Thursday 4 June 2020

പ്രകൃതിയോടുള്ള കരുണ ഇസ്‌ലാമിക വീക്ഷണത്തിൽ



പ്രകൃതിയോടും പ്രകൃതി വിഭവ സംരക്ഷണങ്ങളോടുമുള്ള ഇസ്ലാമിന്റെ നിലപാടുകൾ ചൂഷണ വിരുദ്ധത എന്നതിലുപരി സുസ്ഥിര വികസനങ്ങളെയും ലക്ഷ്യം വെക്കുന്നതാണ്. ഖുർആനിന്റേയും ഹദീസുകളുടേയും കർമ്മശാസ്ത്ര ഗ്രന്ഥങ്ങളുടേയും വീക്ഷണങ്ങളിലൂടെ കടന്ന് പോകുമ്പോൾ പരിസ്ഥിതി സൗഹാർദ്ദ മതമാണ് ഇസ്ലാമെന്ന് കൂടുതൽ ബോധ്യമാകുന്നു.

ശറഇയ്യായ അറിവുകൾ മൂന്നായി തരം തിരിക്കപ്പെട്ടിട്ടുണ്ട്.

വിശ്വാസപരമായ കാര്യങ്ങൾ ഇൽമുൽ അഖായിദ്,
ആത്മശുദ്ധീകരണത്തെ കുറിച്ചുള്ള ചർച്ചകൾ ഇൽമുത്തസവ്വുഫ്, ബാഹ്യാവയവങ്ങളുടെ പ്രവർത്തികളെ ചർച്ച ചെയ്യുന്നതിന് ഇൽമുൽ ഫിഖ്ഹ് എന്നിവയാണവ.


സാമൂഹിക-വൈയക്തിക മേഖലകളിലെല്ലാം ഒരു വിശ്വാസി എങ്ങനെ തന്റെ ചുറ്റുപാടിനെ കൂടി ഉൾകൊള്ളുകയും പരിഗണിച്ചു ജീവിക്കുകയും ചെയ്യണമെന്ന് ഫിഖ്ഹ് വ്യക്തമാക്കുന്നുണ്ട്. ഖുർആനും ഹദീസുമാണതിന്റെ ആശയാടിത്തറ.

പ്രകൃതി

ഭൗതിക പ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി. മണ്ണ്, ജലം, വായു, മനുഷ്യൻ, മൃഗങ്ങൾ, പറവകൾ, സസ്യങ്ങൾ, ഇഴജന്തുക്കൾ തുടങ്ങി ചേതന അചേതന വസ്തുക്കളടങ്ങിയ പ്രവിശാലമായ സാകല്യമാണത്. കൃത്യമായ ഇടത്ത് കൃത്യമായ അളവിൽ അല്ലാഹു ഈ പ്രകൃതിയെ സംവിധാനിച്ചിട്ടുണ്ട്. ഇതിനെ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നത് മുസ്ലിമിന്റെ കടമയാണ്. സുസ്ഥിരവും നിസ്വാർത്ഥവുമായ പരിസ്ഥിതി സമീപനമാണ് ഇസ്ലാമിന്റേത്.


കൃഷി, ചെടി നടൽ

قال رسول الله – صلى الله عليه وسلم -: ” ما من مسلمٍ يغرسُ غرساً أو يَزْرَعُ زَرْعاً فيأكلُ منه طيرٌ أو إنسانٌ أو بهيمةٌ إلاَّ كان له به صدقة

നബി(സ) പറഞ്ഞു: “വല്ലൊരു മുസ്ലിമും ഒരു ചെടി നട്ടുപിടിപ്പിക്കുകയൊ, കൃഷി ചെയ്യുകയൊ ചെയ്തു. എന്നിട്ടതിൽ നിന്നു ഒരു പക്ഷിയൊ മനുഷ്യനൊ മൃഗമൊ തിന്നാനിടവന്നു. എന്നാൽ അതു കാരണം അവനു സ്വദഖയുടെ പ്രതിഫലം ലഭിക്കുന്നതാണ്.”

കൃഷിയുടേയും ചെടി നടുന്നതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നതാണീ തിരുമൊഴി. ഈ ഹദീസിന്റെ അടിസ്ഥാനത്തിലാണ് ചില പണ്ഡിതർ ഏറ്റവും നല്ല തൊഴിലായി കൃഷിയെ തെരഞ്ഞെടുത്തത്.ശാഫി മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം നവവി (റ) പറയുന്നു.

قال النووى: وقد اختلف العلماء فى أطيب المكاسب وأفضلها، فقيل : التجارة، وقيل الصناعة باليد، وقيل: الزراعة، وهو الصحيح_ فتح المنعم شرح صحيح مسلم (٢٦٧)

“ഏറ്റവും ഉൽകൃഷ്ടമായ തൊഴിലേതെന്ന വിഷയത്തിൽ പണ്ഡിതർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. കച്ചവടമാണെന്ന് ചിലർ, കൈതൊഴിലാണെന്ന് മറ്റു ചിലർ, ചിലർ കൃഷിയെന്നും. ഇതാണ് സ്വഹീഹായ അഭിപ്രായം.”

പടച്ചവനിൽ ഭരമേൽപിക്കൽ, അവന്റെ ഔദാര്യത്തേയും കഴിവിനേയും സ്മരിക്കൽ, മറ്റു സഹജീവികൾക്ക് ഗുണം നൽകുന്നു എന്നീ കാരണങ്ങളാലാണിതെന്ന് പണ്ഡിതർ സൂചിപ്പിക്കുന്നു.
ഒരു സ്ഥലവും, കൃഷിയോഗ്യമെങ്കിൽ വെറുതെ കിടക്കാനനുവദിക്കുന്നില്ല ഇസ്ലാം. കൃഷിയും വൃക്ഷങ്ങളും നനയ്ക്കാൻ സാധ്യമാകുന്നിടത്ത് നനക്കിതിരിക്കൽ  കറാഹത്താണ്. കാരണം, സ്വത്ത് നശിപ്പിക്കുന്ന പ്രവർത്തനം ഹറാമും അത് നശിക്കാനിട വരുന്ന വിധം പരിരക്ഷണം ഉപേക്ഷിക്കൽ കറാഹത്തുമാണ്. റൗള 6/525, തുഹ്ഫ 8/373,നിഹായ7/243.


മരം വെട്ടരുത്

അന്തരീക്ഷ താപനില ക്രമീകരിക്കുന്നതിലും പ്രകൃതിയിലെ ജൈവ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും വൃക്ഷങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. നശീകരണ പ്രവർത്തനങ്ങൾ ഇസ്ലാമിനന്യമാണ്. യുദ്ധവേളകളിൽ പോലും എതിർചേരിയുടെ ഉടമസ്ഥതയിലുള്ള പച്ചപ്പുകൾ വെട്ടിനശിപ്പിക്കരുതെന്ന് തിരുനബി(സ) അനുചരർക്ക് നിർദ്ദേശം നൽകുന്നുണ്ട്.

നിർജീവ ഭൂമിയെ സജീവമാക്കൽ

കൃഷിയൊ മറ്റു നിർമ്മാണ പ്രവർത്തനങ്ങളൊ ചെയ്യാതെ ഭൂമി വെറുതെയിടുന്നതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മനുഷ്യവാസത്തിന്റെയൊ കൃഷിയുടേയൊ മറ്റു നിർമ്മാണ പ്രവർത്തനങ്ങളുടേയൊ യാതൊരു അടയാളങ്ങളും ശേഷിക്കാതെ ആരുടേയും ഉടമസ്ഥതയിലില്ലാത്ത, തരിശ് ഭൂമിയെ ‘മവാത്’ (موات) എന്നാണ് പറയുന്നത്.

ഇത്തരം തരിശ് ഭൂമികൾ ജനങ്ങൾക്ക് പതിച്ചു നൽകി അവ ഉപയോഗപ്രദമാക്കണമെന്ന് കർമ്മശാസ്ത്രപണ്ഡിതർ പറയുന്നു.
നിർജീവമായ ഭൂമി കൈവശപ്പെടുത്തുന്നതിന് മൂന്ന് മാർഗങ്ങളാണുള്ളത്.

1 ) ഭരണാധിപൻ പതിച്ചു നൽകൽ

2 ) ഭരണാധിപൻ ഒരു പ്രത്യേക സ്ഥലം പൊതു ആവശ്യത്തിന് സുരക്ഷിത മേച്ചിൽപുറമായി നിശ്ചയിക്കൽ.

3 ) കൃഷി ചെയ്തൊ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയൊ ഭൂമി സജീവമാക്കൽ. (തുഹ്ഫ – ശർവാനി 8/3,11,12)

 هو مستحب ويحصل به الملك والاصل فيها احاديث منها حديث (ومن احيا ارضاًفهي له)-محلّي ٣/٨٧

ا الأرض التي لم تعمر قط إن كانت ببلاد الإسلام فللمسلم تملكها بالإحياء وليس هو لذمي، وإن كانت ببلاد كفار فلهم إحياؤها وكذا المسلم ان كانت ممّا لا يذبون المسلمون محلي -٣/٨٨

മൃഗങ്ങൾ, പക്ഷികൾ

പ്രകൃതിയിലെ പ്രധാന വിഭാഗങ്ങളാണ് മൃഗങ്ങളും പക്ഷികളും. മനുഷ്യർക്ക് വേണ്ടിയാണ് ഭൂമിയിലുള്ളതെല്ലാം നാഥൻ സൃഷ്ടിച്ചതെന്ന യാഥാർത്ഥ്യത്തിൽ നിന്ന് പക്ഷിമൃഗാദികളും അവന്റെ ജീവിതോപാദിക്കു വേണ്ടിയുള്ള വിഭവമാണെന്ന് ഗണിക്കാം.

കാർഷിക-യാത്ര – കാവൽ ആവശ്യങ്ങൾക്കുപയോഗിക്കുന്ന മൃഗങ്ങളെ അവ അർഹിക്കും വിധം സംരക്ഷിക്കേണ്ടതുണ്ടെന്ന് ഇസ്ലാമിക കർമശാസ്ത്ര ഗ്രന്ഥങ്ങൾ രേഖപ്പെടുത്തുന്നു. മൃഗങ്ങൾക്കാവശ്യമായ തീറ്റയും വെള്ളവും കൊടുക്കലും അവയെ സംരക്ഷിക്കലും ഉടമസ്ഥന് നിർബന്ധമാണ്. അവനത് ചെയ്തില്ലെങ്കിൽ ഉത്തരവാദപെട്ടവർ അവനെ അതിന് നിർബന്ധിക്കേണ്ടതാണ്.

എന്നിട്ടും വിസമ്മതിക്കുന്നുവെങ്കിൽ മറ്റൊരാൾക്ക് വിൽക്കുന്നതിനോ ഭക്ഷ്യയോഗ്യമെങ്കിൽ അറുക്കുന്നതിനോ നിർബന്ധിക്കേണ്ടതാണ്. ഇതെല്ലാം അസാധ്യമാകുമ്പോൾ ഗവൺമെന്റിന്റെ പൊതുഖജനാവാണ് മൃഗസംരക്ഷണ ചെലവ് വഹിക്കേണ്ടത്. പൊതുഖജനാവും വ്യവസ്ഥാപിതമല്ലെങ്കിൽ സമ്പന്നരായ ആളുകൾ അത് വഹിക്കണം. അതവരുടെ നിർബന്ധ ബാധ്യതയാണ്.(മിൻഹാജ് )

മേഞ്ഞു തിന്നാറുള്ള മൃഗമെങ്കിൽ വെള്ളവും പുല്ലുമുള്ള സ്ഥലത്തേക്ക് അതിനെ വിട്ടാൽ മതി. വരൾച്ച നിമിത്തമൊ മറ്റോ മേച്ചിൽ പര്യാപ്തമല്ലെങ്കിൽ മറ്റു വിധത്തിൽ തീറ്റ ലഭ്യമാക്കൽ നിർബന്ധമാണ്.(തുഹ്ഫ)

കോഴിപ്പോര് ,ജെല്ലിക്കെട്ട്, കാളപ്പോര് തുടങ്ങി മിണ്ടാപ്രാണികളെ ശാരീരികമായി പീഡിപ്പിക്കുന്ന ക്രൂരവിനോദങ്ങളെന്ന നിലയിൽ ഇവ നിഷിദ്ധമാണെന്ന് ഫിഖ്ഹി പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

പക്ഷിമൃഗാദികളെ കൊല്ലൽ

ഭോജ്യമൃഗങ്ങളെ അറുത്ത് തിന്നുന്നത് ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. പക്ഷെ, അറവ് ലളിതവും അനായാസകരവും ആയിരിക്കണം. ഇതിന് ഇസ്ലാം നിയമങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. മൃഗത്തിന്റെ ശ്വാസനാളവും അന്നനാളവും പരമാവധി വേഗത്തിൽ അറുത്ത് കൊണ്ടായിരിക്കണം. മരണത്തിന് വേഗം കൂടാനും വിഷമം ലഘൂകരിക്കാനും കണ്ഠ നാളികൾ കൂടി അറുക്കണം.(മിൻഹാജ് 185), തുഹ്ഫ 8/371, നിഹായ 7/242

ജീവിയെ അനാവശ്യമായി അടിച്ചു വേദനിപ്പികുകയൊ തടവിലിടുകയൊ അനിവാര്യമായ ആഹാരം നൽകാതിരിക്കുകയൊ കഴിവിലധികം ഭാരം വഹിപ്പിക്കുകയൊ ചെയ്യുന്നത് ഹറാമാണെന്ന് ശൈഖ് ഇബ്നു ഹജർ ഹൈതമി സവാജിറിൽ നബിവചനങ്ങളുടെ വെളിച്ചത്തിൽ പ്രസ്താവിക്കുന്നുണ്ട്.

ജീവികളെ പ്രധാനമായും മൂന്നായി തിരിക്കാം.

1 ) ഉപകാരമില്ലാത്തതും ഉപദ്രവമുള്ളതുമായ ഇനം

ഉദാ: സർപ്പം, തേൾ, എലി, പരുന്ത്, കടിക്കുന്ന നായ, കാക്ക, ചെന്നായ, സിംഹം, പുള്ളിപുലി, കരടി, ഗരുഡൻ, കഴുകൻ, ചെള്ള്, കടിക്കുന്ന ഉറുമ്പ്, പല്ലി, മൂട്ട, കടന്നൽ

2 ) ഉപകാരവും ഉപദ്രവവുമുള്ള ഇനം

ഉദാ: പ്രാപിടിയൻ, രാജ കിളി

3) ഉപകാരവും ഉപദ്രവവുമില്ലാത്ത ഇനം

ഉദാ: കരിവണ്ട്, കാഷ്ഠ വണ്ട്, ഞണ്ട്, ശവം കൊത്തി (സവാജീർ 1/220 )


ഖനികൾ

ഭൂഗർഭ വിഭവങ്ങൾ മനുഷ്യാധ്വാനമില്ലാതെ സ്വയം വെളിവാകുന്നതും മനുഷ്യൻ കുഴിച്ചെടുക്കുന്നതും ഉണ്ട്. എന്നാൽ അവയൊന്നും കുഴിച്ചെടുത്താൽ  അവന് ഉടമസ്ഥാവകാശമുണ്ടായിരിക്കില്ല. മറിച്ച് അത് പൊതു സ്വത്തായിരിക്കും.

المعدن الظاهرُ وَهُوَ مَا خرج بلا علاج كنفط وكبريت وقار وَمُومِيَاء وَيرَام وأخجّار رَحَى لا يملك باحياءٍ ولا يثبت  …بل هو مشترك بين النّاس  كالماء الجاري والكلإ والخطب -محلّي ٣/٩٤

والمعدن الباطن وهو مالا يخرج الّا بعلاجٍ كذهبٍ وفضّة وحديد ونحاص لا يملك باالحفر والعمل في الأظهر -محلّي ٣/٩٥

ജലം

ജലം ആരുടേയും സ്വകാര്യ സ്വത്തല്ല. ജനങ്ങൾക്കിടയിൽ തുല്യമായി പങ്കുവെക്കപ്പെടേണ്ടതാണത്. ഒരാളുടെ ജലസ്രോതസ് തടയാൻ മറ്റൊരാൾക്ക് അധികാരമില്ല. നദികൾ, അരുവികൾ, നീരുറവകൾ, തോടുകൾ തുടങ്ങിയവകളിൽ ജനങ്ങൾക്ക് തുല്യപങ്കുണ്ടെന്ന് മഹല്ലി വ്യക്തമാക്കുന്നു.

والمياه المباحة من الاودية والعيون في الجبال وسيول الامطار يستوي النّاس فيها بان يأخد كلّ منهم ما يشاء -محلّي ٣/٩٥

പ്രകൃതിയേയും അതിന്റെ വിഭവങ്ങളേയും സംരക്ഷിച്ച് വരും തലമുറക്ക് ഏൽപ്പിച്ച് കൊടുക്കുക എന്നത് ഒരു വിശ്വാസിയുടെ ബാധ്യതയാണ്. ശാഫി മദ്ഹബിലെ പരിസ്ഥിതി വിചാരങ്ങൾ ഈയൊരു ലക്ഷ്യത്തിലൂന്നിയാണ് നമ്മോട് സംവദിക്കുന്നത്.



കടപ്പാട്: ഇസ്ലാം സൈറ്റ്

No comments:

Post a Comment