Thursday 12 November 2020

ഹലീമ ബീവി (റ)




ഉമ്മയെ കൈവിടരുത്

സ്വർഗം മാതാവിന്റെ കാലിന്നടിയിലാണന്നു പഠിപ്പിച്ച മുഹമ്മദ് നബി (സ) തന്നെ പാലൂട്ടി വളർത്തിയ ഹലീമ ബീവി (റ) യെന്ന മാതാവിനെ എങ്ങനെ ആദരിച്ചു എന്ന് വരച്ചു കാട്ടുന്ന  ചരിത്രമാണിത് 

പെറ്റുമ്മയെ പോലും ക്രൂരമായി മർദ്ദിക്കുന്നതും വീട്ടിൽ നിന്ന് പുറത്താക്കുന്നതും കൊലപ്പെടുത്തുന്നതും വാർത്തയല്ലാത്ത ഇന്ന് ഇത്തരം ചരിത്രങ്ങൾ ഏറെ പ്രസക്തമാണ് 

കേരളക്കാരനായ ലോകം അറിയപ്പെട്ട ഒരു ബിസിനസ്സുകാരൻ തന്റെ കമ്പനിയുടെ അപേക്ഷാഫോമിൽ അരഡസനോളം ചോദ്യങ്ങൾ ഉദ്യോഗാർത്ഥിയുടെ മാതാവിനെക്കുറിച്ചാണെന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി ഈയിടെ വടകരയിലെ ഒരു ഡോക്ടറുമായി സംസാരിച്ചപ്പോൾ അദ്ദേഹം ബാംഗ്ലൂരിൽ പഠിക്കുമ്പോൾ ഒരു ക്ലാസ്മീറ്റ് ഉമ്മക്ക് എന്ത് വേവലാതിയുണ്ടാകുമ്പോഴും ഉടൻ നാട്ടിലെത്തി ആശ്വസിപ്പിച്ച് തിരിച്ചുവരുന്ന കാലത്ത് നിന്റെ വിജയത്തിന് ഈ ഉമ്മ സ്നേഹം മാത്രം മതിയെന്ന് പറഞ്ഞിരുന്നതും ഇപ്പോൾ ആ ഡോക്ടർ 600 കോടിയുടെ ആസ്തിയുള്ളയാളാണെന്നും കേട്ടപ്പോൾ ഉമ്മയിലൂടെ ഇഹലോകം മാത്രമല്ല പരലോകവും കീഴ്പ്പെടുത്താമെന്ന ചിന്തയാണ് മനസ്സിൽ ഓടിയെത്തിയത് 

തിരുനബി (സ) യുടെ ചരിത്രങ്ങൾ കേൾക്കുന്ന കാലം മുതൽക്കെ ഹലീമാ ബീവി (റ) യുടെയും ചരിത്ര കഥകൾ നാം കേൾക്കാറുണ്ട് മുസ്ലിം സമുദായത്തിന് ഒരിക്കലും മറക്കാനാവാത്ത മഹതിയാണ് ബനൂ സഅ്ദ് ഗോത്രക്കാരിയായ ഹലീമത്തുസ്സഅ്ദിയ്യ (റ) 

തിരുനബി (സ) യുടെ കുട്ടിക്കാലം നാം അറിയുന്നത് ഹലീമാ ബീവി (റ) യിലൂടെയാണ് മാത്രമല്ല, തിരുനബി (സ) യെ മുലയൂട്ടിയവരിൽ പ്രധാനിയുമാണ് മഹതി കുട്ടിക്കാലത്തെ ആട് മേക്കാൻ പോയ സംഭവവും അതുമായി ബന്ധപ്പെട്ട ധാരാളം അത്ഭുത കഥകൾ ഈ ബനൂ സഅ്ദ് ഗോത്രക്കാരിയുമായി ബന്ധപ്പെട്ടതാണ് 

തിരുനബി (സ) യെ മുലയൂട്ടിയവരിൽ പ്രധാനിയായ ഹലീമാ ബീവി (റ) യെ സ്മരിക്കുമ്പോൾ തീർച്ചയായും അതിനു മുമ്പേ മാതാവായ ആമിനാ ബീവി (റ) യെ പരാമർശിക്കൽ നിർബന്ധം തന്നെയാണ് അതുകൊണ്ടുതന്നെ ചരിത്രത്തിന്റെ ആരംഭം ആമിനാ ബീവി (റ) യിലൂടെയാണ് തീർച്ചയായും വായനക്കാരിൽ ഒരു നവ ചൈതന്യം വിതറാൻ ഈ ചരിത്രത്തിനാവുമെന്ന് പ്രത്യാശിക്കുന്നു  

നബി (സ) യുടെ പോറ്റുമ്മയെ പരിചയപ്പെടുത്തുന്ന ഈ ചരിത്രം ഉമ്മ സ്നേഹം വളരാൻ നമുക്കു അവസരം സൃഷ്ടിക്കപ്പെടുമെന്ന പ്രതീക്ഷയോടെ....


ആമിനാ ബീവി (റ)

തിരുനബി (സ) യുടെ മാതാവായ ആമിനാ ബീവി (റ) വഹബിന്റെ മകളാണ് നബി (സ) യുടെ ആറാമത്തെ പിതാമഹനായ കിലാബിലാണ് വഹബിന്റെയും പിതൃ പരമ്പര ചെന്നെത്തുന്നത് ആമിനാ (റ) -വഹബ്- അബ്ദുമനാഫ് - സുഹ്റ - കിലാബ് ആമിനാ ബീവി (റ) യുടെ മൂന്നാമത്തെ ഉപ്പാപ്പയാണ് കിലാബ് കിലാബിൽ പിതാവിന്റെയും മാതാവിന്റെയും പരമ്പരകൾ ഒരുമിക്കുന്നു (സീറത്തുൽ ഹലബി: 1/18) 

ഇമാം ശാമി (റ) എഴുതുന്നു: ജോത്സ്യയായ സൗദാ ബിൻത് സുബൈർ ഒരു ദിവസം ബനൂ സുഹ്റക്കാരോട് പറഞ്ഞു: നിങ്ങളിലായി ഒരു താക്കീതുകാരൻ പിറക്കും (റസൂൽ) അതിനാൽ നിങ്ങളുടെ പെൺകുട്ടികളെ എനിക്കു കാണിച്ചു തരിക പെൺകുട്ടികളെ അവൾക്ക് കാണിച്ചു കൊടുത്തു എല്ലാവരെയും കണ്ട അവൾ ആമിന (റ) യെ കണ്ടപ്പോൾ പറഞ്ഞു: ഇവളാണ് താക്കീതുകാരനെ പ്രസവിക്കുക അവൻ ഉത്തമ ഭാവിയും പ്രോജ്ജ്വലമായ പ്രമാണവുമായിരിക്കും നരകത്തെ സംബന്ധിച്ച് ജോത്സ്യയോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു: താക്കീതുകാരൻ (നദീർ) നിങ്ങളെ അതിൽ നിന്ന് രക്ഷപ്പെടുത്തും (സുബുലുൽ ഹുദാ വർറശാദ്: 1/390) 

തിരുനബി (സ) യുടെ മാതാവ് ആമിനാ ബീവി (റ) ബനൂ സുഹ്റ ഗോത്രക്കാരിയാണ് ബനൂ സുഹ്റയിൽ നിന്നു തന്നെ മകൻ അബ്ദുല്ല (റ) വിന് വിവാഹം ചെയ്തു കൊടുക്കുവാൻ അബ്ദുൽ മുത്വലിബിനെ പ്രേരിപ്പിച്ച സംഭവം ഇമാം മുഹമ്മദ് ബ്നു സ്വാലിഹ് ശാമി (റ) എഴുതുന്നു: ഇമാം ഇബ്നു സഅ്ദ് (റ), ഇമാം ഇബ്നുൽ ബർഖി (റ), ഇമാം ത്വബ്റാനി (റ), ഇമാം ഹാകിം (റ), ഇമാം  അബൂനുഐം (റ) തുടങ്ങിയവർ അബ്ബാസ് (റ) വിൽ നിന്ന് ഉദ്ധരിക്കുന്നു അബ്ബാസ് (റ) പിതാവ് അബ്ദുൽ മുത്വലിബിൽ നിന്നും അദ്ദേഹം പറയുന്നു: യമനിലേക്കുള്ള ഒരു ശൈത്യകാല യാത്രയിൽ ഞങ്ങൾ ഒരു ജൂത പുരോഹിതന്റെ പർണശാലയുടെ അടുത്തെത്തി അവിടെ താവളമടിച്ചു അവിടെവെച്ച് സബൂർ വേദ ജ്ഞാനിയായ ഒരു പണ്ഡിതൻ എന്നെ പരിചയപ്പെട്ടു അദ്ദേഹം ചോദിച്ചു: താങ്കൾ എവിടെ നിന്നാണ്? ഞാൻ പറഞ്ഞു: ഖുറൈശീ ഗോത്രത്തിൽ നിന്ന് അദ്ദേഹം വീണ്ടും ചോദിച്ചു: ഖുറൈശിയിലെ ഏതു വംശം? ഞാൻ പറഞ്ഞു: ബനൂ ഹാശിം എന്തോ ആലോചിച്ചിട്ടെന്നപോലെ പിന്നീടയാൾ ചോദിച്ചു: താങ്കളുടെ ചില ശരീര ഭാഗങ്ങൾ പരിശോധിക്കുവാൻ അനുവാദം തരുമോ? ഞാൻ പറഞ്ഞു: കുഴപ്പമില്ല അദ്ദേഹം എന്റെ നാസദ്വാരങ്ങൾ രണ്ടും അതിസൂക്ഷ്മമായി പരിശോധിച്ച ശേഷം പറഞ്ഞു: ഞാനീ പറയുന്നത് സത്യമാണ് താങ്കളുടെ കൈകളിലൊന്നിൽ രാജാധിപത്യവും മറ്റേതിൽ നുബുവ്വത്തും കാണുന്നു ബനൂ സുഹ്റയിലും ഇപ്രകാരമുള്ള ലക്ഷണങ്ങൾ ഞാൻ കണ്ടെത്തിയിരിക്കുന്നു താങ്കൾ വിവാഹം ചെയ്തിട്ടുണ്ടോ? ഞാൻ പറഞ്ഞു: ഇല്ല അദ്ദേഹം പറഞ്ഞു: താങ്കൾ നാട്ടിലെത്തിയാൽ അവരിൽ നിന്ന് വിവാഹം ചെയ്യുക 

അങ്ങനെ അബ്ദുൽ മുത്വലിബ് മക്കയിലെത്തിയതിനുശേഷം ബനൂ സുഹ്റയിലെ ഉഹൈബിന്റെ മകൾ ഹാലയെ വിവാഹം ചെയ്തു തന്റെ മകൻ അബ്ദുല്ലാക്ക് വഹബിന്റെ മകൾ ആമിനയെയും വിവാഹം ചെയ്തു കൊടുത്തു അങ്ങനെ ആമിനാ ബീവി (റ) റസൂലുല്ലാഹി (സ) യെ പ്രസവിച്ചു ഖുറൈശികൾ പറഞ്ഞു: പിതാവ് കൊതിച്ചത് മകന് കിട്ടി (സുബുലുൽ ഹുദാ വർറശാദ്: 1/389) 

ഇമാം ബൈഹഖി (റ) എഴുതുന്നു: അബ്ദുൽ മുത്വലിബ് അബ്ദുല്ല (റ) വിന്റെ കൈയ്യും പിടിച്ച് പോകുമ്പോൾ കഅ്ബയുടെ അടുത്തുവെച്ച് ബനൂ അസ്അദിലെ ഒരു സ്ത്രീ ഇത് കാണാനിടയായി അവൾ അബ്ദുല്ലയുടെ മുഖത്തേക്ക് നോക്കിയതിനുശേഷം ചോദിച്ചു: അബ്ദുല്ലാ, നീ എങ്ങോട്ടു പോകുന്നു? മഹാൻ പറഞ്ഞു: എന്റെ പിതാവിനോടൊപ്പം പോകുന്നു അവൾ ചോദിച്ചു: ഞാൻ നിനക്ക് നൂറ് ഒട്ടകം തരാം നമുക്കൊന്നിച്ച് ഇണ ചേരാം അബ്ദുല്ല (റ) പറഞ്ഞു: എനിക്കതിന് ഉദ്ദേശ്യമില്ല അങ്ങനെ അവർ തറവാടും ശ്രേഷ്ഠതയുമുള്ള ബനൂ സുഹ്റയിലെ നേതാവായ വഹബിന്റെ വീട്ടിലെത്തി ആമിനാ ബീവി (റ) യെ വിവാഹം ചെയ്തു ഖുറൈശികളിൽ ശ്രേഷ്ഠവതിയായിരുന്ന ആമിന ബീവി (റ) വിവാഹം ചെയ്ത ഉടനെത്തന്നെ ഗർഭിണിയായിരുന്നു പിന്നീട് അബ്ദുല്ല (റ) നൂറ് ഒട്ടകങ്ങളെ വാഗ്ദാനം ചെയ്ത സ്ത്രീയെ കണ്ടുമുട്ടി അവൾ വറഖത് ബ്നു നൗഫലിന്റെ സഹോദരിയായിരുന്നു എന്നാൽ ഈ പ്രാവശ്യം കണ്ടപ്പോൾ അവൾ അബ്ദുല്ല (റ) വിനെ തീരെ ഗൗനിച്ചില്ല അപ്പോൾ മഹാൻ ചോദിച്ചു: നീയെന്താ ഇന്നെന്നോട് ഒന്നും പറയാത്തത്? അവൾ പറഞ്ഞു: നിന്നിൽ ഞാൻ ദർശിച്ച 'നൂർ' ഇപ്പോൾ കാണുന്നില്ല അത് നിന്നെ വിട്ടുപിരിഞ്ഞിരിക്കുന്നു (ദലാഇലുന്നുബുവ്വ: 1/84) 

ശേഷം കൂടുതൽ കാലം അബ്ദുല്ല (റ) ജീവിച്ചിരുന്നില്ല വഫാത്താവുമ്പോൾ പ്രിയ പത്നി ആമിന ബീവി (റ) ഗർഭിണിയായിരുന്നു (സുബുലുൽ ഹുദാ വർറശാദ്: 1/398) 

ഇമാം ഇബ്നു സഅ്ദ് (റ) എഴുതുന്നു: അബ്ദുല്ല (റ) ശാമിലേക്ക് ഖുറൈശികളുടെ കൂടെ കച്ചവടത്തിന് പുറപ്പെട്ടു കച്ചവടം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ മദീനയിൽ വെച്ച് അബ്ദുല്ല (റ) രോഗബാധിതനായി അബ്ദുല്ല (റ) പറഞ്ഞു: ഞാൻ എന്റെ അമ്മാവന്മാരുടെ അടുത്ത് താമസിച്ചുകൊള്ളാം അങ്ങനെ രോഗിയായി ഒരു മാസം അവിടെ താമസിച്ചു മറ്റുള്ളവർ മക്കയിലേക്ക് പുറപ്പെട്ടു വിവരം അബ്ദുൽ മുത്വലിബിനെ അറിയിച്ച ഉടനെത്തന്നെ അദ്ദേഹം മൂത്ത മകൻ ഹാരിസിനെ മദീനയിലേക്കയച്ചു പക്ഷേ, ഹാരിസ് അവിടെ എത്തുമ്പോഴേക്കും അബ്ദുല്ല (റ) വഫാത്തായിരുന്നു ദാറുന്നാബിഗയിൽ മഹാനെ മറമാടി ഹാരിസ് മടങ്ങി വന്നു വിവരം പറഞ്ഞു അബ്ദുൽ മുത്വലിബിനും മറ്റുള്ളവർക്കും ആ വാർത്ത കനത്ത വേദനയുണ്ടാക്കി വാഫാത്താവുമ്പോൾ അബ്ദുല്ല (റ) വിന് ഇരുപത്തിയഞ്ച് വയസ്സായിരുന്നു (ത്വബഖാത്തുബ്നിസ്സഅ്ദ്: 1/61) 

മുഹമ്മദ് രിളാ എഴുതുന്നു: അബ്ദുല്ല (റ) വിന്റെ ആദ്യനാമം അബ്ദുദ്ദാർ എന്നായിരുന്നു എന്നാൽ അബ്ദുല്ല (റ) വിന് പകരം ഒട്ടകങ്ങളെ ബലി അറുത്തതിനു ശേഷം പിതാവ് അബ്ദുൽ മുത്വലിബ് തന്നെയാണ് 'അബ്ദുല്ല ' എന്ന പേർ നൽകിയിത് (മുഹമ്മദ് റസൂലുല്ലാഹി (സ): 23)



ആമിനാ ബീവി (റ) യുടെ ഗർഭകാല വിശേഷങ്ങൾ 

തിരുനബി (സ) യെ ആമിനാ ബീവി (റ) ഗർഭം ധരിച്ച കാലത്താണ് മക്കയിൽ പ്രസിദ്ധമായ ആനക്കലഹ സംഭവം നടന്നത് ആനപ്പട നശിശിപ്പിക്കപ്പെട്ട സംഭവം യഥാർത്ഥത്തിൽ അല്ലാഹു അവന്റെ നബിതിരുമേനിക്കും കഅ്ബാലയത്തിനും സമർപ്പിച്ച ഒരു മുൻകൂർ പാരിതോഷികമായി കാണാവുന്നതാണ് കാരണം, ആനപ്പടക്കാർ വേദക്കാരായ ക്രൈസ്തവരായിരുന്നു അക്കാലത്തെ മക്കാനിവാസിഖളുടെ മതത്തേക്കാൾ എന്തുകൊണ്ടും ഉത്തമമായത് ആനപ്പടക്കാരുടെ മതമായിരുന്നു മക്കക്കാർ വെറും വിഗ്രഹാരാധകന്മാർ എന്നിട്ടും ഈ വിഗ്രഹാരാധകന്മാരെ വേദവിഭാഗക്കാരിൽ നിന്ന് എന്തുകൊണ്ട് അല്ലാഹു പ്രത്യേക സഹായം നൽകി രക്ഷിച്ചു മനുഷ്യരുടെ യാതൊരു കൈകടത്തലുമില്ലാത്ത വിധത്തിലുള്ള അത്യപൂർവ സഹായം മക്കയിൽ അടുത്ത് ജനിക്കുവാനുള്ള തിരുനബി (സ) ക്കുള്ള സ്നേഹ പാരിതോഷികവും ശുഭസൂചക വിളംബരവുമായിരുന്നു അത് (സാധുൽ മആദ്: 1/44) 

ഇമാം ഖസ്ത്വല്ലാനി (റ) എഴുതുന്നു: അബ്ദുല്ല (റ) വും ആമിനാ ബീവി (റ) വും റജബ് മാസത്തിൽ ഒരു തിങ്കളാഴ്ചയായിരുന്നു ബന്ധപ്പെട്ടിരുന്നത് കൂടുതൽ വൈകാതെ തന്നെ മഹതി ഗർഭിണിയാവുകയും ചെയ്തു തിരുനബി (സ) യെ ഗർഭം ധരിച്ചതോടെ പലവിധ അത്ഭുതങ്ങൾ പ്രത്യക്ഷമാവാൻ തുടങ്ങി ആകാശലോകങ്ങളിൽ സന്തോഷം നിറഞ്ഞാടി (അൽ മവാഹിബുല്ലദുന്നിയ്യ: 1/60) 

ഇമാം ഖസ്ത്വല്ലാനി (റ) തന്നെ എഴുതുന്നു: റജബ് മാസത്തിലെ ഒരു വെള്ളിയാഴ്ച രാവിലായിരുന്നു ആമിന ബീവി (റ) യുടെ ഗർഭധാരണം സന്തോഷപ്പൊലിവാർന്ന പ്രസ്തുത രാത്രിയിൽ സ്വർഗത്തിന്റെ കാവൽക്കാരനായ രിള് വാൻ (അ) ന് അല്ലാഹുവിന്റെ കൽപന വന്നു: 'സ്വർഗീയ വാതായനങ്ങൾ തുറന്നിടുക' ആകാശഭൂമികളിലാകമാനം വിളംബരം നടന്നു അറിയുവീൻ, സന്മാർഗ വാഹകൻ ഒളിഞ്ഞിരുന്ന അമൂല്യ നിക്ഷേപം ഈ രാത്രിയിൽ ആമിനാ ബീവി (റ) യുടെ ഗർഭാശയത്തിൽ സ്ഥിരപ്പെട്ടിരിക്കുന്നു (അൽ മവാഹിബുല്ലദുന്നിയ്യ: 1/61) 

ഇമാം ഹാഫിള് ബ്നു ഇസ്ഹാഖ് (റ) രേഖപ്പെടുത്തുന്നു: ആമിന ബീവി (റ) പറയുമായിരുന്നു: തിരുനബി (സ) യെ ഗർഭം ധരിച്ചപ്പോൾ എനിക്കു സ്വപ്നദർശനമുണ്ടായി എന്നോട് പറയപ്പെട്ടു: നിങ്ങൾ മനുഷ്യ സമുദായത്തിന്റെ നായകനെയാണ് ഗർഭം ധരിച്ചത് കുഞ്ഞ് ഭൂജാതനായാൽ നിങ്ങൾ സർവ അസൂയാലുക്കളിൽ നിന്നും കുഞ്ഞിനെ മോചിപ്പിക്കാൻ ഏകനായ ഇലാഹിനോട് ഞാൻ കാവൽ തേടുന്നു എന്നു പ്രാർത്ഥിക്കണം കുഞ്ഞിനെ പ്രസവിക്കപ്പെടുമ്പോൾ ഒരു പ്രത്യേക പ്രകാശം പുറപ്പെടുന്നതാണ് ശാം നാടുകളിലെ ബുസ്വ് റാ കൊട്ടാരങ്ങളും മറ്റു പല കാഴ്ചകളും അതിൽ നിങ്ങൾക്കു കാണാവുന്നതാണ് കുഞ്ഞിനെ പ്രസവിക്കപ്പെട്ടാൽ 'മുഹമ്മദ് ' എന്ന് നാമകരണം ചെയ്യണം തൗറാത്തിലും ഇഞ്ചീലിലും ആ മകന്റെ നാമം 'അഹ്മദ് ' എന്നാണ് ഫുർഖാനിൽ 'മുഹമ്മദ് ' എന്നുമാണ് നാമം (സീറത്തുബ്നി ഹിശാം: 1/293) 

ഇമാം ത്വബ് രി (റ) ഉദ്ധരിക്കുന്നു: 'തിരുനബി (സ) ക്ക് മുലയൂട്ടിയ ഹലീമ (റ) യോട് മാതാവ് ആമിന (റ) പറഞ്ഞു: 'എന്റെ മോൻ ഗർമത്തിലിരിക്കവെ എന്നിൽനിന്ന് ഒരു ഒളി പുറത്തുവരുന്നതായി ഞാൻ സ്വപ്നം കണ്ടു സുഖകരമായിരുന്നു എന്റെ ഗർഭകാലം സാധാരണ ഗർഭിണികൾ അനുഭവിക്കുന്ന ഞെരുക്കങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല ' തുടർന്ന് ഇമാം ത്വബരി (റ) ഒരു ഹദീസ് ഉദ്ധരിച്ചു 'ശദ്ദാദ് ബ്നു ഔസ് (റ) പറയുന്നു: ഞങ്ങൾ പ്രവാചക സവിധത്തിൽ കൂടിയിരിക്കവെ ബനൂ ആമിർ വംശജനായ ഒരു വൃദ്ധൻ കടന്നുവന്ന ഗോത്രത്തലനും സർവ്വാദരണീയനുമായ അദ്ദേഹം ഒരു വടി കുത്തിപ്പിടിച്ചാണ് വന്നത് അദ്ദേഹം നബി (സ) യുടെ മുന്നിൽ വന്നിരുന്നു പറഞ്ഞു: 'അബ്ദുൽ മുത്വലിബിന്റെ പുത്രാ, താങ്കൾ നബിയായി വാദിക്കുന്നത് കേട്ടു ഇബ്റാഹീം, മൂസാ, ഈസാ എന്നിവരെ നിയോഗിച്ച പടച്ചവനാണോ താങ്കളെയും നിയോഗിച്ചത് പൂർവ്വകാല പ്രവാചകന്മാരിൽ പലരും ഇസ്റാഈൽ സന്തതികളിൽ നിന്നാണ് ഉദയം കൊണ്ടത് താങ്കളെങ്ങനെ ഈ വിഗ്രഹാരാധകരുടെ ഇടയിൽ നിന്നു നബിയായി വന്നു? താങ്കൾക്കും പ്രവാചകത്വ പദവിക്കും തമ്മിലെന്താണു ബന്ധം? എല്ലാ കാര്യങ്ങൾക്കും ഒരു യാഥാർത്ഥ്യമുണ്ടായിരിക്കും താങ്കളുടെ വാദത്തിന്റെ യാഥാർത്ഥ്യമെന്താണ്?'

വൃദ്ധന്റെ ചോദ്യം തിരുനബി (സ) ക്ക് ഇഷ്ടപ്പെട്ടു അവിടുന്നു പറഞ്ഞു: 'ബനൂ ആമിറിലെ സഹോദരാ, എന്റെ വർത്തമാനങ്ങൾ താങ്കൾ വിശദമായി കേൾക്കുക' ഇതുകേട്ട വൃദ്ധൻ രണ്ടു കാലും നീട്ടി ഒട്ടകം മുട്ടുകുത്തി ഇരിക്കുംപ്രകാരമായിരുന്നു നബി (സ) പറഞ്ഞു: 'സഹോദരാ, എന്റെ വാദങ്ങളുടെ യാഥാർത്ഥ്യവും എന്റെ കാര്യങ്ങളും ആരംഭവും എന്താണെന്നല്ലേ? എന്റെ പിതാമഹൻ ഇബ്റാഹീമിന്റെ പ്രാർത്ഥനാ സാക്ഷാൽകാരമാണ് ഞാൻ എന്റെ സഹോദരൻ ഈസായുടെ സുവിശേഷവും എന്റെ ഉമ്മയുടെ ഏക പുത്രനാണ് അവർ ഗർഭം ധരിച്ചപ്പോൾ (ആദ്യഘട്ടത്തിൽ) ചില വിഷമങ്ങളെല്ലാം അനുഭവിച്ചിരുന്നു കൂട്ടുകാരികളോടെല്ലാം അവർ പരാതിപ്പെടുകയും ചെയ്തിരുന്നു പിന്നീട് അവർക്ക് ഒരു സ്വപ്നദർശനമുണ്ടായി അവരുടെ ഉദരത്തിലുള്ളത് പ്രകാശമാണെന്ന് അവർ പറഞ്ഞിരുന്നു എന്റെ ദൃഷ്ടി ആ പ്രകാശത്തെ പിന്തുടർന്നു എന്നാൽ ആ പ്രകാശം ദൃഷ്ടിയെ അതിജയിക്കുന്നതായിരുന്നു പ്രസ്തുത പ്രകാശത്തിൽ ഞാൻ ഉദയാസ്തമയങ്ങൾക്കിടയിലുള്ള പ്രദേശങ്ങളെല്ലാം കണ്ടു പിന്നീട് അവർ എന്നെ പ്രസവിച്ചു (താരീഖുത്വബരി: 1/456)

ഇമാം ഖസ്ത്വല്ലാനി (റ) രേഖപ്പെടുത്തുന്നു: തിരുനബി (സ) മഹതി ആമിന ബീവി (റ) യുടെ ഗർഭാശയത്തിൽ പൂർണമായ ഒമ്പത് മാസമാണ് കഴിഞ്ഞത് അക്കാലത്ത് സാധാരണ രീതിയിലുണ്ടാകുന്ന ഒരു വിഷമമോ വേദനയോ മഹിക്കുണ്ടായിരുന്നില്ല (അൽ മവാഹിബുല്ലദുന്നിയ്യ: 1/63)

തിരുനബി (സ) പറഞ്ഞു: മാതാവ് എന്നെ പ്രസവിച്ചപ്പോൾ അവരിൽനിന്ന് ഒരു പ്രകാശം വെളിപ്പെട്ടു ശാമിലെ ബുസ്വ് റാ കൊട്ടാരങ്ങൾ ആ പ്രകാശത്തിൽ തിളങ്ങുന്നതായി അവർ കണ്ടു (ദലാഇലുന്നുബുവ്വ: 1/80) 

സ്വഹാബിവര്യനായ ഉസ്മാന് ബ്നു അബുൽ ആസ്വ് (റ) പറയുന്നു: എന്റെ മാതാവ് തിരുനബി (സ) ഭൂജാതരായ രാത്രിയിൽ ആമി ബീവി (റ) യുടെ വീട്ടിലുണ്ടായിരുന്നു അവർ പറഞ്ഞു: തിരുപ്പിറവിയുടെ സമയം അടുത്തപ്പോൾ വീട്ടിലുള്ള എല്ലാ വസ്തുക്കളും പ്രകാശിക്കുന്നത് കാണാമായിരുന്നു ഞാൻ പുറത്തിറങ്ങി നോക്കിയപ്പോൾ അവിടെയും പ്രകാശം ഞാൻ ആകാശത്തിലേക്ക് ശ്രദ്ധിച്ചു നക്ഷത്രങ്ങൾ ഭൂമിയോട് വളരെ അടുത്തിരിക്കുന്നതായി എനിക്കു അനുഭവപ്പെട്ടു നക്ഷത്രങ്ങൾ എന്റെ തലയിൽ വീഴുമോ എന്ന് ഞാൻ ശങ്കിച്ചുപോയി തിരുനബി (സ) ഭൂമിയിലേക്ക് ഭൂജാതനായപ്പോൾ ആമിന ബീവി (റ) യിൽ നിന്ന് ഒരു പ്രകാശം പ്രഭ പരത്തി വീടും പരിസരവും ആ പ്രകാശത്താൽ നിറഞ്ഞുനിന്നു (അൽ ഇസ്വാബ ഫീ തമ്മീസി സ്വഹാബ: 8/67, അൽ ബിദായത്തു വന്നിഹായ: 2/264)  

തിരുനബി (സ) തന്റെ ആറാം വയസ്സിൽ മാതാവൊത്ത് മദീനയിൽ ചെന്നതു വഴി പിൽക്കാലത്ത് തന്റെ ആവാസ കേന്ദ്രമാകാൻ പോകുന്ന പുണ്യപ്രദേശത്ത് ശൈശവ ദശയിൽ തന്നെ കാലുറപ്പിക്കുന്ന പുതിയൊരു യാദൃശ്ചികതക്ക് കൂടി ചരിത്രം സാക്ഷിയാവുകയാണ് 

കാലങ്ങൾക്ക് ശേഷം തന്റെ പിതാമഹിയുടെ നാട്ടിൽ പിതാവിന്റെ ഖബറിടത്തിനു ചാരെ, മദീന പ്രദേശത്ത് തിരുനബി (സ) പലായനം ചെയ്തു വന്നെത്തുന്നു അവിടം പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായി മാറുന്നു 

ഉറ്റവരുടെ ഖബർ സന്ദർശിക്കുന്ന സമ്പ്രദായം ഇസ്ലാമിക കാലഘട്ടത്തിനു മുമ്പും അറബികൾക്കിടയിൽ പതിവുണ്ടായിരുന്നു യൗവ്വനത്തിൽ തന്നെ വിട്ടുപിരിഞ്ഞ സ്നേഹനിധിയായ ഭർത്താവ് അബ്ദുല്ലയുടെ ഖബറിടം സന്ദർശിക്കുവാൻ ആമിന (റ) മുമ്പും മദീനയിൽ പോയിരുന്നതായി ചില ചരിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട് അബ്ദുൽ മുത്വലിബിന്റെ കൂടെയായിരുന്നു അവരുടെ മദീന യാത്ര 'എല്ലാ വർഷവും ആമിന ബീവി (റ) മദീനയിലുള്ള ഭർത്താവിന്റെ ഖബറിടം സന്ദർശിച്ചിരുന്നു ' എന്ന് രേഖപ്പെടുത്തിയത് പ്രമുഖ ചരിത്രകാരനായ യാഖൂത്തുൽ ഹമവിയാണ് (യാഖൂത്തുൽ ഹമവി- മുഅ്ജമുൽ ബുൽദാൻ: 1/79) 

തിരുനബി (സ) ക്ക് ആറു വയസ്സുള്ളപ്പോൾ ആമിന ബീവി (റ) കുഞ്ഞിനെയും കൂട്ടി മദീനയിലേക്കു യാത്ര നടത്തിയ വിവരണവും തിരിച്ചുവരുമ്പോൾ 'അബവാഅ് ' എന്ന പ്രദേശത്ത് അവർ വാഫാത്തായതും പ്രമുഖ ചരിത്രകാരന്മാരെല്ലാം നിവേദനം ചെയ്തിട്ടുണ്ട് (സീറത്തു ഇബ്നു ഇസ്ഹാഖ്: 1/42) 

ആമിനാ ബീവി (റ) യുടെ അവസാന മദീനാ സന്ദർശനത്തിൽ അവർക്കു കൂട്ടിനുണ്ടായിരുന്നത് ആറു വയസ്സുകാരനായ ഓമന മകനായിരുന്നു കൂടെ ഭൃത്യയായ ഉമ്മു അയ്മൻ (റ) എന്ന മഹതിയുമുണ്ട് രണ്ടു ഒട്ടകപ്പുറത്തായിരുന്നു അവരുടെ യാത്ര പിഞ്ചു മകന്റെ കൂടെയുള്ള അവരുടെ യാത്ര സുഖകരമായി മദീനയിൽ ചെന്നെത്തി മദീനയിലെ 'നാബിഗ ' യുടെ വസതിയിലാണ് അവർ താമസിച്ചത് ഒരു മാസത്തോളം ഉമ്മയും മകനും മദീനയിൽ താമസിക്കുകയുണ്ടായി 

ഭൂരിപക്ഷം ചരിത്രകാരന്മാരും രേഖപ്പെടുത്തിയത് ആമിനാ ബീവി (റ) യുടെ കൂടെ തിരുനബി (സ) യും ഭൃത്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ചരിത്രാവതരണ പശ്ചാത്തലത്തിൽ നിന്ന് അതാണ് വസ്തുതയെന്നും മനസ്സിലാകുന്നു എന്നാൽ യാഖൂത്തുൽ ഹമവിയും മറ്റു ചിലരും അവരുടെ കൂടെ അബ്ദുൽ മുത്വലിബും അനുഗമിച്ചിരുന്നതായി രേഖപ്പെടുത്തി കാണുന്നു (യാഖൂത്തുൽ ഹമവി - മുഅ്ജമുൽ ബുൽദാൻ: 1/79) 

ഈ അഭിപ്രായം ശരിയാകാനുള്ള സാധ്യത വളരെ കുറവാണ് ശരിയാണെങ്കിൽ തന്നെ അവരുടെ മടക്കയാത്രയുടെ മുമ്പ് അബ്ദുൽ മുത്വലിബ് മക്കയിലേക്കു തിരിച്ചു പോയിരിക്കണം ചരിത്ര പശ്ചാത്തലവും മറ്റു രേഖകളും അതിലേക്കാണ് വിരൽ ചൂണ്ടുന്നത് 

മദീനയിൽ ആമിനാ ബീവി (റ) യും പുണ്യപുത്രനും താമസിച്ചുവെന്ന് ചരിത്രകാരന്മാരെല്ലാവരും പറയുന്ന 'ദാറുന്നാബിഗഃ' (നാബിഗയുടെ വസതി) ഏതാണ്? 

'നാബിഗ' എന്ന വ്യക്തി ബനുന്നജ്ജാർ ഗോത്രത്തിലെ ബനൂ അദിയ്യ് വംശത്തിൽപ്പെട്ട ഒരാളാണ് നബി (സ) യുടെ പിതൃ- മാതാഹി സൽമഃയുടെ കുടുംബക്കാരാണിവർ നാബിഗഃയുടെ വസതി എന്ന പേരിൽ വിശ്രുതമായ ഈ വസതി നബി (സ) യുടെ ജീവിത കാല ശേഷവും വളരെക്കാലങ്ങൾ നശിപ്പിക്കപ്പെടാതെ സംരക്ഷിക്കപ്പെട്ടിരുന്നതായി ഇമാം ത്വബരി (റ), ഇമാം ഇബ്നു സഅ്ദ് (റ) എന്നിവർ പ്രസ്താവനകൾ സൂചിപ്പിക്കുന്നുണ്ട് പ്രസ്തുത വീട് സ്ഥിതിചെയ്തിരുന്ന കൃത്യമായ സ്ഥല വിവരണം ഇവരുടെ ഗ്രന്ഥങ്ങളിൽ കാണാം (താരീഖുത്ത്വബരി: 1/501) 

നാബിഗഃയുടെ ഈ വസതിയോടു ചേർന്നുള്ള ചെറിയൊരു മുറിക്കകത്താണ് നബി (സ) യുടെ പിതാവിനെ ഖബറടക്കം ചെയ്തത് ഇമാം ത്വബരി (റ) എഴുതുന്നു: 'ദാറുന്നാബിഗഃയിലേക്ക് കടന്നുചെല്ലുമ്പോൾ വീടിന്റെ ഇടതു വശത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു വീടുണ്ട് അതിലാണ് അബ്ദുല്ല (റ) വിനെ മറമാടിയത് (ത്വരീഖുത്ത്വബരി: 1/458) 

ഇമാം ഇബ്നു സഅ്ദ് (റ) എഴുതുന്നു: 'അബ്ദുല്ല (റ) വിനെ മറവു ചെയ്യപ്പെട്ടത് ദാറുന്നാബിഗഃയിലാണ് ബനുന്നജ്ജാർ ഗോത്രത്തിലെ ബനൂ അദിയ്യിൽപ്പെട്ട ഒരാളുടെ പേരാണ് നാബിഗഃ നാബിഗഃയുടെ വീട്ടിലേക്കു പ്രവേശിക്കുമ്പോൾ ഇടതു വശത്തു സ്ഥിതിചെയ്യുന്ന ആ കൊച്ചു വീട്ടിനുള്ളിലാണ് ഖബറിന്റെ സ്ഥാനം (ത്വബഖാത്തു ബ്നു സഅ്ദ്: 1/99) 

തിരുനബി (സ) യും മാതാവും മദീനയിൽ പോയതിന്റെ മുഖ്യലക്ഷ്യം പിതാവിന്റെ ഖബർ സിയാറത്ത് തന്നെയായിരുന്നു പ്രസ്തുത ഖബറിനു ചേർന്നു സ്ഥിതിചെയ്യുന്ന വീട്ടിലാണ് അവർ ഒരു മാസക്കാലത്തോളം താമസിച്ചിരുന്നത് (അൽ ഖസ്വാഇസ്വുൽ കുബ്റാ: 1/134) 

മദീനയിൽ താമസിച്ച ഒരു മാസക്കാലയളവിലുണ്ടായ ചില അനുഭവങ്ങളെക്കുറിച്ച് പിൽക്കാലത്ത് നബി (സ) വെളിപ്പെടുത്തിയതായ മറ്റൊരു ഹദീസ് ഇപ്രകാരമുണ്ട്: 

'ഞങ്ങൾ അന്നു മദീനയിൽ കഴിഞ്ഞുകൂടുമ്പോൾ ഒരിക്കൽ ഒരു ജൂതൻ എന്നെ വല്ലാതെ നിരീക്ഷിച്ചു ശേഷം അയാൾ ചോദിച്ചു: 'മോനേ, നിന്റെ പേരെന്താണ്?' ഞാൻ പറഞ്ഞു: 'അഹ്മദ് ' പിന്നീടയാൾ എന്റെ മുതുകത്തേക്കു ശ്രദ്ധിച്ചു ശേഷം അയാൾ പറയുന്നതായി ഞാനിങ്ങനെ കേട്ടു: 'ഇത് ഈ സമുദായത്തിന്റെ നബിയാകുന്നു ' തുടർന്ന് ജൂതൻ എന്റെ അമ്മാവന്മാരെ സമീപിച്ചു അവരോട് അക്കാര്യം പറഞ്ഞു അവർ എന്റെ ഉമ്മയോട് കാര്യങ്ങളെല്ലാം പറഞ്ഞു ഇതുകേട്ട് അവർക്കു ഭയം തോന്നി ഏറെത്താമസിയാതെ ഞങ്ങൾ മദീനയിൽ നിന്നു പുറപ്പെട്ടു (ദലാഇലുന്നുബുവ്വ: 1/118) 

ഉമ്മു അയ്മൻ (റ) പറയുന്നതായി ഇപ്രകാരം കാണാം: 'അന്നൊരിക്കൽ ഞങ്ങൾ മദീനയിലായിരിക്കവെ രണ്ടു ജൂതന്മാർ എന്റെയടുത്തു വന്നു നട്ടുച്ച സമയമായിരുന്നു അത് അവർ എന്നോടു കൽപിച്ചു 'അഹ്മദിനെ പുറത്തേക്കു കൊണ്ടുവരൂ' ഞാൻ തിരുനബി (സ) യെ അവർക്കു കാണിച്ചു അൽപം നിരീക്ഷിച്ച ശേഷം അവരിരുവരും കുട്ടിയെ ചുംബിച്ചു അവർ പരസ്പരം പറയുന്നുണ്ടായിരുന്നു: 'ഇത് ഈ സമുദായത്തിൽ പ്രത്യക്ഷപ്പെടാനിരിക്കുന്ന നബിയത്രെ! ഈ നാട് ഇദ്ദേഹത്തിന് ഹിജ്റ വരാനുള്ളതും ഈ പ്രദേശത്ത് എന്തെല്ലാം കഥകൾ നടക്കാനിരിക്കുന്നു യുദ്ധവും കൊലയും തടവിലാക്കലും വേറെയും മഹത്തരായ എന്തെല്ലാം മഹാ സംഭവങ്ങൾ നടക്കാനിരിക്കുന്നു ' ഉമ്മു അയ്മൻ (റ) തുടരുന്നു: അവരുടെ സംസാരങ്ങളെല്ലാം ഞാൻ സസൂക്ഷ്മം ഗ്രഹിച്ചു ഈ വക വിവരങ്ങളെല്ലാം അറിഞ്ഞപ്പോൾ അവന്റെ ഉമ്മക്ക് ആശങ്ക വർധിച്ചു ഞങ്ങൾ വേഗം മദീനയിൽ നിന്നു പുറപ്പെട്ടു (ദലാഇലുന്നുബുവ്വ: 1/119) 

തിരുനബി (സ) യുടെ മാതാവിനും ഭൃത്യയായ ഉമ്മു അയ്മൻ (റ) ക്കും മദീന വിടാൻ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളിലൊന്ന് അത്ഭുത ബാലനെ സംരക്ഷിക്കുന്നതിനു പകരം നശിപ്പിക്കുവാൻ ജൂത മതനേതൃത്വം ശ്രമിക്കുന്നതിനാലാണ് 'ഈ കുട്ടിയെ തിരിച്ചറിയുന്ന പക്ഷം ജൂതന്മാർ കൊന്നുകളയുമെന്ന് ഞാൻ ഭയപ്പെടുന്നുവെന്ന് ' പല വേദപണ്ഡിതന്മാരും അറിയിച്ചിരുന്നു മാതാവിനും ഭൃത്യക്കും ഇതു ശരിക്കും ബോധ്യപ്പെട്ടിരുന്നു  

തിരുനബി (സ) യെ തിരിച്ചറിഞ്ഞ ജൂതന്മാരിൽ ചിലർ അസൂയക്കണ്ണ് കൊണ്ടാണ് കുട്ടിയെ നിരീക്ഷിച്ചത് 'കുട്ടിയെ വേഗം മക്കയിലേക്കു കൊണ്ടുപോകുന്നതാണ് നല്ലതെന്ന് അമ്മാവന്മാരും അഭിപ്രായപ്പെട്ടിരുന്നു 

ഉമ്മു അയ്മൻ (റ) പറയുന്നു: ജൂത പുരോഹിതന്മാരിൽ ചിലർ കുട്ടിയെ തിരിച്ചറിയുകയും വരാൻ പോകുന്ന നബിയാണിതെന്ന് പറയുകയുമുണ്ടായി അവർ കാര്യങ്ങൾ ആമിനാ ബീവി (റ) യെ അറിയിക്കുകയും ചെയ്തു അപ്പോൾ ഭയപ്പെടുകയും ഉടനടി മദീന വിടുകയും ചെയ്തു (ദലാഇലുന്നുബുവ്വ: 1/119)   
 


ആമിനാ ബീവി (റ) യുടെ വഫാത്ത് 

തിരുനബി (സ), ആമിനാ ബീവി (റ), ഉമ്മു അയ്മൻ ബറകാത്തുൽ ഹബ്ശി (റ) എന്നിവർ മക്കയിലേക്ക് യാത്ര തിരിക്കുകയാണ് മദീനയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള അബവാഇൽ എത്തിച്ചേർന്നു ആമിനാ ബീവി (റ) ക്ക് കലശലായ പനി ബാധിച്ചു യാത്ര തുടരാൻ കഴിയാതെ അവരവിടെ കൂടാരം കെട്ടി താമസിച്ചു ആ പ്രദേശത്തുള്ള ചിലർ ഗ്രാമീണർ അവർക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു ലക്ഷ്യസ്ഥാനമായ മക്കയിലെത്താൻ ഇനിയും മുന്നൂറുലധികം മൈൽ സഞ്ചരിക്കണം ആമിനാ ബീവി (റ) ക്ക് പിടിപെട്ടത് അതിശക്തമായ പനിയും 

ഉമ്മു അയ്മൻ (റ) പറയുന്നു: ആമിനാ ബീവി (റ) യുടെ വഫാത്തു സമയത്ത് ഞാൻ അടുത്തു തന്നെയുണ്ടായിരുന്നു മഹതി തിരുനബി (സ) യുടെ മുഖത്തേക്ക് കുറേ നേരം നോക്കി ശേഷം പൊന്നോമന മകനെ ശരീരത്തോട് ചേർത്തുപിടിച്ചു എന്നിട്ട് മഹതിയൊരു കവിത ചൊല്ലി (അൽ ഖസ്വാഇസ്വുൽ കുബ്റ: 1/135) 

ആമിന ബീവി (റ) അവിടെ വെച്ചു തന്നെ വഫാത്തായി മഹതിയെ അബവാഇൽ തന്നെ മറമാടി ആ ഗ്രാമവാസികൾ വേണ്ട സഹായങ്ങളെല്ലാം ചെയ്തു കൊടുത്തു 

മദീനയിൽ നിന്ന് 150 കിലോമീറ്റർ ദൂരമാണ് അബവാഇലേക്കുള്ളത് മക്കയിൽ നിന്നും ബദ്ർ വഴിക്കു പോകുന്ന പഴയ റോഡിൽ റാബഗ് കഴിഞ്ഞാൽ കാണുന്ന പട്ടണമാണ് മസ്തൂറ ഈ പട്ടണം കഴിഞ്ഞ് മെയിൻ റോഡിലൂടെ കുറച്ചു ദൂരം പിന്നിട്ടാൽ വലതു ഭാഗത്തേക്കുളള ചെറിയ റോഡ് അബവാഇലേക്കുള്ളതാണ് മെയിൻ റോഡിൽ നിന്നും 31 കിലോമീറ്റർ യാത്ര ചെയ്താൽ അബലാഇലെത്താം അവിടെ ചെറിയ അങ്ങാടിയെത്തുംമുമ്പ് റോഡിന്റെ ഇടതു വശത്ത് കുറച്ചു ഉയർന്ന പ്രദേശത്താണ് ആമിനാ ബീവി (റ) യുടെ പുണ്യഖബ്റിടം സ്ഥിതിചെയ്യുന്നത് 

തിരുനബി (സ) യെയും കൊണ്ട് ശേഷം ഉമ്മു അയ്മൻ (റ) മക്കയിലേക്കു തന്നെ യാത്ര തിരിച്ചു അഞ്ചു നാൾ അബവാഇൽ തങ്ങിയതിനു ശേഷമായിരുന്നു ഈ യാത്ര മക്കയിലെത്തിയ അവർ തിരുനബി (സ) യെ അബ്ദുൽ മുത്വലിബിനെ ഏൽപിക്കുകയായിരുന്നു എന്നാൽ പിൽക്കാലത്ത് തിരുനബി (സ) അബവാഇൽ മാതാവിന്റെ ഖബ്റിടത്തിൽ വന്നിരുന്നു 

ഇമാം അഹ്മദ് (റ) രേഖപ്പെടുത്തുന്നു: ബുറയ്ദ (റ) പറയുന്നു: ഞങ്ങൾ നബി (സ) യുടെ കൂടെ ഒരു യാത്രയിലായിരുന്നു അബവാഅ് പ്രദേശത്ത് ഒരിടത്തെത്തിയപ്പോൾ അവിടുന്ന് ഞങ്ങളോട് ഇറങ്ങുവാൻ പറഞ്ഞു തിരുനബി (സ) യും ഇറങ്ങി ഞങ്ങൾ ആയിരത്തോളം വാഹനക്കാരുണ്ടായിരുന്നു തിരുനബി (സ) ഇടതും വലതുമെല്ലാം ശ്രദ്ധിച്ചു നോക്കുന്നുണ്ടായിരുന്നു 

ശേഷം ഒരു ഖബ്റിനടുത്തു ചെന്നു അതിനു മുമ്പായി അവിടുന്ന് വുളൂ ചെയ്തു രണ്ട് റക്അത്ത് നിസ്കരിച്ചിരുന്നു ഖബ്റിന്നരികിൽ വെച്ച് അവിടുന്ന് ദീർഘനേരം കരയുകയുണ്ടായി തുടർന്ന് ഞങ്ങളുടെ അടുത്തു വന്നപ്പോഴും കരയുന്നുണ്ടായിരുന്നു ഞങ്ങൾ ചോദിച്ചു: എന്തിനാണ് അവിടുന്ന് കരയുന്നത്? നബി (സ) പറഞ്ഞു: എന്റെ മാതാവിന്റെ ഖബ്റിന്നടുത്ത് വെച്ച് കരയുന്നതാണ് നിങ്ങൾ കണ്ടത് എന്റെ റബ്ബിനോട് അവരുടെ ഖബ്റിടം സന്ദർശിക്കുവാൻ അനുവാദം തേടിയപ്പോൾ അവൻ അനുവാദം തന്നു (മുസ്നദ്: 5/533) 

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു: ഒരിക്കൽ നബി (സ) ഖബ്ർസ്ഥാനിലേക്കു ചെന്നു ഞങ്ങളും അവിടുത്തെ അനുഗമിച്ചു ഞങ്ങളോട് ഒരിടത്തിരിക്കുവാൻ കൽപിച്ചപ്പോൾ ഞങ്ങൾ അവിടെ ഇരുന്നു പിന്നീട് തിരുനബി (സ) പല ഖബ്റുകളും കടന്ന് ഒരു ഖബ്റിനടുത്ത് നിൽപ്പുറപ്പിച്ചു ദീർഘനേരം അവിടുന്ന് സംഭാഷണം നടത്തുന്നുണ്ടായിരുന്നു പിന്നീട് തിരുനബി (സ) കരഞ്ഞു അവിടുന്ന് കരയുന്ന ശബ്ദം കേട്ടപ്പോൾ ഞങ്ങളെല്ലാവരും കരയുകയുണ്ടായി ശേഷം നബി (സ) ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ ഉമർ (റ) വിഷയം അന്വേഷിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: ഞാൻ സംഭാഷണം നടത്തുന്നതും കരയുന്നതും നിങ്ങൾ കണ്ട ഖബ്റുണ്ടല്ലോ, അത് എന്റെ മാതാവ് ആമിന ബീവി (റ) യുടെ ഖബ്റാണ് അവരെ സന്ദർശിക്കുവാൻ എന്റെ റബ്ബ് എനിക്ക് അനുവാദം തരുകയുണ്ടായി (അൽ ബിദായത്തു വന്നിഹായ: 2/280) 

ഇമാം സുഹൈലി (റ) രേഖപ്പെടുത്തുന്നു: ആഇശ (റ) പറയുന്നു: നബി (സ) ഞങ്ങളൊന്നിച്ച് അവസാന ഹജ്ജിന് പുറപ്പെട്ടു വഴിയിലൊരിടത്തുവെച്ച് നബി (സ) യെ വല്ലാതെ ദുഃഖിതരായി കാണപ്പെട്ടു അവിടുന്ന് കരയുന്നുണ്ടായിരുന്നു തിരുനബി (സ) യുടെ കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞു 

കുറെ കഴിഞ്ഞപ്പോൾ അവിടുന്ന് മടങ്ങിവന്നു ആഹ്ലാദഭരിതനും അതിസന്തോഷവാനുമായിരുന്നു അപ്പോൾ തിരുനബി (സ) എന്തൊരു പുഞ്ചി! ഞാൻ ചോദിച്ചു: 'എന്റെ മാതാ- പിതാക്കളെ അങ്ങേക്കു സമർപ്പിക്കുവാൻ ഞാൻ തയ്യാറാണ് അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞുപോയി ഇപ്പോഴിതാ അങ്ങ് തിരിച്ചു വരുന്നത് എന്തൊരു സന്തോഷത്തിലാണ് അങ്ങയെ വല്ലാതെ സന്തോഷിപ്പിച്ച കാര്യം എന്താണ്?'

അപ്പോൾ തിരുനബി (സ) പറഞ്ഞു: ഞാൻ എന്റെ ഉമ്മയുടെ ഖബ്റിന്നരികിലേക്ക് പോയതായിരുന്നു അവരെ ജീവിപ്പിച്ചു തരുവാൻ അല്ലാഹുവിനോട് ഞാൻ ആവശ്യപ്പെട്ടു അപ്പോൾ അല്ലാഹു അവരെ പുനർജീവിപ്പിച്ചു തരികയും അവർ എന്നിൽ വിശ്വസിക്കുകയും ചെയ്തു ശേഷം അല്ലാഹു അവരെ മടക്കിവിളിക്കുകയും ചെയ്തു (റൗളുൽ ഉനൂഫ്: 2/299) 

ഇമാം ഖുർത്വുബി (റ) എഴുതുന്നു: തിരുനബി (സ) യുടെ മഹത്വങ്ങൾ ഉന്നതമായി തുടർന്നു കൊണ്ടിരിക്കുകയാണ് അവിടുത്തെ മാതാപിതാക്കളെ പുനർജീവിപ്പിച്ചതും അതിൽപ്പെട്ടതാണ് മരിച്ചവരെ പുനർജീവിപ്പിച്ച പല സംഭവങ്ങളും ഖുർആനിൽ വിവരിച്ചിട്ടുണ്ട് ഇസ്റാഈല്യരിലെ കൊല്ലപ്പെട്ടവരെ പുനർജീവിപ്പിച്ചതും കൊലയാളിയെക്കുറിച്ച് അയാൾ വിവരം നൽകിയതും ഖുർആനിലുണ്ട് 

ഈസാ നബി (അ) മരിച്ചവരെ ജീവിപ്പിച്ചിരുന്നു തിരുനബി (സ) യും ചിലരെ പുനർജീവിപ്പിച്ചിട്ടുണ്ട് ഇതെല്ലാം സ്ഥിരപ്പെട്ടതാണ് (തഫ്സീർ ഖുർത്വുബി: 9/26) 

തിരുനബി (സ) യുടെ പ്രിയ മാതാവ് ആമിനാ ബീവി (റ) യുടെ കാലത്തു തന്നെ ഹലീമാ ബീവി (റ) മുലയൂട്ടിയ സംഭവം പ്രസിദ്ധമാണ് അന്നത്തെ മക്കയിലെ നിലവിലെ സാഹചര്യവും മറ്റും ഈ വിഷയത്തിൽ മനസ്സിലാക്കുന്നത് വളരെയധികം ഉചിതമായിരിക്കുന്നതാണ്.



മുലയൂട്ടൽ 

നവജാത ശിശുക്കളെ മുലയൂട്ടി വളർത്തുവാൻ ഗ്രാമീണ സ്ത്രീകളെ പ്രതിഫലം നൽകി ഏൽപിച്ചു കൊടുക്കുന്ന സമ്പ്രദായം അക്കാലത്ത് സർവ്വസാധാരണയായിരുന്നു മുലയൂട്ടൽ ഒരു തൊഴിലായി സ്വീകരിച്ച നിരവധി സ്ത്രീകൾ അന്ന് ഗ്രാമീണ കുടുംബങ്ങളിലുണ്ടായിരുന്നു പ്രസവിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കുഞ്ഞുങ്ങളെ പ്രതിഫലം നിശ്ചയിച്ച് പോറ്റുവാൻ ഏറ്റെടുക്കുന്ന ഇവർക്ക് സമൂഹത്തിൽ ഉന്നത പദവി തന്നെയുണ്ടായിരുന്നു മുലകുടി ബന്ധത്തിലൂടെയുള്ള മാതാവിനും യഥാർത്ഥ മാതാവിന്റെ തൊട്ടടുത്ത സ്ഥാനം ഇസ്ലാം കൽപിക്കുകയുണ്ടായി 

കുഞ്ഞുങ്ങളെ മുലയൂട്ടാനേൽപ്പിക്കാൻ അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും ലക്ഷണമായാണ് കരുതപ്പെട്ടിരുന്നത് സമ്പന്ന കുടുംബങ്ങളിലാണ് അന്നു ഈ ആചാരം കൂടുതൽ നിലനിന്നിരുന്നത് നബി (സ) യുടെ വളർത്തുമാതാവായ ഹലീമാ ബീവി (റ) യോടൊപ്പം മുലയൂട്ടാൻ അന്വേഷിക്കുന്ന പത്തു സ്ത്രീകൾ ബനൂ സഅ്ദ് ഗോത്രത്തിൽ നിന്നു തന്നെ പുറപ്പെട്ടിരുന്നു എന്ന ചരിത്രം ഈ നാട്ടാചാരത്തിന്റെ വ്യാപ്തി മനസ്സിലാക്കിത്തരുന്നുണ്ട് അഭിമാനികളായ മക്കാനിവാസികൾ ഈ സമ്പ്രദായത്തിലൂടെ കുടുംബത്തിന്റെ അന്തസ്സും പ്രതാപവും ഉയരുമെന്നാണ് സങ്കൽപിക്കുന്നത് 

ഈ സമ്പ്രദായം വ്യാപകമാകാൻ പല കാരണങ്ങൾ പറയപ്പെടുന്നുണ്ട് പ്രധാനമായി ഗ്രാമീണർക്കിടയിലായിരുന്നു അന്ന് അറബി ഭാഷയുടെ തനിമ നിലനിന്നിരുന്നത് പരിശുദ്ധ മക്ക വിവിധ ജനവിഭാഗങ്ങളുടെയും സംസ്കാരത്തിന്റെയും ഭാഷാ ശൈലികളുടെയും സങ്കരമായി മാറിക്കഴിഞ്ഞിരുന്നു 

വിവിധ ദേശക്കാരും ഭാഷക്കാരും കുടിയേറി താമസമാക്കിയതിനാൽ അക്ഷരസ്ഫുടതയും സാഹിത്യ ശുദ്ധിയും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു ഗ്രാമീണ ജനങ്ങളിൽ നിന്നാണ് സാഹിത്യ സാമ്രാട്ടുകളും ഭാഷാ നിപുണരുമെല്ലാം പിറവിയെടുത്തത് ഗ്രാമീണരുടെ ശുദ്ധ ഭാഷ ചെറുപ്രായത്തിൽ തന്നെ പരിചയപ്പെടുക എന്ന ലക്ഷ്യം മുലയൂട്ടാൻ ഏൽപിക്കുന്നതിന്റെ പിന്നിലുണ്ടായിരുന്നു  

തിരുനബി (സ) കുട്ടിക്കാലം കഴിച്ചുകൂട്ടിയത് ബനൂ സഅ്ദ് ഗോത്രം അറബി ഭാഷാ സ്ഫുടതയിലും സാഹിത്യ സമ്പന്നതയിലും പേരുകേട്ട കുട്ടുബങ്ങൾ വസിച്ചിരുന്ന പ്രദേശമായിരുന്നു പിൽക്കാലത്ത് തിരുനബി (സ) പറഞ്ഞു: 'ഞാൻ നിങ്ങളിൽ ഏറ്റവും നല്ല അറബി ഭാഷാ സമ്പന്നനാണ് ഞാൻ ഖുറൈശിയാണ്, ബനൂ സഅ്ദ് ബ്നു ബക്റിലാണ് മുലകുടിച്ച് വളർന്നത് ' (സീറത്തുബ്നി ഹിശാം: 1/172)  



ഹലീമ ബീവി (റ) 

പ്രസിദ്ധമായ ഹവാസിൻ ഗോത്രത്തിലെ ഒരു കുടുംബമാണ് ബനൂ സഅ്ദ് ത്വാഇഫിന്റെ ഉൾപ്രദേശത്ത് താമസിച്ചിരുന്ന ഈ കുടുംബത്തിന്റെ പൂർവ്വ പിതാമഹൻ പ്രസിദ്ധനായ നിസാറിന്റെ പുത്രൻ മുളറാണ് തിരുനബി (സ) യുടെ പതിനെട്ടാം പിതാമഹനായ മുളർ ഹലീമാ ബീവി (റ) യുടെ പതിനാറാം പിതാമഹനാണ് അബൂദുഐബിന്റെ പുത്രി ഹലീമ എന്നാണ് അവർ അറിയപ്പെട്ടിരുന്നത് ഉമ്മു കബ്ശ എന്നും അവർ വിളിക്കപ്പെട്ടിരുന്നു  

ഹലീമ (റ) യുടെ ഭർത്താവ് അബ്ദുൽ ഉസ്സയുടെ പുത്രൻ ഹാരിസായിരുന്നു ഇദ്ദേഹവും ഹവാസിൻ ഗോത്രക്കാരനാണ് അബൂകബ്ശ എന്ന് ഓമനപ്പേരുണ്ട് ഇബ്നു അബീകബ്ശ (അബൂകബ്ശയുടെ മകൻ) എന്ന് തിരുനബി (സ) യെ ഖുറൈശികൾ ചിലപ്പോൾ വിളിക്കാറുണ്ടായിരുന്നത് മുലകുടി ബന്ധത്തിലുള്ള പിതാവിലേക്ക് ചേർത്തുകൊണ്ടായിരുന്നു 

മുലയൂട്ടുവാൻ കുഞ്ഞുങ്ങളെ തേടി ഹലീമാ ബീവി (റ) യും സ്നേഹിതകളും മക്കയിൽ വന്ന കഥ പ്രസിദ്ധമാണ് ഹലീമാ ബീവി (റ) തന്നെ പറഞ്ഞ ആ കഥ ഇങ്ങനെയാണ്: ഞാൻ ബനൂ സഅ്ദിലെ എന്റെ സ്നേഹിതകളൊന്നിച്ച് മുലയൂട്ടാൻ കുഞ്ഞുങ്ങളെ അന്വേഷിച്ച് മക്കയിലേക്ക് പുറപ്പെട്ടു ബനൂ സഅ്ദ് ഗോത്രത്തിലെ പത്തു സ്ത്രീകളുണ്ടായിരുന്നു സംഘത്തിൽ വരൾച്ച മൂലം കൊടും ക്ഷാമം പിടിപ്പെട്ട വർഷമായിരുന്നു അത് ക്ഷീണിച്ചവശയായ ഒരു വെളുത്ത കഴുതപ്പുറത്തായിരുന്നു എന്റെ യാത്ര അതു വളരെ പതുക്കെയാണ് നടന്നു നീങ്ങിയത് അത് എന്റെ സഹയാത്രികർക്ക് വളരെ വിഷമമുണ്ടാക്കി മുലകുടി പ്രായത്തിലുള്ള എന്റെ മകൻ അബ്ദുല്ലയും അവന്റെ ഉപ്പയും കൂടെയുണ്ട് മെലിഞ്ഞൊട്ടിയ പ്രായം ഒരു പെണ്ണൊട്ടകവുമുണ്ടായിരുന്നു ഞങ്ങളുടെ കൂടെ 

കടുത്ത ക്ഷാമം മൂലം ഞാൻ മെലിഞ്ഞു തളർന്നിരുന്നു മുലയിൽ ഒരിറ്റു പാലില്ല ഞങ്ങളുടെ ഒട്ടകവും ഒരു തുള്ളി പാൽ ചുരത്തുന്നില്ല കുട്ടിയുടെ കരച്ചിൽ മൂലം രാത്രി ഒരു പോള കണ്ണടക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല അങ്ങനെ ഞങ്ങൾ മക്കയിൽ എത്തിച്ചേർന്നു  

എന്റെ കൂടെയുണ്ടായിരുന്ന സ്ത്രീകളോടെല്ലാം നബി (സ) യെ ഏറ്റെടുക്കാൻ അവിടുത്തെ കുടുംബക്കാർ കാണിച്ചിരുന്നു എന്നാൽ കുട്ടി അനാഥനാണെന്നറിഞ്ഞപ്പോൾ അവരെല്ലാം വിമുഖത കാണിച്ചു കാരണം, കുട്ടിയുടെ പിതാവിൽ നിന്നും ലഭിക്കുന്ന പ്രതിഫലത്തിലായിരുന്നു ഞങ്ങളുടെ പ്രതീക്ഷ എന്റെ കൂടെ വന്ന എല്ലാ സ്ത്രീകൾക്കും ഓരോ കുട്ടികളെ കിട്ടി എനിക്കു മാത്രം കുട്ടിയെ കിട്ടിയില്ല ഈ കുട്ടി മാത്രമേ പിന്നീട് അവശേഷിക്കുന്നുള്ളൂ  

ഞാൻ എന്റെ ഭർത്താവിനോടു പറഞ്ഞു: 'എനിക്കു മാത്രം കുട്ടിയെ കിട്ടിയില്ലല്ലോ കുട്ടിയെ ലഭിക്കാതെ മടങ്ങേണ്ടിവരുന്നതിൽ എനിക്കു വിഷമം തോന്നുന്നു ഞാൻ അനാഥ ബാഥനെ സ്വീകരിച്ചാലോ?' അദ്ദേഹം പറഞ്ഞു: 'ആ കുട്ടിയെ സ്വീകരിക്കുന്നതിൽ വിഷമമൊന്നുമില്ല അവനിലൂടെ നിനക്കല്ലാഹു പുണ്യങ്ങൾ നൽകിയേക്കാം '

അതനുസരിച്ച് ഞാൻ റസൂൽ (സ) യുടെ വീട്ടിലേക്കു ചെന്നു കുട്ടിയെ സ്വീകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു കുട്ടിയുടെ മാതാവ് ആമിന (റ) പറഞ്ഞു: 'ഹലീമാ, മൂന്നു രാത്രികളിലായി എന്നോട് ആരോ പറയുന്നതായി ഞാൻ കേൾക്കുന്നു: നിന്റെ പുത്രനെ ബനൂ സഅ്ദിൽ അബൂദുഐബിന്റെ വീട്ടിൽ മുലയൂട്ടുവാൻ ഏൽപിച്ചുകൊള്ളുക ' എന്ന് ഇത് കേട്ട ഞാൻ പറഞ്ഞു: 'അതേ, ഞാൻ ബനൂ സഅ്ദിൽ പെട്ടതാണ് എന്റെ ഭർത്താവ് അബൂദുഐബാണ് ' അപ്പോൾ ആമിന (റ) എന്നോട് കുട്ടിയെക്കുറിച്ച് പല കഥകളും പറഞ്ഞു (ഹലീമ ബീവി (റ) മക്കയിലെത്തുന്നതിനു മുമ്പുതന്നെ അബ്ദുൽ മുത്വലിബിനും ബനൂ സഅ്ദിലെ ഹലീമഃയാണ് കുട്ടിക്കു മുലയൂട്ടേണ്ടത് എന്ന സന്ദേശം അശരീരി മുഖേന ലഭിച്ചിരുന്നതായി ഇമാം ഔഫ് (റ) നിവേദനം ചെയ്തിട്ടുണ്ട്) ഞാൻ സന്തോഷപൂർവ്വം കുട്ടിയെ മുലയൂട്ടാൻ ഏറ്റെടുത്തു  

അല്ലാഹുവാണു സത്യം, പ്രിയപ്പെട്ട മോനെ മടിയിൽ വെച്ചു മുലയൂട്ടാൻ ഞാൻ ഒരുമ്പെട്ടപ്പോഴേക്കും ആശ്ചര്യകരമെന്നേ പറയേണ്ടു, രണ്ടു മുലക്കണ്ണുകളിൽ നിന്നും ധാരധാരയായി പാൽ ചുരത്താൻ തുടങ്ങി അല്ലാഹു ഉദ്ദേശിച്ചത്രെ പാൽ! മതിവരുവോളം അതിൽനിന്നു കുടിച്ചു തുടർന്ന് എന്റെ മകൻ അബ്ദുല്ലയും ഇഷ്ടംപോലെ മുലപ്പാൽ കുടിച്ചു അവനും ഉഷാറായി ദാഹവും വിശപ്പും തീർന്നു 

എന്റെ ഭർത്താവ് ഞങ്ങളുടെ പ്രായം ചെന്ന മെലിഞ്ഞൊട്ടിയ  ഒട്ടകത്തെ സമീപിച്ചു അത്ഭുതം! അതിന്റെ അകിട് നിറയെ പാൽ! അതു കറന്നെടുത്തു ഞാനും അദ്ദേഹവും മതിവരുവോളം കുടിച്ചു ദാഹവും വിശപ്പും തീർന്നു തലേന്നാൾ വരെ ഒട്ടും പാൽ ചുരത്താത്ത ഒട്ടകമായിരുന്നു അത്! 

