Friday 19 June 2020

മുഹമ്മദലി ശിഹാബ് തങ്ങൾ




അര്‍ദ്ധരാത്രി കഴിഞ്ഞിട്ടുണ്ട്. മകള്‍ക്കു പെട്ടെന്നു പ്രസവ വേദനയനുഭവപ്പെട്ടപ്പോള്‍ ആ വൃദ്ധ മാതാവിനു വല്ലാത്ത ആധിയായി. ഹോസ്പിറ്റലില്‍ വേഗം എത്തണം. പരിസരത്തൊന്നും വീടുമില്ല. സഹായത്തിനൊരാളുമില്ല. പുറത്താണെങ്കില്‍ കോരിച്ചൊരിയുന്ന മഴ...! ഈ പെരുമഴയത്ത് ആരെ വിളിക്കാന്‍ ...? വിളിച്ചാല്‍ത്തന്നെ ആരു വരാന്‍ ...? ഇങ്ങനെയുള്ള വിഷമചിന്തകള്‍ അവരെ വല്ലാതെയലട്ടി.

പൂര്‍ണഗര്‍ഭിണിയായ മകള്‍ കഠിനവേദനയാല്‍ കരയുന്നു. അമ്മ വലതുകൈയിലൊരു കുടയും ഇടതു കൈയില്‍ മകളെ ചേര്‍ത്തുപിടിച്ചും മുറ്റത്തേക്കിറങ്ങി. ഒരു കിലോമീറ്ററോളം നടന്ന്‌

മെയിന്‍ റോഡിലെത്തി. കോഴിക്കോട് പാലക്കാട് റൂട്ടില്‍ അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും വാഹനത്തിരക്കിനൊരു കുറവുമില്ല. ലോഡ് കയറ്റിയ അശോക് ലൈലാന്‍ഡ് തമിഴന്‍ ഗുഡ്‌സ് വാഹനങ്ങളും ടാങ്കര്‍ ലോറികളും ഏങ്ങിയും വലിഞ്ഞും മുരണ്ടും കടന്നു പോകുന്നു. വിലകൂടിയ പുത്തന്‍ മോഡലുകളിലുള്ള കാറുകളും ഇടക്കിടെ ചീറിപ്പായുന്നുണ്ട്. അമ്മ വാഹനങ്ങളേതാണെന്നൊന്നും നോക്കിയില്ല. കൈകാണിക്കാന്‍ തുടങ്ങി. ഒന്നും നിര്‍ത്തുന്നില്ല. തങ്ങളെ പുച്ഛിച്ചുകൊണ്ടാണ് അവ കടന്നുപോകുന്നതെന്നു പോലും തോന്നി അവര്‍ക്ക്....

സമയം വൈകുകയാണ്. മകളുടെ വേദനക്കൊപ്പം മാതൃഹൃദയത്തിന്റെ വേദനയും ശതഗുണീഭവിച്ചു. മകളെയും താങ്ങി ഒരമ്മ റോഡരികില്‍ നില്‍ക്കുന്നു. അവശയായ മകള്‍, ആ അമ്മയുടെ തോളിലേക്കു ചാഞ്ഞു കൊണ്ടു വേദന കടിച്ചമര്‍ത്തി. വരുന്ന വാഹനങ്ങള്‍ക്കൊക്കെ അവര്‍ കൈകാണിക്കുന്നുണ്ട്. 'മക്കളേ, ഒന്നു നിര്‍ത്തണേ...' അമ്മ ആരോടെന്നില്ലാതെപറയുന്നു. ദൈന്യമായ മുഖത്തോടെയും പരിഭ്രമത്തോടെയും ആ പെണ്‍കുട്ടിയും കരഞ്ഞുകൊണ്ട് കാണിക്കുന്ന ദയനീയ രംഗം! വാഹനങ്ങള്‍ പലതും കടന്നു പോയി. അപ്പോഴും തുള്ളിക്കൊരുകുടമായി മഴ പെയ്തുകൊണ്ടിരുന്നു...

'അമ്മേ.. ഇനിയെന്താ ചെയ്യാ.. ഒരു വണ്ടീം നിര്‍ത്തുന്നില്ലല്ലോ....!' വേദനയേറി വയറിന്മേല്‍ ഇരുകൈകളും ചേര്‍ത്തുപിടിച്ചുകൊണ്ട് പെണ്‍കുട്ടി നിലത്തിരുന്നുപോയി. മുളന്തണ്ട് കീറുന്ന ശബ്ദത്തിലുള്ള നിലവിളി പെരുമഴയത്തലിഞ്ഞില്ലാതെയായി. വൃദ്ധമാതാവിന്റെ ഉള്ള ധൈര്യവും ചോര്‍ന്നുതുടങ്ങി. നിസ്സഹായതയുടെ നിമിഷങ്ങള്‍ ....!

ദൂരെ നിന്നൊരു വാഹനം മെല്ലെ വരുന്നുണ്ട്. പ്രതീക്ഷയോടെ വീണ്ടുമവര്‍ കൈകാണിച്ചു. വാഹനം അവരുടെ സമീപത്തേക്കു ഒതുങ്ങിനിന്നു. സൈഡ് വിന്‍ഡോ താഴ്ത്തപ്പെട്ടു. ഡ്രൈവറും വേറെയൊരാളും മാത്രമാണ് കാറില്‍. സുസ്‌മേരവദനനായിഅദ്ദേഹം കാര്യമന്വേഷിച്ചു. വിവരങ്ങളറിഞ്ഞതില്‍ പിന്നെ ഒട്ടും താമസിച്ചില്ല. അവര്‍ക്കായി ആ വാഹനത്തിന്റെ വാതില്‍ തുറക്കപ്പെട്ടു.തൂവെള്ള വസ്ത്രധാരിയായ ആ മനുഷ്യന്‍ കാറില്‍ നിന്നിറങ്ങി. ഡ്രൈവറുമായി എന്തൊക്കെയോ സംസാരിക്കുന്നു. എല്ലാം തലയാട്ടി സമ്മതിച്ച് ഡ്രൈവര്‍ ആ അമ്മയോടും മകളോടും കയറാന്‍ പറഞ്ഞു. കാറിലുണ്ടായിരുന്ന ആ മനുഷ്യനെ വിജനമായ നടുറോഡില്‍ തനിച്ചാക്കി വാഹനം മലപ്പുറത്തെ ഒരു ഹോസ്പിറ്റലിലേക്കു പാഞ്ഞു.

ചെറുപ്പക്കാരനായ ആ ഡ്രൈവര്‍ അവരെ ഹോസ്പിറ്റലിലാക്കി അവരുടെ അത്യാവശ്യ കാര്യങ്ങളിലൊക്കെ ഇടപെട്ട് പെണ്‍കുട്ടി പ്രസവിച്ച വാര്‍ത്തയുമായാണ് തിരിച്ചെത്തിയത്. ഒരു മണിക്കൂറിലധികം നേരം വിജനമായ സ്ഥലത്ത് പെരുമഴയുള്ള രാത്രിയില്‍ ഒരു കടത്തിണ്ണയില്‍ ഏകനായി അദ്ദേഹം കഴിച്ചുകൂട്ടി. ഡ്രൈവര്‍ തിരിച്ചെത്തുമ്പോഴും അവരുടെ വിവരങ്ങള്‍ക്കായി കാത്തിരുന്ന് അല്‍പം പോലും മുഷിപ്പുകാണിക്കാത്ത ആ മഹാ മനീഷി മറ്റാരുമായിരുന്നില്ല, കേരള രാഷ്ട്രീയത്തിലെ അനിഷേധ്യനായ നേതാവ് ശിഹാബ് തങ്ങളായിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍...!

ഡ്രൈവര്‍ മുജീബ് പറയുന്നു: വഴിയില്‍ ഇങ്ങനെയൊരു രംഗം കണ്ടപ്പോള്‍ ശിഹാബ് തങ്ങള്‍ വാഹനം നിര്‍ത്താനും കാര്യം മനസ്സിലായപ്പോള്‍ അവരെ വേഗം ഹോസ്പിറ്റലിലെത്തിക്കാനും ആവശ്യപ്പെട്ടു. വഴിയിലിറങ്ങി നിന്ന തങ്ങളോട് 'തങ്ങളേ, അങ്ങിവിടെ ഒറ്റയ്ക്ക്.....' പറഞ്ഞു പൂര്‍ത്തിയാക്കുന്നതിനു മുമ്പേ ശാസനപോലെ പറഞ്ഞുവത്രേ, മുജീബേ, നീയവരെ

ഹോസ്പിറ്റലിലാക്കി വാ..! എന്ന്. പോകുമ്പോള്‍ സാമ്പത്തികമായോ മറ്റോ സഹായമെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതു ചെയ്തുകൊടുക്കാനും അതിനായുള്ള തുകയും തങ്ങള്‍ മുജീബിനെ ഏല്‍പിച്ചിരുന്നുവത്രേ...!

മറ്റു വാഹനങ്ങളിലെ മനുഷ്യരെപ്പോലെ അദ്ദേഹത്തിനും ചീറിപ്പാഞ്ഞു പോകാമായിരുന്നു, ആരുമറിയാതെ..! പക്ഷേ, മറ്റുള്ളവരില്‍ നിന്ന്, മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തനായിരുന്നു തങ്ങള്‍. ആ ജീവിതവും സഹജീവികളോടുള്ള പെരുമാറ്റവും ഇന്നും മങ്ങാത്തൊരോര്‍മയാണ്, ഓര്‍ത്തെടുക്കാന്‍ സുഖമുള്ള ചില സുഗന്ധമലരുകള്‍ ...!

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വലിയൊരു വിസ്മയമായി നമ്മുടെ മുമ്പിലൂടെ കടന്നു പോയി ആ സ്നേഹ സാഗരത്തിൽ നിന്ന് വരുന്ന ഇളം തെന്നലേൽക്കാനും ആശ്വാസം കൊള്ളാനും എത്തിയവർക്കൊരു കണക്കുമില്ല  പുണ്യപുരുഷന്മാരുടെ പരമ്പരയിലാണ് ശിഹാബ് തങ്ങൾ പിറന്നത് പൂർവ്വികരെപ്പോലെ മാനവ സേവനം ജീവിത ദൗത്യമായി ഏറ്റെടുത്തു. 

ഇന്നത്തെ കുട്ടികൾ ആ കഥകൾ കേൾക്കണം ശിഹാബ് തങ്ങളെ അടുത്തറിയണം ആ പരമ്പരയിലെ മഹാത്മാക്കളെ അറിയണം  
ശിഹാബ് തങ്ങൾ നബി  (സ) തങ്ങളുടെ നാൽപതാം പേരക്കുട്ടി നബി  (സ)തങ്ങൾക്കും ശിഹാബ് തങ്ങൾക്കുമിടയിലുള്ള മുപ്പത്തൊമ്പത് തലമുറകൾ മനുഷ്യസേവനത്തിന്നു വേണ്ടി ജീവിതം അർപ്പിച്ച മഹാത്മാക്കൾ നമ്മുടെ കുട്ടികൾ അവരെ കുറിച്ചറിയണം അതവരുടെ ചിന്തകൾ വിശുദ്ധമാക്കും മനസ്സിന് വികാസം നൽകും  


ശിഹാബ് തങ്ങളും കുട്ടികളും

കുട്ടികൾ ജീവിതമാകുന്ന പൂന്തോപ്പിൽ നറുമണം വിതറുന്ന പൂക്കളാണ് കുട്ടികൾ ചെടികളിൽ വിടർന്ന നിൽക്കുന്ന മനോഹരമായ പൂക്കൾ കാഴ്ചക്കാരുടെ മനസ്സിൽ വർണിക്കാനാവാത്ത ആനന്ദം നൽകുന്നു  അതുപോലെയാണ് കുട്ടികളും  ഇളം ചുണ്ടിൽ വിടരുന്ന പുഞ്ചിരിയും മുഖത്ത് വിടരുന്ന ഭാവങ്ങളും അവരുടെ കുസൃതികളും ആരെയാണ് സന്തോഷഭരിതരാക്കാത്തത്?  

കുട്ടികളിൽ നിന്ന് മുതിർന്നവർ ധാരാളം കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്  
കുട്ടികളുടെ മനസ്സ് നിഷ്കളങ്കമാണ് അവരുടെ ചിരിയും നിഷ്കളങ്കം ഇളം മനസ്സിൽ കാപട്യത്തിന്റെ കറ പുരണ്ടിട്ടില്ല അവരുടെ കൊഞ്ചലും കുഴയലും വർത്തമാനം പറച്ചിലും മുതിർന്നവരുടെ മനസ്സിൽ മായാത്ത ചിത്രങ്ങൾ വരക്കുന്നു  കുട്ടികളുടെ മനസ്സ് വായിക്കാൻ മാതാപിതാക്കൾക്ക് കഴിയും വിദ്യാർത്ഥികളുടെ മനസ്സ് വായിക്കാൻ അദ്ധ്യാപകന് കഴിയും 
ജനങ്ങളുടെ മനസ് വായിക്കാൻ ജനനായകന് കഴിയും  

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ജനനായകനായിരുന്നു ആ ജനനായകൻ കുട്ടികളുടെ മനസ്സ് വായിക്കാൻ വളരെയേറെ താൽപര്യം കാണിച്ചു  ജനനായകന്റെ മനസ്സ് കുട്ടികളുടെ മനസ്സ്  പോലെയായിരുന്നു  കുട്ടികളുടെ മനസ്സുകളിൽ ശിഹാബ് തങ്ങളുടെ വെളുത്ത മുഖമുണ്ട് അവർ വളർന്നാലും ആ മുഖം മനസ്സിൽ തന്നെ കാണും മാഞ്ഞുപോകില്ല  

കുട്ടികളുടെ മനസ്സിന്റെ ആരും കാണാത്ത ഒരു കോണിൽ ശിഹാബ് തങ്ങൾക്കു വേണ്ടി സ്നേഹം സൂക്ഷിച്ചുവെച്ചിട്ടുണ്ട് അധികമാരോടും അവർ ആ കാര്യം പറയില്ല  അതൊരു സ്വകാര്യ സ്വത്തായിരിക്കട്ടെ എന്നാണവർ കരുതുന്നത് ശിഹാബ് തങ്ങളെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അനേകായിരം കുട്ടികളുടെ മനസ്സിൽ ആ സൂക്ഷിപ്പ് സ്വത്തുണ്ട്  

ശിഹാബ് തങ്ങളുടെ മരണ രംഗങ്ങൾ ദൃശ്യമാധ്യമങ്ങളിൽ കണ്ട എത്ര കുട്ടികളുടെ നയനങ്ങളാണ് നിറഞ്ഞൊഴുകിയത് ? ജാതി മത ഭേദമില്ലാത്ത ദുഃഖം അതിശയകരമായ കാഴ്ച മനസ്സിലെ സ്നേഹം കണ്ണീർത്തുള്ളികളായി ഒഴുകിവന്നു മരണത്തെത്തുടർന്നുള്ള നാളുകൾ അന്നൊക്കെ കേരളം മരവിച്ചു നിൽക്കുകയായിരുന്നു 

കുട്ടികൾ ആ മരവിപ്പിൽ നിന്നൊഴിവായിരുന്നില്ല അവർ ആ ദിവസങ്ങളിൽ കുളിക്കാൻ പോയില്ല അവരുടെ പൊട്ടിച്ചിരി കേൾക്കാനുണ്ടായിരുന്നില്ല ഊണിലും ഉറക്കിലും അവർ ശിഹാബ് തങ്ങളെ ഓർത്തു മനസ്സിൽ ജനനായകന്റെ മുഖം നിറഞ്ഞുനിന്നു ഇത് കുട്ടികളുടെ അവസ്ഥ ഇനി ശിഹാബ് തങ്ങളുടെ അവസ്ഥയോ ?  

ആ മനസ്സിൽ കുട്ടികൾക്കുണ്ടായ സ്ഥാനം കുട്ടികളെ കാണാത്ത ദിവസങ്ങളില്ല എവിടെ ചെന്നാലും കുട്ടികൾ ശിഹാബ് തങ്ങൾ കുട്ടികളെ നോക്കും ആ നോട്ടം നിറയെ സ്നേഹവും വാത്സല്യവുമാണ് ചില ദിവസങ്ങളിൽ കൊടപ്പനക്കൽ തറവാട്ടിന്റെ മുൻവാതിൽ തുറന്നാൽ മുറ്റം നിറയെ കുട്ടികൾ കാണും മാതാപിതാക്കൾ കൂടെ കൊണ്ടു വന്ന മക്കൾ  
ആഗതർ വാതിലിലേക്ക് നോക്കിയിരിക്കും 

വാതിൽ തുറക്കപ്പെടുമ്പോൾ ആകാംക്ഷയോടെ എഴുന്നേറ്റ് നിൽക്കും ശിഹാബ് തങ്ങൾ പ്രത്യക്ഷപ്പെടുന്നു മാതാപിതാക്കൾ ആദരവോടെ ഒതുങ്ങി മാറി നിൽക്കുന്നു അദബ് കേട് വന്നുപോവരുത് വല്ലാത്ത സൂക്ഷ്മത പുലർത്തുന്നു  

കുട്ടികൾ ഓടി നടക്കും ശിഹാബ് തങ്ങൾ അത് നോക്കി മന്ദസ്മിതം തൂകും  
കുട്ടികൾ അവർ റൈഹാൻ പുഷ്പങ്ങൾ അതാണ് ആ മന്ദസ്മിതത്തിന്റെ സന്ദേശം അതറിയാത്ത മാതാപിതാക്കൾ കുട്ടികളെ അടക്കി നിർത്താൻ നോക്കും ശിഹാബ് തങ്ങൾക്ക് അതൃപ്തി തോന്നുമോ എന്ന ഭയമാണവർക്ക്  

പൈതങ്ങളുമായിട്ടാണ് ചില മാതാക്കളുടെ വരവ് അവരുടെ മനസ്സ് നിറയെ മോഹമാണ് തന്റെ കുഞ്ഞിന് നേരെ ശിഹാബ് തങ്ങളുടെ ഒരു നോട്ടം അത് മതി ആ നോട്ടത്തിന്റെ അനുഗ്രഹത്തിനു വേണ്ടി എത്ര ദൂരം യാത്ര ചെയ്താവും മാതാക്കൾ എത്തിയിരിക്കുക  

തന്റെ കൈകളിൽ മയങ്ങുന്ന കുഞ്ഞിനെ നോക്കി ശിഹാബ് തങ്ങളൊന്നു പുഞ്ചിരിച്ചാൽ ഉമ്മാക്ക് രാജ്യം കിട്ടിയ സന്തോഷമാണ്  ഒരു നോട്ടം, ഒരു പുഞ്ചിരി, ഒരു തലോടൽ,  ഒറ്റ വാചകത്തിലൊരു പ്രാർത്ഥന  

അതാണ് മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ആഗ്രഹിക്കുന്നത് അതിനുവേണ്ടിയാണവർ ദീർഘദൂരം ദുരിത യാത്ര നടത്തി പാണക്കാട്ടെത്തിയത്  

ശിഹാബ് തങ്ങളെ ഒരു നോക്ക് കാണുന്നതോടെ സകല ദുരിതങ്ങളും അവർ മറന്നുപോവുന്നു   മനസ്സിൽ ആശ്വാസവും സന്തോഷവും നിറയുന്നു  
വെടുപ്പും വൃത്തിയും ഈമാനിന്റെ ഭാഗമാണ്  

അത് കാത്തുസൂക്ഷിക്കുന്നവരാണ് പാണക്കാട്ടെ സയ്യിദന്മാർ ആണുങ്ങളെപ്പോലെ പെണ്ണുങ്ങളും അക്കാര്യത്തിൽ നന്നായി ശ്രദ്ധിക്കും 

ചില ഉമ്മമാർ ശിശുക്കളുമായി നേരെ അടുക്കളയിലേക്ക് വരും ബീവിയെ കാണാൻ പരിചയം പുതുക്കാൻ  ബീവിയുടെ ഒരു നോട്ടം ഒരു ചിരി ഒരു വാക്ക് ഒരു ഗ്ലാസ് ചായ അത്രയുമായാൽ അവർക്ക് നിർവൃതിയായി അതിന്നിടയിൽ കുഞ്ഞ് മൂത്രമൊഴിച്ചെന്നിരിക്കും നിലത്ത് വീണെന്നിരിക്കും  ഉമ്മാക്ക് വെപ്രാളം  അപ്പോഴും ബീവിയുടെ മുഖത്തെ മന്ദഹാസത്തിന്റെ മാറ്റ് കുറയില്ല ആശ്വാസവചനം ഒഴുകിവരും  സാരമില്ല പൈതലല്ലേ? 

നമുക്കിപ്പോൾ വൃത്തിയാക്കാം വിദൂരമായ ഏതോ മലമടക്കിൽ നിന്നെത്തിയ ദരിദ്രയായ ഉമ്മായുടെ മനസ്സ്  കോരിത്തരിച്ചു പോവുന്നു  അപ്പോൾ ആ ഉമ്മയുടെ മനസ്സിലെ ചിന്തയെന്തായിരിക്കും ?  എന്തൊരു ബീവി ? അവരുടെ മനസ്സ് സ്നേഹ സാഗരമാകുന്നു അതെ അല തല്ലുന്ന സ്നേഹ സസാഗരമാണ് അഹ്ലുബൈത്ത്  

കുട്ടികൾ ശിഹാബ് തങ്ങളെക്കുറിച്ചും അഹ്ലുബൈത്തിനെ കുറിച്ചും ധാരാളം കാര്യങ്ങളറിയാൻ ആഗ്രഹം കാണും  കുട്ടികളുടെ ആഗ്രഹം കഴിയുംവിധം സാധിച്ചുകൊടുക്കുക 

നബി  (സ) തങ്ങളിൽ നിന്ന് തുടങ്ങുന്ന വിശുദ്ധ പരമ്പരയിലെ നാൽപതാമത്തെ കണ്ണിയാണ് ശിഹാബ് തങ്ങൾ ആ പരമ്പരയെക്കുറിച്ച് കുട്ടികളറിയണം പരമ്പരയിലൂടെ ശിഹാബ് തങ്ങളെ അറിയണം അത് കുട്ടികളിൽ ഈമാനിന്റെ വെളിച്ചം പരത്തും ഇൻശാ അല്ലാഹ്  

അഹ്ലുബത്തിനെ ആദരിച്ചവർ സൗഭാഗ്യം സിദ്ധിച്ചവർ  നമ്മുടെ കുട്ടികൾക്ക് സൗഭാഗ്യം സിദ്ധിക്കട്ടെ  സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വഫാത്തായതിന് ശേഷം ശിഹാബ് തങ്ങൾക്ക് കുട്ടികളോടുണ്ടായിരുന്ന സ്നേഹ വാത്സല്യങ്ങൾ എടുത്തുപറയുന്നുണ്ട്  കുട്ടിക്കാലത്തേക്ക് തിരിഞ്ഞുനോക്കിക്കൊണ്ട് സയ്യിദ്  ഹമീദലി ശിഹാബ് തങ്ങൾ പറയുന്ന വാക്കുകൾ ശ്രദ്ധിക്കാം 

എന്ത് പറഞ്ഞാലും മൂത്താപ്പ എതിർക്കില്ല ആവശ്യപ്പെടുന്നതെന്തും നടത്തിത്തരും എത്ര നിസ്സാരമായ കാര്യമായിരുന്നാൽ പോലും അദ്ദേഹത്തോട് പറഞ്ഞാൽ അതിന് വേണ്ട കാര്യങ്ങൾ ചെയ്തു തരും എല്ലാ കാര്യങ്ങളും മൂത്താപ്പയുടെ സമ്മതം ലഭിച്ച ശേഷം മാത്രമേ ഞങ്ങൾ തുടങ്ങിയിരുന്നുള്ളൂ അവിടെയാണ് എല്ലാ വിഷയങ്ങളും ആദ്യം അവതരിപ്പിച്ചിരുന്നത് കുട്ടികളോട് ഏറെ വാത്സല്യമായിരുന്നു ചില യാത്രകളിൽ കൂടെ കൊണ്ടുപോവും അസ്ഹറിൽ കൂടെപ്പഠിച്ച ബശീർ മുഹ്യിദ്ദീന്റെ വീട്ടിലേക്ക് കുട്ടികളായ ഞങ്ങളെ കൂടെ കൂട്ടിയിരുന്നു (തെളിച്ചം മാസിക പുസ്തകം: 11,ലക്കം :9,10)

സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ ചന്ദ്രികയിലെഴുതിയ ലേഖനത്തിൽ കുട്ടികളെ ഏറെ ഇഷ്ടമായിരുന്നു തെറ്റു കണ്ടാൽ  ഉടൻ തിരുത്തും എന്നു പറയുന്നുണ്ട് 

സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട് ചെറിയവർ വലിയവർ എന്ന വ്യത്യാസമില്ലാതെയായിരുന്നു എല്ലാവരോടും പെരുമാറിയിരുന്നത് കുട്ടികളെ ഇങ്ങള് എന്നാണ് വിളിക്കുക 

അദ്ദേഹത്തിന്റെയും സഹോദരങ്ങളുടെയും മക്കളോടും പേരക്കുട്ടികളോടുമെല്ലാം അങ്ങനെത്തന്നെയാണ് പെരുമാറിയിരുന്നത് എവിടെയെങ്കിലും പരിപാടിക്ക് പോയാൽ ഭക്ഷണത്തിന് പോകുന്ന വീട്ടിലെ കുട്ടികളുമൊത്ത് ഫോട്ടോ എടുക്കും ആളുകൾക്കൊപ്പം വീട്ടിൽ വരുന്ന കുട്ടികളെ ചിലപ്പോൾ അകത്തേക്ക് കൊണ്ട് പോവും മിഠായി കൊടുക്കും അത് അദ്ദേഹത്തിന് ആനന്ദമായിരുന്നു  

തന്നെ കാണാൻ വരുന്നവരിൽ പ്രത്യേക കഴിവുള്ളവരെ അദ്ദേഹം അംഗീകരിച്ചിരുന്നു അത് പാട്ടുകാരോ മിമിക്രിക്കാരോ മറ്റെന്തെങ്കിലുമോ ആവട്ടെ 

പലതരം ജീവികളെയും ഇക്കാക്ക വളർത്തി മുള്ളൻ പന്നി , മാൻ, മുയൽ, മയിൽ, പല നിറത്തിലുള്ള കോഴികൾ ഇവയെ പാർപ്പിക്കാൻ മൃഗശാലയിലൊക്കെ കാണുന്നതുപോലുള്ള കമ്പിവലയിട്ട കൂടുകളുമുണ്ടാക്കി മൃഗങ്ങളെ പരിപാലിക്കുന്നതും അവയ്ക്കൊപ്പം സമയം ചെലവഴിക്കുന്നതും ഇക്കാക്കക്ക് ഏറെ ഇഷ്ടമുള്ള കാര്യങ്ങളായിരുന്നു (ചന്ദ്രികയിലെ ലേഖനത്തിൽ നിന്ന്  ) 

കുട്ടികളെ കാണുമ്പോൾ ശിഹാബ് തങ്ങൾ കുട്ടിയായി മാറും  അവരിലൊരാളായിത്തീരും അവരുടെ ചിരിയിലും കളിയിലും പങ്കാളിയാവും കുട്ടികളുടെ മനസ്സ് ആനന്ദംകൊണ്ട് നിറയും സന്തോഷം പൂത്തിരികത്തുന്ന നിമിഷങ്ങൾ  

എം.പി . വീരേന്ദ്ര കുമാറിന്റെ വാക്കുകൾ കേൾക്കുക 

2000 ഒക്ടോബർ എട്ടാം തിയ്യതി കോട്ടക്കൽ വെച്ചു നടന്ന  മാതൃഭൂമിയുടെ ഏഴാമത് എഡിഷ്യന്റെ ഉൽഘാടനത്തെ കുറിച്ച് ഓർക്കാതിരിക്കാനാവുന്നില്ല മലപ്പുറത്തിന്റെ മഹാനായ പുത്രൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ പി.കെ വാരിയരും സംബന്ധിക്കണമെന്ന കാര്യത്തിൽ ഞങ്ങൾ ഏകാഭിപ്രായക്കാരായിരുന്നു  

എന്റെ അഞ്ചു വയസുകാരിയായ പേരമകൾ മയൂര (ശ്രേയാംസിന്റെ മകൾ )യാണ് ഉൽഘാടനം നിർവ്വഹിച്ച് നാടമുറിക്കാൻ കത്രിക തളികയിൽ വെച്ച് ശിഹാബ് തങ്ങൾക്ക് നൽകിയത് തങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും മാതൃഭൂമിയെ ധന്യമാക്കി  

തങ്ങളുടെ നിര്യാമവാർത്ത അറിഞ്ഞപ്പോൾ എന്റെ പേരക്കുട്ടി മയൂര എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു: 

താത്തയറിഞ്ഞില്ലേ ? നമ്മുടെ പാണക്കാട്ടെ തങ്ങൾ മരിച്ചുപോയി  അഞ്ചാം വയസ്സിൽ തങ്ങളെ നേരിൽ കണ്ട അവളുടെ കുരുന്നു മനസ്സിലും ആ സ്നേഹ നിധിയായ മനുഷ്യൻ ഇടം നേടിയിരിന്നു (2009 ആഗസ്റ്റ് 9ന് മാതൃഭൂമിയിൽ വന്ന ലേഖനത്തിൽ നിന്ന്)  


ആദ്യത്തെ കൺമണി

പാണക്കാട് പി.എം.എസ്.എ. പൂക്കോയ  തങ്ങളുടെ യൗവ്വന കാലം ഇരുപത് തികയുംമുമ്പെ വിവാഹാലോചനകൾ വരാൻ തുടങ്ങി വെളുത്ത സുമുഖനായ ചെറുപ്പക്കാരൻ ബുദ്ധിമാൻ,പണ്ഡിതൻ, ആത്മീയ ശക്തിയുള്ള മഹാൻ  വിവാഹാലോചനകൾ വരാൻ ഇനിയെന്ത് വേണം?  പഴമള്ളൂരിൽ നിന്ന് ഒരാലോചന പൗരപ്രമുഖനായ സയ്യിദ് ഹാമിദ് കുഞ്ഞിസീതിക്കോയ തങ്ങൾ അവർകളുടെ മകൾ ചെറുകുഞ്ഞി ബീവി (ആഇശ) ശിഹാബുദ്ദീൻ ഖബീല തന്നെ  

ഇരുകൂട്ടർക്കും ഇഷ്ടമായി വിവാഹമുറപ്പിച്ചു ഖബീലയുടെ നിലക്കൊത്ത വിവാഹം തന്നെ നടന്നു ചെറുകുഞ്ഞിബീവി കൊടപ്പനക്കൽ  തറവാട്ടിലെത്തി ഭർത്താവിന്റെ തിരക്കു പിടിച്ച ജീവിതം മറ്റുള്ളവർക്കു വേണ്ടി അർപ്പിക്കപ്പെട്ട ദിനരാത്രങ്ങൾ ചെറുകുഞ്ഞി ബീവി എല്ലാം കണ്ടറിഞ്ഞു ഭർത്താവിന്റെ ജീവിതത്തിൽ അലിഞ്ഞു ചേർന്നു 

ഏറെ കഴിയുംമുമ്പെ ചെറുകുഞ്ഞി ബീവി ഗർഭിണിയായി 

നാട്ടുനടപ്പനുസരിച്ചു അവരെ പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി ഭാര്യ പഴമുള്ളൂരിലും ഭർത്താവ് പാണക്കാട്ടുമായി തിരക്കിനിടയിൽ വീണു കിട്ടുന്ന ചെറിയ ഇടവേളകളിൽ പൂക്കോയ തങ്ങൾ പഴമുള്ളൂരിലെത്തും ഭാര്യയെ കണ്ട് മടങ്ങും 

1936 മെയ് നാലാം തിയ്യതി   

ചെറുകുഞ്ഞി ബീവി ഒരാൺകുഞ്ഞിനെ പ്രസവിച്ചു കുടുംബത്തിൽ സന്തോഷം പൂത്തിരി കത്തി കുഞ്ഞിന് പേരിടണം പൂക്കോയ തങ്ങൾ നന്നായി ചിന്തിച്ചു പേര് കണ്ടെത്തി  

ശിഹാബുദ്ദീൻ ഖബീലയുടെ ശിഹാബ്   കുട്ടിക്കാലത്ത് തന്നെ പോറ്റിവളർത്തിയ അലി പൂക്കോയ തങ്ങളുടെ പേരിലെ അലി നബി  (സ) തങ്ങളുടെ പേര് മൂന്നും ചേർന്നപ്പോൾ മുഹമ്മദലി ശിഹാബ് എന്നായി   
ആദ്യത്തെ കൺമണി സ്നേഹവും വാത്സല്യവും ലാളനയുമേറ്റ് വളർന്നു വീട്ടുകാരുടെ വിളിപ്പേര് കോയമോൻ എല്ലാ ഗുണങ്ങളും ഒത്തുചേർന്ന മോൻ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ ആൾത്തിരക്ക് കണ്ടാണ് വളർന്നത്   
ഉപ്പായെ കാണാനെത്തുന്ന ആൾക്കൂട്ടം എന്നും ഈ മുറ്റത്ത് ആൾക്കൂട്ടമാണ്

വരുന്നവർക്കെല്ലാം ചായ കൊടുക്കുന്നു ഉപ്പായോടൊപ്പം ആഹാരം കഴിക്കാൻ ഓരോ നേരവും പ്രമുഖരുടെ കൂട്ടം  ഇവരെല്ലാം എന്തിന് വരുന്നു?  

ഇവർക്കെല്ലാം  ഉപ്പായോടെന്താണ് പറയാനുള്ളത്?  

ഓർമ്മവെച്ച നാൾ മുതൽ മോൻ അതൊക്കെ ചിന്തിക്കാൻ തുടങ്ങി ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങൾ കൊച്ചുനാളിൽ തന്നെ മോൻ മനസ്സിലാക്കി  ഉപ്പായുടെ മുമ്പിൽ വന്ന് കണ്ണീരൊഴുക്കുന്നവർ നെടുവീർപ്പിടുന്നവർ തേങ്ങിക്കരയുന്നവർ എല്ലാ നിയന്ത്രണങ്ങളും വിട്ട് പൊട്ടിക്കരയുന്നവർ എന്താണവർ പറയുന്നത്?  

വേദനയുടെ കഥകൾ ജീവിതത്തിലെ പ്രതിസന്ധികൾ, പ്രയാസങ്ങൾ, പ്രാരാബ്ധങ്ങൾ ,അക്രമ സംഭവങ്ങൾ, നീതിനിഷേധത്തിന്റെ കഥകൾ  ആ കോലായിലും മുറ്റത്തും വീണ കണ്ണുനീർ തുള്ളികളെത്ര ഉപ്പാക്ക് മോനെ താലോലിക്കാൻ സമയം പരിമിതം മോനെ എങ്ങനെ വളർത്തിയെടുക്കണമെന്ന് ഉപ്പാക്കറിയാം 

ചിട്ടയൊത്ത ജീവിതം തന്നെ പരിശീലിപ്പിച്ചു തുടങ്ങി  ഉമ്മാക്കും തിരക്കാണ് അടുക്കളയിൽ തിരക്കൊഴിഞ്ഞ നേരമില്ല ആർക്കെല്ലാം ആഹാരമുണ്ടാക്കണം   എവിടെയെല്ലാം ബന്ധുക്കളുണ്ട് അവരൊക്കെ ഇടക്കിടെ വിരുന്നു വരും അവരെ സ്വീകരിക്കണം സൽക്കരിക്കണം വീട് വെക്കാൻ നിശ്ചയിച്ചവർ വരും പണി തുടങ്ങാൻ പറ്റിയ ദിവസം ഏതെന്ന് പറഞ്ഞുകൊടുക്കണം  

മക്കളെ കെട്ടിക്കാനുള്ളവർ വരും നിക്കാഹിന് പറ്റിയ ദിവസം പറഞ്ഞു കൊടുക്കണം  വീട് പണി തീർന്നവർക്ക് താമസം തുടങ്ങാൻ തിയ്യതി നിശ്ചയിച്ചു കിട്ടണം തിയ്യതി നിശ്ചയിച്ചു കിട്ടിയാലും ചിലർ പോവില്ല തങ്ങളുപ്പ വരണം ദുആ ഇരക്കണം 

കച്ചവടം തുടങ്ങാൻ പോവുന്നവർക്ക് പറ്റിയ ദിവസം ഏതെന്നറിയണം ഷോപ്പ്  ഉൽഘാടനത്തിന് തങ്ങളെ ക്ഷണിക്കാൻ വന്നവർ മറ്റൊരു കൂട്ടർ  
എന്തെല്ലാം ആവശ്യക്കാർ ആരെയും മുഷിപ്പിക്കാറില്ല വന്നവരെയൊക്കെ ആശ്വാസത്തോടെ പറഞ്ഞയക്കും  വെപ്രാളത്തോടെ വന്നവരുടെ മുഖം മോൻ ശ്രദ്ധിച്ചിട്ടുണ്ട് ആശ്വാസത്തോടെ മടങ്ങിപ്പോവുമ്പോഴുള്ള അവരുടെ മുഖഭാവവും ശ്രദ്ധിച്ചിട്ടുണ്ട്  

അങ്ങനെ കുട്ടിക്കാലത്ത് തന്നെ കണ്ടുപഠിച്ച പാഠങ്ങളെത്ര കേട്ടറിഞ്ഞ വിവരങ്ങളെത്ര ജീവിതത്തിന്റെ കയ്പും മധുരവും കൺമുമ്പിലൂടെ ഒഴികിപ്പോവുകയാണ് അതെല്ലാം കണ്ടറിഞ്ഞുകൊണ്ടാണ് കുട്ടിയുടെ വ്യക്തിത്വം രൂപപ്പെട്ടു വരുന്നത്  

ഉപ്പയാണ് എല്ലാറ്റിനും മാതൃക  

ഉപ്പായുടെ ഉറക്കം, ഉണർച്ച,ദിനചര്യകൾ, ആഹാരം, വസ്ത്രധാരണം,സംസാരരീതി,ആളുകളോടുള്ള ഇടപെടൽ  ആഗതരെ വേർതിരിച്ചു മനസ്സിലാക്കാനുള്ള കഴിവ് ഉപ്പായുടെ ഇബാദത്ത് പതിവായി ചൊല്ലുന്ന വിർദുകൾ ഉപ്പായുടെ ആത്മീയ ലോകം അവിടത്തെ അജബുകൾ  മോൻ ശൈശവം വിട്ട് ബാല്യത്തിലെത്തിയിരിക്കുന്നു 

നല്ല ബുദ്ധിയും ഓർമ്മശക്തിയും  ഇനി പഠിപ്പിക്കാനയക്കണം  ദീനിന്റെ അറിവും ദുനിയാവിന്റെ അറിവും നേടണം പാണക്കാട് സ്കൂളിലയക്കാം അവിടെ രണ്ടും പഠിപ്പിക്കുന്നുണ്ട് കുഞ്ഞഹമ്മദ് മൊല്ലാക്ക നാട്ടുകാർക്ക് കുഞ്ഞാമുമൊല്ലാക്ക പാണക്കാട് സ്കൂളിൽ കുട്ടികളെ മതം പഠിപ്പിക്കുന്ന ഉസ്താദ് മതപഠനം കഴിഞ്ഞാൽ എഴുത്തും വായനയും പഠിപ്പിക്കുന്ന  മാസ്റ്ററും അദ്ദേഹം തന്നെ ഇടക്കിടെ കൊടപ്പനക്കൽ തറവാട്ടിൽ വരും തങ്ങളുപ്പാപ്പായെക്കാണാൻ വെറുതെയൊന്നു കാണുക അത് മതിയല്ലോ ബർക്കത്ത് കിട്ടാൻ

കാണാതിരുന്നാൽ മനസ്സിന് പൊറുതികേടാണ് ഓടിവരും കാണും സലാം പറയും  കൈപിടിച്ചു മുത്തും മതി തൃപ്തിയായി കട്ടൻചായ കുടിച്ച് മടങ്ങും അങ്ങനെ വന്ന ഒരു വരവിൽ തങ്ങളുപ്പാപ്പ ഒരു കാര്യം പറഞ്ഞു കോയമോനെ ഓത്തിനു ചേർക്കണം ഡി.എം.ഡി. സ്കൂളിലും ചേർക്കണം  

കുഞ്ഞാമുമൊല്ലാക്കാക്ക്  മനസ്സിൽ കൊള്ളാത്ത സന്തോഷം മോൻ പഠിച്ചു വലിയ ആളായിത്തീരണം നല്ല ദിവസം പഠിപ്പ് തുടങ്ങണം തങ്ങളുപ്പാപ്പ നല്ല നാൾ കണ്ടെത്തി വിവരം മൊല്ലാക്കയെ അറിയിച്ചു  കോയമോൻ ഓതിപ്പഠിക്കാൻ പോവുന്നു കൊടപ്പനക്കൽ തറവാട്ടിൽ ഉത്സവം വന്നത് പോലെയായി നല്ല പ്രഭാതം കോയമോനെ കുളിപ്പിച്ചൊരുക്കി 

ബീവിത്താത്താക്കും തങ്ങളുപ്പാപ്പാക്കും മനം നിറയെ സന്തോഷം ഉപ്പായുടെ കൈ പിടിച്ചു നടന്നു ഡി.എം.ആർ.ഡി സ്കൂളിലെത്തി അപരിചിതമായ അന്തരീക്ഷം കുട്ടികളെല്ലാം നോക്കുന്നു വെളുത്ത മുഖം വാടി പിന്നെയൊരു കരച്ചിൽ ഉപ്പ ആശ്വസിപ്പിക്കാൻ നോക്കി കുഞ്ഞഹമ്മദ് മൊല്ലയും മോനെ ആശ്വസിപ്പിച്ചു ഒന്നും ഫലിച്ചില്ല  

അന്ന് ഉമ്മ ആകാംക്ഷയോടെ മോനെ കാത്തിരിക്കുകയായിരുന്നു കരഞ്ഞ വിവരമറിഞ്ഞ് ഉമ്മാക്കും സങ്കടമായി അന്ന് രാത്രി ഉമ്മ നല്ല ഉപദേശം നൽകി മനസ്സിന് ധൈര്യം കിട്ടി പിന്നെ ക്ലാസുമായി ഇണങ്ങി 

കുഞ്ഞഹമ്മദ് മൊല്ലാക്കയുടെ മതപഠന ക്ലാസുകൾ ഇഷ്ടപ്പെട്ടു ഒന്നാം ക്ലാസിൽ പഠിപ്പിക്കാൻ വന്നത് പോക്കു മാസ്റ്റർ ചേക്കുട്ടി മാസ്റ്റർ മറ്റൊരധ്യാപകൻ 
നന്നായി പഠിക്കുന്ന കുട്ടി മാസ്റ്റർമാരുടെ പ്രിയ ശിഷ്യൻ ധാരാളം കൂട്ടുകാർ അങ്ങനെ പ്രാഥമിക സ്കൂൾ കാലഘട്ടം ആഹ്ലാദകരമായി മാറി  മഴക്കാലം വന്നു കോയമോന്റെ മനസ്സിൽ മഴക്കാല സ്മരണകൾ മായാതെ നിന്നു 

നിറഞ്ഞൊഴുകുന്ന കടലുണ്ടിപ്പുഴ തുള്ളിക്ക് കുടം വീഴുന്ന പേമാരി ആഞ്ഞുവീശുന്ന ശീതക്കാറ്റ് എങ്ങും വറുതിയുടെ കഥകൾ മാത്രം നാശനഷ്ടങ്ങളുടെ കണക്കുമായെത്തിയ നാട്ടുകാർ അവർക്കു പിന്നാലെ വന്ന വിദൂര ദേശക്കാർ കടലണ്ടിപ്പുഴയുടെ തീരങ്ങളിൽ വെള്ളപ്പൊക്കം വീടുകളിൽ വെള്ളം കയറി വിലപ്പെട്ട പലതും ഒലിച്ചുപോയി കൊടപ്പനക്കൽ തറവാട്ടിന്റെ മുമ്പിലൂടെ പുതുവെള്ളം കുത്തിയൊലിച്ചു  ദിവസങ്ങളോളം തിമർത്തുപെയ്ത മഴ മെല്ലെ ശാന്തമായി കിഴക്കൻ ചക്രവാളത്തിൽ പ്രകാശ കിരണങ്ങൾ പ്രത്യക്ഷപ്പെട്ടു കൊടപ്പനക്കൽ തറവാട്ടുമുറ്റത്ത് വീണ്ടും ആൾക്കൂട്ടം രൂപംകൊണ്ടു  

കോയമോൻ എല്ലാം കാണുന്നു അറിയുന്നു മഴ മാറി കടലുണ്ടിപ്പുഴ ശാന്തമായൊഴുകി കടലുണ്ടിപ്പുഴയിലെ ഓളങ്ങൾ നോക്കിനിൽക്കുമ്പോൾ മോന്റെ മനസ്സ് നിറയെ അനുഭൂതി 

പുഴയും മനോഹരമായ തീരവും പച്ചപിടിച്ച തീരങ്ങൾക്കെന്തൊരു ഭംഗി ഏതെല്ലാം വൃക്ഷങ്ങൾ, ചെടികൾ, ലതകൾ കനകുംഭങ്ങൾ പേറി  നിൽക്കുന്ന കേര വൃക്ഷങ്ങൾ പടർന്നു പന്തലിച്ചു നിൽക്കുന്ന വൻമരങ്ങൾ വിടർന്നു പരിമളം പരത്തുന്ന മനോഹരമായ പൂക്കൾ എല്ലാം ആ കൊച്ചു മനസ്സിൽ നന്നായി പതിഞ്ഞു 

കണ്ണടച്ചാലും മാഞ്ഞുപോകാത്ത മനോഹര ദൃശ്യങ്ങൾ കലപില ശബ്ദിച്ചുകൊണ്ട് കിളികൾ പറന്നുപോയപ്പോൾ ആ കൊച്ചു കണ്ണുകളിൽ വിസ്മയം വിടർന്നു മേഞ്ഞു നടക്കുന്ന നാൽക്കാലികളെ നോക്കിനിന്നു കടലുണ്ടിപ്പുഴയുടെ തീരങ്ങളെ ബന്ധിപ്പിക്കുന്ന തോണി അതിൽ കയറിപ്പോവുന്ന നാനാജാതി മതക്കാരായ യാത്രക്കാർ മോനെ അറിയാത്ത ആരും അക്കൂട്ടത്തിലില്ല നാട്ടിന്റെ ഓമനയായി വളർന്ന കുട്ടി പാട്ടു കേൾക്കുമ്പോൾ എല്ലാം മറന്ന് കേട്ടിരിക്കും 

ഈ ഗ്രാമത്തിനെന്തൊരു ഭംഗിയാണ് നീലാകാശം അവിടെ മേഞ്ഞു നടക്കുന്ന മേഘങ്ങൾ എല്ലാ കാഴ്ചകളും മനസ്സ് ഒപ്പിയെടുക്കുന്നു സായാഹ്നങ്ങളിൽ കൂട്ടുകാരോടൊപ്പം ഓടിക്കളിച്ചു കഥ പറഞ്ഞും പാട്ടുപാടിയും സായഹ്ന വേളകൾ ആസ്വാദ്യമാക്കി പഠനത്തിനും കുട്ടിക്കളികൾക്കുമിടയിൽ വർഷങ്ങൾ കടന്നുപോയി അഞ്ചാം ക്ലാസ് പഠനം പൂർത്തിയായി  
പാണക്കാട് സ്കൂളിലെ പഠനം തീരുകയാണ് ഇനിയെന്ത് ? 

കൂട്ടുകാരധികവും പഠനം ഇവിടംകൊണ്ടവസാനിപ്പിക്കും മോന് ഇനിയും പഠിക്കാൻ മോഹം ഉപ്പ അതറിഞ്ഞ് പരിപാടികൾ നിശ്ചയിച്ചു കഴിഞ്ഞിരുന്നു  


മാർച്ച് മാസത്തിന്റെ ദുഃഖം

മുസ്ലിം കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ് കോഴിക്കോട് ഒരുപാട് പുണ്യാത്മാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന പട്ടണം തരീമിൽ നിന്നും ഹളർമൗത്തിൽ നിന്നും വന്ന ഒട്ടേറെ സദാത്തീങ്ങൾക്ക് ഈ പട്ടണം സ്വാഗതമോതിയിട്ടുണ്ട്  

പ്രസിദ്ധനായ ശൈഖ് ജിഫ്രി (റ) കപ്പലിറങ്ങി വന്നതിവിടെയാണ് ശംസുദ്ദീൻ മുഹമ്മദ് ബ്നു അലാഉദ്ദീനുൽ ഹിംസി(റ) എത്തിയതും ഇവിടെയാണ് ഇരുവരും ഈ മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്നു  

മുഹ്യിദ്ദീൻ മാല രചിച്ച മഹാനായ ഖാളി മുഹമ്മദ്  (റ) ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു പിന്നെ എത്രയെത്ര മഹാത്മാക്കൾ  ആ പട്ടണത്തിലാണ് മോൻ പഠിക്കാൻ വരുന്നത്  മുസ്ലിംകൾ തിങ്ങിത്താമസിക്കുന്ന പരപ്പിൽ പ്രദേശം അവിടെയാണ്  എം.എം ഹൈസ്കൂൾ മദ്റസത്തുൽ മുഹമ്മദിയ്യ  

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന കുട്ടി എം.എം ഹൈസ്കൂളിന്റെ ഭാഗമായിത്തീർന്നു ആറാം ക്ലാസ് വിദ്യാർഥി ചരിത്രമുറങ്ങുന്ന കോഴിക്കോട് പട്ടണത്തിൽ പഠനവും താമസവും ഇവിടത്തെ മണൽത്തരികൾക്കും പഴക്കം ചെന്ന കെട്ടിടങ്ങൾക്കും എന്തുമാത്രം കഥകൾ അയവിറക്കാനുണ്ടാവും  

ചരിത്ര വിസ്മയമായി ഉയർന്നു നിൽക്കുന്ന മിശ്ക്കാൽ പള്ളി നൂറ്റാണ്ടുകളുടെ കഥ പറയുന്ന കുറ്റിച്ചിറ  കൂട്ടുകുടുംബങ്ങൾ അന്തിയുറങ്ങുന്ന വിശാലമായ വീടുകൾ അഞ്ചുനേരവും ഭക്തജനങ്ങൾ തിങ്ങിനിറയുന്ന കുറ്റിച്ചിറ ജുമാമസ്ജിദ് തന്റെ പൂർവ്വികന്മാർ പായക്കപ്പലിൽ സഞ്ചരിച്ച അറബിക്കടൽ അവർ വന്നിറങ്ങിയ കോഴിക്കോട് തുറമുഖം കാലത്തിന്റെ കാവലാളായി കടലിലേക്ക് നീണ്ടുനിൽക്കുന്ന കടൽപ്പാലം  അറബികൾക്കുവേണ്ടി മലഞ്ചരക്കുകൾ കാത്തു കെട്ടിക്കിടക്കുന്ന കൂറ്റൻ പാണ്ടികശാലകൾ പിന്നെ എന്തെല്ലാം ചരിത്ര സ്മാരകങ്ങൾ എല്ലാം ആ ചെറുപ്പക്കാരൻ ആവേശപൂർവ്വം ചുറ്റിക്കണ്ടു എത്രയോ സാദാത്ത് കുടുംബങ്ങൾ ഈ പട്ടണത്തിലുണ്ട്

എല്ലാവർക്കും കോയമോനെ വല്ലാത്ത ഇഷ്ടമാണ് സ്നേഹവും വാത്സല്യവും പ്രോത്സാഹനവും നൽകിയ പട്ടണം സംവത്സരങ്ങൾ കടന്നുപോയതറിഞ്ഞില്ല വെക്കേഷൻ വരുമ്പോൾ കുറെ നാൾ പാണക്കാട്ടുണ്ടാവും കോഴിക്കോട്ട് നിന്ന് കൂട്ടുകാർ വരും പിന്നെ പാട്ടും ഹരവും തന്നെ ഉപ്പാക്കും ഉമ്മാക്കും അവരെ കാണുമ്പോൾ സന്തോഷമാണ് പലതരം പലഹാരങ്ങളുണ്ടാക്കി സൽക്കരിക്കും  

വീട്ടിലെത്തിയാൽ അനുജന്മാരോട് കൂട്ടുകൂടാം കുട്ടികളെ വലിയ ഇഷ്ടമാണ്  ബന്ധുവീടുകളിലെ കുട്ടികളും മുത്തുമോനും ആറ്റപ്പൂമോനും ഒക്കെ ചേർന്നാൽ ബഹുരസമാണ്  വെക്കേഷൻ കഴിഞ്ഞ് ഇക്കാക്ക മടങ്ങിപ്പോവുമ്പോൾ മുത്തുമോനും ആറ്റപ്പൂമോനും സങ്കടം വരും ദിവസങ്ങളോളം വിരഹ വേദന ഇക്കാക്കയുടെ മനസ്സ് നിറയെ സ്നേഹമാണ് അതെത്ര ലഭിച്ചാലും മതിവരില്ല  

1953 മാർച്ച്  മാസം  

എം.എം ഹൈസ്കൂളിനോട് വിടപറയാൻ സമയമായി മനസ്സ് വല്ലാതെ വേദനിക്കുന്നു വർഷങ്ങളോളം പഠിച്ച കലാലയം ആത്മാർത്ഥമായ പഠിപ്പിച്ച അധ്യാപകർ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ ഗുരുക്കന്മാർ  അവരുടെ ക്ലാസുകൾ അവസാനിച്ചിരിക്കുന്നു ബെഞ്ചിലിരുന്ന് ആ വാക് ധോരണി കേൾക്കാൻ ഇനിയാവില്ല ഇനി ആ അവസരങ്ങൾ അടുത്ത തലമുറകൾക്കുള്ളതാണ് പഠിച്ചു തീർന്ന തലമുറ നടന്നകലുകയാണ് പുതിയവർക്ക് വഴിമാറുകയാണ്  

പ്രിയപ്പെട്ട ക്ലാസ് മുറികൾ നടന്നു നീങ്ങിയ വരാന്തകൾ എല്ലാം ഓർമ്മകളായി നിലനിൽക്കും മനസ്സിന്റെ കോണിൽ പ്രിയപ്പെട്ട കൂട്ടുകാർ സഹപാഠികൾ അവരെ വേർപിരിയാനാണ് പ്രയാസം എല്ലാവരും അദ്ധ്വാനിച്ചു 
പഠിക്കുകയാണ് മാർച്ച് മാസം വേർപാടിന്റെ വേദനയുടെ മാസമാണ് എല്ലാ നാട്ടിലും ഇതാണവസ്ഥ എസ്.എസ്.എൽ.സി ക്ലാസിൽ പഠിക്കുന്ന കുട്ടികളെല്ലാം ഈ വികാരം അനുഭവിക്കുന്നു  

പരീക്ഷകളുടെ നാളുകളായി എല്ലാം പഠിച്ചിട്ടുണ്ട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നന്നായി പരീക്ഷ എഴുതി മനസ്സ് നിറയെ വിജയ പ്രതീക്ഷയാണ്  പരീക്ഷയുടെ  നാളുകൾ അവസാനിച്ചു അവസാന പരീക്ഷയും എഴുതി വലിയൊരു ഭാരം തലയിൽ നിന്നിറക്കി വെച്ച ആശ്വാസം ഒപ്പം വേർപാടിന്റെ വേദനയും 

ഒന്നിച്ചു കഴിഞ്ഞവർ വേർപിരിയുകയാണ് എല്ലാ നാട്ടിലും ഇത് നടക്കുന്നു ഇനിയൊരു മടക്കമില്ല ഇതുപോലൊരു കൂടിച്ചേരലില്ല എസ്.എസ്.എൽ.സി  കടന്നവരെല്ലാം ഈ വേദന അനുഭവിച്ചവരാണ് കോയമോൻ തിരിച്ചു പോവുകയാണ് പാണക്കാട്ടേക്ക് മാനാഞ്ചിറയും ,ടൗൺഹാളും ,അൻസാരി പാർക്കും വിടചൊല്ലി  ഇനി മലയാള മനോരമയിൽ വന്ന ഒരു റിപ്പോർട്ട് വായിക്കാം  

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷത്തിലാണ് മുഹമ്മദലി ശിഹാബ് തങ്ങൾ പാണക്കാട്ട് നിന്ന് പഠനത്തിന് കോഴിക്കോട് എം.എം ഹൈസ്കൂളിലെത്തുന്നത്  സംഘടനാ പ്രവർത്തനത്തിനൊന്നും തങ്ങളെ കിട്ടില്ല 

വ്യാഴാഴ്ചകളിലായിരിക്കം സംഘടനാ യോഗം മദ്റസത്തുൽ മുഹമ്മദിയ്യ സ്കൂളിൽ വെള്ളിയും ശനിയുമാണ് അവധി വ്യാഴാഴ്ച പുലരുമ്പോഴേക്കും ശിഹാബ് തങ്ങളുടെ മനസ്സ് കല്ലായിപ്പുഴയും ചാലിയാറും കടന്ന് കടലുണ്ടിപ്പുഴയുടെ തീരത്ത് പാണക്കാട്ടെത്തും കൂട്ടിക്കൊണ്ട് പോകാൻ ഉച്ചയാകുമ്പോൾതന്നെ പാണക്കാട്ട് നിന്ന് ആരെങ്കിലും എത്തിയിട്ടുണ്ടാവും ചിലപ്പോൾ ഉപ്പതന്നെ യോഗത്തിലേക്ക് അറസ്റ്റ് കൊണ്ടുപോകാനെത്തുന്നവരെ പുഞ്ചിരികൊണ്ട് നേരിട്ട് ശിഹാബ് തങ്ങൾ  തടവ് ചാടും   

പഠന കാലത്ത് ശിഹാബ് തങ്ങൾ താമസിച്ചിരുന്ന ബന്ധുവീട് സ്കൂളിന് തൊട്ടടുത്തായിരുന്നു ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് വേഗം തിരിച്ചെത്തി ലൈബ്രറിയിലേക്ക് കയറും മദ്രസിൽ നിന്നുള്ള മംഗലാപുരം മെയിലിൽ എത്തുന്ന ഇംഗ്ലീഷ് പത്രം ലൈബ്രറിയിലുണ്ടാവും അന്ന് പതിവായി ഇംഗ്ലീഷ് പത്രം വായിക്കുന്ന വിദ്യാർത്ഥി ശിഹാബ് തങ്ങളായിരുന്നു 

ക്ലാസിലെ സഹപാഠികളിലൊരാൾ ഉച്ചഭക്ഷണത്തിന് പോകുന്നില്ലെന്ന് ശ്രദ്ധയിൽ പെട്ടത് ആയിടെയാണ് പത്ത് കിലോമീറ്റർ അകലെയാണ് അയാളുടെ വീട് ഹോട്ടലിൽ നിന്ന് കഴിക്കാൻ സാമ്പത്തിക ശേഷിയുമില്ല ക്ലാസിലെ അധ്യാപകനെ വിവരമറിയിച്ചു ഭക്ഷണം കഴിക്കാൻ ഓരോ ദിവസവും ഒരോരുത്തർ പണം നൽകുകയെന്നതായിരുന്നു അധ്യാപകന്റെ നിർദ്ദേശം 

ശിഹാബ് തങ്ങൾ  മറുനിർദേശവുമായി രംഗത്തെത്തി പണം നൽകേണ്ട പകരം അയാളെ ഓരോ ദിവസം ഒരോരുത്തർ അതിഥിയായി വീട്ടിലേക്ക് ക്ഷണിക്കുക 

ദരിദ്രനായ ആ വിദ്യാർത്ഥിക്ക് ഭക്ഷണം നൽകേണ്ട ദിവസം ഓരോ വീട്ടിലും വിഭവങ്ങൾ ഏറെയൊരുക്കി വൈകുന്നേരങ്ങളിൽ കൂട്ടുകാരുടെ വീട് സന്ദർശിക്കുകയായിരുന്നു ശിഹാബിന്റെ ഹോബി അങ്ങനെ അദ്ദേഹം ഓരോ വീട്ടുകാർക്കും പ്രിയപ്പെട്ടവനായി
  
അന്നത്തെ വെക്കേഷൻ ടൂർ പാണക്കാട്ടേക്കായിരുന്നു ക്ലാസിലെ കുട്ടികൾ ഒന്നിച്ചു പാണക്കാട് പോയി താമസിക്കും വിഭവ സമൃദ്ധമായ ഭക്ഷണം കടലുണ്ടിപ്പുഴയിലെ നീരാട്ട്  

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് 1948 -ൽ നിലവിൽ വന്നതോടെ കോഴിക്കോട്ടും പ്രവർത്തനം തുടങ്ങി അന്ന് കോഴിക്കോട് നഗരത്തിൽ മുസ്ലിംലീഗിനൊപ്പം മുസ്ലിം വിദ്യാർത്ഥി സംഘടനക്കും കമ്മിറ്റി രൂപീകരിച്ചു പിന്നീട് മന്ത്രിയായ പി.എം അബൂബക്കർ ആയിരുന്നു പ്രസിഡന്റ് ഷിയാലിക്കോയ വൈസ് പ്രസിഡണ്ടും സഹപാഠി ഹംസത്ത് സെക്രട്ടറിയും  മെമ്പർഷിപ്പ് ക്യാംപയിനുമായി സ്കൂളിലെത്തിയവരിൽ നിന്ന് തങ്ങളും നാലണ മെമ്പർഷിപ്പ് വാങ്ങി മുസ്ലിം ലീഗിൽ ശിഹാബ് തങ്ങളുടെ ആദ്യത്തെ അംഗത്വമായിരുന്നു അത് പിന്നീട് ഒട്ടേറെ പേർക്ക് അംഗത്വം നൽകാനുള്ള നിയോഗം ശിഹാബ് തങ്ങൾക്ക് ഉണ്ടായി ഒട്ടേറെപ്പേരുടെ ഹൃദയങ്ങളിൽ ജീവിക്കാനും (മലയാള മനോരമ: 2009 ഓഗസ്റ്റ് 2)


പള്ളിദർസ്

കോയമോൻ കൊടപ്പനക്കൽ തറവാട്ടിൽ തിരിച്ചെത്തി അവിടെ തിരിച്ചെത്തലിന്റെ സന്തോഷമാണിപ്പോൾ അനുജന്മാരുടെ മനസ്സ് നിറയെ ആഹ്ലാദം  

ഉപ്പായുടെ മനസ്സിൽ അപ്പോൾ മറ്റൊരു ചിന്ത വളരുകയായിരുന്നു മോനെ മതം പഠിപ്പിക്കണം നല്ലൊരു ഉസ്താദിന്റെ കീഴിൽ ഓതിപ്പഠിക്കണം കിതാണ് ഓതണം  എത്രയെത്ര മുദരിസുമാർ തന്നെ കാണാൻ വരുന്നു അവരിൽ ആരുടെ അടുത്തേക്ക് മോനെ വിടണം ഉപ്പ നന്നായി ചിന്തിച്ചു ഉത്തരവും കിട്ടി പൊൻമള മുഹ്യിദ്ദീൻ മുസ്ലിയാർ  പ്രഗത്ഭനായ പണ്ഡിതനാണ് ശിഷ്യന്മാർക്ക് നല്ല ശിക്ഷണം നൽകാൻ കഴിവുള്ള അധ്യാപകൻ അദ്ദേഹത്തിന്റെ ദർസിൽ തന്നെ മോൻ ഓതിപ്പഠിക്കട്ടെ  

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തലക്കടത്തൂർ ദർസിലെ മുതഅല്ലിമായി 
ഇതിന്നിടയിൽ എസ്.എസ്.എൽ.സി. ഫലം വന്നു മികച്ച വിജയം അക്കാലത്ത് എസ്.എസ് എൽ.സി വിജയിച്ച ഒരു കുട്ടി ദർസിൽ മുതഅല്ലിമായി 
വരികയെന്നത് അപൂർവ സംഭവമായിരുന്നു  അറിവിന്റെ വലിയ ലോകത്തേക്ക് കോയമോനെ ഉസ്താദ് കൊണ്ടുപോയത് മോനെ ഉയർത്തിക്കൊണ്ടുവരാൻ വേണ്ടി ഉസ്താദ് ആത്മാർത്ഥമായി അധ്വാനിച്ചു  

പാണക്കാട് പൂക്കോയ തങ്ങളുടെ മകനെ ശിഷ്യനായി ലഭിച്ചപ്പോൾ ജീവിതം സഫലമായെന്ന തോന്നലായിരുന്നു ഉസ്താദിന് വർഷങ്ങളോളം നീണ്ടുനിന്ന ദർസ് ജീവിതം  

അറബി വ്യാകരണം, തഫ്സീർ ,ഹദീസ് ,ഫിഖ്ഹ് ,തസ്വവ്വുഫ് തുടങ്ങിയ വിജ്ഞാന ശാഖകളിലേക്ക് ഉസ്താദ് ശിഷ്യനെ നയിച്ചു ഉസ്താദിന്റെ പ്രതീക്ഷക്കൊത്തുയരുന്ന ശിഷ്യൻ  

കിത്താബ് ചൊല്ലിക്കൊടുക്കുമ്പോൾ വിശദീകരണമായി ഒഴുകിവന്നത് അറിവിന്റെ മണിമുത്തുകളാണ്  

മുത്ത് മുഹമ്മദ് മുസ്തഫ  (സ), സ്വഹാബികൾ, താബിഈങ്ങൾ ,ഇമാമീങ്ങൾ,ഔലിയാക്കൾ ,ആരിഫീങ്ങൾ ,സൂഫികൾ ,ത്വരീഖത്തിന്റെ ശൈഖുമാർ  ഇവരുടെ പേരുകൾ, അവരുടെ ജീവിതത്തിലെ അനർഘ നിമിഷങ്ങൾ അവിസ്മരണീയ സംഭവങ്ങൾ  

ചെറുപ്പക്കാരനായ ശിഹാബ് തങ്ങളുടെ മനസ്സിനെ ആ വിവരണങ്ങൾ വല്ലാതെ സ്വാധീനിച്ചു  

ഉസ്താദിന്റെ സൂക്ഷ്മത നിറഞ്ഞ ജീവിതം തസവ്വുഫിന്റെ മറ്റൊരു കിതാബ് പോലെയായിരുന്നു അത്  

ആദരവായ നബിതങ്ങളോടുള്ള മുഹബ്ബത്തായിരുന്നു ഉസ്താദിന്റെ ഖൽബ് നിറയെ ആ നബിതങ്ങളുടെ നാൽപതാമത്തെ പേരക്കുട്ടിയാണ് തന്റെ മുമ്പിലിരിക്കുന്നത് ഈ കുട്ടിയിലൂടെ നബിതങ്ങളെ കാണുകയാണോ ?  അറിവിന്റെ കൈവഴികളെ  കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളാണ് ശിഹാബ് തങ്ങൾക്ക് ലഭിച്ചത് അഭിവന്ദ്യരായ പൂർവ്വ പിതാക്കൾ  അവരെക്കുറിച്ചൊക്കെ ശിഹാബ് തങ്ങൾ ഓർക്കാൻ തുടങ്ങി അറിവിന്റെ നിറകുടങ്ങൾ സ്നേഹ സാഗരങ്ങൾ  അവരെക്കുറിച്ചൊക്കെ കൂടുതലറിയാൻ മനസ്സ് വെമ്പൽ കൊണ്ടു വിശ്വാസം, കർമ്മശാസ്ത്രം ,സംസ്കാരം, ചരിത്രം, ഭാഷ എല്ലാ മേഖലകളിലേക്കും മനസ്സ് സഞ്ചരിക്കുന്നു 

1953 മുതൽ 1958 വരെയുള്ള കാലം ദർസിൽ പഠിച്ചു തലക്കടത്തൂർ ,കാനഞ്ചേരി, തോഴന്നൂർ എന്നിവിടങ്ങളിലാണ് ദർസിൽ പഠിച്ചത്  1958 ൽ ദർസ് ജീവിതം അവസാനിച്ചു  വിശാലമായ മറ്റൊരു ലോകത്തേക്കുള്ള കിളിവാതിൽ തുറക്കപ്പെടുകയാണ്  ഇസ്ലാമിക വിജ്ഞാനത്തിന്റെയും ,സംസ്കാരത്തിന്റെയും ലോക പ്രശസ്ത കേന്ദ്രമാണ് ഈജിപ്ത് ആഫ്രിക്കയിലേക്കുള്ള ഇസ്ലാമിന്റെ പ്രവേശം ഇത് വഴിയായിരുന്നു  

ഫറോവയുടെ നാട് പിരമിഡുകളുടെ നാട് ഇന്നാട്ടിലൂടെയാണ് നൈൽ നദി പാഞ്ഞൊഴുകുന്നത്  അനേകം ഔലിയാക്കന്മാർ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണ് ഈ മണ്ണിൽ വളർന്നുവന്ന പണ്ഡിത പ്രതിഭകൾക്കുണ്ടോ വല്ല കണക്കും  അവിടെയാണ് അൽ അസ്ഹർ  ലോകമെങ്ങും പ്രഭ പരത്തിയ വിജ്ഞാനത്തിന്റെ വിളക്കുമാടം ജാമിഉൽ അസ്ഹർ  

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മ്സ്റി (ഈജിപ്ത്) ലേക്ക് പുറപ്പെടുകയാണ്  പാണക്കാട്ട് അതൊരു അത്ഭുതവാർത്തയായിരുന്നു മോൻ കടൽ കടന്നു പോവുകയാണ് ഇൽമ് നേടാനുള്ള യാത്ര പഠിച്ചു വലിയ ആളായിവരട്ടെ കേരളത്തിൽ വലിയൊരു ദൗത്യം നിർവ്വഹിക്കാനുള്ള കുട്ടിയാണിത് മിസ്റിലെ വിദ്യാഭ്യാസവും അനുഭവങ്ങളും ആ കരങ്ങൾക്ക് കരുത്തേകും സംശയമില്ല  


മിസ്വിറിന്റെ മണ്ണിൽ  

വിശ്വവിക്യാതമായ അൽ -അസ്ഹർ യൂണിവേഴ്സിറ്റി അതിന്റെ പടവുകൾ കയറിപ്പോവുകയാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വെളുവെളുത്ത അറബ് യുവാക്കൾക്കൊപ്പം വെളുത്ത സുമുഖനായ ശിഹാബ് തങ്ങളും നടന്നു നീങ്ങുന്നു  കിഴക്കും പടിഞ്ഞാറും ലോകങ്ങൾ ഇവിടെ ഒരുമിച്ചു ചേരുന്നു പല രാജ്യക്കാർ ,വേഷക്കാർ ,ഭാഷക്കാർ ,വർണവൈവിധ്യമുള്ളവർ  എല്ലാവർക്കും ഒരേ ലക്ഷ്യം വിദ്യ നേടുക ഇവിടെ പടിച്ചിറങ്ങുന്നവർ അസ്ഹരികൾ എന്നറിയപ്പെടുന്നു 

ലോകമെങ്ങും അസ്ഹരികളുണ്ട്  പ്രസിദ്ധ പണ്ഡിതൻ മുഹമ്മദ് ശൽതുത് ആണ് ജാമിഉൽ അസ്ഹറിന്റെ ചാൻസലർ 
ശിഹാബ് തങ്ങൾ അറബി സാഹിത്യത്തിന്റെ പൊലിമ കാണുന്നതിവിടെ വെച്ചാണ് അറബിയിലെ ഗദ്യവും ,പദ്യവും കണ്ടു വിശാലമായ ലൈബ്രറി ഹാളുകൾ എന്തുമാത്രം ഗ്രന്ഥങ്ങൾ  സാഹിത്യത്തിന്റെ എല്ലാ മേഖലകളിലേക്കും അറബി ഭാഷ കടന്നുചെന്നിട്ടുണ്ട് 

ചെറുകഥ ,നോവൽ, നാടകം,കവിത ,ആത്മകഥ ,യാത്രാവിവരണം ,ശാസ്ത്രങ്ങൾ......

ധാരാളം വായിച്ചു അറിവിന്റെ പ്രവാഹം ഭാഷ നന്നായി വഴങ്ങുന്നുണ്ട് അറബികളുമായി നന്നായി ആശയ വിനിമയം നടത്താൻ കഴിയുന്നു  വിവിധ നാട്ടുകാരായ കുട്ടികളുമായി സംസാരിച്ചു അവരുടെ നാടുകളെ കുറിച്ച് ചോദിച്ചറിഞ്ഞു  നാടിന്റെ ഭൂമിശാസ്ത്രം,  ചരിത്രം, ഭാഷ, സംസ്കാരം,  ഇസ്ലാമിക പ്രവർത്തനങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു ഓരോ സംഭാഷണവും വിജ്ഞാനം വർദ്ധിപ്പിച്ചു ഭാഷ മെച്ചപ്പെടുകയും ചെയ്തു ഇന്ത്യയിൽ നിന്നുള്ള പലരും ഇക്കാലത്ത് ഇവിടെയുണ്ടായിരുന്നു  

നാടും നഗരവും കണ്ടു ഔലിയാക്കളുടെ മഖ്ബറകൾ സിയാറത്ത് ചെയ്തു നൈൽ നദിയുടെ കരയിലിരുന്ന് പ്രാചീന ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കാൻ ശ്രമിച്ചു   

പൗരാണിക ചരിത്രം അയവിറക്കുന്ന പിരമിഡുകൾ കണ്ടു ആധുനിക പരിഷ്കാരങ്ങൾ നിറഞ്ഞു നിൽക്കുന്ന കൈറോ നഗരം കണ്ടു പഠനത്തിന്റെ തിരക്കു പിടച്ച രണ്ടു വർഷങ്ങൾ  

1958 മുതൽ 1961 വരെയായിരുന്നു ജാമിഉൽ അസ്ഹറിലെ പഠനം 1961 -ൽ തന്നെ കൈറോ യൂണിവേഴ്സിറ്റിയിൽ ചേർന്നു ഉയർച്ചയിലേക്കുള്ള മറ്റൊരു വഴിത്തിരിവായിരുന്നു അത്  

വിശ്വവിഖ്യാതരായ അറബി സാഹത്യകാരന്മാരുമായി നേരിട്ടു ബന്ധപ്പെടാൻ അവസരമുണ്ടായി  പിൽക്കാലത്ത് നോബൽ സമ്മാനം നേടിയ നജീബ് മഹ്ഫൂള്, അതിസുന്ദരമായ ശൈലിയിൽ ആശയങ്ങൾ അവതരിപ്പിക്കുന്ന ത്വാഹാ ഹുസൈൻ, ശൗഖി ളൈഫ് ,അബ്ബാസ് മഹ്മൂദ് അക്കാദ് എന്നിവരുമായി ബന്ധപ്പെടാൻ കഴിഞ്ഞു   

ഇവരുടെ ഗ്രന്ഥങ്ങൾ ആർത്തിയോടെ വായിച്ചു തീർത്തു അറബി സാഹിത്യത്തിന്റെ നല്ല ആസ്വാദകനായി അറബി ഗാനങ്ങൾ കേട്ടാസ്വദിച്ചു  അറബി സാഹിത്യത്തെ നന്നായി നിരൂപണം നടത്താനുള്ള കഴിവും നേടി അറബി-ഉർദു- ഇംഗ്ലീഷ് പാണ്ഡിത്യം അദ്ദേഹത്തെ എല്ലാവരുമായും അടുപ്പിച്ചു 

കൈറോ യൂണിവേഴ്സിറ്റിയിലെ ചാൻസ്ലർ ഇസ്സുദ്ധീൻ ഫരീദ് ആയിരുന്നു ശൗഖി ളൈഫ്, യൂസുഫ് കുലൈഫ് , തുടങ്ങിയവർ അധ്യാപകരും അറിവിന്റെ നിറകുടങ്ങൾ എന്നു വിശേഷിപ്പിക്കാവുന്ന പല മഹാന്മാരുടെയും ക്ലാസിൽ ഇരുന്നു പഠിക്കാൻ അവസരം ലഭിച്ചു അവരിലൊരാളാണ് ശൈഖ് അബ്ദുൽ ഹലീം മഹ്മൂദ് ഇദ്ദേഹത്തിന്റെ ശിഷ്യനായ ഒരു സൂഫിവര്യൻ ശിഹാബ് തങ്ങളെ പഠിപ്പിച്ചിട്ടുണ്ട് മൂന്ന് വർഷക്കാലം അദ്ദേഹത്തിന്റെ മുമ്പിലിരുന്നു പഠിച്ച വിഷയം തസ്വവ്വുഫ് ആയിരുന്നു  

തസവ്വുഫിലെ മികച്ച ഗ്രന്ഥങ്ങൾ കണ്ടു സൂഫികളുടെ അത്ഭുതലോകം കണ്ടു ത്വരീഖത്തിന്റെ ശാഖോപശാഖകൾ കണ്ടു സ്വയം സൂഫിയാവുകയായിരുന്നു ആ ഘട്ടത്തിൽ   

തന്റെ മഹാന്മാരായ പൂർവ്വികന്മാരെക്കുറിച്ചു പഠിച്ചറിഞ്ഞു അവരുടെ ആദ്യ കേന്ദ്രം മദീനയായിരുന്നു പിന്നീടവർ ബസ്വറയിലെത്തി  ആ പ്രയാണത്തിന്റെ കാരണങ്ങൾ തേടി കിതാബുകൾ പരിശോധിച്ചു അമൂല്യ വിവരങ്ങൾ കിട്ടി  ബസ്വറയിൽനിന്ന് ഹളർമൗത്തിലേക്കുള്ള ഹിജ്റ അതറിഞ്ഞ ശിഹാബ് തങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഹളർമൗത്തിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര  

പ്രിയപ്പെട്ട കുട്ടികളെ സൂഫിസത്തിന്റെ ക്ലാസിൽ നിന്ന് പഠിച്ച ചില കാര്യങ്ങൾ ശിഹാബ് തങ്ങളുടെ പൂർവ്വികന്മാരുടെ കഥ എന്നിവ ഇനിയുള്ള ഭാഗങ്ങളിൽ വിവരിക്കാം   എന്നിട്ട് നമുക്ക് കൈറോയിലെ ശിഹാബ് തങ്ങളുടെ അടുത്തേക്ക് തന്നെ മടങ്ങിവരാം ഇൻശാ അല്ലാഹ് 

നബി  (സ) തങ്ങളുടെയും സ്വഹാബത്തിന്റെയും കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന രണ്ട് പദങ്ങളാണ് ഇഹ്സാൻ ,തസ്കിയത്ത് എന്നിവ   
അല്ലാഹു തന്നെ കണ്ടുകൊണ്ടിരിക്കുന്നു എന്ന ബോധം മനസ്സിൽ എല്ലാ നേരവും ഉണ്ടാവുക ഈ അവസ്ഥയിലായിരുന്നു സ്വഹാബികൾ അവർക്ക് ഇഹ്സാൻ ഉണ്ടായിരുന്നു അതവരെ നന്നാക്കിത്തീർത്തു നല്ലതുമാത്രം ചിന്തിക്കുക നല്ലതു മാത്രം പറയുക നല്ലുതു മാത്രം പ്രവർത്തിക്കുക ഇതായിരുന്നു അവരുടെ അവസ്ഥ   

മനസ്സിലെ മാലിന്യങ്ങൾ തുടച്ചു നീക്കി വൃത്തിയാക്കുക സ്ഫുടം ചെയ്തെടുക്കുക  സംസ്കാര സമ്പന്നമായ നിലയിൽ മനസ്സ് പാകപ്പെടുത്തിയെടുക്കുക ഇതാണ് തസ്കിയത്ത്  ഇതേ അർത്ഥത്തിൽ പിൽക്കാലത്ത് പ്രചാരത്തിൽ വന്ന പദമാണ് തസ്വവ്വുഫ്  

ആദ്യകാലക്കാർ നബി  (സ) തങ്ങളുമായി സഹവസിച്ചു സഹവാസം അവരിൽ ഇഹ്സാനും ,തസ്കിയത്തും ഉണ്ടാക്കി സഹവാസത്തിന് അറബിയിൽ സ്വുഹ്ബത്ത് എന്നു പറയുന്നു നബി  ( സ) തങ്ങളുമായി സ്വുഹ്ബത്തിൽ കഴിഞ്ഞവർ സ്വഹാബികളായിത്തീർന്നു 

നബി  (സ) തങ്ങളെ നേരിൽ കാണുകയും അവിടുത്തെ ഉപദേശങ്ങൾ കേൾക്കുകയും ചെയ്ത സ്വഹാബികളുടെ മനസ്സ് പരിശുദ്ധമായിരുന്നു സ്വഹാബികളുടെ കാലഘട്ടം പൂർണമായി അവസാനിക്കും മുമ്പുതന്നെ ജനങ്ങളിൽ ഒരു വിഭാഗത്തിന്റെ അവസ്ഥമാറി ദുനിയാവിനെ സ്നേഹിക്കുകയും പരലോകത്തെ മറക്കുകയും ചെയ്ത വിഭാഗക്കാർ രംഗത്തു വന്നു പിൽക്കാലത്ത് ഇസ്ലാമിൽ വന്നവരാണ് ഇവരിൽ ഏറെപ്പേരും മുൻകാലക്കാരുടെ പിൻഗാമികളിൽ ചിലരും ഇതിൽപെടുന്നു ഇവരുടെ ജീവിതത്തിൽ നിന്ന് ഇഹ്സാനും തസ്കിയത്തും ചോർന്നുപോയി  

അക്കാലത്ത് ജീവിച്ചിരുന്ന എണ്ണത്തിൽ കുറഞ്ഞ സ്വഹാബികളെ ഇത് വല്ലാതെ അസ്വസ്ഥരാക്കി സ്വഹാബികളുടെ പിൻഗാമികളാണ് താബിഉകൾ മനുഷ്യർ ദുനിയാവിനുവേണ്ടി ആർത്തി കാണിക്കുകയും അഹ്ലുബൈത്തിനെ നിന്ദിക്കുകയുമൊക്കെ ചെയ്യുന്നത് കണ്ടപ്പോൾ താബിഉകൾക്ക് വല്ലാതെ ആശങ്കയുണ്ടായി  

ഇമാം ഹസനുൽ ബസ്വരി(റ) താബിഉകളുടെ കൂട്ടത്തിലെ മഹാ പണ്ഡിതനാണ് അദ്ദേഹവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരും ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്ന നിർബന്ധമുള്ളവരായിരുന്നു 
മനുഷ്യ മനുസ്സുകളുടെ തെളിമ 

അത് ലക്ഷ്യമാക്കി അക്കാലത്തെ മഹാന്മാർ പ്രവർത്തിച്ചു തെളിമ എന്നതിന്റെ അറബി പദം സഫ്വത്ത് എന്നാകുന്നു ഈ പദത്തിൽ നിന്നാണ് തസവ്വുഫ് രൂപം കൊണ്ടത്  

ആദ്യകാല സൂഫി പ്രമുഖനായ ഇമാം ഹസനുൽ ബസ്വരി (റ) അങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ട്  

തെളിമ എന്നർത്ഥമുള്ള സഫാഹ് എന്ന പദത്തിൽ നിന്ന് തസ്വവ്വുഫ് രൂപം കൊണ്ടു എന്നു പറഞ്ഞവരുമുണ്ട്  

സ്വിഫത്ത് (വിശേഷണം) എന്ന പദത്തിൽ നിന്ന് തസ്വവ്വുഫ് ഉണ്ടായി എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട് തസ്വവ്വുഫ് ഒരു വിജ്ഞാന ശാഖയായി കാലാന്തരത്തിൽ വളർന്നു വന്നു  

അറബികളുടെ ഭാഷയാണ് അറബി അവർ അറബി സാഹിത്യം നന്നായി കൈകാര്യം ചെയ്തു അന്നവർക്ക് ഒരു വ്യാകരണ ഗ്രന്ഥത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല പിൽക്കാലത്ത് മറ്റു രാജ്യങ്ങളിലേക്ക് ഇസ്ലാം വ്യാപിച്ചു അനറബികൾ അറബി പഠിച്ചു അവർക്ക് ഭാഷ തെറ്റ് കൂടാതെ കൈകാര്യം ചെയ്യാൻ വ്യാകരണ ഗ്രന്ഥങ്ങൾ വേണ്ടിവന്നു വ്യാകരണം ഒരു വിജ്ഞാന ശാഖയായി വളർന്നു  

സ്വഹാബികൾ കർമ്മങ്ങളും വിശ്വാസ കാര്യങ്ങളും നബി  (സ)യിൽ നിന്ന് കണ്ടും കേട്ടും പഠിച്ചു  അവർക്ക് ഗ്രന്ഥങ്ങൾ വേണ്ടിയിരുന്നില്ല പിന്നീട് ഇസ്ലാം വ്യാപിച്ചു ജനങ്ങൾക്ക് കർമ്മങ്ങൾ പഠിപ്പിച്ചു കൊടുക്കേണ്ടിവന്നു വിശ്വാസ കാര്യങ്ങളും പഠിപ്പിക്കണം അതിന് ഗ്രന്ഥങ്ങൾ വേണ്ടി വന്നു  നബി  (സ) തങ്ങളും ആദ്യകാല സ്വഹാബികളും വഫാത്തായിക്കഴിഞ്ഞു അവരുടെ ചരിത്രം പിൻഗാമികളെ പഠിപ്പിക്കണം അതിനും ഗ്രന്ഥങ്ങൾ വേണം കർമ്മശാസ്ത്രം (ഫിഖ്ഹ്) ,വിശ്വാസം  (അഖീദ) ,ചരിത്രം  (താരീഖ്)എന്നീ വിജ്ഞാന ശാഖകൾ രൂപംകൊണ്ടത് അങ്ങനെയാണ്  

വിശുദ്ധ ഖുർആന് വ്യാഖ്യാന  ഗ്രന്ഥങ്ങൾ വേണ്ടിവന്നു അങ്ങനെ തഫ്സീറുകൾ വന്നു ഹദീസുകൾ ക്രോഡീകരിക്കപ്പെട്ടു  ഹദീസിനെപ്പറ്റി ധാരാളം പഠനങ്ങൾ നടന്നു അത് തന്നെ വലിയൊരു വിജ്ഞാന ശാഖയായി വളർന്നു  

തർക്കശാസ്ത്രം(മന്തിഖ്) ഫറാഇള് (അനന്തരാവകാശം) തുടങ്ങി പല വിജ്ഞാന ശാഖകളും വളർന്നു  

ആത്മ സംസ്കരണത്തിന് സഹായകമായ ഒരു വിജ്ഞാന ശാഖ വളർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു ആ വിജ്ഞാന ശാഖയാണ് തസ്വവ്വുഫ്  

സ്വഹാബികളുടെയും താബിഉകളുടെയും ജീവിതത്തിൽ തസ്വവ്വുഫ് ഉണ്ടായിരുന്നു ആ പേര് പറഞ്ഞിരുന്നില്ലെന്ന് മാത്രം  

സൂഫികളുടെ ആദ്യകാല നേതാക്കൾ ഹസൻ ബസ്വരി (റ) ,ശൈഖ് ഹബീബുൽ അജമി (റ),ശൈഖ് ദാവൂദുത്വാഈ (റ) എന്നിവരാകുന്നു 

