Friday 20 November 2020

അബൂ ഹനീഫ ഇമാമും മുഅദിനും


ഇശാഅ് നിസ്കാരത്തിൽ പങ്കെടുക്കാനാണ് ഇമാം അബൂഹനീഫ(റ) ആ മസ്ജിദിലെത്തിയത്... നിസ്കാരം തുടങ്ങി... മുഅദ്ദിന്‍ തന്നെയാണ് ഇമാമായി നിൽക്കുന്നത്... ഭക്തി നിർഭരമായ നിസ്കാരം... ഒന്നാമത്തെ റക്അത്തിലദ്ദേഹം ഓതിയത് سورة الزلزلة യാണ്... ചെറുതാണെങ്കിലും നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുന്ന സൂറതാണല്ലോ അത്.

ഏതായാലും നിസ്കാരവും മറ്റു അനുബന്ധ ദിക്റുകളെല്ലാം കഴിഞ്ഞു... ജനങ്ങളെല്ലാം വീടണഞ്ഞു... എല്ലാവരും പോയിട്ട് വിളക്കെല്ലാം അണച്ചിട്ടാണല്ലോ മുഅദ്ദിനു വീട്ടിൽ പോവാൻ കഴിയുക.

പക്ഷെ, എത്രയായിട്ടും  ഇമാം അബൂഹനീഫ(റ) ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കുന്നില്ല... പ്രഥമദൃഷ്ട്യാ തന്നെ, ഇമാമവർകൾ എന്തോ ചിന്തിച്ചിരിക്കുകയാണെന്ന് മുഅദ്ദിന് മനസ്സിലായി... സാത്വികരുടെ ചിന്തകൾ പോലും ആരാധനയാണല്ലോ.

''ഞാൻ പോട്ടെ... എന്റെ സാന്നിധ്യം ഇമാമിന്റെ ചിന്തകൾക്ക് വിഘ്നമാവരുത്... വിളക്കിലാണെങ്കിൽ അല്പം മാത്രമല്ലേ എണ്ണയുള്ളൂ... അതങ്ങ് എരിഞ്ഞ് തീർന്നാൽ വിളക്കണഞ്ഞോളും..." എന്ന് മനസ്സിൽ പറഞ്ഞ് മുഅദ്ദിനും മസ്ജിദിൽ നിന്നിറങ്ങി.

ഇപ്പൊ മസ്ജിദിൽ ഇമാം അബൂഹനീഫ(റ) ഒറ്റയ്ക്കാണ്... പിന്നെന്തുണ്ടായെന്ന് മുഅദ്ദിൻ തന്നെ പറയട്ടെ:

"സ്വുബ്ഹിന്റെ നേരമാവുന്നു... വാങ്ക് വിളിക്കാനായി ഞാൻ വീണ്ടും മസ്ജിദിലെത്തി... അപ്പോഴും ഇമാമവര്‍കള്‍ ആ ഇരുത്തത്തിൽ തന്നെ... ഞാന്‍ നോക്കുമ്പോള്‍ ദിക്റ് ചൊല്ലി കരയുകയാണ്.

അവർ ഉരുവിടുന്നത് ഞാൻ ശ്രദ്ധിച്ചു.

يا من يجزي بمثقال ذرة خير خيرا!

ويا من يجزي بمثقال ذرة شر شرا!

أجر النعمان عبدك من النار وأدخله في سعة رحمتك

ഒരണുത്തൂക്കം നൻമ ചെയ്യുന്നവന് ഖയ്റ് പ്രതിഫലം നൽകുന്ന അല്ലാഹ്...

ഒരണുത്തൂക്കം അനർത്ഥം ചെയ്യുന്നവന് തിക്തഫലം നൽകുന്നവനേ...

നിന്റെ പാവമീ അടിമ നുഅ്മാനെ _(ഇമാമിന്റെ പേര് നുഅ്മാൻ എന്നാണല്ലോ)_  നരകത്തീയിൽ നിന്ന് കാക്കൂലേ അല്ലാഹ്... നിന്റെ വിശാലാനുഗ്രഹത്തിൽ ചേർക്കൂലേ റബ്ബേ..."


മുഅദ്ദിൻ തുടര്‍ന്നു പറയുന്നു: ''അതല്ല അത്ഭുതം... മുനിഞ്ഞ് കത്തിയിരുന്ന എണ്ണ തീരാറായ ആ വിളക്കില്ലേ... അതപ്പോഴും കത്തിക്കൊണ്ടേയിരിക്കുകയാണ്..."

എന്റെ കാൽപെരുമാറ്റം കേട്ട ഉടനെ ഇമാമവര്‍കള്‍ എന്നോട് ചോദിച്ചു:

"നിങ്ങൾ വിളക്കണച്ചിട്ട് വീട്ടിൽ പോവാമെന്ന് കരുതി നിൽക്കുകയാണല്ലേ...?"

ഇമാം വിചാരിച്ചത് ഇശാ കഴിഞ്ഞ് അല്പമേ ആയിട്ടുള്ളൂ എന്നാണ്.

മുഅദ്ദിൻ: "ഇമാമോരേ... ഫജ്റുദിച്ചല്ലോ... സ്വുബ്ഹ് ആയല്ലോ..."

ഉടൻ ഇമാം പറഞ്ഞു: "എങ്കിൽ നീയീ കണ്ടത് ഒരാളോടും പറയരുതേ...''

ഇതും പറഞ്ഞ് രണ്ട് റക്അത്ത് സുന്നതും നിസ്കരിച്ച് സ്വുബ്ഹി നിസ്കരിക്കാനായി ഇമാമും ഞങ്ങളുടെ കൂടെ സ്വഫ്ഫിൽ ഇരുന്നു... അതേ, ഇശാഇന്റെ വുളൂഉമായിട്ട്.

ഇമാം അബൂഹനീഫ(റ) വഫാത്താവുന്നത് വരേ ഞാനീ അത്ഭുതസംഭവം ഒരാളോടും പങ്കുവെച്ചിട്ടില്ലെന്ന് മുഅദ്ദിൻ.

تاريخ بغداد: (٣٥٥/١٣)

الوافي بالوفيات: (٩١/٢٧)


ഇതായിരുന്നു അവരുടെ സപര്യ.

നമ്മുടെ നിസ്കാരത്തിന്റേയും മറ്റു ആരാധനകളുടേയും ചേലും കോലവും നമുക്ക് തന്നെ നന്നായി അറിയൂലേ... പേരിന് ഒന്നെങ്കിലും ഉണ്ടാവുമോ അല്ലാഹുവിന് അർപ്പിക്കാൻ...

അല്ലാഹ്... നിന്റെ വിട്ടുവീഴ്ചയിൽ മാത്രമാണീ സാധുക്കളുടെ പ്രതീക്ഷ... അബൂഹനീഫ ഇമാമോരുടെ ബറകതിനാൽ കനിയൂലേ അല്ലാഹ്... ആമീൻ...!


ഉമറുല്‍ഫാറൂഖ് സ്വിദ്ദീഖി

No comments:

Post a Comment