Thursday 10 June 2021

ഉമൈറുബ്നു വഹബ് (റ)

 

ബദർ യുദ്ധ ദിവസം ഇസ്ലാമിനെതിരെ ഊരിപ്പിടിച്ച പടവാളുമായി അവിശ്വാസികളുടെ നിരയിൽ നേതൃത്വം നൽകിയിരുന്ന ഒരു ഖുറൈശി നേതാവായിരുന്നു ഉമൈർ (റ). മക്കാനിവാസികൾ ഇദ്ദേഹത്തെ 'ഖുറൈശികളുടെ പിശാച്' എന്ന് വിളിക്കുമായിരുന്നു.

ബദറിലേക്ക് പുറപ്പെട്ട മുസ്ലിംസംഘത്തിന്റെ ആൾബലവും ആയുധ ശേഷിയും രഹസ്യമായി അറിഞ്ഞുവരാൻ ശത്രുസൈന്യം നിയോഗിച്ചത് അദ്ദേഹത്തെയായിരുന്നു. അദ്ദേഹം മടങ്ങിവന്നു ഇങ്ങനെ പറഞ്ഞു: “അവർ ഏകദേശം മുന്നൂറോളം പേർ വരും. മറ്റു പോഷകഘടകങ്ങളൊന്നും ഉള്ളതായി എനിക്കറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും മാരകമായ മരണവും പേറിക്കൊണ്ടാണ് അവർ വന്നിരിക്കുന്നത്. അവരുടെ പക്കൽ സ്വന്തം വാളല്ലാതെ ഒരു കവചമോ ആയുധങ്ങളോ കാണുന്നില്ല. എന്നിരുന്നാലും അവരിൽ നിന്ന് ഒരാളെ വധിക്കണമെങ്കിൽ നമ്മിൽ നിന്ന് ഒരാളെങ്കിലും മരിക്കാതെ സാധ്യമല്ല. അങ്ങനെ വന്നാൽ അത്രയും പേർ നിങ്ങളിൽ നിന്ന് വധിക്കപ്പെട്ടതിനു ശേഷം നമ്മുടെ ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത്? അതുകൊണ്ട് നാം എന്തു വേണം? നിങ്ങൾ തന്നെ തീരുമാനിക്കുക."

ഉമൈർ (റ)വിന്റെ അഭിപ്രായം അവരിൽ വലിയ പ്രതികരണം സൃഷ്ടിച്ചു. അബൂജഹൽ തക്കസമയത്ത് ഇടപെട്ട് ഖുറൈശികളിൽ പ്രേരണ ചെലുത്തിയില്ലെങ്കിൽ പ്രസ്തുത യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞ് അവർ ഒന്നടങ്കം നാട്ടിലേക്ക് മടങ്ങുമായിരുന്നു.

ബദറിന്റെ തിക്തരസം ഖുറൈശി പ്രമുഖരുടെ മനോമുകുരത്തിൽ മായാതെ നിറഞ്ഞു നിന്നു. അചിന്ത്യമായിരുന്നു അവരുടെ അനുഭവങ്ങൾ. പ്രമുഖരായ പലരും 'ഖലീബിൽ' മൂടപ്പെട്ടു. പലരും ബന്ധനസ്ഥരായി. ഉമൈർ (റ) ജീവനോടെ രക്ഷപ്പെട്ടെങ്കിലും പ്രിയപുത്രൻ മദീനയിൽ ബന്ധനസ്ഥനായിരുന്നു.

ഒരിക്കൾ അപമാനഭാരം നിമിത്തം തലപൊക്കാനാവാതെ കഅ്ബയുടെ സമീപം ഉമൈർ (റ) ഇരിക്കുകയായിരുന്നു. കൂടെ സഫ്വാൻ(റ)വുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഉമയ്യത്ത് ബദറിൽ വെച്ചായിരുന്നു കൊലചെയ്യപ്പെട്ടത്. രണ്ടു പേരും പ്രതികാരവാഞ്ഛകൊണ്ട് ഉന്മത്തരായിരുന്നു.

സഫ്വാൻ (റ) പറഞ്ഞു: നമ്മുടെ പ്രിയപ്പെട്ടവരെല്ലാം വധിക്കപ്പെട്ടു. ഇനി നമ്മുടെ ജീവിതത്തിന് എന്തർത്ഥമാണുള്ളത്..?

ഉമൈർ (റ) പറഞ്ഞു: സത്യം, ഞാനും ചിന്തിച്ചുകൊണ്ടിരിക്കുന്നത് അത് തന്നെയാണ്. എന്റെ പ്രായപൂർത്തിയാവാത്ത കുട്ടികളുടെ ഭാവി! മറ്റുചില കടബാധ്യതകൾ! ഇവ രണ്ടുമില്ലായിരുന്നെങ്കിൽ മുഹമ്മദ് (ﷺ) യോട് പ്രതികാരം ചെയ്യാൻ എനിക്കറിയാമായിരുന്നു...

സഫ്വാൻ (റ) ചോദിച്ചു: “നീ എങ്ങനെ പ്രതികാരം ചെയ്യും, പറയൂ കേൾക്കട്ടെ...”

ഉമൈർ (റ) : “ബന്ധിതനായ എന്റെ മകനെ കാണാനെന്ന വ്യാജേന ഞാൻ മദീനയിലേക്ക് പോകും. അവിടെ വെച്ച് ഞാൻ മുഹമ്മദ് (ﷺ) ന്റെ തലകൊയ്യും.''

ഇത് കേട്ടപ്പോൾ സഫ്വാൻ വദനം പ്രസന്നമായി. സഫ്വാൻ (റ) പറഞ്ഞു: “നിന്റെ രണ്ട് പ്രശ്നങ്ങളും ഞാൻ ഏറ്റെടുത്തുകൊള്ളാം. നിന്റെ കുട്ടികൾക്ക് ഞാൻ സംരക്ഷണം നൽകാം. പട്ടിണിയും ദാരിദ്ര്യവും അവരെ തീണ്ടുകപോലുമില്ല. നിന്റെ കട ബാദ്ധ്യതകൾ എത്രയുണ്ടെങ്കിലും ഞാൻ വീട്ടിക്കൊള്ളാം. ധൈര്യമുണ്ടെങ്കിൽ നീ പുറപ്പെടുക.''

അങ്ങനെ സഫ്വാൻ (റ) വും ഉമൈർ (റ) വും വളരെ രഹസ്യമായി ആ തീരുമാനത്തിൽ എത്തിച്ചേർന്നു. മാരകമായ വിഷത്തിൽ ഊട്ടിയ വാളും ഉറയിലിട്ടു ഒട്ടകപ്പുറത്ത് കയറി ഉമൈർ (റ) മദീനയിലേക്ക് പുറപ്പെട്ടു.


ബദറിന്റെ സ്മരണകൾ അന്ന് മദീനയിലും കെട്ടടങ്ങിയിട്ടുണ്ടായിരുന്നില്ല. അല്ലാഹു ﷻ തങ്ങൾക്ക് നൽകിയ മഹത്തായ അനുഗ്രഹവും വിജയവും അയവിറക്കിക്കൊണ്ട് ഉമർ(റ)വിന്റെ നേതൃത്വത്തിൽ ഒരു സംഘം സഹാബിമാർ മദീനയിൽ ഇരിക്കുകയായിരുന്നു. ഉമൈർ (റ) മദീനാപള്ളിയുടെ കവാടത്തിനടുത്ത് വന്ന് ഒട്ടകപ്പുറത്ത് നിന്ന് ഇറങ്ങുന്നത് ഉമർ (റ) വിന്റെ ദൃഷ്ടിയിൽ പെട്ടു.

ബദറിൽ ശത്രുപാളയത്തിലെ രണശൂരനായിരുന്ന ഉമൈർ (റ) കണ്ടപ്പോൾ ഉമർ(റ) ഉത്കണ്ഠാകുലനായി. ഉമർ (റ) പറഞ്ഞു: “അതാ, അല്ലാഹു ﷻ വിന്റെ ശത്രു ഉമൈറാണത്. അവനെ സൂക്ഷിക്കണം, അവൻ ചതിക്കും!''

ഉമർ (റ) ഓടിച്ചെന്ന് നബിﷺയോട് പറഞ്ഞു: “നബിയേ, ഊരിപ്പിടിച്ച വാളുമായി ഉമൈർ ഇതാ പള്ളിയുടെ അടുത്ത് വന്നിരിക്കുന്നു. അവനെ എന്തുവേണം..?''

നബി ﷺ പറഞ്ഞു: “അവനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരൂ...''

ഉമർ (റ) കുട്ടുകാരോട് പറഞ്ഞു: "നിങ്ങൾ നബിﷺയുടെ അടുത്ത് ചെന്ന് ജാഗരൂകരായിരിക്കുക, ആ വഞ്ചകനെ വിശ്വസിച്ചുകൂടാ. ഞാൻ പോയി അവനെ കൊണ്ടുവരാം...''

തന്റെ വാൾ ഉമൈർ(റ)വിന്റെ പിരടിയിൽ ചേർത്തുവെച്ചുകൊണ്ട് ഉമർ (റ) അദ്ദേഹത്തെ നബിﷺയുടെ മുമ്പിലേക്കാനയിച്ചു.

നബി ﷺ ഉമർ (റ)വിനോട് മാറിനിൽക്കാൻ ആജ്ഞാപിച്ചു. ഉമൈർ (റ) വിനെ അടുത്തേക്ക് വിളിച്ചു.

“അൻഇമു സ്വബാഹൻ ഉമൈർ നബിയെ അഭിവാദ്യം ചെയ്തു...

നബി (ﷺ) പറഞ്ഞു: “ഞങ്ങൾ സ്വർഗ്ഗനിവാസികളുടെ അഭിവാദന വചനമാണ് ഉപയോഗിക്കാറ്, അഥവാ 'സലാം' ദൈവം ഞങ്ങൾക്ക് കനിഞ്ഞരുളിയതാണത്...''

നബി ﷺ: ഉമൈർ, താനിങ്ങോട്ട് വരാൻ കാരണം..?

ഉമൈർ (റ): നിങ്ങൾ ബന്ധനസ്ഥനാക്കിയ എന്റെ മകനെ കാണാൻ വേണ്ടി.

നബി ﷺ: എങ്കിൽ ഈ വാൾ..?

ഉമൈർ (റ): ഉം, വാൾ! ഇത്രയും ശപിക്കപ്പെട്ട മറ്റെന്തുണ്ട്?! ഇത് കൊണ്ട് ഞങ്ങൾക്ക് വല്ല പ്രയോജനവും ലഭിച്ചോ..?

നബി ﷺ കള്ളം പറയരുത്. നീ വന്ന കാര്യം തുറന്നുപറയു! 

ഉമൈർ (റ): സത്യമാണ്, എനിക്ക് മറ്റൊരുദ്ദേശ്യവുമില്ല.

നബി ﷺ : ആഹാ, നീയും സഫ്വാനും കഅ്ബയുടെ സമീപത്തിരുന്നു കൊണ്ട് ഒരു തീരുമാനമെടുത്തില്ലേ! അതിന്റെ അടിസ്ഥാനത്തിലല്ലേ നീ ഇവിടെ വന്നത്? സർശക്തനായ അല്ലാഹു ﷻ ആ രഹസ്യം എനിക്കറിയിച്ചു തന്നിരിക്കുന്നു! നിന്റെ ഉദ്ദേശ്യം അവൻ പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

അതുകേട്ട് ഉമൈർ (റ) സ്തബ്ദനായി..!! പരമരഹസ്യമായ തങ്ങളുടെ തീരുമാനം എങ്ങനെ മുഹമ്മദ് നബി (ﷺ) അറിഞ്ഞു! അത് ദൈവത്തിന്റെ ബോധനമല്ലാതെ മറ്റൊന്നുമല്ല! മുഹമ്മദ് നബി (ﷺ) സത്യപ്രവാചകനാകുന്നു.

