Tuesday 22 December 2020

നികാഹും , സാധുതയും


നികാഹു സാധുവാകാൻ രണ്ടു സാക്ഷികൾ വേണമല്ലോ. അവരുടെ യോഗ്യതകൾ എന്തെല്ലാം?

ഇസ്‌ലാം, പ്രായപൂർത്തി, ബുദ്ധി, സ്വതന്ത്രത്വം, പുരുഷത്വം, നീതിത്വം, കാര്യബോധം, മാന്യത, കേൾവി, കാഴ്ച, സംസാര കഴിവ്, ഉണർവ്, കൈകാരന്റെയും വരന്റെയും ഭാഷ അറിയൽ, സാക്ഷി നിൽക്കുന്നവൻ നിർണിതമായ വലിയ്യാവാതിരിക്കൽ എന്നിവയെല്ലാം സാക്ഷിയുടെ നിബന്ധനകളാണ് (തുഹ്ഫ: 7/228).


സാക്ഷി നിർണിതമായ വലിയ്യാവാതിരിക്കൽ എന്നതിന്റെ വിവക്ഷയെന്ത്?

പറയാം. പിതാവ്, ഏക സഹോദരൻ എന്നിവരെല്ലാം വധുവിന്റെ നിർണിത വലിയ്യാണ് (കൈകാരൻ). പിതാവ് നികാഹ് നടത്തേണ്ട സ്ഥാനത്ത് അതു നടത്താൻ പിതാവ് മറ്റൊരാളെ വകാലത്താക്കുകയും സാക്ഷിയായി പിതാവ് നിൽക്കുകയും ചെയ്താൽ ആ സാക്ഷിത്വം സ്വീകരിക്കപ്പെടില്ല. കാരണം, ഇവിടെ നിർണിത വലിയ്യാണു സാക്ഷിയായത്.


ഒരു സ്ത്രീക്കു വലിയ്യായി മൂന്നു സഹോദരങ്ങളാണുള്ളത്. അവരിൽ ഒരാൾക്കു വധു നികാഹു നടത്താൻ സമ്മതം കൊടുത്തു. അദ്ദേഹം നികാഹു നടത്തിയപ്പോൾ രണ്ടു സഹോദരങ്ങൾ സാക്ഷി നിന്നു. എങ്കിൽ നികാഹു ശരിയാകുമോ?

അതേ, സാധുവാകും. എന്തുകൊണ്ടെന്നാൽ ഇവിടെ നിർണമായ വലിയ്യ് സാക്ഷിയായിട്ടില്ല (തുഹ്ഫ: 7/229).


നികാഹിന്റെ സദസ്സിൽ സാക്ഷി നിൽക്കുകയെന്ന ഉദ്ദേശ്യമില്ലാതെ ഇരുന്ന രണ്ടുപേരാണ് ഈജാബും ഖബൂലും കേട്ടതെങ്കിലോ?

ഉദ്ദേശ്യം വേണമെന്നില്ല. അവിചാരിതമായി കേട്ടാലും മതി. അവർ സാക്ഷിക്കു പറ്റുന്നവരാകണമെന്നുമാത്രം (തുഹ്ഫ: 7/227).


മാന്യത എന്ന വിശേഷണം സാക്ഷിക്കു വേണമെന്നു പറഞ്ഞല്ലോ. അതൊന്നു വിശദീകരിച്ചാലും?

നാട്ടുനടപ്പിൽ നിന്ദമായ എല്ലാറ്റിൽ നിന്നും അകന്നുനിൽക്കലാണു മാന്യത. താഴ്ന്ന കാര്യങ്ങൾ എന്നതിൽ കുറ്റമുള്ളതും അല്ലാത്തതും പെടും. ജനങ്ങളുടെ സാന്നിധ്യത്തിൽ വെച്ച് ഭാര്യയെ ചുംബിക്കൽ, ജനങ്ങൾക്കിടയിൽ വെച്ച് ചിരിപ്പിക്കുന്ന കാര്യങ്ങൾ കൂടുതലായി പറയുക, ചതുരംഗക്കളിയിലും നൃത്തക്കളിയിലും വ്യാപൃതനാവുക തുടങ്ങിയ മാന്യതയെ ഹനിക്കുന്ന കാര്യങ്ങളാണ് (ഫത്ഹുൽ മുഈൻ, പേജ്: 505).


വലിയ്യ് നീതിമാനായിരിക്കണം എന്നു പറഞ്ഞതിന്റെ വിവക്ഷ ഫാസിഖ് അല്ലാതിരിക്കുകയെന്നാണെന്നു മുമ്പ് വിവരിച്ചുവല്ലോ. സാക്ഷി നീതിമാനാവുക എന്നതിന്റെ ഉദ്ദേശ്യവും അങ്ങനെയാണോ?

അല്ല. രണ്ടും തമ്മിൽ സാരമായ അന്തരമുണ്ട്. വലിയ്യിനെ സമ്പന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഫാസിഖാവാതിരിക്കലാണു നിബന്ധന. നീതിമാനായിരിക്കലല്ല. എന്നാൽ സാക്ഷി നിൽക്കുന്നവൻ ഫാസിഖാവാതിരുന്നാൽ മാത്രം പോര. നീതിയുള്ളവനായിരിക്കുക തന്നെ വേണം. അനുവദനീയമായ താഴ്ന്ന കാര്യങ്ങളെയും തെറ്റുകളുമായി ബന്ധപ്പെടുന്നതിനെയും തടയുന്ന ഒരു കഴിവ് നേടിയെടുക്കുക എന്നതാണ് സാക്ഷിയുടെ വിഷയത്തിൽ നീതിമാനാവുക എന്നതിന്റെ വിവക്ഷ (തുഹ്ഫ: 7/256, ഇആനത്ത്: 3/305).


ഈ വിവരണത്തിൽ നിന്നു മനസ്സിലാകുന്നത് ഫാസിഖിന്റെയും നീതിമാന്റെയും ഇടയിൽ തെമ്മാടിത്വവും നീതിത്വവും അല്ലാത്ത ഒരു അവസ്ഥയുണ്ടെന്നാണല്ലോ. അങ്ങനെയുണ്ടോ? ഫാസിഖല്ലാത്തവനെല്ലാം നീതിമാനല്ലേ?

ഫാസിഖല്ലാത്തവനെല്ലാം നീതിമാനല്ല. രണ്ടിന്റെ ഇടയിൽ രണ്ടുമല്ലാത്ത അവസ്ഥയുണ്ട്. ഉദാ: ഒരു കുട്ടിക്ക് പ്രായം തികഞ്ഞാൽ അവനിൽ നിന്നു ഫാസിഖാകുന്ന കാര്യം ഉണ്ടായിട്ടില്ലെങ്കിൽ ഫാസിഖല്ല. അതോടൊപ്പം അവൻ നീതിമാനുമല്ല. എന്തുകൊണ്ടെന്നാൽ ഭയഭക്തിയെ നിർബന്ധമാക്കുന്ന ഒരു കഴിവു നേടിയെടുക്കലാണു നീതിത്വം. ഈ കുട്ടി അതു നേടിയിട്ടില്ല (തുഹ്ഫ, ശർവാനി: 7/256).


ഫാസിഖ് തൗബ ചെയ്ത ഉടനെ വലിയ്യാവാൻ പറ്റുമെന്നു മുമ്പ് വ്യക്തമാക്കിയല്ലോ. എന്നാൽ ഫാസിഖ് തൗബ ചെയ്ത ഉടനെ സാക്ഷി നിൽക്കാൻ പറ്റുമോ?

ഇല്ല. തൗബയുടെ ശേഷം ഒരു വർഷം പൂർത്തിയായതിനു ശേഷമേ അവന്റെ സാക്ഷിമൊഴി സ്വീകരിക്കപ്പെടുകയുള്ളൂ (തുഹ്ഫ: 9/214, നിഹായ, ഇആനത്ത്: 4/296).


എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment