Friday 12 June 2020

ഇമാം നവവി (റ)




ജനനം

ശൈഖ് മുഹ്‌യുദ്ദീന്‍ അന്നവവി യഹ്‌യ ബിന് ഷറഫ് ബിന് മിറിയ് ബിന് ഹസന്‍ ബിന് ഹുസൈന്‍ ബിന് ജുമുഅഃ ബിന് ഹിസാം  അല്‍ ഹിസാമി അന്നവവി, അശ്ശാഫിഈ അദ്ദിമശ്ഖി മുഹ്‌യുദ്ദീന്‍ അബൂ സകരിയ്യ എന്ന പേരിലറിയപ്പെടുന്ന വിഖ്യാത പണ്ഡിതന്‍ തന്റെ കാലത്തെ ഫുഖഹാക്കളിലെ നേതാവും ശാഫിഈ മദ്ഹബിന്റെ തലവനുമായിരുന്നു. ഹിജ്‌റ 631ല്‍ (ക്രി.1233) നവായില്‍ (ഡമസ്‌കസ്) എന്ന സിറിയന്‍ നഗരത്തിലായിരുന്നു ജനനം. ഇവിടേക്ക് ഡമസ്‌കസില്‍ നിന്നും 85 കി.മീറ്റര്‍ ദൂരമുണ്ട്. ജന്മനാട്ടിലേക്ക് ചേര്‍ത്തി നവവി എന്നറിയപ്പെട്ടു.ഇന്നും ഏത് കര്‍മശാസ്ത്ര തീര്‍പ്പുകളുടെയും അവ്വലും ആഖിറുമായി ഇമാം നവവി(റ) പരിഗണിക്കപ്പെട്ടുപോരുന്നു. 

ഹിജ്‌റ 631 മുഹര്‍റം മാസത്തിലാണ് ഇമാമിന്റെ ജനനം. അബൂ യഹ്‌യ ശറഫ്ബ്‌നുല്‍ മുര്‍റി എന്ന സാത്വികനായിരുന്നു പിതാവ്. വ്യാപാരിയായിരുന്ന അദ്ദേഹം തികഞ്ഞ ആത്മീയ ജീവിതമായിരുന്നു നയിച്ചിരുന്നത്. തന്റെ പുത്രനെ ഇസ്‌ലാമിക പരിചരണം നല്‍കി വളര്‍ത്തുന്നതില്‍ അദ്ദേഹം ഉത്സാഹിച്ചു. നവവിയുടെ വളര്‍ച്ചയും മഹത്ത്വവും നേരില്‍ കണ്ട് മനം കുളിര്‍ക്കാനും അദ്ദേഹത്തിന് അവസരമുണ്ടായി. ഇമാം നവവി(റ)യുടെ വഫാത്തിനു ശേഷം ഏതാണ്ട് ഒമ്പത് വര്‍ഷം കഴിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

ഇമാം ശാഫിഈ(റ)യുടെ കാലം മുതല്‍ ഹിജ്‌റ ഏഴാം നൂറ്റാണ്ട് വരെയുള്ള നീണ്ട നാലു നൂറ്റാണ്ടിലേറെക്കാലം ശാഫിഈ കര്‍മധാരയിലുണ്ടായ മുഴുവന്‍ കര്‍മശാസ്ത്ര വികാസങ്ങളെയും വിലയിരുത്തുകയും യോഗ്യമായവയെ പ്രബലപ്പെടുത്തുകയും (തര്‍ജീഹു സ്വഹീഹ്) ചെയ്യുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുക്കാന്‍ ഭാഗ്യം ലഭിച്ചത് ഇമാം നവവി(റ) എന്ന പണ്ഡിതപ്രതിഭയ്ക്കായിരുന്നു. തനിക്കു മുന്‍പ് വന്ന എല്ലാ കര്‍മശാസ്ത്ര പണ്ഡിതരുടെയും അഭിപ്രായങ്ങളേക്കാളും രചനകളേക്കാളും തന്റെ പ്രബലപ്പെടുത്തലുകള്‍ക്കും (തര്‍ജീഹാത്ത്) രചനകള്‍ക്കും മുന്‍ഗണന ലഭിക്കും വിധം, ശാഫിഈ കര്‍മശാസ്ത്ര സരണിയുടെ വളര്‍ച്ചാഗതിയെ തന്നെ മാറ്റിയെഴുതുകയായിരുന്നു.


കുട്ടിക്കാലം

ബാല്യ-കൗമാര കാലങ്ങളില്‍ തന്നെ, ഭാവിയിലെ വൈജ്ഞാനികോന്നതിയുടെ നല്ല ലക്ഷണങ്ങള്‍ മഹാനില്‍ പ്രകടമായിരുന്നു. സാഹചര്യം അനുകൂലമായിരുന്നിട്ടും വിനോദങ്ങളിലും നേരമ്പോക്കുകളിലും സമയം ചെലവഴിച്ചില്ല. താന്‍ പിന്നീടു നിര്‍വഹിക്കേണ്ട ജ്ഞാനദൗത്യത്തിന് പാകപ്പെട്ടതായിരുന്നു ബാല്യകാല ജീവിതം പോലും. അനുസരണയും അച്ചടക്കവും പൈതൃക സിദ്ധമായ ഗുണവുമെല്ലാം ചേര്‍ന്നപ്പോള്‍ ചെറുപ്രായത്തില്‍ തന്നെ സമൂഹത്തില്‍ നിന്ന് ആദരവുകള്‍ ലഭ്യമായി.


തന്റെ ജീവിതത്തില്‍ പില്‍ക്കാലത്തുണ്ടായ വലിയ മാറ്റത്തിന്റെ സൂചകങ്ങള്‍ ഇമാം ബാല്യകാലത്ത് തന്നെ പ്രകടിപ്പിച്ചിരുന്നു. കച്ചവടക്കാരനായ പിതാവ് പലപ്പോഴും കച്ചവടം മകനെ ഏല്‍പിച്ചുപോകുമ്പോഴും അതില്‍ ശ്രദ്ധിക്കാതെ സദാ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുകയായിരിക്കും ഇമാം നവവി(റ). തന്റെ സമപ്രായക്കാരായ കുട്ടികളോടൊപ്പം കളിക്കാന്‍ നില്‍ക്കാതെ, മാറി നിന്ന് ഇമാം ഖുര്‍ആനോതാറുണ്ടായിരുന്നു.

ദമസ്‌കസായിരുന്നു ഇമാമിന്റെ പഠന ഭൂമിയും കര്‍മഭൂമിയുമെല്ലാം. ഇസ്ഹാഖുല്‍ മഗ്‌രിബി(റ)യുടെ റവാഹിയ്യ കലാലയത്തില്‍ ചേര്‍ന്ന് ജ്ഞാനസപര്യ സജീവമാക്കി. വലിയ സൗകര്യങ്ങളാകാമായിരുന്നിട്ടും കലാലയത്തോട് ചേര്‍ന്നു നന്നേ ചെറിയൊരു വീട്ടിലായിരുന്നു പഠനകാലത്തും പിന്നീട് മരണം വരെയും ഇമാം താമസിച്ചത്.

മത,ഭൗതിക,ശാസ്ത്രീയ മേഖലകളില്‍വിരാചിച്ച നിരവധി അഗ്രേസരരായ പണ്ഡിത പ്രഭുക്കള്‍ക്കിടയില്‍ ഒരുകുഞ്ഞുതാരകത്തെ പോലെ ജനിച്ചുവീണ ഇമാം നവവി(റ) ഡമസ്കസിനെ തന്നെ തന്നിലേക്ക് തിരിച്ചുനിര്‍ത്തിയ മഹാനാണെന്നറിയുമ്പോഴേ ഇമാമിന്‍റെ ഔന്നിത്യത്തിന്‍റെ മഹത്വം മനസ്സിലാവൂ.കേവലം 45 വയസ്സ്കൊണ്ട് നൂറ്റാണ്ടുകളുടെ പ്രവൃത്തികള്‍ ചെയ്ത ഇമാമിനെപ്പോലെ മറ്റൊരാള്‍ ഇസ്ലാമിക ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.

ലൈലത്തുല്‍ ഖദ്‌റിന്റെ ധന്യത

ഏഴു വയസ്സുള്ള സമയത്ത് പിതാവിനോടൊത്ത് രാത്രി ഉറങ്ങുകയായിരുന്നു നവവി(റ). അര്‍ധ രാത്രിയായപ്പോള്‍ പിതാവിനെ വിളിച്ചുണര്‍ത്തി കുട്ടി ചോദിച്ചു: ‘ഉപ്പാ, എന്താണീ വീട്ടിലാകെ ഒരു പ്രകാശം കാണുന്നത്?’ ശേഷം വീട്ടുകാരെയെല്ലാം യഹ്‌യ വിളിച്ചുണര്‍ത്തി. പക്ഷേ അവരാരും തന്നെ പ്രകാശം കണ്ടില്ല. റമളാന്‍ 27-ാം രാവിലായിരുന്നു ഈ സംഭവം. പിതാവ് ശറഫ് അനുസ്മരിക്കുന്നു: ‘ലൈലത്തുല്‍ ഖദ്‌റിന്റെ ഒളിവാണ് മകന്‍ കണ്ടത്.’ പുത്രന് നല്ല ഭാവിയുണ്ടെന്ന് ഗ്രഹിക്കാന്‍ പിതാവിന് ഇതും സഹായകമായി.

പ്രാഥമിക വിജ്ഞാനവും ഖുര്‍ആന്‍ പാരായണവും പഠിപ്പിക്കുന്നതിനായി യോഗ്യരായ ഗുരുവര്യന്മാരെ പിതാവ് ഏല്‍പിച്ചു. പഠനം തുടര്‍ന്നു കൊണ്ടിരിക്കുന്നതിനിടെ തന്നെ ബാക്കി സമയം പാഴാകാതിരിക്കാന്‍ തന്റെ കൂടെ കടയില്‍ നിര്‍ത്തി. പത്തു വയസ്സുള്ളപ്പോഴായിരുന്നു ഇത്. കടയിലിരുന്നപ്പോഴും ഖുര്‍ആന്‍ പാരായണത്തിലായിരുന്നു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പിതാവിന് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടായിരുന്നില്ല താനും.

കൂട്ടുകാരും ഉല്ലാസവുമായി കെട്ടുപിണയുകയാണല്ലോ ബാല്യകാലത്തിന്റെ സ്വാഭാവികത. പക്ഷേ യഹ്‌യ ഇതിനപവാദമായിരുന്നു. സമപ്രായക്കാരോടൊപ്പം കളിക്കാന്‍ പോകുമായിരുന്നില്ലെന്നു മാത്രമല്ല, കളിക്കാന്‍ വിളിക്കുന്നവരില്‍ നിന്ന് ഓടിയകലുകയായിരുന്നു രീതി. കടയില്‍ പിതാവിന്റെ കൂടെയായിരുന്നപ്പോള്‍ കൂട്ടുകാരുടെ നിര്‍ബന്ധം കുറയുകയും ചെയ്തു.  

സാമ്പത്തികമായ സുസ്ഥിതിയുണ്ടായിരുന്നിട്ടും ലളിതപൂര്‍ണമായിരുന്നു ഇമാം നവവി(റ)യുടെ ജീവിതം. റവാഹിയ്യയില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ ഭക്ഷണമായിരുന്നു ഇമാമിന്റെ ജീവിതം നിലനിര്‍ത്തിയിരുന്നത്. ഓരോ ദിവസവും ഓരോ റൊട്ടി. അതില്‍ നിന്നും അല്‍പം മിച്ചം വച്ചു ഇമാം എന്നും ധര്‍മം ചെയ്യുകയും ചെയ്തിരുന്നുവെന്നതാണ് വലിയ അത്ഭുതം.

റവാഹിയ്യയിലെ പഠന കാലത്ത് ഹിജ്‌റ 651-ല്‍ പിതാവിനോടൊപ്പം ഇമാമിനു ഹജ്ജിനു പോകാന്‍ സാധിച്ചു. തന്റെ യൗവ്വന കാലത്ത് തന്നെ ഇമാമിനു ലഭിച്ച ഈ ഭാഗ്യം പിന്നീടുള്ള ജീവിതത്തില്‍ വലിയ സ്വാധീനങ്ങളുണ്ടാക്കി. പിന്നീടങ്ങോട്ട് വൈജ്ഞാനിക വരങ്ങളുടെ കോരിച്ചൊരിയലായിരുന്നു ഇമാം നവവി(റ)ക്ക്. ഇടതടവില്ലാതെ പഠനവും ആരാധനയുമായി പിന്നീട്. നിരന്തര വ്രതാനുഷ്ഠാനം, നിസ്‌കാരം, സാഹസികമായ പഠന സപര്യ, ഭൗതിക പരിത്യാഗം, അതിസൂക്ഷ്മത തുടങ്ങിയവയില്‍ ഊന്നിനിന്നു ആ ശ്രേഷ്ഠജീവിതം.


ദീര്‍ഘവീക്ഷണം

പിതാവിന്റെയും മറ്റും ശ്രദ്ധ കുട്ടിയുടെ മേല്‍ സദായുണ്ടാകാന്‍ പ്രേരകമായൊരു സംഭവം ഇതിനിടയില്‍ നടന്നു. അക്കാലത്തെ പ്രമുഖ സാത്വികനും പണ്ഡിതനുമായിരുന്ന ശൈഖ് യാസീനു ബ്‌നു യൂസുഫില്‍ മാറാക്കിശി(റ) നവയില്‍ വന്നു. ഒരു ബാലന്‍ കൂട്ടുകാരില്‍ നിന്ന് ഓടി രക്ഷപ്പെടുന്നത് ശ്രദ്ധയില്‍ പെട്ട അദ്ദേഹം കുട്ടിയെ നിരീക്ഷിച്ചു. യഹ്‌യ എന്നാണ് കുട്ടിയുടെ പേരെന്നും കൂട്ടുകാര്‍ കളിക്കാനായി നിര്‍ബന്ധിച്ചപ്പോള്‍ സമയം നഷ്ടമാക്കിക്കൂടെന്ന വിചാരത്തില്‍ മാറിപ്പോവുകയാണെന്നും മനസ്സിലായി. കരഞ്ഞ് കൊണ്ടോടുമ്പോഴും അവന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചു.

