Wednesday 9 December 2020

ശിഷ്യൻ പഠിച്ച മസ്അലകൾ

 

ഗുരു  ശിഷ്യനോട്‌ :

" നീ എത്രകാലമായി എന്റെ കൂടെ..?"

ശിഷ്യൻ : " 33 വർഷം.."

ഗുരു  : "ഈ കാലയളവിൽ എന്നിൽ നിന്ന് നീ എന്ത് പഠിച്ചു?!"

ശിഷ്യൻ : 8 മസ്അലകൾ...?! 

ഗുരു :

 اِنّٰا للهِ وَانّٰا اِلَيۡه رَاجِعُونَ

"വെറും 8 മസ്അലയോ?നിന്റെ ഒപ്പം കൂടി  എന്റെ ആയുസ്സ് പാഴായി..!!"

ശിഷ്യൻ : അത്രതന്നെ,

ഞാൻ കളവ് പറയാൻ ഇഷ്ടപ്പെടുന്നില്ല ഉസ്താദേ....

ശരി, നീ പഠിച്ച ആ 8 കാര്യങ്ങൾ പറയൂ, ഞാൻ കേൾക്കട്ടെ!

ശിഷ്യൻ പറഞ്ഞുതുടങ്ങി :


ഒന്നാമത്‌ ,

ഞാൻ മനുഷ്യരിലേക്ക് നോക്കി. അവർക്കൊക്കെയും  സ്നേഹിതരുണ്ട്..

മരിച്ചു ഖബറിൽ പോകുമ്പോൾ ആരും കൂടെ വരുന്നില്ലല്ലോ .. എല്ലാവരും പിരിഞ്ഞു പോവുകയാണ് പതിവ്...

ആയത് കൊണ്ട് നന്മകളെ ഞാൻ സ്നേഹിതരാക്കി.. ഞാൻ ഖബറിൽ പ്രവേശിക്കുമ്പോൾ അവ എന്റെ കൂടെ വരും..


രണ്ടാമത് ,

ഞാൻ അല്ലാഹുവിന്റെ വചനം  ചിന്തിച്ചു നോക്കി : {എന്നാൽ തന്റെ നാഥന്റെ മുമ്പിൽ നിൽക്കുവാൻ ഭയപ്പെടുകയും ശരീരത്തെ ദേഹേഛയിൽ നിന്ന് തടയുകയും ചെയ്യുന്നവൻ, നിശ്ചയമായും സ്വർഗ്ഗം അവരുടെ പാർപ്പിടമാണ്} (നാസിആത്ത് 40-41)

അപ്പോൾ ശരീരത്തെ ദേഹേഛകളിൽ നിന്നും തടയാൻ ഞാൻ പരിശ്രമിച്ചു.. അങ്ങിനെ അത് അല്ലാഹുവിന് വഴിപ്പെട്ടു തുടങ്ങി..


മൂന്നാമത് ,

സൃഷ്ടികളുടെ കാര്യം ഞാൻ ചിന്തിച്ചു നോക്കി; ഓരോരുത്തർക്കും  നഷ്ടപ്പെടുമോ എന്ന്  ഭയക്കുന്ന സമ്പത്തുകളുണ്ട്..

ഖുർആനിലേക്ക്  ഞാൻ നോക്കി : 

{നിങ്ങളുടെ അടുക്കലുള്ളത് ഐഹികമായവ നശിക്കും,  അല്ലാഹുവിങ്കലുള്ളത് ശാശ്വതവുമാണ്} (നഹ്ൽ:96)

അത് കൊണ്ട് എന്റെ പക്കൽ എന്ത് വിലപിടിപ്പുള്ള വസ്തു വന്നാലും ഞാനത് അല്ലാഹുവിലേക്ക് നീക്കും(ദാനം ചെയ്യും), അവന്റെ പക്കൽ സൂക്ഷിക്കാൻ...


നാലാമത്‌ ,

ഞാൻ ജനങ്ങളെ കാണുമ്പോഴൊക്കെ അവർ സമ്പത്തിലും തറവാടിലും സ്ഥാനമാനങ്ങളിലും പരസ്പരം അഭിമാനക്കുന്നവരാണ് ..

പിന്നെ അല്ലാഹുവിന്റെ വചനത്തിലേക്കും ഞാൻ നോക്കി : 👇

{തീർച്ചയായും നിങ്ങളിൽ ഏറ്റവും മാന്യൻ നിങ്ങളിൽ ഏറ്റവും ഭക്തനാണ്} (ഹുജുറാത്: 13)

അപ്പോൾ ഞാൻ 'തഖ്‌വ'യിൽ പണിയെടുത്തു. അള്ളാഹുവിന്റെ അടുക്കൽ മാന്യനാകാൻ വേണ്ടി..


അഞ്ചാമത് ,

ജനങ്ങളെ ഞാൻ നോക്കുമ്പോൾ അവർ പരസ്പരം ആക്ഷേപിക്കുന്നു.. ശപിക്കുന്നു..

ഇതിതിന്റെയെല്ലാം അടിസ്ഥാനം അസൂയയാണെന്ന് മനസ്സിലായി..

ഞാൻ അല്ലാഹുവിന്റെ വാക്കിലേക്ക് നോക്കി :

{ഐഹിക ജീവിതത്തിൽ അവർക്കിടയിൽ ഉപജീവന ത്തെ ഭാഗിച്ചു കൊടുത്തത് നാമാണ്} _(സുഖ്റുഫ്: 32)

വിഹിതം വെപ്പ് (قِسۡمَةۡ) അല്ലാഹുവിൽ നിന്നാണെന്ന് മനസ്സിലായതോടെ അസൂയ ഞാൻ ഉപേക്ഷിച്ചു.ജനങ്ങളിൽ നിന്ന്  ഞാൻ പിരിഞ്ഞു നിന്നു..


ആറാമത് ,

ജനങ്ങളെ ഞാൻ നോക്കിയപ്പോൾ അവരുണ്ട്,  പരസ്പരം ശത്രുത വെക്കുന്നു... അതിക്രമം കാണിക്കുന്നു... പോരടിക്കുന്നു...

ഞാൻ അല്ലാഹുവിന്റെ വചനം കണ്ടു :

{തീർച്ചയായും പിശാച് നിങ്ങളുടെ ശത്രുവാണ്. അതിനാൽ അല്ലാഹുവിനെ അനുസരിക്കൽ കൊണ്ടും അവനെ അനുസരിക്കാതിരിക്കൽ കൊണ്ടും  അവനെ നിങ്ങൾ ശത്രുവായി തന്നെ എടുക്കുവീൻ}- (ഫാഥ്വിർ : 6)

അതിനാൽ ഞാൻ സൃഷ്ടികളോടുള്ള ശത്രുത ഉപേക്ഷിച്ചു. ശത്രുത പിശാചിനോട് മാത്രമാക്കി.. 


ഏഴാമത് ,

മനുഷ്യരെ ഞാൻ നോക്കിയപ്പോൾ,,,അവരൊക്കെ ജീവിത വിഭവങ്ങൾ (رِزۡقۡ) തേടി അലയുന്നു..

പലപ്പോഴും അനുവദനീയമല്ലാത്ത മാർഗങ്ങളിൽ പ്രവേശിക്കുകയും ചെയ്യുന്നു..

ഞാൻ അല്ലാഹുവിന്റെ വചനം നോക്കി : 

{ഭൂമിയിൽ ഒരു ജന്തുവിന്റെയും ഉപജീവനം അല്ലാഹുവിന്റെ മേൽ അവന്റെ അനുഗ്രഹത്താൽ ഭരമേറ്റിട്ടു അല്ലാതെയല്ല}- (ഹൂദ് : 6)

അപ്പോൾ എനിക്ക് മനസ്സിലായി : ഞാനും അക്കൂട്ടത്തിൽ ഒരു ജന്തുവാണ് (ജീവിയാണ്). അതിനാൽ അല്ലാഹുവിന് എന്റെമേൽ നിർബന്ധമായ (ഞാൻ ചെയ്യേണ്ടുന്ന) കാര്യങ്ങളിൽ ഞാൻ മുഴുകി.. രിസ്ഖിന്റെ  കാര്യത്തിൽ വേപഥു പൂണ്ടില്ല ..


എട്ടാമത് ,

മനുഷ്യരെ ഞാൻ നോക്കിയപ്പോൾ ഓരോരുത്തനും തന്നെപ്പോലെയുള്ളവരെ തന്റെ കാര്യങ്ങൾ ഏല്പിക്കുന്നു.. അവരെ ആശ്രയിക്കുന്നു..

ഒരാൾ മറ്റെയാളുടെ സ്വത്തിന്റെ മേൽ.. കൃഷിഭൂമിയുടെ മേൽ .. ആരോഗ്യത്തിന്റെ മേൽ .. (ചാരിറ്റി)കേന്ദ്രത്തിന്റെ മേൽ.. അങ്ങനെയങ്ങനെ...

ഞാൻ അല്ലാഹുവിന്റെ വാക്ക്  കണ്ടു : 

{അല്ലാഹുവിൽ ആര് തന്റെ കാര്യങ്ങൾ  ഭരമേല്പിച്ചുവോ അല്ലാഹു  അവന്ന്  മതിയാകും} - (ത്വലാഖ് : 3)

അങ്ങനെ സൃഷ്ടികളെ ഭരമേല്പിക്കുന്നത് ഞാൻ ഒഴിവാക്കി; സൃഷ്ടാവിൽ ഭരമേൽപ്പിക്കാൻ ഞാൻ  പഠിച്ചു!


എല്ലാം സശ്രദ്ധം വീക്ഷിച്ച ഗുരു മൊഴിഞ്ഞു :

"അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ, നീ എത്ര ഗുണമേന്മയുള്ള ശിഷ്യനാണ്.....!!!!!"


പരിഭാഷ:  - മുഹമ്മദ്‌ അലി മുസ്‌ലിയാർ, മാവുണ്ടിരി 

No comments:

Post a Comment