Tuesday 15 December 2020

പതിനാലാം രാവിനെക്കാൾ സൗന്ദര്യം

 

ഹിജ്റാബ്ദം രണ്ടാം നൂറ്റാണ്ടിൽ അറബുനാട്ടിൽ ഒരു ത്വലാഖ് വിവാദമുണ്ടായി. സംഭവം ഇങ്ങനെ:

ഒരാൾ തന്റെ ഭാര്യയെ വളരെയധികം സ്നേഹിക്കുന്നു.പക്ഷേ, ഭാര്യ  മെലിഞ്ഞൊട്ടിയതിൽ അയാൾ അസംതൃപ്തനാണ്. അവൾ ആഹാരം കഴിച്ചു ശരീരം പുഷ്ടിപ്പെടുത്താൻ ഭർത്താവ് അവളോട് ഉപദേശിച്ചു.

സഹധർമ്മിണി ഈ ഉപദേശം ഗൗരവമായി കണക്കിലെടുക്കാൻ വേണ്ടി അദ്ദേഹം ഇങ്ങനെ പറഞ്ഞു:

”ഞാൻ ഒരു യാത്രപോകുന്നു.തിരിച്ചുവരുമ്പോഴേക്ക് നീ അതീവ സുന്ദരിയായി മാറണം.

പതിനാലാം രാവിനേക്കാൾ സൗന്ദര്യം നിനക്കുണ്ടാവണം.ഇല്ലാത്തപക്ഷം നിന്റെ ത്വലാഖ് മൂന്നും സംഭവിക്കുന്നതാണ്”.

ഈ വാക്കിന്റെ ഗൗരവം മനസ്സിലാക്കാതെ അദ്ദേഹം നടത്തിയ പ്രഖ്യാപനം പ്രശ്നത്തിനിടയാക്കി. ഭർത്താവ് യാത്രകഴിഞ്ഞു തിരിച്ചെത്തി.

ഭാര്യയുടെ ശരീരം പുഷ്ടിച്ചിരിക്കുന്നു. അതുമൂലം സൗന്ദര്യ വർദ്ധനവുമുണ്ടായി. പക്ഷേ,പതിനാലാം രാവിനേക്കാൾ സൗന്ദര്യം എങ്ങനെ ലഭിക്കാൻ!

പ്രശ്നം പണ്ഡിതരുടെ അടുത്തെത്തി.

ഭർത്താവ് ഞെട്ടി.

പണ്ഡിതരുടെ ഫത്വ വന്നു:താങ്കളുടെ ഭാര്യയുടെ ത്വലാഖ് സംഭവിച്ചിരിക്കുന്നു.

താങ്കളുടെ ഭാര്യയ്ക്ക് പതിനാലാം രാവിനേക്കാൾ സൗന്ദര്യമില്ല.

ഭർത്താവ് ദുഃഖിതനായി.

അദ്ദേഹം പറഞ്ഞു: ഞാൻ ത്വലാഖു ഉദ്ദേശിച്ചു പറഞ്ഞതല്ല. ഭാര്യ സൗന്ദര്യവതിയാവാൻ വേണ്ടി പറഞ്ഞതാണ്.

എങ്ങനെ പറഞ്ഞാലും ശരി ത്വലാഖ് സംഭവിച്ചുകഴിഞ്ഞു -പണ്ഡിതർ മറുപടി പറഞ്ഞു.

ഭാര്യയെ ഉപേക്ഷിക്കാൻ അദ്ദേഹത്തിന് ഒട്ടും മനസ്സില്ല.

അനുകൂല ഫത്വ തേടി അദ്ദേഹം ഒരു മഹാപണ്ഡിതന്റെ തിരുസന്നിധിയിലെത്തി. ആ പണ്ഡിതനുമായി സംസാരിക്കും മുമ്പ് അദ്ദേഹത്തിന്റെ ദറസിൽ പഠിക്കുന്ന ഒരു മുതഅല്ലിം പ്രശ്നം അന്വേഷിച്ചു.

ഭർത്താവ് പറഞ്ഞ വാക്കുകൾ ഈ വിദ്യാർത്ഥി വിലയിരുത്തികൊണ്ട് പറഞ്ഞു. ഈ വാക്കുകൾ കൊണ്ട് നിങ്ങളുടെ ഭാര്യയുടെ ത്വലാഖ് സംഭവിക്കുകയില്ല. 

പക്ഷേ , ഈ വിദ്യാർത്ഥിയുടെ വാക്ക് മാത്രം അവലംബിക്കാൻ അയാൾക്ക് ധൈര്യം വന്നില്ല.

അദ്ദേഹം പള്ളിയിൽ പ്രവേശിച്ചു. ഉദ്ദേശിച്ച മഹാപണ്ഡിതന്റെ മുമ്പിലെത്തി പ്രശ്നം അവതരിപ്പിച്ചു.

പ്രഥമദൃഷ്ട്യാ ത്വലാഖ് സംഭവിച്ചു എന്ന മറുപടിയാണ് പണ്ഡിതൻ നല്കിയത്.

ഭർത്താവിന്റെ മുഖം മങ്ങി.

ശിഷ്യൻ പറഞ്ഞ മറുപടി ഗുരുവിന്റെ ശ്രദ്ധയിൽ പെടുത്തി. ഗുരു ശിഷ്യനെ വിളിച്ചു വിശദീകരണം ആവശ്യപ്പെട്ടു.


ഗുരു: ”ഈ പ്രശ്നത്തിൽ താങ്കൾ എന്തുകൊണ്ടാണിങ്ങനെ മറുപടി നല്കിയത്?

ശിഷ്യൻ: ഭർത്താവ് പറഞ്ഞ വാക്കുകളെന്തായിരുന്നു ?

ഭർത്താവ്:പതിനാലാം രാവിനേക്കാൾ സൗന്ദര്യം നിനക്കില്ലാത്തപക്ഷം നിന്റെ മൂന്നു ത്വലാഖും സംഭവിക്കുന്നതാണ്.

ശിഷ്യൻ: ഈ പ്രഖ്യാപനം കൊണ്ട് ത്വലാഖ് സംഭവിക്കില്ല.

ഗുരു: എന്തുകൊണ്ട്, എന്താണ് തെളിവ്?

ശിഷ്യൻ: വിശുദ്ധ ഖുർആൻ അടിസ്ഥാനപ്പെടുത്തിയാണ് ഞാൻ പറഞ്ഞത്.

ഗുരു: ഏത് ഖുർആൻ വചനം?

ശിഷ്യൻ:ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പതിനാലാം രാവിനേക്കാൾ സൗന്ദര്യമുണ്ടെന്നു വിശുദ്ധ ഖുർആൻ പറഞ്ഞിരിക്കുന്നു.

ഗുരു: എന്ത്!? എവിടെയാണത്?


ശിഷ്യൻ: അല്ലാഹു പറയുന്നു - നിശ്ചയം മനുഷ്യനെ നാം ഏറ്റവും സുന്ദരമായരൂപത്തിൽ സൃഷ്ടിച്ചിരിക്കുന്നു.(ഖുർആൻ 95/4)

ഗുരുനാഥൻ എഴുന്നേറ്റു നിന്ന് ശിഷ്യനെ അനുമോദിച്ചു.

ഏറ്റവും സുന്ദരരൂപത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യർക്ക് പതിനാലാം രാവിനേക്കാളും മറ്റെന്തിനേക്കാളും സൗന്ദര്യമുണ്ടെന്ന് വിശുദ്ധ ഖുർആൻ പറഞ്ഞത് അപ്പോഴാണ് ഗുരുനാഥനും മറ്റും മനസ്സിലാക്കിയത്.

അങ്ങനെ ത്വലാഖ് പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടു. ഈ ശിഷ്യന്റെ അപഗ്രഥന സാമർഥ്യത്തെ എല്ലാവരും ശ്ലാഘിച്ചു.

ആരായിരുന്നു ഈ ശിഷ്യൻ?

അവരാണ് രണ്ടാം നൂറ്റാണ്ടിലെ മുജദ്ദിദും നാലു മദ്ഹബിന്റെ ഇമാമുകളിൽ ഒരാളുമായ ഇമാം ശാഫിഈ(റ)


അവലംബം:മനാഖിബുശ്ശാഫിഈ

No comments:

Post a Comment