽ സഅദ് (റ) ആയുധമണിഞ്ഞ് അസ്അദിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ ശാന്തരായിരുന്ന അസ്അദ് (റ)യും മിസ്അബ് (റ)യും കുട്ടുകാരും പഠനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പേൾ. ഉസൈദ് (റ) വിന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. പരിശുദ്ധ ഖുർആനിന്റെ വശ്യശക്തി സഅദ് (റ)യെ കീഴ്പ്പെടുത്തി. സഅദ് (റ) മുസ്ലിംകളിൽ അഗ്രഗണ്യനായിത്തീർന്നു...

"ബനുൽമുസ്തലഖ് യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യ് തന്റെ ചില സ്നേഹിതൻമാരോട് പറഞ്ഞു: "നിങ്ങൾ, മക്കയിൽ നിന്ന് കൽപ്പിക്കപ്പെട്ട മുഹമ്മദിന്നും (ﷺ) കുട്ടുകാർക്കും നിങ്ങളുടെ നാട് അനുവദിച്ചുകൊടുത്തിരിക്കുന്നു. നിങ്ങൾ അവർക്കെതിരെ ഒരു സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയാണെങ്കിൽ അവർ അവരുടെ പാട്ടിനു പോകുമായിരുന്നല്ലോ.  ഏതായാലും മദീനയിൽ മടങ്ങിയെത്തിയാൽ മാന്യൻമാരായ നാം ആ നിന്ദ്യരെ അവിടുന്ന് പുറത്താക്കുക തന്നെ വേണം.”

പ്രസിദ്ധനായ സഹാബിവര്യനായിരുന്ന സൈദുബ്നു അർഖം (റ) അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ വാക്കുകൾ കേട്ടു. അദ്ദേഹത്തിന്ന് അത് നബിﷺയെ അറിയിക്കാതിരിക്കാൻ നിർവാഹമുണ്ടായിരുന്നില്ല. അദ്ദേഹം അത് നബിﷺയെ അറിയിക്കുകയും ചെയ്തു.

നബി ﷺ അത് കേട്ടപ്പോൾ ദുഃഖിതനും നിരാശനുമായി ഉസൈദ് (റ)വിനോട് പറഞ്ഞു: “നിങ്ങളുടെ സ്നേഹിതൻ ഞങ്ങളെക്കുറിച്ചു പറഞ്ഞത് നിങ്ങളറിഞ്ഞില്ലേ..?''

ഉസൈദ് (റ): “ഏത് സ്നേഹിതൻ..?''

നബി ﷺ: “അബ്ദുല്ലാഹിബ്നു ഉബയ്യ്

ഉസൈദ് (റ): “അവനെന്തു പറഞ്ഞു”

നബി ﷺ: മദീനയിൽ മടങ്ങിയെത്തിയാൽ "നിന്ദ്യരായ ഞങ്ങളെ അവർ പുറത്താക്കുമെന്ന്!!"

ഉസൈദ് (റ): “അല്ലാഹു ﷻ വാണ് സത്യം. നബിയേ, നിങ്ങളായിരിക്കും അവനെ മദീനയിൽ നിന്ന് പുറംതളളുക. അതാണുണ്ടാവാൻ പോകുന്നത്. കാരണം നിന്ദ്യൻ അവനാണ്. സത്യവിശ്വാസികൾ മാന്യൻമാരും!''

പിന്നീട് ഉസൈദ് (റ) പറഞ്ഞു: “നബിയേ, അവനോട് സഹതാപം കാണിക്കണം. കാരണം അവന്റെ അനുയായികൾ അവനുവേണ്ടി ഒരു കിരീടം തയ്യാറാക്കിവെച്ചതായിരുന്നു. മദീനയിലെ രാജാവായി അവനെ വാഴിക്കാൻ വേണ്ടി ഒരുങ്ങിയതായിരുന്നു. അപ്പോഴാണ് നിങ്ങളുടെ ആഗമനമുണ്ടായത്. അലസിപ്പോയ പ്രസ്തുത പരിപാടിക്ക് വിഘ്നം വരുത്തിയത് ഇസ്ലാമാണെന്ന് അവൻ വിശ്വസിക്കുന്നു. അതുകാരണം അവനിന്ന് ഇസ്ലാമിനോട് വിദ്വേഷമാണുള്ളത്."

നബിﷺയുടെ വഫാത്തിനുശേഷം പുതിയ ഖലീഫയുടെ തിരഞ്ഞെടുപ്പ് പ്രശ്നത്തിൽ അഭിപ്രായവിത്യാസമുണ്ടായി. സഅദ്ബ്നു മുആദ് (റ) അടക്കമുള്ള അൻസാരികൾ പുതിയ ഖലീഫ അൻസാരികളിൽ നിന്ന് ആയിരിക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ അൻസാരികളിൽ പ്രമുഖനായ ഉസൈദ് (റ) വാദിച്ചത്, പുതിയ ഖലീഫ നബി (ﷺ)യുടെ കൂട്ടുകാരായ മുഹാജിറുകളിൽ നിന്നാവണമെന്നായിരുന്നു...

ഹിജ്റ 20 മത്തെ വർഷം ശഅബാനിൽ ഉസൈദ് (റ) വഫാത്തായി. ഉമർ (റ) അടക്കം പ്രസിദ്ധരായ സഹാബികൾ ആ മയ്യിത്ത് തങ്ങളുടെ ചുമലിൽ 'ബഖീഇ'ലേക്ക് ചുമന്നു. അവിടെ മറവു ചെയ്തു.


അബൂ സഈദില്‍ ഖുദ്‌റി (റ) ല്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം, ഉസൈദ്ബ്‌നു ഹുളൈര്‍ (റ) രാത്രിയില്‍ ഖുര്‍ആന്‍ ഓതികൊണ്ടിരുന്നപ്പോള്‍ സമീപത്ത് കെട്ടിയിടപ്പെട്ടിരൂന്ന കുതിര വട്ടം കറങ്ങാന്‍ തുടങ്ങി. ഖുര്‍ആന്‍ പാരായണം നിര്‍ത്തിയപ്പോള്‍ കുതിരയുടെ കറക്കവും നിന്നു. ഇങ്ങനെ പല പ്രാവശ്യംഅനുഭവപ്പെട്ടപ്പോള്‍ അദ്ദേഹം പാരായണം നിര്‍ത്തി. ശേഷം ആകാശത്തേക്ക് തലഉയര്‍ത്തി നോക്കിയപ്പോള്‍ അവിടെ ദീപങ്ങള്‍ക്ക് തുല്യം പ്രകാശിക്കുന്ന വസ്തുവോടു കൂടി കുട പോലെ കാണാന്‍ കഴിഞ്ഞു. അടുത്ത പ്രഭാതത്തില്‍ നബി(സ) യോട് ഈ സംഭവം പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: നിന്റെ ഖുര്‍ആന്‍ പാരായണശബ്ദം കേട്ട് അടുത്ത് വന്ന മലക്കുകളായിരുന്നു അത്. നീ നിര്‍ത്താതെ ഓതികൊണ്ടിരുന്നുവെങ്കില്‍ ജനങ്ങള്‍ പ്രഭാതത്തില്‍ അവരെ നോക്കുമായിരുന്നു. അവര്‍ ജനങ്ങളില്‍ നിന്ന് മറഞ്ഞ് പോകുമായിരുന്നില്ല.



ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു.


No comments:

Post a Comment