അന്നു രാത്രി ഞങ്ങൾ സുഖമായി അവിടെക്കഴിഞ്ഞു എന്റെ ഓർമയിലെ ഏറ്റവും സുഖകരമായ രാത്രിയായിരുന്നു അത് നേരം പുലർന്നപ്പോൾ ഭർത്താവ് പറഞ്ഞു: 'ഹലീമാ, നീ സ്വീകരിച്ചിരിക്കുന്നത് പുണ്യം നിറഞ്ഞ ഒരു പൈതലിനെയാണ് ' 

ഞാൻ പ്രതികരിച്ചു: 'അതേ.... എനിക്കും അങ്ങനെത്തന്നെ തോന്നുന്നു ' 

ഞങ്ങൾ ബനൂ സഅ്ദ് ഭവനങ്ങളിലേക്ക് പുറപ്പെട്ടു (മക്കയിൽ നിന്ന് എഴുപതോളം കിലോമീറ്റർ അകലെയാണിത്) യാത്രാ വേളയിൽ പിഞ്ചുപൈതലിനെക്കുറിച്ച് ചില ശുഭസൂചനകൾ വേദജ്ഞാനികളിൽ നിന്നും മറ്റും അവർക്ക് ലഭിച്ചിരുന്നതായി ഇമാം സുഹ്രി (റ) രേഖപ്പെടുത്തിയിട്ടുണ്ട് ഹലീമ (റ) യും സംഘവും ജനനിബിഡമായ ഉക്കാള് ഉത്സവച്ചന്തയിലെത്തിച്ചേർന്നു കുഞ്ഞിനെ സൂക്ഷ്മമായി നിരീക്ഷിച്ച ഒരു ജോത്സ്യൻ വിളിച്ചു പറഞ്ഞു: 'ഈ പിഞ്ചു കുഞ്ഞിന് നല്ല ഭാവിയുണ്ട് രാജാധികാരം ഇവന് വന്നു ചേരും' പ്രവചനം കേട്ട ഹലീമ (റ) ക്ക് കുട്ടിയെക്കുറിച്ച് പ്രതീക്ഷകൾ വർധിച്ചു അവർ യാത്ര തുടർന്നു 

ഹലീമ ബീവി (റ) തുടർന്നു: 'ഞാൻ എന്റെ കഴുതപ്പുറത്തു കയറി പിഞ്ചു പൈതലിനെയും മടിയിലിരുത്തി യാത്ര തുടങ്ങി അല്ലാഹുവാണ് സത്യം എന്റെ കഴുതയുടെ സഞ്ചാരവേഗത അസാധാരണമാംവിധം വർധിച്ചു എന്റെ സ്നേഹിതകൾക്കൊന്നും യാത്രയിൽ ഞങ്ങളുടെയടുത്തെത്താൻ കഴിയുന്നില്ല! എന്റെ കഴുതയുടെ ശക്തിയും വേഗതയും കണ്ട അവർ ഭൂരെ നിന്നു വിളിച്ചു പറഞ്ഞു: 'അബൂ ദുഐബിന്റെ പെണ്ണേ, നിൽക്കെടീ, ഇതെന്തൊരു വേഗതയാണ് നിന്റെ കഴുതക്ക്, നീ ഇങ്ങോട്ടു വരുമ്പോൾ കയറിയ ആ ചാവാളിക്കഴുത തന്നെയോ ഇത്?' 

ഞാൻ പറഞ്ഞു: 'അതേ, ഇത് എന്റെ പഴയ കഴുത തന്നെയാണ് ' അവർ പറഞ്ഞു: 'എന്നാൽ അതിന് എന്തോ ഒരു സൗഭാഗ്യം കൈവന്നിരിക്കുന്നു !' 

ഞങ്ങൾ വസതികളിൽ എത്തിച്ചേർന്നു ഇത്രയും ദാരിദ്ര്യവും വരൾച്ചയും അനുഭവപ്പെട്ട മറ്റൊരു രാജ്യത്തെക്കുറിച്ച് ഞാൻ കേട്ടിട്ടില്ല മഴയും വെള്ളവുമില്ലാതെ ഭൂതലമാകെ വീണ്ടുകീറിയിരുന്നു! എന്നാൽ പൊന്നുമോൻ വന്നെത്തിയതോടെ അവസ്ഥകളെല്ലാം പെട്ടെന്ന് മാറിത്തുടങ്ങി അന്നു മുതൽ എന്റെ വീട്ടിലെ ആടുകൾ സന്ധ്യാനേരങ്ങളിൽ മടങ്ങിയെത്താറ് വയറു നിറഞ്ഞും അകിടു നിറഞ്ഞുമാണ് ഞങ്ങൾ അവയെ കറന്നെടുത്ത് സുഭിക്ഷമായി പാൽ കുടിക്കും എന്നാൽ അയൽപക്കത്തുള്ള വീട്ടുകാരുടെ വളർത്തുമൃഗങ്ങളിൽ നിന്ന് ഒരു തുള്ളി പാലും ലഭിച്ചിരുന്നില്ല  

മൃഗങ്ങൾക്കു വെള്ളം കൊടുക്കുവാൻ ഒരിമിച്ചു കൂടുന്ന സ്ഥലങ്ങൾ വീക്ഷിക്കുവാനെത്തുന്ന ഉടമകൾ അവരുടെ ഇടയന്മാരോട് പറയും: നിങ്ങൾ ഹലീമഃയുടെ ആടുകളെ കാണുന്നില്ലേ? അവയുടെ വയറു നിറഞ്ഞു കാണുന്നല്ലോ അകിടുകൾ പാൽ നിറഞ്ഞിരിക്കുന്നല്ലോ നിങ്ങൾക്കെന്തേ ഹലീമഃയുടെ ആടുകളെ മേയ്ക്കുന്നിടത്ത് മേയ്ച്ചുകൂടാ? 

ഹലീമ ബീവി (റ) പറയുന്നു: ഇടയന്മാർ തങ്ങളുടെ ആടുമാടുകളെ എന്റെ ആടുകളുടെ കൂടെ അയച്ചുനോക്കും എന്നാലും ഫലം പഴയതു തന്നെ എന്റെ ആടുകൾ വയറു നിറഞ്ഞു മടങ്ങും അവരുടേതാകട്ടെ വയറൊട്ടിയുമായിരിക്കും 

ഞങ്ങളുടെ വീട്ടിലാകെ എപ്പോഴും വല്ലാത്തൊരു സുഗന്ധം തങ്ങിനിന്നു ആരെങ്കിലും വീട്ടിലേക്കു കടന്നു വന്നാൽ 'കസ്തൂരിയുടെ സുഗന്ധം ആസ്വധിക്കുന്നല്ലോ' എന്നു പറയുമായിരുന്നു അതെല്ലാം എന്റെ മകന്റെ സാന്നിധ്യം കൊണ്ടായിരുന്നു നാട്ടിലുള്ളവർ മുഴുവൻ അവനെ വല്ലാതെ സ്നേഹിച്ചു കണ്ടറിഞ്ഞവർക്കും കേട്ടറിഞ്ഞവർക്കും അവനോട് ഒരു പ്രത്യേക സ്നേഹം ജനിച്ചിരുന്നു നാട്ടിലാർക്കെങ്കിലും വല്ല അസുഖങ്ങളും ബാധിച്ചാൽ അവർ എന്റെ വീട്ടിൽ വരും കുഞ്ഞിന്റെ തിരുകരം പിടിച്ച് രോഗിയുടെ വിഷമം നേരിടുന്ന ഭാഗങ്ങളിൽ സ്പർശിപ്പിക്കും അതോടെ രോഗം ശമിച്ചിരിക്കും ആടുമാടുകൾക്കുണ്ടാകുന്ന രോഗങ്ങൾക്കും ഇപ്രകാരം അവർ പരിഹാരം കണ്ടുതുടങ്ങി 

കുഞ്ഞിന്റെ വളർച്ച പതിവിൽ കവിഞ്ഞ രീതിയിലായിരുന്നു മറ്റു കുട്ടികൾ നടന്നു ശീലിക്കുന്ന പ്രായമെത്തുംമുമ്പ് തന്നെ കുട്ടി നടക്കാൻ തുടങ്ങി സംസാര പ്രായമെത്തുംമുമ്പുതന്നെ സ്ഫുടമായി സംസാരിക്കാനും തുടങ്ങി കുട്ടിയുടെ ഇത്തരം സവിശേഷതകൾ കണ്ട് തദ്ദേശീയരെല്ലാം വല്ലാതെ ആദരിച്ചിരുന്നു ഹലീമഃ ബീവി (റ) യുടെ വലതു മുലയിൽ നിന്നു മാത്രമേ തിരുനബി (സ) മുലപ്പാൽ കുടിച്ചിരുന്നുള്ളൂ ഇടതു മുല തന്റെ സഹോദരൻ അബ്ദുല്ലക്കായി നീക്കിവെച്ചിരുന്നു (അൽ ഖസ്വാഇസ്വുൽ കുബ്റാ: 1/92) 



ഹലീമഃ (റ) യുടെ കുടുംബം

ഹലീമാ ബീവി (റ) യുടെ പിതാവ് ഹാരിസുബ്നു അബ്ദുൽ ഉസ്സയാണ് ഹലീമ (റ) യുടെ മകനായ അബ്ദുല്ല നബി (സ) യുടെ പ്രായക്കാരനായിരുന്നു നബി (സ) യുടെ കൂടെ മുലകുടിച്ചു വളർന്ന ഈ കുട്ടി ളംറത്ത് എന്ന പേരിലാണ് വിളിക്കപ്പെടുന്നത് ഹഫ്സ്വ് എന്നു പേരുള്ള ഒരു പുത്രൻ കൂടി ഇവർക്കുണ്ടായിരുന്നതായി ഇബ്നു ഹജർ (റ) അൽ ഇസ്വാബഃയിൽ പറയുന്നുണ്ട് ഇവർക്കു രണ്ടു പുത്രിമാരുണ്ടായിരുന്നു ഒന്ന്, ഉനൈസഃ, മറ്റൊരാൾ ഖിദാമഃ ശൈമാഅ് എന്നായിരുന്നു ഉനൈസയുടെ ചെല്ലപ്പേര് ഈ നാലുപേരും മുലകുടി ബന്ധാടിസ്ഥാനത്തിൽ നബി (സ) യുടെ സഹോദരങ്ങളാണ് 

ഹലീമഃ (റ) യുടെ മൂത്ത പുത്രി ശൈമാഅ് തിരുനബി (സ) യെ താരാട്ടു പാടി ഉറക്കിയിരുന്നതായും എടുത്തുകൊണ്ടു നടന്നു കളിപ്പിച്ചിരുന്നതായും നിവേദനങ്ങളിൽ കാണാം 

പിൽക്കാലത്ത്- ഹുനൈൻ യുദ്ധത്തിന് ശേഷം- ശൈമാഅ് നബി (സ) യെ സമീപിക്കുകയുണ്ടായി അവർ ബന്ധുക്കളുടെ കൂട്ടത്തിലായിരുന്നു ജേതാവായ തിരുനബി (സ) യോട് അവർ സ്നേഹപൂർവം അറിയിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, ഞാൻ മുലകുടി ബന്ധത്തിൽ അങ്ങയുടെ സഹോദരിയാണ് 

തിരുനബി (സ) ചോദിച്ചു: 'അതിനെന്താണ് അടയാളമുള്ളത്?' ശൈമ പറഞ്ഞു: എന്റെ ചുമലിൽ കുട്ടിക്കാലത്ത് അങ്ങ് കടിച്ചതിന്റെ പാട് ഇപ്പോഴുമുണ്ട് ഞാൻ അങ്ങയെ ചുമലിൽ കയറ്റിയിരുത്തി കളിക്കുകയായിരുന്നു തന്റെ സ്നേഹവത്സലയായ സഹോദരിയുടെ മൊഴി തിരുനബി (സ) ക്ക് ബോധ്യപ്പെട്ടു പൂർവ്വകാല അനുഭവങ്ങൾ തിയുനബി (സ) അനുസ്മരിച്ചു തന്റെ ശൈശവ കാലം ഓർത്തു അവിടുന്നു കരഞ്ഞുപോയി അവിടുത്തെ കണ്ണുകൾ കണ്ണുനീർ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു തിരുനബി (സ) അണിഞ്ഞിരുന്ന ഉത്തരീയം താഴെ വിരിച്ചു കൊണ്ട് അതിൽ വന്നിരിക്കാൻ ശൈമയെ ക്ഷണിച്ചു കുശലങ്ങൾ പറഞ്ഞ ശേഷം തിരുനബി (സ) അവരോടു ചോദിച്ചു: 'സഹോദരിക്കു ഇഷ്ടമെങ്കിൽ ഞങ്ങളോടൊത്ത് കഴിഞ്ഞുകൂടാം സ്വകുടുംബത്തിലേക്കു തന്നെ തിരിച്ചുപോകാനിഷ്ടമെങ്കിൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകാം സൗകര്യങ്ങമുള്ളത് തെരഞ്ഞെടുക്കുക 

അവർ പറഞ്ഞു: അങ്ങ് എന്നെ കുടുംബത്തിലേക്ക് മടങ്ങുവാൻ അനുവദിക്കുക അതാണെനിക്കു സൗകര്യമായിത്തോന്നുന്നത് തിരുനബി (സ) ശൈമാക്ക് പല ഉപഹാരങ്ങളും വരിക്കൊടുത്തു സന്തുഷ്ടമായി അവർ സ്വഭവനത്തിലേക്കു മടങ്ങി (സീറത്തു ബ്നു ഹിശാം: 2/04) 

അങ്ങനെ ശൈമാഅ് അവിടെ വെച്ചുതന്നെ ഇസ്ലാം ആശ്ലേഷിക്കുകയുണ്ടായി തിരുനബി (സ) അവർക്ക് അടിമകളെയും ആടുകളെയും മറ്റും സമ്മാനിച്ചു (സാദുൽ മആദ്: 3/475) 

തിരുനബി (സ) യെ താരാട്ടുപാടിയുറക്കിയ ശൈമായുടെ കഥയും കവിതയും ഇമാം ഇബ്നു ഹജർ (റ) വും മറ്റും നിവേദനം ചെയ്തിട്ടുണ്ട് ശൈമായുടെ താരാട്ടു പാട്ടിന്റെ ആശയം ഇങ്ങനെ സംഗ്രഹിക്കാം: 

'ഞങ്ങളുടെ നാഥാ, എന്റെ സഹോദരൻ മുഹമ്മദിനെ നീ ദീർഘകാലം അവശേഷിപ്പിക്കേണമേ  

ബാല്യത്തിലും കൗമാരത്തിലുമെല്ലാം എനിക്കവനെ കാണുമാറാകണം തെരഞ്ഞെടുക്കപ്പെട്ട നായക പ്രഭുവായിത്തീരണമിവൻ ഇവന്റെ അസൂയാലുക്കളെയും ശത്രുക്കളെയുമെല്ലാം നീ ഒതുക്കണം  

എന്നുമെന്നും നിലനിൽക്കുന്ന പ്രതാപം ഇവനു നീ കനിഞ്ഞരുളേണമേ ' (അൽ ഇസ്വാബ: 7/733) 

ശൈമായുടെ മറ്റൊരു താരാട്ടു ഗീതം ഏതാണ്ടിങ്ങനെ മനസ്സിലാക്കാം: 

'ഇത് എന്റെ ഉമ്മ പ്രസവിക്കാത്ത എന്റെ സഹോദരനാണ്  
എന്റെ ഉപ്പയുടെയും ഇളയുപ്പയുടെയും സന്തതിയുമല്ല വ്യാപകമായ സർവ്വ ദുരന്തങ്ങളിൽ നിന്നും ഇവനെ മോചിപ്പിക്കുവാൻ ഞാൻ സദാ സന്നദ്ധയാണ് 

അല്ലാഹുവേ, ഇവനെ നീ നല്ല പോലെ വളർത്തിത്തരേണമേ' (സീറത്തുൽ ഹലബിയ്യ: 1/167)  

ശൈമയുടെ സ്നേഹവത്സലമായ മറ്റൊരു ഉറക്കുപാട്ട് ഇപ്രകാരമാണ്: 

'മുഹമ്മദ് മനുഷ്യോത്തമനാണ് 
വന്നവരിലും വരാനുള്ളവരിലും ഇങ്ങനെയൊരാളില്ല 
ഹജ്ജും ഉംറയും നിർവ്വഹിച്ചവരിൽ ഉത്തമൻ 
ചന്ദ്രനെക്കാൾ മുഖകാന്തി നിറഞ്ഞവൻ  
ഒരാണും ഒരു പെണ്ണും അവന് തുല്യരായില്ല 
എല്ലാ ശത്രുക്കളെയും അല്ലാഹു ദൂരീകരിക്കട്ടെ 
എനിക്കവൻ വഴി കാണിച്ചു തരട്ടേ... (സുബുലുൽ ഹുദാ വർറശാദ്: 1/464)

ഹലീമ (റ) യുടെ വസതിയിൽ ഗ്രാമീണാന്തരീക്ഷത്തിൽ തിരുനബി (സ) വളർന്നു വലുതായി തിരുനബി (സ) യുടെ മഹനീയ സാന്നിധ്യം നിമിത്തം ബനൂ സഅ്ദ് ഗോത്രത്തിലാകമാനം ക്ഷേമൈശ്വര്യങ്ങൾ കളിയാടി, ഹലീമ (റ) യുടെ നാടും വീടും അനുഗ്രഹങ്ങൾ നിറഞ്ഞു  

തിരുനബി (സ) ക്ക് രണ്ട്  വയസ്സ് പൂർത്തിയാകുംവരെ ഹലീമ ബീവി (റ) മുലയൂട്ടി പിതാമഹനായ അബ്ദുൽ മുത്വലിബ് എല്ലാ വർഷവും കുട്ടിയെ കാണുവാൻ ബനൂ സഅ്ദിയിലെത്തിയിരുന്നതായി ചില ചരിത്ര ഗ്രന്ഥങ്ങളിൽ കാണുന്നുണ്ട് (അൽ ബിദായത്തു വന്നിഹായ: 2/358) 

പിതാമഹൻ അമൂല്യമായ പല സമ്മാനങ്ങളും തന്റെ പൗത്രന്റെ വളർത്തുമാതാവിനു നൽകാറുണ്ടായിരുന്നു ഇമാം ഇബ്നു സഅ്ദ് (റ) ഉദ്ധരിക്കുന്നു: 

'തിരുനബി (സ)  അപ്രകാരം രണ്ടു വർഷം ബനൂ സഅ്ദിൽ  ഹലീമഃ (റ) യുടെ കൂടെ താമസിച്ചു രണ്ടു വയസ്സ് പൂർത്തിയായി മുലകുടി നിർത്തിയപ്പോൾ വളർച്ചയുടെ മേന്മ നിമിത്തം കുട്ടിയിൽ നാലു വയസ്സുകാരന്റെ ആരോഗ്യാവസ്ഥ പ്രകടമായിരുന്നു അപ്പോൾ ഹലീമ (റ) കുഞ്ഞിനെ മാതാവ് ആമിന (റ) ക്കു കാണിക്കുവാനായി മക്കയിലേക്കു പുറപ്പെട്ടു ഹലീമ (റ) ക്കും കുടുംബത്തിനും കുട്ടിയെ മാതാവിനു തിരിച്ചു നൽകുവാൻ തീരെ ആഗ്രഹമില്ലായിരുന്നു അത്രയ്ക്കു അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ഈ കുട്ടി മുഖേന അവർക്കു കൈവന്നിരുന്നു (ത്വബഖാത്ത്, ഇബ്നു സഅ്ദ്: 1/112) 

ഇമാം അബൂനുഐം (റ) ഉദ്ധരിക്കുന്നു: കുട്ടിക്ക് രണ്ട് വയസ്സ് പൂർത്തിയായപ്പോൾ മുലകുടി നിർത്തി ഉമ്മ ആമിനക്കു കുട്ടിയെ കാണിക്കുവാനായി ഹലീമ (റ) മക്കയിലേക്കു പുറപ്പെട്ടു അവർ വാദിസ്സറർ എന്ന മലഞ്ചെരുവിലെത്തി മക്കയിൽ നിന്നു നാലു മൈൽ ദൂരെയുള്ള ഒരു താഴ് വരയാണ് അസ്സറർ എന്ന് യാഖൂത്തുൽ ഹമവി രേഖപ്പെടുത്തിയിരിക്കുന്നു (മുഅ്ജമുൽ ബുൽദാൻ: 3/325) 

അവിടെ എത്യോപ്യക്കാരായ ഒരു യാത്രാസംഘം വിശ്രമിക്കുന്നുണ്ടായിരുന്നു സവിശേഷ സ്വഭാവങ്ങൾക്കുടമയായ തിരുനബി (സ) യെ സംഘത്തിലെ ചിലർ സൂക്ഷിച്ചു നോക്കി കുട്ടിയുടെ ചുമലിൽ ഉണ്ടായിരുന്ന വിശിഷ്ട മുദ്ര അവർ പ്രത്യേകം ശ്രദ്ധിച്ചു അവർ കുട്ടിയെക്കുറിച്ചുള്ള പല വിവരങ്ങളും ചോദിച്ചറിഞ്ഞു കുട്ടിയുടെ നേത്രങ്ങളിൽ കണ്ട പ്രത്യേകം ചുമപ്പ് നിറത്തെക്കുറിച്ചവർ വിശദീകരണം തേടി ഈ ചുമപ്പ് കുട്ടിയുടെ കണ്ണിൽ എപ്പോഴും ഉണ്ടാകാറുണ്ടോ? അത് അവന്റെ കണ്ണുകളിൽ എപ്പോഴുമുള്ളതാണ് ലക്ഷണങ്ങൾ പലതും മനസ്സിലാക്കിയ അവർ പറഞ്ഞു: എന്നാൽ ശ്രദ്ധിക്കണം ഈ കുട്ടി വരാൻ പോകുന്ന നബിയാണ് (ദലാഇലുന്നുബുവ്വ: 1/116) 

തിരുനബി (സ) യെയുമായി വളർത്തുമാതാവ് മക്കയിൽ ആമിന ബീവി (റ) യുടെ വസതിയിലെത്തി ഓമന മകനെ കൺകുളിർക്കെ കണ്ടാസ്വദിച്ച ഉമ്മ അവന്റെ വിസ്മയജനകമായ കഥകളെല്ലാം ഹലീമ (റ) യിൽ നിന്നു പറഞ്ഞുകേട്ടു 

ഇബ്നു കസീർ നിവേദനം ചെയ്യുന്നു ഹലീമ (റ) തുടരുന്നു: അവന്റെ ഉമ്മയോട് ഞാൻ കേണപേക്ഷിച്ചു പൊന്നുമോനെ ഒന്നു കൂടി ഞാൻ കൊണ്ടുപോകട്ടെ ഒരു വർഷം കൂടി എനിക്കവനെ വളർത്താൻ അവസരം തരണം മക്കയിൽ വ്യാപകമായിട്ടുള്ള രോഗങ്ങൾ അവനു പിടികൂടുന്നത് ഞാൻ ഭയപ്പെടുന്നു ഞാൻ പലതും ധരിപ്പിച്ച് ഉമ്മയെ സമ്മതിപ്പിക്കുകയായിരുന്നു എന്റെ നിർബന്ധത്തിനു വഴങ്ങി മകനെ ഒരു തവണകൂടി ഞങ്ങൾക്കു വിട്ടുതരാൻ ആമിന ബീവി (റ) സന്നദ്ധയായി അവനെയും കൂട്ടി ആഹ്ലാദത്തോടെ ഞാൻ ബനൂ സഅ്ദിലേക്കു വീണ്ടും മടങ്ങി (സീറത്തു ബ്നി കസീർ: 1/227) 

മുലകുടി നിർത്തിയ ശേഷവും അനുഗൃഹീത ബാലനെ തങ്ങൾക്കു വളർത്താൻ കിട്ടിത് വലിയ സൗഭാഗ്യമായി ഹലീമ (റ) യും കുടുംബവും കരുതിയിരുന്നു ഹലീമ (റ) യും വീട്ടുകാരും ഓമന പുത്രനെ എന്തുമാത്രം സ്നേഹിച്ചിരുന്നു എന്ന് സംഭവത്തിൽ നിന്നു മനസ്സിലാക്കാം 

മകന്റെ ആരോഗ്യ സംരക്ഷണത്തിലും പക്വമായ ശിക്ഷണം ലഭിക്കുന്നതിലും മാതാവ് ആമിനാ ബീവി (റ) വളരെ തൽപരയായിരുന്നു മക്ക വമ്പിച്ച തിരക്കുളള പട്ടണമാണ് പല ദേശക്കാരും ഭാഷക്കാരും ഇടകലർന്നു വന്നുപോകുന്ന പ്രസ്തുത പട്ടണത്തിൽ അന്തരീക്ഷ മലിനീകരണത്താലും മറ്റു പലവിധ രോഗങ്ങൾ സർവ്വസാധാരണയായിരുന്നു അതൊന്നും ഏൽക്കാതെ തന്റെ മകൻ സുരക്ഷിതനായി ഗ്രാമീണ പരിശുദ്ധിയിൽ വളരട്ടെയെന്ന് ആമിന ബീവി (റ) കരുതിയിരിക്കണം മക്കയിൽ ചിലമാരക രോഗങ്ങൾ വ്യാപിച്ച സന്ദർഭവുമായിരുന്നു അത് ഈ കാരണം ഉന്നയിച്ചാണ് ഹലീമ ബീവി (റ) മകനെ വീണ്ടും ബനൂ സഅ്ദിലേക്ക് കൊണ്ടുപോകുവാൻ ആവശ്യപ്പെട്ടത് 

ഓമന ശിശുവിന്റെ ആഗമനം തങ്ങളുടെ വീട്ടിലും നാട്ടിലും വരുത്തിയ ക്ഷേമൈശ്വര്യങ്ങൾ കുറച്ചൊന്നുമായിരുന്നില്ല ഭാഗ്യഹേതുവായ പൊന്നുമോനെ ഒരു പ്രതിഫലവും ലഭിച്ചില്ലെങ്കിലും എത്രയും കാലം പോറ്റി വളർത്താനും ഹലീമ ബീവി (റ) തയ്യാറായിരുന്നു 

നബി (സ) യുടെ പിതൃവ്യനായ ഹംസ (റ) ബനൂ സഅ്ദിലെ മറ്റൊരു വീട്ടിൽ മുലകുടിച്ചു വളരുന്നുമുണ്ടായിരുന്നു  

രണ്ടാം തവണ തിരുനബി (സ) യെ ബനൂ സഅ്ദിൽ കൊണ്ടുവന്ന ഹലീമ (റ) ക്ക് കുട്ടിയോടുള്ള സ്നേഹവും ശ്രദ്ധയും വർദ്ധിച്ചിരുന്നു വഴിയിലും മറ്റും അവരെ നിരീക്ഷിച്ച പല ജ്ഞാനികളും ഭാസുരമായ ഒരു ഭാവിക്കുടമയാണ് ഈ കുട്ടിയെന്നു പ്രവചിച്ചത് ഹലീമ (റ) യെ കൂടുതൽ ജാഗരൂകയാക്കി 

ഹലീമ (റ) ക്കുണ്ടായ ഒരു അനുഭവം ഇമാം വാഖിദി നിവേദനം ചെയ്യുന്നു: ഹലീമ ബീവി (റ) കുഞ്ഞിനെയുമായി രണ്ടാം തവണ സ്വവസതിയിലേക്കു തിരിച്ചപ്പോൾ മക്കക്കടുത്തുള്ള പ്രസിദ്ധമായ ദുൽമജാസ് ഉൽസവച്ചന്തയിൽ എത്തിയിരുന്നു അവിടെ ഹവാസിൻ ഗോത്രക്കാരനായ ഒരു പ്രശസ്ത ജോത്സ്യൻ ഹലീമ (റ) യെയും കുഞ്ഞിനെയും കണ്ടുമുട്ടി കുട്ടിയുടെ മുഖലക്ഷണങ്ങളും ചുമലിലെ മുദ്രയും കണ്ണിലെ ചുമപ്പുമെല്ലാം പ്രത്യേകം നിരീക്ഷിച്ച ജോത്സ്യൻ അവിടെ കൂടിയ ജനങ്ങൾക്കിടയിൽ ഒരു പ്രവചനം നടത്തുകയുണ്ടായി: അറബ് സമൂഹമേ, ജാഗ്രത കൈക്കൊള്ളുക ഈ കുഞ്ഞ് വളർന്ന് വലുതായാൽ അറേബ്യയിലെ വ്യവസ്ഥകളും മതാന്തരീക്ഷവും ആകെ മാറ്റം വരുന്നതാണ് നിങ്ങളുടെ മതത്തെയാകമാനം ഇവൻ താറുമാറാക്കും' 

ഇതുകേട്ട് ജനങ്ങൾ തടിച്ചുകൂടി അവരെല്ലാം കുട്ടിയെ നിരീക്ഷിക്കാൻ തുടങ്ങി പരിഭ്രാന്തയായ ഹലീമ ബീവി (റ) കുട്ടിയെയുമെടുത്ത് ആരുമറിയാതെ സ്ഥലംവിടുകയായിരുന്നു സ്വസതിയിലെത്തിയ ഹലീമ (റ) പിന്നീട് കുട്ടിയെ അത്തരം ആളുകളുടെ മുമ്പിൽ കഴിവതും പ്രദർശിപ്പിക്കാറുണ്ടായിരുന്നില്ല (അൽ ഇക്തിഫ: 1/138) 

രണ്ടാം ഘട്ടം തിരുനബി (സ) ഹലീമ (റ) യുടെ വസതിയിൽ എത്തിയപ്പോൾ മുലകുടി പ്രായം കഴിഞ്ഞിരുന്നു സഹോദരങ്ങളായ അബ്ദുല്ല, ഹഫ്സ്വ്, ഉനൈസ, ഖിദാമഃ എന്നിവരുടെയും മറ്റും കൂടെ കളിച്ചു വളർന്ന തിരുനബി (സ) യെ ദൂരെയെങ്ങും പോകാൻ അതീവ ശ്രദ്ധാലുവായിരുന്ന ഹലീമ (റ) അനുവദിച്ചിരുന്നില്ല .


മേഘം തണൽ വിരിച്ചുകൊടുക്കുന്നു 

ഇമാം ഇബ്നു സഅ്ദ് (റ) രേഖപ്പെടുത്തുന്നു: അബ്ബാസ് (റ) പറയുന്നു: ഹലീമ (റ) യുടെ വസതിയിൽ നിന്നു ദൂരസ്ഥലങ്ങളിലേക്കു പോകാൻ തിരുനബി (സ) യെ അവർ അനുവദിച്ചിരുന്നില്ല ഒരിക്കൽ അവരുടെ ശ്രദ്ധ തെറ്റിയ നേരത്ത് തിരുനബി (സ) തന്റെ സഹോദരി ശൈമയുടെ കൂടെ അവർ ആടുകളെ മേയ്ക്കുന്ന മൈതാനത്തേക്കു പോയി നല്ല വെയിലുള്ള നട്ടുച്ച സമയമായിരുന്നു അത് മകനെ മുറ്റത്ത് കാണാതിരുന്ന ഹലീമ (റ) വെപ്രാളപ്പെട്ട് തേടിപ്പുറപ്പെട്ടു കുറച്ചകലെ ശൈമായുടെ കൂടെ തിരുനബി (സ) കളിക്കുന്നതാണ് ഹലീമ (റ) കണ്ടത് ശൈമായെ ശകാരിച്ചുകൊണ്ട് ഹലീമ (റ) പറഞ്ഞു: ഈ നട്ടുച്ച സമയത്താണോ അവനെയുമായി നീ മൈതാനത്ത് കളിക്കുന്നത്? ഉടനെ ശൈമാ പ്രതികരിച്ചു: ഉമ്മാ, ഞങ്ങൾക്കിവിടെ വെയിലും ചൂടുമില്ല എന്റെ സഹോദരനു തീരെ വെയിലേറ്റിട്ടില്ല ഘനീഭവിച്ച കാർമേഘക്കൂട്ടം അവന്റെ മുകളിലായി ഞങ്ങൾക്കു തണൽ വിരിച്ചു തരുന്നു അവൻ എങ്ങോട്ടു നടക്കുന്നുവോ അങ്ങോട്ടെല്ലാം കാർമേഘവും ചലിക്കുന്നു! അവൻ ഇരിക്കുന്നിടത്തെല്ലാം തണൽ! ഹലീമ (റ) ആശ്ചര്യഭരിതയായി ചോദിച്ചു: സത്യമാണോ മോളേ നീ പറയുന്നത്? ശൈമാ പറഞ്ഞു: അതേ ഉമ്മാ, സത്യം! സത്യം! (ത്വബഖാത്തുൽ കുബ്റാ: 1/152) 

ഈ സംഭവം കഴിഞ്ഞു കുറച്ചു നാൾകൾക്കു ശേഷം വീണ്ടും ഹലീമ (റ) തിരുനബി (സ) യെ മക്കയിൽ മാതാവ് ആമിന ബീവി (റ) യുടെ സവിധത്തിൽ കൊണ്ട് ചെന്നതായും പിന്നെയും ബനൂ സഅ്ദിലേക്കു തന്നെ മടക്കിക്കൊണ്ടു പോയതായുള്ള ചരിത്രം പ്രഗത്ഭനായ ഇമാം ബുർഹാനുദ്ദീനുൽ ഹലബി സ്ഥിരീകരിച്ചിട്ടുണ്ട് മൂന്നാം തവണ ഹലീമ (റ) യുടെ വസതിയിൽ കൊണ്ടു വന്ന് രണ്ടോ മൂന്നോ മാസങ്ങൾ കഴിഞ്ഞപ്പോഴാണ് മലക്കുകൾ വന്ന് ചെഞ്ച് പിളർത്തിയ സംഭവമുണ്ടായത് എന്ന് അദ്ദേഹം പറയുന്നു (സീറത്തുൽ ഹലബിയ്യ: 1/168) 


നെഞ്ചു പിളർത്തിയ സംഭവം 


തിരുനബി (സ) യുടെ ശൈശവ പ്രായത്തിലുണ്ടായ സംഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മലക്കുകൾ വന്ന് അവിടുത്തെ നെഞ്ച് പിളർത്തി കറുത്ത മാംസക്കഷ്ണം എടുത്തുമാറ്റി വീണ്ടും തുന്നിച്ചേർത്ത ചരിത്രം 

ശഖുസ്വദ്ർ തിരുനബി (സ) യുടെ ജീവിതത്തിൽ നാലു തവണയെങ്കിലും സംഭവിച്ചിട്ടുണ്ട് അവയിൽ പ്രസിദ്ധമായത് തിരുനബി (സ) ഹലീമ (റ) യുടെ കൂടെ താമസിക്കുകയായിരുന്നപ്പോൾ നടന്നതാണ് സ്വഹീഹായ ഹദീസുകളും അനിഷേധ്യമായ ചരിത്ര നിവേദനങ്ങളും ഈ സംഭവത്തെ സാക്ഷീകരിക്കുന്നുണ്ട്  

തിരുനബി (സ) യുടെ ജീവിതവുമായി ബന്ധപ്പെട്ടു നടന്ന എല്ലാ കാര്യങ്ങളും കേവല ബുദ്ധികൊണ്ടു മാത്രം വ്യാഖ്യാനിക്കുക സാധ്യമല്ല 

എല്ലാ നബിമാരുടെയും സ്ഥിതി ഇതുതന്നെ പ്രകൃത്യാതീതമായ പല സംഗതികളും പല നബിമാരുടെയും ചരിത്രത്തിൽ പല തവണ സംഭവിച്ചതായി വിശുദ്ധ ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട് ബുദ്ധിക്കും യുക്തിക്കും വ്യാഖ്യാനിക്കാൻ കഴിയാത്ത അത്തരം സംഭവങ്ങളെക്കുറിച്ച് സംശയിക്കുന്നവർക്ക് ഖുർആന്റെ ഒരു പ്രസ്താവന മാത്രമാണ് മറുപടി 

സകരിയ്യാ നബി (അ) ക്ക് വാർധക്യത്തിൽ സന്താനമുണ്ടാകുമെന്ന് മലക്ക് വന്നു സന്തോഷവാർത്ത അറിയിക്കുന്നു സന്താനോൽപാദന പ്രായമെല്ലാം പിന്നിട്ട തനിക്ക് എങ്ങനെ കുട്ടിയുണ്ടാകുമെന്നായി സകരിയ്യാ നബി (അ) ഖുർആൻ പറയുന്നു അവർ (സകരിയ്യാ) പറഞ്ഞു: നാഥാ, എനിക്കെങ്ങനെ ഒരു കുട്ടിയുണ്ടാകാനാണ്? എന്റെ ഭാര്യ വന്ധ്യയായിരിക്കുന്നു എനിക്കാണെങ്കിൽ അതിവാർധക്യം പിടിപെട്ടിരിക്കുന്നു ' അല്ലാഹു സകരിയ്യാ നബി (അ) ക്കു മറുപടി നൽകി: 'അത് അപ്രകാരമാകുന്നു അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു ' (ഖുർആൻ: 3/40)

മർയം (റ) യ്ക്ക് പിതാവില്ലാതെ സന്താന സൗഭാഗ്യമുണ്ടായി സന്തോഷവാർത്ത ലഭിച്ച അവർ അല്ലാഹുവിനോട് സന്ദേഹം പ്രകടിപ്പിച്ചു ഒരു പുരുഷൻ എന്നെ സ്പർശിക്കുക പോലും ചെയ്യാതെ എനിക്കെങ്ങനെ കുട്ടിയുണ്ടാകും? അല്ലാഹു മർയം (റ) യോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: 'അത് അപ്രകാരമാകുന്നു അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു ' (ഖുർആൻ: 3/40) 

പ്രത്യക്ഷത്തിൽ ബുദ്ധിക്കു നിരക്കാത്തതും കാര്യകാരണ ബന്ധങ്ങൾക്കതീതവുമായ പല സംഗതികളും മഹാത്മാക്കളുമായി ബന്ധപ്പെട്ടു സംഭവിച്ചിട്ടുണ്ട് അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു എന്ന മറുപടിയാണ് ഇവിടെയെല്ലാം അനുയോജ്യം  

തിരുനബി (സ) അസാധാരണമായ പല പരീക്ഷണങ്ങളും അല്ലാഹു നൽകിയിരുന്നു മഹത്തരമായ ഒരു ദൗത്യനിർവഹണത്തിന് പാകപ്പെടുംവിധം അല്ലാഹു പ്രത്യേകമായി സൃഷ്ടിച്ചു സംരക്ഷിച്ചു പോന്നതാണ് റസൂൽ (സ) യെ ഈ അസാധാരണ സംഭവങ്ങൾ നുബുവത്ത് പദവി ലഭിച്ച ശേഷം തുടങ്ങിയതല്ല അവിടുത്തെ ജനനത്തിനു മുമ്പുതന്നെ സവിശേഷമായ ഈ സംരക്ഷണം സമാരംഭിച്ചു കഴിഞ്ഞിരുന്നു ശൈശവ കാലത്തും ബാല്യത്തിലുമെല്ലാം ഇത്തരം അസാധാരണമായ പലതും നടക്കുകയുണ്ടായി  

ശിശുപ്രായത്തിൽ സംഭവിച്ച അത്തരം ഒരു സവിശേഷതയായിരുന്നു നെഞ്ചു പിളർത്തി ഹൃദയം പുറത്തെടുത്ത് കഴുകി ശുദ്ധീകരിച്ച മഹാസംഭവം സ്വഹീഹായ പല ഹദീസുകളിലും ചരിത്ര നിവേദനങ്ങളിലുമെല്ലാം ഈ മഹാസംഭവത്തെക്കുറിച്ച് വിശദമായ പരാമർശങ്ങൾ കാണുന്നുണ്ട് 

പ്രവാചക ചരിത്രം രേഖപ്പെടുത്തിയ എല്ലാ പൗരാണിക ഗ്രന്ഥങ്ങളിലും ഇതിനെക്കുറിച്ച് പരാമർശം വിശദമായി വായിക്കാവുന്നതാണ് സ്വപ്നദർശനമോ ഭാവനയോ ഒന്നുമായിരുന്നില്ല പകൽ വെളിച്ചത്തിൽ പച്ചയായി നടന്ന സംഭവം ശേഷം മലക്കുകൾ തന്നെ അത് കൂട്ടിച്ചേർക്കുകയും ചെയ്തു പരിശുദ്ധനായ നബി (സ) യുടെ തിരുനെഞ്ച് തുന്നിച്ചേർത്തതിന്റെ അടയാളം ഞാൻ കണ്ടിരുന്നു, എന്ന് സ്വഹാബിവര്യനായ അനസ് (റ) വിന്റെ സാക്ഷ്യപ്പെടുത്തൽ സ്വഹീഹു മുസ്ലിമിന്റെ ഹദീസിൽ കാണുന്നുണ്ട് (സ്വഹീഹു മുസ്ലിം നമ്പർ: 1621/147) 

തിരുനബി (സ) യുടെ നെഞ്ചു പിളർത്തി ഹൃദയം ശുദ്ധീകരിച്ച സംഭവത്തിന്റെ വിശദാംശങ്ങൾ തിരുനബി (സ) തന്നെ പിൽക്കാലത്ത് വിവരിച്ചിട്ടുണ്ട് സ്വഹാബിമാർ ഹലീമ (റ)യിൽ നിന്നും മറ്റും കേട്ട് നിവേദനം ചെയ്തതും ഹദീസ് ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട് 

തിരുനബി (സ) യുടെ ശൈശവത്തിൽ നടന്ന ഈ സംഭവം അവിടുന്ന് ഹലീമ ബീവി (റ) യുടെ കൂടെയായിരിക്കുമ്പോഴാണെന്ന് ചരിത്രകാരന്മാർ ഏകോപിച്ചു പറയുന്നു രണ്ട് വയസ്സു പൂർത്തിയായ ശേഷം നാലാം വയസ്സിനു മുമ്പാണ് ഇതു സംഭവിച്ചതെന്ന് എല്ലാവരും സമ്മതിക്കുന്നു  

രണ്ട് വയസ്സ് പൂർത്തിയായ ശേഷമൊരിക്കൽ ഹലീമ (റ) തിരുനബി (സ) യെ ഉമ്മ ആമിന ബീവി (റ) യുടെ സവിധത്തിലേക്ക് കൊണ്ടുപോയിരുന്നു രണ്ടാം തവണ തിരുനബി (സ) യെ ബനൂ സഅ്ദിലേക്കു കൊണ്ടുവന്നപ്പോഴാണ് കാർമേഘം തണൽ വിരിച്ച സംഭവമുണ്ടായത് 

അതിന്റെ ശേഷം വീണ്ടും ഹലീമാ ബീവി (റ) കുട്ടിയോടൊത്തു മാതാവിനെ സന്ദർശിക്കുകയും സ്വവസതിയിലേക്കു തിരിച്ചു കൊണ്ടുവരികയുമുണ്ടായിട്ടുണ്ട് ഇതിനു ശേഷമാണ് ശഖുസ്വദ്ർ നടന്നതെന്ന് ഇമാം ബുർഹാനുദ്ദീനുൽ ഹലബി (റ) സമർത്ഥിക്കുന്നു അതിനുശേഷം നാലാം വയസ്സിൽ തിരുനബി (സ) യെ ഹലീമാ ബീവി (റ) മാതാവ് ആമിനാ ബീവി (റ) യെ ഏൽപിക്കുകയാണുണ്ടായത് വക്ഷഭേദന സംഭവം നാലാം വയസ്സിനു മുമ്പുണ്ടായി എന്ന ചരിത്രത്തിനാണ് കൂടുതൽ വിശ്വാസ്യതയുള്ളത് .


വക്ഷഭേദനം: സംഭവിച്ചതെന്ത്?

ഹലീമാ ബീവി (റ) പറയുന്നു: ഒരിക്കൽ എന്റെ മകൻ മുഹമ്മദ് എന്നോട് അന്വേഷിച്ചു ഉമ്മാ എന്റെ സഹോദരങ്ങളെ പകൽ സമയങ്ങളിൽ എന്തുകൊണ്ടാ ഞാൻ കാണാത്തത്? അവരെവിടെപ്പോകുന്നതാണ്? ഞാൻ പറഞ്ഞു: അവർ നമ്മുടെ ആടുകളെ മേയ്ക്കാൻ പോകുന്നതാ അടുത്ത ദിവസം അവൻ ചോദിച്ചു: ഉമ്മ എന്നെയും അവരുടെ കൂടെ അയക്കുമോ? ഹലീമ (റ) തുടരുന്നു: അന്നു ഞാൻ അവനു സഹോദരങ്ങളുടെ കൂടെ പോകാൻ അനുവാദം നൽകി പിന്നീട് പല ദിവസങ്ങളിലും അവൻ സന്തോഷപൂർവ്വം അവരെ അനുഗമിക്കും സന്ധ്യക്ക് ഉല്ലാസവാനായി തിരിച്ചെത്തും 

അങ്ങനെ ഒരിക്കൽ സഹോദരങ്ങളുടെ കൂടെ ആടു മേയ്ക്കാൻ പോയതായിരുന്നു നട്ടുച്ച സമയമായിക്കാണും അവന്റെ സഹോദരൻ അബ്ദുല്ലയുണ്ട് ഓടിക്കിതച്ച് വരുന്നു അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു: ഉമ്മാ... ഉപ്പാ.... എന്റെ ഖുറൈശീ സഹോദരന്റെയടുത്ത് വേഗം ഓടിച്ചെല്ലുവീൻ അവനെന്തോ സംഭവിച്ചിരിക്കുന്നു നിങ്ങൾ ചെല്ലുമ്പോഴേക്ക് അവൻ മരിച്ചിരിക്കാനുമിടയുണ്ട് വേഗം വരുവീൻ 

ഭയന്നു വിറച്ചു ഞാൻ അവന്റെ അടുത്തേക്ക് ഓടിച്ചെന്നു ചോദിച്ചു: എന്റെ മോന് എന്താണു സംഭവിച്ചത്? അബ്ദുല്ല പറഞ്ഞു: ഞങ്ങൾ ആടുകളെ മേയ്ച്ചുകൊണ്ടിരിക്കവെ രണ്ടുപേർ അവിടെ വന്നു ശുഭവസ്ത്രധാരികളാണവർ ഞങ്ങൾക്കിടയിൽ നിന്ന് അവർ മുഹമ്മദിനെ മലയുടെ ഉച്ചിയിലേക്ക് കൊണ്ടുപോയി അവർ അവനെ അവിടെ കിടത്തുകയും നെഞ്ച് മുതൽ നാഭിവരെ പിളർത്തുന്നതു ഞാൻ കണ്ടു എന്തൊക്കെയാണവർ പിന്നീട് ചെയ്തതെന്ന് എനിക്കറിഞ്ഞുകൂടാ 

ഹലീമ (റ) തുടരുന്നു: ഞാനും എന്റെ ഭർത്താവും മലമുകളിലേക്ക് ഓടി ചെന്നുനോക്കുമ്പോൾ പിഞ്ചുമകൻ മലയുടെ ഉച്ചിയിൽ ആകാശത്തേക്ക് കണ്ണും നട്ടിരിക്കുന്നുണ്ട് ചുവന്നു തുടുത്തിരിക്കുന്നു ഞാൻ ഓടിച്ചെന്ന് പിഞ്ചുമകനെ വാരിപ്പുണർന്നു അവന്റെ ഇരുനേത്രങ്ങൾക്കിടയിലും ഏറെ നേരം ചുംബിച്ചു ഞാൻ പരിഭ്രാന്തയായി ചോദിച്ചു: എന്റെ നിനക്കു സമർപ്പിതമാണു മോനേ, നിനക്കെന്തു സംഭവിച്ചു? അവൻ ശാന്തനായി പറഞ്ഞു: ഒന്നുമില്ലുമ്മാ.... നല്ലതു മാത്രമേ സംഭവിച്ചുള്ളൂ അൽപം മുമ്പ് ഞാനിവിടെ നിൽക്കുമ്പോൾ മൂന്നുപേർ എന്റെയടുത്തു വന്നു സഹോദരൻ പറഞ്ഞത് രണ്ടുപേർ എന്നാണ് ഇമാം ഇബ്നു ഇസ്ഹാഖ് (റ) വിന്റെ നിവേദനത്തിലുള്ളത് ഒരാൾ വന്നു എന്ന നിവേദനവും കാണാം തുടക്കത്തിൽ ഒരാളും പിന്നീട് മറ്റുള്ളവരും വന്നതാകാനിടയുണ്ട് അല്ലെങ്കിൽ ക്രിയ നടത്തിയപ്പോൾ മൂന്നു പേരുണ്ടായിരുന്നു എന്നായിരിക്കും തിരുനബി (സ) പറഞ്ഞതിന്റെ സാരം ഒരാളുടെ കൈവശം വെള്ളികൊണ്ടുള്ള ഒരു കൂജയും ഇതരന്റെ കൈയിൽ പച്ച മരതകക്കല്ല് കൊണ്ടുള്ള ഒരു തളികയുമുണ്ടായിരുന്നു വിശേഷപ്പെട്ട ഐസ് നിറച്ചതായിരുന്നു അത് അവർ എന്നെയെടുത്തു പർവ്വതത്തിന്റെ ഉച്ചിയിലേക്കു കൊണ്ടുപോയി 

വളരെ സ്നേഹനൈർമല്യത്തോടെ അവർ എന്നെ മലർത്തിക്കിടത്തി പിന്നീട് അവരിൽ നിന്നൊരാൾ എന്റെ നെഞ്ച് മുതൽ നാഭി വരെ കീറിപ്പിളർത്തി ഞാൻ അതെല്ലാം നോക്കിക്കാണുകയായിരുന്നു എനിക്കു വേദനയോ വിഷമമോ ഉണ്ടായിരുന്നില്ല പിന്നീടദ്ദേഹം തന്റെ കൈ എന്റെ ശരീരത്തിനകത്തേക്കു പ്രവേശിപ്പിച്ചു എന്റെ വയറിലെ കുടൽമാലകൾ പുറത്തെടുത്തു അവർ കൊണ്ടുവന്ന ഐസ് കൊണ്ട് അതെല്ലാം നല്ലപോലെ കഴുകി അവയെല്ലാം പഴയ പടി വെച്ചു 

ഇമാം ബൈഹഖി (റ), അബൂനുഐം (റ), അബൂയഅ്ലാ (റ) എന്നിവരുടെ നിവേദനത്തിലുള്ളതാണ് മേൽ പറഞ്ഞത് 

സ്വഹീഹു മുസ്ലിമിലുള്ളത് ഇപ്രകാരമാണ്: അനസ് (റ) പറയുന്നു: 'നബി (സ) കൂട്ടുകാരൊത്ത് കളിച്ചുകൊണ്ടിരിക്കവെ ജിബ്രീൽ (അ) തിരുനബി (സ) യുടെ അടുത്തു വന്നു നബിയെ പിടിച്ചു കിടത്തുകയും ഹൃദയം പിളർത്തുകയും ചെയ്ത ഖൽബ് പുറത്തേക്കെടുത്തു അതിൽനിന്ന് ഒരു മാംസക്കഷ്ണം പുറത്തെടുത്തു   കളഞ്ഞു എന്നിട്ട് ജിബ്രീൽ (അ) പറഞ്ഞു: ഇത് താങ്കളിൽ പിശാചിനുള്ള വിഹിതമാണ് പിന്നീട് സ്വർണത്താലുള്ള തളികയിൽ നിന്നു സംസം വെള്ളമെടുത്തു ഖൽബിനെ നന്നായി കഴുകി പിന്നീട് പിളർത്തിവെച്ചത് പൂട്ടുകയും പഴയപടി സംയോജിപ്പിക്കുകയും ചെയ്തു കുട്ടികൾ ഓടിച്ചെന്നു തന്റെ വളർത്തു മാതാവിനെ വിവരമറിയിച്ചു അവർ വിളിച്ചു പറഞ്ഞു: നിശ്ചയം, മുഹമ്മദ് കൊലചെയ്യപ്പെട്ടിരിക്കുന്നു ഇതുകേട്ട് ഓടിവന്ന കുട്ടിയെ എതിരേറ്റു നബി (സ) യുടെ നിറം വിവർണമായിരുന്നു അനസ് (റ) പറയുന്നു: തിരുനബി (സ) യുടെ നെഞ്ചിൽ കീറിത്തുന്നിയതിന്റെ അടയാളം ഞാൻ പിൽക്കാലത്ത് കണ്ടിരുന്നു ' 

അബ്ദുല്ലാഹിബ്നു ഉത്ബഃ (റ) വിന്റെ നിവേദനത്തിൽ സംഭവ വിവരണം തുടരുന്നു: നബി (സ) പറഞ്ഞു: വക്ഷഭേതവും തുന്നിച്ചേർക്കലും കഴിഞ്ഞശേഷം അവരിൽ ഒന്നാമൻ പറഞ്ഞു: ഇദ്ദേഹത്തിന്റെ സമുദായത്തിലെ പത്തുപേരെ മറുതട്ടിൽ വെച്ച് നിങ്ങൾ ഇദ്ദേഹത്തെ തൂക്കിനോക്കുക! അപ്രകാരം അവർ എന്നെ തൂക്കിനോക്കിയപ്പോൾ എന്റെ ഭാരം കൂടുതലാണെന്നു കാണുകയുണ്ടായി ശേഷം നൂറുപേരെ വെച്ചും ആയിരം പേരെ വെച്ചും പിന്നെ തൂക്കിനോക്കി ആയിരം പേരും കൂടി എന്റെ തലയിലേക്കു മറിഞ്ഞു വീഴുമോ എന്നു ഞാൻ സന്ദേഹിച്ചു എന്റെ ഭാരം അവരേക്കാൾ കൂടുതലായിരുന്നു അവരിൽ ഒരാൾ പറഞ്ഞു: സമുദായത്തെ ഒന്നടങ്കം വെച്ചു തൂക്കിയാലും ഇദ്ദേഹത്തിന്റെ ഭാരം മുമ്പിലായിരിക്കും പിന്നീട് അവർ എന്നെ അവരുടെ നെഞ്ചിലേക്കു ചേർത്തുപിടിച്ചു എന്റെ ശിരസ്സിലും കൺതടങ്ങളിലും അവർ ചുംബിച്ചു പിന്നീടവർ പറഞ്ഞു: അല്ലാഹുവിന്റെ ആത്മമിത്രമേ, ഭയപ്പെടേണ്ട താങ്കളെക്കൊണ്ടുദ്ദേശിക്കപ്പെട്ട നന്മകളെന്തെല്ലാമെന്ന് താങ്കൾ അറിയുന്നപക്ഷം താങ്കളുടെ ഇരുനേത്രങ്ങൾ കുളിർമയാവുക തന്നെ ചെയ്യും (ത്വബഖാത്തുബ്നി സഅ്ദ്: 1/150) 

ഹലീമ (റ) തുടരുന്നു: ഞാൻ മകനെ അണച്ചുപിടിച്ചു ബനൂ സഅ്ദിന്റെ വസതിയിലേക്കു ചെന്നു വിവരമറിഞ്ഞു ആളുകൾ അടുത്തുകൂടി ജനങ്ങൾ പറഞ്ഞു: കുട്ടിയെ നിങ്ങൾ വല്ല ജോത്സ്യനെയും കാണിച്ചുനോക്കുക അവനെ അവർ നിരീക്ഷിച്ച് ചികിത്സിക്കട്ടെ അപ്പോൾ തിരുനബി (സ) പറഞ്ഞു: നിങ്ങൾ പറയുന്ന പോലുള്ള യാതൊരസുഖവും എനിക്കില്ല എന്റെ ശരീരം സുരക്ഷിതമാണ് എന്റെ മനസ് വളരെ ശരിയാണ്  

പക്ഷേ, ജനങ്ങൾ പറഞ്ഞു: കുട്ടിക്ക് വല്ല ഭൂതബാദയോ മറ്റോ പറ്റിക്കാണും അവരെല്ലാം കണിശമായി അങ്ങനെപ്പറഞ്ഞപ്പോൾ ഞങ്ങൾ കുട്ടിയെയുമായി ഒരു ചികിത്സകനെ സമീപിച്ചു ഉണ്ടായ കഥകളെല്ലാം വിവരിച്ചു കൊടുത്തു ചികിത്സകൻ പറഞ്ഞു: നിങ്ങളെല്ലാം ഒന്നു മാറിനിൽക്കുവീൻ ഞാൻ കുട്ടിയോടൊന്നു സംസാരിക്കട്ടെ അവന്റെ വർത്തമാനങ്ങൾ ഉൾക്കാഴ്ചയോടെ പറയുവാൻ അവനാണ് സാധിക്കുക കുട്ടിയോടു ആവശ്യപ്പെട്ടു തിരുനബി (സ) ഉണ്ടായതെല്ലാം വിവരിച്ചു ചികിത്സകൻ വാർത്ത കേട്ടമ്പരന്നു അയാൾ പരിഭ്രാന്തനായി പലതും പറഞ്ഞു ഈ കുട്ടിക്ക് വമ്പിച്ച ഭാവിയുണ്ട് ഇവൻ വളർന്നു വലുതായാൽ നിങ്ങളുടെ മതങ്ങളെയും അനുഷ്ഠാനങ്ങളെയുമെല്ലാം നിർമാർജ്ജനം ചെയ്യും നിങ്ങളുടെ ബഹുദൈവ വിശ്വാസത്തെ ഈ കുട്ടി ചോദ്യം ചെയ്യും നിങ്ങൾക്കു പരിചയമില്ലാത്ത ഏക ദൈവത്തിലേക്കു ഇവൻ ജനതയെ നയിക്കും ഇതെല്ലാം കേട്ട ഹലീമ ബീവി (റ) കുട്ടിയെ വേഗം സ്വവസതിയിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോയി (താരീഖുത്ത്വബരി: 1/457) 

ഹലീമ (റ) തുടരുന്നു: ഞാൻ മകനെയുമായി വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീടാകെ സുഗന്ധപൂരിതമായി അനുഭവപ്പെട്ടു ജനങ്ങൾ എന്നോടു പറഞ്ഞു: ഓ.... ഹലീമാ, ഈ കുട്ടിയെ വേഗം ഇവന്റെ പിതാമഹനെയും മതാവിനെയും ഏൽപിക്കുക നിന്റെ ഉത്തരവാദിത്വത്തിൽ നിന്നു നീ രക്ഷപ്പെടുക 

അപ്പോൾ എന്റെ ഭർത്താവും അങ്ങനെ തന്നെ പറഞ്ഞു അദ്ദേഹം പറഞ്ഞു: കുട്ടിയെ നമുക്ക് വേഗം അവന്റെ ആൾക്കാരെ ഏൽപിക്കാം അവർ ആവശ്യമെങ്കിൽ ചികിത്സിച്ചോളും ഇവന് അസൂയാലുക്കളുടെ കണ്ണു ബാധിച്ചതാണ് ഇവൻ ഹേതുവായി പല കുടുംബങ്ങളും നമ്മോട് വല്ലാത്ത അസൂയയുള്ളവരാണെന്നു നിനക്കറിഞ്ഞുകൂടേ? ഈ കുട്ടി നമ്മുടെ വീട്ടിൽ കയറി വരുമ്പോൾ നമുക്കുണ്ടായിരുന്ന ആകെ സമ്പാദ്യം മെലിഞ്ഞൊട്ടിയ ഏതാനും ആടുകളായിരുന്നു ഇന്നിപ്പോൾ നമുക്ക് മുന്നൂറിലധികം വരുന്ന ആട്ടിൻപറ്റങ്ങളുണ്ട് ഇതെല്ലാം ഇവൻ മൂലം ലഭിച്ച അനുഗ്രഹങ്ങളാണ് പിന്നെങ്ങനെ ഇവനോട് അസൂയ വെക്കാതിരിക്കും (സുബുലുൽ ഹുദാ വർറശാദ്: 1/475)


നബി (സ) യുടെ വിവരണങ്ങൾ 

തിരുനബി (സ) കൊച്ചുകുട്ടിയായിരുന്നപ്പോൾ ഹലീമ (റ) യുടെ വീട്ടുപരിസരത്തു വെച്ചു നടന്ന വക്ഷഭേദന സംഭവത്തെക്കുറിച്ച് ഹലീമ (റ) യും മറ്റും നിവേദനം ചെയ്ത വിവരണങ്ങളാണ് പ്രധാനമായും ഇവിടെ ഉദ്ധരിച്ചത് എന്നാൽ തിരുനബി (സ) കുട്ടിക്കാരത്തു നടന്ന ഈ സംഭവം ഒരു രംഗവും മറക്കാതെ ഓർമയിൽ സൂക്ഷിച്ചിരുന്നു പിൽക്കാലത്ത് പലപ്പോഴായി തിരുനബി (സ) പ്രസ്തുത സംഭവം വിശദമായി കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട് സ്വഹീഹായ ഹദീസുകളിൽ പ്രസ്തുത നിവേദനങ്ങൾ സ്ഥലം പിടിച്ചിരിക്കുന്നു 

ഇമാം ഇബ്നു ഇസ്ഹാഖ് (റ) വും മറ്റും ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇപ്രകാരമാണ്: ഖാലിദ് ബ്നു മഅ്ദാൻ സ്വഹാബിവര്യരെ ഉദ്ധരിക്കുന്നു: അവർ തിരുനബി (സ) യോട് ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയെക്കുറിച്ച് ഞങ്ങൾക്കു പറഞ്ഞു തന്നാലും! അപ്പോൾ അവിടുന്ന് പറഞ്ഞു: ഞാൻ എന്റെ പിതാമഹൻ ഇബ്റാഹീമിന്റെ പ്രാർത്ഥന ഫലമാണ് ഈസാ (അ) യുടെ സുവിശേഷമാണ് എന്റെ ഉമ്മയുടെ കിനാവിന്റെ സാക്ഷാൽകാരമാണ് അവർ എന്നെ ഗർഭം ധരിച്ചപ്പോൾ ഒരു പ്രകാശം അവരിൽനിന്നു പുറത്തുവരുന്നതായും പ്രസ്തുത പ്രകാശത്തിൽ ശാമിലെയും ബുസ്റായിയെയും കൊട്ടാരങ്ങൾ തിളങ്ങുന്നതായും സ്വപ്നത്തിൽ കണ്ടിരുന്നു  

പിന്നീട് ബനൂ സഅ്ദ് ബ്നു ബക്റിലാണ് ഞാൻ മുല കുടിച്ചു വളർന്നത് ഞാൻ അവിടെ എന്റെ സഹോദരന്റെ കൂടെ ആട്ടിൻപറ്റത്തെ മേച്ചുകൊണ്ടിരിക്കുമ്പോൾ ശുഭവസ്ത്രധാരികളായ രണ്ടുപേർ എന്റെയടുത്തു വന്നു ഐസ് നിറച്ച ഒരു സുവർണത്തളിക അവരുടെ കൈവശമുണ്ടായിരുന്നു എന്നെ അവർ നിലത്തു കിടത്തി വയറു കീറി എന്റെ ഹൃദയം അവർ പുറത്തെടുത്തു പിന്നെ ഹൃദയവും അവർ പിളർത്തി അതിൽനിന്ന് കറുത്ത ഒരു മാംസപിണ്ഡം അവർ പുറത്തെടുത്തു കളഞ്ഞു 

പിന്നീട് എന്റെ ഹൃദയവും വയറും ഐസ് കൊണ്ട് ശുദ്ധിയാകും വിധം കഴുകി എല്ലാം പൂർവസ്ഥിതിയിൽ വെച്ചു എന്റെ ശരീരം പഴയ സ്ഥിതി പ്രാപിച്ചു പിന്നീട് അവരിലൊരാൾ എന്നെ തൂക്കിനോക്കുവാൻ പറഞ്ഞു എന്റെ സമുദായത്തിലെ പത്തുപേരെയും ശേഷം നൂറു പേരെയും ആയിരം പേരെയും മറുതട്ടിൽ വച്ചു എന്നെ തൂക്കിനോക്കി ഒടുവിൽ പറഞ്ഞു: ഇദ്ദേഹത്തിന്റെ സമുദായാംഗങ്ങളെ മുഴുവൻ ഒരു തട്ടിൽ വെച്ചാലും ഈ മഹാന് മുൻതൂക്കം നിൽക്കുന്നതാണ് ' (സീറത്തു ബ്നി ഇസ്ഹാഖ്: 11/28) 


എത്ര തവണ സംഭവിച്ചു?

