Friday 4 December 2020

ത്വല്‍ഹ ബിന്‍ ഉബൈദില്ല (റ)



എട്ടാമതായി ഇസ്‌ലാമിലേക്ക് കടന്നുവരികയും സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെടുകയും ചെയ്ത സ്വഹാബിവര്യന്‍. ഉമര്‍ (റ) തനിക്കു ശേഷം ഖലീഫയെ നിശ്ചയിക്കാനായി തെരഞ്ഞെടുത്ത ആറംഗ സംഘത്തില്‍ ഒരാളായിരുന്നു. 

കച്ചവടമായിരുന്നു ജീവിത മാര്‍ഗം. ഒരിക്കല്‍ കച്ചവടത്തിനായി ശാമിലെത്തിയ അദ്ദേഹത്തെ അവിടത്തെ ഒരു പുരോഹിതന്‍ കണ്ടുമുട്ടി. മക്കയില്‍ ഒരു പ്രവാചകന്‍ വരുമെന്നും അയാള്‍ സത്യമതത്തിന്റെ ആളായിരിക്കുമെന്നും അറിയിച്ചു. 

ഉടനെ മക്കയിലേക്കു തിരിച്ച അദ്ദേഹം അങ്ങനെയൊരാളെക്കുറിച്ച് അന്വേഷിച്ചു. അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് (ﷺ) പ്രവാചകത്വവാദവുമായി പ്രത്യക്ഷപ്പെട്ട വിവരം കിട്ടി. അബൂബക്ര്‍ സിദ്ദീഖ് (റ) അദ്ദേഹത്തില്‍ വിശ്വസിച്ചിട്ടുണ്ടെന്നും അറിഞ്ഞു. താമസിയാതെ അദ്ദേഹം അബൂബക്ര്‍ സിദ്ദീഖ് (റ) വിനെ സമീപിക്കുകയും അദ്ദേഹത്തിലൂടെ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. സിദ്ദീഖ് (റ) വിന്റെ കരങ്ങളില്‍ ഇസ്‌ലാമാശ്ലേഷിച്ച അഞ്ചു പേരില്‍ ഒരാളായി. 

ഖുറൈശികളിൽ പ്രധാനിയും വലിയ സമ്പന്നനുമായിരുന്നിട്ടും മുസ്‌ലിമായതിന്റെ പേരില്‍ വലിയ പീഢനങ്ങള്‍ സഹിക്കേണ്ടിവന്നു. ഒടുവില്‍ പ്രവാചകരോടൊപ്പം (ﷺ) മദീനയിലേക്ക് ഹിജ്‌റ പോയി.

പ്രവാചകൻ ﷺ ഏല്‍പിച്ച ഒരു ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട് പുറത്തു പോയതിനാല്‍ ബദര്‍ യുദ്ധത്തില്‍ പങ്കെടുക്കാൻ സാധിച്ചില്ല. കൃത്യം കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴേക്കും മുസ്‌ലിംകള്‍ യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയിരുന്നു. ദു:ഖിതനായ അദ്ദേഹം പ്രവാചകര്‍ക്കുമുമ്പില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലുള്ള വിഷമം പ്രകടിപ്പിച്ചു. 

പ്രവാചകൻ ﷺ‍ അദ്ദേഹത്തെ സമാധാനിപ്പിക്കുകയും യുദ്ധത്തില്‍ പങ്കെടുത്തവരുടെ പ്രതിഫലം താങ്കള്‍ക്കും ലഭിക്കുമെന്ന് വാക്ക് നല്‍കുകയും ചെയ്തു. യുദ്ധാര്‍ജ്ജിത സമ്പത്തില്‍നിന്നും അദ്ദേഹത്തിന് വിഹിതം നല്‍കി. ഉഹ്ദ് യുദ്ധത്തിലും തുടര്‍ന്നുണ്ടായ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു.

ഉഹ്ദ് യുദ്ധത്തില്‍ ശത്രുപക്ഷത്തുനിന്നും അതിതീക്ഷ്ണമായ അനുഭവങ്ങളുണ്ടായി. ‘നിങ്ങള്‍ക്കാര്‍ക്കെങ്കിലും ജീവിക്കുന്ന രക്തസാക്ഷിയെ കാണണമെങ്കില്‍ ത്വല്‍ഹയെ കാണുക’ എന്ന് പ്രവാചകൻ ﷺ അതേക്കുറിച്ച് പറയുകയുണ്ടായി. 

