Thursday 19 November 2020

സഈദ്ബ്നു സൈദ് (റ)



സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തുപേരില്‍ ഒരാള്‍. പിതാവ് സൈദ് ബിന്‍ അംറ് ബിന്‍ നുഫൈല്‍ (റ). സൈദ് (റ) നേരത്തെതന്നെ ബഹുദൈവാരാധനയില്‍നിന്നും അകന്നു ജീവിച്ച വ്യക്തിയായിരുന്നു. ഇബ്‌റാഹീം നബി(അ)ന്റെ ദീനിൽ അടിയുറച്ചു നിന്ന അദ്ദേഹം കഅബ സന്ദര്‍ശിക്കുകയും ജനങ്ങളെ ബഹുദൈവാരാധനയില്‍നിന്നും അകുന്നു നില്‍ക്കാന്‍ ഉപദേശിക്കുകയും ചെയ്തു. 

ഈ വീട്ടില്‍ ജീവിച്ച സഈദ്(റ)വിനെ സംബന്ധിച്ചിടത്തോളം ഏകദൈവവിശ്വാസം ചിന്തക്ക് ഉള്‍കൊള്ളാത്ത കാര്യമായിരുന്നില്ല. പ്രവാചകന്‍ ﷺ ഇസ്‌ലാമുമായി പ്രത്യക്ഷപ്പെട്ട ഉടനെത്തന്നെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകൻ ﷺ ദാറുല്‍ അര്‍ഖമില്‍ പ്രവേശിക്കുന്നതിനു മുമ്പായിരുന്നു ഇത്. 

സഈദിനോടൊപ്പം ഭാര്യ ഫാഥിമ ബിന്‍തുല്‍ ഖഥാബും (റ) ഇസ്‌ലാം സ്വീകരിച്ചിരുന്നു. ആദ്യകാല മുസ്‌ലിംകളിൽ പെട്ടവരായതുകൊണ്ടുതന്നെ രണ്ടു പേര്‍ക്കും അനവധി ക്ലേശങ്ങൾ സഹിക്കേണ്ടിവന്നു. നാനാഭാഗത്തുനിന്നും ശത്രുക്കള്‍ അവരെ മര്‍ദ്ദിക്കുകയും പീഢിപ്പിക്കുകയും ചെയ്തു. ഇവര്‍ കാരണമായിട്ടാണ് ഉമര്‍ ബിന്‍ ഖഥാബ് (റ) ഇസ്‌ലാംമതം സ്വീകരിച്ചിരുന്നത്. 

പ്രവാചകരെ (ﷺ) വധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട അദ്ദേഹം തന്റെ സഹോദരിയുടെ ഇസ്‌ലാമിനെക്കുറിച്ചറിയുകയും അവരുടെ വീട്ടിലേക്കു പുറപ്പെടുകയുമായിരുന്നു. അവിടെയെത്തിയപ്പോള്‍ ഖബ്ബാബ് (റ) വിനോടൊപ്പം അവര്‍ ഖുര്‍ആന്‍ പാരായണത്തിലാണ്. ഇതുകേട്ട ഉമര്‍ (റ) വിന്റെ മനസ്സ് മാറുകയും ഇസ്‌ലാമിലേക്കു കടന്നുവരികയുമായിരുന്നു.

ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ അനവധി ത്യാഗങ്ങള്‍ക്കു സന്നദ്ധനായ അദ്ദേഹം അബ്‌സീനിയയിലേക്കും മദീനയിലേക്കും ഹിജ്‌റ പോയിരുന്നു. മദീനയില്‍ പ്രവാചകന്‍ ﷺ അദ്ദേഹത്തെ ഉബ്യ്യ് ബിന്‍ കഅബ് (റ) വുമായി ചെങ്ങാത്തത്തിലാക്കി. ബദര്‍ യുദ്ധത്തിനു മുന്നോടിയായി, ശാമില്‍നിന്നും കച്ചവടം കഴിഞ്ഞു വരുന്ന സംഘങ്ങളുടെ ചലനങ്ങളറിയാന്‍ പ്രവാചകന്‍ ﷺ അയച്ചിരുന്നത് സഈദ് (റ) വിനെയും ഥല്‍ഹത് ബിന്‍ ഉബൈദില്ല (റ) വിനെയുമായിരുന്നു.

അതിനാല്‍, അവര്‍ക്ക് ബദര്‍ യുദ്ധത്തില്‍ പങ്കെടുക്കാനായില്ല. പ്രവാചകൻ ﷺ ഗനീമത്ത് വീതിച്ചപ്പോള്‍ അവര്‍ക്കും ഒരോഹരിയുണ്ടായിരുന്നു. ശക്തനും ധീരനുമായ അദ്ദേഹം പ്രവാചകരോടൊപ്പം (ﷺ) മറ്റു യുദ്ധങ്ങളിലെല്ലാം പങ്കെടുത്തിട്ടുണ്ട്.

സഈദുബ്നു ഹബീബ് (റ) എന്ന മഹാൻ അരുൾ ചെയ്യുകയാണ്: നബി തിരുമേനി ﷺ തങ്ങളുടെ പക്കൽ അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ), അലി (റ), സഅ്ദ് (റ), സഈദ് (റ), ത്വൽഹ (റ), സുബൈർ (റ), അബ്ദുറഹ്മാനുബ്നു ഔഫ് (റ), അബൂ ഉബൈദ് (റ) എന്നിവരുടെ സ്ഥാനം ഒന്നു തന്നെയായിരുന്നു. ഈ മഹാന്മാരായ സ്വഹാബികളെല്ലാം യുദ്ധ വേളയിൽ നബിﷺയുടെ നേരെ മുമ്പിലും, നിസ്കാരത്തിൽ അവിടുത്തെ (ﷺ) തൊട്ടു പിമ്പിലും നില കൊള്ളുമായിരുന്നുവത്രെ. ഇവരാണ് സ്വർഗം കൊണ്ട് സുവിശേഷമറിയിക്കപ്പെട്ടവർ.

നാമിവിടെ ചർച്ചക്കെടുക്കുന്ന സഈദുബ്നു സഈദ് (റ) എന്ന സ്വഹാബി വര്യൻ ഈ പത്തുപേരിൽ ഒരാളാണ്. എന്നാൽ ആരാണീ സഈദ് (റ)..? നമുക്ക് പഠിക്കാം.


ജനനം

സഈദുബ്നു സൈദ് (റ) വിന്റെ പൂർണ നാമം സഈദുബ്നു അംറുബ്നു നുഫൈലുബ്നു അബ്ദിൽ ഉസ്സാബ്നി രിബാഹിബ്നി അബ്ദില്ലാഹിബ്നു ഖിർത്വിബ്നു റസാഹിബ്നി അദിയ്യ് എന്നാകുന്നു. 'അബുൽ അഅ് വർ' എന്ന് ഉപനാമം.

സഈദ് (റ) അവർകളുടെ മാതാവ് ഏറ്റവും ആദ്യമായി ഇസ്ലാമാശ്ലേഷിച്ചവരിൽ ഉൾപ്പെടുന്നു. ഫാത്വിമാ ബിൻതു നഅ്ജബ്നി ഉമയ്യത്തബ്നി ഖുവൈലിദിൽ ഖുസ്സാഇയ്യം എന്നാണ് ആ വനിതാ രത്നത്തിന്റെ പേര്.

നീണ്ടു മെലിഞ്ഞ തവിട്ടു നിറമുള്ള സഈദ് (റ). അവർകൾക്ക് തലമുടി ധാരാളമുണ്ടായിരുന്നു. ആ മഹാനുഭാവന്റെ പിതാവായ സൈദ് (റ) തന്റെ ജീവിതത്തിന്റെ അന്ത്യ നിമിഷങ്ങളിൽ മകൻ മുസ്ലിമാകാൻ വേണ്ടി അല്ലാഹു ﷻ വോട് താണുകേണ് പ്രാർത്ഥിച്ചു. ആ പ്രാർത്ഥനയുടെ  സാക്ഷാൽക്കാരമെന്നോണം സഈദ് (റ) പരിശുദ്ധ ദീനുൽ ഇസ്ലാമിലേക്ക് സാവേശം കടന്നുവന്നു.

സഈദ് (റ)വിന്റെ പിതാവ് സൈദുബ്നു അംറ് (റ) ജാഹിലിയ്യാ കാലത്തുപോലും ബിംബാരാധന നടത്തിയിരുന്നില്ല. ബിംബങ്ങൾക്കു വേണ്ടി അറുത്തത് ആ മഹാൻ കഴിക്കാറുമുണ്ടായിരുന്നില്ല.

റസൂലുള്ളാഹി ﷺ തങ്ങൾ ഇസ്ലാമുമായി രംഗപ്രവേശം ചെയ്യുന്നതിനു മുമ്പ് ഖുറൈശികളെ വിളിച്ചു കൊണ്ട് സഈദ് (റ)വിന്റെ പിതാവായ സൈദുബ്നു അംറ് ചോദിച്ച അർത്ഥഗർഭമായ ചോദ്യം കേൾക്കണോ? 

“അല്ലയോ ഖുറൈശീ സമൂഹമേ, നിങ്ങൾ അല്ലാഹുﷻവല്ലാത്തവരെ പ്രീതിപ്പെടുത്താൻ ബലിനടത്തിയാൽ അല്ലാഹു ﷻ നിങ്ങൾക്ക് ഒരു തുള്ളി മഴ തരുമോ? ഭൂമിയിൽ സസ്യലതാദികളെ മുളപ്പിക്കുമോ? മഞ്ഞു തിന്നുന്ന നാൽക്കാലികളെ നിങ്ങൾക്കുവേണ്ടി സൃഷ്ടിച്ചു വിടുമോ? ഇബ്റാഹീം നബി (അ)ന്റെ ദീനിൽ നിലകൊള്ളുന്ന ഒരാൾ ഇക്കാലത്ത് ഈ ഭൂമുഖത്ത് ഞാനല്ലാതെ മറ്റാരെയും ഞാൻ കാണുന്നില്ല.” 

അപ്പോഴതാ ഉമറുബ്നുൽ ഖത്താബ് റളിയല്ലാഹു അൻഹുവിന്റെ പിതാവും സൈദുബ്നു അംറിന്റെ പിതൃവ്യനുമായ ഖത്താബുബ്നു നുഫൈൽ എഴുന്നേറ്റു നിൽക്കുകയാണ്. മുഖത്തടിച്ചു, അസഭ്യം പറഞ്ഞു, ആക്ഷേപിച്ചു. “ബനൂ അദിയ്യ് ഗോത്രത്തോട് എപ്പോഴും എതിര് നിൽക്കുന്ന, ഇടഞ്ഞു നിൽക്കുന്ന നിന്നെ ഞാൻ തടവിലാക്കുക തന്നെ ചെയ്യും.” എന്ന് അക്രോശിച്ചു.

ഖത്താബ് പിന്നെ ചെയ്തതെന്താണെന്നോ? ഒരു സംഘം ഖുറൈശികളെ സഹകാരികളായി കൂട്ടി അവരുടെ സഹായത്താൽ സൈദ്(റ)വിനെ (സഈദ് റളിയല്ലാഹു അൻഹുവിന്റെ പിതാവിനെ) മക്കയിൽ നിന്ന് നാടുകടത്തി. അദ്ദേഹം എന്നെങ്കിലും മക്കയിൽ കാലു കുത്തുന്നത് തടയാൻ ഒരുകൂട്ടം ഖുറൈശീ ചെറുപ്പക്കാരെ ഏർപ്പാടാക്കുകയും ചെയ്തു. 

അങ്ങനെ സൈദ് (റ) ഹിറാ പർവ്വതത്തിൽ അഭയം പ്രാപിച്ചു. ആരും കാണാത്ത നിലക്ക് പരമ രഹസ്യമായിട്ടേ അദ്ദേഹം മക്കത്ത് പ്രവേശിച്ചിരുന്നുള്ളൂ. നബിﷺയുടെ നിയോഗത്തിന് മുമ്പാണിത് സംഭവിച്ചതെന്നോർക്കണം.


സൈദ് (റ) നബിﷺയുടെ അമ്മായിയായ ഉമൈമ(റ)യുമായും, ഉഥ്മാനുബ്നുൽ ഹാരിഥുമായും (റ), അബ്ദുല്ലാഹിബ്നു ജഹ്ശുമായും (റ), വറഖത്ത് ബ്നു നൗഫൽ (റ) എന്ന ഇഞ്ചീൽ പണ്ഡിതനുമായും പലവുരു കൂടിക്കാഴ്ചകൾ നടത്തി. ഖുറൈശികളുടെ അധ:പതനവും, വഴികേടുമായിരുന്നു അവരുടെ ചർച്ചാ വിഷയം. 

ഖുറൈശികൾ സത്യപാന്ഥാവിൽ നിന്ന് അകന്നു പോയിരിക്കുന്നു. ഖുറൈശികൾ ആരാധിക്കുന്നത് ബഹുദൈവങ്ങളെയാണ്. ബിംബങ്ങളെയാണ്. ദൈവമാകട്ടെ, ഒന്നേയൊന്ന്. അവൻ അ ചുംബിതനും, അപ്രമേയനും, അരൂപിയുമത്രെ.

ഖുറൈശികളിൽ നടമാടുന്ന ബിംബ പൂജയോട് സൈദിനെപ്പോലെ (റ) ഈ മഹതീ മഹാന്മാർക്കും അശേഷം താൽപര്യമില്ല. അവർ സത്യമതത്തിന്റെ സത്യസന്ധരായ അന്വേഷകരായിരുന്നു.

സഈദ് (റ) അവർകളുടെ പ്രിയ പിതാവായ സൈദുബ്നു അംറിബ്നു നുഫൈൽ (റ) പാടിയ ഒരു അറബിക്കവിത അബൂബക്ർ (റ) അവർകളുടെ പ്രിയപുതി

അസ്മാ (റ) ഉദ്ധരിച്ചിട്ടുണ്ട്. അത് ചുവടെ കൊടുക്കുന്നു;


تركت اللات والعزّى جميعا

       كذلك يفعل الجلد الصبور

فلا العزى أدين ولا ابنتيها

                  ولا صم غنم أزور

ولا هيلا أدين وكان ربالنا

      في الدهر إذا حلمى صغير

أربا واحدا أم الف رب 

       أدين إذا تفسمت الأمور

الم تعلم بأن الله أختي

       رجالا كان شأنهم الفجور

وأبقى أخرين بيرفوم

       فيربو منهم الطفل الصغير

ബിംബാരാധനയോടുള്ള കടുത്ത വിദ്വേഷം മുകളിൽ കൊടുത്ത വരികളിൽ പ്രകടമാണ്. സൈദ് (റ) ആലപിച്ച ഈ ഗീതത്തിൽ അക്കാലത്ത് അവര് ആരാധിച്ചിരുന്ന പെൺ ദൈവങ്ങളായ അല്ലെങ്കിൽ ദേവിമാരായ ലാത്തയുടെയും, ഉസ്സായുടെയും പേര് കാണാം. ഞാൻ ദേവിമാരെ പൂജിക്കുകയില്ലെന്ന് സൈദ് (റ) ഉറപ്പിച്ചു പറയുന്നു.

വിവേകമില്ലാത്ത കുട്ടിക്കാലത്ത് ഹുബൽ ദേവനെ ആരാധിച്ചിരുന്ന സൈദ് (റ) ഇനി അത്തരം ദേവീദേവന്മാരെ പൂജിക്കുകയില്ലെന്ന് തീർത്ത് പറയുകയാണ്. ഏകനായ റബ്ബിനെയല്ലാതെ ആയിരം റബ്ബുകളെ ഞാൻ വണങ്ങുകയോ എന്ന് ചോദിക്കുന്നു സൈദ് (റ).

സൈദിനെപ്പോലുള്ള (റ) ബുദ്ധിമാന്മാരിൽ നിന്നും ഇത്തരം തത്വജ്ഞാനങ്ങൾ ഒഴുകി വന്നതിൽ അതിശയോക്തിയില്ല. അന്ധതയുടെ കൂമ്പാരങ്ങൾക്കിടയിൽ ജീവിച്ച സൈദ് (റ) സത്യത്തിന്റെ വെളിച്ചത്തിനുവേണ്ടി പരതുകയായിരുന്നു. 

സത്യത്തിനുവേണ്ടി തുടിക്കുന്ന ആ ഹൃത്തടത്തിൽ നിന്നും ഉതിർന്നു വീണ മൂന്നുവരി കവിത കൂടി കാണുക:

اسلمت وجهي لمن أسلمت له المزن تحمل عذبا زلالا

وأسلمت وجهي لمن أسلمت له الأرض تحمل صخرا ثقالا

دحاها فلما استوت شدها سواء وارسی عليها الجبالا

ശുദ്ധജലം സംവഹിക്കുന്ന മുകിൽ കീഴ്പെട്ടവന് ഈ സൈദും കീഴ്പെട്ടു. ഭാരമുള്ള പാറയെ വഹിക്കും ഭൂതലം ആർക്ക് കീഴൊതുങ്ങിയോ, അവന് ഞാൻ കീഴൊതുങ്ങി. സർവ ശക്തനായ ഏക ദൈവത്തെ വണങ്ങേണ്ട മർത്യൻ ആ ദൈവത്തിന്റെ ബലഹീനരായ സൃഷ്ടികളെ പൂജിക്കുന്നതിന്റെ അർഥശൂന്യതയാണ് ഈ വരികളിലും സൈദ് (റ) ചൂണ്ടിക്കാണിക്കുന്നത്.

സൈദു ബ്നു അംറ് (റ) സിറിയയിലേക്ക് യാത്ര പുറപ്പെടുന്നു. ആ സത്യാന്വേഷി സത്യം തേടിയുള്ള യാത്രയിലാണ്. സത്യമതമേതെന്നറിയാനുള്ള വ്യഗ്രതയോടെയും ജിജ്ഞാസയോടെയും ഇതാ സിറിയയിലൊരു പഥികൻ; ഏകാന്ത പഥികൻ. 

സിറിയയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ആമിറുബ്നു റബീഅ(റ)വിനെ കണ്ടു സൈദ് (റ). അദ്ദേഹത്തോട് പറഞ്ഞത്: ഞാൻ എന്റെ ജനതയുടെ മതത്തോട് വിട പറഞ്ഞിരിക്കുകയാണ്. ഞാൻ ഇബ്റാഹീം നബി (അ)ന്റെ മാർഗത്തെയാണ് പിന്തുടരുന്നത്. ഇബ്റാഹീം നബിക്ക് (അ) ശേഷം ഇസ്മാഈൽ നബി (അ) ആരാധിച്ച അതേ രീതി പിൻപറ്റാനാണ് എനിക്ക് താൽപര്യം. അദ്ദേഹമൊക്കെ ഈ കഅ്ബയിലേക്ക് തിരിഞ്ഞു നിസ്കരിക്കുകയാണല്ലോ ചെയ്തത്...  

അബ്ദുൽ മുത്തലിബിന്റെ സന്തതികളിൽ നിന്നും ഒരു പ്രവാചകനെ ഞാൻ പ്രതീക്ഷാപൂർവം കാത്തിരിക്കുകയാണ്. അവിടുത്തെ കണ്ടുമുട്ടാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. എന്നാലും ഞാൻ ആ നബിയിൽ വിശ്വസിക്കുന്നു. അവിടുന്ന് നബി തന്നെയാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു. 

നിങ്ങൾ എനിക്ക് ശേഷം ഏറെക്കാലം ജീവിക്കുകയും ആ നബി പുംഗവരെ കാണുകയും ചെയ്താൽ അവിടുത്തേക്ക് എന്റെ സലാം എത്തിക്കണേ.

ആമിർ ബിൻ റബീഅ (റ) പറയട്ടെ: ഞാൻ മുസ്ലിമായപ്പോൾ സൈദുബ്നു അംറ് (റ) സലാം പറഞ്ഞ കാര്യം ഞാൻ നബി ﷺ തങ്ങളോട് ഓതി. നബി ﷺ തങ്ങൾ സലാം മടക്കി. സൈദിനെ (റ) അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ എന്ന് നബി ﷺ തങ്ങൾ പ്രാർത്ഥിച്ചു. അനന്തരം, നബി കരീം ﷺ ഇങ്ങനെ പറഞ്ഞു: സ്വർഗത്തിൽ നല്ല ഉടയാടകളണിഞ്ഞു കൊണ്ട് സൈദ് (റ) ഗമയിൽ നടന്നുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.


സിറിയയിലെത്തിയ സൈദ് (റ) ഒരു യഹൂദ പണ്ഡിതനെ കണ്ടുമുട്ടി. സത്യ ദീനിനെക്കുറിച്ച് ചോദിച്ചപ്പോൾ സത്യദീൻ ഋജു മാർഗമാണെന്ന് യഹൂദ പണ്ഡിതൻ പറഞ്ഞു. ഏതാണാ ഋജു മാർഗമെന്ന് ആരാഞ്ഞപ്പോൾ ഇബ്റാഹീം നബി(അ)ന്റെ ദീൻ എന്ന് മറുപടി കിട്ടി. 

പിന്നെ ഒരു ക്രിസ്ത്യൻ പണ്ഡിതനെയും സൈദ് (റ) കണ്ടു. അദ്ദേഹത്തോടും അന്വേഷിച്ചു, സത്യ ദീനിനെക്കുറിച്ച്. അദ്ദേഹവും പറഞ്ഞു: സത്യ മതം ഇബ്റാഹീം നബി (അ) പഠിപ്പിച്ച വളവും തിരിവുമില്ലാത്ത ഋജു മാർഗമാണ്, അഥവാ നേർ വഴിയാണ്.

യഹൂദ മതത്തിലെയും ക്രിസ്തു മതത്തിലെയും ഏറ്റവും വലിയ രണ്ടു പണ്ഡിതന്മാർ ഏകോപിച്ചു പറഞ്ഞ മറുപടിയിൽ തൃപ്തനായി സിറിയയിൽ നിന്ന് നാട്ടിലേക്ക് തിരിക്കവേ ഇരു കരങ്ങളുമുയർത്തി സൈദ് ഉദ്ഘോഷിച്ചത് ഇപ്രകാരമായിരുന്നു: അല്ലാഹുവേ, തീർച്ചയായും ഞാൻ ഇബ്റാഹീം നബി (അ)മിന്റെ മതത്തിൽ തന്നയാണ്.

അന്ത്യ പ്രവാചകന്റെ നിയോഗവാർത്ത കിട്ടിയ സൈദ് (റ) നബിﷺയെ കാണാനുള്ള ഉൽക്കണ്ഠയോടെ മുന്നോട്ട് ഗമിക്കവേ മൈഫഅ എന്ന സ്ഥലത്തെത്തിയപ്പോൾ വഴിക്കൊള്ളക്കാരുടെ വാളിനിരയായി, 

ആ സത്യാന്വേഷകൻ അന്ത്യ ശ്വാസം വലിക്കുന്നതിനു മുമ്പ് അദ്ദേഹം തന്റെ റബ്ബിനോട് കേണു പറഞ്ഞത് ഇപ്രകാരമായിരുന്നു. അല്ലാഹുവേ ഈ നന്മ എനിക്ക് നീ നിഷേധിച്ചെങ്കിലും എന്റെ മകൻ സഈദിന് (റ) ഈ മഹത്തായ നന്മ നീ തടയരുതേ റബ്ബേ...

റഹ്മാനും റഹീമുമായ റബ്ബുല്‍ ഇസ്സത്ത് സൈദിന്റെ (റ) പ്രാർത്ഥന സ്വീകരിച്ചു. ഏറ്റവും ആദ്യം ഇസ്ലാമാശ്ലേഷിച്ച സൗഭാഗ്യവാന്മാരിൽ സഈദെന്ന (റ) ഭാഗ്യവാനും ഉൾപ്പെട്ടു.

'ലാഇലാഹ ഇല്ലല്ലാഹ് വ അന്ന മുഹമ്മദൻ റസൂലുല്ലാഹ്'

എന്ന് പ്രഘോഷണം ചെയ്യാൻ തന്റെ അടുത്ത ബന്ധുക്കളോട് പുണ്യ നബി ﷺ ആവശ്യപ്പെട്ട് നേരത്ത് തൗഹീദിന്റെ ആ മധുര ധ്വനി നാവു കൊണ്ട് ഏറ്റു പറയുന്നവരിൽ ഒന്നാം സ്ഥാനത്ത് സഈദ്(റ)ഉണ്ടായിരുന്നു. 

ഇളം പ്രായത്തിൽ തന്നെ ഏകദൈവ വിശ്വാസത്തിന്റെ അമര ശബ്ദം മുഴക്കാനും, അത് അഷ്ട ദിക്കിലും പ്രചരിപ്പിക്കാനും, അഹമഹമികയാ മുന്നോട്ടുവന്ന കർമ കുശലരിൽ സഈദും (റ) തന്റെ സ്ഥാനം അടയാളപ്പെടുത്തി.

സഈദ് (റ) തന്റെ ജീവിതത്തിന്റെ വസന്ത ദശയിലാണ്. ഇരുപത് പിന്നിട്ടിട്ടില്ലാത്ത സഈദിന് (റ) കരിമീശ കുരുത്തു വരുന്നേയുണ്ടായിരുന്നുള്ളൂ. ആയിടെ നബിﷺയെ സമീപിച്ച് തന്റെ പ്രിയ പിതാവ് പരേതനായ സൈദുബ്ന് അംറിനെക്കുറിച്ച് ഇപകാരം ചോദിച്ചുവെന്ന് ചരിത്രകാരൻ എഴുതി വെച്ചിരിക്കുന്നു.

നബിയേ, എന്റെ പിതാവിനെ സംബന്ധിച്ച് നിങ്ങൾ അറിഞ്ഞിട്ടുണ്ടല്ലോ. സ്വർഗത്തിൽ എന്റെ ഉപ്പയെ അങ്ങ് കാണുകയും ചെയ്തിട്ടുണ്ട്. ഞാൻ എന്റെ ബാപ്പയ്ക്ക് വേണ്ടി പൊറുക്കലിനെ തേടട്ടെയോ? എന്റെ പിതാവിന്റെ പാപമോചനത്തിന് വേണ്ടി എനിക്ക് പ്രാർത്ഥിക്കാമോ ഹബീബായ
നബിയേ..?

ഉടൻ വന്നു ഇരുലോകങ്ങളുടെയും ചക്രവർത്തി തിരുമനസ്സിന്റെ (ﷺ) മറുപടി: അതെ, സഈദ് (റ). താങ്കളുടെ പിതാവ് ഖിയാമ നാളിൽ എഴുന്നേൽപ്പിക്കപ്പെടുന്നത് ഒരേയൊരു ഉമ്മത്തായിട്ടായിരിക്കും. സൈദുബ്നു അംറ് (റ) എന്ന ഒരു ഉമ്മത്ത് (സമുദായം). ആ ഉമ്മത്തിൽ ഒരേയൊരു വ്യക്തി.

വറഖത്തുബ്നു നൗഫൽ (റ) ഒരു അനുശോചന കാവ്യം (رثاء) എഴുതിയിട്ടുണ്ട്. സൈദുബ്നു അംറ് (റ) കൊല്ലപ്പെട്ടപ്പോൾ كتاب الأدب والتاريخ എന്ന ഗ്രന്ഥത്തിൽ ആ കാവ്യം കാണാം.


സഈദുബ്നു സൈദ്(റ)വിന്റെ ഇസ്ലാമാശ്ലേഷം.

നബികരീം ﷺ തങ്ങൾ അൽ അർഖമുബ്നു അബിൽ അർഖമിന്റെ (റ) വീട്ടിൽ കഴിയുന്നതിനു മുമ്പേ ഏതാണ്ട് ഇരുപതിനോടടുത്ത പ്രായത്തിൽ സഈദുബ്നു സൈദ് (റ) മുസ്ലിമായി.

ഇസ്ലാമിന്റെ ദ്വിതീയ ഖലീഫ: ഉമറുബ്നുൽ ഖത്താബ് (റ) അവർകളുടെ സഹോദരി ഫാത്തിമ(റ)യാണ് സഈദ് (റ) എന്ന മഹാനുഭാവന്റെ ധർമ പത്നി. ഉമൈമ എന്ന് സ്ഥാനപ്പേരുണ്ടവർക്ക്. സഈദ് (റ) മുസ്ലിമായപ്പോൾ തന്നെ തന്റെ പ്രിയതമയും മുസ്ലിമത്തായി. ആ നവദമ്പതികൾ ഒന്നിച്ച് ഇസ്ലാമിനെ പുണർന്നു. രണ്ടുപേരും അതിക്രമകാരികളും കിങ്കരന്മാരുമായ ഖുറൈശി പ്രമുഖരിൽ നിന്ന് പീഢനങ്ങളേറ്റുവാങ്ങി. 

സഈദ് (റ) അവർകളെ ഏറ്റവും കൂടുതലായി പീഢിപ്പിച്ചതാരെന്നറിയണ്ടേ? തന്റെ പിതൃവ്യ പുത്രനും, ഭാര്യാ സഹോദരനുമായ ഉമറുബ്നുൽ ഖത്താബ് (റ) തന്നെ. ആ മഹാനുഭാവൻ അക്കാലത്ത് ഇസ്ലാം സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. 

സഈദ്(റ)വിന്റെയും ഭാര്യയുടെയും ഇസ്ലാമാശ്ലേഷം മുസ്ലിംകൾക്ക് ഏറ്റവും മഹത്തായ അനുഗ്രഹമായി ഭവിക്കാൻ യുക്തിമാനായ അല്ലാഹു ﷻ തീരുമാനിച്ചു. മുസ്ലിംകളുടെ ജീവിതത്തെ ദൂരവ്യാപകമായ സ്വാധീനം അത് സൃഷ്ടിക്കുകയുണ്ടായി. 

ഇസ്ലാമിലെ ഏറ്റവും വലിയ ബുദ്ധി രാക്ഷസനും, കുഫ്ഫാറിനെതിരിൽ ഏറ്റവും വലിയ വീരശൂര പരാക്രമിയുമായ ഉമറുബ്നുൽ ഖത്താബ് (റ) അവർകളുടെ ഇസ്ലാമാശ്ലേഷത്തിന് നിമിത്തമായത് സഈദ് (റ) എന്ന മഹാനും അവിടുത്തെ തിരു പത്നിയും തന്നെ.


