Thursday 18 June 2020

സൈദ് ബിന് ഹാരിസ (റ)





പ്രവാചകരുടെ സ്‌നേഹ ഭാജനം. ദീര്‍ഘകാലത്തെ സേവകന്‍. പ്രവാചകരുടെ ഇഷ്ടം സമ്പാദിച്ച അപൂര്‍വ്വം സ്വഹാബികളില്‍ ഒരാള്‍.

എട്ടു വയസ്സുവരെ ഉമ്മ സഅ്ദയോടൊപ്പമായിരുന്നു താമസം. ഒരിക്കല്‍ ഉമ്മയോടൊപ്പം ബനൂ മഅ്ന്‍ ഗോത്രത്തിലെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയി. ആയിടെ മഅ്ന്‍ ഗോത്രത്തിനെതിരെ എതിരാളികളുടെ കടന്നാക്രമണമുണ്ടാവുകയും ഓര്‍ക്കാപ്പുറത്ത് സൈദ് ബന്ധിയായി പിടിക്കപ്പെടുകയും ചെയ്തു. ദു:ഖിതയായ സഅ്ദ ഏകയായി വീട്ടില്‍ തിരിച്ചെത്തി. വിവരമറിഞ്ഞ പിതാവ് ഹാരിസ ബോധരഹിതനായി വീഴുകയും ശേഷം നാടുനീളെ അവനെ തെരഞ്ഞു നടക്കുകയും ചെയ്തു. പക്ഷെ, ഫലമുണ്ടായില്ല. കാലം കഴിഞ്ഞുപോയി. ഹജ്ജ് സീസണ്‍ വന്നു. 

ഹാരിസയുടെ ഗോത്രക്കാര്‍ മക്കയില്‍വെച്ച് സൈദിനെ കണ്ടുമുട്ടി. സൈദ് നടന്ന സംഭവങ്ങളെല്ലാം വിവരിച്ചുകൊടുത്തു: ‘ഉമ്മയുടെ കരങ്ങളില്‍നിന്നും തട്ടിയെടുക്കപ്പെട്ട ശേഷം ഉക്കാസ് ചന്തയില്‍ വില്‍പ്പനക്കു വെച്ചു. ഹക്കീം ബിന്‍ ഹുസാം എന്നൊരാള്‍ വിലക്കുവാങ്ങി. അയാള്‍ തന്റെ അമ്മായി ഖദീജ ബിന്‍തു ഖുവൈലിദിന് കൊടുത്തു. അവര്‍ തന്റെ ഭര്‍ത്താവ് മുഹമ്മദ് നബിക്കു നല്‍കി. 

അവരെന്നെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ചു; സ്വതന്ത്രനാക്കി. ഇപ്പോള്‍ അവരോടൊപ്പമാണ് താമസിക്കുന്നത്.’ താനിവിടെയുള്ള വിവരം ഉപ്പയോട് പറയണമെന്നും ഏറ്റവും നല്ല പിതാവിനോടൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും സൈദ് ഉപ്പയുടെ നാട്ടുകാരെ പ്രത്യേകം ഓര്‍മിപ്പിച്ചു. നാട്ടിലെത്തിയ സംഘം ഹാരിസയോട് വിവരം പറഞ്ഞു. വിവരമറിഞ്ഞ പാടെ സന്തോഷ ഭരിതനായ ഹാരിസ സഹോദരനെയും കൂട്ടി മക്കയിലെത്തി. പ്രവാചകരെ അന്വേഷിച്ചപ്പോള്‍ അവര്‍ കഅബാലയത്തിനടുത്തായിരുന്നു. 

അവിടെ ചെന്നു പ്രവാചകരെ നേരില്‍ കണ്ടു. കാര്യങ്ങള്‍ വിവരിച്ചു നല്‍കി. അതിനാല്‍, അവനെ വിട്ടുതരണമെന്നും അതിനുള്ള മോചനദ്രവ്യം നല്‍കാമെന്നും പറഞ്ഞു. പ്രവാചകന്‍ സൈദിനെ വിളിച്ച് ഇഷ്ടം പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കി; പിതാവിനോടൊപ്പം പോകുന്നോ അതോ പ്രവാചകരോടൊപ്പം നില്‍ക്കുന്നോ. സൈദ് പ്രവാചകരോടൊപ്പം നില്‍ക്കലിനെ തെരഞ്ഞെടുത്തു. ഹാരിസ അമ്പരന്നുപോയി. കാരണം തേടിയപ്പോള്‍ സൈദ് കാര്യങ്ങളെല്ലാം വിവരിച്ചുകൊടുത്തു. ഇതൊരു അസാധാരണ മനുഷ്യനാണെന്നും അവരുള്ളപ്പോള്‍ അവരെക്കാള്‍ മറ്റൊരാളെയും ഞാന്‍ തെരഞ്ഞെടുക്കില്ലെന്നും പറഞ്ഞു. ഇതു കേട്ട പ്രവാചകന്‍ സന്തോഷിക്കുകയും സൈദിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ ഹാരിസക്കും സമാധാനമായി. അദ്ദേഹം സന്തോഷത്തോടെ തിരിച്ചുപോയി.

അന്നു മുതല്‍ പ്രവാചകരോടൊപ്പമായിരുന്നു സൈദിന്റെ ജീവിതം. സദാ ഒരു സേവകനെപ്പോലെ കൂടെ നടന്നു. ഉറക്കിലും ഉണര്‍വ്വിലും പ്രവാചകരെ പരിപാലിച്ചു. പ്രവാചകരുടെ സ്‌നേഹം പിടിച്ചു പറ്റി. അതുകൊണ്ടുതന്നെ സൈദ് ബ്‌നു മുഹമ്മദ് എന്നാണ് ആളുകള്‍ വിളിച്ചിരുന്നത്. നിങ്ങള്‍ ആളുകളെ പിതാക്കളിലേക്ക് ചേര്‍ത്തി വിളിക്കുകയെന്ന സൂറത്തുല്‍ അഹ്‌സാബിലെ സൂക്തം അവതരിച്ചതോടെ അവര്‍ സൈദ് ബ്‌നു ഹാരിസ എന്നു വിളിച്ചു തുടങ്ങി.

തന്റെ അടുത്തുണ്ടായിരുന്ന ഉമ്മു ഐമനെ പ്രവാചകന്‍ സൈദിന് വിവാഹം ചെയ്തു കൊടുത്തു. ശേഷം, ചില കാരണങ്ങളാല്‍ അവരെ ഉസാമത്ത് ബ്‌നു സൈദിനു നല്‍കി. തന്റെ അമ്മായിയുടെ മകള്‍ സൈനബ് ബിന്‍തു ജഹ്ശിനെ സൈദിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. പക്ഷെ, ആ ബന്ധവും നല്ല നിലയില്‍ നീണ്ടുപോയില്ല. ചില പ്രശ്‌നങ്ങളുമായി പ്രവാചകരെ സമീപ്പിച്ച അദ്ദേഹത്തോട് ക്ഷമിക്കുകയെന്നായിരുന്നു പ്രവാചകരുടെ മറുപടി. പക്ഷെ, അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. സൈദില്‍നിന്നും ഥലാഖ് വാങ്ങി സൈനബിനെ വിവാഹം കഴിക്കാന്‍ പ്രവാചകര്‍ക്ക് അല്ലാഹുവിന്റെ കല്‍പന വന്നു. 

ദത്തുപുത്രന്മാരെ എല്ലാറ്റിലും സ്വന്തം മക്കളായി കണ്ടിരുന്ന അറബികള്‍ക്കിടയിലെ ശൈലിയെ തിരുത്തുകയായിരുന്നു ഇതിലൂടെ ഉദ്ദേശിക്കപ്പെട്ടത്. സൈദിന്റെ ഭാര്യയെ പ്രവാചകന്‍ വിവാഹം കഴിക്കുക വഴി ഈ ധാരണ തിരുത്തപ്പെട്ടു. സൈദ് പ്രവാചകരുടെ മകനല്ലായെന്ന കാര്യവും വ്യക്തമായി. ഈ കാര്യങ്ങള്‍ പരാമര്‍ശിച്ചിടത്ത് വിശുദ്ധ ഖുര്‍ആന്‍ (അഹ്‌സാബ്: 73) 

സൈദിന്റെ പേരെടുത്തുപറഞ്ഞുകൊണ്ടാണ് അവതരിച്ചത്. അതുകൊണ്ടുതന്നെ, ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ ഏക സ്വഹാബി എന്ന നിലക്ക് അദ്ദേഹം ഇതുകൊണ്ട് അഭിമാനിക്കാറുണ്ടായിരുന്നു. ശേഷം, ഉഖ്ബയുടെ മകള്‍ ഉമ്മു കുല്‍സൂമിനെ പ്രവാചകന്‍ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുത്തു.

ധീരനായ യോദ്ധാവും ഉത്തമനായ അമ്പെയ്ത്തു വിദഗ്ധനുമായുരുന്നു സൈദ് (റ). ബദര്‍, ഉഹ്ദ്, ഖന്ദഖ്, ഹുനൈന്‍, ഖൈബര്‍, ഹുദൈബിയ്യ സന്ധി തുടങ്ങിയവയിലെല്ലാം അദ്ദേഹം പ്രവാചകരോടൊപ്പം പങ്കെടുത്തു. ഏഴു യുദ്ധങ്ങളില്‍ (സരിയ്യത്തുകള്‍) പ്രവാചകരദ്ദേഹത്തെ അമീറാക്കി നിശ്ചയിച്ചിട്ടുണ്ട്. ഏതൊരു യുദ്ധത്തിലേക്ക് പറഞ്ഞയക്കുകയാണെങ്കിലും പ്രവാചകന്‍ അദ്ദേഹത്തെ അവരുടെ നേതൃത്വം ഏല്‍പിച്ചിരുന്നുവെന്ന് ആയിശ (റ) പറയുകയുണ്ടായി (നസാഈ). മുഅ്തത് യുദ്ധത്തില്‍ സൈനിക മേധാവിയായി പങ്കെടുക്കുകയും ശഹീദാവുകയും ചെയ്തു. 


അടിമച്ചന്തയിലെ ബാലൻ

വിശാലമായ മരുഭൂമി പ്രഭാത കിരണങ്ങളേറ്റു മണൽ തിരകൾ മിന്നിത്തിളങ്ങി 
സഅ്ദ മുന്നോട്ട് നോക്കി കണ്ണെത്താ ദൂരത്താണ് വീട് ഇനിയെത്ര കാതങ്ങൾ താണ്ടണം 'ഉമ്മാ, ബനൂ മഅ്നിലെത്താൻ ഇനിയും ഏറെ യാത്ര ചെയ്യണോ? സൈദ് തളർന്ന സ്വരത്തിൽ ചോദിച്ചു 

അവൻ ഉമ്മയെ നോക്കി യാത്ര തുടങ്ങിയിട്ട് വളരെ നേരമായി കാലത്ത് തുടങ്ങിയതാണീ നടത്തം നടന്നു നടന്നു അവശനായിട്ടുണ്ട് 
ബനൂ മഅ്നിലേക്ക് പോവാൻ വലിയ പൂതിയാണ് സൈദിന്
 
ഉമ്മയുടെ വീടാണത് അമ്മാവന്മാരുടെ കുട്ടികൾക്ക് അവനെ വലിയ ഇഷ്ടമാണ് സൈദിനെ കിട്ടിയാൽ കളിക്കാനും കുളിക്കാനും അവർക്ക് മറ്റാരെയും വേണ്ട ഉണ്ണാനും കിടക്കാനും സൈദിനെ കൂട്ടിനു കിട്ടണമെന്നവർക്ക് വാശിയാണ്
 
മകന്റെ ശ്രദ്ധയെ ഉമ്മ ബനൂ മഅ്നിലേക്ക് തിരിച്ചുവിട്ടു അവിടുത്തെ വിശേഷങ്ങളോരോന്നു പറഞ്ഞു കൊടുത്തു ഇടക്കിടെ കൊച്ചു കൊച്ചു ചോദ്യങ്ങളും തൊടുത്തുവിട്ടു 'നീ കൂടെയാണ് മഅ്നിൽ വെച്ച് കളിക്കുക? ആർക്കൊപ്പമാണ് ഉണ്ണലും ഉറങ്ങലും....?' 

സൈദ് തുരുതുരെ വർത്തമാനങ്ങൾ പറഞ്ഞു കൊണ്ടിരുന്നു അവന് ആവേശമായി നടത്തം ധൃതിയിലായി എങ്കിലും ക്ഷീണം പ്രകടമായിരുന്നു 
'നമുക്കിനി ഇവിടെ അൽപം വിശ്രമിക്കാം, വെള്ളം കുടിച്ച് ദാഹമകറ്റിയ ശേഷം പുറപ്പെടാം ' ഒരു വൃക്ഷത്തെ ചൂണ്ടി ഉമ്മ പറഞ്ഞു അങ്ങനെ വഴിയോരത്തെ വൃക്ഷച്ചുവട്ടിലവരിരുന്നു 'ഹാവൂ' സൈദ് ദീർഘാശ്വാസം വിട്ടു അവൻ പറ്റെ തളർന്നിരുന്നു 

വിശ്രമം കഴിഞ്ഞു അവരെണീറ്റു ഒട്ടിപ്പിടിച്ച മണിൽത്തരികൾ കൈകൊണ്ട് തട്ടി അവർ മുന്നോട്ട് നീങ്ങി പതുക്കെ മകന്റെ കയ്യും പിടിച്ചു നടക്കുമ്പോൾ സഅ്ദ ഓരോന്ന് വെറുതെ ചിന്തിച്ചു 

'ഉമ്മയെയും സഹോദരന്മാരെയും കാണാൻ പോയിട്ട് നാളുകളേറെയായിട്ടുണ്ട് ഭർത്താവ് ഹാരിസിനോട് ഇടക്കിടെ പറയാറുള്ളതാണ് വീട്ടിൽ പോവുന്ന കാര്യം തിരക്കിട്ട വീട്ടുജോലികളും, ഭർത്താവിന്റെ വ്യാപാരാവശ്യങ്ങളും മറ്റുമായി കഅ്ബ് കുടുംബത്തിൽ എപ്പോഴും ജോലിയാണ് ഒന്നു വിശ്രമിക്കാനവിടുന്ന് ഒഴിവ് കിട്ടാറില്ല 

ഒടുവിൽ അവർ ബനൂ മഅ്നിലെ വീട്ടിലെത്തി കുട്ടികളും ഉമ്മയും നിറഞ്ഞ സന്തോഷത്തോടെ നടവഴിയിൽ വെച്ചു തന്നെ അവരെ വരവേറ്റു തണുത്ത പാനീയം നൽകി ഉമ്മ സൈദിനെ തലോടി ആ കവിളിലുമ്മ വെച്ചു 
ബനൂ മഅ്ൻ കുടുംബത്തിലന്ന് ആഹ്ലാദത്തിന്റെ ദിനമായിരുന്നു 

മുതിർന്നവരുടെ വിശേഷങ്ങൾ പങ്കിടൽ, സ്ത്രീകളുടെ സ്നേഹ കൈമാറ്റങ്ങൾ, തമാശകൾ പാട്ടുപാടിയും കഥകൾ പറഞ്ഞും ഹരം പകർന്നു കൊണ്ട് കുട്ടികളും അതിലൊക്കെ പങ്കുചേർന്നു 

സമയം സന്ധ്യയായി ഭക്ഷണം കഴിച്ചു വീണ്ടും സംസാരത്തിൽ മുഴുകി അവർക്ക് പറഞ്ഞു തീർക്കാവുന്നതിലപ്പുറം വിശേഷങ്ങൾ കൈമാറാനുണ്ടായിരുന്നു വർത്തമാനം പറയുന്നതിനിടയിൽ അറിയാതെ അവർ നിദ്രയിലേക്ക് വഴുതി വീണു 

കൂരിരുട്ടുള്ള തണുത്ത രാത്രി എല്ലാവരും നല്ല ഉറക്കിന്റെ മയക്കത്തിലാണ് പെട്ടെന്നാണ് കൊള്ള സംഘം ആ വീട്ടിലേക്ക് ഇരച്ചു കയറിയത് കത്തിയും കഠാരയും ഉയർത്തിപ്പിടിച്ചാണവരുടെ വരവ് എല്ലാവരും പരിഭ്രമിച്ചു ആർത്തനാദങ്ങളും നിലവിളികളും അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു 
കണ്ണിൽ കണ്ടതെല്ലാം കൊള്ളക്കാർ കൈക്കലാക്കി 

വീട്ടുസാധനങ്ങൾ പലതും നശിപ്പിച്ചു എല്ലാ റൂമുകളും അരിച്ചുപെറുക്കി മോഷണം മോഷണം നടത്തുന്നതിനിടെ സുന്ദരനായ ആ ബാലൻ അവരുടെ ശ്രദ്ധയിൽ പെട്ടു സുഖനിദ്രയിലാണ്ട് കിടക്കുന്ന കുട്ടിയെ അവർ പതുക്കെ തട്ടിവിളിച്ചു പക്ഷേ, അവൻ ഉണർന്നില്ല നല്ല ഉറക്കത്തിലാണവൻ 
സൈദായിരുന്നു അത് 

കൊള്ളക്കാർ അവനെ വാരിയെടുത്ത് പുറത്തുകടന്നു ഉറക്കത്തിൽ നിന്നുണർന്നപ്പോൾ കൈപിടിച്ചു ഒപ്പം നടത്തി 

മക്കയിലെ ഉക്കാള് ചന്തയിലേക്കാണ് അവർ പോയത് അടിമക്കമ്പോളത്തിനു പ്രശസ്തമായ കേന്ദ്രം സൈദിനെ അവർ ആ ചന്തയിൽ വിറ്റു അരോഗ്യവും സൗന്ദര്യവുമുള്ള കുട്ടിയായതുകൊണ്ട് നല്ലവില കിട്ടി 

അറേബ്യയിലെ കുപ്രസിദ്ധരായ 'ബനുൽ ഖയ്നുബ്നു ജുസിറി'ന്റെ കൊള്ള സംഘമായിരുന്നു സൈദിനെ  തട്ടിക്കൊണ്ടുപോയത് 

അറേബ്യയിലെ പ്രശസ്ത വ്യാപാരി കുടുംബമാണ് ഹകീമിന്റത് ഹുന്നമുബ്നു ഖുവൈലിദുബ്നു അസദിന്റ മകൻ  യമനിലേക്കും സിറിയയിലേക്കും ഖാഫിലകളെ കച്ചവടത്തിനയക്കുന്ന ധനാഢ്യൻ 

ഹകീം വേലക്കാരികൾക്കൊപ്പം ഉക്കാളിലെത്തിയതാണ് വാദ്യമേളങ്ങളും ഗാനമേളകളും പൊടിപൊടിക്കുന്ന ദിവസമായതിനാൽ കാലത്ത് തന്നെ അവൻ കുളിച്ചിറങ്ങിയതാണ് ചന്തയിൽ നിന്നു പലതും വിലക്കു വാങ്ങി അവസാനം അടിമചന്തയിലേക്കു  നീങ്ങി അപ്പോഴാണദ്ദേഹം സൈദിനെ കണ്ടത് 'അതാ സുന്ദരനായൊരു ആൺകുട്ടി, അവനെ എനിക്കു വേണം ' ഹകീം സൈദിനു നേരെ വിരൽ ചൂണ്ടി പറഞ്ഞു 

'ങും, അവനെ വേണമെങ്കിലെടുത്തോളൂ, നല്ല വിലനൽകേണ്ടിവരുമെന്ന് മാത്രം ' വ്യാപാരി തലകുലുക്കി 

'എന്ത് വില കൊടുത്താലും അവനെ എനിക്കു വേണം ഹകീം ആത്മഗതം ചെയ്തു  

'അവനെന്തു വില വേണം?' 

'നാനൂറ് ദിർഹം' 

'പ്രായമെത്ര?' 

'എട്ടു വയസ്സ് ' 

ഹകീം, പറഞ്ഞ വിലതന്നെ നൽകി സൈദിനേയും ഒപ്പം വേറെ ചില അടിമകളെയും വാങ്ങി, വേലക്കാരികളുടെ അകമ്പടിയോടെ വീട്ടിലേക്ക് തിരിച്ചു  

ഹകീമിന്റെ പിതൃസഹോദരിയാണ് ഖദീജ ഖദീജയോട് വലിയ സ്നേഹവും ബഹുമാനവുമായിരുന്നു ഹകീമിന് ഖദീജ ഇടക്കിടെ കുടുംബ ഭവനങ്ങൾ സന്ദർശിക്കാറുണ്ട് അന്നൊരിക്കൽ  ഹകീമിനെയും കുടുംബത്തെയും കാണാനവരിറങ്ങി ഹകീമിന് വലിയ സന്തോഷമായി അദ്ദേഹം സന്തോഷത്തോടെ ഖദീജയെ വരവേറ്റു വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി സൽക്കരിച്ചു 

കുടുംബ വിശേഷങ്ങളും, വ്യാപാരകാര്യങ്ങളും അദ്ദേഹം അവരോട് സംസാരിച്ചു അതിനിടെ പറഞ്ഞു  'അമ്മായീ, ഞാൻ ഉക്കാള് ചന്തയിൽ പോയിരുന്നു അവിടുന്ന് കുറെ കുട്ടികളെ വിലക്കു വാങ്ങിയിട്ടുണ്ട് അവരിലിഷ്ടപ്പെട്ടവരെ നിങ്ങൾക്ക് തിരഞ്ഞെടുക്കാം എന്റെ വക ഒരു പാരിതോഷികമാണത് 

ഖദീജ അടിമ കുട്ടികളെ ശ്രദ്ധിച്ചു സമർത്ഥനും ബുദ്ധിമാനുമായ സൈദ് അവരുടെ ദൃഷ്ടിയിൽ പെട്ടു 'എനിക്കിവനെ മതി ' അവർ ചിരിച്ചു കൊണ്ട് പറഞ്ഞു 


മകനെത്തേടി

ഭീകരമായ രാത്രിക്കു ശേഷം വെട്ടം പരന്നു വീട്ടിലുള്ളതെല്ലാം കൊള്ളസംഘം കൊണ്ടുപോയിട്ടുണ്ടെന്ന യാഥാർത്ഥ്യം അപ്പോഴാണവർക്കു ബോധ്യമായത് ജീവനും കൊണ്ടോടിയൊളിക്കുകയായിരുന്നു ഒരോരുത്തരും 
സഅ്ദ വീട്ടിനുള്ളിൽ കയറി 'തന്റെ ഓമന പൈതലിനെ കൊള്ളക്കാർ വല്ലതും ചെയ്തോ?' 

അവൾ ധൃതിയിൽ റൂമുകൾ പരതി കുട്ടികളെ ഓരോരുത്തരെയും ശ്രദ്ധിച്ചു അവർക്കിടയിലൊന്നും സൈദിനെ കണ്ടെത്താനായില്ല 
'എന്റെ സൈദിനെ കാൺമാനില്ല...' സഅ്ദ ആർത്തലച്ചു ഉമ്മയും സഹോദരന്മാരും ഓടിക്കൂടി അവളെ സാന്ത്വനപ്പെടുത്തി എല്ലാ മുക്കുമൂലയും അരിച്ചുപൊറുക്കി തിരിഞ്ഞു ഫലം നിരാശ മാത്രം 

സ്നേഹനിധിയായ മകനെ കാണുന്നില്ല കൊള്ളസംഘം തട്ടിക്കൊണ്ടു പോയതാവും മനുഷ്യത്വവും മാന്യതയുമില്ലാത്ത തസ്കരന്മാർ അവൾ വിലപിച്ചു 

സഅ്ദ വല്ലാതായി വേദന കടിച്ചിറക്കി അവൾ വീട്ടിലേക്ക് തിരിച്ചു ഭർത്താവ് ഹാരിസതുബ്നു ഷറാഹീലിന്നരികിലേക്ക് 

അവരുടെ സീമന്ത പുത്രനാണ് സൈദ് ഏറെക്കാലത്തിനു ശേഷം ദൈവം നൽകിയ പൂമുത്ത് ഹാരിസ് സഅ്ദയെ സമാശ്വസിപ്പിച്ചു 'കൊള്ളക്കാർ തട്ടിക്കൊണ്ടു പോയ എന്റെ സൈദിന് ഒരാപത്തും വരുത്തരുതേ...' അവർ മനമുരുകി പ്രാർത്ഥിച്ചു ഹാരിസ് വീടുവിട്ടിറങ്ങി യാത്ര  സംഘങ്ങളോടും കച്ചവടക്കാരോടുമെല്ലാം അവൻ സൈദിനെക്കുറിച്ചന്വേഷിച്ചു കണ്ണിൽ കണ്ടവരോടെല്ലാം ചോദിച്ചു ആർക്കും സൈദിനെക്കുറിച്ചൊരു വിവരവുമറിയില്ലായിരുന്നു  

സൈദിനെക്കുറിച്ച് പാട്ടുകൾ പാടിക്കൊണ്ട് ഹാരിസ് നാടുകൾ കറങ്ങി  
വിശുദ്ധ ഹജ്ജ് സമയം വന്നു ഇബ്റാഹീം (അ) ന്റെ വിളിക്കുത്തരം നൽകി കൊണ്ട് ലക്ഷങ്ങൾ അണുമുറിയാതെ വിശുദ്ധ മക്കയിലേക്കൊഴുകി 
പുണ്യ കഅ്ബാലയത്തെ ലക്ഷ്യം വെച്ച് ഖാഫിലകൾ മുന്നോട്ട് നീങ്ങി മരുഭൂമിയിലെ ഉഷ്ണ കാഠിന്യം വകവെക്കാതെയുള്ള പ്രയാണം 

ഇക്കുറി ഹാരിസിന്റെ നാട്ടുകാരും ഹജ്ജിനു പുറപ്പെട്ടിരുന്നു അവർ കഅ്ബാലയത്തിന്റെ തിരുമുറ്റത്തെത്തി ഹജ്ജ് കർമ്മങ്ങളിൽ മുഴുകി ഖലീലുള്ളാഹി ഇബ്റാഹീം നബി (അ) മിന്റെ ചരിത്രമുറങ്ങുന്ന പവിത്രമണ്ണിലെ പ്രാർത്ഥനകൾ അവരുടെ മനം കവർന്നു 

ഇനി വിശുദ്ധ ഭവനത്തെ നമുക്ക് പ്രദക്ഷിണം ചെയ്യാം കൂട്ടത്തിലൊരാൾ പറഞ്ഞു  കഅ്ബയെ അവർ വലയം ചെയ്തു (ത്വവാഫ്) നടന്നു

പെട്ടെന്നാണവരുടെ ശ്രദ്ധയിൽ ഒരു പരിചിത മുഖം പെട്ടത് 
'നോക്കൂ... ആരാണത്?' ത്വവാഫിനിടയിൽ അവരിലൊരാൾ വിരൽ ചൂണ്ടി ചോദിച്ചു 

'അതേ, സൈദല്ലേ അത് കൽബ് ഗോത്രത്തിലെ ഹാരിസിന്റെ മകൻ സൈദ് അവനെത്തേടിയല്ലേ ഹാരിസ് നാടു ചുറ്റിയിറങ്ങിയത് ' അവർ വിസ്മയത്തോടെ പരസ്പരം പറഞ്ഞു 

ത്വവാഫ് കഴിഞ്ഞു സൈദിന്റെ അരികിലവരെത്തി 'നീ ഹാരിസുൽ കൽബിയുടെ മകനാണോ?' 

'ഞാൻ സൈദ് തന്നെയാണ് ' സൈദ് നാട്ടുകാരുടെ സംശയത്തിന് അറുതി വരുത്തി 

വിശേഷങ്ങൾ പലതും അവർ പരസ്പരം പങ്കുവെച്ചു കൽബ് ഗോത്രത്തിലെ അവസ്ഥകളും മറ്റും നാട്ടുകാര്യങ്ങളും അവർ സൈദിനോട് പറഞ്ഞു 
ഹജ്ജ് കർമ്മം കഴിഞ്ഞു അവർ നാട്ടിലേക്ക് തിരിച്ചു  ഹാരിസിനെ നേരിൽ കണ്ടു വിവരം പറഞ്ഞു സൈദിനെ കണ്ട വാർത്ത കേട്ടപ്പോൾ ഹാരിസിന്റെ കണ്ണുകൾ നിറഞ്ഞു ആ കുടുംബത്തിൽ ആഹ്ലാദത്തിന്റെ പൂത്തിരി കത്തിത്തിളങ്ങി 

ഹാരിസിന് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല സൈദിനെ നേരിൽ കണ്ടു സംസാരിച്ചുറപ്പു വരുത്തിയ വിവരംകൂടി അവർ പറഞ്ഞപ്പോൾ ഹാരിസിന്റെ  പ്രതീക്ഷ വർധിച്ചു 

ഹാരിസ് ധൃതിയിൽ വാഹനം ഏർപ്പാടാക്കി ഭക്ഷണവും സമ്മാനങ്ങളും മറ്റു വിഭവങ്ങളും തയ്യാറാക്കി, സഅ്ദ അവരെ യാത്രയാക്കി 

ഹാരിസ് കുതിരപ്പുറത്ത് കയറി സഹോദരനെയും കൂട്ടി യാത്ര പുറപ്പെട്ടു കുതിരയെ ധൃതിയിൽ ഓടിച്ച് അവർ മുന്നോട്ട് കുതിച്ചു 'അവർ കമ്പോളത്തിൽ വിറ്റതാവും?' ഹാരിസ് സംശയം പ്രകടിപ്പിച്ചു 
സഹോദരൻ പറഞ്ഞു 'കൊള്ളക്കാർ കമ്പോളത്തിലെത്തിച്ചതുകൊണ്ടാണ് ഹാജിമാർക്ക് സൈദിനെ കാണാനായത് 

'മക്കയിലെവിടെയാണ് നാം അവനെ അന്വേഷിക്കുക?' 

'അബ്ദുല്ലയുടെ മകൻ മുഹമ്മദിന്റെ കൂടെയാണ് അവൻ ജീവിക്കുന്നതെന്നാണ് ഹാജിമാർ തന്ന വിവരം '

സംസാരിച്ചു നേരം പോയതവരറിഞ്ഞില്ല കുതിരകുളമ്പടിച്ചു കൊണ്ട് മക്കയിൽ പ്രവേശിച്ചു മൃഗത്തെ മരത്തിൽ തളച്ചു മുഹമ്മദിനെയും അന്വേഷിച്ചു അവരിറങ്ങി 

പ്രവാചകൻ (സ) പള്ളിയിലിരിക്കുകയായിരുന്നു അവർ അവിടേക്ക് കടന്നുചെന്നു സ്വയം പരിചയപ്പെടുത്തിയ ശേഷം ആഗമനോദ്ദേശ്യം വെളിപ്പെടുത്തി: 

അബ്ദുൽ മുത്വലിബിന്റെ മകനേ, നിങ്ങൾ അല്ലാഹുവിന്റെ അയൽക്കാരാണ് ചോദിച്ചെത്തുന്നവർക്ക് നൽകുന്നവർ, വയറൊട്ടിയവരുടെ വിശപ്പടക്കുന്നവർ, ദരിദ്രരെ സഹായിക്കുന്നവർ നിന്റെ കീഴിൽ ജീവിക്കുന്ന ഞങ്ങളുടെ മകന്റെ ആവശ്യത്തിന്നാണ് ഞങ്ങൾ വന്നിരിക്കുന്നത് അവന് പകരം നൽകാനുള്ള പണവും ഞങ്ങൾ കരുതിയിട്ടുണ്ട് ഞങ്ങളോട് കനിവു കാണിച്ചാലും.....' 

'നിങ്ങൾ പറയുന്ന മകൻ ആരാണ്?' 
'നിന്റെ മകൻ സൈദുബ്നു ഹാരിസ് ' 

'പകരം പണം  നൽകുന്നതിനേക്കാൾ നല്ല കാര്യം ഞാൻ നിർദ്ദേശിക്കട്ടെ' 
'എന്താണത്?' 

'നിങ്ങൾക്കു വേണ്ടി ഞാനവനെ വിളിക്കാം അവൻ ഇഷ്ടാനുസരണം പ്രവർത്തിക്കട്ടെ നിങ്ങളെയാണവൻ തെരഞ്ഞെടുക്കുന്നതെങ്കിൽ പണം നൽകാതെതന്നെ നിങ്ങൾക്കവനെ കൊണ്ടുപോകാം ഇനി അവൻ എന്നെയാണ് തെരഞ്ഞെടുക്കുന്നതെങ്കിലോ? അല്ലാഹുവാണെ സത്യം, എന്നോടൊപ്പം താമസിക്കാനവൻ ആഗ്രഹിച്ചാൽ ഞാൻ എതിർക്കുകയില്ല' 

'നീ മാന്യമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് വളരെ നല്ല നിലപാട് ' ആഗതർ പറഞ്ഞു 

പ്രവാചകൻ (സ) സൈദിനെ അരികിൽ വിളിച്ചു ചോദിച്ചു: 

'ഇവരെ നീ അറിയുമോ?' 

'അതെ, ഇതെന്റെ ഉപ്പ ഹാരിസതുബ്നു ഷുറഹ്ബീലാണ് ഇത് പിതൃ സഹോദരൻ (മൂത്താപ്പ) കഅ്ബുമാണ് ' ആഗതർക്കിത് കേട്ടതോടെ സന്തോഷമായി 
'നിനക്കാഗ്രഹമുണ്ടെങ്കിൽ ഇവർക്കൊപ്പം പോവാം അതല്ല, എന്നോടൊപ്പം താമസിക്കാനാണാഗ്രഹമെങ്കിൽ ഇവിടെ താമസിക്കാം..... 

എന്തു തെരഞ്ഞെടുക്കാനും നിനക്ക് സ്വാതന്ത്ര്യമുണ്ട് ' നബി (സ) പറഞ്ഞു നിർത്തി 

കഅ്ബും ഹാരിസും ഉത്കണ്ഠാകുലരായി പരസ്പരം നോക്കി പിന്നീട് ഇമ വെട്ടാതെ സൈദിനെത്തന്നെ നോക്കി നിന്നു 

സൈദ് മുഹമ്മദ് (സ) യുടെ മുഖത്തേക്ക് നോക്കി യാതൊരു സംശയവും പ്രകടിപ്പിക്കാതെ പെട്ടെന്ന് തന്നെ പറഞ്ഞു: 'ഞാൻ തങ്ങൾക്കൊപ്പം തന്നെയാണ് താമസിക്കുന്നത് ' 

ഹാരിസിനിത് താങ്ങാവുന്നതിലപ്പുറമായിരുന്നു ഈർഷ്യത്തോടെ അദ്ദേഹം പറഞ്ഞു 'സൈദേ, നീ നശിക്കട്ടെ, നിന്റെ സ്വന്തം ഉമ്മയേക്കാളും ഉപ്പയേക്കാളും അടിമത്വത്തെയാണോ നീ തിരഞ്ഞെടുക്കുന്നത്?' 

ഹാരിസും കഅ്ബും പലതും വിളിച്ചു പറയാൻ തുടങ്ങി സ്നേഹിച്ചു ലാളിച്ചു വളർത്തിയ മകൻ.... ഇന്നിതാ മക്കയിൽ മുഹമ്മദിന്റെ അടിമയായി ജീവിക്കാൻ മോഹിക്കുന്നു 

'സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനിവനു മോഹമില്ലേ...' 

'ദൈവമേ, അടിമത്തം ആശിക്കുന്ന സൈദിനെന്താണ് ബാധിച്ചിരിക്കുന്നത്....?' 

ഉപ്പയുടെ വാക്കുകളോരോന്നും ക്ഷമയോടെ കേട്ടുനിന്നു അവസാനം പതിഞ്ഞ സ്വരത്തിൽ സൈദ് പറഞ്ഞു 

'ഞാനീ വ്യക്തിയിൽ പലതും കാണുന്നു എനിക്കൊരിക്കലും ഇദ്ദേഹത്തെ വിട്ടുപിരിയാൻ സാധ്യമല്ല ' 

ഹാരിസും കഅ്ബും ചിന്താനിമഗ്നരായി തലതാഴ്ത്തി ഏറെ നേരമിരുന്നു എന്തു ചെയ്യണമെന്നറിയാതെ
 

ഭൃത്യൻ

വിശുദ്ധ കഅ്ബാലയം, മക്കയിലെ ദേവാലയമാണത് തീർത്ഥാടകർ വർഷങ്ങളായി പ്രാർത്ഥനക്കെത്തുന്ന പവിത്രഗേഹം 

മക്കയിലെ അബ്ദുൽ മുത്വലിബിനാണ് ദേവാലയത്തിന്റെ അധികാരം കഅ്ബയെ കഴുകി വൃത്തിയാക്കലും പരിപാലിക്കലും അദ്ദേഹവും ഖുറൈശികുടുംബവുമാണ്  

ജനങ്ങൾ വൈകുന്നേര സമയത്ത് കഅ്ബയുടെ തിരുമുഖത്തെത്തും പ്രാർത്ഥനകൾ നടത്താനും വെടി പറഞ്ഞിരിക്കാനുമവർ സമയം കാണും 
അബ്ദുൽ മുത്വലിബിന്റെ മകൻ അബ്ദുല്ലയുടെ മകൻ മുഹമ്മദ് കഅ്ബയുടെ മുറ്റേത്തേക്കു വന്നു തന്റെ അടിമയായ സൈദിന്റെ കൈപിടിച്ചുള്ള ഒരു അസാധാരണ വരവായിരുന്നു അത് 

ഖുറൈശികളെല്ലാവരും തടിച്ചു കൂടി അൽ അമീന് പ്രധാനമായെന്തോ പറയാനുണ്ട് മുഹമ്മദിന്റെ പിന്നാലെ അപരിചിതരും അന്യദേശക്കാരുമായ രണ്ടാളുകളും നടന്നു വരുന്നുണ്ടായിരുന്നു 

സ്വന്തം മാതാപിതാക്കളേക്കാൾ തന്നെ സ്നേഹിച്ചംഗീകരിച്ചിരിക്കുകയാണ് സൈദ് ഹാരിസിനെയും  കഅ്ബിനെയും സൈദിനു വേണ്ട യജമാനനായ എന്നെ മാത്രം മതി സൈദിനെ വാരിയെടുത്തു മടിയിലിരുത്തിയ മുഹമ്മദ് സന്തോഷം ഉൾപുളകത്തോടെ പ്രഖ്യാപിച്ചു: 

'ഇവനിന്നു മുതൽ എന്റെ മകനാണെന്നതിന് നിങ്ങളെ ഞാൻ സാക്ഷി നിർത്തുന്നു എന്റെ അനന്തര വിഹിതം ഇവനുള്ളതാകുന്നു ഇവന്റേത് എനിക്കുമുള്ളതാകുന്നു....' 

വിസ്മയത്തോടെയാണ് ഹാരിസും കഅ്ബും മുഹമ്മദിന്റെ പ്രഖ്യാപനം ശ്രവിച്ചത് എന്റെ മകൻ സൈദിനെ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി അടിമച്ചന്തയിൽ വിറ്റു ചന്തയിൽ നിന്നു പണം നൽകി വാങ്ങിയ അടിമയാണ് സൈദ് സ്വന്തം അടിമയെ വാൽസല്യപുത്രനായി ഇതാ മുഹമ്മദ് പ്രഖ്യാപിക്കുന്നു......

അറേബ്യയിലെ അത്ഭുത സംഭവം ഹാരിസിന് വിശ്വസിക്കാനായില്ല കഅ്ബ് അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞു തെര്യപ്പെടുത്തി മുഹമ്മദിന്റെ അടിമത്വത്തിൽ നിന്നും മോചിതനായ സ്വന്തം മകനാണിന്നു മുതൽ സൈദ്..... 
ജനങ്ങൾ പിന്നീട് സൈദുബ്നു ഹാരിസയെ വിളിച്ചത് സൈദുബ്നു മുഹമ്മദ് മുഹമ്മദിന്റെ മകൻ സൈദ് എന്നായിരുന്നു 

ഹാരിസിന് സന്തോഷമായി എന്റെ മോനിന്ന് അടിമയല്ല യജമാനന്റെ മർദ്ദനങ്ങളും പീഡനങ്ങളും അവനേൽക്കില്ല ശാന്ത സുന്ദരമായ ജീവിതമാണവന് ലഭിക്കുക സ്വന്തം മാതാപിതാക്കളേക്കാൾ സ്നേഹത്തോടെ മുഹമ്മദവനെ നോക്കിക്കൊള്ളും ഹാരിസ് ആശ്വാസം കൊണ്ടു 
അവർ മകനോട് യാത്ര പറഞ്ഞിറങ്ങി 

സൈദിന്റെ കവിളിലൊരായിരം മുത്തം നൽകി പടിയിറങ്ങി കുതിരപ്പുറത്ത് കയറി നാട്ടിലേക്ക് തിരിച്ചു 

കുതിരയുടെ കുളമ്പടി ശബ്ദം കേട്ട് സഅ്ദ പുറത്തേക്കിറങ്ങി ഹാരിസും കഅ്ബുമായിരുന്നു അത് ഉത്കണ്ഠയോടെ അവരെ വീട്ടുകാർ വരവേറ്റു 
സംഭവിച്ചതെല്ലാം വിവരിച്ചു പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന കുടുംബം നിർവൃതി പൂണ്ടു 'സൈദ് സൗഭാഗ്യവാനാണ് ' സഅ്ദ സമാധാനിച്ചു അവളുടെ കവിളിൽ സന്തോഷത്തിന്റെ വസന്തം വിരിഞ്ഞു അധരങ്ങളിൽ പുഞ്ചിരിവിടർന്നു 

സൈദ് മുഹമ്മദിന്റെ വീട്ടിൽ സന്തോഷത്തോടെ കഴിയുകയാണ് അടിമയാണെങ്കിലും അത്യപൂർവ്വസൗഭാഗ്യവാനാണവൻ മക്കയിലെ പ്രഗൽഭനായ മുഹമ്മദിന്റെ ഓമനപുത്രനായി വളരാൻ അനുഗ്രഹം സിദ്ധിച്ചതുതന്നെ മഹാഭാഗ്യം 

പിതാവും ഹാരിസും പിതൃസഹോദരൻ കഅ്ബും മകനെത്തേടി വരുമ്പോൾ മുഹമ്മദ് അൽ അമീനാണ് മക്കയിൽ ജനങ്ങൾക്കിടയിൽ വിശ്വസ്തനും സത്യസന്ധനുമാണ് എല്ലാവർക്കും നല്ലതുമാത്രമേ പറയാനുള്ളൂ 

സൈദിന്റെ യജമാനത്തിയും ചില്ലറക്കാരിയല്ല ബുദ്ധികൂർമ്മതയും കുലീനതയും ഒത്തിണങ്ങിയവരാണു ഖദീജ ധാരാളം അടിമകളുണ്ട് പെരുത്ത് പണവുമുണ്ട് കൂലിക്കാരെ വിളിച്ച് സിറിയയിലേക്കും യമനിലേക്കും കച്ചവടത്തിനയക്കുന്ന ധനാഢ്യ 

അബൂത്വാലിബിന്റെ തണലിൽ വളരുകയായിരുന്നു മുഹമ്മദ് കച്ചവടത്തിന് മുഹമ്മദിനെ അയച്ചാൽ കൊള്ളാമെന്ന് ഖദീജക്കു തോന്നി അങ്ങനെ മുഹമ്മദിനെ സിറിയയിലേക്കു കച്ചവടത്തിനയച്ചു ആ ബന്ധം പുതിയൊരു വഴിത്തിരിവായിരുന്നെന്നു അവരറിഞ്ഞില്ല 

കച്ചവടം കഴിഞ്ഞു മുഹമ്മദും സംഘവും വന്നു വമ്പിച്ച ലാഭം കൊയ്താണവർവന്നത് യാത്രയിൽ പല അത്ഭുതങ്ങളും മുഹമ്മദിൽ പ്രകടമായത് സഹയാത്രികൻ മൈസറ ഖദീജയെ ധരിപ്പിച്ചു 
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഖദീജയുടെ അകതാരിലൊരാശ മൊട്ടിട്ടു മുഹമ്മദിനെ ഭർത്താവായി ലഭിച്ചാൽ ..... 

അവൾ തന്റെ ഇംഗിതം കൂട്ടുകാരി നഫീസയെ അറിയിച്ചു നഫീസ മുഹമ്മദിന്റെയും ഖദീജയുടെയും കുടുംബത്തോട് കാര്യങ്ങൾ സംസാരിച്ചു മുഹമ്മദിനോട് സംസാരിച്ചപ്പോൾ അനുകൂലമായ പ്രതികരണം 
അബൂത്വാലിബും ഖദീജയുടെ പിതൃവ്യനായ അംറുബ്നുൽ അസദും പരസ്പരം സംസാരിച്ചതോടെ ചർച്ചകൾ പൂർണ്ണതയിലെത്തി 

അങ്ങനെയാണ് ഖദീജബീവി (റ) യും മുഹമ്മദ് നബി (സ) യും വിവാഹിതരായത് 

സൈദ് യജമാനത്തിയുടെ വിവാഹനാളിൽ ഏറെ സന്തോഷിച്ചു പുതുവസ്ത്രങ്ങളും വിഭവസമൃദ്ധമായ ഭക്ഷണവും വിവാഹത്തോടനുബന്ധിച്ച് സൈദിനും ലഭിച്ചു 

ഖദീജക്ക് ജനിക്കാത്ത മകനായി സൈദ് വളർന്നു മുഹമ്മദിനെയും തഥൈവ സ്വന്തം മാതാപിതാക്കളേക്കാൾ സൈദിനു യജമാനന്മാരെ ഇഷ്ടമായിരുന്നു വലിയ സ്നേഹവും ബഹുമാനവുമായിരുന്നു അത് കൊണ്ട് തന്നെ ആ സ്നേഹത്തണലിൽ അല്ലല്ലും അലട്ടലുമില്ലാതെ സൈദ് വളർന്നു
 
പ്രവാചകത്വം ലഭിക്കുന്നതിനു പത്തു വർഷം മുമ്പായിരുന്നു പിതാവിന്റെയും പിതൃസഹോദരന്റെയും വരവെന്ന് സൈദ് ഓർക്കുന്നു മുഹമ്മദ് അന്ന് കേവലം മക്കയിലെ അൽ അമീനാണ് പിന്നീടാണ് പ്രവാചകാനായി അല്ലാഹു നിയോഗിക്കുന്നത് 

സൽസ്വഭാവവും സൽശീലങ്ങളും സാംസ്കാരിക മൂല്യങ്ങളുമെല്ലാം സ്വാംശീകരിച്ചെടുക്കാൻ സൈദിന് ഈ ജീവിതത്തിലൂടെ സാധിച്ചു മാന്യ സ്വഭാവത്തിന്റെ മൂർത്തീമത്ഭാവമായിരുന്നു പ്രവാചകർ (സ) നബിപത്നിമാരിലേറ്റം പുണ്യവതിയും മഹൽ ഗുണസമ്പന്നയുമായിരുന്നു ബീവി ഖദീജ (റ) മഹോന്നതരായ മാതാപിതാക്കളുടെ സംസ്കരണത്തിലും പരിപാലനത്തിലും വളർന്നു മഹൽ ഗുണങ്ങളഖിലവും സ്വായത്തമാക്കാൻ സൈദിന് സൗഭാഗ്യം ലഭിച്ചെന്നു ചുരുക്കം 

താനെന്ത് കൊണ്ടാണു മാതാപിതാക്കളേക്കാൾ മുഹമ്മദിനെ തിരഞ്ഞെടുത്തതെന്ന് സൈദിനറില്ലായിരുന്നു ലോകാനുഗ്രഹിയും സകല സൃഷ്ടികളിലേക്കുള്ള ദൈവദൂതനുമാണ് തന്റെ പിതാവ് മുഹമ്മദ് (സ) യെന്ന് പിന്നീടാണ് സൈദ് തിരിച്ചറിയുന്നത് 

തന്നെ സ്നേഹിച്ച സൈദിനെ അതിലുപരിയായ തിരിച്ചും സ്നേഹിക്കാൻ പ്രവാചകർ (സ) പ്രത്യേകം ശ്രദ്ധിച്ചിരുന്നു 

'സ്വന്തം പിതാക്കളിലേക്കവരെ ചേർത്തു വിളിക്കുക ' എന്ന ഖുർആനിക സൂക്തം അവതരിക്കുന്നതുവരെ സൈദുബ്നു മുഹമ്മദ് എന്നായിരുന്നു പിന്നീട് പൂർവ്വ നാമം തന്നെ പ്രയോഗിച്ചു 

മുഹമ്മദ് (സ) ക്കു പ്രവാചകത്വം ലഭിച്ചപ്പോൾ സൈദ് ശങ്കിച്ചു നിന്നില്ല ആദ്യവിശ്വാസികളിൽ തന്നെ സൈദുബ്നു ഹാരിസ് (റ) ഉൾപ്പെട്ടു 
ചരിത്ര പണ്ഡിതനായ ഇബ്നു ഇസ്ഹാഖ് (റ) പറയുന്നു 'ഖദീജ ബീവിക്കു ശേഷം ഇസ്ലാം സ്വീകരിച്ചത് അലിയാകുന്നു അദ്ദേഹത്തിനു ശേഷം വിശ്വസിച്ചത് സൈദുബ്നു ഹാരിസയാണ് പിന്നീടാണ് അബൂബക്കർ സിദ്ദീഖ് (റ) ഇസ്ലാം പുൽകിയത് 

'ആദ്യകാല വിശ്വാസികളെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു അല്ലാഹുവെ അവരും തൃപ്തിപ്പെട്ടിരിക്കുന്നു' എന്ന ഖുർആനിക സൂക്തം സൈദ് (റ) നെ പോലോത്തവരുടെ മഹത്വം വിളിച്ചോതുന്നതാണ് 


സഖീഫിന്റെ കല്ലേറ്

പ്രവാചകൻ (സ) യുടെ താങ്ങും തണലുമായിരുന്ന രണ്ട് പേരാണ് വിടപറഞ്ഞിരിക്കുന്നത് പ്രിയ പത്നി ഖദീജാ ബീവി (റ) യും പിതൃവ്യൻ അബൂത്വാലിബും 

സൈദും ദുഃഖിതനാണ് സ്നേഹം മാത്രം തന്ന മാതാവാണ് ഖദീജാ ബീവി 
ഒരു മാതാവിന്റെ സ്ഥാനത്ത് നിന്ന് തന്നെ വളർത്തിയ യജമാനത്തിയുടെ വിരഹം സൈദിന് നികത്താനാവാത്ത നഷ്ടം തന്നെയായിരുന്നു 

ശിഅ്ബ് അബൂത്വാലിബ് മലഞ്ചെരുവിൽ വയറൊട്ടി ജീവിച്ച വർഷങ്ങളിലെ ഓർമ്മകൾ സൈദിന്റെ മനോമുകുരത്തിലേക്ക് തികട്ടിവന്നു മൂന്ന് വർഷക്കാലം അവിടെ കഴിഞ്ഞുകൂടേണ്ടിവന്നിട്ടുണ്ട് പ്രിയപ്പെട്ട പ്രവാചകൻ (സ) ന്റെയും ഖദീജാബീവി (റ) യുടെയുമൊപ്പം കണ്ണീരിൽ കുതിർന്ന ജീവിതം ഖുറൈശികൾ ബഹിഷ്കരണ മേർപ്പെടുത്തിയതു കാരണമാണ് അവിടെ നരകിച്ചു കഴിയേണ്ടി വന്നത് 

പച്ചിലകളും, കിട്ടാവുന്ന കായ്കനികളും ഭക്ഷിച്ച്, ഞെരുങ്ങിയാണവിടെ ജീവിതം തള്ളിനീക്കിയത് അന്ന് ഇത്തിരി മുന്തിരിയും ഭക്ഷണവും പലപ്പോഴും രുചിച്ചു നോക്കിയിട്ടുണ്ടെങ്കിൽ അത്  ഖദീജാ ബീവി (റ) നിമിത്തമായിട്ടായിരുന്നു 

ഖദീജാ ബീവി (റ) വിട പറഞ്ഞത് പുണ്യ റമസാൻ മാസത്തിലാണ് മാസം ഒന്ന് പിന്നിട്ടു ശവ്വാലിന്റെ പൊന്നമ്പിളി മാനത്ത് വന്ന് മന്ദഹസിച്ചു പക്ഷേ, പ്രവാചകർക്കും സൈദിനും മന്ധഹസിക്കാനായില്ല അവരുടെ ഹൃത്തടം നീറിപ്പുകയുകയാണ് ഒപ്പം മുസ്ലിംകളുടെയും 

പ്രിയപ്പെട്ടവർ വിട പറഞ്ഞാലും ദൗത്യനിർവ്വഹണത്തിൽ തളർന്നുകൂടാ തിരുനബി (സ) ഇസ്ലാം മത പ്രബോധനവുമായി സജീവ രംഗത്തിറങ്ങി അതോടെ ശത്രുക്കൾ പൂർവ്വോപരി ശക്തമായി അക്രമങ്ങൾ അഴിച്ചു വിട്ടു ഇരുവരും വിട പറഞ്ഞതിൽ പിന്നെ തടയാനാരുമില്ലല്ലോ ഒരു കൈ സഹായം കാത്ത് പ്രവാചകൻ (സ) മേലോട്ടു നോക്കി തിരുമനസ്സ് ചിന്താമഗ്നമായി 
ത്വാഇഫിലേക്ക് പോവാമെന്ന ചിന്തയാണപ്പോൾ തിരുമനസ്സിലുദിച്ചത്

പിതാവിന്റെ അമ്മാവന്മാരുടെ നാടാണ് ത്വാഇഫ് ബന്ധുക്കളായ അവർ തന്ന കൈയൊഴിക്കില്ല അവിടുന്ന് മനസ്സിൽ കരുതി ആശ്വാസംകൊണ്ടു 
ഫലസമൃദ്ധമായ ദേശമാണ് ത്വാഇഫ് ഈത്തപ്പന വൃക്ഷങ്ങളും റുമ്മാൻ മരങ്ങളും ഇടതൂർന്ന് നിൽക്കുന്ന തണുത്ത ഭൂമി, പടർന്ന് പന്തലിച്ചു കയറിയ മുന്തിരിവള്ളികളെ തലോടി വരുന്ന ഇളം തെന്നൽ ത്വാഇഫിൽ കുളിർ കോരിയിടുന്നു 

മക്കയിൽ നിന്ന് ഏറെ ദൂരെയാണ് ത്വാഇഫ് സൈദും പ്രവാചകരും പടിയിറങ്ങി മലകളും മണലാരണ്യങ്ങളും താണ്ടി അവർ മുന്നോട്ട് നീങ്ങി ദിവസങ്ങൾ നീണ്ട യാത്രക്കൊടുവിൽ അവർ ത്വാഇഫിലെത്തി ഈത്തപ്പനകളെ തലോടി വന്ന ഇളം തെന്നൽ അവർക്കുന്മേഷമായി പ്രവാചകരുടെ മനസ്സിൽ  പ്രതീക്ഷനാമ്പിട്ടു ബന്ധുക്കളെ സഖീഫ് ഗോത്രക്കാർ ത്വാഇഫിലെ പ്രമുഖ കുടുംബമാണ് ജനസ്വാധീനമുള്ള അവർ തന്നെ സഹായിച്ചേക്കും 

