Saturday 19 December 2020

സലാം വീട്ടിയ ഉടനെ എഴുന്നേറ്റു പോകൽ ഏറ്റവും പുണ്യമോ?

 

ويسن إستقبال القبلة حالة الذكر والدعاءإن كان منفردا أو مؤموما  أما الإمام إذا ترك القيام من مصلاه الذي هو أفضل له فالأفضل جهل يمينه إلى المؤمومين ويساره إلى القبلة

‘ഫത്ഹുൽ മുഈനി’ൽ വിവരിച്ച ഈ ഇബാറത്തിൻ്റെ  ആശയം തിരിയാതെ, അറബി വ്യാകരണശാസ്ത്രം പഠിക്കാതെ ശുദ്ധ കളവ് പ്രചരിപ്പിക്കുന്ന  ‘ബിദഇ’കളുണ്ട്. അതു കൊണ്ട് തന്നെ 'ഫത്ഹുൽ മുഈനി’ൽ പറഞ്ഞ പ്രസ്തുത മസ്അല  സമഗ്രമായി വിവരിക്കുകയാണിവിടെ.

മഖ്ദൂം(റ) പറയുന്നു: “തനിച്ചു നിസ്കരിക്കുന്നവനും മഅമൂമും ദിക്ർ, ദുആഇന്റെ അവസരത്തിൽ ഖിബ്‌ലക്കു മുന്നിട്ടിരിക്കൽ സുന്നത്താകുന്നു. അപ്പോൾ ഇമാം അവനു (ഖിബ്‌ലക്കു മുന്നിട്ടിരിക്കുന്നതിനേക്കാൾ) ഏറ്റവും ശ്രേഷ്ഠമായ മുസ്വല്ലയിൽ നിന്നു (ഖിബ്‌ലക്കു മുന്നിട്ടു ചൊല്ലേണ്ട ദിക്റുകൾക്കു ശേഷം) എഴുന്നേൽക്കലിനെ ഉപേക്ഷിക്കുന്ന സമയത്ത് സർവ്വോപരി ശ്രേഷ്ഠമായത് അവന്റെ വലതുഭാഗം മഅമൂമുകളിലേക്കും ഇടതുഭാഗം ഖിബ്‌ലയിലേക്കും തിരിച്ചിരിക്കലാണ്” (ഫത്ഹുൽ മുഈൻ: 78).


ഫത്ഹുൽ മുഈനിലെ ഉദ്ധരണിയിൽ ‘ഇസ്മുത്തഫ്ളീൽ’ 

(അഫ്ളൽ എന്ന വാക്ക്) അലിഫ്‌ലാമും ഇളാഫത്തും ഇല്ലാതെ വന്നതിനാൽ ‘മുഫള്ളൽ അലൈഹ്ഹി’യെ സങ്കൽപ്പിക്കണം അതുകൊണ്ടാണു എഴുന്നേൽക്കലാണു ഖിബ്‌ലക്കു മുന്നിട്ടിരിക്കുന്നതിനേക്കാൾ ഏറ്റവും ശ്രേഷ്ഠം എന്ന അർത്ഥകൽപന നടത്തിയത്.

‘അമ്മൽ ഇമാമു’ എന്ന വാക്കിനോട് ബന്ധപ്പെട്ടത് ‘ഫൽഅഫ്ളലു’ എന്ന ജവാബാണ്. ജവാബ് വരും മുമ്പ് ‘ഇദാ’ എന്ന ളർഫിനെ പറഞ്ഞെന്നുമാത്രം ചുരുക്കത്തിൽ, ഏറ്റവും ശ്രേഷ്ഠമായത് ഇമാം തിരിഞ്ഞിരിക്കലാണെന്നാണു ഫത്ഹുൽ മുഈനിലുള്ളത്. നിസ്കാരാനന്തരമുള്ള കൂട്ടുപ്രാർത്ഥനയെ വിമർശിക്കുന്നവർക്ക് അനുകൂലമായ ഒന്നും ഫത്ഹുൽ മുഈനിലില്ല. ശാഫിഈ മദ്ഹബിലെ മറ്റു ഗ്രന്ഥങ്ങളിലും ഉണ്ടെന്നു തെളിയിക്കാൻ പുത്തൻ വാദികൾക്കു ഇന്നുവരെ കഴിഞ്ഞിട്ടില്ല, ഇനി കഴിയുകയുമില്ല.

