Wednesday 18 November 2020

അന്ത്യാഭിലാഷമായി രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച ആദ്യ സ്വഹാബി ആര്

 

ഈ സ്വഹാബി  "വഫാത്തായി 40 ദിവസം വരെ മറവു ചെയ്തില്ല,  40 ആം നാൾ മയ്യിത്തിനെ  ഭൂമി വിഴുങ്ങി "ഈ സ്വഹാബിയാര്? 

അന്ത്യാഭിലാഷമായി രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച ആദ്യ സ്വഹാബി ആര്


ഖുബൈബ് ബ്നു അദിയ്യ് (റ)


🔖 അള്‌റ്, ഖർറാത്ത് എന്നീ പ്രദേശത്തേക്ക് ദീൻ പഠിപ്പിക്കാൻ നബി (സ) അയച്ച പത്ത് പേരിൽ ഒരാൾ 

 🔖 അവരുടെ നേതാവ് ആസ്വിമുബ്‌നു സാബിത് ആയിരുന്നു പ്രസ്തുത ഗോത്രക്കാർ  റബീഅ് എന്ന സ്ഥലത്ത് എത്തിയപ്പോൾ അവരെ വഞ്ചിച്ചു. 

🔖7 പേരെ വധിച്ചു 3 പേരെ ബന്ധിതരാക്കി

🔖 ഖുബൈബുബ്‌നു അദിയ്യ്(റ) ആയിരുന്നു ആ 3 പേരിൽ ഒരാൾ.

🔖 ധീരയോദ്ധാവും കവിയുമായിരുന്നു അൻസാരിയും ഔസ് ഗോത്രക്കാരനുമായ ഖുബൈബു ബ്‌നു അദിയ്യ്. 

🔖ബദർ യുദ്ധത്തിൽ തിരുമേനിയോടൊപ്പം കരുത്തോടെ നിലകൊണ്ട ഖുബൈബ്(റ) ആയിരുന്നു മുശ്‌രിക്കുകളിൽ പ്രമുഖനായിരുന്ന ഹാരിസ് ബ്‌നു ആമിർ ബിനു നൗഫലിന്റെ കഥകഴിച്ചത്. 

🔖പ്രവാചകരോട് അതിരില്ലാത്ത സ്‌നേഹമായിരുന്നു ഖുബൈബ്(റ)വിന്. ബദ്‌റിലും ഉഹ്ദിലും ഐതിഹാസികമായ പ്രകടനം അദ്ദേഹം കാഴ്ചവച്ചിരുന്നു. 

🔖ഖുബൈബ്(റ)വിനെ മക്കയിൽ വച്ച് വാങ്ങിയത് ഹാരിസിന്റെ മകളാണ്. 

🔖100 ഒട്ടകമാണ് മുശ്‌രിക്കുകൾ അദ്ദേഹത്തിന് വിലയിട്ടത്. 

🔖ഖുബൈബ് ബദ്‌റിൽ വച്ച് വധിച്ച ഹാരിസിൻ്റെ മക്കൾ ഖുബൈബ്(റ)വിന്റെ കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച് ഒരു ഇരുട്ട് മുറിയിൽ ബന്ധിയാക്കിവച്ചു. ബന്ധിയാക്കപ്പെട്ട അദ്ദേഹത്തെ ഹാരിസിന്റെ മക്കൾ പലവിധേനയും ദ്രോഹിച്ചിരുന്നു. വിശപ്പും ദാഹവും അകറ്റാൻ വെള്ളവും ഭക്ഷണവും നൽകിയില്ല.  

🔖ഖുബൈബി(റ)നെ തടവിലാക്കിയ സമയത്ത് മക്കയിൽ ലഭ്യമല്ലാത്ത പഴവർഗങ്ങൾ പലപ്പോഴും അദ്ദേഹം കഴിക്കാറുണ്ടായിരുന്നു എന്ന് ഹാരിസിന്റെ മകൾ പറഞ്ഞതായി ബുഖാരി 2/585)

🔖 മുഹമ്മദിനെയും അദ്ദേഹത്തിന്റെ റബ്ബിനെയും തള്ളിപ്പറഞ്ഞാൽ രക്ഷപ്പെടുത്താമെന്ന ഓഫർ നൽകുകയും ചെയ്തു. എന്നാൽ ഖുബൈബ് (റ) ആ ഓഫർ നിരസിച്ചു

🔖താൻ കൊല്ലപ്പെടുമെന്ന് ഉറപ്പായപ്പോൾ രണ്ട് റകഅത്ത് നമസ്‌കാരം നിർവഹിക്കാൻ അനുമതി നൽകണമെന്ന് അദ്ദേഹമവരോട് ആവശ്യപ്പെടുകയും അന്ത്യാഭിലാഷമെന്ന നിലക്ക് അവരത് സമ്മതിക്കുകയും ചെയ്തു.

