Friday 4 December 2020

നടത്തത്തിലെ ഇസ്‌ലാമിക സംഹിതകൾ

 

കാലുള്ള ജീവികളുടെ സവിശേഷതയാണ് നടത്തം. മറ്റേത് സൽക്കർമങ്ങൾ പോലെയും വിശ്വാസിക്ക് പ്രതിഫലം ലഭിക്കുന്ന സുകൃതമാക്കി നടത്തവും മറ്റാൻ കഴിയും. നിയ്യത്തോടു കൂടി ചെയ്താൽ പ്രതിഫലാർഹമായ പ്രവർത്തനമാണിത്. 

അല്ലാഹുവിന്റെ മാർഗത്തിൽ നടന്നിട്ട് വല്ലവന്റെയും പാദങ്ങളിൽ പൊടിപറ്റിയാൽ ആ സ്ഥലം നരകം ഭക്ഷിക്കുകയില്ല (ബുഖാരി).

നന്മയിലേക്കുള്ള ഓരോ കാൽവെപ്പും പ്രതിഫലാർഹമാണെന്ന് പഠിപ്പിക്കുന്ന പ്രവാചക വചനങ്ങൾ നിരവധി. നടത്തത്തിലും ഇസ്‌ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. മിതമായ വേഗതയിലാണ് നടക്കേണ്ടത്. തിരക്കുകൂട്ടി കുതിച്ചും രോഗിയെപ്പോലെ വളരെ പതുക്കെയും നടക്കരുത്. കാൽപാദം നീട്ടി എടുത്തുവെച്ചായിരുന്നു നബി(സ്വ) നടന്നിരുന്നത്. നിലത്ത് ഉരസി നടക്കാതെ കാല് പൊക്കി പിന്നെ നിലത്തുവെച്ച് നടക്കുന്നതായിരുന്നു പ്രവാചക ശൈലി. മുകളിൽ നിന്ന് താഴോട്ട് കുത്തിയിറങ്ങുന്നതു പോലെ ശരീരം അൽപം മുന്നോട്ട് ചായ്ച്ചായിരുന്നു റസൂൽ(സ്വ)യുടെ നടത്തം (തുർമുദി, മിശ്കാത്ത്). 

പലപ്പോഴും വടിയൂന്നിയും നടന്നിരുന്നു. അഹങ്കാരമില്ലാതെയും മാന്യത കൈവിടാതെയും താഴോട്ട് നോക്കി വേണം നടക്കാൻ. നിങ്ങൾ ഭൂമിയിൽ അഹങ്കരിച്ച് നടക്കരുത്. നിശ്ചയം പൊങ്ങച്ചക്കാരെയും അഹങ്കാരികളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല (സൂറതു ലുഖ്മാൻ).

നടക്കുമ്പോൾ പാദരക്ഷ ധരിക്കണം. വഴിയിലെ പല ഉപദ്രവങ്ങളിൽ നിന്നും കാൽപാദത്തെ സംരക്ഷിക്കാൻ ചെരുപ്പിനാകും. നബി(സ്വ) പറഞ്ഞു: ചെരുപ്പിട്ട് നടക്കുക. ചെരുപ്പ് ധരിച്ചു നടക്കുന്നവൻ സവാരിക്കാരൻ തന്നെയാണ്. ഒറ്റ ചെരുപ്പിട്ട് നടക്കരുത്. ധരിക്കുന്നുവെങ്കിൽ രണ്ടും ധരിക്കുക, അല്ലെങ്കിൽ ഊരി വെക്കുക (തുർമുദി). കൂട്ടുകാർക്കൊപ്പം നടക്കുമ്പോൾ അഹന്ത പ്രകടിപ്പിക്കാതെ അർഹിക്കുന്ന അംഗീകാരം അവർക്കും നൽകണം. മൂന്നാളുകൾ നടക്കുമ്പോൾ രണ്ടു പേർ പരസ്പരം അടക്കം പറയരുത്. മൂന്നാമനെ അതു വേദനിപ്പിക്കും.

ജുമുഅ-ജമാഅത്തിന് പള്ളിയിലേക്ക് നടന്നുപോകുന്നതാണ് വാഹനത്തിൽ പോകുന്നതിനെക്കാൾ പുണ്യകരം. അവന്റെ ഓരോ ചവിട്ടടിക്കും പ്രതിഫലമുണ്ട്. സമാധാനത്തോടെയും ഉത്സാഹത്തോടെയുമാണ് പള്ളിയിലേക്കു നടക്കേണ്ടത്. പള്ളിയിലെത്തിയാൽ അലക്ഷ്യമായി നടക്കുകയോ ഓടുകയോ അരുത്.

