Thursday 24 December 2020

പുതുനാരി മസ്അലകൾ

 

വധുവിന്റെ നിബന്ധനകൾ വിവരിക്കാമോ

വധുവിനെ നിജപ്പെടുത്തണം. അപ്പോൾ എന്റെ പെൺമക്കളിൽ ഒരാളെ ഞാൻ നിനക്കു നികാഹു ചെയ്തു തന്നു എന്നു പറഞ്ഞാൽ ശരിയാവില്ല. കാരണം, അവിടെ നിജപ്പെടുത്തലില്ലല്ലോ. പുത്രിയിലേക്ക് ആംഗ്യം കാണിച്ചു പറഞ്ഞാലും സാധുവല്ല. വധു ഹജ്ജിന്റെയോ ഉംറയുടെയോ ഇഹ്റാമിലാവാതിരിക്കണം. വധു മറ്റൊരുത്തന്റെ നികാഹിൽ നിന്നും ഇദ്ദയിൽ നിന്നും ഒഴിവായിരിക്കണം (ഫത്ഹുൽ മുഈൻ, പേജ്: 348).


മകളുടെ പേരു പറയാതെ എന്റെ മകളെ നിനക്കു ഞാൻ വിവാഹം ചെയ്തു തന്നു എന്നു പറഞ്ഞാലോ

അദ്ദേഹത്തിനു ഒരു മകൾ മാത്രമാണുള്ളതെങ്കിൽ സാധുവാകും. അല്ലെങ്കിൽ സ്വഹീഹാവില്ല (ഫത്ഹുൽ മുഈൻ, പേജ്: 348).


ഒരാൾ നിനക്കു ഞാൻ ഇന്നവളെ (ഉദാ: ഫാത്വിമ) നികാഹ് ചെയ്തു തന്നു എന്നു പറഞ്ഞാൽ ശരിയാകുമോ

രണ്ടുപേരും (വലിയ്യും വരനും) നിർണിതമായ ഒരു ഫാത്വിമയെ കരുതുന്ന വേളയിൽ പ്രസ്തുത വാചകം കൊണ്ട് നികാഹ് സാധുവാകും (ഫത്ഹുൽ മുഈൻ, പേജ്: 348).


ഒരാൾ തന്റെ വലിയ മകളെ നികാഹു ചെയ്തു കൊടുക്കുകയാണ്. പക്ഷേ ചെറിയ മകളുടെ പേരാണു പറഞ്ഞത്. എങ്കിൽ നികാഹ് സാധുവാണോ

എന്റെ വലിയ മകളെ നിനക്കു ഞാൻ നികാഹു ചെയ്തു തന്നു എന്നു പറഞ്ഞു ചെറിയ മകളുടെ പേരു പറഞ്ഞ വേളയിൽ നികാഹ് സാധുവാണ്. പേരു മാറിയതിൽ പ്രശ്നമില്ല. വലിയ മകളുടെ കാര്യത്തിലാണ് നികാഹു സാധുവായത് (ഫത്ഹുൽ മുഈൻ, പേജ്: 348).


വധു മുസ്‌ലിമായിരിക്കൽ ശർത്വാണോ

മുസ്‌ലിമോ വിവാഹം കഴിക്കൽ അനുവദനീയമായ തനി ജൂത-ക്രൈസ്തവ സ്ത്രീയോ ആവണം (ഫത്ഹുൽ മുഈൻ, പേജ്: 352).


വിവാഹം കഴിക്കൽ അനുവദനീയമായ ജൂത-ക്രൈസ്തവ സ്ത്രീ ആരാണ്

തൗറാത്തനുസരിച്ച് ജീവിക്കുന്നവളാണ് ജൂത. ഇൻജീലനുസരിച്ച് ജീവിക്കുന്നവൾ ക്രിസ്ത്യാനി.


ഇവരെ നികാഹ് ചെയ്യാൻ പ്രത്യേക നിബന്ധനയുണ്ടോ

ഉണ്ട്. ഇസ്റാഈലി സ്ത്രീയെ വിവാഹം ചെയ്യൽ അനുവദനീയമാവണമെങ്കിൽ അവളുടെ പിതൃപരമ്പരയിലെ പ്രഥമ പുരുഷൻ ജൂതമതം സ്വീകരിച്ചത് ആ മതം ദുർബലപ്പെട്ട ശേഷമാണെന്നു അറിയപ്പെടാതിരിക്കണം. ഇസ്റാഈലി സ്ത്രീ അല്ലെങ്കിൽ പിതൃപരമ്പരയിലെ പ്രഥമ പുരുഷൻ തന്റെ മതം സ്വീകരിച്ചത് ആ മതം ദുർബലപ്പെടുംമുമ്പാണെന്നു അറിയപ്പെടണം. (നമ്മുടെ നാടുകളിൽ ഇത്തരം സ്ത്രീകളെ കണ്ടെത്താനാവില്ല) (ഇആനത്ത്: 3/295 ).


കാഫിറായ ദമ്പതികളിൽ വരൻ മുസ്‌ലിമായാൽ വധു അവനു അന്യയാണോ

അവർ സംയോഗം ചെയ്യുംമുമ്പാണു അവൻ മുസ്‌ലിമായതെങ്കിൽ അവൾ മുസ്‌ലിമാകുന്നുമില്ലെങ്കിൽ ഉടനടി അവർ അന്യ സ്ത്രീ-പുരുഷന്മാരാകുന്നതാണ് (ഫത്ഹുൽ മുഈൻ, പേജ്: 352).


സംയോഗത്തിനു ശേഷം അവൻ മുസ്‌ലിമായാലോ

എന്നാൽ ഇദ്ദ കഴിയും മുമ്പ് അവൾ മുസ്‌ലിമായാൽ വിവാഹബന്ധം നിലനിൽക്കും. ഇല്ലെങ്കിൽ അവൻ മുസ്‌ലിമായതു മുതൽ വിവാഹബന്ധം വേർപ്പെട്ടതായി ഗണിക്കപ്പെടും (ഫത്ഹുൽ മുഈൻ, പേജ്: 352).


വധു മാത്രം മുസ്‌ലിമായാലോ

അവർ തമ്മിൽ സംയോഗം നടന്നിട്ടുണ്ടെങ്കിൽ അവളുടെ ഇദ്ദ കഴിയുന്നതിനു മുമ്പ് അവർ മുസ്‌ലിമായാൽ നികാഹിനു ഭംഗം തട്ടില്ല. സംയോഗം ഉണ്ടായിട്ടില്ലെങ്കിൽ അവൾ മുസ്‌ലിമായ ഉടനെ വിവാഹബന്ധം വേർപ്പെടുന്നതാണ്. അവളുടെ ഇദ്ദയുടെ കാലത്ത് അവൻ മുസ്‌ലിമായിട്ടില്ലെങ്കിൽ അവൾ മുസ്‌ലിമായതു മുതൽ വിവാഹബന്ധം വേർപ്പെടുന്നതാണ് (ഇആനത്ത്: 3/296).


രണ്ടുപേരും ഒരുമിച്ചു മുസ്‌ലിമായാലോ

എങ്കിൽ സംയോഗത്തിന്റെ മുമ്പാണെങ്കിലും പിമ്പാണെങ്കിലും നികാഹു ബന്ധം നിലനിൽക്കുന്നതാണ് (ഇആനത്ത്: 3/296).


മുസ്‌ലിമായ ശേഷം നികാഹ് നടത്തണ്ടേ

വേണ്ട. കാഫിരീങ്ങളുടെ ആചാര പ്രകാരമുള്ള വിവാഹത്തെ അവർ മുസ്‌ലിമാകുന്ന വേളയിൽ നാം അംഗീകരിക്കുന്നുണ്ട്. അവർ മുസ്‌ലിമായതിനു വേണ്ടി അവർക്കു ഇസ്‌ലാം നൽകുന്ന ഇളവാണിത് (ഇആനത്ത്: 3/296).


പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടി ബലാൽസംഗത്തിന് ഇരയായി. പക്ഷേ, രക്ഷിതാക്കളോ മറ്റോ അതറിഞ്ഞില്ല. അവളതു പറഞ്ഞതുമില്ല. ശേഷം അവളുടെ സമ്മതമില്ലാതെ ഉപ്പ അവളെ നികാഹ് നടത്തി. ഈ നികാഹ് സാധുവാണോ

അതെ, സാധുവാണ്. അവൾ കന്യകയാണെന്ന ധാരണയോടെയാണ് പിതാവ് സമ്മതം ചോദിക്കാതെ നികാഹ് നടത്തിയത്. ഇനി അവൾ അകന്യകയാണെന്നു പറഞ്ഞാലും നടന്ന നികാഹ് അസാധുവാക്കപ്പെടുകയില്ല (ഫത്ഹുൽ മുഈൻ, പേജ്: 351).


വിവാഹിതരായ രണ്ടു അമുസ്‌ലിംകൾ മുസ്‌ലിമായാൽ അവർ ഭാര്യാഭർത്താക്കന്മാരാണല്ലോ. നികാഹ് പുതുക്കേണ്ടതില്ലല്ലോ. എന്നാൽ ഒരു അമുസ്‌ലിം തന്റെ വിവാഹബന്ധം ഹറാമായവളെ (ഇസ്‌ലാമിക നിയമത്തിൽ) വിവാഹം ചെയ്തു അവർ മുസ്‌ലിമായാലോ

ആ ബന്ധം നില നിൽക്കില്ല. അവരെ വേർപിരിക്കണം (തുഹ്ഫ: 7/331).


എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment