Thursday 24 December 2020

വധുവും വരനും തമ്മിൽ ചേർച്ച

 

❓വധൂവരന്മാർ തമ്മിലുള്ള ചേർച്ച (കഫാഅത്ത്) വിവാഹത്തിന്റെ സ്വീകാര്യതക്കു ആവശ്യമാണോ?

ഉ: വിവാഹത്തിന്റെ സ്വീകാര്യതക്കു ആവശ്യമില്ല. വധുവിന്റെയും അവളുടെ വലിയ്യിന്റെയും അവകാശമാണിത്. അതിനാൽ അതു വേണ്ടെന്നു വെക്കാൻ അവർ രണ്ടാൾക്കും അധികാരമുണ്ട് (തുഹ്ഫ: 7/275, ഫത്ഹുൽ മുഈൻ, പേജ്: 368).


❓ ചേർച്ചയുടെ പരിഗണന വരന്റെ ഭാഗത്തില്ലേ?

ഉ: ഇല്ല. ഭാര്യയുടെ ഭാഗത്താണ് കഫാഅത്ത് (ചേർച്ച) പരിഗണിക്കുക (ഇആനത്ത്: 3/330).


❓എത്ര കാര്യങ്ങളിലാണു ചേർച്ച പരിഗണിക്കേണ്ടത്?

ഉ: ആറു കാര്യങ്ങളിൽ. സ്വാതന്ത്രം, ചാരിത്രശുദ്ധി, മതചിട്ട, തറവാട്, ഹീനമായ തൊഴിലിൽ നിന്നു രക്ഷ, നികാഹിനെ ദുർബലപ്പെടുത്താൻ അധികാരമുള്ള ന്യൂനതയിൽ നിന്നു രക്ഷ എന്നിവയാണത്. അപ്പോൾ സ്വതന്ത്ര സ്ത്രീക്ക് അടിമയായ വരനും ചാരിത്രവതിക്ക് ദുർനടപ്പുകാരനും സുന്നിയായ സ്ത്രീക്ക് പുത്തൻവാദിയും അറബി വംശജകൾക്ക് അറബിയല്ലാത്തവനും കച്ചവടക്കാരന്റെ മകൾക്കു തൂപ്പുകാരനും ഭ്രാന്ത്, വെള്ളപ്പാണ്ട് തുടങ്ങിയ രോഗമുള്ളവൻ അതില്ലാത്തവൾക്കും കുഫ്ഉ അല്ല (ഫത്ഹുൽ മുഈൻ, പേജ്: 369).


❓സുന്നി വിശ്വാസക്കാരിയായ മകളെ പുത്തൻവാദിയെക്കൊണ്ട് വിവാഹം കഴിച്ചുകൊടുക്കാൻ മുജ്ബിറായ പിതാവിനു അധികാരമില്ലേ?

ഉ: നിരുപാധിക അധികാരമില്ല. പ്രായം തികഞ്ഞ മകളുടെ തൃപ്തിയുണ്ടെങ്കിലേ അധികാരമുള്ളൂ (തുഹ്ഫ: 7/275).


❓ വധുവിന്റെ സമ്മതത്തോടെത്തന്നെ കുഫ്ഉ ഒക്കാതെ വരനെക്കൊണ്ട് വിവാഹം ചെയ്തുകൊടുക്കുന്നതിന്റെ വിധി?

ഉ: കറാഹത്താണ് (തുഹ്ഫ: 7/275).


❓സുന്നി വിശ്വാസിയായ പെണ്ണിനു ബിദ്അത്തുകാരന്റെ സുന്നിയായ മകൻ യോജിക്കുമോ?

ഉ: ഇല്ല, വരൻ സുന്നിയാണെങ്കിലും അവന്റെ പിതാവ് മുബ്തദിഉ ആയതിനാൽ കുഫ്ഉ അല്ല. നേരെ മകനാകണമെന്നില്ല. എത്രയോ താഴെ വരുന്ന മകനാണെങ്കിലും കുഫ്ഉ അല്ല (തുഹ്ഫ: 2/281).


❓സ്ത്രീ ഫാസിഖത്താണെങ്കിൽ ഫാസിഖായ പുരുഷൻ അവൾക്ക് കുഫ്‌വാകുമോ?

ഉ: ദുർനടപ്പിന്റെ അളവും ഇനവും തുല്യമാണെങ്കിൽ കുഫ്‌വാകും (ഇആനത്ത്: 3/331).


❓ ഫാസിഖിന്റെ മകൻ ചാരിത്രശുദ്ധിയുള്ളവൾക്ക് കുഫ്‌വാണോ?

ഉ: ഫാസിഖിന്റെ മകൻ ഫാസിഖല്ലെങ്കിൽ പോലും പ്രസ്തുത സ്ത്രീക്ക് കുഫ്‌വല്ല (തുഹ്ഫ: 7/281).


❓ ഹാശിമിയോ മുത്തലിബോ ആയ സ്ത്രീക്ക് (അഹ്‌ലുബൈത്തിലെ വനിതകൾക്ക്) അവരല്ലാത്തവർ കുഫ്‌വാണോ?

ഉ: അല്ല (തുഹ്ഫ: 7/279).


❓എങ്കിൽ നബി(സ്വ) തങ്ങൾ അവിടുത്തെ പെൺമക്കളെ കുഫ്‌വൊക്കാത്ത ഭർത്താക്കന്മാർക്കാണോ വിവാഹം ചെയ്തുകൊടുത്തത്?

ഉ: അതെ, നബി(സ്വ) തങ്ങൾ തന്റെ പെൺമക്കളെ നികാഹ് ചെയ്തു കൊടുത്തതെല്ലാം കുഫ്‌വല്ലാത്ത ഭർത്താക്കന്മാർക്കാണ് (തുഹ്ഫ: 7/275). കുഫ്‌വൊത്ത ഭർത്താക്കന്മാരെ ലഭിക്കാത്തതിനാലാണ് നബി(സ്വ) ഇങ്ങനെ ചെയ്തത്. പ്രസ്തുത വേളയിൽ അതു കറാഹത്തില്ല.


❓ധനികയായ സ്ത്രീക്ക് ഫഖീറായ പുരുഷൻ കുഫ്‌വാണോ?

ഉ: അതെ, കാരണം സമ്പത്ത് കുഫ്‌വിന്റെ കാര്യത്തിൽ പരിഗണനീയമല്ല. മാന്യന്മാർ ധനത്തെ ഒരു യോഗ്യതയായി ഗണിക്കുകയില്ല (തുഹ്ഫ: 7/283).


❓ വിവാഹം ചെയ്തു കൊടുക്കാതിരുന്നാൽ ചാരിത്രഭ്രംശം ഭയപ്പെട്ടാൽ കുഫ്‌വൊക്കാതെ വിവാഹം ചെയ്തു കൊടുത്താൽ കറാഹത്തു വരുമോ?

ഉ :ഇത്തരം വേളയിൽ കറാഹത്തില്ല (ശർവാനി: 7/275).


❓ഹീനമായ തൊഴിൽ ചെയ്യുന്നവൻ അത്തരം തൊഴിൽ ചെയ്യാത്തവർക്ക് കുഫ്‌വല്ലെന്നു പറഞ്ഞുവല്ലോ. എന്താണ് ഹീനമായ തൊഴിലിന്റെ വിവക്ഷ?

ഉ: മാന്യതയ്ക്കു നിരക്കാത്ത പണിയാണ് ഹീനമായ തൊഴിൽ കൊണ്ടുള്ള വിവക്ഷ (തുഹ്ഫ: 7/281).


❓ അനുയോജ്യതയുടെ കാര്യത്തിൽ ചിലതിനെ ചിലതിനോട് തുലനം ചെയ്തുകൂടെ?

ഉ: അതു പറ്റില്ല (ഇആനത്ത്: 3/337).


❓ ഫുഖഹാഉ താഴ്ന്നതരം തൊഴിലുകളിലുൾപ്പെടുത്തിയതിനെ (ഉദാ: തൂപ്പുകാരൻ, കാലികളെ മേക്കുന്നവൻ) നാട്ടുകാർ മാന്യതയുടെ തൊഴിലായി ഗണിച്ചാലോ?

ഉ: ഫുഖഹാക്കൾ വ്യക്തമാക്കിയതിനെതിരെയുള്ള നാട്ടുകാരുടെ കീഴ്വഴക്കത്തിനു യാതൊരു പരിഗണനയുമില്ല. ഫുഖഹാഉ വ്യക്തമാക്കാത്തതിൽ നാട്ടുകാരുടെ കീഴ്വഴക്കം പരിഗണനീയമാണ് (ഫത്ഹുൽ മുഈൻ, പേജ്: 371).


❓ കുഫ്‌വൊക്കാത്ത ഭർത്താവിനെ കൊണ്ടുതന്നെ വിവാഹം ചെയ്തു കൊടുക്കാൻ സമ്മതമാണെന്നു സ്ത്രീ പറഞ്ഞാൽ ഖാസിക്ക് അതു സ്വീകരിക്കാമോ?

ഉ: സ്വീകരിച്ചുകൂടാ. അവൾ സമ്മതിച്ചാലും ഖാസി നികാഹ് ചെയ്തു കൊടുക്കുമ്പോൾ (ഖാസി വലിയ്യാകുമ്പോൾ) വരൻ കുഫ്‌വൊത്തതാകൽ നികാഹിന്റെ സ്വീകാര്യതക്ക് ശർത്വാണ് (തുഹ്ഫ: 7/277).


❓ഉപ്പ മകളെ വിവാഹം ചെയ്തു കൊടുക്കുകയാണെങ്കിലോ?

ഉ: ഉപ്പയോ ഉപ്പയുടെ ഉപ്പയോ വിവാഹം ചെയ്തു കൊടുക്കുമ്പോൾ മകളുടെ തൃപ്തിയുണ്ടെങ്കിൽ കുഫ്‌വൊക്കാത്ത വരന് നികാഹ് ചെയ്തു കൊടുക്കാം. അവളുടെ തൃപ്തി പരിഗണിക്കണമെങ്കിൽ അവൾക്ക് പ്രായം തികയണം. പ്രായം തികയുംമുമ്പ് മകളെ വിവാഹം ചെയ്തു കൊടുക്കുന്നവർ കഫാഅത്തിന്റെ കാര്യം ഗൗരവമായി കണക്കിലെടുക്കണം. കുഫ്‌വ് ഒത്തിട്ടില്ലെങ്കിൽ നികാഹ് സ്വഹീഹാവില്ല. ഒരേ പദവിയിലുള്ള കൈകാർ (ഉദാ: സഹോദരങ്ങൾ) ഉണ്ടാകുമ്പോൾ ഒരു സഹോദരൻ വധുവിന്റെയും (സഹോദരി) മറ്റു സഹോദരങ്ങളുടെയും തൃപ്തിയോടെ കുഫ്‌വൊക്കാത്ത ഭർത്താവിനു വിവാഹം ചെയ്തു കൊടുത്താൽ നികാഹ് സാധുവാകും (തുഹ്ഫ: 7/275).


❓ കുഫ്ഇന്റെ വിഷയത്തിൽ വരനിലും വധുവിലും കൂറാകുന്ന ന്യൂനതകൾ എന്തെല്ലാം?

ഉ: ഭ്രാന്ത്, കുഷ്ഠരോഗം, വെള്ളപ്പാണ്ട് എന്നീ രോഗങ്ങൾ. ഇവ ഉള്ളവർ വിവാഹ വേളയിൽ ഈ രോഗങ്ങൾ ഇല്ലാത്തവൾക്ക് കുഫ്‌വല്ല (ഫത്ഹുൽ മുഈൻ, ഇആനത്ത്: 3/334).


❓ സയ്യിദ് കുടുംബത്തിൽ പെട്ട സ്ത്രീക്ക് സാധാ പുരുഷൻ കുഫ്‌വല്ലെങ്കിലും അവളുടെ സമ്മതമുണ്ടെങ്കിൽ വിവാഹം അനുവദനീയമാണല്ലോ. അവരിൽ ഉണ്ടായ കുട്ടി അഹ്‌ലുബൈത്തിൽ പെടുമോ?

ഉ: ഇല്ല. കുട്ടിയെ പിതാവിലേക്കാണു ചേർക്കുക. ഇക്കാര്യം മിക്ക കർമശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാം.


എം.എ. ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment