Friday 12 June 2020

മൃഗ സമീപനത്തിലെ ഇസ്‌ലാമിക വശം




ഒരിക്കൽ ഒരു സ്വഹാബി ചോദിച്ചു. 

” മൃഗങ്ങൾ കാരണമായും ഞങ്ങൾക്ക് പ്രതിഫലത്തിന് വഴിയുണ്ടെന്നോ?”

തിരുനബി(സ) പ്രതിവചിച്ചു.

“അതെ, എല്ലാ അലിവുള്ള ഹൃദയങ്ങൾക്കും കൂലിയുണ്ട്.”

"ഭൂമിയിലെ ഏതൊരു ജന്തുവും രണ്ടു ചിറകുകളാല്‍ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ചില സമുദായങ്ങള്‍ മാത്രമാകുന്നു.'' (ഖുര്‍ആന്‍ 6: 38)

"ജനം സകാത്ത് നല്കാതിരുന്നാല്‍ മഴ നിലക്കുമായിരുന്നു. ജന്തുക്കള്‍ കാരണമായാണ് എന്നിട്ടും മഴ വര്‍ഷിക്കുന്നത്.'' (ഇബ്‌നുമാജ റഹ്)


"ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകവേ ദാഹിച്ചുവലഞ്ഞു. അയാള്‍ അവിടെ ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുവന്നപ്പോള്‍ ഒരു നായ ദാഹാധിക്യത്താല്‍ മണ്ണ് കപ്പുന്നതു കണ്ടു. 'ഈ നായക്ക് കഠിനമായ ദാഹമുണ്ട്; എനിക്കുണ്ടായിരുന്ന പോലെ!' എന്ന് ആത്മഗതം ചെയ്ത് അയാള്‍ കിണറ്റിലിറങ്ങി. ഷൂവില്‍ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചുപിടിച്ച് കരക്കുകയറി നായയെ കുടിപ്പിച്ചു. ഇതിന്റെ പേരില്‍ അല്ലാഹു അയാളോട് നന്ദികാണിച്ചു. അയാള്‍ക്കു പൊറുത്തു കൊടുത്തു.'' ഇതുകേട്ട് അവിടത്തെ അനുചരന്മാര്‍ ചോദിച്ചു: മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്കു പ്രതിഫലമുണ്ടോ? പ്രവാചകന്‍ പ്രതിവചിച്ചു: പച്ചക്കരളുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങള്‍ക്കു പ്രതിഫലമുണ്ട്.'' (ബുഖാരി, മുസ്‌ലിം റഹ്)

"ഒരു നായ കിണറ്റിനുചുറ്റും ഓടിനടക്കുകയായിരുന്നു. കഠിനമായ ദാഹം കാരണം അതു ചാവാറായിരുന്നു. അതുകണ്ട ഇസ്‌റാഈല്യരില്‍ പെട്ട ഒരു വ്യഭിചാരി തന്റെ ഷൂ അഴിച്ച് അതില്‍ വെള്ളമെടുത്ത് അതിനെ കുടിപ്പിക്കുകയും സ്വയം കുടിക്കുകയും ചെയ്തു. അതിന്റെ പേരില്‍ അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുത്തു.'' (ബുഖാരി റഹ്)

"പൂച്ച കാരണം ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. അവളതിനെ വിശന്നു ചാകുവോളം കെട്ടിയിട്ടു. അങ്ങനെ അവര്‍ നരകാവകാശിയായി.'' (ബുഖാരി, മുസ്‌ലിം റഹ്)

"ഒരു കുരുവിയെയോ അതിനെക്കാള്‍ ചെറിയ ജീവിയെയോ അന്യായമായി വധിക്കുന്നത് അല്ലാഹുവോട് ഉത്തരം പറയേണ്ട കാര്യമാണ്. 'ന്യായമായ ആവശ്യമെന്തെന്ന്' ചോദിച്ചപ്പോള്‍ അവിടന്ന് പറഞ്ഞു: ഭക്ഷണമുണ്ടാക്കലും ബലിയറുക്കലും കൊന്നശേഷം വെറുതെ ഉപേക്ഷിക്കാതിരിക്കലും.'' (അഹ്മദ് റഹ്)

വിനോദത്തിന് ജീവികളെ കൊല്ലുന്നതും പരസ്പരം പോരടിപ്പിച്ച് മത്സരിപ്പിക്കുന്നതും പ്രവാചകന്‍ നിരോധിച്ചിരിക്കുന്നു. (മുസ്‌ലിം, തിര്‍മുദി റഹ് )

മൃഗങ്ങളെ കല്ലെറിയുന്നതും തേനീച്ച, ഉറുമ്പ്, കുരുവി പോലുള്ളവയെ കൊല്ലുന്നതും അവിടന്ന് വിലക്കിയിരിക്കുന്നു. (മുസ്‌ലിം, അബൂദാവൂദ് റഹ്)

"ആരെങ്കിലും ഒരു പക്ഷിയെ അനാവശ്യമായി വധിച്ചാല്‍ അന്ത്യദിനത്തില്‍ അത് അലമുറയിട്ടുകൊണ്ട് അല്ലാഹുവോട് പറയും: എന്റെ നാഥാ! ഇന്നയാള്‍ എന്നെ അനാവശ്യമായി കൊന്നിരിക്കുന്നു. ഉപയോഗത്തിനു വേണ്ടിയല്ല അയാളെന്നെ വധിച്ചത്.'' (നസാഈ, ഇബ്‌നുഹിബ്ബാന്‍ റഹ് )

മരത്തിനുനേരെ കല്ലെറിഞ്ഞ കുട്ടിയോട് അവിടന്ന് പറഞ്ഞു: "ഇനിമേല്‍ നീ ഒരു മരത്തേയും കല്ലെറിയരുത്. കല്ലുകൊണ്ടാല്‍ അതിനു വേദനിക്കും.''

തണുപ്പകറ്റാന്‍ തീയിട്ട അനുചരന്മാരോട്, ഉറുമ്പ് കരിയാന്‍ കാരണമാകുമോ എന്ന ആശങ്കയാല്‍ അത് കെടുത്താന്‍ കല്പിക്കുകയും ഒട്ടകത്തെ കെട്ടിയിട്ട് അതിന് ആഹാരം നല്‍കാതെ പട്ടിണിക്കിട്ടവനെ ശക്തമായി ശാസിക്കുകയും മൃഗങ്ങളുടെ മുഖത്ത് മുദ്രവെക്കുന്നതും പുറത്ത് ചൂടുവെക്കുന്നതും വിലക്കുകയും ജന്തുക്കളുടെ പുറംഭാഗം 'ഇരിപ്പിട'മാക്കരുതെന്ന്

”കാലികളേയും അവന്‍ പടച്ചു. ചൂടേല്‍ക്കാനുള്ള കമ്പിളിയും മറ്റുപകാരങ്ങളും നിങ്ങള്‍ക്കവയില്‍ നിന്നു കിട്ടും. അവയില്‍ നിന്ന് തന്നെ നിങ്ങള്‍ ആഹരിക്കുന്നു. സന്ധ്യക്കും പ്രഭാതത്തിലും (അവയെ)തെളിച്ചു കൊണ്ടു പോകുമ്പോള്‍ നിങ്ങള്‍ക്കവയില്‍ കൗതുകം ജനിക്കുന്നുണ്ട്. സാഹസപ്പെട്ടല്ലാതെ ചെന്നെത്താന്‍ കഴിയാത്ത നാടുകളിലേക്ക് നിങ്ങളുടെ ചുമടുകള്‍ വഹിക്കുന്നതവയാണ്. നിങ്ങളുടെ നാഥന്‍ ഏറെ ദയാലുവത്രെ. കുതിര, കോവര്‍ കഴുത, കഴുത എന്നിവയുമവന്‍ സൃഷ്ടിച്ചു. നിങ്ങള്‍ക്ക് വാഹനമാക്കാനും അലങ്കാരത്തിനുമായി”(നഹ്‌ല് 5-8).

കാലികളില്‍ നിന്ന് ഭാരം ചുമക്കുന്നവയും അറുത്ത് ഭക്ഷിക്കാനുള്ളവയും(അവന്‍ സൃഷ്ടിച്ചിരിക്കുന്നു)- (അന്‍ആം 147). 

അല്ലാഹു ﷻ ആദരിക്കുകയും അവന്റെ പ്രതിനിധിയായി ഭൂമിയില്‍ അധിവസിപ്പിക്കുകയും ചെയ്ത മനുഷ്യ കുലത്തിന് അവരുടെ ജീവിത സംഹിതയായി അല്ലാഹു ﷻ സംവിധാനിച്ചതാണ് വിശുദ്ധ ഇസ്‌ലാം. പ്രപഞ്ചവും അതിലുള്ള സര്‍വ്വവും ആ മനുഷ്യന് വേണ്ടിയാണ് അല്ലാഹു ﷻ സൃഷ്ടിച്ചു വെച്ചത്. ഭൂമിയിലുള്ളതെല്ലാം സൃഷ്ടിക്കുകയും ഏഴാകാശങ്ങളായി ഉപരിലോകത്തെ അവന്‍ സംവിധാനിച്ചതുമെല്ലാം മനുഷ്യന് വേണ്ടിയാണ്.

മനുഷ്യകുലത്തിനാകമാനമുള്ള വിശുദ്ധമതം അവരുടെ ജീവിതരേഖ കൃത്യമായി വരച്ചു കാണിച്ചിട്ടുണ്ട്. വൈയക്തിക, സാമൂഹിക, കൗടുംബിക ഇടപെടലുകളിലെ രീതി ശാസ്ത്രം പഠിപ്പിക്കുന്നതോടൊപ്പം പ്രപഞ്ചത്തോടും മനുഷ്യേതര ജീവികളോടുമുള്ള അവന്റെ നിലപാടും വളച്ചു കെട്ടില്ലാതെ ആ മതം വിശദീകരിക്കുന്നു. ജീവികളോടുള്ള ഇസ്‌ലാമിന്റെ സമീപനമാണ് ഇവിടെ നാം ചര്‍ച്ചയാക്കുന്നത്. മൃഗങ്ങളെയും പക്ഷികളേയും മനുഷ്യവര്‍ഗത്തെ പോലെ ഒരു വിഭാഗമായി ഗണിക്കാനാണ് ഇസ്‌ലാം വിപാവനം ചെയ്യുന്നത്.