ഉമർ (റ) പരിശുദ്ധ ഇസ്ലാമിനെ പരിരംഭണം ചെയ്യുന്നു

ഒരിക്കൽ ധീരനും, രണശൂരനുമായ ഉമർ (റ) അവർകളുടെ കാതിൽ ഒരു വാർത്തയെത്തി. വാർത്തയുടെ സംക്ഷിപ്തമിതാണ്. സ്വഫാ മലയുടെ സമീപം ഒരു വീട്ടിൽ മുഹമ്മദ് നബിﷺയും, നാൽപതോളം വരുന്ന അനുയായിവൃന്ദവും ഒരുമിച്ചു കൂടിയിട്ടുണ്ട്. 

വാളേന്തിയ ഉമർ (റ) അവരെ വകവരുത്താനായി ഒരുങ്ങിപ്പുറപ്പെടുകയായി. വഴിയിൽ വെച്ച് നുഐമുബ്നു അബ്ദില്ലാഹി ന്നഹ്ഹാമിനെ (റ) സന്ധിച്ചു. നുഐം (റ) മുസ്ലിമായ വിവരം ഉമർ (റ) അറിഞ്ഞിരുന്നില്ല. ഉമർ (റ) എന്നല്ല, ഒരാളും തന്നെ ആ വാർത്ത അറിഞ്ഞിരുന്നില്ല എന്നതാണ് നേര്. 

കാരണം, പരമ രഹസ്യമായിട്ടായിരുന്നു നുഐമിന്റെ (റ) ഇസ്ലാമാശ്ലേഷം. അദ്ദേഹം പരസ്യമായി തന്റെ ഇസ്ലാം പ്രകടിപ്പിച്ചില്ല; അത് മറച്ചു വെച്ചു. ഉമറിന്റെ (റ) ഉദ്ദേശ്യമെന്തെന്ന് നുഐം (റ)  മണത്തറിഞ്ഞു. മുസ്ലിംകളുടെ നേർക്ക് ചാടിവീഴാൻ പോകുന്ന ഉമറിനെ (റ) അതിൽ നിന്നും പിന്തിരിപ്പിക്കാൻ നുഐം (റ) ഒരു ഉപായം മെനഞ്ഞു.

നുഐം (റ) ചോദിച്ചു ഉമറിനോട് (റ): അല്ല ഉമറേ (റ), നിങ്ങളുടെ പിതൃവ്യ പുത്രനും, പുതിയാപ്പിളയുമായ സഈദ് ബ്നു സൈദും (റ), അതുപോലെ നിങ്ങളുടെ പെങ്ങൾ ഫാത്വിമ (റ), അവരിരുവരും പാർക്കുന്ന വീട്ടിലേക്കൊന്നു പോയിട്ട് അവരുടെ കാര്യമൊന്ന് ശരിയാക്കിക്കൂടേ..?

അളിയനെയും പെങ്ങളെയും തിരഞ്ഞു ചെന്ന ഉമർ (റ) അവരോടൊപ്പം ഖബ്ബാബുബ്നുൽ അറത്തിനെയും (റ) കണ്ടു. ഖബ്ബാബ് (റ) അവരിരുവരെയും പരിശുദ്ധ ഖുർആൻ വചനങ്ങൾ ഒരു ഏടിലെഴുതി പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. വീട്ടിലേക്ക് കടന്നുചെന്ന ഉമറിന്റെ (റ) ഗംഭീര സ്വരം അവിടെ മുഴങ്ങി. എന്താണത്? എന്തോ കുശുകുശുക്കുന്നത് ഞാൻ കേട്ടല്ലോ..?

സഈദും (റ) ഫാത്തിമ(റ)യും മറുപടിയായി മൊഴിഞ്ഞത്. താങ്കൾ ഒന്നും തന്നെ കേട്ടിട്ടില്ല. ഉമർ (റ) വിട്ടില്ല. ഘന ഗംഭീരമായ സ്വരത്തിൽ ഉമർ (റ) പറയുകയാണ്: അതേ, അല്ലാഹു ﷻതന്നെ സത്യം! നിങ്ങൾ ഇരുവരും മുഹമ്മദിന്റെ (ﷺ) മതം പിന്തുടരുകയാണെന്ന വാർത്ത ഞാനറിഞ്ഞിട്ടുണ്ട്. 

ഉമർ (റ) സഈദുബ്നു സൈദ് (റ) വിനെ പിടികൂടി. ഉടൻ തന്നെയതാ തന്റെ പെങ്ങൾ സ്വന്തം ഭർത്താവിനെ അക്രമിക്കുന്നതിൽ നിന്ന് ആങ്ങളയെ തടുക്കുകയാണ്. അപ്പോഴതാ ഉമർ (റ) തന്റെ പെങ്ങളെ അടിച്ച് പരിക്കേൽപ്പിച്ചു കഴിഞ്ഞു. 

അപ്പോഴേക്കും ആ പെങ്ങൾ ഒരു ഈറ്റപ്പുലിയെപ്പോലെ ആയിക്കഴിഞ്ഞിരിക്കുന്നു. ഫാത്തിമ (റ) തന്റെ ആങ്ങളയുടെ മുഖത്തു നോക്കി ഗർജ്ജിക്കുക തന്നെ ചെയ്തു: “അതേ, ഞങ്ങൾ മുസ്ലിമായിരിക്കുന്നു. നിനക്ക് തോന്നുമ്പോലെ ചെയ്തോളു. എന്തു വന്നാലും വേണ്ടില്ല, ഞങ്ങൾ ഈ സത്യ മാർഗത്തിൽ നിന്ന് പിന്തിരിയുന്ന പ്രശ്നമില്ല.”

തന്റെ പ്രിയ സഹോദരിയുടെ അധരങ്ങളിൽ നിന്നും ചുടുനിണം പൊടിയുന്നതു കണ്ട ഉമറിന്റെ (റ) ഹൃദയം ആർദ്രമായി. ഉമർ (റ) കെഞ്ചി. ആ ഏടിങ്ങു തരു.., 

ഫാത്തിമ (റ) പറഞ്ഞു: അത് നിന്റെ കയ്യിൽ തരാൻ ഞങ്ങൾക്കു പേടിയാണ്. 
പേടിക്കേണ്ട പെങ്ങളേയെന്ന് ഉമർ (റ). എങ്കിൽ പോയി അംഗശുദ്ധി ചെയ്തുവാ എന്ന് ആ സഹോദരി, അംഗ സ്നാനം ചെയ്ത ശേഷം ഉമർ (റ) വന്നണഞ്ഞു. ഏട് കയ്യിലെടുത്ത് വായിക്കാൻ തുടങ്ങി...


   طه مَا أَنزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَىٰ

“അല്ലയോ വിശുദ്ധ പ്രവാചക തിരുമേനീ, അങ്ങയെ വിഷമിപ്പിക്കാനല്ല ഈ ഖുർആൻ അവതീർണമായത്.” പരിശുദ്ധ ഖുർആനിലെ വശ്യവചസ്സുകളെഴുതിയ ഏട് ആദ്യമായി കാണുകയാണ് ഉമർ (റ).

ഉമറിന്റെ (റ) ധൈഷണിക മസ്തിഷ്കത്തിലോ, ഈമാനിന്റെ
വെള്ളച്ചാട്ടം. ആവേശപൂർവം ഉമർ (റ) കാൽവെക്കുകയാണ് അല്ലാഹു ﷻ വിന്റെ തിരുദൂതരുടെ ചാരത്തണയാൻ. അവിടുത്തെ (ﷺ) തലയെടുക്കാനല്ല; തന്റെ മേധാശക്തി തിരുമേനിക്ക് (ﷺ) സമ്മാനിക്കാൻ. 

തിരുമനസ്സിന്റെ പ്രശോഭിത ഹൃദയത്തിലേക്കിറങ്ങിച്ചെന്ന് തന്റെ ആത്മാവിന്റെ ദാഹം തീർക്കാൻ. ചക്രവർത്തി തിരുമനസ്സിന്റെ പൂമേനിയെ ആലിംഗനം ചെയ്യാൻ. ചന്ദ്രനെ വെല്ലുന്ന ശോഭയാർന്ന തിരുമുഖത്ത് ഒരു ചുംബനം നൽകാൻ...

مَا أَحْسَنَ هَذَا الْكَلَامِ وَأَكْرَمَهُ

“എത്ര മനോഹരം ഈ വചനം! എത
മേൽ മഹത്തരം ഈ ദിവ്യ ഗീതികൾ!''

നബികരീം ﷺ തങ്ങളുടെ തിരുമുമ്പിലെത്താറായ നേരത്ത് ഉമറിന്റെ (റ) ചുണ്ടിൽ നിന്നും ഉതിർന്നുവീണ ശബ്ദമാണത്. സ്വഫാ മലയുടെ അരികെ സ്ഥിതി ചെയ്യുന്ന വീട് അൽഅർഖം ബിൻ അബിൽ അർഖമിന്റെ (റ) വസതി. അവിടെയാണ് ഭൂലോക ചക്രവർത്തിയുള്ളത്, ആ ഭവനമാണിപ്പോൾ ഉമറിന്റെ (റ) ലക്ഷ്യം. വീടണഞ്ഞു; വാതിലിന് മുട്ടി.

أَشٔهَدُ أَلَّا إِلَهَ اللَّهُ ، مُحَمَّدٌ رَّسُولُ اللَّهْ

“അല്ലാഹു അല്ലാതെ ഇല്ലൊരാരാധ്യൻ; അല്ലാഹുവിന്റെ തിരുദൂതർ തന്നെ മുഹമ്മദ് ﷺ” ഉമറിന്റെ ഘനഗംഭീരമായ സ്വരം ദാറുൽ അർഖമിൽ മുഴങ്ങി. തൗഹീദിന്റെ അമരധ്വനി മുഴക്കിയ ഉമറിന്റെ (റ) ശബ്ദം അഷ്ട ദിക്കിലും പ്രതിധ്വനിച്ചു. 

വീട്ടിനകത്ത് കഴിയുകയായിരുന്ന നബിﷺയും സ്വഹാബിമാരും ഉമറിന്റെ (റ) വാക്കുകൾ കേട്ട് ഹർഷപുളകിതരായി. അല്ലാഹു അക്ബറിന്റെ വിജയ മന്ത്രം മുഴക്കിക്കൊണ്ട് അവർ ഉമറുബ്നുൽ ഖത്താബ് (റ) എന്ന് ധിഷണാശാലിയെ സ്വാഗതം ചെയ്തു. തൊണ്ട പൊട്ടുമാറ് സ്വഹാബികൾ തക്ബീർ ധ്വനികൾ മുഴക്കി.


ഹിജ്റ.

സഈദുബ്നു സൈദ് (റ) പ്രശോഭിത മദീനയിലേക്ക്
(അൽ മദീനത്തുൽ മുനവ്വറ) പാലായനം ചെയ്യുകയാണ്. റസൂലുല്ലാഹി ﷺ മദീനയിൽ സൈദിന് (റ) ഉബയ്യുബ്നു കഅ്ബ് (റ) എന്ന മഹാനെ കൂട്ടുകാരനും സഹോദരനുമാക്കിക്കൊടുത്തു. 

മദീനയിൽ മുഹാജിറുകളും (ഹിജ്റ ചെയ്തു വന്നവർ) അൻസാറും (മദീനാ നിവാസികളും മുഹാജിറുകളെ സഹായിച്ചവരുമായ മുസ്ലിംകൾ) തമ്മിലുണ്ടാക്കിയ സൗഭ്രാത്രം അല്ലാഹു ﷻ വിന്റെയും ഇസ്ലാമിന്റെയും പ്രതിയോഗികളെ ഭയവിഹ്വലരാക്കി. 

നബികരീം ﷺ മദീയിൽ മുസ്ലിംകൾ തമ്മിലുണ്ടാക്കിയ സാഹോദര്യബന്ധം നിലനിർത്തിപ്പോരാനും, അത് പൂർവോപരി ശക്തിപ്പെടുത്താനുമാണ് നാം യത്നിക്കേണ്ടത്. ശൈഥില്യത്തിനല്ല; ശിഥിലീകരണത്തിനല്ല. അനുരജ്ഞനത്തിനും, സാഹോദര്യബന്ധത്തിന്റെ ശാക്തീകരണത്തിനും വേണ്ടി പരിശ്രമിക്കേണ്ടവരാണ് നാം.

ആദ്യകാലങ്ങളിൽ ഇസ്ലാം പ്രൗഢിയോടെ നിലനിന്നതും, മുസ്ലിംകളുടെ അസൂയാവഹമായ പ്രഭാവത്തിന് നിമിത്തമായതും സുദൃഢമായ ആ സാഹോദര്യബന്ധമത്രെ. ഭൂമിയിലെ മുഴുവൻ സമൂഹങ്ങൾക്കും സമുദായങ്ങൾക്കും രാഷ്ട്രങ്ങൾക്കും മീതെ നിലകൊള്ളാൻ ഇസ്ലാമിന്റെ മക്കൾക്ക് സാധിച്ചത് അക്കാരണത്താൽ തന്നെ. 

ഈ സാഹോദര്യബന്ധം ക്ഷയിച്ചപ്പോഴാണ് മുസ്ലിംകളിൽ ദൗർബല്യവും അധ:പതനവും ഇഴഞ്ഞു കയറിയത്. ഐക്യത്താൽ നാം വീണ്ടും പ്രഭാവിതരാകണം. അതാണ് കാലഘട്ടം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്. ഐക്യത്തിലാണ്, മുസ്ലിംകളുടെ ഏകതാനതയിലാണ് അല്ലാഹുﷻവിന്റെ തൃപ്തി.



സഈദ്(റ) അവർകളുടെ ധർമ്മ സമര വീര്യം

ബദർ യുദ്ധം, ഇസ്ലാമിലെ പ്രഥമ ധർമ്മസമരം. സർവായുധ സജ്ജരായി വന്ന ബിംബ പൂജകരെ തോൽവിയുടെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ ഉജ്ജ്വലമായ സംഗ്രാമം. സത്യവിശ്വാസികൾ മൂന്നിരട്ടി വരുന്ന വിഗ്രഹാരാധകരെ തോൽപിച്ച് തുരത്തിയ ബദർ രണം. 

ബദറിന്റെ രണഭേരി മുഴങ്ങുന്നതിന് പത്ത് ദിവസങ്ങൾക്ക് മുമ്പ് അല്ലാഹുﷻവിന്റെ റസൂൽ ﷺ സഈദുബ്നു സൈദ്(റ)വിനെയും, ത്വൽഹത്തുബ്നു ഉബൈദില്ല(റ)വിനെയും സിറിയയിൽ കച്ചവടാവശ്യാർത്ഥം പോയി മടങ്ങി
വരുന്ന ഖുറൈശികളുടെ ഒട്ടകസംഘത്തെക്കുറിച്ചുള്ള
വാർത്ത അറിഞ്ഞുവരാൻ സിറിയയുടെ ഭാഗത്തേക്ക് വിടുകയുണ്ടായി. 

അവർ ഹൗറാഇലെത്തി. അവിടെ താവളമടിച്ചു കൊണ്ടിരിക്കവെ ഖുറൈശീ സാർഥവാഹക സംഘം കടന്നു പോകുന്നതു കണ്ടു. കടൽതീരത്ത് കൂടെയാണ് അവറ്റകളുടെ യാത്ര. സഈദുബ്നു സൈദ് (റ) അവർകളും, ത്വൽഹത്തുബ്നു ഉബൈദില്ല (റ) അവർകളും തിരിച്ചെത്തുന്നതിനു മുമ്പ് തന്നെ ഖുറൈശീ സൈന്യത്തിന്റെ വിവരം അല്ലാഹു ﷻ നബിﷺയെ അറിയിച്ചു കഴിഞ്ഞിരുന്നു.

ഖുറൈശീ ഖാഫില (ഒട്ടകസംഘം)യെ നേരിടാൻ സ്വഹാബിമാരോട് - (ലോകത്ത് ഏറ്റവും പരിശുദ്ധരായ മഹാത്മാക്കൾ, അമ്പിയാക്കൾ കഴിഞ്ഞാൽ പിന്നെ നബിﷺയുടെ സ്വഹാബിമാരാണ്) നബികരീം ﷺ ആഹ്വാനം ചെയ്തു. ഞൊടിയിടയിൽ അവരെല്ലാം ഒരുങ്ങിക്കഴിഞ്ഞു. യുദ്ധത്തിനു പോയി. 

യുദ്ധം കൊടുമ്പിരികൊണ്ടു. ബുദ്ധിശൂന്യരായ ബിംബാരാധകർ തോറ്റോടി, മുസ്ലിംകൾക്ക് ധാരാളം യുദ്ധ മുതലുകൾ ലഭിച്ചു. അബൂജഹലടക്കമുള്ള കൊല കൊമ്പന്മാരായ കാഫിറുകൾ കൊലചെയ്യപ്പെട്ടു. ആ കാട്ടാളന്മാരുടെ ശവങ്ങൾ പൊട്ടക്കിണറ്റിൽ തള്ളി. മുസ്ലിം സംഘശക്തിയുടെ പ്രൊജ്വല വിജയം. വിജയത്തിന്റെ പാതയിൽ അവർ നിസ്തലമായ അധ്യായം രചിച്ചു. വെന്നിക്കൊടി നാട്ടി വിജയശ്രീലാളിതരായ ഇസ്ലാമിന്റെ ചുണക്കുട്ടികൾ മദീനയിലേക്ക് തിരിക്കുകയാണ്. 

തങ്ങളെ അയച്ച കാര്യം ചെയ്തു പൂർത്തിയാക്കി നബിﷺയെ കാഫിറുകളുടെ നീക്കമറിയിക്കാൻ മദീനയിലേക്ക് തിരിച്ചു വരികയാണ് സഈദ് ബ്നു സൈദ് (റ) തങ്ങളും, ത്വൽഹത്തുബ്നു ഉബൈദില്ല (റ) തങ്ങളവർകളും.

ബദ് രീങ്ങൾ (റളിയല്ലാഹു അൻഹും) ബദറിൽ നിന്ന് യുദ്ധത്തിൽ വിജയം നേടി മദീനയിലേക്ക് തിരിക്കുകയും ചെയ്യുന്നു. സഈദ് (റ)വും, ത്വൽഹത്ത് (റ)വും ഈ കാഴ്ചയാണ് മദീനത്തെത്തുമ്പോൾ കാണുന്നത്. യുദ്ധ മുതലുകളിൽ അവർക്കും റസൂൽ ﷺ ഓഹരി നൽകി. പ്രതിഫലത്തിലും, അതായത് യോദ്ധാക്കൾക്ക് അല്ലാഹുﷻവിങ്കലുള്ള കൂലിയിലും അവരെ റസൂൽ ﷺ ഭാഗഭാക്കാക്കുകയുണ്ടായി. അതു
കൊണ്ടുതന്നെ ബദർ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കാത്ത ഈ സ്വഹാബിമാരും ബദ് രീങ്ങളിൽ എണ്ണപ്പെടുന്നു. 

പിന്നീട് നടന്ന എല്ലാ യുദ്ധങ്ങളിലും നബിﷺയോടൊപ്പവും അല്ലാതെയും പങ്കെടുക്കാൻ ഈ മഹാന്മാർക്ക് അവസരം കൈവരികയും അവർ ബഹുദൈവാരാധകരായ കാപാലികരുമായി ധീരധീരം പടപൊരുതുകയും ചെയ്തു.

ദമസ്കസ് ഉപരോധത്തിലും, സഈദ് (റ) പങ്കാളിയാവുകയും, ദമസ്കസ് കീഴടക്കുകയും ചെയ്തു. അബു ഉബൈദത്തുൽ ജർറാഹ് (റ) സഈദ്ബ്നു സൈദ് (റ)വിനെ ദമസ്കസിലെ ഗവർണറാക്കുകയും ചെയ്തു. 

മുസ്ലിം സമുദായത്തിൽ ദമസ്കസിലെ ആദ്യത്തെ ഭരണാധികാരി സഈദുബ്നു സൈദ് (റ) അവർകളാണ്. ഖാലിദുബ്നു വലീദ് (റ) അവർകളോടൊപ്പം അജ്നാദീൻ യുദ്ധത്തിൽ പങ്കുകൊണ്ട സഈദ് (റ) ആ യുദ്ധത്തിൽ കുതിരപ്പടയാളികളുടെ സർവ സൈന്യാധിപനായിരുന്നു.

യർമൂക്ക് യുദ്ധത്തിലും സഈദ് (റ) പങ്കെടുത്തിട്ടുണ്ട്. യർമൂക്ക് യുദ്ധത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നത് കാണുക: ഞങ്ങൾ ഇരുപത്തിനാലായിരം പേരാണ് യർമൂക്ക് യുദ്ധത്തിൽ പങ്കുകൊണ്ടത്. റോമാക്കാരായ ശത്രുസൈന്യം ഒരു ലക്ഷത്തി ഇരുപതിനായിരമുണ്ടായിരുന്നു. മലപോലെ അവർ മുന്നോട്ടടുത്ത് വന്നപ്പോൾ മുസ്ലിംകളിൽ അൽപം ഭയം അങ്കുരിച്ചു. 

ആ നേരത്ത് അബൂ ഉബൈദത്തുൽ ജർറാഹ് (റ) എഴുന്നേറ്റുനിന്ന് മുസ്ലിം യോദ്ധാക്കളെ പടപൊരുതാൻ പ്രേരിപ്പിച്ചു കൊണ്ട് ഒരു പ്രസംഗം ചെയ്തു. മഹാനായ അബു ഉബൈദ (റ) ആ പ്രസംഗത്തിൽ ഇപ്രകാരം പറഞ്ഞു: “അല്ലാഹു ﷻ വിന്റെ പ്രഷ്ഠദാസരേ, നിങ്ങൾ അല്ലാഹു ﷻ വിനെ സഹായിക്കൂ., എങ്കിൽ അവൻ നിങ്ങളെയും സഹായിക്കും. നിങ്ങളുടെ പാദങ്ങളെ അവൻ ഉറപ്പിച്ചു നിർത്തുകയും ചെയ്യും.

ദൈവ ദാസന്മാരേ, ക്ഷമ കൈക്കൊള്ളുക; കുന്തങ്ങൾക്കൊണ്ട് ഓങ്ങി നിൽക്കൂ പരിചകൾ കൊണ്ട് രക്ഷാവലയം തീർക്കൂ. നിശ്ശബ്ദത പാലിക്കുക, ദിക്റുകൾ മാത്രം ചൊല്ലുക. യുദ്ധത്തിന് പ്രാരംഭം കുറിക്കാൻ ഞാൻ കൽപന നൽകുന്നതു വരെ നിങ്ങൾ ഈ അവസ്ഥയിൽ തുടരുക.”

അന്നേരം മുസ്ലിംകളുടെ അണികളിൽ നിന്നും ഒരാൾ പുറത്തു വന്ന് അബൂ ഉബൈദത്തുൽ ജർറാഹ് (റ)വിനോട് പറഞ്ഞത്: “ഞാൻ രക്തസാക്ഷിയാകാൻ തീരുമാനിച്ചുറച്ചിരിക്കുന്നു. അല്ലാഹുﷻവിന്റെ റസൂൽ ﷺ തങ്ങൾക്ക് എത്തിച്ചു കൊടുക്കാൻ വല്ല സന്ദേശവും നിങ്ങൾക്ക് നൽകാനുണ്ടോ..?” 

ഉടൻ തന്നെ അബൂ ഉബൈദ (റ) മറുപടി പറയുകയാണ്. അതെ, സലാം പറയണം റസൂലുല്ലാനോട് (ﷺ). എന്റെയും മറ്റു മുസ്ലിംകളുടെയും സലാം. അല്ലാഹുﷻവിന്റെ റസൂൽﷺയോട് ഒരു കാര്യം നിങ്ങൾ പ്രത്യേകം പറഞ്ഞു കൊള്ളണം. അല്ലാഹു ﷻ വിന്റെ റസൂലേ, നമ്മുടെ റബ്ബ് വാഗ്ദാനം ചെയ്തത് സത്യമായി ഞങ്ങൾ കണ്ടെത്തിയിരിക്കുന്നുവെന്ന് നിങ്ങൾ ഹബീബായ നബി ﷺ തങ്ങളെ അറിയിക്കുക.”

സഈദ് (റ) തുടരുന്നു: ഞാൻ അദ്ദേഹത്തിന്റെ ആ സംസാരം കേട്ടു. പിന്നെ ഞാൻ കാണുന്നത് ആ സ്വഹാബി വര്യൻ വാളൂരിക്കൊണ്ട് അല്ലാഹു ﷻ വിന്റെ ശത്രുക്കളെ നേരിടാൻ സാവേശം കുതിക്കുന്നതാണ്. അങ്ങനെ ഞാൻ കുനിഞ്ഞു മുട്ടുകുത്തിയിരുന്നുകൊണ്ട് കുന്തമോങ്ങി. ഞങ്ങളുടെ നേരെ ആദ്യമായി വന്ന എതിരാളിയായ കുതിരപ്പടയാളിയെ ഞാൻ കുന്തം കൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചു. 

ഉടൻ തന്നെ മുസ്ലിംകളെല്ലാം ഈറ്റപ്പുലികളായി റോമൻ പടയുടെ മേൽ ചാടിവീണു. അങ്ങനെ അവസാനം അല്ലാഹു ﷻ മുസ്ലിംകൾക്ക് വിജയം സമ്മാനിക്കുന്നതു വരെ പോരാട്ടം തകൃതിയായി നടന്നു. മുസ്ലിം ചുണക്കുട്ടികൾ ചുണ്ടിൽ തക്ബീർ ധ്വനികളുമായി വിജയത്തിന്റെ വെന്നിക്കൊടി പറത്തി യർമൂക്കിൽ നിന്ന് മടങ്ങി.


സഈദ് (റ) തങ്ങളുടെ മാഹാത്മ്യങ്ങൾ

സഈദുബ്നു സൈദ് (റ) സ്വർഗം കൊണ്ട് സുവിശേഷമറിയിക്കപ്പെട്ട പത്തുപേരിലൊരാളാണ്. പ്രാർത്ഥനക്ക് ഉടനടി ഉത്തരം കിട്ടുന്ന മഹാനാണ്. മുസ്തജാ ബുദ്ദഅ് വത്താണ് ആ മഹാനുഭാവൻ. അർവാ ബിൻത് ഉവൈസുമായുണ്ടായ സംഭവകഥ പ്രസിദ്ധമാണ്. 

സഈദ് (റ) തങ്ങൾക്കെതിരായി ഒരു കള്ളപ്പരാതിയുമായി മുഹമ്മദ് ബ്നു അംറിബ്നി ഹസ്മിനടുക്കൽ (റ) ഒരുനാൾ അർവാ എന്ന വനിത വന്നു. മുഹമ്മദ് ബ്നു അംറിനോട് (റ) അർവാ പറയുകയാണ്. “എനിക്ക് അവകാശപ്പെട്ട ഭൂമിയിൽ സഈദുബ്നു സൈദ് (റ) ഒരു മതിൽ കെട്ടി എന്നെ ബുദ്ധിമുട്ടിച്ചിരിക്കുന്നു. അയാളുടെ വീട്ടിൽ വെള്ളം കയറാതിരിക്കാനാണ് എന്റെ സ്ഥലത്ത് അയാൾ ഭിത്തി കെട്ടിയിരിക്കുന്നത്. നിങ്ങൾ അയാളെ സമീപിച്ച് ഇക്കാര്യം പറയണം. അയാളത് പൊളിച്ചു നീക്കുന്നില്ലെങ്കിൽ അല്ലാഹുﷻവാണ് ഞാൻ റസൂലുല്ലാന്റെ (ﷺ) പള്ളിയിൽ നിന്ന് ഒച്ചവെക്കും. സഈദിനെ (റ) ഞാൻ നാലാൾക്കിടയിൽ മാനംകെടുത്തും.” 

ഇതു കേട്ടപാടെ മുഹമ്മദ്ബ്നു അംറ് (റ) പ്രതിവചിച്ചു: “അല്ലാഹു ﷻ വിന്റെ റസൂലിന്റെ (ﷺ) സ്വഹാബി വര്യനെ ബുദ്ധി മുട്ടിക്കല്ലേ; അദ്ദേഹം നിങ്ങളോട് അക്രമം ചെയ്യുന്നത് ഏതായാലും ശരിയല്ല. നിങ്ങളുടെ അവകാശം അദ്ദേഹം കവർന്നെടുക്കാൻ പാടില്ലല്ലോ. പക്ഷേ, സഈദ് (റ) ഒരിക്കലും അപ്രകാരം ചെയ്യുകയില്ല.” 

അങ്ങനെ അവർ അമാറത്തുബ്നു ഉമർ(റ)വിനെയും, അബ്ദുല്ലാഹിബ്നു സലമത്ത് (റ)വിനെയും സമീപിച്ചു. അർവാ അവർ രണ്ടാളോടുമായി പറഞ്ഞു: “നിങ്ങൾ സഈദ്ബ്നു സൈദിനെ (റ) ഒന്ന് ചെന്നു കാണണം. കാരണം, അദ്ദേഹം എന്നോട് അന്യായം ചെയ്തിരിക്കുന്നു. അല്ലാഹുﷻവാണെ, അദ്ദേഹം അത് പൊളിച്ചു നീക്കിത്തരുന്നില്ലെങ്കിൽ ഞാൻ അല്ലാഹുﷻവിന്റെ റസൂലിന്റെ (ﷺ) മസ്ജിദിൽ വെച്ച് ഒച്ചവെക്കുക തന്നെ ചെയ്യും. സഈദിനെ (റ) ഞാൻ എല്ലാവർക്കും മുമ്പിൽ നാണം കെടുത്തും.”

അങ്ങനെ അമാറത്തുബ്നു അംറ് (റ)വും അബ്ദുല്ലാഹിബ്നു സലമ (റ)വും അഖീഖിലുള്ള സഈദിന്റെ (റ) പറമ്പിൽചെന്ന് അദ്ദേഹത്തെ കണ്ടു. സഈദ് (റ) ചോദിച്ചു: “നിങ്ങളുടെ ആഗമനോദ്ദേശ്യം?” 

അർവ പറഞ്ഞയച്ചതാണെന്ന് അവർ പറഞ്ഞു. അർവ പറഞ്ഞകാര്യമെല്ലാം സഈദിനോട് (റ) വിവരിച്ചു. സഈദ് (റ)വിന്റെ മറുപടി: “റസൂലുല്ലാഹി ﷺ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്. ഏഴ് ഭൂമികൾ ഖിയാമ നാളിൽ അല്ലാഹു ﷻ അവന്റെ കഴുത്തിൽ അണിയിക്കും.” 

ഇതു കേട്ടപ്പോൾ ആഗതരായ സ്വഹാബിമാർ പറഞ്ഞത്. “ഇനി നിങ്ങളോട് ഒരു തെളിവും ഞങ്ങൾ ആവശ്യപ്പെടുന്നില്ല.” 

സഈദ് (റ) പറഞ്ഞു: “അവർ (അർവാ) വരട്ടെ, അവരുടെ അവകാശം എടുത്തു കൊള്ളട്ടെ. അല്ലാഹുﷻവേ, അവർ കള്ളമാണ് പറയുന്നതെങ്കിൽ, കണ്ണ് പൊട്ടത്തിയാക്കിയിട്ടല്ലാതെ അവരെ നീ മരിപ്പിക്കരുതേ. അന്ധയായി, അന്ധത കാരണമായി അവരെ നീ മരിപ്പിക്കേണണമേ റബ്ബേ..” 

ഉടനെ അർവാ വന്നു. ഭിത്തി പൊളിച്ച് വീടുണ്ടാക്കി. പിന്നെ അധികം താമസിച്ചില്ല; അർവായുടെ കണ്ണ് പൊട്ടി. അർധരാത്രി എഴുന്നേൽക്കാറുണ്ടായിരുന്നു അർവാ. അപ്പോൾ അടിമപ്പെണ്ണിന്റെ കൈപിടിച്ചാണ് നടന്നിരുന്നത്. എന്നാൽ ഒരു അർധരാത്രി ഉറക്കമുണർന്ന അർവാ വേലക്കാരിയെ വിളിച്ചുണർത്തിയില്ല.അങ്ങനെ കണ്ണ് കാണാതെ തപ്പിത്തടഞ്ഞ് കിണറ്റിൽ വീണ് അർവായുടെ കഥ കഴിഞ്ഞു.

ഇബ്നു അബീ ഹാശിം (റ) പറയുന്നു; അർവാ ഒരിക്കൽ സഈദിനോട് (റ) തനിക്കുവേണ്ടി ദുആ ചെയ്യാൻ പറഞ്ഞു. ഞാൻ നിങ്ങളോട് അന്യായം ചെയ്തുപോയിട്ടുണ്ട്. അവർ കൂട്ടിച്ചേർത്തു. അപ്പോൾ സഈദിന്റെ (റ) പ്രത്യുത്തരം: അല്ലാഹു ﷻ എനിക്ക് തന്ന ഒന്നും ഞാൻ തിരിച്ചു കൊടുക്കാറില്ല. 

അർവായുടെ സംഭവത്തിനു ശേഷം ആരെങ്കിലും ആർക്കെങ്കിലും എതിരിൽ ദുആ ചെയ്യുമ്പോൾ ഇങ്ങനെ പറയുക പതിവായിത്തീർന്നു. അല്ലാഹു ﷻ അർവായെ അന്ധയാക്കിയതുപോലെ നിങ്ങളെയും അന്ധനാക്കട്ടെ..!!

ലോല ഹൃദയനായിരുന്നു സഈദുബ്നു സൈദ് (റ). പെൺകുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്നവരോട് അദ്ദേഹം നീരസം പ്രകടിപ്പിച്ചിരുന്നു. അവരെ ജീവിക്കാൻ അനുവദിക്കണമെന്ന് അത്തരം ആളുകളോട് അദ്ദേഹം നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. 

സ്വന്തം ചോരയിൽ പിറന്ന പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാൻ പോകുന്ന കിരാതനോട് സഈദ് (റ) ഒരിക്കൽ പറഞ്ഞു: “നിർത്തൂ ഈ പണി..! ഞാൻ ആ കുഞ്ഞിനെ പോറ്റി വളർത്താം. നിങ്ങൾ ആ നിരപരാധിയെ ഹനിക്കരുത്.” സഈദ് (റ) കുഞ്ഞിനെ വാങ്ങിയപ്പോൾ അത് കരയാൻ ഭാവിച്ചു. ആ സമയത്ത് കുഞ്ഞിന്റെ പിതാവായ കാട്ടാളനോട് സഈദ് (റ) പറഞ്ഞത്: “വേണമെങ്കിൽ കുഞ്ഞിനെ നിങ്ങൾക്കു തരാം. പക്ഷേ, കുഞ്ഞിനെ കൊല്ലരുത്! കുഞ്ഞിന്റെ ചെലവു മുഴുവൻ ഞാൻ വഹിച്ചു കൊള്ളാം.” 

സഈദുബ്നു സൈദ് (റ) ഒരു കച്ചവടക്കാരനായിരുന്നു. സഈദുബ്നുൽ മുസയ്യബ് (റ)വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലാഹു ﷻ വിന്റെ സ്വഹാബിമാരിൽ സമുദ്ര വ്യാപാരം ചെയ്യുന്നവരുണ്ടായിരുന്നു. അത്തരം
വ്യാപാരികളിൽ പെട്ടവരാണ് സഈദുബ്നു സൈദ് (റ)വും, ത്വൽഹത്തുബ്നു ഉബൈദില്ലാഹ് (റ)വും.

മദീനാ നിവാസികളുടെ മനസ്സിൽ സഈദുബ് സൈദ് (റ)വിന് ഉന്നത സ്ഥാനമുണ്ടായിരുന്നു. പ്രസിദ്ധമായ ഒരു ഹദീസിൽ പരാമർശിക്കപ്പെട്ട സ്വർഗം കൊണ്ട് സന്തോഷവൃത്താന്തം നൽകപ്പെട്ട ദശമഹാരഥന്മാരിൽ ഒരാളാണല്ലോ സഈദുബ്നു സൈദ് (റ). അതുകൊണ്ടല്ലേ റസൂലുല്ലാഹിﷺയുടെ തിരു പത്നി ഉമ്മുൽ മുഅ്മിനീൻ ഉമ്മുസൽമ (റ) താൻ മരിച്ചാൽ സഈദുബ്നു സൈദ് (റ)വിനെ തന്റെ ജനാസ നിസ്കാരത്തിന് ഇമാമത്ത് നിർത്തണമെന്ന് വസ്വിയ്യത്ത് ചെയ്തത്.

സഈദ് (റ) സ്വാലിഹാണെന്ന കാര്യത്തിൽ അവർക്ക് അത്രമേൽ ഉറപ്പുണ്ടായിരുന്നു. സഈദ് (റ)വിന്റെ ജ്ഞാനത്തിൽ അവർക്ക് വളരെയധികം മതിപ്പുണ്ടായിരുന്നുവെന്നാണ് സത്യം.

സ്വർഗ്ഗം കൊണ്ട് സുവിശേഷമറിയിക്കപ്പെട്ട പത്ത് മഹാരഥന്മാരിലും സംപ്രീതനായിക്കൊണ്ടാണ് അല്ലാഹു ﷻ വിന്റെ റസൂൽ ﷺ തങ്ങൾ ഈ ഭൂലോകത്ത് നിന്ന് തിരോധാനം ചെയ്തത്. 

എന്നാൽ ഉമ്മുൽ മുഅ്മിനീൻ ഉമ്മു സലമ (റ)ക്ക് തന്റെ വസ്വിയ്യത്ത് നിറവേറ്റപ്പെടുക എന്ന അവസ്ഥ കൈവന്നില്ല. എന്തുകൊണ്ട്? ഉമ്മുൽ മുഅ്മിനീൻ ഉമ്മുസമല (റ) വഫാത്താകുന്നതിനു മുമ്പേ സഈദ് (റ) വഫാത്തായിപ്പോയി. 

ഉസ്മാൻ (റ) വധിക്കപ്പെട്ടുവെന്ന വാർത്തയെത്തിയപ്പോൾ സഈദുബ്നു സൈദ് (റ) പറഞ്ഞത്: ഉസ്മാനുബ്നു അഫ്ഫാൻ (റ) അവർകൾക്ക് ബാധിച്ച വിപത്തിൽ കണ്ണുനീരൊഴുക്കുകയാണെങ്കിൽ അത് ഒഴുക്കപ്പെടാൻ അർഹതപ്പെട്ടതു തന്നെയാണ്. ഈ ചുരുങ്ങിയ വാക്കുകളിൽ കിരാതമായ ഈ മർദ്ദനത്തെയും അക്രമത്തെയും തുടർന്ന് മുസ്ലിംകൾക്കുണ്ടായ വിഷമങ്ങളും അവരുടെ മനസ്സിനെ മഥിച്ച വ്യാധികളെയും ആധികളെയും ഏറെ ഹസ്വമെങ്കിലും വളരെ സത്യസന്ധമായും സ്ഫുടമായും വിവരിച്ചിരിക്കുകയാണ്
സഈദ് (റ). 

സ്വഹാബി പ്രമുഖരിൽപെടുന്ന ഉസ്മാൻ ഇബ്നു അഫ്ഫാൻ (റ)വിന്റെ വധം മുസ്ലിം മനസ്സുകളിൽ നീറിപ്പുകയുന്ന വ്രണമാണ്. മനുഷ്യരാശിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ബീഭത്സമായ കൊലപാതമായിരുന്നു ഉസ്മാൻ (റ)വിന്റേത്.

മുആവിയത്തുബ്നു അബീസുഫ്യാൻ (റ) തന്റെ മകൻ യസീദിനു വേണ്ടി ബൈഅത്ത് (ഉടമ്പടി) സ്വീകരിക്കാൻ മദീനയിലെ ഗവർണറായ മർവാനുബ്നുൽ ഹകമിനടുത്തേക്ക് (റ) ആളെ അയച്ചു. പക്ഷേ, മർവാനുബ്നുൽ ഹകം (റ) അമാന്തിച്ചു. 

സിറിയക്കാരിൽപ്പെട്ട ഒരാൾ അദ്ദേഹത്തെ പ്രേരിപ്പിച്ചു കൊണ്ട് പറഞ്ഞു: “എന്താണ് നിങ്ങൾക്ക് തടസ്സം?” 

മർവാന്റെ (റ) മറുപടി: “സഈദ് ബ്നു സൈദ് (റ) വന്നോട്ടെ എന്നു കരുതിയാണ് ഞാൻ കാലവിളംബം വരുത്തുന്നത്. ഈ നാട്ടുകാരിൽ ഏറ്റവും യോഗ്യനായ ഒരാൾ സഈദുബ്നു സൈദ് (റ) തങ്ങളാണ് സഈദ് (റ) ബൈഅത്ത് ചെയ്യട്ടെ. സഈദ് (റ) ബൈഅത്ത്ചെയ്താൽ ജനങ്ങളെല്ലാവരും ബൈഅത്ത് ചെയ്തു കൊള്ളും.” 

മദീനയിൽ നല്ല അഭിപ്രായ സുബദ്ധതയുള്ള ആളും പ്രധാന കാര്യങ്ങളിൽ ജനങ്ങളുടെ അവലംബവുമായിരുന്നു സഈദ് (റ). അവിടത്തോട് കൂടിയാലോചിച്ചേ മദീനക്കാർ സുപ്രധാന വിഷയങ്ങളിൽ ഒരു തീരുമാനം കൈക്കൊണ്ടിരുന്നുള്ളൂ. ഇതിന് ഉപോദ്ബലകമായി ധാരാളം സംഭവങ്ങളുണ്ട്. ദൈർഘ്യം ഭയന്ന് ഇവിടെ വിവരിച്ചിട്ടുള്ള സംഭവം തന്നെ ധാരാളം മതിയല്ലോ.

സഈദുബ്നു സൈദ് (റ)വിന്റെ പിതാവിന്റെ പേര് സൈദുബ്നു അംറ് (റ) എന്നാണ്. ഏക ദൈവത്തെ ആരാധിക്കാൻ ആജ്ഞാപിക്കുന്ന സൈദുബ്നു അംറിന്റെ (റ) കവിത ഏറെ ശ്രേഷ്ഠമാണ്.

തന്റെ രണ്ടു ഭാര്യമാർ ദാരിദ്ര്യത്തിന്റെ പേരിൽ സഈദ് (റ) വിനെ കുറ്റപ്പെടുത്തുകയും, ആക്ഷേപിക്കുകയും ചെയ്തപ്പോൾ
അവരെ ചിന്തിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ട് രചിച്ചതാണ് താഴെ കാണുന്ന അറബിക്കവിത:


تلك عرساي تنطقان علی محمد
                   إلى اليوم قول زوروهتر

سألتاني الطلاق أن رأتا مالی
                  قليلا، قد جئتمانی بنکر

فلعلی أن یکثر المال عندی
                 ويعزى من المغارم ظهری

وي كأن من يكن له نشب يحبب
                 ومن يفتقر یعش عیش ضر

ويجنب سر النجي ولكن
                أخا المال محضر كل سر

 
സുന്ദരിയായ സ്വഹാബി വനിത ആതിക (റ) യെക്കുറിച്ച് കേട്ടിട്ടില്ലേ..? അല്ലാഹു ﷻ വിന്റെ സൃഷ്ടികളിൽ അതീവ സൗന്ദര്യത്തിനുടമയും സുശീലയുമായിരുന്നു അവർ. അവരെ വിവാഹം ചെയ്യുന്ന ഭർത്താക്കന്മാരോരുത്തരായി ശഹീദാവുകയായിരുന്നു. എത്രത്തോളമെന്നാൽ ഉമറുബ്നുൽ ഖത്താബ് (റ)വിന്റെ മകനായ അബ്ദുല്ലാഹ് (റ) പറയുകയാണ്. ആരെങ്കിലും രക്തസാക്ഷിയാകാൻ മോഹിക്കുന്നുവെങ്കിൽ ആതിക ബിൻത് സൈദ് (റ)യെ വിവാഹം ചെയ്തു കൊള്ളട്ടെ. 

അബൂബക്ർ സിദ്ദീഖ് (റ)വിന്റെ പ്രിയ പുത്രൻ അബ്ദുല്ലാഹ് (റ)വാണ് ആതിക ബിവി(റ)യെ ആദ്യമായി ഇണയാക്കിയത്. അദ്ദേഹത്തിന്റെ വേർപാടിനു ശേഷം ഇസ്ലാമിന്റെ രണ്ടാം ഖലീഫ ലോകമായ ലോകത്തെല്ലാം വെട്ടിത്തിളങ്ങുന്ന നാമധേയം ഹസ്റത്ത് ഉമറുബ്നുൽ
ഖത്താബ് (റ) അവരെ തന്റെ പത്നിയാക്കി. 

ലോകത്തെ കിടിലം കൊള്ളിച്ച ധീരനും, ജീനിയസുമായ ഉമർ (റ), മഹത്തായ പരിഷ്കാരങ്ങൾ വരുത്തിയ ഉത്തമ ഭരണാധികാരി.

ഗോള ശാസ്ത്രജ്ഞനും, ചരിത്രകാരനുമായ അമേരിക്കക്കാരൻ മൈക്കിൾ എച്ച് ഹാറ്റ് ദ ഹൻഡ്രഡ് എ റാങ്കിങ് ഓഫ് ദ മോസ്റ്റ് ഇൻഫ്ളുയൻഷ്യൽ പേഴ്സൻസ് ഇൻ ഹിസ്ട്രി എന്ന അതിമഹത്തായ ഗ്രന്ഥമെഴുതിയപ്പോൾ അദ്ദേഹത്തിനും, ഉമർ (റ)വിനെ മറക്കാൻ കഴിഞ്ഞില്ല. 

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഇന്ത്യയിൽ ആഗ്രഹിച്ച ഭരണം മുഹമ്മദ് നബി ﷺ തങ്ങളുടെ വിനീത ശിഷ്യനും അവിടത്തെ (ﷺ) അധ്യാപനങ്ങൾ ജീവവായുവായി ഏറ്റെടുത്ത ഉജ്ജ്വലമായ മേധാശക്തിയുടെ ഉടമയായ ഹസ്റത്ത് ഉമറുബ്നുൽ ഖത്താബ് (റ) തങ്ങളുടെ സദ്ഭരണമാണ്.

“ഇസ്ലാമിന് ഒരു ഉമർ കൂടി ഉണ്ടായിരുന്നുവെങ്കിൽ ലോകം മുഴുവൻ ഇസ്ലാമിന് കീഴിൽ വരുമായിരുന്നു.” എന്നോ മറ്റോ ഗാന്ധിജി പറഞ്ഞതായി എവിടെയോ വായിച്ചതോർക്കുന്നു.


സഈദുബ്നു സൈദ് (റ)വിന്റെ വഫാത്ത്.

ഉമറുബ്നുൽ ഖത്താബ് (റ) ശഹീദായപ്പോൾ സുന്ദരിയും സുശീലയുമായ ആതിക(റ)യെ, അതെ, സഈദുബ്നു സൈദ് (റ) തങ്ങളുടെ പ്രിയ സഹോദരിയായ ആതിക(റ)യെ വിവാഹം ചെയ്തത് മഹാനായ സുബൈറുബ്നുൽ അവ്വാം(റ)വാണ്. സുബൈറുബ്നുൽ അവ്വാം(റ)വിന്റെ ശേഷം അവരെ കല്യാണം കഴിച്ചത് കർബലയുടെ വീരപുരുഷൻ ഹുസൈനുബ്നു അലി (റ) തങ്ങളവർകളാണ്. 

ഭർത്താക്കന്മാർ ഓരോരുത്തരായി അങ്ങനെ ശഹീദായപ്പോൾ അവരോരോരുത്തരെക്കുറിച്ചും അനുശോചന കാവ്യങ്ങൾ രചിച്ചിട്ടുണ്ട് കവിയത്രി കൂടിയായ ആതിക (റ). 

തന്റെ ആങ്ങളയായ സഈദുബ് സൈദ് (റ) ഒരു കവി. പെങ്ങൾ ആതിക കവിയത്രി. സഈദുബ്നു സൈദ് (റ) വിന്റെ മകനായ അംറുബ്നു സഈദ്ബ്നു സൈദ് (റ)വോ? അദ്ദേഹവും നല്ല കവിതാ വാസനയുള്ള സഹൃദയനായിരുന്നു. സഈദുബ്നു സൈദ് (റ)വിന്റെ പ്രിയ പുത്രൻ അംറുബ്നു സഈദിബ്നു സൈദ് (റ)വിന്റെ ഒരു കാവ്യതല്ലജം കാണുക:

أمن آل ليئي بالملا متربع
        كما لاح وشم في الذراع مرجع

سأتبع ليلي حيث سارت وخیمت
        وما الناس إلآ آلف ومودع

وقفت ليلى بعد عشرين حجة
بمنزلة فانهلت العين تدمع

فأمرض فلبس حبها وطلابها
فيا آل ليلى دعوة : كيف أصنع

كأن زماما في الفؤاد معلقا
تقود به حيث استمرت وأتبع

സഈദുബ്നു സൈദ് (റ) തങ്ങളുടെ മകളുടെ പേര് അസ്മാ എന്നായിരുന്നു. മിടുക്കിയായ അസ്മാ (റ)  لا صلواة لمن لا وضوء له എന്ന ഹദീസ് നിവേദനം ചെയ്തത്
അസ്മാ ബിൻത് സഈദുബ്നു സൈദ് (റ)യാകുന്നു. 

അഖീഖ് എന്ന തന്റെ പുരയിടത്തിൽ വെച്ചാണ് സഈദുബ്നു സൈദ് (റ) അന്ത്യശ്വാസം വലിച്ചത്.മയ്യിത്ത് കുളിപ്പിച്ചതും കഫൻ ചെയ്തതും സഅദുബ്നു അബീ വഖാസ് (റ) അവർകൾ മയ്യിത്തിനെ അനുഗമിക്കുകയും ചെയ്തു ആ മഹാൻ. 

ഹിജ്റ 51ലാണ് സഈദുബ്നു സൈദ് (റ) വഫാത്തായത്. എഴുപതിൽ ചില്വാനം വയസ്സുണ്ടായിരുന്നു. മദീനാ മുനവ്വറയിൽ അവിടന്ന് മറമാടപ്പെട്ടു. 


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...


സലാം പേരോട്

No comments:

Post a Comment