പ്രഗത്ഭനായ അംറുബ്നു ഉമൈർ, പിതാവ് അബ്ദുല്ലയുടെ അടുത്ത ബന്ധുവാണ് അംറിന്റെ സന്താനങ്ങളാണ് 'സഖീഫി' ലെ കാരണവന്മാരായ മസ്ഊദും ഹബീബും അബ്ദുയാലീലുമെല്ലാം സഖീഫിന്റെ അനിഷേധ്യരായ നായകന്മാരാണിവർ 

പ്രവാചകർ സൈദിനൊപ്പം 'സഖീഫ് ' ഗോത്രത്തിലേക്ക് നടന്നു നേരെ മസ്ഊദിന്റെ വീട്ടിലേക്ക് കയറിച്ചെന്നു അദ്ദേഹം പ്രവാചകനെ കണ്ട പാടെ വീടുനുള്ളിൽ കയറി കതകടച്ചു കളഞ്ഞു പലതവണ വിളിച്ചു കതകിൽ മുട്ടി പക്ഷേ, അയാൾ വാതിൽ തുറന്നില്ല 

പ്രവാചകൻ (സ) തിരിഞ്ഞു നടന്നു അബ്ദുയാലീലിനെ അന്വേഷിച്ചു സൈദ് പ്രവാചകന് ആശ്വാസ വാക്കുകൾ പകർന്ന് ധൈര്യം നൽകി വഴിയോരത്ത് വെച്ച് അപ്രതീക്ഷിതമായാണ് ബന്ധുവായ ഹബീബിനെ കണ്ടത് അയാൾ കണ്ണെടുക്കാതെ നബിയെ തുറിച്ചൊന്നു നോക്കി 

ആ നിർത്തം അൽപ സമയം നിന്നു  'ബന്ധുവാണെങ്കിലും നമ്മുടെ ദൈവങ്ങളെ തള്ളിപ്പറഞ്ഞവനാണവൻ ' എന്നു മുറുമുറുത്തു കൊണ്ട് പിന്നെ അവരെ കണ്ടില്ലെന്ന് നടിച്ചു അങ്ങനെ അയാൾ മറ്റൊരു വഴിയിലൂടെ ധൃതിയിൽ നടന്നു മറഞ്ഞു 

അബ്ദുയാലീലെങ്കിലും ഇത്തിരി കനിവ് കാണിക്കുമെന്നാ പ്രവാചകർ (സ) പ്രതീക്ഷിച്ചു പക്ഷേ, അതും അസ്ഥാനത്തായിരുന്നു പ്രവാചകൻ (സ) പുഞ്ചിരിയോടെ അബ്ദുയാലീലിനെ സമീപിച്ചു 

നബിയെ കണ്ടപാടെ അവന്റെ മുഖം ചുവന്നുതുടുത്തു ഈറ പിടിച്ചു രോഷം കൊള്ളുകയാണ് അബ്ദുയാലീൽ പ്രവാചകനും സൈദും ഇസ്ലാം മത പ്രചാരണവുമായി ത്വാഇഫിലെത്തിയ വിവരം നാട്ടിലാകെ അറിഞ്ഞു 
മസ്ഊദും ഹബീബും അബ്ദുയാലീലുമെല്ലാം ഒത്തുകൂടി കാര്യങ്ങൾ ചർച്ച ചെയ്തു മുഹമ്മദിന് യാതൊരു സഹായവും നൽകരുതെന്നവർ തീരുമാനിച്ചു ഉടനെ ആട്ടിയോടിച്ചില്ലെങ്കിൽ ഇവിടെയും ഇസ്ലാമിന്റെ വിത്ത് പാകുമെന്നവർ പ്രചരിപ്പിച്ചു 

അവർ അങ്ങാടിയിലിറങ്ങി ജനങ്ങളെ വിളിച്ചുകൂട്ടി കാര്യങ്ങൾ ധരിപ്പിച്ചു വിഷയം ഗൗരവത്തോടെ തന്നെ  കാണണമെന്നും അവരെ ഉടൻ ആട്ടിയോടിക്കണമെന്നും ജനങ്ങളെ ഉണർത്തി ജനമനസ്സിൽ രോഷാഗ്നി ആളിക്കത്തി 

അവർ കുട്ടികളെയും ഭ്രാന്തന്മാരെയും സംഘടിപ്പിച്ചു മുഹമ്മദിനെ കല്ലെറിഞ്ഞും അടിച്ചും നാട്ടിൽ നിന്ന് ആട്ടിപ്പുറത്താക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു 

പ്രവാചകർ (സ) യും സൈദും അൽപമകലെ മാറി നിൽക്കുകയായിരുന്നു പെട്ടെന്ന് അവർക്ക് നേരെ കല്ലുകൾ പറന്നു വന്നു ആക്രോശങ്ങളുമായി ജനങ്ങൾ അവരെ വളഞ്ഞു പ്രവാചകർക്കു നേരെ ചീറിപ്പാഞ്ഞു വരുന്ന കല്ലുകളും മറ്റും തടുക്കാൻ സൈദ് (റ) ശ്രമിച്ചു 

ജീവൻ അപായപ്പെടുമോയെന്ന് പോലും അവർ പേടിച്ചു ഒടുവിൽ ജീവനും കൊണ്ടവരോടി 


കഥ പറയുന്ന മുന്തിരിക്കുലകൾ

കൂക്കുവിളിയും അസഭ്യം പറച്ചിലുമായി ത്വാഇഫുകാർ അവരെ പിന്തുടർന്നു കല്ലേറും നടത്തി നബി തിരുമേനിക്ക് ഒരാപത്തും വരാതിരിക്കാൻ സൈദ് വളരെ പാടുപെട്ടു അവർ അതിവേഗം 'സഖീഫ് ' വിട്ടു കടന്ന് മുന്നോട്ട് നീങ്ങി 

തിരിഞ്ഞു നോക്കിയപ്പോൾ ആശ്വാസമായി ശത്രുക്കളാരും 
പിന്തുടരുന്നില്ലെന്നവർ  മനസ്സിലാക്കി നബി (സ) ക്ക് ഏറു തട്ടാതിരിക്കാൻ തന്റെ ശരീരം കൊണ്ട് മറച്ചു പിടിച്ചതു കാരണം സൈദിന്റെ ശിരസ്സിൽ സാരമായ മുറിവേറ്റിരുന്നു ആ മുറിവുകളിലൂടെ രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു 

അതൊന്നും പ്രശ്നമാക്കാതെ സൈദ് തിരുനബി (സ യുടെ ശരീരം സസൂക്ഷ്മം പരിശോധിച്ചു നബിക്കെന്തെങ്കിലും പിണഞ്ഞോ എന്ന വേവലാതിയായിരുന്നു സൈദിന് നബി (സ) യുടെ പുണ്യ പാദങ്ങളിൽ നിന്നും രക്തം വാർന്നൊഴുകുന്നത്  കണ്ട് സൈദ് (റ) വിന്റെ കണ്ണുകൾ നിറഞ്ഞു കണ്ഠമിടറി 
പ്രവാചകർ (സ) യുടെ നയനങ്ങൾ നിറഞ്ഞു തുളുമ്പി വേദന അസഹ്യമായിത്തോന്നി ഒരുകൈ കൊണ്ട് രക്തവും മറുകൈക്കൊണ്ട് കണ്ണീരും തുടച്ചു കൊണ്ട് പ്രവാചകനെ സൈദ് സഹായിച്ചു 

ആ വേദനയിൽ ആശ്വസിപ്പിച്ചും സുശ്രൂഷകൾ ചെയ്തു സൈദ് പ്രവാചകരെ സേവിച്ചു 

സ്വന്തം കുടുംബക്കാരിൽ നിന്നേൽക്കേണ്ടിവന്ന അപമാനം പ്രവാചകന് താങ്ങാവുന്നതിലപ്പുറമായിരുന്നു വാനലോകത്ത് നിന്നും മാലാഖമാർ ഇത് കണ്ടു പ്രതിഷേധിച്ചു ജിബ്രീൽ (അ) നബി (സ) യെ സമീപിച്ചു 'പ്രവാചകരേ അങ്ങേക്ക് അനുമതിയുണ്ടെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ ഈ സമൂഹത്തെ ഞാൻ ഭൂമിക്കടിയിലാക്കാം....' 

'വേണ്ട വേണ്ട..... നാഥാ, വിവരമില്ലാത്തവരാണിവർ, ഇവർക്കു നീ മാപ്പ് കനിഞ്ഞെകണേ....' 

ഏറെ നടന്നശേഷം വിജനമായ മരുഭൂമിയിൽ ഒരു വൃക്ഷച്ചുവട്ടിലവരിരുന്നു ആശ്വാസത്തോടെ ദീർഘ ശ്വാസമയച്ചു 

ശക്തമായ വിശപ്പുണ്ട് പ്രവാചകന് നേരാംവണ്ണം ഭക്ഷണം കഴിച്ചിട്ടേറെ ദിനങ്ങൾ പിന്നിട്ടിരുന്നു കഠിനമായ ദാഹവുമുണ്ട് തെണ്ടിപ്പിള്ളേരുടെ കല്ലേറേൽക്കാതിരിക്കാൻ ഏറെ ഓടേണ്ടി വന്നിട്ടുണ്ട് മരുഭൂമിയാണെങ്കിൽ ചുട്ടുപൊള്ളുന്നുമുണ്ട്  

പ്രവാചകൻ നാല് ഭാഗത്തേക്കും നോക്കി അല്പമകലെ അതിമനോഹരമായ ഒരു മുന്തിരിത്തോട്ടം മുന്തിരിത്തോപ്പിനെ  തഴുകിയെത്തുന്ന മന്ദമാരുതൻ അവർക്കാശ്വാസം പകർന്നു 

ഖുറൈശി പ്രമുഖനും പ്രവാചകരുടെ ബദ്ധവൈരിയുമായ റബീഅതുബ്നു  അബ്ദുശംസിന്റേതാണ് ആ തോട്ടം മക്കളായ ഉത്ബയും ശൈബയും തോട്ടത്തിൽ അടിമകളെക്കൊണ്ട് പണിയെടുപ്പിക്കുകയാണ് 
അതിനിടയിലാണ് വൃക്ഷച്ചുവട്ടിൽ തനിച്ചിരിക്കുന്ന രണ്ടുപേർ അവരുടെ ശ്രദ്ധയിൽപെട്ടത് സൂക്ഷിച്ചു നോക്കിയപ്പോൾ ഒന്ന് മുഹമ്മദാണെന്ന് അവർക്ക് മനസ്സിലായി  

അവരുടെ മനസ്സലിഞ്ഞു കരിമ്പാറക്കെട്ടിനിടയിലും നീരുറവ കിനിഞ്ഞിറങ്ങിവരാറുണ്ടല്ലോ  ഏത് കഠിനശത്രുവിന്റെയും മനസ്സിൽ ചില നിമിഷങ്ങളിൽ സ്നേഹാർദ്രമായ നീരുറവ ഒഴുക്കാറുണ്ട് 

'പാവം മുഹമ്മദ്..... അവൻ തളർന്നിരിക്കുകയാണ് ആ മുഖത്ത് നല്ല ക്ഷീണം നിഴലിച്ച് കാണുന്നു' അവർ പരസ്പരം പറഞ്ഞു 

തോട്ടത്തിലെന്തോ തിരക്കിട്ട് പണിയെടുത്തു കൊണ്ടിരിക്കുകയാണ് ഉത്ബയുടെ അടിമ അദ്ദാസ് അദ്ദാസ് ക്രിസ്തുമത വിശ്വാസിയാണ് 
അവർ അദ്ദാസിനെ വിളിച്ചു പറഞ്ഞു: 

നോക്കൂ.... അതാ അവിടെ വൃക്ഷച്ചുവട്ടിൽ രണ്ടാളിരിക്കുന്നു നീ അല്പം പഴുത്ത മുന്തിരി പറിച്ചെടുത്ത് ഈ കൊട്ടയിലാക്കി അവർക്ക് കൊടുക്കണം അത് കഴിച്ചു കൊള്ളാൻ പറഞ്ഞു ഉടനെ തിരിച്ചു പോരുകയും വേണം' 

അദ്ദാസ് ഇടതൂർന്ന് നിൽക്കുന്ന തോട്ടത്തിലേക്ക് നോക്കി പടർന്നു പന്തലിച്ചുനിൽക്കുന്ന മുന്തിരിവള്ളികളിൽ തൂങ്ങിനിൽക്കുന്ന പച്ചയും പഴുത്തതും ചെനച്ചതുമായ മുന്തിരിക്കുലകൾ 

നന്നായി പഴുത്ത മുന്തിരി പറിച്ചെടുത്ത് അദ്ദാസ് കൊട്ടയിലിട്ടു ധൃതിയിൽ അവർക്കരികിലേക്ക് നടന്നു യജമാനന്റെ കല്പനകളത്രയും നിർവ്വഹിക്കാൻ വിധിക്കപ്പെട്ട അടിമയാണ് അദ്ദാസ് 

ഉത്ബയുടെയും  ശൈബയുടെയും നയനങ്ങൾ അദ്ദാസിനെ പിന്തുടർന്നു അവർ അദ്ദാസിനെ നീരിക്ഷിക്കുന്നുണ്ടായിരുന്നു  

യജമാനന്റെ കല്പനപ്രകാരം അദ്ദാസ് മുന്തിരിക്കൊട്ട പ്രവാചകന്റെ മുന്നിൽവെച്ചു മുന്തിരിക്കുലയിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു: 
'കഴിച്ചോളൂ....' 

വിശന്നുവലഞ്ഞ പ്രവാചകർ അല്ലാഹുവിന് നന്ദിരേഖപ്പെടുത്തി നിസ്സഹായനായി മരുഭൂമിയിലെ ഏകാന്തതയിൽ 
തളർന്നവശനായിരിക്കുമ്പോഴും തന്നെ കൈവിടാതെ സഹായിച്ച അല്ലാഹുവിനെ സ്തുതിച്ചു 

പ്രവാചകർ (സ) മുന്തിരി കയ്യിലെടുത്തു 'ബിസ്മില്ലാഹി റഹ്മാനിർറഹീം....' എന്നു ഉരുവിട്ട് കൊണ്ട് മുന്തിരി ഭക്ഷിക്കാൻ തുടങ്ങി  

'ബിസ്മി' കേട്ടപ്പോൾ അദ്ദാസിന് അത്ഭുതം, തിരുമുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി നിന്നു അദ്ദാസ് 


അദ്ദാസിന്റെ സത്യസാക്ഷ്യം

അദ്ദാസ് മനസ്സ് തുറന്നു 

'അല്ലാഹുവാണെ സത്യം, ഇന്നാട്ടുകാർ ഒരിക്കലും മൊഴിയാത്ത വാക്കുകളാണല്ലോ താങ്കൾ ഉരുവിടുന്നത്.....?

പ്രവാചകൻ ദീർഘശ്വാസം വലിച്ചു അവിടുന്ന് അന്വേഷിച്ചു 
'നിങ്ങളുടെ നാട് എവിടെയാണ്?' 

'ഞാൻ നീനവാ സ്വദേശിയാണ് ' 

'നിങ്ങളുടെ മതം?' 

'ക്രിസ്തു മത വിശ്വാസിയാണ് ' 

'സദ് വൃത്തനായ യൂനുസിന്റെ നാട്ടുകാരാണല്ലോ....?' 

അദ്ദാസിന് വിസ്മയം തളർന്നവശനായിരിക്കുന്ന ഈ പാവം മനുഷ്യന് എന്റെ നാട്ടുകാരെയെല്ലാം പരിചയമുണ്ടെന്നോ അദ്ദാസ് ഉള്ള് തുറന്ന് ചോദിച്ചു 
'യൂനുസിനെക്കുറിച്ച് താങ്കൾക്ക് എന്തറിയാം?' 

'അദ്ദേഹം എന്റെ സഹോദരനാണ് ഞാൻ ഒരു പ്രവാചകനാണ് അദ്ദേഹം ഒരു പ്രവാചകനായിരുന്നു ' 

അദ്ദാസിന്റെ മനസ്സ് ചലിച്ചു തുടങ്ങി ഉടനെ പ്രവാചകരുടെ പാദങ്ങളിൽ വീണു പുണ്യ പ്രവാചകരുടെ ശിരസ്സും കൈകാലുകളും ചുടുചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു അങ്ങനെ  അദ്ദാസ് സത്യസാക്ഷ്യം മൊഴിഞ്ഞ് മുസ്ലിംമായിത്തീർന്നു 

അദ്ദാസിന് അത്മനിർവൃതി മനസ്സിന് എന്തെന്നില്ലാത്ത ആനന്ദം ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം കൈവരിക്കാൻ ദൈവം കനിഞ്ഞരുളിയ അവരമായിരുന്നു ഈ കൂടിക്കാഴ്ച അദ്ദാസിന്റെ സത്യസാക്ഷ്യത്തിന് ത്വാഇഫ് യാത്ര അല്ലാഹു ഒരു നിമിത്തമാക്കിയെന്നു മാത്രം  

രംഗങ്ങളോരോന്നും നോക്കി നിൽക്കുകയാണ് മുതലാളിമാരായ ഉത്ബയും ശൈബയും 'അടിമയെ അദ്ദേഹം വഴിപിഴപ്പിച്ചിരിക്കുന്നു....' അവർ പരസ്പരം പിറുപിറുത്തു 

അദ്ദാസ് തിരിച്ചെത്തിയപ്പോൾ യജമാനരുടെ മുഖം ചുവന്നുതുടുത്തു കോപം പൂണ്ടു കൊണ്ട് അവർ ഗർജ്ജിച്ചു 

'അദ്ദാസ് നിനക്ക് നാശം ഭവിക്കട്ടെ ആ മനുഷ്യന്റെ ശിരസ്സും കൈകാലുകളും നീയെന്തിന് ചുംബിക്കണം? നിയെന്തിനാണാ പാദങ്ങളിൽ വീണത്?' 
അദ്ദാസും വിട്ടുകൊടുത്തില്ല തന്റെ മനസ്സിൽ തട്ടിയ ഹിദായത്തിന്റെ വെട്ടം പ്രകാശിപ്പിച്ചുകൊണ്ട് അദ്ദാസ് പറഞ്ഞു 

'യജമാനരേ... ഇദ്ദേഹത്തേക്കാൾ വലിയൊരു പുണ്യാത്മാവ് ഈ ഭൂമുഖത്തില്ല തന്നെ പ്രവാചകർക്ക് മാത്രം അറിയാൻ കഴിയുന്ന ചില വിവരങ്ങൾ അദ്ദേഹം എനിക്ക് പകർന്നു തന്നിരിക്കുന്നു ' 

സത്യപ്രസ്ഥാനത്തിലേക്ക് ഒരാൾ കൂടി കടന്നുവന്നപ്പോൾ സൈദിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു ത്വാഇഫുകാർ എല്ലാവരും തങ്ങളെ ആട്ടിയോടിച്ചപ്പോൾ ഒരാളെങ്കിലും മുസ്ലിമായത് സൈദിന്റെ പാദങ്ങൾക്ക് കരുത്തേകി ആ മനസ്സിൽ അവർണ്ണനീയമായ ആനന്ദഹർഷം 

തനിക്കൊപ്പം വൃക്ഷച്ചുവട്ടിലിരിക്കുന്ന പുണ്യപ്രവാചകൻ (സ) യെ സൈദ് സസൂക്ഷ്മം നോക്കി തിരുമുഖത്ത് സാരമായ ക്ഷീണം പ്രകടമായി കാണും ത്വാഇഫിലേക്കുള്ള ദിവസങ്ങൾ നീണ്ട യാത്ര കല്ലേറ് കാരണം ജീവനും കൊണ്ടോടിയ ക്ഷീണം അസ്വസ്ഥതയോടെ ചുട്ടുപൊള്ളുന്ന മരുപ്പറമ്പിലെ താമസം 

ആയതിനാൽ തിരുനബി (സ) നന്നേ തളർന്നവശനായിത്തീർന്നിരിക്കുന്നു 
വേദന നിറഞ്ഞ മനസ്സിൽ നിന്നും അല്ലാഹുവിന്റെ ദർബാറിലേക്ക് പ്രാർത്ഥനകൾ ഉയർന്നു കദനം  മുറ്റിയ ഖൽബിൽ നിന്നും വേദനകൾ നനഞ്ഞ് കുതിർന്ന അപേക്ഷ 

'നാഥാ.... കാരുണ്യത്തിന്റെ സാഗരമായ നാഥാ..... എന്റെ ദൗർബല്യങ്ങളും, ആസൂത്രണത്തിലെ കുറവും ജനങ്ങളുടെ മുന്നിൽ നിന്ദ്യനാവുന്ന അവസ്ഥയും ഞാൻ നിന്നോട് പരിഭവപ്പെടുന്നു ദുർബ്ബലരുടെ രക്ഷിതാവായ നീ തന്നെയാണ് എന്റെ റബ്ബ് 

നാഥാ.... നീ എന്നെ.... ആരിലേക്കാണ് ഏൽപിച്ചുകൊടുക്കുന്നത്? അങ്ങ് വിദൂരതയിൽ മുഖം ചുളിച്ചു നീരസം പ്രകടിപ്പിക്കുന്നവരിലേക്കാണല്ലോ....? 

ഇനി ശത്രു കാപാലികർക്ക് എന്റെ മേൽ നീ.... ആധിപത്യം നൽകുകയാണോ...? 

പ്രവാചകർ (സ) യുടെ നയനങ്ങൾ നിറഞ്ഞു രണ്ടിറ്റ് കണ്ണുനീർതുള്ളികൾ ആ മടിത്തട്ടിലേക്കുരുണ്ടുവീണത് സൈദ് കണ്ടു ദീർഘാശ്വാസം വലിച്ച് ഒരു നെടുവീർപ്പോടെ തിരുനബി (സ) റബ്ബിനോട് പറഞ്ഞു 

'നാഥാ.... നിനക്കെന്നോട് കോപം തോന്നിയിട്ടില്ലെങ്കിൽ ഇതിന്റെ പേരിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല എന്നാൽ എന്നോടുള്ള നിന്റെ സ്നേഹം എനിക്ക് രോമഹർഷമാണ് നാഥാ... ഇരുൾമുറ്റിയിടത്ത് പ്രകാശം പരത്തിയ നിന്റെ 'നൂറ് വജ്ഹ് ' മുൻനിർത്തി ഞാൻ വിമോചനത്തിനർത്ഥിക്കുകയാണ് നാഥാ.... 

ഭൗതികവും പാരത്രികവുമായ എന്റെ എല്ലാ കാര്യങ്ങളും നീ ശരിപ്പെടുത്തണേ....

നിന്റെ അതൃപ്തിയിറങ്ങി കോപത്തിന്  പാത്രമാവുന്നതിൽ നിന്ന് എന്നെ നീ മോചിപ്പിക്കേണമേ.... മതിവരുവോളം സംതൃപ്തി കനിയുന്നവൻ നീ തന്നെയാണ് നിനക്കാണ് പരമ ശക്തിയും കഴിവും ' 

തിരുനബി (സ) യുടെ  പ്രാർത്ഥന ശ്രവിച്ച സൈദിന്റെ കവിളിലൂടെ ഉപ്പു രസമുള്ള നീർത്തുള്ളികൾ ചാലിട്ടൊഴുകാൻ തുടങ്ങി പ്രവാചകരുടെ വളർത്തു പുത്രനായ പൊന്നുമോനല്ലേ സൈദ് പിന്നെങ്ങിനെ ഇതെല്ലാം സഹിച്ചിരിക്കും....? 

സൈദ് എഴുന്നേറ്റ് വസ്ത്രത്തിൽ പറ്റിപ്പിടിച്ച മണൽതരികൾ തട്ടിക്കുടഞ്ഞ് തിരുമുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി നിന്നു പ്രവാചകരും സൈദിനെത്തന്നെ നോക്കി സൈദിന് സാരമായി എന്തോ ചോദിക്കാനുണ്ടെന്ന് തിരുമനസ്സറിഞ്ഞപ്പോൾ പറഞ്ഞു 

'നമുക്കിനി മക്കയിലേക്ക് തന്നെ തിരിച്ചു പോവണ്ടേ...? 

'തങ്ങൾ ഇനിയെങ്ങിനെയാണ് മക്കയിലെ ജനങ്ങൾക്കിടയിലേക്ക് കടന്നുചെല്ലുക? അവർ തങ്ങളെ ആട്ടിപ്പുറത്താക്കില്ലേ....?' 

സൈദിന്റെ ഖൽബിലെ വേദനാജനകമായ ഗദ്ഗദം തിരുമനസ്സിനെ തരിപ്പിച്ചു 
'മോനേ, സൈദേ...., മുന്നിൽ കാണുന്ന പ്രശ്നങ്ങൾക്കെല്ലാം അല്ലാഹു ഒരു ആശ്വാസമാർഗ്ഗവും നിവൃത്തിയും കാണിച്ചുതരിക തന്നെ ചെയ്യും അല്ലാഹു അവന്റെ മതത്തിന്റെ വിഷയത്തിൽ പൂർണ്ണമായും സഹായിക്കുമെന്ന് തീർച്ചയാണ് ' 

അവർ വൃക്ഷച്ചുവട്ടിൽ നിന്നെഴുന്നേറ്റു ചുട്ടുപൊള്ളുന്ന മണൽക്കാട്ടിലൂടെ യാത്ര തുടങ്ങി സ്വന്തം ബന്ധുക്കളിൽ നിന്നേറ്റ മർദ്ദനഭാരം പേറി, മക്കയെ മുന്നിൽക്കണ്ട് ഇരുവർ സംഘം പ്രയാണം തുടർന്നു 


മോഹത്തിന്റെ മുല്ലമൊട്ടുകൾ

വിശുദ്ധ മക്കയുടെ അഭിമാനപ്പതക്കമാണ് കഅ്ബാലയം തല  ഉയർത്തിനിൽക്കുന്ന കഅ്ബയുടെ നാലുഭാഗത്തും ഈത്തപ്പനത്തോട്ടങ്ങൾ ഇടതൂർന്ന് നിൽക്കുന്നു 

കഅ്ബയുടെ ഇടതുഭാഗത്താണ് തിരുനബി (സ) യുടെ വീട് അവിടെയുള്ള ഒരു കൊച്ചറയിൽ പ്രവാചകൻ (സ) ധ്യാനനിരതനായി ദിനരാത്രങ്ങൾ കഴിച്ചുകൂട്ടുക പതിവായിരുന്നു 

അന്ന് പ്രവാചകൻ വീട്ടുമുറ്റത്ത് നിൽക്കുകയാണ് തീരെ വിഷണ്ണനാണ് മനംനിറയെ ചിന്തകൾ ആ മുഖത്തേക്കുറ്റുനോക്കി നിൽക്കുന്നു സൈദ് അബൂത്വാലിബിന്റെയും ഖദീജ ബീവിയുടെയും വിരഹം വരുത്തിത്തീർത്ത വേദനക്ക് പുറമെ ത്വാഇഫുകാർ അപമാനിച്ചതും മർദ്ദിച്ചതും ആ വലിയ മനസ്സിനെ നൊമ്പരപ്പെടുത്തിയിട്ടുണ്ടാവും 

സൈദ് ഉപ്പയെപ്പോലെയാണ് പ്രവാചകനെ കണ്ടത് ജനങ്ങൾ വിളിച്ചിരുന്നതും സൈദുബ്നു മുഹമ്മദ് എന്നായിരുന്നല്ലോ  വിശുദ്ധ ഖുർആൻ അവതരിപ്പിച്ചപ്പോഴാണ് ഇത് തിരുത്തപ്പെട്ടത് അന്ന് പ്രവാചകൻ ജനങ്ങളെ വിളിച്ചുകൂട്ടി പ്രഖ്യാപിച്ചു: 

'മുസ്ലിം സമൂഹമേ, 'സൈദുബ്നു മുഹമ്മദ് ' ഇന്നു മുതൽ 'സൈദുബ്നു ഹാരിസ'യാണ് ' ജനങ്ങൾ പിന്നീട് അങ്ങനെയാണ് തന്നെ വിളിച്ചിരുന്നത് അതെ, സ്വന്തം പിതാവിലേക്ക് ചേർത്തുള്ള പേര് - സൈദുബ്നു ഹാരിസ 

കൂട്ടുകാരനായ അബ്ദുല്ലാഹിബ്നു ഉമർ (റ) സൈദിനെക്കുറിച്ച് അനുസ്മരിക്കുന്നു ഞങ്ങൾ ആദ്യം സൈദുബ്നു മുഹമ്മദ് എന്നായിരുന്നു വിളിക്കാറ് പിതാവിലേക്ക് ചേർത്തി വിളിക്കാനുള്ള വിശുദ്ധ ഖുർആൻ സൂക്തം അവതരിച്ച നാൾ മുതൽ സൈദുബ്നു ഹാരിസ എന്നു വിളിക്കാൻ തുടങ്ങി  

പ്രവാചകർക്ക് സൈദിനെ വലിയ ഇഷ്ടമായിരുന്നു കളിക്കാനും കുളിക്കാനും എന്നുവേണ്ട എല്ലാ സന്ദർഭത്തിലും സൈദിന് പ്രവാചകനെ വേണം പ്രവാചകർക്കും തഥൈവ നുബുവ്വത്തിന്റെ അഞ്ചാം വർഷം മക്കയിലെ പീഡനങ്ങൾ അസഹ്യമായതിനാൽ പല മുസ്ലിംകളും എത്യോപ്യയിലേക്ക് പലായനം നടത്തിയിരുന്നു 

പത്ത് പുരുഷന്മാരും നാല് സ്ത്രീകളുമടങ്ങുന്ന പ്രസ്തുത സംഘത്തിൽ പുറപ്പെടാൻ സൈദ് (റ) വിസമ്മതിച്ചു 

മക്കയിൽ ജീവിക്കാൻ നിവൃത്തിയില്ലാത്തവിധം മർദ്ദനം വർദ്ധിച്ചതു കാരണം രണ്ടു വർഷത്തിനു ശേഷം മറ്റൊരു സംഘംകൂടി അവിടേക്ക് പുറപ്പെട്ടു എൺപത്തിമൂന്ന് പുരുഷന്മാരും പതിനെട്ടോളം സ്ത്രീകളും നബിയുടെ ഓമന പുത്രി റുഖിയ്യ ബീവിയും മരുമകൻ ഉസ്മാനുബ്നു അഫ്ഫാനുമെല്ലാം മക്ക വിട്ട് എത്യോപ്യയിലേക്ക് മാറിത്താമസിച്ചു 

പക്ഷേ, സൈദ് പോകാൻ കൂട്ടാക്കിയില്ല ശത്രുക്കളുടെ മർദ്ദനങ്ങൾ പലതും സഹിക്കേണ്ടിവന്നു സൈദിന് എത്യോപ്യയിൽ പോയാൽ സ്വസ്ഥമായി ജീവിക്കാം; സമാധാനത്തോടെ അന്തിയുറങ്ങാം....... 

പക്ഷേ, പ്രവാചകരെ വിട്ട് ജീവിക്കുന്നതോർക്കാൻ പോലും സൈദിന് സാധിച്ചില്ല അത്രയ്ക്കും തിരുനബി (സ) യെ അദ്ദേഹം സ്നേഹിച്ചിരുന്നു 
പ്രവാചകൻ തന്റെ സ്നേഹം സൈദിനോട് തുറന്നു പറഞ്ഞിരുന്നു സ്നേഹിക്കുന്നവർ സ്നേഹിക്കപ്പെടുന്നവരെ തന്റെ സ്നേഹം അറിയിക്കണമെന്നാണ് പ്രവാചകരീതി 

തിരുനബി (സ) ഒരിക്കൽ സൈദിനെ അരികിൽ വിളിച്ചു പറഞ്ഞു: 'മോനേ സൈദേ, നീ എന്നിൽ പെട്ടവനാണ്  എന്നിലേക്കുള്ളവനാണ് ജനങ്ങളിലെനിക്കേറ്റവും ഇഷ്ടപ്പെട്ടവൻ നീയാണ് '
 
മറ്റൊരിക്കൽ പ്രവാചകൻ പറഞ്ഞു: 'നീ ഞങ്ങളുടെ സഹോദരനാണ് ' 
വിശുദ്ധ ഇസ്ലാമിനെ അതിന്റെ ആരംഭദശയിൽ തന്നെ വിശ്വസിച്ച് അംഗീകരിക്കാനും നബിക്കൊപ്പമുള്ള ജീവിതത്തിലൂടെ ദീനിനെ പൂർണ്ണാർത്ഥത്തിൽ അറിഞ്ഞ് ഉൾക്കൊള്ളാനും സൈദിന് അല്ലാഹു അനുഗ്രഹം നൽകിയിരുന്നു 

ഈ രണ്ട് അനുഗ്രഹവും സിദ്ധിച്ച മഹാസൗഭാഗ്യവാനായിരുന്നു സൈദുബ്നു ഹാരിസ (റ) 

സൈദ് വളർന്നു വലുതായി സുന്ദരനും സുമുഖനുമായ യുവാവായി ആരെയും ആകർഷിക്കുന്ന ഒരു  വശ്യതയുണ്ടായിരന്നു സൈദിന് 

സൈദിന് നല്ല ഒരിണയെ കണ്ടെത്താൻ ഒരു പിതാവിന്റെ ശുഷ്കാന്തിയോടെ തിരുനബി പരിശ്രമിച്ചു സൈദിന് പൂർണ്ണമായും ഇഷ്ടപ്പെട്ടവളാകണം അവൾ  തന്റെ സമ്മർദ്ദവും നിയന്ത്രണവും സൈദിന്റെ മധുര ദാമ്പത്യത്തിന് വിഘാതമാവരുതെന്ന് തിരുനബിക്ക് കണിശതയുണ്ടായിരുന്നു 

ഒരു ദിവസം അനുയായികളോട് തിരുനബി (സ) പറഞ്ഞു: 
'സ്വർഗ്ഗാവകാശികളിൽപ്പെട്ട ഒരു പെൺതരിയെ വിവാഹം ചെയ്ത് സംതൃപ്തവും സന്തോഷകരമായ ജീവിതം നയിക്കാൻ കൊതിക്കുന്നവർ ഉമ്മുഐമനെ വിവാഹം ചെയ്തു കൊള്ളുക' 

ആ സദസ്സിൽ സൈദുമുണ്ടായിരുന്നു അദ്ദേഹത്തിന്റെ മനോമുകുരത്തിൽ മോഹത്തിന്റെ മുല്ലമൊട്ടുകൾ പതിഞ്ഞു ആ സ്വർഗ്ഗാവകാശിയെ തനിക്കു സ്വന്തമാക്കിക്കൂടേ? പക്ഷേ.... എഴുന്നേറ്റുചെന്ന് തിരുനബിയോടത് പറയാൻ ലജ്ജ 

ഉമ്മുഐമൻ

സൈദ് ചിന്താനിമഗ്നാണ് മനസ്സ് ചിറകിട്ടടിച്ച് വിഹായസ്സിലേക്ക് പറന്നുയരാൻ ശ്രമിക്കുന്നു ഉമ്മുഐമൻ, അവരെ വിവാഹം നടത്തുന്നവർ ഒരു സ്വർഗീയ തരുണിയെയാണ് വിവാഹം കഴിക്കുന്നത് ജീവിതത്തിന്റെ പരമ ലക്ഷ്യത്തിലേക്കുള്ള കാൽ വെപ്പാകും ഈ ദാമ്പത്യ ജീവിതം 

തിരുനബി (സ) യുടെ വാക്ക് ഒരിക്കലും പുലരാതിരിക്കില്ല അത് അസ്ഥാനത്താവാനും പാടില്ല 

സൈദ് ഏറെ ചിന്തിച്ചില്ല അവരെ വിവാഹം നടത്താൻ താൽപര്യം പ്രകടിപ്പിച്ച് കൊണ്ട് നബി തിരുമേനിയെ കണ്ടു കാര്യങ്ങൾ തുറന്നു പറഞ്ഞു 

പ്രവാചകൻ (സ) അതിരറ്റ സന്തോഷത്തോടെയാണാ വാക്കുകൾ ശ്രവിച്ചത് സൈദിന് ഉമ്മുഐമനെ പരിചയപ്പെടുത്തിയ ശേഷം നിറപുഞ്ചിരിയോടെ പ്രതിശുത വരനെ തിരുനബി (സ) അനുഗ്രഹിച്ചു 

ഉമ്മുഐമന്റെ യഥാർത്ഥ പേര് ബറകത് ബിർതു  സഅ്ലബ എന്നാണ് നബി (സ) ക്ക് പിതാവിന്റെ അനന്തര സ്വത്തായി ലഭിച്ചതാണവർ ജനനം മുതൽ മരണം വരെ പ്രവാചകരെ സേവിക്കാൻ സൗഭാഗ്യം സിദ്ധിച്ച ഏക സ്വഹാബീ വനിത
 
ആമീന ബീവി മദീനയിലേക്ക് നബിയെയും കൂട്ടി പുറപ്പെട്ടു അബ്ദുല്ലായുടെ ഖബറിടം സിയാറത് ചെയ്യണം ബനൂ നജ്ജാർ ഗോത്രത്തിലെ അമ്മാവന്മാരെ സന്ദർശിക്കണം അന്ന് അവർക്കൊപ്പം ഉമ്മുഐമനും പുറപ്പെട്ടിരുന്നു ഒരു മാസക്കാലം അവിടെ അവർ കഴിച്ചുകൂട്ടി 

അതിനിടയിലുണ്ടായ ഒരുപാട് ഓർമ്മകൾ ഉമ്മുഐമൻ പിന്നീട് കൂട്ടുകാരികളുമായി പങ്കുവെച്ചിരുന്നു നബിയുടെ വീട്ടിലാണവരുടെ തമാസം 
നാനൂറോളം മീറ്ററുകൾ താണ്ടിയുള്ള മദീനയിലേക്കുള്ള യാത്രാ അനുഭവങ്ങൾ ഉമ്മു ഐമനും ആമീന ബീവിയും അമ്മാവന്മാരുടെ വീട്ടുകാരുമായി പങ്കുവെച്ചു 

വഴിയോരത്തുള്ള ഒരു  മരച്ചുവട്ടിൽ വാഹനമിറങ്ങി നല്ല ക്ഷീണമുണ്ട് ഒട്ടകത്തെ മേയാൻ വിട്ടു അവർ മരച്ചുവട്ടിലിരുന്ന് ദാഹമകറ്റി ദൂരെ നിന്ന് ഒരാൾ നടന്ന് വരുന്നത് ഉമ്മു ഐമൻ ശ്രദ്ധിച്ചു 

അയാൾ അടുത്തെത്തി കൂടെയുള്ള കുട്ടിയെ ആപാദച്ചുഢം നോക്കി ചോദിച്ചു 
'മോനേ, നിന്റെ പേര്?' 

'അഹ്മദ് ' 

'ഞാനൊരു ജൂതനാണ് ' ഉമ്മു ഐമനെയും ആമിന ബീവിയെയും അയാൾ സ്വയം പരിചയപ്പെടുത്തി കുട്ടിയുടെ മുതുക് ഭാഗം സുസൂക്ഷ്മം നിരീക്ഷിച്ച ശേഷം അയാൾ പറഞ്ഞു 'ഈ സമൂഹത്തിലേക്കുള്ള പ്രവാചകനാണീ കുട്ടീ ' ആ വാക്കുകൾ കേട്ട് ഇരുവരും മുഖത്തോട് മുഖം നോക്കി അവരുടെ മുഖകമലങ്ങളിൽ ആശ്ചര്യത്തിളക്കമുണ്ടായിരുന്നു 

നബിയുടെ വീട്ടിൽ താമസിക്കുന്ന ദിനങ്ങൾ ഒരു മധ്യാഹ്ന സമയത്ത് രണ്ട് ജൂതന്മാർ വീട്ടിൽ വന്നു 'അഹ്മദിനെ ഞങ്ങൾക്കൊന്ന് കാണിച്ചു തന്നാലും ' ഉമ്മുഐമനോടാണവരിത് പറഞ്ഞത് 

ഉമ്മുഐമൻ അകത്തേക്ക് ചെന്നു വിവരങ്ങൾ പറഞ്ഞു പ്രവാചകന്റെ കൈപിടിച്ച് കൊണ്ട് ഉമ്മുഐമൻ വീട്ടുവരാന്തയിലെത്തി ജൂതന്മാർക്ക് അവരുടെ വേദങ്ങളിൽ അഗാധജ്ഞാനമുണ്ടായിരുന്നു അവർ കുട്ടിയെ അരികിൽ നിർത്തി അടിമുടി സശ്രദ്ധം നോക്കി സന്തോഷത്തോടെ വാരിപ്പുണർന്ന് ചുടുചുംബനങ്ങൾ നൽകി വീട്ടുകാരെ വിളിച്ച് അവർ പറഞ്ഞു: 

'ഈ സമൂഹത്തിലേക്കുള്ള പ്രവാചകനാണീ കുഞ്ഞ് ഈ വീട്ടിലേക്ക് പിൽക്കാലത്തൊരിക്കൽ ഇവൻ പലായനം ചെയ്തെത്തുന്നതാണ് ' 

മദീന നബിതിരുമേനിക്ക് ഏറെ പ്രിയപ്പെട്ട നാടാണ് അന്ന് അവിടെയുള്ള അദിയ്യുബ്നു നജ്ജാറിന്റെ വിശാലവും മനോഹരവുമായ കോട്ട  കാണാൻ നബി പുറപ്പെട്ടു ഒപ്പം അൻസാരിയായ അനീസ എന്ന കൊച്ചു ബാലികയുമുണ്ടായിരുന്നു 

ആ കോട്ടയിൽ അനീസക്കൊപ്പം ഓടിച്ചാടി കളിക്കാൻ പ്രവാചകന് എന്തൊരാവേശമായിരുന്നു പലവിധത്തിലുള്ള പക്ഷികൾ  അവിടെ വൃക്ഷച്ചില്ലകളിൽ വന്നിരുന്ന് പാട്ടുപാടും അമ്മാവന്മാരുടെ കുട്ടികളെയും കൂട്ടി നബി തിരുമേനി  അവിടത്തെ പറവകളെ പറത്തി  കളിക്കുമായിരുന്നു 
അദിയ്യുബ്നു നജ്ജാറിന്റെ കുളത്തിലിറങ്ങി നബിതിരുമേനി  കൈകാലുകളിട്ടടിച്ച് നീന്തി അങ്ങനെയാണ് അവിടുന്ന് നീന്താൻ പഠിച്ചത്
 
എല്ലാറ്റിനും ഉമ്മു ഐമനും സാക്ഷിയായിരുന്നു ജൂതന്മാരുടെ മുന്നറിയിപ്പു കേട്ടതുമുതൽ ഐമൻ സദാ നബിയെ പിന്തുടർന്നു 

ഉമ്മു ഐമൻ മറ്റൊരു കഥ പറയുന്നത് ഏറെ അത്ഭുതത്തോടു കൂടിയാണ് ഖുറൈശികളുടെ ബഹുമാന്യ വിഗ്രഹമാണ് ബവ്വാന 

കൊല്ലത്തിലൊരിക്കലാണവിടെ വലിയ ആഘോഷം നടക്കുക ഹജ്ജും മുടികളയലും മറ്റും ബവ്വാനയുടെ സമീപത്ത് വെച്ചാണ് നടക്കുക 

അന്നൊരിക്കൽ എല്ലാവരും ഉത്സവത്തിന് പോയി നബി (സ) മാത്രം മാറിനിന്നു അബൂത്വാലിബും അമ്മായിമാരും ഈർഷ്യതയോടെ ചോദിച്ചു: 

'നിന്റെ നാട്ടുകാരുടെ ആഘോഷങ്ങൾ പങ്കെടുക്കുകയില്ലേ? വിഗ്രഹങ്ങളുമായി അകന്നു നിൽക്കുന്നത് മൂലം നിനക്കെന്തെങ്കിലും സംഭവിച്ചുപോയാലോ?' ഇത് ചോദിക്കുമ്പോൾ അവർക്ക് പെരുത്ത്  ആശങ്കയുണ്ടായിരുന്നു 

ശക്തമായ സമ്മർദ്ധമുണ്ടായപ്പോൾ നബിയും പുറപ്പെട്ടു അൽപം മുന്നോട്ട് നടന്ന ശേഷം പരിഭ്രമിച്ച് പ്രവാചകർ പിന്നോട്ടോടി 

അമ്മായിമാർ ഉൽകണ്ഠയോടെ നബി (സ) ചുമലിൽ തട്ടി സമാധാനിപ്പിച്ചു സംഭവിച്ചതെല്ലാം ചോദിച്ചറിഞ്ഞു 

ഞാൻ വിഗ്രഹത്തിനരികിലേക്ക് അടുക്കുമ്പോൾ വെളുത്ത നീളമുള്ള ഒരാൾ എന്നോട് വിളിച്ചു പറഞ്ഞു: 'അകലേക്ക് മാറി നിൽക്കൂ മുഹമ്മദ്.... വിഗ്രഹത്തെ തൊട്ട്  പോവരുത്....' 

പിന്നീട്, നബി തിരുമേനി  ആ ആഘോഷത്തിന് പോയിട്ടില്ല 

ഉമ്മു ഐമനുമായുള്ള സൈദ് (റ) വിന്റെ വിവാഹം സമംഗളം നടന്നു ആഹ്ലാദത്തിന്റെയും ദിനങ്ങളായിരുന്നു പിന്നീടവർക്ക് ജീവിതത്തിൽ താലോലിച്ച് വളർത്തിയ മോഹങ്ങൾ പങ്കുവെച്ചു സ്നേഹത്തിന്റെ ഒരായിരം പുഷ്പങ്ങൾ അവിടെ വിരിഞ്ഞു പരിമളം പരത്തി 

അതിനിടയിൽ ഉമ്മുഐമൻ ഗർഭിണിയായി സൈദ് പുറത്തിറങ്ങൽ വിരളമായി ഭാര്യയെ സഹായിച്ചും സന്തോഷിപ്പിച്ചും മാസങ്ങൾ പിന്നിട്ടും വിവരം പ്രവാചകരെ ഏറെ സന്തുഷ്ടരാക്കി 

ഉമ്മു ഐമൻ ഒരു ആൺതരിക്ക് ജന്മം നൽകി ആ കുടുംബത്തിന്റെ ആഹ്ലാദം വർണ്ണനാതീതമായിരുന്നു ആ കുഞ്ഞിന് അവർ ഉസാമാ എന്ന് പേരിട്ടു 
ഉസാമ കറുത്ത കുഞ്ഞായിരുന്നു കറുപ്പിനഴകിന്റെ ശരീരമുടയ ചന്തമുള്ള കൊച്ചു കുഞ്ഞിനെ ഉമ്മു ഐമനും സൈദും താലോലിച്ചു വളർത്തി ഉസാമയുടെ ഇളം മോണ കാട്ടിയുള്ള മന്ദഹാസത്തിൽ അവരുടെ കണ്ണും ഖൽബും കുളിരണിഞ്ഞു 


കറുത്തമുത്ത്

മുഹമ്മദ് നബി (സ) യുടെ ഇഷ്ടബാലനായിരുന്നു ഉസാമ ആ കുട്ടിയെ മടിയിൽവെച്ചും ഉമ്മവെച്ചും പ്രവാചകർ കളിപ്പിച്ചു ഉസാമയുടെ കുറുമ്പും കുസൃതിയും തിരുനബിയുടെ ഭവനത്തെ ബഹളമയമാക്കി അത്കണ്ട് മാതാപിതാക്കൾക്കൊപ്പം നബിതിരുമേനിയും ഹൃദയം തുറന്ന് മന്ദഹാസം പൊഴിച്ചു 

അന്നൊരിക്കൽ നബി ഭവനത്തിൽ പ്രമുഖരായ ചിലർ വന്നു നബി (സ) അവരെ സ്വീകരിച്ചിരുത്തി വളരെ ഗൗരവം നിറഞ്ഞ സുപ്രധാനമായ ചില വിഷയങ്ങളെക്കുറിച്ച് ചർച്ച തുടങ്ങി 

അപ്പോഴാണ് ഒരു കുട്ടിയുടെ കരച്ചിൽ നബി (സ) കേൾക്കുന്നത് നിർത്താതെയുള്ള ആ തേങ്ങിക്കരച്ചിൽ പ്രവാചകരുടെ ചർച്ചയിൽ അലോസരം സൃഷ്ടിച്ചു കളിക്കിടയിൽ മുഖം കുത്തിവീണ ഉസാമയുടെ കരച്ചിലായിരുന്നു അത് 

ഉടനെ നബി (സ) അകത്തേക്ക് തിരിഞ്ഞു അവിടെ ഭാര്യ ആഇശബീവി (റ) യെയാണ് കണ്ടത് ആഇശയോട് ഉസാമയെ എടുത്ത് സമാധാനിപ്പിക്കാൻ നബി തിരുമേനി (സ) പറഞ്ഞു വീണ്ടും ചർച്ച തുടർന്നു 

ആഇശ ബീവി (റ) വീട്ടുമുറ്റത്തേക്കോടി നിലത്ത് മുഖം കുത്തി വീണ്കിടക്കുന്ന ഉസാമയെ വാരിയെടുത്തു പൊടിയും മണൽതരികളും തുടച്ചു  പലതും പറഞ്ഞു പാടിയും കരച്ചിലടക്കാൻ പാടുപെട്ടു പക്ഷേ, കുട്ടി കരച്ചിൽ നിർത്തിയില്ല 

കരച്ചിൽ തുടർന്നപ്പോൾ നബി (സ) വീണ്ടും അകത്തേക്കോടിവന്നു ആഇശബീവിയിൽ നിന്നു കുട്ടിയെ വാങ്ങി നബിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു കുട്ടിയുടെ കരച്ചിൽ കുട്ടിയെ മടിയിലിരുത്തി മുറിവ് പറ്റിയ ഇടം സൂക്ഷിച്ചു നോക്കി സാരമായ പരിക്ക് പറ്റിയത് കണ്ടു തിരുവായ കൊണ്ട് കുട്ടിയുടെ മുഖത്തെ മുറിവിൽ നിന്നും രക്തം വലിച്ചെടുത്തു പുറത്ത് തുപ്പി 

തടവിയും ഉഴിഞ്ഞും സമാധാനിപ്പിച്ചു ഒടുവിൽ കുട്ടി കരച്ചിൽ നിർത്തിയപ്പോഴാണ് പ്രവാചകന്റെ മനസ്സ് ശാന്തമായത് 

പ്രവാചകന്റെ കൊച്ചുഭവനം വിശുദ്ധ മക്കയിൽ പുണ്യ കഅ്ബാലയത്തിന്റെ ചാരത്താണ് വീട് വീട്ടുമുറ്റത്ത് കുട്ടികൾ കളിക്കുന്നു
  
ആരാണീ രണ്ടു കുട്ടികളെന്നറിയാമോ? 

ഹസനും, ഉസാമയും പ്രവാചകന്റെ പൗത്രനാണ് ഹസൻ സുന്ദരൻ വെളുത്ത് തടിച്ച കോമളൻ തിരുനബി (സ) യോട് സാദൃശ്യമുള്ള ശരീരം 

ഉസാമ കറുത്ത കുഞ്ഞാണ് മാതാവായ ഉമ്മുഐമനോട്  സാദൃശ്യം അതേ പ്രകൃതക്കാരൻ 

പുറത്തെവിടെയോ പോയി തിരിച്ചുവന്ന പ്രവാചകൻ വീട്ടു വരാന്തയിലേക്ക് കയറേണ്ട താമസം രണ്ടുപേരും ഓടിവന്നു കളിമറന്നു പ്രവാചകനെ വലയം ചെയ്തു 

പ്രവാചകൻ  ഉസാമയെ  എടുത്ത് ഒരു കാൽ തുടയിൽ ഇരുത്തി മറുതുടയിൽ ഹസനെയും നിറപുഞ്ചിരിയോടെ ഇരുകവിളിലും പ്രവാചകൻ മുത്തം നൽകി രണ്ടു പേരെയും മാറോടു ചേർത്ത് പിടിച്ച് കൊണ്ട് പ്രവാചകൻ  പ്രാർത്ഥിച്ചു 

'നാഥാ..... ഞാനിവരെ രണ്ടാളെയും ഏറെ ഇഷ്ടപ്പെടുന്നു നീയും ഇവരെ പ്രിയംവെക്കേണമേ....' 

സൈദിനെപ്പോലെ അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുഐമനെയും പ്രവാചകർക്ക് നന്നേ ഇഷ്ടമായിരുന്നു ഉസാമ വളർന്നു കൗമാര പ്രായത്തിലെത്തി അന്നൊരിക്കൽ ഹകീമുബ്നു ഹസാം നബിയെ കാണാൻ വന്നു വലിയ സമ്പന്നനും കുലീനനുമായ ഹകീം മക്കയിലെ തലമുതിർന്ന നേതാക്കളിലൊരാളാണ് 

ഹകീം തിരുനബിക്ക്  വിലപ്പെട്ട പുതുവസ്ത്രം പാരിതോഷികം നൽകാനാണ് വന്നത് ശരീരം മുഴുവൻ മറയ്ക്കാവുന്ന പ്രസ്തുത വസ്ത്രം യമനിലെ 'ദീയസൻ' രാജാവ് ഉപയോഗിക്കുന്ന അമൂല്യവസ്ത്രമായിരുന്നു അത് ദീനാർ സ്വർണ്ണനാണയത്തിനാണ് ഖുറൈശി നേതാവ് ആ വസ്ത്രം വാങ്ങിയത്
 
അമുസ്ലിംമായ കാരണത്താൽ പ്രവാചകൻ അദ്ദേഹത്തിന്റെ പാരിതോഷികം സ്വീകരിച്ചില്ല വിലകൊടുത്താണ് പ്രവാചകനത്  വാങ്ങിയത് 

അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകാനെത്തിയ പ്രവാചകൻ (സ) ആ വിലപ്പെട്ട വസ്ത്രം ധരിച്ചിരുന്നു ജനങ്ങൾ ആശ്ചര്യത്തോടെ നബിയെ ശ്രദ്ധിച്ചു 

ജുമുഅ കഴിഞ്ഞിറങ്ങിയ പ്രവാചകർ (സ) വസ്ത്രം അഴിച്ചു ഉസാമയെ തിരഞ്ഞു ആ വസ്ത്രം കറുത്ത മുത്തിനെ സ്നേഹപൂർവ്വം അണിയിച്ചു ഇങ്ങനെ പ്രിയപ്പെട്ട വളർത്തു പുത്രൻ സൈദിനോടും കുടുംബത്തോടും തന്റെ സ്നേഹം പ്രവാചകർ പലതവണ പ്രകടിപ്പിച്ചിട്ടുണ്ട് 

ഉസാമ ആ വസ്ത്രം ധരിച്ച് മുഹാജിറുകളുടെയും അൻസാറുകളുടെയും ഇടയിലൂടെ വന്ന് ഓടിക്കളിക്കാറുണ്ടായിരുന്നു 


ദാഹം തീരാത്ത പാനീയം

പ്രവാചകത്വം ലഭിച്ചിട്ട് പതിമൂന്ന് വർഷം പിന്നിട്ടു ഖുറൈശി കുഫാറുകൾ മർദ്ദനത്തിന് ആക്കംകൂട്ടി ഇനിയുമിവിടെ ജീവിക്കുക പ്രയാസമാണ് നാടുവിടണം, പക്ഷേ, ജനിച്ച മണ്ണിനോടെങ്ങിനെ വിട പറയും കളിച്ചു ചിരിച്ചു വളർന്ന നാട് മക്കയിലെ ബന്ധുക്കൾ, തോട്ടങ്ങൾ, വീട് കുടുംബം..... 