സലാം വീട്ടിയ ശേഷം ഖിയാം (എഴുന്നേൽക്കലാണു) മഹത്വം എന്നു പറഞ്ഞവരുടെ ഉദ്ദേശ്യം ഖിബ്‌ലയെ തൊട്ട് തെറ്റലാകുന്നു എന്ന് ഖൽയൂബിയിൽ (1/175) കാണുന്നുണ്ട്. പക്ഷേ, ഫത്ഹുൽ മുഈനിലും തുഹ്ഫയിലും പറഞ്ഞ ‘ഖിയാമി’ന് ഖൽയൂബിയിൽ പറഞ്ഞ അർത്ഥം ഒരിക്കലും യോജിക്കില്ല. കാരണം, പ്രസ്തുത അർത്ഥം നൽകിയാൽ ഇബാറത്തിന്റെ ആദ്യവും അവസാനവും വൈരുദ്ധ്യമാകും. ഖിബ്‌ലയെ തൊട്ട് തെറ്റിയിരിക്കലിനെ ഒഴിവാക്കിയാൽ ഖിബ്‌ലയെ തൊട്ട് തെറ്റിയിരിക്കലാണു ഏറ്റവും ശ്രേഷ്ഠം എന്ന അർത്ഥമാണു വരിക. ഇതു വൈരുദ്ധ്യമാണെന്നു പറയേണ്ടതില്ലല്ലോ.

ഫത്ഹുൽ മുഈനിലും തുഹ്ഫ:യിലും പറഞ്ഞ ‘ഖിയാമി’ന് എഴുന്നേറ്റു നിൽക്കൽ (നിന്നു പ്രാർത്ഥിക്കൽ) എന്ന അർത്ഥം നൽകുന്നതുപോലെ തന്നെ ഖിബ്‌ലയെ തൊട്ട് മാറിനിൽക്കൽ എന്ന അർത്ഥവും നൽകാം  ഇൻസിറാഫി’ന്ന് തിരിഞ്ഞിരിക്കൽ എന്നർത്ഥവും പറയുന്നതുപോലെ ‘സ്ഥലം വിടുക’ എന്നർത്ഥവും നൽകാവുന്നതാണ്. മുസ്വല്ലയിൽ നിന്നു സ്ഥലം വിട്ടാൽ എങ്ങോട്ടാണോ സ്ഥലം വിട്ടത് അവിടെ വെച്ച് ദിക്റും ദുആയും കൊണ്ടുവരണം എന്നാകും അപ്പോൾ അർത്ഥം.

ചുരുക്കത്തിൽ, ഏറ്റവും ശ്രേഷ്ഠമായത് ഇമാം സലാം വീട്ടിയ ശേഷം അതേ അവസ്ഥയിൽ ഇരുന്നുചൊല്ലേണ്ട ദിക്റിനു ശേഷം മുസ്വല്ലയിൽ തന്നെ തിരിഞ്ഞിരിക്കലാണ് .ഇതാണു ഇന്നു സുന്നികൾ പ്രവർത്തിച്ചുവരുന്നത്. 

ദിക്റും ദുആയും കഴിഞ്ഞതിനു ശേഷമാണു ഇമാം മുസ്വല്ല വിടേണ്ടത്. ഇമാം ഇബ്നു ഹജർ(റ) ശർഹു ബാഫള്‌ലിൽ (1/178) വ്യക്തമാക്കിയിട്ടുണ്ട്.

നിസ്കാരാനന്തരം നബി(സ്വ) അൽപസമയം (‘അല്ലാഹുമ്മ അൻതസ്സലാം...’ എന്നു തുടങ്ങുന്ന ദിക്ർ ചൊല്ലുന്ന സമയം) ഖിബ്‌ലക്കു നേരെയിരിക്കും. ശേഷം മഅമൂമുകളിലേക്ക് തിരിഞ്ഞിരിക്കും. ഇതാണു നിസ്കാരാനന്തരം ‘അല്ലാഹുമ്മ അൻതസ്സലാം...’ എന്നു തുടങ്ങുന്ന ദിക്ർ ചൊല്ലുന്ന സമയമല്ലാതെ നബി(സ്വ) ഇരിക്കാറുണ്ടായിരുന്നില്ല എന്ന ഹദീസിന്റെ താൽപര്യം (ഫത്ഹുൽ ബാരി: 11/160).


എം.എ. ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment