Saturday 20 June 2020

ഗ്രഹണങ്ങൾ വിശദ വായനയ്ക്ക്




അല്ലാഹു തആലാ അവന്റെ അടിമകള്‍ക്ക് ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി ചില ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്താറുണ്ട്.അത്തരം ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും. അതിനാല്‍ ഗ്രഹണങ്ങള്‍ മനുഷ്യര്‍ക്ക് പാഠമാകണം. സൂര്യനും ചന്ദ്രനും ഒന്നും ആരാധിക്കപ്പെടാന്‍ യോഗ്യമല്ലെന്നും അവയുടെ സ്രഷ്ടാവിന്റെ തീരുമാനങ്ങള്‍ക്കും കല്‍പനകള്‍ക്കും വിധേയമായി മാത്രമെ അവ സഞ്ചരിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്നുള്ളൂ എന്നും തിരിച്ചറിയാന്‍ ബുദ്ധിമാനായ മനുഷ്യന് സാധിക്കണം.
 

എന്താണ് ഗ്രഹണം 

മൂന്ന് ജ്യോതിശാസ്ത്രവസ്തുക്കൾ നേർരേഖയിൽ വരുമ്പോൾ ഒന്ന്  മറ്റൊന്നിന്റെ നിഴലിലാകുന്ന പ്രതിഭാസത്തിനാണ്‌ 'ഗ്രഹണം' എന്ന് ശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നത്. അപ്രകാരം സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോള്‍ സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതാണ് ചന്ദ്രഗ്രഹണം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഭൂമിയെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ചന്ദ്രൻ ഭൂമിയുമായുള്ള ദിശയിൽ സൂര്യന് നേരെ എതിർദിശയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. ഇത്തരം സന്ദർഭത്തിൽ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും.  ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ്‌ സൂര്യഗ്രഹണം.ചുരുക്കത്തിൽ പതിവില്ലാത്ത കാരണത്താല്‍ സൂര്യന്‍, ചന്ദ്രന്‍ എന്നിവയിലൊന്നിന്റെ പ്രഭ മറയലാണ് ഗ്രഹണം. 

പ്രവാചകന്‍ ﷺ യുടെ ഇബ്‌റാഹീം എന്ന കുട്ടി മരണപ്പെട്ട ദിവസം യാദൃച്ഛികമെന്നോണം സൂര്യഗ്രഹണമുണ്ടായി. പ്രവാചകപുത്രന്റെ വിയോഗത്തില്‍ സൂര്യന്‍ പോലും ദുഃഖിക്കുന്നുവെന്നും അതിനാലാണ് സൂര്യഗ്രഹണം ബാധിച്ചതെന്നുമുള്ള മട്ടില്‍ ജനസംസാരം ഉണ്ടായി. ഇതറിഞ്ഞ പ്രവാചകന്‍ ﷺ  ആ ധാരണ തിരുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: 'നിശ്ചയം സൂര്യനും ചന്ദ്രനും ദൈവിക ദൃഷ്ടാന്തങ്ങളില്‍ പെട്ട രണ്ട് ദൃഷ്ടാന്തങ്ങളാണ്. ഒരാളുടെയും മരണം മൂലമോ ജനനം മൂലമോ അതിന് ഗ്രഹണം ബാധിക്കുകയില്ല...''(ബുഖാരി, മുസ്‌ലിം റഹ്).

ഈ പ്രവാചക വചനം വ്യാഖ്യാനിച്ചു കൊണ്ട് ഇമാം ഇബ്‌നുല്‍ ക്വയ്യിം(റഹി) പറയുന്നു: ''ഇതിനെ രണ്ടു തരത്തില്‍ വ്യാഖ്യാനിക്കാം: ഒരാളുടെ മരണമോ ജനനമോ കാരണം ഗ്രഹണം സംഭവിക്കുകയില്ല. ഏതെങ്കിലും ഒരു പ്രമുഖന്റെ മരണവും ജനനവും ഗ്രഹണത്തിനു നിമിത്തമാവുമെന്ന അബദ്ധധാരണയെ നബി ﷺ  ഇതിലൂടെ തിരുത്തുന്നു. ഗ്രഹണം കാരണം ഒരു മരണമോ ജനനമോ സംഭവിക്കുകയുമില്ല. എന്നാല്‍ അല്ലാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നതിനുവേണ്ടി നടപ്പാക്കുന്ന ചില ദൃഷ്ടാന്തങ്ങള്‍ മാത്രമാണ് അത്.''(മിഫ്താഹു ദാരിസ്സആദ 3:212).

ഇബ്‌നുല്‍ ക്വയ്യിം(റഹി) പറയുന്നു: ''സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍ ആളുകള്‍ക്ക് പരീക്ഷണവും വിപത്തുമാകാവുന്ന വിധം അല്ലാഹു വല്ല തീരുമാനവും എടുക്കുന്നതിനെ നാം നിഷേധിക്കുന്നില്ല. അതിനാലാണ് ഗ്രഹണമുണ്ടായാല്‍ നമസ്‌കാരം, ദിക്ര്‍, അടിമമോചനം, ദാന ധര്‍മം, നോമ്പ് തുടങ്ങിയ കര്‍മങ്ങളിലൂടെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാന്‍ നിര്‍ദേശിച്ചത്. അവ റബ്ബിന്റെ പരീക്ഷണങ്ങളില്‍ നിന്ന് രക്ഷ കിട്ടുവാനായി നിശ്ചയിക്കപ്പെട്ട നിമിത്തങ്ങളാണ്'' (മിഫ്താഹു ദാരിസ്സആദ 3/220).

അത് കൊണ്ടാണ് ഗ്രഹണമുണ്ടായപ്പോള്‍ നബി ﷺ  ഭയപ്പെട്ടതും; ഇത് ഭയപ്പെടുത്തലാണ് എന്ന് ഓര്‍മിപ്പിച്ചതും. ഇവിടെ ഒരു കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. ഗ്രഹണത്തിന്റെ കാരണം എന്താണ് എന്ന് അറിയാത്തതിനാലാണ് പെട്ടെന്ന് ഗ്രഹണം ഉണ്ടായപ്പോള്‍ നബി ﷺ  ഭയപ്പെട്ടതെന്നും, എന്നാല്‍ ഗ്രഹണത്തിന്റെ തുടക്കവും ഒടുക്കവും അതിന്റെ ഓരോ ഘട്ടങ്ങളും കൃത്യമായി അറിയാന്‍ സംവിധാനമുള്ള ഈ കാലഘട്ടത്തില്‍ അത്തരം ഒരു ഭയത്തിന് പ്രസക്തിയില്ലെന്നും ചിലരെങ്കിലും ചിന്തിക്കുകയോ പറയുകയോ ചെയ്യാറുണ്ട്. എന്നാല്‍ അത് ശരിയല്ല. കേവലം ചില പ്രതിഭാസങ്ങള്‍ എന്നതിനപ്പുറം ഇത് ഒരു ശിക്ഷക്കും പരീക്ഷണത്തിനും നിമിത്തമാകും എന്ന കാര്യം ഏതൊരു വിശ്വാസിയെയും ഭീതിപ്പെടുത്തുന്നത് തന്നെയാണ്.


ഗ്രഹണ നമസ്‌കാരത്തിന്റെ സമയം

ഗ്രഹണം ആരംഭിച്ചത് മുതല്‍ പൂര്‍ണമായും നീങ്ങുന്നത് വരെയാണ് നമസ്‌കാര സമയം.  'ഗ്രഹണം നീങ്ങുന്നത് വരെ നിങ്ങള്‍ നമസ്‌കരിക്കുവിന്‍' എന്ന് നബി ﷺ  പറഞ്ഞതായി ആഇശ(റ)യും മറ്റും ഉദ്ധരിക്കുന്നത് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഒരാള്‍ക്ക് ഗ്രഹണം നടക്കുന്ന സമയത്ത് നമസ്‌കരിക്കുവാന്‍ സൗകര്യപ്പെട്ടിട്ടില്ലെങ്കില്‍ ഗ്രഹണത്തിന് ശേഷം നമസ്‌കരിക്കാവതല്ല.

സൂര്യനോ ചന്ദ്രനോ ഗ്രഹണം ബാധിച്ച അവസ്ഥയില്‍ അസ്തമിച്ചാല്‍ പിന്നെ നമസ്‌കരിക്കേണ്ടതില്ലെന്നാണ് പ്രബലാഭിപ്രായം. നമസ്‌കാരത്തിനിടയില്‍ ഗ്രഹണം അവസാനിച്ചാല്‍ ദൈര്‍ഘ്യം ചുരുക്കി നമസ്‌കാരം പൂര്‍ണമാക്കാവുന്നതാണ്. അഥവാ നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചപ്പോഴും ഗ്രഹണം അവസാനിച്ചിട്ടില്ലെങ്കില്‍ വീണ്ടും നമസ്‌കരിക്കാവതല്ല. കാരണം നബി ﷺ  രണ്ട് റക്അത്ത് മാത്രമെ നമസ്‌കരിച്ചിട്ടുള്ളൂ. ബാക്കിയുള്ള സമയം പ്രാര്‍ഥനയിലും പ്രകീര്‍ത്തനങ്ങളിലും മുഴുകി കഴിച്ചുകൂട്ടാവുന്നതാണ്. ചന്ദ്രന് ഗ്രഹണം ബാധിച്ച അവസ്ഥയില്‍ സുര്യന്‍ ഉദിച്ചാല്‍ പിന്നെ നമസ്‌കരിക്കേണ്ടതില്ല.

സുബ്ഹി നമസ്‌കാരത്തിന്റെ തൊട്ടുമുമ്പാണ് ചന്ദ്രഗ്രഹണം അറിഞ്ഞതെങ്കില്‍ ചുരുങ്ങിയ രണ്ട് റക്അത്തുകളായി ഗ്രഹണ നമസ്‌കാരം നിര്‍വഹിക്കുകയും ശേഷം സുബ്ഹ് നമസ്‌കരിക്കുകയും ചെയ്യുകയാണ് വേണ്ടത് എന്ന് ശൈഖ് ഇബ്‌നു ബാസ്(റ) ഫത്‌വ നല്‍കിയതായി കാണുന്നു.

ജുമുഅയും ഗ്രഹണവും ഒന്നിച്ച് വന്നാല്‍ അല്ലെങ്കില്‍ ഫര്‍ദ് നമസ്‌കാരവും ഗ്രഹണ നമസ്‌കാരവും അല്ലെങ്കില്‍ വിത്ര്‍ നമസ്‌കാരവും ഗ്രഹണ നമസ്‌കാരവും ഒന്നിച്ച് വന്നാല്‍ ഏതാണോ നഷ്ടപ്പെടാന്‍ കൂടുതല്‍ സാധ്യത അതിന് മുന്‍ഗണന നല്‍കണം. രണ്ടും നഷ്ടപ്പെടാന്‍ ഒരേ സാധ്യതയാണെങ്കില്‍ ഫര്‍ദിന് മുന്‍ഗണന നല്‍കണം. 

ഗ്രഹണ നമസ്‌കാരത്തില്‍ വൈകി വന്നവന് ആദ്യത്തെ റുകൂഅ് ലഭിച്ചാല്‍ റക്അത്ത് ലഭിച്ചതായി പരിഗണിക്കാം. രണ്ടാമത്തെ റുകൂഇലാണ് ഒരാള്‍ വന്ന് ചേര്‍ന്നതെങ്കില്‍ ആ റക്അത്ത് പരിഗണിക്കാവതല്ല. അപ്പോള്‍ നഷ്ടപ്പെട്ട റക്അത്ത് അവന്‍ വീണ്ടെടുക്കണം.


ഗ്രഹണം കൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങളും അതില്‍ നിന്ന് വിശ്വാസികള്‍ ഉള്‍കൊള്ളേണ്ടുന്ന പാഠങ്ങളും ധാരാളം പണ്ഡിതന്മാര്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.  


അവയെ പ്രധാനമായും ഇങ്ങനെ സംഗ്രഹിക്കാം:

1. സൂര്യനും ചന്ദ്രനും ഇത്ര വലിയ സൃഷ്ടികളായിട്ടുപോലും അവയുടെ സ്രഷ്ടാവിന്റെ നിയന്ത്രണത്തിന് അത് വിധേയമാണ് എന്ന് ബോധ്യപ്പെടുത്തല്‍.

2. അവയ്ക്ക് മാറ്റങ്ങള്‍ സംഭവിക്കാമെങ്കില്‍ അതിനെക്കാള്‍ ചെറിയ സൃഷ്ടികള്‍ക്ക് എന്തായാലും എന്തും സംഭവിക്കാം എന്ന് ബോധ്യപ്പെടുത്തല്‍.

3. അശ്രദ്ധമായ മനസ്സുകളെ തട്ടിയുണര്‍ത്തല്‍.

4. അന്ത്യനാളില്‍ ചന്ദ്രന് ഗ്രഹണം ബാധിക്കുമെന്നും സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുമെന്നും ക്വുര്‍ആന്‍ (അല്‍ക്വിയാമ 8,9) വ്യക്തമാക്കുന്നു. അതിന്റെ മാതൃക കാണിച്ചു കൊടുക്കല്‍.

5. പൂര്‍ണാര്‍ഥത്തില്‍ നിലകൊള്ളുന്ന അവക്ക് പോരായ്മകള്‍ സംഭവിക്കുകയും വീണ്ടും അത് പഴയ നിലയിലേക്ക് മടങ്ങുകയും ചെയ്യുന്നത് കാണുക നിമിത്തം അല്ലാഹുവിന്റെ ശിക്ഷയും അവന്റെ മാപ്പും ബോധ്യപ്പെടല്‍.

6. പൂര്‍ണമായും അല്ലാഹുവിന് കീഴ്‌പെട്ടും ഒരു നിലക്കും സ്രഷ്ടാവിനെ ധിക്കരിക്കാതെയും നില നില്‍ക്കുന്ന സൂര്യനും ചന്ദ്രനും പോലും ഈ നിലക്ക് സ്രഷ്ടാവിന്റെ പിടുത്തത്തിന് വിധേയമാണെങ്കില്‍ പാപികള്‍ എന്തായാലും പിടിക്കപ്പെടും എന്ന് ബോധ്യപ്പെടുത്തല്‍.

7. നിര്‍ബന്ധ നമസ്‌കാരത്തില്‍ പോലും അശ്രദ്ധരായ ആളുകളെ ഒന്ന് ശ്രദ്ധാലുക്കളാക്കല്‍. 

ഇതല്ലാത്ത തത്ത്വങ്ങളും പണ്ഡിതര്‍ വിവരിച്ചത് കാണാം. (ഫത്ഹുല്‍ ബാരി 2/532, ഉംദതുല്‍ ക്വാരി 6/53 എന്നിവ നോക്കുക).


ഗ്രഹണം ബാധിച്ചാല്‍ വിശ്വാസികളുടെ ബാധ്യത

ഗ്രഹണ നമസ്‌കാരം നിര്‍വഹിക്കുക. പ്രസ്തുത നമസ്‌കാരം പ്രബലമായ സുന്നത്താണ് എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. സുന്നത്താണ് എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിട്ടുണ്ട് എന്ന് ഇമാം നവവി(റഹി) പറഞ്ഞിരിക്കുന്നു. (ശറഹു മുസ്‌ലിം) 

ഇബ്‌നു ഖുദാമ മുഗ്‌നി 3:330ലും ഇത് സുന്നത്താണെന്ന് പറഞ്ഞിരിക്കുന്നു. നബി ﷺ  അത് നര്‍വഹിക്കുകയും നമസ്‌കരിക്കാന്‍ കല്‍പിക്കുകയും ചെയ്തു എന്നതാണ് സുന്നത്താണ് എന്നതിന് തെളിവായി അവര്‍ ഉന്നയിക്കുന്നത.് എന്നാല്‍ ചുരുക്കം ചില പണ്ഡിതന്മാര്‍ ഹദീഥിന്റെ പദപ്രയോഗങ്ങളുടെ ബാഹ്യാര്‍ഥ പ്രകാരം അത് നിര്‍ബന്ധമാണ് എന്നും അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റഹി) പറയുന്നു: ''ഭൂരിപക്ഷം പണ്ഡിതരും ഇത് ശക്തമായ സുന്നത്താണ് എന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ അബൂ അവാന(റഹി) ഇത് നിര്‍ബന്ധമാണെന്ന് തന്റെ സ്വഹീഹില്‍ വ്യക്തമാക്കിയിരിക്കുന്നു. മറ്റാരും അങ്ങനെ പറഞ്ഞതായി ഞാന്‍ കണ്ടിട്ടില്ല. ഇമാം മാലിക്(റഹി) ഗ്രഹണ നമസ്‌കാരം ജുമുഅയെ പോലെയാണെന്ന് പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു. അബൂ ഹനീഫ(റഹി) ഇത് നിര്‍ബന്ധമാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് സൈനുബ്‌നുല്‍ മുനീര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇത് പോലെ ഹനഫി മദ്ഹബിലെ ചില രചയിതാക്കളും അങ്ങനെ പറഞ്ഞുവെന്ന് അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നു'' (ഫത്ഹുല്‍ ബാരി 2/527).

മദ്ഹബുകളുടെ വീക്ഷണങ്ങള്‍.! 

ശാഫിഈ മദ്ഹബിന്‍റെ വീക്ഷണം

സൂര്യനോ ചന്ദ്രനോ ഗ്രഹണം ബാധിച്ചാല്‍ രണ്ട് റക്അത്ത് നമസ്കരിക്കല്‍ മുഅക്കദായ സുന്നത്താണ്. ഗ്രഹണ നമസ്കാരത്തിന്‍റെ ഓരോ റക്അത്തിലും രണ്ട് നിര്‍ത്തവും രണ്ട് റുകൂഉം ഉണ്ട്. സൂര്യ ഗ്രഹണ നമസ്കാരത്തില്‍ പതുക്കെയും ചന്ദ്ര ഗ്രഹണ നമസ്കാരത്തില്‍ ഉറക്കെയുമാണ് ഖുര്‍ആന്‍ ഓതേണ്ടത്. ഈ രണ്ട് നമസ്കാരങ്ങളിലും ദീര്‍ഘനേരം നിന്ന് കൊണ്ട് ഖുര്‍ആന്‍ ഓതലും റുകൂഅ് സുജൂദുകളില്‍ ദീര്‍ഘനേരം തസ്ബീഹുകള്‍ പറയലും സുന്നത്താണ്. പെരുന്നാള്‍ നമസ്കാരങ്ങളിലുള്ളത് പോലെ തന്നെ ഇമാം ഗ്രഹണ നമസ്കാരത്തിന് ശേഷം ഖുത്വുബ നിര്‍വ്വഹിക്കേണ്ടതാണ്.

ഹനഫി മദ്ഹബിന്‍റെ വീക്ഷണം

സൂര്യ ഗ്രഹണം സംഭവിച്ചാല്‍ ജമാഅത്തായി രണ്ടോ നാലോ റക്അത്ത് നമസ്കരിക്കല്‍ മുഅക്കദായ സുന്നത്താണ്. 
ചന്ദ്രഗ്രഹണ നമസ്കാരത്തില്‍ ജമാഅത്തായുള്ള നമസ്കാരം സുന്നത്തില്ല. ചന്ദ്രഗ്രഹണമുണ്ടാകുമ്പോള്‍ ജമാഅത്തില്ലാതെ ജനങ്ങള്‍ ഒറ്റയ്ക്കാണ് നമസ്കരിക്കേണ്ടത്.

അബൂബക്ര്‍ (റ) വിവരിക്കുന്നു: റസൂലുല്ലാഹി ﷺ യുടെ കാലഘട്ടത്തില്‍ സൂര്യ ഗ്രഹണമുണ്ടായി. റസൂലുല്ലാഹി ﷺ തട്ടവും വലിച്ചിഴച്ചു കൊണ്ട് പുറപ്പെടുകയും അങ്ങിനെ മസ്ജിദില്‍ എത്തുകയും ചെയ്തു. ജനങ്ങളെല്ലാം തങ്ങളുടെ അടുക്കല്‍ ഒരുമിച്ചു കൂടി. റസൂലുല്ലാഹി ﷺ അവര്‍ക്ക് ഇമാമായി നിന്ന് രണ്ട് റക്അത്ത് നമസ്കരിച്ചു. അപ്പോള്‍ സൂര്യന്‍ പൂര്‍ണ്ണമായി പ്രത്യക്ഷപ്പെട്ടു. ശേഷം റസൂലുല്ലാഹി ﷺ അരുളി: സൂര്യനും ചന്ദ്രനും അല്ലാഹുﷻവിന്‍റെ രണ്ട് ദൃഷ്ടാന്തങ്ങളാണ്. നിശ്ചയം ആരുടെയും ജനനത്തിന്‍റെ പേരിലോ മരണത്തിന്‍റെ പേരിലോ അവ രണ്ടിനും ഗ്രഹണം സംഭവിക്കുകയില്ല. മറിച്ച് അല്ലാഹു ﷻ അവ രണ്ടിനെയും ഉപയോഗിച്ച് തന്‍റെ ദാസന്‍മാരെ ഭയപ്പെടുത്തുകയാണ്. അങ്ങിനെ ഗ്രഹണം സംഭവിച്ചാല്‍ ഗ്രഹണം തീരുന്നത് വരെ നിങ്ങള്‍ നമസ്കരിക്കുക. (ബുഖാരി റഹ്) 


അറിഞ്ഞിരിക്കേണ്ട ചില മസ്അലകൾ

1) സൂര്യനു ഗ്രഹണം ബാധിച്ചാൽ അല്പമാണെങ്കിലും സൂര്യ ഗ്രഹണ നിസ്കാരം ശക്തമായ സുന്നത്താണ്.

സ്ത്രീകൾക്കും പുരുഷന്മാർക്കും സുന്നത്തു തന്നെ. നബി(സ്വ)പ്രസ്തുത നിസ്കാരം നിർവ്വഹിക്കുകയും നമ്മോട് നിസ്കരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

2) സൂര്യ ഗ്രഹണ നിസ്കാരം രണ്ടു റക്അത്താണ് .അതിനേക്കാൾ വർദ്ദിപ്പിക്കാവതല്ല.

3) റവാതിബ് നിസ്കാരം പോലെ രണ്ട് റക്അത്ത് നിസ്കരിക്കലാണ് ഏറ്റവും ചുരുങ്ങിയ രൂപം.

4) ഓരോ റക്അത്തിലും രണ്ടു ഖിയാം ,രണ്ടു റുകൂഉ എന്നിങ്ങനെ കൂടുതലാക്കൽ പരിപൂർണ രൂപത്തിൽ വെച്ച് ചുരുങ്ങിയതാണ്.

5) സൂര്യ ഗ്രഹണം തനിച്ചും ,ജമാഅത്ത്, ആയിട്ടും നിർവ്വഹിക്കാം.

ഇബ്‌നു ഖുദാമ (റ) പറയുന്നു: 'പള്ളിയില്‍ വെച്ച് സംഘടിതമായി നിര്‍വ്വഹിക്കലാണ് സുന്നത്ത്. കാരണം നബി(സ്വ) അങ്ങനെയാണ് നിര്‍വ്വഹിച്ചത്. എന്നാല്‍ ഒറ്റക്ക് നിര്‍വഹിക്കലും അനുവദനീയമാണ്.' (മുഗ്‌നി 3/323).

6) സൂര്യ ഗ്രഹണ നിസ്കാരത്തിൽ ഇമാമും മഉമൂമും പതുക്കെയാണ് ഓതേണ്ടത് .ഉറക്കെയാക്കരുത്. 

7 ) നിയ്യത്ത് നിർബന്ധമാണ്.

اصلي سنة كسوف الشمس ركعتين لله تعالى 


എന്നു നിയ്യത്ത് ചെയ്യാം.ഇമാമത്ത് നിൽക്കുന്നവൻ ഇമാമ് എന്നും
മഉമൂമീങ്ങൾ مع الإمام എന്നും കരുതണം.

8) നാലു റുകൂഉകളിൽ നിന്നും ഉയരുമ്പോൾ سمع الله لمن حمده എന്നു തന്നെയാണ് ചൊല്ലേണ്ടത് .(രണ്ടു റക്അത്തിലും ആദ്യത്തെ റുകൂഇൽ നിന്നു ഉയരുമ്പോൾ
الله اكبر എന്ന തക്ബീറാണ് ചൊല്ലേണ്ടതെന്നും അഭിപ്രായമുണ്ട് 

 9) ഗ്രഹണ നിസ്കാരം തിരുനബി(സ്വ)യുടെ ഉമ്മത്തിന്റെ സവിശേഷതയാണ്. മുൻ സമുദായങ്ങൾക്കൊന്നും ഇതു നിയമമാക്കപ്പെട്ടിട്ടില്ല.

10 ) ഗ്രഹണ നിസ്കാരം ജമാഅത്തായി നിർവ്വഹിച്ച ശേഷം പുരുഷന്മാർക്ക് രണ്ട് 
ഖുത്വ് ബ സുന്നത്തുണ്ട്.

11) നിസ്കാരത്തിന്റെ മുമ്പ് ഖുത്ബ നിർവ്വഹിച്ചാൽ സാധുവാകില്ല. മാത്രമല്ല ,ഗ്രഹണ ഖുത്ബ എന്ന നിലയ്ക്ക് മുമ്പ് നിർവ്വഹിക്കൽ നിഷിദ്ധവുമാണ്.

12 ) ഗ്രഹണ ഖുത്ബയിൽ തക്ബീർ ,ഇസ്തിഗ്ഫാർ എന്നിവ സുന്നത്തില്ല (പെരുന്നാൾ ഖുത്ബയിൽ തക്ബീറും മഴയെ തേടുന്ന നിസ്കാര ഖുത്ബയിൽ ഇസ്തിഗ്ഫാറും സുന്നത്തുണ്ടല്ലോ.)

13 ) ഗ്രഹണ ഖുത്ബയിൽ ഖത്വീബ് നല്ല വസ്ത്രം അണിയാതിരിക്കലും ഭംഗി ഉപേക്ഷിക്കലുമാണ് സുന്നത്ത്. (ജുമുഅയുടെ അലങ്കാരം ഇവിടെയില്ല)

14) ഖത്വീബ് ജനങ്ങളോട് തൗബ: ചെയ്യാനും നന്മ പ്രവർത്തിക്കാനും പ്രേരിപ്പിക്കൽ സുന്നത്താണ്.

15) ജുമുഅ ഖുത്ബയുടെ ഫർളുകൾ തന്നെയാണ് ഗ്രഹണ ഖുത്ബയുടെ ഫർളുകളും.

16) ആരെങ്കിലും മരണപ്പെട്ടാൽ ഗ്രഹണമുണ്ടാകുമെന്ന ചിലരുടെ ധാരണ  അന്ധവിശ്വാസമാണ്. 

17) ഗ്രഹണ നമസ്‌കാരത്തിന് ബാങ്കും ഇഖാമത്തുമില്ല.

നബി(സ്വ) ഗ്രഹണ നിസ്‌കാരത്തിന് ബാങ്കും ഇഖാമത്തും നിര്‍വ്വഹിക്കുകയോ നിര്‍വ്വഹിക്കാന്‍ നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടില്ല. പകരം അസ്സ്വലാത്തു ജാമിഅഃ എന്ന് വിളിച്ചു പറയുകയാണ് ചെയ്തത്. 

عَنْ عَبْدِ اللَّهِ بْنِ عَمْرٍو ـ رضى الله عنهما ـ قَالَ لَمَّا كَسَفَتِ الشَّمْسُ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم نُودِيَ إِنَّ الصَّلاَةَ جَامِعَةٌ‏.‏

അബ്ദുല്ലാഹിബ്നൂ അംറില്‍(റ) നിന്നും നിവേദനം: നബിയുടെ(സ്വ) കാലത്ത് സൂര്യന് ഗ്രഹണം ബാധിച്ചപ്പോള്‍ അസ്സ്വാലത്തു ജാമിഅ (സംഘടിതമായി നമസ്കരിക്കാന്‍ വരിക) എന്ന് വിളിച്ചു പറയപ്പെട്ടു. (ബുഖാരി റഹ്)

18. ദീര്‍ഘമായ രീതിയിലാണ് നമസ്‌കരിക്കേണ്ടത്. 

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ كَسَفَتِ الشَّمْسُ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم فِي يَوْمٍ شَدِيدِ الْحَرِّ فَصَلَّى رَسُولُ اللَّهِ صلى الله عليه وسلم بِأَصْحَابِهِ فَأَطَالَ الْقِيَامَ حَتَّى جَعَلُوا يَخِرُّونَ ثُمَّ رَكَعَ فَأَطَالَ ثُمَّ رَفَعَ فَأَطَالَ ثُمَّ رَكَعَ فَأَطَالَ ثُمَّ رَفَعَ فَأَطَالَ ثُمَّ سَجَدَ سَجْدَتَيْنِ ثُمَّ قَامَ فَصَنَعَ نَحْوًا مِنْ ذَاكَ فَكَانَتْ أَرْبَعَ رَكَعَاتٍ وَأَرْبَعَ سَجَدَاتٍ



ജാബിര്‍ (റ) പറഞ്ഞു:(അല്ലാഹുവിന്റെ റസൂലി (സ്വ) ന്റെ കാലത്ത്കഠിനമായി ചൂടുള്ള ഒരു ദിവസം സൂര്യഗ്രഹണമുണ്ടായി. തിരുനബി (സ്വ) തന്റെഅനുചരന്മാരൊത്ത് നമസ്കരിച്ചു. (ക്വുര്‍ആനോതിക്കൊണ്ടുള്ള) നിറുത്തംതിരുമേനി (സ്വ) ദീര്‍ഘനേരമാക്കി. എത്രത്തോളമെന്നാല്‍ ആളുകള്‍ വീഴുവാന്‍ തുടങ്ങി. പിന്നീടു റുകൂഅ് ചെയ്യുകയും അതു ദീര്‍ഘമാക്കുകയും ചെയ്തു. പിന്നീടു തലയുയര്‍ത്തി നിറുത്തവും ദീര്‍ഘമാക്കി. വീണ്ടും ദീര്‍ഘമായി റുകൂഅ് ചെയ്തു.ശേഷം രണ്ടു സുജൂദുകള്‍ ചെയ്യുകയുംഅതില്‍ നിന്നു എഴുന്നേല്‍ക്കുകയും പിന്നീട് അതുപോലെ ചെയ്യുകയും ചെയ്തു. അങ്ങനെ നമസ്കാരം നാല് റുകൂഉകളും നാലു സുജൂദുകളുമായിരുന്നു. (മുസ്‌ലിം റഹ്)

فَصَلَّى رَسُولُ اللَّهِ صلى الله عليه وسلم وَالنَّاسُ مَعَهُ، فَقَامَ قِيَامًا طَوِيلاً نَحْوًا مِنْ سُورَةِ الْبَقَرَةِ، ثُمَّ رَكَعَ رُكُوعًا طَوِيلاً، ثُمَّ رَفَعَ فَقَامَ قِيَامًا طَوِيلاً وَهْوَ دُونَ الْقِيَامِ الأَوَّلِ



ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബിയും(സ്വ) അദ്ദേഹത്തോടൊപ്പം ജനങ്ങളും ദീര്‍ഘമായി നമസ്‌കരിച്ചു. (ഒന്നാമത്തെ നിറുത്തത്തില്‍) സൂറതുല്‍ ബക്വറ ഓതി. നബിയുടെ(സ്വ) നിറുത്തം നീണ്ടു. പിന്നീട് അവിടുന്ന് ദീര്‍ഘമായി റുകൂഅ് ചെയ്തു. പിന്നെ എഴുന്നേറ്റ് ദീര്‍ഘമായി നിന്നു. എന്നാല്‍ ആദ്യത്തെ നിറുത്തത്തെക്കാള്‍ അല്‍പം കുറവായിരുന്നു രണ്ടാമത്തെ നിറുത്തം... (ബുഖാരി റഹ്)

നിസ്‌ക്കാരത്തിന്റെ രൂപം 

ഗ്രഹണ നിസ്കാരത്തിന് മൂന്നു രൂപങ്ങളുണ്ട്.ഏറ്റവും ചുരുങ്ങിയ രൂപം,പൂർണ്ണ രൂപം,പരിപൂർണ്ണ രൂപം.

ഏറ്റവും ലളിതമായ രൂപം

സൂര്യ ഗ്രഹണ നിസ്കാരം രണ്ടു റക്അത്തു ഞാൻ നിസ്കരിക്കുന്നു, എന്ന് നിയ്യത്തു ചെയ്ത് സാധാരണ ളുഹ്റിന്റെ സുന്നത്തു നിസ്കരിക്കും വിധം രണ്ടു റക്അത്തു നിർവ്വഹിക്കുക..ഇത് എല്ലാവർക്കും സാധ്യമാകുന്ന രീതിയാണല്ലോ.


പൂർണ്ണ രൂപം

ഓരോ റക്അതുകളിലും രണ്ട് നിറുത്തവും രണ്ടു റുകൂഉം വരുന്ന രീതിയാണിത്.മൊത്തം നാലു ഖിയാമും(നിറുത്തം)നാല് റുകൂഉം ഉണ്ടാകും..വിശദീകരിക്കാം

നിയ്യത്തോട് കൂടി തക്ബീറത്തുൽ ഇഹ്റാം ചൊല്ലി പ്രാരംഭ പ്രാർത്ഥന(വജ്ജഹ്ത്തു പോലെയുള്ളത്)നിർവ്വഹിക്കുക.ശേഷം അഊദു ചൊല്ലി ഫാതിഹ ഓതുക..ഏതെങ്കിലുമൊരു സൂറത്തും..ശേഷം ഒന്നാമത്തെ റുകൂഉ നിവ്വഹിക്കുക, *സമിഅല്ലാഹു ലിമൻ ഹമിദഹു* ..എന്ന് ചൊല്ലിത്തന്നെ റുകൂഇൽ നിന്നുയരുക,സാധാരണ ഇഅതിദാലിൽ ചൊല്ലുന്ന *റബ്ബനാ ലകൽ ഹംദു*..എന്ന ദിക്ർ ചൊല്ലുക.ശേഷം വീണ്ടും അഊദു ചൊല്ലി ഫാതിഹ ഓതുക,അതിനു ശേഷം ഒരു ചെറിയ സൂറത്തും..വീണ്ടും റുകൂഇലേക്ക് പോകുകയും സമിഅള്ളാഹു..ചൊല്ലി ഇഅതിദാലിലേക്ക് വരികയും ചെയ്യുക..സാധാരണ പോലെ രണ്ടു സുജൂദ് നിർവഹിച്ചു രണ്ടാം റക്അത്തിലേക്കുയരുക.ഒന്നാം റക്അത്തിലെ പോലെത്തന്നെ ഇവിടെയും ആവർത്തിക്കുക..

ഇതാണ് പൂർണ്ണ രൂപമെന്നു നാം വിശേഷിപ്പിച്ച രണ്ടാമത്തെ രൂപം..

പരിപൂർണ്ണ രൂപം

രണ്ടാം രൂപത്തിലുള്ളത് പോലെത്തന്നെയാണ് ഇവിടെയുമുള്ളത്(ഓരോ റക്അത്തിലും രണ്ടു  ഖിയാമും രണ്ടു റുകൂഉം,അങ്ങനെ മൊത്തം നാലു ഖിയാമും നാലു റുകൂഉം.)പക്ഷേ,ഈ രൂപത്തിൽ സൂറത്തുകളും തസ്ബീഹുകളും ഇത്തിരി ദീർഘമാകും..അതാണ് വ്യത്യാസം..വിശദീകരിക്കാം...

നിയ്യത്തു ചെയ്ത് തക്ബീർ കെട്ടിയ ശേഷം ഒന്നാമത്തെ നിറുത്തത്തിൽ വജ്ജഹ്‌തു,അഊദു, ഫാതിഹ ഓതുക.ശേഷം സൂറത്തുൽ ബഖറഃയോ അതിന്റെ തോതോ ഓതുക.റുകൂഉ ചെയ്തു *സമിഅല്ലാഹു ലിമൻ ഹമിദഹു* എന്ന് ചൊല്ലി രണ്ടാമത്തെ ഖിയാമിലേക്ക് ഉയർന്ന് റബ്ബനാ ലകൽ ഹംദു..ചൊല്ലി,അഊദുവോടെ ഫാതിഹ ഓതുക,ശേഷം അൽ ബഖറഃയിലെ ഇരുന്നൂറ് ആയതിന് തുല്യമായ അത്രയും ആയത്തുകൾ ഓതുക.മൂന്നാമത്തെ ഖിയാമിൽ(രണ്ടാമത്തെ റക്അത്തിലെ ആദ്യ നിറുത്തതിൽ)അഊദു ചൊല്ലി ഫാതിഹ ഓതിയ ശേഷം അൽ ബഖറഃയിലെ നൂറ്റി അമ്പത് ആയത്തുകൾക്ക് തുല്യമായ ആയത്തുകൾ ഓതുക.പിന്നീട് റുകൂഉ നിർവ്വഹിച്ചു സമിഅല്ലാഹു..ചൊല്ലി ഉയരുക..റബ്ബനാ ലകൽ ഹംദു..ചൊല്ലിയ ശേഷം വീണ്ടും അഊദുവോടു കൂടി ഫാതിഹ ഓതുക,ശേഷം അൽ ബഖറഃയിലെ നൂറ് ആയത്തുകൾക്ക് തുല്യമായ അത്രയും ആയത്തുകൾ ഓതുക..

ആദ്യ റുകൂഇലും സുജൂദിലും ബഖറഃയിലെ നൂറു ആയത്തുകളുടെ തോതും,രണ്ടാമത്തേതിൽ എൺപത് ആയത്തുകളുടെ തോതും,മൂന്നാമത്തേതിൽ എഴുപത് ആയത്തുകളുടെ തോതും,നാലാമത്തേതിൽ അൻപത് ആയത്തുകളുടെ തോതും തസ്ബീഹ് ചൊല്ലുക...

ഗ്രഹണ നിസ്കാരത്തിൽ ജമാഅത്തു സുന്നത്തുണ്ട്..നിസ്കാരത്തിനു ശേഷം രണ്ടു ഖുതുബയും സുന്നത്താണ്..ഫർള്,സുന്നത്തുകളുടെ വിഷയത്തിൽ ഈ ഖുതുബയും ജുമുഅഃയുടെ ഖുതുബ പോലെത്തന്നെയാണ്...
പക്ഷേ,ജുമുഅഃയുടെ ഖുതുബക്കുള്ള ശർത്തുകൾ ഇവിടെ സുന്നത്തുകളാണ്....

പതുക്കെ ഓതേണ്ട നിസ്കാരമാണ് സൂര്യ ഗ്രഹണ നിസ്കാരം..ചന്ദ്ര ഗ്രഹണ നിസ്കാരം ഉറക്കെ ഓതിക്കൊണ്ടാണ് നിർവഹിക്കേണ്ടത്...

ഗ്രഹണാരംഭം മുതൽ നിസ്കാരത്തിന്റെ സമയമാകുന്നതും ഗ്രഹണം നീങ്ങുകയോ,ഗ്രഹണം ബാധിച്ച നിലയിൽ സൂര്യൻ അസ്തമിക്കുകയോ ചെയ്താൽ സൂര്യ ഗ്രഹണ നിസ്കാരത്തിന്റെ സമയം അവസാനിക്കുന്നതുമാണ്.



സൂര്യഗ്രഹണം എങ്ങനെ ഉണ്ടാകുന്നു?

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ സൂര്യനു നേരെ മുന്നിൽ വരുന്ന സന്ദർഭങ്ങളുണ്ടാകാം. ആ സമയത്ത് ചന്ദ്രൻ സൂര്യനെ ഭാഗികമായോ പൂർണമായോ മറച്ചേക്കാം. ഇതാണ് സൂര്യഗ്രഹണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ചന്ദ്രന്റെ നിഴൽ ഭൂമിയിൽ വീഴുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. ചന്ദ്രൻ ഭൂമിയെ അപേക്ഷിച്ച് ചെറുതായതിനാൽ ചന്ദ്രന്റെ നിഴൽ ഭൂമിയെ ഭാഗികമായി മാത്രമായിരിക്കും മറയ്ക്കുക. അതിനാൽ ആ ഭൂഭാഗങ്ങളിൽ മാത്രമാണ് സൂര്യഗ്രഹണം അനുഭവപ്പെടുക. അവിടങ്ങളിൽ ആ സമയത്ത് സൂര്യന്റെ വെളിച്ചം കുറയും.


എന്താണ് പൂർണ സൂര്യഗ്രഹണം( Total Solar Eclipse )

സൂര്യനെ ചന്ദ്രൻ പൂർണമായും മറയ്ക്കുന്നതാണ് പൂർണ സൂര്യഗ്രഹണം (total solar eclipse). സൂര്യകേന്ദ്രത്തിൽ നിന്ന് ചന്ദ്രന്റെ കേന്ദ്രത്തിലൂടെ ഒരു രേഖ സങ്കല്പിച്ചാൽ അത് ഭൂമിയിലൂടെ കടന്നുപോകുന്ന ഇടത്തിനോട് ചേർന്നു കിടക്കുന്നിടത്തു മാത്രമാണ് സമ്പൂർണ സൂര്യഗ്രഹണം അനുഭവപ്പെടുക. ഏറ്റവും അനുകൂല സാഹചര്യത്തിൽ പോലും ഒരിടത്ത് പരമാവധി 6, 7  മിനിട്ടിൽ താഴെ സമയം മാത്രമാണ് ഇതു കാണാൻ കഴിയുക. ഏറിയാൽ 270 കിമീ ചുറ്റളവിലും .കേരളത്തിൽ അടുത്ത കാലത്തൊന്നും പൂർണഗ്രഹണം ഉണ്ടായിട്ടില്ല. 


എന്താണ് വലയഗ്രഹണം (Annular Solar Eclipse )?

ചന്ദ്രൻ സൂര്യബിംബത്തിന്റെ അരികു ഭാഗം ഒഴികെ ബാക്കി മുഴുവൻ മറയ്ക്കുന്നതാണ് വലയഗ്രഹണം. ആ സമയത്ത് സൂര്യൻ ഒരു വലയരൂപത്തിൽ കാണുമെന്നതിനാലാണ് ഇതിനെ വലയഗ്രഹണം എന്നു പറയുന്നതു്.

സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ് ഏകദേശം അര ഡിഗ്രിയാണ്. കൂടുതൽ കൃത്യമായി പറഞ്ഞാൽ ഇത് ചന്ദ്രന്റെ കാര്യത്തിൽ 0.488 ഡിഗ്രി മുതൽ 0.568 ഡിഗ്രി വരെയാകാം. ഈ വ്യത്യാസത്തിനുള്ള കാരണം ചന്ദ്രൻ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ അവ തമ്മിലുള്ള അകലം കൂടുകയും കുറയുകയും ചെയ്യുന്നതാണ്. സൂര്യന്റെ കാര്യത്തിൽ ഇത് 0.527 ഡിഗ്രി മുതൽ 0.545 ഡിഗ്രി വരെയാകാം. സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂര വ്യതിയാനമാണ് ഈ വ്യത്യാസത്തിനു കാരണം. ഈ വ്യത്യാസങ്ങൾ കാരണം ഗ്രഹണം ഉണ്ടാകുന്ന ചില സന്ദർഭങ്ങളിൽ ചന്ദ്രബിംബം സൂര്യബിംബത്തേക്കാൾ ചെറുതായിരിക്കും. അപ്പോൾ സൂര്യബിംബം മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയ ഗ്രഹണമായി കാണുക. 2019 ഡിസംബറിൽ വടക്കൻ കേരളത്തിൽ നടക്കുന്നത് ഒരു വലയഗ്രഹണമാണ്. കേരളത്തിൽ മറ്റിടങ്ങളിൽ അത് ഭാഗിക ഗ്രഹണമായിരിക്കും.



എന്താണ് ഭാഗിക സൂര്യഗ്രഹണം (Partial  eclipse ) ?

സൂര്യനെ ചന്ദ്രൻ ഭാഗികമായി മറയ്ക്കുന്നതാണ് ഭാഗിക സൂര്യഗ്രഹണം.  ചന്ദ്രനുണ്ടാക്കുന്ന നിഴലിന്റെ തീവ്രത കുറഞ്ഞ ഭാഗം – അതായതു് ഉപഛായ, penumbra – മാത്രമാണ് പതിക്കുന്നതെങ്കിൽ അവിടെ നടക്കുന്നതു് ഭാഗിക ഗ്രഹണമായിരിക്കും.  പൂർണ ഗ്രഹണം നടക്കുന്ന ഇടങ്ങളുടെ ചുറ്റിലുമായി താരതമ്യേന വലിയൊരു ഭാഗത്ത് ഭാഗിക ഗ്രഹണം നടക്കും.




എന്താണ് സങ്കര (hybrid) സൂര്യഗ്രഹണം?

ഒരു സൂര്യഗ്രഹണം നടക്കുമ്പോൾ തന്നെ ചിലയിടങ്ങളിൽ അത് പൂർണ ഗ്രഹണമായും  മറ്റു ചിലയിടങ്ങളിൽ അത് വലയഗ്രഹണം ആയും കാണപ്പെടുന്ന പ്രതിഭാസമാണ് സങ്കര സൂര്യഗ്രഹണം. ഗ്രഹണം നടക്കുന്ന ഏതാനും മണിക്കൂറുകൾക്കകം തന്നെ ചന്ദ്രനും ഭൂമിയിൽ അതിന്റെ നിഴൽ വീഴുന്ന ഇടവും തമ്മിലുള്ള ദൂരത്തിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണമാകുന്നത്. പ്രഛായയും എതിർ ഛായയും (umbra and antumbra) തമ്മിൽ സന്ധിക്കുന്നിടത്തു കൂടെ ഭൂമി കടന്നു പോകുമ്പോഴാണ് ഇതു സംഭവിക്കുക. 
ഇതിനുള്ള സാദ്ധ്യത കുറവായതിനാൽ ഏകദേശം ഒരു ദശാബ്ദത്തിലൊരിക്കൽ എന്ന നിരക്കിൽ മാത്രമാണ് ഇതു സംഭവിക്കുക. നമ്മുടെ നാട്ടിൽ സമീപഭാവിയിലൊന്നും ഇത്തരം ഗ്രഹണം നടക്കില്ല.




സൂര്യഗ്രഹണം  എത്ര നേരം നീണ്ടുനിൽക്കും?

ഭാഗിക ഗ്രഹണം മണിക്കൂറുകൾ നീണ്ടു നിൽക്കാം. എന്നാൽ വലയഗ്രഹണമോ പൂർണ ഗ്രഹണമോ പരമാവധി 6 , 7 മിനിട്ടുകൾ മാത്രമാണ് നീണ്ടു നിൽക്കുക. ഡിസംബർ 26 ലെ ഗ്രഹണം പരമാവധി 3 മിനിട്ട് 40 സെക്കന്റാണ് നീണ്ടു നിൽ ക്കുക.

എല്ലാ കറുത്ത വാവിനും ഗ്രഹണമില്ലാത്തതു് എന്തുകൊണ്ട്?

സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുന്ന സന്ദർഭമാണ് കറുത്തവാവ് അഥവാ അമാവാസി. ആ സമയത്ത് ചന്ദ്രന്റെ ഒരു പകുതി ഭൂമിക്കു നേരെയും മറ്റേ പകുതി സൂര്യനു നേരെയും ആയിരിക്കും. അപ്പോൾ സൂര്യന്റെ നേരെയുള്ള പകുതിയിൽ വെളിച്ചമുണ്ടാകും. നമ്മുടെ നേരെ തിരിഞ്ഞിരിക്കുന്ന മറ്റേ പകുതിയിൽ സൂര്യപ്രകാശം വീഴാത്തതിനാൽ ഇരുട്ടായിരിക്കും. ചന്ദ്രൻ സ്വയം പ്രകാശം ഉണ്ടാക്കില്ല എന്നതിനാൽ നമുക്കാ സമയത്ത് ചന്ദ്രനെ കാണാൻ കഴിയില്ല. ഓരോ തവണ ചന്ദ്രൻ ഭൂമിയെ ചുറ്റിവരുമ്പോഴും ഒരിക്കൽ അമാവാസി ഉണ്ടാകും. ഒരു വർഷത്തിൽ പന്ത്രണ്ടോ പതിമൂന്നോ പ്രാവശ്യം ഇതു സംഭവിക്കാം.

ഇനി സൂര്യഗ്രഹണം സംഭവിക്കുന്നതെങ്ങനെയെന്നു നോക്കാം. അമാവാസി ദിവസങ്ങളിൽ ചന്ദ്രൻ സൂര്യനെ കടന്നു പോകുന്നതു് സൂര്യന്റെ നേരെ മുന്നിലൂടെയാണെങ്കിൽ ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യന്റെ ഒരു ഭാഗം ചന്ദ്രനാൽ മറഞ്ഞതായി കാണപ്പെടും. ഇതാണ് സൂര്യഗ്രഹണം. ഇത് എല്ലാ അമാവാസി ദിവസങ്ങളിലും സംഭവിക്കണമെന്നില്ല. ചിലപ്പോൾ ചന്ദ്രബിംബം സൂര്യബിംബത്തിന്റെ വടക്കുഭാഗത്തു കൂടെ കടന്നു പോകും. ചിലപ്പോഴൊക്കെ തെക്കുഭാഗത്തു കൂടെ കടന്നു പോകും. ചിലപ്പോൾ നേരെ മുന്നിലൂടെ കടന്നുപോകുമ്പോൾ സൂര്യബിംബം ഭാഗികമായോ പൂർണമായോ കുറച്ചു നേരത്തേക്കു മറയും. അതാണ് സൂര്യഗ്രഹണം. ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതലവും ഭൂമി സൂര്യനെ ചുറ്റുന്നതലവും തമ്മിൽ 5 ഡിഗ്രിയുടെ ചെറിയൊരു ചരിവുണ്ട്. അതിനാലാണ് ഇങ്ങനെ ചിലപ്പോൾ മാത്രം അമാവാസി നാളുകളിൽ സൂര്യഗ്രഹണം സംഭവിക്കുന്നത്. 

ഈ കാരണം കൊണ്ടു തന്നെയാണ് എല്ലാ പൗർണമി നാളുകളിലും (വെളുത്ത വാവ്) ചന്ദ്രഗ്രഹണം ഉണ്ടാകാത്തതും.


ചന്ദ്രഗ്രഹണം എങ്ങനെ ഉണ്ടാകുന്നു?

ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിനിടയിൽ ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുന്നതാണ് ചന്ദ്രഗ്രഹണം. ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിലാകുന്നത് പൂർണ ചന്ദ്രഗ്രഹണം. ആ സമയത്ത് ചന്ദ്രനിൽ നിന്നു നോക്കിയാൽ സൂര്യനെ കാണാനേ കഴിയില്ല.  



എന്താണ് പൂർണ ചന്ദ്രഗ്രഹണം?

ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിൽ (umbra) പെടുന്നതാണ് പൂർണ ചന്ദ്രഗ്രഹണം. ആ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് വിസരണവും അപവർത്തനവും വഴി അവിടെ എത്തുന്ന വെളിച്ചത്തിൽ ചന്ദ്രൻ മങ്ങിയ ചെമ്പുനിറത്തിൽ കാണപ്പെടും.

എന്താണ് ഭാഗിക ചന്ദ്രഗ്രഹണം ?

ചന്ദ്രൻ ഭൂമിയുടെ നിഴലിൽ (ഛായ, umbra) ഭാഗികമായി വരുമ്പോഴാണ് ഭാഗികചന്ദ്രഗ്രഹണം ഉണ്ടാകുക.

വലയ ചന്ദ്രഗ്രഹണം എന്നൊന്നുണ്ടോ?

ഇല്ല. ഭൂമിയുടെ നിഴലിന്റെ (umbra) നീളത്തേക്കാൾ കുറവാണ് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം എന്നതാണ് ഇതിനു കാരണം.

ഒരു വർഷം എത്ര സൂര്യഗ്രഹണം വരെയുണ്ടാകാം?

