Thursday 4 June 2020

ഹസനുൽ ബസ്വരി (റ)



അബൂസഈദ് ഹസനുബ്നു അബില്‍ ഹസന്‍ യസറുല്‍ ബസ്വരി(റ) ഹസനുല്‍ ബസ്വരി എന്ന് അറിയപ്പെടുന്നു. താബിഉകളിലെ പ്രഗത്ഭ പണ്ഡിതന്‍ ബസ്വറ സ്വദേശി.വിജ്ഞാനം,സൂക്ഷ്മത,ഇബാദത്ത് എന്നിവയിലെല്ലാം അഗ്രഗണ്യന്‍. സൈദ്ബ്നു സാബിത്ത്(റ)വിന്റെ അടിമയായിരുന്നു ഇദ്ധേഹത്തിന്റെ പിതാവ്.

മാതാവ് ‘ഖൈറ’ ഉമ്മുസലമ(റ)യുടെ അടിമസ്ത്രീയായിരുന്നു.ചിലപ്പോള്‍ ഖൈറ വല്ല ആവശ്യത്തിനും പുറത്തുപോകും.തിരിച്ചെത്താന്‍ വൈകിയാല്‍ മുലകുടി മാറാത്ത ഹസന്‍ കരയും.അപ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മുസലമ(റ)തന്റെ മുല കുട്ടിയുടെ വായില്‍വച്ച് കൊടുക്കും.മാതാവ് വരും വരെ കുട്ടി അത് ഈമ്പി അടങ്ങിയിരിക്കും.പാല്‍ ഈമ്പിക്കുടിക്കുകയും ചെയ്യും.ഈ ബര്‍കത്താണ് ഹസനുല്‍ ബസ്വരിക്ക് ജ്ഞാനവും യുക്തിയും വാകാചാതുര്യവും നേടിക്കൊടുത്തതെന്ന് പണ്ഡിതലോകം മനസ്സിലാക്കുന്നു.

അറബി സാഹിത്യത്തില്‍ വളരെ പാണ്ഡിത്യമുണ്ടായിരുന്നു ഹസനുല്‍ ബസ്വരി(റ)വിന്.അംറ്ബുനുല്‍ അലാഅ് പറയുന്നു;’ഹസന്‍ ബസ്വരി, ഹജ്ജാജ്ബ്നു യൂസുഫ് എന്നിവരെക്കാള്‍ വലിയ ഒരു സാഹിത്യകാരനെയും ഞാന്‍ കണ്ടിട്ടില്ല. ഇവരില്‍ ആര്‍ക്കായിരുന്നു കൂടുതല്‍ മികവ് എന്ന് ചോദിച്ചപ്പോള്‍ ഹസന്ന്(റ)എന്നായിരുന്നു മറുപടി.

ബസ്വറ സ്വദേശികളില്‍ വച്ച് ഏറ്റവും സുന്ദരനായിരുന്നു ഇമാം.പിന്നീട് വാഹനപ്പുറത്ത് നിന്ന് വീണ് മൂക്കിന് ക്ഷതമേല്‍ക്കുകയുണ്ടായി. ഉമര്‍(റ)വിന്‍റെ ഖിലാഫത്ത് കാലത്താണ് ജനിച്ചത്.ഇസ് ലാമിക സാമ്രാജ്യത്തിന്‍റെ തലസ്ഥാന നഗരിയായിരുന്ന മദീനയില്‍ അദ്ധേഹം വളര്‍ന്നു.ഉസ്മാന്‍(റ)വിന്‍റെ ഖുതുബ പല പ്രാവശ്യം കേട്ടിട്ടുണ്ട്. ഉസ്മാന്‍(റ)വധിക്കപ്പെടുമ്പേള്‍ ഹസന്‍ ബസ്വരിക്ക് 14 വയസ്സായിരുന്നു പ്രായം.ആ ദുരന്തമുഹൂര്‍ത്തത്തില്‍ 14കാരനായ ഹസനും സ്ഥലത്തുണ്ടായിരുന്നു.

ധീരനായ ഹസന്‍ ധാരാളം യുദ്ധങ്ങളില്‍ പന്കെടുത്തിട്ടുണ്ട്. യുദ്ധം,വിജ്ഞാനം,കര്‍മം ഇവയിലായിരുന്നു ഹസന്‍(റ)വിന്‍റെ താല്‍പര്യം.മുആവിയാ(റ)വിന്‍റെ ഭരണകാലത്ത് ഖുറാസാന്‍ ഗവര്‍ണര്‍ റബീഉബ്നു സിയാദിന്‍റെ എഴുത്തുകാരനായും ജോലി ചെയ്തു. ഉസ്മാന്‍(റ),ഇംറാനുബ്നു ഹുസൈന്‍(റ),മുഖീറത്തുബ്നു ശുഅ്ബ(റ),അബ്ദുറഹ്മാനുബ്നു സമുറ(റ),സമുറത്ത്ബ്നു ജുന്‍ദുബ്(റ),ജുന്‍ദുബുല്‍ ബജ്ലി ഇബ്നു അബ്ബാസ് ഇബ്നു ഉമര്‍(റ)തുടങ്ങിയവരില്‍ നിന്ന് ഇദ്ധേഹം ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖതാജ,അയ്യൂബ്,ഇബ്നുല്‍ ഔന്‍ തുടങ്ങിയ ധാരാളം പ്രമുഖര്‍ ഈ പണ്ഡിതനില്‍ നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്തവരില്‍ പെടും.

വിജ്ഞാനശാഖകളില്‍ അഗാധജ്ഞാനം ഉണ്ടായിരുന്ന ഹസന്‍ ബസരി ഇബാദത്തില്‍ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു.സത്യം തുറന്നു പറയുന്നതില്‍ ആരെയും ഭയപ്പെട്ടിരുന്നില്ല.ഹിജ്റ 103ാം വര്‍ഷം യസീദുബ്നു അബ്ദുല്‍ മലികിന്‍റെ ഭരണകാലം.ഇറാഖില്‍ ഉമറുബ്നു ഹുബൈറ ഗവര്‍ണറായി നിയമിതനായി.ഗവര്‍ണര്‍ ഹസന്‍ ബസ്വരി(റ),ശഅ്ബി(റ),ഇബ്നുസീരീന്‍(റ) എന്നിവരെ വിളിപ്പിച്ചു.മൂന്ന് പണ്ഡിത പ്രമുഖരും ഗവര്‍ണറുടെ വീട്ടിലെത്തി.ഇബ്നു ഹുബൈറ അവരോട് പറഞ്ഞു;അല്ലാഹുവിന്‍റെ ഖലീഫയായ യസീദ് എന്നെ ഇവിടെ ഗവര്‍ണറായി നിയോഗിച്ചിരിക്കുകയാണ്.അദ്ധേഹത്തിന്‍റെ കല്‍പനകള്‍ അടുത്തു തന്നെ വന്നു തുടങ്ങും.നിങ്ങളുടെ അഭിപ്രായമെന്ത്?

ഇബ്നു സീരീനും ശഅ്ബിയും ഒഴിഞ്ഞുമാറുന്ന വിധത്തിലായിരുന്നു സംസാരിച്ചത്.’ഹസന്‍! താങ്കള്‍ എന്തു പറയുന്നു? ഗവര്‍ണര്‍ ചോദിച്ചു,ഹസന്‍(റ)ഒന്നും മറച്ചുവെക്കാതെ പറഞ്ഞു തുടങ്ങി.ഇബ്നു ഹുബൈറാ! യസീദിന്‍റെ വിഷയത്തില്‍ താങ്കള്‍ അല്ലാഹുവിനെ ഭയപ്പെടുക.അല്ലാഹുവിന്‍റെ കാര്യത്തില്‍ യസീദിനെ ഭയപ്പെടരുത്.യസീദില്‍ നിന്ന് താങ്കളെ അല്ലാഹു രക്ഷിക്കും.അല്ലാഹുവില്‍ നിന്ന് തങ്കളെ യസീദ് രക്ഷിക്കില്ല…ഇങ്ങനെ നീണ്ടുപോയി ഉപദേശം.”

ഇബ്നു ഹുബൈറ മൂന്നുപേര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ഹസന്‍ ബസരിക്ക് മറ്റു രണ്ടു പേരുടേതിലും ഇരട്ടി സമ്മാനം നല്‍കുകയുണ്ടായിഉമറുബ്നു അബ്ദുല്‍ അസീസ്(റ) ഭരണമേറ്റപ്പോള്‍ അദ്ധേഹം ഹസന്‍(റ)ന് എഴുതി;”ഞാന്‍ ഈ കാര്യം കൊണ്ട് പരീക്ഷിക്കപ്പെട്ടിരിക്കുകയാണ് എനിക്ക് കുറച്ച് സഹായികളെ താങ്കള്‍ കണ്ടുപിടിക്കണം.”ഹസന്‍(റ)മറുപടി അയച്ചു;’ഭൗതിക ചിന്താഗതിക്കാരെ താങ്കള്‍ ഉദ്ധേശിക്കുന്നുണ്ടാവില്ല.പാരത്രിക ചിന്താഗതിക്കാരാവട്ടെ ആ പ്രവൃത്തി ആഗ്രഹിക്കുകയുമില്ല.ആയതിനാല്‍ അല്ലാഹുവിനെ കൊണ്ട് സഹായം തേടുക.വസ്സലാം.’ഇങ്ങനെ ഹസന്‍(റ)വിന്‍റെ വാക്കുകള്‍ അധികവും മഹത്തായ തത്വജ്ഞാനങ്ങളായിരുന്നു.

ഹജ്ജാജ്ബ്നു യൂസുഫുമായി ബന്ധപ്പെട്ട് ചില ഭീതിജനകമായ അനുഭവങ്ങള്‍ ഇദ്ധേഹത്തിന് ഉണ്ടാവുകയുണ്ടായി.അവയില്‍ നിന്നെല്ലാം രക്ഷപ്പെട്ടു.ഹജ്ജാജാ ചിലപ്പോള്‍ ഇദ്ദേഹത്തിന്‍റെ സദസ്സില്‍ വരുമായിരുന്നു.ഇമാം എഴുന്നേറ്റു നില്‍ക്കില്ല.ഹജ്ജാജാ സദസ്സിന്‍റെ ഒരുഭാഗത്ത് ഇരിക്കും.ഹസന്‍(റ)നടത്തിക്കൊണ്ടിരുന്ന ദര്‍സ് നിര്‍ത്തിവച്ച് ഹജ്ജാജിനെ ശ്രദ്ധിക്കുമായിരുന്നില്ല.

ഹസന്‍ ബസ്വരിയുടെ ദര്‍സ്സില്‍ ധാരാളം പ്രഗത്ഭര്‍ പഠിച്ചിരുന്നു.പിഴച്ച വിശ്വാസങ്ങള്‍ തല പൊക്കിക്കൊണ്ടിരുന്ന അക്കാലത്ത് യഥാര്‍ത്ഥ വിശ്വാസകാര്യങ്ങള്‍ മനസ്സില്ക്കാന്‍ ജനങ്ങള്‍ ഹസനെ(റ)സമീപിക്കുമായിരുന്നു.ഒരിക്കല്‍ ഒരാള്‍ ഇമാമിന്‍റെ ദര്‍സ്സില്‍ കയറി വന്നു അദ്ധേഹം പറഞ്ഞു ;’യാ ഇമാമദ്ദീന്‍!വന്‍ദോഷങ്ങള്‍ ചെയ്യുന്നവര്‍ കാഫിറാണെന്ന് പറയുന്ന ഒരു വിഭാഗം ഇക്കാലത്ത് ഇറങ്ങിയിട്ടുണ്ട്.വന്‍ദോഷം അവരുടെ കാഴ്ച്ചപ്പാടില്‍ ഇസ്ലാമില്‍ നിന്ന് വ്യതിചലിച്ചുപോകുന്ന വിധം കുഫ്റാണ്.ഖവാരിജിലെ വഈദിയ: എന്ന വിഭാഗത്തിനാണ് ഈ വാദമുള്ളത്.മറ്റൊരു വിഭാഗം പറയുന്നത് വിശ്വാസമുണ്ടെങ്കില്‍ വന്‍ദോഷം ഒരു ബുദ്ധിമുട്ടും വരുത്തില്ലെന്നാണ്.. മാത്രമല്ല,കര്‍മ്മം ഇവരുടെ വീക്ഷണത്തില്‍ വിശ്വാസത്തിന്‍റെ ഘടകമേ അല്ല.വിശ്വാസമുണ്ടെങ്കില്‍ ദോഷം ചെയ്യല്‍ ഉപദ്രവം ചെയ്യില്ല.അവിശ്വോസത്തോടൊപ്പം വഴിപ്പാട് ഉപകാരവും ചെയ്യില്ല.ഇതില്‍ അങ്ങ് വിശ്വാസപരമായി എന്തു വിധിയാണ് നല്‍കുന്നത്?

ഹസന്‍(റ)ചോദ്യം ശ്രദ്ധിച്ചുകേട്ടു.സദസ്സില്‍ ധാരാളം ശിശ്യډാരുണ്ട്.അവരും പ്രശ്നം മനസ്സില്ക്കി.ഇമാം അല്‍പനേരം ആലോചിച്ചു.അദ്ധേഹം മറുപടി പറയും മുമ്പ് സദസ്സില്‍ നിന്നും ഒരു ശബ്ദം.വാസ്വിലുബ്നു അത്വാഅ് എന്ന ശിശ്യനാണ് അദബ് പരിഗണിക്കാതെ പറഞ്ഞുതുടങ്ങിയത്.വന്‍ദോഷി നിരുപാതികം മുഅ്മിനാണെന്ന് ഞാന്‍ പറയില്ല.നിരുപാതികം കാഫിറാണെന്നും പറയില്ല.അവന്‍ ഈ രണ്ടു വിഭാഗത്തിനുമിടയിലുള്ള ഒരിടത്താണ് സ്ഥിതിചെയ്യുന്നത്.മുഅ്മിനുമല്ല കാഫിറുമല്ല!. ഇതും പറഞ്ഞ് അദ്ധേഹം ഉടനെ എണീറ്റു.ശേഷം ഒരു തൂണിന്‍റെ അടുത്തുപോയിരുന്നു തന്‍റെ വാദം ചിലര്‍ക്ക് വിശദീകരിച്ചു കൊടുക്കാന്‍ തുടങ്ങി.ഇമാം ഹസന്‍ ബസ്വരി(റ)പറഞ്ഞു:വാസ്വില്‍ നമ്മില്‍ നിന്ന് അകന്നുപോയി.അങ്ങനെയാണ് വാസ്വിലിനും കൂട്ടര്‍ക്കും മുഅ്തസില: അഥവാ അകന്നവര്‍ എന്ന പേരുവന്നത്.

വൈജ്ഞാനിക രംഗത്ത് പ്രശോഭിച്ച ഈ പണ്ഡിതന്‍ ഹിജ്റ: 110 റജബ് ആദ്യത്തില്‍ ബസ്വറയിലാണ് വഫാത്തായത്. നിരവധി പേര്‍ ശേഷക്രിയകളില്‍ പങ്കുകൊണ്ടു. ഹുമൈദുത്വവീല്‍ അത് വിശദീകരിക്കുന്നു…ഹസന്‍(റ) വ്യാഴാഴ്ച്ച വൈകുന്നേരം വഫാത്തായി.വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷം ഞങ്ങള്‍ ‘ജനാസ’ എടുത്തു,തടിച്ചുകൂടിയ ജനം മുഴുവന്‍ ജനാസയെ പിന്തുടര്‍ന്നു. പള്ളിയില്‍ ആരുമില്ലാത്തതിനാല്‍ അന്ന് ‘അസറി ‘ന് അവിടെ ജമാഅത്ത് നടന്നില്ല.മുമ്പ് ഒരിക്കലും പള്ളിയില്‍ ജമാഅത്ത് മുടങ്ങിയതായി അറിവില്ല.. ഇമാം മരണ വേദനയില്‍ ബോധക്ഷയനാവുകയുണ്ടായി.കുറച്ചുകഴിഞ്ഞു ബോധം തെളിഞ്ഞപ്പോള്‍ അദ്ധേഹം പരഞ്ഞു:’സ്വര്‍ഗലോകം,അരുവികള്‍ അതിമഹത്തായ സ്ഥാനം.ഇവയില്‍നിന്നാണ് നിങ്ങള്‍ എന്നെ വിളിച്ചുണര്‍ത്തിയിരിക്കുന്നത്.

ഹസന്‍(റ) വഫാത്താകും മുമ്പ് ഒരാള്‍ ഇബ്നുസീരീനോടു വന്നു പറഞ്ഞു:’പള്ളിയില്‍ നിന്ന് ഏറ്റവും നല്ല ഒരു ചരല്‍കല്ല് ഒരു പക്ഷി എടുത്തുകൊണ്ടുപോകന്നത് ഞാന്‍ സ്വപ്നം കണ്ടു.സ്വപ്നം സത്യമാണിങ്കില്‍ ഹസന്‍ മരിച്ചിരിക്കുന്നു’ ഇതായിരുന്നു അദ്ധേഹത്തിന്‍റെ പ്രതികരണം.അധികം കഴിയും മുമ്പാണ് ഹസന്‍(റ) വഫാത്തായത്.

പാപമോചനം വർധിപ്പിക്കുക 

ഇമാം ഖുര്‍ത്വുബി, റബീഅ് ബിന്‍ സ്വബീഹില്‍ നിന്ന് ഉദ്ധരിക്കുന്നു: ഒരാള്‍ ഹസനുല്‍ ബസ്വരിയെ സമീപിച്ച് ക്ഷാമത്തെക്കുറിച്ച് ആവലാതി ബോധിപ്പിച്ചു. ഹസനുല്‍ ബസ്വരി അദ്ദേഹത്തോട് പറഞ്ഞു: ‘താങ്കള്‍ അല്ലാഹുവോട് പാപമോചനം തേടിക്കൊണ്ടിരിക്കുക.’ മറ്റൊരാള്‍ വന്ന് പട്ടിണിയെക്കുറിച്ച് ആവലാതി പറഞ്ഞു: അദ്ദേഹത്തോട് ഇമാം ഹസനുല്‍ ബസ്വരി പറഞ്ഞു: ‘താങ്കള്‍ അല്ലാഹുവോട് പാപമോചനം തേടിക്കൊണ്ടിരിക്കുക.’ വേറൊരാള്‍ വന്ന് എനിക്ക് ഒരു കുട്ടി ജനിക്കാന്‍ താങ്കള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണം എന്നാവശ്യപ്പെട്ടു. അയാളോടും ഇമാം ഹസനുല്‍ ബസ്വരി ഇസ്തിഗ്ഫാര്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. ഇനി വേറെയുമൊരാള്‍ വന്ന് തന്റെ തോട്ടം വരണ്ടുപോയിരിക്കുന്നുവെന്ന് ആവലാതി പറഞ്ഞു. അദ്ദേഹത്തോടും ഇമാം അതേ ഉത്തരം ആവര്‍ത്തിക്കുകയുണ്ടായി.

അവര്‍ മടങ്ങിയപ്പോള്‍ സദസ്സിലുണ്ടായിരുന്ന റബീഅ്ബ്‌നു സുഹൈബ് (റ) ഹസന്‍(റ)നോട് ചോദിച്ചു: വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടും എല്ലാവര്‍ക്കും ഒരേ മാര്‍ഗമാണല്ലോ അങ്ങു നിര്‍ദേശിച്ചത്?

ഹസന്‍(റ) പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു:’റബീഅ്, ഞാനവര്‍ക്ക് പരിഹാരം നിര്‍ദേശിച്ചു കൊടുത്തത് വിശുദ്ധ ഖുര്‍ആനില്‍ നിന്നാണ്. പ്രവാചകന്‍ നൂഹ്(അ)നോട് അല്ലാഹു പറഞ്ഞത് താങ്കള്‍ ശ്രദ്ധിച്ചിട്ടില്ലേ? നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനമര്‍ഥിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്. നിങ്ങള്‍ അങ്ങനെ ചെയ്യുന്നപക്ഷം നിങ്ങള്‍ക്കവന്‍ സമൃദ്ധമായി മഴവര്‍ഷിപ്പിക്കും. സമ്പത്തും സന്താനങ്ങളും നല്‍കി നിങ്ങളെയവന്‍ സഹായിക്കും. മാത്രമല്ല, നിങ്ങള്‍ക്കായി അവന്‍ തോട്ടങ്ങളും പുഴകളും സജ്ജീകരിക്കും.’

ഈ സൂക്തത്തില്‍ ഇസ്തിഗ്ഫാര്‍ നിര്‍വഹിക്കുന്നതിന്റെ നാല് പ്രയോജനങ്ങള്‍ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. മഴ വര്‍ഷിപ്പിക്കുക, സന്താനലബ്ധി, സാമ്പത്തിക നേട്ടം, കൃഷിയിലെ വിഭവസമൃദ്ധി. അതുകൊണ്ടാണ് ഞാനവര്‍ക്ക് അങ്ങനെ പരിഹാരം നിര്‍ദേശിച്ചുകൊടുത്തത്. നാലുപേരുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും അവയുടെയെല്ലാം പരിഹാരമാര്‍ഗം ഒന്നുതന്നെയാണ് (ഖുര്‍തുബി).



താഴ്മയിലെ വിജയം

നബി (സ) പറയുന്നു: 'അഹങ്കരിക്കുന്നവനെ അല്ലാഹു നിസാരനാക്കും താഴ്മ കാണിക്കുന്നവനെ അവൻ ഉയർത്തും'

ഇത് വലിയൊരു സത്യമാണ് നാം പലരെയും അനുസ്മരിക്കുമ്പോൾ അദ്ദേഹം ഏറെ വിനിയാന്വിതനായിരുന്നു എന്ന് പറയാറുണ്ട് യഥാർത്ഥത്തിൽ താബിഉകളുടെ നേതാവായ ഹസനുൽ ബസ്വരി (റ) വിന്റെ ജീവിതം പഠിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ താഴ്മ പ്രകടിപ്പിച്ച് മുന്നേറുന്നതിന്റെ അനിവാര്യത ആർക്കും ബോധ്യപ്പെടും

മഹാനുഭാവന്റെ ചരിത്രത്തോടൊപ്പം ത്വരീഖത്തുമായി ബന്ധപ്പെട്ട ചില രീതികളും മുൻഗാമികൾക്ക് അതുമായുണ്ടായ ബന്ധവുമെല്ലാം ചുരുക്കി പരാമർശിക്കുന്നു


ഇറാഖ് ഔലിയാക്കന്മാരുടെ രാജ്യം

ലോകതലത്തിൽ എല്ലാംകൊണ്ടും ശ്രദ്ധേയമായ രാജ്യമാണ് ഇറാഖ് ധാരാളം സ്വഹാബികൾ, സ്വൂഫികൾ, ഖുത്വുബുകൾ, മശാഇഖുമാർ എന്നിവർ ജീവിച്ച നാടുകളാണ് ഇറാഖിലുള്ളത് അതുകൊണ്ടുതന്നെ ഔലിയാക്കളുടെ രാജ്യമാണ് ഇറാഖ് പ്രത്യേകിച്ചും കൂഫാ, ബസ്വറ, ബഗ്ദാദ് എന്നിവിടങ്ങളിൽ എണ്ണമറ്റ മഹത്തുക്കളുടെ മസാറുകൾ നമുക്ക് ദർശിക്കാനാവും ഇസ്ലാമിക ചരിത്രത്തിൽ ഇറാഖിനുള്ള സ്ഥാനം എന്നും സ്മരണീയമാണ്

ഇറാഖിലെ കൂഫയായിരുന്നു സയ്യിദുനാ അലിയ്യ് ബ്നു അബീത്വാലിബ് (റ) വിന്റെ ഭരണകേന്ദ്രം ഇന്നും കൂഫയിൽ ഇമാം അലി (റ) വിന്റെ ഭരണകേന്ദ്രമായ മസ്ജിദ് കൂഫയും വലിയ വീടും നമുക്ക് ദർശിക്കാനാവുന്നതാണ് കൂഫയുടെ തൊട്ടടുത്ത പ്രദേശമായ നജഫിലാണ് അലിയാരെ പുണ്യമഖ്ബറ സ്ഥിതിചെയ്യുന്നത് തൊട്ടടുത്തുതന്നെ ധാരാളം സ്വഹാബികളുടെയും മഹത്തുക്കളുടെയും മഖ്ബറകൾ സ്ഥിതിചെയ്യുന്ന വലിയ ഖബ്ർസ്ഥാനും കാണാം

കൂഫയിൽ നിന്ന് എഴുപത്തിയഞ്ച് കിലോമീറ്റർ ദൂരത്താണ് കർബലാ പട്ടണം സ്ഥിതിചെയ്യുന്നത് അലി (റ) വിന്റെ പ്രിയ പുത്രൻ ഇമാം ഹുസൈൻ (റ) വിന്റെ പുണ്യ ഖബ്ർ ശരീഫ് ഇവിടെയാണുള്ളത് കർബലയിൽ തന്നെ ധാരാളം മഹത്തുക്കളുടെ മഖ്ബറകൾ ഉണ്ട് കോടിക്കണക്കിന് രൂപ ചിലവഴിച്ചാണ് കർബലയിൽ സയ്യിദുനാ ഹുസൈൻ (റ) വിന്റെയും തൊട്ടടുത്തുള്ള സയ്യിദുനാ അബ്ബാസ്ബ്നി അലി (റ) വിന്റെയും മഖ്ബറകൾ പണികഴിപ്പിച്ചത് രാജകൊട്ടാരങ്ങളെ ഓർമിപ്പിക്കുന്നതാണ് ഹുസൈനാരുടെ ദർഗ ലോകതലത്തിൽ തന്നെ വൻ തിരക്ക് അനുഭവപ്പെടുന്ന പുണ്യസ്ഥലമാണ് കർബല തോക്കേന്തിയ പട്ടാളക്കാരും പോലീസുകാരുമാണ് സദാ സമയവും ദർഗ പരിപാലിക്കുന്നത്

ഇറാഖിന്റെ തലസ്ഥാന നഗരിയാണ് ബഗ്ദാദ്. ഖലീഫഃ മൻസ്വൂറാണ് ഈ നഗരം പണികഴിപ്പിച്ചത് ഔലിയാക്കളും മശാഇഖുമാരും തിങ്ങിനിറഞ്ഞ ബഗ്ദാദിനെ ദാറുൽ ഔലിയാഅ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്

സ്വഹാബിവര്യനായ സൽമാനുൽ ഫാരിസി (റ), ഹുദൈഫത്ത് ബ്നു യമൻ (റ), അനസ് ബ്നു മാലിക് (റ) തുടങ്ങിയവരുടെ ഖബറുകൾ പ്രസിദ്ധമാണ്

ബഗ്ദാദ് എന്നു കേൾക്കുമ്പോൾ നമ്മുടെ ഓരോരുത്തരുടെയും മനോമുകരത്തിലേക്ക് ഓടിവരുന്ന നാമം ഗൗസുൽ അഅ്ളം ശൈഖ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റ) വിന്റേതാണ് അത്രമാത്രം ആ നാമം നമ്മുടെ ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട്

സയ്യിദുത്വാഇഫഃ അബുൽ ഖാസിം ശൈഖ് ജുനൈദുൽ ബഗ്ദാദി (റ), ശൈഖ് ഹബീബുൽ അജ്മി (റ), ശൈഖ് മഅ്റൂഫുൽ കർഖി (റ), ശൈഖ് മസൽ കാളിം (റ), ശൈഖ് സിർരിയ്യുസ്സിഖ്ത്വി (റ), ശൈഖ് ഹുസൈൻ ബിൻ മൻസ്വൂറുൽ ഹല്ലാജ് (റ), ശൈഖ് അബൂബക്കർ ദൽഫ് ശിബ് ലി (റ), ശൈഖ് ബിശ്റുൽ ഹാഫി (റ), ശൈഖ് ദുന്നൂനുൽ മിസ്വ് രി (റ), ശൈഖ് ഇബ്റാഹീമുൽ ഖവ്വാസ്വ് (റ) തുടങ്ങിയ ലോകംകണ്ട അത്യുന്നതരായ മശാഇഖുമാരുടെ മഖ്ബറകൾ സ്ഥിതിചെയ്യുന്നത് ബഗ്ദാദ് നഗര വീഥികളിലാണ്

ഇമാം അബൂഹനീഫ (റ), ഇമാം അഹ്മദുബ്നു ഹമ്പൽ (റ), ഇമാം ഗസാലി (റ) എന്നീ മഹാന്മാരായ ഇമാമുകളുടെ മഖ്ബറകൾ സ്ഥിതിചെയ്യുന്നതും ബഗ്ദാദിലാണ് ഇമാം അബൂഹനീഫ (റ) വിന്റെ മഖ്ബറ സ്ഥിതിചെയ്യുന്ന സ്ഥലത്തിന് അഅ്ളമിയ്യാ എന്നാണ് പറയുന്നത് സുന്നി സ്വൂഫീ മാർഗത്തിലുള്ളവർ ധാരാളം തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത് വളരെ വലിയ പള്ളിയും അതിനകത്ത് ഇമാമുൽ അഅ്ളം അബൂഹനീഫ (റ) വിന്റെ മഖ്ബറയും കാണാം

ഇമാം അഹ്മദുബ്നു ഹമ്പൽ (റ) വിന്റെ മഖ്ബറയും ബഗ്ദാദിലെ പ്രധാന സിയാറത്ത് സ്ഥലമാണ് സുന്നി സ്വൂഫി വഴികളിലുള്ളവരാണ് ഇവിടെയും താമസിക്കുന്നത് അഅ്ളമിയ്യയിലുള്ള ആളുകളൊന്നും ഇവിടെ കാണുന്നില്ല

ബഗ്ദാദിൽ നിന്നും എത്രയോ ദൂരത്താണ് സുൽത്വാനുൽ ആരിഫീൻ ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ)വിന്റെ മഖ്ബറ സ്ഥിതിചെയ്യുന്നത് ഉമ്മു അബീദഃ എന്നാണ് ആ നാടിന്റെ പേര് ജനവാസം കുറഞ്ഞ അവിടെ ഏകദേശം പത്തോളം വീടുകളെ ഇന്നും കാണാനാവുന്നുണ്ട് അങ്ങോട്ടുള്ള യാത്രയിൽ ഭക്ഷണവും വെള്ളവും നാം വാഹനത്തിൽ കരുതുക തന്നെ വേണം അത്രയ്ക്കും ഉൾപ്രദേശവും ദുർഘടങ്ങളായ പാതകളിലൂടെയുള്ള യാത്രയുമാണ് ഉമ്മു അബീദഃയിലേക്ക്


ബസ്വറ

ബഗ്ദാദിൽ നിന്നും 532 കിലോമീറ്റർ അകലെയാണ് ബസ്വറ സ്ഥിതിചെയ്യുന്നത് ഇസ്ലാമിക ചരിത്രത്തിൽ എക്കാലത്തും പരാമർശിക്കപ്പെട്ട ഇറാഖിലെ പഴയ രണ്ട് നഗരങ്ങളാണ് കൂഫയും ബസ്വറയും

സ്വഹാബിവര്യരും സ്വർഗംകൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടവരുമായ ത്വൽഹത്ത് ബ്നു ഉബൈദുല്ലാഹിത്തൈമി (റ), സുബൈറുബ്നുൽ അവ്വാം (റ) എന്നിവരുടെ മഖ്ബറകൾ ബസ്വറയിലാണ് സ്ഥിതിചെയ്യുന്നത്

ശൈഖ് ഹസനുൽ ബസ്വരി (റ) ഈ ഉമ്മത്തിലെ യൂസുഫ് എന്നറിയപ്പെട്ട സ്വപ്ന വ്യാഖ്യാതാവായ ശൈഖ് മുഹമ്മദ് ബ്നി സീരീൻ (റ), ശൈഖ് ഹബീബുൽ അജ്മി (റ), മഹതി റാബിഅത്തുൽ അദവിയ്യാ (റ) എന്നീ ഉന്നതരായ സ്വൂഫീ ഗുരുക്കന്മാർ ജീവിച്ചതും ബസ്വറയിലായിരുന്നു ചരിത്രപരമായി വളരെ വലിയ പ്രാധാന്യം ഈ നഗരത്തിലുണ്ട്

ഇന്ന് നാം കാണുന്ന ബസ്വറ പട്ടണം തികച്ചും വ്യത്യസ്ഥമാണ് അമേരിക്കൻ കപാലികന്മാരുടെ മിസൈലാക്രമണത്തിൽ തകർന്നുകിടക്കുന്ന ബസ്വറയാണ് നമുക്ക് കാണാനാവുന്നത് ഇറാഖ് മുസ്ലിം രാഷ്ട്രമാണ് സുന്നികളും ശിയാക്കളുമാണ് ഭൂരിപക്ഷവും അമേരിക്കൻ സേനയോട് ചേർന്ന് ശിയാക്കൾ സുന്നീ സ്വൂഫീ സമൂഹത്തെ ഉന്മൂലനം ചെയ്യാൻ സഹായിക്കുകയും സൗകര്യം ചെയ്തു കൊടുക്കുകയുമായിരുന്നു 2003- ലെ ഇറാഖ്- അമേരിക്ക യുദ്ധത്തിലൂടെ അവിടെ നടന്നത് അതുകൊണ്ടുതന്നെ ശിയാ അധിനിവേശകേന്ദ്രങ്ങളിലൊന്നും യുദ്ധക്കെടുതികൾ കാണാനാവുന്നില്ല മറിച്ച് സൂന്നീ- സ്വൂഫീ ഭൂരിപക്ഷ മേഖലകളിലാണ് കൂടുതൽ നാശനഷ്ടങ്ങളും മനുഷ്യ ഉന്മൂലനവും നടന്നത്

ബസ്വറയിൽ തന്നെ ലക്ഷക്കണക്കിന് സുന്നീ സഹോദരങ്ങളെ ശിയാക്കളുടെ സഹായത്തോടെ അമേരിക്കൻ പട്ടാളക്കാർ കുരുതിക്ക് കൊടുത്തിട്ടുള്ളത് അതുകൊണ്ടുതന്നെ വിധവകളായ ധാരാളം സ്ത്രീകളെയും അനാഥകളായ ധാരാളം കുട്ടികളെയും നമുക്ക് അവിടെ കാണാം

തലസ്ഥാന നഗരിയായ ബഗ്ദാദിൽ സുന്നീ പ്രദേശങ്ങളിലും ഇതേ കാഴ്ചകൾ തന്നെയാണ് കാണാനാവുന്നത് ചരിത്രപരമായി തന്നെ ഇറാഖിൽ പഴയ കാലം മുതൽ തന്നെ ധാരാളം യുദ്ധങ്ങളും സംഘട്ടനങ്ങളും നടന്നിട്ടുണ്ട് കോടിക്കണക്കിന് മനുഷ്യർ മരിച്ചു വീണ നാടുകളാണ് ഇറാഖ്യൻ നാടുകൾ എങ്കിലും അമ്പിയാക്കളും, സ്വഹാബികളും, ഔലിയാക്കളും മശാഇഖുമാരും ജീവിച്ച മൺമറഞ്ഞ നാടുകളും ഇപ്പോഴും ജീവിച്ചിരിക്കുന്ന നാടുകളുമാണ് ഇറാഖ്യൻ നാടുകൾ മാത്രമല്ല ലോകത്തിന്റെ നാനാഭാഗത്തുള്ള സ്വൂഫികളും മശാഇഖന്മാരും സംഗമിക്കുന്ന പുണ്യഭൂമിയും കൂടിയാണിത്


ഹസനുൽ ബസ്വരി (റ) വിന്റെ കുട്ടിക്കാലം

ഇമാമുസ്സാഹിദീൻ സയ്യിദുനാ ഹസനുൽ ബസ്വരി (റ) വിന്റെ ചരിത്രം, ദർശനം എന്നിവയെല്ലാം സ്വൂഫി മുഖത്ത് വലിയ പ്രാധാന്യം അർഹിക്കുന്നുണ്ട് അതിനാൽ അവിടുത്തെ ചെറുപ്പകാലം നമുക്കൊന്ന് കണ്ണോടിക്കാം

തിരുനബി (സ) യുടെ പ്രിയപത്നിമാരിലൊരാളായ ഉമ്മുൽ മുഅ്മിനീൻ ഉമ്മുസലമഃ (റ) വിന്റെ വസതിയിൽ ഹിജ്റഃ 21 ലാണ് ഹസനുൽ ബസ്വരി (റ) ജനിക്കുന്നത് പിതാവ് യസാറുൽ ബസ്വരിയും മാതാവ് ഖൈറത്തുമായിരുന്നു ഉമ്മുസലമഃ ബീവി (റ) യുടെ പരിചാരകരിൽ ഒരാളായതുകൊണ്ടാണ് മഹാനവർകളുടെ ജനനം തിരുഭവനത്തിലായത് സയ്യിദുനാ ഉമറുബ്നുൽ ഖത്താബ് (റ) വാണ് ഹസൻ എന്ന് പേരിട്ടത്

സ്വഹാബത്തിന്റെ കാലഘട്ടത്തിൽ ജനിച്ചതും ജനനം മദീനയിലായതും എന്തുകൊണ്ടും ആത്മീയതയുടെ അത്യുന്നതങ്ങളിലെത്താൻ ഹസനുൽ ബസ്വരി (റ) വിന് സഹായകരമായി ചെറുപ്രായത്തിൽ തന്നെ മാതാവ് ഖൈറത്ത് മകനെ സ്വഹാബികളുടെ അടുത്തേക്ക് അയക്കുമായിരുന്നു അതിനാൽ അവരുടെ മജ്ലിസുകളും ദുആകളും മഹാന് ലഭിച്ചു എത്രത്തിൽ സയ്യിദുനാ ഉമർ (റ) വിന്റെ പ്രത്യേക ദുആ തന്നെ മഹാനവർകൾക്ക് ലഭിക്കുകയുണ്ടായി 'അല്ലാഹുവേ, ഈ കുട്ടിയെ നീ ദീനിൽ അത്യുന്നതരായ മഹത്തുക്കളിൽ പെടുത്തുകയും സജ്ജനങ്ങളിലേക്ക് പ്രിയപ്പെട്ടവനായും ആക്കേണമേ ' ഇതായിരുന്നു ഖലീഫയുടെ ദുആ (അൽ ഹസനുൽ ബസ്വരി ഇമാമുസ്സാഹിദീൻ: 28)

തിരുനബി (സ) യുടെ കാലത്തായിരുന്നു ശൈഖ് ഹസനുൽ ബസ്വരി (റ) വിന്റെ ജനനമെന്നും അഭിപ്രായപ്പെട്ടവരുണ്ട് അതിലേക്ക് വിരൽചൂണ്ടുന്ന ചരിത്രങ്ങളും മഹാന്മാർ ഉദ്ദേശിച്ചിട്ടുണ്ട്

ഒരിക്കൽ തിരുനബി (സ) മഹതി ഉമ്മുസലമഃ (റ) വിന്റെ വീട്ടിലേക്ക് വന്നപ്പോൾ കുട്ടിയായ ഹസനെ അവർ റസൂലുല്ലാഹി (സ) യുടെ മടിയിൽ വെച്ചുകൊടുത്തു അപ്പോൾ നബി (സ) കുട്ടിക്ക് വേണ്ടി ദുആ ചെയ്തു (തദ്കിറത്തുൽ ഔലിയാഅ്: 56)

ശൈഖ് ഹസനുൽ ബസ്വരി (റ) വിന്റെ മാതാവ് ഖൈറത്ത് മഹതിയായ ഉമ്മുസലമഃ (റ) യുടെ പരിചാരികയായതിനാൽ മഹതിയിൽ നിന്ന് ധാരാളം ബറകത്തുകൾ കരസ്ഥമാക്കാനും സാധിച്ചു മാതാവ് ഖൈറത്ത് ഉമ്മുസലമഃ (റ) യുടെ വീട്ടിൽ ജോലിയിലായിരിക്കുമ്പോൾ മുലകുടിക്കുന്ന പ്രായമായതിനാൽ മുലപ്പാലിന് വേണ്ടി കരയുമ്പോൾ മഹതി ഉമ്മുസലമഃ (റ) തന്റെ മുലപ്പാൽ ഹസന് നൽകിയിരുന്നു മാത്രമല്ല, മഹതിക്ക് ഈ കുട്ടിയോട് പ്രത്യേക വാത്സല്യമായിരുന്നു അതിനാൽ അവർ ദുആ ചെയ്തു: 'അല്ലാഹുവേ, ഈ കുട്ടിയെ സൃഷ്ടികൾക്ക് മാർഗദർശനം നൽകുന്ന ഒരു മഹാമനീഷിയാക്കേണമേ (തദ്കിറത്തുൽ ഔലിയാഅ്: 56, 57)

തിരുനബി (സ) യുടെയും ഉമർ (റ) വിന്റെയും മഹതി ഉമ്മുസലമഃ (റ) യുടെയും പ്രത്യേക ദുആ ലഭിച്ചതിനാൽ ഹസനുൽ ബസ്വരി (റ) സ്വഹാബത്തിന്റെ കാലം മുതൽ തന്നെ ആത്മീയ തലത്തിൽ ശ്രദ്ധയാകർഷിക്കാൻ തുടങ്ങി മാത്രമല്ല, സയ്യിദുനാ അലി (റ) വിന്റെ ആത്മീയ ശിക്ഷണമായ തർബിയ്യത്തും തസ്കിയ്യത്തും മഹാനരെ വിലായത്തിന്റെ അത്യുന്നതങ്ങളിലെത്തിച്ചു

ശൈഖ് ഹസനുൽ ബസ്വരി (റ) വിന്റെ അത്യുന്നത വിജയത്തിന്റെ നിദാനത്തിന് മാതാവ് ഖൈറത്ത് ഒരു പ്രധാന കാരണം തന്നെയായിരുന്നു മാതാവിന്റെ ജീവിതം തിരുനബി പത്നിയോടൊപ്പമായിരുന്നല്ലോ അതുകൊണ്ടുതന്നെ ഉമ്മഹാത്തുൽ മുഅ്മിനീങ്ങളുമായി ബന്ധം പുലർത്താനും മഹതിക്കും സാധിച്ചു

മദീനയിൽ ജീവിക്കാൻ അവസരം ലഭിച്ചതിനാൽ സംശുദ്ധമായ ജീവിതം നയിക്കുവാനും സ്വഹാബികളുമായി സഹവസിക്കാനും മഹതിക്ക് അവസരം ലഭിച്ചു ഫിഖ്ഹ്, ഹദീസ്, ചരിത്രം എന്നീ വിഷയങ്ങളിലെല്ലാം മഹതിക്ക് നല്ല കഴിവുണ്ടായിരുന്നു (അൽ ഹസനുൽ ബസ്വരി ഇമാമുസ്സാഹിദീൻ: 28)

ചെറുപ്രായത്തിൽ തന്നെ നിത്യവും മസ്ജിദുന്നബവിയിൽ പോകാൻ അവസരം ലഭിച്ചിരുന്നു പള്ളിയിലിരുന്ന് സ്വഹാബികളിൽ പ്രമുഖരെയും മറ്റും ദർശിക്കാനായി മാത്രമല്ല, മാതാവ് ഖൈറത്തിനോടൊപ്പം തിരുനബി പത്നിമാരുടെ ഗേഹങ്ങൾ സന്ദർശിക്കുവാനുള്ള സുവർണാവസരവും കുട്ടിക്കാലത്ത് ലഭിച്ചിരുന്നു

ഞാൻ മുന്നോറോളം സ്വഹാബികളെ കണ്ടിട്ടുണ്ട് അതിൽ എഴുപതുപേർ ബദ്രീങ്ങളായിരുന്നുവെന്ന് മഹാൻ പറഞ്ഞിട്ടുണ്ട് ഉമറുബ്നുൽ ഖത്താബ് (റ), ഉസ്മാൻ ബ്നി അഫ്ഫാൻ (റ) , അബ്ദുല്ലാഹിബ്നു അബ്ബാസ് (റ), അബ്ദുല്ലാഹിബ്നു ഉമർ (റ), ജാബിർ (റ) എന്നിവർ അവരിൽ പ്രമുഖരാണ് (അൽ ഹസനുൽ ബസ്വരി ഇമാമുസ്സാഹിദീൻ: 28)


ഉമ്മുസലമഃ (റ)

തിരുനബി (സ) യുടെ പത്നിമാരിൽ ഒരാളായിരുന്നു ഉമ്മുസലമഃ (റ) ഹിന്ദ് എന്നാണ് മഹതിയുടെ നാമം റംലഃ എന്നാണെന്നും അഭിപ്രായമുണ്ട് ആദ്യ ഭർത്താവ് അബൂസലമഃ (റ) ആയിരുന്നു അബ്ദുല്ലാഹിബ്നു അബ്ദിൽ അസദിൽ  മഖ്സൂമി എന്നാണ് അവരുടെ പേര് ബദ്റിലും ഉഹ്ദിലും പങ്കെടുത്ത സ്വഹാബിയാണ് അബൂസലമഃ (റ) വിലായി സൈനബ്, സലമഃ, ഉമർ, ദുർറഃ എന്നീ മക്കൾ മഹതിക്കുണ്ടായിരുന്നു
അബൂസലമഃ (റ) വിന്റെ വഫാത്തിനുശേഷം ഉമർ (റ) മഹതിയെ വിവാഹം ചെയ്യാൻ ഉദ്ദേശിച്ചെങ്കിലും മഹതി അതിന് തയ്യാറായില്ല ഭർത്താവിന്റെ വിയോഗാനന്തരം മഹതി പറഞ്ഞിരുന്നു അബൂസലമഃയേക്കാൾ ഉത്തമരായവർ മുസ്ലിംകളിൽ ആരാണുള്ളതെന്ന്

പിന്നീട് മഹതി പറഞ്ഞു: 'അല്ലാഹു എനിക്ക് അല്ലാഹുവിന്റെ റസൂലിനെ തന്നു'

തിരുനബി (സ) ക്ക് ഉമ്മുസലമഃ (റ) യെ വിവാഹം ചെയ്തുകൊടുത്തത് മഹതിയുടെ മകൻ തന്നെയായിരുന്നു മകൻ അല്ലായെന്നും അഭിപ്രായപ്പെട്ടവരുണ്ട്

അതീവ സുന്ദരിയായ മഹതിയുടെ സൗന്ദര്യത്തെ സംബന്ധിച്ച് പറയുന്നത് കേട്ട് ഞാൻ ദുഃഖിച്ചിട്ടുണ്ടെന്ന് ആഇശ (റ) പറഞ്ഞതായി ചരിത്രത്തിൽ കാണാം ആഇശാ ബീവി (റ) പിന്നീട് മഹതിയെ കണ്ടതിനു ശേഷം പറഞ്ഞു ഹഫ്സ്വഃ പറയുന്നതുപോലെ ഉമ്മുസലമഃ അതീവ സുന്ദരിയാണ് (ത്വബഖാത്തുബ്ന് സഅ്ദ്: 8/94) 

ആഇശ (റ) യിൽ നിന്ന് നിവേദനം: തിരുനബി (സ) അസ്വർ നിസ്കരിച്ചാൽ ഓരോ ഭാര്യമാരുടെ അടുക്കലും ചെല്ലുമായിരുന്നു ആദ്യം ഉമ്മുസലമഃ (റ) യുടെ അടുത്താണ് പ്രവേശിക്കുക ഭാര്യമാരിൽ മഹതിയായിരുന്നു വലിയവർ അവസാനം ആഇശാ (റ) യുടെ അടുക്കലുമായിരുന്നു (സൗജാത്തിന്നബിയ്യ്: 191) 

ഇമാം ത്വബ്റാനി (റ) രേഖപ്പെടുത്തുന്നു: തിരുനബി (സ) പത്നിമാരിൽ നിന്ന് ആദ്യം വഫാത്തായത് സൈനബ് ബിൻത് ജഹ്ശ് (റ) ആയിരുന്നു അവസാനം വഫാത്തായത് ഉമ്മുസലമഃ (റ) ആയിരുന്നു (മുഅ്ജമുൽ കബീർ: 23:500)
ഹിജ്റഃ 61- ലാണ് മഹതി വഫാത്താവുന്നത് വഫാത്താവുമ്പോൾ 84 വയസ്സുണ്ടായിരുന്നു അബൂഹുറൈറ (റ) ആയിരുന്നു ജനാസ നിസ്കരിച്ചത് മദീനയിലെ ബഖീഇലാണ് മഹതിയെ മറവു ചെയ്തത് (സിയറു അഅ്ലാമിന്നുബലാഅ്: 2/210) 

എന്നാൽ ഹാഫിള് ബിനു സഅ്ദ് (റ) എഴുതിയത് മഹതി വഫാത്തായത് ഹിജ്റഃ 59 ദുൽഖഅ്ദ് മാസത്തിലാണെന്നാണ് (ത്വബഖാത്തുൽ കുബ്റാ: 8/87) 


ബസ്വറയിലേക്ക്

ഹിജ്റഃ 36-ൽ സയ്യിദുനാ അലി (റ) വിന്റെ ഭരണത്തിൻ കീഴിലായി ഉസ്മാനുബ്നു ഹുനൈഫ് ബസ്വറയിലെ ഗവർണറായിരുന്ന കാലത്താണ് യസാറുൽ ബസ്വരിയും കുടുംബവും ബസ്വറയിലെത്തുന്നത്

യസാറിന്റെ പിതാക്കന്മാരും കുടുംബവും നാടും ദേശവും ബസ്വറയായിരുന്നു പതിനാല് വയസ്സുവരെയാണ് ഹസനുൽ ബസ്വരി (റ) വിന്റെ മദീനാ ജീവിതം
ബസ്വറയിലെത്തിയതിനു ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് മഹാൻ പ്രവേശിക്കുന്നത്

അൽജഃയായിരുന്നു പത്നി സഈദ്, അബ്ദുല്ല എന്നീ കുട്ടികൾക്ക് അവൾ ജന്മം നൽകി അബൂസഈദ് എന്ന് ഓമനപ്പേര് മഹാനവർകൾക്ക് ഉണ്ടായിരുന്നു വേറെ സന്താനങ്ങൾ ഉണ്ടോയെന്ന് വ്യക്തമല്ല എങ്കിലും ഒരു മകളും ഉള്ളതായി ചരിത്രത്തിൽ നിന്ന് മനസ്സിലാവുന്നുണ്ട്


ജീവിതം ദർശനം

തിരുനബി (സ) തങ്ങളുടെ സ്വഹാബത്തിന്റെ സ്വഭാവഗുണങ്ങളായിരുന്നു ഹസ്വനുൽ ബസ്വരി (റ) വിൽ സമ്മേളിച്ചിരുന്നത് ഭക്ഷണത്തിൽ മിതത്വം പാലിക്കുകയും കുറഞ്ഞതുകൊണ്ട് തൃപ്തിപ്പെടുകയും ചെയ്യും എല്ലാ ദിവസവും ഒരു ദിർഹമിന്റെ പകുതിക്ക് മാംസം വാങ്ങുമായിരുന്നു

ഉയരം കൂടിയ ഹസനുൽ ബസ്വരി (റ) ബസ്വറക്കാരിൽ വെച്ച് ഏറ്റവും സൗന്ദര്യമുള്ളവരായിരുന്നു ആസ്വിമുൽ അഹ് വൽ ബസ്വറയിലേക്ക് യാത്ര ചെയ്യാനുദ്ദേശിച്ചപ്പോൾ ശുഅ്ബിയോട് ചോദിച്ചു: 'നിങ്ങൾക്കു വേണ്ടി ബസ്വറയിൽ വെച്ച് വല്ലതും ചെയ്യേണ്ടതുണ്ടോ?'

ശുഅ്ബി പറഞ്ഞു: 'ഉണ്ട് താങ്കൾ ബസ്വറയിൽ ചെന്നാൽ എന്റെ സലാം ഹസനോട് പറയണം ' അപ്പോൾ ആസ്വിം ചോദിച്ചു: 'ഞാൻ എങ്ങനെയാണ് അവരെ മനസ്സിലാക്കുക?'

ശുഅ്ബി പറഞ്ഞു: 'നിങ്ങൾ ബസ്വറയിലെത്തിയാൽ അവിടുത്തെ ജനങ്ങളിൽ വെച്ച് ഏറ്റവും സൗന്ദര്യമുള്ളയാളെ തിരക്കുക?' പറഞ്ഞതു പ്രകാരം ആസ്വിം ബസ്വറയിലെത്തിയപ്പോൾ ഹസനുൽ ബസ്വരിയെ കണ്ടു മഹാൻ പള്ളിയിലുണ്ട് ജനങ്ങളെല്ലാം ചുറ്റും ഇരിക്കുന്നു (അൽ ഹസനുൽ ബസ്വരി: 32)

അതിശൈത്യമാണെങ്കിലും മഴക്കാലമാണെങ്കിലും മുടങ്ങാതെ ഹസനുൽ ബസ്വരി (റ) പതിവാക്കിയ, മുറുകെ പിടിച്ച സുന്നത്തായിരുന്നു വെള്ളിയാഴ്ച സുന്നത്തുകുളി വിത്റ് നിസ്കാരം പിന്തിച്ച് ഉറങ്ങുന്നതിന് മുമ്പ് നിസ്കരിക്കുമായിരുന്നു എല്ലാ മാസവും മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുമായിരുന്നു പരിശുദ്ധ ഖുർആൻ പാരായണം ചെയ്യുമ്പോൾ കരയുമായിരുന്നു രണ്ട് ഹജ്ജാണ് നിർവഹിച്ചത് ഒന്ന്, ആദ്യത്തിലും മറ്റൊന്ന് അവസാന കാലത്തുമായിരുന്നു

കറുത്ത വസ്ത്രത്തെയായിരുന്നു മഹാനവർകൾ തിരഞ്ഞെടുത്തിരുന്നത് സ്വൂഫീ ഖിർഖകളിൽ കറുത്ത നിറമുള്ള വസ്ത്രത്തിന് വളരെ വലിയ പ്രാധാന്യമുണ്ട് സ്വൂഫികളിൽ കറുത്ത വസ്ത്രം പതിവാക്കിയവരുണ്ട് തന്റെ ശൈഖിൽ നിന്ന് മുരീദിന് ലഭിക്കുന്ന ഖിർഖഃയുടെ കളർ കറുത്തതാണെങ്കിൽ ആ മുരീദ് കറുത്തതായിരിക്കും ധരിക്കുക

ഹസനുൽ ബസ്വരി (റ) വിന്റെ തലപ്പാവ് പോലും കറുത്തതായിരുന്നു ഇടത് കൈയ്യിൽ ചെറുവിരലിൽ വെള്ളമോതിരം ധരിച്ചിരുന്നു താടി ചെറുതാക്കിയിരുന്നു മീശ അത്ര ചെറുതല്ലായിരുന്നു കൈയ്യിൽ ഒരു വടി ഉണ്ടാകുമായിരുന്നു അമ്പിയാക്കളുടെ സുന്നത്താണ് കൈയിൽ വടി ഉണ്ടാവുകയെന്നത് സജ്ജനങ്ങൾക്ക് അത് അലങ്കാരമാണ്, ശത്രുക്കൾക്കെതിരിൽ ആയുധമാണ്, ബലഹീനർക്ക് സഹായിയാണ്, കപടന്മാർക്ക് ദുഃഖമാണ്, നന്മകളിൽ ആധിക്യമാണ് എന്നീ ആറു കാര്യങ്ങൾ കൈയിൽ വടി ഉണ്ടായാലുണ്ടെന്ന് മഹാൻ പറഞ്ഞിട്ടുണ്ട്.

മാത്രമല്ല, ഇത് മുത്ത് നബി (സ) യുടെ സുന്നത്തുമാണല്ലോ വടിയുണ്ടായാലുള്ള വേറെയും മഹത്വങ്ങൾ മഹാന്മാർ പറഞ്ഞതായി കാണാം അതുകൊണ്ടുതന്നെ സ്വൂഫിയാക്കളുടെയും മശാഇഖന്മാരുടെയും കരങ്ങളിൽ വടി അഥവാ അസ്വാ കാണാം മൂസാനബി (അ) മിന്റെ അസ്വായെ സംബന്ധിച്ച് ഖുർആൻ തന്നെ പ്രതിപാദിച്ചത് കാണാമല്ലോ

ഹസനുൽ ബസ്വരി (റ) വിന്റെ കാലഘട്ടത്തിലെ ഭരണാധികാരികൾ മഹാനുമായി ബന്ധം പുലർത്തിയതായും മഹാൻ അവരെ ഉപദേശിച്ചതായും ചരിത്രത്തിൽ കാണാവുന്നതാണ് നല്ലവരായ ഭരണാധികാരികൾ ഹദ് യകൾ നൽകിയാൽ മഹാൻ സ്വീകരിക്കാറുണ്ടായിരുന്നു

ഹസനുൽ ബസ്വരി (റ) വിന്റെ പ്രഭാഷണം ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതായിരുന്നു അതുകൊണ്ടുതന്നെ മഹാനവർകളുടെ മജ്ലിസിൽ ആയിരങ്ങൾ വന്നെത്തുമായിരുന്നു മുസ്ലിംമും അമുസ്ലിംമുമൊക്കെ ആ ആത്മീയ സംസാരങ്ങൾ ശ്രവിക്കാൻ എത്തുമായിരുന്നു

തന്റെ മജ്ലിസിൽ എത്താറുണ്ടായിരുന്ന ഒരു നസ്രാണി മരണപ്പെട്ടപ്പോൾ മഹാൻ പോയി അനുശോചനം അറിയിച്ചിരുന്നു തന്റെ അയൽവാസിയായ യഹൂദിയോടു പോലും ബാധ്യതകൾ നിറവേറ്റിയാണ് മഹാൻ ജീവിച്ചത് (അൽ ഹസനുൽ ബസ്വരി ഇമാമുസ്സാഹിദീൻ: 35)

ഹിജ്റഃ 597 - ൽ വഫാത്തായ ഇമാം അബുൽ ഫറജ് ബ്നിൽ ഈസി അൽ ഹമ്പലി (റ) തന്റെ മനാഖിബുൽ ഹസനിൽ ബസ്വരിയിൽ എഴുതുന്നു: ഒരിക്കൽ ആഇശാ (റ) ഹസനുൽ ബസ്വരി (റ) വിന്റെ സംസാരം കേട്ടപ്പോൾ ചോദിച്ചു: സിദ്ദീഖീങ്ങളുടെ സംസാരം സംസാരിക്കുന്നത് ആരാണ്?

ഒരിക്കൽ ഇമാം ഹുസൈൻ (റ) വിന്റെ മകൻ അലി (റ) വിനോട് ചെന്നു പറഞ്ഞു: ഹസനുൽ ബസ്വരി പറയുന്നത് ഒരാൾ നശിച്ചാൽ അവൻ എങ്ങനെ നശിച്ചുവെന്നത് അത്ഭുതമല്ല അത്ഭുതം എന്നാൽ രക്ഷപ്പെട്ടവൻ എങ്ങനെ രക്ഷപ്പെട്ടുവെന്നതാണ് ഇതുകേട്ട അലി (റ) പറഞ്ഞു: സുബ്ഹാനല്ലാഹ് ഇത് സിദ്ദീഖിന്റെ സംസാരമാണ് (മനാഖിബുൽ ഹസനിൽ ബസ്വരി: 325)

ഹസനുൽ ബസ്വരി (റ) വിനെ എപ്പോഴും ദുഃഖിതനായിട്ടായിരുന്നു കാണാറുള്ളത് ധാരാളം കരയുമായിരുന്നു അബ്ദുൽ വാഹിദ് ബ്നു സൈദ് പറയുന്നു: നിങ്ങളെങ്ങാനും ഹസനുൽ ബസ്വരിയെ കണ്ടാൽ പറയും, എല്ലാവരുടെയും വിഷമങ്ങൾ അദ്ദേഹത്തിന്റെ മേൽ ചൊരിച്ചത് പോലെയുണ്ടെന്ന്

ഒരിക്കൽ ആരോ അദ്ദേഹത്തോട് പറഞ്ഞു: ഞങ്ങൾക്ക് നിങ്ങൾ ഹസനുൽ ബസ്വരിയെ വിവരിച്ചു തരിക അപ്പോൾ അദ്ദേഹം പറഞ്ഞു: ഹസനുൽ ബസ്വരി വരുന്നത് കണ്ടാൽ തോന്നുക സ്വന്തം ശരീരം മറമാടിയ സ്ഥലത്തുനിന്നും എഴുന്നേറ്റ് വരികയാണെന്നാണ് തിരിച്ച് പോകുന്നത് കണ്ടാലോ, നരകം അവരുടെ തലക്ക് മുകളിലുള്ളത് പോലെയാണ് ഇരുന്നാലോ തലവെട്ടാൻ ഇരുത്തിയ ആളെ പോലെ രാവിലെ കണ്ടാൽ തോന്നും ആഖിറത്തിൽ നിന്നും വന്ന ആളാണെന്ന് വൈകുന്നേരം കണ്ടാലോ എന്തോ വലിയ രോഗിയെ പോലെ

യൂനുസ് ബ്ന് അബ്ദുല്ലാഹ് പറയുന്നു: ഹസനുൽ ബസ്വരി (റ) ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല ഒരുദിവസം ഹസനുൽ ബസ്വരി (റ) ജനങ്ങളെയെല്ലാം വെടിഞ്ഞ് തനിച്ചായി കഴിഞ്ഞു അപ്പോൾ മഹാനെ കാണാൻ ഒരാൾ അങ്ങോട്ട് ചെന്നു പറഞ്ഞു: അബൂസഈദ്, താങ്കൾ ഇങ്ങനെ ഒറ്റക്ക് കഴിയുന്നത് ഞങ്ങളെ ഭയപ്പെടുത്തുന്നു അപ്പോൾ മഹാൻ പറഞ്ഞു: അല്ലാഹുവിനോടൊപ്പം തനിച്ചാവുകയില്ല (മനാഖിബുൽ ഹസനിൽ ബസ്വരി: 326)

ഹസനുൽ ബസ്വരി (റ) വിന്റെ ഖാദിമായ ഹുമൈദ് പറയുന്നു: ശുഅ്ബി ഒരിക്കൽ എന്നോട് പറഞ്ഞു: ഹസനുൽ ബസ്വരി തനിച്ചാവുമ്പോൾ നിങ്ങൾ എന്നെയൊന്ന് അറിയിക്കണം തനിച്ചിരിക്കുമ്പോൾ എനിക്ക് അവരുമായി കൂടിക്കാഴ്ചക്കാണ് ഈ വിവരം ഞാൻ മഹാനരെ അറിയിച്ചപ്പോൾ അവരെ അറിയിച്ചോളാൻ എനിക്ക് സമ്മതം കിട്ടുകയും ചെയ്തു അവർക്ക് വരണമെങ്കിൽ വരാമെന്നും ബസ്വരി തങ്ങൾ പറഞ്ഞു

അങ്ങനെയിരിക്കെ ഒരു ദിനം വന്നെത്തി അന്ന് ഹസനുൽ ബസ്വരി (റ) ഒറ്റക്കായിരുന്നു വിവരം ഞാൻ ശുഅ്ബിയെ അറിയിച്ചതും മഹാൻ വേഗം വന്നെത്തി അങ്ങനെ ഞങ്ങൾ ഹസനുൽ ബസ്വരി (റ) വിന്റെ വീട്ടിലേക്ക് ചെന്നു ഞങ്ങൾ അവിടെയെത്തിയപ്പോൾ കാണുന്നത് മഹാനവർകൾ ഖിബ്ലയിലേക്ക് തിരിഞ്ഞിരിക്കുന്നതാണ് ഞങ്ങൾ സലാം ചൊല്ലി ഒരു മണിക്കൂറോളം അവിടെ തങ്ങിയെങ്കിലും മഹാൻ ഞങ്ങളെക്കൊള്ളെ തിരിഞ്ഞുനോക്കിയതേയില്ല ഞങ്ങൾ വന്നതുപോലും അവർ അറിഞ്ഞിട്ടുണ്ടാവില്ല ഇതെല്ലാം ശ്രദ്ധിച്ച ശിഅ്ബി (റ) പറഞ്ഞു: അവർ നമ്മെ പോലെയല്ലല്ലോ അങ്ങനെ ഞങ്ങൾ അവിടെനിന്നും പിരിഞ്ഞു കൂടിക്കാഴ്ചക്ക് അവസരമുണ്ടായില്ല (മനാഖിബുൽ ഹസനിൽ ബസ്വരി: 326)

ഒരിക്കൽ ആരോ ഹസനുൽ ബസ്വരി (റ) വിനോട് ചോദിച്ചു: അബൂസഈദ്, താങ്കൾ എങ്ങനെയാണ് പ്രഭാതമെത്തിച്ചത്? അപ്പോൾ മഹാൻ പറഞ്ഞു: നടുക്കടലിൽ നിന്ന് കപ്പൽ തകരൽ എന്നെക്കാൾ വലിയ മുസ്വീബത്തല്ല അപ്പോൾ ചോദിച്ചു അതെന്താ അങ്ങനെ പറയുന്നത്? മഹാൻ പറഞ്ഞു: യഖീൻ ഉണ്ടായിട്ടും ഞാൻ പാപങ്ങൾ ചെയ്യുന്നു

പാപവർജ്ജിതനായി ജീവിച്ച മഹാമനീഷിയാണ് ഹസനുൽ ബസ്വരി (റ) അവർ നമുക്ക് അദബ് പഠിപ്പിച്ചുതരികയാണ് സ്വന്തം ജീവിതത്തിലൂടെ അല്ലാഹുവും റസൂലും സ്വർഗവും നരകവും ഖബ്റും മഹ്ശറയും ഉണ്ടെന്ന് ഉറപ്പുണ്ടായിട്ടും പാപങ്ങളിൽ മുഴുകിയവർക്ക് ഇതിലൊക്കെ വലിയ പാഠങ്ങളുണ്ട്

ഒരാൾ വന്ന് ചോദിച്ചു: ഓ അബൂസഈദ്, കൈഫ ഹാലുക (എന്താണ് നിങ്ങളുടെ അവസ്ഥ?) ശർറുഹാൽ (ദുശിച്ച അവസ്ഥ) എന്നു പറഞ്ഞു സാധാരണയിൽ കൈഫ ഹാൽ എന്നു ചോദിച്ചാൽ 'ഖൈർ, ത്വയ്യ്ബ്, അൽഹംദുലില്ലാഹ് ' എന്നൊക്കെയാണ് മറുപടി പറയാറുള്ളത് എന്നാൽ ഇവിടെ അതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു മറുപടിയാണ് ഹസനുൽ ബസ്വരി (റ) പറഞ്ഞത് അതുകൊണ്ടുതന്നെ ചോദ്യകർത്താവ് കാരണം ആരാഞ്ഞപ്പോൾ മഹാൻ പറഞ്ഞു: 'ഞാൻ മരണത്തെയും കാത്തു കഴിയുന്ന ഒരു മനുഷ്യനാണ് പ്രഭാതമാക്കിയാൽ ഞാൻ പ്രദോശമാക്കും പിന്നെ എങ്ങനെയാണ്, ഏതവസ്ഥയിലാണ് മരണം സംഭവിക്കുകയെന്ന് എനിക്കറിയില്ല

ഒരിക്കൽ ഒരാൾ ഹസനുൽ ബസ്വരി (റ) വിന്റെ സന്നിധിയിലേക്ക് കയറി ചെല്ലുമ്പോൾ കാണുന്നത് മഹാൻ കരയുന്നതാണ് കാരണം അന്വേഷിച്ചപ്പോൾ അവിടുന്നു പറഞ്ഞു: നരകത്തിന്റെ മലക്ക് എന്റെ അടുക്കലേക്ക് വരുമോയെന്ന് ഞാൻ ഭയപ്പെടുന്നു

ഒരിക്കൽ മഹാനവർകളുടെ മജ്ലിസിൽ വെച്ച് നരകത്തിൽ നിന്നും അവസാനം പുറത്തുവരുന്ന മനുഷ്യനെ സംബന്ധിച്ചുളള ഹദീസ് പാരായണം ചെയ്തപ്പോൾ അവിടുന്നു പറഞ്ഞു: 'ആ മനുഷ്യൻ ഞാനായിരുന്നുവെങ്കിൽ എത്ര നന്നായേനേ?' (മനാഖിബുൽ ഹസനിൽ ബസ്വരി: 327)

മസ്ജിദുൽ ഹറാമിന്റെ അഹ്ലുകാരിൽപ്പെട്ട ഒരു മനുഷ്യൻ പറയുമായിരുന്നു: 'ഞാൻ ഏതെങ്കിലും കൂട്ടത്തിൽ ചെന്നിരിക്കണമെങ്കിൽ അവരിൽ ഹസനുൽ ബസ്വരി (റ) വിനെ സംബന്ധിച്ച് പറയുന്നവരുണ്ടാവണം

ഒരാൾ ചോദിച്ചു: അബൂസഈദ്, ഹുസ്ന് (ദുഃഖം, സങ്കടം) ഉണ്ടാവാൻ എന്താണ് മാർഗം? ആത്മീയ മേഖലയിലുള്ള ഹുസ്നാണ് ഉദ്ദേശ്യം മഹാൻ പറഞ്ഞു: വിശപ്പു വേണം വീണ്ടും ചോദിച്ചു: എന്തുകൊണ്ടാണ് ഹുസ്ന് നഷ്ടമാകുന്നത്? മഹാൻ പ്രതിവചിച്ചു: 'വയർ നിറയെ ഭക്ഷണം കഴിച്ചതുകൊണ്ട്? മഹാൻ പറയുമായിരുന്നു: ഉറക്കിന്റെ ധാരാളിത്യത്തിൽ നിന്നും ഭക്ഷണത്തിന്റെ ആധിക്യത്തിൽ നിന്നും നിങ്ങൾ അല്ലാഹുവിലേക്ക് തൗബ ചെയ്തു മടങ്ങണം (മനാഖിബുൽ ഹസനിൽ ബസ്വരി: 327)


രാത്രിയിലെ നിസ്കാരം

ഹസനുൽ ബസ്വരി (റ) പറയുമായിരുന്നു: 'രാത്രിയുടെ ഇരുളിൽ നിസ്കരിക്കുന്നതിനേക്കാൾ ശക്തമായ മറ്റൊരു ഇബാദത്തും ഞാൻ ദർശിച്ചിട്ടില്ല'

മഹാൻ പറയുമായിരുന്നു: 'രാത്രി നിന്നു നിസ്കരിക്കുവാനും പകലിൽ നോമ്പ് അനുഷ്ഠിക്കുവാനും നിനക്ക് സാധ്യമായില്ലെങ്കിൽ നീ മനസ്സിലാക്കണം, നീ അനുഗ്രഹം തടയപ്പെട്ടവരിൽപ്പെട്ടവനാണെന്ന് '

ഒരാൾ വന്നു ചോദിച്ചു: 'അബൂസഈദ്, രാത്രി നിസ്കാരത്തിന് എന്നെയൊന്നു സഹായിക്കണം, അതിന് ഞാനെന്തു ചെയ്യണം?'

അപ്പോൾ ഹസനുൽ ബസ്വരി (റ) പറഞ്ഞു: 'എന്റെ സഹോദരപുത്രാ, അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും അവനിലേക്ക് തൗബ ചെയ്ത് മടങ്ങുകയും ചെയ്യുക '

മഹാൻ പറഞ്ഞിരുന്നു: 'നിശ്ചയം ഒരു മനുഷ്യൻ പാപം ചെയ്യും അതുകാരണം അദ്ദേഹത്തിന് രാത്രി നിസ്കാരം തടയപ്പെടും '

ഒരിക്കൽ ഹസനുൽ ബസ്വരി (റ) വിന് രാത്രി നിസ്കാരത്തിന് കൂടുതലായി നിസ്കരിക്കാൻ കഴിഞ്ഞില്ല അതുകൊണ്ടുതന്നെ സുബ്ഹി വരെ മഹാൻ ഉറക്കമുണർന്നിരുന്നു ഇതിന്റെ കാരണം അന്വേഷിച്ചപ്പോൾ മഹാൻ പറഞ്ഞു: 'രാത്രി നിസ്കാരം ഉപേക്ഷിക്കുവാൻ എന്റെ ശരീരം പ്രേരിപ്പിച്ചപ്പോൾ ഉറക്കം ഒഴിവാക്കാൻ ആ ശരീരത്തെ ഞാൻ പ്രേരിപ്പിക്കുമായിരുന്നു


ആരാണ് ഫഖീഹ്

ഹസനുൽ ബസ്വരി (റ) പറഞ്ഞ ഒരു വിഷയത്തെ സംബന്ധിച്ച് ഒരാൾ മഹാനോട് പറഞ്ഞു: കർമശാസ്ത്ര പണ്ഡിതന്മാരിൽ (ഫുഖഹാക്കൾ) ഒരാളിൽ നിന്നും ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടില്ല.

അപ്പോൾ ഹസനുൽ ബസ്വരി (റ) അദ്ദേഹത്തോട് ചോദിച്ചു: അതിനു നിങ്ങൾ ഏതെങ്കിലും ഫഖീഹിനെ (കർമശാസ്ത്ര പണ്ഡിതനെ) കണ്ടിട്ടുണ്ടോ? തീർച്ചയായും ഫഖീഹ് എന്നാൽ ഐഹിക ലോകത്ത് ഭൗതിക വിരക്തനും പാരത്രിക ലോകത്തെ അങ്ങേയറ്റം ആഗ്രഹിക്കുന്നവനും ആരാധനകളിൽ നിലകൊള്ളുന്നവനുമായിരിക്കും (മനാഖിബുൽ ഹസനിൽ ബസ്വരി: 329)

മദ്ഹബുകളിൽ പ്രതിപാദിപ്പിക്കപ്പെട്ട കർമ്മശാസ്ത്ര മസ്അലകളിൽ മാത്രം വ്യാപൃതനായവനല്ല യഥാർത്ഥ ഫഖീഹ് മറിച്ച് ഫഖീഹ് എന്നാൽ സ്വൂഫിയാണെന്നാണ് ഹസനുൽ ബസ്വരി (റ) നമ്മെ ഉദ്ബോധിപ്പിക്കുന്നത് ഇമാം ഗസാലി (റ) തന്റെ ഇഹ്‌യാ ഉലൂമുദ്ദീനിൽ ഈ വിഷയം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്

പൂർവസൂരികളായ ഫുഖഹാക്കൾ എല്ലാംതന്നെ സ്വൂഫികളോ സ്വൂഫി വഴികളിലുള്ളവരോ ആയിരുന്നു മദ്ഹബിന്റെ ഇമാമുകളായ ഇമാമുൽ അഅ്ളം ഇമാം അബൂഹനീഫ (റ), ഇമാം മാലിക് (റ), ഇമാം ശാഫിഈ (റ), ഇമാം അഹ്മദുബ്നി ഹമ്പൽ (റ), ഇമാം സുഫ്യാനുസ്സൂരി (റ) തുടങ്ങിയവയെല്ലാം സ്വൂഫികളും കർമ്മശാസ്ത്ര പണ്ഡിതന്മാരുമായിരുന്നു യഥാർത്ഥ കർമശാസ്ത്ര പണ്ഡിതൻ സ്വൂഫിയോ സ്വൂഫി വഴിയിലുള്ള ആളോ ആയിരിക്കും അല്ലാത്തവരെ ഫഖീഹ് എണ്ണപ്പെടാൻ തരമില്ല

ഇമാം ശഅ്റാനി (റ) തന്റെ ഗുരുവായ സകരിയ്യൽ അൻസ്വാരി (റ) വിൽ നിന്ന് ഉദ്ധരിക്കുന്നതായി കാണാവുന്നതാണ് 'ഒരു ഫഖീഹിന് സ്വൂഫിയാക്കളുടെ അഹ് വാലിനെ സംബന്ധിച്ചും സ്വൂഫികളുടെ സാങ്കേതിക പ്രയോഗങ്ങളെ സംബന്ധിച്ചും അറിവില്ലെങ്കിൽ അദ്ദേഹം ഉപകാരപ്രദമല്ലാത്ത കർമശാസ്ത്ര പണ്ഡിതനാണ് (ത്വബഖാത്തുൽ കുബ്റാ: 1/5)

അതുകൊണ്ടുതന്നെ കർമശാസ്ത്ര പണ്ഡിതൻ സ്വൂഫി മാർഗത്തിലുള്ള ആളായിരിക്കണമെന്നാണ് ഫുഖഹാക്കളുടെ ഇമാമായ ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരി (റ) വ്യക്തമാക്കിയത്

ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരി (റ) സ്വൂഫിയായ ഫഖീഹായിരുന്നു ഇമാം ശഅ്റാനി (റ) തന്നെ മഹാന്റെ ചരിത്രത്തിൽ ഇത് വ്യക്തമാക്കിയതാണ് ശൈഖുൽ ഇസ്ലാമിന്റെ ഗുരു ഇമാം മഹല്ലി (റ), അവരുടെ ഗുരു പരമ്പരയിലുള്ള കർമ്മശാസ്ത്ര പണ്ഡിതരായ ഇമാം ഇബ്നുൽ അത്വാർ (റ), ഇമാം നവവി (റ) തുടങ്ങിയവരെല്ലാം സ്വൂഫികളും ഔലിയാക്കളിലെ പ്രമുഖരുമായിരുന്നു

ശൈഖുൽ ഇസ്ലാമിന്റെ ശിഷ്യന്മാരായ ഇമാം ശഅ്റാനി (റ), ഇമാം ഇബ്നു ഹജർ ഹൈതമി (റ), അവരുടെ ശിഷ്യൻ സൈനുദ്ദീൻ മഖ്ദൂം സ്വഗീർ (റ) തുടങ്ങിയവരെല്ലാം മശാഇഖന്മാരെ പിന്തുടർന്നവരും സ്വൂഫികളിൽപ്പെട്ടവരുമായിരുന്നു സയ്യിദുനാ ഹസനുൽ ബസ്വരി (റ) വിന്റെ വാക്കുകൾ നമുക്ക് യഥാർത്ഥ ഫുഖഹാക്കളെ വ്യക്തമാക്കി തരുന്നതിന് ഈ മഹത്തുക്കൾ തന്നെ ധാരാളമാണ്


സമ്പത്തും വിവാഹവും

ഹസനുൽ ബസ്വരി (റ) വിന്റെ മകളെ വിവാഹം ചെയ്യുവാൻ ആഗ്രഹം പ്രകടിപ്പിക്കുകയും മഹ്റായിട്ട് ഒരു ലക്ഷം ദിർഹം നൽകാമെന്നും അറിയിച്ചു എന്നാൽ ആ ഒരു വിവാഹത്തിന് മുതിരാതെ മഹാൻ തന്റെ മകളെ സ്വാലിഹായ ഒരു മനുഷ്യന് വിവാഹം ചെയ്തു കൊടുത്തു

തന്റെ മകളുടെ വിവാഹത്തെ സംബന്ധിച്ച് കൂടിയാലോചന നടത്താൻ ഒരാൾ ഹസനുൽ ബസ്വരി (റ) വിനെ സമീപിച്ചു അദ്ദേഹം പറഞ്ഞു: 'അബൂസഈദ്, എനിക്കൊരു മകളുണ്ട് ഞാൻ അവളെ അതിയായി ഇഷ്ടപ്പെടുന്നു ഐഹിക തൽപരനായ ഒരാൾ അവളെ വിവാഹം ചെയ്യാൻ അന്വേഷിച്ചിരിക്കുന്നു ഞാൻ ആർക്കാണ് അവളെ വിവാഹം ചെയ്തു കൊടുക്കേണ്ടത് ?' അപ്പോൾ മഹാൻ പറഞ്ഞു: 'അവളെ നിങ്ങൾ തഖ് വയുള്ളവന് വിവാഹം ചെയ്ത് കൊടുക്കുക അവൻ നിങ്ങളെ ഇഷ്ടപ്പെട്ടാൽ അവളെ ആദരിക്കും അവളോട് വെറുപ്പുണ്ടായാൽ അവളോട് അതിക്രമം ചെയ്യുകയില്ല (മനാഖിബുൽ ഹസനിൽ ബസ്വരി: 329)

ഒരു പിതാവ് മകളെ വിവാഹം ചെയ്ത് കൊടുക്കേണ്ടത് കേവലം സാമ്പത്തികം മാത്രം നോക്കിയിട്ടല്ലായെന്നാണ് മഹാൻ പകർന്നുതരുന്നത് തഖ് വയുള്ളവനും സ്വാലിഹായ മനുഷ്യനുമാണ് പെൺമക്കളെ വിവാഹം ചെയ്ത് കൊടുക്കേണ്ടത് ഇന്നത്തെ അന്തരീക്ഷം ഈ വിഷയത്തിൽ തീർത്തും ഭൗതികവും സമ്പത്തുമാണ് രക്ഷിതാക്കൾ ഉന്നം വെക്കുന്നത് അതുകൊണ്ടുതന്നെ പലരുടെയും ദാമ്പത്യജീവിതം കണ്ണീൽ തന്നെയാണ്


വസ്വിയ്യത്ത്

അബൂഅബ്ദുർറഹ്മാൻ പറയുന്നു: ഹസനുൽ ബസ്വരി (റ) രോഗിയായിരിക്കെ ഞങ്ങൾ മഹാനവർകളെ സന്ദർശിച്ചു അപ്പോൾ മഹാൻ കാതിബിനോട് തന്റെ വസ്വിയ്യത്ത് എഴുതാൻ പറഞ്ഞു എന്നിട്ട് പറഞ്ഞു: നീ എഴുതുക, നിശ്ചയം ഹസൻ അല്ലാഹുവിന്റെ അടിമയും അവന്റെ അടിമയായവളുടെ മകനുമാണ് അല്ലാഹു ഏകനാണെന്നും അവനു പങ്കുകാരനില്ലെന്നും നിശ്ചയം മുഹമ്മദ് (സ) അല്ലാഹുവിന്റെ അടിമയും റസൂലുമാണെന്നും സാക്ഷ്യം വഹിക്കുന്നു ആരെങ്കിലും ഈ നിലയ്ക്ക് നാവുകൊണ്ട് സത്യവാനായും ഖൽബുകൊണ്ട് ഇഖ്ലാസ്വോടെയും അല്ലാഹുവിനെ കണ്ടുമുട്ടിയാൽ അല്ലാഹു അവനെ സ്വർഗത്തിൽ കടത്തുന്നതാണ്

ശേഷം ഹസനുൽ ബസ്വരി (റ) പറഞ്ഞു: ഞാൻ ഇത് മുആദ് (റ) വിൽ നിന്നാണ് കേട്ടത് മഹാൻ ഇത് അവിടുത്തെ അഹ്ലുകാരോട് വസ്വിയ്യത്ത് ചെയ്തിരുന്നു പിന്നീട് മുആദ് (റ) പറഞ്ഞു: ഞാനിത് തിരുനബി (സ) യിൽ നിന്നാണ് കേട്ടത് അവിടുന്ന് ഇതുകൊണ്ട് അവിടുത്തെ അഹ്ലുകാരോട് വസ്വിയ്യത്ത് ചെയ്തിരുന്നു (മനാഖിബുൽ ഹസനിൽ ബസ്വരി: 330)

സ്വൂഫി മശാഇഖന്മാർക്കിടയിൽ ഇന്നും ഈ വസ്വിയ്യത്തുകൾ നടന്നു പോരുന്നുണ്ട് അവർ അവരുടെ മുരീദുമാർക്ക് ഇത്തരം ധാരാളം വസ്വിയ്യത്തുകൾ കൈമാറുന്നുണ്ട് തിരുനബി (സ) സ്വഹാബികൾക്ക് വസ്വിയ്യത്തുകൾ കൈമാറിയതുപോലെ എന്നാൽ ഇത്തരം വസ്വിയ്യത്തുകൾ കേവലം പണ്ഡിതന്മാരോ കർമ്മശാസ്ത്ര പണ്ഡിതന്മാരോ അവരുടെ ശിഷ്യന്മാർക്ക് കൈമാറുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല അതുകൊണ്ടൊക്കെ തന്നെയാണ് അമ്പിയാക്കളുടെ യഥാർത്ഥ അനന്തരവകാശികൾ സ്വൂഫീ മശാഇഖന്മാരാണെന്നു പറയാൻ കാരണം


ദുഃഖവും കരച്ചിലും

ഹസനുൽ ബസ്വരി (റ) ധാരാളം കരയുന്ന മശാഇഖന്മാരിൽപ്പെട്ട മഹാനായിരുന്നു കൂടുതൽ ദുഃഖവും കൂടുതൽ കരച്ചിലും അവിടുത്തെ ചരിത്രത്തിൽ ധാരാളം ദർശിക്കാൻ കഴിയും

ഹസനുൽ ബസ്വരി (റ) വിന്റെ വഫാത്തിനു ശേഷം മാലിക് ബ്നി ദീനാർ (റ) മഹാനവർകളെ സ്വപ്നത്തിൽ ദർശിച്ചു വളരെയധികം സന്തോഷവാനായിട്ട് കാണപ്പെട്ടപ്പോൾ ചോദിച്ചു: മരണശേഷം എന്താണവസ്ഥ? ദുനിയാവിൽ ദീർഘകാലം അങ്ങ് വ്യസനത്തിലും ദുഃഖത്തിലുമായിരുന്നല്ലോ? അപ്പോൾ ഹസനുൽ ബസ്വരി (റ) പറഞ്ഞു: 'ആ ദുഃഖവും വ്യസനവും കാരണം അല്ലാഹു എന്നെ മനാസിലുൽ അബ്റാറിലേക്കുയർത്തി അതെല്ലാം അല്ലാഹുവിന്റെ ഔദാര്യം കൊണ്ടായിരുന്നു അപ്പോൾ മാലികുബ്നു ദീനാർ (റ) ചോദിച്ചു: അബൂസഈദ്, താങ്കൾക്കെന്താണ് ഞങ്ങളോട് കൽപിക്കാനുള്ളത്? മഹാൻ പറഞ്ഞു: 'ദുനിയാവിൽ ജനങ്ങളിൽവെച്ച് ഏറ്റവും കൂടുതൽ ദുഃഖം അനുഭവിക്കുന്നവന് ആഖിറത്തിൽ ജനങ്ങളിൽവെച്ച് ഏറ്റവും കൂടുതലായി സന്തോഷിക്കാവുന്നതാണ് (മനാഖിബുൽ ഹസനിൽ ബസ്വരി: 330)

ഒരിക്കൽ ഒരാൾ ചോദിച്ചു: അബൂസഈദ്, ഒരാൾ തെറ്റു ചെയ്തു, പിന്നീട് പശ്ചാത്തപിച്ചു മടങ്ങി വീണ്ടും തെറ്റിലേക്കു തന്നെ മടങ്ങി ഇദ്ദേഹത്തെക്കുറിച്ച് താങ്കൾ എങ്ങനെ വിലയിരുത്തുന്നു? ചോദ്യം ശ്രവിച്ച മഹാനരായ ഹസനുൽ ബസ്വരി (റ) പറഞ്ഞു: 'ഇത് മുഅ്മിനീങ്ങളുടെ സ്വഭാവങ്ങളിൽപ്പെട്ടതായി എനിക്കറിയില്ല '

ഒരിക്കൽ ഒരാൾ ഹസനുൽ ബസ്വരി (റ) വിനെ ഗീബത്ത് പറഞ്ഞു ഇതറിഞ്ഞ മഹാരഥൻ അദ്ദേഹത്തിന് കാരക്കകൾ ഹദ് യയായി കൊടുത്തയച്ചു എന്നിട്ട് അദ്ദേഹത്തോട് പറഞ്ഞു: നിങ്ങൾ എന്നെ ഗീബത്ത് പറഞ്ഞു നിങ്ങളുടെ നന്മകൾ എനിക്ക് ഹദ് യകളായി നൽകി, അതിനാൽ നിങ്ങൾക്ക് ഇത് ഹദ് യയായി നൽകുന്നു ഇതുകേട്ട അദ്ദേഹം ലജ്ജിച്ചു പിന്നീടൊരിക്കലും മഹാനവർകളെ സംബന്ധിച്ച് ഒരു വേണ്ടാത്തരവും പറഞ്ഞിട്ടില്ല

ഹസനുൽ ബസ്വരി (റ) പറയുമായിരുന്നു: മുസ്ലിംമായ ഒരു സഹോദരന്റെ എന്തെങ്കിലും ആവശ്യം നിറവേറ്റൽ ഒരു മാസം ഇഅ്തികാഫിരിക്കുന്നതിനേക്കാൾ എനിക്ക് ഏറ്റവും പ്രിയമുള്ളതാണ് ഒരിക്കൽ ഒരാൾ സൽസ്വഭാവത്തെക്കുറിച്ചു ചോദിച്ചപ്പോൾ മഹാൻ പറഞ്ഞു: വിട്ടുവീഴ്ച ചെയ്യലും, പ്രയാസം നല്ല നിലയിൽ സഹിക്കലുമാണ്

മനുഷ്യന്റെ മാന്യതയെ കുറിച്ച് ചോദിച്ചപ്പോൾ ഹസനുൽ ബസ്വരി (റ) പറഞ്ഞു: സത്യം പറയലും, തന്റെ സഹോദരന്മാരുടെ ചിലവ് വഹിക്കലും, തന്റെ കാലക്കാർക്ക് നന്മ ചെയ്യലും, അയൽവാസികൾക്കുണ്ടാകുന്ന പ്രയാസങ്ങൾ ഇല്ലാതാക്കലുമാണ്

ഹസനുൽ ബസ്വരി (റ) പറയുമായിരുന്നു: അല്ലാഹു ഉദ്ദേശിച്ചാൽ നിങ്ങളെയെല്ലാവരെയും പണക്കാരാക്കുമായിരുന്നു നിങ്ങളിൽ ദരിദ്രൻ ഉണ്ടാവുകയേയില്ലായിരുന്നു അല്ലാഹു ഉദ്ദേശിച്ചാൽ നിങ്ങളെയെല്ലാവരെയും അവൻ ദരിദ്രരാക്കുമായിരുന്നു നിങ്ങളിൽ പണക്കാരൻ ഉണ്ടാവുമായിരുന്നില്ല എങ്കിലും അവൻ നിങ്ങളിൽനിന്ന് ചിലരെ ചിലരെക്കൊണ്ട് പരീക്ഷിക്കുന്നു അവൻ വീക്ഷിക്കുകയാണ് നിങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് (മനാഖിബുൽ ഹസനിൽ ബസ്വരി: 332)

ഹസനുൽ ബസ്വരി (റ) പറയുമായിരുന്നു: നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഒരാൾ നോമ്പ് നോൽക്കും നോമ്പ് തുറക്കുന്ന സമയമായാൽ അദ്ദേഹം തന്റെ ചില സ്നേഹിതരെ സമീപിക്കും എന്നിട്ട് പറയും, ഞാൻ ഇന്നത്തെ ദിവസം അല്ലാഹുവിനു വേണ്ടി നോമ്പ് അനുഷ്ഠിച്ചിട്ടുണ്ട് അതിനാൽ നോമ്പ് അല്ലാഹു സ്വീകരിക്കുമ്പോൾ നിങ്ങൾക്കും അതിൽ ഒരു പങ്ക് ഉണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നു അതുകൊണ്ട് നിങ്ങളുടെ അടുക്കലുള്ളത് തരിക ഇങ്ങനെ സുഹൃത്തുക്കളുടെ അടുക്കലേക്ക് പോകുന്ന ഒരു പതിവ് മഹാൻ നമ്മെ അറിയിക്കുന്നുണ്ട്

ഞാൻ മരിച്ചാൽ എന്റെ കുടുംബത്തെയും മക്കളെയും നാൽപത് വർഷം നിങ്ങൾ ശ്രദ്ധിക്കണമെന്ന് തന്റെ സഹോദരനോട് അവർ സത്യം ചെയ്തു പറഞ്ഞിരുന്നു

മഹാൻ പറയുമായിരുന്നു: സമ്പത്ത് ഏതൊന്നിൽ ചിലവഴിക്കുകയാണെങ്കിലും അതെല്ലാം ഹിസാബ് ചെയ്യപ്പെടുന്നതാണ് എന്നാൽ മാതാപിതാക്കൾക്കും അല്ലാഹുവിന്റെ മാർഗത്തിലുള്ള സുഹൃത്തിനും ചിലവഴിക്കുന്നത് ഹിസാബ് ചെയ്യാൻ അല്ലാഹു ലജ്ജിക്കുന്നതാണ് ഇങ്ങനെ സൗഹൃദ സ്നേഹത്തെ മഹാൻ ധാരാളം പറഞ്ഞിട്ടുണ്ട്

സ്വൂഫിസം ഹസനുൽ ബസ്വരിയിലൂടെ

സ്വൂഫികളുടെ നേതാവാണ് സയ്യിദുത്വാഇഫഃ ശൈഖ് അബുൽഖാസിം ജുനൈദുൽ ബഗ്ദാദി (റ) ഗൗസുൽ അഅ്ളം ശൈഖ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ.സി) അടക്കം നിരവധി മശാഇഖന്മാരുടെ സ്വൂഫീ പരമ്പര ചെന്നെത്തുന്നത് സയ്യീദു ത്വാഇഫയിലേക്കാണ്

ഗൗസുൽ അഅ്ളം മുഹ്‌യദ്ദീൻ ശൈഖ് (ഖ.സി) തങ്ങളുടെ പരമ്പര ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) വിലേക്കെത്തുന്നത് കാണാം

ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (ഖ.സി) ➡️
ശൈഖ് അബൂസഈദ് അൽ മഖ്സൂമി (റ) ➡️
ശൈഖ് അലി അൽ മുബാറക് (റ) ➡️
ശൈഖ് അബുൽ ഹസൻ യൂസുഫ് ത്വർസൂസി (റ) ➡️
ശൈഖ് അബ്ദുല്ലാഹിശ്ശിബ്ലി (റ) ➡️
ശൈഖ് അബ്ദുൽ വാഹിദ് അൽ യമനി (റ) ➡️
ശൈഖ് ജുനൈദുൽ ബഗ്ദാദി (റ)

സുൽത്വാനുൽ ആരിഫീൻ ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ) വിന്റെ ഗുരുപരമ്പരയും ചെന്നെത്തുന്നത് ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) വിലേക്കാണ് ആ പരമ്പര കാണുക.

ശൈഖ് അഹ്മദുൽ കബീർ രിഫാഈ (ഖ.സി) ➡️
ശൈഖ് മൻസ്വൂറുസ്സാഹിദി (റ) ➡️
ശൈഖ് യഹ്‌യൽ അൻസ്വാരി (റ) ➡️
ശൈഖ് അബൂബക്കർ മൂസൽ അൻസ്വാരി (റ) ➡️
ശൈഖ് ജുനൈദുൽ ബഗ്ദാദി (റ)

മശാഇഖുമാർക്ക് ഒന്നിലധികം ഗുരുപരമ്പരകൾ ഉണ്ടാവാറുണ്ട്

സയ്യിദു ത്വാഇഫഃ ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) വിന്റെ സ്വൂഫീ പരമ്പര ചെന്നെത്തുന്നത് സയ്യിദുനാ ഹസനുൽ ബസ്വരി (റ) വിലേക്കാണ് ആ പരമ്പര ഇങ്ങനെ വായിക്കാം:

സയ്യിദുത്വാഇഫഃ അബുൽ ഖാസിം ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) ➡️
ശൈഖ് സിർരിയ്യുസ്സിഖ്ത്വി (റ) ➡️
ശൈഖ് മഅ്റൂഫുൽ കർഖി (റ) ➡️
ശൈഖ് ദാവൂദുത്വാഈ (റ) ➡️
ശൈഖ് ഹബീബുൽ അജ്മി (റ) ➡️
ശൈഖ് ഹസനുൽ ബസ്വരി (റ)

ഹസനുൽ ബസ്വരി (റ) സയ്യിദുനാ ഇമാം മൗലാ അലി (റ) വിൽ നിന്നും സയ്യിദുനാ അലി (റ) സയ്യിദുൽ വറാ മുഹമ്മദ് റസൂലുല്ലാഹി (സ) യിൽ നിന്നുമാണ് എല്ലാം സ്വീകരിച്ചത്

തിരുനബി (സ) സ്വഹാബികൾക്ക് കൂട്ടമായും ചിലർക്ക് സ്വന്തമായും ദിക്ർ ചൊല്ലിക്കൊടുത്തിട്ടുണ്ട് സയ്യിദുനാ അലി (റ) വിന് സ്വന്തമായി ദിക്ർ ചൊല്ലിക്കൊടുത്ത സംഭവം സ്വൂഫീ ഗ്രന്ഥങ്ങളിൽ കാണാം

ഇമാം ശഅ്റാനി (റ) എഴുതുന്നു: സയ്യിദീ യൂസുഫ് (റ) എഴുതുന്നു: അലി (റ) തിരുനബി (സ) യോട് ചോദിച്ചു: ഞാൻ എങ്ങനെയാണ് ദിക്ർ ചൊല്ലേണ്ടത്? അപ്പോൾ നബി (സ) പറഞ്ഞു: നിങ്ങളുടെ രണ്ട് കണ്ണും അടയ്ക്കുക, എന്നിൽനിന്നും മൂന്ന് പ്രാവശ്യം കേൾക്കുക പിന്നീട് നിങ്ങൾ മൂന്ന് പ്രാവശ്യം 'ലാഇലാഹ ഇല്ലല്ലാഹ് ' എന്ന് ചൊല്ലുക ഞാൻ കേൾക്കും അങ്ങനെ തിരുനബി (സ) ഇരു കണ്ണുകളും അടച്ച് 'ലാഇലാഹ ഇല്ലല്ലാഹ് ' എന്ന് മൂന്നു പ്രാവശ്യം ശബ്ദം ഉയർത്തി ചൊല്ലി അലി (റ) അതു ശ്രവിച്ചു പിന്നീട് അലി (റ) മൂന്നു പ്രാവശ്യം 'ലാഇലാഹ ഇല്ലല്ലാഹ് ' എന്നു ചൊല്ലി അപ്പോൾ തിരുനബി (സ) ശ്രവിച്ചു (ഖവാഇദുസ്സ്വൂഫിയ്യ: 49)

ഇമാം ശഅ്റാനി (റ) എഴുതുന്നു: സയ്യിദുനാ ഹസനുൽ ബസ്വരി (റ) ഇമാം മൗലാ അലി (റ) വിൽ നിന്നാണ് 'ലാഇലാഹ ഇല്ലല്ലാഹ് ' സ്വീകരിച്ചത് പ്രസിദ്ധമായ വഴികളിലൂടെ അത് സ്ഥിരപ്പെട്ടതാണ് ചിലർ പറയുന്നത് അലി (റ) വിനെ ഹസനുൽ ബസ്വരി (റ) കണ്ടുമുട്ടിയില്ലായെന്നാണ്, എന്നിട്ടല്ലേ അലിയാരിൽ നിന്നും ത്വരീഖത്ത് സ്വീകരിക്കൽ എന്നാൽ യഥാർത്ഥത്തിൽ ഹസനുൽ ബസ്വരി (റ) അലി (റ) വിനെ കണ്ടുമുട്ടുകയും അലി (റ) ഹസനുൽ ബസ്വരി (റ) വിന് ദിക്ർ കൈമാറുകയും ഖിർഖഃ ധരിപ്പിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട് (അൽ അൻവാറുൽ ഖുദ്സിയ്യ: 50)

ഇമാം ശഅ്റാനി (റ) തുടരുന്നു: ഇമാം ഹാഫിളുൽ മുസനി (റ) പറഞ്ഞു: നിശ്ചയം ഹസനുൽ ബസ്വരി (റ) ഉസ്മാനിബ്നി അഫ്ഫാൻ (റ) വിന്റെ പിറകിലായി നിസ്കരിച്ചിട്ടുണ്ട് ഉസ്മാൻ (റ) കൊല്ലപ്പെട്ടപ്പോൾ അലി (റ) വിന്റെ പിന്നിലായും നിസ്കരിച്ചിട്ടുണ്ട് ഹസനുൽ ബസ്വരി (റ) എല്ലാ ദിവസവും അഞ്ചു പ്രാവശ്യം അലിയാരുമായി ഒരുമിച്ചുകൂടാറുണ്ടായിരുന്നു ഖാദിരിയ്യഃ, രിഫാഈഃ, സുഹ്റവർദിയ്യഃ ത്വരീഖത്തുകളിൽ ഖിർഖഃ ധരിക്കൽ സ്വഹീഹാണെന്ന് വിശദീകരിച്ചുകൊണ്ട് ഇമാം സുയൂത്വി (റ) ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട് (അൽ അൻവാറുൽ ഖുദ്സിയ്യ: 51,52)


തൽഖീനുദ്ദിക്ർ

തിരുനബി (സ) സ്വഹാബികൾക്ക് കൂട്ടമായും ചിലർക്ക് സ്വന്തമായും ദിക്ർ ചൊല്ലിക്കൊടുത്തത് നേരത്തെ വായിച്ചു ഇതിന് തൽഖീനുദ്ദിക്ർ എന്നാണ് പറയുന്നത് ഇങ്ങനെ തിരുനബി (സ) സ്വഹാബത്തിന് കൈമാറിയ ദിക്ർ അവർ പിന്നീട് തൊട്ടടുത്ത തലമുറകൾ തലമുറകളായി ഈ ദിക്റുകൾ കൈമാറി നമ്മുടെ കാലത്തെ മശാഇഖന്മാരിലെത്തുന്നു ഈ പ്രക്രിയ സ്വൂഫീ മശാഇഖന്മാരിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ ഖാദിരിയ്യഃ, രിഫാഇയ്യഃ, ചിശ്തിയ്യഃ, ശത്വാരിയ്യഃ, സുഹ്റവർദിയ്യഃ, നഖ്ശബന്ദിയ്യഃ, തുടങ്ങിയ സ്വൂഫീ വഴികളിലൂടെ ഇന്നും തർഖീനുദ്ദിക്ർ കൈമാറി പോരുന്നുണ്ട് ഇമാം ശഅ്റാനി (റ) തനിക്ക് തൽഖീനുദ്ദിക്ർ ലഭിച്ച വഴികൾ വ്യക്തമാക്കുന്നുണ്ട്

ഇമാം ശഅ്റാനി (റ) എഴുതുന്നു: തിരുനബി (സ) യിൽ നിന്നും അലി (റ) വിന് തൽഖീനുദ്ദിക്ർ ലഭിച്ചു അലി (റ) വിൽ നിന്ന് ഹസനുൽ ബസ്വരി (റ) വിനും മഹാനിൽനിന്ന് ഹബീബുൽ അജ്മി (റ) വിനും മഹാനിൽ നിന്ന് ദാവൂദ് ത്വാഈ (റ) വിനും മഹാനിൽനിന്ന് മഅ്റൂഫിൽ കർഖി (റ) വിനും മഹാനിൽനിന്ന് സിർരിയ്യുസ്സിഖ്ത്വി (റ) വിനും മഹാനിൽ നിന്ന് ജുനൈദുൽ ബഗ്ദാദി (റ) വിനും മഹാനിൽനിന്ന് ഖാളീ റുവൈം (റ) വിനും മഹാനിൽനിന്ന് മുഹമ്മദ് ബ്ന് ഖഫീഫ് ശീറാസി (റ) വിനും മഹാനിൽ നിന്ന് അബുൽ അബ്ബാസ് നഹാവന്ദി (റ) വിനും മഹാനിൽ നിന്ന് ശൈഖ് ഫറജ് സഞ്ചാനി (റ) വിനും മഹാനിൽനിന്ന് ഖാളീ വജീഹുദ്ദീൻ (റ) വിനും മഹാനിൽനിന്ന് ശൈഖ് അബുന്നജീബ് സുഹറവർദി (റ) വിനും മഹാനിൽനിന്ന് ശൈഖ് ശിഹാബുദ്ദീൻ സുഹ്റവർദി (റ) വിനും മഹാനിൽനിന്ന് ശൈഖ് നജീബുദ്ദീൻ ബർഗൂശ് ശീറാസി (റ) വിനും മഹാനിൽനിന്ന് ശൈഖ് അബ്ദുസ്വമദ് നത്വൻസി (റ) വിനും മഹാനിൽനിന്ന് ശൈഖ് ഹസനുശംസീരി (റ) വിനും മഹാനിൽനിന്ന് ശൈഖ് നജ്മുദ്ദീൻ മഹ്മൂദുൽ ഇസ്വ് ഫഹാനി (റ) വിനും മഹാനിൽനിന്ന് ശൈഖ് യൂസുഫുൽ അജ്ദി കൗറാനി (റ) വിനും മഹാനിൽനിന്ന് ശൈഖ് ഹസനുത്തസ്തരി (റ) വിനും മഹാനിൽ നിന്ന് ശൈഖ് അഹ്മദ് ബ്ന് സുലൈമാനുസ്സാഹിദി (റ) വിനും മഹാനിൽനിന്ന് ശൈഖ് മദ് യൻ (റ) വിനും മഹാനിൽനിന്ന് മുഹമ്മദ് (റ) വിനും മഹാനിൽനിന്ന് ശൈഖ് മുഹമ്മദ് സർവി (റ) വിനും മഹാനിൽനിന്ന് ശൈഖ് അലിയ്യുൽ മൻസ്വഫി (റ) വിനും അവർ രണ്ടുപേരും അബ്ദുൽ വഹ് ഹാബ് ബ്ന് അഹ്മദ് ശഅ്റാനി (റ) വിനും കൈമാറി (അൽ അൻവാറുൽ ഖുദ്സിയ്യ: 52,53)


ഖിർഖഃ ധരിക്കലും ധരിപ്പിക്കലും

ഖിർഖഃ ധരിക്കലും ധരിപ്പിക്കലും സ്വൂഫീ മശാഇഖന്മാർക്കിടയിൽ പതിവുള്ളതാണ് ഖിർഖഃ എന്നാൽ ഒരു പ്രത്യേകതരം കളറുള്ള വസ്ത്രം ശൈഖ് മുരീദിന് ധരിപ്പിക്കലാണ് ഓരോ മശാഇഖന്മാരുടെയും ഖിർഖഃക്ക് ഓരോ കളറുകളുണ്ടാവും അതുകൊണ്ടാണ് ചില ശൈഖന്മാരും മുരീദുമാരുമൊക്കെ ചില പ്രത്യേക കളറിലുള്ള വസ്ത്രം തന്നെ ധരിക്കുന്നത് നാം കാണാറുള്ളത്

ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖന്മാർ മുരീദിനെ ഖിർഖഃ ധരിപ്പിക്കുന്നതിനെ സംബന്ധിച്ച് ഇമാം ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ), അൽ ഹാഫിള് ഇമാം ളിയാഉദ്ദീനുൽ മഖ്ദസി (റ), അൽ ഹാഫിള് ഇമാം ഇബ്നു മബ്ദി (റ), അൽ ഹാഫിള് ഇമാം ജലാലുദ്ദീൻ സുയൂത്വി (റ) എന്നിവര ഉദ്ധരിക്കുന്നു:

നിശ്ചയം ഹസനുൽ ബസ്വരി (റ) ഉവൈസുൽ ഖറനി (റ) എന്നീ മശാഇഖന്മാർ അവരുടെ അനുയായികൾക്ക് ഖിർഖഃ ധരിപ്പിച്ചിരുന്നു ഹസനുൽ ബസ്വരി (റ) പറയുമായിരുന്നു, മഹാൻ ഖിർഖഃ ധരിച്ചത് അലിയ്യ് ബ്നു അബീത്വാലിബ് (റ) വിൽ നിന്നാണെന്ന് ഉവൈസുൽ ഖറനി (റ) പറയുമായിരുന്നു മഹാൻ ഖിർഖഃ ധരിച്ചത് ഉമറുബ്നുൽ ഖത്താബ് (റ), അലിയ്യ് ബ്നി അബീത്വാലിബ് (റ) എന്നിവരിൽ നിന്നാണെന്ന് ഉമർ (റ), അലി (റ) എന്നിവർ തിരുനബി (സ) യിൽ നിന്നാണ് ഖിർഖഃ ധരിച്ചത് തിരുനബി (സ) ജിബ്രീൽ (അ) യിൽ നിന്നുമാണ് (അൽ അൻവാറുൽ ഖുദ്സിയ്യ: 73)

ഇമാം മൗലാ അലി (റ) വാണ് ഹസനുൽ ബസ്വരി (റ) വിന്റെ ശൈഖ് മഹാനിൽ നിന്നാണ് ഹസനുൽ ബസ്വരി (റ) ദിക്ർ സ്വീകരിച്ചതും ഖിർഖഃ ധരിച്ചതും ഈ വിഷയം മാത്രം ഒരു ഗ്രന്ഥത്തിൽ ഇമാം സുയൂത്വി (റ) എഴുതിയിട്ടുണ്ട്

ഇമാം സുയൂത്വി (റ) എഴുതുന്നു: തർക്കമന്യേ ഉമർ (റ) വിന്റെ ഭരണകാലത്താണ് ഹസനുൽ ബസ്വരി (റ) ജനിക്കുന്നത് മഹാനവർകളുടെ മാതാവ് ഖൈറത്ത് ഉമ്മുസലമഃ (റ) യുടെ മൗലാത്തിൽപ്പെട്ടവരുമായിരുന്നു ഉമ്മുസലമഃ ബീവി (റ) ഹസനുൽ ബസ്വരി (റ) വിനെ സ്വഹാബികളുടെ സന്നിധിയിലേക്ക് ബറകത്തെടുക്കുവാൻ അയക്കാറുണ്ടായിരുന്നു ഉമർ (റ) അവർക്കുവേണ്ടി പ്രത്യേകമായി ദുആ ചെയ്തു 'അല്ലാഹുവേ, ഹസനെ നീ ദീനിൽ സ്വൂഫി പണ്ഡിതനാക്കേണമേ, ജനങ്ങൾക്ക് പ്രിയമുള്ളവരായും ആക്കേണമേ'

ഹസനുൽ ബസ്വരി (റ) ജമാഅത്ത് നിസ്കാരങ്ങൾക്ക് ചെറുപ്രായത്തിലേ പങ്കെടുക്കുമായിരുന്നു ഉസ്മാന് ബ്നി അഫ്ഫാൻ (റ) വധിക്കപ്പെടുന്നതുവരെ മഹാന്റെ പിന്നിലായിരുന്നു നിസ്കരിക്കാറുള്ളത് അലി (റ) ആ സമയത്തൊക്കെ മദീനയിലായിരുന്നു ഉണ്ടായിരുന്നത് ഉസ്മാൻ (റ) വിന്റെ കൊലപാതകത്തിനു ശേഷമാണ് അലി (റ) കൂഫയിലേക്ക് പോയത് വകതിരിവ് വെച്ചതു മുതൽ പതിനാല് വയസ്സ് തികയുന്നതുവരെ എല്ലാ ദിവസവും അഞ്ചുനേരം അലി (റ) വിനെ ഹസനുൽ ബസ്വരി (റ) പള്ളിയിൽ വെച്ചു കാണുമായിരുന്നു അതിനു പുറമെ അലി (റ) ഉമ്മഹാത്തുൽ മുഅ്മിനീങ്ങളുടെ വീടുകൾ സന്ദർശിക്കുമായിരുന്നു ഉമ്മുസലമഃ (റ) യുടെ വീടും അവരിൽപ്പെട്ടതാണല്ലോ ആ വീട്ടിൽ ഹസനുൽ ബസ്വരി (റ) വും മാതാവ് ഖൈറത്തും ഉണ്ടായിരുന്നു

ഹസനുൽ ബസ്വരി (റ) കുട്ടി പ്രായത്തിലെ അലി (റ) വിനെ കണ്ടിരുന്നുവെന്ന് അലിയ്യുബ്നിൽ മദീനി (റ) പറയുന്നുണ്ട് അലി (റ) വിനെ ഹസനുൽ ബസ്വരി (റ) ബൈഅത്ത് ചെയ്തിരുന്നു അത് മദീനയിൽ വെച്ചായിരുന്നു പിന്നീടാണ് അലി (റ) കൂഫയിലേക്കും ബസ്വറയിലേക്കും യാത്രയാകുന്നത് (ഇത്ഹാഫുൽ ഫിർഖഃ ബിറഫ് വിൽ ഖിർഖ: 122, 123, )


ഗുരുക്കന്മാരും ശിഷ്യന്മാരും

സയ്യിദുനാ ഹസനുൽ ബസ്വരി (റ) വിന്റെ ഗുരുക്കന്മാരായ പ്രമുഖരായ സ്വഹാബീവര്യന്മാരുമുണ്ട് മഹാനവർകളുടെ ചരിത്രത്തിൽ ഇത്തരം ധാരാളം ഗുരുക്കന്മാരുടെ പേരുകൾ അവരിൽ ചിലരെ നമുക്ക് വായിക്കാം

1. അനസ് ബ്നു മാലിക് (റ)

2. ജാബിറ് ബ്നു അബ്ദുല്ലാഹിൽ അൻസ്വാരി (റ)

3. അഹ്മദ് ബ്നു ജുസ്ഉസ്സുദൂസി (റ)

4. അഹ്നഫ് ബ്നു ഖൈസ് (റ)

5. അസ് വദ് ബിനു സരീഅ് (റ)

6. ഉസൈദ് ബ്നു മുശമ്മസ് (റ)

7. അനസ് ബ്നു ഹാകിം (റ)

8. ജാരിയത്ത് ബ്നു ഖുദാമത്തുത്തമീമി (റ)

9. ജുൻദ് ബ്നു അബ്ദുല്ലാഹിൽ ബജ്ലി (റ)

10. ജുൻദ് ബ്നു ഖൈറിൽ അസ്ദി (റ)

11. ഹുറൈസ് ബ്നു ഖുബൈസ് (റ)

12. ഖൈസഃ ബ്നു ഹുറൈസ് (റ)

13. അബൂ സാസാൻ ഹുളൈന് ബ്നുൽ മുൻദിർ (റ)

14. ഹത്വാന് ബ്നു അബ്ദുല്ലാഹിർറിഖാശി (റ)

15. ഹിംറാന് ബ്നു അബാൻ മൗലാ ഉസ്മാന് അഫ്ഫാൻ (റ)

16. സുബൈറ് ബ്നുൽ അവ്വാം (റ)

17. സിയാദ് ബ്നു റിയാഹ് (റ)

18. സഅ്ദ് ബ്നു ഉബാദഃ (റ)

19. സഅ്ദ് ബ്നു ഹിശാമ് ബ്നു ആമിരിൽ അൻസ്വാരി (റ)

20. സഅ്ദ് മൗലാ അബീബക്കർ സിദ്ദീഖ് (റ)

21. സലമത്ത് ബിനുൽ മഹ്ഖബ് (റ)

22. സംറത്ത് ബ്നു ജുൻദുബുൽ ഫസാരി (റ)

23. സ്വഅ്സ്വഅത്ത് ബ്നു മുആവിയതുത്തമീമി (റ)

24. ളബ്ബത്ത് ബ്നു മുഹ്സ്വിനുൽ അൻസി (റ)

25. ആഇദ് ബ്നു അംറിൽ മുസനി (റ)

26. ആമിറ് ബ്നു അബ്ദിൽ ഖൈസ് (റ)

27. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)

28. അബ്ദുല്ലാഹിബ്നു ഉസ്മാനിസ്സഖ്ഫി (റ)

29. അബ്ദുല്ലാഹിബ്നു ഉമറ് ബ്നിൽ ഖത്വാബ് (റ)

30. അബ്ദുല്ലാഹിബ്നു അംറിബിൻ ആസ്വി (റ)

31. അബൂ മൂസാ അബ്ദുല്ലാഹിബ്നു ഖൈസിൽ അശ്അരി (റ)

32. അബ്ദുല്ലാഹിബ്നു മഗ്ഫലിൽ മുസനി (റ)

33. അബ്ദുർറഹ്മാന്ബ്നു സംറത്തുൽ ഖുറശി (റ)

34. ഉത്ബത് ബ്നു ഗസ് വാൻ (റ)

35. ഉസ്മാനുബ്നു അഫ്ഫാൻ (റ)

36. ഉത്ബത് ബ്നു ആമിറുൽ ജഹ്നി (റ)

37. ഉഖൈല് ബ്നു അബീത്വാലിബ് (റ)

38. അലിയ്യുബ്നു അബീത്വാലിബ് (റ)

39. അമ്മാറ് ബ്നു യാസിർ (റ)

40. ഉമറ് ബ്നുൽ ഖത്വാബ് (റ)

41. അംറ് ബ്നു സഅ്ലബ് (റ)

42. അംറ് ബ്നുൽ ആസ്വ് (റ)

43. ഇംറാന് ബ്നുൽ ഹുസൈൻ (റ)

44. മുആവിയത്ത് ബ്നു അബീ സുഫ് യാൻ (റ)

45. മഅ്ഖല് ബ്നു യസാറിൽ മുസനി (റ)

46. മുഗീറത്ത് ബ്നു ശുഅ്ബാ (റ)

47. നുഅ്മാന് ബ്നു ബശീർ (റ)

48. അബൂഹുറൈറ (റ)

49. ഹറമ് ബ്നു ഹയ്യാൻ (റ)

50. ഉമ്മുൽ ഹസൻ ഖൈറത്ത്

ശിഷ്യന്മാർ

1. അബാന് സ്വാലിഹ്

2. അബാന് ബ്നു യസീദുൽ അത്വാർ

3. അബാന് ബ്നു അബീഇയാശ്

4. ഇസ്ഹാഖ് ബ്നു റബീഅ് അബൂ ഹംസത്തുൽ അത്വാർ

5. അബൂമൂസാ ഇസ്റാഈല് ബ്നു മൂസാ

6. ഇസ്മാഈല് ബ്നു മുസ്ലിമുൽ അബ്ദി

7. ഇസ്മാആല് ബ്നു മുസ്ലിമുൽ മക്കി

8. അശ്അസ് ബ്നു യസാറുൽ ഹജീമീ അൽ ബസ്വരി

9. അശ്അസ് ബ്നു സിവാരിൽ മക്കി

10. അശ്അസ് ബ്നു ജാബിറുൽ ഹദാനി

11. അശ്അസുൽ ഹംറാനി

ഇങ്ങനെ നൂറ്റി നാൽപത്തി ഒമ്പത് ശിഷ്യന്മാരുടെ പേരുകൾ മനാഖിബു ഹസനിൽ ബസ്വരിൽ കാണാം ദൈർഘ്യം ഉദ്ദേശിക്കാത്തതിനാൽ ഇവിടെ അവരുടെയൊന്നും നാമങ്ങൾ പറയുന്നില്ല


ഇമാം മൗലാ അലി (റ)

തിരുനബി (സ) യുടെ പിതാവ് അബ്ദുല്ല (റ) വിന്റെ സഹോദരൻ അബൂത്വാലിബിന്റെ മകനാണ് സയ്യിദുനാ അലിയ്യ് ബ്നു അബീത്വാലിബ് (റ) ആനക്കലഹ വർഷം കഴിഞ്ഞ് മൂന്നു വർഷം പിന്നിട്ട ശേഷം മക്കയിലാണ് ജനിച്ചത് മാതാവ് അസദിന്റെ മകൾ ഫാത്വാമാ (റ) തിരുനബി (സ) പ്രത്യേകം ആദരിച്ച, ബഹുമാനിച്ച മഹതിയാണ് ഫാത്വിമ (റ) മഹതി വഫാത്തായപ്പോൾ തിരുനബി (സ) അവിടുത്തെ ഖമീസ്വിലാണ് അവരെ കഫൻ ചെയ്തത് അവിടുന്നു തന്നെ ഖബ്റിൽ ഇറങ്ങി മഹതിയുടെ ശരീരം ഖബറിൽ ചരിച്ച് കിടത്തുകയും പ്രത്യേകം ദുആ ചെയ്യുകയും ചെയ്തു

തിരുനബി (സ) യെ ആദ്യം വിശ്വസിച്ചവരുടെ കൂട്ടത്തിൽ അലി (റ) വും ഉണ്ട് അന്ന് മഹാനു പത്തു വയസ്സാണ് പ്രായം പിതാവ് അബൂത്വാലിബിന് ധാരാളം കുട്ടികളുള്ളതിനാൽ തിരുനബി (സ) അഞ്ചാം വയസ്സിൽ തന്നെ അലി (റ) വിന്റെ സംരക്ഷണം ഏറ്റെടുത്തു വളർത്തുകയായിരുന്നു യുവാവായപ്പോൾ പ്രിയ മകൾ ഫാത്വിമ (റ) യെ വിവാഹം ചെയ്തു കൊടുത്തു ആ ബന്ധത്തിൽ ഹസൻ (റ), ഹുസൈൻ (റ), മുഹ്സിൻ (റ), സൈനബുൽ കുബ്റാ (റ), ഉമ്മുകുൽസൂം (റ) എന്നീ അഞ്ചു കുരുന്നുകൾ വിരിഞ്ഞു

തിരുനബി (സ) വഫാത്തായി ആറു മാസം പിന്നിട്ടപ്പോൾ മഹതി ഫാത്വിമാ (റ) യും വഫാത്തായി മഹതിയുടെ വഫാത്തിനു ശേഷം വിവിധ സന്ദർഭങ്ങളിലായി അലി (റ) ഏഴോളം വിവാങ്ങൾ കഴിച്ചു ഭാര്യമാരിൽ മൊത്തം പതിനെട്ട് കുട്ടികളുമുണ്ടായി

ഉസ്മാന് ബ്നു അഫ്ഫാൻ (റ) വിന്റെ ശഹാദത്തിനു ശേഷം മുഹാജിരീങ്ങളിലെയും അൻസ്വാരികളിലെയും പ്രമുഖരായ സ്വഹാബികൾ ഒരുമിച്ചുകൂടി; പുതിയ ഖലീഫയെ തിരഞ്ഞെടുക്കുവാൻ വേണ്ടി എന്തുകൊണ്ടും ആ സ്ഥാനത്തിന് അർഹതയുള്ളവർ അലി (റ) തന്നെയായിരുന്നു അവർ അലിയാരെ ഖലീഫയായി തിരഞ്ഞെടുത്തു എന്നാൽ മഹാൻ പ്രസ്തുത ദൗത്യത്തിൽനിന്നു പിന്മാറാൻ ശ്രമിച്ചെങ്കിലും അവരുടെ നിർബന്ധത്തിനു വഴങ്ങി ഖിലാഫത്ത് ഏറ്റെടുക്കേണ്ടിവന്നു ആദ്യമായി ത്വൽഹ (റ) വും ശേഷം സുബൈറുബ്നുൽ അവ്വാം (റ) വും പിന്നീട് മുഹാജിറുകൾ, അൻസ്വാറുകളും ബൈഅത്ത് ചെയ്തു

ഹിജ്റഃ 31 ൽ റബീഉൽ ആഖിറിന്റെ അവസാന വാരത്തിൽ ഇമാം മൗലാ ളറായിലേക്ക് പുറപ്പെട്ടു മഹാനവർകൾ ളറായിലുണ്ടായപ്പോലുള്ള യുദ്ധമായിരുന്നു ജമൽ യുദ്ധം ഇരുഭാഗത്തു നിന്നും പതിനായിരത്തോളം പേർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു

ഇറാഖിലെ കൂഫാ കേന്ദ്രമാക്കിയായിരുന്നു അലിയാർ ഭരണം നടത്തിയിരുന്നത് നീതിപൂർണമായ ആ ഭരണത്തിൽ വിറളിപൂണ്ട വിഭാഗമായിരുന്നു ഖവാരിജുകൾ അലി (റ) വിന്റെ സംഘത്തിൽ നിന്നു തന്നെ വിഘടിച്ചവരായിരുന്നു ഖവാരിജുകൾ എന്ന പിഴച്ച പ്രസ്ഥാനക്കാർ കൂഫയിൽ ഹറൂറിയ്യാ ഗ്രാമത്തിൽ തമ്പടിച്ചതിനാൽ ഇവരെ ഹറൂറിയാക്കൾ എന്നും വിളിക്കാറുണ്ടായിരുന്നു ഏകദേശം പന്ത്രണ്ടായിരത്തോളം പേരുണ്ടായിരുന്നു അവർ അവരോട് സംവാദം നടത്താൻ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിനെ അലി (റ) പറഞ്ഞയച്ചു സംവാദ കാരണം നിരവധി പേര് മടങ്ങി

അങ്ങനെയിരിക്കെയാണ് ബുറക്ക് ബ്നു അബ്ദുല്ലാഹിത്തൈമി, അംറ്ബ്നു ബുക്കൈറുത്തമീമി, അബ്ദുർറഹ്മാന് ബ്നു മുൽജമുൽ മുറാദി എന്നിവർ മക്കയിൽ യോഗം ചേരുന്നത് അലി (റ), മുആവിയ (റ), അംറുബ്നുൽ ആസ്വ് (റ) എന്നിവരെ വധിക്കലായിരുന്നു ഗൂഢാലോചനയുടെ ഉദ്ദേശ്യം

ബുറക് സിറിയയിൽ വെച്ച് മുആവിയ (റ) വിനെയും ഇബ്നു ബുക്കൈർ ഈജിപ്തിൽ വെച്ച് അംറുബ്നു ആസ്വ് (റ) വിനെയും ഇബ്നു മുൽജം കൂഫയിൽ വെച്ച് അലി (റ) വിനെയും റമളാൻ വെള്ളിയാഴ്ച സുബ്ഹി നിസ്കാരസമയം വധിക്കണമെന്നായിരുന്നു അവരുടെ ആസൂത്രണം അവർ മൂവരും പ്രശസ്ത സ്ഥലങ്ങളിലേക്ക് ദിവസവും സമയവും ലക്ഷ്യമാക്കി നീങ്ങി

റമളാൻ 17 വെള്ളിയാഴ്ച സുബ്ഹി സമയം ബുറക് സിറിയയിൽ മുആവിയ (റ) ഇമാമത്ത് നിൽക്കുന്ന പള്ളിയിലെത്തി അയാൾ മഹാനെ ആഞ്ഞുവെട്ടി പക്ഷെ ലക്ഷ്യം പിഴച്ചു വെട്ടേറ്റത് ചന്തിയിലായിരുന്നു ബുറക്കിനെ പിടിക്കപ്പെട്ടു മുആവിയ (റ) അയാളെ വധിക്കാൻ ഉത്തരവിട്ടു ചന്തിയിലെ മുറിവ് ചികിത്സിച്ച് ഭേദമാവുകയും ചെയ്തു

ഇബ്നു ബുക്കൈർ ഈജിപ്തിലെ അംറുബ്നു ആസ്വ് (റ) വിന്റെ പള്ളിയിൽ പ്രസ്തുത സമയത്തുതന്നെ എത്തിയിരുന്നു എന്നാൽ വയറുസംബന്ധമായ പ്രയാസം കാരണം അംറ് (റ) മറ്റൊരാളെയായിരുന്നു ഇമാമത്ത് നിർത്തിയത് അത് അംറ് ആയിരിക്കുമെന്ന് കരുതി ഇബ്നു ബുക്കൈർ ആഞ്ഞുവെട്ടി വെട്ടേറ്റ ഇമാം മരിക്കുകയും ചെയ്തു പിടിക്കപ്പെട്ട ഇബ്നു ബുക്കൈറിനെ വധിച്ചുകളായാൻ അംറ് (റ) കൽപിക്കുകയും ചെയ്തു

ഇബ്നു മുൽജം റമളാൻ 17ന് സുബ്ഹിക്ക് മുമ്പേ കൂഫാ പള്ളിയിലെത്തി ഇമാമായി നിൽക്കുവാൻ അലിയാർ (റ) എത്തിയപ്പോൾ ആ ദുഷ്ടൻ വാളുകൊണ്ട് ശക്തമായി ആഞ്ഞുവെട്ടി ശക്തമായ പ്രഹരമേറ്റ ഇമാം അലി (റ) ജഅ്ദത്ത് ബിനു ഹുബൈറഃയോട് ഇമാമായി നിസ്കരിക്കുവാൻ പറഞ്ഞു: നീചനായ ഇബ്നു മുൽജമിനെ പിടിക്കപ്പെട്ടു വധിച്ചു

വെള്ളിയാഴ്ച പ്രഭാതത്തിലാണ് അലി (റ) വിന് വെട്ടേറ്റത് ഞായറാഴ്ച റമളാൻ 19 നാണ് ശഹീദാവുന്നത്

കൂഫാ പള്ളി

സയ്യിദുനാ അലി (റ) വിന്റെ ഭരണ സിരാ കേന്ദ്രമായിരുന്നു കൂഫാ പള്ളി ചരിത്രപ്രസിദ്ധമായ ഈ പള്ളിക്കടുത്തു തന്നെയാണ് അലി (റ) വിന്റെ വീടും സ്ഥിതിചെയ്തിരുന്നത് കൂഫയിൽ പോകുന്ന ആർക്കും പഴയ തനിമയിൽ തന്നെ ഇന്നും കൂഫാ പള്ളിയും അലി (റ) വിന്റെ വീടും കാണാം

വളരെ വിശാലമായ മസ്ജിദാണിത് പോലീസ് പരിശോധനക്കു ശേഷമാണ് പള്ളിയിലേക്ക് പ്രവേശിക്കാനാവുക ധാരാളം കാഴ്ചകൾ ഈ പള്ളിക്കകത്തുണ്ട് നൂഹ് നബി (അ) ന്റെ വീട് ഇവിടെയായിരുന്നുവത്രെ ലോകമാസകലം വ്യാപിച്ച മഹാപ്രളയത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നു പള്ളിയുടെ വിശാലമായ ഒരു ഭാഗത്ത് ഇപ്പോഴും വെള്ളം ഉറവ് പൊട്ടിയൊഴുകുന്നതു കാണാം നൂഹ് നബി (അ) മിന്റെ അടുപ്പ് നിലനിന്നിരുന്നത് അവിടെയായിരുന്നുവത്രെ അടുപ്പിൽ നിന്നും ജലം പ്രവഹിച്ചിരുന്നു അത് ഇപ്പോഴും കാണാം

പള്ളിയുടെ ഒരു വശത്ത് ആളുകൾ നിസ്കരിച്ചുകൊണ്ടേയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു അവിടെവെച്ച് ഖലീലുല്ലാഹി ഇബ്റാഹീം നബി (അ) നിസ്കരിച്ചിരുന്നുവത്രെ വേറെയും ധാരാളം കാഴ്ചകൾ കൂഫാ പള്ളിയിലുണ്ട് അലി (റ) വിന്റെ പ്രിയ പുത്രൻ സയ്യിദുനാ ഹുസൈൻ (റ) വിന്റെ സഹായിയും കുടുംബക്കാരനുമായ മുസ്ലിമ് ബ്നു അഖീൽ (റ) വിന്റെയും അവരുടെ സഹായി ഹാനിഅ് ബ്നു ഉർവ (റ) വിന്റെയും മഖ്ബറകൾ വളരെ മനോഹാരിതയിൽ ഇവിടെ തല ഉയർത്തി നിൽക്കുന്നതു കാണാം


ഉപദേശം 

ഇമാം ഹസനുൽ ബസ്വരി (റ) പറയുന്നു നായക്ക് 9 ഗുണങ്ങൾ ഉണ്ട്.ഈ ഗുണങ്ങൾ തീരെയില്ലാത്തവൻ നായയേക്കാൾ തരംതാണ വനാണ്.

1) വിശപ്പ് സഹിക്കും. ഇത് സജ്ജനങ്ങളുടെ സ്വഭാവമാണ്.

2) നായ രാത്രിയിൽ കുറച്ചേ ഉറങ്ങൂ. ഇത് ഭക്തന്മാരുടെ ഗുണമാണ്.

3) നായയ്ക്ക് സ്വത്തില്ല. ഇത് വിരക്തിയുടെ അടയാളമാണ്.

4) നായ യജമാനനോട് നന്ദി കാണിക്കും. ഇത് സത്യവിശ്വാസിയുടെ ലക്ഷണമാണ്.

5) നായയ്ക്ക് കിടക്കാൻ മോശമായ സ്ഥലം മതി. ഇത് വിനയത്തിന്റെ അടയാളമാണ്.

6) കിടപ്പറയിൻ നിന്ന് പുറത്താക്കിയാൽ ഒന്നും മിണ്ടാതെ മറ്റൊരു സ്ഥലം തെരെഞ്ഞെടുക്കും. അത് തൃപ്തിയുടെ അടയാളമാണ്.

7 ) നായയെ ഉപദ്രവിച്ച ശേഷം സ്നേഹം കാണിച്ചാൽ കഴിഞ്ഞതെല്ലാം മറക്കും. വിശുദ്ധരുടെ സ്വഭാവമാണ്

8) യജമാനൻ ഭക്ഷണം കഴിക്കുമ്പോൾ ദൂരെമറി നിന്ന് നോക്കി നിൽക്കും. ഇത് അനുസരണയുടെ ലക്ഷണമാണ്.

9 ) സ്ഥലം വിട്ടു പോയതിനു ശേഷം ആ സ്ഥലത്തെക്കുറിച്ച് ചിന്തിക്കുകയില്ല. ഇന്ന് പരിത്യാഗിയുടെ സ്വഭാവമാണ്….

ഹസൻ അൽ ബസരി (റഹി)പറഞ്ഞു:നിങ്ങൾ സഹാബിമാരെ കണ്ടിരുന്നുവെങ്കിൽ അവർക്ക് ഭ്രാന്താണെന്ന്' പറയുമായിരുന്നു.സഹാബാക്കൾ നിങ്ങളെ കണ്ടിരുന്നെങ്കിൽ 'നിങ്ങൾ മുസ്‌ലിംകൾ അല്ല' എന്ന് പറഞ്ഞേനെ. (അൽ ഹിൽയ 2/1324)


ബസ്വറയിൽ മഴ ലഭിക്കാതിരുന്നപ്പോൾ

ഒരിക്കൽ ബസ്വറയിൽ മഴക്ഷാമം നേരിട്ടു ഭൂമിയെല്ലാം ഉണങ്ങിവരണ്ടു വലിയ പ്രയാസത്തിൽ ജനങ്ങളെല്ലാം മഴയെ തേടി നിസ്കരിക്കാൻ പുറപ്പെട്ടു അവരുടെ കൂട്ടത്തിൽ ഹസനുൽ ബസ്വരി (റ) വും ഉണ്ടായിരുന്നു മിമ്പറിൽ കയറി ദുആ ചെയ്യാൻ ജനങ്ങൾ മഹാനോട് ആവശ്യപ്പെട്ടപ്പോൾ അവിടുന്ന് അവരോട് പറഞ്ഞു: നിങ്ങൾ ഹസനെ (എന്നെ) നിങ്ങളുടെ നാട്ടിൽ നിന്നും ഒഴിവാക്കിയാൽ അല്ലാഹു നിങ്ങൾക്ക് മഴ നൽകുന്നതാണ് കാരണം നിങ്ങൾക്ക് മഴ ലഭിക്കാത്തത് ഹസനെ കൊണ്ടാണ്

അങ്ങേയറ്റം ഭയമുള്ളതിനാൽ ഹസനുൽ ബസ്വരി (റ) ചിരിക്കുന്നത് തീരെ കാണാറില്ലായിരുന്നു മഹാനവർകൾ ഒരു ഹദീസ് പറയും, അത് ഇങ്ങനെയാണ്: 'നരകത്തിൽ നിന്നും അവസാനമായി പുറത്തുവരുന്ന മനുഷ്യൻ ഹന്നാദാണ് ' എന്നിട്ട് മഹാൻ പറയും, 'ആ മനുഷ്യൻ ഞാനായിരുന്നുവെങ്കിൽ എത്ര നന്നായേനെ'


കണ്ണുനീർ കണങ്ങൾ

ഒരാൾ തന്റെ വീടിന്റെ വാതിലിനടുത്തായിരിക്കുമ്പോൾ ഹസനുൽ ബസ്വരി (റ) വീടിന്റെ തട്ടിൻപുറത്ത് വെച്ച് നിസ്കരിക്കുകയായിരുന്നു സുജൂദിൽ മഹാൻ വല്ലാതെ കരയുന്നുണ്ടായിരുന്നു കരഞ്ഞ്, കരഞ്ഞ് കണ്ണുനീർ കണങ്ങൾ മീസാബിലൂടെ ഒഴുകി താഴേക്ക് തുള്ളികളായി വീണുകൊണ്ടിരുന്നു മഴപോലും പെയ്യാത്ത ഈ സമയത്ത് ഉറ്റിവീഴുന്ന വെള്ളത്തുള്ളികൾ കണ്ട വീട്ടുകാരൻ കതക് മുട്ടി ചോദിച്ചു: 'ഈ ഉറ്റിവീഴുന്നത് നജസാണോ അല്ലയോ?' മച്ചിൻപുറത്ത് നിന്നും ഇതുകേട്ട ഹസനുൽ ബസ്വരി (റ) വിളിച്ചു പറഞ്ഞു: 'അത് കഴുകിക്കളയൂ അതൊരു പാപിയുടെ കണ്ണുനീർ കണങ്ങളാകുന്നു അത് ശരീരത്തിലായി നിസ്കരിച്ചാൽ നിസ്കാരം സ്വഹീഹാവുന്നതല്ല ' (തദ്കിറത്തുൽ ഔലിയാ: 62)


ജനാസയുടെ കൂടെ പോയപ്പോൾ

ഹസനുൽ ബസ്വരി (റ) ഒരു ജനാസയോടൊപ്പം പോവുകയാണ് മയ്യിത്തിനെ ഖബ്റിൽ വെച്ചപ്പോൾ മഹാൻ ഖബ്റിന്നരികിലിരുന്നു കരയാൻ തുടങ്ങി എത്രത്തിൽ ആ മണ്ണ് പോലും കുതിർന്നു പോയി എന്നിട്ട് ജനങ്ങളോടായി പറഞ്ഞു: 'ജനങ്ങളേ, ഈ ഖബ്റിലേക്ക് നോക്കൂ, ദുനിയാവിലെ വീടുകളിലെ അവസാനത്തെ വീടും ആഖിറത്തിലെ വീടുകളിലെ ആദ്യ വീടും ഇതാകുന്നു അതിനാൽ അവസാന വീടാകുന്ന ഇതുകൊണ്ട് നിങ്ങൾ വഞ്ചിതരാവരുത് നിങ്ങളെന്തേ ആദ്യവീടിനെ ഭയപ്പെടാത്തത്? അതുകൊണ്ടുതന്നെ നിങ്ങളുടെ അവസ്ഥയൊക്കെ നന്നാക്കുക ഇതുകേട്ട് അവിടെ സന്നിഹിതരായവരെല്ലാം പൊട്ടിക്കരഞ്ഞു (തദ്കിറത്തുൽ ഔലിയാഅ്: 62)


ഉമറ്ബ്നു അബ്ദുൽ അസീസ് (റ) വിന്റെ കത്ത്

അഞ്ചാം ഖലീഫ എന്ന ഖ്യാതി നേടിയ ഉമറ് ബ്നു അബ്ദുൽ അസീസ് (റ) ഹസനുൽ ബസ്വരി (റ) വിന് കത്തെഴുതി 'താങ്കളിൽ നിന്നും ചെറിയൊരു നസ്വീഹത്തിനെ പ്രതീക്ഷിക്കുന്നു അതെനിക്ക് മനഃപാഠമാക്കുകയും എന്നെന്നും ഓർക്കുകയും ചെയ്യാം അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യാം ' ഇതായിരുന്നു കത്തിലെ ഉള്ളടക്കം

കത്ത് ലഭിച്ചപ്പോൾ ഹസനുൽ ബസ്വരി (റ) കത്തിന്റെ മുകളിലായി ഇങ്ങനെയെഴുതി: 'അമീറുൽ മുഅ്മിനീൻ, അല്ലാഹു നിങ്ങളുടെ കൂടെയുണ്ടെങ്കിൽ നിങ്ങൾ എന്തിനാണ് മറ്റൊരാളിൽ നിന്നും നസ്വീഹത്തിനെ പ്രതീക്ഷിക്കുന്നത്?'

മഹാനരായ സാബിത്തുൽ ഖന്നാനി (റ) ഹസനുൽ ബസ്വരി (റ) വിന് എഴുതിയ കത്തിലുണ്ടായിരുന്നത് അവിടുത്തെ സന്നിധിയിലേക്ക് വരാൻ സമ്മതം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മറുപടിയെന്നോണം ഹസനുൽ ബസ്വരി (റ) തിരികെയെഴുതി: എന്നെ താങ്കൾ ഒഴിവാക്കിത്തരണം ഞാൻ അല്ലാഹുവിന്റെ സത്റിലായി (മറയിലായി) ജീവിച്ചോട്ടെ കാരണം, സഹവസിക്കുമ്പോൾ നമ്മളിൽ ഓരോരുത്തരും മറ്റവന്റെ  ന്യൃനതയിലേക്ക് ശ്രദ്ധിച്ചേക്കും അത് വേർപിരിയാനും കോപിക്കാനും കാരണമായേക്കും


പണ്ഡിതനുള്ള ശിക്ഷ

മഹാനരായ മാലിക് ബ്നു ദീനാർ (റ) പറയുന്നു: ഞാനൊരിക്കൽ ഹസനുൽ ബസ്വരിയോട് പണ്ഡിതന്റെ ശിക്ഷയെ സംബന്ധിച്ച് ചോദിച്ചപ്പോൾ മഹാൻ പറഞ്ഞു: ഖൽബ് മരിക്കലാണെന്ന് ഞാൻ ചോദിച്ചു: ഹൃദയം മരിക്കൽ എങ്ങനെയാണ്? അപ്പോൾ അവിടുന്നു പറഞ്ഞു: ദുനിയാവിനെ തേടലാണത്

ഐഹിക ലോകത്തെ തേടി നടക്കലാണ് ഒരു പണ്ഡിതന് ഈ ലോകത്ത് ലഭിക്കുന്ന ശിക്ഷ കാരണം പണ്ഡിതന്റെ അറിവ് പാരത്രിക, ജീവിതം സുഖമമാക്കുന്നതിനെ സംബന്ധിച്ചും ദുനിയാവിന്റെ ചതിക്കുഴികളുമാണ് ഓർമിപ്പിക്കുന്നത് എന്നിട്ടും അദ്ദേഹം അതെല്ലാം കൈവെടിഞ്ഞ് ഐഹിക ജീവിതത്തിന്റെ പിന്നിലെ മാത്രം പോകുന്നത് അദ്ദേഹത്തിന് അല്ലാഹു നൽകിയ ശിക്ഷിയാണ് ഇതിന്റെ ഗൗരവം ഇമാം ഗസാലി (റ) തന്റെ ഇഹ്‌യാ ഉലൂമുദ്ദീനിൽ വിശദമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്

ഈ വിഷയത്തിൽ വ്യക്തമായ പാടവം ഒരു പണ്ഡിതനുണ്ടായിരിക്കണം അതുകൊണ്ടുതന്നെ സ്വൂഫീ ഗ്രന്ഥങ്ങളും സ്വൂഫീ ചരിത്രങ്ങളും ധാരാളം ഉൾക്കൊള്ളാനും വായിക്കാനും പണ്ഡിതർ സമയം കണ്ടെത്തണം കാരണം വിജയിക്കാനുള്ള വഴികളെല്ലാം സവിസ്തരം ആ ഗ്രന്ഥങ്ങളിൽ കാണാം


ജിന്നുകളുടെ പ്രാർത്ഥനാ സംഗമം

ശൈഖ് അബ്ദുല്ലാ (റ) പറയുന്നു: സുബ്ഹി നിസ്കാരം മസ്ജിദ് ഹസനിൽ വെച്ച് ജമാത്തായി നിസ്കരിക്കാൻ ഉദ്ദേശിച്ചു ഞാനൊരിക്കൽ പള്ളിയിലെത്തിയപ്പോൾ കാണുന്നത് അടയ്ക്കപ്പെട്ടതായിട്ടാണ് എന്നാൽ ഹസനുൽ ബസ്വരി (റ) അവിടെ ഉള്ളിൽ വെച്ച് ദുആ ചെയ്യുന്നുണ്ട് ഒരു കൂട്ടം ആളുകൾ മഹാന്റെ പിന്നിലായി ദുആക്ക് ആമീൻ പറയുന്നുണ്ട് അത് ഹസനുൽ ബസ്വരിയുടെ ആളുകളായിരിക്കുമെന്ന് ഞാൻ കരുതി അവർ മഹാന്റെ അരികിലേക്ക് വന്നതായിരിക്കും

അങ്ങനെ സുബ്ഹി സമയമാവുന്നതുവരെ ഞാൻ കാത്തിരുന്നു സുബ്ഹിയുടെ സമയമായപ്പോൾ ഞാൻ പള്ളിയിലേക്ക് പ്രവേശിക്കുവാൻ തുനിഞ്ഞു അപ്പോൾ അവിടെ കതക് തുറന്നിട്ടുണ്ട് അകത്ത് കടന്നപ്പോൾ ഹസനുൽ ബസ്വരി (റ) മാത്രമേ അവിടെയുള്ളൂ നേരത്തെ കണ്ടവരെയൊന്നും അവിടെയെവിടെയും കാണാനായില്ല അവരാണെങ്കിൽ പുറത്ത് പോകുന്നത് ശ്രദ്ധയിൽ പെട്ടുമില്ല ഞാൻ അത്ഭുതപ്പെട്ടു

നിസ്കാരം കഴിഞ്ഞപ്പോൾ ഞാൻ മഹാനോട് വിഷയം പറഞ്ഞു വന്നവർ ആരാണെന്ന രഹസ്യവും അന്വേഷിച്ചു അപ്പോൾ ഹസനുൽ ബസ്വരി (റ) പറഞ്ഞു: 'എല്ലാ രാത്രിയിലും നസ്വീബിനിൽ നിന്നുളള ഒരു കൂട്ടം ജിന്നുകൾ എന്റെ അടുക്കൽ വരും അവർ എന്നോട് ദുആ ചെയ്തു കൊടുക്കുവാൻ ആവശ്യപ്പെടും അവർ ആമീൻ പറയുകയും ചെയ്തു ' ഈ സംഭവം മറച്ചുവെക്കുവാൻ മഹാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു


ഹജ്ജ് യാത്രയിലെ അത്ഭുതങ്ങൾ

മഹാന്മാരിൽപ്പെട്ട ഒരാൾ പറയുന്നു: ഞാൻ ഹസനുൽ ബസ്വരി (റ) വിന്റെ കൂടെയായി ഒരുകൂട്ടം ആളുകളോടൊപ്പം ഹജ്ജിനു പുറപ്പെട്ടു അങ്ങനെ യാത്രയിൽ ഞങ്ങൾ ഒരു കിണറിനരികിലെത്തി എന്നാൽ അവിടെ വെള്ളം കോരുവാൻ ബക്കറ്റ് കയറോ ഒന്നും ഉണ്ടായിരുന്നില്ല അപ്പോൾ ഹസനുൽ ബസ്വരി (റ) പറഞ്ഞു: വിഷമിക്കേണ്ട, ഞാനൊന്നു നിസ്കരിക്കട്ടെ മഹാൻ നിസ്കാരം തുടങ്ങിയതും കിണറിലെ വെള്ളം മുകളിലേക്ക് ഉയരാൻ തുടങ്ങി എത്രത്തിൽ മുകൾഭാഗം വരെ ആ വെള്ളമെത്തി

ഞങ്ങളെല്ലാവരും വെള്ളം കുടിക്കുകയും പാത്രങ്ങളിൽ ശേഖരിച്ചുവെക്കുകയും ചെയ്തു അങ്ങനെ അവിടെനിന്നും ഞങ്ങൾ യാത്ര പുറപ്പെട്ടു വഴിയിൽവെച്ച് ഒരു കാരക്ക ഹസനുൽ ബസ്വരി (റ) വിന് ലഭിച്ചു അതെടുത്ത മഹാൻ ഞങ്ങൾക്കെല്ലാം അതിൽനിന്നും വിഹിതം തന്നു എന്നാൽ അതിന്റെ കുരു സ്വർണമായിരുന്നു ഞങ്ങളതിനെ മദീനയിൽ വിൽക്കുകയും അതിന്റെ വിലക്ക് ഭക്ഷണം വാങ്ങുകയും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുകയും ചെയ്തു


ഹബീബുൽ അജ്മി (റ) വിന്റെ ഫാത്തിഹ

ഇറാഖിലെ ബസ്വറയിൽ ജീവിച്ചിരുന്ന മഹാനായിരുന്നു സയ്യിദുനാ അജ്മി (റ) ഒരിക്കൽ ഹസനുൽ ബസ്വരി (റ) ഹബീബുൽ അജ്മി (റ) വിന്റെ കൂടാരത്തിനരികിലൂടെ നടന്നുപോവുകയായിരുന്നു മഗ്രിബിന്റെ ബാങ്ക് വിളിക്കപ്പെട്ടതിനാൽ ഹബീബുൽ അജ്മി (റ) മഗ്രിബ് നിസ്കാരത്തിലായിരുന്നു ഔലിയാക്കളിലെ മുൻനിരക്കാരിലൊരാളായ ഹബീബുൽ അജ്മി (റ) മഗ്രിബ് നിസ്കരിക്കുന്നതിനാൽ മഹാനോടൊപ്പം ജമാഅത്തായി നിസ്കരിക്കുവാൻ ഹസനുൽ ബസ്വരി (റ) ഉദ്ദേശിച്ചു അപ്പോഴാണ് ഫാത്തിഹയിൽ الْحَمْدُ ِلِله ഓതേണ്ട സ്ഥാനത്ത് الْهَمْدُ ِلله എന്നു മഹാൻ ഓതുന്നത് കേൾക്കുന്നത് حَ എന്ന അക്ഷരം മൊഴിയേണ്ടതിനു പകരം ھ ആണ് മൊഴിഞ്ഞത്

ഇത് ശ്രവിച്ച ഹസനുൽ ബസ്വരി (റ) അല്ലാഹുവിനെ സ്വപ്നത്തിൽ ദർശിച്ചപ്പോൾ ചോദിച്ചു: 'റബ്ബേ, എന്തിലാണ് നിന്റെ തൃപ്തിയുള്ളത് '

അല്ലാഹു പറഞ്ഞു: 'ഹസൻ, താങ്കൾ എന്റെ തൃപ്തി എത്തിച്ചിരുന്നു എന്നാൽ താങ്കൾക്ക് അതിന്റെ ഖദ്ർ മനസ്സിലാക്കാനായില്ല ' അപ്പോൾ ഹസനുൽ ബസ്വരി (റ) ചോദിച്ചു: 'റബ്ബേ, അത് എങ്ങനെയായിരുന്നു?' അല്ലാഹു പറഞ്ഞു: 'താങ്കൾ ഹബീബിന്റെ പിറകിലെങ്ങാനും നിസ്കരിച്ചിരിന്നെങ്കിൽ എന്റെ തൃപ്തി താങ്കൾക്ക് ലഭിക്കുമായിരുന്നു താങ്കൾ ജീവിതത്തിൽ നിസ്കരിച്ച നിസ്കാരങ്ങളെല്ലാത്തിനേക്കാൾ ഉത്തമമായിരുന്നു ആ ഒരു നിസ്കാരം നാവിനെ ശരിപ്പെടുത്തുന്നതിന്റെയും ഖൽബിന്റെ നിയ്യത്ത് സ്വഹീഹാക്കുന്നതിന്റെയും ഇടയിൽ ധാരാളം ഏറ്റവ്യത്യാസങ്ങൾ ഉണ്ട്

സ്വൂഫീ ചരിത്രഗ്രന്ഥങ്ങളിൽ ഇത്തരം ധാരാളം സംഭവങ്ങൾ കാണാം പ്രത്യക്ഷത്തിൽ അവരിൽ നിന്നുണ്ടാവുന്ന ഇത്തരം സംഭവങ്ങളെ വ്യാഖ്യാനിക്കൽ നമുക്ക് നിർബന്ധമാണെന്നാണ് ഇമാം നവവി (റ) രേഖപ്പെടുത്തിയിട്ടുള്ളത്


ഹസനുൽ ബസ്വരി (റ) വിന്റെ കൈ തീയിലിട്ടപ്പോൾ

ഹസനുൽ ബസ്വരി (റ) വിന് മജൂസിയായ ശംഊൻ എന്നൊരു അയൽവാസിയുണ്ടായിരുന്നു അദ്ദേഹം എഴുപത് വർഷത്തോളം അഗ്നിയെയായിരുന്നു ആരാധിച്ചിരുന്നത് മരണം ആസന്നമായപ്പോൾ അദ്ദേഹം ഹസനുൽ ബസ്വരി (റ) വിനോട് തന്റെ അവസ്ഥ അറിയിച്ചു മഹാൻ അദ്ദേഹത്തെ ഇസ്ലാം പുൽകാൻ ക്ഷണിച്ചു ഇസ്ലാമിലേക്ക് കടന്നുവരാൻ തനിക്ക് പ്രയാസമായ മൂന്നു കാര്യങ്ങൾ അദ്ദേഹം മഹാനെ അറിയിച്ചു അതിന് മറുപടി നൽകിയ മഹാൻ ശാശ്വതമായ നരകശിക്ഷയിൽ നിന്നും മുക്തി ലഭിക്കുവാൻ ഇസ്ലാം പുൽകുവാൻ അദ്ദേഹത്തെ ക്ഷണിച്ചു

എന്നിട്ട് ഹസനുൽ ബസ്വരി (റ) തന്റെ കൈ തീയിലിട്ടു തീയിലിട്ട കൈയുടെ ഒരു രോമത്തിനു പോലും ഒരു പോറലും ഏറ്റില്ല ഇതുകണ്ട ശംഊൻ അത്ഭുതപ്പെട്ടുപ്പോയി മാത്രമല്ല, ശംഊനിന് അതിന് സാധ്യമായില്ല പിന്നീട് അദ്ദേഹം ഇസ്ലാം ആശ്ലേഷിക്കുകയും ചെയ്തു ശംഊനിന്റെ മരണശേഷം ഹസനുൽ ബസ്വരി (റ) അദ്ദേഹത്തെ സ്വപ്നത്തിൽ ദർശിച്ചു അല്ലാഹു തനിക്ക് നൽകിയ അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും അദ്ദേഹം മഹാനോട് വിവരിച്ചു സ്വർഗീയാരാമത്തിൽ പുഞ്ചിരിയോടെ പ്രയാണം ചെയ്യുന്ന അദ്ദേഹത്തെ ദർശിച്ച ഹസനുൽ ബസ്വരി (റ) വിന് ഈ സ്വപ്നം വളരെ വലിയ സന്തോഷം നൽകി


ഹസനുൽ ബസ്വരി (റ) വിന്റെ നിസ്കാരം

ഇൽമുൽ ഖുർആനിലെ ഇമാമായിരുന്നു അബൂ അംറ് അദ്ദേഹത്തിൽ നിന്നും സംഭവിച്ച ചില കാരണങ്ങളാൽ പരിശുദ്ധ ഖുർആൻ മുഴുവനായും മറന്നുപോയി അങ്ങേയറ്റം വിഷമത്തിലും പ്രയാസത്തിലുമായ അദ്ദേഹം ഹസനുൽ ബസ്വരി (റ) വിനെ സന്ദർശിച്ച് തന്റെ വിഷമങ്ങളും പ്രയാസങ്ങളും അവതരിപ്പിച്ചപ്പോൾ മസ്ജിദുൽ ഖൈഫിലുള്ള ഒരു ശൈഖ് ചെന്നു കാണുവാനായിരുന്നു നിർദേശിച്ചിരുന്നത്

മിനായിലുള്ള ചരിപ്രസിദ്ധമായ മസ്ജിദാണ് മസ്ജിദുൽ ഖൈഫ് അങ്ങനെ അബൂ അംറ് ഹജ്ജ് കഴിഞ്ഞതിനു ശേഷം ശൈഖിനെ കാണുവാൻ മസ്ജിദുൽ ഖൈഫിലെത്തി അപ്പോൾ അവിടേക്ക് വൃത്തിയുള്ള വെള്ള വസ്ത്രം ധരിച്ച ഒരാൾ കടന്നുവന്നു അപ്പോൾ അവിടെയുള്ള ശൈഖും അനുയായികളും ആ ഒരാളെ കണ്ടതും എഴുന്നേറ്റ് ആ മഹാനെ സ്വീകരിച്ചു എന്നിട്ട് അവർ എല്ലാവരും ആ മഹാന്റെ പിന്നിലായി ളുഹ്ർ നിസ്കാരം ജമാഅത്തായി നിസ്കരിച്ചു അബൂഅംറിന് ഇമാമായ ആ മഹനെ മനസ്സിലായിരുന്നില്ല

നിസ്കാരം കഴിഞ്ഞപ്പോൾ എല്ലാവരും പിരിഞ്ഞുപോയി ഇപ്പോൾ പള്ളിയിൽ ആ ശൈഖു മാത്രം തനിച്ചാണുള്ളത് അബൂഅംറ് അവരുടെ സന്നിധിയിൽ ചെന്ന് തന്റെ സങ്കടം ബോധിപ്പിച്ചു അതുകാരണം അദ്ദേഹം മറന്നുപോയ മുഴുവൻ ഖുർആനും ഓർമവന്നു

അപ്പോൾ ആ ശൈഖ് ചോദിച്ചു: 'നിങ്ങൾക്ക് എന്നെ സംബന്ധിച്ച് ആരാണ് പറഞ്ഞുതന്നത്?' 'ഹസനുൽ ബസ്വരി ' യാണെന്ന് പറഞ്ഞപ്പോൾ ആ മഹാൻ പുഞ്ചിരിച്ചു ശേഷം അബൂ അംറിനോടായി അവർ പറഞ്ഞു: 'ഇപ്പോൾ ഇവിടെ നിസ്കരിക്കുവാൻ വന്ന് ഇമാമത്ത് നിന്ന് പോയവർ ഹസനുൽ ബസ്വരിയായിരുന്നു അവർ എല്ലാ ദിവസവും ളുഹ്ർ നിസ്കരിക്കൽ ഇവിടെ വന്നാണ് അസ്വർ നിസ്കരിക്കൽ ബസ്വറയിൽ വെച്ചും ഹസനുൽ ബസ്വരി (റ) വിനെ ഇമാമായി ലഭിച്ചവർക്ക് മറ്റൊരാളെ എങ്ങനെയാണ് ആവശ്യമാവുക'

മിനായിൽ നിന്നും ഇറാഖിലെ ബസ്വറയിലെത്താൻ 1,918,3 കിലോമീറ്ററിലധികം സഞ്ചരിക്കണം വിമാന യാത്രയ്ക്കു തന്നെ മണിക്കൂറുകൾ വേണം എന്നിട്ടും അതൊന്നുമില്ലാത്ത കാലത്ത് ബസ്വറയിൽ നിന്ന് മിനായിലേക്കും അവിടെനിന്ന് വീണ്ടും ബസ്വറയിലേക്കുമുള്ള യാത്ര ഇന്നത്തെ കാലത്തും നമ്മെ അത്ഭുതപ്പെടുത്തുന്നു സയ്യിദുനാ ഹസനുൽ ബസ്വരി (റ) വിൽ നിന്നും എല്ലാ ദിവസവും സംഭവിച്ചുകൊണ്ടേയിരിക്കുന്ന കറാമത്തുകളിൽ ഒന്നായിരുന്നു ഈ സംഭവം ഇങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിൽ പോയി ഔലിയാക്കളും മശാഇഖന്മാരും അഞ്ചുനേരത്തെ ഫർള് നിസ്കാരങ്ങൾ നിർവഹിക്കാറുണ്ടെന്ന് ഇമാമുകൾ രേഖപ്പെടുത്തിയതായി കാണാവുന്നതാണ്

ഇമാം ശഅ്റാനി (റ) എഴുതുന്നു: 'സഹോദരാ, നീ അറിയണം, തീർച്ചയായും അല്ലാഹുവിന്റെ ഔലിയാക്കളിൽ ചിലർ അഞ്ചുനേരത്തെ നിസ്കാരം നിസ്കരിക്കൽ മക്കയിൽ വെച്ചാണ്, ചിലർ ബൈത്തുൽ മുഖദ്ദസിൽ വെച്ചും, ചിലർ മദീനാ ശരീഫിൽ വെച്ചും ചിലർ ഖാഫ് പർവതത്തിൽ വെച്ചുമാണ് ചിലർ ഇത്തരം ഔലിയാക്കളെ സംബന്ധിച്ച് അവർ നിസ്കരിക്കാത്തവരാണെന്ന് പറയാറുണ്ട് അതു തെറ്റാണ് കാരണം അവർ അവരുടെ നാടുകളിൽ വെച്ച് നിസ്കരിച്ചില്ലെങ്കിലും അവർക്ക് പ്രത്യേകമായി നിർദേശിക്കപ്പെട്ട സ്ഥലങ്ങളിൽ വെച്ച് നിസ്കരിക്കുന്നുണ്ട് ബസ്വറക്കാരനായ ഹസനുൽ ബസ്വരി (റ) മസ്ജിദുൽ ഖൈഫിൽ വെച്ച് ളുഹ്ർ നിസ്കരിച്ചതുപോലെ) (അൽ യവാഖീത്തുവൽ ജവാഹിർ: 1/151)


റാബിഅത്തുൽ അദവിയ്യ അൽ ബസ്വരിയ്യ (റ)

സയ്യിദുനാ ഹസനുൽ ബസ്വരി (റ) വിന്റെ കാലത്ത് ബസ്വറയിൽ ജീവിച്ച സ്വൂഫീ വനിതയായിരുന്നു സയ്യിദത്തുനാ റാബിഅത്തുൽ അദവിയ്യ (റ), ഹസനുൽ ബസ്വരി (റ) മുഖാന്തരമാണ് മഹതി സ്വൂഫീ വഴികളിൽ പ്രവേശിക്കുന്നത് ഹസനുൽ ബസ്വരി (റ) വിന്റെ മജ്ലിസുകളിലെ നിറസാന്നിധ്യമായിരുന്നു മഹതി എത്രത്തിൽ മഹതിയെത്തിയില്ലെങ്കിൽ മഹാൻ മജ്ലിസിൽ വഅ്ള് വരെ പറയില്ലായിരുന്നു സൗരീ മദ്ഹബിന്റെ ഇമാമായ ഇമാം സുഫ് യാനുസ്സൗരി (റ) മഹതിയെ സന്ദർശിച്ചതും മറ്റും ആ മസ്അലകളും നമ്മുടെ ഫത്ഹുൽ മുഈനിൽ തന്നെ കാണാം


വഫാത്ത്

അബൂത്വാരിഖ് ശ്ശഅ്ദീ പറയുന്നു: ഹസനുൽ ബസ്വരി (റ) വിന്റെ വഫാത്ത് സമയത്ത് ഞാൻ അവിടെയുണ്ടായിരുന്നു അപ്പോൾ മഹാൻ കാത്തിബിനോട് അവിടുത്തെ വസ്വിയ്യത്ത് എഴുതാൻ ആവശ്യപ്പെട്ടു അതൊരു ഹദീസായിരുന്നു മുആദ് ബ്നു ജബൽ (റ) തന്റെ വഫാത്ത് സമയത്ത് വസ്വിയത്തായി പറഞ്ഞ ഹദീസായിരുന്നു മരണ സമയത്തുള്ള വസ്വിയ്യത്തുകൾ സ്വൂഫികൾ മശാഇഖന്മാർക്കിടയിൽ പ്രസിദ്ധമാണ് (അൽ ഹസനുൽ ബസ്വരി: 36)

ഹിജ്റഃ 110 റജബ് മാസത്തിൽ ഒരു വെള്ളിയാഴ്ച രാവിനായിരുന്നു ഹസനുൽ ബസ്വരി (റ) വഫാത്തായത് (എഡി. 728 ഒക്ടോബർ: 10) ജുമുഅഃ നിസ്കാരം കഴിഞ്ഞ ഉടനെ തന്നെ ജനാസ നിസ്കാരം ആരംഭിച്ചു ജനങ്ങളെല്ലാം കടുത്ത വിഷാദത്തിലായിരുന്നു എത്രത്തിൽ അന്ന് ബസ്വറയിലെ ജുമുഅത്തു പള്ളിയിൽ അസ്വർ നിസ്കാരം നടന്നില്ലത്രെ അതിനു കാരണം ജനങ്ങളെല്ലാം ഹസനുൽ ബസ്വരിയുടെ ജനാസയുടെ കൂടെ പോയതായിരുന്നു ഇങ്ങനെയൊരു സംഭവം ബസ്വറയിൽ ആദ്യമായിരുന്നു

ഒരാൾ വന്ന് ബസ്വറയിലെ സ്വപ്ന വ്യാഖ്യാതാവായ ഇമാം ഇബ്നു സീരീൻ (റ) വിനോട് പറഞ്ഞു ഒരു പക്ഷി പള്ളിയിൽ നിന്നും കല്ല് പെറുക്കിയെടുത്ത് പറക്കുന്നത് ഞാൻ സ്വപ്നം കണ്ടു അപ്പോൾ ഇമാം പറഞ്ഞു: നീ കണ്ട സ്വപ്നം സത്യമാണെങ്കിൽ അത് ഹസനുൽ ബസ്വരിയുടെ മരണമാണറിയിക്കുന്നത് അൽപം കഴിഞ്ഞതേയുള്ളൂ, ഹസനുൽ ബസ്വരി (റ) വഫാത്തായി

ഹസനുൽ ബസ്വരി (റ) വഫാത്തായ രാത്രിയിൽ മാലിക് ബ്നു ദീനാർ (റ) സ്വപ്നത്തിൽ മഹാനവർകളെ സന്തോഷവാനായി ദർശിച്ചിരുന്നു അപ്പോൾ ചോദിച്ചു, നിങ്ങൾ മരിച്ചതല്ലേ? മഹാൻ പറഞ്ഞു: അതെ മാലിക് ബ്നു ദീനാർ (റ) ചോദിച്ചു: മരണശേഷമുള്ള വിശേഷമെന്താണ്? താങ്കൾ ദുനിയാവിൽ ദീർഘകാലം വ്യസനത്തിൽ ആയിരുന്നല്ലോ? ഹസനുൽ ബസ്വരി (റ) പറഞ്ഞു: ആ വ്യസനം കാരണം അല്ലാഹു എന്നെ അബ്റാറീങ്ങളുടെ സ്ഥാനത്തേക്കുയർത്തി മാലിക് ബ്നു ദീനാർ (റ) ചോദിച്ചു: അബൂസഈദ് താങ്കൾക്ക് എന്താണ് ഞങ്ങളോട് കൽപിക്കാനുള്ളത്? മഹാൻ പറഞ്ഞു: ദുനിയാവിലെ ദീർഘകാലത്തെ വ്യസനം ആഖിറത്തിലെ സന്തോഷമാണ് (അൽ ഹസനുൽ ബസ്വരി: 37)

ജീവിതത്തിൽ വ്യസനമാത്രമായുള്ള ഹസനുൽ ബസ്വരി (റ) പുഞ്ചിരി തൂകിക്കൊണ്ടായിരുന്നു വഫാത്തായിരുന്നത് ഏഴ് ആകാശങ്ങളുടെയും കവാടങ്ങൾ മഹാനവർകൾക്ക് വേണ്ടി തുറക്കപ്പെട്ടതായി ചില മഹാന്മാർ സ്വപ്നം ദർശിച്ചിരുന്നു (തദ്കിറത്തുൽ ഔലിയാഅ്: 71)


കടപ്പാട് : അഹ്‌ലുസുന്ന ഓൺലൈൻ 

അലി അഷ്‌കർ - +91 95267 6 5555

No comments:

Post a Comment