Friday 18 June 2021

സഈദ്ബ്നു ആമിർ (റ)

 

ഖലീഫ ഉമർ(റ)വിന്റെ ഭരണം നടക്കുന്ന കാലഘട്ടം. സിറിയയിലെ ഹിംസ് പ്രവിശ്യയില്‍ നിന്നും ഒരു പ്രതിനിധി സംഘം മദീനയിലേയ്ക്ക് വരുകയുണ്ടായി. ഖലീഫ ഉമർ(റ)ന്റെ വിശ്വസ്ഥരായിരുന്നു സംഘത്തിലുള്ള എല്ലാവരും. ബൈത്തുല്‍ മാലില്‍ (ഖജനാവ്) നിന്നും സഹായം കിട്ടാന്‍ അര്‍ഹരായ, ഹിംസ് പ്രവിശ്യയിലെ പാവപ്പെട്ടവരുടെ ഒരു പട്ടിക സമര്‍പ്പിക്കുവാന്‍ അവരോട് നിര്‍ദ്ദേശിച്ചു ഖലീഫ ഉമര്‍ (റ).

നികുതിയായും, സക്കാത്ത് ആയും പാവപ്പെട്ടവരുടെ ഉന്നമനത്തിനായി വിതരണം ചെയ്യുവാന്‍ വേണ്ടി  'ബൈത്തുല്‍ മാലില്‍' ശേഖരിക്കുന്ന സമ്പത്തില്‍ നിന്നും സഹായം കിട്ടുവാന്‍ വേണ്ടി ഹിംസ് പ്രവിശ്യയിലുള്ള പാവപ്പെട്ടവരുടെ പട്ടിക പരിശോധിച്ച ഖലീഫയ്ക്ക് ഒരു പേര്‍ മാത്രം മനസ്സിലായില്ല. "ആരാണ് ഈ സഈദ്‌..?" അദ്ദേഹം സംഘത്തിലുള്ളവരോടു ചോദിച്ചു.

"ഞങ്ങളുടെ അമീര്‍" എന്ന് അവര്‍ ഉത്തരം നല്‍കി. 'അമീര്‍' എന്നാല്‍ ആ പ്രവിശ്യയിലെ ഭരണാധികാരി.

"എന്ത്, നിങ്ങളുടെ അമീർ 'ബൈത്തുല്‍ മാലില്‍' നിന്നും സഹായം തേടുന്നത്രയും പാവപ്പെട്ടവനോ..?" എന്ന ഉമർ(റ)വിന്റെ ചോദ്യത്തില്‍ ഞെട്ടലുണ്ടായിരുന്നു..!!

"അതെ, അല്ലാഹുﷻവാണെ സത്യം, അവരുടെ വീട്ടില്‍ അടുപ്പില്‍ തീ കത്തിച്ചിട്ട് നാളുകള്‍ വളരെയായി. അത് ഞങ്ങള്‍ക്കറിയാം" എന്നവര്‍ സാക്ഷ്യം പറഞ്ഞു.

ഒരു പ്രവിശ്യയുടെ ഗവര്‍ണ്ണര്‍ ഇത്രയും നിര്‍ദ്ധനനോ? തടഞ്ഞുനിര്‍ത്താനാവാതെ ഒരു സാമ്രാജ്യത്തിന്റെ ഖലീഫ പൊട്ടിക്കരഞ്ഞു. ആയിരം ദീനാര്‍ ഒരു സഞ്ചിയില്‍ പൊതിഞ്ഞ് അവരുടെ പക്കല്‍ കൊടുത്തിട്ട്, "എന്റെ സലാം അവരോട് പറയുക. അമീറുല്‍ മുഅമിനീന്‍ ഈ പണം നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു എന്നറിയിക്കുക. ഇതുകൊണ്ട് അവരുടെ ആവശ്യങ്ങളെ നിറവേറ്റിക്കൊള്ളുവാന്‍ പറയുക."

പ്രതിനിധി സംഘം ഹിംസിൽ മടങ്ങിയെത്തി. ഉമർ(റ)വിന്റെ പക്കല്‍ നിന്നുമുള്ള ഉപഹാരം ഗവര്‍ണ്ണർ സഈദ് ബ്നു ആമിര്‍(റ)വിന്ന് എത്തിച്ചു കൊടുത്തു. സഈദ് (റ) അത് തുറന്നുനോക്കി. സഞ്ചിയിലെ ദീനാറുകളെ കണ്ട് അദ്ദേഹം ഉച്ചത്തില്‍ വിളിച്ചുപോയി 

إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُون 

മരണം പോലുള്ള ദു:ഖകരമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ മുസ്ലീംകള്‍ പ്രകടിപ്പിക്കുന്ന അല്ലാഹു ﷻ വിന്റെ പക്കലുള്ള അഭയം തേടല്‍. അതുതന്നെയാണ് സഈദ് ഇബ്നു ആമിര്‍ (റ) വിളിച്ചു പറഞ്ഞുപോയത്‌.


