Tuesday 29 June 2021

മിഖ്ദാദുബ്നു അംറ് (റ)

 

ഇസ്ലാമിന്ന് വേണ്ടി രണാങ്കണത്തിലിറങ്ങിയ ആദ്യത്തെ കുതിരപ്പടയാളിയായിരുന്നു മിഖ്ദാദ് (റ).

അസ്വദ്ബ്നു അബ്ദിയഗുസിന്റെ വളർത്തുപുത്രനായിരുന്ന അദ്ദേഹത്തെ അസ്വദിന്റെ പുത്രൻ മിഖ്ദാദ് എന്നായിരുന്നു വിളിച്ചുവന്നിരുന്നത്. ഇസ്ലാം ദത്തെടുക്കൽ സമ്പ്രദായം നിരോധിച്ചതോടെയാണ് തന്റെ പിതാവായ അംറിലേക്ക് മിഖ്ദാദുബ്നു അംറ് (റ) എന്ന് വിളിക്കാൻ തുടങ്ങിയത്.

ഇസ്ലാമിന്റെ പ്രാരംഭ സേവകരിൽപെട്ട അദ്ദേഹം ബദർ രണാങ്കണത്തിൽ തുല്യതയില്ലാത്ത ധീരത പ്രകടിപ്പിച്ചു. 

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു: “മിഖ്ദാദിനോടൊപ്പം (റ) പല യുദ്ധരംഗങ്ങളിലും ഞാൻ പങ്കെടുത്തു. രണാങ്കണത്തിൽ അദ്ദേഹത്തോടുകൂടെ നിൽക്കുന്നത് എനിക്ക് വളരെ സംതൃപ്തിയായിരുന്നു.”

മുസ്ലിംകൾ അവരുടെ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്നു വേണ്ടി ത്യാഗത്തിന്റെ തീച്ചൂളയിലുടെ പ്രയാണം ചെയ്തുകൊണ്ടിരുന്ന കാലഘട്ടത്തിൽ മിഖ്ദാദ് (റ) അവരുടെ കൂടെ മുൻപന്തിയിലുണ്ടായിരുന്നു. അവർ ആദ്യമായി ആയുധങ്ങളുമേന്തി ശത്രുക്കളുടെ മുമ്പിലേക്ക് ഇറങ്ങിയത് ബദർ രണാങ്കണത്തിലായിരുന്നു.

നബി ﷺ അനുയായികളെ വിളിച്ചുവരുത്തി അഭിപ്രായമാരാഞ്ഞു: ശക്തനായ ശത്രുവിന്റെ മുമ്പിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും മനക്കരുത്തും പരിശോധിക്കുകയായിരുന്നു നബിﷺയുടെ ഉദ്ദേശ്യം. മുഹാജിറുകളും അൻസാരികളും നബിﷺക്ക് പിന്തുണ പ്രഖ്യാപിച്ചു. അബൂബക്കർ(റ)വും ഉമർ(റ)വും അവരുടെ അഭിപ്രായം തുറന്നു പറഞ്ഞു: എല്ലാം കേട്ട ശേഷം മിഖ്ദാദ് (റ) പറഞ്ഞു:

“നബിയേ, അങ്ങയുടെ അഭിപ്രായമനുസരിച്ച് നീങ്ങുക. ഞങ്ങൾ അങ്ങയുടെ കുടെയുണ്ടാകും. ഇസ്റാഈൽ സന്തതികൾ അവരുടെ പ്രവാചകനായ മൂസ(അ)നോട് പറഞ്ഞു: നീയും നിന്റെ രക്ഷിതാവും പോയി യുദ്ധം ചെയ്തോളൂ, ഞങ്ങളിവിടെയിരിക്കാം. അതുപോലെ ഞങ്ങളൊരിക്കലും അങ്ങയോട് പറയുകയില്ല.

നബിﷺയും അല്ലാഹു ﷻ വും യുദ്ധം ചെയ്യുക, ഞങ്ങളും കൂടെ യുദ്ധം ചെയ്യാം. എന്നായിരിക്കും ഞങ്ങൾ പറയുക.

അവിടുന്ന് എങ്ങോട്ട് നയിച്ചാലും ഞങ്ങൾ സന്നദ്ധരാകുന്നു. അങ്ങയുടെ ഇടവും വലവും മുമ്പും പിമ്പും നിറഞ്ഞുനിന്ന് ഞങ്ങൾ സമരം ചെയ്യാം. അല്ലാഹു ﷻ നമുക്ക് വിജയം നൽകുന്നത് വരെ.

മിഖ്ദാദ് (റ) വിന്റെ വാക്കുകൾ നബിﷺയെ സന്തുഷ്ടനാക്കി. അദ്ദേഹത്തിന്നുവേണ്ടി നബി ﷺ പ്രാർത്ഥിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ വാക്കുകൾ സ്വഹാബികളിൽ ആവേശം ജനിപ്പിച്ചു. അൻസാരികളുടെ നേതാവായ സഅദ്ബ്നു മുആദ് (റ) എഴുന്നേറ്റ് ഇങ്ങനെ പറഞ്ഞു: “അല്ലാഹു ﷻ വിന്റെ പ്രവാചകരെ, ഞങ്ങൾ അങ്ങയെക്കൊണ്ട് വിശ്വസിച്ചു. അവിടുത്തെ വചനം സത്യമാണെന്ന് സാക്ഷിനിൽക്കുകയും ചെയ്തു. നാം തമ്മിൽ ചില പ്രതിജ്ഞകളും കരാറുകളും കൈമാറിയിട്ടുണ്ട്. അതുകൊണ്ട് ഞങ്ങളെ കുറിച്ച് ഒട്ടും സംശയം വേണ്ട. അവിടുന്ന് ഉദ്ദേശിച്ചിടത്തേക്ക് ഞങ്ങളെ നയിച്ചോളൂ. ഞങ്ങൾ കുടെ വരികതന്നെ ചെയ്യും. അങ്ങ് ഒരു സമുദ്രത്തിന്റെ അഗാധതയിലേക്കാണ് പ്രവേശിക്കുന്നതെങ്കിൽ ഞങ്ങളും കൂടെ പ്രവേശിക്കുക തന്നെ ചെയ്യും. ഒരാളും ശത്രുവിനെ ഭയന്ന് പിന്തിരിഞ്ഞ് ഓടുന്നതല്ല. ഞങ്ങൾ യുദ്ധമുഖത്ത് ക്ഷമാശീലരും ആത്മാർത്ഥതയുള്ളവരുമായിരിക്കും. യുദ്ധക്കളത്തിൽ ഞങ്ങൾ നിങ്ങളുടെ കൺകുളിർക്കെ പൊരുതുകയും ചെയ്യും, ഇൻ ശാ അല്ലാഹ്.”

തന്റെ സന്തുഷ്ടരായ അനുയായികളുമായി നബി ﷺ പുറപ്പെട്ടു. മുന്ന് കുതിരപ്പടയാളികൾ മാത്രമായിരുന്നു അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നത്. മിഖ്ദാദുബ്നു അംറ് (റ), സുബൈബുനുൽ അവ്വാം (റ),മർസദ്ബ്നു അബീമർസദ് (റ) എന്നിവരായിരുന്നു അവർ.


മിഖ്ദാദ് (റ) വലിയ തത്വജ്ഞാനിയും ബുദ്ധിമാനുമായിരുന്നു. പരിചയ സമ്പന്നതയും അനുഭവങ്ങളും തന്റെ തത്വജ്ഞാനങ്ങൾക്ക് ആഴവും വ്യാപ്തിയുമുണ്ടാക്കാൻ അദ്ദേഹത്തിന്ന് സഹായകമാവുകയും ചെയ്തു.

ഒരിക്കൽ നബി ﷺ അദ്ദേഹത്തെ ഒരു സംഘത്തിന്റെ അമീറായി നിയോഗിച്ചു. അദ്ദേഹം മടങ്ങി വന്നപ്പോൾ നബി ﷺ ചോദിച്ചു: “നേതാവായപ്പോൾ എങ്ങനെയുണ്ടായിരുന്നു..?"

അദ്ദേഹം പറഞ്ഞു: “നേതാവായി നോക്കുമ്പോൾ ഞാൻ എല്ലാവരുടെയും മുകളിലും, എല്ലാവരും എന്റെ താഴെയുമാണെന്ന് എനിക്ക് സ്വയം തോന്നി. അല്ലാഹു ﷻ വാണ് സത്യം ഇനി ഒരിക്കലും ഞാൻ നേതൃത്വം ഏറ്റെടുക്കുന്നതല്ല."

ഒരിക്കൽ അദ്ദേഹത്തോട് ഒരാൾ പറഞ്ഞു: “അങ്ങ് എത്ര ഭാഗ്യവാൻ. അല്ലാഹു ﷻ വിന്റെ പ്രവാചകരുമായി നേരിൽ കണ്ട് സഹവസിക്കാനും, സഹായം നൽകാനും സാധിച്ചവരാണ് താങ്കൾ. ഞാൻ ആ കാലത്ത് ജീവിച്ചിരുന്നെങ്കിൽ എത്ര ഭാഗ്യവാനായിരുന്നു! അങ്ങയെപോലെ രണാങ്കണത്തിലിറങ്ങി യുദ്ധം ചെയ്തു എനിക്കും പുണ്യം നേടാമായിരുന്നല്ലോ..?"

മിഖ്ദാദ് (റ) അദ്ദേഹത്തോട് പറഞ്ഞു: “അക്കാര്യം എങ്ങനെ നീ ഉറപ്പിക്കും? ആ തീക്ഷണമായി പരീക്ഷണഘട്ടങ്ങളിൽ കാലിടറാതെ വിജയിക്കാൻ നിനക്ക് സാധിക്കുമെന്നതിന്ന് എന്താണുറപ്പുള്ളത്?

നബിﷺയുടെ സമകാലീനനായത് കൊണ്ട് അല്ലാഹു ﷻ നരകത്തിൽ നിന്ന് വിമുക്തനാക്കുമോ? ഒരു പരീക്ഷണത്തിന്നും വിധേയനാകാതെ സത്യവിശ്വാസികളായി അല്ലാഹു ﷻ നിങ്ങളെ ഈ കാലഘട്ടത്തിൽ ജനിപ്പിച്ചതിനല്ലേ നിങ്ങൾ അവനെ സ്തുതിക്കേണ്ടത്."

ഇസ്ലാമിനോടും പ്രവാചകരോടും (ﷺ) നിസ്തുലമായ സ്നേഹമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മദീനയിൽ അനാശാസ്യമായ വല്ല ഒച്ചപ്പാടുകളുമുണ്ടായാൽ ഉടനെ വാളുമെടുത്ത് അദ്ദേഹം നബിﷺയുടെ അരികിലേക്ക് ഓടുമായിരുന്നു. നബിﷺയുടെ ദേഹരക്ഷയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഇസ്ലാമിന്റെ സംരക്ഷണത്തിൽ തനിക്കുള്ള ഉത്തരവാദിത്വത്തെ കുറിച്ച് അദ്ദേഹം എപ്പോഴും ബോധവാനായിരുന്നു. തന്റെ സ്നേഹിതൻമാരിൽ നിന്നുണ്ടാകുന്ന പാകപ്പിഴവുകൾ പോലും അദ്ദേഹം ശ്രദ്ധിച്ചുകൊണ്ടിരുന്നു.

ഒരിക്കൽ അദ്ദേഹം ഒരു സൈന്യസംഘത്തിൽ അംഗമായി പുറപ്പെട്ടു. ശത്രുക്കളുടെ പിടിയിൽ അകപ്പെടാൻ സാധ്യതയുള്ളത് കൊണ്ട് പ്രസ്തുത സംഘത്തിന്റെ അമീർ കർശനമായി ചില നിബന്ധനകൾ തന്റെ അനുയായികളുടെ മേൽ ചുമത്തി.

അവരിൽ നിന്ന് ഒരാളിൽ നിന്ന് ചെറിയ ഒരു പാകപ്പിഴവ് പ്രകടമായി. നേതാവ് അദ്ദേഹത്തെ കഠിനമായി ശിക്ഷിച്ചു. 

വേദനയേറ്റ് കരയുന്ന അയാളെ മിഖ്ദാദ് (റ) കണ്ടു. വിവരമന്വേഷിച്ചു. മിഖ്ദാദ് (റ) വിന്റെ അഭിപ്രായത്തിൽ അയാൾ ശിക്ഷ അർഹിക്കുന്നുണ്ടായിരുന്നില്ല. അമീറിനെ ഇക്കാര്യം ബോധ്യപ്പെടുത്തിയ ശേഷം നിരപരാധിയെ ശിക്ഷിച്ചതിന്ന് സ്വയം ശിക്ഷ അനുഭവിക്കാൻ അമീറിനോട് തയ്യാറെടുക്കാൻ മിഖ്ദാദ് (റ) പറഞ്ഞു. പരാതിക്കാരനോട് പ്രതികാരം ചെയ്യാനും.

മിഖ്ദാദ് (റ) ന്റെ അഭിപ്രായം സത്യമാണെന്ന് ബോധ്യമായ അമീർ അതിന്ന് സന്നദ്ധനായി. എങ്കിലും പരാതിക്കാരൻ അമീറിന്ന് മാപ്പ് കൊടുത്തു.

നബി ﷺ ഒരിക്കൽ മിഖ്ദാദ് (റ) വിനോട് പറഞ്ഞു: "മിഖ്ദാദേ, നിന്നെ സ്നേഹിക്കാൻ അല്ലാഹു ﷻ എന്നോട് കൽപ്പിച്ചിരിക്കുന്നു. അല്ലാഹു ﷻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു."

അദ്ദേഹം ഹിജ്റ 33ാമത്തെ വർഷം തന്റെ 70ാമത്തെ വയസ്സിൽ മദീനയിൽ നിര്യതനായി. ബകീഇൽ മറവുചെയ്യപ്പെടുകയും ചെയ്തു.


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു.

No comments:

Post a Comment