Tuesday 15 December 2020

അബ്ദുറഹ്മാനുബ്നു ഔഫ് (റ)

 

ആനക്കലഹ സംഭവത്തിന്റെ പത്തു വര്‍ഷം മുമ്പു ജനിച്ചു. പ്രവാചകന്‍ ﷺ ദാറുല്‍ അര്‍ഖമിൽ പ്രവേശിക്കുന്നതിനു മുമ്പ് മുസ്‌ലിമായി. ഇസ്‌ലാമാശ്ലേഷിച്ച ആദ്യത്തെ എട്ടുപേരില്‍ ഒരാളാണ്. 

സിദ്ധീഖ് (റ) വിന്റെ കൈകൊണ്ട് ഇസ്‌ലാമാശ്ലേഷിച്ച അഞ്ചു പേരില്‍ ഒരാള്‍. സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തു പേരില്‍ ഒരാള്‍. തനിക്കു ശേഷം ഖലീഫയെ തെരഞ്ഞെടുക്കാനായി ഉമര്‍(റ) നിശ്ചയിച്ച ആറംഗ സംഘത്തിലെ അംഗം. 

ഇങ്ങനെ അബ്ദുര്‍റഹ്മാന്‍ ബ്‌നു ഔഫിനെ (റ) വ്യതിരിക്തനാക്കുന്ന വിശേഷണങ്ങള്‍ അനവധിയാണ്. ഇസ്‌ലാമിക ചരിത്രത്തിലെ അറിയപ്പെട്ട ധനാഢ്യനും ധര്‍മിഷ്ടനുമായിരുന്നു അദ്ദേഹം. 

അബ്‌സീനിയയിലേക്കും മദീനയിലേക്കും ഹിജ്‌റ പോയി. മദീനയിൽ പ്രവാചകൻ ﷺ അദ്ദേഹത്തിനും സഅദ് ബിന്‍ റബീഇനുമിടയില്‍ (റ) ചെങ്ങാത്തം സ്ഥാപിച്ചു. 

മദീനയിലെ അന്നത്തെ ഏറ്റവും വലിയ പണക്കാരനായിരുന്നു സഅദ് (റ). അദ്ദേഹം തന്റെ സമ്പാദ്യത്തിന്റെ പാതി സഹോദരനായ അബ്ദുര്‍റഹ്മാന് (റ) നല്‍കി. രണ്ടു ഭാര്യമാരില്‍ ഒരാളെ ത്വലാഖ് ചൊല്ലി അദ്ദേഹത്തിനു വിവാഹം ചെയ്തുകൊടുത്തു. ഇത് അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫിന് (റ) വലിയ അനുഗ്രഹമായി. അദ്ദേഹവും വലിയ പണക്കാരനും ധര്‍മിഷ്ഠനുമായി. 

ധീരനായ യോദ്ധാവും തന്റേടമുള്ള പടനായകനുമായിരുന്നു അബ്ദുര്‍റഹ്‌മാന്‍ (റ). പ്രവാചകരോടൊപ്പം (ﷺ) എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉഹ്ദിന്‍റെ രണാങ്കണത്തില്‍ പടപൊരുതുകയും ഇരുപത്തിയൊന്നോളം മുറിവേല്‍ക്കുകയും ചെയ്തു. 

ദൗമത്തുല്‍ ജന്ദല്‍ യുദ്ധ ദിവസം. പ്രവാചകന്‍ ﷺ അദ്ദേഹത്തെ തലപ്പാവണിയിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: നിങ്ങള്‍ പോയി യുദ്ധം ചെയ്യുകയും വിജയം കരസ്ഥമാക്കുകയും ചെയ്താല്‍ അവിടത്തെ നേതാവിന്റെ മകളെ വിവാഹം ചെയ്യാവുന്നതാണ്. 

സൈന്യം ദൗമത്തുല്‍ ജന്ദലിലെത്തുകയും അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. മൂന്നുതവണ നിരസിച്ചെങ്കിലും ഒടുവിലവര്‍ കൂട്ടത്തോടെ ഇസ്‌ലാമിലേക്കു കടന്നുവന്നു. അവരുടെ നേതാവ് അസ്ബഗ് ബിന്‍ സഅലബയും ഇസ്‌ലാം സ്വീകരിച്ചു. അതോടെ അദ്ദേഹത്തിന്റെ മകള്‍ തുമാളിറിനെ അബ്ദുര്‍റഹ്മാന്‍ (റ) വിവാഹവും കഴിച്ചു. 

