Thursday 10 June 2021

ഉബയ്യുബ്നു കഅ്ബ് (റ)

 

മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ ചെയ്തു വന്ന മുഹാജിറായ സ്വഹാബിയാണ് സഈദുബ്നു സൈദ് (റ). ഓരോ മുഹാജിറിനും അൻസാരിയായ ഒരു സ്വഹാബിയെ റസൂലുല്ലാഹി ﷺ സഹോദരനാക്കിക്കൊടുത്തിരുന്നു.

സഈദുബ്നു സൈദ് (റ)വിന്റെ സഹോദരൻ, അതായത് റസൂലുല്ലാഹി ﷺ മദീനയിൽ സഈദ് (റ)വിന് സഹോദരനാക്കിക്കൊടുത്തത് ഉബ യ്യുബ്നു കഅ്ബ് (റ) എന്ന അൻസാരിയെയാണ്. 

അൻസാർ എന്ന അറബി വാക്കിന് സഹായികൾ എന്നാണർത്ഥം.

അൻസാരി എന്നു പറഞ്ഞാൽ അൻസാറിൽ പെട്ട സ്വഹാബി എന്നർത്ഥം. മുഹാജിർ എന്ന വാക്കിന് ഹിജ്റ ചെയ്ത ആൾ എന്നാണർത്ഥം.

നബി ﷺ തങ്ങൾ പറഞ്ഞതായി അനസുബ്നു മാലിക് (റ) ഉദ്ധരിക്കുന്നു: എന്റെ സമുദായത്തിൽ ഏറ്റവും നല്ല ഖുർആൻ പണ്ഡിതൻ ഉബയ്യുബ്നു കഅ്ബ് (റ) ആകുന്നു. 

സ്വഹീഹായ ഒരു ഹദീസിൽ ഇപ്രകാരമുണ്ട്: റസൂലുല്ലാഹി ﷺ തങ്ങൾ ഉബയ്യ് (റ)വിനോട് ഒരിക്കൽ പറഞ്ഞു: ലം യകുനില്ലദീന കഫറൂ എന്നു തുടങ്ങുന്ന സൂറത്ത് നിങ്ങൾക്ക് ഓതിത്തരാൻ അല്ലാഹു ﷻ എന്നോട് കൽപിച്ചു.

അപ്പോൾ ഉബയ്യ് (റ) കമ്പത്തോടെ ചോദിക്കുകയാണ് : അല്ലാഹു ﷻ അങ്ങയോട് എന്റെ പേര് പറഞ്ഞോ..? റസൂലുല്ലാഹി ﷺ പറഞ്ഞു: അതേ, അപ്പോൾ ഉബയ്യ് (റ) വിലപിക്കാൻ തുടങ്ങി...

അബ്ദുല്ലാഹിബ്നി ഉമർ (റ) പറഞ്ഞു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: നാലു പേരിൽ നിന്നും നിങ്ങൾ വിശുദ്ധ ഖുർആൻ അഭ്യസിക്കുക; ഇബ്നു മസ്ഊദിൽ (റ) നിന്നും, അബൂ ഹുദൈഫ (റ) വിന്റെ മൗല (അടിമത്തെ മോചനം ചെയ്യപ്പെട്ട ആൾ) സാലിമിൽ (റ) നിന്നും, ഉബയ്യുബ്നു കഅ്ബിൽ (റ) നിന്നും, മുആദുബ്നു ജബലിൽ (റ) നിന്നും.


ഒരിക്കൽ റസൂലുല്ലാഹി ﷺ ഉബയ്യുബ്നു കഅ്ബിനോട് (റ) അരുൾച്ചെയ്തു: അല്ലയോ അബുൽ മുൻദിർ, ഇൽമ് നിങ്ങൾക്ക് എളുപ്പമാകട്ടെ...

ഉബയ്യുബ്നു കഅ്ബ് (റ) മുസ്ലിംകളുടെ നേതാവാണെന്ന് ഉമറുബ്നുൽ ഖത്താബ് (റ) പറയാറുണ്ടായിരുന്നു.


ഉബയ്യുബ്നു കഅബ് (റ) വിന്റെ പൂർണ നാമം ഉബയ്യുബ്നു കഅ്ബുബ്നി ഖൈസുബ്നി ഉബൈദിബ്നി സൈദുബ്നി മുആവിയത്തബ്നി അംറുബ്നി മാലിക്ബ്നു നജ്ജാർ എന്നത്രെ. 

തന്റെ പിതാമഹനായ നജ്ജാർ എന്നവർക്ക് നജ്ജാർ എന്നെങ്ങെനെ പേരുകിട്ടി..? നജ്ജാർ എന്നാൽ ആശാരി (carpenter) എന്നാണല്ലോ അർത്ഥം. അദ്ദേഹം ആശാരിയായിരുന്നോ? അല്ല. പിന്നെന്തേ ഈ പേരു വന്നത്..? 

രണ്ടു കാരണങ്ങൾ അതിന് പറഞ്ഞു വരുന്നുണ്ട്. ഒന്ന് ഇതാണ്: അതായത്, കോടാലി കൊണ്ടാണ് അദ്ദേഹം ചേലാകർമം ചെയ്തത്. 

മറ്റൊരഭിപ്രായമുള്ളത് ഇതാണ്: ഒരാളുടെ മുഖം കോടാലി കൊണ്ട് ഈർന്നു. അദ്ദേഹത്തിന് അങ്ങനെ നജ്ജാർ എന്ന സ്ഥാനപ്പേര് ലഭിച്ചു.

ഖസ്റജ് കുടുംബാംഗമാണ് ഉബയ്യ് (റ). അൻസ്വാരിയായ സ്വഹാബി നാം മുകളിൽ പറഞ്ഞ നജ്ജാർ എന്നവർ

ഉബയ്യ് (റ) വിന്റെ പിതൃ പരമ്പരയിൽ എട്ടാമത്തെ ആളായിവരുന്നു. ഉബയ്യ് (റ)വിന്റെ പിതാവ് ഖൈസിന്റെ പിതാവ് ഉബൈദ്. ഉബൈദിന്റെ പിതാവ് സൈദ്. സൈദിന്റെ പിതാവ് മുആവിയ. മുആവിയയുടെ പിതാവ് അംറ്. അംറിന്റെ പിതാവ് മാലിക്. മാലികിന്റെ പിതാവ് നജ്ജാർ.

രണ്ട് ഉപനാമങ്ങളുണ്ട് ഉബയ്യുബ്നു കഅ്ബ് (റ)വിന്. ഒന്ന് അബുൽ മുൻദിർ. റസൂലുല്ലാഹിﷺയാണ് ആ ഉപനാമം കഅ്ബ് (റ)വിന് സമ്മാനിച്ചത്. 

തുഫൈൽ എന്ന ഒരു മകനുണ്ട് ഉബയ്യുബ്നു കഅ്ബ് റളിയല്ലാഹു അൻഹുവിന്. തുഫൈലിന്റെ പേരിനോട് ചേർത്തുകൊണ്ട് അബൂത്തുഫൈൽ എന്ന ഒരു ഉപനാമവുമുണ്ട് ഉബയ്യ് (റ) വിന്. 

അബൂത്തുഫൈൽ എന്ന ഉപനാമം ഉബയ്യിന് നൽകിയതാരെന്നറിയുമോ..? അല്ലാഹുﷻവിന്റെ റസൂൽ ﷺ യുടെ ഖലീഫയും, അവിടുത്തെ ഭാര്യാപിതാവുമായിരുന്ന ഹദ്റത്ത് ഉമറുബ്നുൽ ഖത്താബ് (റ).

ഉബയ്യുബ്നു കഅ്ബ് (റ) ഒത്ത ഉയരം.  അധികം നീണ്ടതോ കുറിയതോ അല്ല ആ ഗോത്രം. വെള്ളത്തലമുടി, വെള്ളത്താടി, കൃശഗാത്രൻ, എല്ലാവരുമായും പെട്ടന്നങ്ങ് ഇണങ്ങുന്ന പ്രകൃതമല്ല. കുറച്ച് സങ്കോചമുള്ള വ്യക്തിത്വം.

ഏറ്റവും ആദ്യമായി ഇസ്ലാമിലേക്ക് വന്നവരിൽപ്പെടുന്നു ഉബയ്യ് (റ). രണ്ടാം അഖബ ഉടമ്പടിയിൽ മക്കയിൽ വെച്ച് ഉബയ്യ് (റ) നബിﷺയുമായി കരാർ ചെയ്തു. എഴുപത് പേരുണ്ടായിരുന്നു അതിൽ ഉടമ്പടി ചെയ്തവർ. അബ് യള്, അഹ്മർ യുദ്ധത്തിൽ പങ്കുകൊള്ളും. നബി ﷺ മദീനയിലേക്ക് പാലായനം ചെയ്താൽ സംരക്ഷണം നൽകും. സ്വന്തം മക്കളെയും സ്ത്രീകളെയും സംരക്ഷിക്കുന്നതു പോലെ റസൂലിനെ (ﷺ) കാത്തരുളും. ഇതെല്ലാമായിരുന്നു ഉടമ്പടിയുടെ ആകെത്തുക. 

ദീൻ പ്രചരിപ്പിക്കാനും, ശത്രുക്കളിൽ നിന്ന് റസൂലിനെ (ﷺ) ഏതുവിധേനയും സംരക്ഷിക്കാനും അവർ സ്വയം ഉത്തരവാദിത്തമേറ്റു.


ബദ്ർ യുദ്ധത്തിലും മറ്റെല്ലാ ധർമ സമരങ്ങളിലും നബിﷺയോടൊപ്പം ഉബയ്യ് (റ) പങ്കെടുത്തു. ഒരു യുദ്ധത്തിൽ അദ്ദേഹം അനുഭവിച്ച ക്ലേശങ്ങളും ബുദ്ധിമുട്ടുകളും അദ്ദേഹം തന്നെ നമുക്ക് വിവരിച്ച് തന്നിരിക്കുന്നു. 

അബൂ മൂസൽ അശ്അരി (റ)വിന്റെ നിവേദനമനുസരിച്ചാണ് അദ്ദേഹം ആ കഥ വിവരിക്കുന്നത്; അത് കാണുക: ഒരു യുദ്ധത്തിൽ ഞങ്ങൾ റസൂലുല്ലാഹി ﷺ യോടൊപ്പം പുറപ്പെട്ടു. ഞങ്ങൾ ആറുപേരുള്ള ഒരു സംഘമായിരുന്നു. ഞങ്ങൾക്കെല്ലാവർക്കും കൂടി സവാരിക്ക് ഒരേയൊരു ഒട്ടകം. ഊഴം വെച്ച് ഞങ്ങളതിൽ കയറി യാത്ര ചെയ്തു.