സാധാരണഗതിയിൽ ഒരു കലണ്ടർ വര്ഷം രണ്ട്  സൂര്യ ഗ്രഹണങ്ങൾ ഉണ്ടാകും. 2019 ൽ 3 ഗ്രഹണങ്ങളാണ് സംഭവിക്കുക. ജനുവരി 6 ന് ഒരു ഭാഗിക  ഗ്രഹണം ഉണ്ടായിരുന്നു. ജൂലൈ 2 നു ഒരുപൂർണഗ്രഹണവും നടന്നു. ഇത് കൂടാതെയാണ് ഡിസംബറിലെ ഗ്രഹണം.  അപൂർവമായി 5 സൂര്യ ഗ്രഹണങ്ങൾ വരെ ഒരുവർഷം ഉണ്ടാകും. 1935 ൽ ഇത് സംഭവിച്ചിട്ടുണ്ട്. 1935 ൽ ജനുവരി 5 , ഫെബ്രുവരി 3 , ജൂൺ  30 , ജൂലൈ 30 , ഡിസംബർ 25 എന്നീ തീയതികളിൽ സൂര്യഗ്രഹണം നടന്നു. ഇതിൽ ആദ്യത്തെ 4 എണ്ണം ഭാഗിക ഗ്രഹണങ്ങളും അവസാനത്തേത് വലയ ഗ്രഹണവും ആയിരുന്നു. ഇനി ഇതുപോലെ 5 സൂര്യഗ്രഹണ ങ്ങൾ ഉണ്ടാവുക  2206 ലാണ്.


സൂര്യഗ്രഹണ സമയത്ത് സൂര്യനെ നോക്കാമോ?

നേരിട്ടു നോക്കരുത്. ഗ്രഹണം ഉണ്ടെങ്കിലും ഇല്ലെങ്കിലും സൂര്യനെ നേരിട്ടു നോക്കരുത്, അതു നല്ലതല്ല. എന്നാൽ അതിനായി തയ്യാറാക്കിയിട്ടുള്ള പ്രത്യേക കണ്ണട വെച്ചോ പ്രൊജക്ഷൻ രീതികൾ ഉപയോഗിച്ചോ സൂര്യനെ കാണാം, തീർച്ചയായും കാണണം.


സൂര്യഗ്രഹണം നോക്കാനുള്ള കണ്ണടകൾ എന്തുതരം?

സൂര്യപ്രകാശത്തിന്റെ 99.99 ശതമാനത്തിലധികം ഭാഗത്തേയും തടയുന്നതരം ഫിൽട്ടറുകൾ ഉപയോഗിക്കുന്ന പ്രത്യേക കണ്ണടകൾ ഇതിനു യോജിച്ചതാണ്. അലൂമിനിയം പൂശിയ പ്ലാസ്റ്റിക്ക് ഷീറ്റുകൾ ഒന്നിലധികം അടുക്കിവെച്ച്  ഉണ്ടാക്കുന്ന ഫിൽട്ടറുകൾ ലഭ്യമാണ്.


സാധാരണ കണ്ണടയുടെ കൂടെ ഇത്തരം കണ്ണടകൾ ഉപയോഗിക്കാമോ?

സാധാരണ കണ്ണടകളുടെ പുറത്തു ഘടിപ്പിച്ച് ഇവ ഉപയോഗിക്കാം.

ഗ്രഹണക്കണ്ണടകൾ വെച്ച് സൂര്യനെ ടെലിസ്കോപ്പിലൂടെ നോക്കാമോ?

ഇല്ല. അത് അപകടകരമായേക്കാം. ബൈനോക്കുലറിലൂടെയൊ ടെലിസ്കോപ്പിലൂടെയൊ യാതൊരു കാരണവശാലും സൂര്യനെ നേരിട്ടുനോക്കരുത്. ഗ്രഹണം കാണാൻ ഇവ ഉപയോഗിക്കുന്നതിന് വിദഗ്ധരുടെ സഹായം തേടുക.

എക്സ് റേ ഫിലിമിലൂടെ നോക്കിയാൽ കുഴപ്പമുണ്ടോ?

കുഴപ്പമുണ്ടായേക്കാം. എക്സ്-റേ ഫിലിമിന്റെ എല്ലാ ഭാഗവും ഒരു പോലെ ഇരുണ്ടതായിരിക്കില്ല എന്നതിനാൽ ഇത് ശുപാർശ ചെയ്യുന്നില്ല.

വെൽഡിങ് ഗ്ലാസ് ഉപയോഗിച്ചു നോക്കാമോ?

12,13, 14 ഷേഡ് ഉള്ളവ ഉപയോഗിച്ച് കുറച്ചു നേരം നോക്കാം. പക്ഷെ  വെൽഡർമാർ ഉപയോഗിക്കുന്ന ഷേഡ് കുറഞ്ഞവ അനുയോജ്യമല്ല. 

ചാണകവെള്ളത്തിൽ സൂര്യഗ്രഹണം കണ്ടാൽ കുഴപ്പമുണ്ടോ?

ചാണകവെള്ളത്തിലും മഷി കലക്കിയ വെള്ളത്തിലും പ്രതിഫലിക്കുന്ന സൂര്യ പ്രതിബിംബത്തിന്റെ പ്രകാശ തീവ്രതയിൽ കാര്യമായ കുറവൊന്നും വരുന്നില്ല. അതുകൊണ്ട് ഇത് വേണ്ടത്ര സുരക്ഷിതമല്ലാത്ത ഒരു പഴഞ്ചൻ രീതിയാണ്. അത് വേണ്ട. 

ഗ്രഹണസമയത്ത് നക്ഷത്രങ്ങൾ കാണാൻ കഴിയുമോ?

ഡിസംബർ 26-നു നടക്കുന്ന വലയസൂര്യഗ്രഹണ സമയത്ത് അതു കഴിയില്ല. എന്നാൽ പൂർണ സൂര്യഗ്രഹണം നടക്കുന്ന സ്ഥലങ്ങളിൽ കുറച്ചു നേരത്തേക്ക് അതിനു കഴിയും.

ഗ്രഹണസമയത്ത് കണ്ടുപിടുത്തങ്ങൾ നടത്താൻ കഴിയുമോ?

മുൻകാലങ്ങളിൽ ഗ്രഹണം ഒരു അവസരം ആയി ഉപയോഗിച്ചു കൊണ്ട് ശാസ്ത്രജ്ഞർ പല കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുണ്ട്. ഉദാഹരണമായി ഹീലിയത്തെ ആദ്യമായി കണ്ടെത്തിയത് ഒരു സൂര്യഗ്രഹണ സമയത്തു സൂര്യന്റെ വർണരാജി പഠിച്ചപ്പോഴാണ്. ജൂൾസ് ജാൻസൺ എന്ന ഫ്രഞ്ചുകാരനായ ശാസ്ത്രജ്ഞൻ ഇന്ത്യയിലെ ഗുൺടൂരിൽ വന്നു ഒരു പൂർണസൂര്യഗ്രഹണം നിരീക്ഷിച്ചതിൽ നിന്നാണ് ഇത് സാധ്യമായത്.  1919 മെയ് മാസത്തിൽ നടന്ന ഒരു സൂര്യഗ്രഹണത്തിനോട് അനുബന്ധിച്ചു നടത്തിയ പഠനത്തിൽ നിന്നാണ് ഗുരുത്വബലത്താൽ പ്രകാശത്തിന്റെ പാത വളയുമെന്ന ഐൻസ്റ്റൈന്റെ സിദ്ധാന്തം ശരിയാണെന്നു സ്ഥാപിച്ചത്. 

ഗ്രഹണസമയത്ത് മാരകമായ രശ്മികൾ ഭൂമിയിൽ പതിക്കുമെന്നത് ശരിയോ?

ശരിയല്ല. സാധാരണ സമയങ്ങളിൽ സൂര്യനിൽ നിന്നു വരുന്ന രശ്മികൾ തന്നെയാണ് ആ സമയത്തും വരിക. മാത്രവുമല്ല അങ്ങനെ വരുന്ന രശ്മികളിൽ നല്ലൊരുഭാഗത്തെ ചന്ദ്രൻ തടയുകയാണ് ചെയ്യുന്നത്. ഇങ്ങനെ സൂര്യരശ്മികളെ ചന്ദ്രൻ തടയുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുക. 


കൂളിംഗ് ഗ്ലാസ് എന്നറിയപ്പെടുന്ന കറുത്തകണ്ണടകൾ വെച്ച്  സൂര്യഗ്രഹണം കാണാമോ?

തീർച്ചയായും പാടില്ല. ഇത്തരം കണ്ണടകൾ കുറച്ചുപ്രകാശത്തെമാത്രമാണ് തടയുക. അത് പോരാ. സൂര്യഗ്രഹണം കാണാൻ ഉപയോഗിക്കുന്ന കണ്ണടകൾ പ്രകാശത്തിന്റെ 99 .99 % ഭാഗത്തെയും തടയുന്നതാണ് അഭികാമ്യം.  

ചന്ദ്രന്റെ 400 ഇരട്ടി വലിപ്പമുണ്ട് സൂര്യന് എന്നു പറയുന്നത് ശരിയാണോ?

400 ഇരട്ടി വ്യാസം എന്നു പറഞ്ഞാൽ ശരിയാണ്. (കുറച്ചു കൂടി കൃത്യമാക്കിയാൽ 400.6 ഇരട്ടി),. വ്യാപ്ത (ഉള്ളളവ് ) ത്തിലുള്ള അനുപാതം എടുത്താൽ അത് 400 *400 *400 = 64000000 ഇരട്ടി വരും. സൂര്യന്റെ വ്യാസം 13.92 ലക്ഷം കിലോമീറ്റർ. ചന്ദ്രന്റെ വ്യാസം 3474.8 കിലോമീറ്റർ). കാഴ്ചയിൽ ഈ വലിപ്പ വ്യത്യാസം തോന്നാതിരിക്കാൻ കാരണം ദൂരത്തിലും ഇതുപോലെ വലിയ വ്യത്യാസം ഉണ്ടെന്നതാണ്.

ഗ്രഹണ സമയത്ത് വേലിയേറ്റവും വേലിയിറക്കവും കൂടുതൽ ശക്തമാകുമോ?

വേലിയേറ്റവും വേലിയിറക്കവും വാവിന്റെ ദിവസങ്ങളിൽ താരതമ്യേന ശക്തമാകാറുണ്ട്. സൂര്യനും ഭൂമിയും ചന്ദ്രനും ഏതാണ്ട് ഒരേ രേഖയിൽ വരുന്നതാണ് ഇതിനു കാരണം. സൂര്യഗ്രഹണം നടക്കുന്നതു് കറുത്തവാവിന്റെ ദിവസമായതിനാൽ സ്വാഭാവികമായും വേലികൾക്ക് തീവ്രത കുറച്ചു കൂടും. എന്നാൽ ഭയങ്കരമായ വ്യത്യാസമൊന്നും പ്രതീക്ഷിക്കേണ്ട.

ഏതുതരം ഗ്രഹണങ്ങളാണ് കൂടുതൽ ഉണ്ടാവുക? സൂര്യഗ്രഹണമോ അതോ ചന്ദ്രഗ്രഹണമോ?

ഇക്കാര്യത്തിൽ വലിയ അന്തരം ഇല്ല. ഉദാഹരണത്തിന് 1901 മുതൽ 2001 വരെയുള്ള 100 വർഷത്തിനിടയിൽ 228 സൂര്യഗ്രഹണങ്ങളും 228 ചന്ദ്രഗ്രഹണങ്ങളും ഉണ്ടായി. എന്നാൽ ഒരു കാര്യം ഇവിടെ ഓർക്കണം. ചന്ദ്രഗ്രഹണം  നടക്കുമ്പോൾ ഭൂമിയിൽ വലിയൊരു ഭാഗം പ്രദേശത്ത് (ആ സമയത്ത് രാത്രിയായിട്ടുള്ള എല്ലാ ഇടങ്ങളിലും) കാണാൻ കഴിയും. അതേസമയം സൂര്യഗ്രഹണം കുറച്ചിടങ്ങളിൽ ഉള്ളവർക്ക് മാത്രമേ കാണാൻ കഴിയൂ. ഭൂമിയുടെ നിഴലിനെ അപേക്ഷിച്ചു ചന്ദ്രന്റെ നിഴലിന്റെ വലിപ്പം കുറവാണെന്നതാണ് ഇതിനു കാരണം

ഗ്രഹണം സംബന്ധിച്ച പഴയ സങ്കൽപം (മിത്തുകൾ) എന്തായിരുന്നു?

ശാസ്ത്രീയമായ ധാരണകൾ നിലവിൽ വരുന്നതിനു മുമ്പായി രസകരമായ പല മിത്തുകളും ഗ്രഹണത്തെ സംബന്ധിച്ച് ഉണ്ടായിരുന്നു. പിന്നീട് ഇതിലെ അബദ്ധങ്ങൾ  നാം തിരിച്ചറിഞ്ഞു. രാഹു, കേതു എന്നീ പാമ്പുകൾ സുര്യനെ വിഴുങ്ങുന്നതാണ് സൂര്യഗ്രഹണം എന്നൊരു മിത്ത് ഇന്ത്യയിൽ ഉണ്ടായിരുന്നു. വിയറ്റ്നാമിലെ ഒരുമിത്ത്  അനുസരിച്ച് ഒരു തവളയാണ് സൂര്യനെശാപ്പിടുക. ചൈനയിൽ അത് ഒരു വ്യാളിയുടെ (ഡ്രാഗൺ) ജോലിയാണ്.

ഗ്രഹണത്തെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചത് :https://luca.co.in/
തയ്യാറാക്കിയത് : ഡോ.എൻ ഷാജി)


ഗ്രഹണ നിസ്‌ക്കാരത്തിന്റെ ഖുത്തുബ

خطبة مختصرة لصلاة الكسوف








രണ്ടാം ഖുതുബ








خطبة النباتية لصلاة الكسوف













രണ്ടാം ഖുതുബ









സൂര്യഗ്രഹണം നടക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങള്‍

1. ഒരിക്കലും സൂര്യഗ്രഹണം നഗ്ന നേത്രങ്ങള്‍ കൊണ്ടു നോക്കരുത്.

2. അള്‍ട്രാവയലെറ്റ് രശ്മികള്‍ ഭാഗികമായി കാഴ്‌ച നഷ്ടപ്പെടുത്തിയേക്കാം: ഇതിനു ചികിത്സയില്ല.

3. കൂളിംഗ് ഗ്ലാസു കൊണ്ടോ എക്സ് റേ ഫിലിം ഉപയോഗിച്ചോ സൂര്യനെ നോക്കാന്‍ ശ്രമിക്കരുത്.

4. യാതൊരു കാരണവശാലും ബൈനോക്കുലര്‍ , ടെലിസ്കോപ്പ് , ക്യാമെറ എന്നിവയിലൂടെ നേരിട്ട് സൂര്യനെ നോക്കരുത്. ഇവയുടെ ശക്തിയേറിയ ലെന്‍സുകള്‍ കൂടുതല്‍ UV രശ്മികള്‍ കണ്ണിലേയ്ക്ക് കടത്തി വിടും എന്നോര്‍ക്കുക.

5. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം, ഒരു ത്രില്ലിനു വേണ്ടി നമ്മുടെ കണ്ണു വെട്ടിച്ച്‌ അവര്‍ ഗ്രഹണസമയത്ത് സൂര്യനെ നോക്കാനിടയുണ്ട് .

6. ISO-12312-2 ഗ്രേഡ് ഉള്ള സോളാര്‍ ഫില്‍റ്റര്‍ കണ്ണടകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഗ്രഹണം നേരിട്ടു കാണാന്‍ പാടുള്ളൂ .

7. നിലവാരമില്ലാത്ത പ്ലാസ്റ്റിക് കണ്ണടകള്‍ ഉപയോഗിക്കരുത്, അവ വില്‍ക്കുന്നവര്‍ക്ക് നമ്മുടെ കാഴ്ച നഷ്ടപ്പെട്ടാല്‍ യാതൊരു ബാധ്യതയും ഇല്ല എന്നോര്‍ക്കുക.

8. സാധാരണ ഗതിയില്‍ സൂര്യന്‍ തലയ്ക്കു മീതെ എത്തുമ്ബോഴാണ് UV രശ്മികള്‍ തീവ്രമാവുന്നത്. എന്നാല്‍ ആ സമയത്ത്‌ സ്വാഭാവികമായും ആര്‍ക്കും സൂര്യനെ നേരിട്ടു നോക്കാന്‍ സാധിക്കുകയില്ല. ഇനി അഥവാ ഒന്നു നോക്കിപ്പോയാലും കണ്ണിന്റെ കൃഷ്ണമണി (pupil) ചുരുങ്ങി UV രശ്മികള്‍ അധികം ഉള്ളില്‍ കയറാതെ സംരക്ഷിച്ചു കൊള്ളും.

9. ഗ്രഹണ സമയത്തു ചന്ദ്രന്‍ മറയുന്നതിനാല്‍ നമുക്ക് നേരിട്ടു സൂര്യനെ നോക്കാന്‍ വിഷമം ഉണ്ടാവില്ല. എന്നാല്‍, തീവ്രതയോടെ വരുന്ന uv രശ്മികള്‍ തുറന്ന കൃഷ്ണമണിയില്‍ കൂടി തടസ്സമില്ലാതെ കടന്ന് കണ്ണുകളില്‍ പതിയും എന്നോര്‍ക്കുക.

(അസ്തമയം, ഉദയം ഈ വേളകളില്‍ ദൂരം മൂലം പ്രകാശ രശ്മികളുടെ തീവ്രത കുറവായതിനാല്‍ നമുക്കു സൂര്യനെ സുരക്ഷിതമായി നേരിട്ടു നോക്കാനാവുന്നു) 

(ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ- കൊച്ചിൻ ബ്രാഞ്ച് - 2019-2020 -Dr : എസ് ജെ സായികുമാർ , Dr : രാജീവ് ജയദേവൻ) 

No comments:

Post a Comment