ഇതിലദ്ദേഹത്തിന് അബൂ സലമ (റ) എന്ന കുഞ്ഞ് പിറന്നു. 

അനുഗ്രഹീത കച്ചവടക്കാരനായിരുന്നു അബ്ദുര്‍റഹ്മാന്‍ (റ). തന്റെ സമ്പാദ്യമഖിലവും അദ്ദേഹം ഒരുമിച്ചുകൂട്ടിയത് കച്ചവടം വഴിയായിരുന്നു. സമ്പാദ്യത്തിലെന്നപോലെ അത് സത്യമാര്‍ഗത്തില്‍ ചെലവഴിക്കുന്ന കാര്യത്തിലും അദ്ദേഹം ആരെക്കാളും മുന്നിട്ടുനിന്നു. ഇസ്‌ലാമിക യുദ്ധങ്ങള്‍ക്കു വേണ്ടി കണക്കില്ലാതെ ചെലവഴിച്ച അദ്ദേഹം ഒരു ദിവസം മുപ്പത് അടിമകളെ വരെ മോചിപ്പിച്ചു. 

ബദര്‍ യുദ്ധത്തില്‍ പങ്കെടുത്തവരില്‍ ശേഷിച്ചവര്‍ക്കു നാന്നൂറ് ദീനാർ നല്‍കി. തന്റെ മുതലിന്റെ നേര്‍പാതിയും ഇസ്‌ലാമിക മാര്‍ഗത്തില്‍ സംഭാവന ചെയ്തു.


വലിയ ഒരു വർത്തക പ്രമാണിയായിരുന്നു അബ്ദുർറഹ്മാനുബ്നു ഔഫ്(റ).

സിറിയയിൽനിന്നു വരുന്ന അദ്ദേഹത്തിന്റെ കച്ചവടച്ചരക്കു വഹിച്ച ഒട്ടകക്കൂട്ടം അന്തരീക്ഷത്തിൽ ഉയർത്തിവിടുന്ന പൊടിപടലം മദീന പട്ടണത്തിൽ നിന്ന് കണ്ണെത്താവുന്ന അകലെനോക്കിക്കാണാവുന്ന കാഴ്ച്ചക്കാർ അതൊരു മണൽകാറ്റിന്റെ കുതിച്ചുവരവാണെന്ന് സംശയിക്കുമായിരുന്നു.

ഒരിക്കൽ എഴുന്നൂറ് ഒട്ടകങ്ങൾ അടങ്ങിയ ഒരു വ്യൂഹം മദീനയെ സമീപിച്ചു. എവിടെയും അതിനെക്കുറിച്ചുള്ള സംസാരവും ആഹ്ളാദത്തിമിർപ്പും കാണാമായിരുന്നു. 

അതുകണ്ട് അതിശയിച്ച ഉമ്മുൽമുഅ്മിനീൻ ആയിശ (റ)ചോദിച്ചു: “മദീനയിൽ ഇന്നെന്താണൊരു പ്രത്യേകത..?”

ഒരാൾ പറഞ്ഞു: “അബ്ദുർറഹ്മാനുബ്നു ഔഫ് (റ)വിന്റെ കച്ചവടച്ചരക്ക് എത്തിയിരിക്കുന്നു.”

ആയിശ (റ): “ഒരു കച്ചവടസംഘത്തിന്റെ കോലാഹലം ഇത്രത്തോളമോ..?”

അയാൾ പറഞ്ഞു: “അതേ, എഴുന്നൂറ് ഒട്ടകങ്ങൾക്ക് വഹിക്കാവുന്നതാണ് അത്...”

അത്ഭുതപരതന്ത്രയായ ആയിശ (റ) പറഞ്ഞു: “നബി ﷺ പറയുന്നത് ഞാൻ കേട്ടിരിക്കുന്നു. അബ്ദുർറഹ്മാനുബ്നു ഔഫ് (റ) മുട്ടുകുത്തി സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതായി ഞാൻ കാണുകയുണ്ടായി.''

അബ്ദുർറഹ്മാനുബ്നു ഔഫ് (റ) മുട്ടുകുത്തിയായിരിക്കുമോ സ്വർഗ്ഗത്തിൽ പ്രവേശിക്കുക! ആയിശ (റ) വചനം ചിലർ അദ്ദേഹത്തിന്റെ ചെവിയിൽ എത്തിച്ചു.

അദ്ദേഹം പറഞ്ഞു: “അതെ, പല പ്രാവശ്യം നബി ﷺ അങ്ങനെ പറയുന്നത് ഞാൻ കേട്ടിരിക്കുന്നു.”

അനന്തരം ആ ചരക്കിൽ നിന്ന് ഒരു ഭാണ്ഡംപോലും കെട്ടഴിക്കാതെ അദ്ദേഹം നേരെ ആയിശ(റ)യുടെ വസതിയിലേക്ക് നടന്നു.

ആയിശ(റ)യോട് അദ്ദേഹം പറഞ്ഞു: “ഞാൻ ഒരിക്കലും വിസ്മരിച്ചിട്ടില്ലാത്ത ഒരു നബിവചനമാണ് നിങ്ങൾ എന്നെ ഓർമ്മിപ്പിച്ചത്. അത് കൊണ്ട് നിങ്ങളെ സാക്ഷിനിർത്തി ഈ എഴുന്നൂറ് ഒട്ടകങ്ങൾ വഹിക്കുന്ന ചരക്ക് മുഴുവനും ഞാനിതാ പാവങ്ങൾക്ക് വിതരണം ചെയ്യുന്നു.”

അദ്ദേഹം മുട്ടുകുത്താതെ തന്നെ സ്വന്തം കാലിൽ സദ് വൃത്തരായ തന്റെകൂട്ടാളികളോടൊപ്പം സ്വർഗ്ഗാരോഹണം ചെയ്യാനുള്ള വഴിനോക്കുകയായിരുന്നു.

ഒരിക്കൽ നബി ﷺ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞിരുന്നു: “അബ്ദുർറഹ്മാൻ, നീ സമ്പന്നനാണ്. നീ മുട്ടുകുത്തിയായിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക. അതുകൊണ്ട് അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ നിർബാധം ചിലവഴിക്കുമെങ്കിൽ സ്വതന്ത്രമായി നിനക്ക് സ്വർഗ്ഗത്തിലേക്ക് നടന്നുപോകാം.”

ഞാൻ ഭൂമിയിൽ നിന്ന് ഒരു പാറക്കഷണം പൊക്കിയെടുത്താൽ അല്ലാഹു ﷻ എനിക്കതിനുള്ളിൽ വെള്ളിക്കട്ടി നിക്ഷേപിച്ചിരിക്കും. അത്രമാത്രം ലാഭകരമായിരിക്കും എന്റെ കച്ചവടമെന്ന് സ്വയം വിശേഷിപ്പിച്ച അബ്ദുർറഹ്മാനുബ്നു ഔഫ്(റ) അളവറ്റ സമ്പത്തിന്റെ ഉടമയായിരുന്നു. എങ്കിലും അദ്ദേഹം ഒരിക്കലും സമ്പത്തിന്റെ അടിമയായിരുന്നില്ല.


ദാറുൽഅർഖമിൽ നബി ﷺ പ്രബോധന പ്രവർത്തനം തുടങ്ങുന്നതിന് മുമ്പ് തന്നെ അബ്ദുർറഹ്മാനുബ്നു ഔഫ് (റ) ഇസ്ലാം മതമവലംബിച്ചിരുന്നു.
അബൂബക്കർ (റ), ഉസ്മാൻ (റ), സുബൈർ (റ), ത്വൽഹത്ത് (റ), സഅദുബ്നു അബീവഖാസ് (റ) എന്നിവരുടെ കൂടെ അദ്ദേഹവും മുൻ നിരയിൽ ഉൾപ്പെടുന്നു.

ഇസ്ലാം മതമവംലബിച്ചത് മുതൽ എഴുപത്തഞ്ചാമത്തെ വഴസ്സിൽ നിര്യാതനാകുന്നത് വരെ സത്യവിശ്വാസികളുടെ മാതൃകാപുരുഷനായി അദ്ദേഹം ജീവിച്ചു. സ്വർഗ്ഗാവകാശികൾ എന്ന് നബി ﷺ സന്തോഷവാർത്ത നൽകിയ പത്ത് പേരിൽ അദ്ദേഹവും ഉൾപ്പെടുന്നു.

ഉമർ(റ)വിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ അദ്ദേഹം നിയോഗിച്ച ആറംഗ ആലോചനാസമിതിയിൽ ഒരാൾ അബ്ദുർറഹ്മാനുബ്നു ഔഫ് (റ) ആയിരുന്നു. നബി ﷺ മരണമടഞ്ഞപ്പോൾ ഇവരെക്കുറിച്ച് സന്തുഷ്ടനായിരുന്നു എന്നാണ് ഉമർ(റ) അവരെ നിയോഗിച്ചതിന് കാരണം പറഞ്ഞത്.

അബ്സീനിയയിലേക്ക് രണ്ട് പ്രാവശ്യവും അദ്ദേഹം ഹിജ്റ പോയി. ബദർ, ഉഹ്ദ് അടക്കമുള്ള എല്ലാ രണാങ്കണങ്ങളിലും മുമ്പന്തിയിൽ നിലകൊള്ളുകയും ചെയ്തു.

മദീനയിൽ അഭയം തേടിയ നബിﷺയും അനുയായികളും ഭാരിച്ച സാമ്പത്തിക പ്രശ്നങ്ങളാണ് ആദ്യഘട്ടത്തിൽ നേരിട്ടത്.

നബി ﷺ മുഹാജിറുകളിൽ നിന്ന് ഒന്നും രണ്ടും, ചിലപ്പോൾ അതിലധികവും പേരെ ഓരോ അൻസാരികൾക്ക് ഏൽപ്പിച്ചുകൊടുത്തു. അവർ ഇസ്ലാമിന്റെ പേരിൽ സഹോദരൻമാരായി വർത്തിച്ചു. ഭക്ഷണം പാർപ്പിടം എന്നിവ അവർ
പങ്കിട്ടെടുത്തു. 

ഒന്നിലധികം ഭാര്യമാരുണ്ടായിരുന്ന ചില അൻസാരികൾ തങ്ങളുടെ മുഹാജിർ സഹോദരൻമാർക്ക് വേണ്ടി ഭാര്യമാരെ കയ്യൊഴിക്കാൻപോലും സന്നദ്ധരായി. തികച്ചും ഗാഢമായ ഒരു സഹോദരബന്ധമായിരുന്നു അവിടെ സ്ഥാപിക്കപ്പെട്ടത് എന്ന് പറയേണ്ടതില്ലല്ലോ.

അബ്ദുർറഹ്മാനുബ്നു ഔഫ് (റ) കുട്ടുകാരനായി ലഭിച്ചത് സഅദ്ബ്നു റബീഇ (റ) വിനെയായിരുന്നു. 

അനസ്സുബ്നു മാലിക് (റ) പറയുന്നു: “സഅദുബ്നു റബീഅ് (റ) അബ്ദുർറഹ്മാനുബ്നു ഔഫ് (റ)വോട് പറഞ്ഞു: ഞാൻ മദീനയിലെ ഒരു വലിയ സമ്പന്നനാണ്. എന്റെ ധനത്തിൽ പകുതി നിങ്ങൾക്ക് നൽകാം. എനിക്ക് രണ്ട് ഭാര്യമാരുണ്ട്. നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരുവൾക്ക് ഞാൻ മോചനം നൽകാം. എന്നാൽ നിങ്ങൾക്ക് അവരെ വിവാഹം ചെയ്യാമല്ലോ.”

അബ്ദുർറഹ്മാനുബ്നു ഔഫ് (റ) പറഞ്ഞു: “അല്ലാഹു ﷻ നിങ്ങളുടെ ധനത്തിലും കുടുംബത്തിലും അനുഗ്രഹം വർദ്ധിപ്പിക്കട്ടെ.”

അനന്തരം അബ്ദുർറഹ്മാനുബ്നു ഔഫ് (റ) കച്ചവടത്തിന് തയ്യാറായി. പട്ടണത്തിലിറങ്ങി കച്ചവടം ചെയ്തു. വലിയ സമ്പാദ്യം നേടുകയും ചെയ്തു.

അങ്ങനെ നബിﷺയുടെ ജീവിതകാലത്തും മരണാനന്തരവും അദ്ദേഹം കച്ചവടക്കാരനായി ജീവിച്ചുപോന്നു. തന്റെ ദീനീബാധ്യതകൾക്ക് അദ്ദേഹത്തിന്റെ ഐഹിക ബന്ധങ്ങൾ ഒരിക്കലും തടസ്സമായിരുന്നില്ല.