അങ്ങനെ ഞങ്ങളുടെ പാദങ്ങൾ തേഞ്ഞുപോയി. നടന്നു നടന്ന് ക്ഷീണിച്ചതിന്റെ ഫലമായി എന്റെ ഇരു കാലിന്റെയും അടി ഭാഗം ആകെ തേഞ്ഞു പോയിരിക്കുന്നു. ഞങ്ങൾ തുണിക്കഷ്ണങ്ങൾ വെച്ച് കാലുകൾ പൊതിയുകയായിരുന്നു. 

കാലുകളിൽ ഞങ്ങൾ തുണിക്കഷ്ണങ്ങൾ വെച്ചു കെട്ടിയിരുന്നതിനാലാണ് ആ യുദ്ധത്തിന്റെ പേരു തന്നെ ദാത്തു രിഖാഅ് എന്നായിത്തീർന്നത്.

ഭൂരിപക്ഷാഭിപ്രായപ്രകാരം ഈ യുദ്ധം നടന്നത് ഹിജ്റ ഏഴാം കൊല്ലം റബീഉൽ അവ്വൽ മാസത്തിലാണ്. നാനൂറോ, എഴുനൂറോ സ്വഹാബിമാരെയും കൂട്ടി നബി ﷺ ഈ യുദ്ധത്തിനു വേണ്ടി പുറപ്പെട്ടു. നഖ്ലു അലി എന്ന സ്ഥലം വരെ അവർ പോയി. മദീനയിൽ നിന്ന് കുതിരപ്പുറത്ത് സഞ്ചരിക്കുകയാണെങ്കിൽ രണ്ട് ദിവസത്തെ യാത്രാ ദൂരമുണ്ട് നഖ്ലു അലിയിലേക്ക്. 

ഒരു സംഘം ഗത്ഫാൻ ഗോത്രക്കാരെ അവിടെ വെച്ച് നേരിട്ടെങ്കിലും അവർ വേഗം സന്ധിയിലായി. അവർ തമ്മിൽ യുദ്ധമുണ്ടായില്ല.

അല്ലാഹുﷻവിന്റെ റസൂൽ ﷺ തങ്ങളുടെ സ്വഹാബത്തിന് എപ്പോഴും കാര്യമായ ശ്രദ്ധയും പരിഗണനയും ഉൽക്കണ്ഠയും ഉത്സാഹവും തങ്ങളുടെ റബ്ബിന്റെ പൊരുത്തം കിട്ടുന്നതിലും അവനോട് അടുക്കുന്നതിലും തന്നെയായിരുന്നു. അതോടൊപ്പം അല്ലാഹുﷻവിന്റെ റസൂൽ ﷺ തങ്ങൾ അവർകളുടെ സ്നേഹവും അവർക്ക് ലഭിക്കണം. അക്കാര്യത്തിൽ അവർക്കിടയിൽ ശരിക്കും മത്സരമായിരുന്നു.

നന്മയുടെ മാർഗത്തിൽ ആ പുണ്യ പുരുഷന്മാർ അഹമഹമികയാ മുന്നോട്ടു വന്നു. ഉൽകൃഷ്ടരാകാനുള്ള അഭിനിവേശമായിരുന്നു അവർക്ക്. 

അതുകൊണ്ടു തന്നെ ഔന്നിത്യത്തിന്റെയും പരിശുദ്ധിയുടെയും അത്യുന്നത വിതാനത്തിലേക്ക് ഉയരാനുള്ള വഴികളായിരുന്നു അവർ റസൂലുല്ലാഹി ﷺ തങ്ങളോട് എപ്പോഴും അന്വേഷിച്ചു കൊണ്ടിരുന്നത് എന്നു നാം ചരിത്രത്തിൽ കാണുന്നു.


ഉബയ്യുബ്നു കഅ്ബിന്റെ മഹാനായ പുത്രൻ തുഫൈൽ (റ). മഹാനായ തുഫൈൽ ബിൻ ഉബയ്യിബ്നി കഅ്ബ് (റ) തന്റെ മഹാനായ പിതാവ് ഉബയ്യുബ്നു കഅ്ബ് (റ) അവർകളിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു സംഭവം കാണുക: രോമാഞ്ചജനകവും, പ്രവാചക സ്നേഹികളെ സംബന്ധിച്ചിടത്തോളം ഏറെ ഉൾപുളകമുണ്ടാകുന്നതുമായ മഹത്തായ വൃത്താന്തം.

അല്ലാഹുﷻവിന്റെ തിരുദൂതർ ﷺ തങ്ങൾ രാവിന്റെ മൂന്നിൽ രണ്ട് പിന്നിട്ടാൽ എഴുന്നേറ്റു വന്ന് ഇപ്രകാരം ഉൽഘോഷിക്കുമായിരുന്നു: അല്ലയോ ജനങ്ങളേ, അല്ലാഹു ﷻ വിനെ സ്മരിക്കൂ, അല്ലാഹു ﷻ വിനെ സ്മരിക്കൂ.., സൂർ എന്ന കാഹളത്തിലെ പ്രഥമ ഊത്ത് റാജിഫ മുഴങ്ങിക്കഴിഞ്ഞു. ഇനി റാദിഫ എന്ന രണ്ടാമത്തെ ഊത്ത് പിന്നാലെ വരും. മരണം അതിന്റെ സകല ഭീകരതകളോടെയും വന്നു കഴിഞ്ഞു. മൃത്യു അതിന്റെ മുഴുവൻ ഭീകരതകളുമായും ഇവിടെ വന്നു കഴിഞ്ഞു.

ഉബയ്യുബ്നു കഅ്ബ് (റ) പറയുകയാണ്. അപ്പോൾ ഒരിക്കൽ ഞാൻ ചോദിക്കുകയുണ്ടായി: അല്ലാഹു ﷻ വിന്റെ റസൂലേ (ﷺ), ഞാൻ നിങ്ങളുടെ മേൽ ധാരാളം സ്വലാത്ത് ചൊല്ലാറുണ്ട്. എത്ര സ്വലാത്താണ് എന്റെ പ്രാർത്ഥനാ വചനങ്ങളിൽ നിന്നും ഞാൻ അങ്ങേക്കായി നീക്കി വെക്കേണ്ടത്..? പുണ്യ നബിﷺയുടെ തിരുമൊഴി  നീ ഉദ്ദേശിക്കുന്നത്ര തന്നെ...

ഞാൻ ചോദിച്ചു: എന്റെ ദിവസേനയുള്ള പ്രാർത്ഥനകളിൽ നിന്നും കാൽഭാഗം അങ്ങേക്കു വേണ്ടിയുള്ള സ്വലാത്തിനായി നീക്കി വെക്കട്ടെയോ..?

പുണ്യ റസൂൽ ﷺ തങ്ങളുടെ പ്രതിവചനം: നീ ഉദ്ദേശിക്കുന്നത് ചൊല്ലിക്കൊള്ളൂ. ഇനി നീ പറഞ്ഞതിലും വർധിപ്പിച്ചാൽ അത് നിനക്ക് ഉത്തമം തന്നെ ഉബയ്യേ...

ഞാൻ ചോദിച്ചു: അപ്പോൾ പകുതിയാക്കിയാലോ..?

നബി കരീം ﷺ തങ്ങളുടെ പ്രതികരണം : ഉദ്ദേശിക്കുന്നത് ചൊല്ലിക്കൊള്ളുക ഉബയ്യേ.., ഇനി അതിലും കൂടുതലാക്കിയാൽ അതും നിനക്കുത്തമം തന്നെ ഉബയ്യേ...

ഞാൻ വിട്ടില്ല. വീണ്ടും ഞാൻ ആരാഞ്ഞു: അപ്പോൾ ഒരു മൂന്നിൽ രണ്ട് എന്ന തോതിൽ ചൊല്ലിയാലോ..?

അപ്പോളുമതാ ലോകഗുരു, ഇരു ലോകങ്ങളുടെയും ഒളിയായ നബി അശറഫുൽ ഖൽഖ് ﷺ പയുകയാണ്: "ഉദ്ദേശിക്കുന്നത്ര തന്നെ ചൊല്ലിക്കൊള്ളൂ ഉബയ്യേ, വർധിച്ചാൽ അത് ഉത്തമം തന്നെയാണ് ഉബയ്യേ... 

ഞാൻ ചോദിച്ചു: ഉബയ്യുബ്നു കഅ്ബ് (റ) തുടരുകയാണ്: 'എന്റെ സകലമാന പ്രാർത്ഥനകളും, സർവമാന അർത്ഥനകളും സകല മന്ത്രങ്ങളും മുഴുവൻ വളാഇഫും എല്ലാ അദ്കാറും മാറ്റി വെച്ച് വെറും അങ്ങേക്കു മേലുള്ള സ്വലാത്ത് മാത്രമാക്കി ഞാനെന്റെ ജീവിതം മുന്നോട്ടു കൊണ്ടു പോകട്ടെയോ..?'

എങ്കിൽ നിന്റെ മനോവ്യഥകൾക്കും സകല ആധികൾക്കും, വ്യാധികൾക്കുമുള്ള പരിഹാരമായി അത് ധാരാളം മതി. നിന്റെ പാപങ്ങൾ മുഴുവനും പൊറുക്കപ്പെടാൻ അതു മതി.


ഖുർആൻ മുഴുവനും ഹൃദിസ്ഥമാക്കുകയും സദാ ഖുർആൻ പാരായണത്തിൽ നിമഗ്നനാവുകയും ചെയ്തു മഹാനായ ഉബയ്യുബ്നു കഅ്ബ് (റ)...

ഉബയ്യുബ്നു കഅ്ബ് (റ)വിന് ഖുർആൻ ഓതിക്കൊടുക്കാൻ അല്ലാഹു ﷻ വിന്റെ ഹബീബായ മുഹമ്മദ് മുസ്ത്വഫാ ﷺ തങ്ങളോട് അല്ലാഹു ﷻ കൽപിച്ചിട്ടുണ്ട്. ഇതു തന്നെ പോരേ ഉബയ്യുബ്നു കഅ്ബ് റളിയല്ലാഹു അൻഹുവിന് മഹത്വത്തിനും, ആദരണീയ സ്ഥാനത്തിനും നിദർശനമായി..?!