മക്കാ നഗരത്തില്‍ നിന്നും അല്‍പ്പം അകലെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് 'തന്‍ഈം'. നബിﷺയോടൊപ്പം ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുവാനായി വന്ന ആയിഷാ(റ)ക്ക് ഹജ്ജിന്റെ ചടങ്ങുകള്‍ക്ക് ഇടയില്‍ സ്ത്രീ സഹജമായ അസുഖം കാരണം 'കഅബ' തവാഫ് ചെയ്യുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി. 

അവര്‍ അശുദ്ധി നീങ്ങിയശേഷം 'തന്‍ഈ'മിലേയ്ക്ക് വന്ന് ഇഹ്റാമണിഞ്ഞ്‌ 'കഅബ'യില്‍ ചെന്ന് തവാഫ് ചെയ്ത് ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കുകയുണ്ടായി. 'തന്‍ഈ'മിലെ ആ സ്ഥലത്ത് ഇപ്പോള്‍ ആയിഷാ(റ)യുടെ പേരില്‍ ഒരു മസ്ജിദ് സ്ഥിതിചെയ്യുന്നുണ്ട്.


'തന്‍ഈ'മിലന്ന് ഒരുസംഭവം നടക്കുകയായിരുന്നു. കുബൈബ് ഇബ്നു അദിയ്യ് (റ) എന്ന സ്വഹാബിയെ മക്കാഖുറൈഷികള്‍ തടവുകാരനായി പിടികൂടി അന്നേദിവസം മരണശിക്ഷക്ക് വിധിച്ചിരുന്നു. 

ബിലാല്‍ (റ) വിനെ പൊള്ളുന്ന ചൂടുമണലിൽ പിറന്നമേനിയായി കിടത്തി നെഞ്ചില്‍ ചുട്ടുപൊള്ളുന്ന പാറക്കല്ല് കയറ്റിവെച്ച് കൗതുകത്തോടെ നോക്കിരസിച്ച കൂട്ടരില്ലേ? അതുപോലെ മക്കാ നഗരവാസികള്‍ മുഴുവനും ഈ കാഴ്ച്ച കാണാനും കൂട്ടം കൂടിയിരുന്നു. സഈദ് ഇബ്നു ആമിര്‍ അപ്പോള്‍ യുവാവായിരുന്നു. തിക്കിത്തിരക്കി അദ്ദേഹവും കൂട്ടത്തിനിടയിലേയ്ക്ക് തള്ളിക്കയറി.., തമാശ കാണാന്‍..!!

ഇരുമ്പ് ചങ്ങലയാല്‍ ബന്ധനസ്ഥനാക്കി കൊണ്ടുവന്ന കുബൈബിനോട് (റ) അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹം എന്താണെന്ന് ചോദിക്കപ്പെട്ടു...

"രണ്ടു റഖഅത്ത് നമസ്കരിക്കണം" അതായിരുന്നു അവരുടെ മറുപടി.

ആഗ്രഹം അംഗീകരിക്കപ്പെട്ടു. മരണഭയം ലവലേശവും ഇല്ലാതെ ശാന്തനായി കുബൈബ് (റ) നമസ്ക്കാരം നിറവേറ്റി. പിന്നീട് ക്രൂരമായി ഭേദ്യം ചെയ്യപ്പെട്ട് കുരിശില്‍ തറച്ച് വധിക്കപ്പെടുകയുണ്ടായി.

ഇതുകണ്ട സഈദ് ഇബ്നു ആമിറിന്റെ മനസ്സ് മന്ത്രിച്ചു. "ശരിയല്ല, ഈ നടക്കുന്നത് ഒന്നുംതന്നെ ശരിയല്ല. ഇതില്‍ ന്യായം ലവലേശമില്ല" എന്ന് അദ്ദേഹത്തിന്റെ മനസ്സ് ദൃഢമായി മന്ത്രിച്ചു കൊണ്ടിരുന്നു. 

തുടര്‍ന്നു വന്ന ദിവസങ്ങളില്‍ മനസ്സിനെ മരണം തോല്‍പ്പിച്ചു. "നാശത്തിലേക്കാണ് നിങ്ങളും നിങ്ങളുടെ വിശ്വാസങ്ങളും" എന്ന് ഖുറൈഷികളെ നോക്കി പറഞ്ഞിട്ട് സഈദ് മക്കയില്‍നിന്നും മദീനായിലേക്ക് പുറപ്പെട്ടു. അവിടെ ചെന്ന് ഇസ്ലാം മതം സ്വീകരിച്ച് നബിﷺയുടെ അടുക്കല്‍ അഭയംതേടി. പിന്നീട് നടന്ന ഖൈബര്‍ യുദ്ധത്തിലും, അതിനുശേഷം നടന്ന പല യുദ്ധങ്ങളിലും പങ്കെടുത്ത ധീരനായ ഒരു യോദ്ധാവായിരുന്നു സഈദ് ഇബ്നു ആമിര്‍ (റ).

നബിﷺക്ക് ശേഷം വന്ന ഖലീഫമാരായ അബൂബക്കര്‍ (റ), ഉമര്‍ (റ) എന്നീ രണ്ട് ഖലീഫമാരും സഈദ് ഇബ്നു ആമിര്‍ (റ) വിന്റെ സത്യസന്ധതയും, ദൃഢമായ അല്ലാഹുﷻവിലുള്ള വിശ്വാസത്തേയും നല്ലവണ്ണം മനസ്സിലാക്കിയവര്‍ ആയിരുന്നു. 

ആ രണ്ട് ഖലീഫമാരും പലകാര്യങ്ങളിലും സഈദിന്റെ (റ) അഭിപ്രായം ആരാഞ്ഞിരുന്നു. ഉമര്‍ (റ) ഖലീഫയായി അധികാരമേറ്റ ശേഷം ആദ്യമായി സഈദിന്റെ (റ) ഉപദേശമാണ് തേടുകയുണ്ടായത്. 

"ഞാന്‍ നിങ്ങളോട് മനസ്സുതുറന്ന് പറയുന്നു. ജനങ്ങളോട് നിങ്ങള്‍ നടന്നുകൊള്ളുന്ന വിധത്തില്‍  അല്ലാഹുﷻവിനെ സൂക്ഷിച്ചുകൊള്ളുക. എന്നാല്‍  അല്ലാഹുﷻവുമായി നിങ്ങള്‍ക്കുള്ള ബന്ധത്തില്‍ ആരെയും ഭയപ്പെടേണ്ടതില്ല. പറയുന്നത് പ്രവര്‍ത്തിക്കുക. എന്തുകൊണ്ടെന്നാല്‍ വാഗ്ദാനങ്ങളില്‍ മികച്ചത് അതിനെ നിറവേറ്റുന്നതിലാണ്. 

മുസ്ലീംകളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നവരെ വിശ്വാസത്തിലെടുക്കുക. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എന്ത് ആഗ്രഹിക്കുന്നുവോ, എന്തിനെ വെറുക്കുന്നുവോ അതുതന്നെ ജനങ്ങള്‍ക്കും ആഗ്രഹിക്കുകയും, നിരാകരിക്കുകയും ചെയ്യുക. സത്യത്തിലേക്കുള്ള മാര്‍ഗ്ഗത്തില്‍ എന്ത് പ്രതിബന്ധങ്ങള്‍ നേരിട്ടാലും ധീരമായി അതിനെ എതിരിടുക. അല്ലാഹുﷻവിന്റെ ആജ്ഞകളെ നിറവേറ്റുന്നതില്‍ മറ്റുള്ളവരുടെ വിമര്‍ശനങ്ങളെ പുറന്തള്ളുക" 

ഇതുതന്നെയായിരുന്നു ആ ഉപദേശത്തിന്റെ സാരാംശം

ഈ സത്യസന്ധതയും, വിവേകവും തന്നെയാണ് ഹിംസ് പ്രവിശ്യയിലേക്കുള്ള ഗവര്‍ണ്ണറായി യോഗ്യതയുള്ള ഒരാളെ തിരഞ്ഞെടുക്കുവാന്‍ ഉമര്‍ (റ) ആലോചിച്ചു കൊണ്ടിരുന്നപ്പോള്‍ സഈദ് ഇബ്നു ആമിര്‍ (റ) വിന്റെ പേര് മനസ്സിലേക്ക് പെട്ടെന്ന് കടന്നു വരുവാന്‍ കാരണമായത്‌.


"സഈദ്‌, നിങ്ങളെ ഹിംസിലെ ഗവര്‍ണ്ണറായി നിയമിച്ചിരിക്കുന്നു" എന്ന് ഉമര്‍ (റ) അറിയിച്ചപ്പോള്‍ ആ വാര്‍ത്ത കേട്ട് അദ്ദേഹം ഒട്ടും സന്തോഷം പ്രകടിപ്പിച്ചില്ല..!!

അതിനേക്കാളും ഉമർ (റ) വിനെ ആശ്ചര്യപ്പെടുത്തിയത് അദ്ദേഹത്തിന്റെ മറുപടിയായിരുന്നു: "ഉമര്‍, ഞാന്‍ വിനയപൂര്‍വ്വം നിങ്ങളോട് അപേക്ഷിക്കുന്നു. എന്നെ ലോക വ്യവഹാരങ്ങളിലെല്ലാം ചുമതല നല്‍കി അല്ലാഹു ﷻ വിന്റെ പക്കല്‍ നഷ്ടപ്പെട്ടവനാക്കി തീര്‍ക്കരുത്‌ "

ഇതുകേട്ട ഉമര്‍ (റ) കോപത്താല്‍ പൊട്ടിത്തെറിച്ചു: "എല്ലാവരുംകൂടി എന്നെ മാത്രം ഖലീഫയുടെ ഉത്തരവാദിത്വത്തില്‍ പിടിച്ചിരുത്തും. ലോക വ്യവഹാരങ്ങളുടെ ഭാരം എന്നില്‍ മാത്രം ചുമത്തിവെയ്ക്കും. എന്നാല്‍, എന്നെ സഹായിക്കുന്ന കാര്യത്തില്‍ എല്ലാവരും എന്നെ കൈവിട്ടു കളയുകയും ചെയ്യും "

പദവിയും, പണവും, അന്തസ്സും, പ്രശസ്ഥിയും എല്ലാറ്റിനെയും ത്യജിച്ച് ഒതുങ്ങിക്കഴിഞ്ഞിരുന്ന സമൂഹമായിരുന്നു അത്. എല്ലാ കാര്യങ്ങളിലും മാതൃക കാട്ടിയ സമൂഹം. നമുക്ക് ചരിത്രങ്ങളില്‍ മാത്രം വായിച്ച് നെടുവീര്‍പ്പിടുവാന്‍ മാത്രമേ കഴിയൂ.

ഉമർ(റ)വിന്റെ വാദത്തിലുള്ള സത്യാവസ്ഥ സഈദിനു (റ) ഗ്രഹിക്കുവാന്‍ കഴിഞ്ഞു. 

"അല്ലാഹു ﷻ വാണെ സത്യം നിങ്ങളെ ഞാന്‍ കൈവെടിയുകയില്ല " ഖലീഫയോടു അദ്ദേഹം പറഞ്ഞു.

വിവാഹിതനായിരുന്ന സമയമായിരുന്നു അത്‌. പുത്തന്‍ മണവാട്ടിയുമൊത്ത് ഹിംസിലേക്ക് യാത്രതിരിച്ചു. ഖലീഫയില്‍ നിന്നും കിട്ടിയിരുന്ന പണം കയ്യിലുണ്ടായിരുന്നു. പുതിയ സ്ഥലത്ത് സഈദിനു (റ) താമസിക്കുവാന്‍ ചിലവുകള്‍ ഉണ്ടാവുമല്ലോ..


ഹിംസില്‍ വന്നു ചേര്‍ന്നതും താമസത്തിന് അത്യാവശ്യം വേണ്ട സാധനങ്ങള്‍ മാത്രം വാങ്ങിക്കൊണ്ടുവന്നു. എന്നിട്ട് ഭാര്യയോട് പറഞ്ഞു: "നമ്മള്‍ താമസിക്കുന്ന സ്ഥലത്ത് കച്ചവടത്തില്‍ നല്ല ലാഭം കിട്ടും. അതുകൊണ്ട് നമ്മുടെ കയ്യില്‍ ബാക്കിയുള്ള തുകയെ നല്ലൊരു കച്ചവടത്തില്‍ നിക്ഷേപിക്കാം"

അദ്ദേഹത്തിന്റെ ഭാര്യ ചോദിച്ചു: "കച്ചവടത്തില്‍ നഷ്ടം സംഭവിച്ചു പോയാലോ..? വീട്ടിലേക്ക് ആവശ്യമുള്ള മറ്റു സാധനങ്ങളും വാങ്ങി വെക്കുകയല്ലേ നല്ലത് " എന്ന് എല്ലാവർക്കും തോന്നാവുന്ന ന്യായമായ ആഗ്രഹം അവര്‍ പ്രകടിപ്പിച്ചു... 

"ഞാന്‍ ആരെ വിശ്വസിച്ച് നിക്ഷേപം ചെയ്യുന്നുവോ അവരെ കൊണ്ടുതന്നെ അതിന് ഉത്തരവാദിത്വം തരാന്‍ പറയാം" എന്ന് മറുപടി നല്‍കി സയീദ്‌ (റ).

കയ്യില്‍ ശേഷിച്ചിരുന്ന സമ്പത്ത് മുഴുവനും പാവപ്പെട്ടവര്‍ക്കും, അശരണര്‍ക്കും അദ്ദേഹം കൊടുത്തു തീര്‍ത്തു. അതിന്നുശേഷം കച്ചവടത്തില്‍ നിന്നുള്ള വരുമാനത്തെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ചോദിക്കുമ്പോളെല്ലാം "അത് വളരെ നന്നായി നടന്നു കൊണ്ടിരിക്കുന്നു. അതില്‍ നിന്നുള്ള ലാഭവും വര്‍ദ്ധിച്ചുകൊണ്ട് തന്നെയാണിരിക്കുന്നത് " എന്ന മറുപടിയാണ് അദ്ദേഹത്തില്‍ നിന്നും കിട്ടിക്കൊണ്ടിരുന്നത്.


ഒരുദിവസം സഈദ്(റ)വിനെ കുറിച്ച് നന്നായറിയാവുന്ന ഒരു ബന്ധുവിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ സഈദിന്റെ (റ) കച്ചവടത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. ബന്ധുവിന്റെ പൊട്ടിച്ചിരി സഈദ് (റ)വിന്റെ ഭാര്യക്ക് സംശയം ജനിപ്പിക്കുകയാല്‍, അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ബന്ധുവിന് സത്യാവസ്ഥ പറയേണ്ടതായി വന്നു. 

ഭാര്യയുടെ കരച്ചിലും തേങ്ങലും സഈദ് (റ) വിന്റെ ഹൃദയത്തില്‍ സഹതാപം സൃഷ്ടിച്ചു... "എന്റെ സുഹൃത്തുക്കള്‍ എനിക്കുമുമ്പേ മരിച്ചുപോയി. ഈ ലോകവും അതിലുള്ള സകല വസ്തുക്കളും ഈടായി കിട്ടുകയാണെങ്കില്‍ പോലും, നേര്‍ മാര്‍ഗ്ഗത്തില്‍ ജീവിച്ചു മരിച്ച അവരുടെ മാര്‍ഗ്ഗത്തില്‍ നിന്നും അണുവിട വ്യതിചലിക്കുവാന്‍ ഞാന്‍ തയ്യാറല്ല " എന്നദ്ദേഹം പറഞ്ഞു. 

ദു:ഖത്തിലും ഭാര്യയുടെ സൗന്ദര്യം അദ്ദേഹത്തെ ഭ്രമിപ്പിച്ചു. മനസ്സിനെ ദൃഡപ്പെടുത്തിക്കൊണ്ട്, "സ്വര്‍ഗ്ഗത്തിലെ ഭംഗിയുള്ള കണ്ണുകള്‍ക്ക്‌ ഉടമസ്ഥരായ 'ഹൂറുലീന്‍'കളെ കുറിച്ച് നിനക്ക് അറിയാമല്ലോ?, അവരില്‍ ഒരാള്‍ ഭൂമിയെ നോക്കിയാലും അതിന്റെ ശക്തിയാല്‍ ഭൂമിയിലെ മുഴുവന്‍ പ്രദേശങ്ങളും ശോഭയാല്‍ വെട്ടിത്തിളങ്ങും. സൂര്യനിലും, ചന്ദ്രനിലും നിന്നുമുള്ള ശോഭയെക്കാളും കണ്ണഞ്ചിക്കുന്നതായിരിക്കും അത്. നിന്നേയും അവരുടെ കൂട്ടത്തില്‍ വിട്ടുകൊടുക്കുക എന്നത് വളരെ നല്ല കാര്യമാണ് "

സഈദ് (റ) വിന്റെ ഭാര്യയുടെ മനസ്സ് ശാന്തമായി. തന്റെ ഭര്‍ത്താവിന്റെ ചിന്തകളും, മനോഗതിയും അവര്‍ക്ക് മനസ്സിലായി. ഈ വിധത്തില്‍ ജീവിതത്തെ ചിട്ടപ്പെടുത്തിയിരുന്ന സയീദ്‌ ഇബ്നു ആമിര്‍(റ)വിന്റെ പക്കല്‍ വീണ്ടും ദീനാറുകള്‍ വന്നുചേര്‍ന്നാലോ..?!


    'إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُون' 

എന്ന ഉച്ചത്തിലുള്ള വിളികേട്ട് ഓടിവന്ന സഈദ് (റ) വിന്റെ ഭാര്യ ചോദിച്ചു : "എന്താ, ഖലീഫ മരണപ്പെട്ടുപോയോ..?"

"അതിനേക്കാളും വലിയ സങ്കടം"

"മുസ്ലീംകള്‍ക്ക് യുദ്ധത്തില്‍ പരാജയം വല്ലതും സംഭവിച്ചുപോയോ..?"

