Monday 15 June 2020

ഹിന്ദ് (റ)



മക്കയുടെ രോമാഞ്ചം

പടിഞ്ഞാറൻ ചക്രവാളത്തിൽ ചെഞ്ചായം പരന്നു മരൈഭൂമിയിൽ ഒരു പകൽ കൂടി കത്തിത്തീരുന്നു അലറിയടിക്കുന്ന കടൽത്തിരകൾക്കിടയിലേക്കു സൂര്യബിംബം ഞെട്ടറ്റുവീണു ചക്രവാളം ചുവന്നു തുടുത്തു 

പോക്കുവെയിലിൽ നീണ്ടുവന്ന കഅ്ബാലയത്തിന്റെ നിഴൽ മാഞ്ഞുപോയി ഇരുളിന്റെ നേർത്ത ആവരണം ദിവ്യഭവനത്തെ പൊതിഞ്ഞു  

കഅ്ബാലയത്തിനു മുമ്പിൽ വലിയൊരു സദസ്സ് ഖുറൈശീ പ്രമുഖന്മാർ ഒത്തുകൂടിയിരിക്കുന്നു  തമാശകളും പൊട്ടിച്ചിരികളും ഉയരുന്നു

അബൂജഹ്ൽ
അബൂത്വാലിബ്
ഉമയ്യത്ത്

അങ്ങനെ പ്രമുഖർ പലരുമുണ്ട് അബൂജഹ്ൽ ഇടക്കിടെ തമാശകൾ പൊട്ടിക്കുന്നു കേട്ടു നിൽക്കുന്നവർ ആർത്തുചിരിക്കുന്നു 

അവനെ എല്ലാവർക്കും ഭയമാണ് അരിശം വന്നാൽ അടിതീർച്ച ഇരുമ്പുലക്ക പോലുള്ള കൈകൊണ്ട് ഒന്നുകിട്ടിയാൽ തകർന്നു പോവും അതുകൊണ്ട് ആരും അവന്റെ ധിക്കാരത്തെ ചോദ്യം ചെയ്യില്ല തൊഴിലാളികളെ കൊണ്ടു ജോലി ചെയ്യിക്കും കൃത്യമായി കൂലി കൊടുക്കില്ല  അങ്ങാടിയിൽ വില്പനക്കു വരുന്ന സാധനങ്ങൾ ധാരാളം വാങ്ങും വില നൽകില്ല ഇഷ്ടമുള്ളതു കൊടുക്കും കൂടുതൽ ചോദിച്ചാൽ അടിക്കിട്ടും 

ചോദ്യം ചെയ്യപ്പെടാത്ത നേതാവ്

അഹങ്കാരം മനുഷ്യരൂപം പ്രാപിച്ചതാണ് അബുജഹ്ൽ ശപിക്കപ്പെട്ട അബൂജഹ്ൽ അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ പേര് കേൾക്കണ്ടേ?

ഉത്ബത്ത്

അന്നത്തെ സന്ധ്യയിൽ ഉത്ബത്ത് എത്തിയില്ല അബൂജഹ്ൽ കൂട്ടുകാരൻ വരുന്നുണ്ടോ എന്നറിയാൻ പലതവണ അകലേക്കു നോക്കി പടിഞ്ഞാറൻ ചക്രവാളത്തിലെ കടുംചുവപ്പ് മാഞ്ഞുപോയി മരുഭൂമിയിൽ ഇരുട്ട് തളംകെട്ടി

'ഉത്ബത്തിനെ കണ്ടില്ലല്ലോ? ഇന്നെന്തു പറ്റി? ' അബൂജഹ്ൽ ആരോടെന്നില്ലാതെ പറഞ്ഞു

സദസ്സിൽ നിന്നൊരാൾ അല്പം തമാശ കലർത്തി ഇങ്ങനെ മറുപടി നൽകി:
'അവന്റെ ഭാര്യ മാസം തികഞ്ഞു നിൽക്കുകയല്ലേ?'

സദസ്സിൽ നേർത്ത ചിരിയുടെ അലകൾ ഭാര്യ മാസം തികഞ്ഞു നിൽക്കുന്നതിന് ഇവനവിടെ കാത്തുകെട്ടി നിൽക്കേണ്ട ആവശ്യമെന്ത് എന്നാണ് ആ ചിരുയുടെ അർത്ഥം

കനത്ത ഇരുട്ടിലൂടെ ഒരാൾരൂപം നീങ്ങി വരികയായിരുന്നു അപ്പോൾ
നെഞ്ച് വിരിച്ചു , കൈകൾ വീശി നീണ്ട കാലുകൾ നീട്ടിവെച്ചു നടന്നു വരികയാണ് ഒരാജാനബാഹു   നടന്നു നടന്നു കഅ്ബാലയത്തിനു മുമ്പിലെത്തി അടുത്തെത്തിയപ്പോഴാണ് ആളെ മനസ്സിലായത്
'ഇതാ.... ഇതാ, വന്നല്ലോ ചങ്ങാതി' ഒരാൾ വിളിച്ചു പറഞ്ഞു
'എവിടെ ആയിരുന്നെടോ.... ഇതുവരെ?' 

അബൂജഹ്ലിന്റെ ചോദ്യം 

'ഭാര്യ മാസം തികഞ്ഞു നിൽക്കുകയല്ലേ?' ഒരു നേതാവ് തട്ടിവിട്ടു
സദസ്സ് കുലുങ്ങിച്ചിരിച്ചു 

'ഒന്നടങ്ങിയിരിക്കിൻ കൂട്ടരേ ' ആഗതൻ അല്പം ശബ്ദമുയർത്തിപ്പറഞ്ഞു ബഹളം അടങ്ങി  ആഗതൻ സദസ്സിൽ കയറിയിരുന്നു അതാണ് ഉത്ബത്ത്
ഖുറൈശി പ്രമുഖൻ മക്കാപട്ടണത്തിലെ ധനികൻ 

ഈത്തപ്പനത്തോട്ടങ്ങളുടെയും മുന്തിരിത്തോപ്പുകളുടെയും ഉടമസ്ഥൻ ആട്ടിൻപറ്റങ്ങളുടെയും ഒട്ടകങ്ങളുടെയും ഉടമ മക്കയുടെ ധീരപുത്രൻ രണാങ്കണങ്ങളുടെ രോമാഞ്ചം വാൾമുനയിൽ വളർന്ന വീരൻ മക്കക്കാർക്കും പുറത്തുള്ളവർക്കും സുപരിചിതനായ ഉത്ബത്ത്

കഅ്ബാലയത്തിനകത്തും വലിയ ബിംബങ്ങൾ അതിനു മുമ്പിൽ കുമ്പിടുന്ന ഭക്തജനങ്ങൾ അങ്ങിങ്ങ് എരിയുന്ന എണ്ണവിളക്കുകൾ
 
പുറത്തെ ബഹളം ബിംബങ്ങളെ വണങ്ങുന്നവരുടെ ചെവിയിൽ വന്നലയ്ക്കുന്നു കഅ്ബാലയത്തിൽ നിന്നിറങ്ങുന്നവർ ഖുറൈശി നേതാക്കളെയും വണങ്ങി സ്ഥലം വിടുന്നു

'എടോ.... നിന്റെ പെണ്ണിനോടു നാണക്കേടുണ്ടാക്കരുതെന്നു പറയണം' 
കൂട്ടത്തിലൊരു നേതാവിന്റെ കമന്റ് സദസ്സിന് ആ കമന്റ് നന്നായി സുഖിച്ചു അവർ ആർത്തു ചിരിക്കാൻ തുടങ്ങി 

നമിഷനേരത്തേക്ക് ഉത്ബത്ത് പരുങ്ങി പിന്നെ മുഖത്തു ഗൗരവം വരുത്തി എന്നിട്ട് തിരിച്ചടിച്ചു

'അവൾ ഉത്ബത്തിന്റെ പെണ്ണാണ് '

അവന്റെ മറുപടിയിൽ സദസ്സ് അടങ്ങി സദസ്സ് അടങ്ങിയെങ്കിലും മനസ്സ് അടങ്ങിയില്ല ഉത്ബത്തിന്റെ മനസ്സ് കത്താൻ തുടങ്ങുകയാണ് ഗർഭിണികളായ ഭാര്യമാരുള്ള എല്ലാ പുരുഷന്മാരുടെയും മനസ്സ് കത്തുന്നതുപോലെ 
ഭാര്യ ആൺകുഞ്ഞിനെ പ്രസവിച്ചാൽ ഭർത്താവിന് എന്തെന്നില്ലാത്ത അഭിമാനം ഖബീലയിലുള്ളവരെല്ലാം അയാളെ ആദരിക്കും സദസ്സായ സദസ്സുകളിലൊക്കെ അയാൾ പ്രശംസിക്കപ്പെടും മഹാഭാഗ്യവാനെന്നു പൊതുജനം വിധിയെഴുതും

ആൺകുഞ്ഞിനെ പ്രസവിച്ച പെണ്ണിന്റെ ആഹ്ലാദം വർണിക്കാനാവില്ല അവളെക്കാണാൻ ഖബീലയിലുള്ളവരെല്ലാം കൂട്ടത്തോടെ വരും ആശംസകൾ നേരും പ്രശംസകൾ കൊണ്ടു വീർപുമുട്ടിക്കും മറ്റുസ്ത്രീകൾക്കിടയിൽ അവളുടെ സ്ഥാനം പെട്ടെന്നുയരും  

കൈനിറയെ സമ്മാനങ്ങൾ കിട്ടും എല്ലാ സദസ്സുകളിലും അവളുടെ പേരുപറയും അവളോട് ഇഷ്ടമില്ലാത്തവരുടെ മനസ്സിൽ അസൂയ നിറയും അതു പകയായിമാറും ഒരാൺകുഞ്ഞിനെ പ്രസവിക്കുന്നത് അത്ര വലിയ കാര്യമാണ്
തന്റെ ഭാര്യ ആൺകുഞ്ഞിനെ പ്രസവിക്കുമോ? ഉത്ബത്തിന്റെ മനസ്സിൽ ഉൽകണ്ഠ  

പെൺകുഞ്ഞു പിറന്നാൽ ഹോ.... ഓർക്കാൻ പോലും വയ്യ പെണ്ണ് പിറന്നാൽ അപമാനം, കുറേ നാളത്തേക്കു ഭർത്താവ് പുറത്തിറങ്ങില്ല ആളുകൾ കൂടുന്നേടത്തൊന്നും പോവില്ല എങ്ങോട്ടു തിരിഞ്ഞാലും പരിഹാസത്തിന്റെ കൂരമ്പുകൾ

പെൺകുഞ്ഞു പിറന്നു എന്നുകേട്ട പുരുഷന്റെ അവസ്ഥ..... അവന്റെ മുഖത്ത് ഇരുട്ടുപരക്കും എല്ലാ സന്തോഷവും അവസാനിക്കും തന്റെ ഭാര്യയെ ഞെരിച്ചു കൊല്ലാനുള്ള ക്രോധമായിരിക്കും 

ചോരപ്പൈതലിനെ തന്റെ ശത്രുവായിട്ടാണയാൾ കാണുക ശത്രുവിനെ  നശിപ്പിക്കാനുള്ള ആവേശമായിരിക്കും മനസ്സിൽ 

നവജാത ശിശുവിനെയും എടുത്ത് അയാൾ മണൽക്കാട്ടിലേക്കോടും പെറ്റ തള്ള ഉറക്കെ നിലവിളിക്കും മറ്റുള്ളവർ അവളുടെ വാ പൊത്തിപ്പിടിക്കും അവൾ ശ്വാസം കിടാതെ വിഷമിക്കുമ്പോൾ മണൽക്കാട്ടിൽ ജീവനുള്ള ശിശുവിന് ഖബർ മാന്തുകയും പ്രിയതമൻ ശിശുവിനെ കുഴിച്ചുമൂടിക്കഴിയുമ്പോൾ അയാൾക്കാശ്വാസം തന്റെ അപമാനം കുഴിച്ചുമൂടപ്പെട്ടു 

സമൂഹത്തിൽ തന്റെ മാന്യത തിരിച്ചു കിട്ടിയ ആശ്വാസം 
ഉത്ബത്തിന്റെ കണ്ണുകൾ നിറഞ്ഞു ഞരമ്പുകൾ വലിഞ്ഞുമുറുകി ഇരിപ്പുറക്കുന്നില്ല ചാടിയെണീറ്റു ഒറ്റ നടത്തം അകലേക്ക് , അന്ധകാരത്തിലേക്ക്  

ആ നടത്തത്തിനു വേഗത കൂടിയത് ഉത്ബത്തറിഞ്ഞില്ല നെറ്റിത്തടം വിയർപിൽ മുങ്ങിയതുമറിഞ്ഞില്ല മനസ്സ് നെരിപ്പോടായി മാറുകയാണോ? വഴിയിൽ കട്ടപിടിച്ച കൂരിരുട്ട് എന്നിട്ടും നടത്തത്തിനു വേഗത വലിയ വീട് അകലെനിന്നു തന്നെ കാണാം  

വലിയ വിളക്കുകൾ പ്രകാശം പരത്തുന്നു അടിമകളും വേലക്കാരും പല ജോലികളിൽ മുഴുകിയിരിക്കുന്നു  ചിലർ ഒട്ടകങ്ങളെ പരിചരിക്കുന്നു ഉത്ബത്ത് മുറ്റത്തേക്കു കയറി  എല്ലാവരും ആദരവോടെ മാറിനിന്നു
ഉത്ബത്തിന്റെ വലിയ വീട്ടിൽ ഖബീലയുടെ നേതാക്കന്മാർ എപ്പോഴും കാണും അകലെയുള്ള ഗോത്രങ്ങളിൽ നിന്നുപോലും നായകന്മാരെത്തും
വീടിനു മുമ്പിൽ അനേകം ഒട്ടകങ്ങൾ മേയുന്നു അവയെ നയിക്കാൻ ധാരാളം ജോലിക്കാർ 

അവന്റെ ഉടമസ്ഥതയിലുള്ള ആടുകൾക്കു കണക്കില്ല വീട്ടിൽ നിത്യേനെയുള്ള ആവശ്യത്തിനു തന്നെ പാൽ ധാരാളം വേണം വിശേഷ ദിവസങ്ങളിൽ പറയാനുമില്ല 

മിക്ക ദിവസവും ആടിനെ അറുക്കും ആഹാരം കഴിക്കാൻ ധാരാളം ആളുകളുണ്ടാവും 

ഉത്ബത്തിന്റെ ഖാഫില പോവുന്നതു കാണേണ്ട കാഴ്ചയാണ് അവന്റെ സ്വന്തം ഒട്ടകങ്ങൾ നിരന്നു നിന്നാൽ ഏറെ ദൂരം വരും അവയുടെ പുറത്ത് കയറ്റുന്ന വില്പ്പന സാധനങ്ങളുടെ തൂക്കമെത്ര

ധാരാളം ഈത്തപ്പനത്തോട്ടങ്ങളുണ്ട് വിളവെടുപ്പു കാലത്ത് ഉത്സവം പോലെയാണ് വിലക്കു വാങ്ങി നിറുത്തിയ അടിമകളും കൂലിപ്പണിക്കാരും ചേർന്നാണ് ഈത്തപ്പഴം പറിച്ചെടുക്കുക പറിച്ചുതീരാൻ എത്രയോ ദിവസമെടുക്കും

പിന്നെ തരംതിരിക്കണം കെട്ടുകളാക്കണം ഒട്ടകപ്പുറത്തു കയറ്റി വിദൂരദിക്കുകളിലേക്കു കൊണ്ടുപോവും വമ്പിച്ച വില്പന നടക്കും ഒരു സീസൺ കഴിയുമ്പോൾ ഉത്ബത്തനു ലഭിക്കുന്ന ആദായമെത്ര 
ഉത്ബത്തിന്റെ മുന്തിരിത്തോട്ടങ്ങൾ പ്രസിദ്ധമാണ് ത്വാഇഫിലെ മുന്തിരിത്തോട്ടം സഞ്ചാരികളെ ഹഠാദാകർഷിക്കുന്നു അവിടെ വിളയുന്ന മുന്തിരിയുടെ മധുരം തിന്നവരാരും മറക്കില്ല

ആടും ഒട്ടകവും ഈത്തപ്പഴവും മുന്തിരിയും മറ്റു രീതിയിലുള്ള വ്യാപാരവും ഉത്ബത്തിനെ കൂടുതൽ കൂടുതൽ സമ്പന്നനാക്കി

കച്ചവടത്തിലും കൃഷിയിലും അവനൊരു പാർട്ണറുണ്ട് എല്ലാ ബിസിനസ്സും അവർ ഒരുമിച്ചാണു നടത്തുന്നത് അവനും അറബികൾക്കിടയിൽ പ്രസിദ്ധനാണ്

സ്വന്തം സഹോദരൻ ശൈബത്ത്

ഉത്ബത്തും ശൈബത്തും എന്നും അവർ ഒരുമിച്ചാണ് യുദ്ധകാലത്തും സമാധാനകാലത്തും യുദ്ധമുഖത്തേക്ക് അവർ ഒന്നിച്ചാണു കുതിക്കുക ഒരേ സുപ്രയിൽ നിന്നവർ ആഹാരം കഴിക്കുന്നു പാൽകുടിക്കുന്നു
ത്വാഇഫിലെ മുന്തിരിത്തോട്ടം നോക്കാൻ അവർ ഒന്നിച്ചാണു പോവുന്നത് അറബികൾക്ക് അവരോടു സ്നേഹമാണ് ബഹുമാനമാണ് ഭയമാണ് 
സമ്പത്തിന്റെയും പ്രതാപത്തിന്റെയും മധ്യത്തിൽ ഉത്ബത്തും ശൈബത്തും നാളുകൾ നീക്കി


പെൺകുഞ്ഞ് പിറന്നപ്പോൾ


അകത്ത് സ്ത്രീകളുടെ സംസാരം ഖബീലയിലെ കുലീന സ്ത്രീകൾ പലരും വന്നിട്ടുണ്ട് അടുക്കളയിൽ നിന്ന് ഇറച്ചി പൊരിക്കുന്ന മണം വരുന്നു 
ഉത്ബത്ത് തന്റെ മുറിയിൽ പ്രവേശിച്ചു കട്ടിലിൽ ചെന്നിരുന്നു വല്ലാത്ത ക്ഷീണം മനസ്സു നിറയെ എരിയുന്ന ചിന്തകൾ മെല്ലെ കട്ടിലിൽ കിടന്നു ചിന്തകൾ ചിറകു വിടർത്താൻ തുടങ്ങി 

ഖുറൈശികകൾക്കിടയിൽ തനിക്കുള്ള സ്ഥാനം, ആദരവ്, അന്തസ്സ്, ഇന്നുവരെ അതിന് ഒരു കോട്ടവും തട്ടിയിട്ടില്ല അന്തസ്സും അഭിമാനവും വളർന്നു വന്നിട്ടേയുള്ളൂ സാമ്പത്തിക നില അടിക്കടി വളർന്നു വന്നു ധീരതയിൽ ഒരിക്കലും പിന്നിലായിട്ടില്ല യുദ്ധരംഗത്തു ധീരതയുടെ ഇതിഹാസം രചിച്ചിട്ടുണ്ട്  മദ്യപാനത്തിൽ ആരുടെയും പിന്നിലല്ല എല്ലാ രംഗത്തും ഒന്നാം നിരക്കാരൻ ഈ അവസ്ഥക്ക് ഒരുമാറ്റവും വരരുത് മറ്റുള്ളവരുടെ മുമ്പിൽ തലകുനിക്കാൻ വയ്യ അറേബ്യൻ പൗരഷത്തിന്റെ പ്രതീകമായി ജീവിക്കണം
ഭീരുത്വത്തിനു ജീവിതത്തിൽ സ്ഥാനമില്ല മക്കാപട്ടണത്തിൽ തന്റെ  സ്വാധീനം നിലനിൽക്കണം

തന്റെ ഭാര്യ ഗർഭിണിയാണ് അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞ് തന്നെ വല്ലാതെ ഭയപ്പെടുത്തുന്നു  പിറക്കാൻ പോവുന്നത് ഏതു കുഞ്ഞായിരിക്കും ? 

ആണോ പെണ്ണോ? ആൺകുഞ്ഞായാൽ.... മേലാകെ കുളിര് ആൺകുഞ്ഞു പിറന്നാൽ തന്റെ അന്തസ്സ് ഇരട്ടിക്കും അഭിമാനം വർധിക്കും ഖബീലക്കാർ തന്നെ പ്രശംസിക്കും പ്രശംസകൾ കൊണ്ടവർ തന്നെ വീർപുമുട്ടിക്കും ഹ...ഹ....ഹ....

അറിയാതെ പൊട്ടിച്ചിരിച്ചു പോയി കട്ടിലിൽ എഴുന്നേറ്റിരുന്നു മനസ്സ് തണുത്തിരിക്കുന്നു ഖൽബകം കത്തിക്കാളുന്നില്ല അവിടെ സന്തോഷം അരിച്ചു കിടക്കുന്നു

മുറിയിൽ നിന്നു പുറത്തിറങ്ങി മുന്തിരിച്ചാറു നിറച്ച വലിയ ഭരണികൾക്കടുത്തുകൂടെ അവൻ നടന്നു മനോഹരമായ പാനപാത്രം കയ്യിലെടുത്തു അതിലേക്കു തണുത്ത മുന്തിരിച്ചാറ് ഒഴിച്ചു ഒറ്റവലിക്ക് അകത്താക്കി

ഇപ്പോൾ ഞരമ്പുകൾ ത്രസിക്കുന്നു എല്ലാ ദുഃഖങ്ങളും പമ്പകടന്നു അനുഭൂതിയിലേക്കു വരുമ്പോൾ ഒരു മാലാഖ നടന്നടുക്കുന്നു വീർത്ത വയറുമായി അവൾ ചാരത്തണയുന്നു തന്റെ സുന്ദരിയായ ഭാര്യ
ആ വയറിലേക്കു നോക്കുന്തോറും അഭിമാനം വർദ്ധിക്കുന്നു മനസ്സിൽ അത്യാഹ്ലാദം ആ രാത്രിയിൽ വയറു നിറയെ ആഹാരം കഴിച്ചു സുഖമായി കിടന്നുറങ്ങി  ദിനരാത്രങ്ങൾ പിന്നെയും കുറേ കൊഴിഞ്ഞു വീണു 

ഉത്ബത്തിന്റെ സമീപത്തേക്ക് ഒരു പരിചാരിക ധൃതിയിൽ നടന്നുവരുന്നു 
ഭാര്യക്കു പ്രസവ വേദന ഉത്ബത്ത് ഞെട്ടി മനസ്സ് കിടുങ്ങി ഖബീലയുടെ നായകൻ ചഞ്ചലപ്പെട്ടുകൂടാ ഏതു സാഹചര്യത്തിലും ധൈര്യം കൈവിടരുത് സമയം ഇഴഞ്ഞു നീങ്ങി ഉത്ബത്ത് വിയർപിൽ കുളിച്ചു

രണാങ്കണത്തിലെ വീരശൂരപരാക്രമി വാടിത്തളർന്നു കുഞ്ഞിനെക്കുറിച്ചുള്ള വെപ്രാളം ആണോ പെണ്ണോ?

ആണോ പെണ്ണോ?

ഭാര്യ പ്രസവിച്ചു പ്രസവ മുറിയിൽ നിന്നു വാർത്ത പുറത്തേക്കൊഴുകി വാർത്ത ഉത്ബത്തിന്റെ ചെവിയിലെത്തി

പെൺകുഞ്ഞ്

കഅ്ബാലയത്തിന്റെ മുറ്റത്തു വിശ്രമിക്കുന്ന ഖുറൈശി പ്രമുഖരുടെ ചെവിയിൽ ആ വാർത്തയെത്തി 

'ഉത്ബത്തിന്റെ ഭാര്യ പ്രസവിച്ചു '

അപ്പോൾ എല്ലാവരും ഏക സ്വരത്തിലൊരു ചോദ്യം

'കുഞ്ഞ്?'

'പെൺകുഞ്ഞ് '

സദസ്സിൽ മ്ലാനത പരന്നു പലരുടെയും പുരികം വളഞ്ഞു ഗോത്രത്തലവനു പെൺകുഞ്ഞു പിറന്നു

പതിവുപോലെ ഉത്ബത്തും വന്നു എല്ലാവരും ആ മുഖത്തേക്ക് ഉറ്റിനോക്കി മുഖം ശാന്തമാണ് കണ്ണുകളിൽ തീജ്വാലകളില്ല മുഖത്തു കോപം അരിച്ചു കയറുന്നില്ല നിരാശയും നെടുവീർപുമില്ല

നിശ്ചയദാർഢ്യം സ്ഫുരിക്കുന്ന നോട്ടം എടുത്തുറച്ച തീരുമാനത്തിന് അടിവരയിടുംപോലെ അമർത്തിയൊന്നുമൂളി 

ഉത്ബത്ത് എന്തെങ്കിലുമൊന്നു പറഞ്ഞകിട്ടാൻ കാത്തിരിക്കുകയാണു സദസ്സ് അതു മനസ്സിലാക്കിയിട്ടെന്നോണം ഉത്ബത്തിന്റെ പ്രഖ്യാപനം വന്നു:
'ഞാനവളെ വളർത്തും '

പ്രഖ്യാപനത്തിനു പ്രത്യേകിച്ചൊരു പ്രതികരണവുമില്ല അപ്പോഴും ചത്തു കിടക്കുകയാണ് സദസ്സ്

പെൺകുഞ്ഞിനെ കൊല്ലുന്നില്ല

പെണ്ണു പിറന്ന നാണക്കേടു സഹിക്കാൻ തന്നെയാണു തീരുമാനം നടക്കട്ടെ
സദസ്സിനു നെടുവീർപ്പ്, നിരാശ

ചിലർ ഉത്ബത്തിനെ അനുമോദിച്ചു

കുഞ്ഞു പിറന്നാൽ മാതാപിതാക്കളെ അനുമോദിക്കണം കുഞ്ഞിന്റെ പേരിൽ ബന്ധുക്കൾക്കും മിത്രങ്ങൾക്കും വിരുന്നു നൽകുകയും വേണം അതാണു മരുഭൂമിയിലെ ആചാരം 

ഉത്ബത്തിന് ഒന്നിനും പ്രയാസമില്ല ധനികനാണ് പ്രസിദ്ധനാണ് പ്രതാപശാലിയാണ്

കട്ടപിടിച്ച ഇരുട്ടിലൂടെ ഉത്ബത്ത് വീട്ടിലേക്കു നടന്നു അയാളുടെ ഭാവനയിൽ ആ പെൺകുഞ്ഞു വളർന്നു വരുന്നു തന്റെ ഓമന മകൾ സൗന്ദര്യവതിയായ യുവതി അവളുടെ വിവാഹപ്പന്തൽ ഗോത്രത്തരവന്മാരുടെ സാന്നിധ്യം തന്റെ അന്തസ്സിനൊത്ത വിവാഹം അവൾക്കിണങ്ങിയ പുതുമാരൻ 
അന്നു തനിക്കഭിമാനിക്കാം

എന്റെ പൊന്നുമോളുടെ പേരിൽ അന്നെനിക്കഭിമാനിക്കാം ഇന്നത്തെ മനഃപ്രയാസം അന്നുതീരും

അകത്തുനിന്നു കുഞ്ഞിന്റെ കരച്ചിൽ മനസ്സിലെവിടെയോ നീറ്റൽ തന്റെ അഭിമാനത്തെ അവൾ വെല്ലുവിളിക്കുകയാണോ?

അത്താഴത്തിനിരുന്നു എന്തേ ആഹാരത്തിനൊരു രുചി തോന്നാത്തത് ആരോടും അധികം സംസാരിക്കാൻ തോന്നുന്നില്ല 

ഉറങ്ങാൻ കിടന്നു എന്തേ ഉറക്കം അകന്നുമാറി നടക്കുന്നു ? കണ്ണടച്ച് ഉറക്കവും കാത്തുകിടന്നു കൺപോളകൾ അറിയാതെ തുറന്നു പോവുന്നു 
എന്തേ ഇങ്ങനെയൊക്കെ?

പെൺകുഞ്ഞ് പിറന്ന പിതാക്കളുടെയെല്ലാം അവസ്ഥ ഇതുതന്നെയോ?  എങ്കിൽ ഇത് കടുപ്പം തന്നെ മനസ്സെന്തേ നീറിപ്പുകയുന്നു ? 

ഈ നീറ്റൽ എപ്പോഴാണവസാനിക്കുക മനസ്സൊന്നു തണുത്തു കിട്ടാനെന്തു വഴി?

പാതിരാത്രിക്ക് ശേഷമാണുറങ്ങിയത് അതും മുന്തിരിച്ചാറിന്റെ സഹായത്തോടെ

വീണ്ടും പ്രഭാതം ഈ അസ്വസ്ഥതകളിൽ നിന്നും മോചനം നേടണം മനസ്സൊന്നു തണുത്തുകിട്ടണം  വിശ്രമിക്കാതെ ജോലിചെയ്യുക
ഇടവേളയില്ലാതെ പണിയെടുക്കുക അപ്പോൾ ചിന്തകൾ പറന്നകലും തോട്ടങ്ങൾ സന്ദർശിച്ചു പണിക്കാരോടൊപ്പം ചേർന്നു പലവിധ ജോലികൾ ചെയ്തു കച്ചവടകാര്യങ്ങൾ ശ്രദ്ധിച്ചു ബദ്ധപ്പാടുകൾക്കിടയിലൂടെ ദിനരാത്രങ്ങൾ കടന്നുപോയി

ദിവസങ്ങൾ ആഴ്ചകളും  മാസങ്ങളുമായി പിന്നെ അതു വർഷങ്ങളായി  ഇപ്പോൾ മനസ്സിനു നിയന്ത്രണമുണ്ട് എങ്കിലും പഴയ ചിന്തകൾ പറന്നടുക്കുന്നു 
വീട്ടിലെ വൻസദസ്സ് വിഭവസമൃദ്ധമായ സൽക്കാരം പട്ടിൽ പൊതിഞ്ഞ പെൺകുഞ്ഞ് തന്റെ രക്തത്തിൽ പിറന്ന ചോരപ്പൈതൽ 
അന്നവൾക്കു പേരിട്ടു ഹിന്ദ്

വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ ഹിന്ദ് എന്ന ബാലിക ഓടിവരുന്നു ബാപ്പയുടെ വിരൽത്തുമ്പിൽ തൂങ്ങുന്നു കൊഞ്ചികുഴയുന്നു 
'അവളൊരു വാശിക്കാരിയാണ് '

ബാപ്പ തെല്ല് അഭിമാനത്തോടെ പറയും ഉത്ബത്തിന്റെ പുന്നാരമോൾക്ക് വാശി ഇത്തിരി കൂടുതലാണ് വിചാരിച്ച കാര്യം നടക്കണം അതു നടത്തുക തന്നെ ചെയ്യും അവളുടെ വാശിക്കുമുമ്പിൽ തോറ്റുകൊടുക്കുന്നതു പിതാവിന്നു സന്തോഷം 

അവളുടെ കിളിമൊഴികൾ മാതാപിതാക്കളെ ആഹ്ലാദം കൊള്ളിച്ചു അവളുടെ പൊട്ടിച്ചിരി അവരെ രോമാഞ്ചമണിയിച്ചു അവളുടെ പരിഭവങ്ങൾ അവരെ ഹരം കൊള്ളിച്ചു 

നല്ല ആരോഗ്യമുള്ള പെൺകുട്ടി ബുദ്ധിമതിയാണ് നല്ല ഓർമ്മശക്തി അവൾ വളർന്നു വരികയാണ് യൗവനത്തിന്റെ പടിവാതിൽക്കൽ നിൽക്കുന്ന ഹിന്ദ്  തുടുത്ത കവിളുകളിൽ മാരിവില്ലിന്റെ വർണങ്ങൾ വിരിഞ്ഞു കൂരിരുട്ടിന്റെ കറുപ്പുള്ള കാർകൂന്തൽ വളർന്നിറങ്ങി അറബിക്കവിതകളിലെ മദാലസയായി അറബി യുവാക്കൾ അവളെ സ്വപ്നം കണ്ടു നടന്നു അവളെ ഭാര്യയായി ലഭിക്കാൻ എത്രയോ യുവാക്കൾ മോഹവുമായി നടന്നു 

ഉത്ബത്ത് മകൾക്കു വേണ്ടി ആരെ തിരഞ്ഞെടുക്കും അതായിരുന്നു യുവാക്കളുടെ ചിന്ത ഒരു സുപ്രഭാതത്തിൽ മക്കാനിവാസികൾ ഒരു സന്തോഷവാർത്തയറിഞ്ഞു 

ഹിന്ദിന്റെ വിവാഹം നിശ്ചയിച്ചു

ആരാണു വരൻ ? എല്ലാവർക്കും അതാണറിയേണ്ടത്

കേട്ടവർ കേട്ടവർ പരസ്പരം ഇതേ ചോദ്യം ആവർത്തിച്ചു

അവർക്കുത്തരം കിട്ടി

ഹർബിന്റെ മകൻ ഹിന്ദിനെ വിവാഹം കഴിക്കുന്നു ആരോഗ്യമുള്ള ചെറുപ്പക്കാരൻ ധീരൻ , ധനികൻ, പ്രസിദ്ധനായ തറവാട്ടുകാരൻ പിൽക്കാല ചരിത്രത്തിലെ വീരനായകൻ അബൂ സുഫ് യാൻ

ഹിന്ദിന്റെ മാതാപിതാക്കൾ കല്യാണത്തിന്റെ തിരക്കിലാണ് എല്ലാവരേയും നേരിൽ കണ്ട് ക്ഷണിക്കണം 

ഹിന്ദിന്റെ സഹോദരനാണു വലീദ് വേറെയും സഹോദരന്മാരുണ്ട് സഹോദരിമാരുമുണ്ട് നോക്കിയാൽ വലിയൊരു കുടുംബമാണ് ബന്ധുക്കൾക്കാണെങ്കിൽ കണക്കില്ല വിവാഹം കെങ്കേമമാക്കണം
കല്യാണത്തിന് ഒരുപാട് ഒട്ടകങ്ങളെ അറുക്കുന്നുണ്ട് ഗോതമ്പുമാവിന്റെ വലിയ കെട്ടുകൾ എമ്പാടും വന്നിട്ടുണ്ട്  

അറുക്കാൻ വേണ്ടി തയ്യാറാക്കിയ ആടുകൾക്കു കണക്കില്ല പലഹാരങ്ങൾ പലവിധം റെഡിയാക്കി

മക്കായിലെ കുബേര കുടുംബത്തിലെ അംഗമാണ് അബൂസുഫ് യാൻ കുടുംബത്തിന്റെ അന്തസ്സിനൊത്തവിധം എല്ലാം നടക്കണം

വിവാഹസുദിനമെത്തി നാട്ടിലാകെ ആഹ്ലാദത്തിന്റെ അലകൾ അബൂസുഫ് യാൻ മണവാളനായി വരുന്നു മക്കയുടെ ധീരനായകന്മാർ കൂടെയുണ്ട് ആർഭാടം കവിഞ്ഞൊഴുകുന്ന വസ്ത്രങ്ങൾ ധരിച്ച് മികച്ച സുഗന്ധദ്രവ്യങ്ങൾ പൂശി ഒരു വലിയ സംഘം നീങ്ങി വരുന്നു

അർഹിക്കുന്ന എല്ലാ  ആദരവോടും കൂടി അവരെ സ്വീകരിക്കാൻ ഉത്ബത്തിന്റെ സംഘം തയ്യാറായിക്കഴിഞ്ഞു

അറബി നശീദകൾ ഉയരുന്നു പട്ടുടുത്ത പെണ്ണുങ്ങൾ നൃത്തം വെക്കുന്നു ആഹ്ലാദത്തിന്റെ പൂത്തിരി കത്തുന്നു കമനീയമായലങ്കരിച്ച പന്തലിലേക്കു പുതുമാരൻ ആനയിക്കപ്പെടുന്നു

കൂടെ വന്നവരെ സദസ്സിലിരുത്തി വിശാലമായ സദസ്സ് കുടിക്കാനുള്ള പാനീയങ്ങൾ വിതരണം ചെയ്തു പലതരം പഴങ്ങൾ വിളമ്പി കൂടെ പലഹാരങ്ങളും പിന്നെ വിഭവസമൃദ്ധമായ സദ്യ 

വിവാഹത്തിന്റെ കർമ്മങ്ങൾ ഓരോന്നായി അവസാനിക്കുന്നു ഹിന്ദ് അബൂസുഫ് യാന്റെ ഭാര്യയായിത്തീർന്നു ഗംഭീരമായ സൽക്കാരം തീരുന്നു വീർത്ത വയറും തടവിക്കൊണ്ട് ആളുകൾ എഴുന്നേൽക്കുന്നു 
ആടിപ്പാടി അരങ്ങു തകർത്തവർ തളർന്നു അവർ വിശ്രമകേന്ദ്രത്തിലേക്കു പോയി

കത്തിപ്പടർന്ന പകൽ കടന്നുപോയി മരുഭൂമിയിൽ ഇരുൾപരന്നു ഉത്ബത്തിന്റെ വലിയ വീട്ടിലെ മനോഹരമായ മുറിയിൽ വിശ്രമിക്കുന്ന മണവാളൻ 
വീട്ടിനകത്ത് അപ്പോഴും ബന്ധുക്കളുടെ തിരക്ക് പെണ്ണുങ്ങളുടെ വലിയ സംഘത്തിനുള്ളിലാണ് ഹിന്ദ്   പെണ്ണുങ്ങൾ അവളെ കൊത്തിത്തിന്നുന്നു നാണംകൊണ്ടവൾ പുളയുന്നു 'നേരം ഒരുപാടായി ഇനിയവളെ അങ്ങ് വിട്ടേക്ക് '
അതെ അവൾക്കു പോവാൻ നേരമായി 

പാനപാത്രത്തിൽ പാലുമായി ഒരാളെത്തി ഹിന്ദിന്റെ കയ്യിൽ കൊടുത്തു 
ഹിന്ദ് പാലുമായി മെല്ലെ നടന്നു അവളുടെ വിലകൂടിയ കല്യാണപ്പുടവ ഉലയുന്ന ശബ്ദം  സ്വർണ വളകൾ കിലുങ്ങി
 
കാൽപെരുമാറ്റം കേട്ടു പുതുമാരൻ തല ഉയർത്തി വാതിൽക്കലേക്കു നോക്കി അവിടെ ഒരു വസന്തം വിടർന്നു നിൽക്കുന്നു ആ കരിമീൻ മിഴികൾ തനിക്കു നേരെ നീണ്ടുവരുന്നു അതങ്ങു ഖൽബിനകം വരെ ചെന്നെത്തുന്നു 
പെരുവിരൽ തരിക്കുന്നു ഹിന്ദ് മുമ്പോട്ടുവരുന്നു


ഒരു നാണക്കേട്

മക്കയിൽ രണ്ടു ധനിക കുടുംബങ്ങളിൽ തമ്മിലുള്ള ബന്ധം മക്കാ പട്ടണം ആ വിവാഹാഘോഷത്തിനു സാക്ഷിയായി ഹിന്ദ് ഭർത്താവിന്റെ വീട്ടിലെത്തി എന്തൊരു സ്വീകരണമാണവർക്ക് ലഭിച്ചത്

ആർഭാടത്തിന്റെ അതിപ്രസരം തന്നെ നവദമ്പതികൾക്കു താമസിക്കാനുള്ള ഹിന്ദിന്റെ മുറികൾ ഗംഭീരമായിരിക്കുന്നു കാര്യങ്ങൾ നോക്കാൻ എത്ര വേലക്കാരികൾ മണവാട്ടിക്ക് ഇഷ്ടപ്പെട്ട ആഹാരം പാകം ചെയ്യാൻ അടുക്കളയിൽ പ്രത്യേകം പാചകക്കാർ

ഹിന്ദിന്റെ നയനങ്ങൾ മണിയറയിൽ കറങ്ങി നടന്നു എന്തെല്ലാം സജ്ജീകരണങ്ങൾ തനിക്കു ധരിക്കാൻ വിലകൂടിയ വസ്ത്രങ്ങൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ  വെട്ടിത്തിളങ്ങുന്ന പാത്രങ്ങൾ മനോഹരമായ ദീപങ്ങൾ
ഹിന്ദ് മുറിയിൽ നിന്നു പുറത്തു കടന്നു വീട്ടിനകത്തൊക്കെ നടന്നു നോക്കി അവൾ നടന്നുവരുമ്പോൾ പരിചാരികമാർ ഭവ്യതയോടെ മാറി നിൽക്കുന്നു
തങ്ങളുടെ പുതിയ യജമാനത്തിയെ കാണാൻ അകലെനിന്ന് അടിമകൾ ഒളിഞ്ഞുനോക്കുന്നു 

എന്തൊരു പത്രാസുകാരി അടിമകളുടെ കണ്ണുകളിൽ അതിശയം  അടുക്കളയിലേക്കു കടന്നു ചെന്നു ഭയം കലർന്ന ആദരവോടെ പരിചാരികമാർ മാറിനിന്നു

ബന്ധത്തിൽപ്പെട്ട സ്ത്രീകൾ ചറപറാ വർത്തമാനം പറയുന്നു ഹിന്ദിന്റെ ചുണ്ടുകളിൽ മായാത്ത മന്ദഹാസം  അവളുടെ വസ്ത്രങ്ങളിലും ആഭരണങ്ങളിലും പെണ്ണുങ്ങളുടെ നയനങ്ങൾ ഉടക്കിനിന്നു 

പുറത്തുപോയിരുന്ന ഭർത്താവ് തിരിച്ചെത്തി നവദമ്പതികളുടെ മധുരഭാഷണം വിഭവസമൃദ്ധമായ സൽക്കാരം പകൽ എരിഞ്ഞടങ്ങിയ മറ്റൊരു രാത്രിയുടെ ആഗമനം   ദമ്പതികൾ ജീവിത ചിന്തകൾ കൈമാറി ഗോത്രത്തിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തു

ഭർത്താവിന്റെ വാക്കുകൾ അതീവ ശ്രദ്ധയോടെ കേൾക്കുന്ന ഭാര്യ ഇടക്കിടെ അവളുടെ കമന്റ് ഹിന്ദിന്റെ വാക്കുകൾ ഭർത്താവിന്റെ മനസ്സിനെ തൊട്ടുണർത്തി

തന്റെ ഭാര്യ സാധാരണക്കാരിയല്ല അവളുടെ വാക്കുകൾ അതു വ്യക്തമാക്കുന്നു അവർ ആണുങ്ങളെപ്പോലെ ചിന്തിക്കുന്നു പ്രശ്നങ്ങളുടെ മർമം കണ്ടെത്തുന്നു ബുദ്ധിശക്തിയിൽ അവൾ ചിലപ്പോൾ തന്നെയും കടത്തിവെട്ടും 

നാളുകൾ കടന്നുപോയി ഹിന്ദിന്റെ വ്യക്തിത്വം ഭർത്താവിന്റെ വീട്ടിൽ അംഗീകരിക്കപ്പെട്ടു  അവളുടെ അഭിപ്രായങ്ങൾക്കു വിലയുണ്ട് മാസങ്ങൾ കടന്നുപോയപ്പോൾ ഗോത്രക്കാർ ആ സന്തോഷവാർത്തയറിഞ്ഞു ഹിന്ദ് ഗർഭിണിയാണ്

ഭർത്താവിനു പുളകം

അവർ കഅബയിലേക്കു പോയി 'ലാത്ത'യെയും 'ഉസ്സ'യെയും വണങ്ങി ബിംബാരാധന കഴിഞ്ഞു കഅബാലയത്തിൽ നിന്നിറങ്ങിവരുന്ന ദമ്പതികളെ ഖുറൈശി നേതാക്കൾ അഭിവാദ്യം ചെയ്തു 

കാലം കടന്നുപോയപ്പോൾ ഹിന്ദ് മാതാവായി അബൂസുഫ് യാൻ പിതാവായി ഒരിക്കലല്ല പലതവണ മിടുമിടുക്കന്മാരായ ആൺകുട്ടികൾ പിറന്നു സുന്ദരികളായ പെൺകുട്ടികളും

അബൂസുഫ് യാൻ ഖബീലയുടെ അഭിമാനമാണ് അറബികളെ നിയന്ത്രിക്കാനും തന്റെ അഭിപ്രായങ്ങൾ അവരെക്കൊണ്ട് അംഗീകരിപ്പിക്കാനും അവനു കഴിഞ്ഞു ഇക്കാര്യത്തിൽ ഹിന്ദിന്റെ ഉപദേശങ്ങൾ വലിയ പങ്കുവഹിച്ചു 

പുറത്തെവിടെയോ പോയിരുന്ന അബൂസുഫ് യാൻ ചില വിശേഷ വാർത്തകളുമായിട്ടാണു തിരിച്ചു വന്നത് മുഖത്തു പതിവിൽ കൂടുതൽ ഗൗരവം
'എന്താ .... മുഖത്തൊരു വല്ലാത്ത ഭാവം?' ഹിന്ദ് ഭർത്താവിനു സമീപം വന്നു ചോദിച്ചു

'ആ അൽഅമീൻ വലിയൊരു ശല്യമായിത്തീർന്നിരിക്കുന്നു '

'പുതിയ പ്രശ്നങ്ങൾ വല്ലതുമുണ്ടോ?'

'നേരത്തെ പറഞ്ഞ കാര്യങ്ങൾ വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്നു '

അല്പനേരത്തെ നിശ്ശബ്ദത രണ്ടുപേരും ചിന്തയിലാണ്ടു ഓർമയിൽ ആ സംഭവം തെളിഞ്ഞു നില്പുണ്ട്

'വാ....സഹാബാ'

മലമുകളിൽ ശബ്ദം മുഴങ്ങി വീണ്ടും വീണ്ടും മുഴങ്ങി ജനംകാതോർത്തു പിന്നെ വീടുകളിൽ നിന്നു പുറത്തിറങ്ങി ആളുകൾ മലയുടെ അടുത്തേക്കോടി താഴ് വാരത്തിൽ നല്ലൊരു ജനക്കൂട്ടം 

'മുഹമ്മദ് മുഹമ്മദ് '

അവർ വിളിച്ചു പറഞ്ഞു

അൽ അമീൻ മലമുകളിൽ നിന്നു താഴോട്ടിറങ്ങിവന്നു ആളുകൾ ആകാംക്ഷയോടെ അടുത്തേക്കു വന്നു 

'ഈ മലയുടെ പിന്നിൽ ഒരു വൻ സൈന്യം നിങ്ങളെ ആക്രമിക്കാൻ തയ്യാറായി നിൽക്കുന്നുവെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?'

'തീർച്ചയായും ഞങ്ങൾ വിശ്വസിക്കും'

'കാരണം?'

'കാരണം നീ അൽ അമീനാണ് നീ സത്യം മാത്രം പറയുകയുള്ളൂ നീ ഒരു കള്ളം പറഞ്ഞതായി ഞങ്ങൾക്കിതുവരെ അറിയില്ല '

'നിങ്ങൾ ഞാൻ പറയുന്നതുവിശ്വസിക്കും'

'തീർച്ചയായും വിശ്വസിക്കും'

'എങ്കിൽ കേട്ടോളൂ ഞാനിതാ ഒരു സത്യം നിങ്ങളെ അറിയിക്കുന്നു '

'ഈ ലോകത്തിനൊരു സ്രഷ്ടാവുണ്ട് അല്ലാഹു അവനാണു നമ്മെ സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും അവനാണു നമ്മെ മരിപ്പിക്കുന്നത് അവന്റെ കല്പനകൾ അനുസരിച്ചു നാം ജീവിക്കണം

അവനെ അനുസരിച്ചു ജീവിക്കുന്നവർക്കു പരലോകത്തു മഹത്തായ പ്രതിഫലം ലഭിക്കും അവനെ ധിക്കരിക്കുന്നവർക്കു വേദനാജനകമായ ശിക്ഷ ലഭിക്കും അല്ലാഹുവിനെ അനുസരിച്ചു ജീവിക്കണമെന്നു ഞാൻ  നിങ്ങളെ ഉപദേശിക്കുന്നു 

അല്ലാഹു എന്നെ അവന്റെ ദൂതനായി നിയോഗിച്ചിരിക്കുന്നു നിങ്ങൾക്കു സന്മാർഗം കാണിച്ചു തരാൻ വേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകനാണു ഞാൻ 
അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കാൻ ഞാൻ നിങ്ങളോടുപദേശിക്കുന്നു'

താഴ് വരയിൽ തടിച്ചുകൂടിയവർക്കു നിരാശയായി ഇതു പറയാനാണോ നീ ഞങ്ങളെ വിളിച്ചു കൂട്ടിയത് നാശം .... 

അബൂലഹബിന്റെ ശബ്ദം 

ചെറുസംഘങ്ങളായി അവർ പിരിഞ്ഞു പോയി താഴ് വര വിജനമായി  അൽ അമീൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ തയ്യാറായില്ല
ഹിന്ദ് ഭർത്താവിന്റെ മുഖത്ത് നോക്കി അദ്ദേഹം ചിന്തയിലാണ്ടു കിടക്കുന്നു 
'എന്താണു ചിന്തിക്കുന്നത്?'

'സാധാരണക്കാരായ ചിലർ അവന്റെ വലയിൽ വീണിട്ടുണ്ടെന്നാണു കേട്ടത് '
ഹിന്ദ് ചെറുതായൊന്നു ഞെട്ടി 

'അവർ ബിംബങ്ങൾക്കെതിരെ സംസാരിക്കുമോ?'

'തീർച്ചയായും '

ഹിന്ദിന്റെ മുഖത്തു കോപം അരിച്ചുകയറുന്നു 

ബിംബങ്ങൾ അവ നമ്മുടെ കാണപ്പെട്ട ദൈവങ്ങൾ അവയെ എതിർക്കാൻ ഇന്നോളം ആരെയും അനുവദിച്ചിട്ടില്ല സുഖത്തിലും ദുഃഖത്തിലും  ബിംബങ്ങൾ വേണം അവയെ വണങ്ങാതെ ഒരു നല്ല കാര്യവും ചെയ്യാറില്ല ബിംബങ്ങൾക്കു നിവേദ്യവും ബലിയും നൽകണം

ബിംബാരാധന അറബികളുടെ രക്തത്തിൽ ലയിച്ചുകഴിഞ്ഞ വികാരമാണ്  ലാത്തയെ എതിർക്കുന്നവർ ജീവനോടെ രക്ഷപ്പെടില്ല ഉസ്സയുടെ നേരെ വിരൽ ചൂണ്ടുന്നവന്റെ കൈ പിന്നെ ഉയരാൻ പാടില്ല 

ഇപ്പോൾ അൽഅമീൻ എന്തൊക്കെയാണു പറയുന്നത്?

ബിംബങ്ങളെ വണങ്ങരുത് അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ ബിംബങ്ങൾ വെറും കല്ലുകൾ മാത്രം ഉപകാരമോ ഉപദ്രവമോ നൽകാൻ കഴിയാത്ത വെറും കല്ലുകൾ 

എങ്ങനെ ഇതൊക്കെ സഹിക്കും

ആരൊക്കെയാണ് അവനിൽ വിശ്വസിച്ചത് ?'

ഹിന്ദ് രോഷത്തോടെ ചോദിച്ചു

'ആരൊക്കെയെന്നു വ്യക്തമായിട്ടില്ല അന്വേഷിച്ചു കൊണ്ടിരിക്കുന്നു അവരെ കണ്ടുപിടിക്കും പഴയ വിശ്വാസത്തിലേക്കു തന്നെ മടക്കിക്കൊണ്ടുവരും'

'അവർ പഴയ വിശ്വാസത്തിലേക്ക് മടങ്ങിവരുമോ?'

'മടക്കിക്കൊണ്ടു വരണം ചിലപ്പോൾ ബലം പ്രയോഗിക്കേണ്ടിവരും 

മക്കക്കാർക്കിടയിൽ എത്ര ഉന്നതമായ സ്ഥാനമാണു മുഹമ്മദിനുണ്ടായിരുന്നത് എന്തു പറഞ്ഞാലും ജനങ്ങൾ അനുസരിക്കും അവനെ ആദരിക്കും എന്നിട്ട് അവനെന്താണീ വഴി തിരഞ്ഞെടുത്തത് ? അവൻ മക്കായുടെ മുഴുവൻ എതിർപ്പ് ക്ഷണിച്ചുവരുത്തുകയാണ് '

ഭർത്താവ് അസ്വസ്ഥയോടെ പറഞ്ഞു

'ഒന്നുകൂടി ഉപദേശിച്ചു നോക്കണം ചിലപ്പോൾ ഫലപ്പെടുമായിരിക്കും ' ഇത്തരം ചിന്തകൾ കൈവെടിയാൻ പറയണം പറഞ്ഞിട്ടും കേൾക്കുന്നില്ലെങ്കിൽ നമുക്കു നമ്മുടെ മാനംകാക്കാൻ ചിലതൊക്കെ ചെയ്യേണ്ടിവരും '

ഹിന്ദിന്റെ വാക്കുകളിൽ ഭീഷണിയുടെ ധ്വനി അവർക്കു സ്വന്തം ശക്തിയിൽ തികഞ്ഞ വിശ്വാസമുണ്ട് മനസ്സിന് ആശ്വാസം അവർ ഉറക്കറയിലേക്ക് നടന്നു 
സന്ധ്യകഴിഞ്ഞിട്ടു നേരമെത്രയായി ? ഇതുവരെ ഭർത്താവിനെ കണ്ടില്ല 
അത്താഴം കഴിക്കാൻ നേരം വൈകി ഇന്നെന്തു പറ്റിയോ ആവോ? ഹിന്ദിന്റെ മനസ്സിൽ വെപ്രാളം എന്തോ സംഭവിച്ചിരിക്കുന്നു അല്ലെങ്കിൽ ഇത്രയും വൈകില്ല

മക്കാപട്ടണം ഇളകിമറിയുകയാണ് പുതിയ വെല്ലുവിളി നേരിടുക തന്നെ ചെയ്യും വിട്ടുകൊടുക്കുന്ന പ്രശ്നമേയില്ല തലമുറകളായി ആരാധിച്ചു വരുന്ന ബിംബങ്ങൾക്കു നേ കൈ ഉയർത്താൻ ആരെയും അനുവദിക്കില്ല ബിംബാരാധനക്കെതിരിൽ സംസാരിക്കുന്നതു വരെ വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ല

ഹിന്ദിന്റെ മുഖത്ത് രക്തം അരിച്ചുകയറി കോപം കൊണ്ടു മുഖം ചുവന്നുതുടുത്തു അവൾ വഴിയിലേക്കുറ്റുനോക്കി  

ഇല്ല വഴി വിജനമായിക്കിടക്കുന്നു  അനക്കമില്ല 

മുറ്റത്തിന്റെ അതിർത്തിയിൽ ഒട്ടകക്കാരന്റെ കൂർക്കംവലി ആട്ടിൻകൂട്ടത്തിന്റെ മധ്യത്തിൽ നിന്ന് ഒരാട്ടിൻകുട്ടിയുടെ ഒറ്റപ്പെട്ട നിലവിളി 

ഹിന്ദ് അകത്തേക്കു നടന്നു കുട്ടികൾ ഉറക്കമായി അടുക്കളയിൽ വേലക്കാർ അവസാനത്തെ ജോലികൾ ധൃതിയിൽ ചെയ്തു തീർക്കുന്നു അവർക്ക് ഉറക്കത്തിൽ വീഴാൻ ധൃതിയായി

പുറത്ത് ആരുടെയോ കാലൊച്ച ഹിന്ദ് പ്രതീക്ഷയോടെ നടന്നു ചെന്നു
അബൂസുഫ് യാൻ തന്റെ പ്രിയഭർത്താവ് മുഖത്തേക്കുറ്റുനോക്കി പതിവുള്ള പ്രകാശമില്ല ഒന്നും സംസാരിക്കുന്നില്ല കനത്തുകെട്ടിയ ഗൗരവം ഒന്നും ഉരിയാടാതെ ഹിന്ദ് അകത്തേക്കു നടന്നു ആഹാരം കഴിക്കാനിരുന്നു
കനത്ത നിശ്ശബ്ദത

'ഇന്നെന്താ വിശേഷം?' ഹിന്ദ്

'ങും...'

ഭർത്താവ് ഒന്നും സംസാരിക്കാനുള്ള അവസ്ഥയിലല്ല

നീണ്ട നിശ്ശബ്ദത

'എന്താ ഒന്നും മിണ്ടാത്തത് '

'എന്തു മിണ്ടാൻ?'

'മനസ്സിൽ എന്തോ ഉണ്ട് വ്യക്തമായിപ്പറയൂ കേൾക്കട്ടെ'

'ആകെ നാണക്കേടായി '

'എന്താണു സംഭവം? പറയൂ'

'ഉത്ബത്ത് നാണക്കേടുണ്ടാക്കി'

ഹിന്ദ് ഞെട്ടി 

തന്റെ പിതാവിന്റെ പേരാണു കേട്ടത് അവൾ ഉൽകണ്ഠയോടെ ചോദിച്ചു 
'എന്താണുണ്ടായത് ?'

അബൂസുഫ് യാൻ സംഭവം വിവരിച്ചു

ഖുറൈശികളുടെ സദസ്സ് പ്രമുഖർ ഒത്തുകൂടിയിരിക്കുന്നു നേതാക്കൾ സംസാരിക്കാൻ തുടങ്ങി 

'മുഹമ്മദിനെ എങ്ങനെയെങ്കിലും ഈ ശ്രമത്തിൽ നിന്നും പിന്തിരിപ്പിക്കണം ഒരാൾ നമ്മുടെ കൂട്ടത്തിൽ നിന്ന് ഒരാൾ അവനെ ചെന്നു  കാണണം ഒത്തുതീർപ്പു വ്യവസ്ഥകൾ തയ്യാറാകണം സംസാരിച്ചു കാര്യം നേടാൻ പറ്റുന്ന ഒരാൾ പോകണം'

വളരെ നേരം ചർച്ച നടന്നു ഒടുവിൽ ഒരു പ്രതിനിധിയെ തിരഞ്ഞെടുത്തു 
ഉത്ബത്ത് 

എല്ലാവർക്കും ഇഷ്ടമായി ഉത്ബത്ത് മുഹമ്മദിനെ കാണാൻ പോയി ഖുറൈശികൾ പ്രതീക്ഷയോടെ കാത്തിരുന്നു


പലായനം

രണ്ടു പേർ സംസാരിച്ചു കൊണ്ടിരിക്കുന്നു ഉത്ബത്തും പ്രവാചകനും ഉത്ബത്ത് പ്രവാചകനെ തന്നിലേക്ക് ആകർഷിക്കാൻ ശ്രമിച്ചു പ്രവാചകൻ തിരിച്ചും

'ഞാൻ ചില നല്ല നിർദ്ദേശങ്ങളുമായിട്ടാണു വന്നിരിക്കുന്നത് ദയവായി ഇതു ശ്രദ്ധിക്കണം ഇതു സ്വീകരിക്കണം എങ്കിൽ നമ്മൾ ഇരുകൂട്ടർക്കും കൊള്ളാം '- ഉത്ബത്ത്

'എന്താണു നിർദ്ദേശങ്ങൾ '-പ്രവാചകൻ

'നിങ്ങൾ  എന്തിനാണു നാട്ടിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്? നിങ്ങൾ എന്താണുദ്ദേശിക്കുന്നത്? തുറന്നു പറയണം

ധനം സമ്പാദിക്കുക എന്നതാണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ അതു പറയണം ഞങ്ങൾ നല്ലൊരു ഫണ്ട് ശേഖരിച്ചു തരാം അപ്പോൾ നിങ്ങൾ വലിയ ധനികനായിത്തീരും 

നിങ്ങൾക്ക് മക്കയുടെ നായകനാകണമെന്നുണ്ടോ? 

എങ്കിൽ നിങ്ങളെ ഞങ്ങളുടെ നേതാവായി സ്വീകരിക്കാം ഒരു രാജാവായി നിങ്ങൾക്കു കഴിയാം ഖബീലയിലെ അതിസുന്ദരികളെ നിങ്ങൾക്കു വിവാഹം ചെയ്തു തരാം 

അതോ നിങ്ങളെ ജിന്നുബാധിച്ചുവോ എങ്കിൽ ഞങ്ങൾ ചികിത്സ നടത്താം നിങ്ങൾക്കുവേണ്ടി എന്തു ചെയ്യാനും ഞങ്ങൾ സന്നദ്ധരാണ്  

ഉത്ബത്ത് പറഞ്ഞു നിർത്തി അനുകൂല മറുപടിക്കുവേണ്ടി കാത്തിരുന്നു

'നിങ്ങൾക്കു പറയാനുള്ളത് പറഞ്ഞു തീർന്നോ ?' -പ്രവാചകന്റെ ചോദ്യം
'തീർന്നു ' -ഉത്ബത്ത്

'ഇനി നിങ്ങൾ ഞാൻ പറയുന്നതു ശ്രദ്ധിക്കണം'

'ഈ ലോകത്തിന്റെ സ്രഷ്ടാവ് അല്ലാഹുവാണ് ആകാശഭൂമികൾ സൃഷ്ടിച്ചത് അവനാണ് അവന്നു പങ്കുകാരില്ല നാം അവന്റെ ആജ്ഞനകൾ അനുസരിക്കണം  എന്നെ അല്ലാഹു അന്ത്യപ്രവാചകനായി നിയോഗിച്ചു ഞാൻ പറയുന്നത് അല്ലാഹുവിന്റെ കല്പനയാണ്

'എനിക്ക് അല്ലാഹുവിൽ നിന്ന് ദിവ്യ സന്ദേശങ്ങൾ വന്നു കൊണ്ടിരിക്കുന്നു അവയിൽ ചിലതു ഞാൻ ഓതിത്തരാം'

നബി (സ) തങ്ങൾ ആയത്തുകൾ ഓതാൻ തുടങ്ങി ഉത്ബത്ത് കോരിത്തരിച്ചു
ഇതു കവിതയല്ല എന്നാൽ കവിതയേക്കാൾ മനോഹരം വാക്കുകൾ മനസ്സിന്റെ ആഴത്തിലേക്കാണ്ടിറങ്ങുന്നു ഇതു മനുഷ്യനിർമിതമല്ല ഇത് ദൈവികം തന്നെയാണ് ഈ മനുഷ്യൻ സാധാരണഖക്കാരനല്ല 

ഉത്ബത്തിനു പേടി തോന്നി തന്റെ മനസ്സ് തന്നെ വഞ്ചിക്കുമോ? പാടില്ല ഒരു വികാരത്തിനും അടിപ്പെട്ടുകൂടാ

ധീരനായ ഉത്ബത്ത് ചഞ്ചലപ്പെട്ടുകൂടാ ഇവിടെ അധികനേരം നിന്നാൽ കുഴപ്പമാവും  ഉടനെ പിൻവാങ്ങി വേഗം നടന്നു

 ഉത്ബത്ത് അകലെ നിന്നു നടന്നു വരുന്നു ഖുറൈശികൾ ആവേശത്തോടെ കാത്തിരുന്നു

'ഉത്ബത്തിന്റെ മുഖഭാവം കണ്ടോ, പോയതു പോലെയല്ല വരവ് ' ചിലർ അഭിപ്രായം പറഞ്ഞു 

ഉത്ബത്ത് അടുത്തെത്തി ഒന്നും ഉരിയാടുന്നില്ല

'എന്തായി എന്തായി പോയക്കാര്യം ഖുറൈശി പ്രമുഖരുടെ ചോദ്യം

'ഞാൻ മുഹമ്മദിൽ നിന്നു ചിലതു കേട്ടു അതു കവിതയല്ല അതു പോലുള്ളത് ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല അതു മാരണക്കാരന്റെ വചനങ്ങളോ സിഹ്റോ അല്ല ആ മനുഷ്യനെ വെറുതെ വിട്ടേക്കുക അതാണ് നല്ലത് ' ഉത്ബത്ത് പറഞ്ഞു

'ഹേ.... ഉത്ബത്ത് മുഹമ്മദിന്റെ പ്രസംഗ വൈഭവം താങ്കളെ മയക്കിക്കളഞ്ഞല്ലോ പാവം'

ഉത്ബത്തിനു നാണം തോന്നി

ഹിന്ദിന്റെ മനസ്സ് കലങ്ങി മറഞ്ഞു ബാപ്പാന്റെ മുഖത്തേക്കു വിരൽ ചൂണ്ടി ചിലതു പറയണം നാവ് ചൊറിയുന്നു

ആ രാത്രിയിൽ ഉറക്കം ശരിയായില്ല തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം മാറി നിന്നതേയുള്ളൂ അടുത്ത പ്രഭാതം പൊട്ടിവിടരാൻ അവൾ കാത്തിരുന്നു തന്റെ പിതാവിന്റെ മനസ്സ് ചിലപ്പോൾ ലോലമായിപ്പോവും പണ്ടും അങ്ങനെയുണ്ടായിട്ടുണ്ട് മറ്റുള്ളവരുടെ വാചാലമായ സംസാരത്തിൽ മയങ്ങിപ്പോവും

പിതാവിന്റെ ഈ ദൗർബല്യം ഇപ്പോൾ വലിയ നാണക്കേടായിരിക്കുന്നു എന്തുചെയ്യും? 

പിതാവ് ഈ നാണക്കേടു കഴുകിക്കളയണം കൂടുതൽ ശക്തിയായി മുഹമ്മദിനെ എതിർക്കണം ഇസ്ലാം മതവിശ്വാസികളെ ശക്തിയായി മർദ്ദിക്കണം പിതാവിന്റെ മർദ്ദനം ഖുറൈശികളെ കോൾമയിർ കൊള്ളിക്കണം അപ്പോൾ മാത്രമേ ഈ നാണക്കേടു തീരുകയുള്ളൂ

ഇടക്കു ഭർത്താവിന്റെ നെടുവീർപ്പ്

'നിങ്ങൾ ഉറങ്ങിയില്ലേ' ഹിന്ദ്

'ഇല്ല ഉറക്കം വരുന്നില്ല ' അബൂസുഫ് യാൻ

'എന്റെ പിതാവിന്റെ കാര്യം ഓർത്തു നിങ്ങൾ ദുഃഖിക്കേണ്ട '

'പിന്നെ ...' 

'നേരമൊന്നു വെളുത്തോട്ടെ ഞാൻ ബാപ്പയെക്കണ്ട് ഒന്നു സംസാരിക്കട്ടെ അദ്ദേഹം ഇസ്ലാമിന്റെ ഒന്നാം നമ്പർ ശത്രുവായി നിങ്ങളുടെ മുൻനിരയിൽ വരും ഇപ്പോൾ സമാധാനമായി ഉറങ്ങിക്കൊള്ളൂ' 

ആ വാക്കുകൾ കേട്ട് അബൂസുഫ് യാൻ തണുത്തു മെല്ലെ ഉറക്കത്തിലേക്കു വീണു  

പക്ഷേ, ഹിന്ദിന്റെ മനസ്സ് അപ്പോഴും എരിയുകയായിരുന്നു

ഹിന്ദും കൂട്ടുകാരും കഅ്ബാലയത്തിൽ വന്നു ബിംബങ്ങൾക്കു മുമ്പിൽ നിവേദ്യമർപിക്കാനാണവർ വന്നത് അവിടെ തടിച്ചു കൂടിയ പുരുഷന്മാർ അവരെ കൗതുകത്തോടെ നോക്കി നിന്നു സൗന്ദര്യത്തിന്റെ നിറകുടങ്ങൾ ധൃതിയിൽ നടന്നു പോകുന്നത് കാണാൻ നല്ല ചന്തം  

സുന്ദരികൾ ബിംബങ്ങൾക്കു മുമ്പിലെത്തി വിളക്കുകൾ തെളിഞ്ഞു അവർ ഭക്തിപൂർവ്വം പ്രാർത്ഥന നടത്തി മക്കയെ ബാധിച്ച ആപത്തുകൾ ഒഴിവാക്കിത്തരേണമേ നാട്ടിൽ സമാധാനം നിലനിറുത്തേണമേ മാർഗം തെറ്റിപ്പോയവർക്കു തിരിച്ചു വരാൻ മനസ്സു തോന്നിപ്പിക്കേണമേ
ഏറെ നേരം പ്രാർത്ഥന നടത്തി അവർ മടങ്ങി 

അപ്പോൾ മറ്റൊരുകൂട്ടം പെണ്ണുങ്ങൾ അങ്ങോട്ടു നടന്നു പോവുകയായിരുന്നു
അന്നുരാത്രി ഭർത്താവെത്തിയത് പുതിയൊരു വാർത്തയുമായിട്ടായിരുന്നു 
സനീറയെന്ന അടിമപ്പെണ്ണിന്റെ കഥ 

വിലക്കുവാങ്ങിയ പെണ്ണ് ചെറുപ്പക്കാരിയാണ് നന്നായി ജോലിചെയ്യും ഖുറൈശി പ്രമുഖന്റെ വീട് അവിടെ വീട്ടുവേലയെടുത്ത് കഴിയുകയാണ് സനീറയെന്ന അടിമപ്പെണ്ണ് 

രാപ്പകൽ പണിയെടുക്കുക മൃഗത്തെപ്പോലെ സ്വപ്നങ്ങളില്ല സങ്കല്പങ്ങളില്ല പ്രതീക്ഷകളില്ല ജീവിതത്തിന്റെ ഗതി നിർണയിക്കുന്നത് യജമാനനാണ് വികാരത്തിനും വിചാരത്തിനും സ്ഥാനമില്ല അർഹതയില്ല ജോലി ചെയ്തു ചെയ്തു തളർന്നു അപ്പോഴാണ് ആ വിളി കേട്ടത് പ്രവാചകന്റെ വിളി
മനുഷ്യരെല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ് എല്ലാവരും സഹോദരങ്ങൾ ആദമിന്റെ മക്കൾ വിളികേട്ടു ഞെട്ടി പിന്നെ , സന്ധിബന്ധങ്ങൾ ഉണർന്നു വല്ലാത്ത ദാഹം പ്രവാചകസന്നിധിയിലെത്താൻ മോഹം ചുറ്റുപാടും അപകടമേഖല   പ്രവാചകനെ കണ്ടവർക്കൊക്കെ പൊതിരെ തല്ലു കിട്ടുന്നുണ്ട് 

സനീറ പുറപ്പെട്ടു ഒരാളുമറിയാതെ , യജമാനനും കുടുംബവുമറിയാതെ പുറത്തു കടന്നു ആർക്കും മുഖം കൊടുത്തില്ല

പ്രവാചക സന്നിധിയിലെത്തി തിരുമൊഴികൾ കേട്ടു ഖൽബ് ഇളകിമറിഞ്ഞു കാത്തിരുന്ന ശബ്ദം കേട്ടു തേൻമഴ പോലെ 

ചുണ്ടുകൾ മന്ത്രിച്ചു 

അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ് വഅശ്ഹദു അന്ന മുഹമ്മദൻ റസൂലല്ലാഹ്

(അല്ലാഹു അല്ലാതെ ആരാധനക്കർഹനായി ഒരാളുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു)

വിശുദ്ധ ഖുർആൻ വചനങ്ങൾ കേട്ടു ചിലതു കാണാതെ പഠിച്ചു 
സനീറ പുറത്തിറങ്ങി ആരുമറിയാതെ യജമാനനന്റെ വീട്ടിലെത്തി വീട്ടിലെന്നും കഠിനാദ്ധ്വാനം അധ്വാനഭാരം അവളറിഞ്ഞില്ല 

മനസ്സിൽ എന്തൊരാഹ്ലാദം മനസ്സിനെന്തൊരു കരുത്ത് നാവിൽ എപ്പോഴും ഖുർആൻ വാക്യങ്ങൾ തിരുസന്നിധിയിലെത്താൻ മോഹം പുറത്തിറങ്ങിയാൽ അപകടം ഇറങ്ങാതിരിക്കാനൊക്കുന്നുമില്ല പുറത്തിറങ്ങി രഹസ്യയാത്ര മതപഠനം തിരിച്ചു വരവ് പലതവണ ആവർത്തിക്കപ്പെട്ടു ഒടുവിൽ പിടിക്കപ്പെട്ടു 

ഫലം ഭയാനകം ഇളംമേനിയിൽ ഭീകരാക്രമണം തളർന്നു വീണുപോയി കണ്ണടച്ചു പ്രാർത്ഥിച്ചു സർവ്വശക്തനായ റബ്ബേ കരുത്തു നൽകേണമേ പിടിച്ചു നിൽക്കാൻ ശക്തി നൽകേണമേ  വിശ്വാസത്തിന്റെ കടുപ്പം
അബൂജഹ്ൽ കയറിവന്നു തീപ്പൊരി പാറുന്ന കണ്ണുകൾ 

'നീ ഇസ്ലാം മതം വിടണം'  ഇടിമുഴക്കം പോലെ ശബ്ദം

'വയ്യാ.... '

സനീറയുടെ തളർന്ന ശബ്ദം

ഇരുമ്പുലക്കപോലുള്ള കൈ ഉയർന്നു ആഞ്ഞുവീശി ഒറ്റ അടി സനീറയുടെ മുഖത്ത് പ്രഹരത്തിന്റെ ശക്തിയിൽ അവൾ വീണു  

ഒരു കണ്ണിനു വല്ലാത്ത വേദന അബൂജഹലിന്റെ വിരലുകൾ ആ കണ്ണിലാണു പതിച്ചത്

കണ്ണ് തുറന്നു..... ഇല്ല ഒന്നും കാണാൻ വയ്യ ആ കണ്ണിന്റെ പ്രകാശം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു

ഹിന്ദ് സനീറയുടെ കഥ കേട്ടു അവളുടെ കണ്ണുകളിൽ കോപത്തിന്റെ തീജ്ജ്വാലകൾ 

'അവളെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ..... ' ഹിന്ദ് അലറി

'ഈ കൈകൾ കൊണ്ടു ഞാനവളെ ഞെരിച്ചു കൊല്ലുമായിരുന്നു '

ഓരോ ദിവസവും പുതിയ കഥകൾ വന്നു കൊണ്ടിരുന്നു ക്രൂര മർദ്ദനത്തിന്റെ കഥകൾ മർദ്ദനം വർധിക്കുന്നുവെന്നറിയുമ്പോൾ ഹിന്ദ് ആവേശം കൊള്ളും
അതിരാവിലെ ആരൊക്കെയോ വീട്ടിലേക്ക് ഓടിക്കയറിവന്നു ഹിന്ദ് പുറത്തേക്കോടിചെന്നു ആഗതർ ഒന്നും പറയാനാവാതെ മിഴിച്ചു നിൽക്കുന്നു ഏതോ വലിയ ആപത്തു സംഭവിച്ചതായി അവരുടെ മുഖഭാവം വിളിച്ചറിയിക്കുന്നു

ഹിന്ദ് ചോദിച്ചു 

'എന്താണ് എന്തുണ്ടായി '

ആഗതൻ ഭയത്തോടെ അറിയിച്ചു 

'അവൻ രക്ഷപ്പെട്ടു '

'ആര് ' 

'മുഹമ്മദ് '

ഹിന്ദ് ഞെട്ടിത്തെറിച്ചു 

ഈ സുപ്രഭാതത്തിൽ ഒരു സന്തോഷവാർത്ത പ്രതീക്ഷിച്ചതായിരുന്നു എന്നിട്ടു കിട്ടിയതോ ? ഞെട്ടിക്കുന്ന വാർത്ത

മുഹമ്മദിനെ വധിക്കാനുള്ള പ്ലാൻ തകർന്നു പോയിരിക്കുന്നു 

ഈ പുരുഷന്മാരെന്നു പറയുന്നവരെ എന്തിനു കൊള്ളാം കഴിവുകെട്ട നാശങ്ങൾ ധീരന്മാരെന്നു പറഞ്ഞു നടക്കുന്നു ചുണയില്ലാത്ത വർഗം
മക്കാപട്ടണത്തിൽ പരിഭ്രാന്തി പരന്നു ആളുകൾ പരക്കം പായുകയാണ്

മുഹമ്മദിന്റെ പലായനം അപകടത്തിന്റെ തുടക്കമാണ് അവനെ രക്ഷപ്പെടാൻ അനുവദിച്ചുകൂടാ ആയുധ ധാരികൾ പലവഴിക്കു കുതിച്ചു പട്ടണത്തിൽ നിന്നും പുറത്തേക്കുള്ള എല്ലാ പാതകളിലും അവർ നിറഞ്ഞു രക്ഷപ്പെടാനുള്ള പഴുതുകൾ അടച്ചു  മുഹമ്മദിനെ പിടിച്ചു കൊടുക്കുന്നവർക്കു വമ്പിച്ച പാരിതോഷികം പ്രഖ്യാപിച്ചു

രാത്രി വീട്ടിൽ വന്നു കയറി ഭർത്താവിനോടു ഹിന്ദ് ചോദിച്ചു
'എന്തായി ? വല്ല വിവരവുമുണ്ടോ?'

അബൂസുഫ് യാൻ തലതാഴ്ത്തി

ഹിന്ദിന് കലികയറി  അവൾ കോപം കൊണ്ടു വിറച്ചു ഭർത്താവിനോടു തട്ടിക്കയറി പിന്നെ, മക്കായുടെ നേതാക്കൾക്കെതിരെ തെറിയഭിഷേകം


യുദ്ധം വരുന്നു

ഹിന്ദ് വീട്ടിലാകെ ഓടി നടന്നു പരിചാരികമാർക്കും അടിമകൾക്കും വേണ്ട നിർദ്ദേശങ്ങൾ നൽകി അടുക്കളയിൽ ചെന്ന് അന്നത്തേക്കു വേണ്ട വിഭവങ്ങളുടെ വിവരണം നൽകി 

തന്റെ പിതാവ് ഉത്ബത്ത് വരുന്നുണ്ട് അദ്ദേഹത്തിന്റെ സഹോദരൻ ശൈബത്തും വരും മറ്റു പല പ്രമുഖരും വരുന്നുണ്ട്  ഇന്നിവിടെ ഗൗരവമായ ചർച്ചകൾ നടക്കും പുതിയ തീരുമാനങ്ങളെടുക്കും ചർച്ചകൾ തുടങ്ങിയിട്ടു നാളുകൾ കുറേയായി പലയിടത്തുവെച്ചും നടന്നു തീരുമാനങ്ങൾ ഉരുത്തിരിഞ്ഞു വരുന്നതേയുള്ളു

ഇസ്ലാം മത വശ്വാസികളെല്ലാം മക്കാ പട്ടണം വിട്ടുകഴിഞ്ഞു മുഹമ്മദിനെ യസ്റിബിൽ വൻ സ്വീകരണം ലഭിച്ചുവെന്നാണ് കേട്ടത് 

ധാരാളമാളുകൾ ഇസ്ലാമിലേക്കു ചേർന്നുകൊണ്ടിരിക്കുന്നു അവർ സംഘടിത ശക്തിയായി മാറിക്കൊണ്ടിരിക്കുന്നു അവരുടെ സ്വാധീനം വളർന്നു വരുന്നു 
ഇതു വമ്പിച്ച വെല്ലുവിളിയാണ് മുസ്ലിംകൾ ശക്തി സംഭരിച്ചു മക്കയിൽ മടങ്ങിവരും പ്രതികാരം ചെയ്യും അതിനവസരം നൽകരുത് 

അവർക്കെതിരെ യുദ്ധം നടത്തണം അവരുടെ ശക്തി തകർത്തു തരിപ്പണമാക്കണം അതല്ലാതെ ഇനി മറ്റൊരു മാർഗവുമില്ല അതാണിനി വേണ്ടത് യുദ്ധം രക്തപങ്കിലമായ യുദ്ധം അതു നാടിന്റെ ആവശ്യമാണ് മക്കാപട്ടണത്തിന്റെ ആവശ്യമാണ്

ഉത്ബത്ത് വന്നു മകൾ ഓടിച്ചെന്നു പിതാവിനെ സ്വീകരിച്ചു അബൂസുഫ് യാൻ അവരുടെ അടുത്തേക്കു നടന്നു വന്നു ആരുടെ മുഖത്തും പ്രകാശമില്ല എല്ലാ മുഖങ്ങളും ഗൗരവം പൂണ്ടിരിക്കുന്നു 

ശൈബത്തും മറ്റു നേതാക്കളും വന്നു ഹിന്ദ് എല്ലാവർക്കും പാനീയം നൽകി  അവർ ഒന്നിച്ചിരുന്നു സംസാരം തുടങ്ങി ഒരു യുദ്ധത്തെക്കുറിച്ചുള്ള ഗൗരവം നിറഞ്ഞ ചിന്ത

മക്കാപട്ടണത്തിൽ വെച്ചല്ല യുദ്ധം പട്ടണത്തിന്റെ അതിർത്തി കടന്നു ചെന്നു യുദ്ധം ചെയ്യണം ധാരാളം പടക്കോപ്പുകൾ വേണം പടക്കുതിരകൾ വേണം ഭക്ഷ്യവസ്തുക്കൾ വേണം മരുന്ന് വേണം

വലിയ പണച്ചെലവുണ്ട് അതെങ്ങനെയുണ്ടാക്കുമെന്നായി ചിന്ത സദസ്സിലുള്ളവർ പല നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുന്നു 

ഹിന്ദ് ഇടക്കിടെ ചർച്ചകളിൽ പങ്കുകൊള്ളുന്നു മുസ്ലിംകൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് ഹിന്ദ് തറപ്പിച്ചു പറയുന്നു
 
വിഭവ സമൃദ്ധമായ സദ്യ ഹിന്ദ് തന്നെ വിഭവങ്ങൾ വിളമ്പി ഊണു കഴിഞ്ഞ് അല്പനേരത്തെ വിശ്രമം

യുദ്ധ ഫണ്ട് സ്വരൂപിക്കുന്നതിനെക്കുറിച്ചു ചില തീരുമാനങ്ങൾ എടുത്തു 
കൂടുതൽ ചർച്ചകൾ ദാറുന്നദ് വയിൽ നടക്കും വന്നവരൊക്കെ മടങ്ങിപ്പോയി
ദാറുന്നദുവയിൽ പലതവണ യോഗം ചേർന്നു യുദ്ധഫണ്ട് സ്വരൂപിക്കാനുള്ള വിപുലമായ പദ്ധതിക്കു രൂപം നൽകി 

ഇത്തവണത്തെ വ്യാപാരത്തിൽ മക്കയിലെ എല്ലാ കുടുംബക്കാരും പങ്കുചേരുക ഒരോരുത്തരും കഴിവിനനുസരിച്ചു മുതലിറിക്കുക കച്ചവടത്തിൽ നിന്നു കിട്ടുന്ന ലാഭം മുഴുവൻ യുദ്ധഫണ്ടിലേക്കു സംഭാവനയായി നൽകും

ദാറുന്നദുവയിൽ നിന്നും തീരുമാനം പുറത്തുവന്നു മക്കാപട്ടണം ആഹ്ലാദപൂർവ്വം ആ തീരുമാനം സ്വീകരിച്ചു ആളുകൾ വീടിലേക്കോടി കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ആലോചന നടത്തി 

കച്ചവടത്തിൽ എത്ര മുതലിറക്കാം കഴിവിന്റെ പരമാവധി വിഭവങ്ങൾ സമാഹരിക്കാൻ തുടങ്ങി ഈന്തപ്പഴവും , അത്തിപ്പഴവും , അമ്പറും, കസ്തൂരിയും ശേഖരിക്കപ്പെട്ടു 

വലിയൊരു ഖാഫില പുറപ്പെടുന്നു

ദാറുന്നദുവയിലെ തീരുമാനം ഹിന്ദിനെ ആഹ്ലാദം കൊള്ളിച്ചു മക്കാപട്ടണത്തിലെ മുഴുവൻ കുടുംബങ്ങളും ഒന്നിക്കുക ഒന്നിച്ചു നിന്നു പൊതുശത്രുവിനെ നേരിടുക യുദ്ധത്തിൽ ശത്രു നശിച്ചു നാമാവശേഷമാവുക 
ഹ...ഹ.....ഹ.... 

ഹിന്ദിന്ദിന്റെ പൊട്ടിച്ചിരി ഉയർന്നു അവൾ പിതാവിന്റെ വീട്ടിൽ ചെന്നു പിതാവിന്റെ കൈപിടിച്ച് ഉറക്കെപ്പറഞ്ഞു

'ബാപ്പാ.... താങ്കളുടെ മുഴുവൻ പ്രതാപവും തെളിയിക്കേണ്ട സന്ദർഭമാണിത് മക്കക്കാർ മുഴുവൻ പങ്കുചേരുന്ന കച്ചവടമാണിത് ഇതിൽ  താങ്കളുടെ മുതൽമുടക്കിന്റെ വലുപ്പം നാട്ടുകാരെ അത്ഭുതപ്പെടുത്തണം'

'അതേ മോളേ നിന്റെ മനസ്സിന് ആഹ്ലാദം നൽകുന്ന അത്രയും വലിയ സംഖ്യ ഞാൻ മുടക്കും '

ഹിന്ദിന്റെ മനസ്സ് ആഹ്ലാദം കൊണ്ടു നൃത്തമാടി പിന്നീടു വന്ന വാർത്ത ഹിന്ദിനെ ആഹ്ലാദം കൊണ്ടു സമനില തെറ്റിക്കുന്നതായിരുന്നു

ഖാഫിലയുടെ നായകൻ തന്റെ ഭർത്താവ് ഇതിൽപ്പരം അഭിമാനം ഒരു സ്ത്രീക്കു മറ്റെന്തുണ്ട്  മക്കയിലെ തരുണികളിൽ തന്നോളം ഭാഗ്യവതി ആരുണ്ട് ആരുമില്ല തീർച്ച ഒരാളുമില്ല മക്കക്കാരുടെ കച്ചവടച്ചരക്ക് സിറിയയിലേക്കു നയിക്കുന്നതു തന്റെ ഭർത്താവ് 

ഹിന്ദിന്റെ നടത്തത്തിനു നൃത്തത്തിന്റെ ചുവടുവയ്പ് ഉച്ചത്തിലുള്ള സംസാരം തുടരെത്തുടരെ പൊട്ടിച്ചിരികൾ 

വീട്ടിൽ ഉത്സവത്തിന്റെ ഹരം 

മക്കയിൽ വലിയ തിരക്ക് ഓരോ വീട്ടിലും തിരക്ക് ഒരോരുത്തരും പരമാവധി കച്ചവടച്ചരക്കുകൾ ശേഖരിച്ചു ഒട്ടകങ്ങൾ നിരന്നു കഴിഞ്ഞു ഒട്ടകക്കാരും നിരന്നു കച്ചവടച്ചരക്കുകളുടെ സുരക്ഷിതത്വത്തിനു വേണ്ടി ചെറിയൊരു സൈന്യവും കൂടെ പോവുന്നു 

എല്ലാവരും റെഡിയായി അബൂസുഫ് യാൻ ഭാര്യയുടെ സമീപത്തെത്തി
'ഞാൻ പോയിവരട്ടെ '- അബൂസുഫ് യാൻ

'ഓ...' ഹിന്ദ് മെല്ലെ മൂളി

അവളുടെ മനസ്സിൽ വിരഹത്തിന്റെ നേർത്ത വേദന മനനസ്സിലെ ദുഃഖം മുഖത്തു പ്രതിഫലിച്ചു

'നിനക്കു ദുഃഖം തോന്നുന്നുണ്ടോ?'

അവൾ ഞെട്ടി ഛെ തന്റെ മുഖത്തു ദുഃഖമോ? ഹിന്ദ് പെട്ടെന്നുണർന്നു 
അവൾ വാചാലമായി

'സൂക്ഷിച്ചു യാത്ര ചെയ്യണം വഴിയിൽ അപകടം പതിയിരിക്കുന്നു പട്ടാളത്തെ മുമ്പെ അയച്ച് വഴി പരിശോധിക്കണം സുരക്ഷിതമെന്ന് ഉറപ്പുവന്ന ശേഷമേ യാത്ര തുടരാവൂ 

മക്കക്കാരുടെ സ്വത്തു മാത്രമല്ല താങ്കളുടെ കൈവശമുള്ളത് അവരുടെ അഭിമാനവും താങ്കളുടെ കൈവശമാണ് അതു മറന്നുപോവരുത് 
അബൂസുഫ് യാൻ അവളുടെ പുറം തടവി

'എന്റെ ഓമനേ എല്ലാം എനിക്കറിയാം ഇനി ഞാനിറങ്ങട്ടെ '

എല്ലാവരും കഅ്ബാലയത്തെത്തി ബിംബങ്ങളെ താണുവണങ്ങി ബലികർമങ്ങൾ നിർവഹിച്ചു മക്കാനഗരം വികാരം കൊണ്ടു ആബാലവൃദ്ധം ജനങ്ങൾ മരുഭൂമിയിൽ പരന്നു 

ഒട്ടകങ്ങൾ നീന്തിത്തുടങ്ങ  ഭാരം ചുമക്കുന്ന ഒട്ടകങ്ങളുടെ നീണ്ട നിര മണൽകുന്നുകൾ വലംവെച്ചു ഖാഫില നീങ്ങിയപ്പോൾ ഹിന്ദിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി  

ഖാഫില കൺമുമ്പിൽ നിന്നു മറഞ്ഞിട്ടും ജനം പിരിഞ്ഞു പോയില്ല  അവരുടെ കാതുകളിൽ യുദ്ധത്തിന്റെ ആരവം മുഴങ്ങുന്നു മക്കയുടെ യോദ്ധാക്കളും മുസ്ലിംകളും രണാങ്കണത്തിൽ ഏറ്റുമുട്ടുന്നു ശത്രുവിന്റെ സമ്പൂണ പരാജയം മക്കാപട്ടണം അന്നുറങ്ങിയില്ല കത്തിപ്പടർന്ന വികാരം അടങ്ങിയില്ല


ഖാഫില

പ്രഭാതത്തിന്റെ ആലസ്യം മക്കക്കാർ ഉത്കണ്ഠയോടെയാണ് ഉറങ്ങുന്നത് രാത്രി വളരെ വൈകുംവരെ വർ സംസാരിച്ചിരിക്കും നാടിനെ പൊതുവായി ബാധിക്കുന്ന എന്തെല്ലാം കാര്യങ്ങൾ സംസാരിക്കാനുണ്ട് ഖുറൈശി നേതാക്കൾ എന്നും ദാറുന്നദ് വത്തിൽ സമ്മേളിക്കുന്നുണ്ട്

അബൂസുഫ് യാന്റെ നേതൃത്വത്തിൽ ഒരു വലിയ ഖാഫില പോയിരിക്കായണ് ഖാഫിലയുടെ രക്ഷക്കു വേണ്ടി ചെറിയ ഒരു സൈന്യവും പോയിട്ടുണ്ട് കച്ചവടത്തിൽ നല്ല ലാഭം പ്രതീക്ഷിക്കുന്നുണ്ട് അവ മുഴുവൻ യുദ്ധഫണ്ടിലേക്കാണ് 

വമ്പിച്ച ആയുധശേഖരണം വേണം പടക്കുതിരകൾ വേണം ഭക്ഷ്യവസ്തുക്കൾ വേണം മരുന്നുകൾ വേണം എല്ലാം നടക്കും ഖാഫില മടങ്ങിയെത്തട്ടെ
ഭാവി പരിപാടികളെക്കുറിച്ചാണ് എന്നും ചർച്ച അതെല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ പാതിരാത്രി കഴിയും

അബൂസുഫ് യാന്റെ വീട്ടിലെ ചർച്ചകൾ സജീവമായി നടക്കുന്നു അബൂസുഫ് യാന്റെ അഭാവത്തിൽ എല്ലാ കാര്യങ്ങളും നോക്കുന്നത് ഹിന്ദ് തന്നെയാണ്
ഖുറൈശി നേതാക്കൾ കൂട്ടത്തോടെ വന്നുചേരും പിന്നെ ചർച്ചകളായി സൽക്കാരങ്ങളായി മണിക്കൂറുകൾ കടന്നുപോവുന്നതറിയില്ല  ഹിന്ദിന്റെ പിതാവ് ഉത്ബത്ത് മിക്ക ദിവസവും അവിടെ വരും മകളുമായി പല കാര്യങ്ങൾ സംസാരിക്കും ചിലപ്പോൾ കൂട്ടത്തിൽ ശൈബത്തും കാണും

മക്കാപട്ടണം ഉറങ്ങിയാലും ഹിന്ദിന്റെ നയനങ്ങൾ ഉറങ്ങില്ല അകലെയുള്ള ഭർത്താവിനെക്കുറിച്ചുള്ള ചിന്തകളുമായി മണിക്കൂറുകൾ കഴിച്ചുകൂട്ടും ചിലപ്പോൾ പുലർകാലമാവും ഒന്നുറങ്ങിക്കിട്ടാൻ 

പ്രഭാതം പൊട്ടിവിടർന്നു പുറത്ത് ആരൊക്കെയോ ഓടുന്ന ശബ്ദം ഉറക്കെയുള്ള സംസാരം ഹിന്ദ് വേഗം പുറത്തേക്കു വന്നു  തണുത്ത പ്രഭാതം മനുഷ്യ മനസ്സുകൾ പെട്ടെന്നു ചൂടുപിടിച്ചു

തെരുവിലൂടെ ഒരാൾ എന്തോ വിളിച്ചു പറഞ്ഞു കൊണ്ട് ഓടുന്നു അയാൾ സഞ്ചരിക്കുന്ന ഒട്ടകത്തിന്റെ മുഖത്ത് മുറിവുകൾ അയാൾ എന്തൊക്കെയാണു വിളിച്ചു പറയുന്നത്?

'മക്കക്കാരേ നിങ്ങൾക്കു മഹാനഷ്ടം നിങ്ങളുടെ ഖാഫില ആക്രമിക്കപ്പെട്ടിരിക്കുന്നു മുഹമ്മദ് ഖാഫിലയെ ആക്രമിച്ചു നിങ്ങളുടെ സ്വത്തിന് ഉടൻ സംരക്ഷണം നൽകുക'

എന്തൊരു ഭീകരവാർത്ത കേട്ടിരിക്കാനാവുന്നില്ല മക്കക്കാർ തെരുവിലേക്കോടുന്നു  അവർ വികാരംകൊണ്ടു കൊടുമ്പിരികൊള്ളുന്നു ഖുറൈശി പ്രമുഖർ എത്തിക്കഴിഞ്ഞു അവർ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നു

ഹിന്ദിന് കോപം വന്നു

കോപം കൊണ്ടു കലിതുള്ളി എവിടെപ്പോയി ഇവിടുത്തെ ആണുങ്ങൾ?
ഉത്ബത്ത് കടന്നുവരുന്നു

'ബാപ്പാ.... ഇതു സഹിക്കാനാവുന്നില്ല ഉടനെ ആയുധമണിയാൻ മക്കക്കാരോടു പറയൂ ഇനി യുദ്ധം തന്നെ ശരണം '

'അതെ... മോളെ യുദ്ധത്തെക്കുറിച്ചു തന്നെയാണു ഞങ്ങളും ചിന്തിക്കുന്നത് ' പടവാളുകൾ ശേഖരിക്കപ്പെടുന്നു പടക്കുതിരകൾ അണിനിരക്കുന്നു

ഏറ്റവും വേഗത കൂടിയ സന്നാഹത്തിനു മക്കാപട്ടണം സാക്ഷ്യം വഹിച്ചു ഉറങ്ങാത്ത രാത്രികൾ കടന്നുപോയി ആണുങ്ങൾ ആയുധമണിഞ്ഞു കഴിഞ്ഞു നീണ്ട പടയണി നീങ്ങുകയായി 

തരുണീമണികൾ അവർക്കു വിജയം നേർന്നു എല്ലാവരും ബിംബങ്ങളുടെ മുമ്പിൽ അണിനിരന്നു ഖൽബുരുകും പ്രാർത്ഥനകൾ , ബലികൾ
എല്ലായിടത്തും ഹിന്ദിനെക്കാണാം പിതാവിനെയും സഹോദരനെയും യാത്രയാക്കാൻ ഹിന്ദ് മുൻപന്തിയിൽ തന്നെ 

പടയണി നീങ്ങി മക്കയുടെ അതിരുകൾ കടന്നു പട്ടണം വിജനമായതുപോലെ എന്തൊരു വിങ്ങൽ എവിടെയും നെടുവീർപിടുന്ന പെണ്ണുങ്ങൾ

ഇനി മുസ്ലിംകൾക്കു രക്ഷയില്ല ഈ യുദ്ധത്തിൽ അവരുടെ കഥ കഴിയും  ആയിരം യോദ്ധാക്കളാണു നീങ്ങിയത് മുസ്ലിംകൾ ന്യൂനപക്ഷമാണ് ദരിദ്രരാണ് അവരെ നശിപ്പിക്കാൻ ഒരു പ്രയാസവുമില്ല

പ്രമുഖ തറവാട്ടിലെ പെണ്ണുങ്ങൾ ഹിന്ദിന്റെ വീട്ടിൽ ഒരുമിച്ചു കൂടി യുദ്ധരംഗത്തെക്കുറിച്ചാണ് അവരുടെ സംസാരം അവരുടെ ഭർത്താക്കന്മാർ യുദ്ധത്തിനു പോയിരിക്കുകയാണ് ഒരോരുത്തരും തങ്ങളുടെ ഭർത്താക്കന്മാരെ പ്രകീർത്തിക്കുന്നു പല യുദ്ധങ്ങളിലും അവർ കാണിച്ച ധീര സാഹസികതകൾ വർണിക്കുന്നു  ഉഗ്രയുദ്ധം നടക്കും മുസ്ലിംകൾ നശിക്കും മക്കക്കാർ വിജയാഹ്ലാദം മുഴക്കി തിരിച്ചെത്തും  അവരെ ആഹ്ലാദപൂർവ്വം സ്വീകരിക്കേണ്ടതു ഞങ്ങളാണ് ഈ ഞങ്ങൾ പെണ്ണുങ്ങൾ ഞങ്ങൾ സുന്ദരികൾ ഈ സൗന്ദര്യം അവർക്കുള്ളതാണ് ഞങ്ങളവരെ കെട്ടിപ്പിടിക്കും അവരെ വികാര ഭരിതരാക്കും മതിവരുവോളം അവർ സുഖിക്കട്ടെ ഞങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന വാർത്തയുമായി അവർ ഇങ്ങ് വരട്ടെ അവർ അർഹിക്കുന്നതെല്ലാം ഞങ്ങൾ നൽകും 

പെണ്ണുങ്ങൾ പിരിഞ്ഞു പോയി

നല്ല പിരിമുറുക്കമുള്ള നാളുകൾ മക്കാപട്ടണം മരവിച്ചുനിന്നു അപ്പോഴാണ് ആ വാർത്ത വന്നത് കച്ചവടസംഘം രക്ഷപ്പെട്ടിരിക്കുന്നു 

അവർ സാധാരണ പാതയിലൂടെയല്ല വന്നത് അത്ര സുഖകരമല്ലാത്ത പാതയിലൂടെ യാത്ര ചെയ്തുവരുന്നു മക്കാപട്ടണം ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു ഹിന്ദ് ഉറക്കെ പൊട്ടിച്ചിരിച്ചു

അബൂസുഫ് യാനെ സ്വീകരിക്കാൻ അവൾ ഒരുക്കം തുടങ്ങി പട്ടുവസ്ത്രങ്ങൾ ചുറ്റി, അത്തർ പൂശി അവൾ മദാലസയായി മാറി 

മക്കയിൽ അവശേഷിച്ച പുരുഷന്മാരും സ്ത്രീകളുമെല്ലാം അക്ഷമയോടെ കാത്തിരുന്നു ഖാഫിലയെ സ്വീകരിക്കുവാൻ

കാത്തുകാത്തിരുന്ന പ്രഭാതം വിടർന്നു അകലെ ധൂമ പടലങ്ങളുയർന്നു ഒട്ടകക്കൂട്ടം നീങ്ങി വരികയാണ് നോക്കിനിൽക്കെ അവർ അടുത്തെത്തി യാത്രക്കാർ വികാരഭരിതരാണ് 

എല്ലാവർക്കും യാത്രാക്ഷീണം രക്ഷപ്പെട്ട ആശ്വാസം

അതാ അബൂസുഫ് യാൻ ഹിന്ദിന് സ്വയം നിയന്ത്രിക്കാനായില്ല ഒടകത്തിന് അടുത്തേക്ക് ഓടിച്ചെന്നു

അബൂസുഫ് യാൻ ഒട്ടകപ്പുറത്തു നിന്നിറങ്ങി 

ഹിന്ദ് ഭർത്താവിനെ കെട്ടിപ്പിടിച്ചു

'നമ്മുടെ ആളുകളെല്ലാം യുദ്ധത്തിനു പോയിരിക്കുകയാണ് '

ഹിന്ദ് വിങ്ങിപ്പൊട്ടി

കവിളിലൂടെ കണ്ണീരൊഴുകി  നേരെ കഅബാലയത്തിലേക്ക് ബിംബങ്ങളുടെ മുമ്പിലേക്ക് അവിടെ ബലിയും പ്രാർത്ഥനയും നടക്കുന്നു

കച്ചവടത്തിൽ വലിയ ലാഭം കിട്ടിയിട്ടുണ്ട് എല്ലാം പൊതുഫണ്ടിലേക്ക് 
മാസങ്ങൾക്കു ശേഷം സ്വദേശത്തു തിരിച്ചെത്തിയതാണ് വീടുകൾ പ്രാപിക്കാൻ ധൃതിയുണ്ട് എന്നിട്ടും ഒരു നിർവികാരത മക്കയുടെ വികാരത്തിൽ അവരും ചേർന്നു

അബൂസുഫ് യാൻ സ്വന്തം വീട്ടിലെത്തി ഹിന്ദ് പാനീയം നിറച്ച പാന പാത്രവുമായി വന്നു കൂടെ വന്നവർക്കും പാനീയം നൽകി അബൂസുഫ് യാൻ യാത്രാവിശേഷങ്ങൾ വിശദമായിപ്പറയുന്നു ആളുകൾ കാതും കൂർപിച്ചിരുന്ന് കേൾക്കുന്നു 

അബൂസുഫ് യാൻ കുളിച്ചു വന്നു കിടക്കയിൽ പോയിക്കിടന്നു ഹിന്ദ് സമീപത്തു വന്നിരുന്നു മാസങ്ങൾക്കു ശേഷം ഭർത്താവിനെ അടുത്തു കിട്ടുകയാണ് ആയിരം കാര്യങ്ങൾ പറയാനുണ്ട് ഒന്നും പറയാൻ കഴിയുന്നില്ല കാതുകളിൽ പടവാളിന്റെ ശബ്ദം പടക്കുതിരകളുടെ ശബ്ദം 
അബൂസുഫ് യാൻ ഭാര്യയുടെ മുഖത്തേക്കു നോക്കി കണ്ണിൽ രോഷം ആളിക്കത്തുകയാണ്


മക്കയുടെ രോദനം

യുദ്ധമുഖത്തുനിന്ന് ആദ്യ സന്ദേശം ലഭിച്ചു യോദ്ധാക്കൾ അണിനിരന്നു കഴിഞ്ഞു ബദ്റിലാണു യുദ്ധം നടക്കാൻ പോവുന്നത്  മുസ്ലിംകൾ എണ്ണത്തിൽ വളരെ കുറവാണ് നമ്മൾ അവരുടെ മൂന്നിരട്ടി വരും യുദ്ധസന്നാഹങ്ങൾ പൂർത്തയായിക്കഴിഞ്ഞു 

മക്കക്കാർക്ക് ആശ്വാസം യുദ്ധം ഉടനെ തുടങ്ങും മുസ്ലിംകളുടെ ശക്തി തകർക്കപ്പെടും ഖുറൈശികൾ വീരേതിഹാസം രചിക്കും 

ഹിന്ദ് മനസ്സിൽ കണക്കു കൂട്ടിനോക്കി ഇപ്പോൾ യുദ്ധം തുടങ്ങിക്കാണും തന്റെ പിതാവും, സഹോദരനും  യുദ്ധമുഖത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുകയാവും യുദ്ധത്തിന്റെ കടിഞ്ഞാൺ തന്റെ പിതാവിന്റെ കയ്യിലാണ് യുദ്ധം ജയിച്ചാൽ ഏറെ വാഴ്ത്തപ്പെടുക തന്റെ പിതാവായിരിക്കും 

ഹിന്ദിന്റെ ഹൃദയം അഭിമാനം കൊണ്ടു നിറഞ്ഞു ധീരനായ പിതാവിന്റെ പുത്രി യുദ്ധം ജയിച്ച വാർത്ത കേൾക്കാൻ ധൃതിയായി

അടുത്ത സന്ദേശവുമായി യോദ്ധാക്കളെത്തി അവർ അട്ടഹസിച്ചു കരയുകയായിരുന്നു

'കഷ്ടം.... മഹാനഷ്ടം...'

എന്തു പറ്റി? എന്തു പറ്റി?

സന്ദേശവുമായി വന്നവരെ പിടിച്ചു നിറുത്തി ആളുകൾ ചോദിച്ചു
അവർ മരിച്ചു വീണവരുടെ പേരുകൾ വിളിച്ചു പറയാൻ തുടങ്ങി
ജനം കാതുപൊത്തി

'കള്ളം പറയരുത് '

ഹിന്ദ് ചെവിയോർത്തു

വിശ്വസിക്കാനാവുന്നില്ല
സത്യമാവാൻ വഴിയില്ല
കേട്ടതു കള്ളമായിരിക്കട്ടെ

ജനം അക്ഷമരാവുന്നു ചോദ്യങ്ങൾ കൊണ്ടു സന്ദേശ വാഹകരെ വീർപുമുട്ടിക്കുന്നു അവർ ആവുന്നത്രെ ഉച്ചത്തിൽ വിളിച്ചു പറയുന്നു :
ഉത്ബത്ത് കൊല്ലപ്പെട്ടു

ശൈബത്ത് കൊല്ലപ്പെട്ടു

'ഹാ....വൂ.... '

ഒരു സ്ത്രീയുടെ കരച്ചിൽ

ഹിന്ദ് അലമുറയിടുന്നു

അവൾ മാറത്തടിക്കുന്നു മറ്റു സ്ത്രീകൾ അവളെ പിടിച്ചു മാറ്റുന്നു അവർ ആ കൈകളിൽ പിടിമുറുക്കി കൈ കുതറിയെടുത്തു അവൾ സ്വന്തം ശിരസ്സിൽ അടിക്കുന്നു

'എനിക്കിതു സഹിക്കാൻ വയ്യേ....'

എന്റെ പിതാവിനെ കൊന്നേ....

എന്റെ സഹോദരനെ കൊന്നേ....

ഹിന്ദിന്റെ മനസ്സിൽ ദുഃഖം ആളിപ്പടരുകയാണ്

ആർക്കും അവളെ ആശ്വസിപ്പിക്കാനാവുന്നില്ല എന്താണിവിടെ സംഭവിച്ചത് ?
ഈ മനുഷ്യരെല്ലാം അവിടെ എന്തെടുക്കുകയായിരുന്നു

ആരാണ് എന്റെ പിതാവിനെ വധിച്ചത് ? ആരാണു പിതൃസഹോദരനെ വധിച്ചത്?

ആരാണ് എന്റെ സഹോദരൻ വലീദിനെ കൊന്നത്?

ഹിന്ദിന്റെ ശബ്ദം ഉച്ചത്തിലായി

ഒന്നു സമാധാനിക്കൂ യുദ്ധവിവരങ്ങൾ പൂർണമായി അറിയട്ടെ.... ചിലർ അവളെ സമാധാനിപ്പിക്കാൻ നോക്കി

ഹിന്ദ് കണ്ണുകൾ തുടച്ചു കരച്ചിലടക്കി ആ മുഖം രോഷംകൊണ്ടു ചുവക്കുന്നു കണ്ണുകളിൽ കോപാഗ്നി പടരുന്നു പ്രതികാരം പ്രതികാരം അവൾ ഉറക്കെ വിളിച്ചു പറയുന്നു

സന്ദേശവാഹകർ അകന്നുപോയി

കഅ്ബാലയത്തിനു മുമ്പിൽ ജനം കൂട്ടംകൂടി നിൽക്കുന്നു ഉറ്റവരുടെ വിവരങ്ങൾ കിട്ടാതെ വലയുകയാണവർ ആരൊക്കെ മരിച്ചുവെന്നു കൃത്യമായി അറിയില്ല ഒരു പകൽകൂടി എരിഞ്ഞടങ്ങുന്നു

നടക്കുന്ന വാർത്തയാണു കിട്ടിയത് അബൂജഹ്ൽ വധിക്കപ്പെട്ടു മക്കാപട്ടണം നടുങ്ങി കൂട്ടംകൂടി നിന്നവർ പൊട്ടിക്കരഞ്ഞു

ഇരുൾ പരന്നു ആർക്കും ഉറക്കമില്ല പലരും അത്താഴം കഴിച്ചില്ല പലയിടത്തും വിളക്കു തെളിഞ്ഞില്ല 

പുതിയ വാർത്തകൾക്കു വേണ്ടിയുള്ള കാത്തിരിപ്പ് കറുത്ത രാത്രി നീങ്ങിപ്പോയി 

വിറങ്ങലിച്ച പ്രഭാതം ഉറക്കച്ചടവോടെ ആളുകൾ പുറത്തിറങ്ങിവന്നു മക്കക്കാർ കൂട്ടംകൂടി വരുന്നു യുദ്ധക്കളത്തിൽ നിന്നുള്ള മടക്കം  പോയതു പോലെയല്ല മടക്കം  ആളുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട് പ്രമുഖ നേതാക്കളൊന്നും കൂടെയില്ല ഉത്ബത്ത് ഇല്ല

ശൈബത്ത് ഇല്ല

വലീദ് ഇല്ല

അബൂജഹ്ൽ ഇല്ല

ഉമയ്യത്തുബ്നു ഖലഫ് ഇല്ല

പല നേതാക്കളുമില്ല

വന്നവർ മിണ്ടുന്നില്ല പരസ്പരം നോക്കുന്നില്ല നാണം കെട്ട മടക്കം
ലജ്ജാവഹമായ പരാജയം വന്നവരിൽ മിക്കവർക്കും മുറിവേറ്റിട്ടുണ്ട് കൊണ്ടുപോയ ആയുധങ്ങൾ തിരിച്ചു വന്നില്ല പടക്കുതിരകളും കുറവ് യുദ്ധത്തിൽ നിരവധി മരണം

പലരും യുദ്ധത്തടവുകാരികളായി ബദ്ർ യുദ്ധത്തിൽ മുസ്ലിംകൾ വിജയിച്ചു
'നിങ്ങൾ ആണുങ്ങളാണോ?

ഹിന്ദിന്റെ ചോദ്യത്തിനു മുമ്പിൽ അവർ ചൂളിപ്പോയി

'ആരായിരുന്നു ബദ്റിലെ മികച്ച യോദ്ധാവ്?' ഹിന്ദ് ചോദിച്ചു
ആളുകൾക്കു മറുപടി പറയാൻ മടി

'പറയൂ എനിക്കിതറിയണം നമ്മുടെ പിതാക്കളെയും സഹോദരങ്ങളെയും അരിഞ്ഞുവീഴ്ത്തിയ വീരൻ ആര്?

'.....ഹം....സ....'

'ഓഹോ....ഹംസയോ?'

'എന്റെ പിതാവിനെ അവരെങ്ങനെയാണു കൊന്നത്? എന്റെ സഹോദരനെ അവരെങ്ങനെയാണു കൊന്നത്? എനിക്കൊന്നു പറഞ്ഞു തരൂ'
ഹിന്ദ് വിളിച്ചു പറയുന്നു

'യുദ്ധത്തിന്റെ ആരംഭത്തിൽ തന്നെ അവർ കൊല്ലപ്പെട്ടു ..' ആരോ പറഞ്ഞു

'എങ്ങനെ?.....' ഹിന്ദിനു കോപം

ഉത്ബത്തും ശൈബത്തും വലീദും പട്ടാളക്കാരുടെ അണികളിൽനിന്നും മുന്നോട്ടു വന്നു ഉത്ബത്തിന്റെ മാറിടത്തിൽ ഒട്ടകപ്പക്ഷിയുടെ തൂവൽ ഉണ്ടായിരുന്നു യോദ്ധാക്കളുടെ നേതാവാണെന്നറിയിക്കുന്ന അടയാളം
'ഞങ്ങളെ നേരിടാൻ കെല്പുള്ള ആൺകുട്ടികൾ മുഹമ്മദിന്റെ കൂടെയുണ്ടോ?'
ഉത്ബത്ത് വെല്ലുവിളിച്ചു

ആ വെല്ലുവിളി സ്വീകരിച്ചു കൊണ്ടു മൂന്നു യോദ്ധാക്കൾ ഇറങ്ങി വന്നു
'നിങ്ങൾ ആരാണ്?' -ഉത്ബത്ത്

'ഞങ്ങൾ അൻസാരികളാണ് -യുവാക്കൾ '

'നിങ്ങളെ ഞങ്ങൾക്കാവശ്യമില്ല ഞങ്ങൾക്കു തുല്യരായ ആരുമില്ലേ അവിടെ?'
അൻസാരി യുവാക്കൾ പിൻവാങ്ങി പകരം മൂന്നുപേർ ഇറങ്ങി ഹംസ (റ), അലി (റ), ഉബൈദത്ത് (റ)

'നിങ്ങൾ ആരാണ്?' -ഉത്ബത്തിന്റെ ചോദ്യം 

അവർ പേരും പിതാവിന്റെ പേരും വിളിച്ചു പറഞ്ഞു

'നിങ്ങൾ ഞങ്ങൾക്കു തുല്യമാർ തന്നെ'

ഹംസ (റ) ശൈബത്തിനു നേരെ പാഞ്ഞുചെന്നു അലി(റ) വലീദിനെ നേരിട്ടു
ഉബൈദത്ത് (റ) ഉത്ബത്തിനെ നേരിട്ടു 

ഇരുപക്ഷവും ഉത്കണ്ഠയോടെ നോക്കി നിൽക്കുകയാണ് അത്യുഗ്ര പോരാട്ടം
ഹംസ(റ) ആഞ്ഞുവീശി ഒരൊറ്റ വെട്ട് അതാ കിടക്കുന്നു ശൈബത്ത്
ഒരു വെട്ടുകൂടി ശൈബത്തിന്റെ പിടച്ചിൽ കുറച്ചു കഴിഞ്ഞപ്പോൾ അതവസാനിച്ചു ശൈബത്ത് മരണപ്പെട്ടു

അലിയും വലീദും ഏറ്റുമുട്ടുന്നു ധീരയുവാക്കളുടെ പോരാട്ടം
നോക്കി നിൽക്കെ അലി(റ) കുതിച്ചുയരുന്നു പടവാൾ ആഞ്ഞുവീശുന്നു  അതാ കിടക്കുന്നു വലീദ്  പിടഞ്ഞു പിടഞ്ഞു വലീദും മരണപ്പെട്ടു 

ഹംസ(റ)വും അലി(റ)വും തിരിഞ്ഞു നോക്കുമ്പോൾ ഉത്ബത്ത് ആഞ്ഞുവെട്ടുകയാണ് മിന്നൽ വേഗത്തിൽ അലി(റ) ഉത്ബത്തിനെ നേരിട്ടു
ഓരൊറ്റ വെട്ട് അതാ കിടക്കുന്നു ഉത്ബത്ത് 

മൂന്നു പ്രമുഖ നേതാക്കളും വധിക്കപ്പെട്ടു ഉബൈദത്തിന്റെ കാലിൽ മാരകമായ മുറ്റിവേറ്റിരുന്നു 

'ഒന്നു നിറുത്തൂ നിങ്ങളുടെ വിവരണം എനിക്കിതു കേൾക്കാൻ വയ്യേ...' 
ഹിന്ദ് അട്ടഹസിക്കുന്നു 

കൊല്ലപ്പെട്ടവരുടെ വിധവകളുടെ കൂട്ടനിലവിളി മക്കയുടെ ഭാഗത്തുനിന്നും ഉയർന്നു കൊണ്ടിരുന്നു മക്കാപട്ടണം മരണവീടു പോലെയായി നിലവിളി ഉയരാത്ത ഒരൊറ്റ വീടും അന്നവിടെയില്ലായിരുന്നു


പ്രതികാരത്തിന്റെ വഴി

'പ്രതികാരം'
'പ്രതികാരം '
'ബദ്റിന്നു പ്രതികാരം'

ഹിന്ദ് വിളിച്ചു പറയാൻ തുടങ്ങി

'പ്രതികാരം ചെയ്തേ അടങ്ങൂ ' വിധവകൾ മുറവിളി കൂട്ടി
നാണം കെട്ട പരാജയത്തിനു പകരം വീട്ടണം കൊല്ലപ്പെട്ടവർക്കുവേണ്ടി പ്രതികാരം ചെയ്യണം 

ഭർത്താക്കന്മാർ നഷ്ടപ്പെട്ട പെണ്ണുങ്ങൾ സഹോദരന്മാർ നഷ്ടപ്പെട്ട സഹോദരിമാർ  

പെണ്ണുങ്ങളുടെ വലിയ സമൂഹം അവർക്കു മധ്യത്തിൽ ഹിന്ദ് പെണ്ണുങ്ങൾ കണ്ണീരൊഴുക്കുന്നു പൊട്ടിക്കരയുന്നു നെടുവീർപിടുന്നു വേദന കൊണ്ടു പലതും വിളിച്ചു പറയുന്നു

'നിർത്തൂ.... ' -ഹിന്ദ് അലറി 

പെണ്ണുങ്ങളുടെ ശബ്ദം നിലച്ചു 

ഈ കണ്ണുനീർ നിർത്തൂ ഈ കരച്ചിലടക്കൂ

ഹിന്ദിന്റെ ആജ്ഞയാണ്

'ഇനി കരച്ചിലിന്റെ ശബ്ദം കേട്ടു പോവരുത് ഇതു കരയാനുള്ള സമയമല്ല ഇനി പ്രതികാരത്തെക്കുറിച്ചു ചിന്തിക്കണം '

സ്ത്രീകൾ മെല്ലെ ഉണരുകയാണ് അവർ ഹിന്ദിന്റെ വാക്കുകൾക്കു കാതോർക്കുകയാണ്

'ശത്രുക്കളുമായി പടപൊരുതണം മരിച്ചവരുടെ രക്തത്തിനു പ്രതികാരം ചെയ്യണം എന്നിട്ടേ ഇനി വിശ്രമമുള്ളൂ '

സ്ത്രീകൾ ആവേശഭരിതരായി മാറുന്നു

' ഈ പുരുഷന്മാർക്ക്  ആണത്വമുണ്ടോ എന്നറിയണം അവർക്ക് ആണത്വമില്ലെങ്കിൽ നമുക്കവരെ വേണ്ട അടുത്ത യുദ്ധത്തിൽ നാമും പങ്കെടുക്കും പുരുഷന്മാർ അവിടെ എന്തു ചെയ്യുന്നുവെന്നു നമുക്കും കാണണം '
'അതെ, യുദ്ധക്കളത്തിലേക്കു നമ്മളം പോവണം' സ്ത്രീകൾ ശബ്ദിക്കുന്നു
'പുരുഷന്മാരേ മക്കയിലെ പുരുഷവർഗമേ നിങ്ങൾ പുരുഷന്മാർ തന്നെയോ? നിങ്ങൾ പെണ്ണുങ്ങളെപ്പോലെ കരയുകയാണോ? 

എങ്കിൽ അറിഞ്ഞോളൂ പെണ്ണുങ്ങൾ ഇനി കരയില്ല അവരുടെ മനസ്സിൽ ഇനി ദുഃഖത്തിനു സ്ഥാനമില്ല അവരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതു പ്രതികാര ചിന്ത മാത്രം നിങ്ങൾക്ക് അങ്ങനെ വല്ല ചിന്തയുമുണ്ടോ?'

പുരുഷന്മാർ ഹിന്ദിന്റെ മുന്നിൽ പതറുകയാണ് അവരുടെ അഭിമാനം മുറിപ്പെടുന്നു അറബിയുടെ രോഷത്തിനു തീപ്പിടിക്കുന്ന വാക്കുകളാണവ
'ഞങ്ങളുടെ ശരീരത്തിൽ ജീവൻ അവശേഷിക്കുന്നെങ്കിൽ ഞങ്ങൾ പ്രതികാരം ചെയ്യും '

ആണുങ്ങൾ മെല്ലെ ശബ്ദിച്ചു തുടങ്ങുന്നു

'ഉത്ബത്തിന്റെ രക്തത്തിനു പ്രതികാരം ചെയ്യാമോ?' -

ഹിന്ദ് അലറുന്നു

'തീർച്ചയായും പ്രതികാരം ചെയ്യും ' ആണുങ്ങളുടെ മറുപടി
'അബൂജഹ്ലിന്റെ രക്തത്തിനു പ്രതികാരമുണ്ടോ?

'ഉണ്ട്, ഉണ്ട് -തീർച്ചയായും ഉണ്ട് '

പുരുഷ രക്തം ചൂടാവുന്നു

അറബ് രക്തത്തിൽ പ്രതികാരം നുരഞ്ഞു പൊന്തുന്നു ഹിന്ദ് കൂടുതൽ വാചാലമാവുന്നു

'കേട്ടോളൂ ഇതാ .... ഈ ഹിന്ദിന്റെ പ്രതിജ്ഞ കേട്ടോളൂ... ബദ്റിലെ പരാജയത്തിനു പ്രതികാരം ചെയ്യുന്നതുവരെ , ഞാൻ എല്ലാ സുഖാഡംബലങ്ങളും കൈവെടിയുന്നു   

ഞാൻ മുടിയിൽ എണ്ണ പുരട്ടുകയില്ല 

അലങ്കാരങ്ങളുപയോഗിക്കില്ല 

വിലപിടിച്ച വസ്ത്രം ധരിക്കില്ല 

മെച്ചപ്പെട്ട ആഹാരം കഴിക്കില്ല 

എനിക്കു ഭർതൃസുഖം വേണ്ട 

സുഗന്ധദ്രവ്യങ്ങൾ വേണ്ട 

എന്റെ രാവുകളും പകലുകളും പ്രതികാര ചിന്തയുടെ ചൂടിൽ വെന്തുരുകും

ആളുകൾ വികാര ഭരിതരായിത്തീർന്നു
'ഞങ്ങളും ഹിന്ദിനെ പിന്തുടരുന്നു '
സ്ത്രീകളുടെ പ്രഖ്യാപനം
'ഞങ്ങൾ നിങ്ങളുടെ മനസ്സിനു തണുപ്പു പകരും നിങ്ങളുടെ ദുഃഖം തീർക്കം ഞങ്ങൾ പ്രതികാരം ചെയ്യും ' 

പുരുഷന്മാരുടെ പ്രഖ്യാപനം

'ബദ്റിലെ ജേതാവ് ഹംസയാണ് ഞാൻ ഹംസയോടു പ്രതികാരം പ്രഖ്യാപിക്കുന്നു '

ഹിന്ദ് രക്തസാക്ഷിയായി മാറുന്നു

പ്രതികാരം , ഹംസയോടു പ്രതികാരം

ഹിന്ദിന്റെ ഖൽബകം വെന്തുരുകുന്നു തകർന്ന ഖൽബുകൾ പൂർവസ്ഥിതിയിലേക്കു മടങ്ങുന്നു

അബൂസുഫ് യാൻ ഭാര്യയെ ആശ്വസിപ്പിക്കാൻ നോക്കി

'നീ വിഷമിക്കരുത് ഞാനാണു പറയുന്നത് നിന്റെ ഭർത്താവ് അബൂസുഫ് യാൻ മക്കയിൽ ഇനിയും ധീരന്മാരുണ്ട് അവർക്കു പ്രതികാരത്തിനുള്ള കഴിവുണ്ട് '
'ഇതിവിടെപ്പറഞ്ഞിട്ടു കാര്യമില്ല യുദ്ധക്കളത്തിൽ കാണാം ' -

ഹിന്ദ് തിരിച്ചടിച്ചു

രാപ്പകലുകൾ മാറിമാറി വന്നു ഹിന്ദിന്റെ വീട്ടിൽ എന്നും പെണ്ണുങ്ങളുടെ പടതന്നെ അവർ ആണുങ്ങളെ നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നു
യുദ്ധത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി  ഹിന്ദ് ചിന്തയിലാണ്ടു അവൾ സ്വന്തം നിലയിൽ ചില പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്

അവളുടെ മനസ്സിൽ ഒരടിമയുടെ മുഖം തെളിയുന്നു ആ മുഖത്തേക്കവൾ ഉറ്റുനോക്കുന്നു വലിയ പ്രതീക്ഷയോടെ 

അടിമയായ യുവാവേ.... അവൾ അറിയാതെ വിളിച്ചു പോയി നീ എന്നെ സഹായിക്കുമോ? നിനക്കെന്നെ സഹായിക്കാൻ കഴിയും നീ സഹായിക്കുമോ?  നിനക്കെന്തു വേണം? നീ എന്തു ചോദിച്ചാലും ഞാൻ തരും ചോദിച്ചോളൂ നിന്റെ മനസ്സിൽ തോന്നുന്നതെന്തും ചോദിച്ചോളൂ മടക്കേണ്ട, ഞാൻ തരും
ഹിന്ദിന്റെ ചുണ്ടുകളിൽ പുഞ്ചിരി വിരുയുന്നു വല്ലാത്തൊരു മന്ദഹാസം പിശാചിന്റെ പുഞ്ചിരിപോലെ പ്രതികാര ലഹരിയിൽ വിടർന്ന മന്ദഹാസം

പ്രിയപ്പെട്ട യുവാവേ വഹ്ശീ.....