ശൈഖ് യാസീന്‍(റ) പറയുന്നു: ‘എനിക്ക് ആ കുട്ടിയോട് വലിയ ഇഷ്ടം തോന്നി. അവനെ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഉസ്താദിനെ സമീപിച്ച് ചില നിര്‍ദേശങ്ങള്‍ നല്‍കി. ഞാന്‍ ഗുരുനാഥനോടിങ്ങനെ പറഞ്ഞു: ഈ കുട്ടി സമകാലത്തെ വലിയ പണ്ഡിതനും വലിയ പരിത്യാഗിയുമായിത്തീരുമെന്നും ഇവനെ കൊണ്ട് സമുദായത്തിന് വലിയ ഉപകാരം ലഭിക്കുമെന്നും എനിക്കു പ്രതീക്ഷയുണ്ട്.’

ഇതു കേട്ട് ഗുരു ചോദിച്ചു: നിങ്ങളെന്താ ജ്യോത്സ്യനാണോ?

ഞാന്‍: ‘അല്ല, പക്ഷേ അല്ലാഹു എന്നെക്കൊണ്ടിതു പറയിപ്പിച്ചതാണ്.’

തുടര്‍ന്ന് ശൈഖ് യാസീന്‍(റ) ഇമാമവര്‍കളുടെ പിതാവിന്റെയടുക്കലെത്തി. കുട്ടിയുടെ കാര്യത്തില്‍ ചില വസ്വിയ്യത്തുകള്‍ ചെയ്തു. അവനെ ഖുര്‍ആന്‍ ഹിഫ്‌ളാക്കാനും ഇല്‍മ് പഠിക്കാന്‍ പ്രേരിപ്പിക്കാനും നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇമാം ചെറുപ്പത്തിലേ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. എങ്കിലും നാട്ടില്‍ തന്നെ പഠനം തുടര്‍ന്നു.

ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ശേഷം 649ല്‍ ദമസ്‌കസിലേക്ക് വന്നു. നാലരമാസത്തിനുള്ളില്‍ അത്തന്‍ബീഹ് എന്ന കൃതിയും ശേഷിക്കുന്ന ഒരു വര്‍ഷത്തിലെ മാസങ്ങള്‍ക്കിടയില്‍ അല്‍ മുഹദ്ദബിന്റെ ആരാധനാപരമായ കാര്യങ്ങള്‍ വിവരിക്കുന്ന ഭാഗങ്ങളും പഠിച്ചു. പിന്നീട് പ്രമുഖ പണ്ഡിതന്‍മാരുടെ അടുക്കല്‍ ചെന്ന് വായനയാരംഭിച്ചു. ഒരു ദിവസം പന്ത്രോളം വിഷയങ്ങള്‍ വിവിധ പണ്ഡിതന്‍മാരുടെയടുക്കല്‍ ചെന്ന് അദ്ദേഹം വായിച്ചിരുന്നു.


ഡമസ്‌കസിലേക്ക്

19 വയസ്സായ സമയത്ത് ഉപരി പഠനാര്‍ത്ഥം പിതാവ് ഇമാമവര്‍കളെ ഡമസ്‌കസിേലക്ക് കൊണ്ടുപോയി. ഹിജ്‌റ 649-ലായിരുന്നു ഇത്. ഡമസ്‌കസ് അന്ന് പണ്ഡിതന്മാരുടെയും പര്‍ണശാലകളുടെയും പാഠശാലകളുടെയും നഗരിയായിരുന്നു. വ്യത്യസ്ത വിഷയങ്ങളില്‍ പ്രഗത്ഭരായ പണ്ഡിതര്‍ നേതൃത്വം നല്‍കുന്ന മുന്നൂറിലേറെ വൈജ്ഞാനിക കേന്ദ്രങ്ങള്‍ അന്നവിടെ യുണ്ടായിരുന്നുവെന്നു ചരിത്രം. വിജ്ഞാന നഗരിയായത് കൊണ്ടാണ് സ്വന്തം ജന്മനാട് വിട്ട് പുത്രനെയും കൂട്ടി പിതാവ് ഇവിടെ വന്നതുതന്നെ. നവായില്‍ നിന്ന് ഡമസ്‌കസിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. പക്ഷേ വിജ്ഞാന കുതുകിയായ പുത്രനും സര്‍വ പിന്തുണയും നല്‍കി കൂടെ നില്‍ക്കാന്‍ തയ്യാറായ പിതാവിനും ആ ദുരിത യാത്ര വിഷമമായില്ല.

ദമസ്‌കസായിരുന്നു ഇമാമിന്റെ പഠന ഭൂമിയും കര്‍മഭൂമിയുമെല്ലാം. ഇസ്ഹാഖുല്‍ മഗ്‌രിബി(റ)യുടെ റവാഹിയ്യ കലാലയത്തില്‍ ചേര്‍ന്ന് ജ്ഞാനസപര്യ സജീവമാക്കി. വലിയ സൗകര്യങ്ങളാകാമായിരുന്നിട്ടും കലാലയത്തോട് ചേര്‍ന്നു നന്നേ ചെറിയൊരു വീട്ടിലായിരുന്നു പഠനകാലത്തും പിന്നീട് മരണം വരെയും ഇമാം താമസിച്ചത്.

ഗുരുനാഥന്മാരും പാഠശാലകളും കൂടുതലുള്ള സ്ഥലത്തെത്തിയാല്‍ വിദ്യാഭ്യാസം എവിടെ നിന്നാവണമെന്ന് സ്വാഭാവികമായും ആശയക്കുഴപ്പം സൃഷ്ടിക്കുമല്ലോ. ഏതായാലും ഡമസ്‌കസിലെ പ്രസിദ്ധമായ അമവീ മസ്ജിദിലെ ഖത്വീബായിരുന്ന ജമാലുദ്ദീന്‍ അബ്ദുല്‍ കാഫിയെ സമീപിച്ച് ആഗമനോദ്ദേശ്യമറിയിച്ചു. അദ്ദേഹം നവവി(റ)യെ താജുദ്ദീനില്‍ ഫസാറി(റ)യുടെ സദസ്സിലെത്തിച്ചെങ്കിലും താമസ സൗകര്യമില്ലാത്തതിനാല്‍ പ്രയാസപ്പെട്ടു. ഉസ്താദിനോട് കാര്യമറിയിച്ചപ്പോള്‍ അബൂ ഇബ്‌റാഹിം ഇസ്ഹാഖ് അല്‍മഗ്‌രിബി(റ)യെ സമീപിക്കാന്‍ ഉപദേശിച്ചു. മദ്‌റസതുര്‍റവാഹിയ്യ എന്നറിയപ്പെടുന്ന കേന്ദ്രമായിരുന്നു അദ്ദേഹത്തിന്റേത്. അമവീ മസ്ജിദിനോട് ചേര്‍ന്നായിരുന്നു ഈ സ്ഥാപനം.

വിജ്ഞാനദാഹവും ബുദ്ധിശക്തിയും കറപുരളാത്ത മനസ്സും വിശ്രമമില്ലാത്ത അധ്വാനവും ഒത്തു ചേര്‍ന്നപ്പോള്‍ അത്ഭുതകരമായ മുന്നേറ്റമുണ്ടായി. ഇമാം നവവി(റ) തന്നെ പറയുന്നു: ‘രണ്ട് കൊല്ലത്തോളം ഞാന്‍ കിടന്നിട്ടില്ല. സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന ഭക്ഷണമല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല. നാലര മാസം കൊണ്ടാണ് ഇമാം അബൂഇസ്ഹാഖിശ്ശീറാസി(റ)യുടെ തന്‍ബീഹ് ഹൃദിസ്ഥമാക്കിയത്. ഇമാം ശീറാസി(റ)യുടെ അല്‍മുഹദ്ദബിന്റെ നാലിലൊരു ഭാഗം ആ വര്‍ഷം തന്നെ മനഃപാഠമാക്കി.’

ഇമാം തുടരുന്നു: ‘ത്യാഗിയും സൂക്ഷ്മാലുവുമായ ഗുരു അബൂഇബ്‌റാഹീമില്‍ മഗ്‌രിബി(റ)യുടെ സവിധത്തില്‍ ഞാന്‍ വിവിധ ഗ്രന്ഥങ്ങള്‍ പഠിച്ചു. ഉസ്താദിനെ പിരിയാതെ മുഴുസമയവും ആ സന്നിധിയില്‍ തന്നെ കഴിഞ്ഞു. മറ്റൊന്നിലും ഏര്‍പ്പെടാതെ സദാ ജ്ഞാനസാധനയില്‍ മുഴുകുന്നത് കണ്ട് ഉസ്താദിന് എന്നോട് പ്രത്യേക വാത്സല്യം തോന്നി. വളരെയേറെ എന്നെ സ്‌നേഹിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ വലിയ സംഘങ്ങള്‍ക്ക് ആവര്‍ത്തിച്ചോതിക്കൊടുക്കാന്‍ എന്നെ ഏല്‍പിച്ചു.’

അര്‍ഹതക്കുള്ള അംഗീകാരം നല്‍കുക വഴി ഉസ്താദിന്റെ പ്രചോദനം ഇമാം നവവി(റ)ന് കൂടുതല്‍ ഉത്സാഹവും ആവേശവും നല്‍കി. ഉസ്താദിന്റെ വഫാത്ത് വരെ അവര്‍ തമ്മില്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തി. പ്രധാന ഗുരുവായ ഇദ്ദേഹം ഇമാമവര്‍കളുടെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.

സാമ്പത്തികമായ സുസ്ഥിതിയുണ്ടായിരുന്നിട്ടും ലളിതപൂര്‍ണമായിരുന്നു ഇമാം നവവി(റ)യുടെ ജീവിതം. റവാഹിയ്യയില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ ഭക്ഷണമായിരുന്നു ഇമാമിന്റെ ജീവിതം നിലനിര്‍ത്തിയിരുന്നത്. ഓരോ ദിവസവും ഓരോ റൊട്ടി. അതില്‍ നിന്നും അല്‍പം മിച്ചം വച്ചു ഇമാം എന്നും ധര്‍മം ചെയ്യുകയും ചെയ്തിരുന്നുവെന്നതാണ് വലിയ അത്ഭുതം.


ഹജ്ജ് യാത്ര

ഡമസ്‌കസിലെത്തി രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍, 21-ാം വയസ്സില്‍ പിതാവിനൊപ്പം ഹജ്ജിന് പുറപ്പെട്ടു. ഹിജ്‌റ 651 റജബ് ആദ്യത്തിലായിരുന്നു യാത്ര.തന്റെ യൗവ്വന കാലത്ത് തന്നെ ഇമാമിനു ലഭിച്ച ഈ ഭാഗ്യം പിന്നീടുള്ള ജീവിതത്തില്‍ വലിയ സ്വാധീനങ്ങളുണ്ടാക്കി.  

മദീനയില്‍ ഒന്നര മാസം താമസിച്ചു. ഹജ്ജ് യാത്ര ഏറെ ക്ലേശകരമായിരിക്കും അക്കാലത്തെന്നു പറയേണ്ടതില്ലല്ലോ. അതോടൊപ്പം യാത്രാരംഭത്തില്‍ തുടങ്ങിയ പനി അറഫാ ദിനം വരെ നീണ്ടു നില്‍ക്കുകയും ചെയ്തു. അതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയോ അക്ഷമനാവുകയോ ചെയ്തില്ല. ആ പരീക്ഷണ ഘട്ടം ക്ഷമാപൂര്‍വം നേരിട്ടു. ഹജ്ജ് കഴിഞ്ഞ് ജന്മദേശത്തേക്ക് വന്നെങ്കിലും തുടര്‍ പഠനത്തിനായി ഡമസ്‌കസിലേക്ക് തന്നെ പോയി.

പിന്നീടങ്ങോട്ട് വൈജ്ഞാനിക വരങ്ങളുടെ കോരിച്ചൊരിയലായിരുന്നു ഇമാം നവവി(റ)ക്ക്. ഇടതടവില്ലാതെ പഠനവും ആരാധനയുമായി പിന്നീട്. നിരന്തര വ്രതാനുഷ്ഠാനം, നിസ്‌കാരം, സാഹസികമായ പഠന സപര്യ, ഭൗതിക പരിത്യാഗം, അതിസൂക്ഷ്മത തുടങ്ങിയവയില്‍ ഊന്നിനിന്നു ആ ശ്രേഷ്ഠജീവിതം.

തന്റെ പഠനത്തെക്കുറിച്ച് ഇമാമിന്റെ വിവരണം ശിഷ്യന്‍ ഉദ്ധരിക്കുന്നതിങ്ങനെ: ‘ഞാന്‍ എല്ലാ ദിവസവും മഹാന്മാരായ ഗുരുവര്യന്മാരുടെ അടുത്തു നിന്ന് 12 പാഠങ്ങള്‍ ഓതുമായിരുന്നു. വസ്വീത്വില്‍ (ഇമാം ഗസ്സാലി-റ-യുടെ ഫിഖ്ഹ് ഗ്രന്ഥം) നിന്ന് രണ്ടു പാഠവും അല്‍മുഹദ്ദബ് (ഇമാം ശീറാസി-റ-യുടെ കര്‍മശാസ്ത്ര ഗ്രന്ഥം), അല്‍ജംഉ ബൈനസ്സ്വഹീഹൈനി (ഹാഫിള് അബൂഅബ്ദില്ലാഹില്‍ ഉന്‍ദുലൂസി-റ-യുടെ ഹദീസ് കിതാബ്), സ്വഹീഹ് മുസ്‌ലിം, ഇബ്‌നു ജിന്നി(റ)യുടെ ലുമഅ്(വ്യാകരണ ഗ്രന്ഥം), ഇബ്‌നുസ്സക്കീത്ത്(റ)യുടെ ഇസ്വ്‌ലാഹുല്‍ മന്‍ത്വിഖ് (സാഹിത്യ കൃതി), ഇല്‍മുസ്സ്വര്‍ഫ്, ഉസ്വൂലുല്‍ ഫിഖ്ഹ്, അസ്മാഉര്‍രിജാല്‍ (ഹദീസ് നിവേദക ചരിത്രം), ഉസ്വൂലുദ്ദീന്‍ (വിശ്വാസ കാര്യം) എന്നിവകളില്‍ ഓരോ പാഠവുമായിരുന്നു നിത്യവും പഠിച്ചിരുന്നത്.’

പഠന രീതിയെക്കുറിച്ച് ഇമാം പറഞ്ഞു: ‘ഈ വിജ്ഞാനങ്ങളുമായി ബന്ധപ്പെട്ടവയെല്ലാം ഞാന്‍ അടിക്കുറിപ്പായി ചേര്‍ത്തു. അഥവാ സങ്കീര്‍ണമായവ വിശദീകരിച്ചു. മൂല വചനങ്ങള്‍ വ്യക്തമാക്കി വിവരിച്ചു. പദങ്ങളില്‍ ക്ലിപ്തത വരുത്തി. അതു മൂലം അല്ലാഹു എന്റെ സമയത്തിലും പഠനത്തിലും പരിശ്രമത്തിലും ബറകത്ത് നല്‍കി. അവനെന്നെ അതില്‍ നന്നായി സഹായിക്കുകയും ചെയ്തു.’

ഹജ്ജ് യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ഇമാമിന്റെ പഠനോത്സുക്യം ഗുരുവര്യരടക്കമുള്ള ജനങ്ങള്‍ക്കിടയില്‍ വലിയ സംസാര വിഷയമായി. മരണം വരെ ഒരല്‍പ സമയം പോലും വൃഥാവിലാക്കാതെ നോക്കി. സദാസമയവും വിജ്ഞാന വര്‍ധനവിനുള്ള പരിശ്രമങ്ങള്‍. യാത്രാപോക്കുവരവുകള്‍ പോലും നേരത്തെ മനഃപാഠമാക്കിവെച്ചത് ഓര്‍ത്തെടുക്കാനോ എന്തെങ്കിലും വായിക്കാനോ ഉപയോഗപ്പെടുത്തി. പഠനത്തിനിടയില്‍ ഉറക്കം വല്ലാതെ ശല്യപ്പെടുത്തിയാല്‍ അല്‍പം നേരം ബഞ്ചില്‍ തലവെച്ചുറങ്ങി പിന്നീട് പഠനത്തില്‍ മുഴുകും. ആറു വര്‍ഷം നീണ്ടു നിന്ന ഈ പഠനതപസ്സ് ഇമാം നവവി(റ)യെ ജ്ഞാനത്തികവിന്റെ പാരമ്യതയിലെത്തിച്ചു.

ഗുരുവിന്റെ സ്വാധീനം

പ്രധാന ഗുരുവായ അബൂഇബ്‌റാഹീം ഇസ്ഹാഖില്‍ മഗ്‌രിബി(റ) ഇമാം നവവി(റ)യെ നന്നായി സ്വാധീനിച്ചു. പഠനത്തില്‍ കൂടുതല്‍ ആവേശവും സമര്‍പ്പണവും നടത്താന്‍ രണ്ട് വര്‍ഷത്തില്‍ താഴെയാണെങ്കിലും ഗുരുവര്യരുടെ സ്‌നേഹമസൃണ സമീപനമായിരുന്നു കാരണം. നിസ്‌കാരത്തിന്റെയും സ്ഥിരമായ നോമ്പിന്റെയും കാര്യത്തിലും പരിത്യാഗത്തിലും സൂക്ഷ്മതയിലും സമയം നഷ്ടപ്പെടുത്താതിരിക്കുന്നതിലുമെല്ലാം ഉസ്താദായിരുന്നു മാതൃക. 

ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വ്യത്യസ്ത ഗുരുനാഥന്മാരില്‍ നിന്നാണ് ഓരോ വിജ്ഞാനവും ആര്‍ജിച്ചത്. രാപകല്‍ വ്യത്യാസമന്യേ, സ്വന്തം ശരീരത്തിന്റെ സുഖസൗകര്യങ്ങള്‍ അവഗണിച്ചുള്ള പഠനം. ക്ലാസുകള്‍ കേട്ടും എഴുതിയും പാരായണം ചെയ്തും ഗുരുവര്യരെ തേടി സഞ്ചരിച്ചുമാണ് ജീവിതകാലം മൊത്തം ചെലവഴിച്ചത്. വിജ്ഞാനത്തെ പരിണയിച്ചപ്പോള്‍ അതെത്രമാത്രം നേടാനും പകരാനും കാലങ്ങളില്‍ കാത്തുവെക്കാനും ആകുമോ എന്നതിലായി മുഴുചിന്തയും. വിവാഹ ജീവിതത്തെക്കുറിച്ചാലോചിച്ചില്ല. അവിവാഹിതനായി വഫാത്തായി. വിവാഹത്തിന്റെ മഹത്ത്വത്തെ പറ്റിയറിയാഞ്ഞിട്ടല്ല. ജ്ഞാന സമ്പര്‍ക്കത്തിനിടയില്‍ അതിനു നേരമുണ്ടായില്ല.


വിജ്ഞാന ശേഖരണം 

പഠന കാലത്തിനു ശേഷം, ദമസ്‌കസിലെ മുളഫ്ഫര്‍ രാജാവിന്റെ ദാറുല്‍ ഹദീസ് അശ്‌റഫിയ്യയില്‍ അധ്യാപകനായി സേവനം ചെയ്തു. നവവി(റ)യുടെ ജീവിതത്തെ സംഭവബഹുലമാക്കിയത് ദാറുല്‍ ഹദീസിലെ അധ്യാപനകാലമാണ്. സര്‍വജ്ഞാന ശാഖകളിലും അറിവും താഴ്ച്ചയുമുള്ള പണ്ഡിതനെ മാത്രമേ ദാറുല്‍ ഹദീസിന്റെ മേധാവിത്വം ഏല്‍പിക്കാറുണ്ടായിരുന്നുള്ളൂ. ഇമാമിനു ശേഷം ആ സ്ഥാനത്തേക്ക് കടന്നുവന്ന തഖ്‌യുദ്ദീന്‍ സുബ്കി(റ), ഇമാം നവവി(റ) ദര്‍സ് നടത്താനിരുന്നിരുന്ന പുണ്യസ്ഥലത്ത് മുഖമമര്‍ത്തി ആ താഴ്മയും ബഹുമാനും പ്രകടിപ്പിച്ചിരുന്നു. നവവി(റ)യുടെ പാദം സ്പര്‍ശിച്ചിടത്ത് തന്റെ മുഖം സ്പര്‍ശിക്കട്ടെ എന്ന സുബ്കി(റ)യുടെ കവിത വളരെ പ്രസിദ്ധമാണ്.

ഇബ്‌നു സ്വലാഹ്(റ), ഇബ്‌നു ഖല്ലികാന്‍(റ), ഇബ്‌നു മാലിക്(റ) തുടങ്ങി വലിയ വലിയ പണ്ഡിത കുലപതികള്‍ നിറഞ്ഞുനിന്നിരുന്ന കാലമായിരുന്നിട്ടും കര്‍മനൈരന്തര്യം കൊണ്ടും ജ്ഞാനത്തികവ് കൊണ്ടും ഇമാം നവവി(റ) ഇസ്‌ലാമിക ചരിത്രത്തില്‍ വേറിട്ടുനിന്നു. അല്‍ഫിയ്യ എന്ന വ്യഖ്യാത വ്യാകരണഗ്രന്ഥത്തിലെ ഒരു ഉദാഹരണത്തില്‍ ‘നമ്മുടെ അടുത്ത് മാന്യനൊരാളുണ്ട്’ എന്ന ഇബ്‌നു മാലികി(റ)ന്റെ പരാമര്‍ശം ഇമാം നവവി(റ)യെ ഉദ്ദേശിച്ചാണെന്ന് അഭിപ്രായമുണ്ട്. ഇസ്‌ലാമിലെ ഏതു ജ്ഞാനശാഖയിലൂടെ കടന്നുപോകുന്ന ഒരാള്‍ക്കും ഇന്ന് ഇമാം നവവി(റ)യുടെ രചനകളെയോ ആശയങ്ങളെയോ അവഗണിക്കാനാവില്ല. അത്രയും വലിയ പ്രവിശാലതയും പ്രബലതയും ഇമാം നവവി(റ)യുടെ വൈജ്ഞാനിക ഇടപെടലുകള്‍ക്ക് കാണാന്‍ കഴിയും.

ഇമാം നവവി(റ) തീര്‍പ്പു പറഞ്ഞ ഒരു വിഷയത്തിലും മറ്റാര്‍ക്കും ഇന്നേവരെ ഇടപെടേണ്ടി വന്നിട്ടില്ല. ഇനിയൊരിക്കലും ഇടപെടാന്‍ സാധ്യമതയില്ലാത്ത വിധം സുതാര്യവും വ്യക്തവുമാണ് ഇമാം നവവിയുടെ ഇടപെടലുകളും തര്‍ജീഹുകളുമെല്ലാം. ശാഫിഈ ഫിഖ്ഹിന്റെ എല്ലാ തലങ്ങളിലും ശക്തമായ നവവി പ്രഭാവം തെളിഞ്ഞുനില്‍ക്കുന്നതായി കാണാം. ശാഫിഈ കര്‍മധാരയിലെ മുന്‍ഗാമികളുടെ അഭിപ്രായങ്ങളെ വിശകലനം ചെയ്ത് ഇമാം ശാഫിഈ(റ)വിന്റെ നസ്സ്വിനോട് യോജിക്കുന്ന അഭിപ്രായങ്ങളെ പ്രബലപ്പെടുത്തുകയായിരുന്നു ഇമാം നവവി(റ). മദ്ഹബിനകത്തുള്ള വിവിധാഭിപ്രായങ്ങളെ നിര്‍ദ്ധാരണം ചെയ്തു പ്രബലപ്പെടുത്താനുള്ള യോഗ്യത ഇമാം നവവി(റ)ക്കാണ് വന്നു ചേര്‍ന്നത്. അതിനാല്‍ തന്നെ, രണ്ടാം ശാഫിഈ(അശ്ശാഫിഈ അസ്സാനി) എന്ന പേരില്‍ ശാഫിഈ കര്‍മശാസ്ത്രധാരയില്‍ ഇമാം നവവി(റ)യുടെ അജയ്യത ഇന്നും നിലനിന്നു പോരുന്നു.


ഇബ്‌ലീസിന്റെ ഉപദേശം

നേടിയ ജ്ഞാനത്തിനൊപ്പം, തന്റെ ഭാവിയെ കുറിച്ച് പ്രവചിച്ച ശൈഖ് യാസീന്‍(റ)യുടെ പരിചരണം കൂടി ചേര്‍ന്നപ്പോള്‍ ആത്മീയോന്നതി കരസ്ഥമാക്കാന്‍ ഇമാമവര്‍കള്‍ക്കായി. തന്റെ സുകൃതങ്ങള്‍ക്ക് തടയിടാന്‍ പിശാച് പലപ്പോഴും നടത്തിയ ശ്രമം പരാജയപ്പെടുത്തിയത് ഈ ആത്മീയ സപര്യകൊണ്ടാണെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

റവാഹിയ്യ മദ്‌റസയിലായിരിക്കെ ഇമാം രോഗിയായി. അദ്ദേഹത്തിന്റെ വിവരണം കാണുക: അന്നു രാത്രി റവാഹിയ്യ മദ്‌റസയുടെ കിഴക്ക് വശത്തായിരുന്നു ഞാന്‍. പിതാവും മറ്റ് സഹോദരങ്ങളും എന്റെ അടുത്തായി കിടന്നുറങ്ങുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെ എന്റെ പനി സുഖപ്പെടുകയും ഞാന്‍ ഉന്മേഷവാനാവുകയും ചെയ്തു. അപ്പോള്‍ അല്‍പം ദിക്ര്‍ ചൊല്ലാന്‍ ആഗ്രഹിച്ചു. അങ്ങനെ അധികം ഉറക്കെയും എന്നാല്‍ തീരെ പതുക്കെയുമല്ലാത്ത വിധത്തില്‍ ഞാന്‍ തക്ബീര്‍ ചൊല്ലാനാരംഭിച്ചു. അര്‍ധ രാത്രിയായപ്പോള്‍ കാണാനഴകുള്ള ഒരു വൃദ്ധന്‍ ഹൗളില്‍ നിന്ന് വുളു ചെയ്യുന്നത് കണ്ടു. ശേഷം അയാള്‍ എന്റെയടുത്തുവന്നു പറഞ്ഞു: ‘മോനേ, നീ ദിക്ര്‍ ചൊല്ലണ്ട. നിന്റെ പിതാവിനും സഹോദരങ്ങള്‍ക്കും കുടുംബത്തിനും ഈ മദ്‌റസയിലുള്ളവര്‍ക്കും അതൊരു ശല്യമാകും.’ ഞാനപ്പോള്‍ ചോദിച്ചു: കാരണവരേ, നിങ്ങളാരാണ്?