🔖 അന്ത്യാഭിലാഷമായി 2 റകഅത്ത് നിസ്കരിച്ച ആദ്യ സ്വഹാബിയാണദ്ദേഹം

🔖  തൻഈമിൽ കൊണ്ടുപോയി അവർ അദ്ദേഹത്തെ തൂക്കികൊലപ്പെടുത്തി. 

🔖കഴുമരത്തിലേറിയ ആദ്യസ്വഹാബിയാണ് ഖുബൈബ്(റ).

🔖 അദ്ദേഹത്തെ തൂക്കിലേറ്റുന്ന സമയത്ത് അദ്ദേഹം ഖേദപൂർവം പറഞ്ഞു: ”അല്ലാഹുവേ, എന്റെ അന്ത്യസലാം പ്രവാചകർക്ക് എത്തിക്കാൻ ഞാനിവിടെ ആരെയും കാണുന്നില്ല. അതിനാൽ നീ എന്റെ സലാം റസൂലുല്ലാഹിക്ക് എത്തിച്ചുകൊടുക്കേണമേ… 

🔖 അദ്ദേഹം കഴുമരത്തിൽ കിടന്ന് പാടി

فلست أبالي حين أقتل مسلماً * على أيّ جنبٍ, كان في الله  مصرعي

 وذلك في ذات الإله وإن يشأ * يبارك على أوصالِ شلو ممزّع

"മുസ്‌ലിമായി കൊല്ലപ്പെടുമ്പോൾ എനിക്കെന്തിനു പരിഭവം?

ഏതുഭാഗത്ത് മരിച്ചു വീണാലെന്ത്, അല്ലാഹുവിലേക്കാണതെല്ലാം

അവനുദ്ദേശിച്ചാൽ ശിഥിലീകരിക്കപ്പെടുന്ന ഈ ജഡത്തിന്റെ ഓരോ നുറുങ്ങുകളിലും അനുഗ്രഹം വർഷിച്ചിടും”

🔖 തൂക്ക് മരത്തിൽ കിടക്കവേ ഒരു ഖുറൈശി നേതാവ് അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു: ഈ സ്ഥാനത്ത് മുഹമ്മദും നീ സുരക്ഷിതനായി വീട്ടിലും ഇരിക്കണമെന്ന് കരുതുന്നുണ്ടോ?.. അതുവരെ മൗനിയായി കാണപ്പെട്ട അദ്ദേഹം മൗനം ഭഞ്ജിച്ചുകൊണ്ട് ദൃഢസ്വരത്തിൽ പ്രതികരിച്ചു: ' ഭാര്യാസന്താനങ്ങളുടെ കൂടെ ഞാൻ സുഖ ജീവിതം നയിച്ചുകൊണ്ട് നബിക്ക് ഒരു മുള്ള് തറക്കുന്നതുപോലും എനിക്ക് അസഹ്യമാണ്'. 

 🔖നബി(സ്വ) ഞങ്ങൾക്കിടയിൽ ഇരിക്കുന്നതിനിടയിൽ പെട്ടെന്ന് ‘വഅലൈക്കുമുസ്സലാം’ എന്ന് പറയുകയുണ്ടായി. അപ്പോൾ നബി(സ്വ)യോട് ചോദിക്കപ്പെട്ടു. ”യാ റസൂലുല്ലാഹ്, ആരുടെ സലാമിനാണ് താങ്കൾ പ്രത്യുത്തരം നൽകിയത്?”അപ്പോൾ നബി(സ്വ) പറഞ്ഞു: ”നിങ്ങളുടെ സഹോദരൻ ഖുബൈബ് മക്കയിൽ വച്ച് തൂക്കു മരത്തിലേറ്റപ്പെട്ടിരിക്കുന്നു. അദ്ദേഹം ഇപ്പോൾ എനിക്ക് അന്തിമ സലാം പറഞ്ഞു. അതിനു മറുപടിയാണ് ഞാൻ നൽകിയത്. 

🔖 അദ്ദേഹം അവസാനമായി പ്രാർഥിച്ചത് : നാഥാ, എന്റെ ഘാതകരെ ശരിക്കും എണ്ണിവക്കൂ. അവരെ മുഴുവൻ നശിപ്പിക്കുക; അവരിൽ ആരെയും ബാക്കിയാക്കരുത്.ഖുബൈബി (റ)ന്റെ പ്രാർത്ഥന അക്ഷരംപ്രതി പുലർന്നു. ഒരു വർഷത്തിനുശേഷം അദ്ദേഹത്തിന്റെ ഘാതകരെല്ലാം നശിച്ചു. ഖുബൈബ്(റ)ന്റെ മരണാനന്തരം മുശ്‌രിക്കുകൾ അവരവരുടെ വീടുകളിലേക്ക് മടങ്ങി. ഒരു അനാഥ മൃതദേഹമായി ഖുബൈബ്(റ)വിന്റെ ശരീരം അവിടെ ഉപേക്ഷിക്കപ്പെട്ടു. ഈ സമയം മദീനയിൽ നബി(സ്വ) അനുചരൻമാരോട് പറഞ്ഞു. തൻഈമിൽ ഖുബൈബ്(റ)ന്റെ ശരീരം തൂക്കുമരത്തിൽ കിടക്കുകയാണ്. അത് അവിടെനിന്നു കൊണ്ടുവരുന്നവർക്ക് ഞാൻ സ്വർഗം വാഗ്ദാനം ചെയ്യുന്നു.ഈ സുവിശേഷം കേട്ട് സുബൈർബ്‌നു അവ്വാം(റ), മിഖ്ദാദ്ബ്‌നു അസദ്(റ) എന്നിവർ നബി(സ്വ)യുടെ സമ്മതം വാങ്ങി മക്കയിലേക്ക് കുതിച്ചു. അവർ തൻഈമിലെത്തിച്ചേർന്നു. അപ്പോൾ ഇവരുടെ വരവറിഞ്ഞ് നാൽപതോളം ആളുകൾ തൂക്കുമരത്തിന് കാവൽ നിൽക്കുന്നതായി അവർ കണ്ടു. എന്നാൽ, പ്രവാചകന്റെ ആശീർവാദത്തോടെ പുറപ്പെട്ട രണ്ടു പേരും അവിടെയെത്തിയപ്പോൾ അവർ ഉറക്കത്തിലായിരുന്നു. സുബൈർ(റ)ഉം മിഖ്ദാദ്(റ)ഉം ഖുബൈബ്(റ)ന്റെ ജനാസ തൂക്കുമരത്തിൽ നിന്നുമിറക്കി അവരുടെ കുതിരപ്പുറത്ത് വച്ചു.

🔖അവർ അവിടെ എത്തുന്നത് രക്തസാക്ഷത്തിന്റെ നാൽപതാം ദിവസമായിരുന്നു. എന്നിട്ടും ഖുബൈബ്(റ)ന്റെ ശരീരത്തിന് യാതൊരു ജീർണതയും സംഭവിച്ചിരുന്നില്ല. 

🔖ഖുബൈബ്(റ)ന്റെ ജനാസയുമായി മുസ്‌ലിംകൾ അവിടെനിന്നും രക്ഷപ്പെട്ട കാര്യം അധികം താമസിയാതെ മുശ്‌രിക്കുകൾ അറിഞ്ഞു. ഉടനെ എഴുപതോളം അവിശ്വാസികൾ അവിരെത്തേടി പുറപ്പെട്ടു. സുബൈർ(റ)ഉം മിഖ്ദാദ്(റ)ഉം പിടിക്കപ്പെടുമെന്നായപ്പോൾ ഖുബൈബി(റ)നെ നിലത്തുവച്ചു.മഹാനവർകളുടെ കറാമത്ത് എന്നേ പറയേണ്ടൂ. പെട്ടെന്ന് ഭൂമി പിളരുകയും ഖുബൈബ്(റ)വിനെ ഭൂമിയുടെ ഉള്ളിലേക്ക് ഒളിപ്പിക്കുകയും ചെയ്തു. 

🔖ശത്രുസേന അവർ രണ്ടു പേരെയും വളഞ്ഞു. പക്ഷേ, അവർക്ക് ഖുബൈബ്(റ)ന്റെയോ ഭൂമി പിളർന്നതിന്റെയോ അടയാളം കാണാൻ കഴിഞ്ഞില്ല.

No comments:

Post a Comment