അവൾ അറിയാതെ വിളിച്ചു പോയി

വഹ്ശി വിചാരിച്ചാൽ തന്റെ മനസ്സു തണുത്തുകിട്ടും മറ്റാരേയും തനിക്കു വിശ്വാസം പോരാ.....   വഹ്ശി ഉളി എറിയുന്നതിൽ വിദഗ്ധനാണ് ചാട്ടൂളി പ്രയോഗത്തിൽ നിപുണൻ

യുദ്ധം നടക്കുമ്പോൾ അവൻ എവിടെയെങ്കിലും ഒളിച്ചിരിക്കട്ടെ തഞ്ചത്തിന് കിട്ടുമ്പോൾ ഉളി എറിയട്ടെ 

ഹിന്ദ് കണ്ണടച്ചുനിന്നു ആ രംഗം ഭാവനയിൽ കണ്ടു ഹംസ മുന്നേറി വരുന്നു വഹ്ശി ഒളിഞ്ഞിരുന്ന് ചാട്ടൂളി പ്രയോഗിക്കുന്നു ഹംസ മറിഞ്ഞു വീഴ്ന്നു
ഹ....ഹ....ഹ...... ഹിന്ദിന്റെ പൈശാചികമായ പൊട്ടിച്ചിരി

'പോകൂ .... വഹ്ശിയെ കൊണ്ടുവരൂ'

ഹിന്ദിന്റെ കല്പന

ആളുകൾ പോയി 

ഹിന്ദിന്റെ തലയിൽ നെരിപ്പോടു പുകയുന്നു പ്രതികാരദാഹത്താൽ അവർ ഭ്രാന്തിയെപ്പോലെ തുള്ളിക്കളിക്കുന്നു

വീട്ടിലാകെ പരിഭ്രാന്തി

ആർക്കും മനസ്സമാധാനമില്ല 

അബൂസുഫ് യാൻ യുദ്ധകാര്യങ്ങളുമായി ഓടിനടക്കുന്നു രാവും പകലും തിരക്കു തന്നെ

ഹിന്ദിന്റെ സമീപത്തേക്ക് ഒരു പരിചാരിക ഓടിവരുന്നു

'യജമാനത്തീ... വഹ്ശി വന്നിട്ടുണ്ട് '

'ങേ.... വന്നോ?'

ഹിന്ദിന്റെ മുഖം വികസിക്കുന്നു എന്തൊരു സന്തോഷം ഒരുകുട്ടിയെപ്പോലെ ഓടിച്ചെല്ലുന്നു

'വഹ്ശീ... ആഹ്ലാദം നിറഞ്ഞ വിളി ആ അടിമ ഭയത്തോടെ മാറി നിൽക്കുന്നു 

'വഹ്ശീ... നിനക്ക് എന്തുവേണം പറഞ്ഞോളൂ ..... എന്തും  നൽകാൻ ഞാനുണ്ട് ' 
വഹ്ശി പരിഭ്രമിക്കുന്നു

'നീ അടിമയല്ലേ.... നിനക്കു സ്വാതന്ത്ര്യം നൽകാം .... സ്വതന്ത്രനാവുന്നതു സന്തോഷമല്ലേ?'

ആ ചോദ്യം അവനെ തൊട്ടുണർത്തി 

അടിമത്തത്തിൽനിന്നു മോചനം സ്വതന്ത്രമായ ജീവിതം അതു കൊള്ളാം നല്ല കാര്യം  പക്ഷേ, തനിക്കെങ്ങിനെ സ്വാതന്ത്ര്യം കിട്ടും 

വഹ്ശിയുടെ മുഖത്ത് പെട്ടെന്നുണ്ടായ പ്രസന്നഭാവം ഹിന്ദിനെ ആകർഷിച്ചു
'നീ ഒന്നും ചിന്തിക്കേണ്ട നിനക്കു സ്വാതന്ത്ര്യം നൽകുന്ന കാര്യം ഞാനേറ്റിരിക്കുന്നു പോരേ'

വഹ്ശിയുടെ ചുണ്ടുകളിൽ മന്ദഹാസം

'നിനക്കു സ്വാതന്ത്ര്യം കിട്ടുക മാത്രമല്ല വിലപിടിച്ച സമ്മാനങ്ങളും കിട്ടും നിന്റെ ജീവിതം മുഴുവൻ അധ്വാനിച്ചാൽ കിട്ടാത്ത നേട്ടം നിനക്കു കൈവരാൻ പോകുന്നു '

വഹ്ശിയുടെ മുഖത്ത് ആകാംക്ഷ

'നീ ഒരൊറ്റ കാര്യം ചെയ്താൽ മതി ഞങ്ങളോടൊപ്പം യുദ്ധത്തിൽ വരണം യുദ്ധം ചെയ്യാനല്ല വെറുതെ നിന്നാൽ മതി നിന്റെ ചാട്ടൂളി കൊണ്ടുവരണം അതുപയോഗിച്ച് ഒരാളെ വധിക്കണം അത്ര മാത്രം '

'ആരെ?' -വഹ്ശി പെട്ടെന്നു ചോദിച്ചു

'പറയാം .... അത്ര കാര്യമാക്കാനൊന്നുമില്ല ....ഹംസയെ' ഹിന്ദ് അലക്ഷ്യമായിപ്പറഞ്ഞു

വഹ്ശി ഒന്നു ഞെട്ടി 

ആ മുഖഭാവം ഹിന്ദ് നന്നായി ശ്രദ്ധിച്ചു അതു ഗൗനിക്കാത്തപോലെ ഇങ്ങനെ പറഞ്ഞു

'നിനക്ക് അടിമത്തത്തിൽ നിന്നു മോചനം കിട്ടും വിലപിടിച്ച സമ്മാനങ്ങളും കിട്ടും പിന്നെ നിനക്കു വേണ്ടതൊക്കെ കിട്ടും ചോദിച്ചോളൂ ....'

വഹ്ശി ചിന്തയിലാണ്ടു

സമയം ഇഴഞ്ഞുനീങ്ങി നീണ്ട നിശബ്ദതക്കുശേഷം ഹിന്ദ് ചോദിച്ചു
'എന്താ സമ്മതിച്ചോ...'

'ഓ...'

യാന്ത്രികമായ മൂളൽ ഹിന്ദിന്റെ ചുണ്ടിൽ വല്ലാത്തൊരു പുഞ്ചിരി വിടർന്നു


വഹ്ശിയുടെ ചാട്ടുളി

സ്ത്രീകളുടെ സദസ്സ് പല പ്രമുഖ വനിതകളും വന്നിട്ടുണ്ട് അവരെല്ലാം ഹിന്ദിനെ കാണാനും പുതിയ വിശേഷങ്ങളറിയാനും എത്തിയതാണ്

ഉമ്മുഹക്കീം സദസ്സിൽ കടന്നിരുന്നു അവരുടെ മുഖത്ത് കനത്തുകെട്ടിയ ദുഃഖം അബൂജഹ്ലിന്റെ മകൻ ഇക്രിമയുടെ ഭാര്യയാണ് ഉമ്മുഹക്കീം ഹിന്ദിന്റെ അടുത്ത സ്നേഹിത കുടുംബ കാര്യങ്ങൾ അവർ ചർച്ച ചെയ്യും പരസ്പരം കൂടിയാലോചനകൾ നടത്തിയാണു തീരുമാനങ്ങളെടുക്കുക

സദസ്സിലെത്തിയ മറ്റൊരു പ്രമുഖ വനിതയാണു ഫാത്തിമ വലീദിന്റെ മകൾ 
ഹിന്ദിന്റെ സ്നേഹഭാജനമാണവൾ ചെറുപ്പത്തിന്റെ ചുറുചുറുക്കും ധീരതയും ത്യാഗബോധവും ഒത്തിണങ്ങിയ യുവതി

പൗരപ്രമുഖനായ മസ്ഊദിന്റെ മകൾ ബർസയും എത്തിയിട്ടുണ്ട് ധനവാനായ മസ്ഊദും ഭാര്യയും മക്കളും അബൂസുഫ് യാന്റെ വീട്ടിൽ പലപ്പോഴും വരാറുണ്ട് അവർ ബന്ധുക്കളും കുടുംബ സുഹൃത്തുക്കളുമാണ് 

ബർസയും സദസ്സിലെത്തി പീഠത്തിലിരുന്നു

അംറുബ്നുൽ ആസിയുടെ ഭാര്യ റീത്തയും വന്നിട്ടുണ്ട് നാട്ടിലെ പെണ്ണുങ്ങൾക്കിടയിൽ റീത്തക്കു നല്ല സ്ഥാനമുണ്ട് പരക്കെ അറിയപ്പെടുന്ന ധീരവനിത

ഒരു പുരുഷന്റെ ധീരതയുള്ള മറ്റൊരു വനിത കയറി വരുന്നു ആണുങ്ങൾ പോലും അവളുടെ നാവിനെ ഭയപ്പെടുന്നു അവളുടെ വാക്കുകൾക്ക് അത്ര മൂർച്ചയാണ് കൈകൊണ്ടൊന്നു കിട്ടിയാൽ വീണു പോകും  അവളുടെ പേരു കേൾക്കണ്ടേ?

ഖന്നാസ്

മുസ്അബ് ബ്നു ഉമൈറിന്റെ മാതാവാണ് ഖന്നാസ് ഇസ്ലാം മതം സ്വീകരിച്ചവരെ മർദ്ദിച്ചവശരിക്കാൻ ഖന്നാസും മുൻപന്തിയിലുണ്ടായിരുന്നു  കോപാഗ്നി ജ്വലിക്കുന്ന നയനങ്ങളുമായിട്ടാണവൾ വന്നുകയറിയത്

'നിന്റെ ഭർത്താവിന്റെ സ്ഥിതിയെന്ത്?'

ചില വനിതകൾ ഹിന്ദിനോടു ചോദിച്ചു

ഹിന്ദ് നിവർന്നിരുന്നു ആളുകൾ ആ മുഖത്തേക്കുറ്റുനോക്കി

'എന്റെ ഭർത്താവ് മദീനയിലെ ജൂതന്മാരുമായി ബന്ധപ്പെട്ടിരിക്കുന്നു അവർ രഹസ്യമായി നമ്മെ സഹായിക്കുമെന്നാണു സൂചന മദീനയിൽനിന്ന് ഏതാനും മൈൽ അകലെ വെച്ച് എന്റെ ഭർത്താവ് ഒരു അൻസാരിയെ വധിച്ചു അവർക്കു നാശനഷ്ടങ്ങൾ വരുത്തി ചില കൊള്ളിവെപ്പുകളൊക്കെ നടത്തി വിവരമറിഞ്ഞു മുഹമ്മദും കൂട്ടരും സ്ഥലം വിട്ടിരുന്നു '

'അതു നന്നായി ഇനിയെന്താണു പരിപാടി?'

'ഇനി യുദ്ധം തന്നെ ഖാഫിലയിൽനിന്നു ലഭിച്ച ലാഭം മുഴുവൻ യുദ്ധഫണ്ടിലേക്കെടുത്തു കച്ചവടത്തിൽ മുതൽ മുടക്കിയവർക്കു മുതൽ മാത്രം തിരിച്ചു കൊടുത്തു ലാഭം മുഴുവൻ യുദ്ധഫണ്ടിലേക്കാണ് ആയുധങ്ങൾ ധാരാളം വാങ്ങിക്കൂട്ടിയിട്ടുണ്ട് പടക്കുതിരകളും ഒട്ടകങ്ങളുമെല്ലാം റെഡിയായിക്കഴിഞ്ഞു ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും പടയങ്കികളും കവചങ്ങളുമെല്ലാം തയ്യാറായിക്കഴിഞ്ഞു  യുദ്ധത്തിൽ പങ്കെടുക്കുന്ന യോദ്ധാക്കളുടെ ലിസ്റ്റു വരെയായി നേരെയങ്ങു ചെല്ലുക പ്രതികാരാഗ്നി ആളിക്കത്തിക്കുക ശത്രുക്കളെ പരാജയപ്പെടുത്തുക ആ ഹംസയെ....' 

ഹിന്ദിന് വാക്കുകൾ പൂർത്തീകരിക്കാനായില്ല അവൾ പല്ലുകൾ ഞെരിച്ചു
'ബദ്ർ യുദ്ധം നയിച്ചത് എന്റെ പിതാവായിരുന്നു ഈ യുദ്ധം നയിക്കുന്നത് എന്റെ ഭർത്താവാണ് പിതാവിനും സഹോദരനും പ്രതികാരം ചെയ്യാതെ ഞാനടങ്ങൂല്ലാ..' ഹിന്ദ് വികാരാധീനയായീ

'ഞങ്ങളുടെ വേണ്ടപ്പെട്ടവർ കൊല്ലപ്പെട്ടിരിക്കുന്നു അവർക്കു പ്രതികാരമുണ്ട് യുദ്ധം നടക്കുമ്പോൾ ഞങ്ങളും യുദ്ധക്കളത്തിലുണ്ടാവും ആണുങ്ങൾ ജയിച്ചുവന്നാൽ നാം അവരെ ആലിംഗനം ചെയ്തു സ്വീകരിക്കും അവർ തോറ്റോടി വന്നാൽ നാം അവരെ ആട്ടിപ്പുറത്താക്കും....'

'വമ്പിച്ച പട നീങ്ങാൻ ഇനി ഏറെ സമയം വേണ്ട നമ്മൾ പെണ്ണുങ്ങൾ തയ്യാറായി നിൽക്കണം ബദ്റിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെല്ലാം പോവണം ' 
'അതെ പെണ്ണുങ്ങൾ പാട്ടുപാടിയും നൃത്തം ചവിട്ടിയും ആണുങ്ങൾക്ക് ആവേശം നൽകണം'

നിർണായകമായ തീരുമാനങ്ങളെടുത്ത് സദസ്സും പിരിഞ്ഞു  എവിടെയും ആ വാർത്തകൾ തന്നെ സംസാരം കവികൾ നടന്നു പാടുകയാണ് 
കൊല്ലപ്പെട്ടവരുടെ ഗുണങ്ങൾ വാഴ്ത്തിപ്പാടുന്നു ആ വരികൾ ആളുകളെ ആവേശം കൊള്ളിക്കുന്നു

മക്കയിലെ കുലീന വനിതകൾ ബിംബങ്ങളുടെ മുമ്പിലെത്തി പൊട്ടിക്കരഞ്ഞു സങ്കടം പറയുന്നു

'ഇത്തവണ ഞങ്ങളെ സഹായിക്കണേ യുദ്ധം കഴിയുമ്പോൾ നല്ല വാർത്ത അറിയിക്കണേ കഴിഞ്ഞ തവണത്തെപ്പോലെ ഞങ്ങളെ കൈവെടിയരുതേ....'
സ്ത്രീകൾ കണ്ണീരോടെ തേടുന്നു തേങ്ങിക്കരയുന്നു ബിംബങ്ങൾ പ്രസാദിക്കുമെന്ന വിശ്വാസത്തോടെ മടങ്ങുന്നു 

നീണ്ട പടയണി നീങ്ങുന്നു

പെണ്ണുങ്ങൾ പാടുന്നു ആണുങ്ങൾ ധീരതയോടെ നീങ്ങുന്നു എന്തൊരു വമ്പൻ സൈന്യം ബദ്റിന്റെ ഓർമ്മകൾ തികട്ടിവരുന്നു ഒട്ടകക്കട്ടിലുകളിൽ പെണ്ണുങ്ങൾ ഹിന്ദ് സൈനിക നിര പരിശോധിച്ചു അവൾ പ്രതീക്ഷിക്കുന്ന ആൾക്കൂട്ടത്തിലുണ്ടോ കുറെ നേരം തിരഞ്ഞു ആൾക്കൂട്ടത്തിൽ ആ മുഖം കണ്ടു

'വഹ്ശീ...'

'ഓ...'

'ഞങ്ങളുടെ ഖൽബ് തണുപ്പിച്ചു തരണം' ഹിന്ദിന്റെ അപേക്ഷ
'നിനക്കു വേണ്ടതെല്ലാം ഞങ്ങൾ തരും'

വൻ സൈന്യം നീങ്ങുകയാണ്

അബൂസുഫ് യാൻ സൈന്യത്തെ നയിക്കുന്നു നേതൃത്വത്തിന്റെ ചിഹ്നങ്ങളെല്ലാം ആ ശരീരത്തിലുണ്ട് വസ്ത്രങ്ങളും അലങ്കാരങ്ങളും ആയുധങ്ങളുമെല്ലാം അതു വിളിച്ചറിയിക്കുന്നു 

ഹിന്ദിന്റെ ഖൽബു പിടയുന്നു ഒന്നുവേഗം അങ്ങെത്തിയെങ്കിൽ എല്ലാം പെട്ടെന്നു തല്ലിത്തകർക്കാൻ കഴിഞ്ഞെങ്കിൽ എന്തൊരാവേശം
ഉഹ്ദിലേക്കു നീങ്ങുകയാണ് ചരിത്ര സ്മരണകൾ കാത്തുസൂക്ഷിക്കുന്ന മലനിരകൾ അവയ്ക്കു മീതെ അലയുന്ന മേഘങ്ങൾ

അങ്ങകലെ പൊടിപടലങ്ങളുയരുന്നു മുസ്ലിം സൈന്യം കുതിച്ചു വരികയാണ്
അതാ മലമുകളിൽ ഏതാനും യോദ്ധാക്കൾ അവരുടെ കയ്യിൽ അമ്പും വില്ലും അതിൽ നിന്നകന്നു നിൽക്കണം  

അബൂസുഫ്യാൻ സൈനികരെ അണിനിരത്തുന്നു ഓരോ നിരക്കും നായകന്മാരുണ്ട് ചിലർ പതാക വഹിക്കുന്നു  

ഒരു ഭാഗത്തു കൊട്ടും മേളവും നടക്കുന്നു പെണ്ണുങ്ങൾ പാട്ടുപാടി തകർക്കുന്നു ആകപ്പാടെ വികാരഭരിതമായ അന്തരീക്ഷം പ്രതികാരഗ്നി അത്തിപ്പടരുന്നു 
യുദ്ധം തുടങ്ങി പടക്കുതിരകൾ പാഞ്ഞടുത്തു വാൾമുനയിൽ ഏറ്റുമുട്ടി ആർത്തനാദങ്ങളും അട്ടഹാസങ്ങളുമുയർന്നു സമയം ഇഴഞ്ഞു നീങ്ങി  ആരൊക്കെയോ തുരുതുരാ വന്നു കൊണ്ടിരുന്നു ആരൊക്കെയോ പിന്തിരിഞ്ഞോടി

പാരജയത്തിന്റെ തിരിഞ്ഞോട്ടം 

മക്കക്കാർ യുദ്ധക്കളം വിടുന്നു

വൻസൈന്യം ചിതറിപ്പോയി 

പെണ്ണുങ്ങൾ എന്തൊക്കെയോ വിളിച്ചു പറയുന്നു ഏറെ ദൂരം ഓടിയ ശേഷം അവർ നിന്നു ചില സൈനിക നേതാക്കൾ വീണ്ടും ആളുകളെ സംഘടിപ്പിക്കുന്നു നിരാശരായവർ വീണ്ടും ആവേശഭരിതരാവുന്നു മലമുകളിലുണ്ടായിരുന്ന മുസ്ലിം യോദ്ധാക്കളെ കാണാനില്ല അവർ സ്ഥലം വിട്ടിരിക്കുന്നു

ഖുറൈശികൾ ആ ഭാഗത്തേക്കു പാഞ്ഞുകയറി മുസ്ലിംകൾ യുദ്ധം നിർത്തി വിശ്രമിക്കുകയാണ് പൊടുന്നനവെ ആക്രമണം തുടങ്ങി ഉഗ്രമായ പോരാട്ടം 
വഹ്ശി ഒരു മരത്തിനു പിന്നിൽ മറഞ്ഞു നിൽക്കുന്നു ഇടക്കിടെ യുദ്ധരംഗം വീക്ഷിക്കുന്നു അതാ ഹംസ യുദ്ധം ചെയ്തു മുന്നേറുന്നു എന്തൊരു കൈവേഗത ഏതാണ്ട് അടുത്തെത്തി ഉളി എറിഞ്ഞാൽ കൊള്ളുന്ന അകലം മടിക്കുത്തിൽനിന്നു ചാട്ടൂളി കയ്യിലെടുത്തു സൂര്യരശ്മികളേറ്റു തിളങ്ങി 
ഉന്നം പിടിച്ചു ശ്വാസം വലിച്ചുവിട്ടു പിന്നെ ഒറ്റ ഏറ്

'ഹൗ....'

ഉന്നം പിഴച്ചില്ല അടിവയറ്റിൽതന്നെ തറച്ചു രക്തം നാലുപാടും ചീറ്റി ധീരനായ ഹംസ(റ) മറിഞ്ഞുവീണു  വഹ്ശി ദൂരെ പോയിരുന്നു ചലനങ്ങൾ നിൽക്കട്ടെ എന്നിട്ട് ഉളി ഊരിയെടുക്കാം 

കുറേസമയം കഴിഞ്ഞു വഹ്ശി എഴുന്നേറ്റു ഹംസ(റ) വിന്റെ അടുത്തെത്തി മരണം സംഭവിച്ചു കഴിഞ്ഞു  മെല്ലെ ഉളി വലിച്ചൂരിയെടുത്തു രക്തം തുടച്ചു പൊതിഞ്ഞ് മടിക്കുത്തിൽ സൂക്ഷിച്ചു 
അപ്പോൾ കുറേ സ്ത്രീകൾ ഓടിവരുന്നു

'വഹ്ശീ....'

വഹ്ശി കൈ ചൂണ്ടിക്കാണിച്ച ഭാഗത്തേക്കവർ നോക്കി വിശ്വാസം വരുന്നില്ല
'വഹ്ശീ , പ്രിയപ്പെട്ട യുവാവേ.... നീ ഞങ്ങളുടെ ഖൽബ് കുളിപ്പിച്ചു നിനക്കെന്തു സമ്മാനം വേണം ഇപ്പോൾ ഇതു പിടിച്ചോളൂ '

കഴുത്തിൽ കിടന്ന വിലകൂടിയ ആഭരണങ്ങൾ അഴിച്ചു കൊടുത്തു ഹിന്ദ് മുമ്പോട്ടു കുതിച്ചു ഹംസ (റ) വിന്റെ മയ്യിത്തു തിരിച്ചിട്ടു പിന്നെ മറിച്ചിട്ടു മാറിൽക്കയറി നിന്നു മയ്യിത്തിനെ മർദ്ദിക്കാൻ തുടങ്ങി ധാരാളം സ്ത്രീകൾ കൂട്ടിനെത്തി 

ഹിന്ദ് രാക്ഷസിയായി

അവൾ അട്ടഹസിക്കുന്നു

'ഹംസാ.... ഇതാണു ഹിന്ദിന്റെ പ്രതികാരം....പോരാ....ഇതു പോരാ......'
അവൾ കത്തിയെടുത്തു മയ്യിത്തിനെ വികൃതമാക്കാൻ തുടങ്ങി അവയവങ്ങൾ ഛേദിക്കാൻ തുടങ്ങി 

'പോരാ.... എനിക്കു തൃപ്തിയായല്ലോ...'

