Tuesday 9 June 2020

സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ


‘വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല; അല്ലാഹു അവരോട് കരുണ കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ; തീര്‍ച്ച’.(സൂറത്തുതൗബ-71).

‘സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കും’. (അല്‍ ഹുജറാത്-10)

‘കൂട്ടുകാരൊക്കെയും അന്നാളില്‍ പരസ്പരം ശത്രുക്കളായി മാറും; സൂക്ഷ്മത പാലിക്കുന്നവരൊഴികെ’ (അസ്സുഖ്റുഫ്-66)

നബി (സ) പറഞ്ഞു: ‘നിങ്ങളാരും വിശ്വസികാളുകന്നതു വരെ നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നതു വരെ നിങ്ങളാരും വിശ്വാസികളാവുകയുമില്ല. നിങ്ങള്‍ക്കിടയില്‍ പരസ്പരം സ്‌നേഹമുണ്ടാവാനുള്ള ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? നിങ്ങള്‍ പരസ്പരം സലാം വ്യാപിക്കുക’ (മുസ്‌ലിം റഹ്)

ഒരാള്‍ തന്റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കില്‍ അക്കാര്യം അവനെ അറിയിച്ചു കൊള്ളട്ടെ”(അബൂദാവൂദ്, തിര്‍മുദി റഹ് ).

സ്നേഹത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയതോടൊപ്പം സ്നേഹം വളരാനുള്ള വഴികളും പ്രവാചകന്‍ (സ്വ) നിര്‍ദേശിച്ചിട്ടുണ്ട്. ഒരു ഹദീസ് കാണുക: “അല്ലാഹുവും മനുഷ്യരും എന്നെ സ്നേഹിക്കാന്‍ പറ്റിയ ഒരു കര്‍മം എനിക്കു പഠിപ്പിച്ചു തന്നാലും.” ഒരാള്‍ നബി (സ്വ) യോട് ആവശ്യപ്പെട്ടു. നബി (സ്വ) പറഞ്ഞു : “ഐഹികാഡംബരങ്ങളെ നീയുപേക്ഷിക്കുക; എന്നാല്‍ അല്ലാഹുവിനു നിന്നോടു സ്നേഹമായിരിക്കും. ജനങ്ങളുടെ പക്കലുള്ളതു നീ മോഹിക്കാതിരിക്കുക. എന്നാല്‍ ജനങ്ങളും നിന്നെ സ്നേഹിക്കും” (ഇബ്നു മാജ റഹ് ).


ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ഒരാള്‍ തന്റെ ആദര്‍ശ സഹോദരനെ സന്ദര്‍ശിച്ചാല്‍, അല്ലാഹു തന്റെ സമീപസ്ഥരായ മലക്കുകളോട് പറയും: എന്റെ ദാസന്‍ എന്റെ പേരില്‍ ഒരാളെ സന്ദര്‍ശിച്ചിരിക്കുന്നു. അതിനാല്‍ അവനെ സല്‍ക്കരിക്കേണ്ടത് എന്റെ ബാധ്യതയാകുന്നു.

വിശ്വാസികൾ തമ്മിലുള്ള പരസ്പര ബാധ്യതകൾ ഏതൊക്കെയെന്നു കാണുക : താഴെ പറയുന്ന ഗുണങ്ങൾ ഒരിക്കലും മോശപ്പെട്ട കൂട്ടുകാരനിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല . അവനു താല്പര്യം അശ്ലീല സംസാരമോ , ദീനുമായി ബന്ധമില്ലാത്തതായ കാര്യങ്ങൾ പറയുക എന്നതിലായിരിക്കും.

1 – സലാം മടക്കുക, 2- രോഗിയെ സന്ദര്‍ശിക്കുക. 3- മയ്യിത്തിനെ പിന്തുടരുക. 4- ക്ഷണം സ്വീകരിക്കുക. 5- തുമ്മിയവനു വേണ്ടി പ്രാര്‍ഥിക്കുക. സാമൂഹിക ബന്ധം ഉറപ്പിച്ചു നിര്‍ത്താനുള്ള ഉപാധികളായി, വിശ്വാസികളുടെ ബാധ്യതയായാണ് ഇവ എണ്ണിയിരിക്കുന്നത്.


നമ്മുടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിലും ഇസ്‌ലാമിക രീതി നാം അവലംബിക്കേണ്ടതുണ്ട്.

ഒരു പഴം ചൊല്ല് നമുക്കേവർക്കും അറിയാവുന്നതാണ് : ചെങ്ങാതി നന്നായാൽ കണ്ണാടി വേണ്ട . ഈ ഒരു പഴമൊഴിയിൽ എല്ലാമുണ്ട്.

എത്ര നല്ല മനുഷ്യനാണെങ്കിലും കൂട്ടുകെട്ട് മോശമായാൽ അവനും ആ മോശത്തരത്തിലേക്ക് കൂപ്പുകുത്താം. അതെ പോലെ മോശം ജീവിത രീതി തുടർന്ന് പോകുന്ന മനുഷ്യന് അവന്റെ നല്ല കൂട്ടുകാരൻ വഴി സന്മാർഗവും സിദ്ധിച്ചേക്കാം.

തിരുനബി(സ്വ)യുടെ ഉപദേശം ഇങ്ങനെ: ‘ഏതൊരു വ്യക്തിയും തന്‍റെ കൂട്ടുകാരന്‍റെ സംസ്കാരത്തിലായിരിക്കും. അതിനാല്‍ ആരോടാണ് കൂട്ടുചേരുന്നത് എന്ന് നന്നായി ശ്രദ്ധിക്കുക.’

നബി(സ്വ) പറയുകയുണ്ടായി: സത്യവിശ്വാസി ഇണങ്ങുന്നവനും ഇണക്കപ്പെടാന്‍ കഴിയുന്നവനുമാണ്. ഇണങ്ങാനും ഇണക്കപ്പെടാനും പറ്റാത്തവനില്‍ നിന്ന് ഒരു നന്മയും വിളയില്ല (അഹ്മദ്, ത്വബ്റാനി റഹ് ).

നന്മ പകര്‍ന്ന് നല്‍കുകയും നല്ലത് മാത്രം ചിന്തിക്കുകയും ചിന്തിപ്പിക്കുകയും പാരത്രികബോധം നല്‍കുകയും ചെയ്യുന്നവനാണ് നല്ല കൂട്ടുകാരന്‍. നല്ല കൂട്ടുകാരനെ കസ്തൂരി വില്‍ക്കുന്നവനുമായാണ് പ്രവാചകന്‍ ﷺ താരതമ്യം ചെയ്തത്. അവന്റെ കൂടെ കൂടിയാല്‍ സുഗന്ധമാണ് ലഭിക്കുക. എന്നാല്‍ ചീത്ത കൂട്ടുകാരനെ നബി ﷺ താരതമ്യം ചെയ്തത് ഉലയിലൂതുന്ന കൊല്ലനോടാണ്. അയാളുടെ അടുത്തിരുന്നാല്‍ പറന്നുയരുന്ന പുകയും വെണ്ണീറും സഹിക്കേണ്ടിവരും. ചിലപ്പോള്‍ തീപ്പൊരി വീണ് വസ്ത്രത്തില്‍ ഓട്ടവീഴും. നല്ലതല്ലാത്ത ഗന്ധവും അനുഭവപ്പെടും. കസ്തൂരിവില്‍പനക്കാരനില്‍ നിന്ന് കാശ് കൊടുത്ത് വാങ്ങിയില്ലെങ്കില്‍ പോലും സുഗന്ധം ആസ്വദിക്കാന്‍ കഴിയും. 

കൂട്ടുകെട്ടുകള്‍ വളരെ പ്രാധാന്യമുള്ളതാണ്. ഒരു മനുഷ്യന്റെ നന്മയും തിന്മയും നിര്‍ണയിക്കുന്നതില്‍ അതിന് വ്യക്തമായ പങ്കുണ്ട്. കൂട്ടുകാര്‍ മുഖേന ജീവിതം നശിപ്പിച്ച നിരവധി ആളുകളെ നമുക്ക് മുമ്പില്‍ കാണാം. ചരിത്രത്തിലും അത്തരം നിരവധി സംഭവങ്ങള്‍ ഉണ്ട്. 

അതില്‍പ്രധാനമാണ് ഉഖ്ബത്തുബ്‌നുഅബീമുഐത്തിന്റെയും അഅ്ശബ്‌നു ഖൈസിന്റെയും സംഭവം. നബി (സ) യുടെ സന്നിധിയില്‍ സാധാരണ ചെല്ലാറുണ്ടായിരുന്ന ആളാണ് ഉഖ്ബത്തുബ്‌നുഅബീമുഐത്ത് . ഒരു ദിവസം അദ്ദേഹം ഖുറൈശികളെ ഒരു സല്‍ക്കാരത്തിന് ക്ഷണിച്ചു. ക്ഷണിക്കപ്പെട്ടവരില്‍ നബി (സ) യും ഉണ്ടായിരുന്നു.

അവിടുന്ന് അയാളുടെ വീട്ടില്‍ ചെന്നു. എന്നാല്‍ അയാള്‍ തന്നില്‍ വിശ്വസിക്കാത്ത സ്ഥിതിക്ക് അയാളുടെ ഭക്ഷണം കഴിക്കാന്‍ നബി (സ) ഇഷ്ടപ്പെട്ടില്ല. നീ ശഹാദത്ത് ചൊല്ലിയെങ്കിലേ ഞാന്‍ ഭക്ഷണം കഴിക്കുകയുള്ളു എന്ന് അവിടന്ന് അവനോട് പറയുകയും ചെയ്തു. വലിയൊരു സദ്യനടക്കുന്നിടത്തുനിന്ന് മഹാനും സുസമ്മതനുമായ ഒരാള്‍ ഭക്ഷണം കഴിക്കാതെ പോകുന്നത് ആതിഥേയന് അപമാനകരമാണല്ലോ. അറബികളാണെങ്കില്‍ ആതിഥ്യമര്യാദകളില്‍ വളരെ സമുന്നതാവസ്ഥയിലുള്ളവരുമാണ്. നബി (സ) ഇങ്ങനെ പറഞ്ഞപ്പോള്‍ അയാള്‍ ശഹാദത്ത് കലിമ ചൊല്ലി. ഈ വിവരം അയാളുടെ സ്‌നേഹിതനായിരുന്ന ഉബയ്യുബ്‌നുഖലഫ് അറിഞ്ഞു. അയാള്‍ ഉഖ്ബത്തിനെ ആക്ഷേപിച്ചു. ‘ഞാന്‍ മതം മാറിയതല്ല; മുഹമ്മദ് എന്റെ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ എനിക്ക് ലജ്ജതോന്നി; അതുകൊണ്ട് ഞാനങ്ങനെ ചെയ്തുവെന്നേയുള്ളു’ എന്നായിരുന്നു ഉഖ്ബത്തിന്റെ പ്രതികരണം. എന്നാല്‍ ഉബയ്യ് രോഷാകുലനായിക്കഴിഞ്ഞിരുന്നു.

തന്റെ ഉറ്റമിത്രവും ഇസ്‌ലാമിന്റെ വിരോധിയുമായിരുന്ന ഉഖ്ബ നബി (സ) യെ അംഗീകരിക്കുക എന്നത് അയാളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരുന്നു. സുഹൃത്തിന്റെ മറുപടി ശ്രവിച്ച അയാള്‍ പറഞ്ഞു: എന്നാല്‍ നീ മുഹമ്മദിന്റെ അടുത്തുചെന്ന് അവന്റെ പിരടിക്ക് ചവിട്ടുകയും മുഖത്ത് തുപ്പുകയും ചെയ്യണം; എങ്കിലേ ഞാന്‍ തൃപ്തിപ്പെടുകയുള്ളു’. ഉഖ്ബത്ത് ഇങ്ങനെ ചെയ്തു. ഇസ്‌ലാമിന്റെ സുന്ദരാദര്‍ശത്തിലേക്ക് പ്രവേശിച്ച ഉഖ്ബത്ത് സുഹൃത്തിന് വേണ്ടിയാണ് പ്രവാചകരുടെ തിരുമുഖത്ത് തുപ്പിയത്. എന്നാല്‍ ആ തുപ്പല്‍ പ്രവാചക മുഖത്ത് വീണില്ല. തിരിച്ച് ഉഖ്ബത്തിന്റെ മുഖത്ത് തന്നെ വീഴുകയായിരുന്നു. ഉഹ്ദ് പോര്‍ക്കളത്തില്‍ കൊല്ലപ്പെട്ട ഉഖ്ബത്തിന്റെ മുഖത്ത് ഉണങ്ങാതെ ആ തുപ്പല്‍ നിലകൊണ്ടതായി ചരിത്രം പറയുന്നു.

മുസ്‌ലിമാവണമെന്ന ആഗ്രഹത്തോടെ അന്ധനും കവിയുമായ അഅ്ശബ്‌നു ഖൈസ് യമാമയില്‍ നിന്നും മദീനയിലേക്കു പുറപ്പെട്ടു. പ്രവാചകകീര്‍ത്തനങ്ങള്‍ ആലപിച്ചു യാത്ര തുടര്‍ന്നു. മദീനയുടെ അതിര്‍ത്തിയിലെത്തിയപ്പോള്‍ കുറച്ചാളുകള്‍ അദ്ദേഹത്തെ സമീപിച്ചു.

യാത്രയുടെ ഉദ്ദേശ്യം ആരാഞ്ഞു. നബി(സ)യെ കണ്ടുമുട്ടി ഇസ്‌ലാം സ്വീകരിക്കാനാണു വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, അതവര്‍ക്കു ദഹിച്ചില്ല. അവര്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തി. അവര്‍ പറഞ്ഞു: ”താങ്കള്‍ക്കു നല്ലത് ഇപ്പോഴത്തെ അവസ്ഥതന്നെയാണ്. മതം മാറിയാല്‍ പഴയ പ്രതാപം ലഭിക്കില്ല.” പക്ഷേ, അഅ്ശ അതംഗീകരിച്ചില്ല, ”എനിക്കു മുഹമ്മദിന്റെ ദീന്‍ സ്വീകരിക്കണം”, അദ്ദേഹം പറഞ്ഞു. അപ്പോഴവര്‍ പരസ്പരം കൂടിയാലോചിച്ചു. എന്നിട്ടു പറഞ്ഞു: ”അദ്ദേഹം വ്യഭിചാരം നിഷിദ്ധമാക്കുന്നു.” അഅ്ശ പറഞ്ഞു: ”എനിക്കിപ്പോള്‍ വ്യഭിചാരത്തിന്റെ ആവശ്യമില്ല.” ഉടനെ അവര്‍ പറഞ്ഞു: ”അദ്ദേഹം മദ്യം നിഷിദ്ധമാക്കുന്നു.”

അഅ്ശ പറഞ്ഞു: ”ഞാന്‍ വൃദ്ധനായി, ഇനി മദ്യം എനിക്കു വേണ്ട.” അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതു കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ”അഅ്ശാ, താങ്കള്‍ ഇസ്‌ലാം സ്വീകരിക്കാതെ നാട്ടിലേക്കു തിരിച്ചുപോകുകയാണെങ്കില്‍ നൂറ് ഒട്ടകങ്ങള്‍ സമ്മാനമായി നല്‍കാം.” സമ്ബത്തിന്റെ മോഹത്തില്‍ കുടുങ്ങിയ അദ്ദേഹം പ്രഖ്യാപിച്ചു, ”എങ്കില്‍ ഞാന്‍ തിരിച്ചു പോകാം.” അവര്‍ നല്‍കിയ നൂറ് ഒട്ടകങ്ങളുമായി യാത്രതിരിച്ച അദ്ദേഹം വളരെ ആഹ്ലാദത്തോടെ ഒട്ടകങ്ങള്‍ക്കു പിന്നില്‍ നടന്നു. വീടിനു സമീപമെത്തിയപ്പോള്‍ ഒട്ടകപ്പുറത്തുനിന്നു വീണു പിരടി പൊട്ടി. അത് അദ്ദേഹത്തിന്റെ മരണത്തില്‍ കലാശിക്കുകയും ചെയ്തു. സമ്പത്തിന്റെ മോഹവലയത്തിലകപ്പെടുത്തി അഅ്ശബ്‌നു ഖൈസിന്റെ ഇഹലോകവും പരലോകവും അപകടത്തിലാകാന്‍ കാരണം ചങ്ങാതിമാര്‍ ആണ്.