ഉഹ്ദ് യുദ്ധം കൊടുമ്പിരികൊള്ളുകയും മുസ്‌ലിംകളില്‍ ചിലർ പിന്തിരിയുകയും ചെയ്തപ്പോള്‍ പ്രവാചകൻ ﷺ ക്ക് സ്വശരീരംകൊണ്ട് രക്ഷാവലയം തീര്‍ത്തത് ത്വല്‍ഹ (റ) വായിരുന്നു. പ്രവാചകനുമുമ്പില്‍ (ﷺ) ഒരു കവചമായി വര്‍ത്തിച്ച അദ്ദേഹം അവര്‍ക്കു നേരെ വന്ന അമ്പുകളും കുന്തങ്ങളും സ്വന്തം ശരീരംകൊണ്ട് തടുത്തുനിര്‍ത്തി. യുദ്ധം അവസാനിച്ചപ്പോള്‍ എഴുപതില്‍ പരം മുറിവുകള്‍ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. 

ഇസ്‌ലാമിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ചെറുത്തുനില്‍പ്പും ധൈര്യവും കണ്ട് സിദ്ദീഖ് (റ) വിനു മുമ്പില്‍ പ്രവാചകന്‍ ﷺ അദ്ദേഹത്തെ പ്രശംസിച്ചു. സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത നല്‍കുകയും ചെയ്തു.


മക്കയിലെ ഖുറൈശിവർത്തകപ്രമുഖരിൽ ഒരാളായിരുന്നു ത്വൽഹത്ത് (റ). ഒരു ദിവസം അദ്ദേഹം ബസ്റായിൽ കച്ചവടത്തിലേർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഒരു പുരോഹിതൻ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: 

“മുൻ പ്രവാചകൻമാരുടെ പ്രവചനമനുസരിച്ചുള്ള സത്യപ്രവാചകന്റെ ആഗമനം സമാഗതമായിരിക്കുന്നു. അത് നിങ്ങളുടെ പവിത്ര ഭൂമിയിലായിരിക്കും സംഭവിക്കുക. പ്രസ്തുത അനുഗ്രഹത്തിന്റെയും വിമോചനത്തിന്റെയും സുവർണ്ണാവസരം നിങ്ങൾക്ക് നഷ്പ്പെടാതിരിക്കട്ടെ.''

മാസങ്ങളോളം ദീർഘിച്ച കച്ചവടയാത്ര കഴിഞ്ഞു ത്വൽഹത്ത് (റ) നാട്ടിൽ തിരിച്ചെത്തി. മക്കയിൽ ഒരേയൊരു വാർത്തയാണ് അന്ന് അദ്ദേഹത്തിന് കേൾക്കാൻ കഴിഞ്ഞത്. രണ്ട് പേർ ഒത്തുചേർന്നാൽ അവിടെ നടക്കുന്നത് പ്രസ്തുത സംസാരം മാത്രമായിരുന്നു! മുഹമ്മദുൻ അമീനിന്റെ ദിവ്യബോധത്തെയും പുതിയ മതത്തെയും കുറിച്ച്. 

ത്വൽഹത്ത് (റ) ഉടനെ അന്വേഷിച്ചത് അബൂബക്കർ(റ)വിനെയായിരുന്നു. അദ്ദേഹം തന്റെ കച്ചവടയാത്ര കഴിഞ്ഞ് അൽപ്പം മുൻപ് മടങ്ങിയെത്തിയിട്ടുണ്ടെന്നും
ഇപ്പോൾ മുഹമ്മദ് ﷺ യുടെ കൂടെയാണെന്നും വിവരം ലഭിച്ചു.

ത്വൽഹത്ത് (റ) ചിന്തിച്ചു. മുഹമ്മദ് ﷺ അബൂബക്കർ (റ) അവർ രണ്ടുപേരും യോജിച്ച ഒരു കാര്യം തെറ്റാവാൻ സാദ്ധ്യതയില്ല! അവരുടെ വ്യക്തിത്വത്തിൽ അത്രമാത്രം മതിപ്പായിരുന്നു അദ്ദേഹത്തിന്.

മുഹമ്മദ് ﷺ യാവട്ടെ, പത്തുനാൽപതു വർഷം തങ്ങളുടെ കൂടെ ജീവിതം നയിച്ചു. ഒരിക്കലും കളവ് പറയുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ല. അത്രയും പരിശുദ്ധനായ ഒരാൾ ദൈവത്തിന്റെ പേരിൽ കളവുപറയുകയോ...? അതൊരിക്കലുമുണ്ടാവുകയില്ല.

അദ്ദേഹം അബൂബക്കർ(റ)വിന്റെ വീട്ടിൽ ചെന്നു കണ്ടു. പുതിയ മതത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. അവർ രണ്ടുപേരും നബി ﷺ യുടെ സന്നിധിയിലെത്തി. ത്വൽഹത്ത് (റ) ഇസ്ലാംമതം സ്വീകരിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ ഇസ്ലാമിക പ്രവേശനം മറ്റുള്ളവരെപോലെ  തന്നെ അക്രമത്തിനും പീഡനങ്ങൾക്കും ഖുറൈശികളെ പ്രേരിപ്പിച്ചു.

അബൂബക്കർ (റ) വിനെയും ത്വൽഹത്ത് (റ) വിനെയും ഇസ്ലാമിൽ നിന്ന് തിരിച്ച് കൊണ്ടുവരാൻ അവർ നിയോഗിച്ചത് നൗഫലുബ്നു ഖുവൈലിദിനെയായിരുന്നു. ഖുറൈശികളുടെ സിംഹം എന്നായിരുന്നു മക്കാനിവാസികൾ നൗഫലിനെ വിളിച്ചിരുന്നത്.


അബൂബക്കർ (റ) വും ത്വൽഹത്ത് (റ) വും ജനമദ്ധ്യേ പണവും പ്രതാപവും ഒത്തിണങ്ങിയ സ്വീകാര്യമായ മാന്യൻമാരായിരുന്നത് കൊണ്ട് അവർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് താരതമ്യേന കുറവുണ്ടാവുക സ്വാഭാവികമാണല്ലോ.

നബി ﷺ ഹിജ്റക്ക് ആഹ്വാനം നൽകിയപ്പോൾ ത്വൽഹത്ത് (റ) മദീനയിലേക്ക് പോയി. നബിﷺയുടെ കുടെ എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കുകൊണ്ടു. 

ബദർ യുദ്ധത്തിൽ സംബന്ധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹത്തെയും സഅദുബ്നു സൈദ് (റ) വിനെയും അബൂസുഫ്യാന്റെ നേതൃത്വത്തിലുള്ള ഖുറൈശി കച്ചവട സംഘത്തിന്റെ വിവരമറിഞ്ഞു വരാൻ നബി ﷺ നിയോഗിച്ചതായിരുന്നു. അവർ മടങ്ങിയെത്തിയപ്പോഴേക്കും യുദ്ധം അവസാനിച്ച് നബിﷺയും അനുചരൻമാരും മടങ്ങാൻ തുടങ്ങിയിരുന്നു. 

ബദറിൽ സംബന്ധിക്കാനുള്ള സുവർണ്ണാവസരം നഷ്ടപ്പെട്ടതിൽ അദ്ദേഹം അതീവ ദുഃഖിതനായി. നബി ﷺ അദ്ദേഹത്തെ സാന്ത്വനപ്പെടുത്തുകയും ബദറിലെ സമരസേനാനികൾക്ക് ലഭിക്കാവുന്ന പ്രതിഫലം വാഗ്ദത്തം ചെയ്യുകയും യുദ്ധാർജ്ജിത സമ്പത്തിന്റെ വിഹിതം നൽകുകയും ചെയ്തു.

ഇസ്ലാമിക ചരിത്രത്തിലെ ആപൽക്കരമായ ഒരദ്ധ്യായമായിരുന്നു ഉഹ്ദ് യുദ്ധം. ഒരുവേള മുസ്ലിം സൈന്യം അണിചിതറുകയും രണാങ്കണത്തിൽ ശത്രുക്കൾ ആധിപത്യം പുലർത്തുകയും ചെയ്തു. നബിﷺയുടെ ജീവൻപോലും അപായപ്പെടുമാറ് ശത്രുക്കളാൽ വലയം ചെയ്യപ്പെട്ടു. ഈ പ്രതിസന്ധിയിൽ ത്വൽഹത്ത് (റ) വിന്റെ സ്ഥൈര്യവും ധൈര്യവും ശ്ലാഘനീയമായിരുന്നു.

നബിﷺയുടെ കവിളിലൂടെ രക്തം വാർന്നൊഴുകുന്നത് ദുരെനിന്ന്
ത്വൽഹത്ത് (റ) വിന്റെ ദൃഷ്ടിയിൽപ്പെട്ടു. ഞൊടിയിടകൊണ്ട് ശത്രുനിര ഭേദിച്ചു അദ്ദേഹം നബിﷺയുടെ അടുത്തെത്തി. ആഞ്ഞടിക്കുന്ന ശത്രുക്കളെ പ്രതിരോധിച്ചു. നബിﷺയെ ഇടതുകൈകൊണ്ട് മാറോടണച്ചുപിടിച്ചു വലതു കൈകൊണ്ട് ശത്രുക്കളുടെ നേരെ വാൾ പ്രയോഗിച്ച് പിറകോട്ടു മാറി നബിﷺയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിനിർത്തി...

ആയിശ (റ) പറയുന്നു: “എന്റെ പിതാവ് ഉഹ്ദ് യുദ്ധത്തെ കുറിച്ച്
സംസാരിക്കുമ്പോൾ ഇങ്ങനെ പറയുമായിരുന്നു. അത് പൂർണ്ണമായും ത്വൽഹത്ത് (റ) വിന്റെ ദിനമായിരുന്നു. യുദ്ധം കഴിഞ്ഞു ഞാൻ നബിﷺയുടെ അടുത്ത് ചെന്നപ്പോൾ എന്നോടും അബൂഉബൈദ(റ)വിനോടും ത്വൽഹത്ത് (റ) വിനെ ചൂണ്ടിക്കൊണ്ട് നബി ﷺ ഇങ്ങനെ പറഞ്ഞു: "അതാ നിങ്ങളുടെ സഹോദരനെ നോക്കൂ...

ഞങ്ങൾ സൂക്ഷിച്ച് നോക്കി. വെട്ടുകളും കുത്തുകളുമായി അദ്ദേഹത്തിന്റെ ദേഹത്തിൽ എഴുപതിലധികം മുറിവുകളുണ്ടായിരുന്നു. ഒരു വിരൽ മുറിഞ്ഞുപോവുകയും ചെയ്തിരുന്നു. ഞങ്ങൾ അദ്ദേഹത്തെ വേണ്ടവിധം ശുശ്രൂഷിക്കുകയുണ്ടായി.''

എല്ലാ രണാങ്കണത്തിലും ത്വൽഹത്ത് (റ) മുൻനിരയിൽ തന്നെ നിലയുറപ്പിച്ചു. ഭക്തനായ ആരാധകനും ധൈര്യശാലിയായ പടയാളിയും അതുല്യനായ ധർമിഷ്ഠനുമായിരുന്നു അദ്ദേഹം. 

അല്ലാഹുﷻവിനോടും സമൂഹത്തോടുമുള്ള തന്റെ ബാദ്ധ്യത നിർവഹിച്ചശേഷം അദ്ദേഹം ജീവിതവിഭവങ്ങൾ തേടി ഭൂമിയിൽ സഞ്ചരിക്കുകയും കച്ചവടം നടത്തുകയും ചെയ്യുമായിരുന്നു. അദ്ദേഹം അതിസമ്പന്നയായിരുന്നു. താൻ ചുമലിലേന്തിയ പതാകയുടെ വിജയത്തിനുവേണ്ടി തന്റെ സമ്പത്ത് നിർലോഭം ചിലവഴിച്ചു. ധർമിഷ്ഠൻ, ഗുണവാൻ എന്നീ അർത്ഥം വരുന്ന പല ഓമനപ്പേരുകളും നബി ﷺ അദ്ദേഹത്തെ വിളിച്ചിരുന്നു.

വരുമാനം നോക്കാതെ ധർമ്മം ചെയ്ത അദ്ദേഹത്തിന് കണക്കുവെയ്ക്കാതെ അല്ലാഹു ﷻ സമ്പത്ത് നൽകി.

ഭാര്യ സുആദ (റ) പറയുന്നു: “ഞാൻ ഒരിക്കൽ അദ്ദേഹത്തെ വളരെ വിഷാദവാനായി കണ്ടു. ഞാൻ ചോദിച്ചു: നിങ്ങളെന്താണിങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കുന്നത്..?

അദ്ദേഹം പറഞ്ഞു: എന്റെ സമ്പത്ത് എന്നെ മാനസികമായി അസ്വസ്ഥനാക്കുന്നു. അത് അത്രത്തോളം വർദ്ധിച്ചിരിക്കുന്നു. 

ഞാൻ പറഞ്ഞു: എങ്കിൽ അത് പാവങ്ങൾക്ക് വിതരണം ചെയ്തുകൂടെ..?

ഒരു ദിർഹം പോലും അവശേഷിക്കാതെ അദ്ദേഹം അത് ദരിദ്രർക്കിടയിൽ വീതിച്ചുകൊടുത്തു.

ഒരിക്കൽ തന്റെ ഒരു ഭൂസ്വത്ത് അദ്ദേഹം വിറ്റു. അത് വലിയ സംഖ്യയ്ക്ക് ഉണ്ടായിരുന്നു. നാണയത്തിന്റെ കൂമ്പാരത്തിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു: “ഇത്രയുമധികം ധനം വീട്ടിൽ വെച്ചുകൊണ്ട് ഞാൻ എങ്ങനെ അന്തിയുറങ്ങും! ഈ രാത്രിയിലെങ്ങാനും എനിക്ക് വല്ലതും സംഭവിച്ചാൽ അല്ലാഹു ﷻ വിനോട് ഞാനെന്ത് പറയും!”

അന്ന് അത് മുഴുവനും ധർമ്മം ചെയ്ത ശേഷമാണ് അദ്ദേഹം ഉറങ്ങിയത്.

ജാബിറുബ്നു അബ്ദില്ല (റ) പറയുന്നു: ആവശ്യപ്പെടാത്തവനുപോലും ഇത്ര വലിയ തുക ധർമ്മം ചെയ്യുന്ന മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല. തന്റെ കുടുംബത്തിന്റെയും ബന്ധുക്കാരുടെയും കഷ്ടപ്പാടുകൾ കണ്ടറിഞ്ഞു പരിഹാരം കാണുന്നതിൽ അദ്ദേഹം അതീവ തൽപരനായിരുന്നു.

ബനുതൈമ വിഭാഗത്തിൽ പെട്ട ഒരു വ്യക്തിയെപോലും ദാരിദ്ര്യമനുഭവിക്കാൻ അദ്ദേഹമനുവദിച്ചിരുന്നില്ല. കടബാദ്ധ്യതകൾ കൊണ്ട് കഷ്ടപ്പെടുന്നവരെ അദ്ദേഹം സഹായിക്കുമായിരുന്നു.


ഉസ്മാൻ (റ)വിന്റെ കാലത്തുണ്ടായ അനാശാസ്യ ആഭ്യന്തരകലാപത്തിൽ ത്വൽഹത്ത് (റ) ഉസ്മാൻ(റ)വിന്റെ എതിരാളികളെ ന്യായീകരിക്കുമായിരുന്നു. പ്രക്ഷോഭം മൂർദ്ധന്യദശ പ്രാപിക്കുകയും ഖലീഫയുടെ വധത്തിൽ കലാശിക്കുകയും ചെയ്തു അതിന്റെ ഭയാനകമായ പരിണാമത്തിൽ അദ്ദേഹത്തിന് പങ്കുണ്ടായിരുന്നില്ല എന്നത് സ്മരണീയമാണ്. 

ഖലീഫയുടെ വധത്തിന് ശേഷം അലി (റ) പുതിയ ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു. അന്ന് മദീന നിവാസികളിൽ നിന്ന് പുതിയ ഖലീഫ ബൈഅത്തു സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. അക്കൂട്ടത്തിൽ ത്വൽഹത്ത് (റ)വും സുബൈർ (റ)വും ഉണ്ടായിരുന്നു. അവർ അലി (റ)വിനോട് സമ്മതം വാങ്ങി മക്കയിലേക്ക് ഉംറക്ക് പുറപ്പെട്ടു. അവിടെ നിന്ന് ബസറയിലേക്കും.

ഉസ്മാൻ (റ)വിന്റെ വധത്തിന് പ്രതികാരം ചെയ്യാൻ അവിടെ അന്ന്
വലിയ സൈനിക സന്നാഹം നടക്കുകയായിരുന്നു. അവർ രണ്ട് പേരും അതിൽ പങ്കാളികളായി. പ്രസ്തുത സൈന്യവും അലി (റ)വിന്റെ പക്ഷക്കാരും തമ്മിൽ ഒരു സംഘട്ടനത്തിന് മുതിർന്നു.

അലി (റ)വിനെ സംബന്ധിച്ചിടത്തോളം വേദനാജനകയായ ഒരനുഭവമായിരുന്നു അത്. ഇസ്ലാമിക രാഷ്ട്രത്തിനെതിരെയുള്ള അതിക്രമം അംഗീകരിച്ചു കൊടുക്കണമോ അതല്ല, നബിﷺയോടൊപ്പം മുശ്രിക്കുകൾക്കെതിരെ തോളുരുമ്മി പടവെട്ടിയ തന്റെ സഹോദരൻമാരോട് വാളെടുത്ത് പൊരുതണമോ..?

അസഹ്യമായ ഒരു മാനസികാവസ്ഥയായിരുന്നു അത്. അലി (റ) തന്റെ എതിരാളികളെ നോക്കി, അവിടെ നബിﷺയുടെ പ്രിയതമ ആയിശ (റ)യെയും ത്വൽഹത്ത് (റ)വിനെയും സുബൈർ (റ)വിനെയും അദ്ദേഹം കണ്ടു. അദ്ദേഹം പൊട്ടിക്കരഞ്ഞു..!

ത്വൽഹത്ത് (റ)വിനെയും സുബൈർ (റ)വിനെയും അരികെ വിളിച്ചു. ത്വൽഹത്ത് (റ)വിനോട് ചോദിച്ചു: “ത്വൽഹത്തേ, നീ നിന്റെ ഭാര്യയെ വീട്ടിലിരുത്തി നബിﷺയുടെ ഭാര്യയെ യുദ്ധക്കളത്തിലേക്ക് ആനയിച്ചിരിക്കുന്നു അല്ലേ..?”

പിന്നീട് സുബൈർ (റ)വിനോട് പറഞ്ഞു: “സുബൈറേ, നിനക്ക് അല്ലാഹു ﷻ വിവേകം നൽകട്ടെ. ഒരു ദിവസം നബി ﷺ നിന്നോട് നിനക്ക് അലിയെ ഇഷ്ടമല്ലേ എന്ന് ചോദിച്ചത് ഓർമ്മയുണ്ടോ..?"

“ഞാൻ, മുസ്ലിമും എന്റെ മച്ചുനനും പിതൃവ്യപുത്രനുമായ അലിയെ ഇഷ്ടപ്പെടാതിരിക്കുമോ..?” എന്ന് നീ മറുപടി പറഞ്ഞപ്പോൾ വീണ്ടും നബി ﷺ നിന്നോട് : “നീ ഒരു കാലത്ത് അലിക്കെതിരെ പുറപ്പെടുകയാണെങ്കിൽ അന്നു നീ അക്രമിയായിരിക്കും” എന്ന് പറഞ്ഞിട്ടില്ലേ..?!

സുബൈർ (റ) പറഞ്ഞു: “അത് ശരിയാണ്. അത് ഞാൻ ഓർക്കുന്നു.
അതുകൊണ്ട് ഞാൻ ഈ യുദ്ധത്തിൽ നിന്ന് പിന്തിരിയുന്നു. അല്ലാഹു ﷻ എനിക്ക് മാപ്പ് നൽകട്ടെ.''

സുബൈർ (റ) യുദ്ധരംഗത്തു നിന്ന് പിൻമാറി: കുടെ ത്വൽഹത്ത്(റ)വും. അലി (റ)വിന്റെ പക്ഷത്ത് അന്ന് പടവാളേന്തിയിരുന്ന വന്ദ്യവയോധികനായ അമ്മാർ(റ)വിനെ കണ്ടമാത്രയിൽ നബിﷺയുടെ മറ്റൊരു പ്രവചനം അവർക്ക് ഓർമ്മവന്നു. “അമ്മാറിനെ വധിക്കുന്നവർ അക്രമികളായിരിക്കും...'' 

അവർ രണ്ടുപേരും ജമൽ യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞു. എന്നിട്ടും അവർ വലിയ വില നൽകേണ്ടിവന്നു. സുബൈർ (റ) നമസ്കരിക്കുകയായിരുന്നു. അംറുബ്നു ജർമുസ് എന്നൊരാൾ അദ്ദേഹത്തെ പിന്നിൽ നിന്ന് കൊലപ്പെടുത്തി. ത്വൽഹത്ത് (റ)വിനെ മർവാനുബ്നുൽഹകം അമ്പെയ്തു കൊലപ്പെടുത്തി.

ഉസ്മാൻ (റ)വിന്റെ വധത്തിൽ കലാശിച്ച ആഭ്യന്തരകലാപത്തിന്റെ പ്രാരംഭഘട്ടത്തിൽ ഉസ്മാൻ(റ)വിന്റെ എതിരാളികളെ ത്വൽഹത്ത് (റ)
ന്യായീകരിച്ചിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചുവെല്ലോ. അതുകാരണം ഉസ്മാൻ (റ)വിന്റെ വധം ത്വൽഹത്ത് (റ)വിന്റെ ജീവിതത്തിൽ ഒരു നാഴികകല്ലായിരുന്നു. പ്രസ്തുത സംഭവം അനാശ്യാസമായ ഒരു പതനത്തിൽ കലാശിക്കുമെന്ന് ത്വൽഹത്ത് (റ) ഒരിക്കലും കരുതിയിരുന്നില്ല. എങ്കിലും അതു സംഭവിച്ചു കഴിഞ്ഞു. അദ്ദേഹം മാനസികമായി ഖേദമുൾക്കൊണ്ടു. ഉസ്മാൻ (റ)വിന്റെ വധത്തിന് പ്രതികാരത്തിനു വേണ്ടി പൊരുതാൻ തീരുമാനിച്ചു.

അങ്ങനെയാണ് ജമൽ രണാങ്കണത്തിൽ അദ്ദേഹം ഇറങ്ങിയത്. അവിടെവെച്ച് അദ്ദേഹം ഇങ്ങനെ പ്രാർത്ഥിക്കുകയുണ്ടായി: “നാഥാ, ഉസ്മാനുവേണ്ടി ഇന്ന് എന്നോട് നീ മതിവരുവോളം പ്രതികാരമെടുക്കേണമേ...”

അലി (റ)വിന്റെയും സുബൈർ (റ)വിന്റെയും സംഭാഷണത്തിൽ
നിന്ന് കാര്യം മനസ്സിലാക്കിയ അദ്ദേഹം യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞെങ്കിലും അല്ലാഹു ﷻ വിന്റെ അലംഘനീയമായ വിധി അദ്ദേഹത്തെ വിട്ടില്ല.

യുദ്ധം കഴിഞ്ഞ് ത്വൽഹത്ത് (റ)വിനെയും സുബൈർ (റ)വിനെയും
മറവു ചെയ്ത ശേഷം അലി (റ) ഇങ്ങനെ പറഞ്ഞു: “നബി ﷺ ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: ത്വൽഹത്തും സുബൈറും സ്വർഗ്ഗത്തിൽ എന്റെ അയൽവാസികളാകുന്നു...”

ത്വൽഹതുബ്നു ഉബൈദില്ല (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ

ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു.

No comments:

Post a Comment