وَمَا مِن دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِي الْكِتَابِ مِن شَيْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ

''ഭൂമിയിലുള്ള ഏതൊരു മൃഗവും രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു. ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലിലേക്ക് അവര്‍ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്..."
(അല്‍അന്‍ആം 38)

മനുഷ്യരുടെ പരസ്പര പെരുമാറ്റത്തിലുണ്ടാവേണ്ട ലാളിത്യവും കാരുണ്യവുമെല്ലാം ഈ ജീവികളോടുമുണ്ടാവണമെന്ന വലിയ പാഠമാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്.

ജീവനുള്ള ഏതൊരു വസ്തുവിനോടും നിങ്ങള്‍ നല്ല രീതിയില്‍ വര്‍ത്തിക്കണമെന്ന ഇസ്‌ലാമികാധ്യാപനത്തില്‍ നിന്ന് തന്നെ മൃഗങ്ങളോടുള്ള ഇസ്‌ലാമിക സമീപനം കൃത്യമായി വായിക്കാവുന്നതാണ്. വിശുദ്ധ ഇസ്‌ലാമിന്റെ ആധികാരിക ഗ്രന്ഥമായ ഖുര്‍ആനില്‍ 114 അധ്യായങ്ങളില്‍ ഏറ്റവും വലിയ അധ്യായത്തിന് അല്‍ബഖറ (പശു) യെന്നും മറ്റൊരധ്യായത്തിന് അല്‍അന്‍ആം (മൃഗങ്ങള്‍) എന്നുമാണ് നാമകരണം ചെയ്തിരിക്കുന്നത്.

മൃഗങ്ങള്‍ മനുഷ്യവിഭാഗത്തിനുള്ള വലിയ അനുഗ്രഹങ്ങളാണെന്നും അവയോടുള്ള പെരുമാറ്റം കാരുണ്യത്തോടെയായിരിക്കണമെന്നും ഉത്‌ബോധിപ്പിക്കുന്ന സൂറതുല്‍അന്‍ആമില്‍ അവയോടുള്ള മോശമായ സമീപന രീതി ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നു.

പ്രപഞ്ചത്തേയും അതിലുള്ള വസ്തുക്കളെയും അല്ലാഹു ﷻ സംവിധാനിച്ചത് മനുഷ്യന് വേണ്ടിയാണെന്ന് നാം സൂചിപ്പിച്ചു. മൃഗങ്ങളേയും അവന്‍ സൃഷ്ടിച്ചത് അവര്‍ക്ക് വേണ്ടിയാണെന്ന് ഖുര്‍ആന്‍ സ്പഷ്ടമാക്കുന്നുണ്ട്. അവയില്‍ അവന് വാഹനമായി ഉപയോഗിക്കാനുള്ളതും അറുത്തു ഭക്ഷിക്കാവുന്നതും കുടിക്കാനുള്ള പാല്‍ നല്‍കുന്നവയും കമ്പിളിപ്പുതപ്പും മറ്റും നിര്‍മ്മിക്കാനുള്ള രോമം നല്‍കുന്നവയുമെല്ലാമുണ്ട്...

''അവര്‍ ചിന്തിക്കുന്നില്ലേ?!, നാം സ്വന്തമായിത്തന്നെ അവര്‍ക്ക് വേണ്ടി കാലികളെ സൃഷ്ടിക്കുകയും അവര്‍ക്കവ ഉടമപ്പെടുത്തുകയും കീഴ്‌പ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ചിലതിലവര്‍ യാത്ര ചെയ്യുന്നു. ചിലത് ആഹാരമാക്കുന്നു. വേറെയും ഉപകാരങ്ങളും പാനീയങ്ങളും അവര്‍ക്കതിലുണ്ട്, ഇതിനൊന്നും കൃതജ്ഞരാകുന്നില്ലേ അവര്‍?''(യാസീന്‍ 71-73)

''കാലികളേയും അവന്‍ പടച്ചു. ചൂടേല്‍ക്കാനുള്ള കമ്പിളിയും മറ്റുപകാരങ്ങളും നിങ്ങള്‍ക്കവയില്‍ നിന്നു കിട്ടും. അവയില്‍ നിന്ന് തന്നെ നിങ്ങള്‍ ആഹരിക്കുന്നു. സന്ധ്യക്കും പ്രഭാതത്തിലും (അവയെ) തെളിച്ചു കൊണ്ടു പോകുമ്പോള്‍ നിങ്ങള്‍ക്കവയില്‍ കൗതുകം ജനിക്കുന്നുണ്ട്. സാഹസപ്പെട്ടല്ലാതെ ചെന്നെത്താന്‍ കഴിയാത്ത നാടുകളിലേക്ക് നിങ്ങളുടെ ചുമടുകള്‍ വഹിക്കുന്നതവയാണ്. നിങ്ങളുടെ നാഥന്‍ ഏറെ ദയാലുവത്രെ. കുതിര, കോവര്‍ കഴുത, കഴുത എന്നിവയുമവന്‍ സൃഷ്ടിച്ചു. നിങ്ങള്‍ക്ക് വാഹനമാക്കാനും അലങ്കാരത്തിനുമായി''
(നഹ്‌ല് 5-8)

കാലികളില്‍ നിന്ന് ഭാരം ചുമക്കുന്നവയും അറുത്ത് ഭക്ഷിക്കാനുള്ളവയും (അവന്‍ സൃഷ്ടിച്ചിരിക്കുന്നു) (അന്‍ആം 147)

ഇത്രയേറെ മനുഷ്യന് ഉപകാരം ലഭിക്കുന്ന ജീവികള്‍ പവിത്രവും അവരോട് മൃതുസമീപനമാണ് സ്വീകരിക്കേണ്ടതെന്നുമാണ് ഇസ്‌ലാമികാധ്യാപനം. അവയുടെ മേല്‍ വാഹനം കയറുമ്പോഴും ചരക്കുകള്‍ കൊണ്ടുപോകുമ്പോഴും അറുക്കാന്‍ കൊണ്ടു പോകുമ്പോഴും അറുക്കുമ്പോഴുമെല്ലാം കരുണയോടെ സമീപിക്കണം. ഇത്‌വഴി റബ്ബിന്റെ പൊരുത്തവും പ്രീതിയും നേടുവാന്‍ സാധിക്കും. ''കരുണ കാണിക്കുന്നവരോട് കാരുണ്യവാന്‍ കരുണ ചെയ്യും; നിങ്ങള്‍ ഭൂമിയിലുള്ളവര്‍ക്ക് കൃഫ ചെയ്താല്‍ ആകാശത്തുള്ളവര്‍ നിങ്ങളോട് കൃഫ കാണിക്കും'' എന്ന തിരുവചനത്തിന്റെ സാരാംശത്തില്‍ കൊല്ലപ്പെടണമെന്ന് കല്‍പിക്കപ്പെടാത്ത ജീവികളോട് കരുണ കാണിക്കുന്നതും ഉള്‍പെടുമെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്...
(ഔനുല്‍ മഅ്ബൂദ്)

മനുഷ്യര്‍ പരസ്പരം ശാപവാക്കുകളെറിയരുതെന്ന് പഠിപ്പിച്ച ഇസ്‌ലാം ജീവികളെ ശപിക്കരുതെന്നും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. നബിﷺയുടെ കൂടെ യാത്ര ചെയ്യുന്ന ഒരു അന്‍സ്വാരി സ്ത്രീ യാത്രക്കിടയില്‍ താന്‍ വാഹനമായി ഉപയോഗിച്ച മൃഗത്തെ ശപിച്ചപ്പോള്‍ കൂടെയുള്ള സ്വഹാബികളോട് അതിന് മുകളിലുള്ള വസ്തുക്കള്‍ മാറ്റിവെക്കുവാനും ശപിക്കപ്പെട്ട ആ മൃഗത്തെ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഇംറാനുബ്‌നുല്‍ ഹുസൈന്‍ (റ) പറയുന്നു. പിന്നീട് ആ ഒട്ടകം ആളുകള്‍ക്കിടയില്‍ ആരുടേയും പരിഗണന ലഭിക്കാതെ സഞ്ചരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്...
(സ്വഹീഹ് മുസ്‌ലിം)

അബൂഹുറൈറ (റ) പറയുന്നു: നബി ﷺ പറയുകയുണ്ടായി, ഒരു വഴിയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യന് കടുത്ത ദാഹമനുഭവപ്പെടുകയും വഴിയരികില്‍ കണ്ട കിണറിലിറങ്ങി വെള്ളം കുടിച്ച് ദാഹം തീര്‍ത്ത് പുറത്തു കടന്ന അദ്ദേഹം ശക്തമായ ദാഹത്താല്‍ നാവ് പുറത്തേക്ക് നീട്ടി മണ്ണ് കപ്പുന്ന നായയെ കാണുകയുമുണ്ടായി. അല്‍പം മുമ്പ് താനനുഭവിച്ച ദാഹം ഈ നായക്കുമുണ്ടെന്ന് ചിന്തിച്ച് ഉടനെ കിണറ്റിലിറങ്ങി തന്റെ ഷൂവില്‍ വെള്ളം നിറച്ച് വായ കൊണ്ട് കടിച്ച് പിടിച്ച് കയറിവന്ന് ആ നായയെ കുടിപ്പിച്ചു. ആ മനുഷ്യന്റെ ഈ പ്രവര്‍ത്തനം അല്ലാഹു ﷻ ഇഷ്ടപ്പെടുകയും അവന് പൊറുത്തു കൊടുക്കുകയുമുണ്ടായി.

സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുﷻവിന്റെ റസൂലേ, മൃഗങ്ങളോടുള്ള സമീപനത്തിലും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ..?! ജീവനുള്ള ഏത് വസ്തുവിലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്. നബി ﷺ പ്രതിവതിച്ചു... (അല്‍ മുവത്വ) 

മൃഗങ്ങളോട് കാരുണ്യ രഹിതമായി വര്‍ത്തിച്ചതിന്റെ പേരില്‍ നരകാവകാശിയായി മാറിയ പെണ്ണിന്റെ ചരിത്രം പഠിപ്പിച്ച മുത്ത് നബി ﷺ തന്നെയാണ് തന്നെ സമീപിച്ച് ഉടമസ്ഥനെ സംബന്ധിച്ച് പരാതിപ്പെട്ട ഒട്ടകത്തിന്റെ ഉടമയായ അന്‍സ്വാരീ യുവാവിനെ വിളിച്ച് ''ഈ ജീവിയുടെ കാര്യത്തില്‍ അതിനെ നിനക്ക് ഉടമപ്പെടുത്തിത്തന്ന അല്ലാഹുﷻവിനെ നീ സൂക്ഷിക്കുന്നില്ലേ..? നീ അതിന് വേണ്ടത്ര ഭക്ഷണം നല്‍കുന്നില്ലെന്നും അമിതഭാരം എടുപ്പിക്കുന്നെന്നും എന്നോടത് ആവലാതി പറഞ്ഞിട്ടുണ്ട്'' എന്ന് ശാസിച്ചതും. ഈ രണ്ട് സംഭവങ്ങള്‍ തന്നെ കാര്യത്തിന്റെ ഗൗരവം സൂചിപ്പിക്കാന്‍ ധാരാളമാണ്.

ഭക്ഷ്യയോഗ്യമായ മൃഗങ്ങളെ അറുക്കാനനുവദിച്ച മതം തദവസരത്തിലും അവയോട് സ്വീകരിക്കേണ്ട രീതി വ്യക്തമാക്കുന്നുണ്ട്. അറവ് ശാലയിലേക്ക് മാന്യമായി തെളിച്ച് കൊണ്ടുപോകണമെന്നും, മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ മാത്രം അറുക്കാനുപയോഗിക്കണമെന്നും, അവയുടെ കണ്‍മുന്നില്‍ വെച്ച് കത്തി മൂര്‍ച്ച കൂട്ടരുതെന്നും ഒരു ജീവിയുടെ മുന്നില്‍ വെച്ച് മറ്റൊന്നിനെ അറുക്കരുതെന്നുമെല്ലാം അവയില്‍ ചിലത് മാത്രം.


മൃഗങ്ങളെ കൊല്ലാമോ

ശരീഅത്തിന്റെ വീക്ഷണത്തില്‍ ഭക്ഷ്യ യോഗ്യമായ മൃഗങ്ങളെ നിര്‍ദിഷ്ഠ രൂപത്തില്‍ അറുത്ത് ഭക്ഷിക്കാനും, വേട്ടയാടിപ്പിടിക്കേണ്ട ജീവികളെ നിയമങ്ങള്‍ സ്വീകരിച്ച് വേട്ടയാടുന്നതിനും മനുഷ്യര്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ കളിവിനോദങ്ങള്‍ക്ക് വേണ്ടിയോ മറ്റോ ഒരു ജീവിയെയും നോവിക്കാന്‍ പോലും മനുഷ്യന് അനുമതി ഇല്ല തന്നെ. 

ഇബ്‌നുഉമര്‍ (റ) നടന്നു പോകുമ്പോള്‍ ഖുറൈശികളിലെ ഒരു കൂട്ടം യുവാക്കള്‍ ജീവനുള്ള പക്ഷിക്കുഞ്ഞിനെ നാട്ടക്കുറിയാക്കി വെച്ച് അതിന് നേരെ അമ്പെയ്യുന്നത് കണ്ടു. ഇബ്‌നു ഉമറിനെ കണ്ടപ്പോള്‍ അവര്‍ പലയിടങ്ങളിലേക്കായി ഒഴിഞ്ഞു. അന്നേരം ഇബ്‌നുഉമര്‍ (റ) ഇങ്ങനെ പറഞ്ഞു: ഇത് ചെയ്തവരെ അല്ലാഹു ﷻ ശപിച്ചിരിക്കുന്നു. ജീവനുള്ള വസ്തുവിനെ നാട്ടക്കുറിയാക്കിയവനെ നബി ﷺ ശപിച്ചിരിക്കുന്നു...(സ്വഹീഹ് മുസ്‌ലിം)

ജീവനുള്ള വസ്തുക്കളെ കാരണമേതുമില്ലാതെയും നന്‍മയൊന്നും പ്രതീക്ഷിക്കാതെയും വധിക്കാന്‍ പാടില്ലെന്നാണ് ഇസ്‌ലാം പറയുന്നത്. ജീവനുള്ള വസ്തുക്കളെ കൊന്നു കളയുന്നത് നബി ﷺ നിരോധിച്ചിട്ടുണ്ടെന്ന ഇബ്‌നുഅബ്ബാസ്(റ) ഉദ്ധരിക്കുന്ന തിരുവചനത്തിന്റെ വിശാലാര്‍ത്ഥത്തില്‍ നമുക്കങ്ങനെ മനസ്സിലാക്കാം...

മാത്രവുമല്ല, അകാരണമായി ഒരു ജീവിയെ വധിച്ചു കളയുന്നതിലൂടെ അല്ലാഹുﷻവിന് സ്തുതി ചെയ്തു കൊണ്ടിരിക്കുന്ന ഒരു ജീവിയെയാണവന്‍ നിഷ്‌കാസനം ചെയ്യുന്നത്. പ്രപഞ്ചത്തിലുള്ളതെല്ലാം അല്ലാഹുﷻവിനെ പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നുവെന്ന ഖുര്‍ആനിക സൂക്തത്തിന്റെ വിശാലതയില്‍ ഈ ജീവികളുമുണ്ട്. 'ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ മഹത്വം പ്രകീര്‍ത്തിക്കുന്നുണ്ട്. അവനെ സ്തുതിച്ചു കൊണ്ട് വിശുദ്ധി വാഴ്ത്താത്തതായി യാതൊരു വസ്തുവുമില്ല തന്നെ. എന്നാല്‍ അവയുടെ പ്രകീര്‍ത്തനം നിങ്ങള്‍ക്കു മനസ്സിലാവില്ല. അവന്‍ സഹീഷ്ണുവും ഏറെ പൊറുക്കുന്നവനുമത്രെ' (ഇസ്‌റാഅ് 44)

മനുഷ്യ ജീവന് ഭീഷണിയുള്ളതും ബുദ്ധിമുട്ട് വരുത്തുന്നതുമായ ജീവികളെ കൊല്ലുന്നത് മതവീക്ഷണത്തില്‍ പുണ്യകര്‍മ്മ (സുന്നത്ത്) മാണ്. കാരണം, അല്ലാഹുﷻവിന്റെ സൃഷ്ടികളില്‍ ബുദ്ധിയും വിവേകവും നല്‍കി അവനാദരിച്ച മനുഷ്യനാണ് പ്രഥമസ്ഥാനീയന്‍.

നാഥന്റെ കല്‍പനകള്‍ അക്ഷരംപ്രതി അനുസരിച്ച് ജീവിക്കുന്ന മനുഷ്യന്റെ ജീവനേക്കാള്‍ മറ്റൊരു ജീവികള്‍ക്കും പവിത്രതയില്ല.

റബ്ബിന്റെ യഥാര്‍ത്ഥ അടിമയായി ജീവിക്കുന്ന വ്യക്തികളുമായി ബന്ധമുള്ള പല ജീവികള്‍ക്കും ആ മനുഷ്യന്‍ കാരണം പല മഹത്വങ്ങളും പവിത്രതകളും ഉണ്ടായതായി ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഗുഹാവാസികളുടെ നായയും, സ്വാലിഹ് നബിയുടെ ഒട്ടകവും സുലൈമാന്‍ നബിയുടെ ഹുദ്ഹുദും ഉദാഹരണം മാത്രം. ആ മനുഷ്യന് ബുദ്ധിമുട്ടുണ്ടാക്കുന്ന, ജീവന് ഭീഷണിയാവുന്ന ജീവികളെ കൊന്നു കളയാം.

ഭക്ഷണാവശ്യാര്‍ത്ഥം മനുഷ്യന് മൃഗങ്ങളെ അറുത്ത് കഴിക്കാമെങ്കില്‍ അവ മനുഷ്യന് ബുദ്ധിമുട്ടുണ്ടാക്കുന്നവയാണെങ്കില്‍ ഏതായാലും വധിച്ചു കളയാമല്ലോ. അഞ്ച് ജീവികളെ ഹറമിലാണെങ്കില്‍ പോലും കൊല്ലാമെന്ന് മുഹമ്മദ് നബി ﷺ പറയുന്നുണ്ട്. കടിക്കുന്ന നായ, കറുപ്പും വെളുപ്പും നിറമുള്ള കാക്ക, പാമ്പ്, കഴുകന്‍, എലി എന്നിവയാണത്. ബുദ്ധിമുട്ടുണ്ടാക്കുന്ന ഹൃംസ്ര ജന്തുക്കളെയും കൊല്ലല്‍ സുന്നത്താണെന്നാണ് മതവീക്ഷണം...(തുഹ്ഫ 9/ കിതാബുല്‍ അത്വ്ഇമത്)

പല്ലിയെ കൊല്ലുന്നതില്‍ പ്രത്യേക പ്രതിഫലം തന്നെ ഓഫര്‍ ചെയ്യപ്പെട്ടതായി ഹദീസുകളില്‍ കാണാം.

ഈയിടെയായി നമ്മുടെ കേരളത്തിലെ പലയിടങ്ങളിലും പുലിഭീതിയും തെരുവ് നായകളുടെ ശല്യവും രൂക്ഷമാവുകയും നിരവധി ജീവികള്‍ അക്രമിക്കപ്പെടുകയും മനുഷ്യ വാസത്തിന് പോലും ഭീഷണിയുയരുകയുമുണ്ടായി. ഈ സാഹചര്യത്തില്‍ ഇവയെ എന്ത് ചെയ്യണമെന്നതില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. പലരും പല അഭിപ്രായങ്ങള്‍ ഉന്നയിച്ച കൂട്ടത്തില്‍ മനുഷ്യജീവനുകള്‍ക്ക് ഭീഷണിയുണ്ടായ സാഹചര്യത്തില്‍ തെരുവ് നായകളേയും മറ്റും വധിച്ച് കളയണമെന്ന് പറഞ്ഞതിന്റെ പേരില്‍ കേരളത്തിനെതിരെ പ്രകടനങ്ങള്‍ നടക്കുകയുമുണ്ടായി. അവസാനം ഇത്തരം ജീവികളെ ഷണ്ഢീകരിക്കാനും മനുഷ്യ വാസമില്ലാത്ത ഇടങ്ങളില്‍ അധിവസിപ്പിക്കാനുമുള്ള തീരുമാനത്തിലൂടെ ഗവണ്‍മെന്റ് മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാകുന്നത്. ഓരോ കോര്‍പറേഷനുകളും ഇത്തരം ജീവികളോട് സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ ഗവണ്‍മെന്റിനെ അറിയിക്കാനും നിര്‍ദേശമുണ്ട്.

മൃഗങ്ങളെ ഷണ്ഡീകരിക്കുന്നതില്‍ മതവിരുദ്ധതയൊന്നുമില്ല. എന്നാല്‍ ഈ പദ്ധതിയിലൂടെ നിലനില്‍ക്കുന്ന അപകട ഭീഷണിയില്‍ നിന്ന് ജനങ്ങള്‍ക്ക് എത്രമാത്രം മുക്തമാകാന്‍ കഴിയുമെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. നിലവിലെ അക്രമാസക്തരായ ജീവികളെ ഷണ്ഢീകരിച്ചത് കൊണ്ട് അവയിലൂടെ പുതിയ തലമുറ വളര്‍ന്ന് വരില്ലെങ്കിലും നിലവിലുള്ള ജീവിയുടെ അക്രമം ഇല്ലായ്മ ചെയ്യാന്‍ കഴിയുന്നില്ല. മാത്രവുമല്ല, ഷണ്ഢീകരണം എന്നത് ആണ്‍ വര്‍ഗത്തില്‍ നടപ്പിലാവുമെങ്കിലും പെണ്‍ വര്‍ഗത്തില്‍ അത് നടപ്പിലാവുകയില്ലല്ലോ..!?

ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഇവയെ താമസിപ്പിക്കുകയെന്നതും നമ്മുടെ നാടുകളില്‍ എത്രമാത്രം ഉചിതമാണെന്നു കൂടി നാം ചിന്തിക്കേണ്ടതുണ്ട്.

എന്നാല്‍, ഉപദ്രവകാരികളായ ജീവികളെ കൊല്ലാമെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാമികാധ്യാപനത്തില്‍ കൊല്ലേണ്ട ജീവികളുടെ കൂട്ടത്തില്‍ കടിക്കുന്ന/ അക്രമകാരിയായ നായയെയും എണ്ണിയിട്ടുണ്ട്. ദാഹിച്ച നായക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ തന്റെ സ്വര്‍ഗ്ഗം നല്‍കിയ നാഥനാണ് ഈ നിയമം നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ഏത് വശത്തിലൂടെ ചിന്തിച്ചാലും ഈ നിയമം എന്നും കാലികവും പ്രസക്തവുമാണെന്ന് നമുക്ക് മനസ്സിലാക്കാം...


ജീവജാലങ്ങളോടുള്ള കടപ്പാടുകൾ

ഇതരജീവജാലങ്ങളുടെ കാര്യത്തില്‍ വിചാരണ നേരിടേണ്ടിവരുമെന്ന ശക്തമായ താക്കീത് പ്രവാചകവചനങ്ങളില്‍ വ്യക്തമാണ്. നമ്മുടെ ഉത്തരവാദിത്വത്തിലും ശ്രദ്ധയിലും ഉള്ള ജീവികളുടെ ഭക്ഷണം നമ്മുടെ ബാധ്യതയായി നിശ്ചയിച്ചിട്ടുണ്ട് (ശറഹുന്നവവിയ്യ 2:237).

സഹ്‌ലുബ്‌നു ഹന്‍ദലിയ്യയില്‍ നിന്ന് റിപ്പോര്‍ട്ട്: ഒരിക്കല്‍ പ്രവാചകന്‍(സ) വിശന്ന് വയറൊട്ടിയ ഒരു ഒട്ടകത്തിന്റെ സമീപത്തുകൂടി നടക്കുമ്പോള്‍ അദ്ദേഹം ഇങ്ങനെ അറിയിച്ചു: ”സംസാരശേഷിയില്ലാത്ത ഈ മൃഗങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അവയ്ക്ക് ആരോഗ്യമുള്ളപ്പോള്‍ നിങ്ങള്‍ അവയെ സവാരിക്കും ഭക്ഷണത്തിനും ഉപയോഗിക്കുക.” (അബൂദാവൂദ്, അഹ്മദ്, ഇബ്‌നുഹിബ്ബാന്‍ റഹ്).

ജീവജാലങ്ങള്‍ക്ക് മനുഷ്യരുമായി ആശയവിനിമയം സാധ്യമല്ലാത്തതിനാല്‍ അവയുടെ ദാഹവും വിശപ്പും പരിഹരിക്കാനുള്ള ജാഗ്രത, ഇസ്‌ലാം നമ്മുടെ ബാധ്യതയാക്കിയിരിക്കുന്നു. (ഔനുല്‍മഅ്ബൂദ് 7/158)

അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍ പറയുന്നു: നബി(സ) ഒരിക്കല്‍ ഒരു അന്‍സാരിയുടെ തോട്ടത്തില്‍ പ്രവേശിച്ചു. പ്രവാചകനെ കണ്ടപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു ഒട്ടകം, (വേദനയോടെ) കണ്ണില്‍ വെള്ളം നിറച്ച് ഞരക്കം പ്രകടിപ്പിച്ചു. നബി(സ) അതിനടുത്തേക്ക് ചെന്ന് അതിന്റെ കണ്ണുനീര്‍ തുടച്ച് അതിനെ തടവി. എന്നിട്ട് ചോദിച്ചു: ആരാണ് ഈ ഒട്ടകത്തിന്റെ ഉടമസ്ഥന്‍? അന്‍സാരികളില്‍പ്പെട്ട ഒരു യുവാവ് വന്നിട്ട് പറഞ്ഞു: പ്രവാചകരേ, ആ ഒട്ടകം എന്റേതാണ്. ഉടനെ പ്രവാചകന്‍ ചോദിച്ചു: താങ്കളുടെ അധീനതയിലുള്ള ഈ മൃഗത്തിന്റെ കാര്യത്തില്‍ താങ്കള്‍ അല്ലാഹുവെ സൂക്ഷിക്കുന്നില്ലേ? താങ്കള്‍ അതിനെ പട്ടിണിക്കിട്ടതായും (അധ്വാനഭാരത്താല്‍) തളര്‍ത്തിയതായും അതെന്നോട് പരാതിപ്പെട്ടിരിക്കുന്നു. (അഹ്മദ്, അബൂദാവൂദ്, മുഗ്‌നി:318)  

മക്കാ വിജയവേളയില്‍ വഴിയില്‍ ഒരു പട്ടി പ്രസവിച്ചുകിടക്കുന്നത് നബി(സ)യുടെ ശ്രദ്ധയില്‍ പെട്ടു. ഈ സമയം നബി(സ) തന്റെ അനുചരനായ ജുലൈലിനെ അതിന് കാവല്‍ നിര്‍ത്തുകയുണ്ടായി. കാരണം നബി(സ)ക്കു പിറകില്‍ ധാരാളം ആളുകള്‍ മക്കയെ ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. (മുഗ്‌നി). 

പ്രവാചകന്റെ അനുചരന്മാര്‍ ജീവികളുടെ ക്ഷേമകാര്യങ്ങളില്‍ അതീവ തല്പരരും വിചാരണയെ ഭയപ്പെട്ട് ബാധ്യതാ നിര്‍വഹണത്തില്‍ ജാഗ്രത പാലിക്കുന്നവരുമായിരുന്നു. പച്ച കരളുള്ള ഒരു ജീവിയെയും ഉപദ്രവിക്കാതെ കാരുണ്യത്തിന്റെ മകുടോദാഹരണമായി വര്‍ത്തിക്കാന്‍ ശ്രദ്ധിച്ചവരായിരുന്നു. സ്വഹാബിയായിരുന്ന അബുദ്ദര്‍ദാഅ്(റ) തന്റെ ഒട്ടകത്തോട് ഇങ്ങനെ പറഞ്ഞു: ”അല്ലയോ ഒട്ടകമേ… നീ നിന്റെ നാഥന്റെ അടുക്കല്‍ എന്റെ ശത്രുവാകരുത്. നിന്റെ കഴിവിനപ്പുറം ഞാന്‍ നിന്നെ ഭാരം വഹിപ്പിച്ചിട്ടില്ല.” 

‘ഉറുമ്പുകള്‍ തന്റെ അയല്‍വാസികളാണെന്നും അതിനാല്‍ അവയുടെ കാര്യത്തില്‍ എനിക്ക് ബാധ്യതയുണ്ടെന്നും’ പ്രഖ്യാപിച്ച അദിയ്യ്ബ്‌നു ഹാതിം(റ) ഉറുമ്പുകള്‍ക്ക് സ്ഥിരമായി ഭക്ഷണം നല്കാറുണ്ടായിരുന്നു. യൂഫ്രട്ടീസ് താഴ്‌വരയിലെവിടെയെങ്കിലും ഒരു ഒട്ടകം ഭക്ഷണം കിട്ടാതിരിക്കുന്നത്, നാളെ പരലോകത്ത് തന്നെ വിചാരണ ചെയ്യുന്ന കാര്യമായിരിക്കുമെന്ന തിരിച്ചറിവോടെ ജീവികളോടുള്ള ബാധ്യതാ നിര്‍വഹണത്തിന്റെ ജീവിത മാതൃകയാണ് രണ്ടാം ഖലീഫ ഉമറിന്റേത്(റ).

മൃഗങ്ങളില്‍ നിന്ന് അല്ലാഹു മനുഷ്യര്‍ക്ക് അനുവദിച്ചിട്ടുള്ള വാഹന സൗകര്യം, ഭക്ഷണം, കൃഷിയാവശ്യങ്ങള്‍, സൗന്ദര്യകാര്യങ്ങള്‍ എന്നിവയൊഴികെ ഉപയോഗപ്പെടുത്തുന്നത് തെറ്റായ കാര്യവും ‘പ്രകൃതിയെ’ തകര്‍ക്കുന്ന രീതിയുമാണെന്ന് ഇമാം ഖുര്‍തുബി അഭിപ്രായപ്പെട്ടിട്ടുണ്ട്. (5:389)

ജീവജാലങ്ങളുടെ ജീവന്റെ സംരക്ഷണവും അവയുടെ പ്രകൃതസുരക്ഷയുമായും ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ ഇപ്രകാരമാണ്. തേനീച്ച, ഉറുമ്പ്, കുരുവി എന്നിവയെ കൊല്ലരുത് (അബൂദാവൂദ് റഹ് 5247).