‘അത് വിടുക. ഞാനാരെങ്കിലുമായിക്കോട്ടെ. നിന്റെയൊരു ഗുണകാംക്ഷിയാണെന്ന് കൂട്ടിക്കോളൂ’ എന്നായിരുന്നു വൃദ്ധന്റെ മറുപടി.

ഇത് ഇബ്‌ലീസാണെന്ന് എന്റെ മനസ്സ് പറഞ്ഞു. ഉടന്‍ ഞാന്‍ ‘അഊദുബില്ലാഹി….’ ചൊല്ലി. ഉറക്കെ തസ്ബീഹും ആരംഭിച്ചു. ഇത് കേട്ടതും വൃദ്ധന്‍ വാതിലിന്റെ ഭാഗത്തേക്ക് നീങ്ങി. ഞാന്‍ തസ്ബീഹ് തുടര്‍ന്നു. പിതാവിനെയടക്കം എല്ലാവരെയും ഉണര്‍ത്തുകയും ചെയ്തു. എന്നാല്‍ വാതിലിനു സമീപം ചെന്നു നോക്കിയപ്പോള്‍ അത് പൂട്ടിയ അവസ്ഥയില്‍ തന്നെയായിരുന്നു. ആ വൃദ്ധനെ അവിടമാകെ തിരഞ്ഞെങ്കിലും നേരത്തെയുണ്ടായിരുന്നവരല്ലാതെ ആരെയും കണ്ടില്ല. ഞാനിങ്ങനെ ചെയ്യുന്നത് കണ്ട് പിതാവ് ചോദിച്ചു: ‘യഹ്‌യാ, എന്താണിത്?’ ഞാന്‍ സംഭവം വിവരിച്ചപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു. ഉടന്‍ ഞങ്ങളെല്ലാം കൂട്ടമായി തസ്ബീഹും മറ്റു ദിക്‌റുകളും ആരംഭിച്ചു.’

സത്യത്തില്‍, പിശാചിന് വെളുക്കാന്‍ തേച്ചത് പാണ്ടായ അനുഭവമായിട്ടുണ്ടാവണം. ഒരാളുടെ ദിക്ര്‍ മുടക്കാന്‍ ശ്രമിച്ചപ്പോള്‍ കൂട്ട ദിക്‌റിനാണല്ലോ സാഹചര്യമൊരുങ്ങിയത്!


ഇമാം  നവവി(റ)യുടെ ശൈഖ് 

ശാഫിഈ മദ്ഹബിലെ മുജ്തഹിദുൽ ഫത്വ എന്ന സ്ഥാനത്തെത്തിയ മഹാപണ്ഡിതനാണ് ഇമാം നവവി(റ)  രണ്ടാം ശാഫിഈ എന്ന് മഹാനെ വിളിക്കാറുണ്ട് ഇമാം മുഹമ്മദുബിൻ ഹസനില്ലഖ്മി (റ) രേഖപ്പെടുത്തുന്നു ഇമാം നവവി(റ) ശാഫിഈ ഫിഖ്ഹിൽ അഗ്രഗണ്യനായിരുന്നു ഇമാമിനെ പോലോത്ത ഒരു പണ്ഡിതൻ ആ കാലത്ത് മുസ്ലിം നാടുകളിൽ ഇല്ലായിരുന്നു  (തർജുമതുല്ലഖ്മി :6)

ഇമാം യഫിഈ  (റ) രേഖപ്പെടുത്തുന്നു  :ഇമാം നവവി(റ)യുടെ കാലത്തും അതിനു ശേഷവും അതുപോലോത്ത ഒരാളെപ്പറ്റി നമുക്ക് വിവരം ലഭിച്ചിട്ടില്ല  (മിർആത്തുൽ ജിനാൻ :4/182)

ഇമാം സുബ്കി(റ) പറയുന്നു:  ഇമാം നവവി(റ)യിൽ സമ്മേളിച്ച ഗുണങ്ങളുള്ള ഒരാൾ താബിഈങ്ങൾക്ക് ശേഷം ഉണ്ടായിട്ടില്ല  (അൽ മൻഹലുൽ അദബ് :34)

ഇബ്നു കസീർ (റ) പറയുന്നു:  ഇമാം നവവി(റ)മദ്ഹബിന്റെ ശൈഖും ആ കാലത്തെ കൻമശാസ്ത്ര പണ്ഡിതന്മാരുടെ നേതാവുമായിരുന്നു (അൽ മൻഹലുൽ അദബ് :61)

ഫിഖ്ഹിലും ഹദീസിലും സമുദ്രസമാനമായി അറിവുള്ള ഇമാം നവവി(റ)ക്കും ശൈഖ് ഉണഉണ്ടായിരുന്നു ഇമാം സുബ്കി(റ) രേഖപ്പെടുത്തുന്നു : 
ത്വരീഖത്തിൽ ഇമാം നവവി(റ)യുടെ ശൈഖ് യാസീൻ ബ്നു യൂസുഫുസ്സർക്കശി (റ) ആയിരുന്നു  (ത്വബഖാത്തുശ്ശാഫിഇയ്യ:8/396)

ഇമാം നവവി(റ)യെ  ചെറുപ്രായത്തിൽ കണ്ടമാത്രയിൽ തന്നെ ഇമാമിന്റെ ഭാവി മനസ്സിലാക്കുകയും അത് ഇമാമിന്റെ ഉസ്താദിനോട് പറയുകയും ചെയ്ത ശൈഖ് യാസീൻ സർക്കശി (റ) ഇമാമിനെ ആത്മീയ സോപാനത്തിലേക്ക് കൈപിടിച്ചുയർത്തി ജാബിയാ കവാടത്തിന് വെളിയിൽ ശൈഖ് യാസീൻ  (റ) വിന് കച്ചവടമുണ്ടായിരുന്നു നിരവധി കറാമത്തുകൾ മഹാനിൽനിന്ന്  ഉണ്ടായിട്ടുണ്ട് എൺപത് വയസ്സ് വരെ ജീവിച്ച  ശൈഖവർകൾ ഇരുപതിലധികം തവണ ഹജ്ജ് നിർവഹിച്ചിട്ടുണ്ട് ഇമാം നവവി(റ)ശൈഖിനെ സന്ദർശിക്കുകയും വിഷയയങ്ങൾ ചർച്ചചെയ്യുകയും ചെയ്യാറുണ്ടായിരുന്നു ഹിജ്റ 687 റബീഉൽ അവ്വൽ മൂന്നിന് ശൈഖ് വഫാത്തായി ബാബു ശർഖീ ഖബ്ർസ്ഥാനിൽ മറമാടി (ശദറാത്തുദ്ദഹബ് :5/403)

ഇമാം ശഹ്റാനി (റ) രേഖപ്പെടുത്തുന്നു:  ഇമാം നവവി(റ) ഡമസ്കസിന്റെ പുറത്തേക്ക് തന്റെ ശൈഖ്  മറാക്കിശി (റ) യെ സന്ദർശിക്കാൻ പോവാറുണ്ടായിരുന്നു ചില മസ്അലകൾ ഇമാം ശൈഖിന് മുമ്പിലവതരിപ്പിക്കുകയും അതിന് ശൈഖ് നൽകുന്ന മറുപടി ശ്രദ്ധാപൂർവം ശ്രവിക്കുകയും ചെയ്യുമായിരുന്നു സൂഫിയാക്കൾക്ക് ശരീഅത്തിന്റെ രഹസ്യങ്ങൾ അറിയില്ലായിരുന്നുവെങ്കിൽ ഉന്നത പാണ്ഡിത്യമുള്ള ഇമാം നവവി(റ)യൊന്നും തന്റെ ശൈഖിനോട് മതവിധികൾ തേടില്ലായിരുന്നു (അൽ അൻവാറുൽ ഖുദ്സിയ്യ ഫീബയാനി ആദാബിൽ ഉബൂദിയ്യ:50)

ഇമാം സഖാവി (റ) രേഖപ്പെടുത്തുന്നു: ലോകപ്രശസ്ത പണ്ഡിതനും ഹദീസ് വിശാരദനുമായ ഇമാം സുബ്കി (റ) തന്റെ കോവർ കഴുതപ്പുറത്തേറി യാത്ര ചെയ്യുകയാണ് യാത്രയിൽ അപരിചിതനായ ഒരു വൃദ്ധനെ കണ്ടുമുട്ടി അവർ തമ്മിൽ സംസാരത്തിലേർപ്പെട്ടു സംസാരത്തിനിടയിൽ ഞാൻ ഇമാം നവവി(റ)യെ കണ്ടിരുന്നുവെന്ന് ആ വൃദ്ധൻ പറഞ്ഞു കേട്ടമാത്രയിൽ ഇമാം സുബ്കി (റ) കഴുതപ്പുറത്ത് നിന്ന് ഇറങ്ങി പാമരനായ ആ വൃദ്ധന്റെ കൈ ചുംബിച്ചുകൊണ്ട് തനിക്കു വേണ്ടി ദുആ ചെയ്യാൻ ആവശ്യപ്പെട്ടു പണ്ഡിതനായ ഇമാം സുബ്കി(റ)ക്ക് വേണ്ടി ആ വൃദ്ധൻ ദുആ ചെയ്തു ശേഷം ഇമാം സുബ്കി(റ)പറഞ്ഞു: ഇമാം നവവി(റ)യെ കണ്ട താങ്കൾ നടക്കുമ്പോൾ ഞാൻ കഴുതപ്പുറത്തേറി യാത്ര ചെയ്യുകയില്ല (അൽ  മൻഹലുൽ അദബ് :64)

മേൽപറഞ്ഞ ഉദ്ധരണികളിൽ നിന്നെല്ലാം ശൈഖിന്റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം സമുദ്രസമാനമായ അറിവും തഖ്വ്വയുമുള്ള ഇത്തരം മഹാമനീഷികൾ ശൈഖിനെ തേടുകയും കണ്ടെത്തിക്കുകയും ഉപദേശ നിർദേശങ്ങൾ തേടുകയും ചെയ്തിട്ടുണ്ടെങ്കിൽ നമ്മൾ അവരേക്കാൾ ആവശ്യക്കാരാണെന്നാണ് ഇമാം ശഹ്റാനി (റ) രേഖപ്പെടുത്തിയത് 

ഗുരുനാഥന്മാര്‍

അബൂഇബ്‌റാഹീം ഇസ്ഹാഖുബ്‌നു അഹ്മദുബ്‌നി ഉസ്മാനില്‍ മഗ്‌രിബി(റ), ഖാളീ അബുല്‍ ഫത്ഹ് ഉമറുബ്‌നി തിബ്‌രീസി(റ), ശൈഖ് ഫഖ്‌റുദ്ദീനുല്‍ മാലികി(റ), അബുല്‍ അബ്ബാസ് അഹ്മദുബിന്‍ സാലിം(റ), അല്ലാമാ അബൂശാമ(റ) എന്നിവര്‍ ഇല്‍മുത്തഫ്‌സീര്‍, ഇല്‍മുല്‍ ഹദീസ്, ഇല്‍മുല്‍ ഫിഖ്ഹ്, ഇല്‍മുല്ലുഗാത് തുടങ്ങിയവയിലെ പ്രധാന ഗുരുക്കന്മാരാണ്. ശൈഖ് യാസീന്‍ ഇബ്‌നു യൂസുഫില്‍ മറാകിശി(റ)യാണ് പ്രധാന ആത്മീയ ഗുരുനാഥന്‍.

ഏത് വിജ്ഞാനീയത്തിലും അവഗാഹം നേടിയവരെ അന്വേഷിച്ചുകണ്ടെത്തി അവരില്‍ നിന്ന് അതിവേഗം അത് പഠിച്ചെടുക്കുക എന്നതായിരുന്നു മഹാന്റെ രീതി. ഗുരുനാഥന്മാരുടെയെല്ലാം അഭിമാനപാത്രമാകാനും ഈ ഉത്തമ ശിഷ്യനു സാധിക്കുകയുണ്ടായി. പ്രധാന വ്യാകരണശാസ്ത്ര ഗ്രന്ഥമായ അല്‍ഫിയയുടെ പദ്യത്തിലെ ‘വറജുലുന്‍ മിനല്‍ കിറാമി ഇന്‍ദനാ’ എന്ന പരാമര്‍ശം നവവി(റ)യെ കുറിച്ച് അഭിമാനം പങ്കുവെച്ച് ഗ്രന്ഥകര്‍ത്താവും ഇമാമിന്റെ ഉസ്താദുമായ മുഹമ്മദ് ഇബ്‌നു മാലിക്(റ) നടത്തിയതാണെന്നു പ്രസിദ്ധം. തിരുനബി(സ്വ) മുതല്‍ തന്റെ ഗുരുപരമ്പരയിലെ പതിനെട്ടാമത്തെ യാളാണ് ഇമാം നവവി(റ).

ഇമാമവര്‍കള്‍ക്ക് വ്യത്യസ്ത വിഷയങ്ങളിലായി ധാരാളം ഗുരുനാഥന്‍മാരുണ്ട്. ഇസ്ഹാഖുല്‍ മഗ്‌രിബി(റ)യാണ് ഇമാമിനെ കൂടുതലായി സ്വാധീനിച്ചതെന്നു പറഞ്ഞല്ലോ. ഫിഖ്ഹിലും ജീവിത വീക്ഷണത്തിലും ശൈലിയിലും ക്രമത്തിലും അദ്ദേഹത്തിന്റെ സ്വാധീനം കാണാം. അതുകൊണ്ടാണ് എന്റെ ആദ്യഗുരു എന്ന് ഇസ്ഹാഖുല്‍ മഗ്‌രിബി(റ)യെ വിശേഷിപ്പിച്ചത്. ഡമസ്‌കസിലെ മുഫ്തിയായിരുന്ന അബ്ദുര്‍റഹ്മാനുബ്‌നു നൂഹ്, മുഫ്തി അബൂഹഫ്‌സ്വില്‍ ഉമറുബ്‌നു അസ്അദര്‍റബഈ, അബുല്‍ ഹസനുബ്‌നു സല്ലാര്‍(റ) എന്നിവരാണ് ഇമാമിന്റെ കര്‍മശാസ്ത്രത്തിലെ ഉസ്താദുമാര്‍. ഖാസി അബുല്‍ ഫത്ഹി ഉമറത്തിഫ്‌ലീസി(റ)വാണ് ഉസ്വൂലുല്‍ ഫിഖ്ഹിലെ പ്രധാന ഗുരു. ഇമാം റാസി(റ)യുടെ അല്‍മുന്‍തഖബ് ഇദ്ദേഹത്തില്‍ നിന്നാണ് ഇമാം പഠിച്ചത്.

ഫഖ്‌റുദ്ദീനില്‍ മാലികി, ശൈഖ് അബുല്‍ അബ്ബാസ് അല്‍ മിസ്വ്‌രി, അബൂഅബ്ദില്ലാഹില്‍ ജയ്യാനി(റ) തുടങ്ങിയവരില്‍ നിന്നാണ് വ്യാകരണം, പദോല്‍പത്തി ശാസ്ത്രം, ഭാഷാശാസ്ത്രം എന്നിവ കരസ്ഥമാക്കിയത്. ശൈഖ് അബൂഇസ്ഹാഖില്‍ മുറാദി അല്‍ ഉന്‍ദുലുസി, അബുല്‍ ബഖാഅ് ഖാലിദുന്നാബല്‍സി തുടങ്ങിയവരില്‍ നിന്ന് ഹദീസും ഹദീസ് വിജ്ഞാനീയവും നേടി. ഓരോ വിഷയത്തിലും അഗ്രേസരരായ പണ്ഡിതന്മാരെ സമീപിച്ച് ജ്ഞാനമാര്‍ജിക്കാനായത് ഇമാമിനെ സര്‍വ വൈജ്ഞാനിക ശാഖകളിലും നിപുണനാക്കി. അതാതു വിഷയങ്ങളില്‍ രചിക്കപ്പെട്ട പ്രധാന ഗ്രന്ഥങ്ങള്‍ ഗുരുനാഥന്മാരുമായി ചര്‍ച്ച ചെയ്തും സംവദിച്ചും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കി.

ഫിഖ്‌ഹും ഇമാമവറുകളും

ഫിഖ്ഹില്‍ ഇമാമിനുണ്ടായിരുന്ന അഗാധമായ ജ്ഞാനം ധാരാളം ഉണ്ട്.അവരില്‍ ഇമാം അദ്ഫഹി (റ) പറയുന്നു:ഇമാം നവവി നസ്വീത് എന്ന ഗ്രന്ഥത്തില്‍നിന്ന് ഒരു ഭാഗം ഉദ്ദരിച്ചപ്പോള്‍ ആരോ അതില്‍ സംശയം പ്രകടിപ്പിച്ചു.ഇമാമിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.’അവര്‍ വസ്വീതിന്‍റെ ഉദ്ധരണിയില്‍ എന്നെ സംശയിക്കുന്നു.ഞാന്‍ പ്രസ്തുത ഗ്രന്ഥം 400 തവണ വായിച്ചിട്ടുണ്ട്’.(അല്‍ ബദ്റു സാഫിര്‍).ഇമാമിന്‍റെ അഗാധ ജ്ഞാനത്തെ കുറിച്ച് അരുമശിഷ്യന്‍ ഇബ്നു അത്വാര്‍(റ)ഉദ്ധരിക്കുന്നു:ഇമാം നവവി മദ്ഹബുകളിലെ ഹഫിളാണ്.അതിന്‍റെ നിദാന നിയങ്ങളും അടിസ്ഥാന വ്യവസ്ഥകളും ശാഖപരമായ വിവരങ്ങളെല്ലാം അദ്ധേഹത്തിന് ഹൃദ്യസ്തമാണ്.ഓരോ പ്രശ്നത്തിലും സ്വാഹാബാക്കളുടെയും താബിഉകളുടെയും  പണ്ഡിതന്‍മാരുടെയും വീക്ഷണങ്ങളും തെളിവുകളുമറിയും.ഈ കാര്യങ്ങളിലെല്ലാം പൂര്‍വ്വികരുടെ മാര്‍ഗം പൂര്‍ണ്ണമായി അനുഗമിച്ചവരായിരുന്നു അദ്ധേഹം.(തുഹ്ഫത്തുല്‍ത്ത്വാലിബീന്‍)

ഇമാം നവവി(റ) വിന്‍റെയും ശാഫിഈ മദ്ഹബില പ്രമുഖ പണ്ഡിതനായിരുന്ന ഇമാം റാഫിഈ(റ) വുന്‍റെയും കിതാബുകളാണ് ഇന്നും മദ്ഹബിന്‍റെ ആദാരമെന്നള്ളതും ഇവര്‍ക്കിടയുല്‍ അഭിപ്രായഭിന്നത രൂപപ്പെട്ടാല്‍ നവവി(റ)നെയാണ് പിന്‍തുടരേണ്ടത് എന്ന പ്രമുഖ പണ്ഡിതരുടെ നിര്‍ദേശവും ഇമാമിന്‍റെ ഫിഖ്ഹി വൈജ്ഞാനിതയിലുണ്ടായിരുന്ന മികവിലേക്കാണ് സൂചിപ്പിക്കുന്നത്. ഇമാമിനെ പിന്തുണച്ച ഈ പണ്ഡിതന്‍മ്മാര്‍ നിരത്തുന്ന മറ്റോരു കാരണം ഫിഖിഹിനു പുറമെ ഹദീസിലും അഗാദമായ പാണ്ഡിത്ത്യം ഇമാമിന്ന് ഉണ്ടായിരുന്നു എന്നാതാണ്.

ഇമാം നവിവി(റ) ഹദിസലാണോ അല്ലങ്കില്‍ ഫിഖ്ഹിലാണോ മിന്നിട്ടുനില്‍ക്കിന്നത് എന്ന ചോദ്യം ചരിത്രകാരന്‍മ്മാരെ വല്ലാതെ കുഴക്കിയിട്ടുണ്ട. കാരണം ഹദിസിലും ഫിഖ്ഹിലുമായി ബൃഹത്തായ ഗ്രന്ഥങ്ങളുടെ പരമ്പര തന്നെ ഇമാമിനാല്‍ വിരജിതമായിട്ടുണ്ട് . ശര്‍ഫും മിസ്ലിം, അല്‍ ന്നളാ, അല്‍ മിന്‍ഹാദ്, രിയാളുസ്വാലിഹീന്‍, അല്‍ അദക്കാര്‍, അത്തിബിയീന്‍,തഹരീരത്തുന്‍തന്‍ബീഹ് എന്നിവ ആ പരമ്പരയില്‍ ചിലത് മാത്രം.

കാരണം ഇമാമിന്‍റെ ആകെ ജീവിതകാലം 45 വയസ്സാന്നെരിക്കെ 18ാമത്തെ വയസ്സിലുള്ള ഡമസ്ക്കസ്സ് പ്രവേശവും പിന്നടുള്ള പഠനവും രചനയും ചുരുങ്ങിയ കാലയളവിനുള്ളതായിരുന്നു. അതില്‍ തന്നെ 10 വര്‍ഷം പഠപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഇമാം വളരെ വൈകിയാണ് ഗ്രന്ഥരചനയിലെക്ക് ശ്രദ്ധയുന്നത്. ഇമാം ദഹബിയുടെ അഭിപ്രായ പ്രകാരം കേവലം 16 വര്‍ഷങ്ങള്‍ കോണ്ടാണ് ഗ്രന്ഥരചന ഇമാമിനാല്‍ നടത്തപ്പെട്ടത്. ഗ്രന്ഥങ്ങളില്‍ തന്നെ കേവലം ആഖ്യാനങ്ങളോ കഥകളോ അല്ല. മറിച്ച് സൂക്ഷമവും ഗഹനവുമായ പഠനങ്ങളും ഗവേഷണ പ്രധാനങ്ങളുമായ ചിന്തകളും നിറഞ്ഞതാണവ. 16 കൊല്ലങ്ങള്‍ കോണ്ടിവ ഗഹനമായി വായിക്കാന്‍ പോലും സാധ്യമല്ലന്ന വസ്തുത പല പണ്ഡിതന്മാരും സമ്മതിച്ചതാണ.’ 

ഇമാം ശാഫിഈ(റ) ഇമാം നവവി(റ)വിന്‍റെ സമയവിശാലതയെ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ് : ഇമാം മുഹ്‌യുദ്ദീനുനവവി(റ) നിശ്വയം ആയുസില്‍ ബറക്കത്ത് ചെയ്യപ്പെട്ട പുരുഷനാണ്.

ആത്മ ജ്ഞാനികളില്‍ നിന്ന് എനിക്കോരു വിവരം ലഭിച്ചിരിക്കുന്നു. ഇമാം നവവി(റ) വിന്‍റെ മരണശേഷം അല്ലാഹുവിന്‍റെ ഒരു തിരുനോട്ടം ലഭിക്കുകയുണ്ടായി. അതു മുതല്‍ തന്‍റെ ഗ്രന്ഥങ്ങളില്‍ അതിന്‍റ പ്രതിഫലം കണ്ടുതുടങ്ങി സര്‍വ്വ രാജ്യങ്ങളിലും എല്ലാ വിഭാഗ ജനങ്ങളിലും അവയ്ക്ക് സ്വീകാരിതയും ഉപകാരവും ലഭിച്ചു. (മിര്‍അത്തുന്‍ മിനാര്‍) ചുരുങ്ങിയ ചീവിതകോണ്ട് ഇത്രയും ചെയ്തു തീര്‍ത്ത ഇമാമിന്‍റെ ജീവിതം തന്നെ ഒരു കറാമത്തായിരുന്നു രചനാ പാഠവത്തിലും ആരാധനാ നിര്‍വാഹണത്തിലുമുണ്ടായിരുന്ന ഈ അത്ഭുതമികവിവനാല്‍ ഇമാമിന്‍റെ കീര്‍ത്തി ദ്രുതഗതിയുല്‍ വ്യാപിക്കുകയുണ്ടായി. മാത്രവുമല്ല ‘രണ്ടാ നവവി’ എന്ന അപരനാമത്തിലും ഇമാമിന്‍റെ അരുമ ശിഷ്യനുമായ ഇബ്നുല്‍ അത്വാര്‍(റ) അടക്കമുള്ള ഒരു പറ്റം ശിഷ്യഗണങ്ങളും അതിന്‍റെ ഫലങ്ങളായിരുമന്നു.

ബഹുമുഖ ജ്ഞാനധന്യന്‍

ഇമാം നവവി(റ)യുടെ ജ്ഞാനധന്യതയുടെ ആഴവും ജ്ഞാന വിതരണരീതിയും മഹത്ത്വവും ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. നവവി(റ)യുടെ വ്യക്തിചരിത്രം പരാമര്‍ശിച്ചവരെല്ലാം ഇമാമവര്‍കളുടെ മഹത്ത്വവും പ്രാധാന്യവും വ്യതിരിക്തതയും വിശദമായി എഴുതിയിട്ടുണ്ട്. കര്‍മശാസ്ത്രത്തിലും ഹദീസ് വിജ്ഞാനീയത്തിലും മഹാന്റെ അറിവ് ആഴമേറിയതായിരുന്നു. അവ സമൂഹത്തിന് പകരുന്നതിലും അദ്ദേഹം വിജയിച്ചു. ഫഖീഹ് എന്നും മുഹദ്ദിസ് എന്നും പറയാവുന്ന വിധം ഇരുമേഖലകളിലും അദ്ദേഹത്തിന്റെ സേവനവും പാണ്ഡിത്യവും നിരുപമമാണ്.

ഇമാം ഓതിക്കേട്ട ഗ്രന്ഥങ്ങള്‍ അനവധി. ശിഷ്യനായ ഇബ്‌നുല്‍ അത്ത്വാര്‍(റ)ന്റെ വിവരണം: സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം, സുനനു അബീദാവൂദ്, ജാമിഉത്തുര്‍മുദി, സുനനുന്നസാഈ, മുവത്വ, മുസ്‌നദുശ്ശാഫിഈ, മുസ്‌നദ് അഹ്മദ് ബ്‌നു ഹമ്പല്‍, സുനനുദ്ദാരിമി, മുസ്‌നദ് അബീഅവാന, മുസ്‌നദ് അബീയഅ്‌ലാ, സുനനുബ്‌നു മാജ, സുനനുദ്ദാറഖുത്വ്‌നി, സുനനുല്‍ ബൈഹഖി, ശറഹു സുനനില്‍ ബഗ്‌വി തുടങ്ങിയവ നവവി(റ) ഓതിക്കേട്ട ഹദീസ് ഗ്രന്ഥങ്ങളാണ്. ഫിഖ്ഹിലും ഭാഷയിലും വ്യാകരണത്തിലും സാഹിത്യത്തിലും തഫ്‌സീറിലുമെല്ലാം പ്രാമാണികവും സ്വീകാര്യവുമായ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്തും ചര്‍ച്ച ചെയ്തും മഹാന്‍ സ്വാംശീകരിക്കുകയുണ്ടായി.

ഭക്ഷണ രീതി

വളരെ ത്യാഗ പൂര്‍ണമായ ജീവിതമായിരുന്നു മഹാനവര്‍കളുടേത്. ദിവസത്തില്‍ ഒരു പ്രാവശ്യം മാത്രമാണ് അവര്‍ വെള്ളം കുടിച്ചിരുന്നതും ഭക്ഷണം കഴിച്ചിരുന്നതും. അതുതന്നെ ഉപ്പ കൊടുക്കുന്ന റൊട്ടി മാത്രം. മാസത്തിലൊരിക്കല്‍ മാത്രം ഇറച്ചി ഭക്ഷിക്കും. പഴങ്ങളോട് അവര്‍ക്ക് വിരക്തി തോന്നിയിരുന്നു. നാട്ടിലെ അധിക സ്ഥലങ്ങളും യതീമിന്റേതും പൊതുസമ്പത്തുമായിരുന്നു എന്നതായിരുന്നു അതിനുള്ള കാരണം.


ഇമാം നവവി(റ)യുടെ ജ്ഞാനദര്‍ശനം

വിജ്ഞാന തൃഷ്ണയുടെ വിടര്‍ന്ന നയനങ്ങളുമായി വിശുദ്ധ ഇസ്‌ലാമിനു കാവല്‍ നിന്ന വിശ്വവിഖ്യാത പണ്ഡിതനും ദാര്‍ശനികനുമായിരുന്നു ഇമാം നവവി(റ). തന്റെ ജ്ഞാനദാഹം ശമിപ്പിക്കാന്‍ ജന്മനാടായ ‘നവാ’ എന്ന കൊച്ചുഗ്രാമത്തിന് കഴിയുമായിരുന്നില്ല. ദാഹിച്ചുവലയുന്ന ഒരാള്‍ക്ക് ജലാശയം കണ്ടുപിടിക്കാതെ വയ്യല്ലോ. അപ്രകാരം വിജ്ഞാനദാഹി സഞ്ചരിച്ചേ പറ്റൂ. ഗതകാല പണ്ഡിതരുടെ ചരിത്രത്തില്‍ അനന്തമായ പ്രയാണങ്ങളുടെ സാഹസിക കഥകളുണ്ട്. അദൃശ്യ ലോകത്ത് നിന്ന് ക്ഷണം ലഭിച്ചിട്ടെന്ന പോലെ വിജ്ഞാനതൃഷ്ണയുടെ ചിറകിലേറി പുതിയ സങ്കേതങ്ങളിലേക്ക് പറന്ന് ചെല്ലുന്ന ദേശാടനപ്പക്ഷികളെ പോലെ ഇമാം നവവി(റ)യും വൈജ്ഞാനിക യാത്രയില്‍ സന്തോഷം കണ്ടെത്തി. നൂറ്റാണ്ടുകളായി ഇസ്‌ലാമിക സമൂഹത്തിന്റെ വിശ്വാസ കര്‍മങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പ്രചാരത്തില്‍ വരുത്തിയത് ഇത്തരം യാത്രകളായിരുന്നു. അത്യഗാധമായ അറിവിന്റെ വഴികള്‍ തുറന്നുകിട്ടിയിതും പുതിയ വിജ്ഞാന ശാഖകള്‍ ലോകത്ത് വെളിച്ചം കണ്ടതും യാത്രകളിലൂടെയും അന്വേഷണങ്ങളിലൂടെയുമായിരുന്നല്ലോ.

ലോകമാകെ ഒഴുകിപ്പരന്ന ശൈഖവര്‍കളുടെ അറിവിന്റെയും ചിന്തയുടെയും അമൂല്യ സംഭാവനകള്‍ ഏതെങ്കിലും തരത്തില്‍ അനുഭവിക്കാത്തവരായി പില്‍ക്കാല സത്യവിശ്വാസികളില്‍ ആരുമുണ്ടാകാനിടയില്ല. അറിവിനു വേണ്ടിയുള്ള ത്യാഗങ്ങളും സമാനതകളില്ലാത്ത അന്വേഷണങ്ങളും ചിന്തകളും ശൈഖിനെ വ്യത്യസ്തനാക്കി.

നീണ്ട ഇരുപത് വര്‍ഷക്കാലത്തെ ദിനരാത്രങ്ങള്‍ വിജ്ഞാന സമ്പാദനത്തില്‍ മുഴുകിയതിനാല്‍ വൈജ്ഞാനിക-കര്‍മ രംഗങ്ങളില്‍ സമകാലികരെ അതിജയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നാണ് ദഹബി വിലയിരുത്തുന്നത്. ആറ് വര്‍ഷക്കാലം കഠിനമായ പരിശ്രമത്തിലൂടെയായിരുന്നു പഠനം. രണ്ട് വര്‍ഷം ശരീരം ഭൂമിയില്‍ തട്ടിച്ചിരുന്നില്ലെന്ന് ഇമാം നവവി(റ) തന്നെ അനുസ്മരിക്കുന്നതു കാണാം.

ഇബ്‌നുല്‍ അത്താര്‍ പറഞ്ഞു: മുഴുവന്‍ സമയവും അറിവു ശേഖരണത്തിനും സല്‍കര്‍മ നിര്‍വഹണത്തിനും വിനിയോഗിച്ചിരുന്ന ഇമാം ദിവസം ഒരു തവണ മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അത്താഴ സമയത്ത് ഒരു പ്രാവശ്യം വെള്ളവും കുടിക്കും. ഉറക്കം വരുമെന്ന് ഭയന്ന് ഒരിക്കലും തണുത്ത വെള്ളം കുടിച്ചിരുന്നില്ല. ഭക്ഷണത്തിന് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുകയോ ഒരേ സമയം രണ്ട് തരം കറികള്‍ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല. പിതാവ് എത്തിച്ചുകൊടുക്കുന്ന ഉണങ്ങിയ കാരക്ക, അത്തിപ്പഴം പോലുള്ള ലളിത ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്. ഭൗതികമായ ആഡംബരങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നു. ആരാധനാ കാര്യങ്ങളില്‍ വളരെ ശ്രദ്ധ പുലര്‍ത്തുകയും അതിനായി ഏറെ സമയം വിനിയോഗിക്കുകയും ചെയ്യുമായിരുന്നു (ശദറാത്തുദ്ദഹബ് 5/353).

മദ്‌റസത്തുര്‍റവാഹിയ്യയിലെ പഠന കാലത്ത് തീരെ സൗകര്യമില്ലാത്ത ഇടുങ്ങിയ മുറിയിലായിരുന്നു താമസം. രണ്ടാമതൊരാള്‍ക്ക് കൂടി ഇരിക്കാന്‍ സൗകര്യമില്ലാത്ത ഇടുങ്ങിയ മുറിയില്‍ മേല്‍ക്കുമേല്‍ കിതാബുകള്‍ വെച്ച് അങ്ങേയറ്റം ഞെരുങ്ങി ജീവിച്ചു. ഇങ്ങനെയാണ് ചക്രവാളം മുഴുവന്‍ ദീനീ വിജ്ഞാനം കൊണ്ട് അദ്ദേഹം നിറച്ചത്. അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതമായിരുന്നു ആ ജീവിതം (അല്‍ ഇഅ്‌ലാം 2/241).

വൈജ്ഞാനിക ചിന്തകളില്‍ മുഴുകാത്ത ഒരു സമയവും മഹാന്റെ ജീവിതത്തില്‍ കഴിഞ്ഞുപോയിട്ടില്ല. രാപ്പകല്‍ ഭേദമന്യേ പഠന പര്യടനത്തിലും പര്യവേക്ഷണത്തിലും നിമഗ്നനായി. വല്ലപ്പോഴും ഉറക്കമോ മയക്കമോ ക്ഷീണമോ അനുഭവപ്പെട്ടാല്‍ കിതാബിലേക്ക് ചേര്‍ന്നു നില്‍ക്കും. അതോടെ ഉണര്‍വും ഉന്മേഷവും ലഭിക്കും. ഇല്‍മുത്തഫ്‌സീര്‍, ഇല്‍മുല്‍ ഹദീസ്, ഫഖ്ഹ്, തസ്വവ്വുഫ്, അദബ് തുടങ്ങി സകല വിജ്ഞാന ശാഖകളിലും വ്യുല്‍പത്തി നേടി ലോക പ്രശസ്തിയിലേക്കുയര്‍ന്നത് ചുരുങ്ങിയ കാലത്തിനിടയിലായിരുന്നു. ഓരോ ദിവസവും വ്യത്യസ്തമായ പന്ത്രണ്ടു വിഷയങ്ങള്‍ പൂര്‍ണമായി പഠിക്കുകയും സംശയ നിവാരണം കണ്ടെത്തുകയും ചെയ്യും (അല്‍ ഇമാമുന്നവവി-ഡോ. അഹ്മദ് അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ്).

കത്തുകള്‍ 

ഇമാം നവവി (റ) തന്റെ ഭരണാധികാരികള്‍ക്ക് ധാരാളം കത്തുകള്‍ എഴുതിയിരുന്നു. ഭരണാധികാരികളെ അവരില്‍ നിന്നുണ്ടാകുന്ന തെറ്റുകളെ കുറിച്ച് ബോധവാന്മാരാക്കുക, ഇസ്‌ലമിക വിധി വിലക്കുകളെ മറികടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും മുക്തരാക്കുക, പണ്ഡിതന്മാരുടെ അന്തസ്സ് സംരക്ഷിക്കുക, പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയായിരുന്നു ഇത്തരം കത്തുകള്‍ രചിച്ചിരുന്നത്. അല്ലാഹുവിന്റെ പരിശുദ്ധ നാമത്താല്‍ ആരംഭിക്കുന്ന കത്തുകളില്‍ തിരു ഹദീസുകളുടെ ആധികാരിക വെളിച്ചത്തില്‍ ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനന്തര ഫലം ചൂണ്ടിക്കാട്ടിയിരുന്നു. അവസാനഭാഗത്ത് ഭരണാധികാരികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയും രേഖപ്പെടുത്തിയിരുന്നു.


കറാമത്തുകള്‍

ഇബ്‌നു അത്വാര്‍ (റ) രേഖപ്പെടുത്തുന്നു: അബുല്‍ ഹസന്‍ (റ) എന്നോട് പറഞ്ഞു: ഒരിക്കല്‍ എന്റെ കാലിന് സന്ധിവാതം പിടിപെട്ട് ഞാന്‍ കിടപ്പിലായി. ഇതറിഞ്ഞ ശൈഖ് മുഹ്‌യുദ്ധീന്‍ എന്നവര്‍ (നവവി ഇമാം) എന്നെ സന്ദര്‍ശിക്കുകയും ക്ഷമയെ കുറിച്ചും ക്ഷമിച്ചാലുണ്ടാകുന്ന പരിണിതഫലങ്ങളെ കുറിച്ചും ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. ഇതിനിടയില്‍ അവരുടെ മഹനീയ സാന്നിധ്യം കാരണം എന്റെ രോഗം പൂര്‍ണമായും സുഖപ്പെട്ടു.      
                 
ഇമാം ഖല്‍യൂബി(റ) പറയുന്നു: ഒരിക്കല്‍ മഹാനവര്‍കള്‍ ഗ്രന്ഥ രചനയിലേര്‍പ്പെടുന്നതിനിടയില്‍ വിളക്ക് കെട്ടു. തദവസരം കൈ പ്രകാശിക്കുകയും ഗ്രന്ഥരചന പൂര്‍ത്തികരിക്കുകയും ചെയ്തു.

ഇമാം ശഅ്‌റാനി (റ) പറയുന്നു: ഒരിക്കല്‍ അവിടുന്ന് റാഫിഈ (റ) വിന്റെ ശറഹുല്‍ കബീര്‍ ചുരുക്കാന്‍ വേണ്ടി ഖുതുബ്ഖാനയിലേക്ക് പ്രവേശിച്ചു. ഗ്രന്ഥം പുറത്തു കൊണ്ടുപോകാന്‍ അനുവാദമില്ലാത്തതിനാല്‍ വെളിച്ചം കിട്ടാന്‍ വാതില്‍പടിയില്‍ ചാരിയിരുന്നായിരുന്നു ഗ്രന്ഥരചന നടത്തിയിരുന്നത്. പക്ഷെ, ശക്തമായ കാറ്റു മൂലം വാതിലടയുന്നത് മഹാനവര്‍കളെ അലോസരപ്പെടുത്തി. വാതിലടയുന്നത് തടഞ്ഞുനിര്‍ത്താന്‍ ചുറ്റുഭാഗങ്ങളിലും പരതി നോക്കിയപ്പോള്‍ ഒരു കത്തി മാത്രമേ അവിടുത്തേക്ക് ലഭിച്ചിരുന്നുള്ളൂ.  അതെടുത്ത് മുന്‍ഭാഗം തന്റെ മുട്ടു കാലിലേക്കും പിടിയുടെ ഭാഗം വാതിലുമായും ബന്ധിപ്പിക്കുകയും ചെയ്തു. എങ്കിലും ഇടക്കിടക്കുള്ള ശക്തമായ കാറ്റില്‍ തന്റെ തുണികീറുകയും ശരീരത്തില്‍ മുറിവുണ്ടാകുകയും ചെയ്തു. ഇത് കണ്ട ശിഷ്യന്‍ ഇബ്‌നുല്‍ അത്വാര്‍ (റ) ശൈഖവര്‍കളോട് ചോദിച്ചു: ഉസ്താദേ കത്തി തിരിച്ചു വെച്ചൂകൂടായിരുന്നോ ?. മഹാനവര്‍കള്‍ പറഞ്ഞു വാതിലില്‍ അടയാളമുണ്ടാവുന്നതിനേക്കാളും നല്ലത് എന്റെ മേല്‍ മുറിവാകുന്നതാണ്. ഇങ്ങനെയായിരുന്നു മുന്‍ കഴിഞ്ഞ പണ്ഡിത മഹത്തുക്കളുടെ മാതൃക.

ഓര്‍മ ശക്തിയില്‍ അതിശയന്‍

ഒറ്റത്തവണ കേട്ടാല്‍ തന്നെ മനഃപാഠമാകുന്ന പ്രകൃതമായിരുന്നു ഇമാമിന്റേത്. ഈ അതീവ ബുദ്ധിവൈഭവവും ഓര്‍മ ശേഷിയും കാരണം മഹാഗുരുനാഥര്‍ പോലും ചെറുപ്പത്തിലേ ഇമാമിനെ ചൊല്ലിഅത്ഭുതം കൂറിയിരുന്നു. എത്ര കഠിന വിഷയങ്ങളും എളുപ്പം ഹൃദിസ്ഥമാക്കുന്നതില്‍ കഴിവു തെളിയിച്ചു.

നാലര മാസം കൊണ്ട് തന്‍ബീഹ് എന്ന വിശ്വോത്തര  ഗ്രന്ഥവും ഏഴര മാസം കൊണ്ട് മുഹദ്ദബിന്റെ പ്രധാന ഭാഗങ്ങളും മനഃപാഠമാക്കി. ശൈഖ് കമാലുദ്ദീന്‍ ഇസ്ഹാഖുല്‍ മഗ്‌രിബി(റ)യുടെ മേല്‍ നോട്ടത്തില്‍ ശര്‍ഹ് എഴുതാനാരംഭിച്ചു. പിന്നീട് അതിവേഗത്തിലായിരുന്നു എഴുത്തുകള്‍. പ്രസക്തമായ മദ്ഹബുകളുടെ അഭിപ്രായ വ്യത്യാസങ്ങളും സ്വഹാബാക്കള്‍ക്കും താബിഉകള്‍ക്കും ഇടയിലുണ്ടായിരുന്ന മദ്ഹബുകളും അദ്ദേഹത്തിനറിയാമായിരുന്നു. ശാഫിഈ കര്‍മശാസ്ത്ര ധാരയിലെ മുഴുവന്‍ അടിസ്ഥാന നിയമങ്ങളും വ്യാഖ്യാന വിശദീകരണങ്ങളും നന്നായി വശമുണ്ടായിരുന്നു.

ആവര്‍ത്തിച്ചു പാരായണം ചെയ്തു പഠിക്കുന്ന പ്രകൃതക്കാരനായിരുന്നതിനാല്‍ മറവിയെന്ന പ്രശ്‌നം ഉണ്ടായിരുന്നതേയില്ല. ഇമാം ഗസ്സാലി(റ)യുടെ വസ്വീത്വ് എന്ന വിഖ്യാത ഗ്രന്ഥം നാനൂറ് തവണ അദ്ദേഹം ആവര്‍ത്തിച്ചു വായിക്കുകയുണ്ടായി (അല്‍ മിന്‍ഹജുസ്സവിയ്യി 1/61).

യാത്രയില്‍ പോലും മനഃപാഠമാക്കിയത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് സഹപാഠികളില്‍ അത്ഭുതം ജനിപ്പിച്ചിരുന്നതായി ഇമാം സഖാവി ഉദ്ധരിക്കുന്നു. ആറ് വര്‍ഷം കഠിന തപം ചെയ്തുകൊണ്ടുള്ള ത്യാഗപരിശ്രമത്തിലൂടെയുള്ള പഠനമായിരുന്നു തന്റെ ഉയര്‍ച്ചക്കു നിദാനമെന്ന് ഇമാം തന്നെ അനുസ്മരിക്കുകയുണ്ടായി. ഇമാം യാഫിഈ(റ) പറയുന്നു: ആയുസ്സിലും സമയത്തിലും ബറകത്ത് നല്‍കപ്പെട്ട മഹാനാണ് ഇമാം നവവി(റ). അല്ലാഹുവിന്റെ പ്രത്യേക പരിഗണന മഹാനു ലഭിച്ചിരുന്നു. ആ പരിഗണനയുടെ ബറകത്താണ് ജീവിതത്തിലും രചനയിലും പ്രകടിതമായത്. അതുകൊണ്ടാണ് സര്‍വ നാടുകളിലും സകല ജനങ്ങളും മഹാന്റെ കിതാബുകള്‍ നെഞ്ചോട് ചേര്‍ക്കുന്നത് (മിര്‍ആതുല്‍ ജിനാന്‍, 4/185).

ഇമാം നവവി(റ)യുടെ ജ്ഞാന ജീവിതത്തെ പണ്ഡിതര്‍ മൂന്ന് ഘട്ടങ്ങളായി തരംതിരിച്ചിട്ടുണ്ട്. 

1. അതീവ താല്‍പര്യത്തോടെയും കഠിനാധ്വാനത്തോടെയുമുള്ള അന്വേഷണത്തിന്റെ കാലഘട്ടം. ദാഹിച്ചുവലയുന്നവന്‍ ജലസംഭരണി അന്വേഷിക്കുന്നതു പോലെ വിജ്ഞാന സമ്പാദനത്തിന് വേണ്ടി ജാഗ്രതയോടെ ഓടി നടന്ന ആദ്യത്തെ ആറു വര്‍ഷമായിരുന്നിത്. 

2. സര്‍വ വിജ്ഞാനീയങ്ങളും സ്വായത്തമാക്കിയ അവരസം. ജ്ഞാനത്തിന്റെ വിശാലമായ അറകള്‍ അദ്ദേഹത്തിനു തുറക്കപ്പെട്ടതും അത് അനുഗ്രഹീതമായ ഒരു സംസ്‌കാരമായി മാറിയതും ഈ രണ്ടാം ഘട്ടത്തിലാണ്. പന്ത്രണ്ടു വ്യത്യസ്ത വിഷയങ്ങള്‍ ഒരേ സമയം പഠിച്ചെടുത്തതും ഇമാം പ്രസിദ്ധിപ്പെട്ടുവരുന്നതും ഈ കാലത്തുതന്നെ. 

3. ഹിജ്‌റ 660 മുതലുള്ള കാലഘട്ടം. മുപ്പത് വയസ്സു മുതല്‍ വിയോഗം വരെയുള്ള അനര്‍ഘാവസരമായിരുന്നു ഇത്. അധ്യാപനത്തിലും ഗ്രന്ഥരചനയിലും ആരാധനകളിലും കൂടുതല്‍ കേന്ദ്രീകരിച്ചതും സജീവമായതുമായ സന്ദര്‍ഭങ്ങളായിരുന്നു ഇത്. സമയത്തിലും രചനയിലും പ്രത്യേക ബറകത്ത് ലഭിച്ചത് ഈ ഘട്ടത്തിലാണ്. ദിക്കുകള്‍ ഭേദിച്ച് തന്റെ ചിന്തകള്‍ സര്‍വ നാടുകളിലേക്കും വ്യാപിച്ചതും പാണ്ഡിത്യത്തിന്റെയും ആത്മീയ നേതൃത്വത്തിന്റെയും അനുഗ്രഹീത പുരസ്‌കാരം മഹാനെ തേടിയെത്തിയതും അപ്പോഴായിരുന്നു. ഔലിയാക്കളില്‍ അതിപ്രധാനിയായ ഖുതുബിന്റെ സ്ഥാനത്തേക്ക് ശൈഖവര്‍കള്‍ ഉയര്‍ത്തപ്പെട്ടു. ആത്മീയ ശിക്ഷണത്തിലൂടെയും ആരാധനാ മുറകളിലൂടെയും അത്യുന്നത സ്ഥാനം അലങ്കരിച്ച അവസരമായിരുന്നു ഇത്.


വിസ്മയം തീര്‍ത്ത രചനാജീവിതം

വിവിധ വിജ്ഞാന ശാഖകളിലായി നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ അദ്ദേഹം ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. അവയൊന്നും ഭൗതികമായ ലാഭേച്ഛയോടെയായിരുന്നില്ല. അത് മുസ്‌ലിം സമൂഹത്തിന്റെ വൈജ്ഞാനിക ഉന്നമനത്തിനും പുരോഗതിക്കും പരലോക രക്ഷക്കുമായി നീക്കിവെച്ചു.

ഗഹനമായ വിഷയങ്ങള്‍ ഇമാമിനെ പോലെ ലളിതസുന്ദരമായി അവതരിപ്പിക്കാന്‍ കഴിയുന്നവര്‍ വിരളമാണ്. കര്‍മശാസ്ത്രത്തില്‍ റൗളതുത്വാലിബീന്‍, മിന്‍ഹാജുത്വാലിബീന്‍, മജ്മൂഅ്(ശറഹുല്‍ മുഹദ്ദബ്) തുടങ്ങിയവ ഏറ്റവും പ്രസിദ്ധമാണ്. ശറഹുല്‍ മുഹദ്ദബ് രിബയുടെ അധ്യായം വരെ മാത്രമേ ഇമാമിന്റേതായിട്ടുള്ളൂ. ശര്‍ഹു മുസ്‌ലിം, അല്‍ അദ്കാര്‍, രിയാലുസ്വാലിഹീന്‍, ഖുലാസ്വ, അര്‍ബഈന ഹദീസ് തുടങ്ങിയവ ഹദീസില്‍ അദ്ദേഹത്തിന്റെ അനുഗ്രഹീത രചനകളാണ്. ഈളാഹുല്‍ മനാസിക്, ഈജാസ് തുടങ്ങി ഹജ്ജിന്റെ മുറകള്‍ വിവരിക്കുന്ന നാല് ഗ്രന്ഥങ്ങളുമുണ്ട്.

ഇസ്‌ലാമിക ചരിത്രത്തിലെ ആധികാരിക രേഖകളായി സര്‍വാംഗീകാരം നേടിയ തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്, ത്വബഖാത് എന്നിവ ഇമാമിന്റെ സുപ്രധാന രചനകളാണ്. അല്‍ ഇര്‍ശാദ്, അത്തഖരീബു വത്തയ്‌സീര്‍ എന്നിവ ഹദീസ് വിജ്ഞാനീയത്തിലെ സംഭാവനകളാണ്. അത്തിബ്‌യാന്‍ ഫീ ആദാബി ഹമലത്തില്‍ ഖുര്‍ആന്‍, ദഖാഇഖുല്‍ മിന്‍ഹാജ്, അല്‍ മുബ്ഹമാത്ത്, തഹ്‌രീറു അല്‍ഫാളിത്തന്‍ബീഹ്, അത്തഹ്ഖീഖ് തുടങ്ങിയ ചെറുതും വലുതുമായ ഒട്ടേറെ രചനകള്‍ വേറെയുമുണ്ട്. ഇമാം ജീവിച്ച മൊത്തം ദിവസങ്ങളും രചിച്ച ഗ്രന്ഥങ്ങളുടെ പേജുകളും ഒത്തുനോക്കിയാല്‍ ഒരു ദിവസത്തിന് ഒരു കുര്‍റാസ അല്ലെങ്കില്‍ രണ്ടു കുര്‍റാസ എന്ന തോതിലുണ്ടാകുമെന്നാണ് പണ്ഡിത നിരീക്ഷണം.

നാല്‍പത്തി നാലോ നാല്‍പത്തിയഞ്ചോ വര്‍ഷം മാത്രം ജീവിച്ച ഒരാള്‍ക്ക് ഇത്രയേറെ വിജ്ഞാനം ആര്‍ജിക്കാനും ഗ്രന്ഥരചന നടത്താനും സാധിക്കുന്നത് അസാധാരണം തന്നെയാണ്. സമയത്തില്‍ ബറകത്ത് ലഭിച്ചതിനാലും കറാമത്ത് കൊണ്ടും മാത്രം സാധ്യമായതാണിത്. ഇമാമവര്‍കള്‍ കിതാബ് രചിക്കുന്നതിനിടെ വിളക്കണഞ്ഞുപോയപ്പോള്‍ തന്റെ കൈവിരല്‍ പ്രകാശിച്ചതും രചന പൂര്‍ത്തീകരിക്കും വരെ അതു നിലനിന്നതും പ്രസിദ്ധമാണ്. മഹാന്റെ രചനക്ക് എക്കാലത്തും ലഭിച്ചുകൊണ്ടിരുന്ന സ്വീകാര്യതയും കറാമത്തിന്റെ ഭാഗം തന്നെ. ഇമാം നവവി(റ) എന്തു പറഞ്ഞുവെന്ന് തര്‍ക്ക വിഷയങ്ങളില്‍ അന്വേഷിക്കുന്ന ആധുനികരും പൗരാണികരുമായ പണ്ഡിതര്‍ കുറച്ചൊന്നുമല്ല. ചെറു രചനകള്‍ പോലും ആ മഹാപണ്ഡിതനുമായി കടപ്പെട്ടിരിക്കുന്നു.