"അതിനേക്കാളും വലിയ വിപത്ത്, ഒരു കൊടും വിപത്ത്. എന്റെ പരലോക ജീവിതത്തെ നാശമാക്കുവാനും, എന്റെ വീട്ടില്‍ കുഴപ്പം സൃഷ്ടിക്കുവാനും വന്നിരിക്കുന്നു"

"എങ്കില്‍ അതിനെ വിട്ടൊഴിയുക" എന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു, ദീനാറുകളുടെ കാര്യത്തെക്കുറിച്ച് അറിയാതെ..!!

"അങ്ങിനെയെങ്കില്‍ നിനക്കെന്നെ സഹായിക്കാമോ..?" 

അങ്ങിനെ ഭാര്യയുടെ സഹായത്തോടെ, ഖലീഫയുടെ പക്കല്‍നിന്നും കിട്ടിയ ദീനാറുകള്‍ മുഴുവനും ഒരു സഞ്ചിയില്‍ ശേഖരിച്ച് ഹിംസിലെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തു സഈദ് (റ).

എന്തെന്നാണ് ഇതിനെ പറയേണ്ടത്..?! ഇല്ലായ്മയില്‍ കഴിയുന്നത്‌ തന്നെയാണ് ജീവിതം എന്നതിനെ നമുക്ക് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ കഴിയുമോ എന്നറിയില്ല...

ഹിംസ്.., ഇറാഖിലുള്ള കൂഫാ നഗരത്തിനു തുല്യമായി ഒരുകാര്യത്തില്‍ മുന്നിട്ടുനിന്നിരുന്നു. കൂഫായിലെ ജനങ്ങള്‍ അവിടുത്തെ ഗവര്‍ണ്ണറെ കുറിച്ച് എപ്പോഴും പരാതികള്‍ പറഞ്ഞുകൊണ്ടിരിക്കും. അതുപോലെതന്നെ ഹിംസിലെ ജനങ്ങളും ഗവര്‍ണ്ണരുടെ പേരില്‍ കുറ്റാരോപണങ്ങള്‍ ഉന്നയിക്കുവാന്‍ തുടങ്ങി. ഈ സംഭവം ഹിംസിനെ മറ്റൊരു കൂഫായെന്നു വിളിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചേര്‍ന്നു.

ഉമര്‍ (റ) സിറിയയില്‍ എത്തിച്ചേര്‍ന്നു. ഹിംസിലെ ജനങ്ങള്‍ക്ക്‌ സഈദ് ഇബ്നു ആമിർ (റ) വിന്റെ പേരില്‍ പ്രധാനപ്പെട്ട നാല് പരാതികള്‍ ഉണ്ടായിരുന്നു. നമ്മുടെ ഭരണകര്‍ത്താക്കളെ കണ്ട് പരിചയപ്പെട്ട നമുക്ക് ഹിംസിലെ ജനങ്ങളുടെ കുറ്റാരോപണങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ തനി കിറുക്കനായി തോന്നും..!!

എന്നാല്‍, ഗവര്‍ണ്ണറുടെ പേരിലുള്ള പരാതികളെ കുറിച്ച് അന്വേഷിച്ച ഖലീഫ ഉമര്‍ (റ) സ്തംഭിച്ചു പോയി..!!

അത് ഒരിക്കലും ക്ഷമിക്കുവാന്‍ പറ്റാത്ത കുറ്റങ്ങള്‍ തന്നെയാണ്. സഈദ് (റ) വിന്റെ പേരില്‍ തനിക്കുണ്ടായിരുന്ന വിശ്വാസത്തിന് ഭംഗം വന്നുപോവുമോ എന്ന് ഉമർ (റ) വിനെ ഉത്കണ്ഠപ്പെടുത്തിയ കുറ്റാരോപണങ്ങള്‍ ആയിരുന്നു അവയെല്ലാം. ജനങ്ങളോട് വിശദീകരണം നല്‍കുവാന്‍ ഗവര്‍ണ്ണറോട് വരാന്‍ പറഞ്ഞു ഖലീഫ ഉമര്‍ (റ).

ഗവര്‍ണ്ണര്‍ വന്നുചേർന്നു. അദ്ദേഹത്തിന്റെ പേരിലുള്ള ആദ്യത്തെ പരാതി ഉന്നയിക്കപ്പെട്ടു.

"ഇദ്ദേഹം ജോലിക്ക് വരുന്നത് ദിവസം ആരംഭിച്ച് ഉച്ചയോടടുത്ത് മാത്രമാണ് "

"സയീദ്‌ എന്താണ് ഇതിന് മറുപടി പറയുവാനുള്ളത്..?" എന്ന് ഉമര്‍ (റ) ചോദിച്ചു.

അല്‍പ്പനേരത്തെ മൌനത്തിനു ശേഷം സഈദ് (റ) പറഞ്ഞു: അല്ലാഹു ﷻ വാണെ സത്യം ! ഞാന്‍ അതിനെ കുറിച്ച് പുറത്ത് പറയുവാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ഈ ആരോപണത്തിനു ഉത്തരം പറയേണ്ടത് എന്റെ കടമയാണ്. എന്റെ കുടുംബത്തിന് സഹായത്തിനായി ജോലിക്കാര്‍ ആരുംതന്നെയില്ല. ഓരോദിവസവും കാലത്ത് ഉണര്‍ന്നതും റൊട്ടിയുണ്ടാക്കുവാന്‍ വേണ്ടി മാവ് കുഴച്ചു വെയ്ക്കുകയും, എന്നിട്ട് മാവ് പാകപ്പെടുന്നതുവരെ കാത്തിരിക്കുകയും, പിന്നീട് അതിനെ വീട്ടിലുള്ളവര്‍ക്കായി ചുട്ടുകൊടുത്തിട്ട് ജോലിക്കായി എത്തിച്ചേരുകയും ചെയ്യും"

"രാത്രി കാലങ്ങളില്‍ ഞങ്ങളെ സന്ദര്‍ശിക്കുവാന്‍ ഇദ്ദേഹം വരാറില്ല."

രണ്ടാമത്തെ പരാതി ബോധിപ്പിക്കപ്പെട്ടു.

അല്‍പ്പം മടിച്ചു നിന്നശേഷം സഈദ് (റ) ഇതിന് മറുപടി പറഞ്ഞു: "ഇതും ഞാന്‍ പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല. പകല്‍സമയം മുഴുവനും ജനങ്ങള്‍ക്ക്‌ വേണ്ടി ഞാന്‍ ചിലവിടുകയാണ്. അതുകൊണ്ട് രാത്രികാലങ്ങളെ എന്റെ സ്രഷ്ടാവിന്നായി, അവനെ പ്രാര്‍ത്ഥിച്ചു കഴിയുവാൻ വിനിയോഗിക്കുന്നു"

"മാസത്തില്‍ ഒരുദിവസം ജനങ്ങളുമായി കൂടിക്കാഴ്ച നടത്തണം എന്നവിധി ഇദ്ദേഹം തെറ്റിച്ചിരിക്കുന്നു" അടുത്ത പരാതി മുന്നോട്ടുവെച്ചു ജനങ്ങൾ...
         
"അമീറുല്‍ മുഅമിനീന്‍! എന്നെ വീട്ടുജോലിയില്‍ സഹായിക്കുവാന്‍ ജോലിക്കാര്‍ ആരുമില്ല. ഉടുതുണി എന്ന് എന്റെ പക്കലുള്ളത്‌ ഞാന്‍ ഉടുത്തിരിക്കുന്ന ഇതൊന്നുമാത്രമാണ്. മാസത്തില്‍ ഒരിക്കല്‍ ഇതിനെ അലക്കി, ഉണക്കിയ ശേഷം അണിഞ്ഞുകൊണ്ട് പുറത്തിറങ്ങേണ്ട സ്ഥിതിയിലാണ് ഞാനുള്ളത്. അതുകൊണ്ട് തന്നെയാണ് അന്നത്തെ ദിവസം ജനങ്ങളെ സന്ദര്‍ശിക്കുവാന്‍ എനിക്ക് സാധിക്കാതെ പോവുന്നത് "
        
"അടുത്തതായി ഇവരുടെ പേരിലുള്ള പരാതി എന്താണ്..?" ഉമര്‍ (റ) ചോദിച്ചു.
 
"ഇടയ്ക്കിടയ്ക്ക് ഇദ്ദേഹം ബോധംകെട്ട് വീണുപോവുന്നു"
       
സഈദ് (റ) ഇതിനും മറുപടി പറഞ്ഞു:  "ഞാന്‍ ഇസ്ലാം മാര്‍ഗ്ഗം സ്വീകരിക്കുന്നതിനു മുന്‍പ് 'കുബൈബ് ഇബ്നു അദിയ്യ് (റ) കൊല്ലപ്പെടുന്നത് എന്റെ കണ്ണുകൊണ്ട് ഞാന്‍ കാണുകയുണ്ടായി. ഖുറൈശികള്‍ അദ്ദേഹത്തെ അറുത്തും, വെട്ടിയും അറുകൊല ചെയ്തുകൊണ്ടിരുന്നു. ശരീരത്തില്‍നിന്നും ചോര ചീറ്റി തെറിച്ചുകൊണ്ടിരുന്നു. അപ്പോള്‍ അദ്ദേഹത്തോട് അവര്‍ ചോദിക്കുകയുണ്ടായി 'നിനക്ക് പകരമായി ഇവിടെയിപ്പോള്‍ മുഹമ്മദ്‌ ആയിരുന്നുവെങ്കില്‍ എന്ന് നീ ആഗ്രഹിക്കുന്നില്ലേ?' എന്ന്. അതിന്ന് കുബൈബ് പറഞ്ഞ മറുപടി 'മുഹമ്മദിന്റെ ശരീരത്തില്‍ ഒരു മുള്ളുതറയ്ക്കാന്‍ വിട്ടിട്ടുപോലും ഞാന്‍ എന്റെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയുണ്ടാവില്ല' . 