ഒടുവിൽ എല്ലാം അല്ലാഹുവിന്റെ ദീനിന് വേണ്ടി ത്യജിക്കാൻ തന്നെ മുസ്ലിംകൾ ഉറച്ചു ഇനിയെങ്കിലും സ്വസ്ഥമായൊന്ന് പ്രാർത്ഥിക്കണം ,
ശാന്തിയനുഭവിക്കണം 

നബി തിരുമേനി (സ) ക്ക് അല്ലാഹുവിന്റെ കൽപനയെത്തി ദൈവികാനുവാദം ലഭിച്ചപ്പോൾ ശത്രുക്കളറിയാതെ  രഹസ്യമായും ചിലർ പരസ്യമായും യസ്രിബിലേക്ക് പുറപ്പെട്ടു 

ഉമ്മു ഐമൻ നബിയെ സമീപിച്ചു ഹിജ്റക്ക് അനുമതി ചോദിച്ചു പ്രവാചകരുടെ  സമ്മതം ലഭിച്ചതോടെ അവർ പടിയിറങ്ങി 

ഏകയായി, മരുപ്പറമ്പിലൂടെ അവർ മദീനയെ ലക്ഷ്യം വെച്ച് നീങ്ങി അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ഈ പലായനത്തിന് അവർ ആരെയും കൂട്ടിനുവിളിച്ചില്ല 

അവർക്ക് രണ്ട് മക്കളുണ്ട് ഉസാമയും ഐമനും ഉമ്മു ഐമൻ എന്ന പേര് സിദ്ധിക്കുന്നത് , 'ഐമൻ' എന്ന ആൺകുഞ്ഞിനെ പ്രസവിച്ചതോടെയാണ് 
ഉമ്മു ഐമനെ ആദ്യം വിവാഹം നടത്തിയത് 'ഖസ്റജ് ' ഗോത്രത്തിൽ പെട്ട ഉബൈദുബ്നു സൈദായിരുന്നു പിന്നീടാണ് സൈദുബ്നു ഹാരിസ: വിവാഹം ചെയ്തത് 

ചുട്ടുപഴുത്ത മണൽക്കാട്ടിലൂടെ നോമ്പുകാരിയായ അവർ മുന്നോട്ട് നീങ്ങി ദാഹം കലശലായി ഒരു തുള്ളി വെള്ളം ലഭിക്കാൻ അവർ നാല് ഭാഗത്തേക്കും കണ്ണയച്ചു ജലാശയത്തിന്റെ ലക്ഷണങ്ങളവിടെയൊന്നും കാണാനായില്ല 

പറവകൾ എവിടെയെങ്കിലും വട്ടമിട്ട് പറക്കുന്നുണ്ടോ എന്നവർ നിരീക്ഷിച്ചു 
'റൗഹാഇ' ലെത്തിയപ്പോൾ സമയം വൈകുന്നേരം തളർന്നവശയായി അവർ ഒരിടത്തിരുന്നു വെള്ളമോ ഭക്ഷണമോ നൽകി നോമ്പ് തുറക്കാൻ സഹായിക്കാനാരുമില്ല 

എങ്കിലും അവർക്ക് ആത്മവിശ്വാസമുണ്ടായിരുന്നു അല്ലാഹുവിന്റെ ദീനിന്റെ സംരക്ഷണാർഥം പുറപ്പെട്ട തന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തതാണെന്ന ഉത്തമ ബോധ്യം അവർക്ക് കരത്തു പകർന്നു 

'നാഥാ.... ഈ മരുപ്പറമ്പിലൂടെ വർഷങ്ങൾക്ക് മുമ്പ് ആമിനാ ബീവിക്കൊപ്പം യാത്ര ചെയ്തവളാണിവൾ അന്ന് ആറു വയസ് മാത്രം പ്രായമുള്ള പുണ്യ പ്രവാചകർ കൂടെയുണ്ടായിരുന്നു അന്ന് വഴിയിൽ അൽപം അകലെ അബവാഇലെത്തിയപ്പോൾ ഞങ്ങളെ ദുഃഖത്തിലാഴ്ത്തി ആമിനാ ബീവി രോഗബാധിതയായി അബവാഇലെ വൃക്ഷച്ചുവട്ടിൽ തളർന്നു കിടന്ന നിമിഷങ്ങൾ ഉമ്മു ഐമൻ ഓർത്തു 

ആമിനാ ബീവി മരുപ്പറമ്പിൽ മലർന്നുകിടന്ന ആ രംഗം അവരുടെ മനസ്സിലെത്തി തലയുടെ ഭാഗത്ത് ആ ഇളം പൈതലുമുണ്ട് നിറ നയനങ്ങളോടെ മകന് അന്ത്യോപദേശം നൽകി 

'മോനേ, അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ, അന്ന് സ്വപ്നത്തിൽ ഞാൻ ദർശിച്ചിരുന്ന കാര്യങ്ങളഖിലവും സത്യസന്ധമാണെങ്കിൽ മഹോന്നതനായ സ്രഷ്ടാവിൽ നിന്നും മാനവകുലത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ തന്നെയാണ് നീ...' 

ഈ വാക്കുകൾ ആ ഇളം മനസ്സിനെ നോവിച്ചു അവിടുത്തെ കൺതടങ്ങൾ തുളുമ്പി  രണ്ടിറ്റ് നീർത്തുള്ളി കവിളിലൂടെ ഉരുണ്ടുരുണ്ട് നിലംപതിച്ചു 
ഉമ്മു ഐമൻ പ്രവാചകനെ തലോടി ആശ്വാസത്തിന്റെ തെളിനീര് നൽകി സമാധാനിപ്പിച്ചു അപ്പോൾ ആമിന ബീവി (റ) പറഞ്ഞു 

'എന്റെ സ്മരണകൾ അവശേഷിക്കുന്നവയാണ് ഒരു മഹാത്മാവിനെ ഞാനിതാ ഇവിടെ വിട്ടേച്ചുപോവുന്നു ഒരു ശുദ്ധാത്മാവിനെയാണ് ഞാൻ ജന്മം നൽകിയിരിക്കുന്നത്...' 

ഇടറിയ ഖൽബുമായി ഉമ്മു ഐമൻ എല്ലാം കേട്ടിരുന്നു  

അന്ന് ഖബർ കുഴിച്ച് ആമിനാ ബീവിയെ അബവാഇന്റെ മണ്ണിൽ മറവ് ചെയ്ത് ആ ഇളം പൈതലിന്റെ കയ്യും പിടിച്ച് മക്കയിലേക്ക് നീങ്ങിയപ്പോൾ ഉമ്മു ഐമന്റെ പാദങ്ങൾ പതറുന്നുണ്ടായിരുന്നു 

കൊച്ചിളം പ്രായത്തിലെ ലോക നേതാവും പടപ്പുകളിലത്യുന്നതനുമായ മഹാനായ തിരുനബി (സ) ക്ക് സേവനം ചെയ്തു ജീവിച്ച തന്നെ അബവാഇന്റെ വഴിയിൽ അല്ലാഹു കഷ്ടപ്പെടുത്തില്ല ഉമ്മു ഐമൻ ഉറച്ചു വിശ്വസിച്ചു 

ഇത്തിരി വെള്ളത്തിനായി ആ തളർന്ന മനസ്സ് കൊതിച്ചു പെട്ടെന്നതാ ഒരു പാത്രം വാനലോകത്ത് നിന്നും താഴ്ന്നിറങ്ങിവരുന്നു അത്ഭുതം 
ഉമ്മു ഐമന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല അവർ പാത്രത്തിലേക്ക് നോക്കി വെളുത്ത പാനീയം 

ഉമ്മു ഐമൻ മതിവരുവോളം കുടിച്ചു ദാഹം പൂർണ്ണമായും ശമിച്ചു അവർ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു  

'എനിക്കാ പാനീയം കുടിച്ചതിനു ശേഷം പിന്നീടൊരിക്കലും ദാഹിച്ചിട്ടേ ഇല്ല..... വിസ്മയത്തോടെ ഉമ്മു ഐമൻ പിൽക്കാലത്ത് പറയാറുണ്ടായിരുന്നു 
ശക്തമായ ചൂടുള്ള മരുപ്പറമ്പിൽ നട്ടുച്ച നേരത്ത് നോമ്പ് നോറ്റിരുന്ന് ഉമ്മു ഐമൻ പലതവണ പരീക്ഷിച്ചു പക്ഷേ, ഒരിക്കലും ദാഹം അശേഷം ആ ശരീരത്തെ സ്പർശിച്ചതേയില്ല 

മദീനയിലേക്ക്

മക്കയിൽ നിന്നു മുസ്ലിംകൾ കുടിയൊഴിഞ്ഞുപോയി ബന്ധു ജനങ്ങൾ, ബാല്യ കൗമാരസ്മൃതികളുടെ ഗന്ധമുണർത്തുന്ന ജന്മദേശം, സമ്പാദ്യങ്ങൾ..... എല്ലാം കൈവിട്ടുകൊണ്ടുള്ള പ്രയാണം 

അകലെ മദീനയാണ് ലക്ഷ്യം അന്നതു യസ്രിബാണ് പിന്നീടാണ് പട്ടണം എന്നർത്ഥമുള്ള 'മദീന' യായി പരിണമിച്ചത് 

സൈദ് തിരുനബിയുടെ സമീപം ചെന്നു ഹിജ്റ പോവാൻ അനുമതി തേടി മുസ്ലിംകൾ പലരും പുറപ്പെട്ടിട്ടുണ്ട് അല്ലാഹുവിന്റെ കൽപനയുണ്ടായാൽ നബി തിരുമേനിയും  പുറപ്പെടും 

പ്രവാചകർ സൈദിന് പലായനത്തിന് അനുമതി നൽകി ഒപ്പം ചിലത് ഉപദേശിച്ച് പ്രിയ പത്നി സൗദ (റ) യെയും ചില പുത്രിമാരെയും മദീനയിലെത്തിക്കാനും സൈദിനെ ചുമതലപ്പെടുത്തി 

ഖദീജ ബീവിയുടെ (റ) വേർപാടിനു ശേഷം പ്രവാചകൻ ജീവിത സഖിയായി തെരഞ്ഞെടുത്തത് സൗദബീവിയെയായിരുന്നല്ലോ സ്വഹാബിവര്യനായ സക്റാൻ (റ) ന്റെ ആകസ്മിക വിരഹം സമ്മാനിച്ച വ്യഥയിൽ കഴിയുകയായിരുന്നു അന്ന് സൗദ (റ) 

സൈദിനെ  നബിതിരുമേനിക്ക്  വലിയ വിശ്വാസമായിരുന്നു അതുകൊണ്ട് തന്നെയാണ് ഈ ആപത് ഘട്ടത്തിലും ഈ സാഹസ കൃത്യത്തിന് സൈദിനെ തന്നെ പ്രവാചകൻ (സ) തെരഞ്ഞെടുത്തത് 

ശത്രുക്കളുടെ കണ്ണിൽ പെടാതെ പ്രവാചക പത്നിമാരെയും പുത്രിമാരെയും മദീനയിലെത്തിക്കണം ഖുറൈശികൾ വാൾ ചുവപ്പിക്കാൻ കാത്തിരിക്കുന്ന സമയമാണ് പ്രവാചകന്റെ കുടുംബമായത് കൊണ്ട് തന്നെ ആകസ്മികാക്രമണം സൈദ് മുന്നിൽ കണ്ടു മക്കയുടെ ഓരങ്ങളിലൂടെ അദ്ദേഹം നബികുടുംബത്തോടൊപ്പം യാത്ര തിരിച്ചു 

നീണ്ടുനിവർന്നു കിടക്കുന്ന മരുഭൂമിയാണ് മുന്നിൽ മൊട്ടക്കുന്നുകളും പാറക്കെട്ടുകളും തലയുയർത്തി നിൽക്കുന്നു ഈത്തപ്പനത്തോട്ടങ്ങൾ അങ്ങിങ്ങായി തണൽ വിരിക്കുന്നുണ്ട് 

മരുഭൂമികൾ താണ്ടി ദിവസങ്ങൾ പിന്നിട്ട പ്രയാണം രാപ്പകലുകൾ മാറിമാറി വന്നു ഇടക്കിടെ രശ്മികൾ വിതറി മലഞ്ചെരിവിലോ ചെറുകുഴികളിലോ തിളങ്ങിനിൽക്കുന്ന വെള്ളം കാണുന്നിടത്തിറങ്ങി അവർ ദാഹമകറ്റി മുഖവും ശരീരവും കഴുകിത്തണുപ്പിച്ചു 

വിശ്രമത്തിന് ശേഷം വീണ്ടും യാത്ര തന്നെ മരുപ്പറമ്പിലൂടെ ദിവസങ്ങളോളം നീണ്ട യാത്രക്കൊടുവിൽ അവർ മദീനയുടെ അതിർത്തി കണ്ടു ജനവാസത്തിന്റെ ലക്ഷണങ്ങൾ തെളിഞ്ഞുകണ്ടു 

യാത്രാസംഘത്തിന്റെ പാദങ്ങൾക്ക് വേഗത കൂടി അവരുടെ മനസ്സിൽ ആശ്വാസത്തിന്റെ നീരുറവ കനിഞ്ഞിറങ്ങി അതിർത്തി കടന്നെത്തിയ അവരെ ജനങ്ങൾ ആഹ്ലാദത്തോടെ എതിരേറ്റു അന്ന് മക്കയിൽ  വന്ന് പ്രവാചകരോടും അനുചരന്മാരോടും തങ്ങളുടെ നാട്ടിലേക്ക് വരാൻ ക്ഷണിച്ച നാൾ മുതൽ മദീനയിലെ അൻസ്വാറുകൾ പ്രതീക്ഷയിലാണ് 

സംഘത്തിലുള്ളവർ തങ്ങളുടെ വീട്ടിൽ താമസിപ്പിക്കാമെന്നഭ്യർത്ഥിച്ചു കൊണ്ട് അൻസ്വാറുകളിലോരോരുത്തരും സൈദിനെ സമീപിച്ചു പലരും നിർബന്ധിച്ചു ചിലർക്ക് നബി കുടുംബത്തെത്തന്നെ സ്വഭവനത്തിലേക്ക് ലഭിക്കണമെന്ന് വാശിയായി 

അവസാനം അൻസ്വാരികളുടെ നായകനും തലമുതിർന്ന കാരണവരുമായ കുൽസുമുബ്നു ഹംദാന് ആ സൗഭാഗ്യം ലഭിച്ചു പ്രവാചകർ മദീനയിലെത്തും മുന്നേ വിശുദ്ധ ഇസ്ലാം സ്വീകരിച്ച വ്യക്തിയാണദ്ദേഹം വലിയ സൽകാര പ്രിയനും മാന്യനുമായിരുന്നു നിരവധി മുഹാജിറുകളായ സ്വഹാബിമാർക്ക് ആഥിത്യം നൽകിയ ഉദാരൻ 

സൈദ് കുൽസൂമിന്റെ ഭവനത്തിൽ താമസിച്ചു ഇവിടെ ശത്രുക്കളില്ല പരിഹസിക്കാനും പരാക്രമം  നടത്താനും ആളില്ല മർദ്ദനങ്ങളും പീഡനങ്ങളുമില്ല അൽഹംദുലില്ലാഹ്......

പ്രവാചകരും ഏറെ ദിവസങ്ങൾക്കു മുന്നേ മദീനയിലെത്തി മുഹാജിറുകളും അൻസ്വാറുകളും ചേർന്ന് നബിതിരുമേനിയെയും അബൂബക്കർ സിദ്ദീഖി (റ) നെയും അതിർത്തിയിൽ  ചെന്ന് പാട്ടുപാടിയും ദഫ് മുട്ടിയും വരവേറ്റു ആഘോഷ നിർഭരമായ വരവേൽപ്പായിരുന്നു അത് 

അധികം താമസിയാതെ ഭാര്യ ഉമ്മുഐമനും മകൻ ഉസാമയും മുസ്ലിം സംഘത്തോടൊപ്പം പലായനം നടത്തി മദീനയിലെത്തി 

അങ്ങനെ സൈദും കുടുംബവും മദീനയിൽ ജീവിതം തുടങ്ങി മാസങ്ങൾ കൊഴിഞ്ഞുവീണു അതിനിടയിലാണ് വയോധികനായ കുൽസൂം (റ) മരണമടയുന്നത് ആഥിഥേയ മര്യാദ കാണിച്ച് തന്റെ കുടുംബത്തെയും മറ്റും സ്വീകരിച്ചു പോറ്റുവളർത്തിയ കുൽസൂം (റ) ന്റെ മരണം സൈദിന്റെ കുടുംബത്തിന് തീരാ നഷ്ടമായി 

പ്രവാചകൻ (സ) മദീനയിൽ വെച്ച് വിശുദ്ധ ഇസ്ലാം ദീൻ അനുയായികളെ പഠിപ്പിച്ചു ഖുബാഇലും മറ്റുമായി നിരവധി പള്ളികൾ പണിതു മുസ്ലിംകൾ ആരാധനക്കായി പള്ളികളിലെത്തി അവിടെ ബിലാൽ (റ) ന്റെ ബാങ്കോലി മുഴങ്ങി 

ഇസ്ലാമികപാഠശാലയും കോടതിയും ഭരണകേന്ദ്രവുമെല്ലാം പള്ളിയായിരുന്നു പരസ്പരം കടിച്ചു കീറുകയും നിസ്സാര കാര്യങ്ങൾക്കു നീണ്ട പോരാട്ടങ്ങൾ നടത്തുകയും ചെയ്ത മദീനയിലെ പ്രമുഖ ഗോത്രങ്ങളായിരുന്നു ഔസും ഖസ്റജും പ്രവാചകർ അവർക്കിടയിൽ സാഹോദര്യം സ്ഥാപിച്ചു 

സ്വഹാബികൾക്കിടയിലും പ്രവാചകൻ സാഹോദര്യം സ്ഥാപിച്ചു സൈദ് ഹംസതുബ്നു അബ്ദുൽ മുത്വലിബ് (റ) എന്നിവർക്കിടയിൽ സാഹോദര്യ ബന്ധം സ്ഥാപിച്ചത് നബിതിരുമേനി (സ) തന്നെയാണ് 

ഹംസ (റ) നെ സഹോദരനായി ലഭിച്ചത് സൈദിനെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത് 


ഒരു വിവാഹത്തിന്റെ പാഠങ്ങൾ

സൈദ് പക്വതയും സൂക്ഷ്മതയുമുള്ള സ്വഹാബിയാണ് ഒരു ദാമ്പത്യ ജീവിതം നയിക്കാനുള്ള പക്വതയും പ്രാപ്തിയും തന്റെ മോനുണ്ടല്ലോ സൈദിനും ഒരു ഭാര്യ ആവശ്യമല്ലേ? പ്രവാചകമനസ്സ് ചിന്തയിലാണ്ടു 

സൈനബബിൻതു ജഹ്ശ് (റ) യെയാണ് സൈദിനു വേണ്ടി നബി തങ്ങൾ കണ്ടുവെച്ചത് ആദ്യകാല വിശ്വാസിനിയും 'ഹാശിം' ഗോത്രക്കാരിയുമായ അവർ സുന്ദരിയും സുശീലയുമായിരുന്നു 

എന്നാൽ സൈദി (റ) ന്റെ നിറം കറുപ്പാണ് അടിമയെന്നു മുദ്രപതിപ്പിക്കപ്പെട്ട വ്യക്തിയാണ് പിന്നീടാണല്ലോ പ്രവാചകന്റെ വളർത്തു പുത്രനായത് 
പ്രവാചകർ ഇരുവരോടും കുടുംബത്തോടും വിവാഹകാര്യം സംസാരിച്ചു പ്രവാചകരുടെ പിതൃസഹോദരി ഉമൈമയുടെ മകൾകൂടിയാണ് സൈനബ 

എന്നാൽ അടിമയായിരുന്ന സൈദുമായി ദാമ്പത്യബന്ധം സ്ഥാപിക്കുന്നത് സൈനബക്കും സഹോദരൻ അബ്ദുല്ലക്കും ഇഷ്ടമായില്ല 

സൈനബ തുറന്നടിച്ചു: 'ഞാനൊരിക്കലും അദ്ദേഹത്തെ വിവാഹം കഴിക്കില്ല അബ്ദുശംസിന്റെ സന്താനങ്ങളുടെ നേതൃനിരയിലുള്ളവളാണ് ഞാൻ ' 

പ്രവാചകൻ സൈനബയെ സാന്ത്വനിപ്പിച്ചു വിശുദ്ധ ഇസ്ലാമിൽ സൈദിനുള്ള മഹത്വവും ആദ്യവിശ്വാസികളുടെ മുൻനിരയുള്ള സ്ഥാനവും പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു 

ഈ പശ്ചാത്തലത്തിലാണ് സൂറത്തുൽ അഹ്സാബിലെ 36 ആം സൂക്തം അവതരിക്കുന്നത് 


'അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ, സത്യവിശ്വാസിയായ പുരുഷനോ സ്ത്രീക്കോ തങ്ങളുടെ കാര്യത്തിൽ മറ്റൊരഭിപ്രായമുണ്ടാകാൻ പാടുള്ളതല്ല ആരെങ്കിലും അല്ലാഹുവിനെയും അവന്റെ റസൂലിനെയും ധിക്കരിക്കുകയാണെങ്കിൽ തീർച്ചയായും അവൻ വ്യക്തമായ ദുർമാർഗ്ഗത്തിൽ അകപ്പെട്ടുകഴിഞ്ഞിരിക്കുന്നു' (സൂറത്തുൽ അഹ്സാബ്:36)

ഇതോടെ സൈനബ് (റ) ചിന്തയിലാണ്ടു അവസാനം മനസ്സുമാറി വിവാഹത്തിനു സന്നദ്ധയായി 

സൈദും സൈനബയും പുതുജീവിതത്തിലേക്ക് കാലൂന്നി പക്ഷേ, അവർക്കൊത്തുപോകാൻ കഴിഞ്ഞില്ല അഭിപ്രായഭിന്നതകളും അസ്വാരസ്യങ്ങളും നിത്യസംഭവമായിമാറി സുഗമമായി ജീവിതനൗക മുന്നോട്ട് തുഴയാൻ സൈദ് ഏറെ പ്രയാസപ്പെട്ടു 

പതിവിനു വിപരീതമായി ഒരു ദിവസം തിരുനബി (സ) യുടെ സന്നിധിയിൽ സൈദിനെ കണ്ടില്ല 'എവിടെപ്പോയി സൈദ്? സ്വഹാബികളോട് അവിടുന്ന് അന്വേഷിച്ചു 

പ്രതികരണം തൃപ്തികരമല്ലാത്തതിനാൽ അവിടുന്ന് പടിയിറങ്ങി സൈദിന്റെ വീട് ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി സൈദിന്റെ കതകിൽ മുട്ടി 
വാതിൽ തുറന്നത് സൈനബ (റ) യാണ്  

'ഭർത്താവ് പുറത്ത് പോയതാണ് ഇവിടേക്ക് കയറിയിരുന്നാലും തിരുദൂതരേ' അവർ പ്രതിവചിച്ചു 

വീട്ടിൽ കയറാൻ പ്രവാചകൻ വിസമ്മതിച്ചു 'സുബ്ഹാനല്ലാഹിൽ അളീം, സുബ്ഹാന മുസ്വർരിഫൽ ഖുലൂബ് ' എന്ന് അപ്പോൾ പ്രവാചകൻ (സ) ഉരുവിട്ടു കൊണ്ടേയിരുന്നു ഇത് സൈനബക്ക് മനസ്സിലാക്കാൻ പറ്റാത്ത വിധം പതിയെയായിരുന്നു 

പ്രവാചകൻ തിരിച്ചുപോയി അല്പസമയത്തിനു ശേഷം സൈദ് തിരിച്ചുവന്നു പ്രവാചകൻ വന്ന വിവരം അവർ ഭർത്താവിനെ അറിയിച്ചു ഉടനെ സൈദ് ഗൗരവഭാവത്തിൽ തന്നെ ചോദിച്ചു 'കയറിയിരിക്കാൻ നീ പറഞ്ഞില്ലേ.....?' 

ഞാൻ പറഞ്ഞിരുന്നു പക്ഷേ, അവിടുന്ന് വേഗം പോവുകയാണുണ്ടായത് ' 

'അപ്പോൾ അവിടുന്ന് വല്ലതും പറഞ്ഞിരുന്നോ?'

'എനിക്കു മനസ്സിലാക്കാൻ പറ്റാത്ത വിധം അവിടുന്ന് ദിക്റ് ചൊല്ലുന്നതു കേട്ടു ' 

സുബ്ഹാന..... (മഹോന്നതനായ അല്ലാഹുവിനെ ഞാൻ പരിശുദ്ധനാക്കുന്നു

മനസ്സിനെ മാറ്റിമറിക്കുന്ന അല്ലാഹുവിനെ ഞാൻ പരിശുദ്ധനാക്കുന്നു എന്നതാണ് പ്രസ്തുത ദിക്റിന്റെ സാരം) 

സൈദ് നബി സന്നിധിയിലേക്ക് കുതിച്ചു പ്രവാചകരെ കാണാൻ മനസ്സ് വെമ്പൽകൊള്ളുന്നത് പോലെ അദ്ദേഹത്തിനു തോന്നി 

തിരുസന്നിധിയിലെത്തിയ സൈദ് ചോദിച്ചു: 'തങ്ങളെന്റെ വീട്ടിൽ വന്നിരുന്ന വിവരമറിഞ്ഞു വന്നതാണ് ഞാൻ എന്തേ വീട്ടിലേക്ക് കയറാതിരുന്നത് തിരുദൂതരേ ...? 

മാതാപിതാക്കളേക്കാൾ ഞാൻ സ്നേഹിക്കുന്ന പ്രവാചകരേ സൈനബിനെ ഞാൻ മൊഴിചൊല്ലട്ടയോ... ഞാൻ..? 

'നീ നിന്റെ ഭാര്യയെതന്നെ നിലനിർത്തുക' പ്രവാചകൻ (സ) പറഞ്ഞു  

സൈദ് വീട്ടിലേക്ക് തന്നെ തിരിച്ചു സൈനബിനോട് കുശലം പറഞ്ഞു വളരെ സ്നേഹത്തോടെ പെരുമാറി പക്ഷേ, ആ മനസ്സിൽ ആർദ്രതയും അനുരാഗവും പുഷ്പിച്ചില്ല ഒത്തുപോവുമെന്ന പ്രതീക്ഷകണ്ടില്ല അടുത്ത ദിവസം വീണ്ടും നബി സന്നിധിയിൽയിലെത്തി സൈദ് വിവരങ്ങൾ പറഞ്ഞു 

'നീ അവളെത്തന്നെ ഭാര്യയായി നിലനിർത്തുക' പ്രവാചകർ വീണ്ടും പ്രതികരിച്ചു 

'പ്രവാചകരേ  ഞാൻ അവളെ മൊഴിചൊല്ലട്ടെയോ?' 

സൈദ് വീണ്ടും ആവർത്തിച്ചാവശ്യപ്പെട്ടപ്പോൾ സംഭവത്തിന്റെ നിചസ്ഥിതി ശരിയാംവിധം ഗ്രഹിച്ച ശേഷം പ്രവാചകർ (സ) അനുമതി നൽകി 

സൈദ് അങ്ങനെ സൈനബയുമായുള്ള ദാമ്പത്യ  ജീവിതത്തിന് വിരാമമിട്ടു സൈനബ (റ) വീട്ടിലേക്ക് മടങ്ങി  

ഒരു ദിവസം പ്രവാചകർ (സ) വീട്ടിലിരിക്കുകയാണ് തൊട്ടടുത്ത് ബീവി ആഇശ (റ) യുമുണ്ട് അവർ പലതും സംസാരിച്ചു കൊണ്ടിരിക്കുന്നു പെട്ടെന്നു തിരുമുഖത്ത് ഭാവമാറ്റങ്ങൾ പ്രകടമായി ദിവ്യസന്ദേശമിറങ്ങുകയാണ് അല്പ സമയത്തിനു ശേഷം പുഞ്ചിരിച്ചു കൊണ്ട് പ്രവാചകൻ ചോദിച്ചു: 

'ആരാണ് സൈനബയുടെ അടുത്ത് പോവുക? ആഇശ (റ) കാര്യം മനസ്സിലാവാതെ മിഴിച്ചുനോക്കി അല്ലാഹു സൈനബിനെ എനിക്ക് വിവാഹം നടത്തിതന്ന സന്തോഷവാർത്ത ആരാണ് അവളെ അറിയിക്കുക? എന്നു ചോദിച്ചു കൊണ്ട് തിരുനബി (സ) വിശുദ്ധ ഖുർആനിലെ സൂറത്തുൽ അഹ്സാബിലെ 37 മത്തെ സൂക്തം പാരായണം ചെയ്തു 

'(നബിയേ) അല്ലാഹുവും താങ്കളും അനുഗ്രഹം ചെയ്തുകൊടുത്ത വ്യക്തിയോട് താങ്കൾ പറഞ്ഞ സന്ദർഭം (ഓർക്കുക) നിന്റെ ഭാര്യയെ (വിവാഹംമോചനം ചെയ്യാതെ) നിനക്കുവേണ്ടി നീ നിലനിർത്തുക അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക അല്ലാഹു വെളിപ്പെടുത്താൻ പോകുന്ന ഒരു കാര്യംമനസ്സിൽ താങ്കൾ മറച്ചുവെക്കുകയാണ് താങ്കൾ ഭയപ്പെടാൻ ഏറ്റവും അർഹൻ അല്ലാഹു ആയിട്ടും താങ്കൾ ജനങ്ങളെ ഭയപ്പെടുന്നു അങ്ങനെ സൈദ് അവളെ സംബന്ധിച്ച ആവശ്യം നിർവഹിച്ച് കഴിഞ്ഞപ്പോൾ അവളെ താങ്കൾക്കു നാം ഭാര്യയാക്കിതന്നന്നു തങ്ങളുടെ ദത്തു പുത്രന്മാരുടെ ഭാര്യമാരെ വിവാഹം ചെയ്യുന്നതിൽ- അവർ ഭാര്യമാരെ സംബന്ധിച്ച്  ആവശ്യം പൂർണമായി നിർവഹിച്ചു കഴിഞ്ഞാൽ സത്യവിശ്വാസികളുടെ മേൽ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് (അങ്ങനെ ചെയ്തത്) അല്ലാഹുവിന്റെ കല്പന നടപ്പിൽ വരുത്തേണ്ടതാകുന്നു' (സൂറത്തുൽ അഹ്സാബ്: 37) 

ഉടനെ സൽമ (റ) ഈ സന്തോഷവാർത്തയുമായി സൈനബ (റ) യെ സമീപിച്ചു അവർ സന്തോഷത്തിൽ മതിമറന്നു അല്ലാഹുവിന് സുജൂദ് ചെയ്ത് നന്ദി രേഖപ്പെടുത്തി ഈ അനുഗ്രഹത്തിനു രണ്ടുമാസം വ്രതമനുഷ്ഠിക്കാനുമവർ തീരുമാനിച്ചു 

സൈദ് സൈനബയെ വിവാഹമോചനം നടത്തുകയും ചെയ്തതിലൂടെ സൈനബ (റ) തന്റെ പുത്രഭാര്യയല്ലെന്നും വളർത്തുപുത്രിമാരും വളർത്തുപുത്രന്മാരുടെ ഭാര്യമാരും സ്വന്തം പുത്രിമാരല്ലെന്നും അവരെ വിവാഹം കഴിക്കൽ അനുവദനീയമാണെന്നുമുള്ള നിയമം പ്രവാചകർ സത്യവിശ്വാസികളെ പഠിപ്പിക്കുകയാണ് ചെയ്തത് 

ഹിജ്റ 5 ആം വർഷം ദുൽഖഅദ് മാസം സൈനബയുടെ 25 ആം വയസിലാണീ വിവാഹം നടന്നത് അങ്ങനെ വിശ്വാസികളുടെ മാതാവായിത്തീർന്നു സൈനബ (റ) 

'ഫലമ്മാ ഖളാസൈദുൻ....'

വിശുദ്ധ ഖുർആനിലെ ഈ സൂക്തം ചിന്തനീയമാണ് പ്രവാചക തിരുമേനി (സ) തന്റെ സ്വഹാബീപുരുഷന്മാരിലും സ്ത്രീകളിലും പെട്ട നിരവധി പേർക്ക് സ്വർഗം കൊണ്ട് സുവിശേഷമറിയിച്ചിട്ടുണ്ട് പല വാഗ്ദാനങ്ങളും അനുഗ്രഹങ്ങളും നൽകിയിട്ടുണ്ട് നിരവധി പദവികൾ നൽകി ബഹുമാനിച്ചംഗീകരിക്കുകയും ചെയ്തിട്ടുണ്ട് 

എന്നാൽ അല്ലാഹുവിൽ നിന്നും പ്രവാചകർ (സ) യിലൂടെ ലോകജനതക്കാകമനം അവതരിക്കുകയും വർഷങ്ങൾക്ക് മുമ്പ് വാനലോകത്തെ അനുഗ്രഹീതമായ 'ലൗഹുൽ മഹ്ഫൂളീ' ൽ രേഖപ്പെടുത്തി തയ്യാറാക്കുകയും ചെയ്ത പരിശുദ്ധ ഖുർആനിൽ അല്ലാഹു പേരെടുത്തു പറഞ്ഞ ഒരേയൊരു സ്വഹാബി 'സൈദ് ' മാത്രമാണ് സ്വഹാബികളിലെ ഏറ്റവും വലിയ സൗഭാഗ്യവാൻ 


സൈദിന്റെ കൽപന

മദീനാപൂമുഖത്തൊരു കൊച്ചു ഭവനം മാലോകർക്കനുഗ്രഹമായി പിറവിയെടുത്ത മുഹമ്മദുർറസൂലുല്ലാഹി (സ) യുടെ വീട് വീട്ടിൽ പത്നി ആഇശ ബീവിയും പ്രവാചകരും മാത്രമേയുള്ളൂ കതക് സാക്ഷയിട്ടുട്ടുണ്ട് സ്നേഹധന്യയായ പ്രിയസഖിക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കയാണ് പ്രവാചകർ പത്നി ആഇശയും നിറഞ്ഞ സംതൃപ്തിയിലാണ് 

വീട്ടുകാര്യങ്ങളും കുടുംബകാര്യങ്ങളുമൊക്കെയാണ് അവർ പറഞ്ഞു കൊണ്ടിരുന്നത് അവിടുന്ന് ചോദിച്ചു എവിടെ നമ്മുടെ  സൈദ്? അവനെ കണ്ടിട്ട് നാളെറെ ആയല്ലോ?  കാണാൻ കൊതിയാവുന്നു...,
 
പെട്ടെന്നാണ് കതകിൽ മുട്ടുന്ന ശബ്ദം കേട്ടത് 

ഉടുത്തിരിക്കുന്ന തുണിയുടെ അറ്റം പിടിച്ച് പ്രവാചകൻ കതകിനടുത്തേക്ക് നീങ്ങി ആഇശ വഴിമാറികൊടുത്തു കൊണ്ട് അകത്തേക്ക് മറഞ്ഞു നിന്നു 
കതക് തുറന്നു മുമ്പിൽ നിറപുഞ്ചിരിയോടെ സൈദ് 

ഉമ്മുഖുർഫ: പോരാട്ടം കഴിഞ്ഞു വരികയായിരുന്നു, ആരിത്, സൈദോ? നിന്നെ കണ്ടിട്ടെത്ര നാളായി 

പ്രവാചകൻ തുണി മുറുക്കിയുടുത്തു സൈദിനെ കെട്ടിപ്പിടിച്ചു ആലിംഗനം ചെയ്തു ആ കവിളിൽ ചുംബനം നൽകി  

നഗ്ന ശരീരഭാഗങ്ങളിലേക്ക് അണച്ചുപിടിച്ചുകൊണ്ട് സൈദിനെ ആലിംഗനം  ചെയ്തതു കണ്ട് ആഇശ ബീവി വിസ്മയത്തോടെ മൂക്കത്ത് വിരൽ വെച്ച് പറഞ്ഞു:

 'അല്ലാഹുവാണെ അല്ലാഹുവിന്റെ തിരുദൂതരുടെ ശരീരം ഇങ്ങനെ അർദ്ധനഗ്നമായി ഇതിനു മുമ്പ് ഞാനൊരിക്കലും കണ്ടിട്ടില്ല....' 

പ്രവാചകനും സൈദും അങ്ങനെയായിരുന്നു സ്വന്തം മാതാപിതാക്കളെക്കാൾ നബിയെ സ്നേഹിച്ച സൈദിനെ കുട്ടികളുടെയും കുടുംബത്തിന്റെയും ഇടയിലെ ഒരംഗംപോലെയാണ് നബിതിരുമേനി കണ്ടിരുന്നത് 

വിദൂരത്തെവിടേക്കോ സൈദ് വല്ല ആവശ്യത്തിനും പുറപ്പെട്ടാൽ തിരിച്ചു വരുന്നത് വരെ പ്രവാചക മനസ്സിൽ സൈദിനോടുള്ള  ആഗാധമായ സ്നേഹം നുരഞ്ഞുയരാറുണ്ടായിരുന്നു 

ഈ ഗാഢമായ സ്നേഹബന്ധം ജനങ്ങളറിഞ്ഞു സൈദിനോടുള്ള പ്രവാചകന്റെ അതിരറ്റ സ്നേഹത്തിൽ വിസ്മയം പൂണ്ട് സ്വഹാബികൾ അവർ സൈദിനെ 'ഹിബ്ബ് ' (ഇഷ്ടഭാജനം) എന്നും മകൻ ഉസാമയെ 'ഇബ്നു ഹിബ്ബ് ' എന്നും വിളിക്കാൻ തുടങ്ങി 

ഉമ്മുഖുർഫ: യുദ്ധം കഴിഞ്ഞ് വന്നപ്പോഴാണ് പ്രവാചകർ (സ) യെ ഈ വിധം ആലിംഗനം ചെയ്തതെന്നു പറഞ്ഞുവല്ലോ ഈ യുദ്ധത്തിലെ സൈന്യാധിപനയായിരുന്നു സൈദ് സൈദിനെ സൈന്യാധിപനായി പ്രവാചകർ (സ) തിരഞ്ഞെടുക്കാൻ പ്രത്യേകമായ ചില കാരണങ്ങളുണ്ടായിരുന്നു യുദ്ധ പശ്ചാത്തലം ഗ്രഹിച്ചാലേ നമുക്കത് മനസ്സിലാവുകയുള്ളൂ 

മദീനയിൽ വെച്ച് സൈദിന്റെ നേതൃത്വത്തിൽ ഒരുവൻ കച്ചവടസംഘത്തെ മുസ്ലിംകൾ സിറിയയിലേക്കയച്ചു ഈത്തപ്പഴം, മുന്തിരി, റുമ്മാൻ.. ഇങ്ങനെ നിരവധി ചരക്കുകൾ ഒട്ടകപ്പുറത്ത് കയറ്റിബന്ധിച്ചു മദീനാ അതിർത്തിയിൽ വെച്ച് സ്വഹാബികൾ സംഘത്തെ യാത്രയാക്കി 

പ്രവാചകരുടെ അരുമശിഷ്യൻ ഖദീജയുടെ സഹായി തുടങ്ങിയ നിലകളിൽ കഴിഞ്ഞു കൂടിയപ്പോൾ വ്യാപാരത്തിന്റെ ശരിയായ  സൂത്രങ്ങളും തന്ത്രങ്ങളും സൈദ് വശപ്പെടുത്തിയിരുന്നു ഉപഭോക്താക്കളുടെ മനസ്സറിഞ്ഞു വ്യാപാരം നടത്തുന്നതോടൊപ്പം വഞ്ചന, പൂഴ്ത്തിവെപ്പ്, അഴിമതി തുടങ്ങിയ അധാർമ്മിക ചിന്തകളിൽ നിന്നെല്ലാം മുക്തമായ നല്ലൊരു വ്യാപാര കണ്ണ് സൈദിനുണ്ടായിരുന്നു അതുകൊണ്ട് തന്നെയാണ് കച്ചവടസംഘത്തലവനായി സൈദിനെ മുസ്ലിംകൾ തിരഞ്ഞെടുത്തത് 

സംഘം മുന്നോട്ട് നീങ്ങി നീണ്ടുനിവർന്ന മരുപ്പറമ്പിലൂടെ ഖാഫിലകൾ നടന്നുനീങ്ങി ഏറെ ദൂരം സഞ്ചരിക്കണം വലിയ വ്യാപരകേന്ദ്രമാണ് സിറിയ യമനും സിറിയയുമാണ് അറേബ്യയിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങൾ അനേകം രാജ്യങ്ങളിൽ നിന്നുള്ള വ്യാപാരികൾ അവിടെ ഒത്തുകൂടും 
വിവിധ രാജ്യങ്ങളിൽ നിർമിക്കുന്ന വസ്തുക്കൾ, നാട്ടിൽ പ്രത്യേക കാലാവസ്ഥയിൽ മാത്രം മുളക്കുന്ന സസ്യങ്ങളും കായ്കനികളും ..... എല്ലാം സിറിയയിൽ ലഭ്യമാണ് 

തങ്ങളുടെ കൈവശമുള്ള ചരക്കുകൾ വില്പന നടത്തിക്കഴിഞ്ഞാൽ വ്യാപാരസംഘങ്ങൾ മറ്റുരാജ്യങ്ങളിലെ വിലപ്പെട്ട വസ്തുക്കളും നാട്ടിൽ ചെന്നു വ്യാപാരം നടത്താനുള്ള ചരക്കുകളും വീട്ടുകാർക്കും ബന്ധുക്കൾക്കും ഉടുപ്പുകളും പലഹാരങ്ങളും പാരിതോഷികങ്ങളും വാങ്ങി നാട്ടിലേക്കു തിരിക്കും 

ദൂതൻ വന്ന് നേരത്തെ കച്ചവടമുതലാളിമാരെ ഖാഫില എത്തുന്ന ദിവസവും സമയവും അറിയിക്കും മുതലാളിമാരുടെ നേതൃത്വത്തിൽ ബന്ധുക്കളും ആശ്രിതരും തോഴിമാരുമടങ്ങുന്ന സംഘം മദീനാ അതിർത്തിയിൽ ചെന്ന് അവരെ സ്വീകരിക്കും 

വഴിയോരങ്ങളിൽ വെച്ച് കൊള്ളസംഘം വ്യാപാരികളെ അക്രമിക്കാറുണ്ട് പിടിച്ചു പറിയും കൊലപാതകവും നടക്കും മരുഭൂമിയുടെ മദ്ധ്യത്തിൽ വിജനമായിടത്ത് ആരും സഹായത്തിനെത്താനുണ്ടാവാറില്ല 

അറേബ്യൻ വ്യാപാരസംഘത്തിന്റെ പതിവു ചിത്രമാണിത് സംഘാംഗങ്ങൾക്ക് നിർദേശങ്ങളും ഉപദേശങ്ങളും നല്കി സൈദ് ഖാഫിലയെ മുന്നോട്ട് നയിച്ചു അവർ ഏറെ പിന്നിട്ടില്ല  ഖാഫില 'വാദിൽ ഖുറ; ' യിലെത്തി 

പ്രസിദ്ധനഗരമാണ് 'വാദിൽ ഖുറ:' സിറിയയിലേക്ക് വ്യാപാരികൾ കടന്നു പോവൽ ഇതിലൂടെയാണ് മനോഹരമായ നാട് ഫിസാറതുബ്നു ബദറിന്റെ സന്താനങ്ങളാണവിടെ താമസിക്കുന്നത് കുപ്രസിദ്ധ കൊള്ളക്കാരാണ് ബനൂഫിസാറത് ഗോത്രം 

ഖാഫിലയെ കൊള്ളക്കാർ തടഞ്ഞു വ്യാപാരചരക്കുകൾ പിടിച്ചു വാങ്ങി അക്രമവും കയ്യേറ്റവും നടന്നു സൈദിനെയും മുസ്ലിംകളെയും കൊള്ളക്കാർ മർദ്ദിച്ചവശരാക്കി 

മുസ്ലിംകൾക്ക് തിരിച്ചൊന്നും ചെയ്യാൻ കഴിഞ്ഞില്ല ഗോത്രക്കാരുടെ നാട്ടിൽ തുച്ഛമായ വ്യാപാരി സംഘത്തിന് എങ്ങനെ പിടിച്ചു നിൽക്കാനാവും? മറുത്തൊന്നും ചെയ്യാനാവാതെ സംഘം മദീനയിലേക്ക് മടങ്ങി 
പ്രവാചകരുടെ സന്നിധിയിലെത്തി സംഭവിച്ചതെല്ലാം അറിയിച്ചു തിരുമനസ്സ് നന്നേ വേദനിച്ചു 

മദീനയിലെ മസ്ജിദുന്നബവിയിൽ പ്രവാചകർ എഴുന്നേറ്റ് നിന്നു പ്രിയപ്പെട്ട സൈദിനെയും സംഘത്തെയും ഉമ്മുഖുർഫ അക്രമിക്കപ്പെട്ട വിവരം സ്വഹാബികളെ അറിയിച്ചു പ്രതികാരം ചെയ്യാൻ ഒരു സൈന്യത്തെ സജ്ജമാക്കുകയും ചെയ്തു 

ആരാണ് സംഘത്തെ നയിക്കുക? 

ഏറ്റവും അനുയോജ്യൻ സൈദ് തന്നെ പ്രവാചകൻ പ്രഖ്യാപിച്ചു 
സംഘത്തെ പ്രവാചകർ യാത്രയാക്കി സൈദ് (റ) അനുയായികൾക്ക് കർശനമായ നിർദ്ദേശങ്ങൾ നൽകി യുദ്ധതന്ത്രവും മറ്റും പറഞ്ഞു കൊടുത്തു മരുഭൂമികൾ പിന്നീട് അവർ വാദിൽജറയുടെ അതിർത്തിയിലെത്തി അവിടെ തമ്പടിച്ചു യുദ്ധം തുടങ്ങി വാളുകൾ ഉയർന്നു പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു ശക്തമായ പോരാട്ടം  മുസ്ലിംകൾ ശത്രുക്കളെ കീഴടക്കി 

സൈദ് വിജയാഹ്ലാദത്തോടെ വെള്ളപ്പതാക വാനിലുയർത്തി ഗോത്രത്തിലെ പ്രഗൽഭനേതാവായിരുന്നു ഖയ്സുബ്നുൽ മുസഹറിൽ അ്മരീ ഖൈസിനെ മുസ്ലിംകൾ വാളിനിരയാക്കി 'ഉമ്മു ഖുർഫ് ' എന്ന പേരിൽ പ്രസിദ്ധയായ ഫാത്വിമ ആയിരുന്നു ഗോത്രനായിക ക്രൂരനായ റബീഅതുബ്നു ബദറിന്റെ പുത്രിയാണിവൾ മുസ്ലിംകൾ അവളെയും മകളെയും വേറെ പുരുഷന്മാരെയും ബന്ധികളാക്കി 

ബന്ധികളെല്ലാം ഒരിടത്ത് ഒരുമിച്ച് കൂട്ടി ചുറ്റും മുസ്ലിം പോരാളികൾ ധീരനായ ക്യാപ്റ്റൻ സൈദുബ്നു ഹാരിസയുടെ കല്പനയും കാത്തിരിക്കുകയാണവർ 
മുസ്ലിംകളെ ഏറെ കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തവളാണ് ഉമ്മുഖുർഫ ഒരു പുരുഷന്റെ ഗർവ്വോടെയാണവൾ സൈദ് (റ) ന്റെ സംഘത്തെ മർദ്ദിച്ചവശരാക്കിയത് ഉമ്മു ഖുർഫയെ വധിക്കാൻ സൈന്യാധിപൻ സൈദ് (റ) കല്പന പുറപ്പെടുവിച്ചു സ്വഹാബികൾ ഉടനെ ഉത്തരവ് നടപ്പിലാക്കുകയും ചെയ്തു 

തടവ് പുള്ളികളെ സൈദ് (റ) നബി സന്നിധിയിലെത്തിച്ചു മുസ്ലിം പോരാളികൾക്ക് ഗനീമത് സ്വത്ത് വീതിച്ചു നൽകി 

ധാനാഢ്യും കുലീനയുമായ ഉമ്മുഖുർഫയുടെ മകളെ സലാമതുബ്നു അംറിൽ അക്വഇനാണ് ലഭിച്ചത് പ്രവാചകൻ (സ) സലമയോട് അവളെ ആവശ്യപ്പെട്ടു കാരണം അന്തസ്സും അഭിമാനവുമുള്ള കുടുംബത്തിലാണവൾ വളർന്നത് അവൾക്കൊത്ത കുടുംബത്തിലിനിയും ജീവിക്കാനവസരം നൽകണം പ്രവാചകരുടെ മാതൃസഹോദരൻ ഹുസ്നുബ്നു അബൂവഹബിനാണ് അവളെ സമ്മാനിച്ചത് 


ഖിർദയുടെ നായകൻ

സത്യസന്ധതയാണ് സൈദിന്റെ മുഖമുദ്ര വഞ്ചനയോ കളവോ ജീവിതത്തിലുണ്ടാവരുതെന്ന നിർബന്ധം സൈദിനുണ്ടായിരുന്നു പ്രവാചകന്റെ വിശ്വാസം നേടിയെടുക്കാൻ സൈദിന് സാധിച്ചതും അതുകൊണ്ട് തന്നെ പ്രവാചകർ (സ) നിരവധി യുദ്ധങ്ങൾക്ക് നേതൃത്വം വഹിക്കാൻ സൈദിനെത്തന്നെ തിരഞ്ഞെടുത്തതിന്റെ താൽപര്യവും മറ്റൊന്നായിരുന്നില്ല

സത്യസന്ധതയും വിശ്വാസ്യതയും സൈദിന്റെ ഓരോ ചലനത്തിലും ദൃശ്യമായിരുന്നു മറ്റുള്ളവർക്ക് സംശയത്തിനിടവരുത്തുന്ന പ്രവർത്തനങ്ങൾ പോലും സൈദ് വളരെ സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്തിരുന്നത് 
കാലങ്ങൾക്ക് ശേഷം നബി പത്നി ആഇശ ബീവി (റ) സൈദിനെ അനുസ്മരിക്കുന്നത് ഇങ്ങനെ: 

'നബി തിരുമേനി (സ) സൈദുബ്നുഹാരിസ (റ) യുദ്ധത്തിൽ പറഞ്ഞയക്കുകയാണെങ്കിൽ ആ സൈന്യത്തിന്റെ നായകനായി സൈദിനെ തന്നെയായിരുന്നു തെരഞ്ഞെടുത്തത് പ്രവാചക, കാലശേഷം ജീവിച്ചിരുന്നെങ്കിൽ പ്രവാചകരുടെ പിൻഗാമിയാകുമായിരുന്നു (അൽ ഇസ്വാബ) 

ഏറ്റവും സമർത്വനും യോഗ്യനുമായ വരെ മാത്രമേ നേതൃസ്ഥാനത്തേക്ക് നബി (സ) നിർദ്ദേശിക്കാറുള്ളൂ സൈദ് (റ) സംഘത്തിൽ ഉണ്ടെങ്കിൽ അവിടെ രണ്ടഭിപ്രായമുണ്ടാവാറില്ല സൈദിനെ തന്നെ ചീഫ് കമാന്ററായി പ്രവാചകർ പ്രഖ്യാപിച്ചു 

ചരിത്രപണ്ഡിതനായ മുഹമ്മദുബ്നു ഉമർ ഇങ്ങനെ രേഖപ്പെടുത്തുന്നു പ്രവാചകർ (സ) സൈദിനെ നേതാവാക്കി  നിയോഗിച്ച ആദ്യ യുദ്ധം 'ഖിർദ' യുദ്ധമാണ് ജുമൂം, ഈസ്, ത്വുർഫ്, സുമിയ്യ്, ഉമ്മു ഖുർഫ, എന്നീ യുദ്ധങ്ങൾക്കാണ് അദ്ദേഹം പിന്നീട് നേതൃത്വം നൽകിയത് ശേഷം മഅ്തത് യുദ്ധ നായകരുടെ മുൻനരയിൽ തന്നെ സൈദുബ്നു ഹാരിസയെ പ്രവാചകർ (സ) നിയോഗിച്ചു 

പ്രവാചകരും മുഹാജിറുകളും മദീനയിലെത്തിയിട്ട് മാസം പതിനെട്ട് പിന്നിട്ടു ജമാദുൽ ഉഖ്റാ മാസാദ്യത്തിലാണ് 'ഖിർദ' യുദ്ധത്തിന് നേതൃത്വം നൽകാൻ പ്രവാചകരുടെ നിർദേശം സൈദിന് ലഭിക്കുന്നത് 

മുസ്ലിംകളുടെ സമ്പാദ്യങ്ങൾ പിടിച്ചടക്കിയവരാണ് ഖുറൈശികൾ ഈത്തപ്പനത്തോട്ടങ്ങൾ മുന്തിരിത്തോപ്പുകൾ, വീട്, മറ്റു സ്വത്തുക്കൾ എല്ലാം മുഹാജിറുകളായ സ്വഹാബികൾക്ക് നഷ്ടപ്പെട്ടു എല്ലാം കയ്യടക്കിവെച്ച ഖുറൈശികൾ മുസ്ലിംകളുടെ സമ്പത്തുകൾ വിദൂര നാട്ടിൽ കൊണ്ടുപോയി വ്യാപാരം നടത്തുന്ന തിരക്കിലാണ് അവസാനം മദീനയിലും മുസ്ലിംകൾക്ക് സ്വൈര്യം കൊടുക്കാതിരിക്കാനാണവരുടെ പദ്ധതി അതിനായി അവർ ഒരു ഫണ്ട് ശേഖരണവും ആരംഭിച്ചു കഴിഞ്ഞു 

ഖുറൈശീ വ്യാപാര സംഘത്തെക്കുറിച്ച് പ്രവാചകർക്ക് രഹസ്യവിവരം ലഭിച്ചു ഉടനെ സൈദുബ്നു ഹാരിസ (റ) യെ അരികിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചു ഒപ്പം മുസ്ലിം സൈന്യത്തെ ഏർപ്പാടാക്കുകയും ചെയ്തു 

ഖുറൈശീ സംഘം വ്യാപാരാവശ്യാർത്ഥം പുറപ്പെട്ട വിവരമറിഞ്ഞു ഖുറൈശീ നായകന്മാരും ധീരശൂര പരാക്രമികളുമാണ് സംഘത്തെ നയിക്കുന്നത് സഫ്വാനുബ്നു ഉമയ്യ:, അബ്ദുൽ ഉസ്സയുടെ മകൻ ഹുവൈത്വ്, അബൂറബീഅയുടെ പുത്രൻ  അബ്ദുല്ല പ്രഗത്ഭനായ അബൂസുഫ് യാനുബ്നു ഹർബ്..... 

മക്കയിലെ പേരെടുത്ത നേതാക്കന്മാർ, യുദ്ധതന്ത്രജ്ഞർ തുടങ്ങിയവരെല്ലാം സംഘത്തിലുണ്ട് 'അജ്ലീ' ഗോത്രക്കാരൻ ഫുറാതുബ്നു ഹയാനാണത്രെ സംഘത്തിന്റെ വഴികാട്ടി മികച്ച ചരക്കുകളുമായാണ് സംഘം പുറപ്പെട്ടത് ഇറാഖിലേക്കുള്ള വഴിയിൽ 'ദാതുഇർഖി' യൂടെ ഫുറാത്, സംഘത്തിന് വഴികാട്ടി കൊണ്ട് നീങ്ങുന്നതായി ദൂതന്മാർ മദീനയിൽ വിവരം നൽകി 
സൈദുബ്നു ഹാരിസ (റ) വിന്റെ നേതൃത്വത്തിലുള്ള മുസ്ലിം സൈന്യത്തെ പ്രവാചകർ യാത്രയാക്കി ആദ്യമായാണ് സൈദ് യുദ്ധ നായകനായി ഇറങ്ങിത്തിരിക്കുന്നത് പ്രവാചകർ പ്രാർത്ഥന നടത്തി ഉപദേശ നിർദേശങ്ങൾ നൽകി സൈദിനെ അനുഗ്രഹിച്ചു 

സംഘം ധൃതിയിൽ നീങ്ങി സഊദി അറേബ്യയിലെ നജ്ദ് ഭാഗത്തേക്കാണ് പുറപ്പെട്ടത് അവിടെ വെച്ച് ഖുറൈശികളെ പിടികൂടാമെന്നും സൈദിന് തോന്നി 'ദാതുഇർഖി' ലുള്ള ഖുറൈശി സംഘം നജ്ദിലെത്തുമ്പോഴേക്ക് അവിടെ എത്തിച്ചേരാനുള്ള പദ്ധതിയുമായി അവർ നീങ്ങി നൂറ് വാഹനങ്ങളാണ് മുസ്ലിം സംഘത്തിനുള്ളത് വാഹനപ്പുറത്താവട്ടെ, ധീരസ്വഹാബീ ഭടന്മാരും സൈദ് അവരെ ധൃതിയിൽ നയിച്ചു 

സൈദിന്റെ വാഹനത്തെ അനുഗമിച്ച് വാഹനവ്യൂഹം ചലിച്ചു ഓരോ വാഹനവും സൈദിന്റെ നിരീക്ഷണത്തിലാണ്  

നജ്ദിലെത്തി മരുഭൂമിയിലൂടെ വിശ്രമമില്ലാത്ത പ്രയാണമായിരുന്നു അത് 
സൈദ് (റ) വാഹനമിറങ്ങി ജനങ്ങളവിടെ തമ്പ് കെട്ടി വിശ്രമിച്ചു  'ഖിർദ ' യിലായിരുന്നു അവർ വാഹനമിറങ്ങിയത് 'റുബ്ദ' യുടെയും 'അമുസ' യുടെയും ഇടയിലാണ് പ്രസിദ്ധമായ 'ഖിർദ ' സ്ഥിതി ചെയ്യുന്നത് 

ഖുറൈശി സംഘത്തിന് വഴി കാട്ടിക്കൊണ്ട് ഫുറാത് വരുന്നത് സൈദ് ശ്രദ്ധിച്ചു മുസ്ലിംകൾ ഒളിഞ്ഞുനിന്നു സംഘം അടുത്തെത്തിയപ്പോൾ സൈദ് (റ) നിർദേശം നൽകി 

ഉടനെ മുസ്ലിംകൾ ശത്രുക്കളെ നേരിട്ടു ഓർക്കാപ്പുറത്തുള്ള ആക്രമണം ഖുറൈശികളെ പരിഭ്രാന്തരാക്കി അവർ ചിതറിയോടി അവരുടെ ഒട്ടകങ്ങളും കച്ചവടച്ചരക്കുകളും മുസ്ലിംകൾ കൈവശപ്പെടുത്തി വഴികാട്ടിയായ ഫുറാത്വ് മുസ്ലിംകളുടെ കയ്യിൽ ബന്ധിയായി 

അവർ വളരെ സന്തോഷിച്ചു തങ്ങളെ മക്കയിൽ വെച്ച് ആട്ടിയോടിച്ച ഖുറൈശികളെ പരാജയപ്പെടുത്താൻ കഴിഞ്ഞ സന്തോഷം തിരിച്ചു പിടിക്കാൻ സാധിച്ച ആഹ്ലാദത്തോടെ അല്ലാഹുവിനെ സ്തുതിച്ചു തക്ബീറുകൾ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു 

അല്ലാഹു അക്ബർ  അല്ലാഹു അക്ബർ.....

സൈദ് (റ) ജനങ്ങളെ വിളിച്ചു പിടിച്ചെടുത്ത വാഹനങ്ങളും കച്ചവടച്ചരക്കുകളും ഒരു  മിച്ചുകൂട്ടി ഒട്ടകങ്ങളെയും കുതിരകളെയും നിയന്ത്രിക്കാൻ ചില  സ്വഹാബികളെ നിയോഗിച്ചു മറ്റു ചരക്കുകൾ വാഹനപ്പുറത്ത് കയറ്റി ബാന്ധിച്ചു സന്തോഷത്തോടെ മദീനയിലേക്കു പുറപ്പെട്ടു 

സൈദ് സൈന്യത്തെയും നയിച്ച് മദീനയുടെ അതിർത്തിയിലെത്തി പ്രവാചകരും മുസ്ലിംകളും അവരെ കാത്ത് കഴിയുകയായിരുന്നു തക്ബീറുകൾ അത്യുച്ചത്തിൽ മുഴക്കിക്കൊണ്ട് സൈദിന്റെ നേതൃത്വത്തിലുള്ള സംഘം വരുന്നത് കണ്ട് മുസ്ലിംകളും സന്തോഷിച്ചു 
നിറഞ്ഞ സന്തോഷത്തോടെയാണ്  മുസ്ലിംകൾ സംഘത്തെ സ്വീകരിച്ചത് ശത്രുക്കളുടെ വഴികാട്ടിയായിരുന്ന ഫുറാതുബ്നു ഹയ്യാനെ സൈദ് (റ) നബി സന്നിധിയിൽ ഹാജറാക്കി പ്രവാചകർ (സ) വളരെ മാന്യമായാണ് ഫുറാതിനോട് പെരുമാറിയത് 

തടവ് പുള്ളികളോട് വളരെ നല്ലനിലയിൽ മാത്രമേ വർത്തിക്കാവൂ എന്ന് പ്രവാചകർ കർശന നിർദ്ദേശം  നൽകിയിരുന്നു വിശുദ്ധ ഇസ്ലാമിനെ ശരിയാം വിധം പ്രവാചകർ (സ) ഫുറാതിന് പരിചയപ്പെടുത്തി 

വിശ്വാസിയാവുകയാണെങ്കിൽ മോചിപ്പിക്കാമെന്ന് പ്രവാചകർ ഫുറാതിന് വാക്ക് കൊടുത്തു 

ഫുറാത് ചിന്താമഗ്നാനായി അറബികളിലെ മാന്യന്മാരാണ് മുസ്ലിംകൾ എത്ര നല്ല സ്വഭാവവും പെരുമാറ്റവുമാണിവരുടേത് ഇസ്ലാം സത്യമല്ലേ, ഇനിയെന്തിനു ശങ്കിച്ചു നിൽക്കണം...?  താമസം വിനാ ഫുറാത് ഇസ്ലാം സ്വീകരിച്ചു അങ്ങനെ അദ്ദേഹത്തെ പ്രവാചകർ (സ) വിട്ടയക്കുകയും ചെയ്തു യുദ്ധാർജ്ജിത സമ്പത്ത് പൂർണമായും സൈദ് പ്രവാചകരുടെ മുമ്പിൽ സമർപ്പിച്ചു 

പ്രവാചകൻ ലഭിച്ച സമ്പാദ്യങ്ങളെ അഞ്ച് വിഹിതമാക്കി ഭാഗിച്ചു  

അഞ്ചിലൊരു ഭാഗം ഇരുപതിനായിരം ദിർഹം ഉണ്ടായിരുന്നു അവശേഷിച്ച സമ്പത്തെല്ലാം യോദ്ധാക്കൾക്കിടയിൽ തന്നെ വിതരണം നടത്തി 


സമർത്ഥനായ സൈന്യാധിപൻ

സൈദിന്റെ നേതൃത്വത്തിലുള്ള സൈന്യം വൻ വിജയം കൈവരിച്ചു തിരിച്ചെത്തി പ്രവാചകരും അനുയായികളും ആഹ്ലാദ ത്തോടെ സൈദിനെയും സംഘത്തെയും വരവേറ്റു

ഇതേ വർഷം തന്നെ പ്രവാചകൻ (സ) സൈദുബ്നു ഹാരിസ (റ) യുടെ നേതൃത്വത്തിൽ മറ്റൊരു സൈന്യത്തെ 'തുർഫി' ലേക്കയച്ചു ബനൂ സഅ്ല ഗോത്രക്കാരോട് യുദ്ധം ചെയ്യാനാണവർ പുറപ്പെട്ടത് അവർ മുസ്ലിംകൾക്കെതിരെ തിരിഞ്ഞിരുന്നു മദീനയുടെ സമീപമുള്ള വെള്ളം ധാരാളമായി ലഭിക്കുന്ന സ്ഥലമായിരുന്നു 'തുർഫ' 

സൈദ് (റ) വിന്റെ സംഘം അവരെ ധീരമായി നേരിട്ടപ്പോൾ അവർ ഓടി രക്ഷപ്പെടേണ്ടി വന്നു അവരുടെ സമ്പത്തും ഒട്ടകങ്ങളും കൈയ്യടിക്കി സൈദ് മദീനയിലെത്തിച്ചു 

ഒട്ടകക്കുട്ടത്തെ സൈദ് (റ) നബി സന്നിധിയിലേൽപ്പിച്ചു സ്വഹാബികൾ സൈദിന്റെ നേതൃപാടവം കണ്ടു വിസ്മയം പൂണ്ടു
 
സൈദുബ്നു ഹാരിസ (റ) യുടെ ആസൂത്രിത പോരാട്ടങ്ങൾ പൊതുവെ പ്രശംസിക്കപ്പെട്ടു ധീരനും ചെറുപ്പക്കാരനുമായ സൈദ് തന്റെ പ്രത്യേകമായ സാമർത്ഥ്യം പ്രവാചകരുടെ അനുഗ്രഹവും വിജയവും നിതാനമായി കണ്ടു 
തുർഫ് കീഴടക്കിയതിനു ശേഷവും സൈദിനു വിശ്രമമുണ്ടായിരുന്നില്ല

പെട്ടെന്നാണ് മറ്റൊരു സൈനിക അനിവാര്യത വന്നു പെട്ടത് 
തിരുനബി (സ) കൈസർ രാജാവിനുള്ള കത്തുമായി ദിഹ്‌യത്തുബ്നു ഖലഫ് (റ) എന്ന പ്രമുഖ സ്വഹാബിയെ അയച്ചു കൈസർ രാജാവ് ദിഹ്‌യയെ ആദരപൂർവം സ്വീകരിക്കുകയും ചെയ്തു 

വിലപ്പെട്ട സമ്മാനങ്ങൾ നൽകി തിരിച്ചയക്കുകയും ചെയ്തു വഴിമദ്ധ്യേ ഔസ്, ഔസുബ്നു ഹുനൈദ് എന്നിവർ അക്രമിക്കുകയും ആ സമ്മാനങ്ങളെല്ലാം പിടിച്ചു പറിച്ചെടുക്കുകയും ചെയ്തു 

എങ്ങനെയൊക്കെയോ അവരുടെ മുമ്പിൽ നിന്നു ജീവനോടെ രക്ഷപ്പെട്ട ദിഹ്‌യ (റ) മദീനയിലെത്തി നബി (സ) യോട് വിവരങ്ങൾ പറഞ്ഞു ഇവരോടു പകരം വീട്ടാമെന്ന തീരുമാനമുണ്ടായി 

ആരുടെ നേതൃത്വത്തിലാണ് സൈന്യത്തെ അയക്കേണ്ടത്? സംശയമുണ്ടായില്ല; സൈദുബ്നു ഹാരിസയുടെ നേതൃത്വത്തിൽ തന്നെ അങ്ങനെ അഞ്ഞൂറു സ്വഹാബികളെയും നയിച്ചു കൊണ്ട് സൈദ് (റ) പുറപ്പെട്ടു പ്രവാചകർ അവരെ അനുഗ്രഹിച്ചു പറഞ്ഞയച്ചു 

തന്ത്രശാലിയായ സൈദ് (റ) സൈന്യത്തെ നയിച്ചു മരുഭൂമിയിലൂടെ യാത്ര തുടർന്നു 'ഔലാജ് ' പ്രദേശത്തു കൂടെ യാത്ര തുടർന്നപ്പോൾ സൈദിന്റെ മനസ്സിൽ പുതിയൊരാശയം മൊട്ടിട്ടു അങ്ങനെ പകലിൽ അവർ അവിടെ ഒളിഞ്ഞു കൂടി രാത്രി യാത്ര തുടർന്നു 'ഹിർറ' യുടെ ഭാഗത്തെത്തിയ സംഘം പെട്ടെന്ന് ആക്രമണം തുടങ്ങി ശത്രുക്കൾക്ക് ഒന്നും ചെയ്യാനായില്ല 

ഹുനൈദിനെയും കയ്യോടെ പിടികൂടി വധിച്ചു ചിലർ മുസ്ലിം സൈന്യത്തിനെതിരെ ആക്രമണം തുടങ്ങി അക്രമികളെ കൈകാര്യം ചെയ്യാൻ സൈദ് ഉത്തരവിട്ടു 'ബനുൽ അഹ്നഫി' ലെ രണ്ടുപേരെയും 'ബനൂ ഖസ്വീബ് ' ഗോത്രത്തിലെ ഒരാളെയും മുസ്ലിം സൈന്യത്തിന് വധിക്കേണ്ടിവന്നു 

നൂറോളം കുട്ടികളെയും സ്ത്രീകളെയും തടവുകാരായി സൈന്യം പിടികൂടി അവരുടെ സമ്പത്ത് കയ്യടക്കാൻ ചിലരെ നിയോഗിക്കുകയും ചെയ്തു ഇതിനു മുമ്പ് രിഫാഅതുബ്നു സൈദ് (റ) വിവരമറിഞ്ഞ് തടവുകാരെ സമീപിച്ചു 

അവരുടെ നാട്ടുകാരനായിരുന്നു രിഫാഅത്ത് പ്രവാചക തിരുമേനി (സ) യുടെ നിർദേശ പ്രകാരം രിഫാഅത്ത് അവരെ സത്യദീനിലേക്ക് ക്ഷണിക്കുകയും അവർ ഇസ്ലാം സ്വീകരിക്കുകയും ചെയ്തിരുന്നു 

പക്ഷേ, ഈ വിവരങ്ങളൊന്നും സൈദ് (റ) വും കൂടെയുള്ള അഞ്ഞൂറോളം സ്വഹാബിമാരും അറിഞ്ഞിരുന്നില്ല 

സംഭവത്തിനു ശേഷം രിഫാഅത് (റ) ന്റെ നേതൃത്വത്തിൽ ഒരു സംഘം മദീനയിലേക്ക് കുതിച്ചു മൂന്ന് ദിവസത്തെ യാത്രക്കുശേഷം ഇവർ മദീനയിൽ നബി തിരുമേനി (സ) യെ നേരിൽ കണ്ടു സംഭവിച്ചതെല്ലാം ധരിപ്പിച്ചു 

അവർ തയ്യാറാക്കി വെച്ചിരുന്ന കത്ത് നബി (സ) ക്ക് കൈമാറി അത് ഉച്ചത്തിൽ വായിക്കാനവരിലൊരാൾക്ക് പ്രവാചകർ നിർദേശം നൽകി 
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ തിരുമനസ്സ് വേദനിച്ചു 'ഈ വധിക്കപ്പെട്ടവരെ ഞാനെന്ത് ചെയ്യും? 

ഞാനെന്ത് ചെയ്യും ? ഞാനെന്ത് ചെയ്യും? എന്നവിടുന്ന് സങ്കടത്തോടെ ചോദിക്കുന്നത് സ്വഹാബികൾ കേട്ടുനിന്നു 

കൂട്ടത്തിൽ പെട്ട അബൂസൈദുബ്നു അംറ് (റ) പറഞ്ഞു: 

'തിരുദൂതരേ.... ജീവനുള്ളവരെ ഞങ്ങൾക്ക് മോചിപ്പിച്ചു തന്നാലും വധിക്കപ്പെട്ടവർ എന്റെ ഈ പാദങ്ങൾക്കിടയിലല്ലേ' 

തിരുനബി (സ) അലി (റ) യെ വിളിച്ചു വരുത്തി പ്രശ്നത്തിന്റെ ഗൗരവം ഉണർത്തി ഇവർക്കൊപ്പം പോയി സൈദ് (റ) വിൽ നിന്ന് ഇവരുടെ ആൾക്കാരെ മോചിപ്പിച്ചു നൽകാൻ പ്രവാചകർ  പറഞ്ഞു
 
അലി (റ) സന്നദ്ധനായി പക്ഷേ, ഒരു സംശയം 'പ്രവാചകരേ , സൈദ്.... ചിലപ്പോൾ എന്നെ അനുസരിച്ചില്ലെങ്കിലോ....?' 

അലി (റ) വിന് സൈദ് (റ) നെ നന്നായറിയാം പ്രവാചകർ (സ) ഒരു കാര്യമേൽപ്പിച്ചാൽ അക്കാര്യത്തിൽ മറ്റേത് പ്രമുഖരുടെ വാക്കും സൈദ് അംഗീകരിക്കില്ല പ്രവാചക വിശ്വാസവും സ്നേഹവും മതിപ്പും അത്രത്തോളമായിരുന്നു സൈദിനുള്ളത് അലി (റ) ശരിക്കും മനസ്സിലാക്കിയിരുന്നു 

ഞൊടിയിടയിൽ അവിടുത്തെ വാൾ അലി (റ) വിന്റെ കയ്യിലേൽപ്പിച്ചു പരിഹാരം പറഞ്ഞു ഈ വാൾ  കാണിച്ചാൽ സൈദ് 

അനുസരിക്കാതിരിക്കില്ലെന്ന് അലി (റ) നും അറിയാമായിരുന്നു 
അവരുടെ ഒട്ടകങ്ങളിലൊന്നിന്റെ പുറത്ത് അലി (റ) അവർക്കൊപ്പം പുറപ്പെട്ടു ദിവസങ്ങൾ പിന്നിട്ട യാത്രക്കൊടുവിൽ അവർ സൈദ് (റ) നെ കണ്ടുമുട്ടി പ്രവാചകർ തന്നേൽപ്പിച്ചവാൾ കാണിച്ച ശേഷം അലി (റ) സംഭവങ്ങളുടെ നിജസ്ഥിതി സൈദി (റ) നെ പറഞ്ഞു ബോധ്യപ്പെടുത്തി 

സൈദ് (റ) ഉടനെ തടവ് പുള്ളികളെ മോചിപ്പിക്കുകയും പിടിച്ചടക്കിയ സമ്പത്തെല്ലാം തിരികെ നൽകുകയും ചെയ്തു 

അലി (റ) ആശ്വാസത്തിന്റെ നെടുവീർപ്പയച്ചു നബി തിരുമേനി (സ) തന്നെയേൽപ്പിച്ച ദൗത്യം ഭംഗിയായി നിർവ്വഹിക്കാനും സൈദ് (റ) കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനും സാധിച്ചതായിരുന്നു അലിയാരെ ആശ്വസിപ്പിച്ചത് 
അവർ മദീനയിലേക്ക് തിരിച്ചു സൈദ് (റ) വിനോടൊപ്പം അലിയ്യുബ്നു അബീത്വാലിബും മരുപ്പറമ്പിലൂടെ മദീനയിലേക്ക് മടക്കയാത്ര തുടങ്ങി
 
മദീനയുടെ അതിർത്തിയിലെത്തിയപ്പോൾ അവർക്കാശ്വാസമായി പ്രിയപ്പെട്ട മുത്ത് നബി (സ) യെയും സ്വകുടുംബത്തെയും വിട്ട് യുദ്ധത്തിന് പുറപ്പെട്ടിട്ട് നാളുകളേറെയായിരുന്നല്ലോ 

സൈദ് (റ) സ്വഹാബികളെയും കൂട്ടി നബി (സ) യുടെ സന്നിധിയിലെത്തി സംഭവിച്ചതെല്ലാം തിരുനബി (സ) ചൊദിച്ചറിഞ്ഞു സൈദ് എല്ലാം വിവരിച്ചു കൊടുത്തു 


പ്രവാചകരുടെ കത്തുമായി ബുസ്റായിൽ

ഇസ്ലാമിക ചരിത്രത്തിലെ ഭാഗമാണ് സൈദ് (റ) അവസാനമായി പങ്കെടുത്ത മുഅ്തത് യുദ്ധം ഹാരിസ് (റ) ന്റെ കൊലപാതകമായിരുന്നു ഈ യുദ്ധത്തിനു കാരണം 

ഈ സംഭവം റസൂലിനെ  ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു 
കാലം മുന്നോട്ടുനീങ്ങി പ്രവാചകതിരുമേനി (സ) വിശുദ്ധ ഇസ്ലാമിന്റെ  സന്ദേശം ലോക ജനതക്ക് മുഴുവൻ എത്തിച്ചു കൊടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു 
ഇതിന്റെ ഭാഗമായി പ്രഗത്ഭരായ ചക്രവർത്തിമാർക്കും രാജാക്കന്മാർക്കും ഇസ്ലാമിനെ പരിചയപ്പെടുത്തികൊടുത്തു കൊണ്ടുള്ള കത്തുകളെഴുതി ദൂതന്മാർ മുഖേന കൊടുത്തയച്ചു 

ബുസ്റ നഗരം ചരിത്രപ്രസിദ്ധമാണ് പ്രവാചകർക്ക് സുപരിചിതമായ സ്ഥലം ബുസ്റായിലെ രാജാവിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രവാചകൻ ഒരു കത്ത് എഴുതിത്തയ്യാറാക്കി 

സ്വഹാബീ പ്രമുഖനായ ഹാരിസുബ്നു ഉമൈർ (റ) വിനെയാണ് ബുസ്റയിലേക്കയക്കാൻ തിരഞ്ഞെടുത്തത് അനുസരണവും ആസൂത്രണ വൈഭവവും സാമർത്ഥ്യവും ഒത്തിണങ്ങിയ സുന്ദരനായ ചെറുപ്പക്കാരൻ അസദ് ഗോത്രത്തിന്റെ ഓമന സന്തതി സദ്ഗുണ സമ്പന്നനായ ഹാരിസിനെ പ്രവാചകരും അനുയായികളും ചേർന്ന് യാത്രയാക്കി 

ഖദീജാ ബീവി (റ) യുടെ ചരക്കുകളുമായി സിറിയയിലേക്ക് വർഷങ്ങൾക്ക് മുമ്പ് കച്ചവടത്തിന് പുറപ്പെട്ടപ്പോൾ ബുസ്റയിലായിരുന്നു റസൂൽ  ഇറങ്ങി വിശ്രമിച്ചത് അബൂത്വാലിബിന്റെ കൂടെ കച്ചവടത്തിന് വേണ്ടി  പുറപ്പെടുമ്പോഴും ബുസ്റയിലിറങ്ങിയിട്ടുണ്ട് 

നസ്തൂറയും ബഹീറയും അവിടുത്തെ പാതിരിമാരായിരുന്നു അവർ പ്രവാചകനെ തിരിച്ചറിഞ്ഞതും ചുമലിലെ പ്രവാചകത്വത്തിന്റെ അടയാളം അവർ സൂക്ഷിച്ചു നോക്കിയതും തിരുനബിയോർത്തു ഭക്ഷണവും വെള്ളവും നൽകി സഹായിച്ചവരാണ് ബുസ്റ പട്ടണക്കാർ 

പ്രവാചകർക്ക്  ബുസ്റ രാജാവിൽ പ്രതീക്ഷയുണ്ടായിരുന്നു അല്ലാഹു 'ഹിദായതി' ന്റെ വെട്ടം കനിഞ്ഞു നൽകിയാൽ ആർക്കും സന്മാർഗം പ്രാപിക്കാനാവും രാജാവിന് അല്ലാഹു കണക്കാക്കിയെങ്കിൽ ഹിദായത്ത് ലഭിക്കട്ടെ 

ഹാരിസ് നടന്നുനീങ്ങി മുമ്പിൽ നീണ്ടുനിവർന്നു പരന്നു കിടക്കുന്ന മരുഭൂമി കയ്യിൽ മുത്ത് റസൂലിന്റെ കത്താണുള്ളത് 

ഖാഫിലകളെ കണ്ടു അവർ സിറിയയിലേക്കുള്ളവരാണ് ബുസ്റ പട്ടണത്തിലൂടെയാണവർ കടന്നു പോവുക അവിടെയിറങ്ങി വിശ്രമിക്കും 
ബുസ്റയിലെ വൻമരങ്ങളുടെ ചുവട്ടിൽ നിത്യസന്ദർശകരുണ്ടാവും ഒട്ടകത്തെ പുൽമേടുകളിൽ മേയാൻവിടും മരച്ചുവട്ടിലിരുന്ന് ഭക്ഷണം കഴിക്കും മരുഭൂമിയിലെ ഉഷ്ണമേറ്റ് തളർന്നവർ വെള്ളം കുടിച്ച് ദാഹമകറ്റും
 
ഹാരിസ് യാത്ര തുടർന്നു മരുഭൂമികൾ താണ്ടി ബുസ്റ പട്ടണത്തിലെത്തി രാജകൊട്ടാരം അന്വേഷിച്ചു ജനങ്ങൾ വഴി പറഞ്ഞു കൊടുത്തു 
പാറാവുകാർ കൊട്ടാരത്തിനു ചുറ്റും നിലയുറപ്പിച്ചിരിക്കുന്നു 

ശക്തരായ ഭടന്മാർ കൊട്ടാര കവാടത്തിൽ ഗേറ്റിൽ ഏതാനും പട്ടാളക്കാർ നിൽക്കുന്നു  

ഹാരിസ് പാറാവുകാരെ സമീപിച്ചു വളരെ പരുക്ഷ സ്വരത്തിൽ 
കാവൽക്കാരൻ ചോദിച്ചു 

'നീ എവിടെ നിന്ന് വരുന്നു ' 

'മദീനയിൽ നിന്ന് ' 

'എന്താണിവിടെ നിനക്കാവശ്യം' 

'രാജാവിനെ ഒന്നു കാണണം ' 

സർവ്വ ധൈര്യവും സംഭരിച്ചു കൊണ്ട് ഹാരിസ് (റ) പ്രതികരിച്ചു 

പാറാവുകാരന്റെ ശബ്ദം കനത്തുവന്നു 

'നീ എന്തിനാണ് രാജാവിനെ കാണുന്നത്?' 

'എനിക്കൊരു കത്ത് കൊടുക്കാനുണ്ട് ' 

'എന്ത് കത്ത്?' 

'എന്റെ നേതാവ് പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ കത്ത് ' 

പാറാവുകാരൻ ഹാരിസ് (റ) നെ ഗേറ്റിന്നരികിലേക്കു മാറ്റി നിർത്തി കൊട്ടാരത്തിനകത്തേക്ക് കയറിച്ചെന്നു അവിടെ മന്ത്രിയുണ്ടായിരുന്നു  
രാജാവിന്റെ വിശ്വസ്തനായ മന്ത്രിയാണ് ശുറഹ്ബീൽ ഇബ്നു അംറ് പ്രധാന വിഷയങ്ങളെല്ലാം രാജാവ്  കൂടിയാലോചിക്കാറുള്ളത് ശുറഹ്ബീലുമായാണ് മന്ത്രിയുടെ അഭിപ്രായത്തിന് രാജകൊട്ടാരത്തിൽ എന്നും അംഗീകാരമായിരുന്നു 

കഠിന ഇസ്ലാം വിരോധിയാണ് ശുറഹ്ബീൽ രാജ കൊട്ടാരത്തിലേക്ക് വിദേശ ദൂതന്മാർ കടന്നുവരണമെങ്കിൽ ഇയാളുടെ പ്രത്യേക അനുമതി അത്യാവശ്യമായിരുന്നു 

ഹാരിസ് കാത്തു നിന്നു പാറാവുകാരന്റെ ശബ്ദം കനത്തതാണ് പ്രിയപ്പെട്ട പ്രവാചകരോട് യാതൊരു ബഹുമാനവുമില്ലാത്ത പെരുമാറ്റമാണ് നടത്തിയത് ഹാരിസ് (റ) സ്വയം ചോദിച്ചു: തനിക്ക് അനുമതി ലഭിക്കുമോ? 

ഹാരിസ് കൊട്ടാരത്തിലേക്ക് നോക്കി അതെ പാറാവുകാരൻ നടന്നു വരുന്നു അയാൾ നടന്നടുത്തു  ഹാരിസ് (റ) നെ സൂക്ഷിച്ചൊന്ന് നോക്കി അൽപം മാറി പ്രത്യേക മുറിയിലിരിക്കുന്ന പട്ടാള മേധാവിയോട് രഹസ്യമായി എന്തോ സംസാരിച്ചു സംഭാഷണം കഴിഞ്ഞ് അയാൾ ഹാരിസ് (റ) വിനെ നോക്കി പരുഷമായ നോട്ടം 

അയാൾ മഹാനായ ഹാരിസ് (റ) ന്റെ അടുത്തേക്കു വന്നു 'മക്കയിലെ മുഹമ്മദിന്റെ കത്തുമായാണല്ലേ നീ വരുന്നത്....?'

എന്നു ചോദിച്ചു കൊണ്ടയാൾ ഹാരിസ് (റ) ന്റെ കൈ മുറുക്കിപ്പിടിച്ച് കൊട്ടാരത്തിലേക്ക് നടന്നു 

രാജാവിന്റെ പ്രധാന മന്ത്രിയായ ശുറഹ്ബീലിന്റെ അരികിലേക്കാണ് പാറാവുകാരൻ ഹാരിസിനെ കൊണ്ടു പോയത് വളരെ ഗൗരവത്തോടെയും ഈർഷ്യതയോടെയും മുഹമ്മദ് നബി (സ) യെ കുറിച്ച് ശുറഹ്ബീൽ പലതും ചോദിച്ചു  

ധീരനായ ഹാരിസി (റ) ന്റെ മറുപടികളോരോന്നും കേൾക്കുമ്പോൾ മന്ത്രിയുടെ കോപം പതിന്മടങ്ങ് വർദ്ധിക്കുകയായിരുന്നു അയാൾ മഹാനായ ഹാരിസി (റ) നെ തെറി പറഞ്ഞു 

അയാളുടെ കോധം ഇതു കൊണ്ടൊന്നും ശമിച്ചില്ല ഹാരിസ് (റ) ന്റെ കൈകളും കാലുകളും ശുറഹ്ബീൽ തന്നെ കെട്ടി ചങ്ങലയിൽ ബന്ധിച്ചു 


പ്രവാചക ദൂതന്റെ വധം

മഹാനായ ഹാരിസുബ്നു ഉമൈർ (റ) വിന്റെ കൈയും കാലും ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു അദ്ദേഹത്തിന്റെ ചിന്തകൾ മദീനയെകുറിച്ചായി 
അല്ലാഹുവിന്റെ തിരുഭൂതർ മുഹമ്മദ് നബി (സ) യുടെ കത്തുമായാണല്ലോ ഞാനിവിടെ വന്നിരിക്കുന്നത് അന്ന് മദീനയിലെ മസ്ജിദുന്നബവിയിൽ നിന്ന് പ്രവാചകരും അനുയായികളും തനിക്ക് നൽകിയ ഹൃദ്യമായ യാത്രയപ്പ് , അനുഗൃഹീത നിമിഷങ്ങൾ..... 

അതോർത്തപ്പോൾ ആ വിശ്വാസദാർഡ്യത തിരതല്ലി ആവേശത്താൽ ആ  വിശ്വാസദാർഡ്യത തിരതല്ല ആവേശത്താൽ അധരങ്ങളിൽ നിന്ന് ആ തൗഹീദിന്റെ അമരധ്വനികളുയർന്നു 

ശുറഹ്ബീൻ കോപം കൊണ്ട് കലി തുള്ളുകയാണ് പാറാവുകാരന്റെ വാൾ വാങ്ങി അയാൾ ഉയർത്തിപ്പിടിച്ചു കയ്യിലെ വാള് കൊണ്ട് അയാൾ ആഞ്ഞൊന്ന് വെട്ടി 

ഹാരിസ് (റ) ന്റെ പിരടിയിലാണ് ആ വെട്ട് വീണത് ഹാരിസ് (റ) വീണ് പിടഞ്ഞു ആ ശരീരം അൽപ സമയം വേദനകൊണ്ട് പുളഞ്ഞു പിന്നെ നിശ്ചലമായി 'ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ.....' 

മദീനയിൽ പ്രവാചകരും അനുയായികളും ഉറ്റുനോക്കുകയാണ് ഹാരിസുബ്നു ഉമൈർ (റ) വിന്റെ വിവരം കാത്തിരിക്കുകയാണ് ബുസ്റ രാജാവ് പ്രവാചകരുടെ കത്തിന് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കുക സ്വഹാബികൾ പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു 

വിവിധ രാജ്യങ്ങളിലേക്ക് കത്തുമായി പ്രവാചകൻ (സ) ദൂതന്മാരെ അയച്ചിട്ടുണ്ട് ഖിസ്തികളുടെ രാജാവ് മുഖൗഖിസ്, എത്യോപ്യൻ ചക്രവർത്തി നജ്ജാശി, റോമാ ചക്രവർത്തി ഹിർഖൽ.... അങ്ങനെ നിരവധി കത്തുകൾ വിട്ടു 

പല കത്തുകൾക്കും മറുപടി ലഭിച്ചു ദൂതന്മാർ പക്ഷേ, ഹാരിസ് (റ) വിനെ മാത്രം കാണുന്നില്ല 

സ്വഹാബികൾ ആകാംക്ഷാഭരിതരായി ഉറ്റുനോക്കുകയാണ് ഹാരിസിനെ നാൾകൾപിന്നിട്ട് ആഴ്ചകൾ, മാസങ്ങൾ തന്നെ കഴിഞ്ഞിട്ടും ഹാരിസ് (റ) തിരിച്ചെത്തിയില്ല ചില സ്വഹാബികൾ ബുസ്റ പട്ടണഭാഗത്തേക്ക് ഹാരിസ് (റ) നെയും തേടിപുറപ്പെട്ടു 

എത്രയോ കഴിഞ്ഞാണു മദീനയിൽ പ്രവാചകർ (സ) വിവരമറിയുന്നത്, ഹാരിസ് (റ) കൊല്ലപ്പെട്ടിരിക്കുന്നു മസ്ജിദുന്നബവിയുടെ മിമ്പറിൽ പ്രവാചകതിരുമേനി (സ) കയറിയിരുന്നു ആ നയനങ്ങൾ നിറഞ്ഞു കണ്ണുകളിൽ നീർത്തുള്ളികൾ പൊടിഞ്ഞു 

സ്വഹാബികൾ തിരുമുഖത്തേക്കുറ്റുനോക്കുകയാണ് പ്രവാചക വദനം വിഷാദനിബിഡമാണ് അവിടുന്ന് വിങ്ങിവിങ്ങിക്കൊണ്ട് ആ വിവരം സ്വഹാബികളെ അറിയിച്ചു 

സദസ്സ് നിശ്ശബ്ദം ചിലർ കയാൻ തുടങ്ങി പ്രിയപ്പെട്ട ഇസ്ലാമിക പ്രബോധകൻ  ഹാരിസ് ഞങ്ങളെ വിട്ട് ഫിർദൗസിലേക്ക് നേരത്തെ നടന്നു നീങ്ങിയിരിക്കുന്നു 

പ്രവാചകർ മുഹമ്മദ് നബി (സ) കത്തുമായി അയച്ച ദൂതന്മാരിൽ വധിക്കപ്പെട്ട ഏക സ്വഹാബി ഹാരിസ്ബുനു അംറ് (റ) ആയിരുന്നു 

പ്രവാചക തിരുമേനി (സ) വളരെ വിഷമിച്ചു വിശുദ്ധ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്ത് സ്വീകരിച്ചില്ല എന്നുമാത്രമല്ല അവർ ദൂതൻ ഹാരിസിനെ വധിക്കുക കൂടി ചെയ്തിരിക്കുന്നു ധിക്കാരമാണ് അവർ നടത്തിയത് ക്രൂരമായ നടപടി 

അവർക്ക് അംഗീകരിക്കാൻ പറ്റുമെങ്കിൽ വിശ്വസിക്കാം ഇല്ലെങ്കിൽ നിരാകരിക്കാം ഇസ്ലാമിൽ ബലാൽക്കാരമില്ല ഒരാളെയും നിർബന്ധപൂർവ്വം മതപരിവർത്തനം നടത്തൽ ഇസ്ലാമിന് അന്യമാണ് പാടില്ലാത്തതാണ് സ്വമനസ്സാലെ ഇസ്ലാമിനെ തൃപ്തിപ്പെട്ടംഗീകരിച്ചവർക്ക് മാത്രമേ ഇസ്ലാമിലേക്ക് പ്രവേശനാനുമതിയുള്ളൂ 

മുഅ്തതിൽ നിന്നാണ് ഹാരിസ് (റ) ശത്രുകരങ്ങളുടെ പിടിയിലമർന്നത് അവിടേക്ക് ഒരു സൈന്യത്തെ അയച്ച് പകരം ചോദിക്കാൻ പ്രവാചകർ (സ) സ്വഹാബികളെ ഉത്ബോധിപ്പിച്ചു 

സ്വഹാബികൾ സജ്ജരായി, പ്രിയപ്പെട്ട കൂട്ടുകാരനെ മുഅ്തതിൽ വെച്ച് അതിക്രൂരമായ രീതിയിൽ കൊലനടത്തിയ ശുറഹ്ബീലിനെയും അവന്റെ ശിങ്കടികളെയും കോന്നൊടുക്കാനുള്ള ആവേശം സ്വഹാബികളുടെ സിരകളിൽ തിളച്ചുമറിഞ്ഞു പ്രതികാരം പ്രതികാരം 

മഹാനായ പ്രവാചകർ (സ) സ്വഹാബികളെ വിളിച്ചുകൂട്ടി യുദ്ധത്തിനു പോവാൻ തയ്യാറുള്ളവരെ ഒരുക്കി നിർത്തി നിരവധി സ്വഹാബികൾ സന്നദ്ധത പ്രകടിപ്പിച്ചു മുന്നോട്ട് വന്നു സ്വഹാബികൾ അവരെ എണ്ണിനോക്കി  മുവ്വായിരം പേർ 

സൈന്യത്തിന് അതിശക്തമായ നേതൃത്വം തന്നെ ആവശ്യമാണ് പ്രവാചകർക്ക് യുദ്ധത്തിന് പോവാൻ നിരവധി തടസ്സങ്ങൾ മുന്നിൽ നിൽക്കുന്നു സ്വഹാബികളെയാണ് യുദ്ധത്തിനയക്കുന്നത് 
തിരുമേനിയുടെ അഭാവം നികത്താൻ പറ്റിയ ശക്തനായ നേതാവിനെ തിരഞ്ഞെടുക്കണം 

സ്വഹാബീ പ്രമുഖരുമായി ചർച്ച നടത്തിയ ശേഷം പ്രവാചക തിരുമേനി  ആ പേര് പ്രഖ്യാപിച്ചു 'സൈദുബ്നു ഹാരിസ് ' 


മുഅ്തതിലെ രക്തസാക്ഷി

മുവ്വായിരം വരുന്ന മുസ്ലിം സൈന്യത്തിന്റെ മുഖ്യ സൈന്യാധിപനായി സൈദുബ്നു ഹാരിസ (റ) നെ പ്രവാചക തിരുമേനി (സ) പ്രഖ്യാപിച്ചു 
സ്വഹാബികളെ വിളിച്ചുകൂട്ടി പ്രവാചകർ (സ) ചില പ്രഖ്യാപനങ്ങൾ നടത്തുകയാണ് 

'സൈദിന് വല്ലതും സംഭവിച്ചാൽ സൈന്യത്തിന്റെ നേതൃത്വം ജഅ്ഫറുബ്നു അബൂത്വാലിബിനായിരിക്കും ജഅ്ഫറിന് വല്ലതും സംഭവിച്ചാൽ അബ്ദുല്ലാഹിബ്നു റവാഹക്കായിരിക്കും നേതൃത്വം ഇനി അബ്ദുല്ലാക്കും വല്ലതും സംഭവിച്ചാൽ ..... 

നിങ്ങൾക്കിടയിൽ നിന്നൊരു നേതാവിനെ തെരഞ്ഞെടുക്കുക...' 

ഇസ്ലാമിക ചരിത്രത്തിലെ അതിപ്രധാനമായ പ്രഖ്യാപനം പ്രവാചക തിരുമേനി (സ) യുടെ പ്രവചനം കൂടിയായിരുന്നു അത് 

ഇതുകേട്ടു സ്വഹാബികൾ ഭയവിഹ്വലരായി നാല് ഭാഗത്തേക്കും അവർ മാറി നോക്കി പ്രവാചക പ്രവചനത്തിന്റെ പൊരുൾ ചികഞ്ഞന്വേഷിച്ച് കൊണ്ടുള്ള നോട്ടം 

മുഖ്യ സൈന്യാധിപനായി സൈദുബ്നു ഹാരിസ (റ) യെ യാണ് പ്രവാചകർ തെരഞ്ഞെടുത്തത് എല്ലാം കൊണ്ടും യോഗ്യനാണ് സൈദ് (റ) 

നിരവധി യുദ്ധങ്ങൾക്ക് പ്രവാചക തിരുമേനിയുടെ  അഭാവത്തിൽ ശക്തമായ നേതൃത്വം നൽകിയും കണിശമായ തീരുമാനങ്ങളെടുത്തും ചുറുചുറുക്കോടെ പൊരുതിയ വ്യക്തിത്വം 

'സൈദിന് വല്ലതും സംഭവിച്ചാൽ.....' 

ഈ വാക്കുകൾ സ്വഹാബികളെ ചിന്താനിമഗ്നരാക്കി നബി (സ) യുടെ ഓരോ വാക്കും അല്ലാഹുവിന്റെ പ്രത്യേകമായ സന്ദേശങ്ങളും നിർദ്ദേശങ്ങളും പ്രകാരമാണ് ഉണ്ടാവാറുള്ളത് അതൊന്നും അസ്ഥാനത്താവാറില്ല 

പ്രവാചക തിരുമേനി (സ) യും സ്വഹാബികളും മുസ്ലിം സൈന്യത്തെ യാത്രയാക്കി  നിറനയനങ്ങളോടെയാണ് പലരും സൈദ് (റ) വിനെ യാത്രയാക്കിയത് സ്വഹാബികൾ മുന്നോട്ട് നീങ്ങി 

സൈദ് (റ) മുസ്ലിം സൈന്യത്തെ നയിച്ച് നീങ്ങി മരുഭൂമികൾ താണ്ടിയുള്ള യാത്ര സിറിയാ രാജ്യത്തിന്റെ ഭാഗത്തേക്ക്  

സിറിയയുടെ അതിർത്തി കടന്നു ജോർദാന്റെ കിഴക്ക് ഭാഗത്തുള്ള 'മആനിൽ ' തമ്പടിച്ചു റോമാസാമ്രാജ്യത്തിന്റെ കരുത്തനായ ചക്രവർത്തി വിവരങ്ങളറിഞ്ഞു സൈന്യത്തെ സജ്ജരാക്കി മുസ്ലിംകളോട് പൊരുതാൻ വേണ്ടി ഒരു ലക്ഷം ഭടന്മാരെയുമായി ഹിർഖിൽ പുറപ്പെട്ടു അറബികളായ മുശ്രിക്കുകളും സംഘടിച്ചു അവർ ഒരു ലക്ഷം പേരുണ്ടായിരുന്നു 

അങ്ങനെ രണ്ട് ലക്ഷത്തോളം വരുന്ന സൈന്യത്തെ 'മആനി' ന്റെ അൽപം അകലെയാണ് ഹിർഖിൽ നയിച്ചത് അവിടെ അവർ തമ്പടിച്ചു പാട്ടും കൂത്താട്ടവും നടത്തി അവർ ഉല്ലസിച്ചു മദ്യം മതിവരുവോളം മോന്തി തിമിർത്താടി 

മുസ്ലിംകൾ 'മആനി' ൽ തമ്പിനുള്ളിലാണ് പ്രാർത്ഥനകളിൽ മുഴുകി അവർ അല്ലാഹുവിന്റെ സഹായത്തിന് വേണ്ടി ദുആ ചെയ്തു 

നിസ്കാര സമയമായപ്പോൾ എല്ലാവരും ശുദ്ധിവരുത്തി ഒരുങ്ങിനിന്നു ബാങ്കും ഇഖാമത്തും വിളിച്ചു സൈദുബ്നു ഹാരിസ (റ) ന്റെ  നേതൃത്വത്തിൽ  ഭക്തിനിർഭരമായ നിസ്കാരം നടന്നു നിസ്കാരാനന്തരം ഇരു കരങ്ങളും വാനിലേക്കുയർത്തി സൈദ് (റ) പ്രാർത്ഥനയിൽ മുഴുകി, 'നാഥാ... ഈ സൈന്യത്തെ നീ സഹായിക്കണെ... 

ശത്രുക്കളെ നേരിടണം നാം മുവ്വായിരം പേർ മാത്രം... ശത്രുക്കളാവട്ടെ അനേകം മടങ്ങ് വരും അവർ സർവായുധസജ്ജരാണ് 

ലോകത്തെ കിടുകിടാ വിറപ്പിച്ച ശക്തിയാണ് റോമാ സാമ്രാജ്യം അവരോടാണ് പൊരുതാൻ പോവുന്നത് സ്വഹാബികൾക്കിടയിൽ ആശങ്ക പെരുത്തു പെട്ടെന്ന് യുദ്ധം തുടങ്ങുന്നതിനെക്കുറിച്ച് അവർ വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു 

ചർച്ച സജീവമായി സ്വഹാബീ പ്രമുഖരായ ജഅ്ഫറുബ്നു അബൂത്വാലിബ് (റ), അബ്ദുല്ലാഹിബ്നു റവാഹ (റ ) തുടങ്ങിയ സ്വഹാബികൾ സൈദുബ്നു ഹാരിസ (റ) യോട് യുദ്ധത്തിന്റെ ഗൗരവത്തെക്കുറിച്ച് സംസാരിച്ചു 

ചർച്ചയിൽ പ്രധാനമായും ഉരുത്തിരിഞ്ഞത് രണ്ട് അഭിപ്രായമായിരുന്നു സ്വഹാബികളെല്ലാം ഈ  രണ്ടിൽ ഒരഭിപ്രായത്തോട് യോജിക്കുന്നവരായിരുന്നു 

ഒന്ന്: തിരുനബി (സ) യുടെ അരികിലേക്ക് നമുക്കൊരു കത്തയക്കാം ശത്രുക്കളുടെ  എണ്ണം നബി (സ) യെ ബോധ്യപ്പെടുത്താം മറുപടി പോലെ വേണ്ടതു ചെയ്യാം ' 

രണ്ടാം പക്ഷക്കാരായ സ്വഹാബികൾ ഈമാനികാവേശത്തോടെ പറഞ്ഞു: 

അല്ലാഹുവാണേ, ജനങ്ങളേ... നാം ഈ ദീനിന് വേണ്ടി പൊരുതാൻ വന്നവരാണ് ശത്രുക്കളുടെ എണ്ണമോ ശക്തിയോ സജ്ജീകരണമോ നമുക്കൊരു പ്രശ്നമേ അല്ല നിങ്ങളെന്തിനുവേണ്ടി ഇറങ്ങിത്തിരിച്ചുവോ അതിനു സജ്ജരാകുവീൻ.... 

നമ്മെ സ്വീകരിക്കാനുള്ളത് വിജയമാണ്.... അല്ലെങ്കിൽ രക്തസാക്ഷിത്വമായിരിക്കും' 

അവസാനം രണ്ടാം പക്ഷക്കാരുടെ അഭിപ്രായത്തിന് സ്വഹാബികൾ അംഗീകാരം നൽകി 

സൈദുബ്നു ഹാരിസ (റ) ജനങ്ങളെ അണിനിരത്തി രണ്ടു രാത്രികൾ മആനിൽ തങ്ങിയ ശേഷം മുസ്ലിം സൈന്യം മുഅ്തതിലേക്ക് പുറപ്പെട്ടു 

രണ്ടു ലക്ഷം വരുന്ന ശത്രുക്കളോട് ശക്തമായ പോരാട്ടമാണിവിടെ നടന്നത് പ്രിയപ്പെട്ട മുത്ത് നബി (സ) തന്റെ കയ്യിൽ നേരിട്ടേൽപ്പിച്ച ഇസ്ലാമിന്റെ പതാക വാനിലേക്കുയർത്തിപ്പിടിച്ച് കൊണ്ട് സൈദുബ്നു ഹാരിസ (റ) രണാങ്കണത്തിൽ മുസ്ലിം സൈന്യത്തിന് നേതൃത്വം നൽകി 

പതാകയേന്തി മുസ്ലിം സൈന്യത്തിന്റെ മുന്നണിയിൽ നിന്ന് അദ്ദേഹം സധീരം പോരാടി നിരവധി ശത്രുക്കളെ അരിഞ്ഞുവീഴ്ത്തി വാളുകൾ കൂട്ടിമുട്ടിയപ്പോൾ മിന്നൽപ്പിണരുകൾ പാറി 

മുസ്ലിം സൈന്യാധിപൻ സൈദ് (റ) നെ ലക്ഷ്യംവെച്ചു കൊണ്ട് ഒരു ഭാഗത്ത് നിന്ന് ശത്രുസൈന്യം സജ്ജരായി അവർ വിദൂരതയിൽ മാറി നിന്നു കൊണ്ട് അമ്പെയ്യാൻ തുടങ്ങി സൈദിനോട് മുഖാമുഖം നിന്ന് പൊരുതാനവർക്ക് ധൈര്യമില്ലായിരുന്നു  

ശത്രുശിരസ്സുകൾ അരിഞ്ഞുവീഴ്ത്തി മുന്നേറുന്ന സൈദ് (റ) ന്റെ യുദ്ധപാടവം കണ്ട് അവർ അമ്പരന്നു നിൽക്കുകയായിരുന്നു 

ശരീരത്തിൽ നിരവധി അമ്പേറ്റെങ്കിലും അതൊന്നും പ്രശ്നമാക്കാതെ സൈദ് (റ) വീണ്ടും രണാങ്കണത്തിൽ സജീവമായ പോരാട്ടം കാഴ്ചവെച്ചു അണികൾക്ക് നിർദ്ദേശങ്ങൾ നൽകി അവർക്ക് ധൈര്യവും ഉന്മേഷവും പകർന്നു 

അമ്പുകൾ സൈദ് (റ) നു നേരെ പെയ്തിറങ്ങാൻ തുടങ്ങി അതിനിടയിലാണ് തളർന്നവശനായ സൈദിനു നേരെ ഒരു ശത്രു ആഞ്ഞു വെട്ടിയത് തൽക്ഷണം മഹാനായ സൈദുബ്നു ഹാരിസ (റ) മറിഞ്ഞുവീണു 

നൂറുകണക്കിന് അമ്പുകൾ ആ ശരീരത്തിൽ പതിച്ചിരുന്നു 'ഇന്നാലില്ലാഹ്.....' സൈദ് (റ) ഫിർദൗസിലേക്ക് യാത്രയായി ഒരു നിമിഷം സ്വഹാബികൾ സ്തബ്ധരായി നിന്നു കണ്ണീർ പെയ്തിറങ്ങി 

ഉടനെ പതാക ജഅ്ഫർ (റ) കയ്യിലേന്തി മുന്നേറി ദീർഘസമയം യുദ്ധം ചെയ്ത ശേഷം ജഅ്ഫർ (റ) നിലംപതിച്ചു തുടർന്ന് അബ്ദുല്ലാഹിബ്നു റവാഹ (റ) യും പതാകയേന്തി പടനയിച്ചു പിന്നീട് ഖാലിദുബ്നു വലീദ് (റ) വും ഇസ്ലാമിന്റെ പതാകയേന്തി ധീരമായി പൊരുതി പ്രവാചകരുടെ പ്രവചനം സത്യമായി പുലർന്നു 

വിവരം മദീനയിലെത്തി ഈ മൂന്നു പേരുടെയും വീടുകൾ പ്രവാചകർ (സ) സന്ദർശിച്ചു വീട്ടുകാരെ നിറനയനങ്ങളോടെയാണ് പ്രവാചകർ ആശ്വസിപ്പിച്ചത് 

പ്രിയപ്പെട്ട സൈദി (റ) ന്റെ വീട് ലക്ഷ്യമാക്കി നടന്ന പ്രവാചകരുടെ കണ്ണുകൾ നിറഞ്ഞിരുന്നു വീട്ടിലെത്തി, കരഞ്ഞുകൊണ്ടിരിക്കുന്ന സൈദ് (റ) വിന്റെ കൊച്ചുമകളെയാണ് പ്രവാചകർക്കവിടെ കാണാനായത് നിഷ്കളങ്കയായ, ഒന്നുമറിയാത്ത പിഞ്ചുബാലികയുടെ കരച്ചിൽ നബിയുടെ ഖൽബിനെ ഇളക്കിമറിച്ചു നിയന്ത്രണം വിട്ട് പ്രവാചകർ (സ) വിതുമ്പിപ്പോയി പിന്നീട് കരച്ചിലായി പ്രിയപ്പെട്ട സൈദുബ്നു ഹാരിസ (റ) യെ ഓർത്ത് മുത്ത് നബി (സ) വല്ലാതെ കരഞ്ഞു 

തൊട്ടുചാരത്ത് നിൽക്കുന്ന സ്വഹാബീപ്രമുഖൻ സഅ്ദുബ്നു ഉബാദ (റ) ക്ക് ഇത് നവ്യാനുഭവമായിരുന്നു പ്രവാചകരുടെ കരച്ചിൽ കണ്ട് വിസ്മയം പൂണ്ട സഅദ് (റ) ചോദിച്ചു: 

'തിരുദൂതരേ , എന്താണിക്കാണുന്നത്?' 

കണ്ണിൽ തുടച്ച് കൊണ്ടുള്ള തിരുനബി (സ) യുടെ മറുപടി ഇങ്ങനെ...
'പ്രിയപ്പെട്ടവൻ തന്റെ  പ്രിയപ്പെട്ടവനെയോർത്തു കരയുകയാണ് ' 

അല്ലാഹുവിന്റെ വിശുദ്ധ കലാമായ ഖുർആനിൽ പേരെടുത്തു പറഞ്ഞ ഒരേയൊരു സ്വഹാബിവര്യനാവാൻ മഹാസൗഭാഗ്യം സിദ്ധിച്ച സൈദുബ്നു ഹാരിസ (റ) യോടൊപ്പം സ്വർഗീയ ലോകത്ത് ഒരുമിച്ചു കൂടാൻ നാഥൻ അനുഗ്രഹിക്കട്ടേ...ആമീൻ  


കടപ്പാട്: അലി അഷ്‌കർ - 95267 65555 

No comments:

Post a Comment