Saturday 19 December 2020

ആദ്യകാല സ്വഹാബി, അബൂബക്കർ (റ) വിനാൽ മുസ്ലിമായി, ഉസ്മാൻ (റ) ഇമാമായി ഈ സ്വഹാബിയുടെ മയ്യിത്ത് നിസ്കരിച്ചു. ആരാണിദ്ദേഹം?

 

അബ്ദുറഹ്മാനി ബ്നു ഔഫ് (റ) 


🔖 ആനക്കലഹ സംഭവത്തിന്റെ പത്തു വര്‍ഷം മുമ്പു മക്കയിൽ ജനിച്ചു. 

🔖 ഇസ്‌ലാമാശ്ലേഷിച്ച ആദ്യത്തെ  എട്ടുപേരില്‍ ഒരാളാണ്. 

🔖സിദ്ധീഖ് (റ) വിന്റെ കൈകൊണ്ട് ഇസ്‌ലാമാശ്ലേഷിച്ച അഞ്ചു പേരില്‍ ഒരാള്‍.

🔖സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തു പേരില്‍ ഒരാള്‍. 

🔖തനിക്കു ശേഷം ഖലീഫയെ തെരഞ്ഞെടുക്കാനായി ഉമര്‍(റ) നിശ്ചയിച്ച ആറംഗ സംഘത്തിലെ അംഗം. 

🔖ഇസ്‌ലാമിക ചരിത്രത്തിലെ അറിയപ്പെട്ട ധനാഢ്യനും ധര്‍മിഷ്ടനുമായിരുന്നു അദ്ദേഹം. 

🔖അബ്‌സീനിയയിലേക്കും മദീനയിലേക്കും ഹിജ്‌റ പോയി. മദീനയിൽ പ്രവാചകൻ (സ്വ) അദ്ദേഹത്തിനും സഅദ് ബിന്‍ റബീഇനുമിടയില്‍ (റ) ചെങ്ങാത്തം സ്ഥാപിച്ചു. 

🔖മദീനയിലെ അന്നത്തെ ഏറ്റവും വലിയ പണക്കാരനായിരുന്നു സഅദ് (റ). അദ്ദേഹം തന്റെ സമ്പാദ്യത്തിന്റെ പാതി സഹോദരനായ അബ്ദുര്‍റഹ്മാന് (റ) നല്‍കി. രണ്ടു ഭാര്യമാരില്‍ ഒരാളെ ത്വലാഖ് ചൊല്ലി അദ്ദേഹത്തിനു വിവാഹം ചെയ്തുകൊടുത്തു. 

🔖ധീരനായ യോദ്ധാവും തന്റേടമുള്ള പടനായകനുമായിരുന്നു അബ്ദുര്‍റഹ്‌മാന്‍ (റ). പ്രവാചകരോടൊപ്പം (സ്വ) എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉഹ്ദിന്‍റെ രണാങ്കണത്തില്‍ പടപൊരുതുകയും ഇരുപത്തിയൊന്നോളം മുറിവേല്‍ക്കുകയും ചെയ്തു. 

🔖ദൗമത്തുല്‍ ജന്ദല്‍ യുദ്ധ ദിവസം. പ്രവാചകന്‍ ﷺ അദ്ദേഹത്തെ തലപ്പാവണിയിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: നിങ്ങള്‍ പോയി യുദ്ധം ചെയ്യുകയും വിജയം കരസ്ഥമാക്കുകയും ചെയ്താല്‍ അവിടത്തെ നേതാവിന്റെ മകളെ വിവാഹം ചെയ്യാവുന്നതാണ്. 

🔖സൈന്യം ദൗമത്തുല്‍ ജന്ദലിലെത്തുകയും അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. മൂന്നുതവണ നിരസിച്ചെങ്കിലും ഒടുവിലവര്‍ കൂട്ടത്തോടെ ഇസ്‌ലാമിലേക്കു കടന്നുവന്നു. അവരുടെ നേതാവ് അസ്ബഗ് ബിന്‍ സഅലബയും ഇസ്‌ലാം സ്വീകരിച്ചു. അതോടെ അദ്ദേഹത്തിന്റെ മകള്‍ തുമാളിറിനെ അബ്ദുര്‍റഹ്മാന്‍ (റ) വിവാഹവും കഴിച്ചു. 