വിശ്വാസിയുടെ ഓരോ ചുവടുവയ്പ്പും സക്ഷ്മതയോട് കൂടിയാകണം. അവനെ ആരും അപകടത്തില്‍പെടുത്തിക്കൂടാ.അതിനനുസരിച്ചാവണം അവന്റെ സുഹൃദ് വലയങ്ങള്‍.

ആത്മമിത്രങ്ങളായി തിരഞ്ഞെടുക്കുന്നവര്‍ക്ക് അഞ്ചു നന്മകള്‍ ഉണ്ടായിരിക്കണമെന്ന് ഇമാം ഗസ്സാലി(റ) പറയുന്നു: ‘ബുദ്ധിയും സല്‍സ്വഭാവവുമാണ് ഒന്നും രണ്ടും. തെമ്മാടിയോ പുത്തന്‍വാദിയോ ഭൗതികതയോട് അത്യാര്‍ത്തിയുള്ളവനോ ആകാതിരിക്കുകയെന്നതാണ് മറ്റുള്ള യോഗ്യതകള്‍.’

ബിദ്അത്ത് എന്നത് ആത്മീയത നശിപ്പിച്ച് മനസ്സില്‍ അഹങ്കാരവും പൊങ്ങച്ചവും സച്ചരിതരോട് അനാദരവും നിറക്കുന്ന മഹാമാരിയും പകര്‍ച്ച വ്യാധിയുമാണ്. മുബ്തദിഉകളുമായുള്ള സമ്പര്‍ക്കത്തിലൂടെ ആ മഹാരോഗം എളുപ്പത്തില്‍ നമ്മിലേക്കും പടരും. പുത്തന്‍വാദികളില്‍ വിവിധ തട്ടിലുള്ളവരുണ്ട്. പുതിയ ആശയത്തില്‍ വിശ്വസിക്കുകയും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുന്ന മുബ്തദിഉകളുമായി മതപരമായ ഒരു ബന്ധവും പാടില്ലെന്നത് ഇസ്ലാമിന്‍റെ നിലപാടാണ്. എന്നാല്‍ അറിവില്ലായ്മ മൂലം ബിദഇകളുടെ പള്ളിയില്‍ പോവുകയോ അവരുടെ ക്ലാസുകളിലും മറ്റും ചിലപ്പോഴെല്ലാം പങ്കെടുക്കുകയോ ചെയ്യുന്ന സാധാരണക്കാരെ പുത്തനാശയക്കാരനായി മുദ്രകുത്താതെ സത്യാദര്‍ശത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തണം. അതിനായി അയാളുമായി ബന്ധം സ്ഥാപിക്കുകയുമാകാം.

അതേസമയം വിശ്വാസികളെ കാഫിറും മുശ്രിക്കുമായി പ്രഖ്യാപിക്കുന്ന തീവ്രവാദികളായ ബിദ്അത്തുകാരെ പരിപൂര്‍ണമായും ബഹിഷ്കരിക്കുകയും അവരുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കുകയും വേണം. സമ്പത്തിനോടും സ്ഥാനമാനങ്ങളോടും ഭൗതികാഡംബരങ്ങളോടും അഭിനിവേശമുള്ളവരെ ആത്മമിത്രമായി സ്വീകരിക്കുന്നത് ദുരന്തമാണ്. രക്ഷപ്പെടാനാകാത്ത ചതിക്കുഴികളില്‍ ആപതിക്കലായിരിക്കും ഇതിന്‍റെ അന്ത്യഫലം.

ഖലീഫ മഅ്മൂന്‍ പറയുന്നു: സുഹൃത്തുക്കള്‍ മൂന്നു തരമുണ്ട്.

ഒന്ന് ഭക്ഷണം പോലെയുള്ള കൂട്ടുകാരാണ്. ഭക്ഷണം എന്നും ആവശ്യമുള്ളതും ദുന്‍യാവിലും പരലോകത്തും വേണ്ടപ്പെട്ടതുമാണ്. ഇതുപോലെ എല്ലാ ദിവസവും നമുക്കാവശ്യമുള്ള, ഭൗതിക ലോകത്തും പാരത്രിക ലോകത്തും ഉപകരിക്കുന്ന സുഹൃത്തുക്കള്‍ അല്ലാഹുവിനു വേണ്ടി നാം സ്നേഹിക്കുന്നവരാണ്.

മറ്റൊന്ന് മരുന്ന് പോലെയുള്ളവരാണ്. രോഗം വരുമ്പോള്‍ മാത്രമാണ് മരുന്ന് ഉപയോഗിക്കുക. അതുതന്നെ ഭക്ഷണം കഴിക്കുന്നതു പോലെ വയര്‍ നിറയെ കഴിക്കാറുമില്ല. മാത്രമല്ല, മരുന്ന് ഇഹലോകത്തു മാത്രമേ ഉപയോഗിക്കൂ. ഇത്തരത്തിലുള്ള സുഹൃത്തുക്കളും നമുക്കാവശ്യമാണ്. ജാതി മത രാഷ്ട്രീയ ഭേദമമന്യേ മനുഷ്യത്വമുള്ള എല്ലാവരുമായും സൗഹൃദം കാത്തുസൂക്ഷിക്കണം. അത് മരുന്നിന്‍റെ ഫലം ചെയ്യും. ഇത്തരം സൗഹൃദ ബന്ധങ്ങള്‍ സൂക്ഷിക്കുന്നവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ എല്ലാവരും പിന്തുണക്കും. അവരുടെ കല്യാണങ്ങളും മറ്റും ജനകീയമായി മാറും. കച്ചവടവും ബിസിനസുമൊക്കെ വളരും.

മൂന്നാമത്തെ വിഭാഗം രോഗം പോലെയുള്ളവരാണ്. രോഗം ആരും ഇഷ്ടപ്പെടാറില്ല. രോഗം വരുന്ന സാഹചര്യങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുകയാണ് പതിവ്. ഇതുപോലെ ഇത്തരം കൂട്ടുകാരുമായി സൗഹൃദത്തിനു നിന്നാല്‍ ദിവസങ്ങള്‍ക്കകം നാമറിയാതെ അവരിലെ ദുശ്ശീലങ്ങള്‍ നമ്മിലേക്കും പകര്‍ന്നിട്ടുണ്ടാകും. എന്നാല്‍ രോഗം നമ്മളാരും ഇഷ്ടപ്പെടുന്നില്ലെങ്കിലും അസുഖങ്ങള്‍ കൊണ്ട് നാം പരീക്ഷിക്കപ്പെടാറുണ്ട്. അതുപോലെ ഇത്തരം രോഗാതുരരായ കൂട്ടുകാരെ കൊണ്ടും നാം പരീക്ഷിക്കപ്പെട്ടേക്കാം. കാമ്പസിലെ സഹപാഠിയായും സഹാധ്യാപകനായും ഗള്‍ഫിലെ താമസസ്ഥലങ്ങളിലെ സഹവാസിയായുമൊക്കെ ഇവര്‍ പ്രത്യക്ഷപ്പെട്ടേക്കാം. പകര്‍ച്ച വ്യാധികള്‍ പിടിപെട്ടവരോടെന്ന പോലെ സൂക്ഷിച്ചുപെരുമാറിയില്ലെങ്കില്‍ നമ്മളും രോഗികളാകും.

ഇതില്‍ ആദ്യം പറഞ്ഞ കൂട്ടുകാരാണ് പരലോകത്ത് ഉപകാരവും പ്രതിഫലവും ലഭിക്കുന്ന, ദുന്‍യാവില്‍ ആത്മമിത്രങ്ങളായും വഴികാട്ടികളായും കൂടെയുണ്ടാകുന്ന സുഹൃത്തുക്കള്‍. അത്തരക്കാരോട് നിരവധി കടപ്പാടുകള്‍ നാം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. സമ്പത്തിലും ശരീരത്തിലും പെരുമാറ്റത്തിലുമെല്ലാം അവ പാലിക്കേണ്ടതുണ്ട്.
സൗഹൃദത്തിലെ ആത്മാര്‍ത്ഥത എളുപ്പം തിരിച്ചറിയാന്‍ സഹായിക്കുന്ന കാര്യമാണ് സമ്പത്ത്. ധനം പരസ്പരം പങ്കുവെക്കുന്നതില്‍ ഒരു മന:ക്ലേശവുമില്ലാത്തവരാണ് യഥാര്‍ത്ഥ കൂട്ടുകാര്‍. ‘രണ്ടു കൂട്ടുകാരുടെ ഉപമ രണ്ടു കൈകള്‍ പോലെയാണ്, ഓരോ കൈയും മറ്റേതിനെ കഴുകിക്കൊടുക്കുന്നു’ എന്ന തിരുനബി(സ്വ)യുടെ വചനം അതുകൂടിയാണ് സൂചിപ്പിക്കുന്നത്.

ഇവിടെ കൈയും കാലും പോലെയാണെന്ന് പറഞ്ഞില്ല. കാരണം കാലിനെ എത്രയോ കാലമായി കൈകള്‍ അങ്ങോട്ട് കഴുകിക്കൊടുക്കുന്നു. പക്ഷേ, കാല് ഇതുവരെ തിരിച്ചു കഴുകിക്കൊടുത്തിട്ടില്ല. ഇതുപോലെ സുഹൃത്തിന്‍റെ സമ്പത്ത് ധാരാളം ഉപയോഗപ്പെടുത്തുകയും തിരിച്ച് അങ്ങോട്ടൊന്നും ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നത് നല്ല കൂട്ടുകാരന്‍റെ ശൈലിയല്ല.

സുഹൃത്തുക്കളുമായി സാമ്പത്തിക കാര്യത്തില്‍ മനുഷ്യര്‍ മൂന്നു സ്വഭാവക്കാരാണ്.

ചിലര്‍ കൂട്ടുകാരുടെ എല്ലാ ചെലവുകളും താന്‍തന്നെ വഹിക്കുമെന്ന വാശിയുള്ളവരായിരിക്കും. ഇത്തരക്കാരുടെ കൂടെ ഒരു യാത്ര പോയാല്‍ യാത്രാ ചെലവും ഭക്ഷണച്ചെലവും വല്ലതും വാങ്ങിച്ചാല്‍ ആ തുകയുമെല്ലാം ഇവര്‍ തന്നെ ചാടി വീണ് നല്‍കിക്കളയും. ഇതത്ര നല്ല സ്വഭാവമല്ല. മാന്യന്മാരായ കൂട്ടുകാര്‍ പിന്നീടൊരിക്കല്‍ അദ്ദേഹത്തിന്‍റെ കൂടെ യാത്ര ചെയ്യാന്‍ മടിക്കും. മാത്രമല്ല, ഈ സ്വഭാവം എന്നും നിലനിര്‍ത്താന്‍ കഴിഞ്ഞുകൊള്ളണമെന്നുമില്ല. കൈയില്‍ കാശില്ലാതായാല്‍ പിന്നീടവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാതെ വരും.

രണ്ടാമതൊരു വിഭാഗം സ്വന്തം പണം ആര്‍ക്കു വേണ്ടിയും ചെലവഴിക്കുകയില്ലെന്നു മാത്രമല്ല, പരമാവധി തന്‍റെ ചെലവുകളെല്ലാം മറ്റുള്ളവര്‍ വഹിക്കണമെന്ന മനോഭാവക്കാരായിരിക്കും. ഇവരോടൊപ്പം യാത്ര പോയാല്‍ ബസ് കണ്ടക്ടര്‍ പിന്നിലാണെങ്കില്‍ ഇയാള്‍ മുന്നിലൂടെ കയറും, കണ്ടക്ടര്‍ മുന്നിലെങ്കില്‍ പിന്നിലൂടെയും. ടിക്കറ്റ് കൂലി കൂട്ടുകാരനെ കൊണ്ട് കൊടുപ്പിക്കാനുള്ള സൂത്രം. ഹോട്ടലില്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഇത്തരക്കാര്‍ മുന്നിലുണ്ടാകും. തീറ്റ കഴിഞ്ഞ് ഒപ്പമുള്ളവരാരെങ്കിലും ബില്ലടച്ചാലേ ഇവരുടെ മൃഷ്ടാന്നം കഴിയൂ! ഇത്തരം ചൂഷകരെ ആത്മമിത്രങ്ങളാക്കുന്നത് ബുദ്ധിയല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒറ്റ യാത്ര മതി നല്ല കൂട്ടുകാരനെ തിരിച്ചറിയാനെന്നു ചുരുക്കം.

മൂന്നാമത്തെ വിഭാഗം സാമ്പത്തിക കാര്യത്തില്‍ പരസ്പരം സഹകരിച്ചും ത്യാഗസന്നദ്ധതയോടെയും പോകുന്നവരാണ്. ബസിന്‍റെ ടിക്കറ്റ് സുഹൃത്തെടുത്താല്‍ ഹോട്ടല്‍ ബില്ല് താനടക്കും. ഇങ്ങോട്ട് വല്ലതും വാങ്ങിത്തന്നാല്‍ മറ്റൊരു സന്ദര്‍ഭത്തില്‍ അങ്ങോട്ടും വാങ്ങിക്കൊടുക്കും. ഇതാണ് തിരുനബി(സ്വ) വിശേഷിപ്പിച്ച രണ്ടു കൈകളെ പോലെ സഹകരിക്കുന്ന ഉത്തമ കൂട്ടുകാര്‍.

സൗഹൃദ ബന്ധങ്ങള്‍ യാദൃച്ഛികമായി ഉടലെടുക്കുന്നതും താല്‍പര്യപ്പെട്ട് സ്ഥാപിക്കുന്നതുമുണ്ട്. അയല്‍വാസി, സഹപാഠി, സഹയാത്രികന്‍ തുടങ്ങിയവരെല്ലാം യാദൃച്ഛികമായുണ്ടായ സുഹൃത്തുക്കളാണ്.

എന്നാല്‍ ബുദ്ധി, സൗന്ദര്യം, പെരുമാറ്റം, സര്‍ഗാഭിരുചികള്‍, മതബോധം പോലുള്ള ഗുണങ്ങളില്‍ ആകൃഷ്ടരായി ചിലരുമായി സ്ഥാപിക്കുന്ന സൗഹൃദങ്ങള്‍ മന:പൂര്‍വം ഉണ്ടാക്കിയെടുക്കുന്നതാണ്.

ഇവ രണ്ടിലും ഉള്‍പ്പെടാത്ത നിഗൂഢമായ കാരണങ്ങളാലും ചിലര്‍ അപരനുമായി സൗഹൃദം സ്ഥാപിച്ചെന്നിരിക്കും. ചിലരോട് ഒരു നിമിഷത്തില്‍ തോന്നുന്ന ആകര്‍ഷണം ആഴത്തിലുള്ള അടുപ്പം സൃഷ്ടിക്കാറുണ്ട്. അതീത മന:ശാസ്ത്രം എന്നാണിതിനെ വിശേഷിപ്പിക്കുന്നത്.

ആത്മാവുകള്‍ തമ്മിലുള്ള ഇത്തരം പൊരുത്തപ്പെടലിലൂടെ പിരിയാനാകാത്ത സൗഹൃദങ്ങളുടലെടുക്കാറുണ്ട്. തിരുനബി(സ്വ) പറഞ്ഞു: ‘ആത്മാവുകള്‍ പരസ്പര ബന്ധമുള്ള സൈന്യങ്ങളാണ്. അവയില്‍ നിന്നു പരസ്പരം പരിചയപ്പെട്ടവര്‍ ഇണങ്ങിച്ചേരുകയും അപരിചിതര്‍ പിരിഞ്ഞുപോവുകയും ചെയ്യും’ (ബുഖാരി റഹ്).

ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. തമാശ പറഞ്ഞ് സ്ത്രീകളെ ചിരിപ്പിക്കുന്ന ഒരു രസികയുണ്ടായിരുന്നു മക്കയില്‍. ഒരിക്കല്‍ അവര്‍ മദീന സന്ദര്‍ശനത്തിനെത്തി. അവിടെ ഒരു വീട്ടില്‍ അതിഥിയായി താമസിച്ചു. ഒരുനാള്‍ ആഇശ(റ)യെ സന്ദര്‍ശിക്കാന്‍ അവര്‍ നബി(സ്വ)യുടെ ഭവനത്തില്‍ വന്നു. പലതും പറഞ്ഞ് അവര്‍ ബീവിയെ രസിപ്പിച്ചുകൊണ്ടിരുന്നു. സംസാരമധ്യേ ആഇശ(റ) തിരക്കി: ‘മദീനയില്‍ ആരുടെ വീട്ടിലാണ് നിങ്ങളിപ്പോള്‍ താമസിക്കുന്നത്?’ അവര്‍ വീട്ടുകാരിയുടെ പേരു പറഞ്ഞു. അതു കേട്ടപ്പോള്‍ ബീവി അത്ഭുതപ്പെട്ടു. കാരണം മദീനയിലെ അറിയപ്പെട്ടൊരു തമാശക്കാരിയായിരുന്നു കക്ഷി. സംസാരം ഉപസംഹരിച്ചുകൊണ്ട് പ്രവാചക പത്നി പറഞ്ഞു: ‘ആത്മാവുകള്‍ പരസ്പര ബന്ധമുള്ള സൈന്യങ്ങളാണെന്ന് റസൂല്‍(സ്വ) പറഞ്ഞത് എത്ര സത്യം!’

എന്നാല്‍ ഇതൊന്നും യാദൃച്ഛികമായ ഇണക്കങ്ങളല്ലെന്നാണ് ആത്മജ്ഞാനികള്‍ പറയുന്നത്. മനശ്ശാസ്ത്രജ്ഞര്‍ക്ക് നിര്‍വചിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് അവരിതിനെ അതീത മന:ശാസ്ത്രം എന്നു വിളിച്ചത്. പരസ്പരമുള്ള സാമ്യങ്ങള്‍ ചോദിച്ചറിയാതെ തന്നെ അവരെ കൂട്ടിയിണക്കുകയാണെന്നാണ് ജ്ഞാനികളുടെ പക്ഷം.

ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. ‘ഒരു സത്യവിശ്വാസിയും നൂറു കപട വിശ്വാസികളുമുള്ളൊരു സദസ്സിലേക്ക് മറ്റൊരു സത്യവിശ്വാസി കടന്നുവന്നാല്‍ അവന്‍ ചെന്നിരിക്കുക ആ സത്യവിശ്വാസിയുടെ ചാരത്തായിരിക്കും. എന്നാല്‍ ഒരു കപട വിശ്വാസിയും നൂറു സത്യവിശ്വാസികളുമുള്ള സദസ്സിലേക്ക് ഒരു വ്യാജ വിശ്വാസി കടന്നുവന്നാല്‍ അവന്‍ ചെന്നിരിക്കുക ആ കപടന്‍റെ കൂടെയായിരിക്കും.’ ആത്മീയമായ ഒരുതരം ആകര്‍ഷണമാണിത്. അന്വേഷിച്ചും പഠിച്ചുമല്ല ഈ രണ്ടു സന്ദര്‍ഭങ്ങളിലും തനിക്കൊത്തവനെ കണ്ടുപിടിച്ചത്.

മാലിക്ബ്നു ദീനാര്‍(റ) പറയുകയുണ്ടായി: ‘ഒരാള്‍ മറ്റൊരാളോട് ഇണങ്ങുന്നുവെങ്കില്‍ ഇരുവരിലും ഒരേ തരത്തിലുള്ള ചില ഗുണങ്ങള്‍ മേളിച്ചിട്ടുണ്ടാകും.’ ഒരിക്കല്‍ കാക്കയും പ്രാവും ഒന്നിച്ചുനടക്കുന്നത് കണ്ട് മഹാന്‍ അത്ഭുതം കൂറി. ഇവര്‍ ചങ്ങാതിമാരാകാന്‍ പാടില്ലാത്തതരം പക്ഷികളാണല്ലോ എന്നു ചിന്തിച്ചുകൊണ്ടിരിക്കെയാണ് അവ രണ്ടും പറക്കാന്‍ ശ്രമിക്കുന്നത് കണ്ടത്. രണ്ടിന്‍റെയും ചിറകുകളൊടിഞ്ഞത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ മഹാന്‍ പറഞ്ഞു: ‘ഈ വൈകല്യമാണ് അവരെ സുഹൃത്തുക്കളാക്കിയത്.’

മാലിക്ബ്നു ദീനാര്‍(റ) പറയുകയുണ്ടായി: ‘ഒരാള്‍ മറ്റൊരാളോട് ഇണങ്ങുന്നുവെങ്കില്‍ ഇരുവരിലും ഒരേ തരത്തിലുള്ള ചില ഗുണങ്ങള്‍ മേളിച്ചിട്ടുണ്ടാകും.’ ഒരിക്കല്‍ കാക്കയും പ്രാവും ഒന്നിച്ചുനടക്കുന്നത് കണ്ട് മഹാന്‍ അത്ഭുതം കൂറി. ഇവര്‍ ചങ്ങാതിമാരാകാന്‍ പാടില്ലാത്തതരം പക്ഷികളാണല്ലോ എന്നു ചിന്തിച്ചുകൊണ്ടിരിക്കെയാണ് അവ രണ്ടും പറക്കാന്‍ ശ്രമിക്കുന്നത് കണ്ടത്. രണ്ടിന്‍റെയും ചിറകുകളൊടിഞ്ഞത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ മഹാന്‍ പറഞ്ഞു: ‘ഈ വൈകല്യമാണ് അവരെ സുഹൃത്തുക്കളാക്കിയത്.’

ഒരാളെ ശരിയായി മനസ്സിലാക്കാന്‍ ചിലപ്പോള്‍ അയാളെ മാത്രം നിരീക്ഷിച്ചാല്‍ സാധിക്കില്ല. കാരണം ചിലര്‍ക്ക് നന്മകള്‍ പ്രകടിപ്പിക്കാനും സ്വന്തം ന്യൂനതകള്‍ ഗോപ്യമാക്കാനും കഴിഞ്ഞെന്നിരിക്കും. അപ്പോള്‍ അയാളുടെ കൂട്ടുകാരെ നിരീക്ഷിക്കേണ്ടിവരും. അവരിലുള്ള നന്മയും തിന്മയും ഏതാണ്ടെല്ലാം സമാനമായി ഇയാളിലും പ്രതിഫലിക്കും, അതു പ്രകടമായില്ലെങ്കിലും. ഇതേ കുറിച്ചാണ് നബി(സ്വ) പറഞ്ഞത്: ‘ഏതൊരാളും സ്വന്തം കൂട്ടുകാരന്‍റെ സംസ്കാരത്തിലായിരിക്കും. അതുകൊണ്ട് ആരോടാണ് കൂട്ടുചേരുന്നതെന്ന് ശ്രദ്ധിച്ചുകൊള്ളട്ടെ’ (അബൂദാവൂദ് റഹ് ).

ഏതൊരാളുടെയും സാംസ്കാരിക നിലവാരം അളക്കാനുള്ള അവസരം കൂടിയാണ് സുഹൃത്തുക്കളിലൂടെ ലഭിക്കുന്നത്. സ്വന്തത്തെക്കുറിച്ച് വിലയിരുത്തിയാല്‍ വീഴ്ചകളും ന്യൂനതകളും കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല. അഥവാ കണ്ടെത്തിയാല്‍ അതിനു ന്യായീകരണമുണ്ടാകും. ഇവിടെ തന്‍റെ ആത്മമിത്രങ്ങളായ കൂട്ടുകാരെ നിരീക്ഷിച്ചാല്‍ വാക്കിലും പെരുമാറ്റത്തിലുമെല്ലാം നിങ്ങള്‍ക്ക് നിരവധി തെറ്റുകള്‍ കണ്ടെത്താനാകും. അതില്‍ പലതും നമ്മളിലുമുണ്ടാകും.

ചീത്ത കൂട്ടുകെട്ട് ഒഴിവാക്കാതെ മാന്യത നടിച്ചുനടന്നാലും ജനം നമ്മെ വിശ്വസിക്കുകയില്ല. സുഹൃത്തുക്കളെ നോക്കിതന്നെയാണ് മറ്റുള്ളവര്‍ നമ്മെ വിലയിരുത്തുക. അതിനാല്‍ നല്ലവരോട് കൂട്ടുചേരാന്‍ ജാഗ്രത്താവുക. മോശം കൂട്ടുകെട്ടില്‍ നിന്ന് ഉടനെ പിന്മാറുക.

ഇമാം ഗസാലി(റ). ചില മരങ്ങള്‍ക്ക് തണലുണ്ടാകും. എന്നാല്‍ ഫലമുണ്ടാകില്ല. മറ്റു ചിലതിന് ഫലങ്ങളുണ്ടാകും, തണലുണ്ടാകില്ല. വേറെ ചില മരങ്ങള്‍ക്ക് ഇവ രണ്ടുമുണ്ടാകും. മറ്റു ചില മരങ്ങള്‍ക്ക് തണലും ഫലവുമുണ്ടാകില്ല. ഇതു പോലെയാണ് സുഹൃത്തുക്കളും. ഇതില്‍ ഫലവും തണലും ഇഹലോകത്തും പരലോകത്തും ഉപകാരപ്പെടുന്നവരാണ്. തണലുണ്ട്, ഫലമില്ല എങ്കില്‍ അവര്‍ ഭൗതിക ലോകത്തേക്ക് മാത്രമുള്ള കൂട്ടുകാരാണ്. രണ്ടുമില്ലാത്തവര്‍ ശല്യക്കാരാണ്, മുള്ളു നിറഞ്ഞ മരങ്ങള്‍ പോലെ. ഉപകാരം തരില്ലെന്നു മാത്രമല്ല, ഉപദ്രവമേല്‍പിക്കുക കൂടി ചെയ്യുന്നതിനാല്‍ ഇത്തരക്കാരെ കൂട്ടുകാരാക്കി കുടുങ്ങാതിരിക്കുക.

അല്ലാഹുവിന് വേണ്ടി സ്വാര്‍ഥ താല്‍പര്യങ്ങളില്ലാതെ ഒരാളെ സ്‌നേഹിക്കുക എന്നത് ഈമാനിന്റെ മാധുര്യം ലഭിക്കാന്‍ ഉണ്ടാവേണ്ട മൂന്ന് കാര്യങ്ങളില്‍ ഒന്നാണെന്ന് പ്രവാചകന്‍ (സ) വ്യക്തമാക്കുകയുണ്ടായി അതുപോലെ, അല്ലാഹുവിന്റെ പേരില്‍ പരസ്പരം സ്‌നേഹിച്ചവര്‍ക്ക് അന്ത്യനാളില്‍ പ്രത്യേക തണല്‍ ലഭിക്കുമെന്നും, അവര്‍ക്ക് ലഭിക്കുന്ന സ്ഥാനവും പ്രതിഫലവും കണ്ട് പ്രവാചകന്‍മാരും ശുഹദാക്കളും വരെ അത് കിട്ടാന്‍ കൊതിക്കുമെന്നുമൊക്കെയുള്ള ഹദീസുകള്‍ ദൈവമാര്‍ഗത്തിലെ സാഹോദര്യത്തിന്റെയും ദൃഢമായ സൗഹൃദത്തിന്റെയും മൂല്യമാണ് വ്യക്തമാക്കുന്നത്.

നമ്മുടെ ജീവിതത്തിൽ നല്ല സഹൃത് ബന്ധങ്ങൾ വളരാനും അതുവഴി പാരത്രിക ജീവിതം വിജത്തിലാകാനും അല്ലാഹു തൗഫീക്ക് നൽകി അനുഗ്രഹിക്കട്ടെ .

No comments:

Post a Comment