അവൾ നെഞ്ചു കുത്തിക്കീറുന്നു കരൾ വാരിയെടുക്കുന്നു ചവച്ചുതുപ്പുന്നു  ഹിന്ദ് രക്തത്തിൽ കുളിച്ചു ആ മുഖം ഭീകരമായി അവൾ നൃത്തമാടുന്നു കാതുകളും മൂക്കും കോർത്തു മാലയണിയുന്നു പിന്നെയും അട്ടഹാസങ്ങൾ
പെണ്ണുങ്ങൾ കൂട്ടം ചേർന്നു പാടുന്നു നൃത്തം വെക്കുന്നു അട്ടഹസിക്കുന്നു ഹിന്ദ് തളർന്നു എത്രനേരം നൃത്തമാടിയെന്നറിയില്ല യുദ്ധത്തിന്റെ ആരവം കുറഞ്ഞിരിക്കുന്നു ക്രൂരമായ പ്രതികാരത്തിന്റെ ആവേശം പിന്നെയും ശരീരത്തിൽ പടർന്നു കയറുന്നു  ഹിന്ദിന്റെ അട്ടഹാസം വീണ്ടും ഉയരുന്നു


തീജ്ജ്വാലകൾ അണയുന്നു

വർഷങ്ങൾ എത്രവേഗമാണു കടന്നുപോയത് ഹിന്ദ് ചിന്തയിൽ മുഴുകി ബദർ യുദ്ധം നടന്നിട്ടു വർഷങ്ങൾ കുറേയായി  തന്റെ സഹോദരനും പിതാവും മറ്റു ബന്ധുക്കളും എത്ര ആവേശത്തോടെയാണ് യുദ്ധരംഗത്തേക്കു പോയത് അവരൊന്നും തിരിച്ചു വന്നില്ല ഓർത്താൽ ഖൽബ് നീറിപ്പുകയും ബദ്റിന്റെ പ്രതികാരമായിരുന്നു ഉഹ്ദ് ക്രൂരമായി തന്നെ പ്രതികാരം ചെയ്തു

ഹംസയുടെ ശരീരം വെട്ടിനുറുക്കി അന്നേരം താനൊരു പിശാചായി മാറി കണ്ടുനിന്നവർ അന്തംവിട്ടുപോയി മക്കയിലെ പെണ്ണുങ്ങൾ അക്കഥകളൊക്കെ എത്ര തവണ തന്നോടു തന്നെ പറഞ്ഞിട്ടുണ്ട് മക്കക്കാർ അതൊരിക്കലും മറക്കില്ല 

എന്നിട്ടെന്തേ ഫലം?

മുസ്ലിംകളുടെ ശക്തി നശിച്ചുവോ?

അവരിൽനിന്നുള്ള വെല്ലുവിളി അവസാനിച്ചുവോ? ഒന്നുമുണ്ടായില്ല ആശിച്ചതൊന്നും നടന്നില്ല മുസ്ലിംകളുടെ ശക്തി വർധിച്ചതേയുള്ളൂ മുഹമ്മദിന്റെ അനുയായികളുടെ എണ്ണം വർധിച്ചതേയുള്ളൂ 

ബിംബങ്ങളുടെ മുമ്പിൽ എത്ര തവണ പോയി പ്രാർത്ഥിച്ചു കരഞ്ഞു പറഞ്ഞു നോക്കി അനുകൂല ഫലം ഉണ്ടായില്ല ഇങ്ങനെ പോയാൽ എന്താണു ഭാവി?

മുഹമ്മദനിനെക്കുറിച്ചു നല്ലതേ കേൾക്കാനുള്ളൂ പഴയതുപോലെ ഇന്നും വിശ്വസ്തൻ  വിശാലഹൃദയൻ ദയാലു ശത്രുക്കളോടു പോലും മാന്യമായി പെരുമാറുന്നു സത്യം മാത്രമേ പറയൂ ധർമത്തിന്റെ മാർഗം വിടില്ല

ഹിന്ദിന് അസഹ്യത തോന്നി ശത്രുവിന്റെ ഗുണങ്ങൾ വാഴ്ത്താൻ ലജ്ജയില്ലേ ? 

യുദ്ധങ്ങളെത്ര കടന്നുപോയി എല്ലാം മുസ്ലിംകൾക്കനുകൂലമായാണു കലാശിച്ചത് മദീനാ പട്ടണം പൂർണമായും മുസ്ലിംകൾക്കധീനമായി മുസ്ലിംകളുടെ എണ്ണം പതിനായിരക്കണക്കിൽ വന്നു ഗോത്രങ്ങൾ ഒന്നൊന്നായി ഇസ്ലാം മതത്തിൽ വന്നു  മക്കക്കാർക്ക് ഇനിയവരെ തോൽപിക്കാനാവില്ല അവരുടെ അംഗബലവും ശക്തിയും അത്രക്കു വർധിച്ചിരിക്കുന്നു 
ഈ ബിംബങ്ങൾക്കെന്തു പറ്റി?

ഇവയെന്താണു നമ്മെ സഹായിക്കാത്തത് ? ഹിന്ദിന് ബിംബങ്ങളോടരിശം വന്നു 

നോക്കിനിൽക്കെ ഭർത്താവിന്റെ മുഖം പ്രത്യക്ഷപ്പെട്ടു പുറത്തുപോയിരുന്ന അബൂസുഫ് യാൻ ധൃതിയിൽ നടന്നു വരുന്നു മുഖത്തു വല്ലാത്ത വെപ്രാളം

'എന്തായിത്? എന്തുപറ്റി?' -ഹിന്ദ്

എന്തു പറയാനാണ് എല്ലാം തകർന്നു അബൂസുഫ് യാന്റെ വാക്കുകളിൽ നിരാശ
'എന്താണുണ്ടായതെന്നു പറയൂ'-ഹിന്ദ്

മുഹമ്മദും അനുയായികളും വരുന്നു അവർ മക്കയുടെ അതിർത്തിയിൽ എത്താറായി

ഹിന്ദ് ഞെട്ടി

അവർ പ്രതികാരത്തിനു വരികയാണ് അവരെ തടുത്തു നിർത്താനാവില്ല 

അവർ മക്കയിൽ പ്രവേശിക്കും എല്ലാം തകർക്കും പക്ഷേ, വിട്ടുകൊടുക്കാൻ പാടില്ല അവരെ നേരിടണം അവസാനം വരെ പോരാടണം അവൾ ഭർത്താവിന്റെ നേരെ തിരിഞ്ഞു എന്നിട്ടു ദൃഢസ്വരത്തിൽ അറിയിച്ചു:

'നിങ്ങൾ മക്കയുടെ നായകനാണ് ഈ പട്ടണത്തെ രക്ഷിക്കേണ്ടതു നിങ്ങളുടെ ചുമതലയാണ് നിങ്ങൾ അതു നിർവ്വഹിക്കണം ' 

അതു തന്നെയാണു ഞാനും ചിന്തിക്കുന്നത്

അബൂസുഫ് യാൻ തീർത്തും അസ്വസ്ഥനാണ് തുടർച്ചയായുള്ള യുദ്ധം കാരണം മക്കാ നിവാസികൾ ക്ഷീണിതരാണ് പല പ്രമുഖന്മാരും കൊല്ലപ്പെട്ടു നിരവധി പേർ ഇസ്ലാം മതം സ്വീകരിച്ചു ഈ സാഹചര്യത്തിൽ ഒരു യുദ്ധം നടത്തി വിജയിക്കാൻ കഴിയുമെന്നു തോന്നുന്നില്ല

പിന്നെന്തു ചെയ്യും? 

ഭാര്യയെ നേരിടാൻ ഭയം

മനസ്സിലുള്ളത് അവളോട് തുറന്നു പറയാൻ ധൈര്യമില്ല അബൂസുഫ് യാൻ പുറത്തേക്കിറങ്ങി 

മുസ്ലിംകൾ മക്കയുടെ അതിർത്തിയിൽ താവളമടിച്ചിരിക്കുന്നുവെന്ന  വാർത്ത വന്നു  അബൂസുഫ് യാൻ കൂടുതൽ അസ്വസ്ഥനായി ഒരു മാർഗവും മനസ്സിൽ തെളിയുന്നില്ല

മുന്നോട്ടു നടന്നു പെട്ടെന്നൊരാൾ തന്റെ പേര് വിളിക്കുന്നു ആരാണത് ?

അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ബാസ് വളരെക്കാലത്തിനു ശേഷം നേരിൽ കാണുകയാണ് എന്നിട്ടും അബ്ബാസ് തന്നെ തിരിച്ചറിഞ്ഞു അദ്ദേഹത്തിന്റെ മുമ്പിൽ നിന്നു രക്ഷപ്പെടുന്നതെങ്ങനെ?

അബ്ബാസ് എന്നോ ഇസ്ലാം മതം സ്വീകരിച്ചു താനിന്നും പഴയ വിശ്വാസത്തിലാണ് അദ്ദേഹം തന്നോടു സ്നേഹപൂർവ്വം പെരുമാറും പക്ഷെ, തനിക്കതിനു കഴിയുമോ?

അബ്ബാസും അബൂസുഫ് യാനും അടുത്തുക്കഴിഞ്ഞു ഇരുവരും പഴയ സുഹൃത്തുക്കളാണ്

അബ്ബാസ് (റ) സംസാരിച്ചു തുടങ്ങി

'നിങ്ങളുടെ കാര്യം കഷ്ടം തന്നെ നബി(സ) തങ്ങൾ അടുത്ത പ്രഭാതത്തിൽ മക്കയിൽ  പ്രവേശിക്കും ഖുറൈശികളുടെ ശക്തി മുഴുവൻ അതോടെ തീരും നിങ്ങൾക്ക് ഇനിയെങ്കിലും സത്യമാർഗം സ്വീകരിച്ചു കൂടേ?'

അബൂസുഫ് യാൻ പതറിപ്പോയി

'നിങ്ങൾ എന്നോടൊപ്പം വരൂ ഞാൻ നിങ്ങളെ നബി (സ) തങ്ങളുടെ സമീപത്തെത്തിക്കാം '

അബൂസുഫ് യാൻ മറുത്തൊന്നും പറയാനില്ലായിരുന്നു  അബ്ബാസിന്റെ വാഹനപ്പുറത്തു കയറി അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചു 

കറുത്ത രാത്രി അനേകം അടുപ്പുകളിൽ തീ എരിയുന്നു എന്തുമാത്രം ജനങ്ങൾ അബൂസുഫ് യാൻ ഭയന്നുപോയി 

ഇവരെ തടുത്തുനിർത്താൻ ആർക്കു കഴിയും 

ഒരടുപ്പിനടുത്ത് ഉമർ (റ) നിൽക്കുന്നത് അബൂസുഫ് യാൻ കണ്ടു ഉള്ളൊന്നു പിടഞ്ഞു ഉമർ (റ) അബൂസുഫ് യാനെ തിരിച്ചറിഞ്ഞു

'ഇതാ വരുന്നു ഇസ്ലാമിന്റെ ബദ്ധശത്രു' ഉമർ (റ) പടവാളിൽ പിടിമുറുക്കി
'ഇവനെ ഇപ്പോൾ വധിക്കണം ഇനിയുമിവൻ ജീവിക്കാൻ പാടില്ല നബി (സ) തങ്ങളോട് അനുവാദം വാങ്ങി വരട്ടെ '

ഉമർ (റ) നബി(സ) തങ്ങളുടെ സമീപത്തേക്ക് ഓടി തൊട്ടുപിന്നാലെ തന്നെ അബ്ബാസ് (റ) വും ഓടി

'അല്ലാഹുവിന്റെ റസൂലേ അബൂസുഫ് യാന് അഭയം നൽകിയതു ഞാനാണ് '-

അബ്ബാസ് 

'അബൂസുഫ് യാനെ ഇപ്പോൾ വധിക്കേണ്ട അദ്ദേഹം ഇന്ന് അബ്ബാസിന്റെ കൂടെ കഴിയട്ടെ എന്നെ നാളെ രാവിലെ കണ്ടാൽ മതി '

അബൂസുഫ് യാനെ അബ്ബാസ് (റ)തന്റെ തമ്പിലേക്കു കൊണ്ടുവന്നു വളരെ സ്നേഹത്തോടെ പെരുമാറി

അബൂസുഫ് യാന് ആ രാത്രി ഉറക്കം വന്നില്ല ആയിരക്കണക്കിനു മുസ്ലിംകളുടെ മധ്യത്തിൽ താനിവിടെ ഒറ്റക്കു കിടക്കുന്നു  ഹിന്ദ് ഇതറിഞ്ഞാൽ ? ഭാര്യയെക്കുറിച്ചോർത്തപ്പോൾ ഞെട്ടിപ്പോയി

മുസ്ലിംകൾ നിസ്കരിക്കുന്നതും സർവ്വശക്തനായ റബ്ബിനോടു ദുആ ചെയ്യുന്നതും കണ്ടു   ഈ പ്രാർത്ഥന അല്ലാഹു സ്വീകരിക്കും തന്റെ പ്രാർത്ഥനയോ?

കല്ലിന്റെ മുമ്പിൽ ചെന്നു നിന്നാണല്ലോ തന്റെ പ്രാർത്ഥന ആ പ്രാർത്ഥന കൊണ്ട് ഒരു ഫലവും കണ്ടില്ല കല്ലുകൾ പ്രാർത്ഥന കേൾക്കുമോ?

മണ്ടത്തരം  ഒരായുഷ്കാലം മുഴുവൻ മണ്ടനായി കഴിച്ചു കൂട്ടി വൈകിയ വേളയിൽ അതൊക്കെ ചിന്തിച്ചിട്ടെന്തു കാര്യം?

നേരം വെളുക്കാറായി അടുത്ത തമ്പുകളിൽ ആളനക്കം പ്രഭാതമായി പ്രഭാത നിസ്കാരത്തിനു സമയമായി എല്ലാം അനുഭവിച്ചറിഞ്ഞു താനാകെ മാറിയിരിക്കുന്നു 

മനസ്സിൽ ഇസ്ലാമിന്റെ പ്രകാശം പരക്കുകയാണോ?

രാവിലെ അബൂസുഫ് യാൻ പ്രവാചകന്റെ മുമ്പിൽ ഹാജരാക്കപ്പെട്ടു ജനം പ്രവാചകന്റെ തമ്പിന്റെ മുമ്പിൽ തടിച്ചു കൂടി  അബൂസുഫ് യാന്റെ കാര്യത്തിൽ എന്തു തീരുമാനമെടുക്കുന്നു എന്നറിയാൻ എല്ലാവർക്കും വലിയ താല്പര്യമുണ്ട്

'അബൂസുഫ് യാൻ ആരാധനക്കർഹൻ അല്ലാഹു മാത്രമാണെന്നു മനസ്സിലാക്കാൻ താങ്കൾക്കിനിയും കഴിഞ്ഞില്ലേ? '

'താങ്കൾ വിശാലഹൃദയനും കുടുംബത്തെ സ്നേഹിക്കുന്നവനും തന്നെ-

അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരെങ്കിലും ഉണ്ടെങ്കിൽ അവർ ഞങ്ങളെ സഹായിക്കുമായിരുന്നല്ലോ?' അബൂസുഫ് യാൻ പറഞ്ഞു

'ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്നു നിങ്ങൾക്കു വിശ്വസിക്കാൻ സമയമായില്ലേ? നബി(സ) യുടെ ചോദ്യം

സമയം ഇഴഞ്ഞു നീങ്ങി ജനം കാതോർത്തു കാത്തിരുന്നു 
അബൂസുഫ് യാന്റെ മനസ്സിൽ കൊടുങ്കാറ്റടിക്കുന്നു വിറയാർന്ന ചുണ്ടുകളിൽ അബൂസുഫ് യാൻ മന്ത്രിച്ചു

'ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും , മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു '

ജനസഹസ്രങ്ങളുടെ ഖൽബകം കുളിരണിഞ്ഞു മക്കയുടെ നായകൻ ഇസ്ലാം സ്വീകരിച്ചു ഇനി , താമസമില്ല പ്രവാചകൻ മക്കയിൽ പ്രവേശിക്കുകയായി


നേരിന്റെ വഴിയിൽ

അബൂസുഫ് യാൻ ഞങ്ങൾ മക്കയിൽ പ്രവേശിക്കുകയാണ് താങ്കൾ മക്കക്കാരെ ഈ വിവരം അറിയിക്കുക മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചാൽ സുരക്ഷിതരാണ് സ്വന്തം വീട്ടിൽ വാതിലടച്ചിരിക്കുന്നവർ സുരക്ഷിതരാണ് അബൂസുഫ് യാന്റെ വീട്ടിൽ കടക്കുന്നവരും സുരക്ഷിതരാണ് 
നബി (സ) തങ്ങൾ അബൂസുഫ് യാനോടു പറഞ്ഞു
 
അദ്ദേഹം മക്കയിലേക്കു പോയി ഖുറൈശി പ്രമുഖന്മാരെ വിളിച്ചു കൂട്ടി അദ്ദേഹം ഉറക്കെ പറയാൻ തുടങ്ങി 

'ഖുറൈശികളേ നിങ്ങൾക്കു പരാജയപ്പെടുത്താനാവാത്ത മഹാ സൈന്യവുമായി ഇതാ മുഹമ്മദ് മക്കയിലേക്കു കടന്നുവരുന്നു സ്വന്തം വീട്ടിൽ വാതിലടച്ചിരിക്കുന്നവർ സുരക്ഷിതരാണ് മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചവരും സുരക്ഷിതരാണ് അബൂസുഫ് യാന്റെ വീട്ടിൽ കടന്നവരും  സുരക്ഷിതരാണ് ' അബൂസുഫ് യാന്റെ പ്രഖ്യാപനം കേട്ടപ്പോൾ പലർക്കും പുച്ഛമാണു തോന്നിയത്

'ഇതെന്തൊരു നാണംകെട്ട പ്രഖ്യാപനം മക്കയുടെ നായകന്റെ 

പ്രഖ്യാപനമാണോ ഇത്? മുഹമ്മദ് സൈന്യവുമായി വരുന്നെങ്കിൽ നാം അവരെ നേരിടണം വാതിലടച്ച് അകത്തിരിക്കണമെന്നാണോ മക്കയുടെ നായകൻ പറയുന്നത്?'

ചിലർ രോഷത്തോടെ വിളിച്ചു ചോദിച്ചു

'മുഹമ്മദും സൈന്യവും മക്കയിൽ പ്രവേശിച്ചാൽ അവരെ യുദ്ധം ചെയ്തു തുരത്തണം'

ഇക് രിമത്ത് പ്രഖ്യാപിച്ചു

കുറേപേർ ആ പ്രഖ്യാപനം സ്വാഗതം ചെയ്തു അവർ യുദ്ധത്തിന് ഒരുങ്ങാൻ മറ്റുള്ളവർ പ്രേരിപ്പിച്ചു 

അന്തഃരീക്ഷം ആകെ കലങ്ങി മറിയുമ്പോൾ ഹിന്ദ് രംഗത്തെത്തുന്നു തന്റെ ഭർത്താവിന്റെ നാണംകെട്ട പ്രഖ്യാപനത്തെക്കുറിച്ചു പലതും വിളിച്ചു പറഞ്ഞുകൊണ്ടാണവൾ വരുന്നത് 

കോപംകൊണ്ടു കലിതുള്ളി വരുന്ന ഹിന്ദ് ഭർത്താവിന്റെ താടിയിൽ പിടിച്ചു വലിച്ചു 

അദ്ദേഹം വേദന കൊണ്ടു പുളഞ്ഞു

'കഴിവുകെട്ട മനുഷ്യൻ ഇയാളാണോ മക്കയുടെ നായകൻ നാണം കെട്ടവൻ '
ആളുകളുടെ മുമ്പിൽ വെച്ച് ഹിന്ദ് അബൂസുഫ് യാനെ അവഹേളിക്കാൻ തുടങ്ങി

'യുദ്ധം ചെയ്യുക മരണം വരെ പോരാടുക മക്കക്കാരേ മുഹമ്മദിനെതിരെ അടരാടുക '

ഹിന്ദ് മക്കക്കാരെ ആഹ്വാനം ചെയ്തു

'മക്കക്കാരേ നിങ്ങൾ കാര്യങ്ങൾ ശരിയാംവണ്ണം മനസ്സിലാക്കണം മുഹമ്മദും സൈന്യവും മക്കയിൽ പ്രവേശിച്ചാൽ നിങ്ങൾക്കു രക്ഷയുണ്ടാവില്ല രക്ഷ വേണമെന്നുള്ളവർ വീട്ടിൽ കയറി വാതിലടച്ചുകൊള്ളുക അല്ലെങ്കിൽ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുക അതുമല്ലെങ്കിൽ എന്റെ വീട്ടിൽ അഭയംതേടുക ഹിന്ദിന്റെ വാക്കുകൾ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ '

അബൂസുസ് യാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു

ഈ വാക്കുകൾ ഹിന്ദിനെ കൂടുതൽ പ്രകോപിപ്പിച്ചു അവൾ ആവേശത്തോടെ വിളിച്ചു പറയാൻ തുടങ്ങി

'ഇയാൾ നീചനാണ് കഴിവുകെട്ടവനാണ് യാതൊരു യോഗ്യതയുമില്ലാത്തവനാണ് പൗരഷമുള്ള യുവാക്കളില്ലേ ഇയാളെ കൊല്ലാൻ '

ഹിന്ദിന്റെ വാക്കുകൾക്കു വലിയ പ്രതികരണമൊന്നുമുണ്ടായില്ല

ആളുകൾ പൊതുവെ ഭീതിയിലാണ് വളരെ വൈകാതെ മുസ്ലിംകൾ മക്കയിൽ പ്രവേശിക്കുമെന്ന കാര്യം ഉറപ്പാണ് അവരെ തടഞ്ഞു നിറുത്താൻ മക്കക്കാരുടെ  സൈന്യത്തിനാവില്ലെന്നതും ഉറപ്പാണ് സ്വന്തം താവളങ്ങളിലേക്കു മടങ്ങുന്നതാണുത്തമം വീടുകളിൽ വാതിലടച്ചിരിക്കുക

തെരുവിലെ തിരക്കൊഴിയുന്നു ആളുകൾ വീടുകളിൽ അഭയം തേടുന്നു

'ജനങ്ങളേ നിങ്ങൾ എങ്ങോട്ടു പോവുന്നു? നാടിനെ രക്ഷിക്കാൻ പോരാടുന്നില്ലേ? നിങ്ങൾ ആയുധമണിയുന്നില്ലേ? '

ഹിന്ദ് വിളിച്ച് ചോദിക്കുന്നു

'നാവടക്കൂ പ്രസംഗം നിർത്തൂ വീട്ടിൽ പോകൂ'

അബൂസുഫ് യാൻ ഭാര്യയെ താക്കീതു ചെയ്യുന്നു

'ഈ കിഴവനെ പിടിച്ചു കെട്ടൂ ഇവനെ കൊന്നുകളയൂ ഈ നീചനെ വധിക്കൂ'

ഹിന്ദ് അട്ടഹസിക്കുന്നു

'എല്ലാവരും അഭയകേന്ദ്രങ്ങളിൽ പ്രവേശിക്കുക എതിർക്കാൻ നിന്നാൽ നിങ്ങൾക്കു ജീവൻ നഷ്ടപ്പെടും ' -അബൂസുഫ് യാൻ 

'ഇല്ല ഞങ്ങൾ വീടുകളിലേക്കില്ല ഞങ്ങൾ മുഹമ്മദിനെ നേരിടും '
ചില നേതാക്കളുടെ പ്രഖ്യാപനം

അവർ ആരൊക്കെ?

സുഹൈലുബ്നു അംറ്

സഫ് വാനു ബ്നു ഉമയ്യ

ഇക്രിമതുബ്നു അബീജഹൽ

മൂന്നു നേതാക്കന്മാർ അവരുടെ പിന്നിൽ കുറേ യോദ്ധാക്കൾ അണിനിരന്നു
'അബദ്ധം കാണിക്കരുത് നിങ്ങൾ ആപത്തിലേക്കാണ് എടുത്തു ചാടരുത് ' -അബൂസുഫ് യാൻ

'നിങ്ങളെപ്പോലെ കഴിവുകെട്ടവരുടെ ഉപദേശം ഇവിടെ ആവശ്യമില്ല' -അവർ തിരിച്ചടച്ചു

'അവരെ കണ്ടു പഠിക്കൂ'

ഹിന്ദിന്റെ ആഹ്വാനം

നിന്നോടു വീട്ടിൽ പോവാനാണു പറഞ്ഞത് അബൂസുഫ് യാൻ ഭാര്യയെ നേരിടുന്നു 

അകലെ മലഞ്ചെരിവിൽ വമ്പിച്ച ആരവം ഉയരുന്നു

'അല്ലാഹു അക്ബർ '
അല്ലാഹു അക്ബർ
മക്കക്കാർ ഞെട്ടിവിറച്ചു 

വർഷങ്ങളായി അവർ കാത്തിരുന്ന ദിവസം ഇതാ വന്നെത്തിയിരിക്കുന്നു
മുഹമ്മദ് ശക്തി സംഭരിക്കുമെന്നും മക്കയിൽ തിരിച്ചെത്തി പ്രതികാരം ചെയ്യുമെന്നും അവർ പ്രതീക്ഷിക്കുന്നു ഇന്നിവിടെ എന്തും സംഭവിക്കാം ജനങ്ങൾ പരക്കം പായാൻ തുടങ്ങി  അവർ വീടുകളിൽ കയറി വാതിലടച്ചു ജനൽപഴുതിലൂടെ പുറത്തേക്കു നോക്കി 

അതാ, നീങ്ങുന്നു മക്കൻ സൈന്യം സുഹൈലുബ്നു അംറ്, സഫ് വാനുബ്നു ഉമയ്യ, ഇക്രിമതു ബ്നു അബീജഹൽ എന്നിവർ  നയിക്കുന്ന സൈന്യം അവർ മുസ്ലിംകളുമായി ഏറ്റുമുട്ടി പിടിച്ചു നിൽക്കാനായില്ല മൂന്നു  നേതാക്കളും ജീവനും കൊണ്ടോടി കൂടെയുള്ളവരും ഓടി ഓടിയോടി ഓരോ സ്ഥലത്ത് അഭയംതേടി

മുസ്ലിംകൾ മുമ്പോട്ടു നീങ്ങുന്നു പ്രവാചകൻ മക്കയിലെത്തുന്നു 

വർഷങ്ങൾക്കുശേഷമുള്ള ആഗമനം ചരിത്ര പ്രസിദ്ധമായ തിരിച്ചു വരവ് വർഷങ്ങൾക്കു മുമ്പ് മക്ക വിട്ടുപോയവർ തിരിച്ചെത്തുന്നു  അവർ ആവേശഭരിതരാണ് തക്ബീർ ധ്വനികളുയരുന്നു അവർ പിറന്ന നാട് കളിച്ചു വളർന്ന മണ്ണ് എത്ര ദുഃഖത്തോടെയാണ് ഇവിടം വിട്ടുപോയത് 

ഒരോരുത്തരും തങ്ങളുടെ വീട് നോക്കുന്നു ഈത്തപ്പനകൾ നോക്കുന്നു ബന്ധുക്കളുടെ ഭവനങ്ങൾ നോക്കുന്നു വികാര ഭരിതരാവുന്നു തങ്ങൾ ആയിരം തവണ നടന്നു പോയ വഴികൾ വിയർപൊഴുക്കി ജോലി ചെയ്ത സ്ഥലങ്ങൾ

മർദ്ദനത്തിന്റെ ഓർമ്മകൾ ഉണരുന്നു ഏകനായ അല്ലാവിൽ വിശ്വസിച്ചു അവന്റെ പ്രവാചകനിൽ വിശ്വസിച്ചു അക്കാരണത്താൽ തങ്ങൾ മർദ്ദിക്കപ്പെട്ടു തുല്യതയില്ലാത്ത മർദ്ദനം   ഈ മണൽക്കാട്ടിൽ പലരും പിടഞ്ഞു മരിച്ചു ആ മർദ്ദകന്മാർ ഇന്നെവിടെ? ഉമയ്യത്തുബ്നു ഖലഫ് എവിടെ?

ഉത്ബത്ത് എവിടെ?

ശൈബത്ത് എവിടെ? 

ആ മർദ്ദകന്മാർ മണ്ണിലമർന്നു ഈ തിരിച്ചു വരവ് കാണാൻ അവരാരും ജീവിച്ചിരിപ്പില്ല

സർവ്വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹം

അതാ കഅബാലയം തങ്ങളുടെ ആരാധനാകേന്ദ്രം ആവേശം ഇരട്ടിക്കുന്നു തക്ബീർ ധ്വനികൾ ഉച്ചത്തിലാവുന്നു സത്യവിശ്വാസികൾ കഅ്ബാലയത്തിലെത്തിക്കഴിഞ്ഞു 

ഇന്നവിടെ ഖുറൈശിക്കൂട്ടങ്ങളില്ല എതിർക്കാൻ ആരുമില്ല എല്ലാവരും വീട്ടിലിരുന്ന് ഒളിഞ്ഞുനോക്കുകയാണ് മുസ്ലിംകളിൽ ചിലർ കഅബാലയത്തെ ചുറ്റുന്നു ചിലർ നിസ്കരിക്കുന്നു ചിലർ കയ്യുയർത്തി പ്രാർത്ഥിക്കുന്നു  സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഇബ്റാഹിം നബി(അ) നടത്തിയ പ്രാർത്ഥന സഫലമാവുന്നു

ബിംബങ്ങളുടെ കാലം കഴിഞ്ഞു ആ കല്ലുകൾക്കിനി കഅബാലയത്തിൽ സ്ഥാനമില്ല ശിർക്കിന്റെ കോട്ടകൾ തകർന്നു തൗഹീദിന്റെ പ്രകാശം പരന്നു മക്കക്കാരുടെ കാതുകളിൽ അപ്പോഴും തക്ബീർ ധ്വനികളിൽ മാറ്റൊലി കൊള്ളുകയായിരുന്നു


മാപ്പുതരൂ

അബൂസുഫ് യാന്റെ വീടിന്റെ വാതിലുകൾ അടഞ്ഞുകിടന്നു 

ജനലുകൾക്കരികിൽ നിരവധി നയനങ്ങൾ ഹിന്ദ് ജനലിലൂടെ പുറത്തേക്കു നോക്കി മുസ്ലിംകൾ അണിയൊപ്പിച്ചു നീങ്ങുന്നു തക്ബീർ ധ്വനികൾ മുഴങ്ങുന്നു അതാ ഒട്ടകപ്പുറത്തു പ്രവാചകൻ

എത്രയോ തവണ ആ മുഖം കണ്ടിട്ടുണ്ട് വർഷങ്ങൾക്കു മുമ്പ്
ഹിന്ദ് സൂക്ഷിച്ചു നോക്കി

മുഖത്തു ശാന്ത ഗംഭീര ഭാവം വിനീതനായി ഒട്ടകപ്പുറത്തിരിക്കുന്നു അല്ലാഹു നൽകിയ മഹത്തായ അനുഗ്രഹങ്ങളെക്കുറിച്ചോർത്തു ശിരസ്സു കുനിയുന്നു അഹംഭാവമില്ല  അന്നത്തെ സന്ധ്യക്ക് എന്തൊരു ഗാംഭീര്യം 

കഅബാ ശരീഫിൽ നിന്ന് ഉച്ചത്തിലുള്ള ഖുർആൻ പാരായണം കേൾക്കാം 
ചിലർ നിസ്കാരത്തിലാണ് മറ്റുള്ളവർ ത്വവാഫ് ചെയ്യുന്നു

കഅബാലയത്തിന്റെ പ്രതാപം പലരും മക്കയിലെ തെരുവുകളിൽ സഞ്ചരിക്കുന്നു പഴയകാല ഓർമകൾ തികട്ടി വരുന്നു

ജാഹിലിയ്യാ കാലഘട്ടത്തിന്റെ ഓർമകൾ മർദ്ദനത്തിന്റെ കഥകൾ മക്കയിലെ ഓരോ വീട്ടിലും ഇസ്ലാം മതത്തെക്കുറിച്ചുള്ള സംസാരമാണു നടക്കുന്നത്
മക്കാപട്ടണം മുസ്ലിംകളുടെ കരങ്ങളിലാണ് അവരെ ദ്രോഹിച്ചവർ അമ്പരക്കുന്നു ആദ്യകാല മുസ്ലിംകളെ മർദ്ദിച്ചവരും കൊന്നവരും മക്കയിലുണ്ട് അവർ പ്രതികാരം പ്രതീക്ഷിക്കുന്നു  

അവർ പ്രവാചകന്റെ മുമ്പിൽ ഹാജരാക്കപ്പെട്ടു അവർ മരണം മുമ്പിൽ കാണുന്നു

'ഇന്നത്തെ ദിവസം നിങ്ങൾക്കെതിരെ യാതൊരു പ്രതികാര നടപടിയും സ്വീകരിക്കപ്പെടുന്നതല്ല നിങ്ങൾക്കു സ്വതന്ത്രമായി പിരിഞ്ഞു പോവാം അല്ലാഹു പൊറുത്തു തരുമാറാവട്ടെ '

പ്രവാചകൻ അവരെ നോക്കിപ്പറഞ്ഞു

അവർക്കു ജീവൻ തിരിച്ചു കിട്ടി എന്തൊരു വിശാലമനസ്കത എന്തൊരു ഔദാര്യം  ഇതാണോ ഇസ്ലാം  എങ്കിൽ ഇതെത്ര മനോഹരം നമുക്കും ഈ മാർഗം സ്വീകരിക്കാം

ആളുകൾ  കൂട്ടത്തോടെ ഇസ്ലാം ആശ്ലെഷിക്കുന്നു

മക്കയിലെ സംഭവ വികാസങ്ങൾ ഹിന്ദ് അറിയുന്നു അവർ ചിന്തയിൽ വീഴുന്നു മനസ്സിൽ സംഘർഷം മുറുകുന്നു

പതിറ്റാണ്ടുകളായി ഇസ്ലാമിനെ തകർക്കാൻ നടക്കുന്നു എന്നിട്ടെന്തു നേടി? 

പ്രിയപ്പെട്ടവരുടെ ജീവൻ പോയി ഇസ്ലാം വളർന്നു വികസിച്ചു ഇവിടം വരെയെത്തി

ഇസ്ലാമാണോ സത്യദീൻ?

മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണോ? എങ്കിൽ ആ  മാർഗം തനിക്കും സ്വീകരിച്ചുകൂടേ?

ഹിന്ദ് ഭർത്താവിന്റെ മുമ്പിലെത്തി അബൂസുഫ് യാൻ ആ മുഖത്തേക്കു നോക്കി അവിടം ശാന്തമായിരിക്കുന്നു  ഹിന്ദ് ശാന്തസ്വരത്തിൽ സംസാരിക്കുന്നു
'അല്ലാഹുവിലും അന്ത്യപ്രവാചകരിലും വിശ്വസിക്കുന്നതാണോ ഉത്തമം?'

'തീർച്ചയായും '

'എങ്കിൽ നമുക്കും ആ മാർഗം സ്വീകരിച്ചുകൂടേ?' -ഹിന്ദ്

അബൂസുഫ് യാന്റെ മുഖം പ്രസന്നമായി അദ്ദേഹം അമിതമായ സ്നേഹത്തോടെ ഭാര്യയെ നോക്കി

'പ്രിയപ്പെട്ടവളേ, ഞാൻ സത്യമാർഗം അവലംബിച്ചുകഴിഞ്ഞു'

'ങേ... നിങ്ങൾ ഇസ്ലാം മതം സ്വീകരിച്ചു കഴിഞ്ഞോ?'

'അതെ'

'ഭയം കൊണ്ടായിരിക്കും'

ഹിന്ദ് അല്പം പരിഹാസം കലർത്തി ചോദിച്ചു

'ഭയം കൊണ്ടല്ല ഇസ്ലാം സത്യമാർഗമാണെന്ന് എനിക്കു വിശ്വാസം വന്നു ഞാൻ വിശ്വസിച്ചു നീയും വിശ്വസിക്കണം'

'എന്റെ പിതാവിനും സഹോദരനും മറ്റു നേതാക്കൾക്കും എന്തുകൊണ്ട് ഇതു മനസ്സിലാക്കാൻ കഴിഞ്ഞില്ല '

'അവർ ബുദ്ധിയുള്ളവരായിരുന്നു പക്ഷേ, അവർ ദുർമാർഗത്തിൽ ജീവിക്കാൻ ഇഷ്ടപ്പെട്ടു അവരുടെ അഹങ്കാരം അവരെ നന്മയിൽ നിന്നു തടഞ്ഞു നമ്മെ അല്ലാഹു അനുഗ്രഹിച്ചു ' അബൂസുഫ് യാൻ വികാരാധീതനായി

'എനിക്കു പ്രവാചകൻ മാപ്പുതരുമോ ? ഞാൻ ചെയ്ത തെറ്റിനു മാപ്പുണ്ടോ?  ഹിന്ദ് ഗദ്ഗതത്തോടെ ചോദിക്കുന്നു

'നിനക്കു മാപ്പുതരാൻ മാത്രം വിശാല മനസ്കനാണു പ്രവാചകൻ '

ഹിന്ദിന്റെ നയനങ്ങൾ നിറഞ്ഞൊഴുകുന്നത് അബൂസുഫ് യാൻ ശ്രദ്ധിച്ചു 
അഹങ്കാരിയായ സ്ത്രീ, വിനീതയായി മാറുന്നു അവർക്കു പ്രവാചകനെ സമീപിക്കണമെന്നുണ്ട് ധൈര്യം വരുന്നില്ല 

ഹിന്ദ് കുലീന കുടുംബങ്ങളിലേക്ക് ആളെ അയച്ചു അവിടത്തെ സ്ത്രീകളെ വരുത്തി 

ഇക്രിമത്തിന്റെ ഭാര്യ ഉമ്മു ഹകീമും മറ്റും വന്നുചേർന്നു ഇസ്ലാം മതം സ്വീകരിക്കുന്നതിനെക്കുറിച്ചു നിങ്ങളുടെയൊക്കെ അഭിപ്രായമെന്താണ്? 
ഹിന്ദ് അവരോടു ചോദിച്ചു

'ഇസ്ലാം മതം സ്വീകരിക്കുന്നതാണുത്തമം എന്നു ഞങ്ങൾക്കും തോന്നുന്നു ' മറ്റു സ്ത്രീകൾ ഒന്നിച്ചു പറഞ്ഞു

'എങ്കിൽ നമുക്കു പ്രവാചകന്റെ അടുത്തേക്കു പോവാം' അവർ തീരുമാനമെടുത്തു

ഹിന്ദിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം സ്ത്രീകൾ പുറപ്പെടുന്നു അവർ മുഖം മറച്ചിരിക്കുന്നു ആർക്കും അവരെ തിരിച്ചറിയാനായില്ല
 
മനസ്സു കലങ്ങി മറിയുന്നു ആയുഷ്കാലം മുഴുവൻ തങ്ങൾ എതിർത്തു പോന്ന നേതാവിന്റെ അടുത്തേക്കാണു പോവുന്നത് പാദങ്ങൾ പതറുന്നു

ജീവിതത്തിലൊരിക്കലും ഇങ്ങനെയൊരു അവസ്ഥയുണ്ടായിട്ടില്ല എന്തൊരു കുറ്റബോധം നെടുവീർപ്പും കണ്ണീരുമായി അവർ നടന്നു ചെല്ലുന്നു
പ്രവാചകന്റെ സദസ്സ്  മുഖം മറച്ച സ്ത്രീകൾ അവിടേക്കു കടന്നുചെന്നു

'നിങ്ങൾ എന്തിനുവന്നു?'

'അല്ലാഹുവിലും അന്ത്യപ്രവാചകരിലും വിശ്വസിക്കാൻ വന്നവരാണ് '

'അല്ലാഹുവിനോട് ഒന്നിനെയും പങ്കുചേർക്കുകയില്ലെന്നു പ്രതിജ്ഞയെടുക്കുക ' പ്രവാചകൻ അവരോടു പറഞ്ഞു

'അല്ലാഹുവിനെ കൂടാതെ മറ്റൊരു  ഇലാഹില്ല ഉണ്ടായിരുന്നെങ്കിൽ അതിന്റെ കഴിവു ഞങ്ങൾ കാണുമായിരുന്നു '

'നിങ്ങൾ മോഷ്ടിക്കരുത് '

പ്രവാചകൻ വീണ്ടും ഉപദേശിക്കുന്നു

'മോഷ്ടിക്കുകയില്ല സ്വതന്ത്ര സ്ത്രീകൾ മോഷ്ടിക്കാമോ?' മുഖം മറച്ച സ്ത്രീ ഒരു സംശയം ചോദിച്ചു

'അബൂസുഫ് യാൻ ലുബ്ധനാണ് പണം ചെലവാക്കാൻ മടിയനാണ് കുട്ടികളുടെ ആവശ്യത്തിനുവേണ്ടി ഞാൻ ചിലപ്പോൾ അദ്ദേഹത്തിന്റെ പണമെടുക്കാറുണ്ട് അതിന്റെ വിധിയെന്താണ്?'

ഈ ചോദ്യം പ്രവാചകന്റെ മനസ്സിൽ സംശയമുണർത്തി ഈ സ്ത്രീ ആരാണ്?

പ്രവാചകൻ പറഞ്ഞു

'നിനക്കും നിന്റെ കുട്ടികൾക്കും മര്യാദ പ്രകാരം വേണ്ടത് എടുക്കാം '

അല്പനേരത്തെ നിശ്ശബ്ദതക്കുശേഷം പ്രവാചകൻ ചോദിച്ചു നീ ആരാണ് ? ഹിന്ദ് തന്നെയോ?

ആ സ്ത്രീയുടെ മുഖത്തെ ആവരണം നീങ്ങുന്നു നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഹിന്ദ് മുമ്പിലിരിക്കുന്നു 

'അങ്ങ് അല്ലാഹുവിന്റെ റസൂലാണ് എനിക്കു മാപ്പുതന്നാലും '-ഹിന്ദ്

'അല്ലാഹു നിനക്കു മാപ്പുതരട്ടെ'

മനസ്സിലെ തീനാളം അണയുന്നു അവിടെ ഒരിക്കലുമില്ലാത്ത തണുപ്പ് മനസ്സ് ശാന്തമായിരിക്കുന്നു താൻ ചെയ്ത തെറ്റുകൾക്കു മാപ്പു ലഭിച്ചിരിക്കുന്നു

'അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു' ഹിന്ദ് ശഹാദത്ത് ചൊല്ലി ആ വാർത്ത മുസ്ലിംകൾക്കിടയിൽ പരന്നു

അബൂസുഫ് യാൻ(റ)വിനു പിന്നാലെ ഹിന്ദ്(റ)വും ഇസ്ലാം മതം സ്വീകരിച്ചു ഹിന്ദ് (റ) മാത്രമല്ല, ഒരുകൂട്ടം കുലീന വനിതകളും ഇസ്ലാം മതം സ്വീകരിച്ചു ആ കൂട്ടത്തിൽ ഇക്രിമത്തിന്റെ ഭാര്യയുമുണ്ട്  

ഹിന്ദ് (റ)വും കൂട്ടരും പ്രവാചകസന്നിധിയിൽനിന്നും യാത്രയായി ഒരു പുതിയ ജന്മം കിട്ടിയ സന്തോഷമാണവർക്ക് ഇനിയുള്ള കാലം ഇസ്ലാമിന്റെ സേവനത്തിനുവേണ്ടി ചെലവഴിക്കണം അവർ തീർച്ചയാക്കി 
പ്രവാചകന്റെ ഉപദേശം അവരുടെ മനസ്സിൽ തങ്ങിനിൽപ്പുണ്ട്

കളവു നടത്തരുത്

വ്യഭിചരിക്കരുത്

അപവാദം പ്രചരിപ്പിക്കരുത്

സൽകർമ്മങ്ങൾ ചെയ്യണം

എല്ലാം മനസ്സിൽ തന്നെയുണ്ട് ഇസ്ലാമിന്റെ വിനീത ദാസിയായി പിന്നീടവർ ജീവിച്ചു

ഹിന്ദിന്റെ ചരിത്രമറിയുന്ന ആരും അവർ പ്രവാചകന് (സ) മുന്നില്‍ ബൈഅത്ത് ചെയ്യാനെത്തുമെന്ന് പ്രതീക്ഷിക്കുകയില്ല. അവർ ഒളിച്ചോടുകയോ, വധശിക്ഷക്ക് വിധേയമാവുകയോ ആണ് ചെയ്യുകയെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്.      

ഹിന്ദിന്റെ ജീവിതത്തിലെ അതിനിര്‍ണായകമായ നിമിഷങ്ങളിലൊന്നായിരുന്നു അത്! ഇസ്ലാമിനെതിരായ അവരുടെ ചരിത്രം തളംകെട്ടി നില്‍ക്കുന്ന പ്രവാചക ഹൃദയം എങ്ങനെയാണ് അവളോട് പ്രതികരിച്ചത്? ഹംസഃ ബിന്‍ അബ്ദുല്‍ മുത്ത്വലിബിന് അവളുടെ കയ്യാല്‍ സംഭവിച്ചത് ആര്‍ക്കാണ് മറക്കാനാവുക?

എന്നാല്‍ തിരുമേനി(സ) പതിവ് പോലെ എല്ലാം പൊറുത്ത്, മാപ്പാക്കി കൊടുക്കുന്നു. വേദനാജനകമായ തന്റെ സ്മരണകളെക്കുറിച്ച് ഒരു അക്ഷരം പോലും അദ്ദേഹം ഉരുവിട്ടില്ല. മറിച്ച് അവയെല്ലാം അദ്ദേഹം മാറ്റി വെച്ചു. അവളുടെ ഇസ്ലാം സ്വീകരണം തികഞ്ഞ മനസ്സോടെ സ്വീകരിച്ചു. ഒന്നും സംഭവിക്കാത്ത പോലെ സ്ത്രീകളുടെ ബൈഅത്ത് പൂര്‍ത്തീകരിക്കുകയും ചെയ്തു!!! അദ്ദേഹം തുടര്‍ന്നു ‘വ്യഭിചരിക്കുകയുമില്ല’.

ഹിന്ദ് വീണ്ടും ചോദിച്ചു ‘അല്ലാഹുവിന്റെ ദൂതരെ, സ്വതന്ത്ര സ്ത്രീ വ്യഭിചരിക്കുമോ?

തിരുമേനി(സ) മറുപടിയൊന്നും പറഞ്ഞില്ല. അദ്ദേഹം ബൈഅത്ത് ചൊല്ലിക്കൊടുക്കല്‍ തുടര്‍ന്നു ‘നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളെ വധിക്കുകയുമരുത്’.

ഹിന്ദ് പറഞ്ഞു ‘ചെറുപ്പത്തില്‍ ഞങ്ങള്‍ അവരെ വളര്‍ത്തിയിരിക്കുന്നു. വലുതായപ്പോള്‍ താങ്കള്‍ അവരെ കൊന്നു കളഞ്ഞു. ഞങ്ങളുടെ എല്ലാ മക്കളെയും താങ്കള്‍ ബദ്‌റില്‍ വെച്ച് കൊലപ്പെടുത്തിയില്ലേ? ്അവരുടെ പിതാക്കന്മാരെ താങ്കള്‍ ബദ്‌റില്‍ വെച്ച് കൊലപ്പെടുത്തിയിരിക്കുന്നു. എന്നിട്ടിപ്പോള്‍ അവരുടെ മക്കളുടെ കാര്യത്തില്‍ താങ്കള്‍ ഞങ്ങളെ ഉപദേശിക്കുകയാണോ?

തിരുമേനി(സ) ഒന്നും പ്രതികരിച്ചില്ല. എന്തിനാണ് ബദ്‌റില്‍ അവരോട് യുദ്ധം ചെയ്തതെന്ന് വിശദീകരിച്ചതുമില്ല. നിന്റെ പിതാവും, പിതൃവ്യരും, സഹോദരന്മാരും, സന്താനങ്ങളും രാപ്പകല്‍ ഭേദമില്ലാതെ ഞങ്ങള്‍ക്കെതിരെ പീഢനം അഴിച്ചുവിട്ടിരുന്നില്ലേ എന്ന് ചോദിച്ചതുമില്ല. തിരുമേനി(സ) ഒന്നും ഉരിയാടിയില്ല. വളരെ അല്‍ഭുതകരമായ വിധത്തിലാണ് തിരുമേനി(സ) പ്രതികരിച്ചത്.

അദ്ദേഹം കൂടുതലൊന്നും പറയാതെ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. വളരെ ലളിതമായി പ്രസ്തുത വിഷയത്തെ കൈകാര്യം ചെയ്തു. ഹിന്ദിന്റെ നിലപാടിനെ മാനിച്ചു. ഇസ്ലാം അവള്‍ക്ക് പ്രയാസകരമാണെന്ന് തിരിച്ചറിഞ്ഞു. ശേഷം ബൈഅത്ത് തുടര്‍ന്ന് കൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു ‘ആരോപണം കെട്ടിച്ചമച്ച് കൊണ്ട് വരികയുമരുത്’.

ഹിന്ദ് പ്രതികരിച്ചു ‘അല്ലാഹുവാണ, ആരോപണം ഉന്നയിക്കുന്നത് വളരെ മോശം തന്നെ’.

തിരുമേനി(സ) തുടര്‍ന്നു ‘നന്മയുടെ കാര്യത്തില്‍ നിങ്ങള്‍ എന്നെ ധിക്കരിക്കുകയുമരുത്’.

ഹിന്ദ് പറഞ്ഞു ‘അല്ലാഹുവാണ, താങ്കളെ ധിക്കരിക്കാനല്ല ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്’. ഇപ്രകാരം ഹിന്ദുള്‍പെടെയുള്ള മക്കയിലെ എല്ലാ സ്ത്രീകളില്‍ നിന്നും തിരുമേനി(സ) ബൈഅത്ത് സ്വീകരിച്ചു.

ഹിന്ദ് (റ)വിന്റെ ഓമന മകനാണു മുആവിയ പിൽക്കാല ചരിത്രത്തിലെ നായകൻ മുആവിയ പ്രമുഖ സ്വഹാബിയാണ് 

അബൂസുഫ് യാൻ(റ) ന്റെ വീട്ടിലെ അന്തരീക്ഷം അപ്പാടെ മാറിപ്പോയി അവിടെ വിശുദ്ധ ഖുർആന്റെ ശബ്ദം ഉയർന്നു നിസ്കാരത്തിന്റെയും ദുആയുടെയും ശബ്ദം ഉയർന്നു 

പാതിരാത്രിയുടെ ഇരുട്ടിൽ ഹിന്ദ് (റ) തേങ്ങിക്കരഞ്ഞു അബൂസുഫ് യാൻ (റ) അവരെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു

എന്താണിങ്ങനെ കരയുന്നത്?

'ഞാൻ.... ഉഹ്ദിനെക്കുറിച്ചു ചിന്തിച്ചുപോയി....ഹംസ(റ) വിനെക്കുറിച്ചും ...'
അതും പറഞ്ഞ് ഹിന്ദ്(റ) വീണ്ടും തേങ്ങി.


അലി അഷ്‌കർ : 95267 65555

No comments:

Post a Comment