കച്ചവടസ്വത്തിൽ അനുവദനീയമല്ലാത്ത ഒരു ദിർഹംപോലും കലരുന്നത് അദ്ദേഹം കണിശമായി ശ്രദ്ധിച്ചു. നൂറുശതമാനവും കളങ്കരഹിതമായിരുന്നു അദ്ദേഹത്തിന്റെ സമ്പത്ത്.

ധനവാന് അനായാസേന സ്വർഗ്ഗത്തിൽ പ്രവേശിക്കണമെങ്കിൽ ദൈവ മാർഗ്ഗത്തിൽ നിർബാധം ചിലവഴിക്കണമെന്ന് നബിﷺയുടെ നിർദ്ദേശം ശരിക്കും കണക്കിലെടുത്തുകൊണ്ട് തന്നെയായിരുന്നു അദ്ദേഹം സമ്പത്ത് കൈകാര്യം ചെയ്തിരുന്നത്.


ഒരിക്കൽ അദ്ദേഹം നാൽപ്പതിനായിരം ദിനാറിന്ന് ഒരു ഭൂസ്വത്ത് വിൽക്കുകയുണ്ടായി. പ്രസ്തുത തുക മുഴുവൻ ദരിദ്രർക്കും നബിﷺയുടെ വിധവകൾക്കും മറ്റുമായി വിതരണം ചെയ്തു.

മറ്റൊരിക്കൽ മുസ്ലിം സൈന്യ ഫണ്ടിലേക്ക് അഞ്ഞൂറു പടക്കുതിരകളെയും ആയിരത്തി അഞ്ഞൂറ് ഒട്ടകങ്ങളെയും സംഭാവന ചെയ്തു. 

മരണപത്രത്തിൽ അമ്പതിനായിരം ദീനാറായിരുന്നു അദ്ദേഹം അല്ലാഹു ﷻ വിന്റെ മാർഗ്ഗത്തിലേക്ക് നീക്കിവെച്ചിരുന്നത്.

ബദർ യുദ്ധത്തിൽ സംബന്ധിച്ചവരിൽ അന്ന് ജീവിച്ചിരുന്ന ഓരോ സഹാബിമാർക്കും നാനൂറ് ദീനാർ വീതം അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

സമ്പന്നനായിരുന്നിട്ട് പോലും ഉസ്മാൻ (റ) തന്റെ വിഹിതമായ നാനൂറ് ദിനാർ കൈപറ്റി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അബ്ദുർറഹ്മാനുബ്നു ഔഫ്(റ)വിന്റെ സമ്പത്ത് കറയില്ലാത്തതും ഹലാലുമാകുന്നു. അതിൽ നിന്ന് ഓരോ പിടി ഭക്ഷണംപോലും ക്ഷേമവൃദ്ധിയും സൗഖ്യദായകവുമാകുന്നു.”

അബ്ദുർറഹ്മാനുബ്നു ഔഫ് (റ) സമൃദ്ധമായ സമ്പത്തിന്റെ ഉടമയായിരുന്നു. ഒരിക്കലും അദ്ദേഹം അതിന്റെ അടിമയായിരുന്നില്ല. സമ്പത്തിന് വേണ്ടി അദ്ദേഹം അഹോരാത്രം പരിശ്രമിച്ചില്ല. നിഷ്പ്രയാസം, അനുവദനീയമായ മാർഗ്ഗത്തിലൂടെ അദ്ദേഹത്തിന് അത് വന്നുചേർന്നു. സ്വാർത്ഥതക്കു വേണ്ടി അദ്ദേഹം അത് ഉപയോഗിച്ചതുമില്ല.

തന്റെ ബന്ധുമിത്രാദികളും അയൽവാസികളും സമൂഹവും അതനുഭവിച്ചു. അദ്ദേഹത്തിന്റെ സമ്പത്തിൽ എല്ലാ മദീനക്കാരും പങ്കുകാരായിരുന്നു. ആധിക്യം അദ്ദേഹത്തെ അഹങ്കാരിയാക്കിയില്ല.


