Friday 11 June 2021

ഖൈസുബ്നു സഅദ് (റ)

 

ഖൈസ്(റ)വിന്റെ കുട്ടിക്കാലത്ത് തന്നെ അൻസാരികൾ അദ്ദേഹത്തോട് ഒരു നേതാവിനോടെന്ന പോലെയാണ് പെരുമാറിയിരുന്നത്. അവർ പറയുമായിരുന്നു: “പണംകൊടുത്തു താടിവാങ്ങാൻ കിട്ടുമായിരുന്നെങ്കിൽ നമുക്ക് ഖൈസിന്ന് ഒരു താടിവാങ്ങിക്കൊടുക്കാമായിരുന്നു.”

ഖൈസ് (റ) കുട്ടിയായിരുന്നെങ്കിലും നേതൃപദവി അലങ്കരിക്കാൻ താടിയുടെ  കുറവ് മാത്രമേ അവരുടെ ദൃഷ്ടിയിൽ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ! 

അൻസാരികളുടെ നേതാവായ സഅദ്ബ്നുഉബാദ(റ)വിന്റെ പുത്രനായിരുന്നു ഖൈസ് (റ). ഖസ്റജ് ഗോത്രക്കാരായിരുന്നു അവർ. അവരുടെ കുടുംബം ധർമ്മ ശീലത്തിൽ പ്രസിദ്ധമായിരുന്നു. നബി ﷺ അവരെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി: “ധർമ്മം ഈ കുടുബത്തിന്റെ പ്രത്യേക ലക്ഷണമാകുന്നു.”

ഖൈസ് (റ) ബുദ്ധിവൈഭവം, യുക്തി, സാമർത്ഥ്യം, സൂത്രം എന്നീ ഗുണങ്ങളിൽ നിസ്തുലനായിരുന്നു. അദ്ദേഹം ഒരിക്കൽ പറഞ്ഞു: “ഇസ്ലാമില്ലായിരുന്നെങ്കിൽ അറബികളെ മുഴുവനും ഞാൻ കബളിപ്പിക്കുമായിരുന്നു.”

സിഫ്ഫീൻ യുദ്ധത്തിൽ അദ്ദേഹം അലി (റ) വിന്റെ പക്ഷത്തായിരുന്നു. അദ്ദേഹത്തിന്റെ ചില നിഗൂഢതന്ത്രങ്ങൾ മുആവിയാ(റ)വിന്റെ പക്ഷക്കാരെ പലപ്പോഴും വല്ലാത്ത കുഴപ്പത്തിലാക്കി. 

എതിരാളികളോടാണെങ്കിലും തന്റെ തന്ത്രം ആപൽക്കരമായ വഞ്ചനയായിത്തീരുമോ എന്ന് ഖൈസ് (റ) ഭയപ്പെട്ടു. “ചീത്തയായ ചതിപ്രയോഗം അത് ചെയ്തവർക്ക് തന്നെയാണ് ബാധിക്കുക” എന്ന പരിശുദ്ധ ഖുർആന്റെ താക്കീത് ഓർത്ത് അത്തരം തന്ത്രങ്ങളിൽ നിന്ന് അദ്ദേഹം പിന്തിരിയുകയും അല്ലാഹുﷻവിനോട് പാശ്ചാത്തപിക്കുകയും ചെയ്തു. 

പിന്നീട് അദ്ദേഹം പറഞ്ഞു: “മുആവിയ ഞങ്ങളെ പരാജയപ്പെടുത്തിയാൽ അത് അദ്ദേഹത്തിന്റെ ബുദ്ധിസാമർത്ഥ്യം കൊണ്ടല്ല, നേരെ മറിച്ച് ഞങ്ങളുടെ സൂക്ഷ്‌മതയും ദൈവഭക്തിയും കൊണ്ടു മാത്രമാകുന്നു.”

സഅദ് (റ) തന്റെ പുത്രൻ ഖൈസ് (റ) വിന്റെ കയ്യുംപിടിച്ചുകൊണ്ടാണ് ഇസ്ലാമാശ്ലേഷിക്കാൻ നബിﷺയുടെ അടുത്ത് എത്തിയത്. അദ്ദേഹം നബി ﷺ യോട് ഇങ്ങനെ പറഞ്ഞു: “നബിയേ, അങ്ങേയ്ക്ക് ഞാനിതാ ഒരു ഭൃത്യനെ കൊണ്ടുവന്നിരിക്കുന്നു.”

ഔന്നിത്യത്തിന്റെയും നൻമയുടെയും എല്ലാ അടയാളങ്ങളും ഖൈസ്(റ)വിൽ നബി ﷺ കണ്ടു. നബി ﷺ അദ്ദേഹത്തിന് അവിടുത്തെ സാമീപ്യം നൽകി. അദ്ദേഹം അതിന്നർഹനായിരുന്നു. 

അനസ് (റ) ആ ബന്ധത്തെക്കുറിച്ച് ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി : “ഒരു ഭരണാധികാരിയുടെ സന്നിധിയിൽ അംഗരക്ഷകനെന്നപോലെയായിരുന്നു ഖൈസ് നബിﷺയുടെ കൂടെ വർത്തിച്ചിരുന്നത്!” 

ഖൈസിന്റെ (റ) ധർമ്മശീലം കിടയറ്റതായിരുന്നു എന്ന് പറഞ്ഞുവല്ലോ.. അത് അദ്ദേഹത്തിന്റെ കുടുംബവൈശിഷ്ട്യമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം പകൽസമയം ഉയർന്ന കുന്നിൽ ഒരാളെ നിർത്തി ജനങ്ങളെ ഭക്ഷണം കഴിക്കാൻ ഉച്ചത്തിൽ കൂകിവിളിച്ചു വരുത്തുമായിരുന്നു. രാത്രിയിൽ ഉയരത്തിൽ തീ കത്തിക്കുകയും ജനങ്ങൾ അത് കണ്ട് ഭക്ഷണത്തിന് അങ്ങോട്ട് കേറിച്ചെല്ലുകയും ചെയ്തിരുന്നു. 

മാംസവും കൊഴുപ്പും കഴിക്കാനാഗ്രഹിക്കുന്നവർ ദുലൈമുബ്നു ഹാരിസയുടെ കുന്നിൻ മുകളിലേക്ക് ചെല്ലുക എന്ന് നാട്ടുകാർ പറയുമായിരുന്നു. ദുലൈമുബ്നു ഹാരിസ ഖൈസിന്റെ (റ) പിതാമഹനായിരുന്നു. 

അബൂബക്കർ (റ)വും ഉമർ (റ)വും ഖൈസിന്റെ (റ) ധർമ്മസ്വഭാവത്തെ കുറിച്ച്  ഇങ്ങനെ പറഞ്ഞു: “ഈ യുവാവിനെ ഇങ്ങനെ ധർമ്മം ചെയ്യാൻ വിട്ടാൽ, അയാൾ അയാളുടെ പിതാവിന്റെ സമ്പത്ത് മുഴുവനും നശിപ്പിക്കും!”


ഒരിക്കൽ ഒരു സ്നേഹിതൻ ഖൈസ്(റ)വിന്റെ  പക്കൽ നിന്ന് ഒരു വലിയ തുക കടം വാങ്ങി. നിശ്ചിത സമയത്ത് അത് മടക്കിക്കൊടുത്തപ്പോൾ ഖൈസ് (റ) അത് വാങ്ങാൻ കൂട്ടാക്കിയില്ല. അദ്ദേഹം പറഞ്ഞു: ഞങ്ങൾ കൊടുത്തത് ഒരിക്കലും മടക്കിവാങ്ങാറില്ല. 

ധർമ്മവും ധൈര്യവും ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണല്ലോ. ധർമ്മിഷ്ഠൻ ധൈര്യവാനും, ധൈര്യവാൻ ധർമ്മിഷ്ഠനുമായിരിക്കും. ധൈര്യമില്ലാത്തവന്റെ ധർമ്മം കേവലം പ്രകടനമായിരിക്കും. ധർമ്മിഷ്ഠനല്ലാത്തവന്റെ ധൈര്യം താൽക്കാലികമായ  ഒരു എടുത്തുചാട്ടവും! 

ഖൈസ് (റ) വിന്റെ ഒരു കയ്യിൽ ധർമ്മത്തിന്റെയും മറുകയ്യിൽ ധൈര്യത്തിന്റെയും പതാക പാറിക്കൊണ്ടിരുന്നു. 

നബിﷺയുടെ ജീവിതകാലത്ത് നടന്ന എല്ലാ രണാങ്കണങ്ങളിലും ഖൈസ് (റ) അത് പ്രകടപ്പിക്കുകയും ചെയ്തു. നബിﷺക്ക് ശേഷം നടന്ന യുദ്ധങ്ങളിലും അദ്ദേഹത്തിന്റെ പങ്ക് പ്രസ്താവ്യമായിരുന്നു. അലി(റ)വും മുആവിയ(റ)വും തമ്മിൽ നടന്ന സംഘട്ടനങ്ങളിൽ ഖൈസ് (റ) അലി(റ)വിന്റെ പക്ഷത്തായിരുന്നു. 

സിഫ്ഫീൻ, ജമൽ, നഹർവാൻ എന്നീ സമരങ്ങളിൽ അൻസാരികളുടെ പതാക വഹിച്ചിരുന്നത് ഖൈസ് (റ) ആയിരുന്നു. യുദ്ധക്കളത്തിൽ അദ്ദേഹം ഇങ്ങനെ പാടിക്കൊണ്ടിരുന്നു: “ഞങ്ങൾ നബി ﷺ യുടെ കൂടെ വഹിച്ചിരുന്ന പതാകയാണിത്, ജിബ്രീൽ (അ) അന്ന് ഞങ്ങളുടെ സഹായിയുമായിരുന്നു! 

ഭരണാധികാരവും സ്ഥാനമാനങ്ങളുമെല്ലാം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സേവനത്തിനുള്ള ഒരു ഉപാധി മാത്രമായിരുന്നു. അലി(റ)വിന്റെ അന്ത്യം വരെ അദ്ദേഹത്തിന്റെ താങ്ങുംതണലുമായി ഖൈസ് (റ) നിലകൊണ്ടു. അലി(റ)വിന്റെ മരണാന്തരം ഖിലാഫത്തിന്റെ യഥാർത്ഥ അവകാശി അലി(റ)വിന്റെ മൂത്തപുത്രൻ ഹസൻ(റ) ആണെന്ന് ഖൈസ് (റ) വിശ്വസിച്ചു. അദ്ദേഹം ഹസൻ(റ)വിന് ബൈഅത്ത് ചെയ്തു. 

അലി(റ)വിന്റെ മരണത്തിലുള്ള ദുഃഖപ്രകടനമന്ന നിലക്ക് തലമൊട്ടയടിച്ച് അയ്യായിരം സൈനികരുമായി ഖൈസ് (റ) യുദ്ധത്തിനിറങ്ങി എന്ന് പറയപ്പെടുന്നു. 

ഹസൻ (റ) ആവട്ടെ, മുസ്ലിം സമുദായത്തിനു പറ്റിയ മുറിവുകൾ ഉണക്കിക്കളഞ്ഞും മാത്സര്യംവെടിഞ്ഞും സൗഹാർദപരമായി മുന്നേറാനും അതിന്നുവേണ്ടി സ്വയം ഖിലാഫത്ത് ഒഴിഞ്ഞ് മുആവിയ(റ)വിന് ബൈഅത്ത് ചെയ്യാനും തീരുമാനിച്ചു. 

ഖൈസ് (റ) തന്റെ നിലപാട് പുനഃപ്പരിശോധിക്കുകയും ഹസൻ (റ) വിന്റെ തീരുമാനം അംഗീകരിക്കുകയും ചെയ്തു. തന്റെ കീഴിൽ സംഘടിച്ച സൈനികർക്ക് ഖൈസ് (റ) മുആവിയ (റ) വിൽ നിന്ന് സംരക്ഷണം വാങ്ങിക്കൊടുത്തു. 

മുസ്ലിം ചരിത്രത്തിലെ ശോകമൂകമായ ആ കറുത്ത അദ്ധ്യായം അതോടുകൂടി  തൽക്കാലം അവസാനിച്ചു. ഹിജ്റ 59ാമത്തെ വർഷം ഖൈസ് (റ) മദീനയിൽ വഫാത്തായി.


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...

No comments:

Post a Comment