ഉമൈർ (റ) പ്രസ്തുത സദസ്സിൽ വെച്ചുതന്നെ ഇസ്ലാമാശ്ലേഷിച്ചു. അങ്ങിനെ ജാഹിലിയ്യത്തിലെ പിശാച് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഉമൈർ (റ) ഇസ്ലാമിലെ പുണ്യവാളനായി മാറി.

ഈ സംഭവത്തെക്കുറിച്ച് ഉമർ (റ) പിന്നീടൊരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: “അന്ന് ഉമൈർ മദീനയിലേക്ക് വന്നു കയറിയപ്പോൾ ഞാൻ അദ്ദേഹത്തെ പന്നിയേക്കാൾ വെറുത്തിരുന്നു. ഇന്ന് അദ്ദേഹം എന്റെ പ്രിയപുത്രനേക്കാൾ എനിക്ക് പ്രിയങ്കരനാണ്.''

ഉമൈർ (റ) തന്റെ ഭൂതകാലത്തെക്കുറിച്ച് അഗാധമായി ചിന്തിച്ചു. ഇസ്ലാമിന്നും മുസ്ലിംകൾക്കുമെതിരെ താൻ പണ്ട് അനുവർത്തിച്ച ക്രൂരമായ നിലപാടുകൾ ഓർത്ത് ദുഃഖിച്ചു.


ഒരിക്കൽ നബിﷺയോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “പ്രവാചകരെ, അല്ലാഹു ﷻ വിന്റെ പ്രകാശം ഊതിക്കെടുത്താൻ കിണഞ്ഞുശ്രമിച്ച ഒരാളായിരുന്നു ഞാൻ. അതിനുവേണ്ടി മുസ്ലിംകളെ കഠിനമായി മർദ്ദിക്കുകയും ചെയ്തിരുന്നു. ഇനി ഞാൻ മക്കയിലേക്ക് മടങ്ങിച്ചെന്ന് അവിടത്തുകാരെ ഇസ്ലാമിലേക്ക് ക്ഷണിക്കണമെന്ന് ആഗ്രഹിക്കുന്നു. അല്ലാഹു ﷻ അവരെ സൻമാർഗ്ഗത്തിൽ ചേർത്തിയേക്കും. അതിന്നവർ വിസമ്മതിക്കുന്ന പക്ഷം പണ്ട് അങ്ങയുടെ അനുയായികളെ ഞാൻ എത്രമാത്രം ഉപദ്രവിച്ചിരുന്നുവോ അതിലുപരി അവരെയും ഉപദ്രവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് സമ്മതം നൽകിയാലും!''

ഉമൈർ (റ) പിരിഞ്ഞശേഷം സഫ്വാൻ (റ) അക്ഷമനായി മദീനയുടെ ഭാഗത്തേക്ക് കണ്ണുംനട്ട് നാളെണ്ണാൻ തുടങ്ങി. സന്തോഷകരമായ ആ വൃത്താന്തം (നബി (ﷺ)യുടെ വധം) അതോർക്കുമ്പോൾ സഫ്വാൻന്റെ ഞരമ്പുകളിൽ ആനന്ദലഹരി പീലിവിടർത്തി. അടക്കവയ്യാതെ തന്റെ ചില കുട്ടുകാരോട് ഇങ്ങനെ പറഞ്ഞു:

“സ്നേഹിതൻമാരേ, മദീനയിൽ നിന്ന് ഒരു സന്തോഷവാർത്ത പറന്നുവരും! ബദറിന്റെ സന്താപസ്മരണയിൽ പോലും നിങ്ങളെ അത് സന്തുഷ്ടരാക്കും!”

മദീനയിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാരെയും സഫ്വാൻ (റ) സമീപിക്കും!

“അവിടെ വല്ലതും സംഭവിച്ചിട്ടുണ്ടോ” എന്ന് ആർത്തിയോടെ അന്വേഷിക്കുകയും ചെയ്യും.


ഒരിക്കൽ ഒരു യാത്രക്കാരനിൽ നിന്ന് ഉമൈർ(റ)വിന്റെ ഇസ്ലാമാശ്ലേഷം സഫ്വാൻ (റ) അറിഞ്ഞു. സഫ്വാന് തലചുറ്റുന്നപോലെ തോന്നി. നിരാശനും ദുഃഖിതനുമായി...

ഒരു ദിവസം ഉമൈർ (റ) മക്കയിലെത്തി. ആദ്യം സഫ്വാൻ (റ)വിനെ തന്നെയാണ് ചെന്ന് കണ്ടത്. ജ്വലിക്കുന്ന കണ്ണുകളോടെ സഫ്വാൻ (റ) ഉമൈർ (റ)ന്റെ നേരെ പാഞ്ഞടുത്തെങ്കിലും അദ്ദേഹത്തിന്റെ മൂർച്ചയേറിയ ഖഡ്ഗം സഫ്വാനെ അക്രമത്തിൽ നിന്ന് പിന്തിരിപ്പിച്ചു. ഏതാനും അസഭ്യവാക്കുകൾ വിളിച്ചുപറഞ്ഞു കൊണ്ട് അദ്ദേഹം ഓടിയകലുകയാണുണ്ടായത്.

ഉമൈർ (റ) തന്റെ പ്രബോധന പ്രവർത്തനം നിർവിഘ്നം തുടർന്നു. മക്കയിലെ എല്ലാ സദസ്സിലും അദ്ദേഹം കയറിയിറങ്ങി. ആഴ്ച്ചകൾ തികയുന്നതിനുമുമ്പ് തന്നെ ഒരു വലിയ സംഘം പുതുവിശ്വാസികളുമായി അദ്ദേഹം മദീനയിലേക്ക് മടങ്ങി.

വീണ്ടും മക്കയിൽ വന്നു ഉൽബോധനം നടത്തി. തന്റെ പ്രവർത്തനഫലമായി ഒട്ടേറെ പേർ ഇസ്ലാം സ്വീകരിച്ചു.

ഇസ്ലാമിന്റെ എല്ലാ പ്രതിസന്ധികളിലും ഉമൈർ (റ)വിന്റെ സേവനം നിസ്തുലമായിരുന്നു. പ്രവാചകരുടെ (ﷺ) നിര്യാണത്തിന് മുമ്പും അതിനുശേഷവും സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു അദ്ദേഹം.

തന്റെ സ്നേഹിതനായ സഫ്വാൻ (റ)വിനെ ഇസ്ലാമിലേക്ക് കൊണ്ടുവരാൻ ഉമൈർ (റ) വളരെയധികം ആഗ്രഹിച്ചു. അദ്ദേഹത്തെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

മക്കാവിജയത്തെത്തുടർന്ന് നാടുവിട്ടു ഒളിച്ചോടാൻ തീരുമാനിച്ച സഫ്വാൻ (റ)വിനെ അദ്ദേഹം നബിﷺയുടെ മുമ്പിൽ ഹാജറാക്കി. തിരുമേനിയിൽ നിന്ന് പ്രതികാരം ഭയന്ന് കഴിയുകയായിരുന്ന അദ്ദേഹത്തെ നബിﷺയുടെ മുമ്പിൽ ഹാജറാക്കാൻ ഉമൈർ(റ) വളരെ പണിപ്പെട്ടു. മഹാമനസ്കനായ നബി ﷺ സഫ്വാൻ (റ)വിന് തന്റെ അഭീഷ്ടം കൈക്കൊളളാൻ നാലുമാസത്തെ അവധി നൽകി. അതിന്ന് ശേഷം

സഫ്വാൻ (റ) ഇസ്ലാം സ്വീകരിക്കുകയും ചെയ്തു...


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...

No comments:

Post a Comment