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പൂർവ്വികന്മാരെല്ലാം സൂഫി ജീവിതത്തിന്റെ ഉടമകളും തസ്വവ്വുഫിന്റെ പ്രചാരകന്മാരുമായിരുന്നു  അവർ നല്ല വസ്ത്രം ധരിക്കുകയും ,നല്ല വാഹനം ഉപയോഗിക്കുകയും ,നല്ല വീട്ടിൽ താമസിക്കുകയും, നല്ലത് ഭക്ഷിക്കുകയും ചെയ്തിട്ടുണ്ട്  അപ്പോഴെല്ലാം അവരുടെ മനസ്സ് തെളിമയുള്ളതായിരുന്നു അവരുടെ കൈവശം ശരീഅത്തും ത്വരീഖത്തും ഉണ്ടായിരുന്നു രണ്ടും വേണമെന്നാണവർ പഠിപ്പിച്ചത് അവരുടെ ജീവിതമായിരുന്നു അവരുടെ സന്ദേശം ആ സന്ദേശം ഉൾക്കൊണ്ടവർ സൗഭാഗ്യം സിദ്ധിച്ചവർ  

അഹ്ലുബത്തിനെ സ്നേഹിച്ചവർക്കാണ് വിജയം അഹ്ലുബൈത്തിനെ തള്ളിക്കളഞ്ഞവർക്ക് പരാജയം   

അവർ ജനങ്ങളുടെ അഭയ കേന്ദ്രങ്ങളായിരുന്നു സന്മാർഗത്തിലേക്ക് വെളിച്ചം കാണിക്കുന്ന വിളക്കുമാടങ്ങളാകുന്നു മിസ്റിൽ അന്ത്യവിശ്രമം കൊള്ളുന്ന ധാരാളം സൂഫികളെ പഠിച്ചു  

മനുഷ്യ മനസ്സുകളെ ശുദ്ധീകരിക്കാനുള്ള മാർഗ്ഗം പഠിപ്പിച്ച ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) ,സുൽത്വാനുൽ ആരിഫീൻ ശൈഖ് അഹ്മദുൽ കബീർ (റ) ,സുൽത്വാനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ ചിഷ്ത്തി ( റ)  എന്നവരെക്കുറിച്ച് പഠിച്ചു  ഇവരൊക്കെ കൈമാറിയ മൂല്യങ്ങൾ തന്റെ ജീവിതത്തിലുണ്ടാവണം  
ശിഹാബ് തങ്ങളുടെ ചിന്ത ആ വഴിക്കു നീങ്ങി  


മുത്ത് നബിയും കുട്ടികളും

പ്രിയപ്പെട്ട കുട്ടികളേ  
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മരണപ്പെട്ടതിനു ശേഷമുള്ള ദിവസങ്ങളിൽ പുറത്തു വന്ന  പത്രങ്ങൾ നിങ്ങൾ വായിച്ചു കാണുമല്ലോ? എല്ലാ പത്രങ്ങളും വളരെ പ്രാധാന്യത്തോടെ ശിഹാബ് തങ്ങളെ കുറിച്ചെഴുതി ദൃശ്യമാധ്യമങ്ങൾ മറ്റ് പരിപാടികൾ മാറ്റിവെച്ച്  ശിഹാബ് തങ്ങളുടെ ജീവിതത്തെക്കുറിച്ച് വിശദമായ വിവരണങ്ങൾ നൽകി   അക്കൂട്ടത്തിൽ അവരൊക്കെ എടുത്തു പറഞ്ഞ ഒരു സംഗതിയുണ്ട് ശിഹാബ് തങ്ങളുടെ സ്വഭാവ മഹിമ  

ചിലർ ശിഹാബ് തങ്ങളുടെ സ്വഭാവത്തെ പൂനിലാവിനോടുപമിച്ചു മറ്റു ചിലർ സ്നേഹ സാഗരമെന്ന് പറഞ്ഞു  പൂന്തെന്നലിന്റെ നൈർമല്യമുള്ള പെരുമാറ്റം  
സയ്യിദുനാ മുഹമ്മദ്  (സ) തങ്ങളുടെ പരമ്പരയിൽ വന്നതുകൊണ്ടാണ് ഈ സ്വഭാവ മഹിമ കിട്ടിയതെന്ന് പറയാനും പലർക്കും കഴിഞ്ഞു  
അതെ നബിതങ്ങളിൽ നിന്നാണ് പരമ്പരയുടെ തുടക്കം സ്നേഹ സാഗരമായിരുന്നു ആ ജീവിതം  

റഹ്മതുല്ലിൽ ആലമീൻ  

സകല ലോകങ്ങൾക്കും അനുഗ്രഹം  നബി(സ) തങ്ങൾക്ക് നൽകപ്പെട്ട വിശേഷണം നബിതങ്ങളുടെ ഔദാര്യം സമുദ്രത്തിന്റെ ഔദാര്യം പോലെയായിരുന്നുവെന്ന് കവികൾ വിശേഷിപ്പിച്ചിട്ടുണ്ട്  നബി  (സ) തങ്ങൾ കുട്ടികളെ വല്ലാതെ ഇഷ്ടപ്പെട്ടു  കുട്ടികളെ കൈകളിലെടുക്കും ഓമനിക്കും ചുംബിക്കും കണ്ടു നിൽക്കുന്നവർ അനുഭൂതിയിൽ ലയിക്കും  

ആദ്യകാല മുസ്ലിംകളിൽ പലരും നീഗ്രോ വംശജരായ അടിമകളായിരുന്നുവ കറുത്ത മനുഷ്യർ  അവരുടെ കുഞ്ഞുങ്ങൾ കറുത്ത കുഞ്ഞുങ്ങൾ ഖുറൈശി പ്രമുഖന്മാർ  ആ കുഞ്ഞുങ്ങളെ കൈകൊണ്ട് തൊടില്ല നബി  (സ)തങ്ങൾ ആ കുഞ്ഞുങ്ങളെ കോരിയെടുക്കും മടിയിലിരുത്തും ലാളിക്കും  വെളുവെളുത്ത കൈകളിൽ കറുത്തിരുണ്ട നീഗ്രോ കുഞ്ഞുങ്ങൾ ലാളനക്കിടയിൽ കുഞ്ഞ് മൂത്രമൊഴിച്ചെന്ന് വരാം മുഖത്ത് യാതൊരു ഭാവമാറ്റവും കാണില്ല 
അതിസുന്ദരനായ പേരക്കുട്ടി ഹസനെയും നീഗ്രോ കുഞ്ഞിനെയും ഒന്നിച്ചു മടിയിലിരുത്തി  ലാളിക്കുന്നത് കണ്ട് ഖുറൈശി പ്രമുഖർ അന്തംവിട്ട് നിന്നുപോയിട്ടുണ്ട്  

നബി  (സ) നടന്നു പോവുമ്പോൾ വഴിയിൽ കണ്ട ഒരു കുട്ടിയേയും കണ്ടില്ലെന്ന് നടിക്കില്ല വാത്സല്യപൂർവ്വം ഒന്നു പുഞ്ചിരിക്കുകയെങ്കിലും ചെയ്യും  
യത്തീം മക്കളോട് പ്രത്യേക സ്നേഹമാണ് ഉപ്പയില്ലാത്ത കുട്ടികൾ  മറ്റു കുട്ടികൾ അവരുടെ ഉപ്പമാരുടെ വിരൽതുമ്പുകളിൽ പിടിച്ച് ആഹ്ലാദപൂർവ്വം നടന്നു പോവുന്നത് കാണുമ്പോൾ യത്തീം മക്കൾ സങ്കടപ്പെടും  ഇ

തുപോലെ തന്നെ ഓമനിച്ചു നടത്തിക്കൊണ്ട് പോവാൻ ഉപ്പയില്ലല്ലോ എന്നവർ സങ്കടപ്പെടും  അവരുടെ സങ്കടം നബിതങ്ങൾ അനുഭവിച്ചിട്ടുണ്ട് നബിതങ്ങളുടെ പിതാവിന്റെ പേര് അബ്ദുല്ല എന്നായിരുന്നു മക്കായുടെ നായകനായ അബ്ദുൽ മുത്തലിബിന്റെ മകൻ നല്ല സുമുഖൻ നല്ല സ്വഭാവ ഗുണങ്ങളുടെ ഉടമ മക്കക്കാരെല്ലാം അബ്ദുല്ലയെ ഏറെ സ്നേഹിച്ചു അബ്ദുല്ലയുടെ വിവാഹം മക്കത്തെ ഒരു പ്രധാന സംഭവം തന്നെയായിരുന്നു 

സുന്ദരിയും സൽഗുണ സമ്പന്നയുമായ ആമിനയാണ് മണവാട്ടി മക്കക്കാരെല്ലാം പങ്കെടുത്ത കല്യാണം കേമമായ സദ്യയായിരുന്നു മണവാട്ടിയെ ഖുറൈശിപ്പെണ്ണുങ്ങൾ കൂട്ടിക്കൊണ്ടുവന്നു  അബ്ദുൽ മുത്തലിബിന്റെ ഇരുനില വീടിന്റെ മുകൾത്തട്ടിലായിരുന്നു പുതിയാപ്പിളക്കും പുതിയ പെണ്ണിനും താമസിക്കാനുള്ള മുറി  സ്നേഹവും വാത്സല്യവും പങ്കിട്ടുകൊണ്ട് ദമ്പതികൾ ജീവിതം തുടങ്ങി 

ജീവിതം തുടങ്ങിയതേയുള്ളൂ വളരെ കുറഞ്ഞ ദിവസങ്ങൾ  ശാമിലേക്ക് കച്ചവട സംഘം  പുറപ്പെട്ടുന്ന സമയമായി അബ്ദുല്ലയും സംഘത്തിൽ പോവേണ്ടതുണ്ട് വിരഹത്തിന്റെ നാളുകൾ വരവായി വിരഹ വേദനയും വരവായി അബ്ദുല്ല നവവധുവിനോട് യാത്ര ചോദിക്കുന്ന രംഗം വേദനയിൽ മുങ്ങി കണ്ണീരിന്റെ നനവുള്ള വാക്കുകൾ അന്ന്  അബ്ദുല്ല ആ വീട്ടിൽ  നിന്നിറങ്ങിപ്പോയി 

മരഭൂമി മുറിച്ചു കടന്നുള്ള കച്ചവട യാത്ര  ആമിന നോക്കി നിന്നു ഭർത്താവിന്റെ രൂപം കണ്ണിൽ നിന്ന് മായുംവരെ നോക്കിനിന്നു  കണ്ണുകൾ നിറഞ്ഞൊഴുകി  ദുഃഖം അണപൊട്ടി  ആഴ്ചകൾ കടന്നുപോയി ആമിന കാത്തുകാത്തിരുന്നു പക്ഷെ അബ്ദുല്ല മടങ്ങിവന്നില്ല അന്ന് ആമിന ഗർഭിണിയായിരുന്നു ആ വർഷം റബീഉൽ അവ്വൽ പന്ത്രണ്ടിന് ആമിന ഒരാൺകുഞ്ഞിനെ പ്രസവിച്ചു  

ആ കുഞ്ഞാണ് ലോകാനുഗ്രഹിയായ മുത്ത് മുഹമ്മദ് മുസ്തഫ  (സ) തങ്ങൾ   അബ്ദുല്ലയുടെ ഗുണഗണങ്ങൾ വാഴ്ത്തിപ്പറയുന്ന കുലീന വനിതകൾ ഓർമ്മവെച്ച നാൾ മുതൽ ആമിനായുടെ മകൻ അത് കേൾക്കുന്നു  ഒരിക്കലും കണ്ടിട്ടില്ലാത്ത ഉപ്പ  ആ ഉപ്പായെ എല്ലാവരും വാഴ്ത്തുന്നു ആ ഉപ്പായെ ഓർത്തു മോൻ സങ്കടപ്പെട്ടു ഉമ്മ പൊന്നു മോനോട് ഉപ്പായുടെ കാര്യം പറഞ്ഞു:  

മോന്റെ ഉപ്പ ശാമിലേക്ക് കച്ചവടത്തിന് പോയി മടങ്ങിവരുമ്പോൾ യസ്രിബ് എന്ന നാട്ടിൽ മരണപ്പെട്ടു അവിടെയാണ് ഉപ്പായുടെ ഖബർ നമുക്കൊരിക്കൽ അവിടെപ്പോവണം ഉപ്പായുടെ ഖബർ സിയാറത്ത് ചെയ്യണം  
അന്ന് മോന് ആറ് വയസ് പ്രായം  യാത്രയെക്കുറിച്ചറിഞ്ഞപ്പോൾ മുതൽ ഖൽബ് നിറയെ ഉപ്പായുടെ സങ്കൽപം  

തന്നെ പരിചരിക്കാൻ ഒരു ഇത്താത്തയുണ്ട് നീഗ്രോ വർഗ്ഗത്തിൽ പെട്ട പെൺകുട്ടി പത്ത്-പന്ത്രണ്ട് വയസ് കാണും വീട്ടിലെ വേലക്കാരിയാണ്  അടിമപ്പെൺകുട്ടി പേര് ബറക  ആമിനാക്ക് ബറക സ്വന്തം മകളെപ്പോലെയാണ് എന്തൊരു സ്നേഹവും  കാരുണ്യവുമാണ് യസ്രിബിലേക്ക് ബറകയെയും കൊണ്ടുപോവുന്നുണ്ട്  

അബ്ദുൽ മുത്തലിബ് അവർക്ക് സഞ്ചരിക്കാനുള്ള ഒട്ടകം തയ്യാറാക്കി മൂന്നുപേരും ഒട്ടകക്കട്ടിലിൽ കയറിയിരുന്നു യസ്രിബിലേക്കുള്ള പാതയിലൂടെ ഒട്ടകം നീങ്ങി  

ആമിന ബീവി  (റ) ,ആറ് വയസ്സുള്ള പൊന്നുമോൻ ,ബറക എന്നിവർ യസ്രിബിലെത്തി ബന്ധുക്കളുടെ വീട്ടിലെത്തി 

അബ്ദുൽ മുത്തലിബിന്റെ ഉമ്മ സൽമ യസ്രിബുകാരിയാണ് സൽമായുടെ ബന്ധുക്കളുടെ വീടുകൾ യസ്രിബിലുണ്ട്അവിടേക്കാണ് ആമിനാ ബീവി (റ) യും കൂട്ടരും എത്തിയത്  

ഉപ്പായുടെ ഖബറിനു മുമ്പിൽ ഉമ്മായും മകനും വന്നു നിന്നു കൊച്ചു മനസ്സിൽ ദുഃഖം നിറഞ്ഞു  

ഉമ്മായുടെ കവിളിലൂടെ കണ്ണുനീർത്തുള്ളികൾ ഒഴുകുന്നത് മോൻ കണ്ടു ഉമ്മയുടെ ഖൽബ് നിറയെ സങ്കടം   കണ്ടിട്ട് സഹിക്കാനായില്ല മോൻ കരഞ്ഞു പോയി  യത്തീം കുട്ടികളെ കണ്ടാൽ മോന് സങ്കടം വരും മടക്ക യാത്രയിലാണ് ആ ദുഃഖസംഭവം നടന്നത് യസ്രിബിൽ നിന്ന് മക്കായിലേക്കുള്ള മടക്കം അവർ അബവാഹ് എന്ന സ്ഥലത്തെത്തി   

ഉമ്മാക്കു ക്ഷീണം വന്നു ശരീരം തളർന്നു പോയി വിശ്രമിക്കാൻ വേണ്ടി അവിടെയിറങ്ങി  ഉമ്മ മകനെ പിടിച്ചു ബറകയെ ഏൽപിച്ചു  ബറകയുടെ കറുത്ത കരങ്ങൾ വെളുത്ത കുഞ്ഞിനെ കെട്ടിപ്പിടിച്ചു നോക്കി നോക്കി നിൽക്കെ അത് സംഭവിച്ചു   ഉ

മ്മായുടെ മരണം ആറ് വയസ്സുകാരൻ അത് സഹിച്ചു ഉമ്മ നഷ്ടപ്പെട്ട കുട്ടികളുടെ ദുഃഖം  ആറാം വയസ്സിൽ മോൻ അനുഭവിച്ചറിഞ്ഞു കരുണ നിറഞ്ഞ മനസ്സിന്റെ ഉടമയാണ് ആ കുട്ടി  ആ സ്വഭാവ മഹിമ പരമ്പരയിലേക്കൊഴുകിവന്നു 

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ യത്തീം മക്കളെ സ്നേഹിച്ചു  എത്രയോ യത്തീംഖാനകളുടെ സംരക്ഷകനായി യത്തീംഖാനകളിലെ അന്തേവാസികളുടെ സുഖസൗകര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു എന്തെങ്കിലും പ്രയാസങ്ങൾ അനുഭവിക്കുന്നുവെന്നറിഞ്ഞാൽ ശിഹാബ് തങ്ങളുടെ മനസ്സ് വേദനിക്കുമായിരുന്നു  യത്തീംഖാനകളിലെ കുട്ടികളുടെ ചിരിക്കുന്ന മുഖം കാണുമ്പോൾ ശിഹാബ് തങ്ങൾ സന്തോഷിച്ചു മനസ്സിലെ സന്തോഷം മുഖത്ത് പ്രകടമാവുമായിരുന്നു 


നബി  (സ) സ്നേഹിച്ച നാലുപേർ

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഏറ്റവും പരിശുദ്ധമായ പരമ്പരയിലാണ് വന്നത്  ആ പരമ്പരയുടെ തുടക്കത്തിൽ നാം ഫാത്വിമ ബീവി (റ)യെ കാണുന്നു  

കുട്ടികൾക്കെല്ലാം ഫാത്വിമ ബീവിയെ അറിയാം അവരെപ്പറ്റിയുള്ള എത്രയെത്ര പാട്ടുകളാണ് നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ളത് അവരുടെ കുട്ടിക്കാലം വിവരിക്കുന്ന പാട്ടുകൾ കല്യാണ വിശേഷങ്ങൾ വിവരിക്കുന്ന പാട്ടുകൾ ഫാത്വിമാ ബീവിയെക്കുറിച്ചുള്ള ധാരാളം കഥകളും കുട്ടികൾക്കറിയാം   

ഫാത്വിമ എന്ന പേർ എല്ലാവർക്കും ഇഷ്ടമാണ് കാലമെത്ര കടന്നുപോയിട്ടും പുതുമ നഷ്ടപ്പെടാത്ത പേര് ആരാണ് ഫാത്വിമ?  കുറച്ചു കാര്യങ്ങൾ പറഞ്ഞു തരാം  ഖദീജ ബീവി(റ) പെറ്റ പൊന്നോമന മകൾ  ആരാണ് ഖദീജ ബീവി  (റ) ?
 
അവരെക്കുറിച്ചും കുട്ടികൾക്കറിയാം നബി  (സ) തങ്ങളുടെ ആദ്യ ഭാര്യയാണവർ വിവാഹ സമയത്ത് അവർ ധനികയായ വനിതയായിരുന്നു ഉള്ള സമ്പത്തെല്ലാം ഇസ്ലാമിനുവേണ്ടി ചെലവഴിച്ചു  പരീക്ഷണ ഘട്ടങ്ങളിൽ നബി  (സ) തങ്ങൾക്ക് താങ്ങും തണലുമായി നിന്നു അവർക്കിടയിലെ സ്നേഹവും, വിശ്വാസവും, പരസ്പര ധാരണയും എക്കാലത്തേയും  ദമ്പതികൾക്ക് മാതൃകയാവുന്നു  

നബി  (സ) തങ്ങൾക്ക് ഖദീജാ (റ)യിൽ ജനിച്ച മക്കൾ ഇവരാകുന്നു  ത്വയ്യിബ്,ത്വാഹിർ ,ഖാസിം,സൈനബ് ,റുഖിയ്യ,ഉമ്മുകുൽസൂം ,ഫാത്വിമ 

നബി  (സ) തങ്ങൾക്ക് മാരിയ്യത്തുൽ ഖിബ്ത്വിയ്യ (റ) യിൽ ജനിച്ച കുട്ടിയാണ് ഇബ്രാഹിം 
 
ആൺകുട്ടികളെല്ലാം കുട്ടി പ്രായത്തിൽ തന്നെ മരണപ്പെട്ടു പെൺകുട്ടികളാണ് വളർന്നത് അവരും വാർദ്ധക്യം കാത്തു നിന്നില്ല  ഫാത്വിമ ജനിച്ചപ്പോൾ നബി  (സ) തങ്ങൾക്കും ഖദീജ  (റ)ക്കും ഏറെ സന്തോഷമായിരുന്നു  

ഇളയ കുഞ്ഞിനോടുള്ള സ്നേഹവും വാത്സല്യവും പറഞ്ഞറിയിക്കാനായില്ല  എന്തൊരഴകുള്ള കുട്ടി  എന്തൊരു ബുദ്ധി ശക്തി   മാതാപിതാക്കളുടെ ഓമനയായി വളർന്നു ഇസ്ലാമിന്റെ ആദ്യകാലമാണത് ക്രൂര മർദ്ദനങ്ങളുടെ കാലം പീഢനങ്ങൾ പലതും കണ്ടു സഹിക്കാനാവാതെ കരഞ്ഞുപോയിട്ടുണ്ട്

ഉപ്പായുടെ കഴുത്തിൽ ശത്രുക്കൾ ഒട്ടകത്തിന്റെ കുടൽമാല വലിച്ചിട്ടപ്പോൾ ഫാത്വിമ  (റ)യാണ് വലിച്ചു നീക്കിയതും ശരീരം കഴുകി വൃത്തിയാക്കിയതും  
ഫാത്വിമ  (റ)യെ വിവാഹം ചെയ്തത് ആരാണെന്ന് കൂട്ടുകാർക്കറിയാമോ ? അബൂത്വാലിബിന്റെ മകൻ  അലി (റ)  

ആരാണ് അബൂത്വാലിബ് ? നബി  (സ) തങ്ങളുടെ പിതാവ് അബ്ദുല്ലയുടെ സഹോദരൻ ശത്രുക്കളിൽ നിന്ന് നബി  (സ)യെ സംരക്ഷിച്ച നേതാവ്  

അലി(റ) ഫാത്വിമ  (റ) മാതൃകാ ദമ്പതികൾ  

അലി(റ)വിനെ കുറിച്ച് നബി  (സ) തങ്ങൾ പറഞ്ഞു  

അലി ഈ ലോകത്തും പരലോകത്തും നേതാവാകുന്നു  

അലി(റ)യെ ആരെങ്കിലും സ്നേഹിച്ചാൽ അവൻ എന്നെ സ്നേഹിച്ചു  

അലി(റ)യോടാരെങ്കിലും പിണങ്ങിയാൽ അവൻ എന്നോടാണ് പിണങ്ങിയത്   
അലി(റ) വിനോട് നബി  (സ) തങ്ങൾക്കുണ്ടായിരുന്ന സ്നേഹം മനസ്സിലാക്കാൻ ഇത്രയും കേട്ടാൽ പോരേ ? 

അലി(റ) ഫാത്വിമ  (റ) ദമ്പതികളുടെ രണ്ട് മക്കളുടെ പേര് പറയാം ഹസൻ (റ), ഹുസൈൻ  (റ) സ്വർഗ്ഗത്തിലെ യുവാക്കളുടെ നേതാക്കൾ  

അവരെ നാം സ്നേഹിച്ചാൽ നബി  (സ) തങ്ങൾ സ്നേഹിക്കും ആ പേരക്കുട്ടികൾ നബി  (സ) യുടെ ഇഷ്ട ഭാജനങ്ങളായിരുന്നു  ഹസൻ  (റ)വിന്റെ സന്താന പരമ്പര ഹസനികൾ എന്നറിയപ്പെടുന്നു ഹുസൈൻ  (റ)വിന്റെ പരമ്പര ഹുസൈനികൾ എന്നും അറിയപ്പെടുന്നു  

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പിതൃപരമ്പര ഹുസൈൻ  (റ)വിൽ എത്തിച്ചേരുന്നു ശിഹാബ് തങ്ങൾ ഹുസൈനിയാകുന്നു   
ഹുസൈൻ  (റ) അവർകളെക്കുറിച്ച് കൂട്ടുകാർക്ക് കുറച്ചു കാര്യങ്ങൾ പറഞ്ഞു തരാം 

നബി  (സ) തങ്ങളും അനുയായികളും മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ വന്നു അതിന്റെ നാലാം വർഷം ശഹ്ബാൻ മാസത്തിൽ ഹുസൈൻ  (റ)ജനിച്ചു മദീനക്കാർക്ക് അന്ന് വലിയ ആഹ്ലാദമായിരുന്നു  
 
ഏഴാം ദിവസം  രണ്ട് ആട്ടിൻ  കുട്ടികളെ അഖീഖ അറുത്തു മുടി കളഞ്ഞു അത് തൂക്കിനോക്കി അത്രയും തൂക്കം വെള്ളി ദാനം ചെയ്തു   നബി  (സ) കുഞ്ഞിന്റെ ശിരസ്സ് തടവി  ഹുസൈൻ എന്ന് പേര് വിളിച്ചു  

നബി  (സ) പറഞ്ഞു;  ഹസൻ ,ഹുസൈൻ എന്നീ പേരുകൾ സ്വർഗവാസികളുടെ പേരുകളാകുന്നു  ആരെങ്കിലും ഹസനെയും ഹുസൈനെയും ഇഷ്ടപ്പെട്ടാൽ അവർ എന്നെ ഇഷ്ടപ്പെട്ടു  

നബിതങ്ങളുടെ മകൾ ഫാത്വിമ(റ) സ്വർഗത്തിലെ സ്ത്രീകളുടെ നേതാവാകുന്നു നബി  (സ) പറഞ്ഞു:   ഫാത്വിമ  (റ)യെ ആരെങ്കിലും സ്നേഹിച്ചാൽ അവർ എന്നെയാണ് സ്നേഹിച്ചത് ഫാത്വിമ  (റ)യോട്  ആരെങ്കിലും പിണങ്ങിയാൽ അവർ എന്നോടാണ് പിണങ്ങിയത്  

നബി  (സ) നന്നായി സ്നേഹിച്ച നാല് വ്യക്തികൾ  

ഫാത്വിമ, അലി ,ഹസൻ,ഹുസൈൻ,  ഇവരെ നാലു പേരെയും ചേർത്തു പിടിച്ചു കൊണ്ട് ഒരിക്കൽ നബി (സ) ഇങ്ങനെ പ്രാർത്ഥിച്ചു 

അല്ലാഹുവേ ഞാൻ ഇവരെ വല്ലാതെ ഇഷ്ടപ്പെടുന്നു നീയും ഇവരെ ഇഷ്ടപ്പെടേണമേ ഇവരെ ആരൊക്കെ ഇഷ്ടപ്പെടുന്നുവോ അവരെയൊക്കെയും നീയും ഇഷ്ടപ്പെടേണമേ  

ആ ദുആയുടെ പ്രാധാന്യം കൂട്ടുകാർ മനസ്സിലാക്കണം ആ നാല് പേരെ നാം ഇഷ്ടപ്പെട്ടാൽ നബി(സ) ഇഷ്ടപ്പെടും നബി  (സ) ഇഷ്ടപ്പെട്ടാൽ അല്ലാഹുവും ഇഷ്ടപ്പെടും  നാം രക്ഷപ്പെട്ടു    

എങ്ങനെയാണ് ഇഷ്ടപ്പെടൽ ?  

അവരെക്കുറിച്ചുള്ള എല്ലാം വായിക്കുക അവരെക്കുറിച്ചു കൂടുതൽ അറിയാൻ ക്ളാസുകൾ സംഘടിപ്പിക്കുക  വിവരമുള്ളവരോട് ചോദിച്ചു മനസ്സിലാക്കുക  
നബി  (സ) തങ്ങൾ  ,ഫാത്വിമ  (റ) ,അലി(റ) ,ഹസൻ  (റ),ഹുസൈൻ  (റ) എന്നിവരുടെ പേരിൽ ഒരോ ദിവസവും ഫാത്തിഹ ഓതി ഹദ്യ ചെയ്യുക നമുക്ക് തിരിച്ചു കിട്ടുന്നത് അവരുടെ സ്നേഹമാണ് അഞ്ചു പേർക്കും വേണ്ടി അഞ്ച് ഫാത്തിഹ ഓതുന്ന സമ്പ്രദായം കുട്ടിക്കാലം മുതൽക്കു തന്നെ വളർത്തിയെടുക്കുക ജീവിത കാലം മുഴുവൻ അത് നിലനിർത്തുക നമ്മുടെ ജീവിതം ഐശ്വര്യപൂർണമായിത്തീരും 

ഇമാം ഹുസൈൻ  (റ) വിന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തെക്കുറിച്ച് അൽപം പറയാം 

വേദന നിറഞ്ഞ ഖൽബോടും നിറഞ്ഞൊഴുകുന്ന കണ്ണുകളോടും കൂടി മാത്രമേ ആ ഭാഗം പറയാൻ കഴിയുകയുള്ളൂ നബി  (സ) തങ്ങളുടെ വഫാത്തിനു ശേഷം ഇസ്ലാമിക രാജ്യം ഭരിച്ച നാലു ഖലീഫമാരെക്കുറിച്ച് കുട്ടികൾക്കെല്ലാം അറിയാമല്ലോ.

അബൂബക്കർ  (റ), ഉമർ (റ), ഉസ്മാൻ  (റ), അലി(റ)  

നാലാം ഖലീഫക്കു ശേഷം ഇസ്ലാമിക രാജ്യം ഭരിച്ചത് അമീർ മുആവിയ ആയിരുന്നു  

നാലാം ഖലീഫയുടെ കാലമായപ്പോഴേക്കും അഹ്ലുബൈത്തിനെ  ചിലർ അക്രമിക്കാൻ തുടങ്ങിയിരുന്നു അമീർ മുആവിയ നാലാം ഖലീഫയായ അലി(റ)വിനെ അംഗീകരിച്ചില്ല അവർ തമ്മിൽ യുദ്ധം നടന്നിട്ടുണ്ട്  
ഇറാഖിലെ കൂഫയിൽ വെച്ച് ഖവാരിജ് വിഭാഗത്തിൽ പെട്ട ഒരു ഭീകരൻ അലി(റ)വിനെ വധിച്ചു  

നബികുടുംബത്തെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു ഇത് പിന്നെ ദുഃഖങ്ങളും ദുരിതങ്ങളും അവരെ പിന്തുടർന്നു  

ഹിജ്റ 60 വരെ അമീർ മുആവിയയുടെ ഭരണം നീണ്ടുനിന്നു തന്റെ മകൻ യസീദ് ഭരണാധികാരിയാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചു നാലു ഖലീഫമാർ ചെയ്യാത്ത കാര്യം ചെയ്തു  മകനെ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു  
അമീർ മുആവിയ മരണപ്പെട്ടു മുപ്പത് വയസുള്ള യസീദ് ഭരണാധികാരിയായി ആഢംബര ജീവിതം നയിച്ച യസീദ് ധിക്കാരിയായിരുന്നു നബികുടുംബം തന്റെ ഭരണത്തിന് ഭീഷണിയാണെന്ന് യസീദ് കരുതി അവരെ ദ്രോഹിക്കാൻ തന്നെ തീരുമാനിച്ചു   

ഇക്കാലത്ത് ഇമാം ഹുസൈൻ  (റ) മദീനയിലാണുള്ളത് യസീദിന്റെ മദീനയിലെ ഗവർണറായിരുന്നു വലീദ് ഈ ഗവർണറും ക്രൂരനായിരുന്നു    
നേതാവിനെ ബൈഅത്ത് ചെയ്യുകയെന്നത് നമ്മുടെ പാരമ്പര്യത്തിൽ പെട്ടതാണ് പ്രവാചകന്മാരെ അനുയായികൾ ബൈഅത്ത് ചെയ്തു  അന്ത്യ പ്രവാചകന്റെ വഫാത്തിനു ശേഷം വന്ന ഖലീഫമാരെ അനുയായികൾ ബൈഅത്ത് ചെയ്തു  'കരാർ ചെയ്യുക' എന്നാണിതിനർത്ഥം  

ഇപ്പോൾ യസീദിന് ബൈഅത്ത് ചെയ്യാൻ സമയമായിരിക്കുന്നു  സിറിയക്കാരും ഇറാഖുകാരും ഭയന്നിട്ടാണ് ബൈഅത്ത് ചെയ്തത് ഓരോ രാജ്യത്തുമുള്ള ഗവർണർമാർ ജനങ്ങളിൽ നിന്ന് നിർബന്ധപൂർവം ബൈഅത്ത് വാങ്ങി മക്കയിലും മദീനയിലുമൊക്കെ ഇത് നടന്നു   

യസീദ് ഗൗരവ സ്വഭാവമുള്ള ഒരു കത്ത് മദീനാഗവർണറായ വലീദിന് അയച്ചുകൊടുത്തു 

ഹുസൈനോട് ബൈഅത്ത് ചെയ്യാൻ നിർബന്ധിക്കുക വഴങ്ങുന്നില്ലെങ്കിൽ ശിരസ്സ് മുറിച്ചെടുത്ത് എനിക്ക് അയച്ചു തരിക  

എന്തൊരു ഭയാനകമായ കത്ത്   

വലീദ് ഹുസൈൻ  (റ)വിനെ വിവരമറിയിച്ചു ബൈഅത്തിന് നിർബന്ധിച്ചു  
മരണത്തെ ഭയന്ന് യസീദിനെ അംഗീകരിക്കാൻ ഹുസൈൻ  (റ) തയ്യാറാകുകമോ  ?ഒരിക്കലുമില്ല  

ബൈഅത്ത് ചെയ്യാതെ മദീനയിൽ ജീവിക്കാൻ വലീദ് സമ്മതിക്കുമോ ? സമ്മതിക്കില്ല 

ഹുസൈൻ  (റ) തന്റെ കുടുംബത്തോടൊപ്പം മദീന വിട്ടു അവർ മക്കത്തെത്തി  
ഈ സമയത്ത് ഇറാഖിൽ നിന്ന് ഹുസൈൻ  (റ)വിന് ധാരാളം കത്തുകൾ വരാൻ തുടങ്ങി യസീദിന്റെ ദുർഭരണം അവസാനിപ്പിക്കാൻ ഇറാഖിലേക്ക് വരിക ഞങ്ങൾ അങ്ങയോടൊപ്പം ചേരാം യുദ്ധം ചെയ്തു  യസീദിനെ തോൽപിക്കാം അങ്ങ് ഖലീഫയായി അധികാരമേൽക്കണം  

അധികാരത്തിൽ താൽപര്യമില്ല യാതന അനുഭവിക്കുന്ന ജനങ്ങളുടെ കരച്ചിൽ കേട്ടില്ലെന്ന് നടിക്കുന്നതെങ്ങനെ ?  ആ ചിന്തയാണ് ഇറിഖിലേക്കു പുറപ്പെടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്  പലരും യാത്ര തടയാൻ നോക്കി കഴിഞ്ഞില്ല  ഒരു ചെറു സംഘവുമായി ഇമാം ഹുസൈൻ  (റ) ഇറാഖിലെത്തി സഹായിക്കാൻ ആരും വന്നില്ല കത്തെഴുതിയവരെയൊന്നും കാണാനില്ല  

കർബല യുദ്ധം നടന്നു  ഇമാം ഹുസൈൻ  (റ) വധിക്കപ്പെട്ടു 

കുടുംബാംഗങ്ങളിൽ മിക്കവാറും പേർ വധിക്കപ്പെട്ടു  സൈനുൽ ആബിദീൻ എന്ന മകൻ രോഗം കാരണം യുദ്ധത്തിൽ പോയില്ല എങ്ങനെയോ രക്ഷപ്പെട്ടു ആ കുട്ടിയുടെ പരമ്പര നിലനിന്നു


സത്യം മുറുകെ പിടിച്ചവർ

കർബല യുദ്ധത്തിൽ വധിക്കപ്പെടാതെ  രക്ഷപ്പെട്ട സൈനുൽ ആബിദീൻ (റ) അവർകളെക്കുറിച്ചാണ് ഇനി കൂട്ടുകാരോട് സംസാരിക്കുന്നത് 

ഇമാം ഹുസൈ(റ) ന്റെ മകനായി ഹിജ്റ 38-ൽ മദീനയിൽ ജനിച്ചു ഹുസൈൻ  (റ) സ്വന്തം പിതാവിന്റെ പേര് മകന് നൽകി അലി  

ബുദ്ധിമാനും ധീരനും ഇബാദത്തിൽ വളരെയേറെ തൽപരനുമായിരുന്നു അദ്ദേഹം  ദിവസത്തിൽ ആയിരം റക്അത്ത് സുന്നത്ത് നിസ്കരിക്കുന്ന ഭക്തനായിരുന്നു ഇത് കാരണം അദ്ദേഹത്തിന് സജ്ജാദ് എന്ന പേര് ലഭിച്ചു  ധാരാളം ഇബാദത്ത് എടുത്തതിനാൽ അദ്ദേഹത്തിന് കിട്ടിയ പേരാണ് സൈനുൽ ആബിദീൻ  

പ്രശസ്തനായ സ്വഹാബിവര്യൻ ജാബിർ  (റ) ഒരു സംഭവം വിവരിക്കുന്നു ഒരിക്കൽ ഞാൻ നബി  (സ) തങ്ങളുടെ സമീപം ഇരിക്കുകയായിരുന്നു അപ്പോൾ ഹുസൈൻ  (റ) എന്ന പേരക്കുട്ടി നബി  (സ) യുടെ മടിയിലിരുന്നു കളിക്കുകയായിരുന്നു നബി  (സ) തങ്ങൾ എന്നോടിങ്ങനെ പറഞ്ഞു  
എന്റെ ഈ മകന് ഭാവിയിൽ നല്ലൊരു മകൻ ജനിക്കും അവന്റെ പേര് അലി എന്നായിരിക്കും ഖിയാമം നാളിൽ അവൻ സയ്യിദുൽ ആബിദീൻ എന്നു വിളിക്കപ്പെടും അവന് ഒരാൺകുട്ടി ജനിക്കും കുട്ടിക്ക് എന്റെ പേരായിരിക്കും എന്റെ ആ മകനെ നീ കണ്ടുമുട്ടിയാൽ എന്റെ സലാം പറയണം   ഇത് ജാബിർ  (റ)വിന്റെ വാക്കുകൾ ഈ സംസാരം നടക്കുമ്പോൾ അദ്ദേഹം ചെറുപ്പക്കാരനായിരുന്നു  

സൈനുൽ ആബിദീൻ  ഭാഷാസാഹിത്യത്തിൽ നിപുണനായിരുന്നു ഇമ്പമുള്ള കവിതകൾ രചിച്ചിട്ടുണ്ട്  

മഹാകവി ഫറസ്ദഖ് ഇദ്ദേഹത്തെക്കുറിച്ചെഴുതിയ കവിത ലോക പ്രസിദ്ധമാണ് നമ്മുടെ നാട്ടിലെ പാഠപുസ്തകങ്ങളിൽ വരെ വന്നിട്ടുണ്ട്    

തന്നെ ആക്ഷേപിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന 
സ്വഭാവക്കാരനായിരുന്നു  അവർക്കുവേണ്ടി പൊറുക്കലിനെ തേടുകയും ചെയ്യും  നിസ്കരിക്കാൻ നിന്നാൽ പരിസരത്തു നടക്കുന്നതൊന്നും അറിയില്ല 

ഒരിക്കൽ അഗ്നിബാധയുണ്ടായിട്ടുപോലും അറിഞ്ഞില്ല നിസ്കാരശേഷം ആളുകൾ പറഞ്ഞപ്പോഴാണറിയുന്നത് ഇബാദത്തിൽ പ്രവേശിച്ചാൽ പൂർണമായ മനസ്സാന്നിധ്യം ലഭിച്ചിരുന്നു മറ്റുള്ളവരെ അതിശയിപ്പിക്കുന്ന മനഃസാന്നിധ്യം  

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ  തന്നെ  വിമർശിക്കുന്നവരോട് സ്നേഹം കാണിച്ചു അത് കാരണം ശത്രുക്കൾ മിത്രങ്ങളായി ഈ സ്വഭാവ മഹിമ ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ പൂർവ്വികനായ സൈനുൽ ആബിദീൻ (റ) ആക്ഷേപകരോട് സ്വീകരിച്ച നിലപാടിനെക്കുറിച്ചും ഓർക്കണം
 
സൈനുൽ ആബിദീൻ (റ) വിന്റെ മാതാവിന്റെ പേര് 'ശഹർബാൻ 'ആയിരുന്നുവെന്നും അവർ പേർഷ്യൻ ചക്രവർത്തി യസ്ദജർദിന്റെ മകളായിരുന്നുവെന്നും  ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് മാതാവിന്റെ പേര് 'സലമ' എന്നായിരിന്നുവെന്നും കാണുന്നുണ്ട് 

ആ മഹാനെ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കാണുന്നു അദ്ദേഹത്തിന്റെ ഖബർ ജന്നത്തുൽ ബഖീഇലാണ് ഇമാം ഹസൻ (റ)ന്റെ ഖബറിന്നടുത്തു തന്നെ  

മീതെ കൊടുത്ത ജാബിർ  (റ)വിന്റെ വാക്കുകൾ ഒരിക്കൽ കൂടി ഓർക്കുക ഹുസൈൻ  (റ)വിന് അലി എന്നു പേരായ കുട്ടി ജനിക്കും അദ്ദേഹത്തിന് ഒരു കുട്ടി ജനിക്കും അവനെ നീ കണ്ടുമുട്ടിയാൽ എന്റെ സലാം പറയണം ഇത് നബി  (  സ) യുടെ വാക്കുകൾ  

ജാബിർ  (റ) പറയുന്നു : 

എനിക്ക് അല്ലാഹു ആയുസ്സ് നീട്ടിത്തന്നു ഞാൻ സൈനുൽ ആബിദിന്റെ മകൻ മുഹമ്മദിനെ കണ്ടെത്തി നബി  (സ) തങ്ങൾ എന്ന വല്യുപ്പാപ്പയുടെ സലാം അറിയിച്ചു  

ജാബിർ  (റ) വിന് തൃപ്തിയായി വല്ലാത്ത അനുഭൂതിയായി   
ഈ കുട്ടിയാണ് ചരിത്രത്തിൽ അതിപ്രശസ്തനായിത്തീർന്ന മുഹമ്മദുൽ ബാഖിർ (റ) 

ഇദ്ദേഹം ഹിജ്റ 59-ൽ മദീനയിൽ ജനിച്ചു ഹിജ്റ 61-ൽ മുഹർറം മാസത്തിലാണ് കർബല യുദ്ധം നടന്നത് കുടുംബാംഗങ്ങൾ കർബലയിലെത്തിയപ്പോൾ ഈ കുഞ്ഞും കൂടെയുണ്ടായിരുന്നു രണ്ട് വയസ് പ്രായം   കൊല്ലാപ്പെടാതെ രക്ഷപ്പെട്ടു മദീനയിൽ വന്നു താമസമാക്കി മഹാപണ്ഡിതനായി വളർന്നു അഗാധ പാണ്ഡിത്യം കാരണം ബാഖിർ എന്ന പേര് കിട്ടി മനുഷ്യ സേവനത്തിന് വേണ്ടി ഉഴിഞ്ഞുവെക്കപ്പെട്ട ജീവിതം 

വല്യുപ്പയായ നബി  (സ) തങ്ങളിൽ നിന്ന് സലാം കിട്ടിയപ്പോൾ  അനുഭൂതിയിൽ ലയിച്ച കുട്ടി പിൽക്കാല ജീവിതം ഹദീസ് പഠനത്തിനും പ്രചാരണത്തിനും വിനിയോഗിച്ചു ദിവസേന നൂറ്റി അമ്പത് റക്അത്ത് നിസ്കരിക്കുമായിരുന്നു
 
ഹിജ്റ 113 -ൽ സയ്യിദ് മുഹമ്മദുൽ ബാഖിർ (റ) മരണപ്പെട്ടു ജന്നത്തുൽ ബഖീഇലാണ് ഖബർ  വിഷബാധയാണ് മരണ കാരണമെന്ന് കാണുന്നു 
മുഹമ്മദുൽ ബാഖിർ (റ)വിന്റെ മകനാണ് ലോകമറിയുന്ന പണ്ഡിത ജ്യോതിസ്സ് സയ്യിദ് ജഹ്ഫറുസ്വാദിഖ് (റ)  

ഹിജ്റ 85- ൽ മദീനയിൽ ജനിച്ചു ഫർവ എന്നാണ് മാതാവിന്റെ പേര് അബൂബക്കർ സിദ്ദീഖ്  (റ)വിന്റെ പേരക്കുട്ടി ഖാസിമിന്റെ മകളായിരുന്നു ഫർവ അബൂബക്കർ  (റ)വിന്റെ മകൻ മുഹമ്മദിന്റെ മകനാണ് ഖാസിം ജഹ്ഫറുസ്വാദിഖ് (റ) വിന് അബൂബക്കർ സിദ്ദീഖ്  (റ) വുമായുള്ള ഒരു ബന്ധം ഇതാണ് ഇനി മറ്റൊരു ബന്ധം പറയാം ഫർവയുടെ ഉമ്മ ആരാണ് ?

അബൂബക്കർ  (റ)വിന്റെ  മകൻ അബ്ദുറഹിമാന്റെ മകൾ അസ്മയാണ് ഫർവയുടെ മാതാവ് ജഹ്ഫർ സ്വാദിക് (റ) വിന് സിദ്ദീഖ്  (റ) വുമായുള്ള മറ്റൊരു ബന്ധമാണിത്  ഇത് കാരണമാണ് ജഹ്ഫറിന് 'സ്വാദിഖ്' എന്ന പേർ വന്നത്  മഹാപണ്ഡിതനായ ജഹ്ഫറുസ്വാദിഖിന് ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു 
ഇമാം അബൂഹനീഫ (റ),മാലിക് ബ്നു അനസ് (റ) തുടങ്ങിയവർ ശിഷ്യരുടെ കൂട്ടത്തിൽ പെടുന്നു   

വിജ്ഞാനത്തിന്റെ വിശ്വഗോപുരമായിരുന്ന ജഹ്ഫർ സ്വാദിഖ് (റ ) ഹി. 148ൽ മരണപ്പെട്ടു ജന്നത്തുൽ ബഖീഇലാണ് ഖബർ വിഷബാധയേറ്റാണ് മരണം  
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെപ്പറ്റി പലരും രോഖപ്പെടുത്തിയ മഹത്തായൊരു കാര്യമുണ്ട്  

അധികാര കേന്ദ്രങ്ങളിൽ നിന്നകന്നുനിന്നു എംഎൽ.എ ആവാനോ എം.പി ആവാനോ മന്ത്രിയാകാനോ അദ്ദേഹം തയ്യാറായില്ല അത്തരം സ്ഥാനമാനങ്ങൾ മറ്റുള്ളവർക്കു നൽകി അദ്ദേഹം മാറിനിന്നു വേണമെന്നു  വെച്ചിരുന്നെങ്കിൽ  ആ സ്ഥാനമാനങ്ങൾ നിഷ്പ്രയാസം നേടാമായിരുന്നു 

ഈ രീതിയിലുള്ള വിവരണങ്ങൾ പലരിൽ നിന്നുമുണ്ടായി ഈ കാലഘട്ടത്തിൽ അതൊരു അത്ഭുതംതന്നെ   

എന്നാൽ അദ്ദേഹത്തിന്റെ പരമ്പരയുടെ തുടക്കത്തിൽ കാണുന്ന സാദാത്തീങ്ങളുടെ അവസ്ഥയെന്താണ് ? 

അവർ അധികാര സ്ഥാനങ്ങളുടെ അടുത്തേക്ക് പോയില്ല  ഭരണാധികാരികൾ വഴിതെറ്റിയപ്പോൾ അവരെ നിശിതമായി വിമർശിച്ചു പലപ്പോഴും അവർക്കെതിരെ യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്  

സ്വേഛാധിപതികളായ ഭരണാധികാരികൾ സത്യമാർഗത്തിൽ ഉറച്ചു നിന്ന സയ്യിദന്മാരെ അപായപ്പെടുത്തുകയായിരുന്നു ഇമാം ഹുസൈൻ  (റ) വാളിന്നിരയായി  

സൈനുൽ ആബിദീൻ (റ)വിനെ അന്നത്തെ ഭരണാധികാരി വിഷം കൊടുത്തു കൊല്ലുകയായിരുന്നു പുത്രൻ മുഹമ്മദുൽ ബാഖിർ (റ) വിനെയും വിഷം നൽകി വധിച്ചു ജഹ്ഫർ സ്വാദിഖ് (റ)വിന്റെ അന്ത്യവും അങ്ങിനെത്തന്നെ  
സത്യത്തിനു വേണ്ടി നിലകൊണ്ട സാദാത്തീങ്ങളും അവരെ പിന്തുണക്കുന്നവരും ഒരു ഭാഗത്ത്  അവരെ അടിച്ചമർത്താൻ ഏത് ഹീനമാർഗവും അവലംബിക്കുന്ന ഭരണവർഗം മറുവശത്ത് സാദാത്തീങ്ങളെ ആദരിക്കുകയും അവരുടെ ഉപദേശം തേടുകയും ചെയ്ത ചിലരെയും ഭരണാധികാരികൾക്കിടയിൽ കാണാം അങ്ങനെയൊക്കെയാണ് ചരിത്രത്തിന്റെ ഒഴുക്ക്  

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിച്ചത് ജനാധിപത്യ യുഗത്തിലാണ് ജനങ്ങൾക്ക് പങ്കാളിത്തമുള്ള ഭരണം എല്ലാവർക്കും വോട്ടവകാശമുള്ള കാലം 
വോട്ടവകാശം വെണ്ടവിധം  ഉപയോഗപ്പെടുത്തണമെന്ന് ഓരോ തിരിഞ്ഞെടുപ്പ് വരുമ്പോഴും ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു കൊണ്ടിരുന്നു മുന്നണി രാഷ്ട്രീയം വന്നപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾക്ക് കൂടുതൽ പ്രസക്തിയുണ്ടായി   

എതിരാളിയെ പരാജയപ്പെടുത്തേണ്ടത് വോട്ടിലൂടെ മാത്രമായിരിക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു   എതിരാളിയെ അക്രമിക്കരുത് ചീത്ത വിളിക്കരുത് വ്യക്തിവിമർശനം പാടില്ല സ്വഭാഹത്യ ചെയ്യരുത്  

പുണ്യാത്മാക്കളുടെ പരമ്പരയിൽ വന്ന മഹാനായൊരു നേതാവിന്റെ ആഹ്വാനമാണത്  ജനാധിപത്യം വരുന്നതിന്റെ മുമ്പുള്ള കാലത്താണ് ശിഹാബ് തങ്ങൾ ജീവിച്ചിരുന്നതെങ്കിലോ ? സ്വേഛാധിപതികളുടെ ഭരണകാലത്തായിരുന്നെങ്കിൽ 

സംശയം വേണ്ട തന്റെ പരമ്പരയിലെ മുൻഗാമികളെപ്പോലെ സ്വേഛാധിപതികൾക്കെതിരെ പടപൊരുതുമായിരുന്നു സത്യത്തിനു വേണ്ടി നിലകൊള്ളുമായിരുന്നു


ബസ്വറയിൽ നിന്ന് ഹളർമൗത്തിലേക്ക്

മഹാനായ ജഹ്ഫർ സ്വാദിഖ് (റ) വിന്റെ മകനാണ് സയ്യിദ് അലിയ്യുൽ ഉറൈളി (റ) മദീനാ ശരീഫിൽ ജനിച്ചു പിതാവിൽ നിന്നു തന്നെ വിദ്യനേടി മറ്റ് മഹാന്മാരിൽ നിന്നും പഠിച്ചിട്ടുണ്ട്  വലിയ പണ്ഡിതനും ദീനി സേവകനുമായിരുന്നു  മദീനയിൽ നിന്ന് ഏതാനും മൈൽ അകലെയുള്ള ഒരു പ്രദേശമാണ് ഉറൈള് ആ പ്രദേശം  

തന്റെ കർമ്മവേദിയാക്കി ജനങ്ങൾ ഉറൈളയിലേക്ക് വരാൻ തുടങ്ങി  അവിടെ താമസിച്ചതിനാൽ അലിയ്യുൽ ഉറൈളി എന്ന പേർ ലഭിച്ചു അദ്ദേഹത്തിന്റെ ഖബർ ഉറൈളയിൽ തന്നെയാകുന്നു ഹിജ്റ 210-ൽ വഫാത്ത് ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട്   

ഭരണകൂടത്തിന്റെ പരാക്രമങ്ങൾ കാരണമായും മറ്റും അഹ്ലുബൈത്തിൽ പെട്ട നിരവധി പേർക്ക് മദീന വിട്ട് പോവേണ്ടിവന്നിട്ടുണ്ട് അവരിൽ ചിലർ ലോകത്തിന്റെ വിദൂര ദിക്കുകളിൽ വരെ എത്തിച്ചേർന്നിട്ടുണ്ട്  
അലിയ്യുൽ ഉറൈളിയുടെ മകനാണ് സയ്യിദ് മുഹമ്മദ്  .സയ്യിദ് മുഹമ്മദ് ജനിച്ചത് മദീനയിലാണെങ്കിലും ജീവിതം നയിച്ചത് പുറംനാടുകളിലായിരുന്നു  മഹാപണ്ഡിതൻ ,ജനസേവകൻ,ഉദാരമതി എന്നീ നിലകളിൽ പ്രസിദ്ധനായിത്തീർന്നു  

സയ്യിദ് മുഹമ്മദ് ഇറാഖിലെത്തി ബസ്വറയിൽ താമസമാക്കി ഇറാഖിലേക്ക് പുറപ്പെടുമ്പോൾ മകൻ ഈസന്നഖീബ് കൂടെയുണ്ടായിരുന്നു  സയ്യിദ് മുഹമ്മദും മകൻ ഈസന്നഖീബും ബസ്വറയിലെ സാമൂഹിക ജീവിതത്തിൽ ഉന്നത സ്ഥാനം വഹിച്ചു ജനങ്ങളെ ആത്മീയ പാന്ഥാവിലൂടെ നടത്തികൊണ്ടു വരാൻ അവർക്കു കഴിഞ്ഞു ജനങ്ങൾ പിതാവിനെയും പുത്രനെയും നന്നായി സ്നേഹിച്ചു  

ഈസന്നഖീബ് മഹാപണ്ഡിതനും ജനസേവനത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട ജീവിതത്തിന്റെ ഉടമയുമായിരുന്നു അൽ -ഇമാമുൽ കബീർ എന്നറിയപ്പെട്ടു  
ആത്മീയമായ ഔന്നിത്യം നേടിയതിനാൽ മഹാൻ അൽ -ആരിഫു ബില്ലാഹ് എന്ന പേരിലും അറിയപ്പെട്ടു ശരീര സൗന്ദര്യത്തിലും സ്വഭാവ ശുദ്ധിയിലും മികച്ചു നിന്നു  ബസ്വറയിൽ തന്നെയാണ് ഖബറിടം  

ഇദ്ദേഹത്തിന്റെ പുത്രനാണ് സയ്യിദ് അഹ്മദുൽ മുഹാജിർ പ്രസിദ്ധനായ പണ്ഡിതനും ജനസേവകനുമായിരുന്നു ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു അവരിലൂടെ വിജ്ഞാനത്തിന്റെ പ്രകാശം അനേക രാജ്യങ്ങളിൽ എത്തിയിരുന്നു   പണ്ഡിത ലോകം അദ്ദേഹത്തിന് 'ശൈഖുൽ ഇസ്ലാം ' എന്ന പദവി നൽകി ആദരിച്ചു   തന്റെ ആത്മീയ ശക്തിയും പാണ്ഡിത്യവും കൊണ്ട് ഒരു വിഭാഗം ജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു 

എന്നാൽ പലതരം കക്ഷികളുടെ പ്രവർത്തനങ്ങൾ കാരണമായി അവിടെ കുഴപ്പങ്ങൾ വർധിച്ചുവന്നു ശിആ വിഭാഗത്തിന്റെ ശക്തി വർധിച്ചു ഇത് അദ്ദേഹത്തെ അസ്വസ്ഥനാക്കി ഭൗതിക സുഖങ്ങൾ നേടാൻ വേണ്ടി  പരക്കം പായുന്ന നിരവധിയാളുകളെ കണ്ടു അവരിൽ പരലോക ചിന്തയുണ്ടാക്കാൻ അദ്ദേഹം നന്നായി ശ്രമിച്ചു  കുറഞ്ഞ ആളുകളിൽ അത് ഫലം ചെയ്തു ബസ്വറയിൽ താമസമാക്കിയ ചില  വിദേശ സംഘങ്ങളും പലതരം കുഴപ്പങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു  

ബസ്വറ കുഴപ്പങ്ങളുടെ കേന്ദ്രമായി മാറുമെന്ന് അദ്ദേഹം മനസ്സിലാക്കി തന്റെ ബന്ധുക്കളെ ബസ്വറയിൽ നിന്ന് മാറ്റിത്താമസിപ്പിക്കണമെന്ന് അദ്ദേഹം കരുതി  കുടുംബാംഗങ്ങളുടെ വലിയൊരു സദസ്സ് വിളിച്ചുകൂട്ടി ഐഹിക നേട്ടങ്ങൾ മനസ്സിൽ സ്വാധീനം ചെലുത്താൻ അനുവധിക്കരുതെന്നും പരലോക വിജയത്തിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്യണമെന്നും സയ്യിദ് അഹ്മദുൽ മുഹാജിർ അവരെ ഉണർത്തി   

നമുക്കു ബസ്വറ വിട്ടു പോവാം യമനിലെ ഹളർമൗത്താണ് നമുക്കു പറ്റിയ സ്ഥലം എല്ലാവരും അവിടേക്ക് പോകാൻ സന്നദ്ധരാവുക അദ്ദേഹം യാത്രക്കു സന്നദ്ധരായി കുറെ പേർ അപ്പോൾ തന്നെ കൂടെ പോവാൻ തയ്യാറായി മറ്റുള്ളവർക്ക് പെട്ടെന്ന് യാത്രക്കു പറ്റില്ല സ്വത്തുവകകൾ കൈമാറലും മറ്റും പെട്ടെന്ന് നടക്കില്ലല്ലോ  .

സയ്യിദ് അഹ്മദുൽ  മുഹാജിർ തന്റെ സ്വത്ത് മുഴുവൻ സഹോദരനെ ഏൽപിച്ചു ബസ്വറയോട് വിട ചൊല്ലി സ്നേഹ ജനങ്ങൾ വേദനയോടെ വേർപാടിന്റെ രംഗം നോക്കിനിന്നു  

മക്കളായ മുഹമ്മദ്,  അബ്ദുല്ല എന്നിവരും എഴുപതിലധികം അനുയായികളും ഈ യാത്രയിൽ കൂടെയുണ്ടായിരുന്നു  ഹളർമൗത്തിനെക്കുറിച്ച്  കേരളത്തിലെ മുസ്ലിംകൾക്ക് പ്രത്യേകിച്ച് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ടതില്ല  
കേരള മുസ്ലിംകളുടെ സാമൂഹിക ജീവിതത്തെ നൂറ്റാണ്ടുകളായി നയിച്ചുകൊണ്ടിരിക്കുന്നത് സദാത്തീങ്ങളാണ് 

സദാത്തീങ്ങൾ ഹളർ മൗത്തിൽ നിന്നാണ് കേരളത്തിലെത്തിയിട്ടുള്ളത് ഇവരെ ഹള്റമികൾ എന്നു വിളിക്കുന്നു   

സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ സാഥാപകനായ സയ്യിദ് അബ്ദുറഹിമാൻ ബാഅലവി എന്ന വരക്കൽ മുല്ലക്കോയ തങ്ങൾ ഹളർ മൗത്തിൽ നിന്നാണ് എത്തിയത്  ആ പൂർവ്വികർ സയ്യിദ് അലി ഹാമിദ് ബാഅലവി തങ്ങളായിരുന്നു സയ്യിദന്മാരോടൊപ്പം സയ്യിദന്മാരല്ലാത്തവരും വന്നിട്ടുണ്ട് 

ചിലർ അവരുടെ സേവകന്മാരായെത്തി അക്കൂട്ടത്തിൽ വലിയ പണ്ഡിതന്മാരുണ്ടായിരുന്നു ശംസുൽ ഉലമ ഇ. കെ . അബൂബക്കർ മുസ്ലിയാരുടെ പൂർവ്വികൻ അങ്ങനെയാണ് കേരളത്തിലെത്തിയത്  

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പൂർവ്വികരുടെ വരവും ഈ റൂട്ടിലൂടെ തന്നെയാകുന്നു   

ഈ അധ്യായത്തിൽ നാം ചർച്ച ചെയ്യുന്നത് ഹളർ മൗത്തിലേക്ക് സയ്യിദന്മാർ എത്തിയതെങ്ങനെയെന്നാണ്? ആ അന്വേഷണം സയ്യിദ് അഹ്മദുൽ മുഹാജിർ (റ) വിൽ എത്തിച്ചേരുന്നു  

ഹിജ്റ 317-ലാണ്  അവർ  ബസ്വറ വിട്ടത് നേരെ പുണ്യഭൂമിയിലേക്ക് പോയി മദീനയിലേക്ക് മക്കയിലും മദീനയിലുമെല്ലാം പല പ്രശ്നങ്ങൾ തലപൊക്കിയ കാലമായിരുന്നു അത്  മുസ്ലിം സമൂഹത്തെ ഭരിക്കാൻ പല രാജവംശങ്ങൾ രംഗത്തുവന്നു ഖലീഫയെന്നും അമീറുൽ മുഹ്മിനീൻ എന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്നെങ്കിലും  സത്യത്തിൽ അവർ  രാജാക്കന്മാർ തന്നെയായിരുന്നു 

ഭൗതിക സുഖങ്ങളോടുള്ള ഭ്രമം അവരുടെ മനസ്സിൽ അഴുക്ക് നിറച്ചു മനുഷ്യ മനസ്സുകളിലെ അഴുക്കുകൾ തുടച്ചു നീക്കി ശുദ്ധമാക്കാനുള്ള മാർഗവുമായിട്ടാണ് സാദാത്തീങ്ങളും അവരുടെ അനുയായികളും രംഗത്ത് ഉറച്ചു നിന്നത് 

ഇവിടെ സംഘർഷ സാധ്യത വർദ്ധിക്കുന്നു സാദാത്തീങ്ങളും അനുയായികളും ഏറ്റുമുട്ടലിന് നിൽക്കാതെ നാട് വിട്ടുപോവുന്നു  

സയ്യിദ് അഹ്മദുൽ മുഹാജിർ ബസ്വറയിൽ നിന്ന് വിദൂരമായ ഹളർമൗത്തിലേക്ക് ഹിജ്റ പോവുകയാണ് അതുകൊണ്ടാണ് അദ്ദേഹത്തിന് അൽ മുഹാജിർ എന്ന പേര് കിട്ടിയത്   

ഇറാഖിന് നേരെ ഡച്ചുകാർ പലതവണ അക്രമണം നടത്തിയതായി ചിലർ രേഖപ്പെടുത്തിയിട്ടുണ്ട് വൈദേശികാധിപത്യം വരുമ്പോൾ അവരുടെ സംസ്കാരവും ജീവിത രീതികളും മുസ്ലിംകളിൽ പ്രചരിക്കും ഇത് വലിയൊരാപത്താണ്  

'ഖറാമിത്വ 'എന്നൊരു അക്രമി സംഘം ഇറാക്കിൽ കുഴപ്പങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു   

ഖുറാസാൻ ,ഫാരിസ്, മാ വറാഅന്നഹർ, ആസർബൈജാൻ , ജുർജാൻ, മിസ്റ് ,കുർദിസ്ഥാൻ,മോസിൽ തുടങ്ങിയ മുസ്ലിം രാജ്യങ്ങളിൽ വ്യത്യസ്ത ഭരണകൂടങ്ങൾ അധികാരം കൈവശപ്പെടുത്തി അവർക്കിടയിലെ പോരും പകയും കിടമത്സരങ്ങളും സമാധാന പ്രേമികളെ അസ്വസ്ഥരാക്കി

മനസ്സമാധാനത്തോടെ ഇബാദത്തുകൾ നിർവ്വഹിക്കാൻ പോലും കഴിയാത്ത അവസ്ഥ വന്നു   ആദ്യകാല സൂഫികൾ സ്വസ്ഥത ലഭിക്കാൻ വേണ്ടി കാടും മലയും തേടിപ്പോയത് ഈ സാഹചര്യത്തിലാണ് സ്വന്തം ജീവിതം ശുദ്ധീകരിക്കുക മറ്റുള്ളവരുടെ ജീവിതം സംശുദ്ധമാക്കാൻ വേണ്ടി കഠിനാദ്ധ്വാനം ചെയ്യുക ഇത് നിർവ്വഹിച്ചവരാണ് സൂഫികൾ   അല്ലാഹുവിലേക്കുള്ള മാർഗ്ഗം കാണിച്ചുകൊടുത്തവർ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മുൻഗാമികളെയെല്ലാം നാം ഈ വിഭാഗത്തിലാണ് കാണുന്നത്   

അവർ അല്ലാഹുവിനെ സ്നേഹിച്ചു അവന്റെ തൃപ്തിക്കുവേണ്ടി ജീവിച്ചു മറ്റൊന്നും തന്നെ അവരുടെ മനസ്സിനെ സ്വാധീനിച്ചില്ല അവർ സ്വയം പ്രകാശമായി മാറി മറ്റുള്ളവർക്ക് പ്രകാശം നൽകുന്നവരായിത്തീർന്നു ഹിദായത്തിന്റെ പ്രകാശം   അവരുടെ ജീവിതം തന്നെയാണ് അവരുടെ സന്ദേശം  പ്രസംഗത്തിലൂടെയല്ല പ്രവർത്തനത്തിലൂടെ സന്ദേശം നൽകി  സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വഫാത്തായപ്പോൾ എല്ലാവരും പറഞ്ഞത് അതു തന്നെയാണല്ലോ  ശിഹാബ് തങ്ങൾ കുറച്ചേ പ്രസംഗിക്കാറുള്ളൂ അതും ശാന്ത സ്വരത്തിൽ എന്നാൽ ജീവിത സന്ദേശമോ ? അതിശക്തമായിരുന്നില്ലേ ആ സന്ദേശം  ? ഒരു സന്ദേഹവുമില്ലാതെ പറയാം അതെ അതിശക്തം തന്നെ   


ഹജറുൽ അസ് വദിനോടു ക്രൂരത

അതീവ ദുഃഖകരമായ ഒരു സംഭവത്തെക്കുറിച്ചാണ് ഇനി പറയാനുള്ളത് ഹിജ്റ 317-ൽ നടന്ന സംഭവം  

സയ്യിദ് അഹ്മദുൽ മുഹാജിർ ബസ്വറയിൽ നിന്ന് മദീനയിൽ വന്നത് ആ വർഷമാണ്   

മക്കാ പുണ്യഭൂമിയിലാണ് ദാരുണ സംഭവം അരങ്ങേറിയത് കഅബായുടെ ചുമരിൽ നിന്ന് ഹജറുൽ അസ്വദ് പറിച്ചെടുത്തു കൊണ്ടുപോയ സംഭവം   ഖറാമിഥ വിഭാഗക്കാരാണ് ആ ക്രൂരത കൃത്യം ചെയ്തത്  

ഇറാഖിലാണ് ഈ വിഭാഗത്തിന്റെ തുടക്കം മുസ്ലിംകൾക്ക്  പല നാശനഷ്ടങ്ങളും  വരുത്തിക്കൊണ്ടാണവർ രംഗത്ത് വന്നത് ശക്തമായ സൈന്യത്തെ വളർത്തിയെടുത്തു ഈ വിഭാഗം ബഹ്റൈനിലെ ഭരണം പിടിച്ചടക്കി
  
അബൂത്വാഹിർ സുലൈമാൻ എന്ന ദുഷ്ടന്റെ നേതൃത്വത്തിൽ തൊള്ളായിരം യോദ്ധാക്കൾ മസ്ജിദുൽ ഹറമിലേക്ക് ആർത്തിരമ്പിവന്നു ധാരാളം ഹാജിമാരെ കൊന്നോടുക്കി മക്കയിൽ ഭീതി പരത്തി മക്കയുടെ പല ഭാഗത്തും അക്രമം നടത്തി  

ഹിജ്റ 317 ദുൽഹിജ്ജ 14  അസർ നിസ്കാരം കഴിഞ്ഞ സമയം  ദുഷ്ടനായ അബൂത്വാഹിർ സുലൈമാൻ ഒരു ചുറ്റികയുമായി ഹജറുൽ അസ്വദിന്റെ സമീപത്തേക്ക് ഓടിവന്നു ഹജറുൽ അസ്വദിൽ അടിച്ചു പിന്നെ ഹജറുൽ അസ്വദ് പറിച്ചെടുത്തു  

അക്രമികളുടെ സംഘം ജയാരവം മുഴക്കിക്കൊണ്ട് ഹജറുൽ അസ്വദുമായി ഓടിപ്പോയി 

ഈ ദുഃഖ സംഭവം നടക്കുമ്പോൾ സയ്യിദ് അഹ്മദുൽ മുഹാജിർ (റ) അറേബ്യയിലുണ്ട്  മദീനയിൽ  എന്തുമാത്രം ദുഃഖം അന്ന് അദ്ദേഹം സഹിച്ചിട്ടുണ്ടാവണം  

മക്ക മാത്രമല്ല മുസ്ലിം ലോകം ഒന്നാകെ നടുങ്ങിപ്പോയ ദിവസം  ഹജറുൽ അസ്വദില്ലാത്ത കാലം വന്നു  അടുത്ത കൊല്ലം ഹജ്ജിന് വന്നവർ  ഹജറുൽ അസ്വദ്  വെച്ചിരുന്ന സ്ഥാനത്ത് ചുംബിച്ചു അവിടെ ചുംബിച്ചുകൊണ്ടാണ് ത്വവാഫ് തുടങ്ങിയത്  

ഈ നില ഇരുപത്തി രണ്ടു വർഷം തുടർന്നു  ഇതിന്നിടയിൽ അബൂത്വാഹിർ എന്ന ദുഷ്ടന് മാരകമായ രോഗം പിടിപെട്ടു ശരീരം പഴുത്തു വൃണമായി ആളുകൾ ഭയന്നു നീചനായി മരണപ്പെട്ടു  

ഇരുപത്തി രണ്ട് വർഷങ്ങൾ കടന്നുപോയി ഹിജ്റ 339 ദുൽഹിജ്ജ 10  ഖറാമിത്വ വർഗ്ഗക്കാർ ഹജറുൽ അസ്വദുമായി വന്നു  കഅബയുടെ ചുമരിൽ യഥാസ്ഥാനത്ത് ഹജറുൽ അസ്വദ് വെച്ചു  

നമുക്ക് സയ്യിദ് അഹ്മദ് മുഹാജിറിലേക്ക് തന്നെ തിരിച്ചു വരാം  അദ്ദേഹം വലിയ സമ്പന്നനായിരുന്നു  ഔലിയാക്കളിൽ ചിലർ വലിയ സമ്പന്നന്മാരായിരുന്നുവെന്ന് ചരിത്രത്തിൽ കാണാം  വഴിയിൽ കണ്ട മിസ്കീൻമാർക്കും ആവശ്യക്കാർക്കും ധാരാളം സ്വദഖ നൽകിക്കൊണ്ടാണ് സയ്യിദ് അഹ്മദുൽ മുഹാജിർ (റ) യാത്ര തുടർന്നത്
  
മദീനക്കാർക്ക് നല്ല സംഭാവനകൾ നൽകി ഒരു കൊല്ലം മദീനയിൽ താമസിച്ചു അവിടെ താമസിക്കുമ്പോഴാണ് ഖറാമിത്വ വിഭാഗം ഹജറുൽ അസ്വദ് കൊണ്ടുപോയ വിവരമറിയുന്നത്  അടുത്ത വർഷം മക്കയിൽ വന്നു ഹജ്ജു ചെയ്തു വിങ്ങിപ്പൊട്ടുന്ന ഖൽബുമായി കഹ്ബാലയത്തിലെത്തി പൊട്ടിക്കരഞ്ഞുകൊണ്ട് പ്രാർത്ഥന നടത്തി  

ഹജ്ജിന് ശേഷം അനുയായികളോടൊപ്പം യമനിലേക്ക് തിരിച്ചു മഹാന്റെ ആഗമനത്തെക്കുറിച്ച്  ഹളർമൗത്തിൽ വിവരം കിട്ടി വഴിനീളെ സ്വീകരണങ്ങളായിരുന്നു  

ധാരാളം ഖവാരിജുകളെ കണ്ടു അവരെ നന്നായി ഉപദേശിച്ചു അവരുടെ പിഴച്ച വിശ്വാസങ്ങൾ വിവരിച്ചു കൊടുത്തു ധാരാളം ഖവാരിജുകൾ ത്വബ ചെയ്തു മടങ്ങി  വഴിപിഴച്ചു പോയ നിരവധി പേരെ ഹിദായത്തിലെത്തിച്ചു 

ഹളർമൗത്തിലും തരീമിലുമെത്തി ആശ്വാസമായി സയ്യിദന്മാർ ഒരു പ്രത്യേക പ്രദേശത്ത് താമസമാക്കി വീടുകളുടെ എണ്ണം കൂടിക്കൂടി സയ്യിദന്മാർ പിന്നെയും പിന്നെയും വന്നുകൊണ്ടിരുന്നു  സയ്യിദന്മാർ തിങ്ങിത്താമസിച്ച ആ പ്രദേശത്തിന് 'ഹുസൈനിയ്യ' എന്ന പേർ വന്നു 

ഇമാം ഹുസൈൻ  (റ)വിന്റെ പിൻമുറക്കാരുടെ കേന്ദ്രമായിത്തീർന്നു ആ പ്രദേശം സയ്യിദ് അഹ്മദുൽ മുഹാജിറിന്റെ ഉപദേശം കേൾക്കാൻ വേണ്ടി വലിയ സദസ്സുകൾ സംഘടിപ്പിക്കപ്പെട്ടു ആത്മീയ ശോഭ നാടെങ്ങും പരന്നു
  
ഖറാമിത്വ് വിഭാഗം ഹജറുൽ അസ്വദ് കൊണ്ടുവന്നു വെച്ച സന്തോഷവാർത്ത കേൾക്കാൻ അദ്ദേഹത്തിന് സൗഭാഗ്യമുണ്ടായി പല നാടുകളിൽ നിന്നും അദ്ദേഹത്തെ കാണാൻ ധാരാളമാളുകൾ വന്നുകൊണ്ടിരുന്നു  ഹിജ്റ 345ൽ ആ മഹാൻ വഫാത്തായി ഹസീസിയ്യയിലാണ് മഖ്ബറ  

സയ്യിദ് അഹ്മദുൽ മുഹാജിർ (റ) അവർകളുടെ പുത്രനാണ് സയ്യിദ് ഉബൈദുല്ല  (റ) അവർകൾ   

ബസ്വറയിലാണ് ജനനം പിതാവിൽനിന്നാണ്  ദീൻ പഠിച്ചു തുടങ്ങിയത് പല മഹാന്മാരിൽ നിന്നും വിദ്യ നേടി മഹാപണ്ഡിതനായിത്തീർന്നു  
വളരെ വിനയാന്വിതനായിരുന്നു അദ്ദേഹം ആളുകളോടിങ്ങനെ പറയുമായിരുന്നു  

എന്നെ അല്ലാഹുവിന്റെ ചെറിയ അടിമ എന്നു വിളിച്ചാൽ മതി  അങ്ങനെയാണ് ഉബൈദുല്ല എന്ന പേർ വന്നത് ശരിയായ പേര്  അബ്ദുല്ല    പിതാവ് ബസ്വറയിൽ നിന്ന് പുറപ്പെട്ടപ്പോൾ കൂടെ പോന്നു മദീന,മക്ക വഴി ഹളർമൗത്തിലെത്തി പിതാവിനോടൊപ്പം പല യാത്രകൾ നടത്തി ദീനീ പ്രവർത്തനങ്ങളിൽ സഹകരിച്ചു പിതാവിനു ശേഷം ഹളർമൗത്തിന്റെ വിളിക്കായി മാറി ധാരാളം ശിഷ്യന്മാരുണ്ട്  യമനിലെ തരീം പ്രദേശം  സാദാത്തീങ്ങളുടെ സാന്നിധ്യം കൊണ്ട്  അനുഗ്രഹീതമായിത്തീർന്നു  തരീമിന് മദീനത്തുസ്സിദ്ദീഖ് എന്നും പേരുണ്ട്  

അബൂബക്കർ സിദ്ദീഖ്  (റ) തരീം പ്രദേശത്തുകാർക്ക് വേണ്ടി ദുആ ചെയ്തിട്ടുണ്ട് മഹാനവർകൾ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എല്ലാ പ്രദേശത്തുകാരും ബൈഅത്ത് ചെയ്യാൻ വേണ്ടി മുമ്പോട്ടു വന്നു അക്കാലത്ത് യമനിലെ ഗവർണർ ജനങ്ങളോട്   ബൈഅത്ത് (ഉടമ്പടി ) ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ തരീമുകൾ ഉത്സാഹപൂർവം മുമ്പോട്ടു വന്നു ഇക്കാര്യം ഗവർണർ സിദ്ദീഖ്  (റ)വിനെ അറിയിച്ചു സിദ്ദീഖ്  (റ) തരീമുകാർക്ക് വേണ്ടി പ്രാർത്ഥിച്ചു   

തരീമിൽ സ്വാലിഹീങ്ങൾ വർദ്ധിക്കാനും അവിടത്തെ വെള്ളത്തിൽ ബർക്കത്ത് ഉണ്ടാവാനും ,ജനവാസം വർദ്ധിക്കാനും വേണ്ടി ദുആ ചെയ്തു  തരീം സ്വാലിഹീങ്ങളുടെ  നാടായി മാറി  അവിടത്തെ  സാദാത്തീങ്ങൾ ഇസ്ലാം മത പ്രചരണത്തിനായി ലോകം മുഴുവൻ സഞ്ചരിച്ചു  

എവിടെച്ചെന്നാലും അവർ ജനനേതാക്കളായി മാറും എല്ലാ ഇസ്ലാമിക മുന്നേറ്റങ്ങളുടെ മുമ്പിലും  അവരുണ്ടാവും അനീതിക്കെതിരേ സമരം നടക്കുമ്പോൾ  അവർ തന്നെ മുമ്പിൽ കാണും  അനേകം ദ്വീപുകളിൽ ഇവരുടെ സേവനം കാരണം ഇസ്ലാമിക ചലനങ്ങൾ ശക്തിപ്പെട്ടിട്ടുണ്ട് അവർ മനുഷ്യരെ സ്നേഹിച്ചു എല്ലാ മതക്കാരെയും ദേശക്കാരെയും സ്നേഹിച്ചു കേരളീയരോട് ഇതൊന്നും പ്രത്യേകിച്ചു പറഞ്ഞുകൊടുക്കേണ്ടതില്ല അവർ അതെല്ലാം അനുഭവിച്ചറിഞ്ഞവരാകുന്നു   

സയ്യിദ് ഉബൈദുല്ല  (റ)വിന്റെ മകൻ സയ്യിദ് അലവിയ്യുൽ മുബ്തകിർ (റ) തരീമിൽ ജനിച്ചു  ഹാഫിള് ആയിരുന്നു  ഇദ്ദേഹത്തിന്റെ കാലം മുതൽ  ബാ അലവി (അലവി സന്തതികൾ )എന്ന പദ പ്രയോഗം  നിലവിൽ വന്നു അഗാധ പാണ്ഡിത്യം നേടിയ മഹാനും ജനസേവകനുമായിരുന്നു ധാരാളം ശിഷ്യന്മാരുമുണ്ടായിരുന്നു  ഖുർആൻ പാരായണ ശാസ്ത്രം  (തജ് വീദ് ) നന്നായി പഠിക്കുകയും പല നാടുകളിൽ പ്രചരിപ്പിക്കുകയും ചെയ്തു  

ഉദാരമതിയായിരുന്നു എൺപത് ആളുകളെ സ്വന്തം ചെലവിൽ ഹജ്ജിന് കൊണ്ടുപോയിട്ടുണ്ട്  ഹളർ മൗത്തിൽ സാദിത്തീങ്ങൾ നിർമിച്ച ഗ്രാമമാണ് ബൈത്തു ജുബൈർ കാലാന്തരത്തിൽ ഇതൊരു പട്ടണമായിമാറി ഇവിടെയാണ് സയ്യിദ് അലവിയ്യുൽ മുബ്തകിർ (റ)വിന്റെ മകൻ സയ്യിദ് മുഹമ്മദ് സാഹിബുസ്സൗമഅഃ ജനിച്ചത് മഹാപണ്ഡിതനായിരുന്നു ജനനേതാവും ഉദാരമതിയുമായിരുന്നു  ഇദ്ദേഹത്തിന്റെ പുത്രനാണ് സയ്യിദ് അലവിയ്യ്

പരമ്പരയുടെ പ്രതാപം നിലനിർത്തിയ മഹാൻ ബൈത്തു ജുബൈറിൽ മരണം അവിടെത്തന്നെയാണ്  മഖ്ബറ  അദ്ദേഹത്തിന്റെ പുത്രനാണ് അലിയ്യുബ്നു അലവിയ്യ് ബൈത്തു ജുബൈറിൽ ജനിച്ചു വളർന്നു സാമ്പത്തിക ശേഷിയുള്ള നേതാവായിരുന്നു  ബസ്വറയിൽ അദ്ദേഹത്തിന്നൊരു വീടുണ്ടായിരുന്നു അതിന്റെ പേര് ഖസം എന്നായിരുന്നു   ഇരുപതിനായിരം ദീനാർ നൽകി അദ്ദേഹം തരീമിൽ സ്ഥലം വാങ്ങി നല്ലൊരു  വീട്    വെച്ചു ബസ്വറയിലെ വീടിന്റെ പേര് തന്നെ നൽകി ഖസം 

കാലം ചെന്നപ്പോൾ ആ പ്രദേശം ഖസം പട്ടണമായിമാറി ചരിത്ര പ്രസിദ്ധനായ സയ്യിദ് മുഹമ്മദ് സ്വാഹിബുൽ മിർബാത്വ് ഇദ്ദേഹത്തിന്റെ പുത്രനാകുന്നു  സയ്യിദ് മുഹമ്മദ് സ്വാഹിബുൽ മിർബാത്വ് തരീമിൽ ജനിച്ചു വലിയ പണ്ഡിതൻ, സഞ്ചരി,ജനസേവകൻ, എന്നീ നിലകളിൽ പ്രസിദ്ധനായി പിൽക്കാലത്ത് ഒമാനിലെ മിർബാത്വ്  എന്ന പ്രദേശത്ത് താമസമാക്കി  അവിടെ വെച്ചു മരണപ്പെട്ടു മിർബാത്വിലെ അദ്ദേഹത്തിന്റെ മഖ്ബറ വളരെ പ്രസിദ്ധമാണ്  


ആത്മീയ ശക്തി

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ  പൂർവികന്മാർക്ക് ഇത്രയേറെ ആത്മീയ ശക്തി ലഭിച്ചതെങ്ങനെ ? അതിന് കാരണമെന്ത് ?  പഠിച്ചറിയേണ്ട കാര്യമാണത് അവരെല്ലാം അഗാധ പണ്ഡിതന്മാരായിരുന്നു

അല്ലാഹുവിലേക്കെത്താനുള്ള മാർഗ്ഗം അവർ പരമ്പരാഗതമായിത്തന്നെ  പഠിച്ചറിഞ്ഞവരായിരുന്നു  അവരുടെ കൂട്ടത്തിൽ പലരും ധനികന്മായിരുന്നു എന്നാൽ ധനം അവരുടെ മനസ്സിനെ സ്വാധീനിച്ചില്ല ധനം എങ്ങനെ ചെലവഴിക്കണമെന്ന് അവർക്ക്  നന്നായറിയാമായിരുന്നു ധനം അല്ലാഹുവിലേക്കെത്താനുള്ള മാർഗ്ഗമാക്കി മാറ്റുകയാണവർ ചെയ്തത്   
അലി(റ)വിൽ നിന്നുള്ള വിലപ്പെട്ട വിജ്ഞാനം പിൻഗാമികൾക്ക് കിട്ടിയിട്ടുണ്ട് ഇസ്ലാം, ഈമാൻ,ഇഹ്സാൻ ഇവ മൂന്നും നന്നായറിയാവുന്ന മഹാപണ്ഡിതനായിരുന്നു അലി(റ)  

എന്താണ് ഇഹ്സാൻ ?
 
അല്ലാഹുവിനെ കാണുന്നതുപോലെ ഇബാദത്തെടുക്കുക താൻ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു തന്നെ കണ്ടുകൊണ്ടിരിക്കുന്നുവെന്ന ബോധത്തോടെ ഇബാദത്തെടുക്കാൻ കഴിയുക  

അലി(റ)വിന് ആ കഴിവുണ്ടായിരുന്നു   തന്റെ മക്കളായ ഹസൻ  (റ), ഹുസൈൻ  (റ) എന്നിവർക്ക് ഈ കഴിവ് നേടിക്കൊടുത്തു ഫാത്വിമ  (റ) സ്വന്തം പിതാവായ നബി  (സ) തങ്ങളിൽ നിന്ന് തന്നെ ഈ കഴിവ് നേടിയിരുന്നു   

തഴവാ മുഹമ്മദ് കുഞ്ഞ് മൗലവി തന്റെ പ്രസിദ്ധമായ കവിതാ സമഹാരം  'അൽ മവാഹിബുൽ ജലിയ്യ ' യിൽ ഒരു സംഭവം പറയുന്നുണ്ട്  

അലി(റ)  നബി  (സ) തങ്ങളെ സമീപിച്ചു ഇങ്ങനെ ആവശ്യപ്പെട്ടു അല്ലാഹുവിന്റെ റസൂലേ അല്ലാഹുവിലേക്കെത്താനുള്ള എളുപ്പമാർഗ്ഗം എനിക്കു പഠിപ്പിച്ചുതരൂ  

നബി  (സ) തങ്ങൾ എളുപ്പ മാർഗ്ഗം പറഞ്ഞു കൊടുത്തു   തൗഹീദിന്റെ പൂർണ വചനം പറഞ്ഞു കൊടുത്തു ഏറ്റു ചൊല്ലാൻ പറഞ്ഞു ഏറ്റ് ചൊല്ലി എല്ലാ രീതിയിലും ദിക്റ് ചൊല്ലാൻ പഠിപ്പിച്ചു കൊടുത്തു നാവുകൊണ്ട് ചൊല്ലി, ഖൽബ് കൊണ്ട് ചൊല്ലി ശ്വാസം ദിക്റാക്കി മാറ്റി അല്ലാഹുവിന്റെ ഇഷ്ടദാസനായി മാറി   

ഇനി തഴവാ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ വരികൾ ചൊല്ലി നോക്കൂ  താഴെ കൊടുക്കാം   

`അപ്പോളവർ ചോദിച്ചു നബിയോടന്ന് ദിക്റെങ്ങനാ ചൊല്ലേണ്ട കൈഫിയത്തെന്ന് കണ്ണും അടക്കുക പിന്നെ എന്നിൽ നിന്ന്  കേട്ടിട്ട് അതുപോലെ ചൊല്ലുക ഇന്ന് ഒരു മൂന്നു വട്ടം കലിമത്തു തൗഹീദ്  ചൊല്ലിക്കൊടുത്തുടൻ ഏറ്റ് ചൊല്ലി  ശഹീദ് ശൈഖും മുരീദും എന്നതിന്നസ്വ്ലുള്ളതാ 

ഈ സംഭവം അതിലേക്ക് തെളിവാകുന്നതാ ഇത് ശൈഖുനാ ഹാഫിള് ജലാലുദ്ദീനി സുയൂഥി റിപ്പോർട്ടുണ്ട് യാ ഇഖ്വാനി  

അലി (റ) തന്റെ മക്കൾക്ക് വിലമതിക്കാനാവാത്ത വിജ്ഞാനം നൽകി അവർ തങ്ങളുടെ മക്കൾക്ക് നൽകി   

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പരമ്പരയിൽ പെട്ടവരെല്ലാം ദിക്റിന്റെ ശക്തി അറിഞ്ഞവരായിരുന്നു ദിക്റിന്റെ ശക്തിയിലൂടെ അവരും ശക്തരായിത്തീർന്നു  അവർ ശരീരത്തിന്റെ കാര്യത്തേക്കാളേറെ റൂഹിന്റെ കാര്യം പരിഗണിച്ചവരായിരുന്നു റൂഹിന്റെ കർമ്മങ്ങൾ  (അമലുകൾ) അറിഞ്ഞവരായിരുന്നു സാധാരണക്കാരുടെ വിതാനത്തിൽ നിന്ന് അവർ വളരെ  ഉയർന്ന വിതാനത്തിൽ എത്തിയതും അതുകൊണ്ടായിരുന്നു  

ദിക്റിന്റെ ശക്തി മനസ്സിലാക്കാൻ തഴവാ ഉസ്താദിന്റെ ചില വരികൾ കൂടി കാണുക  

'റബ്ബിന്ന് ദിക്റ് നീ ചെയ്യണം അതിലാണ്  ഖൽബിന്ന് ശാന്തി ലഭിക്കലും എന്നാണ് പരിശുദ്ധ ഖുർആൻ വ്യക്തമായ് പറയുന്നത്  റഅദെന്ന സൂറത്തോതി നോക്കതിലുണ്ടിത് റൂഹിന്റെ സ്വിഹ്ഹത്തിന്നതേറ്റം നല്ലതാ എന്നുള്ളതും നീ 'റാസി' യിൽ കാണുന്നതാ 

അല്ലാഹുവിന്റെ 'വലിയ്യ്' ഒരുത്തൻ ആകണം എന്നുള്ള വേണ്ടുക വന്നുപോയാൽ തൽക്ഷണം ദിക്റിന്റെ 'ബാബ' വനാദ്യമായ് തുറക്കപ്പെടും 'ഖുർബി'ന്റെ 'ബാബും' പിന്നെ 'ഫത്ഹാ ' ക്കപ്പെടും നാക്കിന്റെ ദിക്റ് സഹോദരാ ഹസനാത്ത് ഖൽബിന്റെതോ 'ഖുർബാത്തുമാ ' 'ദറജാത്ത്' നാക്കിന്റെ ദിക്റിൽ നിത്യമായാൽ പിന്നെ ഖൽബിൽ അതിന്റെ ഫലം ഒലിച്ചത് തന്നെ  ഖൽബിന്റെ ദിക്റ് നാക്കിനേക്കാളെഴുപത് ഫലമുള്ളതാണെന്നാ ഹദീസിൽ വന്നത് ഇതുപോലെ ബീവി ആഇശാ പറയുന്നതാ അത് ബൈഹഖി റിപ്പോർട്ട് ചെയ്തിട്ടുള്ളതാ തൻബീഹിലുണ്ടിത് നോക്കിയാൽ കാണുന്നതാ അറുപത്തി ഏഴാം പേജതിൽ വിവരിച്ചതാ ദിക്റുണ്ട് അവയവത്തിന്നുമെന്നാ നിയമവും ഇബാദത്തിൽ അത് മുഴുകി ഒഴിയുക ദോഷവും ഇത് പോലെ 'റാസി'യിൽ നോക്ക് നാലാം ഭാഗമിൽ നാൽപത്തി നാലും പിന്നെ നൂറും ചേർന്നതിൽ  
(അൽ മവാഹിബുൽ ജലിയ്യഃ) 

ഒരു ശൈഖിൽ നിന്ന് ദിക്റ് വാങ്ങിച്ചൊല്ലണം അങ്ങനെ ചൊല്ലുന്ന മുരീദിനെ ശൈഖ് ആത്മീയമായി ഉയർത്തിക്കൊണ്ടുവരും

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ  പൂർവ്വികർ ശൈഖുമാരായിരുന്നു അവരിൽ പലർക്കും ആയിരക്കണക്കായ മുരീദുമാർ ഉണ്ടായിരുന്നു   അവരെല്ലാം മഹാന്മാരായ സൂഫികളായിരുന്നു  

ആരാണ് സൂഫി ? എന്താണ് തസ്വവ്വുഫ് ?   

കുട്ടികൾ അതറിയണം എങ്കിൽ അവർ നല്ലവരായി വളർന്നുവരും ഇന്നത്തെ കുട്ടികൾ അതറിയുന്നില്ല അതുകൊണ്ടവർ വളർന്നു വരുമ്പോൾ വഴിപിഴച്ചുപോവുന്നു  

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും പൂർവ്വകന്മാരുടെയും ജീവിത വിശുദ്ധിയെക്കുറിച്ചു കേൾക്കുമ്പോൾ ഇന്നത്തെ യുവതലമുറ അന്തംവിട്ടു നിൽക്കുകയാണ്  

ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമി വൈസ് പ്രിൻസിപ്പാൾ ഡോ ബഹാഉദ്ദീൻ മുഹമ്മദ് നദ് വിയുടെ ശൈഖ് ആയ അല്ലാമാ ശൈഖ് സയ്യിദ് അബ്ദുൽ ഖാദിർ ഈസ (റ) ഹലബ്, സിറിയ അവർകളുടെ ലോകപ്രസിദ്ധമായ ഹഖാഇഖ് അനിത്തസ്വവ്വുഫ് എന്ന ഗ്രന്ഥത്തിൽ നിന്ന് സൂഫി മാർഗ്ഗം എന്താണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും  ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി ഈ ഗ്രന്ഥം മലയാളത്തിലേക്ക് വിവർത്തനം ചെയ്തു 'തസ്വവ്വുഫ് ' ഒരു സമഗ്ര പഠനം ' എന്ന പേരിൽ സുന്നി പബ്ലിക്കേഷൻ സെന്റർ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇതിന് ശ്രദ്ധേയമായ അവതാരിക എഴുതിയത് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാകുന്നു  

'തസ്വവ്വുഫ്' ?  എന്ന ഒന്നാം അധ്യായത്തിൽ പറഞ്ഞ ചില കാര്യങ്ങൾ നോക്കാം  
ശാഫിഈ മദ്ഹബിലെ പ്രമുഖ ഇമാമുകളിൽ ഒരാളായ ഖാളി ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസാരി (റ) തസ്വവ്വുഫിനെപ്പറ്റി പറയുന്നു:
  
ശാശ്വത വിജയം കൈവരിക്കുന്നതിന് വേണ്ടി ആത്മസംസ്കരണത്തിന്റെയും വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ നിർമ്മിതിയുടെയും സ്ഥിതിഗതികൾ മനസ്സിലാക്കാനുള്ള വിജ്ഞാനമാണ് തസ്വവ്വുഫ്  
ശൈഖ് അഹ്മദ് സർറൂഖ് (റ) പറയുന്നു  : 

ഹൃദയങ്ങളെ സംസ്കരിക്കലും അല്ലാഹു അല്ലാത്തവയിൽ നിന്നൊക്കെ അവയെ മാറ്റി ഏകാഗ്രമാക്കലും ലക്ഷീകരിക്കുന്ന വിജ്ഞാന ശാഖയാണ് തസ്വവ്വുഫ്   

ശരീഅത്തിന്റെ പണ്ഡിതന്മാരുടെയും ത്വരീഖത്തിന്റെ ശൈഖുമാരുടെയും സാരഥി  എന്നറിയപ്പെടുന്ന ഇമാം  ജുനൈദുൽ ബഗ്ദാദി (റ) പറയുന്നു:  
'ഉദാത്ത സ്വഭാവങ്ങളൊക്കെ പ്രയോഗവൽക്കരിക്കലും ഹീന സ്വഭാവങ്ങൾ മുഴുവൻ കൈവെടിയലുമാണ് തസ്വവ്വുഫ്   

ഇമാം അബുൽ ഹസൻ അശ്ശാദുലി (റ) പറയുന്നു  : 

'അല്ലാഹുവിന്റെ അടിമവൃത്തി ചെയ്യുന്നതിനും യജമാനന്റെ വിധിവിലക്കുകൾ അനുഷ്ഠിക്കുന്നതിനും ശരീരത്തെ പരിശീലിപ്പിച്ചെടുക്കലാണ് തസ്വവ്വുഫ് 
 
ഇമാം ഇബ്നു അജീബ (റ)വിന്റെ വാക്കുകൾ  : 

'രാജാധിരാജനായ റബ്ബിന്റെ സംതൃപ്ത സന്നിധിയിൽ എങ്ങനെ എത്തിച്ചേരണമെന്നും നികൃഷ്ട സ്വഭാവങ്ങളിൽ നിന്ന് അന്തരംഗങ്ങളെ എങ്ങനെ സ്ഫുടം ചെയ്തെടുക്കാമെന്നും ശ്രേഷ്ഠ സ്വഭാവങ്ങൾ വഴി അവയെ എങ്ങനെ സുന്ദരമാക്കാമെന്നും ഗ്രഹിക്കാൻ കഴിയുന്ന ഒരു വിജ്ഞാന ശാഖയാണ് തസ്വവ്വുഫ് പ്രഥമമായി വിജ്ഞാനവും തുടർന്നു കർമ്മവുമാണതിന്നാവശ്യം  തുടർന്ന് ദൈവിക വരദാനം വരികയായി
 
ശൈഖ് സർറൂഖ് (റ) ഇങ്ങനെ രേഖപ്പെടുത്തുന്നു  : 

രണ്ടായിരത്തോളം രീതിയിൽ തസ്വവ്വുഫ് വിവരിക്കപ്പെടുകയും നിർവ്വചന വിധേയമാക്കുകയും ചെയ്തിട്ടുണ്ട്  

അവയുടെയൊക്കെ ആകെത്തുക ,അല്ലാഹുവിനെ സത്യസന്ധമായി അഭിമുഖീകരിക്കാനുള്ളതാണ് ഈ വിജ്ഞാന ശാഖ എന്നത്ര  ചുരുക്കത്തിൽ ഭൗതികതയുടെ മാലിന്യങ്ങളിൽ നിന്ന് ഹൃദയത്തെ സ്ഫുടം ചെയ്തെടുക്കുക എന്നതാണ് തസ്വവ്വുഫിന്റെ സ്തംഭം അതിന്റെ നിലനിൽപാകട്ടെ മഹോന്നതനായ സൃഷ്ടാവിനോട് മനുഷ്യനുള്ള ബന്ധമാണ് അല്ലാഹുവിന് വേണ്ടി ഏതൊരാളുടെ ഹൃദയം തെളിമയുറ്റതായോ ,അല്ലാഹുവിനോടുള്ള അവന്റെ സമീപനങ്ങൾ കളങ്കരഹിതമായോ അവനാണ് സൂഫി അങ്ങനെയാകുമ്പോൾ നാഥനായ റബ്ബിന്റെ പക്കൽ നിന്നുള്ള ആദരം അയാൾക്ക് സ്വച്ഛമായി ലഭിക്കുകയും ചെയ്യും  (തസ്വവ്വുഫ് ഒരു സമഗ്ര പഠനം) 

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പൂർവ്വികരെല്ലാം ഈ ഗണത്തിൽ പെട്ടവരായിരുന്നു ആ ഗുഞവിശേഷങ്ങൾ ശിഹാബ് തങ്ങൾക്ക് കിട്ടിയപ്പോൾ ചുറ്റും കൂടിയവർ അത്ഭുതപ്പെട്ടുപോയി  തങ്ങൾക്കറിയാവുന്ന ഏറ്റവും നല്ല പദങ്ങളുപയോഗിച്ച് അവർ ശിഹാബ് തങ്ങളുടെ  സ്വഭാവ ഗുണങ്ങൾ വാഴ്ത്തി  
തസ്വവ്വുഫിന്റെയും ത്വരീഖത്തിന്റെയും മഹത്വമറിയാത്തവർക്ക് ശിഹാബു തങ്ങളുടെ പരമ്പരയുടെ പരിശുദ്ധി മനസ്സിലാക്കാനാവില്ല  ത്വരീഖത്തിന്റെ ശൈഖുമാരായിരുന്ന ആ മഹാന്മാർ മുരീദുമാരോട് ദിക്റ് ചൊല്ലാൻ  കൽപിക്കുമ്പോൾ അതിന്റെ അദബ് (മര്യാദ -ചിട്ട ) കൂടി പഠിപ്പിക്കുമായിരുന്നു ചിട്ട പാലിച്ചു ചൊല്ലുമ്പോൾ പുണ്യം വർദ്ധിക്കും ശക്തി കൂടും 

തഴവാ ഉസ്താദിന്റെ ഈ വരികൾ കൂടി ശ്രദ്ധിക്കുക  

'നീ ദിക്റ് ചെയ്യൽ വേണ്ടതാണദബോടെ  ഖിബ്ലാക്ക് നേരെ തിരിക്കണം വുളുവോടെ അടക്കേണ്ടതാണെ കണ്ണുകൾ രണ്ടെണ്ണവും ഖൽബിന്നതാ തൻവീറിനേറ്റം മെച്ചവും  മറ്റുള്ള ചിന്തകൾ നീങ്ങി ഖൽബൊഴിയേണ്ടതാ ഇരുട്ടുള്ള സ്ഥലമായാലതേറ്റം നല്ലതാ 
(അൽ മവാഹിബുൽ ജലിയ്യ) 

സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളുടെ  പൂർവ്വികന്മാരായ ശൈഖുമാർ ദിക്റിന്റെ അദബുകൾ നന്നായി പഠിച്ചവരും മുരീദുമാരെ നന്നായി പഠിപ്പിക്കുന്നവരുമായിരുന്നു അങ്ങനെ എല്ലാ വിഭാഗം ജനങ്ങൾക്കും അവർ വെളിച്ചം നൽകി എല്ലാവരുടെ മനസ്സും അവർക്കധീനപ്പെട്ടു ലോകത്തെവിടെയും അവർ സമുന്നതരും സമാദരണീയരുമായിത്തീർന്നു


മുഹ്യിദ്ദീൻ ശൈഖ്  (റ) വിന്റെ കാലത്ത് ജീവിച്ചവർ

അഹ്ലുബൈത്തിന്റെ ചരിത്രം പറയുമ്പോൾ നിർബന്ധമായും ഓർത്തിരിക്കേണ്ട ഒരു നാമമുണ്ട് ശൈഖ് മുഹ്യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ.സി) ഔലിയാക്കന്മാരുടെ സുൽത്വാൻ  

സൂൽത്വാനുൽ ഔലിയാ  

ഇസ്ലാമിന് യശസ്സും പ്രതാപവും വീണ്ടെടുത്തു കൊടുത്ത മഹാൻ ദീനീ പ്രവർത്തനത്തിന് എക്കാലത്തേക്കും അനുയോജ്യമായ കർമ്മപദ്ധതി തയ്യാറാക്കിയ പ്രതാഭശാലി  മഹാനെ കുട്ടികൾ ചെറിയ രൂപത്തിലെങ്കിലും അറിയണം  

ഹിജ്റ 470 -ൽ ജനനം ജീലാൻ (കൈലാൻ) എന്നാണ് ജന്മാനാടിന്റെ പേര് പ്രസിദ്ധമായ മുഹ്യിദ്ദീൻ മാലയിൽ ഇങ്ങനെ കാണാം 
  
താരീഖ് നാനൂറ്റിയെളുപത് ചെന്നെ നാൾ  കൈലാനിയെന്ന നാട് തന്നിൽ പിറന്നോവർ  

ശിശുവായിരിക്കുമ്പോൾ തന്നെ പല അത്ഭുതങ്ങളും കാണാൻ കഴിഞ്ഞു റമാളാൻ മാസത്തിൽ പകൽ സമയത്ത് മുലപ്പാൽ കുടിക്കില്ല ഇതായിരുന്നു നാട്ടിൽ അക്കാലത്തെ പ്രധാന സംസാരവിഷയം  

'മുതലായെ റമളാനിൽ മുപ്പത് നാളിലും  മുല കുടിക്കും കാലം മുലനെത്തൊടാതോവർ (മുഹ്യിദ്ധീൻ മാല) 

മുഹ്യിദ്ദീൻ ശൈഖ്  (റ) മാതാവ് വഴിയും പിതാവ് വഴിയും നബി  (സ) തങ്ങളിൽ എത്തിച്ചേരുന്നു  പിതാവ് വഴി ഹസൻ  (റ) വിലും മാതാവ് വഴി ഹുസൈൻ  (റ)വിലും എത്തിച്ചേരുന്നു  തായും ബാവയും (ഉമ്മയും ഉപ്പയും) സയ്യിദായിരുന്നുവെന്ന് മുഹ്യിദ്ദീൻ മാലയിലുണ്ട്  

സുൽത്വാനുൽ ഔലിയ യെന്ന് ഫേരുള്ളോർ  സയ്യ്ദവർതായും ബാവയും ആണോവർ  

ഔലിയാക്കന്മാരോടെ നേതാവാണ് ഖുത്വ്ബ് ആ പദവിയിലാണ് മുഹ്യിദ്ദീൻ ശൈഖ്  (റ) ഉണ്ടായിരുന്നത്  

ബാവാ മുതുവിന്ന് ഖുത്ബായി വന്നോവർ  ബാനം അതേളിലും കേളി നിറച്ചോവർ ശൈഖ് അബ്ദുൽ ഖാദിരി കൈലാനിയെന്നോവർ ശൈഖന്മാർക്കെല്ലാം ഖുത്ബായി വന്നോവർ (മുഹ്യിദ്ദീൻ മാല) 

 സ്വദേശത്ത് തന്നെയായിരുന്നു പ്രാഥമിക പഠനം   ഒരു അറഫാ ദിനത്തിൽ അത്ഭുതം സംഭവിച്ചു വീട്ടിൽ നിന്നിറങ്ങി വഴിയിൽ പശുവിനെ കണ്ടു അതിന്റെ പിന്നാലെ കൂടി  അതിനെ ഓടിച്ചു കളിക്കാൻ തുടങ്ങി പശു ചോദിച്ചു   ഇതിനു വേണ്ടിയാണോ നിന്നെ സൃഷ്ടിച്ചത് ? 

യേറും അറഫ നാൾ ഫശുവെ ഫായിച്ചാരെ ഇതിനോ ഫടച്ചെന്ന് ഫശുവ് ഫറഞ്ഞോവർ (മുഹ്യിദ്ദീൻ മാല) 

പശുവിന്റെ ചോദ്യം കേട്ട് ഭയവിഹ്വലനായി വീട്ടിലെത്തി വീട്ടിന്റെ തട്ടിൻപുറത്ത് കയറി അകലേക്ക് നോക്കി അപ്പോൾ അത്ഭുതം  അറഫാ മൈതാനി ഹാജിമാരുടെ വൻ സംഘം എല്ലാവരും ഇഹ്റാം വേഷത്തിൽ തൽബിയത്തിന്റെ ശബ്ദം  ആയിരക്കണക്കിൽ കിലോമീറ്റർ അകലെയാണ് അറഫ ഇസ്ലാമിന് വേണ്ടി ജീവിതം സമർപ്പിക്കാൻ സന്നദ്ധനായി മാതാവിനോട് സമ്മതം ചോദിച്ചു  

പിതാവ് ജീവിച്ചിരിപ്പില്ല മാതാവിന് സങ്കടം വന്നു കരഞ്ഞു കണ്ണീരൊഴുക്കിക്കൊണ്ട് പറഞ്ഞു  മോനെ നിന്നെ ഞാൻ അല്ലാഹുവിന് സമർപ്പിക്കുന്നു  ബാഗ്ദാദിലേക്കായിരുന്നു യാത്ര ഉപരിപഠനത്തിന് നാൽപ്പത് സ്വർണനാണയങ്ങൾ ചെറിയൊരു സഞ്ചിയിലാക്കി കുപ്പായത്തിൽ തുന്നിപ്പിടിപ്പിച്ചു കൊടുത്തു  ഒരു കാരണവശാലും കളവ് പറയരുത് ഉമ്മയുടെ ഉപദേശം  

കളവ് പറയില്ല ഉമ്മാക്ക് ഉറപ്പ് കൊടുത്തു  

ഒരു കച്ചവട സംഘത്തിന്റെ കൂടെ പുറപ്പെട്ടു വഴിയിൽ കൊള്ളക്കാർ പിടികൂടി സത്യം പറഞ്ഞു കൊള്ളക്കാർ ഞെട്ടിപ്പോയി അവരുടെ ജീവിത രീതി അപ്പാടെ മാറ്റിമറക്കാൻ ഈ സംഭവം കാരണമായി  

കളവ് ഫറയല്ല  എന്നുമ്മ ചൊന്നാരെ കള്ളന്റെ കയ്യില് ഫൊന്ന് കൊടുത്തോവർ (മുഹ്യിദ്ദീൻ മാല) 

ബാഗ്ദാദിലെ ലോകപ്രസിദ്ദമായ ദർസുകളിൽ ഓതിപ്പഠിച്ചു ഇരുപത്തഞ്ച് വയസ്സാകുമ്പോഴേക്കും എല്ലാം ഓതിത്തീർത്തു  മനുഷ്യ മനസ്സുകളിൽ മാലിന്യം കണ്ടു  അസൂയ,വെറുപ്പ്, അഹങ്കാരം,  പക ,പ്രതികാര ചിന്ത ,ദുർമോഹം അങ്ങനെ എന്തെല്ലാം ദോഷങ്ങൾ  അവയെല്ലാം നീക്കണം മനസ്സ് ശുദ്ധീകരിക്കണം അതിനെന്തു വഴി? 

ആ വഴി കണ്ടെത്തലാണ് തന്റെ  ദൗത്യം  
 
ആരിഫീങ്ങളെ അന്വേഷിച്ചിറങ്ങി കടുത്ത ത്യാഗങ്ങളുടെ കാലം ഭക്ഷണമില്ല, വെള്ളമില്ല ദിവസം മുഴുവൻ ആരാധന മരുഭൂമികളും ,വനങ്ങളും, വിജന പ്രദേശങ്ങളും താണ്ടിക്കടന്നു ത്യാഗപൂർണമായ ഈ യാത്ര ഇരുപത്തഞ്ച് വർഷം നീണ്ടുനിന്നു അവസാനം ഖിള്ർ (അ)നെ കണ്ടുമുട്ടി അവസാന പരീക്ഷണങ്ങൾ നടന്നു  

ഇരുപത്തയ്യാണ്ടോളം ചുറ്റി നടന്നോവർ  ഇരിയെന്നയേകൽ കേട്ടാരെ ഇരുന്നോവർ (മുഹ്യിദ്ദീൻ മാല) 

ഖിള്റ് (അ) മുഹ്യിദ്ദീൻ ശൈഖ്  (റ)വിനെ ബാഗ്ദാദിലെ മസ്ജിദിൽ എത്തിച്ചു  
ഇനി മറ്റൊരു ജീവിതം  ദർസ് നടത്തുക ഫത്വ കൊടുക്കുക പൊതു പ്രവർത്തനങ്ങൾ നടത്തുക നന്നായി പ്രസംഗിക്കുക ജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കുക വിവാഹം കഴിക്കുക ദാമ്പത്യ ജീവിതം നയിക്കുക  ഇതെല്ലാം തുടങ്ങുന്നത് അമ്പത്തി ഒന്നാം വയസ്സിൽ  പിന്നെ പേരും പെരുമയും വന്നു പ്രശസ്തിയിലേക്കുയർന്നു പ്രസംഗം കൊടുങ്കാറ്റ് പോലെ ആഞ്ഞുവീശി  മനുഷ്യ മനസ്സുകൾ ആടിയുലഞ്ഞു മനസ്സിലെ മാലിന്യങ്ങൾ ഇളകി പിന്നെ ഒഴുകിപ്പോയി  

രാജ്യം ഭരിക്കുന്ന രാജാക്കന്മാർ പ്രസംഗം കേട്ടു മനസ്സുമാറി അല്ലാഹുവിന് വേണ്ടി ഭരിക്കാൻ തുടങ്ങി  അതോടെ  എല്ലാവർക്കും മാറ്റം വന്നു  ദീൻ സജീവമായി ദീനിന് ഹയാത്ത് നൽകി  അങ്ങനെ മുഹ്യിദ്ദീൻ എന്ന പേർ വന്നു  
പ്രസംഗം വിശാലമായ മൈതാനിയിലാണ് എഴുപതിനായിരത്തോളം മഹാൻമാർ അത് കേട്ടു  പ്രസംഗം പകർത്താൻ നാനൂറ് മഷിക്കുപ്പികൾ തയ്യാറാക്കിവെച്ചു 

ശിഷ്യഗുണങ്ങളിലൂടെ ഇൽമിന്റെ സമുദ്രമിളകി അല്ലാഹുവിലേക്കടുക്കാനുള്ള മാർഗ്ഗം  ഖാദിരിയ്യാ ത്വരീഖത്ത്  അത് പ്രചരിപ്പിക്കാൻ ലോകമെങ്ങും ഖാദിരികളെത്തി പ്രസംഗ പരമ്പര നാൽപ്പത് കൊല്ലം നീണ്ടുനിന്നു അപ്പോൾ വയസ്സ് തൊണ്ണൂറ് തൊണ്ണൂറ്റി ഒന്നാമത്തെ  വയസ്സിൽ  മുഹ്യിദ്ദീൻ ശൈഖ്  (റ) വഫാത്തായി  

നാല് ഫതിറ്റാണ്ടോളം വഹ്ള് ഫറഞ്ഞോവർ  നന്നായിത്തൊണ്ണൂറ് കാലം ഇരുന്നോവർ (മുഹ്യിദ്ദീൻ മാല) 

വിശുദ്ധ ഖുർആനും തിരുഹദീസും നിർദ്ദേശിക്കുന്ന വിധത്തിൽ ജീവിതം ചിട്ടപ്പെടുത്തിക്കൊടുക്കുകയാണ് മുഹ്യിദ്ധീൻ ശൈഖ്  (റ) ചെയ്തത്  ജിന്നുകളും, റൂഹുകളും, മലക്കുകളും  മഹാനോട് സംസാരിക്കുമായിരുന്നു 
ശരീഅത്ത് പൂർണമായി പിൻപറ്റണം അതോടൊപ്പം ത്വരീഖത്ത് മുഹ്യിദ്ദീൻ ശൈഖ്  (റ) പഠിപ്പിച്ച ജീവിത പദ്ധതി  അതാണ്  അതനുസരിച്ചു ജീവിച്ചാൽ സ്വർഗത്തിലെത്താം  നേരത്തെ ഒരധ്യായത്തിൽ സൂഫി മാർഗ്ഗത്തെക്കുറിച്ചു പറഞ്ഞല്ലോ  ആ തസ്വവ്വുഫ് ഏറ്റവും നന്നായി  പ്രയോഗത്തിൽ കൊണ്ടുവരികയാണ് മഹാൻ ചെയ്തത്   

മുഹ്യിദ്ദീൻ ശൈഖ്  (റ)വിന്റെ യഥാർത്ഥ  മുരീദായിക്കഴിഞ്ഞാൽ സ്വർഗ്ഗം  സുനിശ്ചിതം ഒരു മുരീദും നരകത്തിൽ കടക്കുകയില്ല പരസ്പരം  കാണാനും ബന്ധപ്പെടാനും കഴിയുംവിധം  എല്ലാവരും സ്വർഗത്തിൽ ഒന്നിച്ചു കഴിയും  
" കൺകൂടാവട്ടത്തിൽ നിന്റെ മുരീദുകൾ സ്വർഗത്തിൽ ഫോമെന്ന് അല്ലാഹ് കൊടുത്തോവർ  നരകത്തിൽ നിന്റെ മുരീദാരും ഇല്ലെന്ന്  നരകത്തെ കാക്കും മലക്ക് ഫറഞ്ഞോവർ (മുഹ്യിദ്ദീൻ മാല)  

എന്റെ ഖാദിരിയ്യാ വഴി ഖിയാമം നാൾ വരെ നിലനിൽക്കുമെന്ന് ശൈഖ് അവർകൾ  പറഞ്ഞു  അതിന്റെ ഖലീഫമാർ ഖിയാമം വരെ ഉണ്ടാവും ആഖിറം വിജയിക്കണമെന്ന് കൊതിക്കുന്നവർ ഖാദിരിയ്യ വഴി സ്വീകരിക്കണമെന്ന് ശൈഖ് അവർകൾ പറഞ്ഞു  

'യെല്ലാരെ കോഴിയും കൂകിയടങ്ങുമേ മുഹ്യിദ്ദീൻ കോഴി ഖിയാമത്തോളം കൂകും ആഖിറം തന്നെ കൊതിയുള്ള ലോകരെ  അവരെ മുരീദായി കൊള്ളുവിൻ അഫോളേ 

മുഹ്യിദ്ദീൻ മാല രചിച്ച മഹാപണ്ഡിതനും കോഴിക്കോട് ഖാളിയുമായിരുന്ന മഹാനായ ഖാളി മുഹമ്മദ് തങ്ങൾ അക്കാലത്തെ ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖായിരുന്നു  

അദ്ദേഹം ലോകരോട് ചോദിക്കുന്നതിങ്ങനെയാണ് 
ഇത്തിരാ ഫോരിശ ഉള്ളൊരു ശൈഖിനെ  ഇട്ടേച്ചെവിടേക്ക് പോവുന്നു ലോകരെ (മുഹ്യിദ്ദീൻ മാല)  

ഹിജ്റ 561 റബീഉൽ ആഖർ 11ന് മുഹ്യിദ്ദീൻ ശൈഖ്  (റ) വഫാത്തായി  മഹാനവർകളുടെ പ്രസംഗം പ്രവർത്തനങ്ങൾ കാരണമായി അനേകായിരം ദുർമാർഗ്ഗികൾ നല്ലവരായിത്തീർന്നു അനേകമാളുകൾ ഇസ്ലാം മതം സ്വീകരിച്ചു  വമ്പിച്ച ജനങ്ങൾക്ക് വിശ്വാസദാർഢ്യം വന്നു  

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ  പൂർവ്വികനായ സയ്യിദ്  അലവിയ്യ് (റ)വിനെക്കുറിച്ചു നേരത്തെ വായിച്ചത് ഓർക്കുക 

തരീമിൽ വന്ന് ഇരുപതിനായിരം ദീനാർ കൊടുത്ത് സ്ഥലം വാങ്ങി  വീട് വെച്ച മഹാൻ തന്റെ വീടിന് ബസ്വറയിലെ വീടിന്റെ പേരായ 'ഖസം' എന്ന പേരിട്ടു പിന്നീടവിടെ ഖസം പട്ടണം വളർന്നു വന്നു  ഇദ്ദേഹം ഖാലിഹ് ഖസം എന്ന പേരിലറിയപ്പെടുന്നു ശൈഖ്  മുഹ്യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ.സി)  അവർകളുടെ കാലത്താണ് ഇദ്ദേഹം ജീവിച്ചിരുന്നത്
   
ലോകം മുഴുവനുള്ള ഔലിയാക്കൾ ശൈഖ് മുഹ്യിദ്ദീൻ (റ) വുമായി ബന്ധപ്പെട്ടപ്പോൾ തരീമിലെ ഔലിയാക്കന്മാരും ബന്ധപ്പെട്ടു അവരെല്ലാം ഖാദിരി മാർഗ്ഗം സ്വീകരിച്ചു  

സയ്യിദ് അലവിയ്യ് (റ) വഫാത്താവുന്നത് ഹിജ്റ 527 ലാണ് അന്ന് ശൈഖ് മുഹ്യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ.സി) അവർകൾക്ക് അമ്പത്തേഴ് വയസ്സ് പ്രായമാണ് ബാഗ്ദാദിൽ കത്തി ലങ്കിനിൽക്കുന്ന കാലം പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ ഘട്ടം   

സയ്യിദ് അലവിയ്യ് (റ) അവർകളുടെ പുത്രൻ സയ്യിദ് മുഹമ്മദ് സ്വാഹിബുൽ മിർബ്വാത് ജീവിച്ചതും മുഹ്യിദ്ദീൻ ശൈഖ്  (റ) വിന്റെ കാലഘട്ടത്തിലായിരുന്നു   

ലോകമെമ്പാടും പരന്നു കഴിഞ്ഞ നബികുംബാംഗങ്ങൾക്ക് ശൈഖ് മുഹ്യിദ്ദീൻ (റ) ആത്മീയ ശക്തിയും  വെളിച്ചവും വർദ്ധിപ്പിച്ചുകൊടുത്തു  എല്ലാ ഔലിയാക്കന്മാരും മഹാനവർകൾക്ക് തല താഴ്ത്തിക്കൊടുത്തു  സയ്യിദ് മുഹമ്മദ് സ്വാഹിബുൽ മിർബാത്വ് വഫാത്താവുന്നത് ഹിജ്റ  556 ലാകുന്നു പിന്നേയും അഞ്ചു വർഷം കഴിഞ്ഞാണ്  മുഹ്യിദ്ദീൻ ശൈഖ്  (റ) വഫാത്താവുന്നത്  

സയ്യിദ് മുഹമ്മദ് സ്വാഹിബുൽ മിർബാത്വിന്റെ പുത്രൻ സയ്യിദ് അലവിയ്യ് (റ) വിന്റെ ജീവിതത്തിന്റെ ആദ്യ ഘട്ടം ശൈഖ്  മുഹ്യിദ്ദീൻ (റ) വിന്റെ ജീവിതകാലത്ത് കടന്നുപോയി   ഇദ്ദേഹം മഹാപണ്ഡിതനും,ത്വരീഖത്തിന്റെ ശൈഖും ,ജനനേതാവും ആയിരുന്നു  

ശൈഖ് മുഹ്യിദ്ദീൻ (റ) വഫാത്തായ ശേഷം മുപ്പത് കൊല്ലക്കാലം  സയ്യിദ് അലവിയ്യ് (റ)ജീവിച്ചിരുന്നു ഖാദിരിയ്യാ ത്വരീഖത്തിന്റെ സുവർണ കാലഘട്ടം  സയ്യിദ് അലവിയ്യ് (റ)വിന്റെ പുത്രനാണ്  'അൽ ഫഖീഹുൽ മുഖദ്ദം ' എന്ന പേരിൽ  ലോകപ്രസിദ്ധനായിത്തീർന്ന സയ്യിദ്  മുഹമ്മദ്  (റ)  ഫഖീഹുൽ മുഖദ്ദം,  അൽ ഉസ്താദുൽ  അഹ്ളം ,ശൈഖുൽ ഉലമാഹ് എന്നിങ്ങനെ പല സ്ഥാനപ്പേരുകളും അദ്ദേഹത്തിനുണ്ടിയിരുന്നു വിജ്ഞാനത്തിന്റെ എല്ലാ ശാഖകളിലും അവഗാഹം നേടി വമ്പിച്ച  ആത്മീയ ശക്തിയും നേടി ജനങ്ങളുടെ  അഭയ കേന്ദ്രമായി നിലകൊണ്ടു അദ്ദേഹത്തിന്റെ ദാനശീലം പ്രസിദ്ധമാണ്  ഒരു വലിയ  കൂട്ട നിറയെ ഈത്തപ്പഴം  എല്ലാ ദിവസവും ദാനം ചെയ്യുമായിരുന്നു  

ശൈഖ് മുഹ്യിദ്ദീൻ (റ) വഫാത്തായി പതിനൊന്ന് വർഷം  കഴിഞ്ഞ് ഫഖീഹുൽ മുഖദ്ദം  തരീമിൽ ജനിച്ചു  മുഹ്യിദ്ദീൻ ശൈഖ്  (റ)വിന്റെ കറാമത്തുകളും ,ശ്രേഷ്ഠതകളും  കേട്ടുകൊണ്ടാണ് വളർന്നു വന്നത്   ഖാദിരി  മാർഗ്ഗം സ്വീകരിച്ചു  ചിട്ടയൊത്ത ജീവിതം  അദ്ദേഹത്തെ ആത്മീയതയുടെ ഉന്നത പദവിയിലെത്തിച്ചു പിൻഗാമികൾ അദ്ദേഹത്തെ മാതൃകാ പുരുഷനായി കണ്ടു  പ്രസിദ്ധമായ സമ്പൽ മഖ്ബറയിൽ അന്ത്യവിശ്രമം കൊള്ളുന്നു  


തരീമിലെ മഹാന്മാർ

സയ്യിദ് മുഹമ്മദ് അൽ ഫഖീഹുൽ മുഖദ്ദം (റ) അവർകളുടെ മകനാണ് സയ്യിദ് അലവിയ്യ്(റ)  

പിതാവിന്റെ ശിക്ഷണത്തിൽ വളർന്നു ആത്മീയ ഗുരുവായിത്തീർന്നു അശരണരുടെയും അഗതികളുടെയും  ആശാകേന്ദ്രമായിരുന്നു നിരവധി ശിഷ്യന്മാരുണ്ടായിരുന്നു   ഇദ്ദേഹത്തിന്റെ മകൻ സയ്യിദ് അലിയ്യ് എന്ന പേരിൽ തന്നെ പ്രസിദ്ധനായിത്തീർന്നു ഈ മകൻ തരീമിൽ ജനിച്ചു 

ഇക്കാലമാവുമ്പോഴേക്കും തരീം പ്രദേശം സയ്യിദന്മാരുടെ വീടുകൾ കൊണ്ട്  നിറഞ്ഞിരുന്നു മുൻഗാമികൾക്കെല്ലാം ധാരാളം മക്കളുണ്ടായിരുന്നു  അവരിലൂടെയെല്ലാം പരമ്പരകൾ വന്നിട്ടുണ്ട്  ശാഖോപശാഖകളായി വളർന്നു   പരമ്പരയിൽ ഓരോ വ്യക്തികളെപ്പറ്റി മാത്രമാണ് നാം സംസാരിച്ചു വരുന്നത് സയ്യിദ് മുഹമ്മദലി ശിഹാബു തങ്ങളിലേക്ക് എത്തിച്ചേരുന്ന പരമ്പര മാത്രമാണ്  പരാമർശിക്കുന്നത്   

സയ്യിദ് അലിയ്യിന്റെ യഥാർത്ഥ പേര് മുഹമ്മദ് എന്നായിരുന്നു ഇദ്ദേഹം 'യബ്ഹർ എന്ന പേരിൽ ഗ്രാമം നിർമ്മിച്ചു അദ്ദേഹത്തെ ആളുകൾ യബ്ഹറുദ്ദവീല എന്നു വിളിച്ചു ഇതാണത്രെ മൗലദ്ദവീലയായി മാറിയത്  ഇദ്ദേഹത്തിന്റെ മകനാണ് സയ്യിദ് മുഹമ്മദ് മൗലദ്ദവീല (റ) തരീമുകാരുടെ ഇമാമായിരുന്നു

മൗലദ്ദവീല ഖബീലക്കാരുടെ ശൈഖ്  മമ്പുറത്ത് അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അലവിത്തങ്ങൾ (ഖ.സി)  മൗലദ്ദവീല ഖബീലയിൽ പെടുന്നു  സയ്യിദ് മുഹമ്മദ് മൗലദ്ദവീലയുടെ മകനാണ് സയ്യിദ് അബ്ദുറഹ്മാൻ സഖാഫ് (റ) ഇദ്ദേഹം തരീമിൽ ജനിച്ചു ആത്മീയ ദറജകൾ നേടിയ മഹാപുരുഷൻ ഹിജ്റ 819 -ൽ മരണപ്പെട്ടു 

സമ്പൽ മഖ്ബറയിൽ അന്ത്യവിശ്രമം കൊള്ളുന്നു  

ഇദ്ദേഹത്തിന്റെ പ്രസിദ്ധനായ മകനാണ് സയ്യിദ് അബൂബക്കർ സക്റാൻ (റ) പ്രസിദ്ധനായ വലിയ്യും ശൈഖുമായിരന്നു തരീമുകളുടെ അക്കാലത്തെ നേതാവ് ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു അദ്ദേഹത്തിന്റെ കറാമത്തുകൾ  പ്രസിദ്ധമായിരുന്നു 

സയ്യിദ് അബൂബക്കർ സക്റാൻ (റ)വിന്റെ മകനാണ് പ്രസിദ്ധനായ സയ്യിദ് ശൈഖ് അലിയ്യ് (റ) ത്വരീഖത്തിന്റെ ശൈഖായിരുന്നു നിരവധി മുരീദന്മാരുണ്ടായിരുന്നു ധാരാളം ഫത്വകൾ നൽകിയിട്ടുണ്ട് പൊതുകാര്യങ്ങൾക്ക് നേതൃത്വം നൽകിപ്പോവുന്നു  

ശൈഖ് അലിയ്യിന്റെ പ്രിയ പുത്രനാണ് സയ്യിദ് അബ്ദുറഹിമാൻ  (റ) ഹിജ്റ 850-ൽ തരീമിൽ  ജനിച്ചു ത്വരീഖത്തിന്റെ ശൈഖും ജനസേവകനുമായിരുന്നു ഇദ്ദേഹത്തിന്റെ മകനാണ് പ്രസിദ്ധനായ സയ്യിദ് അഹ്മദ് ശിഹാബുദ്ദീൻ  (റ)  
പിണങ്ങിപ്പിരിഞ്ഞവരെ ഐക്യത്തിലാക്കുന്നതിൽ ഇദ്ദേഹം വലിയ മികവ് കാണിച്ചിട്ടുണ്ട്   

യമനിലെ രണ്ട് പൗരാണിക കുടുംബങ്ങളാണ് കഥീർ ,യമനി എന്നിവ ഏതോ കാരണത്താൽ ഇവർ തെറ്റിപ്പിരിഞ്ഞു വഴക്കും വക്കാണവും  വളരെക്കാലം തുടർന്നു ആരൊക്കെ ഇടപെട്ടിട്ടും പിണക്കം തീർന്നില്ല  

മഹാപണ്ഡിതനും ത്വരീഖത്തിന്റെ ശൈഖും ജനനായകനുമായ സയ്യിദ് അഹ്മദ് ശിഹാബുദ്ദീൻ  (റ) പ്രശ്നത്തിൽ സമർത്ഥമായി ഇടപെട്ടു പിണക്കം തീർത്തു ഇരുകുടുംബങ്ങൾ സ്നേഹത്തിലായി  ഈ ശിഹാബുദ്ധീന്റ പിൻഗാമികളാണ് പാണക്കാട്ടെ ശിഹാബുമാർ മുൻഗാമിയുടെ ഐക്യശ്രമങ്ങൾ പാണക്കാട്ടെ ശിഹാബുമാർ തുടർന്നു വരുന്നു   ശിഹാബുദ്ദീൻ ഖബീല ഇവിടെ തുടങ്ങുന്നു   മഹാപണ്ഡിതൻ ,നിരവധി ശിഷ്യന്മാരുടെ ശൈഖ് എന്നീ നിലകളിൽ പ്രസിദ്ധനായ സയ്യിദ് ഉമർ ശിഹാബുദ്ദീൻ  (റ) ഇദ്ദേഹത്തിന്റെ മകനാകുന്നു
 
സയ്യിദ് ഉമർ ശിഹാബുദ്ദീന്റെ പുത്രനായിരുന്നു സയ്യിദ് ശിഹാബുദ്ദീൻ  (റ) പല നാടുകൾ സഞ്ചരിച്ചു മഹാത്മാക്കളെ കണ്ടുമുട്ടി ജനസേവനം നടത്തി  
പ്രസിദ്ധനായ സയ്യിദ് ഉമറുൽ മഹ്ജൂബ് ശിഹാബുദ്ദീൻ  (റ) ഇദ്ദേഹത്തിന്റെ പുത്രനാകുന്നു ഇൽമിലും ഇബാദത്തിലും ജനസേവനത്തിലും മുന്നിട്ടു നിന്നു 
ഇദ്ദേഹത്തിന്റെ പുത്രനാണ് സയ്യിദ് അലിയ്യ് (ശിഹാബുദ്ദീൻ  (റ) ഇവർക്കെല്ലാം ധാരാളം മുരീദുമാരുണ്ടായിരുന്നു 

അവർ പല രാജ്യക്കാരായിരുന്നു മുരീദുമാരുടെ ക്ഷണമനുസരിച്ച് പല രാജ്യങ്ങളും സന്ദർശിച്ചുകൊണ്ടിരുന്നു ശൈഖ് മുഹ്യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ.സി) അവർകളുടെ മഖ്ബറ സിയാറത്ത് ചെയ്യാനായി ഇടക്കിടെ ബഗ്ദാദിൽ പോകുമായിരുന്നു   വലിയ പണ്ഡിതൻമാരും ത്വരീഖത്തിന്റെ ശൈഖുമാരുമൊക്കെയായിരുന്നു അതോടൊപ്പം തന്നെ കർഷകരും ,കച്ചവടക്കാരും ,പൊതുപ്രവർത്തകരുമായിരുന്നു എല്ലാ വിഭാഗം ജനങ്ങളും അവരെ സമീപിച്ചിരുന്നു 

കേരളവും യമനുമായി എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ വ്യാപാര ബന്ധം നിലനിന്നിരുന്നു കേരളത്തിലെ കുരുമുളകും മലഞ്ചരക്കുകളും കിട്ടാൻ വേണ്ടി യമനിൽ നിന്ന് കോഴിക്കോട്ടേക്ക് ധാരാളം കപ്പലുകൾ വന്നിരുന്നു  

മലബാറിലെ ചുക്കും ,ഏലവും ,കുരുമുളകും മറ്റും ഹളർമൗത്തിലെയും തരീമിലെയും ആൾകൾക്ക് സുപരിചിതമായിരുന്നു മലബാറും ,കാലിക്കൂത്തും, സാമൂതിരി രാജാവും അവരുടെ സംസാര വിഷയങ്ങളായിരുന്നു  

യമനിൽ നിന്ന് വന്ന പായക്കപ്പലുകളിൽ ഹളർമൗത്തുകാരും തരീമുകാരും കോഴിക്കോട്ട് വരികയും പോവുകയും ചെയ്തിട്ടുണ്ട് ഇവിടെ സ്ഥിരമായിത്താമസിച്ച ചില സാദാത്തീങ്ങളുടെ പേര് മാത്രമേ നാം കേട്ടിട്ടുള്ളൂ  

ഇന്ന് കേരളത്തിൽ പ്രസിദ്ധമായി അറിയപ്പെടുന്ന ഖബീലകളുടെ പേരുകളെല്ലാം ഹളർ മൗത്തിലും തരീമിലും താമസിച്ച സയ്യിദന്മാരുടെ പേരിന്റെ ഭാഗങ്ങളാകുന്നു എല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങൾ തന്നെ പല കൈവഴികളായി അറിയപ്പെടുന്നു എന്നുമാത്രം  

നബി  (സ) തങ്ങൾ  ജനിക്കുന്നതിന് എത്രയോ മുമ്പുതന്നെ കേരളത്തിലെ മലഞ്ചരക്കുകളും ,വനവിഭവങ്ങളും യമനിലെ മാർക്കറ്റിൽ വിൽപനക്കെത്തിയിരുന്നു മലബാറും അവിടുത്തെ രാജാവും ജനങ്ങളും ,വിഭവങ്ങളും അറബികൾക്ക് പ്രിയപ്പെട്ടതായിരുന്നു  

ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (ഖ:സി) അവർകൾ തന്റെ ശിഷ്യന്മാരോട് വിദൂര രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനും തൗഹീദ് പ്രചരിപ്പിക്കാനും കൽപിച്ചിരുന്നു ശൈഖിന്റെ ആശിർവാദത്തോടെ അവർ എല്ലാ ദിക്കുകളിലേക്കും സഞ്ചരിച്ചു അവിടത്തെ മക്കൾ വരെ വിദൂര രാജ്യങ്ങളിലേക്ക് സഞ്ചരിച്ചു തരീമിലെ സാദാത്തീങ്ങളും സഞ്ചാരികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവരെത്തിച്ചേർന്നു ചെന്നെത്തിയ സ്ഥലങ്ങളിലെല്ലാം തൗഹീദിന്റെ പ്രകാശം പരത്തി 
 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന മുസ്ലിംകളുടെ മനസ്സുകളെ ഒന്നിപ്പിക്കുന്നതിലും ഒരേ പാശത്തിൽ ബന്ധിപ്പിച്ചു നിർത്തുന്നതിലും ത്വരീഖത്തുകൾ പ്രശംസനീയമായ പങ്ക് വഹിച്ചിട്ടുണ്ട്  
സയ്യിദ് അലിയ്യ് ശിഹാബുദ്ദീൻ  (റ) അവർകളെക്കുറിച്ചാണ് നാം പറഞ്ഞുകൊണ്ടിരുന്നത് ഇദ്ദേഹത്തിന്റെ മകൻ സയ്യിദ് മുഹമ്മദ് ശിഹാബുദ്ദീൻ  (റ) അഗാധ പണ്ഡിതനും ശൈഖും ജനസേവകനുമായിരുന്നു 

ഇദ്ദേഹത്തിന്റെ മകൻ സയ്യിദ് അലിയ്യ് ശിഹാബുദ്ദീൻ  (റ)  നിരവധി ശിഷ്യന്മാരുള്ള ശൈഖായിരുന്നു നിരവധി നാടുകളുമായി ബന്ധപ്പെട്ടു ജീവിച്ചു  

ഇദ്ദേഹത്തിന്റെ പുത്രൻ സയ്യിദ് അഹ്മദ് ശിഹാബുദ്ദീൻ  (റ) അക്കാലത്തെ പ്രസിദ്ധനായ പുണ്യ പുരുഷനായിരുന്നു  അദ്ദേഹത്തിന്റെ കർമ്മരംഗം വളരെ വിപുലമായിത്തീർന്നു അക്കാലത്ത് ധാരളമാളുകൾ ചരക്കു കയറ്റിയ പായക്കപ്പലുകളിൽ കോഴിക്കോട്ട് പോയിരുന്നു അവരുടെ സംസാരം കോഴിക്കോട്ടേക്ക് പുറപ്പെടാൻ പലരേയും പ്രേരിപ്പിച്ചു 

സയ്യിദ് അഹ്മദ് ശിഹാബുദ്ദീൻ  (റ)  വിന്റെ വീട്ടിൽ തന്നെ ഈ സംസാരമുണ്ടായി സ്വന്തം മകൻ തന്നെ കോഴിക്കോട്ട് പോവാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു  കേരള മുസ്ലിം ചരിത്രത്തിൽ പുതിയൊരധ്യായം തുന്നിച്ചേർക്കാൻ  സമയമായിരിക്കുന്നു 


ശിഹാബുദ്ദീൻ ഖബീല

കേരളത്തിലെ സയ്യിദ് കുടുംബങ്ങളിൽ വളരെ പ്രസിദ്ധമാണ് ശിഹാബുദ്ദീൻ ഖബീല 

കേരളത്തിലെത്തുന്ന ആദ്യത്തെ  ശിഹാബുദ്ദീൻ സയ്യിദിനെക്കുറിച്ചാണ് പറയാൻ പോവുന്നത്  

തരീമിൽ ജനിച്ചു വളർന്ന സയ്യിദ് അലി ശിഹാബുദ്ദീൻ  (റ)  തരീമിൽ നിന്ന് ശൈഖ്  ജിഫ്രി(റ) അവർകൾ കുറെ വർഷങ്ങൾക്കു മുമ്പുതന്നെ  കോഴിക്കോട്ടെത്തിയിരുന്നു  കോഴിക്കോട്ടെ  സാമൂഹിക  ജീവിതത്തിൽ അദ്ദേഹം  ഉന്നത സ്ഥാനം  വഹിച്ചിരുന്നു  സാമൂതിരി രാജാവിന്റെ കൊട്ടാരത്തിൽ അദ്ദേഹം വളരെയേറെ  ആദരിക്കപ്പെട്ടിരുന്നു ഈ വിവരങ്ങളൊക്കെ തരീമിൽ അറിഞ്ഞിരിക്കുന്നു  

അതെല്ലാമറിഞ്ഞുകൊണ്ടാണ്  സയ്യിദ് അലി ശിഹാബുദ്ദീൻ കോഴിക്കോട്ടേക്ക് പുറപ്പെട്ടത്  പായക്കപ്പലിൽ കോഴിക്കോട്ടെത്തി ശൈഖ് ജിഫ്രിയുടെ നേതൃത്വത്തിൽ  കോഴിക്കോട്ടെ മുസ്ലിംകൾ അദ്ദേഹത്തെ സ്വീകരിച്ചു കോഴിക്കോട്  നിന്ന് വളപട്ടണത്തേക്ക് പോയി വളപട്ടണത്തുകാർ അദ്ദേഹത്തിന് ഹൃദ്യമായ സ്വീകരണം നൽകി   

അഗാധ പണ്ഡിതൻ, ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖ്, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ  പ്രവർത്തിച്ച അദ്ദേഹം വളരെ വേഗത്തിൽ നാട്ടുകാരുടെ കണ്ണിലുണ്ണിയായി  വളപട്ടണം- കണ്ണൂർ ഭാഗങ്ങളിൽ നിന്ന് നിരവധിയാളുകൾ ഇദ്ദേഹത്തിന്റെ അടുത്ത് വന്ന് ബൈഅത്ത് ചെയ്തിട്ടുണ്ട്  വളപട്ടണത് നിന്ന് വിവാഹം ചെയ്തു അവിടെത്തന്നെ താമസമാക്കി ഹിജ്റ 1235 -ൽ വഫാത്തായി കക്കുളങ്ങര പള്ളി ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്നു
  
ഇദ്ദേഹത്തിന്റെ പുത്രനായ സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ഹിജ്റ 1183 -ൽ ജനിച്ചു  പിതാവിൽ നിന്ന്  ഓതിപ്പഠിച്ചു കോഴിക്കോട് മിസ്ഖാൽ  പള്ളിയിലും കുറ്റിച്ചിറ പള്ളിയിലും ഓതിപ്പഠിച്ചു 

ഖുത്വുബുസ്സമാൻ മമ്പുറം സയ്യിദലവി തങ്ങൾ  (ഖ.സി.) അവർകളിൽ നിന്ന് ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചു  

അറക്കൽ കൊട്ടാരത്തിലെ ഖദീജാ രാജകുമാരിയെ വിവാഹം ചെയ്തു  രാജകൊട്ടരാത്തിൽ പുതിയപ്പിളയെ 'ഇളയ' എന്നാണ് വിളിക്കുക സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ഇളയ കോഴിക്കോട് വന്നു താമസിക്കാൻ തീരുമാനിച്ചു  കോഴിക്കോട് ഇടിയങ്ങരയിൽ വന്നു പറമ്പും വീടും വാങ്ങി  താമസമാക്കി ഇളയായുടെ വീടിനെ ആളുകൾ  ' ഇളയന്റെ തൊടി എന്നു വിളിക്കാൻ തുടങ്ങി  വീട്ടിന്റെ സമീപത്തു തന്നെ അദ്ദേഹം  ഒരു മസ്ജിദ്  നിർമ്മിച്ചു ഇതിനെ ആളുകൾ 'ഇളയ മസ്ജിദ്  'എന്നു വിളിച്ചു  ആ പേര് പ്രസിദ്ധമായി  

ഹിജ്റ 1194 -ൽ അദ്ദേഹം വഫാത്തായി ഇളയ മസ്ജിദ്  അങ്കണത്തിൽ  അന്ത്യവിശ്രമം കൊള്ളുന്നു   

കോഴിക്കോട് ഖാദിരിയ്യ ത്വരീഖത്തിന്റെ കേന്ദ്രമായിത്തീർന്നു അക്കാലത്ത്  ഇവിടെ നിർമ്മിച്ച പള്ളികൾക്ക് മുഹ്യിദ്ദീൻ പള്ളി എന്നാണ് പേരിട്ടത് 
ഇദ്ദേഹത്തിന്റെ മകനാണ് പ്രസിദ്ധനായ സയ്യിദ് മുഹ്ളാർ തങ്ങൾ  ഹിജ്റ 1212-ൽ കോഴിക്കോട്  ജനിച്ചു  കർമ്മവേദി മലപ്പുറമായിരുന്നു    

ഖാളി ശൈഖ് മുഹ്യിദ്ദീൻ ,ഖാളി  അബ്ദുസ്സലാം എന്നിവരിൽ  നിന്ന് പഠിച്ചു  ഖുത്ബുസ്സമാൻ സയ്യിദലവിത്തങ്ങൾ മമ്പുറം (ഖ.സി)   അവർകളിൽ നിന്ന് ത്വരീഖത്ത് സ്വീകരിച്ചു ഇദ്ദേഹം ശൈഖായി ഉയർന്നു ധാരാളം  മുരീദന്മാർ ഉണ്ടായിരുന്നു  കോഴിക്കോട് കോയമരക്കാരകം വീട്ടിൽ നിന്നായിരുന്നു  വിവാഹം  ആ കുലീന വനിത കോഴിക്കോട് പെണ്ണുങ്ങൾക്ക് മാതൃകയായിരുന്നു കുടുംബത്തിൽ ആത്മീയ വെളിച്ചം  നിലനിർത്തുന്നതിൽ പെണ്ണുങ്ങളുടെ പങ്ക് അവർ കർമത്തിലൂടെ പഠിപ്പിച്ചുകൊടുത്തു  ഏക മകൻ ഹുസൈൻ ആറ്റക്കോയ തങ്ങൾ ജനിച്ചു  

ഹിജ്റ 1258 -ൽ മുഹ്ളാർ തങ്ങൾ  വഫാത്തായി മലപ്പുറം ശുഹദാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയങ്ങാടി ജുമാമസ്ജിദ് ഖബറിസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്നു  

സയ്യിദ് മുഹ്ളാർ തങ്ങളുടെ  മകൻ സയ്യിദ് ഹുസൈൻ  ആറ്റക്കോയ തങ്ങൾ  ഹിജ്റ 1231 ൽ മലപ്പുറത്ത് ജനിച്ചു ഖാളി സൈനുദ്ദീൻ മഖ്ദൂമി അല്ലമ ഔക്കോയ മുസ്ലിയാർ ,ചാലിലകത്ത് കുസാഇ ഹാജി എന്നിവരിൽ  നിന്ന് ഓതിപ്പഠിച്ചു പാണക്കാട് താമസമാക്കി  മമ്പുറം സയ്യിദ് ഫളൽ മൗലദ്ദവീല തങ്ങളിൽ നിന്ന്  ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചു 

മമ്പും സയ്യിദ് ഫളൽ തങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ച നേതാവായിരുന്നു അദ്ദേഹത്തിന്റെ മുരീദന്മാരും സ്നേഹജനങ്ങളും ഈ സമരങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു   സയ്യിദ് ഫളൽ തങ്ങളുടെ മുരീദായ സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങൾ പിന്നീട്  സ്വാതന്ത്ര്യ സമര നായകനായി മാറി ബ്രിട്ടീഷുകാർ  അദ്ദേഹത്തെ വെല്ലൂരിലേക്ക് നാടുകടത്തി   

വെല്ലൂർ ജയിലിലായിരുന്നു ജീവിതത്തിന്റെ  അവസാനഘട്ടം ഇബാദത്തിൽ മുഴുകിയ നാളുകൾ  നാവുകൊണ്ടും ഖൽബ് കൊണ്ടും നിരന്തരം ദിക്റ് ചൊല്ലിക്കൊണ്ടിരുന്നു ജയിലിലെ തടവുകാർക്ക് സന്മാർഗപാത ഉപദേശിച്ചു കൊടുത്തു   ഭക്തിനിർഭരമായ നാളുകൾ  അവസാനിച്ചു  മഹാൻ ജയിലിൽ  വെച്ചുതന്നെ അന്ത്യശ്വാസം വലിച്ചു വേലൂർ ബാഖിയത്തു സ്വാലിഹത്ത് കോളേജിനു സമീപമുള്ള  മഹല്ല് ഖബറിസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്നു  ഹിജ്റ 1302 -ലായിരുന്നു വഫാത്ത്  

ഇദ്ദേഹത്തിന്റെ പുത്രനാണ് പ്രസിദ്ധനായ സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങൾ  ശിഹാബുദ്ദീൻ  ഖബീലയിലെ വെള്ളിനക്ഷത്രം  പാണക്കാടിന്റെ പ്രകാശിക്കുന്ന  വിളക്കായിരുന്നു അദ്ദേഹം നാനാ ജാതി മതക്കാർ അദ്ദേഹത്തെ സന്ദർശിക്കാനെത്തിയിരുന്നു 

പാണക്കാട് ഗ്രാമത്തിന്റെ പേര് പ്രസിദ്ധമായത് അക്കാലത്താണ് പിതാവിൽ നിന്നുതന്നെ ആദ്യം ഓതിപ്പഠിച്ചു  ചാലിലകത്ത് അലി ഹസൻ മുസ്ലിയാർ പ്രധാന ഉസ്താദായിരുന്നു 

സാമൂഹിക ജീവിതത്തിൽ ഉന്നത സ്ഥാനം വഹിച്ചു പാണക്കാട് പുത്തൻ പുരക്കൽ തറവാട് സന്ദർശകരുടെ കേന്ദ്രമായിരുന്നു ഹിജ്റ 1322-ൽ അദ്ദേഹം മരണപ്പെട്ടു പുത്തൻ പുരക്കൽ  തന്നെ ഖബറടക്കപ്പെട്ടു 

സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങളുടെ  പുത്രനാണ് ആത്മീയ രംഗത്തും രാഷ്ട്രീയത്തിലും സമുന്നത സ്ഥാനത്തെത്തിയ പാണക്കാട് സയ്യിദ് അഹ്മദ് പൂക്കോയ തങ്ങൾ  എന്ന പി.എം.എസ് .എ പൂക്കോയ തങ്ങൾ മാതാവ് ഉമ്മുഹാനിഹ് ബീവി 

പി.എം.എസ്.എ പൂക്കോയ തങ്ങൾ ചെറിയ  കുട്ടിയായിരിക്കുമ്പോൾ തന്നെ പിതാവ് മരണപ്പെട്ടിരുന്നു പിതാവിന്റെ സഹോദരൻ  സയ്യിദ് അലി പൂക്കോയ തങ്ങളുടെ  സംരക്ഷണയിൽ വളർന്നു  അലി  പൂക്കോയ തങ്ങൾക്ക് മക്കളില്ലായിരുന്നു പി.എം.എസ്.എ പൂക്കോയ തങ്ങളെ സ്വന്തം മകനായി കരുതി വളർത്തിയെടുത്തു കൊടപ്പനക്കൽ തറവാട് അലി പൂക്കോയ തങ്ങളുടെ ഉടമസ്ഥതയിലായിരുന്നു പിന്നീടത് പി.എം.എസ്.എ പൂക്കോയ തങ്ങൾക്ക് സമ്മാനമായി നൽകി  

പുതിയ മാളിയേക്കൽ സയ്യിദ് അഹ്മദ് പൂക്കോയ  തങ്ങളാണ് ചുരുക്കപ്പേരായ പി.എം.എസ്.എ പൂക്കോയ തങ്ങൾ  എന്ന പേരിൽ  പ്രസിദ്ധനായിത്തീർന്നത്  
അദ്ദേഹം അലി പൂക്കോയ തങ്ങളിൽ നിന്ന് ആത്മീയ  വിജ്ഞാനവും  ചികിത്സാമുറകളും പഠിച്ചു  ധാരാളമാളുകൾ സയ്യിദ് അലി പൂക്കോയ തങ്ങളെ കാണാൻ വരും നീറുന്ന പ്രശ്നങ്ങളുമായിട്ടാണ് വരിക അനേകം  ആവലാതികൾ തർക്കങ്ങൾ പിണക്കങ്ങൾ  ബാലനായ പി.എം.എസ്.എ പൂക്കോയ തങ്ങൾ  അവ കേൾക്കും ചില കേസുകളിൽ അഭിപ്രായം പറയും

ഏറ്റവും  അനുയോജ്യമായ  വിധിയായിരിക്കും അത് സയ്യിദ് അലി പൂക്കോയ  തങ്ങൾ  കുട്ടിയുടെ  വിധികേട്ട് അത്ഭുതപ്പെട്ടുപോയിട്ടുണ്ട് ഇതൊരു അത്ഭുത ബാലനാണെന്ന് അദ്ദേഹത്തിന് മനസ്സിലായി  കുട്ടിയോട് എന്തെന്നില്ലാത്ത സ്നേഹവും  ബഹുമാനവുമായിരുന്നു കുട്ടിക്ക് വേണ്ടി നന്നായി ദുആ ചെയ്തു  കുട്ടി ചെറുപ്പത്തിൽ തന്നെ ആത്മീയ  ശക്തി  വെളിവാക്കാൻ തുടങ്ങി  

കുട്ടിക്ക് വയസ്സ് 15 അപ്പോഴാണ് ആ ദുഃഖ സംഭവം  നടന്നത്  സയ്യിദ് അലി പൂക്കോയ  തങ്ങളുടെ മരണം  വമ്പിച്ച  ജനാവലി വന്നുകൂടി അവർ അന്ത്യയാത്രക്കു സാക്ഷിയായി  എല്ലാവരും  വലിയ  പ്രതീക്ഷയോടെ  പതിനഞ്ചുകാരന്റെ മുഖത്തെക്കു നോക്കി പ്രതീക്ഷ തെറ്റിയില്ല  സമൂഹത്തിന്റെ  പ്രതീക്ഷയുടെ കേന്ദ്രമായി മാറുകയായിരുന്നു  ആ ചെറുപ്പക്കാരൻ  

1917 -ലാണ് സയ്യിദ് പി.എം.എസ്.എ പൂക്കോയ തങ്ങൾ ജനിച്ചത്  1932 -ൽ സയ്യിദ് അലി പൂക്കോയ  തങ്ങൾ മരണപ്പെട്ടു  കൊടപ്പനക്കൽ തറവാട് അവശരുടെയും അഗതികളുടെയും രോഗികളുടെയും ആശാകേന്ദ്രമായി മാറി കേസുകൾക്ക് വിധി പറയുന്ന കോടതിയായി മാറി കൊടപ്പനക്കൽ തറവാട്   

സ്വത്ത് ഭാഗം ചെയ്യുന്നതിലെ തർക്കം, വഴിത്തർക്കം ,അടിപിടിക്കേസുകൾ ,ദാമ്പത്യ പ്രശ്നങ്ങൾ  , തുടങ്ങി  നൂറുകൂട്ടം തർക്കങ്ങളും  പിണക്കങ്ങളും  ഇരുകൂട്ടരെയും തങ്ങൾ വിളിപ്പിക്കും  അവർ കഠിന വിരോധികളായത്തന്നെ വന്നെത്തും കടിച്ചുകീറാനുള്ള ആവശത്തോടെ അവർക്കു പറയാനുള്ളത് കൾക്കും തർക്കത്തിന്നാസ്പദമായ കാര്യം  എന്താണോ അത് തങ്ങൾ കണ്ടെത്തും  പിന്നെ തങ്ങൾ  വിധി പറയും  

അത്ഭുതം ഇരു കക്ഷികളുടെയും മുഖം തെളിയുന്നത് അപ്പോൾ  കാണാം  ബന്ധപ്പെട്ടവർക്കെല്ലാം ആശ്വാസം സന്തോഷം  തങ്ങളുടെ വാക്ക് സ്വീകരിക്കുക അതിലാണ് എല്ലാവരുടെയും  സന്തോഷം സംതൃപ്തി കഠിന വിരോധത്തോടെ വന്നവർ സ്നേഹിതരായി മടങ്ങുന്നു ഒരു പുരുഷായുസ്സ് മുഴുവൻ കേരളം ഇത് കാണുകയായിരുന്നു ആളുകളുടെ തർക്കവും പിണക്കവും തീർക്കാൻ വേണ്ടി പി.എം.എസ് .എ പൂക്കോയ തങ്ങൾക്ക്  എത്രയെത്ര രാവുകൾ പകലുകളാക്കേണ്ടിവന്നു

ഉറങ്ങാൻ മറന്നുപോയ രാവുകളെത്ര വീട്ടിൽ നിന്ന് പുറത്തുപോയി തർക്കം  തീർക്കേണ്ടിവരും 

പള്ളിക്കമ്മിറ്റിയുടെയും ,മദ്റസാ കമ്മിറ്റിയുടെയും ജനറൽ  ബോഡികൾ പലപ്പോഴും  തർക്കത്തിലും, വഴക്കിലും കയ്യാങ്കളിയിലും എത്തിച്ചേരും ഒരു തീരുമാനവുമെടുക്കാതെ പിരിച്ചുവിടും  

അടുത്ത യോഗം ചേരുന്നത്  പി.എം.എസ്.എ പൂക്കോയ തങ്ങളുടെ  അധ്യക്ഷതയിലാവും എല്ലാം നേരെ ചൊവ്വേ നടക്കും
  
പി.എം.എസ്.എ പൂക്കോയ  തങ്ങൾ സംസ്ഥാന  മുസ്ലിം ലീഗ്  അധ്യക്ഷനായി ആ പദവിയിലിരുന്നുകൊണ്ടായിരുന്നു മരണം  

1975 ജുലൈ 6 കേരളം പൊട്ടിക്കരഞ്ഞ ദിവസം അന്നാണ്  പി.എം.എസ്.എ  പൂക്കോയ തങ്ങൾ  വഫാത്തായത് പാണക്കാട് ജുമുഅത്ത്  പള്ളിയിൽ  അന്ത്യവിശ്രമം കൊള്ളുന്നു  

ഇതെഴുതുമ്പോൾ  1975 ജുലൈ ഏഴാം തിയ്യതിയിലെ ചന്ദ്രികാ പത്രം മുമ്പിലുണ്ട് ഒന്നാം പേജിൽ പാണക്കാട്  തങ്ങൾ  അന്തരിച്ചു  എന്ന് ചന്ദ്രിക എന്നെഴുതിയതിനേക്കാൾ കട്ടിയുള്ള അക്ഷരത്തിൽ കൊടുത്തിട്ടുണ്ട്  കൂടെ വലിയ ഫോട്ടോയും   തലക്കെട്ടിനു മുകളിൽ ഇങ്ങനെ  കൊടുത്തിരിക്കുന്നു
  
മലപ്പുറം:  ജൂലൈ 6-മുസ്ലിം  കേരളത്തിന്റെ  സമാദരണീയനായ നേതാവും സ്റ്റേറ്റ് മുസ്ലിം ലീഗിന്റെ  ധീരനായ അമരക്കാരനും ജനലക്ഷങ്ങളുടെ ആത്മീയ ഗുരുവും ചന്ദ്രിക മാനേജിംഗ് ഡയറക്ടറുമായ അൽഹാജ് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ  ഞായറാഴ്ച്ച രാത്രി  8:15ന് ദിവംഗതനായ വിവരം വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ ഞാൻ റിപ്പോർട്ട് ചെയ്യുന്നു  ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ (ഖബറടക്കം ഇന്നുച്ചക്ക് രണ്ട് മണിക്ക് ) 
ഒന്നാം പേജിൽ തന്നെ പാണക്കാട് തങ്ങളെ പരിചയപ്പെടുത്തുന്ന ലേഖനത്തിന്റെ ആദ്യ ഭാഗവുമുണ്ട്   ബാക്കി ഭാഗം രണ്ടാം പേജിൽ തലക്കെട്ട്

-പൗരാണിക കുടുംബം സംഭവ ബഹുലമായ ജീവിതം  ലേഖനത്തിൽ  സയ്യിദ് ഹുസൈൻ  തങ്ങൾ  അവർകളെ അനുസ്മരിക്കുന്നതിങ്ങനെ: 

'പൂക്കോയ തങ്ങളുടെ  പിതാമഹൻ  സയ്യിദ് ഹുസൈൻ തങ്ങൾ അന്നത്തെ  പണ്ഡിതൻമാരിൽ പ്രമുഖനും മഹാനായൊരു രാഷ്ട്രീയ നേതാവുമായിരുന്നു സാമൂഹ്യ  സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് അനർഘ സംഭാവനകളർപ്പിച്ചിട്ടുണ്ട് സ്വാതന്ത്ര്യ സമരത്തിൽ  പങ്കെടുക്കുന്നതിന് മുസ്ലിംകൾക്കാകമാനം ആവേശവും പ്രചോദനവും നൽകി  എന്ന കാരണത്താൽ 1882 -ൽ ബ്രിട്ടീഷ് ഗവൺമെന്റ് അദ്ദേഹത്തെ തടങ്കലിൽ വെക്കാൻ ഉത്തരവിട്ടു ഹിജ്റ 1302-ൽ വെല്ലൂരിൽ നിര്യാതനായി   ഈ സ്വാതന്ത്ര്യ സമര സേനാനിയുടെ പുത്രൻ സയ്യിദ് മുഹമ്മദ് കോയഞ്ഞി തങ്ങളുടെ പുത്രനാണ് പാണക്കാട്  തങ്ങൾ  എന്ന പേരിൽ  പരക്കെ അറിയപ്പെടുന്ന  പുതിയ മാളിയേക്കൽ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങൾ  
ലേഖനം ഇങ്ങനെ തുടരുന്നു: 

1936 ലാണു ജ. പൂക്കോയ തങ്ങൾ  രാഷ്ട്രീയത്തിൽ പ്രവേശിച്ചത് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്ത്  വന്നത്  

1940-ൽ സത്താർ സേട്ടുവുമായി പരിചയപ്പെട്ടു മുസ്ലിംലീഗിൽ ചേർന്നു  വിഭജനത്തെത്തുടർന്നു മുസ്ലിം ലീഗ്  പ്രതിസന്ധി നേരിട്ട കാലത്ത്  സംഘടന കെട്ടിപ്പടുക്കാൻ ത്യാഗമനസ്ഥിതിയോടെ പ്രവർത്തിച്ചു 
1947-ലാണ് പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിച്ചത്  

ഇന്ത്യയിലെ മിക്ക സ്റ്റേറ്റുകളിലും പര്യടനം നടത്തിയിട്ടുണ്ട്  1971 -ൽ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളോടൊപ്പം മലേഷ്യ, സിങ്കപ്പൂർ, ഹോങ്കോക്ക്, പെനാംഗ് എന്നിവ സന്ദർശിച്ചിട്ടുണ്ട് (ചന്ദ്രിക: 07-07-1975 തിങ്കൾ) 


ജയിൽവാസം

പാണക്കാട് പി.എം.എസ് .എ പൂക്കോയ തങ്ങൾ  വാഫാത്തായപ്പോൾ  ചന്ദ്രിക ഒരു സ്മാരക ഗ്രന്ഥം പുറത്തിറക്കി 1975-ൽ പുറത്തിറക്കിയ ഗ്രന്ഥത്തിന്റെ പേര് 'പാണക്കാട് തങ്ങൾ  സ്മാരക ഗ്രന്ഥം '  എന്നായിരുന്നു 228 പേജുള്ള ഗ്രന്ഥത്തിന്റെ അന്നത്തെ വില മുന്നൂറുറുപ്പിക  

പാണക്കാട് അഹ്മദ് ഹാജി പാണക്കാട് വരുന്നവർക്കെല്ലാം സുപരിചിതനാണ് പൂക്കോയത്തങ്ങളോടൊപ്പം നൽപ്പത് കൊല്ലം ജീവിച്ച  ആളാണ് സ്മാരക ഗ്രന്ഥത്തിൽ 71 ആം പേജിൽ പാണക്കാട് അഹ്മദ് ഹാജി എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് 'നാല് പതിറ്റാണ്ടുകളുടെ ബന്ധം 'എന്നാകുന്നു  അതിലെ ചില വരികൾ കാണുക :

1948-ൽ നടന്ന തങ്ങളുടെ ജയിൽവാസം ഇന്നും ഞാനോർക്കുന്നു  ഹൈദരാബാദ് ആക്ഷൻ കാലം പുലർച്ചെ നാല് മണിക്ക് മലപ്പുറം സ്റ്റേഷനിലെ ഒരു കോൺസ്റ്റബിളും സബ്  ഇൻസ്പെക്ടറും   വന്നു എന്നെ വിളിച്ചുവരുത്തി  
തങ്ങൾ ഇവിടെയണ്ടോ എന്നന്വേഷിച്ചു ഉണ്ടെന്നു ഞാൻ പറഞ്ഞു 'ഐ.ജി   സ്റ്റേഷനിൽ  വരുന്നുണ്ട് തങ്ങളെ കാണാൻ   ആവശ്യപ്പെട്ടതുകൊണ്ട് കൂട്ടിക്കൊണ്ടുപോവാൻ വന്നതാണെന്ന് പറഞ്ഞു ഞാൻ തങ്ങളെ വിളിച്ചുണർത്തി കാര്യം പറഞ്ഞു 

തങ്ങൾ  എണീറ്റു  പ്രഭാത കൃത്യങ്ങൾ നിർവ്വഹിച്ചു  സുബ്ഹി നിസ്കരിച്ചു ഇനി നമുക്കു പോകാം എന്നു പറഞ്ഞു പോലീസുകാർ കൊണ്ടുവന്ന വാനിൽ കയറി ഞങ്ങൾ സ്റ്റേഷനിലേക്ക്  തിരിച്ചു  കുറച്ചു കഴിഞ്ഞപ്പോഴാണ് സംഭവം മനസ്സിലായത്  കുഞ്ഞബ്ദുല്ല എന്ന പേരിൽ അന്ന് മലപ്പുറം സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാരനാണ്  കണ്ണീർ വാർന്നുകൊണ്ട് തങ്ങൾ അറസ്റ്റിലാണെന്നും ഏതാനും സമയത്തിനകം മഞ്ചേരിയിലേക്ക് കൊണ്ടുപോകുമെന്നുള്ള കാര്യം അറിയിച്ചത് 

മഞ്ചേരി സബ് മജിസ്ട്രേറ്റ് മുമ്പാകെ തങ്ങൾ ഹാജരാക്കപ്പെട്ടു അവിടെ നിന്ന് വിചാരണക്കുശേഷം മഞ്ചേരി സബ് ജയിലിലേക്ക് അയക്കുകയും ചെയ്തു 
തങ്ങളെ അറസ്റ്റ് ചെയ്തു മഞ്ചേരിയിലേക്ക്  കൊണ്ടുപോയി  എന്ന വാർത്ത കാട്ടുതീപോലെ നാടാകെ  പരന്നുകഴിഞ്ഞു ജനങ്ങൾ മഞ്ചേരിയിലേക്ക് കൂലംകുത്തി ഒഴുകി  

ക്ഷുഭിതരായ ജനങ്ങളെ തങ്ങൾ ശാന്തരാക്കി നിങ്ങളെല്ലാവരും ശാന്തരായി പിരിഞ്ഞുപോവണം മഹാനായ നേതാവിന്റെ മാസ്മര ശക്തിയുള്ള വാക്കുകൾ ജനങ്ങളെ നിശബ്ദരാക്കി  അവർ പിരിഞ്ഞു പോവുകയും ചെയ്തു     രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹത്തെ കോഴിക്കോട് ജയിലിലേക്ക്മാറ്റി രണ്ടാഴ്ചയോളം കോഴിക്കോട് ജയിലിൽ കഴിച്ചുകൂട്ടിയതിന് ശേഷം അധികൃതർ പൂക്കോയ തങ്ങളെ വിട്ടയച്ചു    

മതപരമായ കാര്യങ്ങൾ കൂടെയുള്ളവർക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാനാണ് അദ്ദേഹം ജയിലിൽ സമയം ചെലവഴിച്ചത് (പേജ്: 73, പാണക്കാട്തങ്ങൾ സ്മാരക ഗ്രന്ഥം -1975)

കേരള മുസ്ലികളുടെ ചരിത്രമെഴുതിയ പ്രസിദ്ധ ചരിത്രകാരൻ പി.എ. സെയ്തു  മുഹമ്മദിന്റെ ലേഖനവും സ്മാരക ഗ്രന്ഥത്തിലുണ്ട്  ചിലവരികൾ വായിക്കാം
1951-ൽ മാർച്ച് മാസത്തിലാണ് കെ.എം സീതി സാഹിബിന്റെ ഒരുപരിചയപ്പെടുത്തൽ  കത്തുമായി ഞാൻ പാണക്കാട്ചെന്നത്  
കേരള മുസ്ലിം ചരിത്രം എഴുതാൻ വേണ്ടി  പ്രാചീന മുസ്ലിം സങ്കേതങ്ങൾ സന്ദർശിക്കാൻ അലയുന്ന കാലമായിരുന്നു അത് 

ഏറനാടൻ മുസ്ലിംകളുടെ  കുടിയേറ്റം ,കാർഷികവൃത്തി ,സമരങ്ങൾ ,ഖിലാഫത്ത്,അറബി മലയാളം തുടങ്ങി പല കാര്യങ്ങളും ചർച്ച ചെയ്തു   എല്ലാ കാര്യങ്ങളിലും തങ്ങൾക്ക് സ്വന്തമായ അഭിപ്രായമുണ്ടായിരുന്നു വായിച്ചു സ്വാംശീകരിച്ച വിജ്ഞാനത്തിന്റെ ഉടമയായിരുന്നു തങ്ങൾ ഹൃസ്വവും ഹൃദ്യവുമായ കൊച്ചു വിശകലനങ്ങൾ പ്രശ്നങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു  പഴയ പത്രക്കെട്ടുകൾ നിവർത്തിക്കാണിച്ചു    വിശദീകരിച്ചു

'അൽ അമീൻ 'പത്രത്തിന്റെ പഴയ ലക്കങ്ങൾ എനിക്ക് നൽകിയത് തങ്ങളാണ് സയ്യിദ് ഫളൽ പൂക്കോയ തങ്ങളെ മാഹിയിലേക്ക് നാട് കടത്തിയ സംഭവം സവിസ്തരം റിപ്പോർട്ടു ചെയ്ത അൽ-അമീൻ തങ്ങൾ  തന്നെ വായിച്ചു മാഹിയിൽ അഭയാർത്ഥിയായിക്കഴിയുന്ന സയ്യിദ് ഫളൽ പൂക്കോയ തങ്ങളുമായി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും സീതിസാഹിബും നടത്തിയ സംഭാഷണം  വായിച്ചപ്പോൾ തങ്ങൾ ഗദ്ഗദകണ്ഠനായി (പേജ് :79 , പാണക്കാട് തങ്ങൾ സ്മാരക ഗ്രന്ഥം:1975)

മുഖ്യമന്ത്രി സി. അച്ചുതമേനോന്റെ ലേഖനത്തോടുകൂടിയാണ് സ്മാരക ഗ്രന്ഥം ആരംഭിക്കുന്നത് ഗവർണർ എൻ.എൻ .വാഞ്ചു,വ്യവസായ വകുപ്പു മന്ത്രി ടി.വി. തോമസ് തുടങ്ങിയ പലരുടെയും സന്ദേശങ്ങളുണ്ട് രണ്ടാം ലേഖനം സി.എച്ച് മുഹമ്മദ് കോയ എം . പിയും  മൂന്നാംലേഖനം  ഇബ്രാഹിം സുലൈമാൻ സേട്ട്  എം. പിയും എഴുതിയിരിക്കുന്നു  

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഉപ്പയെ കാണാൻ വല്ലാതെ കൊതിച്ചു  കോഴിക്കോട് ജയിലിലാണ്   ഉപ്പയുള്ളത് ഉപ്പയും മകനും കണ്ടുമുട്ടുന്ന രംഗം വല്ലാതെ വികാരഭരിതമാവും ആ രംഗം  വേണമോ വേണ്ടയോ എന്ന്  മുതിർന്ന ആളുകൾ ചർച്ച ചെയ്തു മോൻ ഉപ്പയെ കാണാൻ തന്നെ നിശ്ചയിച്ചു 
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിതാവസാനംവരെ മറക്കാത്ത രംഗമായിരുന്നു അത്  

ജയിലഴികൾക്ക് പുറത്ത് ശിഹാബ് തങ്ങൾ നിന്നു ഉപ്പായെ അഴികൾക്കിടയിലൂടെ കണ്ടു  ബനിയൻ ധരിച്ച ഉപ്പ  മനസ്സു വിങ്ങി കണ്ണുകൾ നിറഞ്ഞൊഴുകി  സലാം ചൊല്ലി  ഉപ്പ സലാം മടക്കി കുറഞ്ഞ വാക്കുകൾ സംസാരിച്ചു വളരെ പതുക്കെ മടങ്ങിപ്പോയ്ക്കൊള്ളാൻ പറഞ്ഞു  
ആ മടക്കം നീറുന്ന അനുഭവം എന്നും ശിഹാബ് തങ്ങളുടെ മനസ്സിൽ അതുണ്ടായിരുന്നു 


പാട്ട് പാടാനും കേൾക്കാനും താൽപര്യം

നാം ശിഹാബ് തങ്ങളെ കൈറോ യൂണിവേഴ്സിറ്റിയിൽ വിട്ടിട്ടാണ് പൂർവ്വികരുടെ ചരിത്രം തേടിപ്പോയത്  ചുരുക്ക രൂപത്തിൽ അതൊക്കെ  പറഞ്ഞൊപ്പിച്ച് നാം തിരിച്ചെത്തിയിരിക്കുന്നു  

ശിഹാബ് തങ്ങളുടെ വ്യക്തിത്വത്തിന് വ്യക്തമായ രൂപം കിട്ടുന്നത് കൈറോയിൽ വെച്ചാണെന്നു പറയാം തസ്വവ്വുഫിന്റെ പഠനം പരമ്പരയുടെ പഠനം ഇത് അദ്ദേഹത്തെ പഴമയിലേക്ക് കൊണ്ടുപോയി ആധുനിക സാഹിത്യവും ശാസ്ത്രവും അദ്ദേഹത്തെ പുരോഗമന ചിന്തയിലേക്കു നയിച്ചു  പുരോഗമനവും  പഴമയും ഒരാളിൽ സമ്മേളിക്കുക  അത് അത്ഭുതമാണ്  ആ അത്ഭുതമാണ് ശിഹാബ് തങ്ങൾ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കൈറോയിൽ  നിന്ന് പാണക്കാട്ടേക്ക് വരുന്ന കാഴ്ച അനുജൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിവരിക്കുന്നത് നോക്കൂ  

'കൊടപ്പനക്കൽ തറവാടിന്റെ ഇടതു ഭാഗത്തെ ഓടിട്ട പഴയരണ്ടുനില കെട്ടിടമാണ് വല്യഇക്കാക്കയെക്കുറിച്ചുള്ള ആദ്യകാല ഓർമ്മകളിൽ ആദ്യമായി തെളിഞ്ഞുവരുന്നത്  ഇക്കാക്കക്ക് വേണ്ടി ഉണ്ടാക്കിയ ആ മുറിയിൽ   വായനയും പഠനവും മറ്റുമായി കഴിയുന്ന അദ്ദേഹം ഓർമ്മകളിൽ അല തല്ലി വരുന്നു 

ചെറുപ്പമായിരുന്ന ഞാനും പെങ്ങളുടെ മക്കളുമെല്ലാം മുറിയിലുണ്ടായിരുന്ന അറബി പ്രസിദ്ധീകരണങ്ങളിലെ ചിത്രങ്ങൾ കാണുന്നതിന്നായി ഇടക്കിടെ കയറിനോക്കും  ശീത യുദ്ധം നടക്കുന്ന കാലമായിരുന്നതിനാൽ ബ്രഷ്നേവിന്റെയും റിച്ചാർഡ് നിക്സന്റെയുമെല്ലാം ചിത്രങ്ങളായിരുന്നു അധികമുണ്ടായിരുന്നത് അതെക്കുറിച്ചെല്ലാം  അദ്ദേഹം പറഞ്ഞുതരുമായിരുന്നു  

പലതരം പുസ്തകങ്ങൾക്കിടയിലാണ് അക്കാലത്തെല്ലാം അദ്ദേഹത്തെ കണ്ടിരുന്നത്  കൈറോയിൽ നിന്ന് മടങ്ങിവരുമ്പോൾ ഇക്കാക്കയുടെ കൈയിൽ അറബി  ഗാന കാസറ്റുകളുണ്ടാവും ഫൈറൂസ് ,സമീറ തുടങ്ങിയവരുടെയെല്ലാം  പാട്ടുകൾ  അന്നൊക്കെ വായിച്ചും പാട്ടും കേട്ടും രാത്രി വൈകിയാണ് ഇക്കാക്ക ഉറങ്ങിയിരുന്നത് (ചന്ദ്രികയിൽ വന്ന ലേഖനത്തിൽ നിന്ന്) 

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വാക്കുകൾ നോക്കാം  
'പിന്നീട് ഈജിപ്തിലേക്ക് പഠിക്കാൻ പോയതോടെ ദീർഘനാൾ കാണാൻ പറ്റാതെയായി അന്നെല്ലാം തറവാട്ടിൽ വല്ലാത്ത ശ്യൂന്യത അനുഭവപ്പെട്ടിരുന്നു  
ഈജിപ്തിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന ടേപ്പ് റിക്കാർഡർ കാണാനും അതിൽ നിന്ന് പാട്ടു കേൾക്കാനുമായി നിരവധി ആളുകൾ വരും ആദ്യമായി ടേപ്പ് റിക്കാർഡർ കാണുന്ന  പലർക്കും അതൊരു അത്ഭുതമായിരുന്നു (ചന്ദ്രികയിലെ ലേഖനത്തിൽ നിന്ന് )   

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ വാക്കുകൾ നോക്കാം  
'അറബിപ്പാട്ടുകൾ ബാപ്പക്ക് നല്ല ഇഷ്ടമായിരുന്നു ഉമ്മു കുൽസൂമിന്റെ പാട്ടായിരുന്നു ഏറെ ഇഷ്ടം  'ത്വലഅൽ ബദ്റു ' എന്നു തുടങ്ങുന്ന ഒരു പാട്ട് പ്രത്യേകിച്ചും ഹജ്ജ് കർമ്മങ്ങളെ കുറിച്ചുള്ളതാണ്  ആ പാട്ട്  'ഹാദി ലൈലത്തി 'എന്ന് തുടങ്ങുന്ന ഒരു പാട്ടും ഏറെ ഇഷ്ടമായിരുന്നു  ഈജിപ്തിൽ പോകുന്ന സമയത്ത് പാട്ട് കാസറ്റുകളുടെ ഒരു ലിസ്റ്റ് ബാപ്പ എന്നെ ഏൽപിച്ചിരുന്നു ഹിന്ദി ഗസലുകളും ബാപ്പക്ക് ഏറെ ഇഷ്ടമായിരുന്നു ഉർദു ഭാഷയും നന്നായറിയാമായിരുന്നു  (തെളാച്ചം മാസിക പു: 11,ലക്കം :9,10)


ചിരിനിലാവ്

1966-ൽ തന്നെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വിവാഹിതനായി  കേരള മുസ്ലിംകളുടെ  ശക്തനായ നേതാവ് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ മകൾ ശരീഫ ഫാത്വിമ ബീവിയാണ് ഭാര്യ  അക്കാലത്തെ പ്രമുഖ വ്യക്തികളെല്ലാം പങ്കെടുത്ത  വിവാഹം കല്യാണത്തിന്റെ ചടങ്ങുകളും ,അന്നത്തെ ഒത്തുചേരലും ,ഭക്ഷണവിതരണവും ,ആഘോഷങ്ങളുമെല്ലാം ജനമനസ്സുകളിൽ മധുരം നിറഞ്ഞ ഓർമ്മകളായി  വളരെക്കാലം നിലനിന്നു
  
ശരീഫാ ഫാത്വിമ ബിവി പാണക്കാട്ടെത്തി രണ്ട് പ്രമുഖ ഖബീലകളുടെ ഒത്തുചേരൽ  ശരീഫ ഫാത്വിമ ബീവി കൊടപ്പനക്കൽ തറവാട്ടിന്റെ വിളക്കായിമാറി ബാഫഖി തങ്ങളുടെ ജനത്തിരക്കുള്ള വീട്ടിൽ നിന്ന് അതിനേക്കാൾ തിരക്കുള്ള വീട്ടിലേക്കുള്ള താമസമാറ്റം  ഭർത്താവിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകൾ അവർ പെട്ടെന്ന് മനസ്സിലാക്കി  അദ്ദേഹത്തിന്റെ താൽപര്യങ്ങളും ചിട്ടകൾക്കും പ്രചോദനം നൽകുന്ന ജീവിത സഖിയായി ജീവിച്ചു   

അക്കാലത്ത് അദ്ദേഹം നല്ല വായനക്കാരനും എഴുത്തുക്കാരനുമാണ് ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് മലയാളത്തിലും അറബിയിലും സുന്ദരമായി എഴുതുമായിരുന്നു  

ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി ഒരു സംഭവം വിവരിക്കുന്നത് കാണുക: 

'കൈറോവിൽ നിന്ന് തിരിച്ചെത്തിയ ശേഷം വീടിനോട് ചേർന്ന് വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള ഔട്ട് ഹൗസിന്റെ മാളിക മുകളിലായിരുന്നു ശിഹാബ് തങ്ങളുടെ ആസ്ഥാനം  വിശാലമായ ഹാളിൽ തങ്ങൾ ഒറ്റക്കിരിക്കുകയായിരുന്നു കൂട്ടിന് ധാരാളം പുസ്തകങ്ങളും ആനുകാലികങ്ങളും മിക്കതും അറബി ഭാഷയിലുള്ളവ  സന്ദർശന വേളകളിലൊക്കെ  അറബി ഭാഷയും സാഹിത്യവും സംബന്ധിച്ച വിവരങ്ങളും ഈജിപ്ഷ്യൻ കാര്യങ്ങളും തങ്ങളവർകളിൽ നിന്ന് കൂടുതൽ കേൾക്കാനാണ് ഞാൻ താൽപര്യം കാണിച്ചത് ഇടക്കൊക്കെ അറബി പത്രങ്ങളും മാസികകളും അദ്ദേഹമെനിക്ക് തരുമായിരുന്നു അൽഹദഫ്, അൽ അറബി ,അൽ മുജ്തമഹ്  തുടങ്ങിയ പലതും അദ്ദേഹത്തിൽ നിന്നാണ് ആദ്യം കാണാനായത് 'ശുബുഹാത്ത് വ അബാഥീർ ' എന്ന ഒരു ഗ്രന്ഥം ഒരിക്കൽ ശിഹാബ് തങ്ങൾ എനിക്ക് തന്നു   

ജാമിഅ നൂരിയ്യയിൽ പഠിക്കുമ്പോൾ അദ്ദേഹത്തിൽ നിന്ന് മാർഗദർശനവും പ്രോത്സാഹനവും ഉൾക്കൊണ്ട് ചില അറബി മാസികകൾ നൂറുൽ ഉലമ ലൈബ്രറിയിലേക്ക് കത്തെഴുതി വരുത്തിയിരുന്നു  

1974-ൽ  പുറത്തിറങ്ങിയ അൽ മുനീർ വാർഷികപ്പതിപ്പിലേക്ക് ശിഹാബ് തങ്ങളെ കണ്ട്  അറബി ലേഖനം വാങ്ങാൻ എന്നെയാണ് ഏൽപിച്ചിരുന്നത്  അദ്ദേഹം എഴുതിത്തന്ന ലേഖനം അറബ് സാഹിത്യ നിരൂപണ സംബന്ധമായിരുന്നു ഭാഷയുമായി ബന്ധപ്പെട്ട പലർക്കുതന്നെയും അപരിചിതമായിരുന്നു അന്ന് ആ വിഷയം ലേഖനം വായിക്കാൻ ശ്രമിച്ച പലർക്കും 'അത്തഖ്ദുൽ അദബ് ' അരോചകം കൂടിയായി ഏതായാലും തങ്ങളുടെ ഭാഷാസാഹിത്യ പാണ്ഡിത്യവും അഭിനിവേശവും അത് വിളിച്ചോതി (സന്തുഷ്ട കുടുംബം മാസിക പു:8, ലക്കം :8 )

അറബിക്കോളേജുകളിലെയും പള്ളിദർസുകളിലെയും കുട്ടികൾ കൈയെഴുത്തു മാസികകളുടെ വാർഷികപ്പതിപ്പുകൾ അച്ചടിച്ചിറക്കാൻ തുടങ്ങി അവയിലെല്ലാം ശിഹാബ് തങ്ങളുടെ  ലേഖനങ്ങൾ വന്നു കൊണ്ടിരുന്നു പിതാവിന്റെ മരണം  ശിഹാബ് തങ്ങളെ പിടിച്ചു കുലുക്കിയ മഹാസംഭവമായിരുന്നു അതോടെ വമ്പിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവന്നു അതുവരെയുള്ള സൗകര്യങ്ങൾ പലതും നഷ്ടമാവുകയായിരുന്നു വായിക്കാനും എഴുതാനും സമയമില്ലാതായി എപ്പോഴും ജങ്ങൾക്കിടയിലായി ഏകാന്തത എന്നൊന്ന് ഇല്ലാതായി  

സയ്യിദ് സ്വാദിഖലി തങ്ങൾ എഴുതുന്നു: 

ബാപ്പ മരിച്ചതിന് ശേഷം ഇക്കാക്കയുടെ ജീവിതം ആകെ മാറിമറിഞ്ഞു മുസ്ലിംലീഗിന്റെ പ്രസിഡണ്ടായി ചുമതലയേറ്റതോടെ പിന്നെ ആളുകൾക്കിടയിലാണ് അദ്ദേഹത്തെ കണ്ടത് വായിക്കാനുമൊന്നും സമയമില്ലാതായി തന്റെ ജീവിതം പൂർണ്ണമായും പൊതുസമൂഹത്തിൽ വിട്ടു നൽകുകയായിരുന്നു അദ്ദേഹം ' (ചന്ദ്രികയിലെ ലേഖനത്തിൽ നിന്ന്)

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ വാക്കുകൾ നോക്കാം
 
'ഓർമവെക്കാൻ തുടങ്ങിയ സമയം മുതൽ ബാപ്പാക്ക് തിരക്കാണ് വീട്ടിലാണെങ്കിൽ എപ്പോഴും ആളുകളുണ്ടാവും അല്ലെങ്കിൽ പുറത്ത് പരിപാടികളിലായിരിക്കും തിരക്കൊഴിഞ്ഞു കിട്ടുന്ന സന്ദർഭങ്ങൾ അപൂർവ്വമായിരുന്നു യാത്രകളിലാണ് ബാപ്പയെ ഒഴിഞ്ഞു കിട്ടുക ഒഴിവു സമയങ്ങളിൽ ചിലപ്പോഴൊക്കെ കുടുംബ സമേതം ടൂർ പോകാറുണ്ടായിരുന്നു അങ്ങനെ ഊട്ടി ,മൈസൂർ, പൊൻമുടി, തേക്കടി,മൂന്നാർ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പോയിട്ടുണ്ട്  ദൂര സ്ഥലങ്ങളിൽ പരിപാടിക്ക് പോകുമ്പോൾ ചിലപ്പോൾ കുടുംബസമേതം വരാൻ സംഘാടകർ പറയും അങ്ങനെയും ചില സ്ഥലങ്ങൾ ബാപ്പയുടെ കൂടെ സന്ദർശിച്ചിട്ടുണ്ട് (തെളിച്ചം മാസികയിലെ ലേഖനത്തിൽ നിന്ന് )

മുപ്പത്തിനാലാം വർഷം മുസ്ലിംലീഗ് പ്രസിഡണ്ടായി തുടർന്നു സംഭവബഹുലമായ മുപ്പത്തിനാലു വർഷങ്ങൾ ബഹുമുഖ പ്രതിഭായായിത്തന്നെ അന്ത്യംവരെ തുടർന്നു 

2009 ഓഗസ്റ്റ് 9 ആം തിയതി മലയാള മനോരമയുടെ ഞായറാഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച ഡോ. എം.കെ മുനീറിന്റെ ലേഖനം ആ ബഹുമുഖ പ്രതിഭയിലേക്ക് വെളിച്ചം വീശുന്നതാണ് അതിലെ ചില വരികൾ താഴെ കൊടുക്കാം 

മുപ്പത്തിനാല് വർഷം മുമ്പ് പി.എം.എസ്.എ പൂക്കോയ തങ്ങൾ മരണപ്പെട്ടപ്പോൾ സി.എച്ച് മുഹമ്മദ് കോയ സാഹാബ് ശിഹാബ് തങ്ങളെ ആശ്വസിപ്പിക്കാനെത്തി അന്നത്തെ ജനബാഹുല്യവും ആശ്വാസ വചനങ്ങളും ലേഖനത്തിൽ അനുസ്മരിക്കുന്നു സി.എച്ച്.മരണപ്പെട്ടപ്പോൾ  ശിഹാബ് തങ്ങൾ എം.കെ മുനീറിനെ ആശ്വസിപ്പിച്ച കാര്യവും അനുസ്മരിക്കുന്നു അത് വായിക്കാം 

'ഇരുപത്തഞ്ച് വർഷം മുമ്പ് ബാപ്പ അന്തരിച്ചപ്പോൾ എന്റെ വലതു ചുമലിൽ കൈ വെച്ച് ചേർത്തു പിടിച്ച് 'ഞങ്ങളില്ലേ കൂടേ' എന്നു ചോദിച്ച ഒരാളുണ്ടായിരുന്നു കാൽ നൂറ്റാണ്ട് കാലം തോളിൽ ആ കരങ്ങളുണ്ടായിരുന്നു  ദൃശ്യമായും അദൃശ്യമായും   

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ചരിത്രത്തിലേക്ക് മറയുമ്പോൾ  മരണത്തിന്റെ വിങ്ങൽ വീണ്ടും വലയം ചെയ്യുകയാണ് സി.എച്ചിന്റെ മകൻ ശിഹാബ് തങ്ങളുടെ ഹൃദയത്തിൽ ഒരു ഇരിപ്പിടം എപ്പോഴും മാറ്റിവെച്ചിരുന്നു ബാപ്പ മരിച്ച ശേഷം പിതൃവാത്സല്യം ഞാൻ അനുഭവിച്ചത് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ നിന്നാണ്  
മുപ്പത്തിനാല് വർഷം മുമ്പ് പി.എം.എസ്.എ പൂക്കോയ തങ്ങൾ അന്തരിച്ചപ്പോൾ ബാപ്പയുടെ സാമീപ്യവും ആശ്വാസ വചനങ്ങളുമായിരുന്നു  കരുത്തെന്ന് ശിഹാബ് തങ്ങൾ പലപ്പോഴും പറഞ്ഞിട്ടുണ്ട് 

അന്ത്യദർശനത്തിനായി ഒഴുകിയെത്തിയ ജനക്കൂട്ടത്തോട് ബാപ്പയാണ് പറഞ്ഞത്: ദിവസങ്ങൾ കഴിഞ്ഞാലും എല്ലാവരും ജനാസ കണ്ട് തീരില്ല നമുക്കിനി പ്രാർത്ഥനയാണ് വേണ്ടത് എല്ലാവരും കടലുണ്ടിപ്പുഴയിലേക്കിറങ്ങി വുളൂ ചെയ്യുക  

രണ്ടു വർഷം മുമ്പ് ശിഹാബ് തങ്ങളുടെ ആദ്യ ഗ്രന്ഥം 'മതം ,സമൂഹം, സംസ്കാരം പ്രസിദ്ധീകരിച്ചു 

എം.ടി വാസുദേവൻ നായരുടെ നിഘണ്ടുവിൽ പ്രശംസാവാക്കുകൾ കുറവാണ് പക്ഷെ അന്ന് എംടി എല്ലാ കണക്ക് കൂട്ടലും തെറ്റിച്ചു 
  
'കേരളത്തിന്റെ മണ്ണിൽ പലരും വിതച്ച വർഗ്ഗീയതയുടെ വിഷവിത്തുകൾ മുളയ്ക്കാതിരുന്നത്  ഈ മനുഷ്യന്റെ സാന്നിധ്യം കൊണ്ടാണ് - വേദിയിലിരുന്ന ശിഹാബ് തങ്ങളെ ചൂണ്ടി എം.ടി ഇത്രകൂടി പറഞ്ഞു  'ഈ മനുഷ്യന്റെ ജീവിതം നിങ്ങൾ രേഖപ്പെടുത്തണം ' 

ആത്മകഥയെഴുത്തിനുള്ള സംഭാഷണങ്ങളിൽ ഓർമ്മയുടെ അറകളിൽ നിന്ന് ഒട്ടേറെ കൗതുകങ്ങൾ ശിഹാബ് തങ്ങൾ പുറത്തെടുത്തിരുന്നു  
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ ഇസ്ലാമിക വിശേഷമായിരുന്നു അവയിലൊന്ന്  

1947 ഓഗസ്റ്റ് 15, ആ വർഷത്തെ റമളാൻ  ഇരുപത്തേഴ് ആയിരുന്നു ദിനം വെള്ളിയാഴ്ചയും  

വർഷത്തിലെ ഏറ്റവും വിശുദ്ധ രാവായ ലൈലത്തുൽ ഖദ്റിന് (ആയിരം മാസത്തേക്കാൾ പുണ്യമുള്ള നിർണയത്തിന്റെ രാത്രി ) സാധ്യതയുള്ള ദിനം  
റമളാൻ ഇരുപത്തേഴാം രാവും വെള്ളിയാഴ്ച രാവും ഒരുമിച്ചു വരുന്നതും പുണ്യമാണ് അതുതന്നെയായിരുന്നു സ്വാതന്ത്ര്യദിനത്തിന്റെ രാവും ഇസ്ലാം മത വിശ്വാസമനുസരിച്ച് ഏറ്റവും പുണ്യമുള്ള മുഹൂർത്തത്തിലാണ് നമ്മുടെ രാജ്യം സ്വതന്ത്രമായതെന്ന് തങ്ങൾ പറഞ്ഞു ആ രാവിൽ നെയ്ച്ചോറും ഇറച്ചിക്കറിയുമുണ്ടാക്കി നാടെങ്ങും വിതരണം ചെയ്തു  

വികസനത്തിന്റെ ഭൂപടത്തിൽ മലബാർ പിന്നോക്കം പോയതിന്റെ കാരണവും തങ്ങൾ വിശദീകരിച്ചു കൊച്ചിയിലും തിരുവിതാംകൂറിലും രാജഭരണമായിരുന്നു മലബാറിൽ ബ്രിട്ടീഷ് ഭരണവും തിരു-കൊച്ചി മേഖലയിൽ ജനങ്ങൾ ഭരണത്തിലും നിയമ നിർമ്മാണത്തിലും പങ്കാളികളാവുകയും കൂടുതൽ വിദ്യാഭ്യാസവും പുരോഗതിയും നേടുകയും ചെയ്തപ്പോൾ മലബാറിൽ പോരാട്ടമായിരുന്നു  

മറ്റൊരു വെള്ളിയാഴ്ചകൂടി -അത് മുസ്ലിംലീഗിന്റെ ആദ്യ മുഖ്യ മന്ത്രി സ്ഥാനമേറ്റ ദിനമായിരുന്നു   1979 ഒക്ടോബർ 12ന് ബാപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ശിഹാബ് തങ്ങൾക്കരികിൽ ഞാനുമുണ്ടായിരുന്നു വിജയമല്ല അത്ഭുതമായിരുന്നു അന്ന് സംഭവിച്ചത് നിയമസഭയിലെ ആകെ അംഗബലത്തിന്റെ പത്ത് ശതമാനത്തിൽ താഴെ മാത്രം എം.എൽ.എമാരുള്ള പാർട്ടിയാണ് മന്ത്രിസഭയെ നയിച്ചത്  

ആസർക്കാർ തകർന്നപ്പോൾ കോൺഗ്രസ് പിന്തുണ പിൻവലിക്കുന്നതിന് മുമ്പേ നിയമ സഭ പിരിച്ചുവിടാനുള്ള ഉപദേശം ബാപ്പ ഗവർണർക്കു നൽകി  ഗവർണർ അത് സ്വീകരിക്കുകയും ചെയ്തു ബദൽ സർക്കാറിന് അവസരം നൽകാതിരുന്ന ഈ തന്ത്രം കേരള രാഷ്ട്രീയത്തിലെ ഏറ്റവും കൗശലകരമായ നീക്കങ്ങളിലൊന്നായിരുന്നുവെന്നും തങ്ങൾ അനുസ്മരിച്ചു 

ശിഹാബ് തങ്ങൾ മുസ്ലിംലീഗ് പ്രസിഡണ്ടായി അധികാരമേറ്റതു മുതൽ ബാപ്പ മുഖ്യമന്ത്രിയായത് വരെയുള്ള കാലം ഏറ്റവും കഠിനമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെതായിരുന്നുവെന്നും തങ്ങൾ ഓർമ്മിച്ചു 

1975 ജൂലൈ 6ന് പി.എം.എസ്.എ പൂക്കോയ തങ്ങൾ അന്തരിച്ചതിനെത്തുടർന്ന് ശിഹാബ് തങ്ങളെ പ്രസിഡണ്ടാക്കാനുള്ള നിർദ്ദേശം ബാപ്പയും ബീവിയും അബ്ദുല്ലക്കോയയുമാണ് മുമ്പോട്ടുവെച്ചത് അത് കേട്ടപ്പോൾ മുറിയിൽ കയറി കതകടച്ച് പൊട്ടിക്കരയുകയായിരുന്നു  ശിഹാബ് തങ്ങൾ തീരുമാനം നാൽപ്പത് ദിനം കഴിഞ്ഞിട്ടാവാമെന്ന് വെച്ചു  

ശിഹാബ് തങ്ങൾ 1975 സെപ്റ്റംബർ ഒന്നിന് പ്രസിഡണ്ടാകുമ്പോൾ മുസ്ലിംലീഗിന് കേരള നിയമസഭയിൽ അഞ്ച് അംഗങ്ങളേയുള്ളൂ മറു ചേരിയിലെ ലീഗിൽ ഏഴ് പേരും  

ഒന്നര വർഷത്തിന് ശേഷം കോഴിക്കോട് നടന്ന ലീഗ് സമ്മേളനം വൈകുന്നേരം മുതൽ അടുത്ത ദിവസം പുലരുംവരെ തുടർന്നിട്ടും ശക്തി പ്രകടനം അവസാനിക്കാതിരുന്നതിനെ തുടർന്നു പൊതുസമ്മേളനം ചേരാതെ പിരിച്ചുവിട്ടു  

1977 -ലെ തിരഞ്ഞെടുപ്പിൽ പതിമൂന്ന് സീറ്റുമായി ലിഗ് തിരിച്ചുവരവ് നടത്തി 
തുടർന്നുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ഐ-യു  കോൺഗ്രസുകളും ,ലീഗും വെവ്വേറെ മത്സരിച്ചപ്പോൾ ലീഗ് മൂന്നാമത്തെ വലിയ കക്ഷിയായി അന്ന് ലീഗിന് കോൺഗ്രസ് ഐയെക്കാൾ 22 പഞ്ചായത്ത് അംഗങ്ങൾ അധികമുണ്ടായിരുന്നു  

1991-ൽ 19  എം.എൽ.എമാരുടെ  ചരിത്ര വിജയവും 2004 മുതൽ കേന്ദ്ര മന്ത്രിസഭയിൽ അംഗത്വവും ചേർത്ത് തുല്യതയില്ലാത്ത വിജയങ്ങൾ ലീഗിന് സമ്മാനിച്ചാണ് ശിഹാബ് തങ്ങൾ മറഞ്ഞത് 

'മറക്കുക ,പൊറുക്കുക' ശിഹാബ് തങ്ങൾ ഉച്ചരിച്ച മാസ്മരിക മുദ്രാവാക്യം 1985-ൽ  ഇരു ലീഗുകളും ലയിച്ചപ്പോഴായിരുന്നു ഇത് നേതാക്കളും അനുയായികളും അതേപടി അനുസരിച്ചു ഒരു വേർതിരിവുമില്ലാതെ പരസ്പരം സ്വീകരിച്ചു പെട്ടെന്ന് മനസ്സിൽ തോന്നിയ വാചകമായിരുന്നു ഇതെന്ന് തങ്ങൾ പറഞ്ഞു 
ബാബരി മസ്ജിദ് തകർക്കപ്പെട്ട രാത്രിയാണ് താൻ ഏറ്റവുമധികം സംഘർഷം അനുഭവിച്ചതെന്നും തങ്ങൾ പറഞ്ഞിരുന്നു 

ഈജിപ്തിലെ പഠന കാലത്ത് കലാസാഹിത്യ ചർച്ചകളുമായി നൈൽ നദിയുടെ തീരങ്ങളിലെ സായാഹ്നങ്ങളിലേക്ക് ഓർമ്മകൾ മടങ്ങിയപ്പോൾ തങ്ങളുടെ മുഖത്ത് പുതിയൊരു പ്രകാശമായിരുന്നു  അറുപതുകളിൽ ജവഹർലാൽ നെഹ്റു ഈജിപ്ത് സന്ദർശിച്ചപ്പോൾ സ്വീകരിക്കാനെത്തിയ ഇന്ത്യൻ വിദ്യാർത്ഥി പ്രതിനിധി സംഘത്തിൽ ശിഹാബ് തങ്ങളുമുണ്ടായിരുന്നു  

ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മുസ്ലിംലീഗിനിനോട് പ്രത്യേക അടുപ്പം നിലനിർത്തി സോണിയാഗാന്ധിക്ക് തങ്ങളോടുള്ള ആദരവിന്റെ ഉദാഹരണമായിരുന്നു 

2004 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കോഴിക്കോട് കടപ്പുറത്തെ പ്രചരണ വേദി മുൻനിരയിൽ കെ. കരുണാകരനും ,എ.കെ ആന്റണിയും ,ശിഹാബ് തങ്ങളും ഉൾപ്പെടെയുള്ള നേതാക്കൾ ഇതിന് മുന്നിൽ സോണിയാഗാന്ധിക്കായി ഒറ്റക്കസേരയായിരുന്നു ഒരുക്കിയത് 

വേദിയിലെത്തിയ സോണിയ പിൻനിരയിൽ  നിന്ന് ഒരു കസേര കൂടി മുന്നോട്ടെടുത്ത് തങ്ങളെ ക്ഷണിച്ചിരുത്തി വിശേഷാവസരങ്ങളിലെല്ലാം സോണിയാഗാന്ധിയുടെ ഫോൺകോൾ പാണക്കാട് കൊടപ്പനക്കലെത്താറുണ്ടായിരുന്നു  

ബാപ്പക്കു നേരെ ആസിഡ് ബൾബ് ആക്രമണമുണ്ടായപ്പോൾ എനിക്ക് എട്ട് വയസ്സേയുള്ളൂ സംഭവത്തിന്റെ ഗൗരവാവസ്ഥയൊന്നും അന്ന് അറിയില്ല പിന്നീട് ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ പൂക്കോയ തങ്ങളെ ജയിലിൽ സന്ദർശിച്ച ഓർമ്മയാണ് ശിഹാബ് തങ്ങൾ പങ്കവെച്ചത്

1948 -ൽ പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്തു കോഴിക്കോട് സബ് ജയിലിൽ അടച്ചപ്പോൾ ശിഹാബ് തങ്ങൾക്ക് പ്രായം പന്ത്രണ്ട് കോഴിക്കോട് വിദ്യാർത്ഥിയായിരുന്ന തങ്ങൾ ഒരു ദിവസം ജയിലിലെത്തി ബനിയനുമിട്ട് പിതാവിനെ ജയിലഴികൾക്കുള്ളിൽ കണ്ടതിന്റെ വേദന , പതിറ്റ്ണ്ടുകൾക്കിപ്പുറവും തങ്ങളുടെ മുഖത്തുണ്ടായിരുന്നു  

ഒരു പാർട്ടിയുടെ പ്രസിഡണ്ടായി ഏറ്റവുമധികം കാലം നയിച്ചപ്പോൾ എന്ന റിക്കാർഡിനൊപ്പം കേരള രാഷ്ട്രീയത്തിന് തങ്ങൾ എന്ത് സംഭാവന നൽകി എന്ന ചോദ്യത്തിന് ഒരു പുഞ്ചിരിയായിരുന്നു തങ്ങളുടെ മറുപടി ഒരിക്കലും അണയാത്ത ആ പുഞ്ചിരി തന്നെയാണല്ലോ തങ്ങൾ കേരളത്തിനു സമ്മാനിച്ചതും  ചുണ്ടുകൾ ചേർത്തുവെക്കുമ്പോഴും ചിരിനിലാവ് പരത്തുന്നതായിരുന്നു തങ്ങളുടെ മുഖം സംഭാഷണങ്ങളുടെ അവസാനം തങ്ങൾ പറഞ്ഞു: 

ചെയ്ത കാര്യങ്ങൾ മറ്റുള്ളവർ വിലയിരുത്തട്ടെ ചെയ്യാത്ത ഒരു കാര്യം പറയാം ആരെയും ദ്രോഹിച്ചിട്ടില്ല (മലയാള മനോരമ)

ഇവയെല്ലാം ശിഹാബ് തങ്ങളുടെ സ്വഭാവ സവിശേഷതകളാകുന്നു  നബി(സ) തങ്ങളോടുള്ള അതിരില്ലാത്ത സ്നേഹം  കൈറോയിലെ പഠനം കഴിഞ്ഞ ഉടനെ മക്കയിലേക്ക് പോവാൻ അത് പ്രേരണയായി മക്കത്ത് പോയി ഹജ്ജ് ചെയ്തു  
ഈജിപ്തിലെ സഹപാഠികളിൽ പലരും ലോകപ്രശസ്തരായിത്തീർന്നു  മഹ്മൂൻ അബ്ദുൽ ഖയ്യൂം, മാലിദ്വീപ് പ്രസിഡണ്ടായി ഫത്ഹുല്ല ജമീൽ മാലിദ്വീപ് വിദേശകാര്യ മന്ത്രിയായി  അറബി സഹപാഠികളിൽ പലരും അവരുടെ നാടുകളിൽ ഉന്നത സ്ഥാനത്തെത്തി  

'സംഗീത പ്രേമി -ഗായകനും ' എന്ന തലക്കെട്ടിൽ മലയാള മനോരമയിൽ വന്ന വരികൾ കാണുക 

'നേർത്ത ശബ്ദത്തിൽ മധുരമായി പാടുമായിരുന്നു ശിഹാബ് തങ്ങൾ കോഴിക്കോട് എം.എം ഹൈസ്കുളിൽ പഠിക്കുമ്പോൾ എല്ലാ വ്യാഴാഴ്ചയും ഉച്ച കഴിഞ്ഞ് സാഹിത്യ സമാജമാണ്  

പ്രസംഗം ,പ്രബന്ധം ,ഗാനം ....ഇങ്ങനെ എന്തെങ്കിരുമൊരു പരിപാടിയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കണമെന്നത് നിർബന്ധം തന്റെ ഊഴുമെത്തുമ്പോൾ ഗാനം തിരഞ്ഞെടുക്കുകയായിരുന്നു ശിഹാബ്തങ്ങളുടെ രീതി 

ഹിന്ദി ഗാനങ്ങളായിരുന്നു ഏറെ ഇഷ്ടം  എം.എം ഹൈസ്കൂളിലെ അക്കാലത്തെ വിദ്യാർത്ഥികൾ അര നൂറ്റാണ്ടിനു ശേഷം സംഗമം നടത്തിയപ്പോഴും പഴയ ക്ലാസ് മുറി അതുപോലെ പുനഃസൃഷ്ഠിച്ചു  ചരിത്രത്തിന്റെ പുനരാവർത്തനം പോലെ ശിഹാബ് തങ്ങൾ അന്നും ഒരു പാട്ടു പാടി  

പഠനത്തിനായി ഈജിപ്തിലെത്തിയപ്പോൾ അറബ് സംഗീത ലോകവുമായും അടുത്തു പരിചയപ്പെട്ടു  അന്ന്  ഈജിപ്തിലെ പ്രശസ്ത ഗായികയുടെ  പേരാണ് തങ്ങൾ മകൾക്ക് നൽകിയത് ഫൈറൂസ് (മലയാള മനോരമ 2009 ഓഗസ്റ്റ് 3)

അറബ് സാഹിത്യ സാമ്രാട്ടായ അബ്ബാസ് മഹ്മൂദ് അക്കാദിന്റെ വീട്ടിൽ വെള്ളിയാഴ്ച സായാഹ്നങ്ങളിൽ ചേരുന്ന സാഹിത്യ സദസ്സിൽ ശിഹാബ് തങ്ങൾ സജീവമായി പങ്കെടുത്തിരുന്നു   

കൈറോ യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഗായകനായിരുന്നു അദ്ദേഹം പല രാജ്യക്കാരായ കുട്ടികളോടൊപ്പം അദ്ദേഹവും പാടി അലക്സാൺട്രിയ സന്ദർശന വേളയിൽ അദ്ദേഹം പാടിയ ഗാനം കൂട്ടുകാരെ നന്നായി ആകർഷിച്ചു  1966-ൽ ബിരുദം നേടി 

മക്കത്ത് പോയി ഹജ്ജ് ചെയ്തു നാട്ടിൽ തിരിച്ചെത്തി ഇതുവരെ പഠനവും വിദേശ ജീവിതവുമായിരുന്നു ഇനിയാണ് കർമ്മരംഗത്തിറങ്ങേണ്ടത്  
കുറേയേറെ കാര്യങ്ങൾ പഠിച്ചിട്ടുണ്ട് അനുഭവ സമ്പത്തുണ്ട്  വായന എഴുത്ത് ഇതായിരുന്നു മുഖ്യം ഉപ്പ കോയമോനെ വളരെ സാവധാനം രംഗത്തിറക്കുകയാണ് ആദ്യം ചെറിയ  സദസ്സുകളിലേക്ക് വിട്ടു പ്രസംഗിച്ചു തുടങ്ങുകയാണ് 

'സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ പാണക്കാട് ' എന്ന പേര് നോട്ടീസുകളിലും പത്രങ്ങളിലും അച്ചടിച്ചു വരാൻ തുടങ്ങി  കേരള മുസ്ലിംകൾക്കിടയിൽ ആ പേര് പുതിയൊരാവേശമായി മാറി ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി അതോടെ പേര് വ്യാപകമായി പ്രസിദ്ധനായി   

ഉപ്പ പാണക്കാട് തങ്ങൾ എന്ന പേരിൽ അറിയപ്പെട്ടു മകൻ ശിഹാബ് തങ്ങൾ എന്ന പേരിലും പാണക്കാട് തങ്ങളെ ക്ഷണിക്കാനാണ് സംഘാടകർ ഇതുവരെ വന്നിരുന്നത് ഉപ്പയോ മകനോ ? രണ്ടിലൊരാളെ കിട്ടണമെന്ന ആശയോടെ സംഘാടകർ പാണക്കാട്ടെത്തിത്തുടങ്ങി  കാലം മാറിവരികയാണ്


സാഹിത്യകാരൻ

2009 ആഗസ്റ്റ്  9 ഞായറാഴ്ച എം.പി വിരേന്ദ്രകുമാർ മാതൃഭൂമി വാരാന്തപ്പതിപ്പിലെഴുതിയ 'തങ്ങൾ ചരിത്രമായി എന്ന ലേഖനത്തിലെ ചില വരികൾ ഉദ്ധരിക്കാം  

' ശിഹാബ് തങ്ങളുമായി പല വേദികളും ഞാൻ പങ്കിട്ടിട്ടുണ്ട് 2008 മെയ് 19ആം തിയ്യതി കോഴിക്കോട് വെച്ച് അദ്ദേഹത്തിന് 'എസ്.കെ. പൊറ്റക്കാട് സാഹിത്യ പുരസ്കാരം 'സമർപ്പിച്ച് ആദരിച്ച വേദിയിൽ ഞാനുമുണ്ടായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയാണ് തങ്ങളുടെ 'മതം , സമൂഹം,സംസ്കാരം ' എന്ന ലേഖന സമാഹാരം മുൻനിർത്തി പൊറ്റക്കാട് പുരസ്കാരം അദ്ദേഹത്തിന് സമർപ്പിച്ചത് പല തുറകളിൽ നിന്നുമുള്ള പ്രഗൽഭമതികൾ വേദിയിലും നിറഞ്ഞ സദസ്സിലുമുണ്ടായിരുന്നു ഡോ.എം.എ. കരീം രചിച്ച 'പാണക്കാട്ടെ പച്ചത്തുരുത്ത് 'എന്ന രചന ആ ചടങ്ങിൽ വെച്ച് എ.കെ ആന്റണിയിൽ  നിന്നും ഏറ്റുവാങ്ങിയത് ഞാനായിരുന്നു   

കൈറോവിലെ വിദ്യാർത്ഥി ജീവിത കാലത്ത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഈജിപ്തി സന്ദർശിച്ചപ്പോൾ അദ്ദേഹത്തിനെയും പ്രസിഡണ്ട് ജമാൽ അബ്ദുൽ നാസറിനെയും കണ്ടതും അവരുടെ കൂടെ നിന്ന് പടമെടുത്തതും  ശിഹാബ് തങ്ങൾ അനുസ്മരിച്ചിട്ടുണ്ട് ഈ പടത്തിൽ പ്രസിഡണ്ട് അബ്ദുന്നാസർ ഒപ്പ് വെച്ചിരുന്നു അബ്ദുന്നാസറിനെ തുടർന്നു പ്രസിഡണ്ടായ അൻവർ സാദത്തുമായും തങ്ങൾക്ക് ബന്ധമുണ്ടായിരുന്നു 

അൽ അസ്ഹറിലെ പഠനാനന്തരം കൈറോ യൂണിവേഴ്സിറ്റിയിൽ നിന്ന് മറ്റൊരു ഉന്നത ബിരുദവും 1966-ൽ നേടി ആ വർഷം തന്നെ ലിസാൻസ് അറബിക് ലിറ്ററേച്ചർ ബിരുദവും നേടി കൈറോവിലെ പഠന ശേഷം അൽ-അസ്ഹർ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി ചേരാനായിരുന്നു മോഹമെങ്കിലും പിതാവ് നാട്ടിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെട്ടതനുസരിച്ച് ശിഹാബ് പാണക്കാട്ടെത്തി അക്കാലത്ത് പതിനായിരം രൂപയോളം വേതനം ലഭിക്കുന്ന ജോലി ഉപേക്ഷിച്ചാണ് വന്നത്   

ഇതിനെപ്പറ്റി പിതാവ് പറഞ്ഞത് ഇങ്ങനെയായിരുന്നു : 'ഇത്രയും വലിയ ശമ്പളമുള്ള ജോലി കോയമോന് വേണോ ? നമുക്ക് കോയമോന്റെ പണം വേണ്ട കോയമോനെ മതി  

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ശിഹാബ് തങ്ങൾ സാഹിത്യ തൽപരനായിരുന്നു മാതൃഭൂമിയടക്കമുള്ള  മാധ്യമങ്ങളിൽ  അദ്ദേഹത്തിന്റെ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് 

'ഈജിപ്തിലെ പത്രപ്രവർത്തനം , സൂയസ് കനാലും നാസർ പദ്ധതിയും ,ലൈലാഖാലിദിന്റെ ആത്മകഥ ,പിരമിഡുകൾ ,ഇബ്നു സിനായുടെയും അൽബറൂനിയുടെയും ജീവചരിത്രം തുടങ്ങിയ രചനകൾ പഠനകാലത്ത് പ്രസിദ്ധീകരിച്ചവയിൽ ഉൾപ്പെടുന്നു  

ഖലീൽ ജിബ്രാന്റെ ഒരു രചന (ശ്മശാന ഭൂമി) ശിഹാബ് തങ്ങൾ അറബിയിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട് ലളിത സുന്ദരമായ തങ്ങളുടെ ശൈലിക്ക് ഈ ഒരൊറ്റ രചനമതി സാക്ഷ്യത്തിന്  

പരിഭാഷയിൽ നിന്ന് ചില വരികൾ : 

' ആ രണ്ട് നഗരങ്ങളുടെ -ജീവിച്ചിരിപ്പുള്ളവർക്കും മരണപ്പെട്ടവർക്കുമുള്ള ആ രണ്ട് നഗരങ്ങളുടെ -മധ്യത്തിലിരുന്ന് കൊണ്ട് ഞാൻ ചിന്തിക്കാൻ തുടങ്ങി നിരന്തരമായ ചലനവും അനന്തമായ സംഘട്ടനവുമാണ് ഈ പട്ടണത്തിൽ ശ്മശാനത്തിലാണെങ്കിൽ നിശ്ചലമായ മൂകതയും മുറ്റിനിൽക്കുന്ന പ്രശാന്തതയും   ആശയും നിരാശയും സ്നേഹവും ക്രൂരതയും കുബേരതയും കുചേലതയും  ധർമ്മവും അധർമ്മവും ഒരു ഭാഗത്ത് പടപൊരുതുമ്പോൾ ,മറ്റൊരു ഭാഗത്ത് മണ്ണ് മണ്ണോട് ചേരുകയാണ് പിന്നീട് പ്രകൃതി അതിനെ വീണ്ടും സസ്യങ്ങളും ജീവികളുമാക്കി മാറ്റിമറിക്കുന്നു .... 