ഖുറയ്‌ശികളുടെ ആക്രോശം പാരമ്യത്തിലെത്തി. അദ്ദേഹത്തെ അവര്‍ കുരിശില്‍ തറച്ച് കൊല്ലുകയുണ്ടായി. ഇതിനെല്ലാം ഒരു സാക്ഷിയായി നിന്നുകൊണ്ട് അദ്ദേഹത്തെ രക്ഷപ്പെടുത്താതെ ജനങ്ങളില്‍ ഒരാളായി, വെറും ഒരു കാഴ്ചക്കാരനായി ഞാനും നിന്നുപോയല്ലോ എന്ന ചിന്തയും, നഷ്ടബോധവും തോന്നുമ്പോളെല്ലാം, അല്ലാഹു ﷻ വിങ്കല്‍ നിന്നുള്ള ശിക്ഷയെക്കുറിച്ച് ചിന്തിച്ച് എന്റെ ഉള്ള് നടുങ്ങിപ്പോവുന്നു. അങ്ങിനെയുള്ള സമയങ്ങളില്‍ ഞാനറിയാതെ ഞാന്‍ ബോധംകെട്ട് വീണുപോവുന്നു..!!"
       
എല്ലാം കേട്ടുകൊണ്ടിരുന്ന ഖലീഫ ഉമര്‍ (റ) പറഞ്ഞു . "എല്ലാ സ്തുതിയും അല്ലാഹു ﷻ വിനു മാത്രം. എനിക്ക് സഈദിന്റെ (റ) പേരില്‍ ഉണ്ടായിരുന്ന വിശ്വാസത്തിന് ഒരു കളങ്കവും സംഭവിച്ചിട്ടില്ല"

ഒരിക്കൽ അദ്ദേഹത്തോട് ഒരാൾ ചോദിച്ചു: “താങ്കളുടെ വരുമാനമുപയോഗിച്ച് വീട്ടുകാർക്ക് ഒന്ന് സുഭിക്ഷമായി ജീവിച്ചുകൂടെ..?''

അദ്ദേഹം പറഞ്ഞു: “വീടും കുടുംബവും ഇല്ല അല്ലാഹു ﷻ വിന്റെ സംതൃപ്തി കുടുംബത്തിനുവേണ്ടി വിൽക്കാൻ ഞാൻ തയ്യാറില്ല.''

ജീവിതരീതിയിൽ മാറ്റം വരുത്താൻ പലരും അദ്ദേഹത്തെ ഉപദേശിച്ചുനോക്കി. മുമ്പ് ഭാര്യയോട് പറഞ്ഞ അതേ മറുപടി തന്നെയായിരുന്നു അതിന്ന് അദ്ദേഹം പറഞ്ഞത്.

“മരിച്ചുപോയ എന്റെ സുഹൃത്തുക്കളായ മുൻഗാമികളിൽ നിന്ന് ഒറ്റപ്പെടാൻ ഞാൻ തയ്യാറല്ല.''

സഈദ് (റ) പറഞ്ഞു: “നബി ﷺ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിരുന്നു. അന്ത്യനാളിൽ ജനങ്ങളെ അല്ലാഹു ﷻ സമ്മേളിപ്പിക്കും. ദരിദ്രരായ മുഅ്മിനീങ്ങൾ മാടപ്രാവുകളെപോലെ പറന്നുവരും. അവരോട് പറയപ്പെടും: “നിൽക്കൂ, ദുൻയാവിലെ കണക്കുകളൊക്കെയൊന്ന് പറയൂ..'' അവർ പറയും: “കണക്കുപറയാൻ ഞങ്ങൾക്ക് അവിടെ ഒന്നുമുണ്ടായിരുന്നില്ലല്ലോ.
''അപ്പോൾ അല്ലാഹു ﷻ പറയും: “എന്റെ അടിമകൾ പറഞ്ഞത് സത്യമാകുന്നു." അങ്ങനെ അവർ മറ്റുള്ളവരുടെ മുമ്പേ സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടും.
       
സഈദ് ഇബ്നു ആമിര്‍ (റ) ഹിജ്റ ഇരുപതാം വര്‍ഷം ഇഹലോകവാസം വെടിഞ്ഞു. 



ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു.

No comments:

Post a Comment