Sunday 22 November 2020

ദുർബല വാക്യം ഫത്‌വക്ക് പറ്റുമോ?

 

ഇക്കാലത്ത് പല വിഷയങ്ങളിലും മസ്അല പറയുമ്പോൾ പല പണ്ഡിതരും പ്രബലമല്ലാത്ത അഭിപ്രായങ്ങൾ ഉദ്ധരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കാമെന്ന് പറയുകയും ചെയ്യുന്നു. ഉദാഹരണത്തിന്, കുളിപ്പിക്കാനും തയമ്മും ചെയ്യാനും കഴിയാത്ത മയ്യിത്തിന്റെ മേൽ നിസ്‌കരിക്കാമെന്ന് പ്രബലമല്ലാത്ത അഭിപ്രായമുണ്ടെന്നും അതനുസരിച്ച് പ്രവർത്തിക്കാമെന്നും പറയുന്നു. ഇത് ശരിയാണോ? മദ്ഹബിലെ പ്രബലാഭിപ്രായമനുസരിച്ച് മാത്രമേ ഫത്‌വ ചെയ്യാവൂ എന്നല്ലേ നിയമം?


മദ്ഹബിലെ പ്രബല വിധികൊണ്ട് മാത്രമേ ഫത്‌വ ചെയ്യാവൂ; പ്രബലമല്ലാത്ത അഭിപ്രായം കൊണ്ട് ഫത്‌വ പാടില്ല എന്ന നിയമത്തിന്റെ വിവക്ഷ, ഒരു വിഷയത്തിൽ മദ്ഹബിലെ വിധി ഇന്നതാണെന്ന് നിരുപാധികമായി പറയുമ്പോൾ മദ്ഹബിലെ പ്രബല വിധി മാത്രമേ പറയാവൂ എന്നാണ്. അഥവാ മദ്ഹബിലെ പ്രബല വിധിയാണെന്ന് തെറ്റിദ്ധരിക്കാനിടയാവുന്ന വിധം നിരുപാധികമായി പ്രബലമല്ലാത്ത വിധി പറയാൻ പാടില്ല. അതേസമയം മദ്ബിലെ പ്രബല വിധി ഇന്നതാണെന്നും എന്നാൽ പ്രബലമല്ലാത്ത മറ്റൊരു നിയമമുണ്ടെന്നും അതനുസരിച്ച് പ്രവർത്തിക്കൽ അനുവദനീയമാണെന്നും പറയുന്നതിൽ തെറ്റില്ല.

ഈ രീതി ഇക്കാലത്ത് മാത്രമുണ്ടായതല്ല. മുൻകാലങ്ങളിലും പല പ്രശ്‌നങ്ങളിലും ദീനിയ്യായ മസ്വ്‌ലഹത്തും ആവശ്യവും പരിഗണിച്ച് ഇപ്രകാരം വിധികൾ പറയാറുണ്ട്. പ്രമുഖരായ കർമശാസ്ത്ര ഇമാമുകൾ വരെ ഈ രീതി സ്വീകരിച്ചിട്ടുണ്ട്. വാചകമില്ലാതെ കൊടുത്തു വാങ്ങലിലൂടെ വിൽക്കുകയും വാങ്ങുകയും ചെയ്യുക, ഫാസിഖിന് നികാഹിന്റെ വിലായത്തുണ്ടാവുക തുടങ്ങിയ പലതിലും മദ്ഹബിലെ പ്രബലമല്ലാത്ത അഭിപ്രായമനുസരിച്ച് അമൽ ചെയ്യാറുണ്ടെന്നും അപ്രകാരം ചെയ്യാമെന്നും ഇമാമുമാർ രേഖപ്പെടുത്തിയിട്ടുണ്ട്.

ചോദ്യത്തിൽ പരാമർശിച്ച മയ്യിത്ത് നിസ്‌കാരത്തിന്റെ കാര്യത്തിൽ തന്നെ കുളിപ്പിക്കാനും തയമ്മും ചെയ്തുകൊടുക്കാനും കഴിയാത്ത സാഹചര്യത്തിൽ മയ്യിത്ത് നിസ്‌കാരം പറ്റില്ലെന്നാണ് മദ്ഹബിൽ പ്രബലമെന്നും എന്നാൽ അത്തരം സാഹചര്യത്തിൽ രണ്ടുമില്ലാതെ തന്നെ മയ്യിത്ത് നിസ്‌കാരം നടത്തണമെന്ന അഭിപ്രായമുണ്ടെന്നും മയ്യിത്തിന്റെ ബന്ധുക്കളുടെ മന:സമാധാനത്തിനും അവഗണന ഒഴിവാക്കാനും അതനുസരിച്ച് പ്രവർത്തിക്കേണ്ടതാണെന്നും അല്ലാമ അബ്ദുൽ ഹമീദുശ്ശർവാനി(റ) രേഖപ്പെടുത്തിയിട്ടുണ്ട് (ഹാശിയതു തുഹ്ഫ 3/189).

ഇമാം കുർദി(റ) എഴുതി: പ്രബലമല്ലാത്തത് കൊണ്ട് ഫത്‌വ പറ്റില്ലെന്നതിന്റെ ഉദ്ദേശ്യം, അതാണ് മദ്ഹബിലെ പ്രബല വിധി എന്ന തോന്നലുണ്ടാക്കുന്ന വിധം അത് പറയാൻ പാടില്ലെന്നാണ്. അതേസമയം പ്രബലമല്ലെന്ന കാര്യം അറിയിച്ചുകൊണ്ട് അതനുസരിച്ച് പ്രവർത്തിക്കൽ അനുവദനീയമാണെന്ന് പറഞ്ഞുകൊടുക്കുന്നതിന് വിരോധമില്ല. അത്യാവശ്യമുണ്ടാകുമ്പോൾ പ്രത്യേകിച്ചും. പ്രബലമല്ലാത്ത വിധികളും ഇമാമുകൾ പറയുകയും അതനുസരിച്ച് പ്രവർത്തിക്കൽ അനുവദനീയമാണെന്ന് അവർ വ്യക്തമാക്കുകയും ചെയ്തതിൽ നിന്നു തന്നെ ഇക്കാര്യം വ്യക്തമാണ് (അൽഫവാഇദുൽ മദനിയ്യ പേ. 232).


ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി

No comments:

Post a Comment