Wednesday 10 June 2020

ഹജറുൽ അസ്‌വദ്


വിശ്വാസ ദാർഢ്യത്തിന്റെയും അചഞ്ചല ധീരതയുടെയും പാവന സ്മരണകൾ തുടിച്ച് നിൽക്കുന്ന വിശുദ്ധ ഭൂമിയിലേക്ക് ലബ്ബൈക്കിന്റെ മന്ത്രങ്ങൾ ഉരുവിട്ട് ഹാജിമാർ ഒഴുകുകയാണ്. ഇസ്‌ലാമിക അസ്ഥിത്വം നിലനിൽക്കുന്ന അഞ്ച് തൂണുകളിലൊന്നാണല്ലോ വിശുദ്ധ ഹജ്ജ് കർമം. ഇഹ്‌റാം കൊണ്ട് തുടങ്ങി വിദാഇന്റെ ത്വവാഫോടെ അവസാനിക്കുന്ന ബൃഹത്തായ സുകൃതം. ഇതിനെല്ലാം മൂകസാക്ഷിയായി കഅ്ബയുടെ ഒരു മൂലയിൽ ഒതുങ്ങിയിരിക്കുകയാണ് ഹജറുൽ അസ്‌വദ്.

മനുഷ്യ സ്പന്ദനങ്ങൾ ഭൂമിയിലുണ്ടായത് മുതൽ തുടങ്ങുന്നു ഹജറുൽ അസ്‌വദിന്റെ ചരിത്രം. വിശുദ്ധ ഹജ്ജ് കർമത്തിനായി ഹറമിലെത്തുന്ന വിശ്വാസി സമൂഹം ഹജറുൽ അസ്‌വദിനെ ചുംബിച്ചും സ്പർശിച്ചും ത്വവാഫ് ആരംഭിക്കുന്നു. ആദം നബി(അ) മുതൽ ഇന്നുവരെ ഈ സ്വർഗീയ കല്ലിന്റെ പവിത്രത തെല്ലും കുറഞ്ഞിട്ടില്ല. അചേതന വസ്തുവായ ഈ കല്ലിന് ഇത്രമേൽ ശ്രേഷ്ഠത കൈവരാൻ കാരണമെന്ത്?  കല്ലിൽ കൊത്തിയെടുത്ത ബിംബങ്ങളെ പൂജിക്കുന്നത് അസംബന്ധമായി കണക്കാക്കുന്ന ഇസ്‌ലാം എന്ത് കൊണ്ടാണ് ഹജറുൽ അസ്‌വദ് ചുംബിക്കുന്നതിനും അതിനെ വന്ദിക്കുന്നതിനും വലിയ പ്രാധാന്യം കൽപ്പിക്കുന്നത്? മതപ്രമാണങ്ങളിൽ അതിന് വ്യക്തമായ ഉത്തരങ്ങളുണ്ട്.


എന്താണ് ഹജറുൽ അസ്‌വദ്

ഹജറുല്‍ അസ്‌വദിന്റെ കാര്യത്തില്‍ രണ്ടു അഭിപ്രായങ്ങള്‍ കാണുന്നുണ്ട്. ഒന്ന്, അതു ആദ്യമേ ഒരു കല്ലായിരുന്നുവെന്ന്. രണ്ട്, ആദ്യം ഒരു മലക്ക് ആയിരുന്നുവെന്നും പിന്നെ ആ മലക്ക് കല്ലായി മാറിയെന്നും.

സ്വര്‍ഗത്തില്‍ വെച്ച് ആദം നബിയെ സൃഷ്ടിച്ച് ഒരു മരമൊഴിച്ച് മറ്റുള്ളതിലെല്ലാം സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തപ്പോള്‍ ഈ മരത്തില്‍ ആദം നബി(അ) അടുക്കാതിരിക്കാന്‍ അല്ലാഹു ഒരു മലക്കിനെ നിയോഗിച്ചിരുന്നു. പക്ഷേ,  ആദം നബി(അ) പഴം തിന്നുമ്പോള്‍ മലക്ക് അവിടെ ഇല്ലായിരുന്നു. ഇതിനിടയില്‍ റബ്ബിന്റെ കോപം മൂലം ഈ മലക്ക് കല്ലായി മാറുകയാണുണ്ടായത്. ഖിയാമത്ത് നാളില്‍ കൈ, നാവ്, ചെവി, കണ്ണ് എന്നിവയുള്ള ഹജറുല്‍ അസ്‌വദിനെ കൊണ്ടുവരുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. (ബഹ്ജതുല്‍ അന്‍വാര്‍)

ഭൂമിയിലെത്തിയതെങ്ങനെ?

ഹജറുൽ അസ്‌വദ് സ്വർഗത്തിൽ നിന്ന് ഇറക്കപ്പെട്ടതാണെന്ന കാര്യത്തിൽ ഭിന്നാഭിപ്രായമില്ല. എന്നാൽ ഇറങ്ങിയ സന്ദർഭം ഏതെന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ കാണാം. ‘ആദം നബി(അ) ഭൂമിയിലേക്ക് ഇറങ്ങിയ രാത്രിയിൽ തന്നെ ഹജറും ഇറങ്ങിയെന്നാണൊരു പക്ഷം. ‘ഊദ്, മൂസാനബി(അ)യുടെ വടി, ആദം നബി നഗ്നത മറച്ച അത്തിമരത്തിന്റെ ഇല, ഹജറുൽ അസ്‌വദ്, സുലൈമാൻ നബി(അ)യുടെ മോതിരം തുടങ്ങിയവ ആദം നബി(അ) ഇറങ്ങിയ രാത്രി സ്വർഗത്തിൽ നിന്ന് ഇറക്കപ്പെട്ടു’ (ഇആനത്ത്  2/288).

ചരിത്രകാരനായ വഹബുബ്‌നു മുനബ്ബഹി(റ)നെ തൊട്ട് ഉദ്ധരിക്കുന്നു: ‘ആദം നബി(അ)നോട് സ്വർഗത്തിൽ നിന്ന് പുറപ്പെടാൻ അല്ലാഹു കൽപ്പിച്ചപ്പോൾ തന്റെ കണ്ണുനീർ തുടക്കാനായി ഹജറുൽ അസ്‌വദിനെ കൂടെയെടുത്തു’. ഹദീസിൽ വന്നത് ഇപ്രകാരം: ‘ആദംനബി(അ) സ്വർഗത്തിൽ നിന്ന് ഇറങ്ങിയപ്പോൾ ഹജറുൽ അസ്‌വദ് കാണുകയും വെളുത്ത മുത്ത് പോലെ പ്രകാശം ചൊരിയുന്ന ആ കല്ലിനെ തനിക്ക് കൂട്ടിനായി എടുക്കുകയും ചെയ്തു’.

ഏകദേശം നാൽപ്പത് അടി നീളവും മുപ്പത്തിയഞ്ച് അടി വീതിയും അമ്പത്തിയാറ് അടി ഉയരവുമുള്ള കഅ്ബയുടെ നാല് മൂലകളിലൊന്നായ റുക്‌നുൽ അസ്‌വദിൽ വെള്ളിയാൽ ആവരണം ചെയ്യപ്പെട്ട രീതിയിൽ ഏഴോളം കഷ്ണങ്ങളായാണ് ഹജറുൽ അസ്‌വദ് കാണപ്പെടുന്നത്. ഇത് ഇവിടെയെത്തിയത് ഇങ്ങനെ: ഇബ്‌നു മുനബ്ബഹി(റ)ൽ നിന്ന് ഉദ്ധരണം; ‘ഭൂമിയിലെത്തിയ ശേഷം കഅ്ബ നിർമാണ വേളയിൽ സ്വർഗത്തിൽ നിന്ന് കൊണ്ടുവന്ന കല്ല് ജിബ്‌രീൽ(അ)ന്റെ നിർദേശ പ്രകാരം ആദം നബി(അ) കഅ്ബയിൽ സ്ഥാപിച്ചു.’

നൂഹ് നബി(അ)ന്റെ കാലത്തുണ്ടായ പ്രളയത്തിൽ കഅ്ബാ ശരീഫിന്റെ അടിത്തറ ബാക്കിയാക്കി മുഴുവനും അല്ലാഹു ഉയർത്തുകയുണ്ടായി. കൂട്ടത്തിൽ ഹജറുൽ അസ്‌വദും ഉയർത്തപ്പെട്ടു. കഅ്ബ പുനർനിർമാണ സമയത്ത് ഇബ്‌റാഹീം നബി(അ) ജനങ്ങൾക്ക് ത്വവാഫ് ആരംഭിക്കാനുള്ള അടയാളമായി എന്തെങ്കിലും സ്ഥാപിക്കണമെന്ന് നിനച്ചു. മകൻ ഇസ്മാഈൽ നബി(അ)നോട് അടയാളമായി ഒരു നല്ല കല്ല് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഇസ്മാഈൽ(അ) ‘പിതാവേ ക്ഷീണിച്ചുവല്ലോ’ എന്ന് മറുപടി പറഞ്ഞു. വീണ്ടും ആവശ്യപ്പെട്ടപ്പോൾ ഇസ്മാഈൽ നബി(അ) കല്ല് അന്വേഷിച്ച് പുറപ്പെട്ടു. തൽസമയം ജിബ്‌രീൽ(അ) വരികയും തിളക്കമുള്ള ഹജറുൽ അസ്‌വദ് നൽകുകയും ചെയ്തു. ഇബ്‌റാഹീം നബി(അ) അത് പ്രതിഷ്ഠിച്ചു. കല്ലുമായി ഇസ്മാഈൽ നബി(അ) തിരിച്ചു വന്നപ്പോൾ ഹജറുൽ അസ്‌വദ് കാണുകയും ഇത് എവിടെ നിന്നാണെന്ന് അന്വേഷിക്കുകയുമുണ്ടായി. നിന്നേക്കാൾ ഉന്മേഷമുള്ള ഒരാളാണ് ഇത് കൊണ്ടുവന്നതെന്നായിരുന്നു ഇബ്‌റാഹീം നബി(അ)യുടെ മറുപടി.

കഅ്ബ നിര്‍മിച്ചപ്പോള്‍ കഅ്ബയുടെ മൂലയില്‍ ഹജറുല്‍ അസ്‌വദ് വെച്ചു. നൂഹ് നബി(അ)യുടെ കാലത്തുണ്ടായ ജലപ്രളയത്തില്‍ ഭൂമി മുഴുവന്‍ വെള്ളത്തിനടിയിലായപ്പോള്‍ കഅ്ബാ ശരീഫിന്റെ അസ്ഥിവാരമൊഴിച്ച് മുഴുവനും അല്ലാഹു ഉയര്‍ത്തി. ആ അസ്ഥിവാരത്തില്‍ വെള്ളം കയറിയതുമില്ല. കൂട്ടത്തില്‍ ഹജറുല്‍ അസ്‌വദിനേയും അല്ലാഹു ഉയര്‍ത്തിയിരുന്നു.

മറ്റൊരു നിവേദനത്തിൽ, അബൂഖുബൈസ് പർവതത്തിൽ നിന്ന് ഹജറുൽ അസ്‌വദ് ഇബ്‌റാഹീം നബി(അ) കണ്ടെടുക്കുകയായിരുന്നുവെന്നാണുള്ളത്. നൂഹ് നബി(അ)ന്റെ കാലത്തെ മഹാപ്രളയത്തിൽ നിന്ന് ഹജറുൽ അസ്‌വദ് സൂക്ഷിക്കാൻ അബൂഖുബൈസ് പർവതത്തെ അല്ലാഹു നിയോഗിച്ചുവെന്നും കഅ്ബയുടെ പുനർനിർമാണ വേളയിൽ ഹജർ സ്ഥാപിക്കേണ്ട സ്ഥലമെത്തിയപ്പോൾ പർവതം, ‘ഇബ്‌റാഹീം! അല്ലാഹുവിന്റെ ഖലീൽ, താങ്കൾക്കുള്ള ഒരു സ്വത്ത് എന്റെയടുക്കൽ സൂക്ഷിച്ചിട്ടുണ്ട്. അതെടുത്തു കൊള്ളൂ’ എന്നു വിളിച്ചുപറയുകയുമുണ്ടായി എന്നും ഉദ്ധരിക്കപ്പെട്ടതായി കാണാം. ഇബ്‌റാഹീം നബി(അ) അന്വേഷിച്ച് പോവുകയും ഹജർ കണ്ടെത്തുകയും ചെയ്തു. സൂക്ഷിപ്പു മുതൽ ഭദ്രമായി സംരക്ഷിച്ചത് കൊണ്ട് അൽ അമീൻ എന്നും ഈ പർവതത്തെ വിളിക്കാറുണ്ട്.

തിരുനബി(സ്വ)യുടെ മുപ്പത്തിയഞ്ചാം വയസ്സിൽ ഖുറൈശികൾ കഅ്ബ പുനർനിർമിക്കുമ്പോൾ ഹജറുൽ അസ്‌വദ് നിശ്ചിത സ്ഥാനത്ത് ആര് വെക്കും എന്നതിൽ തർക്കം രൂപപ്പെട്ടു. അഞ്ച് ദിവസത്തോളം തർക്കം നിലനിന്നു. അവസാനം അബൂഉയ്യത്തിബ്‌നു മുഗീറയുടെ നിർദേശപ്രകാരം ഇനി കഅ്ബയിലേക്ക് ആദ്യം വരുന്നയാളുടെ അഭിപ്രായം മാനിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ ആദ്യമായി മുഹമ്മദ് നബി(സ്വ)യാണ് കടന്ന് വന്നത്. വിവരം ധരിപ്പിച്ചപ്പോൾ തന്റെ വസ്ത്രം നിലത്ത് വിരിച്ച് അതിൽ ഹജറുൽ അസ്‌വദ് വെച്ച ശേഷം നാല് ഗോത്ര പ്രമുഖരായ ഉത്ബത്തുബ്‌നു റബീഅ, സംഅ, അബൂഹുദൈഫത്തുൽ മുഗീറ, ഖൈസുബ്‌നു അദിയ്യ് എന്നിവരോട് നാല് മൂലകളിലായി പിടിക്കാൻ നിർദേശിച്ചു. അവർ കല്ല് ഉയർത്തുകയും ലക്ഷ്യ സ്ഥാനത്തെത്തിയപ്പോൾ നബി(സ്വ) തൃക്കൈകൊണ്ട് യഥാസ്ഥാനത്ത് ഉറപ്പിക്കുകയും ചെയ്തത് ചരിത്ര പ്രസിദ്ധം.

ഖുലഫാഉർറാശിദീങ്ങളുടെ ഭരണശേഷം അബ്ദുല്ലാഹിബ്‌നു സുബൈർ(റ)ന്റെ കാലത്തുണ്ടായ വെള്ളപ്പൊക്കത്തിൽ കഅ്ബക്ക് കേടുപാടുകൾ സംഭവിച്ചപ്പോൾ വിശുദ്ധ ഗേഹം പുതുക്കി പണിയുകയുണ്ടായി. ആ സമയം ഹജറുൽ അസ്‌വദ് ദാറുന്നദ്‌വയിൽ പട്ടിൽ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു. അത് കഅ്ബയിൽ പുനഃസ്ഥാപിക്കേണ്ട നേരമായപ്പോൾ തർക്കമൊഴിവാക്കാൻ വേണ്ടി മഹാനവർകൾ ഹറം പള്ളിയിൽ പ്രവേശിച്ച് നിസ്‌കരിക്കാൻ തുടങ്ങുകയും മകൻ ഹംസ(റ)വിനോടും മറ്റൊരാളോടും ഈ സമയത്ത് ഹജറുൽ അസ്‌വദ് യഥാസ്ഥാനത്തു സ്ഥാപിക്കാൻ നിർദേശം നൽകുകയും ചെയ്തു.

നിറം

ഹജറുൽ അസ്‌വദ് ആദ്യമേ കറുത്തതായിരുന്നില്ലെന്നാണ് പ്രബലം. വെളുത്ത മുത്ത് പോലെ പ്രകാശിച്ചിരുന്ന പ്രസ്തുത കല്ല് എങ്ങനെയാണ് കറുത്തത് എന്നതിലും ചരിത്രഗ്രന്ഥങ്ങളിൽ വ്യത്യസ്താഭിപ്രായങ്ങൾ കാണാം. ഇമാം തുർമുദി(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസ്: ‘ഹജറുൽ അസ്‌വദ് സ്വർഗത്തിൽ നിന്നിറക്കപ്പെട്ടതാണ്. അന്നത് പാലിനേക്കാൾ ശക്തമായ വെളുപ്പുള്ളതായിരുന്നു. മനുഷ്യരുടെ പാപങ്ങൾ അതിനെ കറുപ്പിച്ചു.’ ഇതിനെ ശക്തിപ്പെടുത്തി കൊണ്ട് ‘സ്വർഗത്തിൽ നിന്നിറക്കപ്പെട്ടപ്പോൾ ഹജറുൽ അസ്‌വദ് വെളുത്ത കല്ലായിരുന്നു. മനുഷ്യരുടെ പാപങ്ങൾ അതിനെ കറുപ്പിച്ചു’ (മുസ്‌നദ് അഹ്മദ് 1/307) എന്നും കാണാം.

ഇബ്‌നു മുനബ്ബഹി(റ) സൂചിപ്പിക്കുന്നു: ‘ആദം നബി(അ) ഭൂമിയിലേക്കിറങ്ങിയപ്പോൾ കരയുകയും പാപമോചനം തേടുകയും സ്വർഗത്തിൽ നിന്നെടുത്ത ഹജറുൽ അസ്‌വദ് കൊണ്ട് കണ്ണുനീർ തുടക്കുകയും ചെയ്തു. ഇത് തുടർന്നതിനാലാണ് നിറം മാറ്റം സംഭവിച്ചത്.’ എന്നാൽ ജാഹിലിയ്യത്തിലെ ആർത്തവകാരികൾ സ്പർശിച്ചത് കാരണമാണ് ഹജർ കറുത്തത് എന്നും റിപ്പോർട്ടുണ്ട് (അശ്ശാഫ്).

കറുപ്പ് വർധിക്കാൻ കാരണമായ മറ്റ് രണ്ട് കാരണങ്ങൾ പറയുന്നതിതാണ്:  മക്കാ ഖുറൈശികളുടെ കാലത്തെ തീ പിടുത്തവും പിന്നീട് അബ്ദുല്ലാഹിബ്‌നു സുബൈർ(റ)വിന്റെ കാലത്തുണ്ടായ തീ പിടുത്തവുമാണത് (സീറത്തുൽ ഹലബി 1/128).

മോഷണശ്രമം

ഹിജ്‌റ 270-ൽ അബൂസഈദിന്റെ നേതൃത്വത്തിൽ കൂഫയിൽ രൂപം കൊണ്ട ശീഇകളിലെ ഖറാമിത്വ വിഭാഗം ഹജറുൽ അസ്‌വദ് മോഷ്ടിച്ച് കൊണ്ടുപോവുകയുണ്ടായി. ഇസ്‌ലാമിക നിയമങ്ങൾക്ക് നിരക്കാത്ത വാദങ്ങളാണ് ഇവർ ഉന്നയിച്ചിരുന്നത്. മദ്യ സേവക്ക് കുഴപ്പമില്ല, ജനാബത്ത് കുളി നിർവഹിക്കേണ്ടതില്ല, ഹജ്ജ് ബൈത്തുൽ മുഖദ്ദസിലാണ്, പേർഷ്യൻ കലണ്ടർ അടിസ്ഥാനപ്പെടുത്തിയുള്ള നൈറൂസ്-മഹർജാൻ ദിവസങ്ങളിൽ മാത്രമേ നോമ്പ് അനുഷ്ഠിക്കേണ്ടതുള്ളൂ… ഇങ്ങനെ പോകുന്നു ഇവരുടെ പൊള്ള വാദങ്ങൾ. ഇവർക്കെതിരെ അബ്ബാസി ഭരണകൂടത്തിലെ പതിനാറാം ഖലീഫ അൽമുഖ്തദിറു ബില്ലാഹ് പട നയിക്കുകയുണ്ടായി.

അങ്ങനെ ഹജറുൽ അസ്‌വദ് തിരിച്ചെടുത്തു. പിന്നീട് ഹജ്ജ് വേളയിൽ മക്കയിലെത്തിയ മുഖ്തദിറിനെയും സംഘത്തെയും അബൂസഈദിന്റെ പുത്രൻ അബൂത്വാഹിർ ആക്രമിച്ചു. വിശുദ്ധ ഹറമിൽ വെച്ച് ഹാജിമാരെ ക്രൂരമായി കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരെ സംസം കിണറ്റിലിട്ടു. ഹജറുൽ അസ്‌വദ് ‘പൊട്ടിച്ച്’ കൊണ്ടുപോയി. പിന്നീട് ഇരുപത് വർഷക്കാലം ഹജർ ഇവരുടെ കൈകളിലായിരുന്നു. അബ്ബാസി ഭരണകൂടത്തിലെ ഇരുപത്തിനാലാം ഖലീഫ അൽ മുതീഅ് ആണ് അവരിൽ നിന്നും ഹജർ തിരിച്ചെടുക്കുന്നത്. ശേഷം, ഉരുക്കിയ 3790 ദിർഹം വെള്ളിയിൽ പൊതിഞ്ഞ് കഅ്ബയിൽ സൂക്ഷിച്ചു.

ഹിജ്‌റ 413-ലും ഹജർ മോഷ്ടിച്ച് കൊണ്ടുപോയതായി ചരിത്രങ്ങളിലുണ്ട്. അത് മൂന്ന് കഷ്ണങ്ങളായി പിളർന്നു. ശേഷം ബനൂ ശൈബയാണ് ഇവ ഒരുമിച്ച് കൂട്ടി കഅ്ബയിൽ സ്ഥാപിച്ചത്.

പവിത്രത

അനവധി മഹത്ത്വങ്ങൾ ഹജറുൽ അസ്‌വദിൽ അടങ്ങിയിട്ടുണ്ട്. ഹജറുൽ അസ്‌വദ് ‘സ്വർഗത്തിലെ മാണിക്ക്യ’മെന്നാണ് അറിയപ്പെടുന്നത് (കൻസുൽ ഉമ്മാൽ-12/340).

തിരുനബി(സ്വ) പറഞ്ഞു: ‘ഹജറും റുക്‌നുൽ യമാനിയും സ്വർഗീയ മാണിക്യങ്ങളിൽപ്പെട്ട രണ്ട് മാണിക്യങ്ങളാണ്. അവ രണ്ടിന്റെയും പ്രകാശം കെടുത്തിക്കളഞ്ഞതാണ്. അല്ലായിരുന്നുവെങ്കിൽ കിഴക്ക്-പടിഞ്ഞാറിനിടയിലുള്ളത് മുഴുവൻ പ്രകാശിക്കുമായിരുന്നു (അഹ്മദ്, തുർമുദി, ഇബ്‌നുഹിബ്ബാൻ).

ഹജറുല്‍ അസ്‌വദ് ചുംബിക്കല്‍ സുന്നത്താണ്. അതിനു സാധിച്ചില്ലെങ്കില്‍ കൈക്കൊണ്ടു തൊട്ടു ആ കൈ ചുംബിക്കണം. അതിനും കഴിഞ്ഞില്ലെങ്കില്‍ കൈ കൊണ്ടു ആഗ്യം കാണിച്ചു കൈ മുത്തണം. (തുഹ്ഫ 4/85)

ഹജറുൽ അസ്‌വദ് ചുംബിച്ചവന്റെ രോഗം ശിഫയാകുമെന്ന് നബി(സ്വ)യിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ‘സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്കിറക്കിയ രണ്ട് വസ്തുക്കളാണ് ഹജറുൽ അസ്‌വദും മഖാമും. രണ്ട് മുത്തുകളാണവ. ഇവ ഏത് രോഗി സ്പർശിച്ചാലും രോഗം അല്ലാഹു സുഖപ്പെടുത്തുന്നതാണ്.’

നബി(സ്വ) നിരവധി തവണ ഹജറിനെ ചുംബിച്ചതായി തെളിവുണ്ട് (ബുഖാരി/ഹജ്ജ്-60). പ്രവാചകർ(സ്വ) പറഞ്ഞു: ഹജറുൽ അസ്‌വദിനെ ശരിയായ ആദർശത്തോടെ ചുംബിച്ചവർക്ക് പരലോകത്ത് അത് അനുകൂലമായി സാക്ഷ്യം വഹിക്കും (തുർമുദി/ഹജ്ജ്-113).

നബി(സ) പറഞ്ഞു: ഹജറുല്‍ അസ്‌വദിനെ നിങ്ങള്‍ ധാരാളം മുത്തുക. അതു നിങ്ങള്‍ക്കില്ലാതാക്കപ്പെട്ടേക്കാം. ഒരു രാത്രിയില്‍ ജനങ്ങള്‍ ത്വവാഫ് ചെയ്യുന്നതിനിടയില്‍ പ്രഭാതമാകുമ്പോഴേക്കും അതു ഇല്ലാതാക്കപ്പെടും. സ്വര്‍ഗത്തില്‍നിന്നു ഭൂമിയിലേക്കിറക്കിയ ഏതു വസ്തുവും അന്ത്യനാളിനു മുമ്പ് അല്ലാഹു സ്വര്‍ഗത്തിലേക്കു മടക്കുന്നതാണ്.

ഇമാം ജഅ്ഫർ സ്വാദിഖ്(റ)വിൽ നിന്ന് ഉദ്ധരണം. മനുഷ്യരെ സൃഷ്ടിച്ച് അല്ലാഹു ചോദിച്ചു: ‘ഞാൻ നിങ്ങളുടെ രക്ഷിതാവല്ലയോ?’ അവർ പറഞ്ഞു: ‘അതേ!’ അവരുടെ സമ്മതം ഖലം രേഖപ്പെടുത്തി. തുടർന്ന് ഇത് ഹജറുൽ അസ്‌വദിനകത്ത് നിക്ഷേപിച്ചു.

മഹാനവർകളുടെ മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം: ഹജർ തൊട്ടുമുത്തുമ്പോൾ എന്റെ പിതാവ് അലി(റ) പറയാറുണ്ടായിരുന്നു; അല്ലാഹുവേ എന്റെ അമാനത്ത് ഞാൻ വീട്ടിയിരിക്കുന്നു. നിന്റെയടുക്കൽ ഈ ഹജർ എനിക്ക് സാക്ഷിയാകാൻ വേണ്ടി.’

ഒരു ദിവസം മത്വാഫിൽ പ്രവേശിച്ച ഉമർ(റ) ഹജറുൽ അസ്‌വദിന്റെ അടുക്കൽ നിന്ന് ഇങ്ങനെ പറഞ്ഞു: ‘അല്ലാഹുവിനെ തന്നെ സത്യം. നിശ്ചയം എനിക്കറിയാം, നീ ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത കല്ലാണെന്ന്. നബി(സ്വ) ചുംബിക്കുന്നത് കണ്ടില്ലായിരുന്നുവെങ്കിൽ നിന്നെ ഞാൻ ചുംബിക്കില്ലായിരുന്നു.’ ഇത് കേട്ട അലി(റ) പറഞ്ഞു: ‘അമീറുൽ മുഅ്മിനീൻ! അങ്ങിതു പറയരുത്. ഈ കല്ല് ഉപകാരവും ഉപദ്രവവും ചെയ്യും.’ ഉമർ(റ) ചോദിച്ചു: ‘എങ്ങനെ?’ അപ്പോൾ അലി(റ)വിന്റെ മറുപടി: ‘അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തിലുണ്ട്.’ വീണ്ടും ഉമർ(റ) ചോദിച്ചു: ‘ഖുർആനിൽ എവിടെയാണെന്ന് പറഞ്ഞ് തരൂ.’ അലി(റ) പറഞ്ഞു: ‘താങ്കളുടെ രക്ഷിതാവ് ആദം സന്തതികളിൽ നിന്ന് ആദമിന്റെ മുതുകിൽ വെച്ച് ഒരു കരാർ വാങ്ങുകയും തങ്ങളുടെ കരാറിന് സ്വന്തം ശരീരങ്ങളെ സാക്ഷിയാക്കുകയും ചെയ്ത സന്ദർഭം നബിയേ അങ്ങ് സ്മരിക്കുക (അൽഅഅ്‌റാഫ് 172) എന്ന് അല്ലാഹു പറഞ്ഞില്ലേ.

ശേഷം ഈ കരാർ ഒരു കടലാസിൽ രേഖപ്പെടുത്തി. ഹജറുൽ അസ്‌വദിന് അന്ന് നാവും രണ്ട് കണ്ണുകളും ഉണ്ടായിരുന്നു. അല്ലാഹുവിന്റെ കൽപ്പന പ്രകാരം ഈ ഉടമ്പടി ഹജറുൽ അസ്‌വദ് വിഴുങ്ങി. പ്രസ്തുത കരാർ പൂർത്തിയാക്കിയവന് ഖിയാമത്ത് നാളിൽ സാക്ഷിനിൽക്കണമെന്ന് കൂടി ഹജറുൽ അസ്‌വദിനോട് അല്ലാഹു കൽപ്പിച്ചിട്ടുണ്ട്. ഇത് കേട്ട ഉമർ(റ) പറഞ്ഞു: ‘അബുൽ ഹസൻ, താങ്കളില്ലാത്ത ഒരു സമൂഹത്തിൽ ജീവിക്കുന്നതിനെ തൊട്ട് ഞാൻ അല്ലാഹുവിനോട് കാവലിനെ തേടുന്നു’ (ഇഹ്‌യ 1/249, സീറത്തുൽ ഹലബി 1/230).

ഇത്തരം നിരവധി മഹത്ത്വങ്ങൾ ഹജറുൽ അസ്‌വദിൽ നിക്ഷിപ്തമായതായി കാണാം. ഹജർ ചുംബിക്കുന്നതിന്റെ ശ്രേഷ്ഠത വ്യക്തമാക്കുന്നതാണ് ഇവയെല്ലാം. നേരിട്ട് ചുംബിക്കാനായില്ലെങ്കിൽ വടികൊണ്ട് തൊട്ടെങ്കിലും ബറകത്തെടുക്കണമെന്നും (മുസ്‌ലിം/ഹജ്ജ്-42) ‘ഹജറുൽ അസ്‌വദിലേക്ക് ചൂണ്ടിയ കൈ മൂന്ന് തവണ ചുംബിക്കൽ സുന്നത്താണെന്നും (സ്വഹീഹു മുസ്‌ലിം/ഹജ്ജ്-40) തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഹജർ ചുംബിക്കുന്നതിലൂടെ കരാർ പൂർത്തീകരണമാണ് അവന് ലഭ്യമാവുന്നത്. അതിനാൽ മുത്തുന്ന സമയത്ത് ‘അല്ലാഹുവേ, നിന്നെ വിശ്വസിച്ചും കരാർ പൂർത്തിയാക്കിയും ഞാനിതിനെ ചുംബിക്കുന്നു’ എന്ന് പറയേണ്ടതുണ്ട്.

ഹജറുൽ അസ്‌വദിന്റെ സ്ഥാനം ചെറുതല്ല എന്നാണ് ഇതെല്ലാം തെര്യപ്പെടുത്തുന്നത്. ഇക്കാലം വരെ എത്രയെത്ര വിശ്വാസികളാണ് അത് ചുംബിച്ച് സായൂജ്യമടഞ്ഞത്. ഇസ്‌ലാമിൽ പരിശുദ്ധമായിക്കാണുന്ന പലതും ഖിയാമത്ത് നാളിന് മുമ്പ് ഉയർത്തപ്പെടുമെന്ന് നബി(സ്വ) ഓർമപ്പെടുത്തിയിട്ടുണ്ട്. സ്വർഗത്തിൽ നിന്നും ഭൂമിയിലെത്തിയവ ഈ ഗണത്തിൽ പെടും.

അവിടുന്ന് പറഞ്ഞു: ‘ഹജറുൽ അസ്‌വദിനെ നിങ്ങൾ ധാരാളമായി ചുംബിക്കുക. അത് നിങ്ങൾക്ക് ഇല്ലാതാക്കപ്പെട്ടേക്കാം. ഒരു രാത്രിയിൽ ജനങ്ങൾ ത്വവാഫ് ചെയ്യുന്നതിനിടയിൽ പ്രഭാതമാകുമ്പോഴേക്കും അതില്ലാതാകും. സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്കെത്തിയ ഏത് വസ്തുവും ഖിയാമത്ത് നാളിന് മുമ്പ് അല്ലാഹു സ്വർഗത്തിലേക്ക് തന്നെ മടക്കുന്നതാണ്.’ അതിനാൽ വിശുദ്ധ ഹജറിന്റെ പവിത്രതയുൾക്കൊള്ളാനും അതിനെ ബഹുമാനിക്കാനും വിശ്വാസികൾ സന്നദ്ധരാവണം. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം അതിനായി തിക്കും തിരക്കും കൂടുന്നത് മര്യാദയല്ലെന്നു മറക്കാതിരിക്കുക. ഹജ്ജ് സമയത്തും മറ്റും ഇത്തരം കാഴ്ചകൾ കാണാറുണ്ട്. വൃദ്ധരും രോഗികളുമടക്കമുള്ളവർക്ക് ഇത് ആപത്താകുമെന്ന് പറയേണ്ടതില്ലല്ലോ.

ചില ആരോപണങ്ങൾ 

മുശ്‌രികുകളോട് ആഭിമുഖ്യം പുലര്‍ത്താനും അവരെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കാനും വേണ്ടി നബി(സ) ശിര്‍ക്കിന്റെ ചില അനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുകയാണ് ഹജറുല്‍ അസ്‌വദിലൂടെ ചെയ്തതെന്ന് ഒരു ആരോപണമുണ്ട്. എന്നാല്‍ ആ ശില ശിര്‍കിന്റെ അടയാളത്തില്‍ പെട്ടതല്ല. അത് ദൈവമല്ല. അവിശ്വാസികള്‍ സ്ഥാപിച്ചതുമല്ല, അതൊരു മൂര്‍ത്തിയുടെ പ്രതീകവുമല്ല. ഏകദൈവ വിശ്വാസികളുടെ നേതാവായ ഇബ്‌റാഹീമാണത് സ്ഥാപിച്ചത്. കഅ്ബയില്‍ അത് ത്വവഫിനുള്ള അടയാളം കൂടിയാണ്. ഈ ശിലയാണ് ത്വവഫുചെയ്യുന്നവര്‍ക്ക് ആശയക്കുഴപ്പമില്ലാതെ അവരുടെ കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്നത്. ഇക്കാരണത്താല്‍ ഇത് അല്ലാഹുവിന്റെ ചിഹ്നത്തില്‍ ഒന്നായിത്തീര്‍ന്നു. അതിനാല്‍ കഅ്ബയെപോലെ ഹജറുല്‍ അസ്‌വദും ആദരിക്കപ്പെട്ടു. കഅ്ബ കല്ലുകൊണ്ടാണ് നിര്‍മിക്കപ്പെട്ടതെങ്കിലും അതിന്റെ അടിസ്ഥാന തത്വം ഇബാദത്താണ്. ഏറ്റക്കുറച്ചിലില്ലാതെ നിയമദാതാവിന്റെ വിധിവിലക്കുകളെ അഗീകരിക്കലും അനുഷ്ഠിക്കലുമാണതിന്റെ രീതി. ഇക്കാരണത്താല്‍ പൂര്‍വികരും പിന്‍മുറക്കാരും കഅ്ബയെ എല്ലാഭാഗത്തും മുത്തിയിട്ടില്ല.

ഇസ്‌ലാമിന്റെ ചിഹ്നങ്ങളായ ഖുര്‍ആന്‍ പോലുള്ളവയെ മുത്തുന്നതും ആരാധനയോട് സമമാണെന്ന് വാദിക്കുന്നവരെ കാണാം. എന്നാല്‍ ആരാധനയല്ലാതെ മതചിഹ്നങ്ങളെ ബഹുമാനിക്കാനും ആദരിക്കാനും അവയെ ചുംബിക്കുന്ന പതിവ് എല്ലാ സമുദായങ്ങളിലും കാണാം. അതാരും നിഷേധിക്കുന്നില്ല. ഇതില്‍ യൂറോപ്യന്മാരാണ് മുമ്പില്‍. അവര്‍ അവരുടെ രാജാക്കന്മാരുടെയും പുരോഹിതന്മാരുടെയും സ്മാരകങ്ങള്‍ കെട്ടിപ്പൊക്കുകയും അവക്ക് നല്ല വര്‍ണ്ണങ്ങളും അലങ്കാരങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ട്. അവയിലൊന്നിനെയും അവര്‍ ആരാധിക്കുന്നില്ല. പിന്നീട് എന്തുകൊണ്ട് നാം ദുരുദ്ദേശ്യക്കാരുടെ വാദങ്ങളെ ഭയപ്പെടുന്നു. മതപരവും ചരിത്രപരവുമായ അടിസ്ഥാനങ്ങളോടെയാണ് ഹജറുല്‍ അസ്‌വദ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. മുസ്‌ലിംജൂതക്രിസ്ത്യന്‍ മതവിശ്വാസികളെല്ലാം ഒരുപോലെ ബഹുമാനിക്കുന്ന ആദരിക്കുന്ന ഖലീലുല്ലാഹി ഇബ്‌റാഹീം(അ) ആണ് അത് അവിടെ സ്ഥാപിച്ചത്. ലോകാനുഗ്രഹിയായ മുഹമ്മദ് നബി(സ)യാണ് അതിനെ അതിന്റെ സ്ഥാനത്ത് പുനസ്ഥാപിച്ചത്. ശിര്‍ക്കിന്റെയും അധര്‍മത്തിന്റെയും ശക്തികള്‍ക്ക് ഈ ശിലയെ സ്പര്‍ഷിക്കാന്‍ പോലും അവസരം ലഭിച്ചിട്ടില്ല. പിന്നെ എങ്ങിനെയാണ് ഇത് വിഗ്രഹാരാധയുടെ അവശിഷ്ടമാവുക!

‘ഹജറുല്‍ അസ്‌വദ് ഭൂമിയില്‍ അല്ലാഹുവിന്റെ കൈയ്യാകുന്നു’ എന്ന ദുര്‍ബലമായ ഹദീസിന്റെ അടിസ്ഥാനത്തില്‍ കഅ്ബയെ മുത്തല്‍ അല്ലാഹുവിനോട് ബൈഅത്ത് ചെയ്യലാണെന്ന് വാദിക്കുന്ന ചില സൂഫികളും ഉണ്ട്. മോഹം ജനിപ്പിക്കുന്നതും പ്രചോദനാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ എല്ലാ മതങ്ങളിലും സുപരിചിതമത്ര. അപ്രകാരമാണ് ഈ രിവായത്തും.

സൂഫികളുടെ ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ട് മുഹല്ലബ് പറയുന്നു: ‘ഈ കല്ല് ഭൂമിയിലുള്ള അല്ലാഹുവിന്റെ കയ്യാണെന്നും അതുമുഖേന തന്റെ അടിമകളെ അവന്‍ ഹസ്തദാനം ചെയ്യുന്നു വെന്നും വാദിക്കുന്നവര്‍ക്കുള്ള മറുപടിയത്രെ ഉമര്‍(റ)ന്റെ വാക്കുകള്‍. അല്ലാഹുവിന് ഒരവയവത്തെ സങ്കല്‍പിക്കുകയോ?! മആദല്ലാ. കഅ്ബാലയത്തില്‍ കല്ലിന് സാക്ഷിയാവുന്നവരില്‍ ആരാണ് യുക്തിയും കാരണവും നോക്കാതെ ദൈവവിധിയെ അനുസരിക്കുന്നവന്‍ എന്ന് പരീക്ഷിച്ചറിയാന്‍ വേണ്ടിയാണ് ചുംബിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യുക നിയമമാക്കിയത്. അതാവട്ടെ ആദമിന് സുജൂദ്‌ചെയ്യാന്‍ ഇബ്‌ലീസിനോട് കല്‍പ്പിച്ച കഥയുമായി സാദൃശ്യമുള്ളതാണുതാനും.

മുഹിബ്ബു ത്വബ്‌രി പറയുന്നു: ‘എല്ലാ രാജാക്കന്മാരുടെയും അടുക്കല്‍ നിവേദക സംഘങ്ങള്‍ വന്നാല്‍ അവരുടെ വലതുകരം ചുംബിക്കല്‍ പതിവായിരുന്നു. അതേപോലെ ഒന്നാമതായി ഹാജിമാര്‍ കടന്നു വന്നപ്പോള്‍ അസ്‌വദിനെ ചുംബിക്കല്‍ അവര്‍ക്ക് സുന്നത്താക്കപ്പെടുകയാണുണ്ടായത്.’

എന്റെ മതത്തെകൊണ്ട് സത്യം. ഈ മഹത്തായ ശിലയെ വിലക്കെടുക്കാന്‍ യൂറോപ്യന്‍ രാജാക്കന്മാര്‍ക്കും പണ്ഡിതര്‍ക്കും സാധിക്കുമെങ്കില്‍ അവര്‍ എന്ത് വില കൊടുക്കാനും തയ്യാറാകും. ഭൂമിയില്‍ ഒരൊറ്റ വസ്തുവിനും അവരിത്രമഹാത്മ്യം കല്‍പിക്കുന്നില്ല. അതെങ്ങാനും അവര്‍ക്ക് ലഭിച്ചിരുന്നുവെങ്കില്‍! അമൂല്യമായ വസ്തുവെന്ന നിലയിലും തങ്ങളുടെ ആരാധനാ കേന്ദ്രങ്ങളുടെ പ്രധാന സ്ഥലത്തവര്‍ സ്ഥാപിക്കുമായിരുന്നു. തീര്‍ത്ഥാടകര്‍ കറുത്തശിലയെ കാണാനും ചുംബിക്കാനും ആഗ്രഹിക്കുന്നു. കാരണം അത് സ്ഥാപിച്ചതും പുനസ്ഥാപിച്ചതും മഹാന്മാരായ പ്രവാചകരാണെന്നവര്‍ക്ക് നല്ല ബോധ്യമുണ്ട്.

കഅ്ബയിൽ ഒരു തിരുശേഷിപ്പായി പ്രത്യേകം സംരക്ഷിക്കപ്പെടുന്നത് ഹജറുൽ അസ്’വദ് മാത്രമാണോ ? അല്ലെന്നതാണ് വാസ്തവം. കഅ്ബ നിർമിക്കുന്ന വേളയിൽ ഇബ്റാഹീം (അ) കയറിനിൽക്കുകയും അദ്ദേഹത്തിന്റെ കാൽപാദങ്ങൾ പതിയുകയും ചെയ്തിട്ടുള്ള കല്ലായ മക്വാമു ഇബ്റാഹീമും അവിടെ പ്രാധാന്യപൂർവം സൂക്ഷിച്ചിട്ടുണ്ട്.

അല്ലാഹുവിനെ അനുസരിക്കൽ എന്ന നിലയിൽ ഹജറുൽ അസ്’വദിൽ ചുംബിക്കുന്നത് പോലെ തന്നെ മക്വാമു ഇബ്റാഹീമിനു പിന്നിലായി നമസ്കരിക്കുന്നതും പ്രവാചക ചര്യയാണ്. എന്നാൽ അത് വിഗ്രഹമാണെന്നോ അവിടെ വെച്ചുള്ള നമസ്കാരം വിഗ്രഹാരാധനയാണെന്നോ ആരും പറയില്ലല്ലോ.

പ്രവാചകന്റെ കാലത്തോ പിൽക്കാലത്തോ ആരുംതന്നെ ഹജറുൽ അസ് വദിന് യാതൊരു ദിവ്യത്വവും കൽപിച്ചിരുന്നില്ല എന്നതിന് തെളിവാണിത്.
ഹജറുൽ അസ്’വദിന് ഏതെങ്കിലും തരത്തിൽ ദൈവികത ഉള്ളതായി മക്കയിലെ വിഗ്രഹാരാധകർ പോലും മനസ്സിലാക്കുകയോ അതിനെ ആരാധിക്കുകയോ ചെയ്തിട്ടില്ല.

മുഹമ്മദ് നബി(സ)ക്ക് ശേഷം പിൽക്കാലത്ത് അടിസ്ഥാനങ്ങളിൽ നിന്നും പിഴച്ചുപോയ അവാന്തര വിഭാഗങ്ങളിൽ ആരെങ്കിലും ഒരു അനാചാരമായിട്ടെങ്കിലും ഹജറുൽ അസ്’വദിനെ ദൈവമായി കാണുകയോ അതിന് പൂജാവഴിപാടുകൾ അർപിക്കുകയോ ചെയ്തിട്ടില്ല.
കഅ്ബ പ്രദക്ഷിണം ചെയ്യുമ്പോൾ ഹജറുൽ അസ്’വദിൽ ചുംബിക്കാറുണ്ടെങ്കിലും അത് ഒരിക്കലും ഒരു നിർബന്ധ കർമമല്ല.


ഹജറുല്‍ അസ്‌വദും വിഗ്രഹാരാധനയും

ഇസ്‌ലാമിനെ കുറിച്ച് ആശങ്കകളും തെറ്റിധാരണകളും ഉണ്ടാക്കുക എന്നതിന്റെ ഭാഗമായി ഓറിയന്റലിസ്റ്റുകള്‍ നടത്തുന്ന പ്രചാരണങ്ങളില്‍ ഒന്നാണ് മുസ്‌ലിംകള്‍ ഹജറുല്‍ അസ്‌വദിനെ ആരാധിക്കുന്നു എന്നുള്ളത്. ഇബ്‌റാഹീം നബിയുടെ മാര്‍ഗം അനുശാസിക്കുന്ന ഒന്നാണ് ഹജ്ജ്. ഇബ്‌റാഹീം നബി ഹജ്ജിന് വിളംബരം നടത്തിയത് മുതല്‍ അത് തുടര്‍ന്നു വരുന്നു. ഖുര്‍ആന്‍ അത് വ്യക്തമാക്കുന്നു : ‘തീര്‍ഥാടനത്തിനായി നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക. ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും നിന്റെയടുത്ത് വന്നെത്തും.’ (അല്‍ഹജ്ജ് : 27)

ഇബ്‌റാഹീം(അ) ആയിരുന്നു ഹജ്ജിന് തുടക്കം കുറിച്ചത്. അദ്ദേഹം വിഗ്രഹങ്ങളെ ആരാധിച്ചു എന്ന ആരോപണം ഒരിക്കലും ഉന്നയിക്കാവതല്ല. കാരണം വിഗ്രഹങ്ങളെ തച്ചുതകര്‍ത്ത മഹാനാണ് അദ്ദേഹം. വക്രതയില്ലാത്ത തൗഹീദിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ‘ഏറ്റം ചൊവ്വായപാതയില്‍ നിലയുറപ്പിച്ച ഇബ്‌റാഹീമിന്റെ മാര്‍ഗം പിന്തുടരണമെന്ന്. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരുന്നില്ല.’

കഅബ ത്വവാഫ് ചെയ്യുന്നതും ഹജറുല്‍ അസ്‌വദ് ചുംബിക്കലും വിഗ്രഹാരാധനയുടെ ശേഷിപ്പുകളാണെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ അതൊരിക്കലും യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. ത്വവാഫ് ആരംഭിക്കുന്നത് ഹജറുല്‍ അസ്‌വദിന്റെ അടുത്ത് നിന്നാണ്. ധാരാളം പ്രതീകാത്മകമായ കാര്യങ്ങളുള്ള ഹജ്ജിലെ പ്രതീകാത്മകമായ ഒരു കര്‍മമാണ് അതിനെ ചുംബിക്കല്‍. അല്ലാഹുവിന്റെ കല്‍പന അനുസരിച്ച് മകനെ അറുക്കാനായി ഇബ്‌റാഹീം(അ) മുന്നോട്ട് നീങ്ങിയപ്പോള്‍ അതിന് തടസ്സം സൃഷ്ടിച്ച പിശാചിനെ കല്ലെറിഞ്ഞ് ഓടിക്കുകയാണ് അദ്ദേഹം ചെയ്തത്. അതിന്റെ പ്രതീകാത്മകമായിട്ടാണ് ജംറകളില്‍ കല്ലേറ് നടത്തുന്നത്. അത്തരത്തിലുള്ള പ്രതീകാത്മകമായ ഒരു കര്‍മം മാത്രമാണ് ഹജറുല്‍ അസ്‌വദ് ചുംബിക്കലും.

ഒരാള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരാളില്‍ നിന്നും ലഭിക്കുന്ന കത്തിനെ അയാള്‍ ചുംബിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ആ കത്തിനെയല്ലല്ലോ അയാള്‍ ചുംബിക്കുന്നത്. തന്നെ സ്‌നേഹിക്കുന്ന തനിക്ക് ഏറെ പ്രിയപ്പെട്ട തന്റെ കൂട്ടുകാരന്റെ വാക്കുകള്‍ക്കാണ് ആ ചുംബനം. ഹജറുല്‍ അസ്‌വദിന്റെ മുന്നില്‍ നിന്ന് മഹാനായ ഉമര്‍(റ) പറഞ്ഞ വാക്കുകള്‍ ഏറെ പ്രസക്തമാണ്. ‘അല്ലോയോ കല്ലേ, ഉപകാരമോ ഉപ്രദ്രവമോ ചെയ്യാന്‍ സാധിക്കാത്ത കേവലം ഒരു കല്ലാണ് നീ എന്ന് അറഞ്ഞ് തന്നെയാണ് നിന്നെ ചുംബിക്കുന്നത്. പ്രവാചകന്‍(സ) നിന്നെ ചുംബിക്കുന്നത് കണ്ടില്ലായിരുന്നുവെങ്കില്‍ ഞാനും നിന്നെ ചുംബിക്കുമായിരുന്നില്ല.’

വസ്തുത ഇതൊക്കെയാണെങ്കിലും മുസ്‌ലിംകള്‍ ഹജറുല്‍ അസ്‌വദിനെ ആരാധിക്കുന്നുവെന്ന് ചില ഓറിയന്റലിസ്റ്റുകള്‍ പറയുന്നുണ്ട്. ജാഹിലിയാ കാലത്തെ ആളുകള്‍ ഹജ്ജില്‍ വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട ചില ആചാരങ്ങള്‍ കടത്തി കൂട്ടിയിരുന്നു. എന്നാല്‍ ഇസ്‌ലാം വന്നപ്പോള്‍ അത്തരം ആചാരങ്ങളെയെല്ലാം ഇല്ലാതാക്കുകയായിരുന്നു. ‘ലബ്ബൈകല്ലാഹുമ്മ ലബ്ബൈക, ലബ്ബൈക ലാ ശരീക ലക ഇല്ലാ ശരീകന്‍ ഹുവ ലക തംലിക്ഹു വമാ മലക്’ (അല്ലാഹുവേ ഞങ്ങളിതാ നിന്റെ വിളിക്കുത്തരം ചെയ്തിരിക്കുന്നു, നിനക്കൊരു പങ്കാളിയുമില്ല, നിനക്ക് വേണ്ടിയുള്ള പങ്കാളിയൊഴികെ, നീയാണ് അതിനെയും അവ ഉടമപ്പെടുത്തിയതിനെയും ഉടമപ്പെടുത്തുന്നത്.) വിഗ്രഹങ്ങളെയായിരുന്നു ഈ പങ്കാളി കൊണ്ട് അവര്‍ ഉദ്ദേശിച്ചിരുന്നത്. ഇസ്‌ലാം വന്നപ്പോള്‍ അത് മായ്ച്ചു കളഞ്ഞ് ശുദ്ധീകരിച്ചു.

നബി(സ) ഒരിക്കല്‍ പറഞ്ഞു : ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ഥന അറഫയിലെ പ്രാര്‍ഥനയാണ്. ഞാനും എനിക്ക് മുമ്പുള്ള പ്രവാചകന്‍മാരും പറഞ്ഞതില്‍ ഏറ്റവും ശ്രേഷ്ഠമായ വചനം ‘അല്ലാഹുവല്ലാതെ ഇലാഹില്ല, അവന്‍ ഏകന്‍ അവന് പങ്കാളികളില്ല, സര്‍വ ആധിപത്യവും സ്തുതിയും അവന് മാത്രമാണ്. എല്ലാ കാര്യത്തിനും കഴിവുള്ളവനാണ് അവന്‍.’ ബഹുദൈവാരാധനയുടെ അംശങ്ങളൊന്നും കലരാത്ത ശുദ്ധമായ തൗഹീദിനെ സ്ഥിരപ്പെടുത്തലാണ് ഹജ്ജ് കൊണ്ടുദ്ദേശിക്കുന്നതെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. എല്ലാ തരം ബഹുദൈവാരാധനയില്‍ നിന്നും മോചിപ്പിക്കപ്പെട്ട കര്‍മമാണ് ഹജ്ജ് എന്നതിനെയാണ് ഇതെല്ലാം ശക്തിപ്പെടുത്തുന്നത്.



ഹജറുല്‍ അസ്‌വദിന്റെ വിശേഷണങ്ങള്‍ 

1. സ്വര്‍ഗ്ഗത്തിലെ കല്ല്.
2. ഇബ്‌റാഹീം നബി(അ) സ്ഥാപിച്ചത്.
3. തിരുനബി(സ)യുടെ തിരുകരങ്ങള്‍ കൊണ്ട് പുനഃസ്ഥാപിച്ചത്.
4. തിരുനബി(സ)യുടെ ചുംബനം ലഭിച്ച കല്ല്.
5. മുന്‍കാല പ്രവാചകന്മാരുടെ ചുംബനം ലഭിച്ച കല്ല്.
6. ത്വവാഫിന്റെ ആരംഭവും അവസാനവും.
7. കോടാനുകോടി സ്വാലിഹീങ്ങളുടെ ചുണ്ട് പതിഞ്ഞ കല്ല്.
8. ദുആഇന് ഉത്തരം ലഭിക്കുന്ന സ്ഥലം.
9. അഭിവാദ്യമര്‍പ്പിച്ചവര്‍ക്ക് അന്ത്യനാളില്‍ ശുപാര്‍ശ ചെയ്യുന്ന കല്ല്.

ഹജറുല്‍ അസ്‌വദ് എന്ന പേരിന് അര്‍ത്ഥം
കറുത്ത കല്ല്.

ഹജറുല്‍ അസ്‌വദിന്റെ ഉറവിടം 
സ്വര്‍ഗ്ഗം.

സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറക്കുമ്പോള്‍ ഹജറുല്‍ അസ്‌വദിന്റെ നിറം -
ശക്തമായ വെളുപ്പ്.

വെളുത്ത കല്ലെങ്ങനെയാണ് കറുത്ത കല്ലായത്
ആദം സന്തതികളുടെ പാപങ്ങളുടെ പ്രതിഫലനം കൊണ്ട്.

ഇബ്‌നു സുബൈര്‍(റ) കഅ്ബാലയം പുനര്‍നിര്‍മ്മിച്ചപ്പോള്‍ കഅ്ബയുടെ ഭിത്തിയില്‍ പതിഞ്ഞ ഭാഗം വെളുത്ത നിറത്തില്‍ കണ്ടത്
മുജാഹിദ്(റ).
കഅ്ബയുടെ ചുമരില്‍ ഹജറുല്‍ അസ്‌വദ് പതിച്ചപ്പോള്‍ കല്ലു
ഒന്ന് മാത്രം.ഇപ്പോള്‍ ഹജറുല്‍ അസ്‌വദ് പുറംഭാഗത്ത് എട്ട് കഷ്ണങ്ങളാണ്

ഹജറുല്‍ അസ്‌വദ് പൊട്ടിയത്
ഹിജ്‌റ 319ല്‍

ഹജറുല്‍ അസ്‌വദ് ഖിരാമിത്വികള്‍ ആണ് പൊട്ടിച്ചത്
അബൂത്വാഹിര്‍ അല്‍ ഖിര്‍മിത്വി എന്ന നേതാവിന്റെ കീഴില്‍ ഒരുമിച്ച് കൂടിയ ശിയാക്കള്‍. ആണ് ഖിറാമിത്വികള്‍

ഖിറാമിത്വി ചെയ്ത അതിക്രമം
കഅ്ബയില്‍ അതിക്രമിച്ച് കയറി ഹജറുല്‍ അസ്‌വദ് പുഴക്കി എടുത്തു.

ഹജറുല്‍ അസ്‌വദ്
അഹ്‌സാഅ് എന്ന പ്രദേശത്തേക്ക്. അവര്‍ കടത്തിക്കൊണ്ട് പോയത്

പിന്നീട് എന്നാണ് ഹജറുല്‍ അസ്‌വദ് പുനഃസ്ഥാപിച്ചത്-=
ഹിജ്‌റ 339ല്‍

ഹജറുല്‍ അസ്‌വദിന്റെ പുറത്തേക്ക് കാണുന്ന ഓരോ കഷ്ണത്തിന്റെയും വലിപ്പം 
ഏറ്റവും വലിയതിന് ഒരു കാരക്കയുടെ വലിപ്പം മാത്രം.

ഹജറുല്‍ അസ്‌വദിന്റെ കഷ്ണങ്ങള്‍ ഇപ്പോള്‍ ഉറപ്പിച്ചിരിക്കുന്നത് വെള്ളികൊണ്ട് പൊതിഞ്ഞ മറ്റൊരു വലിയ കല്ലില്‍.

ഹജറുല്‍ അസ്‌വദിന് ആദ്യമായി വെള്ളി കൊണ്ട് ആവരണം ഉണ്ടാക്കിയത്
അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)....  

No comments:

Post a Comment