Monday 1 June 2020

സുഫ്‍യാനുസ്സൗരി (റ) : ഉമ്മ പണിത വിജ്ഞാന ഗോപുരം







(സുഫ്‍യാനുസ്സൗരി (റ) ന്റെ ഈ ലേഖനം കറുപ്പ് അക്ഷരത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഭാഗം ഈ ബ്ലോഗിൽ നിന്നും കോപ്പി , പേസ്റ്റ് ചെയ്തു മറ്റു സൈറ്റുകളിലും , ബ്ലോഗുകളിലും , വാട്സാപ്പ് , ഫേസ്ബുക് , ടെലിഗ്രാം , ഇൻസ്റ്റാഗ്രാം , ഷെയർ ചാറ്റ് (മറ്റുള്ള സോഷ്യൽ മീഡിയകളും ഉൾപ്പെടും) തുടങ്ങിയവയിൽ അപ്‌ലോഡ് ചെയ്യരുത് എന്ന് ആദ്യമേ വസിയ്യത്ത് ചെയ്യുന്നു.

ഈ ലേഖനം ആവശ്യമുള്ളവർ islamonweb.net എന്ന സൈറ്റിൽ കയറിയാൽ അവിടെ നിന്നും നിങ്ങൾക്ക് ലഭിക്കുന്നതാണ്..)


അബ്ബാസീഭരണാധികാരി അബൂജഅ്ഫർ അൽ മൻസൂറിന്റെ ഭരണകാലം.കൂഫയിലെ ഒരു വിഭാഗം ആളുകൾ തങ്ങളുടെ നാട്ടിലേക്ക് ഒരു ഖാളിയെ വേണമെന്നാവശ്യപ്പെട്ട് ഖലീഫക്കരികെയെത്തി. ആവശ്യം അംഗീകരിച്ച ഖലീഫ അവരോട് തന്നെ ഒരാളെ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടു.

എങ്കിൽ പിന്നെ സുഫ്യാന്ബിൻ സഈദ് തന്നെയാകട്ടെ അവർ പറഞ്ഞു.

ഖലീഫ സുഫ്‍യാനുസ്സൗരി (റ) നെ വിളിപ്പിച്ച് കാര്യം പറഞ്ഞു.ഭവിഷ്യത്തുകളും ആലോചിക്കാതെ അദ്ദേഹം അതിന് വിസമ്മതിച്ചു.ദേഷ്യം പിടിച്ച ഖലീഫ, ഖാളി സ്ഥാനംഏറ്റെടുക്കാതിരുന്നാല് വധിക്കുമെന്ന് ഭീഷണിപ്പെടുത്തി.

തനിക്ക് ഒരു ദിവസത്തെ സാവകാശം നൽകണമെന്നും നാളെ ഖാളി വസ്ത്രമണിഞ്ഞ് താങ്കളുടെയരികെ വരാമെന്നും സുഫ്‍യാനുസ്സൗരി (റ) പ്രതിവചിച്ചു.ദീനീ സേവകനായി, തികഞ്ഞ സൂക്ഷ്മതയോടെ ജീവിച്ചു പോന്നിരുന്ന അദ്ദേഹത്തിന്സ്ഥാനമാനങ്ങളിൽ ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല. ഖലീഫയുടെ നടപടി എന്താകുമെന്ന് ആശങ്കപ്പെട്ട അദ്ദേഹം അന്നു രാത്രി തന്നെ തന്റെ ഭാണ്ഡക്കെട്ടെടുത്ത് കഴുതപ്പുറത്ത് കയറി നാടു വിട്ടു.

പിറ്റേന്ന് സുഫ്യാനെ അന്വേഷിച്ച ഖലീഫക്ക് അദ്ദേഹം നാടുവിട്ടുവെന്ന വിവരമാണ് ലഭിച്ചത്. ഉടനെ ഖലീഫ ഉത്തരവിട്ടു: സുഫ്യാനെ ജീവനോടെയോ അല്ലാതെയോ കൊട്ടാരത്തിലെത്തിക്കുന്നവർക്ക് വൻ പാരിതോഷികം നൽകുന്നതാണ്.

നാടുവിട്ട സുഫ്‍യാനുസ്സൗരി (റ) യാത്ര തുടരുകയാണ്, എവിടേക്കെന്നില്ലാതെ. ഒടുവിൽ യമനിലേക്ക് പോയിശിഷ്ട കാലം അവിടെ ജീവിച്ചു തീർക്കാം എന്നുറച്ച അദ്ദേഹം അങ്ങോട്ട് തിരിച്ചു.പക്ഷെ, യമനിലേക്ക് ഇനിയും ദൂരമേറെയുണ്ട്. ചിലവിനായി കൈയ്യിൽ കരുതിയതെല്ലാം കഴിയുകയും ചെയ്തിരിക്കുന്നു. തുടർ യാത്രക്കാവശ്യമായ ചെലവ് കണ്ടെത്താൻ എന്തെങ്കിലും ജോലിചെയ്തേ മതിയാകൂ. അന്വേഷണങ്ങൾക്കൊടുവിൽ ഒരു മുന്തിരിത്തോട്ടത്തിന്റെ പരിപാലകനായി ജോലി ലഭിച്ചു.

മാസം ഒന്ന് കടന്നു പോയി. തോട്ടമുടമ ഒരിക്കൽ സുഫ്യാനെ വിളിച്ചു തോട്ടത്തിൽ നിന്ന് നല്ല മധുരിക്കുന്ന പഴം കൊണ്ടുവരാൻ കൽപിച്ചു. അദ്ദേഹം പഴം കൊണ്ടു കൊടുത്തു.പഴം കഴിച്ച ഉടമക്ക് ദേഷ്യം വന്നു,അസഹ്യമായ പുളിയായിരുന്നു അതിന്. കൈയബദ്ധമാകാം എന്ന് സ്വയം സമാധാനിച്ച് മധുരമുള്ളത് കൊണ്ടു വരാൻ വീണ്ടും പറഞ്ഞു.പക്ഷെ, രണ്ടാമത് കൊണ്ടുവന്നതും പുളിക്കുന്ന മുന്തിരി തന്നെയായിരുന്നു. അയാൾക്ക്‌ ദേഷ്യം സഹിക്കാനായില്ല.ഒരു മാസമായി നീ ഈ തോട്ടത്തിൽ ജോലി ചെയ്യുന്നു. ഇതുവരെ മധുരമുള്ളതും പുളിയുള്ളതുമൊന്നും നിനക്കറിയില്ലേ...അയാൾ പൊട്ടിത്തെറിച്ചു.

ജോലിക്കാരൻ വിനയാന്വിതനായി പറഞ്ഞു: ഞാനിതുവരെ ഇവിടുത്തെ ഒരു പഴവും രുചിച്ചു നോക്കിയിട്ടില്ല. എനിക്കിവ പരിപാലിക്കാനുള്ള അവകാശമല്ലേ തന്നുള്ളൂ,കഴിച്ചു നോക്കാൻ എനിക്ക് അനുവാദമില്ലല്ലോ. പിന്നെ ഞാനെങ്ങനെ അത് ചെയ്യും. അന്ത്യനാളിൽ അല്ലാഹുവിന്റെ വിചാരണ ഞാൻ ഭയപ്പെടുന്നു.

ജോലിക്കാരന്റെ വിശദീകരണം കേട്ട ഉടമക്ക് ദേഷ്യം ഇരട്ടിച്ചു.നീ എന്റെയടുത്ത് സൂക്ഷ്മത അഭിനയിക്കുകയാണോ?സുഫ്യാനു സ്സൌരിയേക്കാളും വലിയൊരു സൂക്ഷ്മാലു വന്നിരിക്കുന്നു. തോട്ടയുടമ തട്ടിക്കയറി, തന്റെ മുന്നിൽ  നിൽക്കുന്നത് സാക്ഷാൽ സുഫ്യാനുസ്സൌരി തന്നെയാണെന്ന് അയാൾക്കറിയില്ലായിരുന്നു.

ചരിത്രത്തിലിന്നും മതവിജ്ഞാന ശാഖകളിലെ അവഗാഹത്തിനും സൂക്ഷ്മതയുടെ ആഴത്തിനും പേര്കേട്ട സുഫ്യാനുസ്സൌരി (റ)യുടെ സൂക്ഷ്മത അക്കാലത്ത് തന്നെ എത്രമാത്രം പ്രിസദ്ധമായിരുന്നു എന്ന് മനസ്സിലാക്കാൻ ഈ വാക്കുകൾ  തന്നെ ധാരാളം.മത വിഷയങ്ങളിൽ അദ്ദേഹം കാണിച്ച സൂക്ഷ്മത സർവ്വരാലും പുകഴ്ത്തപ്പെടുന്നത് ചരിത്രത്താളുകളിൽ നിരവധി കാണാൻ കഴിയും.

സുഫ്യാനുസ്സൌരി (റ) ഇല്ലായിരുന്നുവെങ്കിൽ സൂക്ഷ്മത തന്നെ മരിച്ചു പോകുമായിരുന്നുവെന്ന പ്രഗത്ഭ പണ്ഡിതൻ ഖുതൈബതുബ്നു സഈദ് (റ) വിന്റെ വാക്ക് തന്നെ, അദ്ദേഹത്തിന്റെ വ്യക്തിത്വം മനസ്സിലാക്കാൻ  ധാരാളമാണ്.

ഹിജ്റ വർഷം 97 ൽ അമവീ ഭരണ കാലത്ത് ഇറാനിലെ ഖുറാസാനിലാണ് സുഫ്‍യാനുസ്സൗരി (റ)  ജനിച്ചത്.ദരിദ്രനായിരുന്നെങ്കിലും പ്രഗത്ഭനായഹദീസ് പണ്ഡിതനായിരുന്നു പിതാവ്.ജീവിത വൃത്തിക്കാവശ്യമായത് കണ്ടെത്താൻ പ്രയാസപ്പെടുന്ന പിതാവിനെ സഹായിക്കാനായി, മാതാവും നൂൽനൂറ്റ് വല്ലതുമൊക്കെ സമ്പാദിക്കുമായിരുന്നു. പണ്ഡിത കുടുംബത്തിലേക്കു പിറന്നു വീണ മോനെ ചെറുപ്രായം മുതലേ വളർത്തി കൊണ്ടുവന്നത് അറിവ്  നേടാനും തദനുസൃതം ജീവിക്കാനുമുതകുന്ന നിലക്കായിരുന്നു. പക്ഷേ, മകൻ വളരുന്നതിനനുസരിച്ച് കൃത്യമായ വിദ്യാഭ്യാസം നൽകാൻ പിതാവിന്റെ സാമ്പത്തിക ശേഷി അനുവദിക്കാതെ വന്നു.

ദാരിദ്ര്യത്തിന്റെ ദിനരാത്രങ്ങളിലൂടെ കഴിഞ്ഞു പോകുന്നതിനിടക്ക് ഒരു ദിവസം ഉമ്മ മകനോട് പറഞ്ഞു: മോനേ, നീ അറിവ് പഠിക്കാൻ പോകൂ. ഉമ്മാക്ക് നൂൽനൂറ്റു കിട്ടുന്ന പണം അതിന്റെ ചിലവിനായി നമുക്ക് മാറ്റിവെക്കാം.കഷ്ടപ്പാടുകൾക്കിയിലും ഉമ്മ പറഞ്ഞആ വാക്കുകൾ സുഫ്യാനെന്ന കുഞ്ഞു ബാലന് വല്ലാത്ത പ്രചോദനമാനമേകി. അതോടെ, അന്ന് കൂഫയിൽ ജീവിച്ചിരുന്ന പണ്ഡിതന്മാരുടെ അധ്യാപനസദസ്സുകൾ നിരന്തരം അന്വേഷിച്ചും കയറിയിറങ്ങിയും അവൻ വിജ്ഞാന സമ്പാദനം നിത്യമാക്കി .

അറിവ് നേടാൻ പറഞ്ഞയച്ചതിലുപരി പ്രിയ മകന് ഇടക്കിടെ ആവശ്യമായ ഉപദേശം നൽകാനും ഉമ്മ മറന്നു പോയില്ല. പിൽകാലത്ത് സുഫ്യാനുസ്സൌരി (റ) തന്നെ പറയുന്നുണ്ട്: നേടിയ അറിവ് പ്രയോഗത്തിൽ  കൊണ്ടു വരുമെന്ന് ഉറപ്പില്ലെങ്കിൽ പിന്നെ നീ വിജ്ഞാന സമ്പാദനത്തിന് മുതിരരുത്, അതു നിനക്ക് അന്ത്യനാളിൽ ബുദ്ധിമുട്ടാകും എന്ന് എന്റെ ഉമ്മ എന്നോട് ഇടക്കിടെ പറയുമായിരുന്നു. 

ഈ ഓർമപ്പെടുത്തലാണ് പിൽകാല ലോകചരിത്രത്തിൽ സുഫ്‍യാനുസ്സൗരി (റ) എന്ന വ്യക്തിസൂക്ഷ്മതയുടെ പര്യായമായി ഉദാഹരിക്കപ്പെടാൻ നിദാനമായത്. യുക്തിബോധത്തോടെയുള്ള തന്റെ ഉമ്മയുടെ നിർദ്ദേശങ്ങൾ സുഫ്‍യാനുസ്സൗരി (റ) വിന്റെ സുപ്രസിദ്ധിക്ക് പ്രധാനകാരണമായിചരിത്ര പണ്ഡിതന്മാർ ഉദ്ധരിക്കുന്നത് കാണാനാകും.

ഉമ്മ മകന് നൽകിയ മറ്റൊരു ഉപദേശം ഇങ്ങനെ വായിക്കാം: മോനേ, നീ പത്തു ഹദീസ് എഴുതിയാൽ നിന്റെ ഹൃദയത്തിലേക്കൊന്നു നോക്കുക.അതു കാരണം നിന്റെ നടപടികളിലോ പെരുമാറ്റത്തിലോ വിവേകത്തിലോ വല്ല വർധനവുമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുക. മാറ്റമൊന്നും ഉണ്ടായിട്ടില്ലെങ്കിൽ അതു കൊണ്ട് നിനക്ക് ഒരുപകാരവും ലഭിക്കുകയില്ലെന്നോർക്കണം.മാത്രമല്ല, പിന്നീട് നിനക്കത് ബുദ്ധിമുട്ടായി ഭവിക്കുകയും ചെയ്യും.

ചെറുപ്രായത്തിൽ തന്നെ അതീവ പക്വതയും ഗ്രാഹ്യശക്തിയും കാണിച്ച കുട്ടിയുടെ കഴിവ് തിരിച്ചറിയുകയും ഏറ്റവും ഉദാത്തമായ വഴിയിൽ അത് തിരിച്ചു വിടുകയും ചെയ്ത സാധാരണക്കാരിയായ മാതാവിന്റെ ദീർഘവീക്ഷണമാണ്. മകന്റെവിജ്ഞാന വികാസത്തിന്റെ ഓരോ ഘട്ടത്തിലും വേണ്ട ഉപദേശനിർദ്ദേശങ്ങൾ നൽകിയിട്ടില്ലായിരുന്നെങ്കിൽ സുഫ്‍യാനുസ്സൗരി (റ) വർത്തമാനത്തിലൊതുങ്ങിയ ഒരു കേവല പണ്ഡിതനായി പോകുമായിരുന്നു. പക്ഷേ, ഉമ്മ ആ മകനിൽ സന്നിവേശിപ്പിച്ച ജ്ഞാനബദ്ധമായ ഭയഭക്തിയും സൂക്ഷ്മതയും താൻ ജീവിച്ചിരുന്ന കാലത്തെ അബൂബക്കറും ഉമറും എന്ന പ്രശംസക്കു വരെ അദ്ദേഹത്തെ അർഹനാക്കി. ചരിത്രത്തിലിന്നുവരെ വന്നവരെല്ലാം അതേറ്റു പറയുകയും ചെയ്തു.

കഷ്ടപ്പാടുകൾക്കും പരാധീനതകൾക്കുമിടയിൽ സ്വയം ജോലി ചെയ്തു ലഭിക്കുന്ന പണം മുഴുവനായും പ്രിയമകന്റെ വിജ്ഞാന സമ്പാദനത്തിന് വേണ്ടി മാത്രം ചിലവഴിച്ച ഒരു ഉമ്മയുടെ ദൃഢനിശ്ചയവും സമയോചിത ഇടപെടലുകളുമായിരുന്നു,സമൂഹത്തിനു തന്നെ എക്കാലത്തും ഉപകാരപ്രദവും അഭിമാനഹേതുകവുമായി മാറിയതെന്നർത്ഥം.

ഫലസമ്പുഷ്ടമായ തോട്ടത്തിൽ ഏകാന്തനായി ജോലി ചെയ്തിട്ടും ഒരു പഴം പോലും രുചിച്ചു നോക്കാൻ തോന്നാതിരുന്നത് മാതാവ് പാകപ്പെടുത്തിയ മനസ്സിന്റെ ബലം തന്നെയാണ്.

കേട്ടറിഞ്ഞ സുഫ്‍യാനുസ്സൗരി (റ) ക്കാൾ  അപ്പുറത്താണ് മുമ്പിലുള്ള സുഫ്‍യാനുസ്സൗരി എന്ന് തോട്ടമുതലാളി പറഞ്ഞതും അതുകൊണ്ടു തന്നെ.

അന്ന് വൈകുന്നേരം ചന്തയിലെത്തിയ മുതലാളി,തന്റെ പണിക്കാരനിൽ നിന്നുണ്ടായ അനുഭവം ചില സുഹൃത്തുക്കളുമായി പങ്കുവെച്ചു. കൂട്ടത്തിലൊരാൾക്ക് അത് കേട്ട് ഒരു സംശയം തോന്നിയ പോലെ.അയാൾ ഇപ്പറയുന്ന ജോലിക്കാരനെ കുറിച്ച് കൂടുതൽ  ആരാഞ്ഞു.തോട്ടമുതലാളി ജോലിക്കാരനെ കുറിച്ച് വിവരിച്ചു. ആകാരം, നിറം, പെരുമാറ്റം... എല്ലാം. വിവരണം കേട്ട് അയാൾ  പറഞ്ഞു:ഇത് സുഫ്യാനുസ്സൌരി തന്നെയാണ്. നീ അദ്ദേഹത്തെ പിടിച്ച് ഖലീഫാക്ക് മുമ്പിലെത്തിക്കൂ.അമൂല്യമായ പാരിതോഷികം ലഭിക്കും.

പിന്നെ താമസിച്ചില്ല. അവരെല്ലാവരും കൂടി സുഫ്യാനെ തേടി തോട്ടത്തിലെത്തി. പക്ഷേ, അപ്പോഴേക്കും അദ്ദേഹം അവിടെ നിന്ന് സ്ഥലം വിട്ടിരുന്നു.

മാസങ്ങളുടെ യാത്രക്ക് ശേഷംസുഫ്യാൻ (റ)യമനിലെത്തിച്ചേർന്നു. ആരുമറിയാതെ പല ജോലികളും ചെയ്ത് ജീവിച്ചു.ആയിടക്കാണ് ഒരു കൂട്ടം ആളുകൾ തന്റെ മേൽ മോഷണക്കുറ്റം കെട്ടിച്ചമച്ച് അവിടുത്തെ രാജാവിനു മുമ്പിൽ എത്തിച്ചത്.

പരാതി കേട്ട രാജാവ് അദ്ദേഹത്തോട് ചോദിച്ചു: നീയല്ലേ മോഷണം നടത്തിയത്?

സുഫ്‍യാനുസ്സൗരി (റ) പറഞ്ഞു: അല്ലാഹുവാണെ സത്യം, ഞാൻ മോഷ്ടിച്ചിട്ടില്ല.

രാജാവ് ചോദ്യം ആവർത്തിച്ചു,സുഫ്യാൻ (റ) പഴയ മറുപടിയും.

രാജാവ് കൽപിച്ച പ്രകാരം ഉദ്യോഗസ്ഥർ സുഫ്‍യാനുസ്സൗരി (റ)ന്റെ കൈയ്യിലെ കെട്ടഴിച്ചു. രാജാവ് അദ്ദേഹത്തെ തന്നെ സസൂക്ഷ്മം നിരീക്ഷിച്ചു. അവിടെ സന്നിഹിതരായവരോടെല്ലാം പുറത്ത് പോകാൻ പറഞ്ഞു.

ശേഷം രാജാവ് ചോദിച്ചു: താങ്കളുടെ പേരെന്താണ്?

"അബ്ദുല്ല", സുഫ്യാൻ (റ) ഉത്തരം നൽകി.

നമ്മളെല്ലാവരും അബ്ദുല്ലമാർ (അല്ലാഹുവിന്റെ അടിമകൾ) ആണല്ലോ.ഞാൻ താങ്കളുടെയഥാർത്ഥ പേരറിയാനാണ് ചോദിച്ചത്. പറയൂ, നിങ്ങളുടെ പേരെന്താണ്? 

രാജാവ് പ്രതിവചിച്ചു.സുഫ്യാൻ (റ)അബ്ദുല്ല എന്ന് തന്നെ ഉത്തരം നൽകി.

രാജാവ് അല്പം കർശനമായി തന്നെ ചോദിച്ചു:;നിങ്ങളുടെ പേര് പറയുമോ?

സുഫ്‍യാനുസ്സൗരി (റ) പറഞ്ഞു: ഞാൻ സുഫ്യാൻ .

രാജാവ് പറഞ്ഞു:ഓഹോ, ആരുടെ മകൻ സുഫ്യാനാണ്?

സുഫ്യാൻ ബിൻ അബ്ദില്ല;അദ്ദേഹം മറുപടി നൽകി .

രാജാവ് വിട്ടു കൊടുത്തില്ല. നിങ്ങളുടെ പേരും പിതാവിന്റെ പേരും തറവാടും എന്നോട് പറയൂ. അദ്ദേഹത്തിന്റെ വാക്കുകൾ ശക്തമായിരുന്നു.

സുഫ്യാൻ (റ) പറഞ്ഞു: ഞാൻ സുഫ്യാൻ ബിൻ സഈദ് അസ്സൌരിയാണ്.

രാജാവ് ചോദിച്ചു: നിങ്ങൾ സുഫ്യാനുസ്സൌരിയാണോ?

അതെ അദ്ദേഹം പറഞ്ഞു.

രാജാവിന് പിന്നെ സംശയിക്കാനുണ്ടായിരുന്നില്ല. ഖുറാസാനിൽ  ഖലീഫ മൻസൂറിന്റെ കൽപന മാനിക്കാതെ ഓടിപ്പോന്നയാളാണ് തന്റെ മുമ്പിലുള്ളതെന്ന് അദ്ദേഹത്തിന് മനസ്സിലായി.

അദേഹം പറഞ്ഞു: കാര്യങ്ങളെല്ലാം ഇപ്പോൾ വ്യക്തമായി. പക്ഷേ, ഞാൻ താങ്കൾക്കെതിരെ ഒന്നും ചെയ്യാനുദ്ദേശിക്കുന്നില്ല. നിങ്ങൾ  ആഗ്രഹിക്കുന്ന അത്രയും കാലംഈ നാട്ടിൽ സുരക്ഷിതനായി ജീവിക്കാവുന്നതാണ്

സുഫ്യാൻ (റ) പക്ഷേ പിന്നെ അവിടെ നിന്നില്ല. ഉടനെ തന്നെ യമൻ വിട്ടു. എവിടേക്കു പോകുമെന്ന നിശ്ചയമില്ലാതെ അദ്ദേഹം മുന്നോട്ടു പോയി.ഒടുവിൽ എങ്ങിനെയൊക്കെയോ മക്കയിലെത്തിച്ചേർന്നു. അറിവ് നുകർന്നും ആവശ്യക്കാർക്ക് പകർ ന്നും പണ്ഡിതന്മാർക്കൊപ്പം കഴിഞ്ഞുകൂടി.

