Wednesday 9 June 2021

ഉസാമതുബ്നു സൈദ് (റ)

 

ഉസാമ(റ)വിന്റെ നാമം കേൾക്കുമ്പേൾ അഭിനവലോകത്തിലെ സംസ്കാരത്തിന്റെ വൈതാളികർ നാണം കൊണ്ട് ശിരസ്സ് കുനിച്ചേക്കും!

കറുകറുത്ത, ചപ്പിയ മൂക്കുള്ള ഒരു ചെറുപ്പക്കാരൻ..!!

ഉമ്മുഐമന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രവാചകന്റെ (സ്വ) പോറ്റുമ്മ അബ്‌സീനിയക്കാരി ബറക്കത്തിന്റെയും പ്രവാചകന്റെ (സ്വ) സന്തത സഹചാരി സൈദുബ്‌നുഹാരിസയുടെയും പുത്രനായിരുന്നു ഉസാമ. ഉസാമയുടെ ജനനം ഈ രണ്ട് കാരണങ്ങളാല്‍ പ്രവാചകന് (സ്വ) മന:ക്ലേശങ്ങള്‍ക്കിടയില്‍ ഏറെ സന്തോഷം നല്‍കി. ഹിജ്‌റക്ക് ഏഴ് വര്‍ഷം മുമ്പ് മക്കയില്‍ ജനനം.

ഒരിക്കല്‍ ഉസാമ അവിചാരിതമായി വാതില്‍പടി തടഞ്ഞുവീണു. കുട്ടിയുടെ നെറ്റി പൊട്ടി രക്തം ഒലിച്ചിറങ്ങി. നബി(സ) ആഇശ ബീവിയോട് ആംഗ്യം മുഖേന കുഞ്ഞിന്റെ രക്തം തുടച്ചു വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു. ആഇശ ബീവിക്ക് അതത്ര താല്‍പര്യമായില്ല. ഇത് മനസ്സിലാക്കിയ നബി(സ) തന്നെ കുട്ടിയെ എടുത്ത് രക്തം വായകൊണ്ട് വലിച്ചെടുത്ത് തുപ്പി. സാന്ത്വനപ്പെടുത്തി. ആ രംഗം കണ്ട് ആഇശബീവിക്ക് തന്നെ അത് ചെയ്യാമായിരുന്നു എന്ന് തോന്നി.

പ്രിയപ്പെട്ടവന്‍, പ്രിയപ്പെട്ടവന്റെ മകന്‍ എന്നീ വിശേഷണങ്ങള്‍ നബി(സ്വ) ഉസാമക്കു നല്‍കി. തിരുമേനിയുടെ പേരക്കുട്ടി ഹസന്റെ പ്രായക്കാരനായിരുന്നു ഉസാമ. രണ്ട് പേരെയും ഒരേപോലെ പ്രവാചകന്‍ വാത്‌സല്യപൂര്‍വ്വം പരിഗണിച്ചു. ഖുറൈശി പ്രമുഖനായ ഹകീമുബ്‌നു ഹസാമിന് വില നല്‍കി സ്വീകരിച്ച ഒരു മുന്തിയ മേലങ്കി ഒരു പ്രാവശ്യം ജുമുഅക്ക് ഉപയോഗിച്ചതിന് ശേഷം ഉസാമക്ക് പാരിതോഷികമായി നല്‍കി. അസാമാന്യ ബുദ്ധിശക്തിയും ധൈര്യവും തന്റേടവും കാര്യപ്രാപ്തിയും ഉസാമതുബ്‌നു സൈദിന്റെ പ്രത്യേകതകളായിരുന്നു. നിര്‍മലവും ഭക്തിനിര്‍ഭര വുമായ ജീവിതം കൂടി ഒത്ത് ചേര്‍ന്നപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഉന്നതസ്ഥാനീയനായിത്തീര്‍ന്നു.


സുപ്രസിദ്ധമായ മക്കാവിജയ ദിവസം! ജന്മനാട്ടിലേക്ക് സർവതന്ത്രസ്വതന്ത്രനായി ഒരു ജേതാവിനെപോലെ നബി ﷺ തിരിച്ചുവരുന്നു. ആ അനർഘ നിമിഷത്തിൽ തന്റെ വാഹനപ്പുറത്തൊരു കൂട്ടുകാരനുണ്ടായിരുന്നു. അതാരാണെന്നല്ലേ? മൂക്കുചപ്പിയ വിരൂപിയായ ആ യുവാവ് തന്നെ..!!

അനന്തരം നബി ﷺ കഅബാലയത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നു. അവിടെയും ആ യുവാവ് കൂട്ടിനുണ്ടായിരുന്നു. മൂന്നാമനായി മറ്റൊരടിമയായി ബിലാൽ(റ)വും.

മറ്റൊരിക്കൽ നബി ﷺ വലിയ ഒരു സൈന്യവ്യൂഹത്തിന്റെ നേതാവായി ഉസാമ(റ)വിനെ നിയോഗിക്കുന്നു. ഖുറൈശി പ്രമുഖരായ അബൂബക്കർ (റ), ഉമർ (റ) പ്രസ്തുത സൈന്യത്തിലെ സാധാരണ അംഗങ്ങളായിരുന്നു.

"കറുത്തവൻ വെളുത്തവനേക്കാളോ, വെളുത്തവൻ കറുത്തവനേക്കാളോ അറബി അനറബിയേക്കാളോ, അനറബി അറബിയേക്കാളോ ശ്രഷ്ഠനാകുന്നില്ല. തഖ് വ കൊണ്ടല്ലാതെ” എന്ന ഇസ്ലാമിലെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പ്രായോഗിക നിദർശനമായിരുന്നു ഉസാമ (റ)വിന്റെ ചരിത്രം.

പ്രവിശാലമായ മുസ്ലിം സാമാജ്യത്തിന്റെ അധിപനായിരുന്ന ഖലീഫ ഉമർ(റ) ഒരിക്കൽ പൊതുഖജനാവിൽ നിന്ന് മുസ്ലിം സൈനികർക്കുളള വിഹിതം വീതിച്ചുകൊടുക്കുകയായിരുന്നു. ഖലീഫ തന്റെ പുത്രൻ അബ്ദുല്ലക്ക് നൽകിയതിന്റെ ഇരട്ടിയാണ് ഉസാമ (റ) വിന് നൽകിയത്. 

അത് കണ്ട് അബ്ദുല്ല (റ) പിതാവിനോട് ചോദിച്ചു: “വന്ദ്യരായ പിതാവേ, അങ്ങ് ഇങ്ങനെ ചെയ്യാൻ കാരണമെന്താണ്..? ഞാൻ ഉസാമയെക്കാൾ (റ) കൂടുതൽ യുദ്ധങ്ങളിൽ പങ്കെടുത്തവനും യാതന സഹിച്ചവനുമാണല്ലോ..?”

ഉമർ (റ) പറഞ്ഞു: "ശരിയാണ്, എങ്കിലും നബിﷺയോട് നിന്നേക്കാൾ അവനും നിന്റെ പിതാവിനേക്കാൾ അവന്റെ പിതാവും അടുത്തവനായിരുന്നു."

ഉസാമ (റ) വിന്റെ പിതാവായ സൈദുബ്നു ഹാരിസ(റ)വിനെ കുറിച്ച് മുമ്പ് പ്രതിപാദിച്ചുവല്ലോ.. സ്വന്തം പിതാവിനെയും പിതൃവ്യനെയും ഉപേക്ഷിച്ച് നബിﷺയെ രക്ഷാധികാരിയായിവരിച്ച മഹാനായിരുന്നു അദ്ദേഹം. ഇസ്ലാം ദത്തെടുക്കൽ നിരോധിക്കുന്നതുവരെ "സൈദുബ്നു മുഹമ്മദ് " എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്...

സൈദ് (റ) വിന്റെയും നബിﷺയുടെ ധാത്രിയായ ഉമ്മുഐമൻ എന്ന മഹതിയുടെയും പുത്രനായി ജനിച്ച ഉസാമ (റ), ഇസ്ലാമിന്റെ മടിത്തട്ടിൽ വളർന്ന ചെറുപ്പക്കാരായ സഹാബിമാരിൽ അഗ്രഗണ്യനായിരുന്നു.

പ്രിയങ്കരന്റെ പുത്രനായ പ്രിയങ്കരൻ എന്നർത്ഥം വരുന്ന അൽഹിബ്ബ്ബ്നുൽഹിബ്ബ് എന്നായിരുന്നു നബി ﷺ ഉസാമ (റ) വിനെ വിളിച്ചിരുന്നത്...

തന്റെ പതിനെട്ടാമത്തെ വയസ്സിൽ നബി ﷺ അദ്ദേഹത്തെ ഒരു വലിയ സൈന്യത്തിന്റെ നായകനായി നിയമിച്ചു. പ്രസ്തുത സൈന്യത്തിൽ അബൂബക്കർ (റ) ഉമർ (റ) എന്നിവരടങ്ങുന്ന പ്രമുഖരായ സഹാബിമാർ അംഗങ്ങളായിരുന്നു. സ്വാഭാവികമായും ഈ നിയമനത്തെക്കുറിച്ച് ചെറിയതോതിലുള്ള ചില അപശബ്ദങ്ങൾ അങ്ങിങ്ങായി മുഴങ്ങാൻ തുടങ്ങി. അത് നബിﷺയുടെ കാതുകളിലും ചെന്നെത്തി. നബി ﷺ ഇങ്ങനെ പറഞ്ഞു:

"ഉസാമയുടെ നിയമനത്തെ കുറിച്ച് ചിലർക്ക് എതിരഭിപ്രായമുണ്ടെന്ന് ഞാനറിഞ്ഞു. മുമ്പ് അദ്ദേഹത്തിന്റെ പിതാവായ സൈദിന്റെ കാര്യത്തിലും ഭിന്നാഭിപ്രായമുള്ളവരായിരുന്നു അവർ. സൈദ് നേതൃത്വത്തിന് അർഹനായിരുന്നതുപോലെ ഉസാമയും അതിന്നർഹനാകുന്നു. സൈദിനെ പോലെ ഉസാമയും എനിക്കിഷ്ടപ്പെട്ടവനാണ്. അദ്ദേഹം നിങ്ങളുടെ കൂട്ടത്തിൽ വെച്ചു സർവ്വനാണ് എന്ന് ഞാൻ കരുതുന്നു. അതുകൊണ്ട് നിങ്ങൾ ഉസാമയ്ക്ക് അഭൂദയം കാംക്ഷിക്കുക.''

പ്രസ്തുത സൈന്യം ലക്ഷ്യം പ്രാപിക്കുന്നതിന്ന് മുമ്പ് നബി ﷺ വഫാത്താവുകയാണുണ്ടായത്. എങ്കിലും ഖലീഫ അബൂബക്കർ (റ) നബിﷺയുടെ ഇംഗിതമനുസരിച്ച് ഉസാമയുടെ (റ) സൈന്യത്തെ യാത്രയാക്കി.

ഉസാമ(റ)വിന്റെ സമ്മതപ്രകാരം ഉമർ(റ)വിനെ ഖലീഫയുടെ സഹായത്തിനു വേണ്ടി മദീനയിൽ നിർത്തുകയും ചെയ്തു. സൈന്യം സിറിയയുടെ അതിർത്തി പ്രദേശങ്ങളിലേക്ക് നീങ്ങി.

നബിﷺയുടെ നിര്യാണവാർത്തയറിഞ്ഞത് മുതൽ റോമാചക്രവർത്തിയായ ഹിർഖലിന്ന് മുസ്ലിംകളുടെ മുന്നേറ്റത്തെയും മനോധൈര്യത്തേയും കുറിച്ചുണ്ടായിരുന്ന പുതിയ ധാരണ തിരുത്താൻ അതുപകരിച്ചു.

മുസ്ലിംകളുടെ സാഹസികമായ നടപടി നിമിത്തം പ്രവാചകന്റെ (ﷺ) മരണം അവരെ മാനസികമായി തളർത്തിയിട്ടില്ല എന്ന് റോമക്കാർക്ക് ബോധ്യമായി. ഉസാമയുടെ (റ) സൈന്യം യാതൊരു എതിർപ്പും കൂടാതെ മടങ്ങുകയാണുണ്ടായത്...


ഒരിക്കൽ നബി ﷺ അദ്ദേഹത്തെ ഒരു സൈന്യസംഘത്തിന്റെ നേതാവായി നിയോഗിച്ചു. ഉസാമ(റ)വിന്റെ ആദ്യത്തെ യജ്ഞമായിരുന്നു അത്. തന്റെ ദൗത്യം വിജയിച്ചു തിരിച്ചുവന്നശേഷം നബിﷺയോട് തന്റെ അനുഭവങ്ങൾ അദ്ദേഹം വിശദീകരിക്കുകയായിരുന്നു. നബി ﷺ എല്ലാം പ്രസന്നവദനായി കേട്ടുകൊണ്ടിരുന്നു.

"ശത്രുക്കൾ തോറ്റോടാൻ തുടങ്ങിയിരിക്കുന്നു. അവരിലൊരാൾ എന്റെ മുന്നിൽ അകപ്പെട്ടു. ഞാൻ ആയുധം പ്രയോഗിക്കാൻ ഒരുങ്ങി. ഉടനെ അയാൾ "ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന് വിളിച്ചു പറഞ്ഞു. ഞാൻ അത് വകവെച്ചില്ല. അയാളെ വധിച്ചുകളഞ്ഞു.''

ഇത് കേട്ടപ്പോൾ നബിﷺയുടെ മുഖം വിവർണ്ണമായി. നബി ﷺ പറഞ്ഞു: "ലാഇലാഹ് ഇല്ലല്ലാഹ് എന്ന് വിളിച്ച് പറഞ്ഞിട്ടും നീ അയാളെ വധിച്ചുകളഞ്ഞോ..?"

"ഞാൻ അതുവരെ ചെയ്ത എല്ലാ പ്രയത്നങ്ങളെക്കുറിച്ചും എനിക്ക് വിരക്തി തോന്നുമാറ് നബി ﷺ അത് ആവർത്തിച്ചുകൊണ്ടിരുന്നു.” എന്ന് ഉസാമ (റ) പറഞ്ഞു.

ഉസാമ(റ)വിന്റെ ജീവിതത്തിൽ ഒരു വലിയ പാഠമായിരുന്നു പ്രസ്തുത സംഭവം. നബിﷺയുടെ വഫാത്തിനു ശേഷം മുസ്ലിംകൾക്കിടയിൽ നടമാടിയ അനാശാസ്യമായ ആഭ്യന്തര കലാപങ്ങളിൽ നിന്ന് അദ്ദേഹം പരിപൂർണ്ണമായും ഒഴിഞ്ഞു നിന്നു.

അലി(റ)വും മുആവിയ(റ)വും തമ്മിൽ നടന്ന സംഘട്ടനങ്ങളിൽ ധാർമ്മികമായി അദ്ദേഹം അലി(റ)വിന്റെ പക്ഷത്തായിരുന്നെങ്കിലും സമരരംഗത്തു നിന്ന് ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം ചെയ്തത്.

അദ്ദേഹം ഇത് സംബന്ധിച്ച് അലി(റ)വിന് അയച്ച ഒരു കത്തിൽ ഇങ്ങനെ പറയുന്നു: “അങ്ങ് ഒരു സിംഹത്തിന്റെ കടവായയിലായിരുന്നെങ്കിൽ അങ്ങയൊടൊപ്പം അവിടെ പ്രവേശിക്കാൻ എനിക്ക് മടിയുണ്ടായിരുന്നില്ല. എങ്കിലും ഇപ്പോഴത്തെ നിലപാടിൽ എനിക്ക് അഭിപ്രായ ഐക്യം ഇല്ല.''

നിഷ്പക്ഷനായി തന്റെ വീട്ടിൽ കഴിഞ്ഞുകൂടുകയായിരുന്ന അദ്ദേഹത്തോട് തന്റെ നിലപാടിനെ വിമർശിച്ചുകൊണ്ട് ചില സ്നേഹിതൻമാർ സംസാരിക്കുകയുണ്ടായി. അവരോടദ്ദേഹം പറഞ്ഞു:

"ലാഇലാഹ ഇല്ലല്ലാഹ് എന്നുച്ചരിക്കുന്ന ഒരാൾക്കെതിരിലും ഞാൻ ആയുധമെടുക്കുകയില്ല. അക്കാര്യം തീർച്ചയാകുന്നു."

അവരിൽ ഒരാൾ ചോദിച്ചു: “നാശം ഇല്ലായ്മ ചെയ്യുന്നവരേയും ദീൻ പരിപൂർണ്ണമായും അല്ലാഹു ﷻ വിന്ന് ആകുന്നതുവരെയും അവരോട് യുദ്ധം ചെയ്യണമെന്ന് അല്ലാഹു ﷻ കൽപ്പിച്ചിട്ടില്ലേ..?''

ഉസാമ (റ) പറഞ്ഞു: അത് ബഹുദൈവാരാധകരായ ശത്രുക്കളെ കുറിച്ചാണ് പറഞ്ഞത്. അതനുസരിച്ച് അവരോട് നിരന്തരസമരം നടത്തിയവരാണ് ഞങ്ങൾ. വീണ്ടും സത്യവിശ്വാസികളോട് സമരം ചെയ്യണമെന്നോ! അതുപാടില്ല.

ഉസാമയുടെ (റ) നായകത്വത്തിന് അബൂബക്ര്‍(റ)വിന്റെ ഭരണകാലത്ത് അഭിപ്രായ വ്യത്യാസമുണ്ടാ യിരുന്നു. മറുപക്ഷത്തിന്റെ അഭിപ്രായവുമായി ഉമര്‍ വന്നപ്പോള്‍ അബൂബക്ര്‍ സിദ്ദീഖ് പ്രവാചകന്റെ തിരൂമാനത്തെ ശരിവെക്കുകയാണുണ്ടായത്. ഫലസ്തീനില്‍പ്പെട്ട ഖാളയും ദാറുമിലും മുസ്‌ലിംകള്‍ ഉസാമയുടെ നേതൃത്വത്തില്‍ കാലൂന്നി. ശാം, ഈജിപ്ത്, ഇരുട്ടുകടല്‍ വരെ നീണ്ടുകിടക്കുന്ന ഉത്തരാഫ്രിക്ക എന്നീ രാജ്യങ്ങള്‍ കീഴടക്കാന്‍ വഴിയൊരുക്കാനും ഉസാമക്കു കഴിഞ്ഞു. ഉസാമയുടെ സൈന്യത്തെപ്പോലെ സുരക്ഷിതവും യുദ്ധസ്വത്ത് സമ്പാദിച്ചതുമായ മറ്റൊരു സൈന്യമുണ്ടായിട്ടില്ലെന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്.    


ഉസാമ(റ) പുതുതലമുറയുടെ തേരാളി

നബി (സ) ചുമതലകളെല്ലാം ഏല്‍പിച്ചിരുന്നത് യുവാക്കളെയോ മധ്യവയസ്സ് പിന്നിടാത്തവരെയോ ആയിരുന്നു. നബി(സ)യുടെ തീരുമാനങ്ങളോ തെരഞ്ഞെടുപ്പോ മുതിര്‍ന്ന സ്വഹാബി പ്രമുഖരെ ആരെയും അലോസരപ്പെടുത്തുകയോ മുറുമുറുപ്പിന് ഇടയാക്കുകയോ ചെയ്തതായി എവിടെയും രേഖപ്പെടുത്തിയതായി കാണുന്നില്ല. സേനാനായകനായി ഇളമുറക്കാരനായ ഉസാമത്തുബ്‌നു സൈദിനെ നിശ്ചയിച്ച സന്ദര്‍ഭം മാത്രമാണ് അപവാദം. അതില്‍ നബി(സ) ഉടനെ ഇടപെട്ട് ധാരണകള്‍ തിരുത്തുകയും നയം വിശദീകരിക്കുകയും ചെയ്തത് സുവിദിതമാണ്. നബി(സ)യുടെ വിയോഗാനന്തരം സ്വഹാബിമാര്‍ ആ നിര്‍ദേശം നടപ്പാക്കിയ രീതിയും നിരവധി പാഠങ്ങള്‍ നല്‍കുന്നുണ്ട്.

നബി(സ)ക്ക് ഏറെ പ്രിയപ്പെട്ട ഉസാമതുബ്‌നു സൈദ് 'ഹിബ്ബു റസൂലില്ലാഹ്' (റസൂലിന്റെ മാനസപുത്രന്‍) എന്ന പേരിലാണ് അറിയപ്പെട്ടത്. പിതാവ് സൈദുബ്‌നു ഹാരിസ; മാതാവ് നബിയുടെ ഉമ്മ ഹലീമയുടെ പരിചാരകയും സന്തത സഹചാരിയുമായിരുന്ന ഉമ്മു അയ്മന്‍. ശാമിലേക്കുള്ള മുസ് ലിം സേനാവ്യൂഹത്തിന്റെ നായകനായി ഉസാമതുബ്‌നു സൈദിനെ നബി(സ) നിയോഗിച്ചു. അന്ന് ഉസാമക്ക് പ്രായം പതിനെട്ട്. റോമാ സാമ്രാജ്യത്തോടാണ് യുദ്ധം. ഉസാമക്ക് നിയമനോത്തരവ് നല്‍കി റസൂല്‍ പറഞ്ഞു: ''ഉസാമ! അല്ലാഹുവിന്റെ പേരിലും അവന്റെ ആശീര്‍വാദത്തിലും മുന്നോട്ടു ഗമിക്കുക. മാര്‍ച്ച് ചെയ്ത് മുന്നോട്ടു പോയാല്‍ താങ്കളുടെ പിതാവ് വീരമൃത്യു വരിച്ച സ്ഥലത്തെത്തും. അവിടെ നിങ്ങള്‍ തമ്പടിക്കുക. ഈ സൈന്യത്തിന്റെ ചുമതല ഞാന്‍ താങ്കളെ ഏല്‍പിക്കുകയാണ്. ഉബ്ഹാ ഗോത്രത്തിനു മേല്‍ പ്രഭാതാക്രമണമാണ് നടത്തേണ്ടത്. ഒട്ടും വൈകാതെ അവിടെ നിന്നും മുന്നോട്ടു ഗമിക്കണം. വാര്‍ത്ത പിന്നാലെ വരട്ടെ. അല്ലാഹു വിജയം തന്നാല്‍ പിന്നെ അവിടെ അധികനേരം തങ്ങരുത്. വഴികാട്ടികളെ കൂടെ കൂട്ടുക. ചാരന്മാരെയും വിവരശേഖരണ വിദഗ്ധരെയും നേരത്തേ അയക്കണം.'' 'ഇനി അല്ലാഹുവിന്റെ നാമത്തില്‍ മാര്‍ച്ച് ചെയ്തുകൊള്ളുക'- പതാക ഉസാമക്ക് കൈമാറി നബി(സ) നിര്‍ദേശം നല്‍കി. 

ആദ്യതലമുറയിലെ മുതിര്‍ന്ന മുഹാജിറുകളുടെ തലക്ക് മുകളില്‍ പുതുതലമുറയിലെ പതിനെട്ടുകാരന്‍ യുവാവിനെ സേനാനായകനായി നിശ്ചയിച്ചതില്‍ സ്വഹാബിമാരില്‍ ചിലര്‍ക്ക് പ്രതിഷേധവും ഭിന്നാഭിപ്രായവുമുണ്ടെന്ന് ശ്രദ്ധയില്‍പെട്ട നബി (സ) അസന്തുഷ്ടനായി. കേട്ടപാടെ, തലയില്‍ ഒരു കെട്ടുകെട്ടി പുതപ്പുകൊണ്ട് മൂടി പള്ളിയിലേക്ക് പുറപ്പെട്ടു. മിമ്പറില്‍ കയറി റസൂല്‍ സദസ്സിനെ അഭിസംബോധന ചെയ്തു! ''ജനങ്ങളേ, ഉസാമതുബ്‌നു സൈദിനെ നേതാവാക്കി നിശ്ചയിച്ചതിനെക്കുറിച്ച് നിങ്ങളില്‍ ചിലര്‍ വിമര്‍ശനമുന്നയിച്ചതായി എനിക്ക് വിവരം കിട്ടി. ഉസാമയെ ഞാന്‍ നേതാവായി നിയമിച്ചതില്‍ നിങ്ങള്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍, ഉസാമയുടെ പിതാവ് സൈദിനെ ഇതിനു മുമ്പ് നേതാവായി നിശ്ചയിച്ചതിലും നിങ്ങള്‍ക്ക് ആക്ഷേപമുണ്ടായിരിക്കും. അല്ലാഹുവാണ് സത്യം, സൈദ് അമീറാവാന്‍ യോഗ്യനാണെങ്കില്‍ അയാളുടെ കാലശേഷം പുത്രനും ഇമാറത്തിന് യോഗ്യന്‍ തന്നെ. സൈദ് എനിക്ക് ജനങ്ങളില്‍ ഏറ്റവും പ്രിയങ്കരനായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ഉസാമ എനിക്കേറ്റവും പ്രിയപ്പെട്ടവനാണ്. ഇരുവരും നന്മനിറഞ്ഞവരാണ്. അവരോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് ഞാന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു. ഉസാമ നിങ്ങളിലെ ശ്രേഷ്ഠരുടെ ഗണത്തില്‍ പെട്ടവനാണ്.''

നബി(സ)യുടെ വിയോഗാനന്തരം ഖലീഫയായി അബൂബക്ര്‍ തെരഞ്ഞെടുക്കപ്പെട്ടു. അപ്പോഴേക്ക് ധാരാളം ആളുകള്‍ ഇസ്‌ലാം വെടിഞ്ഞ് മതപരിത്യാഗികളായി മാറിക്കഴിഞ്ഞിരുന്നു. മുതിര്‍ന്ന സ്വഹാബിമാര്‍ അബൂബക്ര്‍ സിദ്ദീഖി(റ) നെ കണ്ട് ഉണര്‍ത്തി: ''റസൂലിന്റെ ഖലീഫ അബൂബക്ര്‍, അറബികള്‍ നാനാഭാഗത്ത്‌നിന്നും നിങ്ങള്‍ക്ക് നേരെ ഇരമ്പിവരികയാണ്. ഇപ്പോള്‍ വിന്യസിച്ച ഈ സൈന്യത്തെ ഉപയോഗിച്ച് നിങ്ങളൊന്നും ചെയ്യുന്നതായി കാണുന്നില്ല. മതപരിത്യാഗികളെ അവരുടെ മാളങ്ങളില്‍ ചെന്ന് ആക്രമിച്ച് തുരത്തിയോടിക്കാന്‍ ഈ സൈന്യത്തെ സജ്ജമാക്കൂ. ഇല്ലെങ്കില്‍ മദീനാ നിവാസികളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഭയമുണ്ട്. ഒരു സുരക്ഷിതത്വവും തോന്നുന്നില്ല. സ്ത്രീകള്‍ക്കും കുഞ്ഞുകുട്ടികള്‍ക്കും അരുതാത്തത് വന്നു പെട്ടേക്കുമോ എന്ന് ഞങ്ങള്‍ക്ക് 

ആശങ്കയുണ്ട്. അതു കഴിഞ്ഞാവാം ഉസാമയുടെ നായകത്വത്തില്‍ റോമിനെ ആക്രമിച്ച് ഇസ്‌ലാമിന്റെ വിജയം ഉറപ്പുവരുത്തുന്നത്.'' എന്നാല്‍ അബൂബക്‌റാകട്ടെ, ഉസാമയുടെ നായകത്വത്തിനു കീഴില്‍ സൈന്യത്തെ ഒരുക്കി അയക്കുമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. അബൂബക്ര്‍ പ്രഖ്യാപിച്ചു: ''അല്ലാഹുവാണ് സത്യം, മദീനയില്‍ ഹിംസ്ര ജന്തുക്കള്‍ എന്നെ കൊന്നു തിന്നുമെന്ന് വന്നാലും ഈ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കും. ഉസാമയെ നബി(സ) യാണ് നേതാവായി നിശ്ചയിച്ചത്.''

ഉസാമയുടെ സൈന്യം ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി വിജയശ്രീലാളിതരായി മദീനയില്‍ തിരിച്ചെത്തി. സൈന്യത്തെ നയിക്കുന്നതില്‍ ഉസാമക്കുള്ള പ്രാഗത്ഭ്യം വെളിപ്പെട്ട സന്ദര്‍ഭമായിരുന്നു അത്. ഇളംപ്രായക്കാരനായ താന്‍ നേതൃത്വത്തിന് അര്‍ഹനാണെന്ന് ഉസാമ തെളിയിച്ചു. നബി(സ)യുടെ കണ്ടെത്തലായിരുന്നു ഉസാമ(റ).

അങ്ങനെ തന്റെ അന്ത്യം വരെ ഉസാമ (റ) നിഷ്പക്ഷനായി നിലകൊണ്ടു. ഹിജ്റ 54 ൽ അദ്ദേഹം വഫാത്തായി.


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു.

No comments:

Post a Comment