Friday 19 June 2020

ഭർത്താവ് കിടപ്പറ വെടിഞ്ഞാൽ കുറ്റക്കാരൻ ആകുമോ

കിടപ്പറയിൽ ഭര്‍ത്താവിന്റെ ആവശ്യപൂര്‍ത്തീകരണം ഭാര്യയുടെ ബാധ്യതയാണല്ലോ. പുരുഷന്റെ ആവശ്യം നിരാകരിക്കപ്പെട്ടാല്‍ അവളെ പുലരുംവരെ മലക്കുകള്‍ ശപിച്ചുകൊണ്ടിരിക്കുമെന്ന് ഹദീസുകളിലുണ്ട്. ഇത് നേരെ തിരിച്ചായാല്‍ എന്തായിരിക്കും സംഭവിക്കുക..? ഭാര്യയുടെ ആവശ്യങ്ങളില്‍നിന്ന് മുഖം തിരിക്കുന്ന ഭര്‍ത്താവിന് സമാനമായ ശാപമുണ്ടാകുമോ..?


ഖുര്‍ആന്റെ വിവരണമനുസരിച്ച് ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകാനാണ് ദാമ്പത്യബന്ധം (അര്‍റൂം -21, അല്‍ അഅ്‌റാഫ് 189).

ദാമ്പത്യബന്ധത്തെ പരിപോഷിപ്പിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന പരസ്പരസ്‌നേഹം, ജീവിതപങ്കാളിയോടുള്ള താല്‍പര്യം, പരിഗണന, പരസ്പരമുള്ള പങ്കുവെക്കല്‍ എന്നിവയുടെ സാന്നിധ്യത്തില്‍ മാത്രമേ അത് മുന്നോട്ടുപോകുകയുള്ളൂ. അല്ലാതെ കേവല ലൈംഗികബന്ധത്തിലൂടെ അത് നിലനില്‍ക്കുകയില്ല. ജീവിതത്തിന്റെ നിഖിലമേഖലകളെയും സന്തുലിതത്വത്തോടെ വീക്ഷിക്കുകയും അവതരിപ്പിക്കുകയുംചെയ്യുന്ന അടിസ്ഥാനനിര്‍ദ്ദേശങ്ങളടങ്ങിയതാണ് ഇസ്‌ലാം.

പരസ്പരസ്‌നേഹം, ആദരവ്, വൈകാരികബന്ധം എന്നിവയില്‍നിന്ന് വേറിട്ടുകാണേണ്ട ഒന്നല്ല ദാമ്പത്യത്തിലെ ലൈംഗികതയും. അത്തരത്തില്‍ പരസ്പരആദരവോ വൈകാരികബന്ധമോ ഇല്ലാതെയുള്ള വേഴ്ച മൃഗജന്യമാണെന്നുതന്നെ പറയാം. കിടപ്പറയില്‍ പ്രേമസല്ലാപവും കരതലസ്പര്‍ശങ്ങളും നടത്തിയ ശേഷമേ ശാരീരിക ബന്ധത്തിലേര്‍പ്പെടാവൂ എന്നും അല്ലാതെ കുക്കുടരതി അനുവര്‍ത്തിക്കരുതെന്നും നബിതിരുമേനി ﷺ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് അതുകൊണ്ടാണ്.

‘അവരോട് മാന്യമായി സഹവസിക്കുക'(അന്നിസാഅ് 19),’സ്ത്രീകള്‍ക്ക് ബാധ്യതകളുള്ളതുപോലെത്തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്'
(അല്‍ബഖറ228)തുടങ്ങി ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള വ്യവഹാരത്തെയും ബന്ധത്തെയും വിശദീകരിച്ച് ഖുര്‍ആനില്‍ എമ്പാടും പരാമര്‍ശങ്ങള്‍ കാണാം. ഇതിന്റെ വെളിച്ചത്തില്‍ ഭാര്യയോട് ഒരു ഭര്‍ത്താവിന് നല്ല രീതിയില്‍ മാത്രമേ പെരുമാറാനാകൂ.

നമ്മുടെ പ്രവാചകനായ മുഹമ്മദ് ﷺ തന്റെ ഭാര്യമാരോട് പെരുമാറിയതും സഹവസിച്ചതും എത്രമാത്രം സ്‌നേഹവാത്സല്യങ്ങളോടും ആദരവോടും കൂടിയായിരുന്നുവെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അവരുമായി തിരുമേനി ﷺ സല്ലപിച്ചു. കളിവിനോദങ്ങളില്‍ ഏര്‍പ്പെട്ടു. അതിലൂടെ ഈ ലോകത്ത് ഒരു വിശ്വാസിക്ക് ലഭിക്കാവുന്ന വിഭവങ്ങളില്‍ ഏറ്റവും ഉത്തമം സദ്‌വൃത്തയായ ഭാര്യയാണെന്ന് നബി ﷺ അനുയായികളെ അറിയിച്ചു. ഈ അധ്യാപനങ്ങളെ മുന്‍നിര്‍ത്തി ചിന്തിച്ചാല്‍ ഒരാള്‍ക്കും തന്റെ ഭാര്യയെ കേവല ലൈംഗികോപകരണമായി കാണാനാവില്ല.

ഇസ്‌ലാമില്‍ സ്ത്രീയും പുരുഷനും പ്രത്യേകിച്ച് ഭാര്യയും ഭര്‍ത്താവും തുല്യ ഉത്തരവാദിത്വമുള്ള പങ്കാളികളാണ്. ഭാര്യാഭര്‍ത്താക്കന്‍മാര്‍ അന്യോന്യം ഉത്തരവാദിത്വ-ബാധ്യതാനിര്‍വഹണത്തില്‍ വീഴ്ചവരുത്താത്തവരായിരിക്കണം. അതുകൊണ്ടുതന്നെ ഒരു ദാമ്പത്യജീവിതം വിജയിക്കണമെങ്കില്‍ ഇരുകൂട്ടരും ഉഭയസഹകരണത്തോടെ നീങ്ങേണ്ടതുണ്ട്. മുഹമ്മദ് നബി ﷺ തന്റെ ഭാര്യമാര്‍ കുടിച്ച കോപ്പയില്‍ നിന്ന് കുടിക്കുമായിരുന്നു. എത്രത്തോളമെന്നാല്‍ ഭാര്യമാരുടെ ചുണ്ടുകള്‍ കോപ്പയില്‍ പതിഞ്ഞഭാഗത്തുനിന്നുതന്നെ ഹബീബ് ﷺ പാനംചെയ്തു. അവര്‍ കഴിച്ചതിന്റെ ബാക്കി കഴിച്ചു. അവര്‍ തിരിച്ചും. അതായിരുന്നു. പ്രവാചകൻ ‍ﷺ തിരുമേനിയും ഭാര്യമാരും ജീവിതപങ്കാളികളെന്ന നിലക്ക് പരസ്പരം പുലര്‍ത്തിയിരുന്ന ആദരവും സ്‌നേഹവും സൗഹൃദവും. എല്ലാ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കും എന്നെന്നും മാതൃകയാണത്.

No comments:

Post a Comment