Friday 11 June 2021

ഹുദൈഫതുബ്നു യമാൻ (റ)

 

മദായിനിലെ ജനങ്ങൾ സന്തോഷപൂർവ്വം എതിരേൽക്കാൻ ഒരുങ്ങിനിന്നു. ഖലീഫ ഉമർ (റ) നിയോഗിച്ച പുതിയ ഗവർണ്ണറുടെ ആഗമനം പ്രതീക്ഷിച്ചു കൊണ്ട് അവർ കാത്തിരുന്നു.

ഇറാഖിന്റെ മോചനത്തിൽ വീരേതിഹാസം രചിച്ച ഹുദൈഫ (റ) വിനെ ഗവർണ്ണറായി ലഭിച്ചതിൽ ആബാലവൃദ്ധം ജനങ്ങളും സന്തുഷ്ടരായി. അദ്ദേഹത്തെക്കാൾ ഭക്തനും, സൂക്ഷ്‌മതയുള്ള ഭരണനിപുണനുമായ ഒരാളെ അവർക്ക് വേറെ ലഭിക്കാനില്ലായിരുന്നു.

മദീനയിൽ നിന്ന് യാത്രയാരംഭിച്ച ആ ചെറുസംഘം മദായിനിൽ പ്രവേശിച്ചു. ആയിരം കണ്ണുകൾ സാവേശം ആ ചെറുസംഘത്തിനിടയിൽ പരതിക്കൊണ്ടിരുന്നു. ആരാണ് അബൂഹുദൈഫ (റ)..?!

കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച്, കഴുതപ്പുറത്ത് കാൽ തുക്കിയിരുന്ന്, ഉണങ്ങിയ റൊട്ടിക്കഷണം ഉപ്പും കൂട്ടി ചവച്ചരച്ചുകൊണ്ട് വരുന്ന പ്രസന്നവദനായ ആ മനുഷ്യനാണ് അവരുടെ പുതിയ ഗവർണ്ണർ എന്നറിഞ്ഞപ്പോൾ അവർ അത്ഭുതപരതന്ത്രരായി.

അല്ലെങ്കിൽ എന്തിനത്ഭുതപ്പെടണം. ഉമർ (റ) വിന്റെ പ്രതിപുരുഷനല്ലേ. അതിലുപരി പ്രതീക്ഷിച്ചതാണ് അത്ഭുതമായത്.

അമിതമായ ബഹുമാനാവേശത്തോടുകൂടി തന്നെ വളഞ്ഞു നിൽക്കുന്ന ആരാധകരോട് അദ്ദേഹം പറഞ്ഞു: “നിങ്ങൾ കുഴപ്പത്തിന്റെ ഉറവിടം ശ്രദ്ധിക്കുക.”

അവർ ചോദിച്ചു: “അതെന്താണ്..?”

അദ്ദേഹം : “അത് ഭരാണാധികാരികളുടെ കൊട്ടാരകവാടം തന്നെ, നിങ്ങൾ അവിടെ ആദരപൂർവ്വം ചെന്നു നിൽക്കും. അവൻ കളവു തന്നെ പറഞ്ഞാലും നിങ്ങൾ അംഗീകരിക്കും. അയാളിൽ ഇല്ലാത്ത ഗുണഗണങ്ങൾ പറഞ്ഞ് അയാളെ പ്രകീർത്തിക്കുകയും ചെയ്യും. അവിടെ നിന്നാണ് കുഴപ്പത്തിന്റെ തുടക്കം.”

“എന്റേതല്ലാത്ത ചര്യ പിന്തുടരുകയും എന്റെ മാർഗം കൈവെടിയുകയും ചെയ്യുന്ന ഒരു വിഭാഗത്തെ കൊണ്ടായിരിക്കും ഇസ്ലാമിന്ന് വിപത്ത്.” നരക കവാടത്തിലേക്ക് മനുഷ്യരെ ക്ഷണിക്കുന്ന ഒരു വിഭാഗത്തെ കുറിച്ച് നബി ﷺ വിശദീകരിച്ചു.

“അക്കാലത്ത് ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്തുചെയ്യണം..? ഹുദൈഫ (റ) അന്വേഷിച്ചു.”

മുസ്ലിം ജമാഅത്തിനെയും അവരുടെ നേതാവിനേയും പിന്തുടരുക എന്നായിരുന്നു നബിﷺയുടെ മറുപടി.

“അന്ന് മുസ്ലിംകൾക്ക് ജമാഅത്തും നേതാവുമില്ലെങ്കിലോ..?'' ഹുദൈഫ (റ) ആരാഞ്ഞു.

“നീ എല്ലാവരെയും കയ്യൊഴിയുക. ഒരു വൃക്ഷത്തിന്റെ കടയിൽ കടിച്ചു പിടിക്കാൻ നിനക്കു കഴിയുമെങ്കിൽ മരണം വരെ നീ അങ്ങനെ ചെയ്യുക” തിരുമേനി ﷺ അരുളി.

ഹുദൈഫ (റ) എപ്പോഴും നാശങ്ങളെയും ആപൽഘട്ടങ്ങളെയും കുറിച്ചു ജാഗരൂകനായിക്കൊണ്ടായിരുന്നു ജീവിച്ചിരുന്നത്. അദ്ദേഹം വലിയ തത്വജ്ഞാനിയും ചിന്തകനുമായിരുന്നു. അദ്ദേഹം പറയുന്നത് നോക്കൂ:

“അല്ലാഹു ﷻ മുഹമ്മദ് നബിﷺയെ നിയോഗിച്ചു. നബി ﷺ ജനങ്ങളെ ദുർമാർഗങ്ങളിൽനിന്ന് സൻമാർഗത്തിലേക്ക് ക്ഷണിച്ചു. അത് സ്വീകരിച്ചവർ സൻമാർഗികളായിത്തീർന്നു. അല്ലാത്തവർ വഴികേടിലും. നബി ﷺ നമ്മോട് വിടപറഞ്ഞു. ഖിലാഫത്ത് നിലവിൽ വന്നു. ഭാവിയിൽ ഖിലാഫത്ത് ദുഷിച്ച രാജകീയഭരണമായി രൂപാന്തരപ്പെടും. അന്ന് ഒരു വിഭാഗമാളുകൾ മനസാവാചാകർമ്മണാ ആ ഭരണ രീതിയെ എതിർക്കും. അവർ സത്യത്തിന്ന് പരിപൂർണ്ണമായി വഴിപ്പെട്ടവരായിരിക്കും.

മനസാവാചാ മാത്രം എതിർക്കുകയും കർമ്മരംഗത്ത് പിന്തിരിയുകയും ചെയ്യുന്ന മറ്റൊരു വിഭാഗമുണ്ടയിരിക്കും. അവർ സത്യത്തിന്റെ മൂന്നിൽ ഒന്ന് ഉപേക്ഷിച്ചവരാണ്. മനസാ മാത്രം വെറുക്കുകയും വാക്കിലും കർമ്മത്തിലും നിശ്ചലത അവലംബിക്കുകയും ചെയ്യുന്ന മൂന്നാമത്തെ വിഭാഗം, സത്യത്തിന്റെ മുമ്പിൽ രണ്ടു വിഭാഗവും കൈവെടിഞ്ഞവരായിരിക്കും.

ഒരു വിധത്തിലും എതിർപ്പ് പ്രകടിപ്പിക്കാത്തവർ ജീവിക്കുന്ന ശവങ്ങളെ പോലെയാകുന്നു.''

സൻമാർഗത്തിന്റെയും ദുർമാർഗത്തിന്റെയും അടിസ്ഥാനത്തിൽ ഹൃദയങ്ങളെ അദ്ദേഹം ഇങ്ങനെ വിഭജിച്ചു: ഭദ്രമായി മൂടിയിട്ട ഹൃദയം.. ഇത് നിഷേധികളുടെ ഹൃദയമാകുന്നു. പുറം ചട്ടയണിഞ്ഞത്. കപടവിശ്വാസികളുടേത്.

ആവരണമില്ലാത്ത ശുദ്ധഹൃദയം ദീപംപോലെ അത് പ്രകാശിക്കുന്നു... അത് സത്യവിശ്വാസിയുടെ ഹൃദയമാകുന്നു. 

സത്യവിശ്വാസവും കാപട്യവും കലർന്ന ഹൃദയം, ഈമാൻ ശുദ്ധജലം കൊണ്ടു വളരുന്ന വൃക്ഷം പോലെയും. കാപട്യം രക്തവും ചലവും നിറഞ്ഞ വ്രണം പോലെയുമാകുന്നു. ഇവയിൽ ഏത് മറ്റൊന്നിനെ അതിജയിക്കുന്നുവോ അത് വിജയിക്കും.


ഒരു ദിവസം ഹുദൈഫ (റ) നബിﷺയോട് ചോദിച്ചു: “നബിയേ, എന്റെ നാവ് വളരെ വാചാലമാണ്. അത് ഞാൻ നരകത്തിൽ പ്രവേശിക്കാൻ കാരണമായേക്കുമോ..?”

നബി ﷺ ചോദിച്ചു: “നീ നിന്റെ നാവുകൊണ്ട് അല്ലാഹു ﷻ വിനോട് പാപമോചനത്തിനു വേണ്ടി കൂടുതലായി പ്രാർത്ഥിക്കാറില്ലേ..?''

അദ്ദേഹം പറഞ്ഞു: “അതെ, ഒരു ദിവസം നൂറു പ്രാവശ്യമെങ്കിലും ഞാൻ അങ്ങനെ ചെയ്യാറുണ്ട്.''

ഹുദൈഫ(റ)വിന്റെ പിതാവ് ഹുസൈൽ (റ) ഉഹ്ദ് യുദ്ധത്തിൽ മുസ്ലിംകളുടെ കയ്യാൽ വധിക്കപ്പെടുകയാണുണ്ടായത്. മറുപക്ഷക്കാരനാണെന്ന് തെറ്റിദ്ധരിച്ച് മുസ്ലിംകൾ അദ്ദേഹത്തെ എതിരിടുകയാണുണ്ടായത്. ഈ സംഭവം യാദ്യഛികമായി കണ്ണിൽപ്പെട്ട ഹുദൈഫ (റ) തന്റെ പിതാവിന്റെ രക്ഷക്ക് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും അവർ അദ്ദേഹത്തെ വധിച്ചുകഴിഞ്ഞിരുന്നു. 

അബദ്ധം മനസ്സിലാക്കിയ ഘാതകർ ഹുദൈഫ (റ) വിനോട് ദുഃഖവും സഹതാപവും രേഖപ്പെടുത്തി. അവരോട് ഹുദൈഫ (റ) അനുകമ്പാപൂർവ്വം പറഞ്ഞു: “അല്ലാഹു ﷻ നിങ്ങൾക്ക് പൊറുത്തു തരട്ടെ. അവൻ വളരെ കൃപാലുവാകുന്നു.”

ഹുദൈഫ (റ) പിന്നെയും രണാങ്കണത്തിലിറങ്ങി തന്റെ ബാദ്ധ്യത നിർവ്വഹിച്ചു കൊണ്ടിരുന്നു. പ്രസ്തുത സംഭവമറിഞ്ഞ നബി ﷺ ഘാതകരെ വിളിച്ച് ഹുദൈഫ(റ)വിന് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടു. പക്ഷെ ഹുദൈഫ (റ) അത് സ്വീകരിച്ചില്ല. അവർക്ക് നിരുപാധികം മാപ്പു നൽകി.

ജീവൻ പണയപ്പെടുത്തി ഖന്തഖ് യുദ്ധത്തിൽ ഹുദൈഫ (റ) കാണിച്ച സാഹസം ഉൾപ്പുളകമുണ്ടാക്കുന്നതാണ്. ശത്രുസൈന്യം പരാജയത്തിന്റെ വക്കോളമെത്തിക്കഴിഞ്ഞിരുന്നു. അവരുടെ അന്തിമമായ നിലപാട് അറിഞ്ഞുവരാൻ നബി ﷺ രഹസ്യമായി അദ്ദേഹത്തെ ശത്രുപാളയത്തിലേക്ക് അയച്ചു. 

പർവ്വതങ്ങളെപ്പോലും കടപുഴക്കുന്ന കൊടുങ്കാറ്റും ഭീകരമായ കൂരിരുട്ടും വകവെയ്ക്കാതെ അദ്ദേഹം രഹസ്യമായി ശത്രുപാളയത്തിലെത്തി. ഒരു മിന്നാമിനുങ്ങിന്റെ പ്രകാശം പോലും കൊടുങ്കാറ്റ് അവിടെ അനുവദിച്ചില്ല. അദ്ദേഹം അവർക്കിടയിൽ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. 

അതിനിടയിൽ ശത്രുസൈന്യത്തിന്റെ നേതാവ് അബൂസുഫ്യാൻ ഇങ്ങനെ വിളിച്ച് പറഞ്ഞു: “യോദ്ധാക്കളെ, നിങ്ങൾ ഓരോരുത്തരും കൈകോർത്തു പിടിക്കുക. തന്റെ സമീപസ്ഥൻ ആരാണെന്നറിയാൻ തന്റെ സ്നേഹിതന്റെ പേര് ചോദിക്കുക. ശത്രുചാരൻമാർ നമുക്കിടയിൽ നുഴഞ്ഞുകേറാതിരിക്കട്ടെ.”

ഇത് കേട്ടമാത്രയിൽ ഹുദൈഫ (റ) തന്റെ തൊട്ടടുത്തുണ്ടായിരുന്ന ഒരു സൈനികന്റെ കൈപിടിച്ചു. അവന്റെ പേര് ചോദിക്കുകയാണുണ്ടായത്. അതോടെ ഹുദൈഫ(റ)വിന്റെ സാന്നിദ്ധ്യത്തിന്ന് സുരക്ഷിതത്വം ലഭിച്ചു! 

അബൂസുഫ്യാൻ തന്റെ പ്രഖ്യാപനം തുടർന്നു: “ഖുറൈശികളെ, നിങ്ങൾ അനുയോജ്യമായ ഒരു നിലപാടിലല്ല ഇന്നുള്ളത്. നമ്മുടെ ഒട്ടകങ്ങളും കുതിരകളും ഭക്ഷണ സാധനങ്ങളുമെല്ലാം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു. ബനുഖുറൈളയുടെ നിലപാടാകട്ടെ ആശാവഹമല്ലതാനും. അവർ നമ്മോട് വാഗ്ദത്തം ലംഘിച്ചിരിക്കുന്നു. ഒരു വിളക്ക് വെക്കാനോ തമ്പ്കെട്ടാനോ സാദ്ധ്യമല്ലാത്ത ഈ കൊടുങ്കാറ്റിൽ നമുക്കെന്ത് ചെയ്യാൻ കഴിയും? അതുകൊണ്ട് നമുക്ക് നാട്ടിലേക്ക് മടങ്ങിപ്പോകാം.”

അബൂസുഫ്യാന്റെ പ്രഖ്യാപനം കഴിഞ്ഞശേഷം ഹുദൈഫ (റ) സുരക്ഷിതനായി നബിﷺയുടെ അടുത്ത് ചെന്ന് ശത്രുസൈന്യത്തിന്റെ നിലപാട് അറിയിച്ചു.

ഇസ്ലാമിക ചരിത്രത്തിൽ നിസ്തുലമായ ത്യാഗത്തിന്റെ വീരഗാഥ രചിച്ച നഹാവന്ത് യുദ്ധത്തിൽ ഹുദൈഫ (റ) പങ്ക് മഹത്തരമായിരുന്നു. ഒന്നരലക്ഷത്തോളം വരുന്ന പേർഷ്യൻ സൈന്യത്തെ നേരിട്ട കേവലം മുപ്പതിനായിരം മാത്രമുള്ള മുസ്ലിംകൾക്ക് ധീരോദാത്തമായ നേതൃത്വം നൽകിയവരിൽ ഒരാൾ ഹുദൈഫ (റ) ആയിരുന്നു.

ഹമദാൻ, റയ്യ്, ദൈനവർ എന്നീ ചരിത്രപ്രസിദ്ധമായ പ്രവിശ്യകൾ ഇസ്ലാമിന്ന് നേടിക്കൊടുത്തത് ആ കരങ്ങളായിരുന്നു.

ചരിത്രപ്രസിദ്ധമായ കുഫാപട്ടണത്തിന്റെ സ്ഥാപനത്തിന്ന് വേണ്ടി അതിന്നു പറ്റിയ ഭൂപ്രകൃതിയും കാലാവസ്ഥയും തിരഞ്ഞുപിടിച്ച ഹുദൈഫ (റ) വലിയ

ബുദ്ധിമാനും അനുഭവജ്ഞാനിയുമായിരുന്നു. അദ്ദേഹം ജനങ്ങളെ എപ്പോഴും ഇങ്ങനെ ഉപദേശിക്കുമായിരുന്നു:

“നിങ്ങളിലുത്തമൻ പരലോകത്തിന്ന് വേണ്ടി ഇഹലോകത്തെയോ, ഇഹലോകത്തിന്നു വേണ്ടി പരലോകത്തെയോ ഉപേക്ഷിക്കുന്നവനല്ല. നേരെ മറിച്ച് രണ്ടും നേടുന്നവനാകുന്നു.''

ഹിജ്റ 36ാമത്തെ വർഷം അദ്ദേഹം ദിവംഗതനായി. മരണശയ്യയിൽ കിടക്കുന്ന ഹുദൈഫ (റ) വിനെ സനേഹിതൻമാർ സന്ദർശിച്ചു. അദ്ദേഹം അവരോട് ചോദിച്ചു:

“നിങ്ങൾ എന്നെ കഫൻ ചെയ്യാൻ വസ്ത്രങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ?''

അവർ പുതിയതും ഭംഗിയുള്ളതുമായ കുറച്ച് തുണികളെടുത്തു അദ്ദേഹത്തിന്ന് കാണിച്ച് കൊടുത്തു.

അദ്ദേഹം പറഞ്ഞു: “ഇത് എനിക്ക് വേണ്ട, രണ്ടു കഷണം വെളുത്ത തുണി മാത്രം മതി. ഖബറിൽ ഉപേക്ഷിക്കാൻ കുറച്ചു മതി.''

അന്തിമമായി അദ്ദേഹത്തിന്റെ അധരങ്ങൾ ചലിച്ചു: “മരണമേ സ്വാഗതം.. ദുഃഖിച്ചിട്ടെന്തുഫലം.പ്രിയങ്കരനായ സ്നേഹിതൻ തന്നെയാണ് മരണം.''


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു.

No comments:

Post a Comment