പക്ഷേ, അധിക കാലം കഴിയും മുമ്പെ കാര്യങ്ങൾ വീണ്ടും പ്രതികൂലമായി. ഖലീഫ ജഅ്ഫറിന് സുഫ്‍യാനുസ്സൗരി (റ) മക്കയിലുണ്ടെന്ന വിവരം ലഭിച്ചു. അദ്ദേഹം ഹജ്ജിനു വേണ്ടി പുറപ്പെടാനൊരുങ്ങുന്ന സമയം കൂടിയായിരുന്നു അത്. വിവരം ലഭിച്ചയുടൻ ഖലീഫ ഒരു സംഘം പ്രഭൃതികളെ മക്കയിലേക്ക് അയച്ചു. സുഫ്യാനെ ബന്ധനസ്ഥനാക്കാനും താൻ ഹറമിലെത്തുന്നതു വരെ പിടിച്ചു വെക്കാനുമായിരുന്നു കൽപന.തന്നെ ധിക്കരിച്ചയാളെ സ്വന്തം കൈകൊണ്ട് തന്നെ വകവരുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

സംഘം ഹറമിലെത്തി അവിടെയുള്ളവരോട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ആരാണ് സുഫ്യാനുസ്സൌരി. അദ്ദേഹം ഞങ്ങൾക്ക് മുമ്പിൽ ഹാജരാകുക. അല്ലെങ്കിൽ അദ്ദേഹത്തെ അറിയുന്നവർ ഇവിടെ ഹാജരാക്കുക.

സുഫ്‍യാനുസ്സൗരി (റ) വിനും നേരത്തെ ഇക്കാര്യം അറിയാവുന്നവർക്കും അപകടം മണത്തു.തനിക്ക് ചുറ്റും അറിവ് നുകർന്നിരിക്കുന്ന ആളുകൾ അദ്ദേഹത്തോട് അവിടെ നിന്ന് രക്ഷപ്പെടാൻ പറഞ്ഞു. അദ്ദേഹം അതിന് കൂട്ടാക്കിയില്ല. അവർ വീണ്ടും നിർബന്ധിച്ചു.ആ സമയം സുഫ്‍യാനുസ്സൗരി (റ) കഅ്ബക്ക് നേരെ നടന്നു.അല്ലാഹുവിലേക്ക് രണ്ട് കരങ്ങളുയർത്തി പ്രാർത്ഥിച്ചു:;

അല്ലാഹുവേ, ഞാൻ നിന്റെ മേൽ സത്യം ചെയ്തു നിന്നോട് ആവശ്യപ്പെടുന്നു, അബൂ ജഅ്ഫറിനെ നീ മക്കയിലേക്ക് പ്രവേശിപ്പിക്കരുതേ.

അടിമകളിൽ ചിലരുണ്ട്. അവർ അല്ലാഹുവിന്റെ മേൽ  സത്യം ചെയ്ത് ചോദിച്ചാൽ അത് പുലരുക തന്നെ ചെയ്യുമന്ന് റസൂൽ (സ്വ) പറഞ്ഞിട്ടുണ്ട്. അതുതന്നെ സംഭവിച്ചു.ആകാശത്തു നിന്നിറങ്ങി വന്ന മരണ മാലാഖ മക്കയുടെ അതിർത്തിയിൽ വെച്ച് അബൂ ജഅ്ഫറിന്റെ റൂഹ് പിടിച്ചു.

ഉമ്മ നൽകിയ ബാലപാഠങ്ങളാണ് വലിയൊരു സ്വൂഫീപണ്ഡിതനെ ലോകത്തിന് സമ്മാനിച്ചത്. മുഖത്തൊരു മുടി പോലും മുളക്കാത്ത പ്രായത്തിൽ തന്നെ സുഫ്‍യാനുസ്സൗരി (റ) ഫത്വ നൽകുന്നത് കാണാമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയ പണ്ഢിത ലോകം സ്വൂഫീജീവിതത്തിന്റെ മകുടമാതൃകയായി പരിചയപ്പെടുത്തുന്നതും അദ്ദേഹത്തെത്തന്നെ.

ചരിത്രത്തിന് ഇപ്പോഴും ആ ഉമ്മയുടെ പേരറിയില്ലെന്നതാണ് സത്യം. എങ്കിലും സുഫ്യാനുസ്സൌരിയുടെ ഉമ്മ ഇന്നും ചരിത്രത്താളുകളിൽ ഏറെ പ്രസിദ്ധയാണ്.ആ ഉമ്മ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ സാഗരതുല്യനായൊരു പണ്ഡിതനെ മുസ്ലിം ലോകത്തിന് ലഭിക്കില്ലായിരുന്നു, സാത്വികനായൊരു സൂഫിവര്യനെയും.


ലേഖകൻ : സലീമാ വഫിയ്യ , വാണിയമ്പലം 
കടപ്പാട് : Islamonweb.net 

.......................................................................

സ്വഭാവ വിശേഷണങ്ങൾ 

സുഫ്‍യാനുസ്സൌരി (റ) അദ്ദേഹത്തിന്‍റെ മരണ രോഗ സമയത്ത് ഒരു നിസ്കാരത്തിനു തന്നെ (ഒരു നിസ്കാരം കഴിഞ്ഞ് അടുത്ത നിസ്കാരത്തിനിടക്ക് എന്നർത്ഥം) അറുപത് വുളൂ എടുക്കാറുണ്ടായിരുന്നു. 

മരണം വരുമ്പോൾ ഞാൻ വുളൂ ഉള്ളവനാകുവാനാണിതെന്ന് അദ്ദേഹം പറയുകയും ചെയ്യുമായിരുന്നു. (കശ്ഫ് – 534)


സുഫിയാനുസ്സൗരി (റ) പറഞ്ഞു: മരിക്കുന്നതുവരെ ജീവിക്കാനാവശ്യമായ 400 ദിര്‍ഹം ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ജനങ്ങളുടെ വാതില്‍ക്കല്‍ പോയി യാചിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നില്ല. ദാരിദ്ര്യം ഈമാനിന് ക്ഷതമേല്‍പ്പിക്കുമോ എന്ന് ഞാന്‍ ഭയക്കുന്നു...(മിനനുല്‍ കുബ്‌റ 123)

സുഫ്യാനുസ്സൗരി (റ) പറയുന്നു: "ആരെങ്കിലും അല്ലാഹുവിനെ വഴിപ്പെടുന്നതിൽ ഹറാമായ സമ്പത്ത് ചിലവഴിച്ചാൽ അവൻ നജസായ വസ്ത്രത്തെ മൂത്രം കൊണ്ട് ശുദ്ധീകരിക്കുന്നതുപോലയാണ്. നജസായ വസ്ത്രത്തെ ശുദ്ധമായ ജലം കൊണ്ടേ വൃത്തിയാക്കാൻ കഴിയൂ. അത് പോലെ ഹലാലായത്  കൊണ്ടേ പാപങ്ങൾ പൊറുപ്പിക്കാൻ കഴിയൂ. (ഇഹ്‌യാഉലൂമുദ്ദീൻ :2/91)

അബ്ദുറഹ്മാനിബ്നു മഹ്ദി(റ) പറയുന്നു: മഹാനായ സുഫ്യാനുസ്സൗരി(റ) മരണപ്പൈട്ടു. മഹാനവർകൾ മരണമാസന്ന രോഗം ശക്തി പ്രാപിച്ചപ്പോൾ കരയാൻ തുടങ്ങി. ഒരാൾ മഹാനോട് ചോദിച്ചു: "യാ അബാഅബ്ദില്ല! അങ്ങ് അങ്ങയെ അമിതമായി പാപം ചെയ്തവനായി കാണുന്നുവോ?

മഹാനവർകൾ തല ഉയര്‍ത്തി താഴെ നിന്നും അൽപം മണ്ണെടുത്ത് കൊണ്ട് പറഞ്ഞു: അല്ലാഹുവാനെ സത്യം എന്റെ പാപങ്ങൾ എനിക്ക് ഈ മണ്ണിനേക്കാൾ നിസ്സാരമാണ്. ഞാൻ തീർച്ചയായും ഭയക്കുന്നത് മരിക്കുന്നതിന് മുമ്പ് ഈമാൻ ഊരിപ്പോകലിനെയാണ്.(അസ്സവാജിർ:1/36)

സുഫ്യാനുസ്സൗരി (റ) പറയുന്നു: "ആരെങ്കിലും അല്ലാഹുﷻവിനെ വഴിപ്പെടുന്നതിൽ ഹറാമായ സമ്പത്ത് ചിലവഴിച്ചാൽ അവൻ നജസായ വസ്ത്രത്തെ മൂത്രം കൊണ്ട് ശുദ്ധീകരിക്കുന്നതുപോലയാണ്..." നജസായ വസ്ത്രത്തെ ശുദ്ധമായ ജലം കൊണ്ടേ വൃത്തിയാക്കാൻ കഴിയൂ. അത് പോലെ ഹലാലായത്  കൊണ്ടേ പാപങ്ങൾ പൊറുപ്പിക്കാൻ കഴിയൂ...
(ഇഹ്‌യാഉലൂമുദ്ദീൻ : 2/91)


ഇമാം ഹുമൈദി (റ) സുഫ്‌യാനുസ്സൗരി (റ) വിനോട് ചോദിച്ചു. ഒരു മനുഷ്യന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതോ, അതോ യുദ്ധം ചെയ്യുന്നതോ ഏതാണ് താങ്കള്‍ക്ക് പ്രിയങ്കരം..? അദ്ദേഹം പറഞ്ഞു.’ഖുര്‍ആന്‍ പാരായണം’. നബി ﷺ പറഞ്ഞു: "നിങ്ങളില്‍ അത്യുത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്... (തിബ്‌യാന്‍ 11)

അമ്റിബ്നു മുഹമ്മദ് (റ) പറയുന്നു: സുഫ്‌യാനുസ്സൗരി (റ) ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു: ഒരു അടിമ രഹസ്യമായി ഒരു അമൽ ചെയ്യും. അതിനെ പ്രത്യക്ഷ്യത്തിലാക്കും വരെ പിശാച് അവനിൽ സ്വാധീനം ചെലുത്തും. അങ്ങനെ ആ പ്രവർത്തനം പരസ്യമായ പ്രവർത്തനങ്ങളിൽ രേഖപ്പെടുത്തപ്പെടും. അവന്റെ പ്രവർത്തനത്തിന് പ്രശംസ ഇഷ്ടപ്പെടുന്നത് വരെ പിശാച് വീണ്ടും അവനെ അനുഗമിക്കും. അങ്ങനെ അവന്റെ പ്രവർത്തനം പരസ്യമായ അമലുകളിൽ നിന്ന് തള്ളപ്പെടുകയും, ലോകമാന്യത്തിന്റെ ഗണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യും...(ഹിൽയതുൽ ഔലിയാഅ്‌: 7/30)

ഒരിക്കല്‍ പ്രമുഖ സൂഫിവര്യന്‍ സുഫ്‌യാനുസൗരി(റ)യെയും ശിഷ്യരെയും ഒരു മുതലാളി സല്‍ക്കരിച്ചു. 

വീട്ടിലെത്തിയ ഉസ്താദിന്റെയും ശിഷ്യരുടെയും സാന്നിധ്യത്തില്‍ വെച്ച് അടുക്കളയിലുള്ള ഭാര്യയോടായി മുതലാളിയായ വീട്ടുടമ വിളിച്ചുപറഞ്ഞു: "ഞാന്‍ ഒന്നാമത്തെ ഹജ്ജിന് അല്ല, രണ്ടാമത്തെ ഹജ്ജിനു പോയപ്പോള്‍ വാങ്ങിയ പാത്രത്തില്‍ ഭക്ഷണം കൊണ്ടുവാ..."

ഇതുകേട്ട ഉസ്താദ് സുഫ്‌യാനുസ്സൗരി(റ) തന്റെ ശിഷ്യരോട് പറഞ്ഞു: ഇദ്ദേഹം മഹാപാവം മനുഷ്യനാണ്. ഈ വാക്ക് കൊണ്ട് അദ്ദേഹത്തിന്റെ രണ്ട് ഹജ്ജും നഷ്ടപ്പെട്ടു...(ഇര്‍ശാദ്)

സുഫ്യാനുസ്സൗരി(റ) പറയുന്നു: ഒരാൾ മറ്റൊരാളെ സദ്യക്ക് ക്ഷണിച്ചു. ക്ഷണിക്കപ്പെട്ടവൻ അത് സ്വീകരിച്ച് സദ്യയിൽ പങ്കുകൊള്ളുന്നത് ക്ഷണിച്ചവന് ഇഷ്ടവുമില്ല, എങ്കിൽ അങ്ങനെ ക്ഷണിച്ചവന് ഒരു കുറ്റമുണ്ട്. ക്ഷണിക്കപ്പെട്ടവൻ ആ സദ്യയിൽ പങ്കെടുത്താൽ ക്ഷണിച്ചവന് രണ്ട് കുറ്റമുണ്ട്. കാരണം, തനിക്കിഷ്ടമില്ലാത്ത ഒരാളെ തന്റെ ഭക്ഷണം കഴിക്കാൻ അയാൾ പ്രേരിപ്പിച്ചു. തന്റെ വെറുപ്പ് അറിയിച്ചിരുന്നെങ്കിൽ അയാൾ ആ ഭക്ഷണം കഴിക്കുമായിരുന്നില്ല. (ഇഹ്‌യാ ഉലൂമുദ്ദീൻ:2/13)

മഹാനായ സുഫ്യാനുസ്സൗരി(റ) പറയുന്നു: നിന്റെ സുഹൃത്ത് നിന്നെ സന്ദർശിക്കാൻ വന്നാൽ "ഭക്ഷണം കഴിക്കുന്നോ? ഭക്ഷണം കൊണ്ട് വരട്ടേ ? എന്നൊന്നും ചോദിക്കരുത്. ആഹാരം അവനു സമർപ്പിക്കണം. തിന്നുന്നുവെങ്കിൽ തിന്നട്ടെ, അല്ലെങ്കിൽ എടുത്തുമാറ്റാം. (ഇഹ്യാ ഉലൂമുദ്ദീൻ: 2/12) 

No comments:

Post a Comment