Saturday 12 June 2021

തക്ബീറിന്റെ കർമ്മ ശാസ്ത്രം

 

പെരുന്നാളുമായി ബന്ധപ്പെട്ട് നിർവ്വഹിക്കേണ്ട പ്രധാനമായ ഒരു അമലാണ് തക്ബീർ ചൊല്ലൽ. ശാഫിഈ മദ്ഹബ് പ്രകാരം രണ്ട് തരം തക്ബീറുകളാണ് സുന്നത്തായിട്ടുള്ളത്.

1 ) മുർസലായ തക്ബീർ 

ഇത് പെരുന്നാൾ രാവിന്റെ സൂര്യാസ്തമയ ശേഷം പള്ളികളിൽ,

വീടുകളിൽ, വഴികളിൽ, മാർക്കറ്റുകളിൽ എന്നിങ്ങനെ എല്ലായിടത്തും പൊതുവായി ചൊല്ലേണ്ട തക്ബീറാണ്. 

നമസ്കാര ശേഷം എന്ന ഉപാധിയില്ലാത്തതു കൊണ്ടാണ് ഇതിന് മുർസൽ എന്നു പറയുന്നത്.  പെരുന്നാൾ നമസ്കാരത്തിന് ഇമാം തക്ബീറത്തുൽ ഇഹ്റാം കെട്ടുന്നതുവരെ ഈ തക്ബീർ ചൊല്ലൽ സുന്നത്താണ്. (തുഹ്ഫ  3/51)

2 ) മുഖയ്യദായ തക്ബീർ. 

ഇത് നമസ്ക്കാരങ്ങളുടെ ശേഷമായി ചൊല്ലാൻ പ്രത്യേകം നിശ്ചയിക്കപ്പെട്ട തക്ബീറാണ്.

ദുൽഹിജ്ജ 9 - ന്റെ സുബ്ഹി മുതൽ ദുൽഹിജ്ജ 13 - ന്റെ അസർ വരെ എല്ലാ നമസ്കാരങ്ങൾക്ക് ശേഷവും ഇത്  സുന്നത്താണ് . 

ഇതിൽ ഫർള് നമസ്ക്കാരം,  ജനാസ നമസ്ക്കാരം, ആ ദിവസങ്ങളിൽ ഖളാ വീട്ടപ്പെടുന്ന നമസ്ക്കാരങ്ങൾ, റവാത്തിബ് സുന്നത്തുകൾ, 

മറ്റ് സുന്നത്ത് നമസ്കാരങ്ങൾ  എന്ന വ്യത്യാസമില്ല. എല്ലാത്തിന് ശേഷവും സുന്നത്ത് തന്നെ. (തുഹ്ഫ .3/53)

ഈ പ്രത്യേക തക്ബീറുകൾ നമസ്കാര ശേഷമുള്ള ദിക്റുകളേക്കാൾ മുന്തിക്കൽ സുന്നത്താണ്. എന്നാൽ നമസ്കാരം കഴിഞ്ഞ ഉടനെ തക്ബീർ ചൊല്ലാൻ ഒരാൾ മറന്നാൽ പിന്നീട് ഓർക്കുമ്പോൾ ചൊല്ലണം. സമയം നീണ്ടു പോയി എന്നതു കൊണ്ട് തക്ബീറുകൾ നഷ്ടപ്പെടുന്നതല്ല.


ഹനഫി മദ്ഹബ് പ്രകാരം  ദുൽഹിജ്ജ 9 - ന്റെ സുബ്ഹി മുതൽ ദുൽഹിജ്ജ 13 - ന്റെ അസ്വ് ർ വരെയുള്ള ഫർള് നമസ്കാരങ്ങൾക്ക് ശേഷം തക്ബീർ ചൊല്ലൽ വാജിബാണ്. ഒറ്റയ്ക്ക് നമസ്കരിക്കുന്നവർ, യാത്രക്കാർ,  സ്ത്രീകൾ എന്നിവർക്കെല്ലാം ഇത് വാജിബ് തന്നെ. (ദുർറ്. 2/195)

ഈ തക്ബീർ , നമസ്കാരത്തിന്റെ അനുബന്ധമായി, സലാം വീട്ടിയ ഉടനെയാണ് ചൊല്ലേണ്ടത്. അതനുസരിച്ച് നമസ്ക്കാരത്തിന്റെ പവിത്രതയോടെ വേണം തക്ബീർ ചൊല്ലാൻ. അപ്രകാരം സലാമിന്റെയും തക്ബീറിന്റെയും ഇടയിൽ മറ്റൊന്നു കൊണ്ടും വിട്ടു പിരിക്കരുത്. പൊട്ടിച്ചിക്കുക , മനപ്പൂർവ്വം അശുദ്ധി ഉണ്ടാക്കുക , മനപ്പൂർവ്വമോ അല്ലാതെയോ സംസാരിക്കുക , പള്ളിയിൽ നിന്ന് പുറത്ത് പോകുക എന്നിവയൊന്നും പാടില്ല. ഇക്കാരണങ്ങളാൽ തക്ബീർ നഷ്ടപ്പെടുന്നതാണ്. അഥവാ മനപ്പൂർവ്വം ചെയ്താൽ  കുറ്റക്കാരനാകുന്നതാണ്. (ത്വഹ്ത്വാവി. 294 ) എന്നാൽ  മനപ്പൂർവ്വമല്ലാതെ അശുദ്ധിയുണ്ടായാൽ ശുദ്ധി വരുത്താതെ തന്നെ തക്ബീർ ചൊല്ലാവുന്നതാണ്. ഖിബ് ലയെ തൊട്ട് തിരിഞ്ഞാൽ പറ്റുമോ ഇല്ലയോ എന്നതിൽ രണ്ടഭിപ്രായം  വന്നിട്ടുണ്ട്. (റദ്ദ്. 2/194)

ഒരു തക്ബീറാണ് വാജിബായിട്ടുള്ളത്. അതിനേക്കാൾ അധികരിപ്പിക്കുകയുമാകാം.  (ത്വഹ്ത്വാവി. 294) മൂന്ന് പ്രാവശ്യം ചൊല്ലാം എന്ന് അഭിപ്രായമുണ്ട്. (റദ്ദ്.2/193)

ഇത്രയേറെ മഹത്തായ സൽക്കർമ്മമാണ് തക്ബീർ ചൊല്ലൽ. ഇത് ഖുർആനും ഹദീസും പ്രോത്സാഹിപ്പിക്കുന്ന അമലാണ്. അല്ലാഹു ഖബൂൽ ചെയ്യട്ടെ.

ആമീൻ. 


സി.എ. മൂസാ മൗലവി. മൂവാറ്റുപുഴ


No comments:

Post a Comment