ജീവനുള്ളവയില്‍ നിന്ന് അവയവങ്ങള്‍ മുറിച്ചെടുക്കരുത്. അറവ് നിര്‍വഹിക്കുന്ന സമയത്ത് പോലും തൊട്ടു മുമ്പായി ഇത്തരം ചെയ്തികള്‍ പാടില്ല. ചാപ്പകുത്തി മുദ്രവെക്കുന്നതിനെ പ്രവാചകന്‍ ശപിച്ചിട്ടുണ്ട് (മുസ്‌ലിം റഹ് 5672, 5281)  

അല്ലാഹു നിശ്ചയിച്ച പ്രകൃതിക്ക് വരുത്തുന്ന മാറ്റമാണ് ഇതെന്നതിനാല്‍ അത് നിരോധത്തിന്റെ പരിധിയില്‍ വരുമെന്ന് പണ്ഡിതാഭിപ്രായം ഉണ്ട്. (റൗളുല്‍ മര്‍ബഅ് 3:245).

അസ്ത്രപ്രയോഗം, വെടിവെപ്പ് എന്നിവയുടെ പരിശീലന ഉദ്ദേശ്യത്തിലോ അല്ലാതെയോ ഒരു ജീവിയെ ഉന്നം വെച്ച് കൊല്ലുന്നതിനെയും പ്രവാചകന്‍(സ) എതിര്‍ത്തിട്ടുണ്ട്. ”ജീവനുള്ളതിനെ ഉന്നം വെക്കുന്നതിനെ നബി(സ) ശപിച്ചിരിക്കുന്നു.” (മുസ്‌ലിം റഹ് 5171, സുബ്‌ലുസ്സലാം 6/289). 

അല്ലാഹു ആദരിച്ച ഒരു ജീവിയെയും അന്യായമായി വധിക്കാന്‍ പാടില്ല (വി.ഖു 6:151, 17:33).

”അകാരണമായി – വിനോദത്തിനോ അലക്ഷ്യമായോ കൊല്ലപ്പെട്ട ഒരു കുരുവി പരലോകത്ത് തന്റെ രക്ഷിതാവിനോട് പരാതി ബോധിപ്പിക്കുമെന്ന്” പ്രവാചകന്‍ പറഞ്ഞു. (ബുഖാരി റഹ് )

ജീവികളെ അംഗഭംഗം വരുത്താവതല്ല. അത്തരം പ്രവൃത്തികള്‍ പരലോകത്ത് നമ്മെ അംഗഭംഗം വരുത്താന്‍ കാരണമാകും. (അഹ്മദ് റഹ് ) 

ചില ജീവികളെ വാഹനമായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. വഹിക്കാവുന്ന ഭാരം മാത്രമേ വഹിപ്പിക്കാവൂ. അത്തരം സന്ദര്‍ഭങ്ങളില്‍ ധാരാളം ഭക്ഷണവും വിശ്രമവും പ്രദാനം ചെയ്തിരിക്കണം (അബൂദാവൂദ് റഹ്  2561) 

ജീവികള്‍ അവയുടെ സ്വച്ഛന്ദമായ പ്രകൃതിയില്‍ നമുക്ക് അലങ്കാരമായി ഉപയോഗിക്കാം (വി.ഖു 16:5-6, 16:8). എന്നാല്‍ സൃഷ്ടിപ്രകൃതിക്ക് വ്യത്യാസം വരുത്തി അലങ്കാരത്തിന് മാത്രമായി അവയെ നശിപ്പിച്ചുകൂടാ. പുള്ളിപ്പുലിയുടെ തോലില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് പ്രവാചകന്‍ വിലക്കിയത് കാണാം. (അബൂദാവൂദ് റഹ് 4117).

മൃഗങ്ങളെ മത്സരത്തിനായി പോരടിപ്പിക്കുന്നത് ചില രാജ്യങ്ങളില്‍ കാണാം. ഇത്തരം രീതികളെ പ്രവാചകന്‍ വിലക്കിയിട്ടുണ്ട്. (തിര്‍മിദി റഹ് ). ജീവികളുടെ പ്രകൃതം സൈ്വരവിഹാരമാണ്. എന്നാല്‍ അവയ്ക്ക് ആവശ്യമായ എല്ലാ സംരക്ഷണവും നല്കി അവയെ ഉടമപ്പെടുത്തുന്നത് കുറ്റകരമല്ല. ജീവികളില്‍ ഇണങ്ങുന്നവയും അല്ലാത്തവയും ഉണ്ടാവാം. 

പക്ഷികളെ കൂട്ടിലടച്ച് ഭക്ഷണവും സഞ്ചാരവും തടസ്സപ്പെടുത്തുന്നതും കുഞ്ഞുങ്ങളെ തള്ളപ്പക്ഷികളില്‍ നിന്ന് അടര്‍ത്തുന്നതും തിന്മയായി ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു മസ്ഊദ് ഉദ്ധരിക്കുന്നു: ഞങ്ങള്‍ നബി(സ)യോടൊപ്പം യാത്രയിലായിരിക്കെ ഒരു അടക്കാക്കിളിയുടെ രണ്ട് കുഞ്ഞുങ്ങളെ കൈയിലെടുത്തു. തള്ളപ്പക്ഷി ചിറകിട്ടടിക്കുന്നത് പിന്നീട് പ്രവാചകന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍, ”അതിന്റെ കുഞ്ഞുങ്ങളെ തിരിച്ച് നല്കൂ എന്നാവശ്യപ്പെട്ടു.” (അബൂദാവൂദ് റഹ് ). 

പ്രത്യുത്പാദനം ജൈവലോകത്തിന്റെ പ്രത്യേകതയാണ്. ഓരോ ജീവിക്കും അതിന്റെ ‘സ്വകാര്യത’കളുണ്ടാവാം. ഇണ ചേരുന്ന സന്ദര്‍ഭം ജൈവ ബാധ്യതയുടെ മഹോന്നത ധര്‍മ നിര്‍വഹണമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ജീവികളെ ഉപദ്രവിക്കുന്നതും ഇണകളില്‍ നിന്ന് ജീവികളെ അകറ്റുന്നതും ലൈംഗികശേഷിയെ നശിപ്പിക്കുന്നതും കൊടും പാതകമാണ്. ഹീനവും നിന്ദ്യവുമാണ്. ഉപദ്രവകരമായതും ഭാരമേറിയതുമായ ലാഡം /ജീനി ഉപയോഗിക്കുന്നതിനെ ഉമറിബ്‌നു അബ്ദുല്‍ അസീസ് നിരോധിച്ചിരുന്നു. അദ്ദേഹം ഒട്ടകങ്ങള്‍ക്ക് വഹിക്കാവുന്ന ഭാരത്തിന് പരിധി നിശ്ചയിക്കുകയും അവയ്ക്ക് ആശ്വാസം നല്കുന്നവനാണ് യഥാര്‍ഥ ഭരണാധികാരിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

പ്രവാചകന്റെ (സ) കാലത്ത് മദീനയിലെ ‘അയിര്‍’, ‘തൗര്‍’ പ്രദേശങ്ങള്‍ മൃഗസംരക്ഷണ കേന്ദ്രങ്ങളായി നിശ്ചയിച്ചിരുന്നു. ഉമറിന്റെ(റ) കാലത്ത് അവശതകളും വാര്‍ധക്യവും ഉള്ള ജീവികളുടെ ചികിത്സക്കും സംരക്ഷണത്തിനുമായി ദമസ്‌കസില്‍ ‘അല്‍മര്‍ജൂല്‍ അഖ്തൂര്‍’ എന്ന പേരില്‍ സ്ഥലം നിശ്ചയിച്ചതും ഇസ്‌ലാമിക നാഗരികതയുടെ മഹനീയ മാതൃകകളാണ്. (ഡോ. മുസ്തഫാ സിബാഇ, മിന്‍ റവായിഇ ഹളറാത്തിനാ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചത്) ഇസ്‌ലാം പഠിപ്പിച്ച ചരിത്രത്തില്‍ ശോഭിച്ചുനിന്ന അടയാളങ്ങളുടെയും മാതൃകകളാണ് വര്‍ത്തമാനലോകം തേടുന്നത്. ജന്തുക്കളുടെ അവകാശങ്ങളും നിര്‍വഹണവും വിശ്വാസത്തിന്റെ താല്പര്യമായി പഠിപ്പിച്ച പ്രവാചകന്റെ(സ) അധ്യാപനങ്ങള്‍ ഇസ്‌ലാമിന്റെ കാരുണ്യ ബോധത്തിന്റെ ഉത്തമ നിദര്‍ശനമത്രെ. 


ആടും ഇസ്‌ലാമും 

“നബി (സ) ക്ക് ആടുകളും ഒട്ടകങ്ങളുമുണ്ടായിരുന്നു. അവയുടെ പാൽ നബി (സ) യും കുടുംബവും ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ” (ഇഹ് യാഉലൂമുദ്ദീൻ)

ഇബ്നുമാജ റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നബി (സ), ആടുകളെ വളർത്തണമെന്നു പറയുന്നതായി കാണാം. “നിങ്ങൾ ആടുകളെ വളർത്തൂ. തീർച്ചയായും ആടുകളിൽ ബറകത്ത് ഉണ്ട്. “

മറ്റൊരു ഹദീസ് : “ആട് സ്വർഗത്തിലെ മൃഗങ്ങളിൽ പെട്ടതാണ് ” (ഇബ്നുമാജ)

യൂസുഫ് നബി (അ), മൂസാ നബി (അ) തുടങ്ങിയ അമ്പിയാക്കളെ ചരിത്രത്തിലെല്ലാം മൃഗങ്ങളുമായുള്ള സമ്പർക്കത്തെ  പരാമർശിക്കുന്നുണ്ട്.

ഇവയിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. മൃഗങ്ങളെ വളർത്തുന്നതിൽ തെറ്റില്ല. കെട്ടിയിടൽ കൂട്ടിലിടൽ പാൽ കറന്നെടുക്കൽ തുടങ്ങിയവയൊന്നും ക്രൂരതയുടെ പട്ടികയിൽ പെടുന്നുമില്ല.

ഭക്ഷണമായും വാഹനമായും പ്രൗഢിയായുമെല്ലാം മനുഷ്യന് മൃഗങ്ങളെ ഉപയോഗിക്കാവുന്നതാണ്.

“ജീവികളുടെ ശബ്ദം കേട്ടാസ്വദിക്കാനും സന്തോഷിക്കാനും വേണ്ടിയൊക്കെ അവയെ തടഞ്ഞ് വെക്കാവുന്നതാണ്. എന്നാൽ അവക്ക് വേണ്ട ഭക്ഷണവും നൽകേണ്ടതുണ്ട്” ( ഖൽയൂബി 1/ 94)

ഒരിക്കൽ നബി(സ) ഈത്തപ്പഴം കഴിച്ചു കൊണ്ടിരിക്കെ അരികിലൂടെ ഒരു ആട് നടന്നു പോയി. നബി(സ) അതിനു നേരെ ആംഗ്യം കാണിച്ചു. ആട് വന്ന് നബി(സ)യുടെ ഇടത് കയ്യിൽ നിന്നും ഈത്തപ്പഴക്കുരുതിന്നാൻ തുടങ്ങി. അപ്പോഴും നബി(സ) വലതു കൈ കൊണ്ട് ഈത്തപ്പഴം തിന്നു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ കയ്യിലെ കുരു തീരുന്നത് വരെ നബി(സ) അവിടെ നിന്നു. (ഇഹ് യാ ഉലൂമുദ്ദീൻ 87/3)


മൃഗങ്ങൾക്ക് പേരിടൽ

മനുഷ്യരെ പരസ്പരം തിരിച്ചറിയാൻ പേരിടുന്നതുപോലെ മൃഗങ്ങൾക്കും അവയുടെതായ വ്യക്തിത്വം ചാർത്തിക്കൊടുത്തിട്ടുണ്ട് നബി (സ) യും അനുചരവൃന്ദവും.

നബി (സ) യുടെ ആടിന്റെ പേര് ഖമർ ആണെന്നും ഒട്ടകത്തിന്റെത് അള്ബാ എന്നാണെന്നും കഴുതയുടെത് അഫീർ ആണെന്നും ഇഹ് യ ഉദ്ധരിക്കുന്നു.

വളർത്തുമൃഗങ്ങളോടുള്ള പ്രത്യേക സ്നേഹത്തിന്റെ ഭാഗമാണ് അവക്ക് പ്രത്യേക പേരിടൽ. വില പിടിപ്പുള്ള പട്ടികൾക്കും പൂച്ചകൾക്കുമാണ് സാധാരണ പേരിട്ടു കാണാറുള്ളത്. അപൂർവ്വമായെങ്കിലും സ്നേഹ നിധികളായ ഉടമകൾ തങ്ങളുടെ അരുമ മൃഗങ്ങൾക്ക് പേരിടാറുണ്ട്.
ചുരുക്കത്തിൽ മൃഗങ്ങൾക്ക് പേരിട്ടിരുന്നത് കൊണ്ട് നബി (സ) യും സ്വഹാബത്തും വളർത്തുമൃഗങ്ങളെ നന്നായി പരിഗണിച്ചിരുന്നുവെന്ന് മനസിലാക്കാം.

അലി (റ) ദുൽദുൽ എന്ന കോവർ കഴുതയും ഖസ് വാഅ എന്ന ഒട്ടകവും യഅഫൂർ എന്ന കഴുതയുമുണ്ടായിരുന്നു .


പെരുമാറ്റ രീതി

മൃഗങ്ങളെ നിയന്ത്രിക്കുന്നതിനായി കടിഞ്ഞാൺ, വടി, കയർ തുടങ്ങിയവ ഉപയോഗിക്കുന്നതിനെ ഇസ്‌ലാം ഒരിക്കലും വിലക്കിയിട്ടില്ല. നബി(സ)യുടെ കാലത്തും ആളുകൾ പലതരം മൃഗങ്ങളെ വളർത്തുകയും ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. അതിനെയൊന്നും നബി(സ) വിമർശിച്ചിട്ടില്ല. അതേ സമയം ക്രൂരമായി പെരുമാറുന്നവരെ താക്കീത് ചെയ്ത് വിടുകയും ചെയ്തിട്ടുണ്ട്.

അപ്പോൾ നമുക്ക് മനസിലാക്കാൻ കഴിയുന്നത്, മൃഗങ്ങളോട് കരുണ കാണിക്കണമെന്ന തിരുവചനത്തിന്റെ അർത്ഥം അവയെ കെട്ടിയിടാനോ, ഭാരം വഹിപ്പിക്കാനോ, വാഹനമായി ഉപയോഗിക്കാനോ പാടില്ലെന്നല്ല, മറിച്ച് ഭക്ഷണം, വെള്ളം, വിശ്രമം എന്നിവക്ക് സൗകര്യപ്പെടുന്ന രീതിയിലുള്ള നിയന്ത്രണങ്ങൾ ആവാമെന്നാണ്.

ആവശ്യത്തിനു മാത്രമേ മൃഗങ്ങളെ അടിക്കാവൂ അതിലപ്പുറം അനുവദനീയമല്ല.

” പക്ഷികളെയും മറ്റു ജീവികളെയും വളർത്തുമ്പോൾ അവയെ പട്ടിണിക്കിടരുത്. തീറ്റയും കുടിവെള്ളവും നൽകുകയാണെങ്കിൽ ഏത് ജീവികളെയും വളർത്താം. (ഇസ്‌ലാമിക അനുഷ്ഠാനകോശം, 180, കോടമ്പുഴ ബാവ ഉസ്താദ്)

ആവശ്യമായതൊക്കെ നൽകി പരിപാലിക്കുമെങ്കിൽ പാട്ടുകേൾക്കാനും മറ്റും തത്തപോലുള്ള പക്ഷികളെ വളർത്തൽ അനുവദനീയമാണെന്ന് ഇമാം ഗഫാൽ (റ) പറയുന്നുണ്ട്.

മയിലിന്റെ ഭംഗി ആസ്വദിക്കുന്നതിന് വേണ്ടി അതിനെ വാങ്ങാൻ പറ്റുമെന്ന് പണ്ഡിതർ പറയുന്നുണ്ട്.


മുതലിനേക്കാൾ പ്രാമുഖ്യം സഹജീവികൾക്ക്

കപ്പൽയാത്രക്കിടെ കടൽക്ഷോഭിക്കുകയും കപ്പലിന്റെ ഭാരം കുറക്കൽ അനിവാര്യമാവുകയും ചെയ്താൽ ജീവികളല്ലാത്ത വസ്തുക്കളെ കടലിലേക്ക് എടുത്തെറിയൽ നിർബന്ധമാണ്. അഥവാ കപ്പലിൽ മൃഗങ്ങളും വില പിടിപ്പുള്ള മറ്റു വസ്തുക്കളുമുണ്ടെങ്കിൽ മൃഗങ്ങളെ രക്ഷപ്പെടുത്താനായി വസ്തുക്കളെ കടലിടൽ നിർബന്ധമാണ് (ഫത്ഹുൽ മുഈൻ 442)


തീറ്റ

“വളർത്തുമൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകേണ്ടത് ഉടമസ്ഥന്റെ നിർബന്ധ ബാധ്യതയിൽ പെട്ടതാണ്” (മഹല്ലി 4/94) അത് നായയാണെങ്കിൽ പോലും.

നമ്മുടെ വളർത്തുമൃഗത്തിന് ” ഒരു ഉപകാരവും ലഭിക്കാത്ത രീതിയിൽ വാർദ്ധക്യവും അവശതയും ബാധിച്ചിട്ടുണ്ടെങ്കിൽ പോലും “തീറ്റ കൊടുക്കൽ ഉടമസ്ഥന് ബാധ്യത തന്നെയാണ്. (തുഹ്ഫ 653/3)

ഭക്ഷ്യയോഗ്യമായ ജീവികൾക്കാണ് വെള്ളവും ഭക്ഷണവുമൊക്കെ നൽകുന്നതിൽ മുൻഗണന നൽകേണ്ടത്.

എന്നാൽ സ്വയം മേഞ്ഞ് നടന്ന് പുല്ല് തിന്നുന്ന മൃഗങ്ങൾക്ക് മതിയായത് കിട്ടിയിട്ടുണ്ടെങ്കിൽ വീട്ടിലെത്തിയ ശേഷം ഭക്ഷണം നൽകൽ ഉടമസ്ഥനോ പരിചാരകനോ ബാധ്യതയില്ല. വയർ നിറയാത്ത പക്ഷം ആവശ്യമായത് ചെയ്ത് കൊടുക്കൽ ഉടമസ്ഥന് നിർബന്ധമാണ്. ( ഖൽയൂബി 94)

ശക്തമായ ചൂടിൽ നിന്നും തണുപ്പിൽ നിന്നും സംരക്ഷണം നൽകുന്നതും ഭക്ഷണം നൽകുന്നതിന്റെ തുല്യപരിഗണനയോടെ ഉടമസ്ഥൻ ചെയ്തു കൊടുക്കേണ്ട ബാധ്യതയാണ്.

കുതിര, കോവർ കഴുത തുടങ്ങിയ മൃഗങ്ങൾക്ക് ശക്തമായ ചൂടിൽ നിന്നും തണുപ്പിൽ നിന്നും സംരക്ഷണമേകുന്ന തരത്തിലുള്ള വസ്ത്രം ധരിപ്പിക്കൽ ഉടമസ്ഥന്റെ മേൽ നിർബന്ധ ബാധ്യതയാണ്. ( ഹാശിയതു ബുജൈരിമി 130/ 4 )

അത് പോലെ ” ക്ഷാമ കാലത്ത് മൃഗങ്ങളെയും കൊണ്ട് യാത്ര ചെയ്യുമ്പോൾ അവയുടെ കാര്യം ശ്രദ്ധിക്കണ”മെന്ന് തിരുനബി(സ) പറഞ്ഞതായി കാണാം. (മിശ്കാത്ത് 409)

ജീവികളുടെ പുറത്ത് കയറിയാണ് ഹജ്ജ് ചെയ്യാനുദ്ദേശമെങ്കിൽ നിർബന്ധമാകണമെകിൽ സാധാരണയിൽ കവിഞ്ഞ് ഒരു നിബന്ധന കൂടിയുണ്ട്. അഥവാ “ഓരോ മർഹലയിലും മൃഗത്തിന് വേണ്ട തീറ്റയുണ്ടായിരിക്കണം ” (മഹല്ലി  2/83)

സാധാരണ മനുഷ്യന്റെ സൗകര്യം മാത്രം നോക്കുന്ന ആരാധന സന്ദർഭങ്ങളിൽ പോലും കൂടെ സഹജീവി കൂടിയുണ്ടാകുമ്പോൾ അതിന്റെ കാര്യം കൂടി പരിഗണിക്കണമെന്നാണ് ഇസ്‌ലാമിന്റെ പക്ഷം.

ഇനി ഉടമസ്ഥൻ വളർത്തുമൃഗങ്ങൾക്ക് തീറ്റ നൽകാനോ അഴിച്ചിടാനോ തയ്യാറല്ല എങ്കിൽ അവനിൽ നിന്ന് ആ ജീവിയുടെ ഉടമസ്ഥാവകാശം ബലമായി എടുത്ത് കളയണം. (ഫത്ഹുൽ മുഈൻ 433)

ഭക്ഷ്യയോഗ്യമായ ജീവികളാണെങ്കിൽ വിൽക്കാൻ നിർബന്ധിക്കണം. അതിനു തയ്യാറല്ലങ്കിൽ തീറ്റ നൽകാൻ സമ്മർദ്ദം ചെലുത്തണം. അതിനും തയ്യാറല്ല എങ്കിൽ അറുക്കാൻ നിർബന്ധിക്കണം.

ഭക്ഷ്യയോഗ്യമല്ലാത്ത ജീവികളാണെങ്കിൽ അറവല്ലാത്ത മറ്റു രണ്ട് കാര്യങ്ങൾക്കാണ് നിർബന്ധിക്കേണ്ടത്. ഈ വക കാര്യങ്ങൾക്കൊന്നും സഹകരിക്കാൻ ഉടമസ്ഥൻ തയ്യാറല്ല എങ്കിൽ മറ്റൊരാളെ ഭരണാധികാരി ഇടപെട്ട് നിശ്ചയിക്കണം. അതിന് വേണ്ട ചിലവ് പൊതു ഖജനാവ് വഹിക്കുകയോ വ്യക്തികളിൽ നിന്ന് കടമായി എടുക്കുകയോ വേണം.( ഖൽയൂബി 94).

വളർത്തുമൃഗത്തിന്റെ ജീവ സംരക്ഷണത്തിനായി അന്യന്റെ ഉടമസ്ഥതയിലുള്ള തീറ്റ കൈയേറ്റം ചെയ്യുന്നതിന് വിരോധമില്ല. മാത്രമല്ല, ഉടമ നൽകാൻ തയ്യാറാകാതിരിക്കുകയും മറ്റുവഴികളില്ലാതിരിക്കുകയും ചെയ്താൽ അതിക്രമിച്ചെടുക്കൽ നിർബന്ധമാണ്. ഇത് പോലെ തന്നെയാണ് മൃഗത്തിന്റെ മുറിവ് തുന്നാനാവശ്യമായ നൂലെടുക്കലും. (ഗുററുൽ ബഹിയ്യ 610/8)

ഭക്ഷ്യയോഗ്യമായ ജീവികൾക്കാണ് വെള്ളവും ഭക്ഷണവുമൊക്കെ നൽകുന്നതിൽ മുൻഗണന നൽകേണ്ടത്.

ഒരു വ്യക്തിക്ക് തന്റെ വളർത്തു ജീവികൾക്ക് ഭക്ഷണം നൽകാൻ യാതൊരു വഴിയും ഇല്ലാതെ വന്നാൽ ഭക്ഷ്യയോഗ്യമായവയെ അറുക്കൽ നിർബന്ധമാണ്.


ആരാധനയേക്കാൾ പ്രാമുഖ്യം

അംഗ ശുദ്ധി വരുത്തുന്നതിന് വെള്ളം ഇല്ലാതാവുകയും എന്നാൽ പണം കൊടുത്ത് വാങ്ങാൻ തരമുണ്ടാവുകയും ചെയ്താൽ പണം കൊടുത്ത് വെള്ളം വാങ്ങൽ നിർബന്ധമാണ്. എന്നാൽ ഈ പണം വളർത്തു ജീവികളുടെ പുല്ല്, വെള്ളം പോലോത്ത ചിലവിലേക്ക് ആവശ്യമുള്ളതാണെങ്കിൽ അവന് പണം കൊടുത്ത് വെള്ളം വാങ്ങൽ നിർബന്ധമില്ല.( ഖൽയൂബി 81/1)

അത് പോലെ കൈവശം വെള്ളമുണ്ടാവുകയും ആ വെള്ളം സ്വന്തം വളർത്തു ജീവിയുടെയോ കൂട്ടുകാരന്റെ വളർത്തു ജീവിയുടെയോ ആവശ്യത്തിന് വേണ്ടതാണെങ്കിൽ അതു പയോഗിച്ച് വുളൂ ചെയ്യേണ്ടതില്ല. തയമ്മും ചെയ്താൽ മതിയാകും.” (ഖൽയൂബി83/1)

“ഉടമയുടെ പിന്നീടുള്ള ആവശ്യത്തിനേക്കാളേറെ പരിഗണന നൽകേണ്ടത് നിലവിൽ ദാഹമുള്ളവർക്കാണ് ” ( ഖൽയൂബി 83/1)
ദാഹിക്കുന്നവൻ എന്ന പരാമർശം ദാഹിക്കുന്ന ജീവികളെ കൂടി ഉൾക്കൊള്ളുന്നതാണ് (ഖൽയൂബി)

ഈ സന്ദർഭങ്ങളിലെല്ലാം ആരാധനക്ക് ഉപയോഗിക്കേണ്ട വെള്ളം സഹ ജീവികളുടെ ആവശ്യത്തിന് വേണ്ടി മാറ്റി വെക്കാവുന്നതാണ്.


മൃഗത്തിന്റെ ഉപകാരങ്ങൾ

കുഞ്ഞുങ്ങൾക്ക് ദോഷകരമായി ബാധിക്കും വിധം പാൽ കറന്നെടുക്കൽ ഹറാം ആണ്. കുട്ടി കുടിച്ചതിന്റെ ബാക്കിയാണ് ഉടമ കറന്നെടുക്കേണ്ടത്.
പാൽ കറന്നെടുക്കാതിരിക്കൽ കൊണ്ട് മൃഗത്തിന് വല്ല പ്രശ്നവും ഉണ്ടാവുമെങ്കിൽ കറക്കാതിരിക്കൽ ഹറാം ആണ്. പ്രശ്നമില്ലെങ്കിലും കറാഹത്ത് ഉണ്ട്. (.നിഹായ, മുഗ്നീ)

പാൽ കറക്കുമ്പോൾ പൂർണമായും കറന്നെടുക്കാതെ  അകിടിൽ അൽപം ബാക്കി നിർത്തൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ 433)

മൃഗത്തിന്റെ രോമം വടിക്കലും തൊലിയോട് ചേർത്ത് വെട്ടലും ഹറാമാണ്. കാരണം അതെല്ലാം മൃഗങ്ങളെ ബുദ്ധിമുട്ടിക്കലാണ്.( ഹാശിയതു ജമൽ 363/1)

കറവക്കാരന് നഖം മുറിക്കൽ സുന്നത്താണ്. ഇവന്റെ നഖം നീണ്ട് മൃഗത്തിന് ബുദ്ധിമുട്ടാകുന്ന രൂപത്തിലായിട്ടുണ്ടെങ്കിൽ അത് മുറിക്കാത്ത കാലത്തോളം അവന് കറവ അനുവദനീയമല്ല.

മൃഗത്തിന് ബുദ്ധിമുട്ടാകും വിധത്തിൽ നഖം നീട്ടി വളർത്തിയവർക്ക് പാൽ കറക്കുന്നത് ഹറാമാണ്.( ഇആനതു ത്വാലിബീൻ 163/1)
തന്റെ നഖം മൃഗത്തിന് പ്രയാസമുണ്ടാക്കുന്നുവെന്ന് ഉറപ്പായാൽ പിന്നെ നഖം മുറിക്കൽ നിർബന്ധമാണ്. മൃഗങ്ങളെ മനുഷ്യന്റെ ഉപയോഗത്തിന് വേണ്ടിയാക്കുക എന്നതിന് പുറമെ അവന്റെ ഉപദ്രവങ്ങളിൽ നിന്ന്‌ സംരക്ഷിക്കാനാവശ്യമായ നിയമങ്ങൾ കൂടി ഇസ്‌ലാം മുന്നോട്ട് വെക്കുന്നുണ്ട്.

കുട്ടി ചാവുകയും മൃഗത്തിന്റെ അകിടിൽ പാൽ ഉണ്ടാവുകയും ചെയ്താൽ അത് ചുരത്തിക്കാനാവശ്യമായ സൂത്രപ്പണികൾ ചെയ്യാവുന്നതാണ്. കുട്ടി ചത്ത മൃഗങ്ങളുടെ പാൽ വേഗത്തിൽ വറ്റിപ്പോവാൻ സാധ്യതയുണ്ട്. എന്നാൽ കുട്ടിയുടെ രൂപം കണ്ടു കൊണ്ടിരുന്നാൽ മൃഗങ്ങൾ വേഗം പാൽ ചുരത്താനും ദീർഘനാൾ പാലുണ്ടാകാനും കാരണമാകും.” ചത്ത കുട്ടിയുടെ തോലെടുത്ത് അകത്ത് വൈക്കോലോ കളിമണ്ണോ നിറച്ച് മൃഗങ്ങൾക്ക് മുന്നിലെത്തിക്കുന്ന രീതി അറേബ്യയിൽ നിലവിലുണ്ടായിരുന്നു” (ഇആനതു ത്വാലിബീൻ 163/1)


ക്രൂരത അരുത്

വളർത്തുമൃഗങ്ങളോട് ക്രൂരമായി പെരുമാറിയവർക്ക് നരകശിക്ഷ ലഭിച്ചതിനെ കുറിച്ചും അത്തരക്കാരെ താക്കീത് ചെയ്തതുമായ സംഭവങ്ങൾ  ഇസ്‌ലാമിക ചരിത്രത്തിലൊരുപാട് കാണാനാവും.
നായക്ക് ജലം കൊടുത്ത് സ്വർഗം നേടിയവരും പൂച്ചയെ കെട്ടിയിട്ട് നരകത്തിലെത്തിയവരും ഉദാഹരണങ്ങളാണ്.