ഇപ്പോൾ ഈവചനങ്ങൾ വീണ്ടും വായിക്കുമ്പോൾ മനസ്സിൽ നൊമ്പരം  
അറബി ഭാഷയിൽ കവിതകളും രചിച്ചിട്ടുണ്ട് തന്റെ മുഴുവൻ സമയവും ,തന്നെ സ്നേഹിക്കുന്നവർക്ക് നൽകിയ തങ്ങൾക്ക് കൂടുതൽ സർഗാത്മക സൃഷ്ടികൾ രചിക്കാൻ കഴിഞ്ഞില്ല അല്ലായിരുന്നുവെങ്കിൽ മലയാള ഭാഷക്ക് അനശ്വരമായ സംഭാവനകൾ അദ്ദേഹത്തിൽ നിന്ന് ലഭിക്കുമായിരുന്നു  
ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ മത സൗഹാർദ്ദം നിലനിർത്താൻ പാണക്കാട് തങ്ങൾ വഹിച്ച പങ്ക് ചരിത്രത്തിൽ കുറിക്കപ്പെടും 

പൂന്തുറയിൽ വർഗീയതയുടെ അഗ്നിനാളങ്ങൾ സർവ്വതിനെയും ഗ്രസിച്ച കാലം എന്തും സംഭവിക്കാവുന്ന അന്തരീക്ഷം ശിഹാബ് തങ്ങൾ പോലീസിന്റെ മുന്നറിയിപ്പുകൾ പോലും അവഗണിച്ച് വീടുകളും കച്ചവട സ്ഥാപനങ്ങളുമൊക്കെ കത്തിയമർന്നുകൊണ്ടിരുന്ന പൂന്തുറയിലെത്തി ഇത് സംബന്ധിച്ചു തങ്ങളുടെ തന്നെ വാക്കുകൾ  :

'തലേന്ന്  രാത്രി ചില മതഭ്രാന്തന്മാർ അഗ്നിക്കിരയാക്കിയ ഒരു ക്ഷേത്രം ഈ യാത്രയ്ക്കിടെയാണ് ഞാൻ കണ്ടത് ആരാധനാലയത്തിന്റെ തകർച്ചയിൽ സങ്കടപ്പെടുന്ന ഹിന്ദു സഹോദരന്മാരെ ആശ്വസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നി ഞാൻ  കാർ നിർത്താൻ പറഞ്ഞു  
അവിടെപ്പോയാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെയോർത്ത് കൂടെയുണ്ടായിരുന്നവരൊക്കെ ആ സാഹസത്തിൽ നിന്ന് പിന്തിരിയാൻ അപേക്ഷിച്ചെങ്കിലും അദ്ദേഹം ക്ഷേത്രത്തിലേക്ക് നടന്നു  തെല്ലിട സംശയത്തോടെ നിന്ന ക്ഷേത്ര ഭാരവാഹികൾക്കും മറ്റും പാണക്കാട് വരിയ തങ്ങളെ സ്വീകരിക്കാൻ ഏറെ ചിന്തിക്കേണ്ടിവന്നില്ല 

അവരോടൊപ്പമാണെങ്കിലും കലാപം കത്തിയെരിച്ച പൂന്തുറ കടൽതീരത്തേക്ക് പോയത്  

നാദാപുരത്തും ,അങ്ങാടിപ്പുറത്തുമൊക്കെ അനിഷ്ട സംഭവങ്ങളുണ്ടായപ്പോഴും അവിടെയൊക്കെ സമാധാന ദൗത്യവുമായെത്തി ഈ വലിയ മനുഷ്യൻ (മാതൃഭൂമി :2009 ,ആഗസ്റ്റ് 9)

കേന്ദ്ര റെയിൽവെ സഹമന്ത്രി ഇ അഹമദ് സാഹിബിന്റെ ചില വരികൾ കൂടി വായിക്കുക  

1999-ൽ യമൻ,ഹളർമൗത്ത് എന്നിവിടങ്ങളിലേക്ക് തങ്ങളോടൊപ്പം നടത്തിയ യാത്ര അവിസ്മരണീയമാണ് തങ്ങളുടെ പൂർവ്വികരെ യമനുമായി ബന്ധപ്പെടുത്തുന്ന പൂർവ്വ പിതാക്കളുടെ പരമ്പര കണ്ടെത്താനുള്ള ശ്രമം കൂടിയായിരുന്നു ആ യാത്ര ഹളർമൗത്തിലെ ജുമാമസ്ജിദിൽ നിന്ന് ളുഹർ നമസ്കാരത്തിന് ശേഷം അവിടെയുള്ള ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കാനാണ് തങ്ങൾ സമയം കണ്ടെത്തിയത്  

അവിടെ വെച്ച് പരിചയപ്പെട്ട വയോധികരായ പണ്ഡിതന്മാർ തങ്ങളെ ആദരപൂർവ്വം അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു അവരുമായി ദീർഘനേരം അറബിയിലാണ് തങ്ങൾ സംഭാഷണം നടത്തിയത് 

ശിഹാബ് തങ്ങളുടെ പൂർവ്വികർ ഇന്ത്യയിലെത്തുന്നത് ഹളർമൗത്തിൽ നിന്നാണ് പൂർവ്വപിതാക്കളുടെ കുടുംബ ചരിത്രം അറിയാൻ ഉത്സാഹപൂർവ്വം ഒരു മണിക്കൂറിലേറെ സമയം അവിടെ ചെലവഴിക്കുകയുണ്ടായി സയ്യിദ് പരമ്പരയെക്കുറിച്ചുള്ള ചരിത്ര ഗ്രന്ഥങ്ങൾ നിരത്തി തെളിവ് സഹിതം അവിടത്തെ പണ്ഡിതന്മാർ തങ്ങൾക്ക് വിശദീകരിച്ചുകൊടുത്തപ്പോൾ അമൂല്യമായ അറിവ് കണ്ടെത്തിയ വിജ്ഞാനദാഹിയുടെ സംതൃപ്തിയായിരുന്നു ശിഹാബ് തങ്ങളിൽ പ്രകടമായത് (ശിഹാബ് തങ്ങൾ മാധ്യമങ്ങളിലൂടെ പേജ് :23)

പ്രിയപ്പെട്ട കുട്ടികളേ  

ഡോ. എം. കെ മുനീർ ,എം.പി വീരേന്ദ്രകുമാർ ,ഇ അഹമ്മദ് സാഹിബ് എന്നിവരുടെ ലേഖനങ്ങളുടെ പ്രസക്ത ഭാഗങ്ങൾ നിങ്ങൾ വായിച്ചുവല്ലോ ശിഹാബ് തങ്ങൾ ആരായിരുന്നുവെന്ന് മനസ്സിലാക്കാൻ അവ ധാരാളമാണ്  
ശിഹാബ് തങ്ങൾ ലോകം ചുറ്റിക്കണ്ടു ഈജിപ്ത് ,സൗദി അറേബ്യ ,യു.എ.ഇ ,ഖത്തർ,യമൻ,കുവൈത്ത്,ബഹ്റൈൻ,ഇറാൻ,മലേഷ്യ,സിംഗപ്പൂർ,മ്യാൻമർ,ഫലസ്തീൻ,മാലിദ്വീപ്,ഓസ്ട്രേലിയ,ബ്രിട്ടൺ,ഫ്രാൻസ്,ഇറ്റലി,അമേരിക്ക,കാനഡ,വത്തിക്കാൻ,എന്നീ രാജ്യങ്ങളിൽ സഞ്ചരിച്ചു 

ഒട്ടനേകം കാര്യങ്ങൾ പഠിച്ചു തന്റെ പൂർവ്വികരുടെ പാദമുദ്രകൾ തേടി ദീർഘയാത്രകൾ നടത്തി ബൽഖീസ് രാജ്ഞിയുടെ കൊട്ടര അവശിഷ്ടങ്ങളുടെ മുമ്പിൽ വരെ അദ്ദേഹമെത്തി  പൂർവ്വികരുടെ വാസസ്ഥലങ്ങൾ കാണാനും പിൻമുറക്കാരുമായി പരിചയപ്പെടാനും അദ്ദേഹം ആഗ്രഹിച്ചു തിരക്കുകൾക്കിടയിൽ അതിനൊക്കെ അദ്ദേഹം സമയം കണ്ടെത്തിയെന്നത് അതിശയം തന്നെ 

രചനകൾ

ഖലീൽ ജിബ്രാന്റെ കഥകളുടെ വിവർത്തനം

മതം ,സമൂഹം,സംസ്കാരം (ഈ ഗ്രന്ഥത്തിന്‌ എസ്.കെ.പൊറ്റക്കാട് പുരസ്കാരം ലഭിക്കുകയുണ്ടായി)

കൂടാതെ ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.     

കാലം മായ്ക്കാത്ത ഓർമ്മകൾ

മലയാള മനോരമ ചീഫ് എഡിറ്റർ കെ.എം. മാത്യൂ 'വിലപിടിപ്പുള്ള വാക്ക് എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലെ  ചില വരികൾ വായിക്കാം
 
'പ്രവാചകനായ മുഹമ്മദ് നബിയുടെ കാലഘട്ടത്തിൽ തന്നെ കേരളത്തിൽ ഇസ്ലാമിന്റെ സന്ദേശമെത്തി മാലിക് ബിൻ ദീനാറിന്റെ കേരള യാത്രയാണ് അത് സാധിതമാക്കിയതെന്ന് ചരിത്രത്തിൽ കാണുന്നു  

മൂന്ന് കോടിയോളം വരുന്ന കേരള ജനസംഖ്യയിൽ ആറിലൊന്ന് ഇന്ന്  ഇസ്ലാം മത വിശ്വാസികളാണ് അര കോടിയോളം വരുന്ന  ഈ മുസ്ലിം ജനസംഖ്യ കേരളത്തിലെ  എല്ലാ ജില്ലകളിലുമായി വ്യാപിച്ചു കിടക്കുന്നു   മലബാറിൽ മുസ്ലിം സാന്നിധ്യം ശ്രദ്ധേയമാണ് മലപ്പുറം ജില്ലയിൽ ഭൂരിപക്ഷവും മുസ്ലിംകൾ തന്നെ ഇത്രയും പറഞ്ഞത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മലപ്പുറം ചെലുത്തുന്ന സ്വാധീനം തള്ളിക്കളയാനാവുന്നതല്ലെന്ന് 
ചൂണ്ടിക്കാണിക്കാനാണ്   മലബാറിന്റെ രാഷ്ട്രീയ സംസ്കാരിക വിദ്യാഭ്യാസ വാണിജ്യ വ്യവസായ   തലസ്ഥാനമായ കോഴിക്കോട് പ്രശോഭിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു    

വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധവും  സ്വാതന്ത്ര്യ സമരത്തിൽ മലബാറുകൾ കാണിച്ച വീര്യവും ആർക്കും വിസ്മരിക്കാൻ ഒക്കുകയില്ല പറങ്കിപ്പടയുടെ ആക്രമണത്തിൽ നിന്ന് കേരളക്കരയെ രക്ഷിക്കാൻ കുഞ്ഞാലി മരക്കാർ നടത്തിയ ജീവത്യാഗ കഥ ഉൾപ്പുളകത്തോടെ മാത്രമേ ആർക്കും ഓർക്കാൻ കഴിയൂ  

ബാഫഖി തങ്ങൾക്കോ പാണക്കാട് പൂക്കോയ തങ്ങൾക്കോ സി.എച്ച് . മുഹമ്മദ് കോയക്കോ നേരിടേണ്ടിവന്നിട്ടില്ലാത്തത്ര വലിയൊരു പ്രതിസന്ധിയെ പാണക്കാട് ശിഹാബ് തങ്ങൾ  കൃതഹസ്തതയോടെ കൈകാര്യം ചെയ്തുവെന്നത് മറന്നുകൂടാ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിലൂടെ ഇന്ത്യയുടെ മതനിരപേക്ഷതക്ക്  ഏറ്റവും വലിയ വെല്ലുവിളി ഉണ്ടാവുകയും ഇന്ത്യയുടെ പല ഭാഗങ്ങളും കത്തിയെരിയുകയും ചെയ്തപ്പോൾ സമുദായത്തിന്റെ ദുഃഖത്തിൽ മനംനൊന്ത് കരഞ്ഞെങ്കിലും തീവ്രവാദത്തെ സഹ്യനിപ്പുറത്തേക്ക് കടക്കാതെ തടഞ്ഞു നിർത്തിയെന്നതാണ് ശിഹാബ് തങ്ങളുടെ ഏറ്റവും വലിയ വിജയം (മലയാള മനോരമ ,2009 ,ഓഗസ്റ്റ് 2)

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സഹോദരങ്ങളെല്ലാം സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്നവരാണ് സയ്യിദ് ഉമറലി ശിഹാബ്തങ്ങൾ , സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവരാണ് സഹോദരങ്ങൾ  
സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ നേരത്തെ മരണപ്പെട്ടു  സഹോദരിമാർ :ഖദീജ ബീവി,കുഞ്ഞിബീവി, മുല്ലബീവി  

മക്കൾ :സുഹറ, സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ ,ഫൈറൂസ് ,സമീറ ,സയ്യിദ് അഹ്മദ് മുനവ്വറലി ശിഹാബ് തങ്ങൾ 

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ യാത്രകളിൽ ചിലപ്പോൾ ഭാര്യയും മക്കളും അനുഗമിക്കാറുണ്ടായിരുന്നു  ജിവിതത്തിന്റെ അവസാന കാലത്ത് ഒരിക്കൽ ഉംറക്ക് പോയപ്പോൾ ഭാര്യയും സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കൂടെയുണ്ടായിരുന്നു ഇബാദത്തുകളിൽ മുഴുകാനാണ് അന്ന് ഏറെ താൽപര്യം കാണിച്ചത്  

ഓപ്പറേഷന് വേണ്ടി ശിഹാബ് തങ്ങളെ അമേരിക്കയിലേക്ക് കൊണ്ടുപോയി ഭാര്യ കൂടെയുണ്ടായിരുന്നില്ല ഓപ്പറേഷൻ നടന്നു വിവരം വീട്ടിലറിഞ്ഞു അന്ന് ശരീഫാ ഫാത്വിമ ബീവിക്ക് അസ്വസ്ഥത വന്നു മകനും മരുമകളും കൂടി ഉമ്മയെ ആശുപത്രിയിലേക്കു കൊണ്ടുപോയി നെഞ്ചുവേദന കൂടി വരികയായിരുന്നു മകൻ സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ മടിയിൽ കിടന്ന് ശരീഫാ  ഫാത്വിമ ബീവി അന്ത്യശ്വാസം വലിച്ചു
 
അനേകായിരങ്ങൾക്ക് ആഹാരമൂട്ടിയ ബീവിത്താത്ത മണ്ണിലേക്ക് മടങ്ങുമ്പോൾ അമേരിക്കയിൽ അതൊന്നുമറിയാതെ ശിഹാബ് തങ്ങൾ ഓപ്പറേഷൻ കഴിഞ്ഞു കിടക്കുകയാണ്  

മകൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ബാപ്പയുടെ കൂടെയുണ്ട് ഉമ്മയുടെ മരണവാർത്ത ആ മകൻ അറിയുന്നു വേദനകൾ മനസ്സിലൊതുക്കി  മരണ വിവരം ബാപ്പ അറിയാൻ പറ്റില്ല ഓപ്പറേഷൻ കഴിഞ്ഞതേയുള്ളൂ 

ഒരു മകൻ പാണക്കാട്ടും മറ്റേ മകൻ അമേരിക്കയിലും ഓപ്പറേഷൻ വിജയിച്ചു വിവരം വീട്ടിലറിയണം വീട്ടിലെ വിശേഷങ്ങളറിയണം ഫോൺ ചെയ്യാൻ മകനോട് പറയുന്നു  ആ നിമിഷങ്ങളുടെ പിരിമുറുക്കം മകൻ അതനുഭവിച്ചറിഞ്ഞു  അസുഖം മാറി ബാപ്പ നാട്ടിലേക്ക് മടങ്ങുകയാണ് ബാപ്പ ഇതുവരെയും ഉമ്മായുടെ മരണവിവരം അറിഞ്ഞിട്ടില്ല വീട്ടിലെത്തിയാൽ എങ്ങനെ അറിയിക്കും  ,ആര് പറയും ?  

വീട്ടിലെത്തി  പ്രിയപ്പെട്ടവരുടെ മുഖങ്ങൾ കണ്ടു കാണാനാശിച്ച മുഖം മാത്രം കാണാനായില്ല  

എല്ലാവരെയും കൂടെയിരുത്തി സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ ശരീഫാ ഫാത്വിമ ബീവിയുടെ മരണവാർത്ത അറിയിച്ചു   

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ആ വാക്കുകൾ കേട്ടു ക്ഷമിച്ചു നന്നായി ക്ഷമിച്ചു കടുത്ത ദുഃഖം പുറത്തറിയിക്കാതെ സഹിച്ചു  പ്രിയപ്പെട്ട അനുജൻ സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ ഏറെക്കഴിയും മുമ്പെ ഈ ലോകത്ത് നിന്ന് വിടവാങ്ങി  

ആ  വേർപാടിന്റെ വേദനയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സഹിച്ചു രോഗങ്ങളും ക്ഷീണവും ശിഹാബ് തങ്ങളെ പിന്തുടരുകയാണ് അപ്പോഴും മുറ്റം നിറയെ സന്ദർശകരാണ്  മനസ്സ് നീറുമ്പോഴും ജനങ്ങളെ നോക്കി പുഞ്ചിരി തൂകി മനസ്സിൽ വേദന നിറയുമ്പോഴും ആഗതർക്ക് ആശ്വാസം നൽകി സമുദായം പുതിയ പരീക്ഷണങ്ങൾ നേരിടുന്നു പ്രതീക്ഷിക്കാത്ത വെല്ലുവിളികൾ ഉയർന്നുവരുന്നു 

എല്ലാ പ്രതിസന്ധികളിലും ആശാകേന്ദ്രമായി ശിഹാബ് തങ്ങൾ നിലകൊണ്ടു നാനൂറിൽ പരം മഹല്ലുകളുടെ ഖാളിയാണ് ഒട്ടനേകം സ്ഥാപനങ്ങളുടെ സാരഥിയാണ് അവരെല്ലാം നൂറുകൂട്ടം പരിപാടികളുമായി കാത്തിരിക്കുകയാണ് പലപല സംരഭങ്ങളുമായി മുമ്പോട്ടു പോവാൻ തയ്യാറായി നിൽക്കുന്ന നിരവധി പേർ അവർക്കെല്ലാം തങ്ങളുടെ നിർദ്ദേശങ്ങൾ വേണം അനുഗ്രഹാശിസ്സുകൾ വേണം എല്ലാവർക്കും ശിഹാബു തങ്ങളെ വേണം  

വിഷമിക്കുന്നവർ,വേദനിക്കുന്നവർ,രോഗികൾ,പലവിധ പ്രശ്നങ്ങൾ നേരിടുന്നവർ എല്ലാവർക്കും തങ്ങളെ കാണാൻ അവസരം ലഭിക്കണം എല്ലാവരും ഊഴം കാത്തുനിൽക്കുമ്പോൾ , 2009 ആഗസ്റ്റ് ശനിയാഴ്ച രാത്രി 8:45 കഴിഞ്ഞപ്പോൾ ആ ദുഃഖ വാർത്തയറിയുന്നു  

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ  വഫാത്തായി  ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ  

ദൃശ്യമാധ്യമങ്ങൾ മിനിറ്റുകൾക്കകം വാർത്ത ലോകമെങ്ങും എത്തിച്ചു ദുഃഖസാഗരം തിരയിളകി  പിന്നെ നടന്നതെല്ലാം കൂട്ടുകാർ കണ്ടതാണല്ലോ 

നിങ്ങളുടെ നയനങ്ങൾ നിറഞ്ഞൊഴുകി നിങ്ങൾ നെടുവീർപ്പിട്ടു ആ രാത്രിയിൽ നിങ്ങൾക്കുറങ്ങാൻ കഴിഞ്ഞില്ല 

പാണക്കാട് ജുമുഅത്ത് പള്ളിയിൽ ഖബർ ഒരുങ്ങി പിറ്റേന്ന് മധ്യാഹ്നത്തിനു ശേഷം അന്ത്യയാത്ര മണ്ണിലേക്കു മടക്കം നാടു മുഴുവൻ തിങ്ങിനിറഞ്ഞ ജനാവലി സാക്ഷി മരവിച്ചു നിന്ന കടലുണ്ടിപ്പുഴ സാക്ഷി കാലം മായ്ക്കാത്ത ഓർമ്മകൾ ബാക്കിയായി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ചരിത്രത്തിന്റെ ഭാഗമായി  

പ്രിയപ്പെട്ട കൂട്ടുകാരേ നമുക്കൊന്നായി പ്രാർത്ഥിക്കാം 
 
അല്ലാഹുവേ ഞങ്ങളുടെ പ്രിയപ്പെട്ട ശിഹാബ് തങ്ങൾക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹീക്കേണമേ അമീൻ യാ റബ്ബൽ ആലമീൻ

എഴുത്തു നിർത്തി കൈ മൊബൈലിൽ ഫോണിൽ നിന്നും അല്ലെങ്കിൽ കമ്പ്യൂട്ടറിൽ നിന്നും ഉയർത്തുമ്പോൾ,ഊഴമെത്തുമ്പോൾ നമുക്കും യാത്ര പോവേണ്ടിവരും  

ഇവിടുത്തെ അന്നവും വെള്ളവും  തീർന്നാൽ പിന്നെ യാത്രയാണ് ശിഹാബ് തങ്ങളും മുൻഗാമികളും  സഞ്ചരിച്ച വഴി നാം കണ്ടു ജനസേവനം ,തസ്വവ്വുഫിന്റെ മാർഗം സ്നേഹത്തിന്റെ തെളി അതൊക്കെ നമ്മുടെ ജീവിതത്തിലും വേണം  

ശിഹാബ് തങ്ങളുടെ കഥ പറഞ്ഞു നിർത്തുമ്പോൾ ആ മഹാന്മാരുടെ പാത പിന്തുടരുന്നതിനെക്കുറിച്ചാവട്ടെ നമ്മുടെ ചിന്ത അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ   


ആലങ്കോട് ലീലാകൃഷ്ണന്റെ വാക്കുകളിൽ നിന്ന് 

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഒരു രാഷ്ട്രീയ നേതാവോ, സമുദായ നേതാവോ, ആത്മീയാചാര്യനോ മാത്രമായിരുന്നില്ല. ഒരു കാലഘട്ടത്തിലെ കേരള ജനതയെ മുഴുവന്‍ എല്ലാവിധ വിഭാഗീയതകള്‍ക്കുമതീതമായി സ്വാധീനിച്ച വിശ്വവശ്യമായ ഒരു സ്‌നേഹാനുഭവമായിരുന്നു. 

ഒരിക്കല്‍ പരിചയിക്കാനിടവന്ന ഒരാള്‍ക്കും മരണംവരെ തങ്ങള്‍ എന്ന അനുഭവം മറക്കാന്‍ കഴിഞ്ഞിരുന്നില്ല. തങ്ങള്‍ ഇടപഴകുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെക്കവിഞ്ഞ് നിരുപാധികമായ ഒരു സ്‌നേഹചൈതന്യം പ്രസരിച്ചിരുന്നു. ഒരുപക്ഷേ അത് അദ്ദേഹം പ്രതിനിധാനം ചെയ്ത സയ്യിദുമാരുടെ ആത്മീയ പാരമ്പര്യമായിരുന്നിരിക്കാം.

അന്ത്യപ്രവാചകനായ മുഹമ്മദ് നബി തിരുമേനിയുടെ സന്താനപരമ്പരയിലെ ഒരു കണ്ണിയായിട്ടാണ് സത്യവിശ്വാസികള്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കണ്ടത്. ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് അലി പൂക്കോയ തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍ എന്നിങ്ങനെ കേള്‍വിപ്പെട്ട പാണക്കാട് തങ്ങള്‍ പരമ്പരയിലാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജനനം. മൂന്നര ദശാബ്ദത്തിലേറെക്കാലം ‘പാണക്കാട് തങ്ങള്‍’ എന്ന വിശുദ്ധമായ പദവി അദ്ദേഹം പരിപാവനമായിത്തന്നെ നിലനിര്‍ത്തി.

പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ തങ്ങളെ ഒരുനോക്ക് കാണാനും തൊടാനും ഒരാത്മീയ സാന്ത്വനം നേടാനും വേണ്ടി ദിവസവും ആയിരക്കണക്കിന് മനുഷ്യര്‍ വന്നു കാത്തുനില്‍ക്കുന്നത് കണ്ടിട്ടുണ്ട്. അവര്‍ക്ക് വേണ്ടിയിരുന്നത് ജീവിത ദുഃഖങ്ങള്‍ക്കൊരു സമാധാനമായി പാണക്കാട് തങ്ങളുടെ ആത്മീയ പരിചരണമായിരുന്നു. ഒരുനാളും വാടിക്കണ്ടിട്ടില്ലാത്ത വിശുദ്ധവശ്യമായൊരു പുഞ്ചിരിയോടെ അതദ്ദേഹം ആവോളം നല്‍കി. സമൂഹത്തിലെ തര്‍ക്കങ്ങളും വിരോധങ്ങളും ഇല്ലാതാക്കാനും ആധികളും ഉത്കണ്ഠകളും ആവലാതികളും പരിഹരിക്കാനും കഴിയുന്നൊരു നീതിയുടെ ആസ്ഥാനമായി കൊടപ്പനക്കല്‍ ഭവനത്തെ ആധുനികകാലത്തും നിലനിര്‍ത്താന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് കഴിഞ്ഞു. ചെറിയ ചരിത്രസേവനമായിരുന്നില്ല അത്.

‘പാണക്കാട് തങ്ങള്‍’ എന്ന നിലയില്‍ എണ്ണമറ്റ മഹല്ലുകളുടെ ഖാസിയായും എത്രയെത്രയോ സ്ഥാപനങ്ങളുടെ മേധാവിയായും, യാതൊരാക്ഷേപത്തിനും ഇട നല്‍കാത്തവിധം മുഹമ്മദലി ശിഹാബ് തങ്ങള്‍ സമുദായ രംഗത്തും പ്രവര്‍ത്തിച്ചു. മുസ്‌ലിംലീഗിന്റെ അധ്യക്ഷന്‍ എന്ന രാഷ്ട്രീയ പദവിയിലിരുന്നപ്പോഴും തന്റെ വെളുത്ത വസ്ത്രത്തില്‍ ഒരിറ്റു കറുത്ത ചെളിപോലും തെറിച്ചുവീഴാത്തവിധത്തില്‍ ദശാബ്ദങ്ങള്‍ അദ്ദേഹം നേതൃത്വശേഷി തെളിയിച്ചു. മുസ്‌ലിം സമൂഹത്തിനു മാത്രമല്ല കേരളത്തിലെ എല്ലാവിധ ജനവിഭാഗങ്ങള്‍ക്കും ആദരണീയനായി ആയുഷ്‌കാലമത്രയും വിശ്വാസ്യമായ പൊതുജീവിതം നയിച്ചു. എല്ലാ അര്‍ത്ഥത്തിലും ഒരു മഹാവിസ്മയമായിരുന്നു ആ ജീവിതം.

കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളം കണ്ട മഹാപുരുഷന്മാരിലൊരാളായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നു നിസ്സംശയം പറയാം. അദ്ദേഹവുമായി അടുത്തിടപഴകുവാന്‍ എനിക്ക് പലപ്പോഴും അവസരം ലഭിച്ചിട്ടുണ്ട്. മിക്കവാറും മലബാറിലെ ചില മതസൗഹാര്‍ദ്ദ വേദികളിലായിരുന്നു. മുസ്‌ലിംലീഗ് മുന്‍കയ്യെടുത്ത് സംഘടിപ്പിച്ച ചില സാംസ്‌കാരിക വേദികളിലും അദ്ദേഹത്തോടൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തെപ്പോലൊരാള്‍ അത്ര ഗൗരവത്തില്‍ പരിഗണിക്കേണ്ടതില്ലാത്ത എന്നെപ്പോലുള്ള ഒരെളിയ സാംസ്‌കാരിക പ്രവര്‍ത്തകന്റെ പ്രസംഗം കേള്‍ക്കാന്‍ അദ്ദേഹം ഇരുന്നുതന്നിട്ടുള്ള സന്ദര്‍ഭങ്ങളും ഓര്‍ത്തുപോവുന്നു. എന്റെ ജീവിതത്തില്‍ കൈവന്ന ഏറ്റവും വലിയ അംഗീകാരത്തിന്റെ നിമിഷങ്ങളായി അതൊക്കെ ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു.

ഒരിക്കല്‍ മലപ്പുറത്തൊരു പരിപാടി കഴിഞ്ഞ് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിലും ഞങ്ങള്‍ക്കൊന്നിച്ച് ഒരു പരിപാടിയില്‍ സംബന്ധിക്കേണ്ടതുണ്ടായിരുന്നു. വഴിയില്‍ തങ്ങളുടെ വാഹനം മറ്റേതോ വഴിക്കു തിരിഞ്ഞുപോയി. വഴി തെറ്റിപ്പോയതാണോ എന്നു ഞാന്‍ സംശയിച്ചപ്പോള്‍ കൂടെയുള്ള സുഹൃത്ത് പറഞ്ഞു: ‘അല്ലല്ല. തങ്ങള്‍ വരും. രാവിലെ ഒരു സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് പോയപ്പോള്‍ തങ്ങള്‍ക്കെന്തോ സമ്മാനം കിട്ടിയിട്ടുണ്ട്. അത് ഏതോ യത്തീമിന്റെ കല്യാണവീട്ടില്‍ കൊടുക്കാന്‍ പോയതാണ്’. 

അതെനിക്കൊരു പുതിയ അറിവായിരുന്നു. പിന്നീട് പലരും പറഞ്ഞു. തങ്ങള്‍ക്ക് ആര് എന്തുകൊടുത്താലും ഏതെങ്കിലും അഗതിക്കോ അനാഥക്കോ അത് കിട്ടും. കാരുണ്യവും ദയയും സ്‌നേഹവും സമൂഹത്തില്‍ വിതരണം ചെയ്യുവാനുള്ള വിശ്വാസ്യതയുള്ള ഒരു മഹാമാനുഷികതയുടെ പാലമായി മാത്രമാണ് തങ്ങള്‍ പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന് ഒന്നും വേണ്ടായിരുന്നു. പണമോ, പ്രശസ്തിയോ, പദവിയോ, പുരസ്‌കാരമോ ഒന്നും. അതുതന്നെയായിരുന്നു അദ്ദേഹത്തെ തേടിയെത്തിയ എല്ലാ പദവികളുടെയും ബഹുമതികളുടെയും രഹസ്യം. സ്വയം പൂജ്യമായിത്തീരാന്‍ കഴിയുന്ന ബലവത്തായ വിനയം എവിടെയും ‘പൂജ്യ’ (ആദരണീയം) 
മായിത്തീരുമെന്നാണ് മഹാത്മജി പറഞ്ഞത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ സംബന്ധിച്ച് അത് അക്ഷരംപ്രതി അന്വര്‍ത്ഥമായിരുന്നു. അധികാരം ചോദിക്കുന്നവര്‍ക്കും ആഗ്രഹിക്കുന്നവര്‍ക്കും അധികാരം നല്‍കരുതെന്ന നബിവചനവും മുഹമ്മദലി ശിഹാബ് തങ്ങളെ സംബന്ധിച്ച് അര്‍ത്ഥവത്തായിരുന്നു. 

ഒന്നും ആഗ്രഹിക്കാത്തതു കൊണ്ടാണ് അദ്ദേഹത്തിന് എല്ലാം ലഭിച്ചത്. അതൊക്കെയും പരിപൂര്‍ണ നീതിബോധത്തോടുകൂടി എല്ലാവര്‍ക്കും പ്രയോജനപ്പെടുമാറുപയോഗപ്പെടുത്തിക്കൊണ്ട് നിഷ്‌കാമകര്‍മ്മ ജീവിതം നയിച്ച് നിസ്വനായി അദ്ദേഹം തിരിച്ചുപോയി.

വിശുദ്ധ ഖുര്‍ആന്‍ കല്‍പ്പിച്ചതുപോലെ ദൈവത്തിന്റെ ഖലീഫയായി ജീവിച്ചുതീര്‍ത്ത ഒരു മഹല്‍ മാതൃകയായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടെ ജന്മം. ഒരു മനുഷ്യന്റെ സല്‍ക്കര്‍മ്മങ്ങളും സന്തതിപരമ്പരകളും മാത്രമേ അവനുശേഷം ഭൂമുഖത്ത് ബാക്കിയാവുകയുള്ളൂ എന്ന ഇസ്‌ലാമിക വീക്ഷണത്തിന്റെ പ്രത്യക്ഷോദാഹരണമാണ് തങ്ങളുടെ ജീവിതം. ജന്മനിയോഗം പൂര്‍ത്തിയാക്കി മറഞ്ഞുപോയെങ്കിലും ആ മഹാത്മാവ് നമുക്കിടയില്‍ പ്രക്ഷേപിച്ച നന്മകളുടെ വെളിച്ചം ഇനിയും തലമുറകള്‍ക്ക് വഴി കാണിക്കും. അത്രമാത്രം ബലവത്തായിരുന്നു ആ സല്‍ക്കര്‍മ്മങ്ങള്‍.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഏറ്റവും മഹത്തായ രാഷ്ട്രസേവനം ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കാലത്ത് അദ്ദേഹം തന്റെ സമുദായത്തിന് നല്‍കിയ സംയമനത്തിന്റെയും ക്ഷമയുടെയും സഹിഷ്ണുതയുടെയും സന്ദേശമാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ ദേശീയ ദുരന്തങ്ങളിലൊന്നായിരുന്നു ബാബരി മസ്ജിദിന്റെ തകര്‍ച്ച. സഹസ്രാബ്ദങ്ങളായി നിലനിന്ന ഇന്ത്യന്‍ മതേതര മഹാ പൈതൃകത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും അത്യുന്നത ഗോപുരങ്ങളാണ് ബാബരി മസ്ജിദിന്റെ മിനാരങ്ങളോടൊപ്പം തകര്‍ന്നുവീണത്. 

അതില്‍ ഹൃദയം നൊന്തു മുറിഞ്ഞെഴുന്നേറ്റ ഒരു വലിയ സമുദായത്തിന്റെ അമര്‍ഷം ഒരുപക്ഷേ വലിയ രക്തച്ചൊരിച്ചിലുകളായും കലാപങ്ങളായും ഇന്ത്യയെയൊന്നാകെ ചുടലക്കളമാക്കി മാറ്റിയേനെ. അവിടെയാണ് ആര്‍ത്തിരമ്പിവരുന്ന സമുദ്രങ്ങളെ മഹാസ്‌നേഹം കൊണ്ട് തടയുന്ന വിശിഷ്ട സാഹോദര്യത്തിന്റെ കുലപര്‍വ്വതം പോലെ ശിഹാബ് തങ്ങള്‍ നിന്നത്. പ്രവാചകനായി അംഗീകരിക്കില്ലെന്നു ശഠിച്ച ദുഷ്ടശക്തികള്‍ക്ക് മുന്നില്‍ ‘ആമിനാബീവി മകന്‍ മുഹമ്മദ്’ എന്നെഴുതി സന്ധി ചെയ്ത അന്ത്യപ്രവാചകന്റെ വിശുദ്ധ സഹിഷ്ണുതയുടെ പാഠമാണ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആധുനിക കാലത്തിന് കാണിച്ചുതന്നത്. അതൊരു ചെറിയ മാതൃകയല്ല. അത്ര മഹാന്മാര്‍ക്കേ മനുഷ്യ സ്‌നേഹത്തില്‍ നിന്നും ദൈവവിശ്വാസത്തില്‍ നിന്നും ഇത്ര വലിയ ചരിത്ര മാതൃകകള്‍ സ്വജീവിതം കൊണ്ട് സൃഷ്ടിക്കുവാന്‍ സാധിക്കൂ.

വിശ്വാസത്തിന്റെയും മതത്തിന്റെയും പേരില്‍ ആളുകളെ വികാരം കൊള്ളിച്ചിളക്കിവിടാന്‍ ആര്‍ക്കും സാധിക്കും. പക്ഷേ, മുറിവേറ്റിളകിവരുന്ന വിശ്വാസ രോഷത്തിന്റെ കടലുകളെ ഒരു ശാന്തിദൂതനെപ്പോലെ, കാരുണ്യത്താലാര്‍ദ്രമായ കടാക്ഷം കൊണ്ട് തടഞ്ഞുനിര്‍ത്തുവാന്‍ മുഹമ്മദലി ശിഹാബ് തങ്ങളെപ്പോലുള്ള ഒരു ക്ഷമാമൂര്‍ത്തിക്കേ കഴിയൂ. അത്രമാത്രം നീതിമാനും ‘അല്‍ അമീനും’ ആയതുകൊണ്ടാണ് ഒരു സമുദായം ആ സംയമനത്തിന്റെ സന്ദേശം അനുസരിച്ചുപോയത്.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞ് എട്ടാണ്ടുകള്‍ പിന്നിട്ട ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയുടെ കലുഷമായ വര്‍ത്തമാനത്തിലേക്ക് നോക്കുമ്പോള്‍ അത്രമേല്‍ തണലും സ്‌നേഹവും തന്ന മഹാവൃക്ഷങ്ങളൊന്നും മുന്നിലില്ലല്ലോ എന്ന ശൂന്യത മനസ്സിനെ വിഹ്വലമാക്കുന്നു. എങ്കിലും, മഹാനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, അങ്ങു മറഞ്ഞാലും മറയുന്നില്ലല്ലോ അങ്ങയുടെ മുഖത്തെ ആ തൂമന്ദഹാസം. കളങ്കമറ്റ ആ നിത്യസ്‌നേഹത്തിന്റെ പുഞ്ചിരി തലമുറകള്‍ക്ക് പ്രത്യാശയും നാടിന് നന്മയും നല്‍കാതിരിക്കില്ല എന്നു സമാധാനിക്കട്ടെ!


സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ശിഹാബുദ്ദീന്‍ കുടുംബവും

അറേബ്യന്‍ രീതിയനുസരിച്ച് പ്രപിതാക്കളുടെ പേരിലാണ് കുടുംബങ്ങള്‍ അറിയപ്പെട്ടിരുന്നത്. അതേ രീതി തന്നെയാണ് പ്രവാചക കുടുംബങ്ങളുടെ നാമകരണത്തിലും പിന്തുടര്‍ന്നു വന്നത്.  നബിപരമ്പരയിലെ ഇരുപത്തിയഞ്ചാമത്തെ കണ്ണിയായ സയ്യിദ് അബ്ദുറഹ്മാന്റെ പുത്രന്‍ സയ്യിദ് അഹ്മദ് ശിഹാബുദ്ദീനില്‍ നിന്നാണ് ശിഹാബുദ്ദീന്‍(ശിഹാബ്) എന്ന കുടുംബത്തിന്റെ ഉല്‍ഭവം. ഹളര്‍മൗത്തിലെ തരീമില്‍ ഹിജ്‌റ 887 ലാണ് അദ്ദേഹത്തിന്റെ ജനനം. 

ശിഹാബുദ്ദീന്‍ അസ്ഗര്‍ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. കവിയും പണ്ഡിതനുമായിരുന്ന അദ്ദേഹത്തിന്റെ കീര്‍ത്തി നയതന്ത്രജ്ഞന്‍ എന്ന രീതിയിലാണ് കൂടുതല്‍ വ്യാപിച്ചത്. കുടുംബ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനും രമ്യമായ പരിഹാരങ്ങള്‍ കണ്ടെത്താനുമുണ്ടായിരുന്ന അേദ്ദഹത്തിന്റെ പാടവം അസാധാരണമായിരുന്നു. വര്‍ഷങ്ങളോളം പിണക്കത്തിലയിരുന്നു കുടുംബങ്ങള്‍ക്കിടയില്‍ മഞ്ഞുരുക്കം ചര്‍ച്ചകളിലൂടെ സാധ്യമാക്കിയിരുന്നു അദ്ദേഹം. സ്‌നേഹത്തിന്റെയും രഞ്ജിപ്പിന്റെയും ഇതേ പൈതൃകത്തിന്റെ തുടര്‍ച്ചയാണ് നാം പാണക്കാട്ടെ ശിഹാബ് തങ്ങന്മാരിലും കാണുന്നത്.

അദ്ദേഹത്തിന്റെ പുത്രപരമ്പരയുടെ എട്ടാം തലമുറയില്‍ പിറന്ന സയ്യിദ് ശിഹാബുദ്ദീന്‍ അലിയ്യുല്‍ ഹള്‌റമിയാണ് കേരളത്തിലെത്തിയ ശിഹാബുദ്ദീന്‍ ഖബീലയിലെ പ്രഥമ വ്യക്തി. ഹിജ്‌റ 1159 ല്‍ കോഴിക്കോട്ടാണ് അദ്ദേഹം കപ്പലിറങ്ങിയത്. കോഴിക്കോട്ടുനിന്നു കണ്ണൂരിലെ വളപട്ടണത്തേക്ക് അദ്ദേഹം നീങ്ങി. ഹിജ്‌റ 1212 ലാണ് അദ്ദേഹത്തിന്റെ ദേഹവിയോഗം.    

സയ്യിദ് ശിഹാബുദ്ദീന്‍ അലിയ്യുല്‍ ഹള്‌റമിയുടെ പൗത്രപുത്രന്‍ സയ്യിദ് മുഹ്‌ളാര്‍ ശിഹാബുദ്ദീന്‍ തങ്ങളുടെ മകനാണ് പ്രസിദ്ധനായ പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ ശിഹാബുദ്ദീന്‍. കര്‍മശാസ്ത്ര പണ്ഡിതന്‍, കവി, സ്വാതന്ത്ര്യസമര നായകന്‍ എന്നീ നിലകളില്‍ പേരുകേട്ട അദ്ദേഹമാണ് മമ്പുറം സയ്യിദ് ഫദല്‍ പൂക്കോയത്തങ്ങളെ നാടുകത്തിയതിനുശേഷം ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള മലബാറിലെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജംപകര്‍ന്നത്.  

ബ്രിട്ടീഷുകാരെ നമ്മുടെ നാട്ടില്‍ നിന്നു തുരത്തണമെന്നു നിര്‍ദേശിക്കുന്ന നിരവധി ഫത്‌വകള്‍ അദ്ദേഹം പുറപ്പെടുവിക്കുകയുണ്ടായി. ജിഹാദിനു പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി ആറ്റക്കോയതങ്ങളെ പിടികൂടി ബ്രിട്ടീഷുകാര്‍ തമിഴ്‌നാട്ടിലെ വെല്ലൂരിലേക്ക് നാടുകടത്തുകയുണ്ടായി.
സയ്യിദ് ഹുസൈന്‍ ആറ്റക്കോയതങ്ങളുടെ പൗത്രന്‍ പി.എം.എസ്.എ പൂക്കോയതങ്ങളായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടെ പിതാവ്.  കേരളത്തിലെ മത-രാഷ്ട്രീയ രംഗങ്ങളില്‍ ജ്വലിച്ചു നിന്ന പൂക്കോയ തങ്ങള്‍ പിതാവ് സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങളുടെ വിയോഗത്തെത്തുടര്‍ന്ന് പിതൃസഹോദരന്‍ സയ്യിദ് അലി പൂക്കോയത്തങ്ങളുടെ സംരക്ഷണയിലാണ് വളര്‍ന്നത്. 

അദ്ദേഹത്തോടുള്ള സ്‌നേഹാദരവുകള്‍ കാരണമാണ് തന്റെ മക്കള്‍ക്ക് പൂക്കോയതങ്ങള്‍ അലി എന്ന് ചേര്‍ത്ത് പേരു വിളിച്ചത്.
  പൂക്കോയതങ്ങള്‍ - ആഇശ ചെറുകുഞ്ഞി ബീവി ദമ്പതികളുടെ  സീമന്ത പുത്രനായി 1936 ലാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജനനം. പ്രവാചക പരമ്പരയിലെ നാല്‍പതാമത്തെ പൗത്രനാണ് അദ്ദേഹം. 1953 ല്‍ കോഴിക്കോട് എം.എം.ഹൈസ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തിരൂരിനടുത്ത തലക്കടത്തൂരും തുടര്‍ന്ന് തോഴന്നൂരിലും കാനാഞ്ചേരിയിലും ദറസ് പഠനം നടത്തി. 

കാനഞ്ചേരിയിലെ ദര്‍സ് പഠനം പൂര്‍ത്തീകരിച്ച് 1958 ലാണ് അദ്ദേഹം ഉപരിപഠനത്തിനായി ഈജിപ്തിലെ വിശ്വപ്രസിദ്ധമായ അല്‍അസ്ഹര്‍ സര്‍വകലാശാലയിലേക്ക് യാത്ര തിരിച്ചത്. 1958 മുതല്‍ 1961 വരെ അല്‍അസ്ഹര്‍ സര്‍വകലാശാലയിലും തുടര്‍ന്ന് 1966 വരെ കൈറോ സര്‍വകലാശാലയിലും അദ്ദേഹം തുടര്‍പഠനം നടത്തുകയുണ്ടായി. ഡോ.ഇസ്സുദ്ദീന്‍ ഫരീദ്, യൂസുഫ് ഖുലൈഫ്, ഡോ.ബഹി, ശൗഖി ളൈഫ് മുതലായവരായിരുന്നു തങ്ങളുടെ അധ്യാപകന്‍മാര്‍. ഈജിപ്തിലെ പഠനം പൂര്‍ത്തിയാക്കി 1966 ലാണ് അദ്ദേഹം പാണക്കാട്ട് തിരിച്ചെത്തിയത്. പിതാവ് പൂക്കോയത്തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് 1975 മുതല്‍ അദ്ദേഹം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുകയും ദേഹവിയോഗം വരെ അത് തുടര്‍ന്നു വരികയും ചെയ്തു.
തങ്ങളുടെ ഭാര്യ സയ്യിദ ശരീഫാ ഫാത്വിമയാണ്. സുഹ്‌റ ബീവി, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ഫൈറൂസ ബീവി, സമീറ ബീവി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരാണ് അദ്ദേഹത്തിന്റെ സന്താനങ്ങള്‍.

No comments:

Post a Comment