ഒരിക്കൽ നോമ്പുതുറക്കാനുള്ള ഭക്ഷണം അദ്ദേഹത്തിന്റെ മുമ്പിൽ കൊണ്ടുവരപ്പെട്ടു. ഭക്ഷണത്തളികയിലേക്ക് നോക്കി കണ്ണുനീരൊഴുക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:

“മിസ്അബ് (റ) അന്ന് രക്തസാക്ഷിയായി. അദ്ദേഹം എന്നെക്കാൾ ഉത്തമനായിരുന്നു. തലയും കാലും മറയാത്ത ഒരു കഷണം തുണിയിലായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം പൊതിയപ്പെട്ടത്. ഹംസ (റ) രക്തസാക്ഷിയായി. അദ്ദേഹവും എന്നെക്കാൾ ഉത്തമനായിരുന്നു. അദ്ദേഹത്തെയും ഒരു ആവശ്യത്തിന്ന് തികയാത്ത പരുക്കൻ തുണിയിലാണ് പൊതിഞ്ഞത്. ഇന്ന് ഞങ്ങൾ സമ്പന്നരായിത്തീർന്നിരിക്കുന്നു. ഞങ്ങളുടെ സൽക്കർമ്മങ്ങളുടെ പ്രതിഫലം ഞങ്ങൾക്ക് ഇവിടെവെച്ച് തന്നെ അല്ലാഹു ﷻ നൽകിയതായിരിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു..!!”


മറ്റൊരിക്കൽ തന്റെ വീട്ടിലെ ഒരു സദ്യയിൽവെച്ചു അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. സദസ്യർ ചോദിച്ചു: എന്തിനാണു നിങ്ങൾ കരയുന്നത്..?

അദ്ദേഹം പറഞ്ഞു: “അല്ലാഹു ﷻ വിന്റെ പ്രവാചകൻ ﷺ വഫാത്തായി. പ്രവാചകനോ (ﷺ) അവിടുത്തെ കുടുംബാംഗങ്ങളോ ഒരിക്കലും വയർ നിറച്ചു ഭക്ഷണം കഴിച്ചിരുന്നില്ല. നമ്മെ അല്ലാഹു ﷻ അവശേഷിപ്പിച്ചത് നമുക്ക് ഗുണപ്രദമാണെന്ന് എനിക്കഭിപ്രായമില്ല.”

തന്റെ ഭൃത്യൻമാരുടെ കൂടെയിരിക്കുന്ന അബ്ദുർറഹ്മാനുബ്നു ഔഫ്(റ)വിനെ അപരിചിതനായ ഒരാൾക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. അത്രയും ലളിതമായിരുന്നു അദ്ദേഹത്തിന്റെ വേഷഭൂഷാദികൾ.

ഉഹ്ദ് യുദ്ധത്തിൽ അദ്ദേഹത്തിന്ന് ഇരുപതിലധികം മുറിവുകൾ ഏറ്റു. ഒരു കാലിന് മുടന്ത് സംഭവിച്ചു. മുൻ പല്ലുകൾ നഷ്‌ടപ്പെട്ടു. പ്രസന്നവദനനും ആജാനുബാഹുവും സുന്ദരനുമായിരുന്ന അദ്ദേഹം അന്നുമുതൽ മുടന്തനും മുമ്പല്ലു നഷ്ടപ്പെട്ടവനുമായി തീർന്നു.

ഹിജ്റ 82ാം വർഷം അബ്ദുർറഹ്മാനുബ്നു ഔഫ് (റ) രോഗഗ്രസ്തനായി. ആയിശ (റ) തന്റെ വീട്ടിൽ നബിﷺയുടെ ഖബറിന്നടുത്ത് അദ്ദേഹത്തെ മറവുചെയ്യാൻ സ്ഥലം നൽകാമെന്ന് അറിയിച്ചു. അദ്ദേഹം വിനയപുരസ്സരം അത് നിരസിക്കുകയാണ് ചെയ്തത്.

നബിﷺയുടെയും അബൂബക്കർ (റ) വിന്റെയും മഹൽസന്നിധിയിൽ അന്ത്യവിശ്രമം കൊള്ളാൻ അദ്ദേഹത്തിന്റെ വിനയം അദ്ദേഹത്തെ അനുവദിച്ചില്ല. ബഖീഇൽ ഉസ്മാനുബ്നു മള്ഊന്റെ (റ) ഖബറിന്ന് അടുത്ത് അദ്ദേഹം മറവുചെയ്യപ്പെട്ടു...

അബ്ദുറഹ്മാനു ബ്നു ഔഫ് (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...

No comments:

Post a Comment