മൃഗത്തിന്റെ പുറത്ത് ഭാരമേറ്റി ദീർഘനേരത്തേക്ക് നിർത്തുന്നത് ശരിയല്ല.

إياكم أن تتخذوا ظهور دوابكم منابر


എന്ന പ്രവാചക വചനം സാക്ഷ്യപ്പെടുത്തുന്നതിതാണ്.

അത് പോലെ ശേഷിക്കപ്പുറം ഭാരം വഹിപ്പിക്കുന്നതും കുറ്റകരമാണ്.

അബ്ദുല്ലാഹിബ്നു ജഅഫർ (റ)വിനെ തൊട്ടുള്ള ഒരു നിവേദനം. “ഒരിക്കൽ ഞാൻ നബി(സ)ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. വഴിയിൽ ആവശ്യ നിർവഹണത്തിനായി നബി(സ) അൻസ്വാരിയായ ഒരു സ്വഹാബിയുടെ തോട്ടത്തിലേക്ക് ചെന്നു. അപ്പോൾ ഒരു ഒട്ടകം കണ്ണീരൊഴുക്കി കൊണ്ട് നബി(സ)യുടെ മുമ്പിലെത്തി. നബി(സ) അതിനെ തലോടി. അപ്പോൾ അത് ഒതുങ്ങി നിന്നു. എന്നിട്ട് നബി(സ) വിളിച്ചു ചോദിച്ചു. ആരാണിതിന്റെ ഉടമ, ആരുടെതാണീ ഒട്ടകം. അപ്പോൾ അൻസ്വാരി യുവാവ് വന്നു.”എന്റെതാണ് നബിയെ ” അയാൾ പറഞ്ഞു. “നീയെന്താ ഈ ഒട്ടകത്തിന്റെ വിഷയത്തിൽ സ്രാഷ്ടാവിനെ ഭയപ്പെടുന്നില്ലേ. നീയതിനെ വേദനിപ്പിക്കാറുണ്ടെന്ന് എന്നോട് പരാതി പറഞ്ഞല്ലോ!” (മിശ്കാത്ത്)

ആവശ്യത്തിനു മാത്രമേ മൃഗങ്ങളെ അടിക്കാവൂ അതിലപ്പുറം അനുവദനീയമല്ല.

ഒരു മൃഗത്തിനെ കൊണ്ട് സാധാരണ ചെയ്യിക്കുന്ന പണിയല്ലാതെ മാറ്റി ചെയ്യിക്കുന്നതിന് വിരോധമില്ല. അഥവാ കുതിരപ്പുറത്ത് ചരക്ക് കയറ്റുന്നതിനും മാടുകളുടെ പുറത്ത് സഞ്ചരിക്കുന്നതിനും വിരോധമില്ലെന്ന് ചുരുക്കം.

ഏത് മൃഗമാണെങ്കിലും മുഖത്തോ, മറ്റു മർമ സ്ഥാനങ്ങളിലോ അടിക്കൽ ഹറാം ആണ്. അനാവശ്യമായി മറ്റു സ്ഥലങ്ങളിൽ അടിക്കുന്നതും ഹറാം തന്നെ അത് പോലെ രോമങ്ങൾ പിഴുതെടുക്കുന്നതിനെയും കർശനമായി എതിർക്കുന്നതായി കാണാം.(ഖൽയൂബി 95)

മൃഗങ്ങളെ പരസ്പരം കൂട്ടിയിടിപ്പിച്ച് രസിക്കുന്നതും  ഇസ്‌ലാം വിലക്കിയിട്ടുണ്ട്. മാത്രമല്ല തിരിച്ചറിയാൻ വേണ്ടിയാണെങ്കിലും മൃഗങ്ങളുടെ മുഖത്ത് ചൂട് വെച്ച് പൊള്ളിക്കുന്നതിനെ നബി(സ) എതിർത്തിട്ടുണ്ട്.

അറുക്കാനുള്ള മൃഗത്തിനോടും ദയ കാണിക്കണമെന്ന് നബി (സ) സമൂഹത്തെ ഉണർത്തുന്നു. കത്തി മൂർച്ച കൂട്ടണമെന്നും എന്നാലത് മൃഗത്തിന്റെ കൺമുന്നിൽ വെച്ചാകരുതെന്നും നബി(സ) പറയുന്നതായി കാണാം. ഒരു മൃഗത്തിനെ അറുക്കാൻ കിടത്തിയതിന് ശേഷം കത്തി മൂർച്ച കൂട്ടാൻ തുനിഞ്ഞ സ്വഹാബിയോട് നബി പറഞ്ഞത്. “നീയെന്താ ഈ മൃഗത്ത പലതവണ കൊലപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ? അറുക്കാൻ കിടത്തുന്നതിന് മുമ്പെ നിനക്ക് കത്തി മൂർച്ച കൂട്ടിക്കൂടാമായിരുന്നില്ലേ!” എന്നാണ്.

പണ്ട് കാലത്ത് മൃഗ പരിപാലനത്തിനായി വഖ്ഫുകൾ ഉണ്ടായിരുന്നു. രോഗം ബാധിച്ചവയെ ചികിത്സിക്കാനും, അവശ മൃഗങ്ങൾക്ക് മേയാനുമെല്ലാം പ്രത്യേകം വഖ്ഫുകൾ ഉണ്ടായിരുന്നു. സ്വഹാബത്തും താബിഉകളുമെല്ലാം മൃഗങ്ങളോടുള്ള സമീപനത്തെ പ്രത്യേകം സൂക്ഷിച്ചിരുന്നു.                       അബുദർദാഅ (റ) മരണാസന്നനായിരിക്കെ തന്റെ ഒട്ടകത്തിനോട് പറയുകയുണ്ടായി: “നീ റബ്ബിനോട് എന്നെ കുറിച്ച് പരാതിയൊന്നും പറയല്ലേ ഞാൻ നിന്നെ അധികമായി പണിയെടുപ്പിച്ചിട്ടില്ലല്ലോ!”

അത് പോലെ മറ്റൊരു സന്ദർഭത്തിൽ അബൂ ഇസ്ഹാഖ് ശീറാസി (റ) അനുചരർക്കൊപ്പം നടക്കുമ്പോൾ ഒരു നായ അത് വഴി കടന്ന് പോയി. അനുചരിലൊരാൾ അതിനെതിരെ തിരിഞ്ഞു. അപ്പോൾ മഹാനവർകൾ പറഞ്ഞു. “നിങ്ങളൊരു കാര്യം മനസ്സിലാക്കണം. ഈ വഴി നമുക്കും ഈ നായക്കുമിടയിൽ പങ്ക് ഉള്ളതാണ്”.(മിൻറവാഇ ഹളാറാതിനാ ٠من روائع حضاراتنا )

മനുഷ്യനുമായി അടുത്തിടപഴകി  ജീവിക്കുന്നവയായതിനാൽ തന്നെ ഇത്തരം വളർത്തു മൃഗങ്ങളുടെ വിഷയത്തിൽ  ഇസ്‌ലാമിൽ ഒരുപാട് ഇളവുകൾ അനുവദിച്ചതായി കാണാം. മൃഗങ്ങളുടെ പൃഷ്ഠത്തിലുള്ളതിനെ തൊട്ടും കറക്കുന്നതിനിടയിൽ പാലിലേക്ക് വീഴുന്ന ആട്ടിൻ കാഷ്ഠത്തിനെ തൊട്ടും മൃഗങ്ങളുടെ കാലുകളിൽ സ്വാഭാവികമായുണ്ടാകുന്ന നജസിനെ തൊട്ടുമെല്ലാം ഇളവുകൾ ഉണ്ട്. (ഖൽയൂബി 24)
മെതിക്കാനുപയോഗിക്കുന്ന മൃഗങ്ങളുടെ വിസർജ്യത്തിനെ തൊട്ടും ഇളവുകളുണ്ട്.

“ശുദ്ധിയുള്ള ജീവികളുടെ ഉച്ചിഷ്ടവും ശുദ്ധിയുള്ളതാണ്.”(ഫത്ഹുൽ മുഈൻ 237) മൃഗങ്ങൾ തിന്നതിന്റെ ബാക്കി തിന്നുന്നതിന് വിരോധമില്ല എന്നാണ് ഈ വാക്യം വ്യക്തമാക്കുന്നത്. വിളമ്പി വെച്ച പാത്രത്തിൽ നിന്നും വീട്ടിലെ വളർത്തുമൃഗങ്ങൾ ( നായ, പന്നി അല്ലാത്തവ) എടുത്ത് തിന്നാനിടയുണ്ട്. അതിന്റെ പേരിൽ ഭക്ഷണമാകെ കളയേണ്ടതില്ല.

നബി (സ) പറഞ്ഞു: “ഒരു കുരുവിയെ അറുക്കുന്നവനാണെങ്കിൽ പോലും അവൻ അതിനോട്‌ കരുണ കാണിച്ചാൽ അല്ലാഹു അന്ത്യനാളിൽ അവനോട്‌ കരുണ ചെയ്യും” (സ്വഹീഹുൽ ജാമിയ​‍, ഹ.ന:626).

ചുരുക്കത്തിൽ ഇസ്‌ലാമിലെ മൃഗപരിപാലനത്തിന് കൃത്യമായ മാനദണ്ഡങ്ങളും പരിധികളും ഉണ്ട്. ഇവ പാലിച്ചുകൊണ്ടുള്ള പരിപാലനത്തിന് കൂലിയുണ്ട്.

1 comment: