Saturday 21 November 2020

സ്വവര്‍ഗരതിയും ഇസ്‌ലാമും

 

സ്വവര്‍ഗരതി എന്ന പദം വിശാലാര്‍ത്ഥത്തില്‍ സ്വന്തം വര്‍ഗത്തില്‍ പെട്ട ഇണയോടുമാത്രം ലൈംഗിക ബന്ധം പുലര്‍ത്തുന്നവരെയും ഇരു വര്‍ഗത്തില്‍ പെട്ടവരോടും വിഷയ സുഖത്തിലേര്‍പ്പെടുന്നവരെയും ദ്യോതിപ്പിക്കുന്നു (ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി 1983-ആം പേജ് നോക്കുക). 

പോയ കാലങ്ങളില്‍ നിന്നു ഭിന്നമായി, സ്വവര്‍ഗാനുരാഗികള്‍ക്ക് ഇന്നു ലോകത്ത് സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുകയാണ്. സ്വവര്‍ഗരതി തൃഷ്ണ മാനസിക വൈകല്യമായി കണ്ട് ചികിത്സ നേടുന്നതിന് പകരം ഇതിന് സ്വാഭാവിക പരികല്‍പന നല്‍കി സാധൂകരിച്ചെടുക്കാനും അങ്ങനെ തങ്ങളുടെ ഈ ഹീന ചെയ്തിയില്‍ നിര്‍ലജ്ജം സ്വൈരവിഹാരം നടത്താനും പരിഷ്കൃതമായ പല രീതികളും അവര്‍ ആവിഷ്കരിക്കുന്നു.ലിംഗ വിവേചനത്തിന്റെയും മുന്‍വിധിയുടെയും ഇരകളായി സ്വയം അവതരിപ്പിച്ച് സ്വവര്‍ഗ വേഴ്ചക്കും സ്വവര്‍ഗ വിവാഹത്തിനും നിയമ സാധുത കൈവരിക്കാന്‍ നിയമ നിര്‍മാണ സഭകളെയും ഭരണകൂടങ്ങളെയും സ്വാധീനിക്കുന്നു. 

അതിനു പുറമെ, സ്വവര്‍ഗരതിയെ ജന്മനാലുള്ള ജനിതകമായ ഒരു പ്രവണതയായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഗവേഷണങ്ങള്‍ക്ക് വന്‍ ഫണ്ടുനല്‍കി പ്രോല്‍സാഹിപ്പിച്ച് ഈ വൃത്തികെട്ട ഏര്‍പ്പാടിന് വിശുദ്ധിയുടെ പരിവേഷം നല്‍കാനുള്ള ഗൂഢനീക്കങ്ങളും ലോകത്തു നടക്കുന്നു.’ക്ലോസറ്റില്‍ നിന്നും പുറത്തുവരിക’ എന്ന ആലങ്കാരിക പ്രയോഗം പ്രഘോഷിച്ച് സ്വവര്‍ഗരതിക്കാരെ പരസ്യമായി രംഗത്തിറക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാനും വലിയൊരു ശൃംഖല തന്നെ ഇന്നു പ്രവര്‍ത്തിക്കുന്നുണ്ട്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ (സ്വവര്‍ഗരതിക്കാരായതില്‍ അഭിമാനം കൊണ്ടുള്ള പരേഡ്) എന്ന പേരില്‍ സമുദായങ്ങളെയും അനുകൂലികളെയും ഒന്നടങ്കം സംഘടിപ്പിച്ച് വര്‍ഷാവര്‍ഷം വന്‍ ആഘോഷ പരിപാടികളും പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് ഘോഷയാത്രകളും ഏറെക്കാലമായി നടക്കുന്നു. തികഞ്ഞ മീഡിയാ കവറേജും ഇവക്കു ലഭിക്കുന്നു. ദൈവികമായ സകല സനാതന മൂല്യങ്ങളെയും പഴഞ്ചനായി കാണുകയും അങ്ങേയറ്റം സെക്കുലർ മനഃസ്ഥിതി വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന ആധുനിക കാമ്പസുകളില്‍ നിന്ന് സ്വവര്‍ഗരതിയുടെ സാധുതക്കുവേണ്ടിയുള്ള മുറവിളികളുയര്‍ന്നു കൊണ്ടിരിക്കുന്നു എന്ന സത്യവും നാം തിരിച്ചറിയണം.

ഇതിന്റെയെല്ലാം ഫലമായി ഇന്ന് അര്‍ജന്‍റീന, ബെല്‍ജിയം, ബ്രസീല്‍, പോര്‍ച്ചുഗല്‍, സ്പെയിന്‍, കാനഡ, ഡെന്‍മാര്‍ക്, ഫ്രാന്‍സ്, മെക്സിക്കോ, പോളണ്ട്, ന്യൂസിലാന്‍ഡ്, നോര്‍വെ, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, യു കെ യിലെ ഇംഗ്ലണ്ട് & വെയില്‍സ്, അമേരിക്കയിലെ 20 ലേറെ സ്റ്റേറ്റുകള്‍, ഉറുഗ്വെ തുടങ്ങിയ ഇടങ്ങളില്‍ സ്വവര്‍ഗരതിയും സ്വവര്‍ഗ വിവാഹവും നിയമാനുസൃതമാക്കിയിരിക്കുന്നു എന്നു കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ സംഗതി എത്രമാത്രം വഷളായിരിക്കുന്നു എന്ന് മനസ്സിലാകും.

1976ല്‍ അമേരിക്കന്‍ സൈക്കാട്രിക് അസോസിയേഷന്‍ സ്വവര്‍ഗരതിയെ മാറ്റിയെടുക്കാവുന്ന രോഗമായി ഗണിക്കാനൊക്കില്ല, പ്രത്യുത അത് ഒരു ലൈംഗിക രൂപാന്തരമാണ് എന്നു പ്രഖ്യാപിച്ചതു മുതല്‍ സജീവമാകാന്‍ തുടങ്ങിയ സ്വവര്‍ഗാനുരാഗികളുടെ ഇടപെടലുകള്‍ ഇന്ന് പോപ്പടക്കമുള്ള മതമേലാധ്യക്ഷന്‍മാരുടെ വരെ അംഗീകാരം നേടിയിരിക്കുന്നു.

ഇന്ത്യയിൽ സ്വവർഗരതി 2018 സെപ്റ്റംബർ ആദ്യ വാരത്തിനു മുൻപ് വരെ ക്രിമിനൽ കുറ്റമായിരുന്നു . ക്രിമിനല്‍ കുറ്റം ആക്കുന്ന 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് സുപ്രീം കോടതി 2018 ഇൽ റദ്ദാക്കുകയുണ്ടായി.

ലോകത്തിലെ ചില രാജ്യങ്ങള്‍ സ്വവര്‍ഗ വിവാഹത്തിന് അനുവാദം കൊടുത്തിട്ടുണ്ട്. 1989  ല്‍ ഡെന്മാർക്കാണ് സ്വവര്‍ഗ രതിക്ക് ഒന്നാമതായി  നിയമാംഗീകാരം നല്‍കിയത്. ഏഴ് വര്‍ഷത്തിനു ശേഷം നോര്‍വ്വെ, സ്വീഡന്‍, ഐസ്ലാന്റ്.

പിന്നീട് ആറു വര്‍ഷത്തിനു ശേഷം ഫിന്‍ലാന്റിൽ നിയമപരമായി അംഗീകരിച്ചു.

 2001 ല്‍ നെതര്‍ലാന്റും, 2003 ല്‍ ബെല്‍ജിയവും, 2004 ല്‍ ന്യുസിലാന്‍റും, 2005 ല്‍ സ്പെയിനും, കാനഡയും, ദക്ഷിണാഫ്രിക്കയും,  ഇതേ പാത സ്വീകരിച്ചു. 

ഒടുവിലിതാ നമ്മുടെ രാജ്യവും!!!!!!!!!!!

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് പ്രകാരം സ്വവർഗ രതി ക്രിമിനൽ കുറ്റമായിരുന്നു. മെക്കാളാ പ്രഭുവാണ് ഈ നിയമം കൊണ്ട് വന്നത്.  

സ്വവര്‍ഗ രതിക്ക് അംഗീകാരം നല്‍കിയതോടെ സ്വവര്‍ഗ ലൈംഗീകത അംഗീകരിക്കുന്ന 127 മത്തെ രാജ്യമായി ഇന്ത്യ മാറി. 


സ്വവര്‍ഗരതിയും ഇസ്‌ലാമും

മനുഷ്യ ജീവിതത്തെ സ്പര്‍ശിക്കുന്ന നിഖില കാര്യങ്ങളിലും വിശുദ്ധ ഇസ്‌ലാമിന് വ്യക്തമായ കാഴ്ച്ചപ്പാടും പ്രായോഗികമായ സമീപനവുമുണ്ട്. സ്വവര്‍ഗരതി യുടെ കാര്യത്തിലും അതേ. വിശുദ്ധ ഖുര്‍ആനും തിരു സുന്നത്തും അതിനെ സ്രഷ്ടാവിന്റെയടുക്കല്‍ വലിയ ശിക്ഷ ലഭിക്കാന്‍ പോന്ന പ്രകൃതിയുടെ ചിട്ടക്കു നിരക്കാത്ത അതിരുകടന്ന പ്രവര്‍ത്തനമായി എണ്ണുന്നു. ഇസ്‌ലാമിലെ മുഴുവന്‍ കര്‍മശാസ്ത്ര മദ്ഹബുകളിലും സ്വവര്‍ഗരതിയും അതിലേക്കു കൊെണ്ടത്തിക്കുന്ന കാരണങ്ങളും ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സ്വവര്‍ഗരതി വമ്പാപങ്ങളില്‍ പെട്ടതാണെന്ന് പണ്ഡിതന്‍മാര്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. സ്വവര്‍ഗരതിക്കാര്‍ക്കു ഇസ്‌ലാമിക ശരീഅത്ത് പ്രകാരം നടപ്പിലാക്കേണ്ട ശിക്ഷാക്രമത്തില്‍ ചില അഭിപ്രായാന്തരങ്ങളുണ്ടെന്നു മാത്രം. ശാഫിഈ മദ്ഹബു പ്രകാരം വ്യഭിചാരത്തിന്റെ അതേ ശിക്ഷ (വിവാഹിതരായ പുരുഷന്മാരാണെങ്കില്‍ എറിഞ്ഞു കൊല്ലുക, അവിവാഹിതരാണെങ്കില്‍ നൂറ് അടി നല്‍കി ഒരു വര്‍ഷത്തേക്കു നാടുകടത്തുക) നല്‍കേണ്ടതാണ്.

മനുഷ്യരാരും തന്നെ പ്രകൃത്യാ സ്വവര്‍ഗാനുരാഗികളല്ലെന്ന് ഇസ്‌ലാമിക പണ്ഡിത ലോകം നിരീക്ഷിക്കുന്നു. സ്വവര്‍ഗരതി യഥാര്‍ത്ഥത്തില്‍ ധാര്‍മികമായ ക്രമഭംഗമാണ്. കൊടിയ പാപവും പ്രകൃതിവിരുദ്ധവുമാണ്. മനുഷ്യന്റെ നാണത്തെ അത് വലിച്ചൂരുന്നു. സ്വഭാവത്തെ ദുഷിപ്പിക്കുകയും മനസ്സിനെ മലിനമാക്കുകയും ചെയ്യും. മാറ്റിയെടുക്കാനാവാത്ത ഒരു രോഗമല്ലത്. കാരണം ഒരു വ്യക്തിയും സ്വവര്‍ഗാനുരാഗിയായി ജനിക്കുന്നില്ല. ഒരു കള്ളനായോ നുണയനായോ കൊലയാളിയായോ ജനിക്കാത്ത പോലെ. സാഹചര്യങ്ങള്‍ക്കടിപ്പെട്ട് കൃത്യമായ മാര്‍ഗദര്‍ശനമോ മൂല്യബോധമോ ലഭിക്കാത്തതാണ് പലരും ഈ ദുര്‍വൃത്തിയില്‍ അഭിരമിക്കാന്‍ കാരണം.  

ഇസ്‌ലാമില്‍ ലൈംഗിക സംഭോഗം സാധുവാകുന്നത് വിവാഹത്തിലൂടെയാണ്. സാമൂഹിക സ്ഥാപനമായ കുടുംബ വ്യവസ്ഥിതിയുടെ സുസ്ഥാപിതമായ നിലനില്‍പ്പാണ് ഇസ്‌ലാം ലക്ഷ്യമിടുന്നത്. കുടുംബം എന്ന സ്ഥാപനത്തിന്റെ അടിത്തറയാണ് വിവാഹം. അതു സ്ത്രീയും പുരുഷനും തമ്മിലായിരിക്കണമെന്ന് മതം നിഷ്കര്‍ഷിക്കുന്നു. മറിച്ചുള്ളതിന് വിവാഹമെന്ന് പറയില്ല.


സ്വവര്‍ഗരതിയെന്ന ഹീനകൃത്യത്തെ കുറിച്ച് പറയുന്ന ധാരാളം ഹദീസുകള്‍ കാണാം. ജാബിര്‍ (റ) നിവേദനം. നബി(സ്വ) പറഞ്ഞു: എന്റെ സമുദായത്തിന്റെ കാര്യത്തില്‍ ഞാനേറ്റവും ഭയക്കുന്നത് ലൂത്ത് നബി(അ)യുടെ സമുദായത്തിന്റെ ചെയ്തിയാണ് (തുര്‍മുദി, ഇബ്നുമാജ).

ആ കൃത്യം ചെയ്യുന്നവരുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ എന്ന് മൂന്നു പ്രാവശ്യം അവിടുന്ന് പ്രാര്‍ത്ഥിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. 

ഇമാം ബൈഹഖി ഉദ്ധരിക്കുന്ന ഒരു ഹദീസിന്റെ സാരം ഇപ്രകാരമാണ്: നാലു വിഭാഗം ആളുകളുണ്ട്. അവർക്ക് നേരം വെളുക്കുന്നതും വൈകുന്നേരമാകുന്നതും അല്ലാഹുവിന്റെ കോപത്തിലായാണ്. സ്ത്രീകളെപ്പോലെ നടക്കുന്ന പുരുഷൻമാരും പുരുഷൻമാരെപ്പോലെ നടക്കുന്ന സ്ത്രീകളും കാമപൂർത്തീകരണത്തിന് മൃഗങ്ങളെ പ്രാപിക്കുന്നവരും പുരുഷൻമാരുമായി ലൈംഗിക ബന്ധം പുലർത്തുന്ന പുരുഷന്മാരുമാണവർ.

 “ലൂത്വിന്‍റെ സമുദായം ചെയ്ത തിന്മ ചെയ്യുന്നവരെ അല്ലാഹു ശപിക്കട്ടെ. മൃഗങ്ങളെ കാമ നിവൃത്തിക്ക് വേണ്ടി ഉപയോഗിക്കുന്നവരെയും അല്ലാഹു ശപിക്കട്ടെ (നബി (സ) ഇത്  മൂന്ന് തവണ ആവര്‍ത്തിച്ചു) (തുര്‍മുദി, ഇബ്നുമാജ). 

“കാമപൂര്‍ത്തിക്കായി പുരുഷന്‍ പുരുഷനെ സമീപിക്കുന്നതും സ്ത്രീ സ്ത്രീയെ സമീപിക്കുന്നതും വ്യഭിചാരമാകുന്നു” (ബൈഹഖി). 

പുരുഷ സ്വവര്‍ഗരതിക്ക് അറബിയില്‍ ലിവാത്വ് എന്നും സ്ത്രീകള്‍ തമ്മിലുള്ള സുരത വേഴ്ചക്ക് സിഹാഖ് എന്നും പറയുന്നു. സ്ത്രീകളുടെ സിഹാഖ് അവര്‍ക്കിടയിലുള്ള വ്യഭിചാരമാണെന്നും അവരുടെ ശഹാദത്തു അല്ലാഹു സ്വീകരിക്കില്ലെന്നും തിരുനബി(സ്വ) താക്കീതു ചെയ്തിട്ടുണ്ട്.

ഇസ്‌ലാമിക നിയമമനുസരിച്ച് സ്വവര്‍ഗരതി കുറ്റകരവും ശിക്ഷാര്‍ഹവുമായ പാപമാണ്. അഞ്ചുസ്ഥലത്ത് ഖുര്‍ആനില്‍ ഇവരുടെ സ്വഭാവവിശേഷണങ്ങളെ പറ്റി  വിവരിക്കുന്നതു കാണാം. പ്രവാചകന്‍ ലൂത്വ് നബിയുടെ സമുദായത്തെക്കുറിച്ചുള്ള ഖുര്‍ആനിന്റെ നിരൂപണങ്ങള്‍ അവരുടെ പ്രകൃതിവിരുദ്ധ സമീപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ലൂത്തിനെയും നാം നിയോഗിച്ചു. അദ്ദേഹം തന്റെ ജനത്തോട് പറഞ്ഞതോര്‍ക്കുക: നിങ്ങള്‍ക്കു മുമ്പ് ലോകരിലാരും ചെയ്തിട്ടില്ലാത്ത നീചവൃത്തിയിലാണോ നിങ്ങളേര്‍പ്പെട്ടിരിക്കുന്നത്?നിങ്ങള്‍ സ്ത്രീകളെ ഒഴിവാക്കി ഭോഗേച്ഛയോടെ പുരുഷന്മാരെ സമീപിക്കുന്നു. അല്ല; നിങ്ങള്‍ കൊടിയ അതിക്രമികള്‍ തന്നെ.'(27:55)

മാലോകരില്‍ കാമശമനത്തിന് വേണ്ടി നിങ്ങള്‍ പുരുഷന്മാരെ സമീപിക്കുകയാണോ?നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്കായി സൃഷ്ടിച്ചുതന്ന നിങ്ങളുടെ ഇണകളെ ഉപേക്ഷിക്കുകയും? നിങ്ങള്‍ പരിധിവിട്ട ജനംതന്നെ.അവര്‍ പറഞ്ഞു: ലൂത്വേ, നീ ഇത് നിര്‍ത്തുന്നില്ലെങ്കില്‍ ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കപ്പെടുന്നവരില്‍ നീയുമുണ്ടാകും.(7:81,82)

നാം അവരുടെ മേല്‍ ഒരുതരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക(7 : 48)

സ്വവര്‍ഗരതിയിലേര്‍പ്പെടുന്നവര്‍ കുറ്റവാളികളാണെന്നും അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് ലോകത്ത് അതുവരെ ചെയ്തിട്ടില്ലാത്ത അതീവ നികൃഷ്ട കാര്യങ്ങളാണെന്നും അതിലേര്‍പ്പെട്ടവര്‍ ഒരുതരം ലഹരിയിലാണെന്നും ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു അധര്‍മ്മത്തെ വിളിക്കാവുന്ന പദങ്ങളെല്ലാം ഖുര്‍ആന്‍ സ്വവര്‍ഗരതിക്കെതിരെ പ്രയോഗിച്ചിട്ടുണ്ടെന്ന് നമുക്ക് കാണാം. പ്രകൃതി വിരുദ്ധവും മനുഷ്യത്വ രഹിതവും കാമത്തില്‍ മാത്രം കേന്ദ്രീകൃതവുമായ സ്വവര്‍ഗരതിയെ ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഇസ് ലാമിന്റെത് എന്നര്‍ഥം. പ്രവാചകന്‍ പറഞ്ഞു.ലൂത്തിന്റെ സമുദായം ചെയ്ത തിന്മയാണ് എന്റെ ജനതയില്‍ ഞാന്‍ ഏറ്റവും  ഭയപ്പെടുന്നത്'(തിര്‍മുദി). 

സ്വവര്‍ഗരതിയെ വ്യഭിചാരത്തോട് സമാനമാക്കിയിട്ടാണ് മുന്‍കാല പണ്ഡിതന്മാര്‍ പരിഗണിച്ചത്. അബൂബക്കര്‍(റ) ന്റെ കാലത്ത് സ്വവര്‍ഗഭോഗികള്‍ക്ക് എന്ത് ശിക്ഷ നല്‍കണമെന്ന ചര്‍ച്ചഉയരുകയും അലി(റ) അവരെ കത്തിച്ചുകളയാന്‍ വേണ്ടി നിര്‍ദ്ദേശിച്ച സംഭവവും ഫത്ഹുല്‍ ഖദീറില്‍ ഇമാം ഹുമാം രേഖപ്പെടുത്തിയിട്ടുണ്ട്. സാഹചര്യങ്ങളെ കുറിച്ച് പഠിച്ച ശേഷം ഉചിതമായ ശിക്ഷ ന്യായാധിപന് തീരുമാനിക്കുകയാണ് വേണ്ടതെന്ന് ഇമാം അബൂഹനീഫ റഹ് അഭിപ്രായപ്പെടുകയുണ്ടായി.

സ്വവര്‍ഗരതി ഇസ്‌ലാമിക പണ്ഡിതന്മാരുടെ വീക്ഷണമനുസരിച്ച് വലിയ പാപവും ശിക്ഷാര്‍ഹവുമാണ്. ഇത് നിരോധിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. വ്യക്തിയുടെയും സമൂഹത്തിന്റെയും  ആരോഗ്യത്തിന് ഹാനികരമാണിത്. സമൂഹത്തില്‍ ധാര്‍മിക തകര്‍ച്ചക്കും ലൈംഗിക അരാചകത്വത്തിനും ഇത് വഴിയൊരുക്കും. മാത്രമല്ല, ലൈംഗികവും ആരോഗ്യപരവും മാനസികവുമായ നിരവധി  രോഗങ്ങള്‍ക്കിത് ഇടയാക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ ഇത് അപമാനകരമാണിത്.


സ്വവർഗരതിയും രോഗങ്ങളും

സ്വവര്‍ഗരതി അത്യധികം അപകടകരമായ നിരവധി പ്രശ്നങ്ങള്‍ക്ക് ഹേതുകരമാണ്. ഒന്നാമതായി കുടുംബമെന്ന പവിത്രമായ വ്യവസ്ഥിതിയുടെ വിനാശത്തിന് അത് നിമിത്തമാകുന്നു. പലരാജ്യങ്ങളും സ്വവര്‍ഗരതിക്കും സ്വവര്‍ഗവിവാഹത്തിനും അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും പഠനങ്ങള്‍ തെളിയിക്കുന്നത് അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഇത്തരം ബന്ധങ്ങള്‍ നിലനില്‍ക്കുന്നില്ല എന്നാണ്. 

ഡേവിഡ് പി മാക്വേര്‍ട്ടര്‍, ആന്‍ഡ്രൂ എം മാറ്റിന്‍സണ്‍ എന്നിവര്‍ തയ്യാറാക്കിയ ദ മെയില്‍ കപ്ള്‍ എന്ന ഗവേഷണ ഗ്രന്ഥത്തില്‍ ഒന്നു മുതല്‍ മുപ്പതു വര്‍ഷമായെന്നു പറയുന്ന 156 പുരുഷസ്വവര്‍ഗ ജോടികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ടു ചെയ്തത്, അവരില്‍ ഭൂരിഭാഗവും അഞ്ചു വര്‍ഷത്തില്‍ താഴെ മാത്രമേ ഒന്നിച്ചു ജീവിച്ചിട്ടുള്ളൂവെന്നും ഇണയോട് വിശ്വസ്ഥത പുലര്‍ത്തിയിട്ടുള്ളൂവെന്നുമാണ്. മറ്റുള്ളവര്‍ ഈ ബന്ധത്തിനു പുറമെ ഇതര ബന്ധങ്ങളുള്ളവരും അതില്‍ പരസ്പരം ധാരണയിലെത്തിക്കഴിയുന്നവരാണ്.

സ്വവര്‍ഗരതി ജോടികള്‍ക്കിടയിലുള്ള ആഭ്യന്തര പ്രശ്നങ്ങളും സംഘട്ടനങ്ങളും മറ്റുള്ളവരില്‍ കാണുന്നതിനേക്കാള്‍ ഇരട്ടിയാണെന്നും കണ്ടെത്തിയിരിക്കുന്നു. കടുത്ത മാനസിക പിരിമുറുക്കവും ആത്മഹത്യാ പ്രവണതയും അത്തരക്കാരില്‍ കൂടുതലാണ്. മാത്രമല്ല, സ്വവര്‍ഗരതിക്കാര്‍ വളര്‍ത്തുന്ന ദത്തുമക്കളുടെ ശാരീരിക മാനസിക വളര്‍ച്ച ചോദ്യചിഹ്നമായി കിടക്കുകയുമാണ്. കൊടിയ മാനസിക സംഘര്‍ഷങ്ങളും സ്വഭാവ വൈകല്യങ്ങളും അവര്‍ അനുഭവിക്കുന്നവരായി പഠനങ്ങള്‍ തെളിയിക്കുന്നു. ചുരുക്കത്തില്‍ സമാധാനത്തോടെയുള്ള കൂട്ടു ജീവിതം സ്വവര്‍ഗരതിക്കാരായ പങ്കാളികള്‍ക്ക് ഒരിക്കലും സാധ്യമല്ല. പിന്നെന്തിനിത് പ്രോത്സാഹിപ്പിക്കണം? കേവലം ക്ഷണഭംഗുരമായ ആസ്വാദനത്തിനോ?!!

അതിനു പുറമെ, മാരകവും അറപ്പുളവാക്കുന്നതുമായ നിരവധി അസുഖങ്ങള്‍ക്ക് സ്വവര്‍ഗരതി വഴിവെക്കുന്നു. വിനാശകാരിയായ എയ്ഡ്സ്, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുഴകളും വീക്കങ്ങളും ഉണ്ടാക്കുന്ന 70 ലേറെ വൈറസുകളുടെ സമാഹാരമായ എച് വി പി, ഹെപാറ്റിറ്റിസ് അഥവാ കരള്‍ വീക്കം, ജനനേന്ദ്രിയ ഭാഗത്തുണ്ടാകുന്ന ഗൊണേറിയ, ഗൗരവമായ മാനസിക ക്രമഭംഗവും ഹൃദയ അസ്വാഭാവികത്വവും അന്ധതയും ഉണ്ടാക്കുന്ന ശരീരത്തിലുടനീളം പരക്കാവുന്ന സിഫിലിസ് അഥവാ പറങ്കിപ്പുണ്ണ്, ഷാന്‍ക്രോയിഡ്, കാന്‍ഡിഡിയാസിസ്, ക്ലമിഡിയ, സ്കെയ്ബിസ്, ഗുദാര്‍ബുദം തുടങ്ങി കടുത്ത നിരവധി ലൈംഗിക രോഗങ്ങള്‍ക്ക് സ്വവര്‍ഗരതി മുഖ്യ കാരണമാണെന്ന് വ്യൈശാസ്ത്രത്തിന്റെ ഏകാഭിപ്രായം. ഒരു രോഗത്തില്‍ നിന്നു മറ്റൊന്നിലേക്ക്, ഒരു വിപത്തില്‍ നിന്നു മറ്റൊന്നിലേക്ക് എന്ന ദൈന്യമായ അവസ്ഥയായിരിക്കും ഫലം.


മനുസ്മൃതി പറയുന്നത്

കനൈ്യവ കന്യാം യാ കുര്യാത്തസ്യാഃ സ്യാദ്വിശതോ ദമഃ
ശുല്‍ക്കം ച ദ്വിഗുണം ദദ്യാച്ഛിഫാശ്ചൈ വാപ്‌നുയാദ്ദശ
യാ തു കന്യാം പ്രകുര്യാത് സ്ത്രീ സാസദ്യോ മൗണ്ഡ്യമര്‍ഹതി
അംഗുല്യോരേവ വാ ച്ഛേദം ഖരേണോദ്വഹനം തഥാ”

”ഒരു കന്യക തന്നെ മറ്റൊരു കന്യകയെ മേല്‍പ്പറഞ്ഞ രീതിയില്‍ ദുഷിപ്പിച്ചാല്‍ 200 പണം പിഴ കൊടുക്കണം. അവള്‍ ദുഷിപ്പിക്കപ്പെട്ട കന്യകയുടെ പിതാവിന് കന്യാശല്കത്തിന്റെ ഇരട്ടികൊടുക്കുകയും ചാട്ടയോ ചൂരലോ കൊണ്ട് പത്തടി കൊള്ളുകയും വേണം.

ഒരു കന്യകയെ ദുഷിപ്പിക്കുന്നതു സ്ത്രീയാണെങ്കില്‍ അവര്‍ ഉടന്‍തന്നെ ശിരോമുണ്ഡനമോ സാഹചര്യമനുസരിച്ച് രണ്ടംഗുലികളുടെ ഛേദനമോ അര്‍ഹിക്കുന്നു. അതുപോലെ തന്നെ ആ സ്ത്രീയെ കഴുതപ്പുറത്തു കയറ്റി രാജവീഥിയിലൂടെ സഞ്ചരിപ്പിക്കുകയും വേണം.” മനുസ്മൃതി 8:369,370.

സ്വവര്‍ഗഭോഗത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ ജാതിഭ്രഷ്ടരായി കണക്കാക്കപ്പെടുമെന്നാണ് മനുനിയമം. ജാതിഭ്രഷ്ടരായിത്തീര്‍ന്നവര്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകള്‍ പരിഗണിച്ചാല്‍ ഇതൊരു കഠിനമായ ശിക്ഷ തന്നെയാണെന്ന് മനസ്സിലാക്കാം.

”ബ്രാഹ്മണസ്യ രുജഃകൃത്വാ ഘ്രാതിര ഘ്രേയ മദ്യയോഃ
ജൈഹ്മ്യം ച മൈഥുനം പുംസി ജാതി ഭ്രംശകരം സ്മൃതം”

”ബ്രാഹ്മണനെ(താഡനാദിയാല്‍) പീഡിപ്പിക്കുക. അഘ്രേയങ്ങളായ (മണക്കാന്‍ പാടില്ലാത്ത) ഉള്ളി, അമേദ്ധ്യം മുതലായവയും മദ്യവും മണപ്പിക്കുക, വക്രത, പുരുഷന്മാരുമായി പ്രകൃതിവിരുദ്ധമൈഥുനം എന്നിവ ജാതിഭ്രംശകരമായ പാതകമാണ്.” മനുസ്മൃതി 11:68.


ബൈബിൾ പറയുന്നത് 

”സ്ത്രീയോടുകൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു.”(ലേവ്യ 18:22.)

”ഒരുവന്‍ സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടുകൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണു ചെയ്യുന്നത്. അവരെ വധിക്കണം. അവരുടെ രക്തം അവരുടെമേല്‍ ആയിരിക്കട്ടെ.”ലേവ്യ 20:13.

”അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ! നിങ്ങള്‍ വഞ്ചിതരാകരുത്. അസന്മാര്‍ഗ്ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളില്‍ ചിലര്‍ ഇത്തരക്കാരായിരുന്നു.” കൊരിന്ത്യര്‍ 6:9-10.

”അതുകൊണ്ട് ദൈവം അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ ശരീരങ്ങള്‍ പരസ്പരം അപമാനിതമാക്കുന്നതിന് അശുദ്ധിക്ക് വിട്ടുകൊടുത്തു. എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവനാണ്, ആമേന്‍. 

അക്കാരണത്താല്‍ ദൈവം അവരെ നിന്ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്ത്രീകള്‍ സ്വാഭാവികബന്ധങ്ങള്‍ക്കു പകരം പ്രകൃതിവിരുദ്ധബന്ധങ്ങളിലേര്‍പ്പെട്ടു. അതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയില്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്ക് ലഭിച്ചു. ദൈവത്തെ അംഗീകരിക്കുന്നത് പോരായ്മയായി അവര്‍ കരുതിയതു നിമിത്തം അധമവികാരത്തിനും അനുചിത പ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു. അവര്‍ എല്ലാ തരത്തിലുമുള്ള അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രോഹം എന്നിവയില്‍ അവര്‍ മുഴുകുന്നു. 

അവര്‍ പരദൂഷകരും ദൈവനിന്ദകരും ധിക്കാരികളും ഗര്‍വിഷ്ഠരും പൊങ്ങച്ചക്കാരും തിന്മകള്‍ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും ബുദ്ധിഹീനരും അവിശ്വസ്തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീര്‍ന്നു. ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണ് എന്ന ദൈവകല്‍പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു.” റോമക്കാര്‍ 1:24-32.
******************************

സ്വവര്‍ഗ രതിയിലെ ബുദ്ധിശൂന്യതയെ പറ്റി പ്രസിദ്ധ പണ്ഡിതന്‍ ശാഹ് വലിയുല്ലാഹി (റ) പറയുന്നു: “ആണ്‍ വിഭാഗം സ്ത്രീകളുമായി മാത്രമാണ് ഇണ ചേരുന്നത്. അതാകുന്നു ശുദ്ധ പ്രകൃതം. സ്വവര്‍ഗ രതിയാകട്ടെ പ്രകൃതി വിരുദ്ധമാണ്. മൃഗങ്ങള്‍ പോലും അതിലേക്ക് തിരിഞ്ഞു നോക്കാറില്ല. അവപോലും പെണ്‍ വര്‍ഗത്തിന്‍റെ മുന്‍ പഴുത് മാത്രമേ ഭോഗബന്ധങ്ങള്‍ക്ക് ഉപയോഗിക്കാറുള്ളൂ. എന്നാല്‍ നികൃഷ്ട വികാരത്തിനടിമപ്പെട്ട മനുഷ്യര്‍ സ്വവര്‍ഗ ഭോഗത്തില്‍ രമിക്കുന്നു. മണ്ണും കരിയും തിന്നുന്ന സ്ഥാനമേ അവര്‍ക്കുള്ളൂ. ഇത്തരം പ്രകൃതി വിരുദ്ധ ലൈംഗികതയെ പുല്‍കുന്നവര്‍ സ്വയം തങ്ങളുടെ ദേഹക്കൂറുകളെ തകര്‍ക്കുകയും രോഗം ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. മാത്രമല്ല, സന്താന പിറവിക്കു നിദാനമാകുന്ന പ്രകൃതി നിശ്ചിത മാര്‍ഗം കയ്യൊഴിച്ച് അല്ലാഹുവിന്‍റെ അജ്ഞതകളെ ലംഘിക്കുകയും അല്ലാഹുവിന്‍റെ ആജ്ഞകളെ ലംഘിക്കുകയും മനസ്സുകളില്‍ ഇരുള്‍ നിറക്കുന്ന തെമ്മാടികളാണവര്‍. അവര്‍ക്ക് നാണക്കേടോ ലജ്ജയോ കൂട്ടിനുണ്ടാവില്ല. അതാണ് ലൂത്വ് നബി(അ)യുടെ സമുദായത്തിന് സംഭവിച്ചത്. ഇത്തരം വ്യക്തിപരവും സാമൂഹികവുമായ വിവിധ കാരണങ്ങളാലാണ് സ്വവര്‍ഗ ഭോഗം നിഷിദ്ധമായത്” (ഹുജ്ജതുല്ലാഹില്‍ ബാലിഗ, 2/8). 

ലൂത്ത് നബി (അ) ന്റെ ചരിത്രം സ്വവർഗ്ഗാനുരാഗികൾക്കു ദുനിയാവിൽ തന്നെ എത്ര മാത്രം ശിക്ഷ കിട്ടുന്ന പാപമാണ് എന്ന് വിളിച്ചോതുന്നു . ആഖിറത്തിലെ കാര്യത്തെ പറ്റി പിന്നെ പറയണോ .ഇത്തരം മോശവും , വൈകൃതവുമായ തെറ്റുകളിൽ നിന്നും പൂർണ്ണമായും ഒഴിവായി നിൽക്കുവാൻ പടച്ച തമ്പുരാൻ നമുക്കേവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 


കടപ്പാട് : മഹ്മൂദുല്‍ ഹസന്‍ അഹ്സനി മേല്‍മുറി, അബ്ദുല്‍ ബാരി കടിയങ്ങാട്

No comments:

Post a Comment