ഇതിലദ്ദേഹത്തിന് അബൂ സലമ (റ) എന്ന കുഞ്ഞ് പിറന്നു. 

🔖അനുഗ്രഹീത കച്ചവടക്കാരനായിരുന്നു അബ്ദുര്‍റഹ്മാന്‍ (റ). തന്റെ സമ്പാദ്യമഖിലവും അദ്ദേഹം ഒരുമിച്ചുകൂട്ടിയത് കച്ചവടം വഴിയായിരുന്നു. സമ്പാദ്യത്തിലെന്നപോലെ അത് സത്യമാര്‍ഗത്തില്‍ ചെലവഴിക്കുന്ന കാര്യത്തിലും അദ്ദേഹം ആരെക്കാളും മുന്നിട്ടുനിന്നു. ഇസ്‌ലാമിക യുദ്ധങ്ങള്‍ക്കു വേണ്ടി കണക്കില്ലാതെ ചെലവഴിച്ച അദ്ദേഹം ഒരു ദിവസം മുപ്പത് അടിമകളെ വരെ മോചിപ്പിച്ചു. 

🔖ബദര്‍ യുദ്ധത്തില്‍ പങ്കെടുത്തവരില്‍ ശേഷിച്ചവര്‍ക്കു നാന്നൂറ് ദീനാർ നല്‍കി. തന്റെ മുതലിന്റെ നേര്‍പാതിയും ഇസ്‌ലാമിക മാര്‍ഗത്തില്‍ സംഭാവന ചെയ്തു.

🔖ഒരിക്കൽ നബി (സ) അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞിരുന്നു: “അബ്ദുർറഹ്മാൻ, നീ സമ്പന്നനാണ്. നീ മുട്ടുകുത്തിയായിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക. അതുകൊണ്ട് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിർബാധം ചിലവഴിക്കുമെങ്കിൽ സ്വതന്ത്രമായി നിനക്ക് സ്വർഗ്ഗത്തിലേക്ക് നടന്നുപോകാം.”

🔖കച്ചവടസ്വത്തിൽ അനുവദനീയമല്ലാത്ത ഒരു ദിർഹംപോലും കലരുന്നത് അദ്ദേഹം കണിശമായി ശ്രദ്ധിച്ചു. നൂറുശതമാനവും കളങ്കരഹിതമായിരുന്നു അദ്ദേഹത്തിന്റെ സമ്പത്ത്.

🔖ഉഹ്ദ് യുദ്ധത്തിൽ അദ്ദേഹത്തിന്ന് ഇരുപതിലധികം മുറിവുകൾ ഏറ്റു. ഒരു കാലിന് മുടന്ത് സംഭവിച്ചു. മുൻ പല്ലുകൾ നഷ്‌ടപ്പെട്ടു. പ്രസന്നവദനനും ആജാനുബാഹുവും സുന്ദരനുമായിരുന്ന അദ്ദേഹം അന്നുമുതൽ മുടന്തനും മുമ്പല്ലു നഷ്ടപ്പെട്ടവനുമായി തീർന്നു.

🔖ഹിജ്റ  വർഷം 31 ൽ അബ്ദുർറഹ്മാനുബ്നു ഔഫ് (റ) .75 ആം വയസിൽ വഫാത്തായി

🔖 ഉസ്മാൻ (റ) ഇമാമായി മയ്യിത്ത് നിസ്കരിച്ചു

🔖ബഖീഇൽ ഉസ്മാനുബ്നു മള്ഊന്റെ (റ) ഖബറിന്ന് അടുത്ത് അദ്ദേഹം മറവുചെയ്യപ്പെട്ടു.

No comments:

Post a Comment