ഉബയ്യ് ബ്നു കഅ്ബ് (റ) തന്നെ പറയട്ടെ: അല്ലാഹു ﷻ വിന്റെ റസൂൽ ﷺ എന്നോടു പറഞ്ഞു: അല്ലയോ ഉബയ്യേ, വിശുദ്ധ ഖുർആൻ താങ്കൾക്ക് ഓതിത്തരാൻ ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു.

ഞാൻ പറഞ്ഞു: ഞാൻ അല്ലാഹു ﷻ വിൽ വിശ്വസിച്ചിരിക്കുന്നു. അങ്ങയുടെ കൈക്ക് ഞാൻ മുസ്ലിമായിരിക്കുന്നു. അങ്ങയിൽ നിന്നു തന്നെ എന്റെ അധ്യയനം. 

തിരു നബി ﷺ പ്രത്യുത്തരമായി മൊഴിഞ്ഞതോ നേരത്തെ പറഞ്ഞ അതേ വാക്കു തന്നെ, ആ തിരു മൊഴി തന്നെ തിരുമേനി (ﷺ) ആവർത്തിച്ചു. അപ്പോൾ ഞാൻ പറയുകയുണ്ടായി: അല്ലാഹു ﷻ വിന്റെ റസൂലേ (ﷺ), ഞാൻ അവിടെ പരാമർശിക്കപ്പെട്ടോ? ദിവ്യ സന്നിധാനത്തിൽ എന്റെ പേര് പറയപ്പെട്ടോ റസൂലേ (ﷺ)..? 

അവിടുന്ന് (ﷺ) ഇപ്രകാരം അരുളിചെയ്തു: അതേ, താങ്കളുടെ പേര് കുടുംബം എല്ലാം അത്യുന്നത സന്നിധാനത്തിൽ പരാമർശിക്കപ്പെട്ടു. മലഉൽ അതാ (അത്യുന്നത സവിധം) യിൽ അതൊക്കെ പറയപ്പെടുക തന്നെ ചെയ്തു. ഞാൻ പറഞ്ഞു: എങ്കിൽ എനിക്ക് ഓതിത്തരൂ അല്ലാഹുﷻവിന്റെ റസൂലേ(ﷺ)..!

പരിശുദ്ധ ഖുർആനിൽ വിദഗ്ധരായ പണ്ഡിതന്മാരെയും വളരെ നല്ല രീതിയിൽ വിശുദ്ധ ഗ്രന്ഥം മനഃപാഠമാക്കിയവരെയും വിളിച്ചു കൊണ്ട് നബി ﷺ അവരോട് ഇമാമിന്റെ തൊട്ടു പിന്നിൽ നിൽക്കാൻ പറയാറുണ്ടായിരുന്നു. ഇമാമിന് ഖുർആൻ സൂക്തങ്ങളുടെ കാര്യത്തിൽ വല്ല ശങ്കയും നേരിടുകയാണെങ്കിൽ ഓർമിപ്പിക്കുന്നതിനു വേണ്ടിയത്രെ റസൂൽകരീം ﷺ തങ്ങൾ ഇപ്രകാരം ചെയ്തിരുന്നത്. ഇമാം മറന്നു പോയതാണെങ്കിൽ അവർ തിരുത്തി കൊടുത്തിരുന്നു.

ഇബ്നു അബ്ബാസ് (റ) എന്ന മഹാനുഭാവനായ സ്വഹാബിവര്യനിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്നു: ഒരിക്കൽ അല്ലാഹു ﷻ വിന്റെ റസൂൽ ﷺ തങ്ങൾ സുബ്ഹി നിസ്കാരത്തിൽ ഒരു ഖുർആൻ സൂക്തം സംബന്ധിച്ച് സംശയത്തിലായി. 

നമസ്കാരം കഴിഞ്ഞപാടെ അല്ലാഹു ﷻ വിന്റെ തിരുദൂതർ ﷺ തങ്ങൾ ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് ചോദിക്കുകയാണ്: നമസ്കാരത്തിൽ ഉബയ്യ് നിങ്ങളുടെ കൂടെ പങ്കെടുത്തിരുന്നോ? ഞങ്ങൾ പറഞ്ഞു: ഇല്ല റസൂലേ (ﷺ)...

ഇബ്നു അബ്ബാസ് (റ) എന്ന മഹാനുഭാവൻ തന്നെ പറയട്ടെ. ഉബയ്യിന് ഖുർആൻ ഓതിക്കൊടുക്കുന്നതിനു വേണ്ടിയാണ് റസൂലുല്ലാഹി ﷺ തങ്ങൾ അദ്ദേഹത്തെ അന്വേഷിച്ചതെന്ന് ജനങ്ങളെല്ലാം അഭിപ്രായപ്പെട്ടു. ഉബയ്യ് റളിയല്ലാഹു അൻഹുവിൽ നബി ﷺ തങ്ങൾ അവർകൾക്കുള്ളതെന്തുമാത്രം വലിയ വിശ്വാസമാണെന്ന് കാട്ടിത്തരുന്ന മഹനീയ സംഭവമത്രെ ഇത്. 

ഉബയ്യ് റളിയല്ലാഹു അൻഹു ഏറ്റവും നന്നായി ഖുർആൻ മനഃപാഠമാക്കുന്നുവെന്ന് നബി ﷺ തങ്ങൾ ഗ്രഹിച്ചിരുന്നു. ഉബയ്യിന്റെ ഖിറാഅത്ത് തെറ്റാനുള്ള സാധ്യത തുലോം വിരളം. വല്ലാത്ത ഓർമ ശക്തിയായിരുന്നു ഉബയ്യ് (റ) അവർകൾക്ക്. 

മഹാനായ ഉബയ്യുബ്നു കഅ്ബ് (റ) അവർകൾ ഇസ്ലാമിന്റെ രണ്ടാം ഖലീഫയായ ഉമറുബ്നുൽ ഖത്താബ് (റ) വിനോട് ഇപ്രകാരം പറയുകയുണ്ടായിട്ടുണ്ട്. ഒരിക്കൽ ഞാൻ ഖുർആൻ ഓതിപ്പഠിച്ചത് ജിബ്രീൽ (അ) നിന്നും അത് നേരിട്ട് കേട്ടു പഠിച്ച മഹാനുഭാവനായ മുഹമ്മദുർറസൂലുല്ലാഹി ﷺ തങ്ങളിൽ നിന്ന് നേരിട്ട് അപ്പോൾ തന്നെ കേൾക്കുകയും അപ്പോൾ തന്നെ ഹൃദിസ്ഥമാക്കുകയും ചെയ്തു കൊണ്ടത്രെ..!! 

അതു കൊണ്ട് വളരെ ഫ്രഷായ ജ്ഞാനമാണ് വിശുദ്ധ ഖുർആൻ സംബന്ധിയായി എനിക്ക് ലഭിച്ചിട്ടുള്ളത്. പച്ചപ്പാർന്ന പരിശുദ്ധ ഖുർആൻ ജ്ഞാന നിർത്ധരി അതാണ് എനിക്ക് ലഭ്യമായിട്ടുള്ള മഹത്തായ അനുഗ്രഹം. ഇത്തരം അതി മഹത്തായ അനുഗ്രഹങ്ങളുടെ സൗരഭ്യമാണല്ലോ ഭൗതികാനുഗ്രഹങ്ങളുടെ സൗരഭ്യത്തെക്കാളും എത്രയോ ഉത്തമം. 

അതിമഹത്തായ ഇത്തരം അനുഗ്രഹങ്ങളുടെ ദൗർലഭ്യമാണ് ഭൗതികാനുഗ്രഹങ്ങളുടെ ദൗർലഭ്യത്തെക്കാളും നഷ്ടകരമായിട്ടുള്ളത്.


നബികരീം ﷺ തങ്ങൾ കഠിനവും വിഷമപൂർണവുമായ ഒരു പരീക്ഷ നടത്തി ഉബയ്യുബ്നു കഅ്ബ് (റ) വിന്. 

ചരിത്രകാരന്മാർ ആ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. ആ കഠിന പരീക്ഷയിലും ഉബയ്യ് (റ) വിജയ ശ്രീലാളിതനായി. അങ്ങനെ റസൂലുല്ലാഹി ﷺ തങ്ങൾ രത്നഖജിതമായ കിരീടങ്ങളേക്കാൾ എത്രയോ അനർഘമായ സമ്മാനം ഉബയ്യുബ്നു കഅ്ബ് (റ) വിന് നൽകുകയുണ്ടായി.

ഉബയ്യുബ്നു കഅ്ബ് (റ) വിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്നു: ഉബയ്യ് (റ) പറയുകയാണ്: റസൂൽ ﷺ തങ്ങൾ എന്നോട് ചോദിക്കുകയുണ്ടായി: അല്ലയോ അബുൽ മുൻദിർ, അല്ലാഹുﷻവിന്റെ വിശുദ്ധ ഗ്രന്ഥത്തിൽ ഏറ്റവും മഹത്തായ സൂക്തമേത്..? 

ഉബയ്യ് (റ) പറയുന്നു: ഞാൻ പറഞ്ഞു:  ആയതുൽ ഖുർസിയാണ് അത്. അപ്പോൾ നബി ﷺ പറഞ്ഞു: അതെ ആയത്തുൽ ഖുർസിയാണ് അത്.

ആയതുൽ ഖുർസിയെ വർണിച്ചാൽ പൂതി മാറുമോ? എത്ര വർണിച്ചാലും മതിവരാത്ത സൂക്തമാണ് ആയത്തുൽ ഖുർസി. പ്രപഞ്ച വാദികൾ എന്ന പേരിലറിയപ്പെടുന്ന ഒരു വിഭാഗം, അല്ലാഹു ﷻ വിന്റെ ഭൂമിയിൽ പ്രപഞ്ചം മുഴുവനും ദൈവമാണെന്നവകാശപ്പെടുന്ന ബുദ്ധിഹീനർ. ശങ്കരൻ പ്രചരിപ്പിച്ച അദൈവമതാണ്. 

തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നുവെന്ന അബദ്ധ സിദ്ധാന്തം. അൽപം പോലും മേധാശക്തി ആത്മ സാൽക്കരിക്കാത്ത ശങ്കരന്മാരുടെ മുരട്ടുവാദം. ആ പൊള്ള വാദത്തിന് ഉജ്വലമായ മറുപടി ആയത്തുൽ ഖുർസിയിലുണ്ട്. 

സകല വിഡ്ഢികളെയും ചിന്തിപ്പിക്കാൻ കഴിയുന പ്രൗഡോജ്വല ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ. ആ പരിശുദ്ധ ഖുർആനിലെ രണ്ടാമത്തെ അധ്യായമായ സൂറത്തുൽ ബഖറ, സുറത്തുൽ ബഖറയിലെ 255-ാം ആയത്തായ ആയത്തുൽ ഖുർസിയിലതാ അല്ലാഹു ﷻ പറയുന്നു: 

 مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ

ആകാശ ഭൂമികളിലുള്ളതെല്ലാം അവന്റെതല്ലോ 

പാന്തെയിസ്റ്റുകളേ, പ്രപഞ്ചം തന്നെ ദൈവമാണെന്ന് വാദിക്കുന്നവരേ, മസ്തിഷ്കം ചകിരിച്ചോറായ ആദിശങ്കർന്മാർ കേൾക്കുക! പ്രപഞ്ചത്തിലുള്ളതെല്ലാം അല്ലാഹു ﷻ വിന്റെതാണ്. അപ്പോൾ പ്രപഞ്ചത്തിലുള്ളതെല്ലാം ദൈവമാണെന്ന നിങ്ങളുടെ മുരട്ടുവാദം വലിച്ചെറിയൂ അറബിക്കടലിലേക്ക്. 

സത്യത്തിനു മുമ്പിൽ നിങ്ങൾക്ക് നിലനിൽപില്ല. സത്യമിതാ വന്നണഞ്ഞിരിക്കുന്നു. അസത്യമതാ ഓടിമറയുകയായി. അസത്യം അപ്രത്യക്ഷമാകേണ്ടതു തന്നെ!


وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا

(നബിയേ, തങ്ങൾ വിളിച്ചു പറയുക! സത്യമിതാ വന്നണഞ്ഞു; അസത്യമതാ ഓടി മറയുകയായി. അസത്യം അപ്രത്യക്ഷമാകേണ്ടതു തന്നെ! അത് അപ്രകാരമാകുന്നതും തന്നെ, തീർച്ച!).


ഉബയ്യുബ്നു കഅ്ബ് (റ)വും അല്ലാഹു ﷻ വിന്റെ റസൂൽ ﷺ തങ്ങൾ അവർകളും സംഭാഷണത്തിലാണ്. നമുക്കതിലേക്ക് തിരിച്ചു പോകാം,

പരിശുദ്ധ ഖുർആനിലെ ഏറ്റവും മഹിമയാർന്ന സൂക്തമേതെന്ന വിശ്വാചാര്യന്റെ ചോദ്യത്തിന് ശിഷ്യൻ നൽകിയ മറുപടി ആയത്തുൽ ഖുർസി എന്നായിരുന്നുവല്ലോ.. ശരിയായ ഉത്തരം.! 

അല്ലാഹുﷻവിന്റെ റസൂൽ ﷺ തങ്ങൾ ഉബയ്യുബ്നു കഅ്ബ് (റ) അവർകളുടെ നെഞ്ചത്ത് തട്ടിക്കൊണ്ട് പറയുകയാണ്: അബുൽ മുൻദിർ എന്ന ഉപ നാമമുള്ള ഉബയ്യുബ്‌നു കഅ്ബ് എന്നോരേ, അല്ലാഹു ﷻ നിങ്ങൾക്ക് ഇൽമെന്ന നിധി എളുപ്പത്തിൽ നേടാൻ ആവതാക്കട്ടെ...

അബുൽ മുൻദിറേ, ജ്ഞാനം നിങ്ങൾക്ക് സുഗമമാക്കട്ടെ. അല്ലാഹു ﷻ വിന്റെ റസൂൽ ﷺ തങ്ങളുടെ മധു മൊഴി. സുൽത്വാൻമാരുടെ പാരിതോഷികങ്ങൾക്കെന്തു വില..? രാജാക്കന്മാരിൽ നിന്ന് കിട്ടുന്ന ഉപഹാരങ്ങൾക്കെന്ത് വില കൽപിക്കാൻ..? ചക്രവർത്തിമാരുടെ കിരീടങ്ങളെന്തിനു കൊള്ളും..?

അല്ലാഹു ﷻ വിന്റെ ഹബീബും ഖലീലുമായ മുത്ത്നബി ﷺ തങ്ങൾ ഉബയ്യുബ്നു കഅ്ബ് (റ)വിനോട് മൊഴിഞ്ഞ ആ മുത്ത് വചനമുണ്ടല്ലോ, അതിനു മുമ്പിൽ രാജാക്കന്മാരേ നിങ്ങൾ തല കുനിക്കണം... 

നബികരീം ﷺ തങ്ങളവർകളുടെ സ്നേഹം എത്ര സമ്പാദിച്ചു മഹാനായ ഉബയ്യുബ്നു കഅ്ബ് (റ) അവർകൾ!


ഒരിക്കൽ ഉബയ്യിന് (റ) കാര്യമായ ഒരു രോഗം പിടിപെട്ടു. ഉടൻ നബി ﷺ ഡോക്ടറെ വരുത്തി. റേഡിയേഷൻ ചികിത്സയിലൂടെ ഉബയ്യിന്റെ (റ) രോഗത്തിന് ശമനം വന്നു. റേഡിയേഷന്റെ പ്രാഗ് രൂപമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ചൂടുവെപ്പിക്കുക എന്ന ഈ ചികിത്സാ സമ്പ്രദായം നബി ﷺ തങ്ങളുടെ കാലത്തേ ഉണ്ടായിരുന്നു, സംശയിക്കേണ്ടതില്ല...

ജംഉൽ ഖുർആൻ എന്ന് പറഞ്ഞാൽ പരിശുദ്ധ ഖുർആൻ ക്രോഡീകരണം. ഹിഫ്ളുൽ ഖുർആൻ എന്ന് പറഞ്ഞാൽ വിശുദ്ധ ഖുർആൻ മനഃപാഠമാക്കൽ ഇവ രണ്ടും യഥാവിധി നിർവഹിക്കുന്നതിൽ ഉബയ്യിനേക്കാൾ (റ) മികച്ച ഒരു സ്വഹാബിയും ഉണ്ടായിരുന്നില്ല.

ഈന്തമടൽ, എല്ല്, കല്ല്, തോൽക്കഷ്ണം ഇവയിലൊക്കെ എഴുതി വച്ചതും, ഹൃദയങ്ങളിൽ ആലേഖനം ചെയ്തതുമായ പരിശുദ്ധ ഖുർആൻ വചനങ്ങളെ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കുന്ന പണി റസൂലുല്ലാഹി ﷺ തങ്ങളുടെ കാലത്തേ ആരംഭിച്ചിരുന്നു. 

നാലു പേരാണ് അതിന് നേതൃത്വം കൊടുത്തിരുന്നത്. മുഹാജിറുകളുടെ കൂട്ടത്തിൽ ആരുമില്ല അങ്ങനെ ചെയ്തവർ. അൻസ്വാറാണ് ആ കാര്യം ഭംഗിയായി നിർവഹിച്ചത്. 

പരിശുദ്ധ ഖുർആൻ ക്രോഡീകരണം നിർവഹിച്ച ആ അൻസ്വാർ മഹാത്മാക്കളുടെ പേര് ചുവടെ കൊടുക്കുന്നു:

1. ഉബയ്യുബ്നു കഅ്ബ് (റ)

2. മുആദു ബ്നു ജബൽ (റ)

3. സൈദുബ്നു സാബിത് (റ)

4. അബൂ സൈദ് (റ)

ഇവിടെ അവസാനം പരാമൃഷ്ടനായിട്ടുള്ള അബൂ സൈദ് (റ) ആരാണെന്ന് ഇവ്വിഷയകമായ ഹദീഥ് നിവേദനം ചെയ്ത അനസുബ്നു മാലിക് (റ)വിനോട് ചോദിക്കപ്പെട്ടപ്പോൾ അനസുബ്നു മാലിക് (റ)വിന്റെ പ്രത്യുത്തരം, അത് തന്റെ പിതൃവ്യരിൽപ്പെട്ട ഒരാളായിരുന്നു എന്നായിരുന്നു.

റസൂലുല്ലാഹി ﷺ തങ്ങൾ മദീനാ മുനവ്വറയിൽ ആഗമനം കൊണ്ടപ്പോൾ അവിടത്തെ ആദ്യത്തെ കത്തെഴുതുന്ന പ്രൈവറ്റ് സെക്രട്ടറി ആരായിരുന്നുവെന്നറിയാമോ? മദീനത്തണഞ്ഞ പുണ്യറസൂൽ ﷺ യുടെ ആദ്യത്തെ കത്തെഴുത്തുകാരൻ എന്ന ബഹുമതിക്ക് പാത്രീഭൂതനായ മഹാനുഭാവൻ ഉബയ്യുബ്നു കഅ്ബ് (റ) തന്നെ. 


ഒരു ഹദീസ് കാണുക: വാഖിദി റിപ്പോർട്ട് ചെയ്തു: വാഖിദി അരുളി ചെയ്യുകയാണ്: മദീനാ ആഗമന വേളയിൽ റസൂലുല്ലാഹി ﷺ തങ്ങൾക്കു വേണ്ടി ആദ്യമായി എഴുത്തുകുത്തുകൾ നിർവഹിച്ചു പോന്നിരുന്നത് ഉബയ്യുബ്നു കഅ്ബ് (റ) എന്ന മഹാനായിരുന്നു. 

അദ്ദേഹം ഇല്ലെങ്കിൽ, അതായത് ഉബയ്യുബ്നു കഅ്ബ് റളിയല്ലാഹു തആലാ അൻഹു ഹാജരില്ലെങ്കിൽ സൈദുബ്നു സാബിത്ത് (റ) വിനെക്കൊണ്ടാണ് ഹബീബായ നബി ﷺ തങ്ങൾ എഴുതിച്ചിരുന്നത്.


ഉമറുബ്നുൽ ഖത്താബ് (റ) അവർകൾ ഉബയ്യുബ്നു കഅ്ബ് (റ)വിനെ ബഹുമാനിച്ചിരുന്നു. ഏറെ ആദരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തിരുന്നു. മാത്രമല്ല, പരിശുദ്ധ ഖുർആൻ ജ്ഞാനത്തിലും അതിന്റെ പാരായണ ശാസ്ത്രത്തിലും ഉബയ്യുബ്നു കഅ്ബ് (റ) തങ്ങൾക്കുള്ള മികവും പ്രതിഭയും അംഗീകരിക്കുകയും ചെയ്തിരുന്നു ഉമർ (റ) തങ്ങളവർകൾ.

ദുനിയാവിൽ നിമഗ്നനാവുക മൂലമുണ്ടാകുന്ന അഴുക്കുകളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും അപ്രകാരം ദുനിയാവിലെ സ്ഥാനങ്ങൾകൊണ്ടും പദവികൾ കൊണ്ടും പരീക്ഷിക്കപ്പെടുന്നതിൽ നിന്നും അങ്ങനെ കുഴപ്പത്തിൽ അകപ്പെട്ടു പോകുന്നതിൽ നിന്നും ഉബയ്യുബ്നു കഅ്ബ് (റ) അവർകൾ സുരക്ഷിതനും, സംശുദ്ധനും, പരിശുദ്ധനുമായി നിലകൊള്ളണമെന്ന് അതിയായ ആഗ്രഹവും അഭിനിവേശവും താൽപര്യവും ഉത്സാഹവും ഉമർ (റ) പുലർത്തിയിരുന്നുവെന്നതിന് ചരിത്രത്തിൽ എമ്പാടും ഉദാഹരണങ്ങൾ കാണുന്നുണ്ട്. 

ഇംറാനുബ്നു അബ്ദില്ലാഹ് (റ) നിവേദനം ചെയ്തു. അദ്ദേഹം അരുളിചെയ്യുകയാണ്: ഉബയ്യുബ്നു കഅ്ബ് (റ) ഉമറുബ്നുൽ ഖത്താബ് (റ)വിനോട് ആരാഞ്ഞു. എന്നെ എന്താണ് നിങ്ങൾ ഗവർണറായി നിയമിക്കാത്തത്..? ഉമറുബ്നുൽ ഖത്താബ് (റ) പ്രതിവചിച്ചു: നിങ്ങളിൽ ദുനിയാവിന്റെ അഴുക്ക് പുരണ്ട് നിങ്ങളുടെ മതഭക്തി മലീമസമാകുന്നത് എനിക്കിഷ്ടമില്ലാത്തതുകൊണ്ടാണത്.

ഖുർആനിക വിജ്ഞാനത്തിൽ ഉബയ്യുബ്നു കഅ്ബ് (റ)വിന്റെ മികവും പ്രഥമ സ്ഥാനവും ഉമറുബ്നുൽ ഖത്താബ്(റ) അംഗീകരിച്ചിരുന്നു എന്ന് വ്യക്തമായി വരച്ചു കാട്ടുന്ന ഒരു സംഭവം വായിക്കുക:

അബു ഇദ്രീസുൽ ഖുവാനി (റ) റിപ്പോർട്ട് ചെയ്യുന്നു: അബുദ്ദർദാഅ് എന്ന ഉപനാമത്തിൽ വിഖ്യാതനായ മഹാനുഭാവൻ ഉവൈമിറുബ്നു അനസ് (റ) ദമാസ്കസിലെ ഒരു സംഘം സ്വഹാബിമാരോടൊത്ത് മദീനയിലേക്ക് വാഹനപ്പുറത്ത് യാത്ര ചെയ്തു. ഒട്ടകം, കഴുത, കോവർ കഴുത, കുതിര എന്നിവയായിരുന്നല്ലോ അന്നത്തെ വാഹനങ്ങൾ. അത്തരം വാഹനങ്ങളിലൊന്നിന്റെ പുറത്ത് കയറിയാണ് യാത്ര. 

ഒരുദിവസം അവർ ഉമർ (റ)വിന്റെ മുമ്പിൽ ഒരു ആയത്തോതി. പരിശുദ്ധ ഖുർആൻ ശരീഫിലെ സൂറത്തുൽ ഫത്ഹ് എന്ന അധ്യായത്തിൽ 26-ാം വചനമായി വരുന്ന സൂക്തമാണത്. വിശുദ്ധ ഖുർആനിലെ 48-ാം അധ്യായമായ സൂറത്തുൽ ഫത്ഹ് ഹുദൈബിയ സന്ധി സംബന്ധിച്ചുള്ള അധ്യായമാണ്. ഫത്ഹ് എന്നാൽ വിജയം എന്നർത്ഥം. 

ഇതാണ് ആയത്ത്:

إِذْ جَعَلَ الَّذِينَ كَفَرُوا فِي قُلُوبِهِمُ الْحَمِيَّةَ حَمِيَّةَ الْجَاهِلِيَّةِ فَأَنزَلَ اللَّهُ سَكِينَتَهُ عَلَىٰ رَسُولِهِ وَعَلَى الْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ التَّقْوَىٰ وَكَانُوا أَحَقَّ بِهَا وَأَهْلَهَا ۚ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا

(അവിശ്വാസികൾ തങ്ങളുടെ ഹൃത്തടങ്ങളിൽ ദുരഭിമാനത്താലുള്ള ഗർഹണീയമായ വൈരാഗ്യം, അതെ, അജ്ഞാനാന്ഥകാര യുഗത്തിലെ ദുരഭിമാനത്താലുള്ള അത്യന്തം ഗർഹണീയമായ വൈരാഗ്യം അഥവാ വിദ്വേഷം വച്ചുപുലർത്തിയ സന്ദർഭം ഓർത്തുകൊണ്ടാലും. അപ്പോൾ അല്ലാഹു തന്റെ ദൂതനും സത്യവിശ്വാസികൾക്കും അവങ്കൽ നിന്ന് മനശ്ശാന്തിയും വിശ്രാന്തിയും അവതീർണമാക്കിക്കൊടുത്തു. ഭയഭക്തിയുടെ മഹനീയമായ ആദർശത്തെ അവൻ അവർക്ക് ഉറപ്പിച്ചു കൊടുക്കുകയും ചെയ്തല്ലോ. അവർ അതിന് ഏറ്റവും അവകാശപ്പെട്ടവരും അർഹരമായിരുന്നു. അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും പൂർണമായി അറിവുള്ളവനാകുന്നു.)

ആയത്തിന്റെ സന്ദർഭം ഇതാണ് : നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സഹാബികളും ഉംറാ കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ വേണ്ടിമാത്രം വന്നതാണെന്നു മനസ്സിലായിട്ടു പോലും ഖുറൈശി മുശ്രിക്കുകള്‍ അവരെ മക്കായില്‍ പ്രവേശിക്കുവാന്‍ അനുവദിച്ചില്ല. ‘കണ്ണു കാണുന്ന ഒരാള്‍ ഞങ്ങളിലുള്ള കാലം ഞങ്ങളതിനു സമ്മതിക്കുകയില്ല’ എന്നായിരുന്നു അവരുടെ വാശി. അതുകാരണം അക്കൊല്ലം മടങ്ങിപ്പോയി അടുത്ത കൊല്ലം വന്നു ഉംറ നിര്‍വ്വഹിക്കേണ്ടി വന്നു. സന്ധിപത്രം എഴുതിയപ്പോള്‍ ‘അല്ലാഹുവിന്റെ നാമത്തില്‍’ (بسم الله) എന്നു ആരംഭിക്കുവാന്‍പോലും അവര്‍ വിസമ്മതിച്ചു. ഇതെല്ലാം, സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ചൊടിയും വെമ്പലും ഉണ്ടാക്കുന്നതാണല്ലോ. എങ്കിലും, സത്യവിശ്വാസികള്‍ പതറിയില്ല. ഇത്തരം സദ്ഗുണങ്ങള്‍ ഉണ്ടായിരിക്കേണ്ടുന്നവരും, തൌഹീദിന്റെ മുദ്രാവാക്യത്തില്‍ അടിയുറച്ച വിശ്വാസം കൊള്ളുന്നവരുമാണല്ലോ അവര്‍. അല്ലാഹു അവര്‍ക്കു മനസ്സമാധാനം നല്‍കി അവരെ ശാന്തരാക്കി.


ഉമർ (റ) ഉടനെ ചോദിച്ചു: ആരാണ് നിങ്ങൾക്ക് ഈ സൂക്തം ഓതിത്തന്നത്..? ഉമർ (റ) അങ്ങനെ ചോദിക്കാൻ ഹേതുവായത് ആ മഹാന് ഈ സൂക്തത്തെക്കുറിച്ച് യാതൊരറിവും ഉണ്ടായിരുന്നില്ല എന്നതാണ്. ഞങ്ങൾക്കീ ഖുർആൻ സൂക്തം പാരായണം ചെയ്തു തന്നത് ഹള്റത്ത് ഉബയ്യുബ്നു കഅ്ബ് (റ) വാണെന്ന് സ്വഹാബീ പ്രമുഖർ മറുപടി പറയുകയുണ്ടായി. 

താമസിയാതെ മഹാനായ ഉമറുബ്നുൽ ഖത്താബ് (റ) ഉബയ്യുബ്നു കഅ്ബ് (റ) എന്ന മഹാ പുരുഷനെ തന്റെ സവിധത്തിൽ കൊണ്ടുവരാൻ കൽപന കൊടുക്കുകയുണ്ടായി. ഉബയ്യുബ്നു കഅ്ബ് (റ) ഹാജരായി. ഉബയ്യുബ്നു കഅ്ബ് (റ) ഹള്റത്ത് ഉമറുബ്നുൽ ഖത്താബ്(റ)വിന്റെ തിരുമുമ്പിൽ എത്തിയപ്പോൾ ഉമർ (റ) സ്വഹാബികളോട് ആ ആയത്തൊന്ന് ഓതാൻ പറഞ്ഞു. അവർ അത് ഓതി.

താമസംവിനാ ഉബയ്യ് (റ) പറഞ്ഞു: അല്ലാഹു ﷻ വാണ് ഉമറേ, ഞാൻ നബിﷺതങ്ങളുടെ സവിധത്തിൽ ഹാജരുള്ള നേരത്ത് പലപ്പോഴും മറ്റു സ്വഹാബിമാർ അവിടെ സന്നിഹിതരല്ലെന്നു വരാം. പലവുരു അങ്ങനെ സംഭവിച്ചിരുന്നതാണല്ലോ. നബികരീം ﷺ എന്നെ അടുത്ത് നിർത്തുകയും അവർക്ക് പ്രവേശനം നിഷേധിച്ചെന്നുമിരിക്കും. അങ്ങനെ പലപ്പോഴുമുണ്ടായിട്ടുണ്ട്. എന്നോട് റസൂൽ ﷺ പലതും അനുവർത്തിച്ചിട്ടുണ്ട്. അല്ലാഹു ﷻ വാണ്, നിങ്ങൾക്കിഷ്ടമാണെങ്കിൽ ഞാൻ വീട്ടിൽ വാതിലടച്ച് കഴിഞ്ഞുകൊള്ളാം. പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിഞ്ഞു കൊള്ളാം ഞാൻ. ആരോടുംഒന്നും പറയാതെ ഏകാന്തനായി ജീവിച്ചു കൊള്ളാം. മരിക്കുന്നതു വരെ ഞാനവർക്ക് ഒന്നും ഓതിക്കൊടുക്കാതിരിക്കാം.

ഉമർ (റ) പറഞ്ഞതെന്തെന്നറിയുമോ..? അല്ലാഹു ﷻ വേ മാപ്പാക്കേണമേ, മഹാനായ ഉബയ്യെന്നോരേ, സത്യമായും ഞങ്ങൾ അറിയുന്നു; അല്ലാഹു ﷻ അങ്ങേക്ക് ഇൽമിനെ പ്രദാനം ചെയ്തിരിക്കുന്നു. നിങ്ങൾ പഠിപ്പിക്കപ്പെട്ടത് നിങ്ങൾ മാനവരാശിയെ പഠിപ്പിക്കുക.

ഉബയ്യുബ്നു കഅ്ബ് (റ) വിന്റെ വിഷയത്തിൽ നബി ﷺ നൽകിയ സാക്ഷ്യപ്രതം ഉമർ (റ) വിന് ലഭിച്ചിട്ടുണ്ട്. ഉമർ (റ) ഒരിക്കലും അക്കാര്യം അറിയാതെ പോയിട്ടില്ല. 

ഉമർ (റ) വിന്റെ കാര്യത്തിലും പരിശുദ്ധരായ മറ്റ് സ്വഹാബിവര്യന്മാരുടെ വിഷയത്തിലും നബിﷺതങ്ങൾ അരുളിചെയ്ത മഹദ് വചനം അബൂസഈദിൽ ഖുദ്രി (റ) റിപ്പോർട്ട് ചെയ്തത് വായിക്കുക:

എന്റെ സമുദായത്തിൽ ഏറ്റവും കൂടുതൽ സമുദായികാനുകമ്പ പുലർത്തുന്നത് അബൂബക്കറാണ്. എന്റെ സമുദായത്തിൽ അല്ലാഹു ﷻ വിന്റെ മതത്തിന്റെ വിഷയം വരുമ്പോൾ ഏറ്റവും വലിയ ശക്തനായി നിലകൊള്ളുന്നത് ഉമറാണ്.

ലജ്ജയിൽ മുന്തിനിൽക്കുന്ന പരമ സാത്വികൻ ഉഥ്മാനാണ്. അലിയാണ് എന്റെ സമുദായത്തിലെ ഏറ്റവും വലിയ ന്യായാധിപൻ. എന്റെ സമുദായത്തിൽ ഏറ്റവും കൂടുതലായി ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങളറിയുന്ന അതി പ്രഗത്ഭനായ നിയമവിശാരദൻ സൈദാണ്.

അല്ലാഹുﷻവിന്റെ ഗ്രന്ഥത്തിന്റെ പാരായണത്തിൽ ഏറ്റവും കൂടുതൽ വൈദഗ്ധ്യവും നൈപുണ്യവും ആർജ്ജിച്ച മഹദ് വ്യക്തിത്വം ഉബയ്യുബ്നു കഅ്ബ് തന്നെ.

എന്റെ സമുദായാംഗങ്ങളുടെ കൂട്ടത്തിൽ ഹലാൽ - അനുവദനീയം, ഹറാം - നിഷിദ്ധം എന്നിവ ഏറ്റവുമേറെ നന്നായി അറിയുന്ന പണ്ഡിതൻ മുആദുബ്നു ജബലാണ്.

ഈ സമുദായത്തിലെ ഏറ്റവും വലിയ വിശ്വസ്തൻ അബൂ ഹുബൈദത്തുബ്നുൽ ജർറാഹത്രെ. അബൂഹുറൈറ (റ) വിജ്ഞാനത്തിന്റെ അറിവിന്റെ അക്ഷയപാത്രമാകുന്നു. അപ്രാപ്യമായ അറിവിന്റെ പാരാവാരമാണ്, വിജ്ഞാനത്തിന്റെ കരകാണാക്കടലാണ് - പേർഷ്യൻ വംശജനായ സൽമാൻ (റ).

അബീ ദർറിനേക്കാൾ നാവിൻ തുമ്പത്ത് സത്യമിരിക്കുന്ന മഹോന്നതനായ സത്യവാനെ ഹരിത സത്യങ്ങളിന്നോളം നിഴൽ വിരിച്ചേകിയിട്ടില്ല. ഭൂമി ഇന്നോളം അബൂ ദർറിനേക്കാൾ ഉജ്വലനായ ഒരു സത്യസാധകനെ സംവഹിക്കുകയുണ്ടായിട്ടില്ല. ഒരു താഴ് വരയും ഇക്കാലമത്രയും അബൂ ദർറിനേക്കാൾ മഹാനായ നേരിനെ പ്രണയിച്ച് നേരിന്റെ നിത്യകാമുകനെ ചുമന്നതായറിയപ്പെട്ടിട്ടില്ല.

ഉമർ (റ) വിന് നല്ലപോലെ ഓർമയുള്ളതാണല്ലോ അല്ലാഹു ﷻ വിന്റെ റസൂലിന്റെ (ﷺ) തിരു സ്വഹാബിമാരിൽ മതവിധി (ഫത്വാ) നൽകുന്നവരുടെ കൂട്ടത്തിലും ന്യായവിധി നടത്തുന്നവരുടെ കൂട്ടത്തിലും ശ്രദ്ധേയമായ സ്ഥാനത്ത് ഉബയ്യുബ്നു കഅ്ബ് (റ)വിനെ നബി ﷺ ഉപവിഷ്ടനാക്കാറുണ്ടായിരുന്നുവെന്ന പരമാർത്ഥം.

മസ്റൂഖ് (റ)വിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു നിവേദനം കാണുക: അല്ലാഹു ﷻ വിന്റെ റസൂൽ ﷺ തങ്ങളുടെ കാലഘട്ടത്തിൽ റസൂലുല്ലാഹിﷺയുടെ സ്വഹാബി വര്യന്മാരിൽ ന്യായാധിപന്മാരായിട്ടുണ്ടായിരുന്നവർ ആറു പേര്.

1. ഉമർ (റ)

2. അലി കർറമല്ലാഹു വജ്ഹഹു. (റ)

3. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)

4. ഉബയ്യുബ്നു കഅ്ബ് (റ)

5. സൈദു ബ്നു ഹാരിഥ് (റ)

6. അബൂ മൂസൽ അശ്അരി (റ)

ഉബയ്യുബ്നു കഅ്ബ് (റ) വിന്റെ കൈക്ക് വെളിപ്പെട്ട ഒരു കറാമത്ത് അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നത് കാണുക:ഉമറുബ്നുൽ ഖത്താബ് (റ) നമ്മുടെ ജനതയുടെ ഭൂമിയിലേക്ക് പുറപ്പെടുക എന്ന് ആജ്ഞാപിച്ചപ്പോൾ ഞങ്ങളെല്ലാം പുറപ്പെടുകയുണ്ടായി. ഞാനും (ഇബ്നു അബ്ബാസ്) ഉബയ്യുബ്നു കഅ്ബും പിന്നിലായിരുന്നു. 

പെട്ടെന്ന് ആകാശത്ത് ഒരു മേഘക്കീറ് പ്രത്യക്ഷപ്പെട്ടു. മഴ പെയ്യുകയുണ്ടായി. അപ്പോൾ ഉബയ്യ് (റ) പറഞ്ഞു; “അല്ലാഹുവേ, അതിന്റെ ഉപ്രദവം ഞങ്ങളിൽ നിന്ന് അകറ്റേണമേ...”

അങ്ങനെ മഴ നിന്നു. ഒരിറ്റു ജലം ഭൂമിയിൽ ഞങ്ങളുള്ള ആ ഭാഗത്ത് വീണില്ല.അൽപം പോലും മഴ നനയാതെ ഞങ്ങൾ ജനങ്ങളോടൊപ്പം ചേർന്നു. അവരുടെ വാഹനങ്ങളെല്ലാം നനഞ്ഞു കുതിർന്നിരുന്നു. 

ഇതു കണ്ടപ്പോൾ അതായത് ഞങ്ങൾ തീരെ നനയാതെ സുരക്ഷിതരായി എത്തിച്ചേർന്നത് ഉമറിന്റെ (റ) വിസ്മയ ഭരിതമായ കണ്ണുകൾ കണ്ട നേരത്ത് അദ്ദേഹം ഇപ്രകാരം ഞങ്ങളോട് ചോദിക്കുകയുണ്ടായി: ഞങ്ങൾക്കുണ്ടായത് നിങ്ങൾക്ക് സംഭവിച്ചില്ലേ..? 

അതായത് ഞങ്ങൾ മഴയിൽ കുടുങ്ങിയതുപോലെ മഴയുടെ പ്രശ്നം നിങ്ങൾക്കുണ്ടായില്ലേ എന്ന് ചോദിച്ചു. ഞങ്ങൾ പറഞ്ഞു: ഉബയ്യുബ്നു കഅ്ബ് (റ) അല്ലാഹു ﷻ വിനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചു, മഴയുടെ ഉപ്രദവത്തിൽ നിന്ന് ഞങ്ങളെ സുരക്ഷിതരാക്കാൻ. 

അപ്പോൾ ഉമറു ബ്നുൽ ഖത്താബ് (റ) എന്നോടൊരു ചോദ്യം; നിങ്ങളോടൊപ്പം തങ്ങൾക്കു വേണ്ടിയും പ്രാർത്ഥിച്ചു കൂടായിരുന്നോ..?

അതായത്, നിങ്ങളെ മഴയിൽ നിന്ന് രക്ഷപ്പെടുത്താൻ പ്രാർത്ഥിച്ച കൂട്ടത്തിൽ ഞങ്ങളെയും സംരക്ഷിക്കാൻ അല്ലാഹു ﷻ വിനോട് തേടാമായിരുന്നില്ലേ നിങ്ങൾക്ക് എന്ന്...


മസ്ജിദിൽ വെച്ചായാലും വീടുകളിൽ വെച്ചായാലും ആദ്യകാലത്ത് മുസ്ലിംകൾ തറാവീഹ് നിസ്കാരം ഒറ്റയ്ക്ക് ഒറ്റയ്ക്കായി നിസ്കരിക്കുകയായിരുന്നു പതിവ്. 

നബിﷺയുടെ ഭൂമിയിലെ ജീവിത കാലത്തും ശേഷം ഖിലാഫത്ത് ഏറ്റെടുത്ത അബൂബക്കർ സിദ്ദീഖ് (റ) വിന്റെ കാലത്തും എന്ന് മാത്രമല്ല, രണ്ടാം ഖലീഫയായ ഉമറുബ്നുൽ ഖത്താബ് (റ) അവർകളുടെ ഖിലാഫത്തിന്റെ തുടക്കത്തിലുമെല്ലാം അപ്രകാരമായിരുന്നു. ഹിജ്റ വർഷം പതിനാലാം കൊല്ലം വരെ ആ സമ്പ്രദായം അങ്ങനെ തുടർന്നുപോന്നു.

ഹിജ്റ പതിനൊന്നാം വർഷം നബിയ്യുനാ മുഹമ്മദ് അൽ മുസ്ത്വഫാ ﷺ ഇഹലോക ജീവിതത്തിൽ നിന്ന് വിടവാങ്ങി. 

ഹിജ്റ പതിനൊന്നാം കൊല്ലം വഫാത്തായി ഖബറടക്കം ചെയ്യപ്പെട്ടതുമുതൽ ഇത്രയും കാലം സുമാറ് ആയിരത്തി നാനൂറോളം കൊല്ലക്കാലം കൃത്യമായി പറഞ്ഞാൽ 1431 (ആയിരത്തി നാഞ്ഞൂറ്റി മുപ്പത്തി ഒന്ന്) കൊല്ലക്കാലം മുത്ത് മുഹമ്മദ് മുസ്ത്വഫാ ﷺ തങ്ങൾ മദീനയിൽ ഭൂമിക്കടിയിലായി ജീവിച്ചുകൊണ്ടിരിക്കുന്നു. 

ഇദ്രീസ് നബിയും (അ) ഇല്യാസ് നബിയും (അ) ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. അവർ ഒരിക്കലും മരിച്ചിട്ടില്ല.

ഇദ്രീസ് നബിയും (അ) ഇല്യാസ് നബിയും (അ) ഒരേ ആൾ തന്നെയാണെന്ന് എസുസുൽ ഹികം പേജ് 181ൽ പറഞ്ഞിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പണ്ഡിതന്മാരും അവർ രണ്ടുപേരും വെവ്വേറെ ആളുകളാണെന്നാണ് പറയുന്നത്. 

നൂഹ് നബിക്ക് (അ) മുമ്പുവന്ന പ്രവാചകന്മാരാണവർ. ഇദ്രീസ് നബിയും (അ) ഈസാ നബിയും (അ) ആകാശത്ത് ജീവിച്ചിരിക്കുന്നു. ഇല്യാസ് നബി (അ) കടലിലും ഖിള്റ് നബി (അ) കരയിലും ജീവിച്ചു കൊണ്ടിരിക്കുന്നു.

ഇബ്ലീസുല്ലഈൻ എന്ന പഴയ മലക്ക് കരയിലും കടലിലും ജീവിച്ചു കൊണ്ടിരിക്കുന്നുണ്ട്. ജിന്ന് എന്ന വിഭാഗം മലക്കുകളിൽപ്പെട്ട ആളായിരുന്നു ഇബ്ലീസ്. നമ്മൾ സാധാരണ പറയാറുള്ള ജിന്നുകളിൽപ്പെട്ടവൻ അല്ല. മലക്കുകളിൽ ജിന്ന് എന്ന ഒരു വിഭാഗമുണ്ട്. ആ മലക്കുകളിൽ പെട്ടവനാണ് ഇബ്ലീസ് എന്ന് ഇമാം നവവി (റ)വും, ഇബ്നു ഹജറിൽ ഹൈത്തമി (റ)വും പറയുന്നു.

നാം പറഞ്ഞുവന്നത് ഹിജ്റ വർഷം പതിനാലാം കൊല്ലം വരെ മുസ്ലിംകൾ തറാവീഹ് നിസ്കരിച്ചിരുന്ന രൂപമാണ്. അന്ന് തറാവീഹ് നിസ്കരിക്കാൻ സ്വഹാബിമാരോ താബിഉകളോ എല്ലാവരും കൂട്ടത്തോടെ പള്ളിയിൽ പോയിരുന്നില്ല. ചിലർ വീട്ടിൽ തറാവീഹ് നിസ്കരിച്ചിരുന്നു എന്നതും സത്യം. 

പള്ളിയിൽ പോയി തറാവീഹ് നിസ്കരിക്കുന്നവരായാലും,വീട്ടിൽ വെച്ച് തന്നെ തറാവീഹ് നിസ്കരിക്കുന്നവരായാലും അവർ ഒരൊറ്റ ജമാഅത്തായി തറാവീഹ് നിസ്കരിച്ചിരുന്നില്ല.ഒറ്റയ്ക്കൊറ്റയ്ക്കായിരുന്നു അവരെല്ലാം തറാവീഹ് നിസ്കരിച്ചിരുന്നത്. 

വീട്ടിൽ വെച്ച് തനിയെ തറാവീഹ് നിസ്കരിക്കുന്നവരെയും പള്ളിയിൽ വെച്ച് കൂട്ടംതെറ്റി തറാവീഹ് നിസ്കരിക്കുന്നവരെയും ഉമറുബ്നുൽ ഖത്താബ് (റ) ഒരുമിച്ചു കൂട്ടി. എല്ലാവരെയും സംഘടിപ്പിച്ച് ഒരു സംഘടിത തറാവീഹ് നിസ്കാരം, ഒരൊറ്റ ഇമാമിന്റെ കീഴിൽ പുരുഷന്മാരെല്ലാം പള്ളിയിൽ വെച്ച് തറാവീഹ് നിസ്കരിക്കുക എന്ന നൂതന സമ്പ്രദായം - മനോഹരമായ ഒരു ബിദ്അത്ത് - ഉമർ ബ്നുൽ ഖത്താബ് (റ) നടപ്പിലാക്കി. 

സുന്ദരമായ ബിദ്അത്തും പാടില്ലാത്ത താണെന്ന് നാൽപതു വട്ടം നാഴിക നാഴിക തോറും നാൽക്കവലകളിലെല്ലാം വിളിച്ചു കൂവുന്നവർ ഉമറുബ്നുൽ ഖത്താബ് (റ) നടപ്പിൽ വരുത്തിയ ചേതോഹരമായ ബിദ്അത്ത് (ബിദ്അത്ത് ഹസനത്ത്) അല്ലെങ്കിൽ നല്ല ബിദ്അത്ത്, നല്ല പിള്ള ചമഞ്ഞ്, കണ്ണടച്ച്, കാത് പൊത്തി, വായ് പൂട്ടി അംഗീകരിച്ച് കൊണ്ടു നടക്കുന്നു. ഇത് എല്ലാവർക്കും ഒറ്റയ്ക്കിരുന്ന് ഓർത്ത് ചിരിക്കാൻ വക നൽകുന്ന രസകരമായ ഒരു സംഭവമാണ്, മറക്കേണ്ട.

 എല്ലാ പട്ടണങ്ങളിലേക്കും ഉമറുബ്നുൽ ഖത്താബ് (റ) കത്തെഴുതിയെന്നാണ് ചരിത്ര ഗ്രന്ഥങ്ങളിലുള്ളത്. കത്തിൽ പറഞ്ഞത് എല്ലാവരും ഇനി മുതൽ ഒരൊറ്റ ഇമാമിന്റെ കീഴിലായി മസ്ജിദിൽ വെച്ചു തന്നെ തറാവീഹ് നിസ്കരിക്കാൻ തയാറാകണമെന്നാണ്. ഏറ്റവും നന്നായി ഖുർആൻ ഓതുന്നയാൾ ഖുർആനിൽ ഏറ്റവും കൂടുതൽ പാണ്ഡിത്യമുള്ളയാൾ, നിസ്കാരത്തിന് ഇമാമത്ത് നിൽക്കണമെന്നാണ് ഖാത്തമുന്നബിയ്യീൻ (ഖാത്തിമുന്നബിയ്യീൻ) മുഹമ്മദ് മുസ്ത്വഫാ ﷺ പഠിപ്പിച്ചിട്ടുള്ളത്. 

ഉമറുബ്നുൽ ഖത്താബ് (റ) പറഞ്ഞു: ഉബയ്യുബ്നുകഅ്ബ് (റ) എന്നവരാണ് നമ്മുടെ കൂട്ടത്തിലെ ഏറ്റവും വലിയ പരിശുദ്ധ ഖുർആൻ പണ്ഡിതൻ. അങ്ങനെയതാ ഇരുപത് റക്അത്ത് തറാവീഹ് നിസ്കാരം ഉബയ്യുബ്നു കഅ്ബ് (റ)വിന്റെ മഹനീയമായ നേതൃത്വത്തിൻ കീഴിൽ പുരുഷന്മാർ സംഘടിതമായി നിർവഹിക്കുന്ന പതിവ് തുടങ്ങി. തമീമുദ്ദാരി (റ) എന്നവരാണ് പെണ്ണുങ്ങൾക്ക് തറാവീഹിന് ഇമാമത്ത് നിന്നത്. അതും ഇരുപത് റക്അത്താണ്. മറക്കേണ്ട..!!

അല്ലാഹു ﷻ വിന്റെ തിരുദൂതരായ മുഹമ്മദ് നബിﷺതങ്ങളുടെ ഈ ലോകത്തു നിന്നുള്ള, അതായത് ഭൗമോപരി തലത്തിൽ നിന്നുള്ള വേർപാടിന് ശേഷം മുസ്ലിംകൾ ചിന്ന ഭിന്നമായതും അവരിൽ ഭിന്നാഭിലാഷങ്ങൾ ഉളവായതും ഉബയ്യുബ്നു കഅ്ബ് (റ)വിനെ വളരെയേറെ വ്യസനിപ്പിച്ചിരുന്നു.

നബി തിരുമേനി ﷺ തങ്ങളുടെ കാലത്ത് മുസ്ലിംകൾക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളുവെന്നതും ഏകാഭിലാഷമായിരുന്നു അവർക്കെല്ലാം എന്നതും ഉബയ്യുബ്നു കഅ്ബ് (റ) അയവിറക്കാറുണ്ടായിരുന്നു. 

സ്നേഹം, പരസ്പര ബഹുമാനം, ത്യാഗ മനസ്ഥിതി, സാഹോദര്യബന്ധം എന്നിവയിൽ വലിയ കേമന്മാരായിരുന്നു നബിﷺയുടെ ഭൂവാസ കാലത്തവർ. തങ്ങൾക്കിടയിൽ അവർ സ്നേഹ ബന്ധത്തെ അരക്കിട്ടുറപ്പിച്ചിരുന്നു. 

ഉബയ്യുബ്നു കഅ്ബ് (റ) വിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു: അല്ലാഹു ﷻ വിന്റെ റസൂൽ ﷺ യുടെ കൂടെയായിരുന്നപ്പോൾ ഞങ്ങളുടെ ലക്ഷ്യങ്ങൾ ഒന്നേയൊന്നായിരുന്നു. അവിടുന്ന് (ﷺ) ഞങ്ങളോട് വിടപറഞ്ഞു ഖബ്റിനുള്ളിലേക്ക് പോയപ്പോൾ ഞങ്ങളുടെ ലക്ഷ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടുമായി. വലത്തോട്ടും ഇടത്തോട്ടുമായി ലക്ഷ്യങ്ങൾ തിരിഞ്ഞു മറിഞ്ഞു പോവുകയായിരുന്നു.

റമളാൻ മാസത്തിൽ സംഘടിതമായ തറാവീഹ് നിസ്കാരത്തിലൂടെ മുസ്ലിം സമുദായത്തിന്റെ ഐക്യം കണ്ടപ്പോൾ ഉബയ്യുബ്നു കഅ്ബ് (റ)വിന് എന്തെന്നില്ലാത്ത സന്തോഷമായി...


ബാഹ്യമണ്ഡലങ്ങളെ മുറിച്ചു കടന്ന് അന്തർരഹസ്യങ്ങളറിയുന്നതിന് സഹായകമാംവിധം ചിലപ്പോൾ അല്ലാഹു ﷻ സത്യവിശ്വാസികൾക്ക് ഫിറാസത്ത് എന്ന് അറബിയിൽ വിവക്ഷിക്കുന്ന മുഖലക്ഷണ ശാസ്ത്ര
നൈപുണ്യം നൽകാറുണ്ട്. 

മറകൾ നീക്കി രഹസ്യങ്ങൾ കാണാനും, ഭാവിയുടെ തിരശ്ശീലകൾ ഉയർത്താനും അതിലൂടെ അവർക്ക് സാധിച്ചെന്നിരിക്കും. അല്ലാഹുﷻവിന്റെ ദിവ്യദീപ്തി കൊണ്ട് അന്തർദർശനത്തിന് സാധിക്കുമ്പോഴാണിത്.

ഉബയ്യുബ്നു കഅ്ബ്‌ (റ) വിന്റെ പുത്രൻ മുഹമ്മദിൽ നിന്നും ഉദ്ധരിക്കപ്പെടുന്നു. തന്റെ പിതാവ് അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)വിന്റെ കൂടെ ഇരിക്കുകയാണ്. അപ്പോൾ എന്റെ പിതാവ് പറയുകയാണ്: ഇതാണ് ഈ വ്യക്തിയാണ് മുസ്ലിം സമുദായത്തിലെ ഏറ്റവും ഉത്തമനായിട്ടുള്ള ആൾ. അദ്ദേഹത്തിന്റെ ബുദ്ധി വൈഭവവും ഗ്രഹണ പാടവവും ഞാൻ മനസ്സിലാക്കുന്നു. ഉബയ്യ് (റ) ഏറ്റവും നല്ല അധ്യാപകനെങ്കിൽ ഏറ്റവും നല്ല വിദ്യാർത്ഥി ഇബ്നു അബ്ബാസ് (റ) തന്നെ.

മഅ്മർ പറയുകയാണ്. ഇബ്നു അബ്ബാസ് (റ) പൊതുവിൽ ജ്ഞാനം അഭ്യസിച്ചത് മൂന്ന് മഹാന്മാരിൽ നിന്നത്രെ. അവരിലൊരാൾ ഉമറുബ്നുൽ ഖത്താബ് (റ), ഒരാൾ അലിയ്യുബ്നു അബീത്വാലിബ്(റ), ഒരാൾ ഉബയ്യുബ്നു കഅ്ബ് (റ).

ഉബയ്യുബ്നു കഅ്ബ് (റ) വിന് എന്നും രാപ്പനിയായിരുന്നു. പ്രദോഷമാകുമ്പോൾ പനി വരാൻ തുടങ്ങും. അല്ലാഹു ﷻ വിനോട് ഇരന്നു വാങ്ങിയതാണ് ഈ പനിയെന്നത് ഏറെ രസാവഹമായിരിക്കുന്നു. 

അതെങ്ങനെയെന്നാൽ ഒരു ദിവസം ഉബയ്യുബ് കഅ്ബ് (റ) അല്ലാഹു ﷻ വിന്റെ റസൂൽ ﷺ തങ്ങളവർകളോടു ചോദിച്ചു: “അല്ലയോ അല്ലാഹു ﷻ വിന്റെ ഹബീബരായ റസൂലരേ, പനിക്കുള്ള പ്രതിഫലം എന്താണ്..?”

മുത്ത് നബിﷺതങ്ങൾ മറുപടിയായി മൊഴിഞ്ഞു: പനി പിടിച്ച് കാല് വേദനിച്ച് വിറ കൊള്ളുമ്പോഴും, നാഡീഞരമ്പുകൾ സ്പന്ദിക്കുമ്പോഴും, കോച്ചി വലിവും കോച്ചിപ്പിടുത്തവും ഉണ്ടാകുമ്പോഴും നന്മകൾ പനി ബാധിച്ച വ്യക്തിയിൽ ധാരാളമായി ധാര മുറിയാതെ പ്രവഹിച്ചിടുന്നതാണ്. 

അപ്പോൾ ഉബയ്യുബ് കഅ്ബ് (റ) അല്ലാഹു ﷻ വിനോട് ഇപ്രകാരം കെഞ്ചിക്കൊണ്ട് പ്രാർത്ഥിച്ചു: “അല്ലാഹുവേ നിന്റെ മാർഗത്തിൽ പ്രതിരോധകവും, പ്രതിക്രിയാപരവുമായ സംഗ്രാമങ്ങളിലും, പ്രമോചനപരമായ സ്വാതന്ത്യ സമരങ്ങളിലും പങ്കുകൊള്ളുന്നതിന് തടസ്സമില്ലാത്ത രീതിയിൽ നിന്റെ വീട്ടിലേക്ക് ഹജ്ജ് തീർത്ഥാടനം നടത്തുന്നതിന് പ്രതിബന്ധമില്ലാത്ത നിലക്ക്, നിന്റെ ഹബീബായനബി മുഹമ്മദുനിൽ മുസ്ത്വഫാ ﷺ തങ്ങളുടെ മസ്ജിദിലേക്ക്, മസ്ജിദുന്നബവി എന്ന പേരിൽ ലോക പ്രശസ്തമായ ആ മസ്ജിദിലേക്ക് ജമാഅത്ത് നിസ്കാരത്തിൽ പങ്കെടുക്കാൻ യാതൊരു പ്രയാസവും വരുത്താത്ത അവസ്ഥയിൽ എനിക്ക് എല്ലാ ദിവസവും പനി എന്ന രോഗം നൽകൂ...”

അതു മുതൽ പിന്നീടൊരിക്കലും തന്നെ ഉബയ്യുബ്നു കഅ്ബ് (റ)വിന് രാപ്പനി വിട്ടു മാറിയിട്ടില്ല. നിത്യ പനി ബാധിതനായി ഉബയ്യുബ്നു കഅ്ബ് (റ) എന്ന മഹാൻ കഴിഞ്ഞുകൂടി.

ഉബയ്യ് (റ) ജനങ്ങളോട് സംസാരിക്കുമ്പോൾ അതീവ താൽപര്യം പ്രകടിപ്പിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു. ഒരാളിൽ നിന്നും ഒരു ഐഹിക പ്രതി ഫലവും പ്രതീക്ഷിക്കാതിരുന്ന അദ്ദേഹം തന്റെ മതത്തിന്റെ കാര്യത്തിൽ ആരെയും ഭയപ്പെട്ടില്ല.

ഇസ്ലാമിക രാഷ്ട്രത്തിന്റെ പരിധി വ്യാപിക്കുകയും സാമ്പത്തിക പുരോഗതി കൈവരിക്കുകയും ചെയ്തപ്പോൾ സാധാരണക്കാരായ പൊതുജനങ്ങളുടെ ജീവിത നിലവാരത്തിൽ മാറ്റം വന്നു. അവർ ഭരണാധികാരികൾക്ക് അനർഹമായ അംഗീകാരവും പ്രശംസകളും നൽകിത്തുടങ്ങി. 

അതിനെക്കുറിച്ച് ഉബയ്യ് (റ) ഒരിക്കൽ ഗൗരവപൂർവ്വം പറഞ്ഞു: “അവർ സ്വയം നശിക്കുന്നു, നശിപ്പിക്കുകയും ചെയ്യുന്നു. അവർ നശിക്കുന്നതിലല്ല ഞാൻ ദുഃഖിക്കുന്നത്. അവർ കാരണം വഴിപിഴപ്പിക്കുന്നവരെ ഓർക്കുമ്പോഴാണ് എനിക്ക് ദുഃഖം.''

എപ്പോഴും അല്ലാഹു ﷻ വിനെ ഓർത്തു കണ്ണുനീർ വാർക്കുമായിരുന്നു അദ്ദേഹം! പരിശുദ്ധ ഖുർആൻ സൂക്തങ്ങൾ ആവർത്തിച്ചാവർത്തിച്ച് ഉരുവിടുകയും ചെയ്യുമായിരുന്നു. അപ്പോഴെല്ലാം അദ്ദേഹത്തിന്ന് ഒരുതരം കിടിലം അനുഭവപ്പെടുമായരുന്നു.

“നബിയേ, താങ്കൾ അവരോട് പറയുക. നിങ്ങളുടെ ഉപരിതലത്തിൽ നിന്നോ പാദങ്ങൾക്കടിയിൽ നിന്നോ നിങ്ങളുടെ മേൽ ശിക്ഷയിറക്കാൻ കഴിവുള്ളവനാകുന്നു അവൻ.....' എന്ന ആയത്ത് ആവർത്തിച്ചാവർത്തിച്ച് ഉരുവിടുകയും കണ്ണുനീർ വാർക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം!

സമുദായത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഭയം അതിന്റെ ഉള്ളിൽ നിന്ന് തന്നെ ഉത്ഭവിച്ചേക്കാവുന്ന വിപത്തിനെ സംബന്ധിച്ചായിരുന്നു!. ഹിജ്റ 17ാമത്തെ വർഷം മദീനയിൽ ഉബയ്യ് (റ) വഫാത്തായി


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...

No comments:

Post a Comment