അത്ഭുതകരമായ ഈ പ്രക്രിയ  പ്രവാചക ജീവിതത്തിൽ നാലു തവണയെങ്കിലും സംഭവിച്ചതായാണ് ഹദീസ് ഗ്രന്ഥങ്ങളിൽ വിവരിക്കുന്നത് 

1. ഹലീമ ബീവി (റ) യുടെ കൂടെയുള്ളപ്പോൾ നടന്ന സംഭവം ഇതായിരുന്നു പ്രധാനമായത് സ്വഹീഹു മുസ്ലിംമിൽ വന്ന ഹദീസും മറ്റും ഇക്കാര്യം വ്യക്തമാക്കുന്നു 

2. നബി (സ) ക്ക് പത്ത് വയസ്സു പ്രായമുള്ളപ്പോൾ നടന്നത് മക്കയിലെ മരുഭൂമിയിൽ വെച്ച് തനിക്കു പത്തു വയസ്സ് പ്രായമുള്ളപ്പോൾ ഒരു വക്ഷഭേദനം നടന്നതായി നബി (സ) വെളിപ്പെടുത്തിയ ഹദീസ് ഇമാം അബ്ദുല്ലാഹിബ്നു അഹ്മദ് (റ), ഇമാം ഇബ്നു ഹിബ്ബാൻ (റ), ഇമാം ഹാക്കിം (റ), ഇമാം അബൂനുഐം (റ), ഇമാം ഇബ്നു അസാക്കിർ (റ), ഇമാം ദാരിമി (റ) ഇമാം അൽബസ്സാർ (റ) എന്നിവർ നിവേദനം ചെയ്തിട്ടുണ്ട് (അൽ ഖസ്വാഇസ്വുൽ കുബ്റാ: 1/111) 

പ്രസ്തുത ഹദീസ് ഇപ്രകാരമാണ്: അബൂഹുറൈറ (റ) പറയുന്നു: ഞാൻ നബി (സ) യോട് ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, പ്രവാചകത്വ പദവിയെക്കുറിച്ച് അങ്ങ് മനസ്സിലാക്കിയത് എപ്പോഴായിരുന്നു? നബി (സ) പറഞ്ഞു; ഞാൻ മക്കയിലെ മരുഭൂവിലൂടെ നടന്നുപോകുമ്പോൾ രണ്ടുപേർ എന്റെ തലക്കു മുകളിൽ പ്രത്യക്ഷപ്പെട്ടു അന്നെനിക്ക് പത്ത് വയസ്സായിരുന്നു പ്രായം ഒരാൾ കൂട്ടുകാരനോട് ചോദിക്കുന്നു ഇതു തന്നെയല്ലേ അദ്ദേഹം? അതേ എന്ന് അപരന്റെ മറുപടി 

അവർ എന്നെ പിടിച്ചു മലർത്തിക്കിടത്തി വയറു കീറി സ്വർണത്തളികയിൽ അവർ കൊണ്ടുവന്ന വെള്ളമുപയോഗിച്ച് എന്റെ ഹൃദയ ഉൾഭാഗം കഴുകി ശുദ്ധിയാക്കി ഒരാൾ എന്നെ പിളർത്തു രണ്ടാമൻ പറഞ്ഞു: ഇദ്ദേഹത്തിൽ നിന്നു അസൂയ, വിദ്വേഷം എന്നിവയെല്ലാം പുറത്തെടുത്തു കളയുക അവർ എന്റെ ഉള്ളിൽ നിന്ന മാംസക്കഷ്ണം പോലുള്ള ഒരു സാധനമെടുത്തു പുറത്തെറിഞ്ഞു ഒരാൾ പറഞ്ഞു: ദയയും കാരുണ്യവും ഇദ്ദേഹത്തിന്റെ ഹൃദയത്തിൽ നിറയ്ക്കുക അങ്ങനെ വെള്ളി പോലുള്ള എന്തോ ഒന്ന് എന്റെ ഉള്ളിൽ വെച്ചു എല്ലാം പഴയ പടി വെച്ച ശേഷം എന്നോട് പൊയ്ക്കൊള്ളാൻ പറഞ്ഞു ഞാൻ അവിടം വിട്ടു പോന്നു അന്നു മുതൽ ചെറിയവരോടുള്ള കാരുണ്യവും വലിയവരോടുള്ളു ദയയും എന്നിൽ വിശേഷ സിദ്ധമായിരുന്നു (അൽ ഖസ്വാഇസ്വുൽ കുബ്റാ: 1/111) 

3. മൂന്നാമത്തെ വക്ഷഭേദനം അവിടുത്തെ നാൽപതാം വയസ്സിലാണ് സംഭവിച്ചത് പ്രവാചകത്വ ലബ്ധിയുടെ മുന്നൊരുക്കമായി ഹിറാ ഗുഹയിൽ വെച്ചു ജിബ്രീൽ (അ) യുടെ നേതൃത്വത്തിൽ നബി തിരുമേനി (സ) യുടെ നേഞ്ച് പിളർത്തി ശുചീകരണം നടത്തുകയുണ്ടായി പ്രസ്തുത സംഭവം വിശദമായി ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം കാണുന്നുണ്ട് (സ്വഹീഹുൽ ബുഖാരി- നമ്പർ: 1555) 

4. നാലാമത്തേത് നബി (സ) യുടെ അമ്പത്തി ഒന്നാം വയസ്സിൽ പ്രസിദ്ധമായ ആകാശാരോഹണത്തിന്റെ മുന്നൊരുക്കമായാണ് നടന്നത് മിഅ്റാജിന്റെ മുന്നോടിയായി നബി തിരുമേനി (സ) നെഞ്ച് പിളർത്തി സംസ്കരിച്ച സംഭവം സ്വഹീഹുൽ ബുഖാരിയിലും മറ്റും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്  

തിരുനബി (സ) യുടെ വ്യക്തിത്വ - സ്വഭാവ രൂപീകരണവും ആവിഷ്ക്കാരവുമെല്ലാം അല്ലാഹു സവിശേഷമായി നേരിട്ട് അസ്വാഭാവിക രീതിയിൽ നടത്തുകയായിരുന്നു ഇതിന്റെ ഭാഗമായാണ് അത്യത്ഭുതകരമായ വക്ഷഭേദന സംഭവങ്ങൾ ആവശ്യമായ സന്ദർഭങ്ങളിലെല്ലാം അരങ്ങേറിയത് തിരുനബി (സ) യുടെ അസാധാരണത്വവും സവിശേഷ സിദ്ധികളും മറ്റുള്ളവർക്കു കൂടി ബോധ്യപ്പെടുവാനാണ് ഇവ അല്ലാഹു പരസ്യമായി നടത്തിയത് തിരുനബി (സ) യുടെ സ്ഥാന മഹത്വങ്ങൾ മറ്റുള്ളവർക്കു ബോധ്യപ്പെടുവാൻ ഈ സംഭവങ്ങൾ വഴിവെക്കുന്നു 

തിരുനബി (സ) യുടെ വിശുദ്ധ ജീവിതത്തിലെ ആദ്യത്തെ നാലു വർഷക്കാലം ഓമനിച്ചു വളർത്തുവാനുള്ള മഹാഭാഗ്യം ലഭിച്ച മഹതിയാണ് ഹലീമ (റ) ചരിത്രത്തിലെ അത്യപൂർവ്വമായ ബഹുമതിയാണിത് ഇരുലോക വിജയങ്ങളും നൽകി ഹലീമ (റ) യെ ആദരിക്കുവാൻ അല്ലാഹു തീരുമാനിച്ചപ്പോൾ അനുകൂലമായ എല്ലാ സന്ദർഭങ്ങളും അവരെത്തേടി വരികയായിരുന്നു ഹലീമ (റ) യുടെ സൗഭാഗ്യത്തെ അനുസ്മരിച്ചു ഇമാം ബൂസ്വീരി (റ) തന്റെ ഹംസിയ്യഃയിൽ പറഞ്ഞതു വളരെ ശരിയാണ് 

'പടച്ചവൻ ചിലയാളുകളെ ഭാഗ്യവാന്മാരായി തെരഞ്ഞെടുത്താൽ നിശ്ചയം, അവർ തന്നെയാണു സൗഭാഗ്യവാന്മാർ ' 

തിരുനബി (സ) യുടെ ജീവിതത്തിലെ ശ്രദ്ധേയമായ വക്ഷഭേദന സംഭവത്തിന്റെ വിശദാംശങ്ങൾ പുറംലോകത്തെ കേൾപ്പിച്ചതിൽ മുഖ്യപങ്ക് നിഷ്കളങ്കയായ ഹലീമ ബീവിക്കുള്ളതാണ് തിരുനബി (സ) യുടെ ശൈശവ കഥകൾ പലതും നമുക്കു ലഭിക്കുന്നത് ഹലീമ (റ) യുടെ കുടുംബത്തിൽ നിന്നാണ് അവർ വെളിപ്പെടുത്തിയ ഒരു സംഭവം ഇമാം ബൈഹഖി, ഇബ്നു അസാക്കിർ (റ) എന്നിവർ ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് ഇപ്രകാരം നിവേദനം ചെയ്യുന്നു: ഹലീമ (റ) പറഞ്ഞു: 'എന്റെ വളർത്തു പുത്രൻ മുലകുടി പ്രായം കഴിഞ്ഞ ഉടൻ സ്ഫുടമായി സംസാരിക്കുമായിരുന്നു അവൻ ആദ്യം മൊഴിഞ്ഞത് ദൈവസ്തോത്രങ്ങളാണ് കുറച്ചുകൂടി വളർന്നപ്പോൾ അവൻ മറ്റു കുട്ടികളൊന്നിച്ച് പുറത്തു പോകുമായിരുന്നു എന്നാൽ കൂട്ടുകാരുടെ കളികളിൽ കൂടുമായിരുന്നില്ല അവൻ ദൂരെ മാറിനിന്നു കുട്ടികൾ കളിക്കുന്നത് നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട് (അൽ മവാഹിബുല്ലദുന്നിയ്യ: 1/81) 


ഹലീമ ബീവി (റ) കുട്ടിയെ തിരിച്ചേൽപിക്കുന്നു 

അത്യത്ഭുതകരവും വ്യാഖ്യാനാതീതവുമായ വക്ഷഭേദന സംഭവം ഹലീമ (റ) യെ വ്യാകുലപ്പെടുത്തി എത്രയും പെട്ടെന്ന് കുട്ടിയെ സ്വമാതാവിനെ തിരിച്ചേൽപിക്കുന്നതാണ് നല്ലതെന്ന് ചിന്തിക്കുവാൻ ഇതു ഹലീമ (റ) യെ പ്രേരിപ്പിച്ചു 

തിരുനബി (സ) ക്കുണ്ടായ ഈ അസാധാരണ സംഭവത്തെ യഥാർത്ഥമായി വ്യാഖ്യാനിക്കാൻ സ്വാഭാവികമായും ഹലീമ (റ) ക്കോ നാട്ടുകാർക്കോ സാധിച്ചില്ല ഈ പൈതലിന്റെ കാര്യത്തിൽ അല്ലെങ്കിലും അത്ഭുതങ്ങൾ മാത്രമേ ഹലീമ (റ) യ്ക്കു പറയാനുള്ളൂ ഈ സംഭവം നടന്നുകഴിഞ്ഞതിൽപ്പിന്നെ കുട്ടിയെ ഇവിടെ വളർത്തുന്നത് ശരിയല്ലെന്നു ഹലീമ (റ) യ്ക്കും ഭർത്താവിനും ബോധ്യപ്പെട്ടു അവർ കുഞ്ഞിനെ മാതാവിനെ ഏൽപിക്കാൻ മക്കയിലേക്കു പുറപ്പെട്ടു 

വഴിയിലൊരിടത്തുവെച്ച് കുട്ടി പെട്ടെന്നു വളർത്തുമ്മയുടെ ദൃഷ്ടിയിൽ നിന്നു മറഞ്ഞപോയി തിരുനബി (സ) യെ കാണ്മാനില്ല പരിസര പ്രദേശങ്ങളിലെല്ലാം ഹലീമ (റ) കുട്ടിയെ അന്വേഷിച്ചു നടന്നു അവർ ഭയന്നു പരിഭ്രാന്തയായി നിലവിളിച്ചു എന്തൊക്കെയായിട്ടും കുട്ടിയെ കണ്ടുകിട്ടിയില്ല ഇമാം ഇബ്നു സഅ്ദും ഇബ്നു ഇസ്ഹാഖ് (റ) വുമെല്ലാം ഈ സംഭവം വിവരിച്ചിട്ടുണ്ട്  

പരിഭ്രാന്തയായ ഹലീമ (റ) കഅ്ബാലയ പരിസരത്തും ചെന്ന് അബ്ദുൽ മുത്വലിബിനെക്കണ്ടു കാര്യം പറഞ്ഞു അദ്ദേഹം ആ വാർത്ത കേട്ട് വല്ലാതെ വിഷമിച്ചു കഅ്ബാ മന്ദിരത്തിൽ ചെന്ന് അദ്ദേഹം തന്റെ അരുമ സന്താനത്തെ മടക്കിത്തരുവാൻ അല്ലാഹുവോട് ഹൃദയമറിഞ്ഞ് പ്രാർത്ഥിച്ചു കവിതാരീതിയിലുള്ള അദ്ദേഹത്തിന്റെ പ്രാർത്ഥന ഏതാണ്ടിങ്ങനെയായിരുന്നു: 

'സർവ്വാധിനാഥാ, മുഹമ്മദിനെ കാണ്മാനില്ലല്ലോ, അവൻ പോയാൽ പിന്നെ എന്റെ ജനത മുഴുവൻ ശിഥിലമായതു തന്നെ   

അല്ലാഹുവേ, എന്റെ മോൻ മുഹമ്മദിനെ നീ മടക്കിത്തന്ന് എനിക്കു ശക്തി പകരേണമേ! എനിക്കു താങ്ങും തണലുമായി അവനെ നൽകിയത് നീയല്ലയോ? മുഹമ്മദെന്ന് അവനു പേരു നൽകിയതും നീയല്ലയോ?' (ത്വബഖാത്തു ബ്നി സഅ്ദ്: 1/113) 

ഇബ്നു ഇസ്ഹാഖിനെ ഉദ്ധരിച്ചുകൊണ്ട് ഇമാം ഹലബി (റ) വും മറ്റും രേഖപ്പെടുത്തുന്നു: 

'കുട്ടിയെ അന്വേഷിക്കാൻ അബ്ദുൽ മുത്വലിബ് നാലുപാടും ആളുകളെ അയച്ചു കുറച്ചു സമയം പിന്നിട്ടപ്പോൾ അദ്ദേഹം ഒരു അശരീരി കേട്ടു: 'മുഹമ്മദിന്റെ കാര്യത്തിൽ നിങ്ങൾ പരിഭ്രാന്തരാകേണ്ട കാത്തുരക്ഷിക്കാൻ അവനൊരു നാഥനുണ്ട് അവൻ തിഹാമാ താഴ് വരയിൽ പെരുവഴിയുടെ വലതു ഭാഗത്തുള്ള മരച്ചുവട്ടിലുണ്ട് അബ്ദുൽ മുത്വലിബ് ഉടൻ വാഹനപ്പുറത്തേറി ആ ഭാഗത്തേക്കു പുറപ്പെട്ടു പ്രശസ്തനായ വറഖത്തുബ്നു നൗഫലും അനുഗമിച്ചിരുന്നു 

അവർ മക്കയുടെ പരിസരത്തുള്ള തിഹാമാ താഴ് വരയിൽ ചെന്നപ്പോൾ അവിടെ ഒരു മരച്ചുവട്ടിൽ മുഹമ്മദ് (സ) മരച്ചില്ലകൾ ഒടിച്ചു കളിക്കുന്നതാണ് കണ്ടത് അബ്ദുൽ മുത്വലിബ് മകനെ വാരിയെടുത്തു മുത്തം കൊടുത്തു അദ്ദേഹം സന്തോഷാശ്രുക്കൾ പൊഴിക്കുന്നുണ്ടായിരുന്നു കുട്ടിയെ കുതിരപ്പുറത്തു കയറ്റി അദ്ദേഹം മക്കയിലേക്ക് പുറപ്പെട്ടു പിഞ്ചുമകനെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അല്ലാഹുവിനു നന്ദി പ്രകടിപ്പിച്ചു കൊണ്ട് അബ്ദുൽ മുത്വലിബ് ആടുമാടുകളെ അറുത്ത് മക്കാനിവാസികൾക്ക് ദാനം ചെയ്തു (സീറത്തു ഹലബിയ്യ: 1/155) 

കുട്ടിയെ തിരിച്ചു കിട്ടിയപ്പോൾ ഹലീമ (റ) ക്കും ഹാരിസിനും സമാധാനമായി അവർ കുട്ടിയെ ഏറ്റുവാങ്ങി മാതാവ് ആമിനാ ബീവി (റ) യുടെ വസതിയിലേക്കു ചെന്നു പൊൻപൈതലിനെ വാരിപ്പുണർന്ന ആമിനാ ബീവി (റ) ഹലീമ (റ) യെയും ഭർത്താവിനെയും സ്നേഹപൂർവം സ്വീകരിച്ചു  

സംസാരമധ്യേ ആമിനാ (റ) ചോദിച്ചു: 'എന്തുപറ്റി ഹലീമക്ക്? ആവശ്യപ്പെടാതെത്തന്നെ കുട്ടിയെ ഇങ്ങോട്ടെത്തിക്കാൻ എന്താണു കാരണം? നിങ്ങൾ താൽപര്യത്തോടെ അവനെ കൊണ്ടുപോയതായിരുന്നല്ലോ?' 

ഹലീമ (റ) പറഞ്ഞു: 'കുട്ടിക്ക് വല്ല അപായവും വന്നുപെടുമോ എന്നു ഞങ്ങൾ ഭയപ്പെട്ടുപോയി ' ഹലീമ (റ) തുടരുന്നു: ഇതുകേട്ട ആമിന (റ) ക്ക് ആകാംക്ഷയായി അവർ ചോദിച്ചു: 'എന്റെ കുട്ടിക്ക് എന്ത് അപായം വരുമെന്നാണ് നിങ്ങൾ പറയുന്നത്? സത്യം പറയൂ.... അവനു വല്ലതും സംഭവിച്ചുവോ?' 

ഉണ്ടായതെല്ലാം വിസ്തരിച്ചു പറയുവാൻ ഞങ്ങൾ നിർബന്ധിതരായി വക്ഷഭേദന സംഭവവും മറ്റു അത്ഭുതങ്ങളും ഞങ്ങൾ മാതാവിനെ കേൾപ്പിച്ചു എല്ലാം ശ്രദ്ധിച്ചു കേട്ട ആമിനാ ബീവി (റ) പ്രതിവചിച്ചു: 'എന്റെ പുത്രന് പിശാചിന്റെ വല്ല ഉപദ്രവവും ഉണ്ടാകുമെന്ന് നിങ്ങൾ ഭയപ്പെട്ടുവോ? എന്നാൽ കേട്ടോളൂ, അല്ലാഹുവാണെ സത്യം, എന്റെ മകന് യാതൊരുവിധ പിശാചുബാധയും ഏൽക്കുകയില്ല അല്ലാഹുവാണെ സത്യം ! എന്റെ ഈ പുത്രന് ഭാവിയിൽ മഹത്തായ പലതും അനുഭവിക്കാനുണ്ട് ഞാൻ നിങ്ങൾക്ക് ചില വർത്തമാനങ്ങൾ പറഞ്ഞു തരട്ടെയോ? 'അതെ ' എന്നു ഞങ്ങൾ പറഞ്ഞപ്പോൾ ആമിന (റ) തുടർന്നു: 'എന്റെ മകനെ ഗർഭം ധരിച്ച കാലം എനിക്കേറ്റവും സുഖമുള്ള കാലമായിരുന്നു മറ്റു സ്ത്രീകൾക്കുണ്ടാകുന്ന യാതൊരു വിഷമവും എനിക്കനുഭവപ്പെട്ടിരുന്നില്ല അവനെ ഗർഭം ധരിച്ചിരിക്കെ എനിക്കൊരു സ്വപ്നദർശനമുണ്ടായി: ഒരു പ്രകാശം എന്നിൽ നിന്നു പുറപ്പെടുന്നു ശാമിലെയും ബുസ്വ് റയിലെയും കൊട്ടാരങ്ങൾ ആ പ്രകാശത്തിൽ ഞാൻ കണ്ടു അവനെ പ്രസവിച്ചപ്പോൾ ഈ പ്രകാശം ഞാൻ നേരിട്ടു ദർശിക്കുകയും ചെയ്തു സാധാരണ കുഞ്ഞുങ്ങൾ ജനിക്കുന്നതു പോലെയല്ല അവൻ പിറന്നത് ആകാശത്തേക്ക് കണ്ണുകളുയർത്തി കൈകളിൽ ഊന്നു കൊടുത്തു വണക്ക രൂപത്തിലായിരുന്നു അവന്റെ പിറവി ' 

ഈ ഹദീസ് സീറാ ചരിത്രകാരന്മാർക്കിടയിൽ പ്രസിദ്ധവും സ്ഥിരീകരിക്കപ്പെട്ടതും വിവിധ പരമ്പരകളിലൂടെ നിവേദനം ചെയ്യപ്പെട്ടതുമാണെന്ന് ഇബ്നു കസീർ അഭിപ്രായപ്പെട്ടിരിക്കുന്നു  

ഹലീമ (റ) തുടരുന്നു: 'ഞാൻ പിതാമഹൻ അബ്ദുൽ മുത്വലിബിനോടും കുട്ടിയുടെ കഥകളെല്ലാം പറഞ്ഞു എല്ലാം ശ്രദ്ധിച്ചു കേട്ട അദ്ദേഹം പറഞ്ഞു: 'ഹലീമാ, എന്റെ പുത്രന് ഭാസുരമായ ഭാവി ഞാൻ കാണുന്നുണ്ട് അക്കാലം വരെ ജീവിച്ചിരിക്കുവാൻ എനിക്ക് കൊതിയാവുന്നു ' 

ശേഷം അബ്ദുൽ മുത്വലിബ് ഞങ്ങൾക്ക് പല ഉപഹാരങ്ങളും നൽകി നല്ല രീതിയിൽ അദ്ദേഹം ഞങ്ങളെ യാത്രയയച്ചു പൊന്നുമോനോടും ഉമ്മയോടും യാത്ര പറഞ്ഞു ഞങ്ങൾ ബനൂ സഅ്ദിലേക്ക് തിരിച്ചു (സീറത്തു ബ്നി ഹിശാം: 1/171) 


ഹലീമ ബീവി (റ) യുടെ പിൽക്കാല ചരിത്രം 

ഹലീമ (റ) തന്റെ മക്കളെക്കാൾ സ്നേഹിച്ചും ലാളിച്ചുമാണ് തിരുനബി (സ) യെ വളർത്തിയത് തിരുനബി (സ) മുഖേന തനിക്കും കുടുംബത്തിനും വന്നുചേർന്ന ക്ഷേമൈശ്വര്യങ്ങളും കുട്ടിയുടെ സ്വഭാവശീലങ്ങളും അവരെ വല്ലതെ സ്വാധീനിച്ചിരുന്നു 

നാലാം വയസ്സിലാണ് ഹലീമ (റ) വളർത്തു പുത്രനെ മാതാവ് ആമിന (റ) ക്കു തിരിച്ചേൽപിച്ചത് ഭൂരിപക്ഷം ചരിത്ര നിവേദകന്മാരും ഈ അഭിപ്രായക്കാരാണ് അഞ്ചു വയസ്സു വരെ ഹലീമാ ബീവി (റ) വളർത്തി എന്ന ഒരഭിപ്രായം ഇബ്നു അബ്ബാസ് (റ) വിൽ നിന്നുള്ള നിവേദനത്തിലുണ്ട് 

മാതാവിനെ ഏൽപ്പിച്ച ശേഷം രണ്ടു തവണ ഹലീമ ബീവി (റ) തിരുനബി (സ) യെ നേരിൽ കണ്ടതായി ചരിത്രം രേഖപ്പെടുത്തുന്നു ഒന്ന്: തിരുനബി (സ) യുമായി ഖദീജാ (റ) യെ വിവാഹം ചെയ്ത ശേഷം അന്ന് ഖദീജ (റ) യുടെ വീട്ടിലേക്ക് തിരുനബി (സ) യുടെ വളർത്തു മാതാവ് കടന്നു വന്നു ഇരുപത്തിയഞ്ച് വയസ്സ് പിന്നിട്ട യുവകോമളനായ ഓമന സ്നേഹനിധിയായ ഹലീമ ബീവി (റ) കൺകുളിർക്കേ നോക്കിക്കണ്ടു എന്തെന്നില്ലാത്ത സ്നേഹാദരവോടെയാണ് അന്നു മുഹമ്മദ് നബി (സ) വളർത്തുമാതാവിനെ എതിരേറ്റത് പത്നി ഖദീജ (റ) തന്റെ ഭർത്താവിന്റെ പോറ്റുമ്മയെ അതിരറ്റ ബഹുമാനത്തോടെ സ്വീകരിച്ചു  

ഇമാം ഇബ്നു സഅ്ദ് (റ) ഉദ്ധരിക്കുന്നു: തിരുനബി (സ) ഖദീജ (റ) യെ വിവാഹം ചെയ്ത ശേഷം ഒരിക്കൽ ഹലീമ (റ) മക്കയിൽ നബി (സ) യെ സന്ദർശിക്കുവാനെത്തി ബനൂ സഅ്ദ് പ്രദേശത്തെ ക്ഷാമവും തങ്ങളുടെ കഷ്ടപ്പാടുകളും ഹലീമ (റ) തിരുനബി (സ) യെ കേൾപ്പിച്ചു അവിടുന്ന് അവരുടെ ആവശ്യങ്ങൾ ഖദീജ (റ) യെ അറിയിച്ചു നാൽപത് ആടുകളെയും ഒരു ഒട്ടകത്തെയും നബി (സ) അവർക്കു നൽകുകയുണ്ടായി (ത്വബഖാത്തുബ്നി സഅ്ദ്: 1/113) അക്കാലത്തെ ഏറ്റവും ഉയർന്ന നിലയിലുള്ള ഉപഹാരമാണ് തിരുനബി (സ) തന്റെ വളർത്തുമ്മക്ക് നൽകിയത് 

പിന്നീടൊരിക്കൽ ഹലീമ (റ) മകനെത്തേടി വന്നത് ഹിജ്റ എട്ടാം വർഷം ഹുനൈൻ യുദ്ധം കഴിഞ്ഞയുടനെയാണ് തിരുനബി (സ) അപ്പോൾ 'ജിഅ്റാന' എന്ന പ്രദേശത്ത് സ്വഹാബിമാരൊന്നിച്ച് വിശ്രമിക്കുകയായിരുന്നു 

ഇമാം ബുഖാരി, ഇമാം അബൂ ദാവൂദ്, ഇമാം ത്വബ്റാനി, ഇബ്നു ഹിബ്ബാൻ (റ) മുതലായവരെല്ലാം അബൂത്വുഫൈൽ (റ) വിൽ നിന്ന് ഈ സംഭവം റിപ്പോർട്ടു ചെയ്തിട്ടുണ്ട്  

'നബി (സ) ജിഅ്റാനയിൽ വെച്ച് മാംസം വിതരണം നടത്തിക്കൊണ്ടിരിക്കവെ ഒരു സ്ത്രീ അവിടെ വന്നു അന്ന് ഞാനൊരു ബാലനാണ് ഒരു ഒട്ടകത്തിന്റെ ചണ്ണ ചുമക്കുവാൻ എനിക്ക് കഴിയും ആ സ്ത്രീ പ്രവേശാനുമതി തേടിയപ്പോൾ തിരുനബി (സ) ധൃതിയിൽ എഴുന്നേറ്റു ചെന്ന് അവരെ ബഹുമാനാദരപൂർവ്വം സ്വീകരിച്ചു 

'എന്റെ ഉമ്മാ... എന്റെ ഉമ്മാ...' എന്നിങ്ങനെ തിരുനബി (സ) പറയുന്നുണ്ടായിരുന്നു തിരുനബി (സ) അണിഞ്ഞിരുന്ന ഉത്തരീയം വിരിച്ചു സ്നേഹപൂർവം അവരെ അതിൽ ഇരുത്തി ഇതാരാണെന്ന് ഞാൻ ചോദിച്ചു: അവിടുന്ന് പരിചയപ്പെടുത്തി: 'ഇവർ എന്നെ മുലയൂട്ടിയ വളർത്തു മാതാവാണ് ' (ത്വബഖാത്തു ബ്നി സഅ്ദ്: 1/114) 

ഇമാം അബൂദാവൂദ് (റ) വിന്റെ നിവേദനത്തിൽ ഇപ്രകാരം കാണാം: 'ഒരിക്കൽ നബി (സ) സ്വഹാബിമാർക്കിടയിൽ ഇരിക്കവെ മുലകുടി ബന്ധത്തിലൂടെയുള്ള അവിടുത്തെ പിതാവ് അവിടെ വന്നു നബി (സ) തന്റെ വസ്ത്രത്തിന്റെ ഒരു ഭാഗം അദ്ദേഹത്തിനു വിരിച്ചു കൊടുത്തു അദ്ദേഹം അതിൽ ഇരുന്നു പിന്നീട് തിരുനബി (സ) യുടെ വളർത്തുമ്മയും കടന്നു വന്നു വസ്ത്രത്തിന്റെ ഒരു ഭാഗം അവർക്കും വിരിച്ചു കൊടുത്തു അവർ അതിൽ ഇരുന്നു പിന്നീട് മുലകുടി ബന്ധത്തിലൂടെയുള്ള സഹോദരൻ വന്നു അപ്പോൾ തിരുനബി (സ) എഴുന്നേറ്റു അവരുടെ മുമ്പിൽ അദ്ദേഹത്തെയും ഇരുത്തി (സുനനു അബൂദാവൂദ്) 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതി: ഹലീമാ ബീവി (റ) യുടെ സൗഭാഗ്യം മത്തരമാണ് അവർക്കും ഭർത്താവിനും അവരുടെ മക്കൾക്കും ഇസ്ലാം സ്വീകരിക്കുവാനുള്ള ഭാഗ്യവും കൈവരികയുണ്ടായി ചരിത്രകാരൻ അബൂബക്കർ ബ്നു അബീ ഖൈസം തന്റെ താരീഖിൽ എഴുതി: തിരുനബി (സ) യിൽ നിന്നും ഹദീസ് നിവേദനം ചെയ്ത ഒരാളുമാണ് ഹലീമ (റ) അവർ തിരുനബി (സ) യുടെ ചാരത്ത് അണയുകയും ഇസ്ലാം പുൽകുകയും ഹദീസ് നിവേദനം ചെയ്യുകയും ചെയ്തിട്ടുണ്ട് (സുബുലുൽ ഹുദാ വർറശാദ്: 1/467) 

ഇമാം ഖാളീ ഇയാള് (റ) രേഖപ്പെടുത്തുന്നു: തിരുനബി (സ) യുടെ സന്നിധിയിൽ ഹലീമാ ബീവി (റ) വന്നതുപോലെ അബൂബക്കർ സിദ്ദീഖ് (റ) വിന്റെ സന്നിധിയിലും വന്നിരുന്നു തിരുനബി (സ) ചെയ്തതുപോലെ മഹാനും മഹതിക്ക് ഉത്തരീയം വിരിച്ചു കൊടുത്തു ആദരപൂർവം അതിൽ ഇരുത്തി ഉമർ (റ) വിന്റെ കാലത്തും മഹതി വന്നപ്പോൾ മഹാനും മഹതിയെ ഉത്തരീയം വിരിച്ച് അതിൽ അവരെ ഇരുത്തി ആദരിച്ചു (അശ്ശിഫാ: 1/100) 

ഹലീമ ബീവി (റ) യുടെ മഹത്തായ ഖബ്റിടം സ്ഥിതിചെയ്യുന്നത് മദീനയിലെ ജന്നത്തുൽ ബഖീഇലാണ് ബഖീഇൽ ആ ഖബർ ജനങ്ങൾ സിയാറത്ത് ചെയ്യപ്പെടാറുണ്ട് (സീറഃ സൈനീദഹ് ലാൻ: 1/56) 

ഹലീമാ ബീവി (റ) യുടെ ഭർത്താവ് ഹാരിസ് ഇസ്ലാം പുൽകിയത് തിരുനബി (സ) യുടെ വഫാത്തിനു ശേഷമാണെന്ന് സൂചിപ്പിക്കുന്ന ചില ചരിത്ര സൂചികകൾ ഇമാം മുഹമ്മദ് ബ്നു ഇസ്ഹാഖ് (റ) നിവേദനം ചെയ്തിട്ടുണ്ട് ബനൂ സഅ്ദിലെ ഒരാൾ പറഞ്ഞു: മുലകുടി ബന്ധത്തിലൂടെ തിരുനബി (സ) യുടെ പിതാവായിരുന്ന ഹാരിസ് ബ്നു അബ്ദിൽ ഉസ്സാ ഒരിക്കൽ മക്കയിൽ വന്നു അദ്ദേഹം വന്നിറങ്ങിയ ഉടനെ ഖുറൈശികൾ ചെന്നു പറഞ്ഞു: ഹാരിസ്, താങ്കളുടെ പുത്രൻ പറയുന്നത് കേൾക്കുന്നില്ലേ? അദ്ദേഹം ചോദിച്ചു: എന്താണ് പറയുന്നത്? അവർ പറഞ്ഞു: പുത്രൻ വാദിക്കുന്നത് മരണാനന്തരം ഒരു ജീവിതമുണ്ടെന്നാണ് അല്ലാഹു അഗ്നിയാലുള്ള ഒരു വീട് പടച്ചിട്ടുണ്ടത്രെ പാപികളെ ശിക്ഷിക്കാൻ സ്വർഗമെന്ന ഒരു വീട് നല്ലവരെ പാർപ്പിക്കുവാനും ഞങ്ങളുടെ ഐക്യമെല്ലാം നിങ്ങളുടെ മകൻ ശിഥിലമാക്കി 

ഇതുകേട്ട ഹാരിസ് തിരുനബി (സ) യെ കാണുവാൻ ചെന്നു അദ്ദേഹം ചോദിച്ചു: പ്രിയ മകനേ, നിനക്കും നിന്റെ നാട്ടുകാർക്കും എന്തുപറ്റി? അവർ മകനെ സംബന്ധിച്ച് ചില കുറ്റങ്ങൾ പറയുന്നുണ്ടല്ലോ? മരണാനന്തരം ഒരു ജീവിതമുണ്ടെന്നും മനുഷ്യൻ സ്വർഗത്തിലും നരകത്തിലുമെല്ലാം അധിവസിക്കുമെന്നും മകൻ പറയുന്നുണ്ടോ? അപ്പോൾ തിരുനബി (സ) പറഞ്ഞു: അതേ ഉപ്പാ, ഞാൻ അങ്ങനെ പറയുന്നുണ്ട് അന്നത്തെ ദിവസം വന്നെത്തുമ്പോൾ ഉപ്പയുടെ കൈ പിടിച്ച് ഞാൻ ഈ പറയുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാണെന്ന് കാണിച്ചു തരിക തന്നെ ചെയ്യും 

ഇതു കേട്ട ഹാരിസ് മറുത്തൊന്നും പറഞ്ഞില്ല അദ്ദേഹം ഇസ്ലാം സ്വീകരിച്ചു ഇസ്ലാം പുൽകിയതിനു ശേഷം അദ്ദേഹം പറയുമായിരുന്നു: എന്റെ മകൻ അന്ന് എന്റെ കൈ പിടിച്ച് പരലോക രക്ഷാശിക്ഷകൾ ബോധ്യപ്പെടുത്തിത്തരുമെന്ന് പറഞ്ഞിട്ടുണ്ട് ഇൻശാ അല്ലാഹ്.... എന്റെ മകൻ അന്ന് എന്റെ കൈ പിടിച്ചാൽ എന്നെ സ്വർഗത്തിൽ പ്രവേശിക്കാതെ വിട്ടുകളയില്ലെന്ന് ഞാൻ ആശിക്കുന്നു 

ഇമാം മുഹമ്മദ് ബ്നു ഇസ്ഹാഖ് (റ) പറയുന്നു: തിരുനബി (സ) യുടെ വഫാത്തിനു ശേഷമാണ് ഹാരിസ് ഇസ്ലാം പുൽകിയതെന്നാണ് എനിക്ക് ലഭിച്ച അറിവ് (സീറത്തുബ്നി ഇസ്ഹാഖ്: 4/218) 

ഹലീമാ ബീവി (റ) യുടെ മക്കളെല്ലാം ഇസ്ലാം സ്വീകരിച്ചിട്ടുണ്ട് തിരുവനന്തപുരം (സ) യെ താരാട്ട് പാടി ഉറക്കിയ ശൈമാഅ് എന്ന സഹോദരി പാൽ തിരുനബി (സ) യുടെ തിരുസന്നിധിയിൽ വന്ന സംഭവം മുമ്പ് വിവരിച്ചതാണ് ഒരു പാവപ്പെട്ട കുടുംബം ഇഹത്തിലും പരത്തിലും അത്യുന്നത പദവികൾ കൈവരിച്ചതാണ് ഹലീമാ ബീവി (റ) യുടെ ചരിത്രത്തിൽ നാം ദർശിക്കുന്നത് തിരുനബി (സ) യെ കൊണ്ടുള്ള അനുഗ്രഹങ്ങൾ മഹതിക്കു മാത്രമല്ല, അവർക്കും അവരുടെ കുടുംബത്തിനും പ്രദേശത്തിനും ഗോത്രത്തിനും ലഭിച്ചുവെന്നാണ് ചരിത്രം  

ഹിജ്റഃ 8ആം വർഷം ഹുനൈൻ യുദ്ധത്തിലൂടെ മക്കയുടെ പരിസര പ്രദേശങ്ങളെല്ലാം മുസ്ലിം സൈന്യം കീഴടക്കി കൂട്ടത്തിൽ ഹലീമാ ബീവി (റ) യുടെ നാട്ടുകാരനായ ഹവാസീൻ ഗോത്രക്കാരെയും സ്വഹാബികൾ ബന്ദികളാക്കിയിരുന്നു അപ്പോൾ ഹവാസീനിലെ ഒരു സംഘം തിരുനബി (സ) യെ സമീപിച്ചു: തിരുനബി (സ) യും സ്വഹാബികളും ജിഅ്റാനിൽ വിശ്രമിക്കുകയായിരുന്നു അവർ അവിടുത്തോട് അപേക്ഷിച്ചു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ അങ്ങയുടെ ബന്ധുക്കളും കുടുംബങ്ങളുമാണ് ഞങ്ങൾ ഇപ്പോൾ വിഷമത്തിലാണ് ഞങ്ങളോട് ദയ കാണിച്ചാലും അങ്ങയോട് അല്ലാഹു ദയ കാണിക്കാതിരിക്കില്ല 

ശേഷം അവരുടെ സംഘത്തിലെ പ്രഭാഷകൻ സുഹൈൽ എഴുന്നേറ്റ് പ്രസംഗിച്ചു: അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ തടവറയിലുള്ള ബന്ദികൾ അങ്ങയുടെ അമ്മായിമാരും അങ്ങയെ മുലയൂട്ടിയവരുടെ ബന്ധുക്കളും അങ്ങയെ പരിപാലിച്ചവരുമായ സ്ത്രീകളുമാണ് ഞങ്ങൾ മുലയൂട്ടി വളർത്തിയിരുന്നത് യമൻ രാജാവായ നുഅ്മാൻ ബ്നിൽ മുൻദിരിനെയോ ഇബ്നു അബീശംറിനെയോ ആയിരുന്നുവെങ്കിൽ ഇത്തരമൊരു അവസ്ഥയിൽ അവർ ഞങ്ങളെ വിട്ടയക്കാതിരിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് അങ്ങ് അവരേക്കാൾ ഉൽകൃഷ്ടനാണ്  

ശേഷം ഹവാസീൻ സംഘം ഹൃദ്യവും കരളലിയിപ്പിക്കുന്നതുമായ ഒരു കവിത തിരുനബി (സ) യെ ചൊല്ലി കേൾപ്പിച്ചു തിരുനബി (സ) അവരുടെ രാജ്യത്ത് മുലകുടിച്ചു വളർന്ന രംഗങ്ങൾ അനുസ്മരിപ്പിക്കുന്ന ഹൃദയനിർഭരമായ വരികളായിരുന്നു അതിൽ ചിലതെല്ലാം അല്ലാഹുവിന്റെ റസൂലേ, ഞങ്ങളോട് ഔദാര്യവും ദയയും കാണിക്കേണമേ അങ്ങ് ഞങ്ങളുടെ പ്രത്യാശയും പ്രതീക്ഷയുമാണ് വിഷമത്തിലായ ഞങ്ങളോട് അങ്ങ് ദയ കാണിക്കേണമേ

ഹൃദ്യമായ ഈ കവിത കാരണം തിരുനബി (സ) യിൽ നിന്ന് കരുണാ കാരുണ്യ വർഷം ഒഴുകുവാൻ കാരണമായി മുസ്ലിംകൾക്കെതിരിൽ കടുത്ത നടപടികൾ സ്വീകരിച്ചവരായിരുന്നു ത്വാഇഫ് പരിസരവാസികളായ ഹവാസീനുകാർ കഴിഞ്ഞുപോയ നിരോധനങ്ങളെല്ലാം മറക്കുവാനും ക്രൂരതകൾക്ക് മാപ്പ് നൽകുവാനും ദയാനിധിയായ തിരുനബി (സ) യെ ഈ കവിതകളും ക്ഷമാപണവും പ്രേരിപ്പിച്ചു ശൈശവ കാലത്ത് തനിക്ക് മുലയൂട്ടിയ ബനൂ സഅ്ദ്കാരുമായി ഏതെങ്കിലും വിധത്തിൽ ബന്ധമുണ്ടെന്നവകാശപ്പെട്ട ഹവാസീൻകാരിലേക്കെല്ലാം തിരുനബി (സ) യുടെ അളവില്ലാത്ത കാരുണ്യം കവിഞ്ഞൊഴുകി തിരുനബി (സ) പ്രഖ്യാപിച്ചു: 

'എന്റെ ഭാഗത്തും എന്റെ കുടുംബക്കാരുടെ ഭാഗത്തും ഉള്ളതെല്ലാം ഞാനിതാ നിങ്ങൾക്കു വിട്ടുതരുന്നു ഞാൻ മാപ്പ് തരുന്നു ' ഈ പ്രഖ്യാപനം കേട്ട അൻസ്വാറുകളായ സ്വഹാബികൾ ഒന്നടങ്കം പ്രഖ്യാപിച്ചു: ഞങ്ങളുടെ ഭാഗത്തുള്ളതെല്ലാം ഞങ്ങൾ പുണ്യതിരുമേനി (സ) ക്കു വിട്ടുകൊടുത്തിരിക്കുന്നു അവിടുത്തെ ഇഷ്ടം നടപ്പാക്കിക്കൊള്ളുക  

ആയിരത്തോളം കുട്ടികളും സ്ത്രീകളുമുണ്ടായിരുന്നു ഹവാസിൻ തടവുകാരിൽ തിരുനബി (സ) അവരെയെല്ലാം തൽക്ഷണം വിമോചിതരാക്കി നിരവധി കന്നുകാലികളും സ്വത്തുക്കളും മനുഷ്യരും ഇസ്ലാമിക സൈന്യത്തിന്റെ അധീനതയിലുണ്ടായിരുന്നു  

തിരുനബി (സ) എല്ലാം അവർക്ക് നിരുപാധികം വിട്ടുകൊടുത്തു ഹവാസിൻകാർക്ക് തിരുനബി (സ) വിട്ടുകൊടുത്ത വസ്തുക്കളുടെയും വ്യക്തികളുടെയും ആകെ മൂല്യം അഞ്ഞൂറ് കോടി ദിർഹമായി കണക്കാക്കപ്പെട്ടിരിക്കുന്നു ഇത്രയും വലിയ അനുഗ്രഹങ്ങൾ തിരുനബി (സ) യിൽ നിന്ന് ഹവാസിൻകാർക്ക് ഇഹത്തിൽ ലഭിച്ച സൗഭാഗ്യങ്ങളാണ് പരലോകത്ത് എന്തുമാത്രം സൗഭാഗ്യങ്ങൾ ഇനിയും അവരെ കാത്തുകിടക്കുന്നു വിശാലമായ ഈ പ്രത്യുപകാരത്തിന്റെ മുമ്പിൽ ഹവാസിൻ ഗോത്രക്കാരെല്ലാം ഇസ്ലാം സ്വീകരിച്ചു പിൽക്കാലത്ത് ഇസ്ലാമിന്റെ കരുത്തുറ്റ കോട്ടകളിലൊന്നായിരുന്നു ഹവാസിൻ ഗോത്രം (സീറത്തുന്നബവിയ്യ: 1/234) 


അലി അഷ്‌കർ : 95267 65555

No comments:

Post a Comment