നടക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നല്ല ചര്യയല്ല. നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാണത്. മരുന്നില്ലാത്ത രോഗങ്ങൾ കൊണ്ട് പരീക്ഷക്കപ്പെടുമെന്നും ഹദീസിൽ മുന്നറിയിപ്പു കാണാം.

രാത്രിയിൽ സ്ത്രീകളും കുട്ടികളും പുറത്തിറങ്ങി നടക്കുന്നത് നിരവധി പൈശാചിക പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. ഏതു വഴിൽ പ്രവേശിക്കുമ്പോഴും സൂക്ഷ്മത കാണിക്കണം. അനാവശ്യമായി ജീവികളെ ചവിട്ടിക്കൊല്ലരുത്. ജീവജാലങ്ങളുടെ അവകാശങ്ങൾക്ക് ഇസ്‌ലാം ഏറെ വില കൽപ്പിക്കുന്നുണ്ട്. നാം നിസ്സാരമായി കാണുന്ന ഉറുമ്പുകളെയും പാറ്റകളെയും ഉപദ്രവിക്കരുതെന്ന ഇസ്‌ലാമികാധ്യാപനമോർത്താൽ ഈ വസ്തുത എളുപ്പം ബോധ്യപ്പെടും. സുലൈമാൻ നബി(അ)യും സംഘവും ഉറുമ്പുകളുടെ സംരക്ഷണത്തിനു വേണ്ടി മറ്റൊരു വഴി തിരഞ്ഞെടുത്തത് ഖുർആൻ ഓർമപ്പെടുത്തുന്നുണ്ടല്ലോ.

വിദൂര സ്ഥലങ്ങളിലേക്ക് പോകുമ്പോൾ മൂന്ന് പേരെങ്കിലും ഒന്നിച്ചു പോകുന്നതാണുത്തമം. തിരുനബി(സ്വ) പറഞ്ഞു: ഒറ്റക്ക് യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളെ പറ്റി ഞാൻ അറിയുന്ന കാര്യം നിങ്ങളറിഞ്ഞിരുന്നുവെങ്കിൽ ആരും രാത്രികളിൽ തനിച്ച് സഞ്ചരിക്കുകയില്ല (ബുഖാരി). ഒരിക്കൽ വിദൂര യാത്ര കഴിഞ്ഞ് പ്രവാചകരുടെ അടുത്തെത്തിയ ആളോട് കൂടെ ആരാണുള്ളതെന്ന് അന്വേഷിച്ചു. താൻ ഒറ്റക്കാണെന്നു പറഞ്ഞപ്പോൾ പ്രവാചകർ അരുളി: ഒറ്റക്ക് യാത്ര ചെയ്യുന്നവൻ ചെകുത്താനാണ്. രണ്ട് പേരുടെ യാത്രയും പൈശാചികമാണ്. മൂന്ന് പേരുടെ യാത്രയാണ് യഥാർത്ഥ യാത്ര (തുർമുദി).

വഴിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ യാത്രക്കാർ കണിശത കാണിക്കണം. കണ്ണുകൾ നിയന്ത്രിച്ചും താഴ്ത്തിയും നടന്നാൽ മനസ്സിനെ നന്മയിലെത്തിക്കാം. ശരിയായ വഴിലൂടെ മാത്രം മറ്റുള്ളവരുടെ വീടുകളിൽ പ്രവേശിക്കുക. അനുവാദമില്ലാതെ അന്യരുടെ വീട്ടിൽ പ്രവേശിക്കുന്നത് കുറ്റകരമാണ്. ജനങ്ങളുടെ സമ്പത്തിനും അഭിമാനത്തിനും ക്ഷതമേൽപ്പിക്കാതെ നന്മ കൽപ്പിച്ചും തിന്മ വിരോധിച്ചും യാത്രക്കാരെ സന്തോഷിപ്പിക്കണം.

പൊതുവഴിയിൽ തുപ്പിയും വിസർജന കർമങ്ങൾ നിർവഹിച്ചും മലിനമാക്കിയും യാത്രികരെ ബുദ്ധിമുട്ടാക്കിയുമുള്ള യാത്ര കുറ്റകരമാണ്. വഴിയിലെ തടസ്സങ്ങൾ നീക്കൽ പുണ്യകരമാണെന്ന നബിവചനമോർത്ത് കർമങ്ങൾ പ്രതിഫലാർഹമാക്കാൻ ശ്രമിക്കണം. അലക്ഷ്യമായ ശബ്ദകോലാഹലങ്ങൾ പൊതുസ്ഥലങ്ങളിൽ വേണ്ട. വഴി തെറ്റിയവർക്കും പ്രയാസപ്പെടുന്നവർക്കും സഹായിയായും ദുർബലർക്ക് അത്താണിയായും വർത്തിക്കണം. ഇതെല്ലാം ഇമാത്വതുൽ അദാ അനിത്വരീഖ് (വഴിയിലെ തടസ്സങ്ങൾ നീക്കുക) എന്ന പുണ്യത്തോട് ചേർത്തു ഗ്രഹിക്കേണ്ടതാണ്.

അങ്ങാടിയിലേക്ക് പ്രവേശിക്കുമ്പോൾ ഈ ദിക്ർ ചൊല്ലൽ സുന്നത്തുണ്ട്: ‘ബിസ്മില്ലാഹി അല്ലാഹുമ്മ ഇന്നീ അസ്അലുക ഖൈറ ഹാദിഹി സ്സൂഖി വഖൈറ മാഫീഹാ വഅഊദുബിക മിൻ ശർരിഹാ വശർരി മാഫീഹാ, അല്ലാഹുമ്മ ഇന്നീ അഊദുബിക അൻ ഉസ്വീബ ബിഹാ യമീനൻ ഫാജിറതൻ ഔ സ്വഫഖതൻ ഖാസിറതൻ (അല്ലാഹുവിന്റെ നാമത്തിൽ. നാഥാ, ഈ അങ്ങാടിയുടെ നന്മയും അതിലുള്ളതിന്റെ നന്മയും ഞാൻ നിന്നോട് ചോദിക്കുന്നു. ഈ തെരുവിന്റെ തിന്മയിൽ നിന്നും അതിലുള്ളതിന്റെ ശല്യത്തിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുകയും ചെയ്യുന്നു. നാഥാ, ഇവിടെയുള്ള കള്ളസത്യത്തിൽ നിന്നും നഷ്ടങ്ങളിൽ നിന്നും നിന്നിൽ ഞാൻ അഭയം പ്രാപിക്കുന്നു). ഈ പ്രാർത്ഥന ഉരുവിട്ട് അങ്ങാടിയിൽ പ്രവേശിക്കുന്നവർക്ക് അവരുടെ കർമപുസ്തകത്തിൽ നന്മകൾ രേഖപ്പെടുത്തുമെന്നും ദോഷങ്ങൾ പൊറുക്കപ്പെടുമെന്നും റസൂൽ(സ്വ)യെ ഉദ്ധരിച്ച് ഉമർ(റ) രേഖപ്പെടുത്തിയിട്ടുണ്ട്.

അന്യസ്ത്രീ-പുരുഷന്മാർ പരസ്പരം കാണാനും ഇടകലരാനും സാധ്യതയുള്ള ഇടങ്ങളിൽ പ്രത്യേകം ശ്രദ്ധപുലർത്തണം. പരസ്പരം സമ്പർക്കം കുറക്കാൻ വേണ്ടി സ്ത്രീകൾ വഴിയരികിലൂടെയും പുരുഷന്മാർ മധ്യത്തിലൂടെയുമാണ് യാത്ര ചെയ്യേണ്ടത്. സ്ത്രീകൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. പുറത്തിറങ്ങുകയാണെങ്കിൽ തന്നെ ശരീരം മുഴുവനും മറച്ചിരിക്കണം. നടക്കുമ്പോൾ ശബ്ദമുണ്ടാകുന്ന പാദസരം പോലുള്ളത് ധരിക്കുകയോ സുഗന്ധം പുരട്ടുകയോ അരുതെന്നാണ് മതനിയമം.

പണ്ഡിതൻമാരുടെയും മഹാന്മാരുടെയും ഔലിയാക്കളുടെയും മുന്നിലൂടെ നടക്കുമ്പോൾ ബഹുമാനവും ആദരവും കാത്തുസൂക്ഷിക്കണം. ചീത്തവരെ പുണരാതെ നല്ലവരോടൊപ്പം നടന്നാൽ നന്മയുള്ളൊരു ജീവിതമുണ്ടാക്കാം. ഹറാമിലേക്കുള്ള നടത്തം നരകത്തിലേക്കുള്ള കാൽവെപ്പാണെന്നോർത്ത് ജീവിതത്തെ നന്മയിലേക്ക് വഴിനടത്താൻ ശ്രദ്ധിക്കണം. കൂട്ടുകാരന്റെ സ്‌നേഹവും പ്രതീയും ലഭിക്കുന്ന രീതിയിലാവണം പെരുമാറേണ്ടത്. അവരുടെ സൗകര്യത്തിനും എളുപ്പത്തിനും പരിഗണ നൽകണം. ഇസ്‌ലാം മാനവന്റെ മതമാണെന്നതിനാൽ നടത്തം പോലെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാം മതം പരാമർശിച്ചിട്ടുണ്ട്. ഇസ്‌ലാമിക തത്ത്വസംഹിതയുടെ സൗന്ദര്യമാണത്.


ഉനൈസ് കിടങ്ങഴി - https://sunnivoice.net/ 

No comments:

Post a Comment