Wednesday 9 June 2021

സാലിം മൗലാ അബീഹുദൈഫ (റ)

 

പേർഷ്യയിലെ ഇസ്തഖർ എന്ന പ്രദേശത്തെ പാവപ്പെട്ടവനും അപ്രശസ്തനുമായ ഒരു വ്യക്തിയുടെ മകനായിരുന്നു സാലിം (റ).

അബൂഹുദൈഫ (റ) വിന്റെ ഭാര്യയുടെ അടിമയായി അദ്ദേഹം മക്കയിൽ ജീവിച്ചു. അബൂഹുദൈഫ (റ) വിന്റെ പിതാവ് ബദറിൽ കൊല്ലപ്പെട്ട ഉത്ബത്ത് ഇസ്ലാമിന്റെ ബദ്ധ ശത്രുക്കളിൽ ഒരാളായിരുന്നു. തന്റെ മകൻ അബൂഹുദൈഫ (റ) ഇസ്ലാം സ്വീകരിച്ചപ്പോൾ അയാൾ പുത്രനെ ദ്രോഹിച്ചുകൊണ്ടിരുന്നു.

അബൂഹുദൈഫ (റ) തന്റെ ഭാര്യയുടെ ഉടമയിലായിരുന്ന സാലിമിന്ന് (റ) മോചനം നൽകി ദത്തെടുത്തു. രണ്ടുപേരും സ്നേഹിതൻമാരെപ്പോലെ ജീവിച്ചു.

ദീനീസേവനരംഗത്ത് പിരിയാത നിലകൊണ്ടു. മരണത്തിൽ പോലും അവർ ഒന്നിച്ചു..!!

സാലിമുബ്നു അബീഹുദൈഫ (റ) (അബൂഹുദൈഫയുടെ പുത്രൻ സാലിം) എന്നായിരുന്നു സാലിം (റ) വിനെ വിളിച്ചിരുന്നത്. ഇസ്ലാം ദത്തെടുക്കൽ സമ്പ്രദായം നിരോധിച്ചതോടു കൂടി സാലിം മൗലാ അബീഹുദൈഫ (അബൂഹുദൈഫ മോചിതനാക്കിയ സാലിം) എന്ന് വിളിക്കാൻ തുടങ്ങി.

സാമൂഹ്യ സാംസ്കാരിക രംഗത്ത് മാനവതക്ക് പുതിയ അർത്ഥവും വ്യാപ്തിയും നൽകി പ്രാവർത്തികമാക്കിയ ഇസ്ലാം സാലിം (റ) വിന് നൽകിയ പദവി ഉന്നതമായിരുന്നു.

ജാഹിലിയ്യത്തിലെ പൗരപ്രധാനികളും തറവാടികളുമായ അബൂലഹബിനെയും ഉത്ബത്തിനെയും ഇസ്ലാം താഴ്ത്തിക്കെട്ടിയപ്പോൾ അപ്രശസ്തരും അവഗണിക്കപ്പെട്ടവരുമായിരുന്ന, അടിമകളായിരുന്ന സൽമാൻ (റ), ഖബ്ബാബ് (റ), ബിലാൽ (റ), സാലിം (റ) തുടങ്ങിയവരെ ഇസ്ലാം ഉന്നതപദവിയിൽ ഉയർത്തി.

കറുപ്പും വെളുപ്പും അറബീയതയും അനറബീയതയും അവിടെ പരിഗണിക്കപ്പെട്ടില്ല. പരിഗണിക്കപ്പെട്ടതാവട്ടെ 'തഖ് വ' മാത്രം.

തന്റെ അടിമയെ മോചിപ്പിച്ച്, തന്റെ സഹോദരപുത്രിയെ വിവാഹം ചെയ്യിപ്പിച്ച്, ചുമലിൽ കയ്യിട്ട് നടക്കുന്നത് തനിക്കഭിമാനകരമാക്കി തീർത്ത പുതിയ സാമൂഹ്യ നീതി പഴമയുടെ എല്ലാ അവശിഷ്ടങ്ങളും തുടച്ചുമാറ്റി. പുതിയ ലോകത്ത് സാലിം (റ) പരിഗണനീയനായിത്തീർന്നു.

നബി ﷺ അദ്ദേഹത്തെ കുറിച്ച് പറഞ്ഞു: “എന്റെ സമുദായത്തിൽ നിന്നെ പോലുള്ളവരെ സ്യഷ്ടിച്ച അല്ലാഹു ﷻ വിന്ന് സ്തുതി.” 

പരിശുദ്ധ ഖുർആനിൽ അവഗാഹം നേടിയിരുന്നു അദ്ദേഹം. നബി ﷺ പറഞ്ഞു: “ഇബ്നുമസ്ഊദ്, സാലിം, ഉബയ്യ്, മുആദ് (റ) എന്നിവരിൽ നിന്ന് നിങ്ങൾ പരിശുദ്ധ ഖുർആൻ പഠിക്കുക.”

എല്ലാ ഉത്തമ സ്വഭാവങ്ങളുടെയും ഉറവിടമായിരുന്നു സാലിം (റ). തനിക്ക് സത്യമെന്ന് തോന്നുന്ന അഭിപ്രായം തുറന്ന് പറയാൻ ആരെയും അദ്ദേഹം ഭയപ്പെട്ടില്ല.


മക്കാവിജയം നടന്നു കൊണ്ടിരിക്കുമ്പോൾ നബി ﷺ അയൽപ്രദേശങ്ങളിലേക്കും അടുത്ത ഗോത്രങ്ങളിലേക്കും ചെറിയ സൈനിക സംഘങ്ങളെ നിയോഗിച്ചു. “ഞാൻ നിങ്ങളെ നിയോഗിക്കുന്നത് പോരാളികളെന്ന നിലക്കല്ല. പ്രബോധകരായിട്ടാണ്.''

ഖാലിദുബ്നു വലീദ് (റ) ആയിരുന്നു ഒരു സംഘത്തിന്റെ നേതാവ്. ആ സംഘത്തിൽ സാലിം(റ)വും ഉണ്ടായിരുന്നു. ഖാലിദ് (റ) വിന്റെ നേതൃത്വത്തിൽ ആ സൈന്യം ഏറ്റുമുട്ടലുകളും രക്തച്ചൊരിച്ചിലും നടത്തി. സാലിമിന്ന് അത് ഇഷ്ടപ്പെട്ടില്ല. അവർ തമ്മിൽ അഭിപ്രായ സംഘട്ടനം തന്നെ നടന്നു. 

ഖാലിദ് (റ) സാലിം(റ)വിന്റെ അഭിപ്രായം സശ്രദ്ധം കേട്ടു മനസ്സിലാക്കിയെങ്കിലും തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ടിരുന്നു. സാലിം (റ) അച്ചടക്കമുള്ള ഒരു സൈനികനായി ഖാലിദ്(റ)വിന്റെ ദൗത്യം തീരുന്നത് വരെ നിലകൊണ്ടു. ഇസ്ലാമിക ശിക്ഷണത്തിന്റെ മാഹാത്മ്യമായിരുന്നു അത്.

അവിടെ നടന്ന രക്തച്ചൊരിച്ചിലിന്റെ കഥയറിഞ്ഞ നബി ﷺ പിന്നീട് അല്ലാഹു ﷻ വിനോട് സങ്കടപ്പെട്ടുകൊണ്ട് പറഞ്ഞു: “നാഥാ, ഖാലിദ് ചെയ്തതിന് ഞാൻ ഉത്തരവാദിയല്ല.”

ഉമർ (റ) ഖാലിദ്(റ)വിനെ കുറിച്ച് പറയുമായിരുന്നു: “ഖാലിദിന്റെ വാളിന് വലിയ ധൃതിയാകുന്നു."

നബി ﷺ വഫാത്തായി. അബൂബക്കർ (റ) ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. ഇസ്ലാമിന്റെ ഭദ്രതയെ തകിടം മറിക്കുമാറ് മതപരിത്യാഗികൾ തലപൊക്കി. അവരെ അടിച്ചമർത്താൻ ഖലീഫ സൈന്യത്തെ തയ്യാറാക്കി നിർത്തി. സൈനിക നേതൃത്വം ആരെ ഏൽപ്പിക്കണം..?!

സൈദുബ്നുഖത്താബ്(റ)വിനെയും അബൂഹുദൈഫ(റ)വിനെയും സാലിം (റ)വിനെയും യഥാക്രമം വിളിച്ചുവരുത്തി, സൈനിക നേതൃത്വം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. അവർ മൂന്ന് പേരും അത് തിരസ്കരിച്ചു. എല്ലാവരും പറഞ്ഞ മറുപടി ഒന്നു തന്നെയായിരുന്നു.

“വന്ദ്യരായ ഖലീഫ, അവിടുന്ന് ഇതിന്ന് നിർബന്ധിക്കരുത്. നബി തിരുമേനിﷺയുടെ കാലത്ത് എല്ലാ യുദ്ധങ്ങളിലും ഞങ്ങൾ പങ്കെടുത്തു. അന്നെല്ലാം ഞങ്ങൾ രക്തസാക്ഷിത്വം കൊതിച്ചിരുന്നു. പക്ഷെ, ആ സൗഭാഗ്യം അന്നു ഞങ്ങൾക്കു ലഭിച്ചില്ല. ഈ സമരത്തിലെങ്കിലും ഞങ്ങൾക്ക് അത് കൈവരിക്കണം! സൈനിക

നേതാവിന്ന് ഒരു സാധാരണ ഭടനെ പോലെ പടക്കളത്തിലിറങ്ങി പടപൊരുതി രക്തസാക്ഷിയാവാൻ സാധ്യമല്ലല്ലോ. അതുകൊണ്ട് ആ ഉത്തരവാദിത്വത്തിൽ നിന്ന് ഞങ്ങളെ ഒഴിവാക്കിയാലും!''

ഖലീഫ അവരുടെ അപേക്ഷ സ്വീകരിച്ചു. ഖാലിദുബ്നു വലീദ്(റ)വിനെ പടനായകനായി നിയമിച്ചു. അവർ യമാമയിലേക്ക് പുറപ്പെട്ടു. കള്ളപ്രവാചകനായ മുസൈലിമയുടെ സൈന്യവുമായി ഏറ്റുമുട്ടി. മുസ്ലിംകൾ ദയനീയമായ പരീക്ഷണങ്ങൾക്ക് വിധേയമായ ഒരു സമരമായിരുന്നു അത്.

മൂന്നുപ്രാവശ്യം അവർ പരാജയം നേരിൽ കണ്ടു. സാലിം (റ) അടക്കം ഒട്ടനവധി സഹാബിമാർ രക്തസാക്ഷികളായി! പലനാൾ കൊതിച്ചു പരാജയപ്പെട്ട ആ സൗഭാഗ്യം കരസ്ഥമാക്കാൻ, തന്റെ പ്രിയിങ്കരനായ കൂട്ടുകാരൻ ഹുദൈഫ (റ) വിനോടൊപ്പം സാലിം (റ) രണാങ്കണത്തിലിറങ്ങി!

ജാഹിലിയത്തിനെ മടക്കിവിളിക്കാനും, ഇസ്ലാമിന്റെ കൈത്തിരി ഊതിക്കെടുത്താനും ബന്ധകങ്കണരായി പടപൊരുതുന്ന ശത്രുക്കളുടെ ശിരസ്സ് സാലിം (റ) വിന്റെ വാൾ അരിഞ്ഞുവീഴ്ത്തിക്കൊണ്ടിരുന്നു.

തൊട്ടടുത്ത് മുഹാജിറുകളുടെ പതാക വഹിച്ചു ശത്രുവിന്റെ നേരെ കുതിച്ച സൈദുബ്നുഖത്താബ് (റ) വെട്ടേറ്റ് വീഴുന്നത് സാലിം (റ) കണ്ടു. അദ്ദേഹം അങ്ങോട്ട് കുതിച്ചു. ആ പതാക പൊക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു: "എന്റെ മരണത്തിന് മുമ്പ് മുസ്ലിംകൾക്ക് പരാജയം സംഭവിച്ചെങ്കിൽ ഞാൻ എത്ര കൊള്ളരുതാത്തവനായിത്തീരും!''

അദ്ദേഹം സ്വന്തം കാലുകൊണ്ട് ഒരു വൃത്തമുണ്ടാക്കി. അവിടെ നിന്ന് പതറാതെ പൊരുതി! ശത്രുക്കൾ അദ്ദേഹത്തെ വളഞ്ഞു. അപ്രതിരോധ്യമായ വാൾപ്രയോഗത്തിന്നു മുമ്പിൽ സാലിം (റ) പിടഞ്ഞു വീണു! തൊട്ടടുത്ത് അബുഹുദൈഫ(റ)വും..!!

സാലിം(റ)വിന്റെ കാലിന്നടുത്ത് തലയും, തലക്കടുത്ത് കാലും ചേർത്ത് വെച്ചു കൊണ്ടായിരുന്നു അബൂഹുദൈഫ (റ) വീണുകിടന്നിരുന്നത്. മരണത്തിലും ആ സാഹോദര്യ ബന്ധം വേർപിരിഞ്ഞില്ല! യുദ്ധം മുസ്ലിംകൾക്ക് അനുകൂലമായി പര്യവസാനിച്ചു.

മുസൈലിമ വധിക്കപ്പെട്ടു. ശത്രുക്കൾ പരാജിതരായി. മരണപാരവശ്യത്തിൽ കിടക്കുന്ന സാലിം (റ) ചോദിച്ചു: “എന്റെ സ്നേഹിതൻ അബൂഹുദൈഫ എവിടെ..? അദ്ദേഹത്തിന്റെ കാര്യം എന്തായി..?''

അവർ അറിയിച്ചു: “അദ്ദേഹം രക്തസാക്ഷിയായിരിക്കുന്നു.''

സാലിം (റ) പറഞ്ഞു: "എന്നെ അദ്ദേഹത്തിന്റെ അടുത്തു കൊണ്ടുപോയി കിടത്തൂ..!!''

“ഇതാ , നിങ്ങളുടെ അടുത്തു തന്നെയാണ് അബൂഹുദൈഫ (റ) കിടക്കുന്നത്, അവർ അറിയിച്ചു.

“അൽഹംദുലില്ലാഹ്."

ആ ചുണ്ടുകളിൽ അവസാനത്തെ പുഞ്ചിരി വിടർന്നു. ഒന്നിച്ചു ഇസ്ലാമായി, ഒന്നിച്ചു ജീവിച്ചു. യാതന സഹിച്ചു. അവസാനം ഒന്നിച്ചു രക്തസാക്ഷികളാവുകയും ചെയ്തു.


ബിലാലു മുസ്നി പറയുന്നു: “ഞങ്ങൾ യമാമയുദ്ധം കഴിഞ്ഞു മദീനയിലേക്ക് മടങ്ങുകയായിരുന്നു. ഞാൻ സാലിം(റ)വിനെ സ്വപ്നം കണ്ടു. സാലിം (റ) എനിക്കൊരു സ്ഥലം നിർണ്ണയിച്ചുതന്നു കൊണ്ട് പറഞ്ഞു: “എന്റെ പടയങ്കി അവിടെ ഒരു പാത്രത്തിന്റെ ചുവട്ടിൽ ഒളിപ്പിക്കപ്പെട്ടിരിക്കുന്നു. താങ്കൾ ചെന്ന് അത് പുറത്തെടുത്ത് ആവശ്യമുള്ളവർക്ക് വിൽക്കുക, അതിന്റെ വില എന്റെ കുടുംബത്തിന്ന് എത്തിച്ചു കൊടുക്കുകയും എന്റെ കടം വീട്ടാൻ ആവശ്യപ്പെടുകയും ചെയ്യുക''

ഞാൻ സാലിം (റ) നിർദ്ദേശിച്ച സ്ഥലത്തുചെന്നു. അവിടെ പടയങ്കിയുണ്ടായിരുന്നു. അത് എടുത്ത് ഞാൻ ഖലീഫ അബൂബക്കർ(റ)വിന്റെ അടുത്ത് ചെന്നു. സംഭവം അദ്ദേഹത്തെ അറിയിച്ചു.

ഖലീഫയുടെ സമ്മത പ്രകാരം സാലിം(റ)വിന്റെ വസിയ്യത്ത് ഞാൻ നിർവ്വഹിക്കുകയും ചെയ്തു.


സാലിം മൗലാ അബീഹുദൈഫ (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ..,

ആമീൻ യാ റബ്ബൽ ആലമീൻ


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു.

No comments:

Post a Comment