അക്ഷരാര്‍ത്ഥത്തില്‍, വേണ്ടവിധം ഊണും ഉറക്കവുമില്ലാത്ത, ജീവിതത്തിന്റെ സുഖങ്ങളറിയാത്ത, വൈവാഹിക ജീവിതം പോലും ആസ്വദിക്കാന്‍ കഴിയാത്ത ജ്ഞാന തപസ്യയായിരുന്നു മഹാന്‍ നിര്‍വഹിച്ചിരുന്നത്. ഡമസ്‌കസിലെത്തിയ ശേഷം ഹജ്ജിനും ഉംറക്കും സിയാറത്തിനും അത്യാവശ്യ കുടുംബ സന്ദര്‍ശനത്തിനുമല്ലാതെ പുറത്തു പോകാത്ത ധന്യജീവിതം. വിജ്ഞാനത്തിന്റെ മഹാമേരുവായിരുന്നിട്ടും ഇമാം ശാഫിഈ(റ)നെ പിന്‍പറ്റുകയും ഇമാമിന്റെ മദ്ഹബിന് സേവനം ചെയ്യുന്നതില്‍ വ്യാപൃതനാവുകയും ചെയ്തു. കൈറോയിലേക്ക് ഇമാം ശാഫിഈ(റ)യുടെ ഖബര്‍ സിയാറത്ത് ചെയ്യാന്‍ പോയപ്പോള്‍ ഖുബ്ബ കണ്ട മാത്രയില്‍ സ്‌നേഹാദര സമ്മിശ്രമായ വികാരത്തള്ളിച്ചയില്‍ മുന്നോട്ട് പോകാനാകാതെ അവിടുന്ന് പറഞ്ഞതിങ്ങനെ: ശാഫിഈ(റ) ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അവിടുന്ന് താമസിക്കുന്ന ഖൈമ കണ്ടാല്‍ ഞാനവിടെ നില്‍ക്കും. ഒരടി മുന്നോട്ട് നീങ്ങില്ല. അദബും വിനയവും കാരണം അവിടുന്ന് സിയാറത്ത് ചെയ്തു തിരിച്ചു പോന്നു (തര്‍ജുമത്തുന്നവവി ലില്‍ ഇമാമുസ്സഖാവി, പേ. 82).

ശൈഖുല്‍ ഇസ്‌ലാം, ഉസ്താദുല്‍ മുതഅഖ്ഖിരീന്‍, ഹുജ്ജത്തുല്ലാഹി അലല്ലാഹിഖീന്‍ എന്നെല്ലാം ഇമാം വിശേഷിപ്പിക്കപ്പെട്ടു. ഒരു നിമിഷവും നാഥന്റെ വഴിയിലല്ലാതെ ചെലവഴിച്ചില്ല. അഹ്‌ലുസ്സുന്നയുടെ ആശയാദര്‍ശങ്ങള്‍ സ്ഥാപിക്കുന്നതിനു വേണ്ടി അവസാന ശ്വാസം വരെ അക്ഷീണം പരിശ്രമിച്ചു. എല്ലാം കൊണ്ടും പകരക്കാരില്ലാത്ത അനുഗ്രഹീത ജീവിതമായിരുന്നു നവവി(റ)ന്റേത്.


മിൻഹാജിനു ശറഹ് എഴുതിയവർ 

1. സര്‍കശി ഇമാം (ദീബാജ്)
2. തഖിയുദ്ദീനുസ്സുബ്ഖി ഇമാം (ഇബ്തിഹാജ്)
3. അദ്‌റഇ(റ) (ഖൂത്തുല്‍ മുഹ്താജ്)
4. അസ്‌നവി (റ) (കാഫി)
5. ഇബ്‌നു ശുഹ്ബ(റ) (ഇര്‍ശാദ്)
6. ഇമാം ഇബ്‌നു ഖാസിം (മിസ്ബാഹ്)
7. ദമീരി(റ) (നജ്മുല്‍ വഹ്ഹാജ്)
8. ഇബ്‌നു ജമാഅത്(റ) (ബുല്‍ഗത്)
9. ഇബ്‌നുല്‍ മുലഖന്‍(റ) (ഉംദത്തുല്‍ മുഹ്താജ്)
10. ഇമാം ഇബ്‌നു ഹജര്‍ (തുഹ്ഫ)
11. ഇമാം ഖത്വീബ് (മുഗ്‌നി)
12. ഇമാം റംലി (നിഹായ)
13. ഇമാം മഹല്ലി (കന്‍സുല്‍ റാഗിബീന്‍)

മിന്‍ഹാജ് മനപ്പാഠമാക്കുക പണ്ഡിതന്മാരുടെ പതിവായിരുന്നു. അതിലെ ‘ഖുല്‍തു’ (ഞാന്‍ പറയട്ടെ) ശാഫിഈ മദ്ഹബിലെ അവസാന വാക്ക് എന്ന നില കൈവരിച്ചു. ശാഫിഈ മദ്ഹബിലെ ആധികാരിക ശബ്ദം ഇമാം നവവി(റ) ആണ്. ഇമാം നവവി മുദരിസ് ആയിരുന്നപ്പോള്‍ ഇരുന്ന അശ്‌റഫിയാ സ്ഥാപനത്തിലെ ഇരിപ്പടത്തിന്മേല്‍ ഹി: 742-ല്‍ മുദരിസായെത്തിയ തഖിയുദ്ധീനുസ്സുബ്കി (റ) ചുംബിക്കുമായിരുന്നു.


ഇമാം നവവി(റ)യുടെ ഹദീസ് പാണ്ഡിത്യം

വിശുദ്ധ ഖുര്‍ആനിനു ശേഷം ഏറ്റവും മഹത്തരമായ വിജ്ഞാനം ഹദീസാണ്. വിശുദ്ധ ഖുര്‍ആനിന്റെ സംക്ഷിപ്ത ശൈലി മൂലം വിശദീകരണം സാധ്യമാവാത്ത സര്‍വ കാര്യങ്ങളിലും ഹദീസുകളാണ് ആവശ്യമായ വ്യാഖ്യാനം നല്‍കുന്നത്. അല്ലാഹു പറയുന്നു: ‘(നബിയേ) ഈ ഖുര്‍ആന്‍ താങ്കള്‍ക്കു നാം ഇറക്കിത്തന്നു. താങ്കള്‍ക്ക് അവതീര്‍ണമായതു ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കാനും അവര്‍ ചിന്തിക്കാനും വേണ്ടി’ (16/44).

അതുകൊണ്ടുതന്നെയാണ്  ഹദീസിനെ മനസ്സിലാക്കുന്നതിലും അവയിലെ നെല്ലും പതിരും വേര്‍തിരിക്കുന്നതിലും ഹദീസ് പണ്ഡിതന്‍മാര്‍ എക്കാലത്തും ജാഗ്രത കാണിച്ചത്. ആറ് ലക്ഷം ഹദീസുകളില്‍ നിന്നാണ് ആവര്‍ത്തനമില്ലാത്ത നാലായിരം ഹദീസുകള്‍ ഇമാം ബുഖാരി(റ) സ്വഹീഹില്‍ രേഖപ്പെടുത്തിയത്. ഇപ്രകാരം തന്നെയായിരുന്നു ഇമാം മുസ്‌ലിം(റ)വും ചെയ്തത്. ഏഴര ലക്ഷം ഹദീസുകളില്‍ നിന്നാണ് മുപ്പതിനായിരം ഹദീസുകള്‍ ഇമാം അഹ്മദ്(റ) തന്റെ മുസ്‌നദില്‍ രേഖപ്പെടുത്തിയത്. പില്‍ക്കാലത്തു വന്ന ഇബ്‌നു സ്വലാഹ്(റ), ഇബ്‌നു ഹജരിനില്‍ അസ്ഖലാനി(റ), ഇമാം നവവി(റ) തുടങ്ങിയവരും ഹദീസിന്റെ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി.

ഇല്‍മുല്‍ ഹദീസിന്റെ വ്യത്യസ്ത ഇനങ്ങളും വിധികളും രൂപങ്ങളും കൃത്യമായി  അറിയുമ്പോഴാണ് ഒരാള്‍ക്ക് ആ മേഖലയില്‍ ശരിയായ വിധം ശോഭിക്കാന്‍ കഴിയുക. ഇമാം നവവി(റ) എഴുതി: ‘നബവിയ്യായ ഹദീസുകള്‍ യഥാവിധി മനസ്സിലാക്കുന്നത് വിജ്ഞാനങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതായത്, അവയുടെ മത്‌നുകള്‍ അറിയലും സ്വഹീഹ്, ഹസന്‍, ളഈഫ്, മുത്തസ്വില്‍, മുര്‍സല്‍, മുന്‍ഖത്വിഅ്, മുഅ്‌ളല്‍, മഖ്‌ലൂബ്, മശ്ഹൂര്‍, ഗരീബ്, അസീസ്, മുതവാതിര്‍, ആഹാദ്, അഫ്‌റാദ്, മഅ്‌റൂഫ്, ശാദ്, മുന്‍കര്‍, മുഅല്ലല്‍, മുദ്‌റജ്, നാസിഖ്, മന്‍സൂഖ്, ഖാസ്വ്, ആമ്, മുജ്മല്‍, മുബയ്യന്‍, മുഖ്തലഫ് തുടങ്ങിയ ഇനങ്ങളെല്ലാം അറിയലും അനിവാര്യമാണ്. 

റിപ്പോര്‍ട്ടര്‍മാരുടെ അവസ്ഥയും അവരുടെ പേര്, കുടുംബം, ജനനം, മരണം, വിശേഷണങ്ങള്‍ എന്നിവയുമറിയണം. തദ്‌ലീസ്, മുദല്ലിസ്, ഇഅ്തിബാറിന്റെയും മുതാബിഇന്റെയും വഴികള്‍, സനദ്, മത്‌ന്, വസ്വ്ല്‍, ഇര്‍സാല്‍, വഖ്ഫ്, റഫ്അ്, ഖത്വ്അ് തുടങ്ങിയ വിഷയങ്ങളിലുള്ള റിപ്പോര്‍ട്ടര്‍മാരുടെ അഭിപ്രായാന്തരങ്ങളുടെ വിധി, സ്വഹാബികള്‍, താബിഉകള്‍, തബഉത്താബിഉകള്‍, അവര്‍ക്കു ശേഷമുള്ളവര്‍ എന്നിവയും കൃത്യമായി അറിയണം’ (മുഖദ്ദിമതു ശര്‍ഹി മുസ്‌ലിം, പേജ് 3).

ഹദീസ് സംബന്ധമായ ഈ അറിവുകളെല്ലാം ഒരാളില്‍ പൂര്‍ണമാകുമ്പോഴാണ് അയാള്‍  ദൃഢ ജ്ഞാനമുള്ള ഹദീസ് പണ്ഡിതനാകുന്നത്. എന്നാല്‍ ഇവയെല്ലാം സമ്പൂര്‍ണമായി ഇമാം നവവി(റ)യിലുണ്ടെന്നതിന് അദ്ദേഹത്തിന്റെ ശര്‍ഹ് മുസ്‌ലിം പോലോത്ത ഹദീസ് ഗ്രന്ഥങ്ങളും ശര്‍ഹുല്‍ മുഹദ്ദബ് പോലോത്ത കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും അല്‍ ഇര്‍ശാദ്, അത്തഖ്‌രീബ് പോലുള്ള ഹദീസ് സാങ്കേതിക വിജ്ഞാനം പരാമര്‍ശിക്കുന്ന ഗ്രന്ഥങ്ങളും സാക്ഷിയാണ്.

നിരവധി പണ്ഡിതന്മാര്‍ നവവി(റ)യുടെ സമകാലത്തുണ്ടായിരുന്നെങ്കിലും കര്‍മ നൈരന്തര്യം കൊണ്ടും ജ്ഞാനത്തികവുകൊണ്ടും മഹാനവര്‍കള്‍ അവരില്‍ നിന്നു വേറിട്ടുനിന്നു. ഇമാം ഇബ്‌നു സ്വലാഹ്(റ), ഇബ്‌നു അസാകിര്‍(റ), ഇമാം അബൂശാമ(റ), യാഖൂത്തുല്‍ ഹമവി(റ), ഇബ്‌നു ഖല്ലികാന്‍(റ), ഇബ്‌നു മാലിക്(റ) തുടങ്ങി ഒട്ടേറെ പണ്ഡിത പ്രതിഭകള്‍ നിറഞ്ഞുനിന്ന കാലഘട്ടമായിരുന്നു അത്.

ഹദീസ് പഠനത്തിലും കര്‍മശാസ്ത്രത്തിലുമായിരുന്നു മഹാനവര്‍കളുടെ വലിയ തികവ്.  ഹിജ്‌റ നാലാം ശതകത്തിനു ശേഷം ഇമാം നവവി(റ)യുടെ അത്ര വലിയ സ്ഥാനം നേടിയ ഒരൊറ്റ ഹദീസ് പണ്ഡിതനുമുണ്ടായിട്ടില്ലെന്നതാണു ചരിത്ര യാഥാര്‍ത്ഥ്യം. വിവിധ ജ്ഞാന ശാഖകളില്‍ ഏറെ മൂല്യമുള്ള ഗ്രന്ഥങ്ങള്‍ രചിക്കുകയും അവയൊക്കെയും വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്തുവെന്ന പ്രത്യേകതയും ഇമാം നവവി(റ)ക്കുണ്ട്.

ഹദീസ് പഠനത്തിനു വേണ്ടി അക്കാലത്തെ അഗ്രേസരരായ ശൈഖുമാരെ തന്നെയാണ് ഇമാം സമീപിച്ചത്. ഇബ്‌റാഹീമുബ്‌നു ഈസല്‍ മുറാദി അല്‍ അന്‍ദലൂസി (മരണം: ഹി 668) അവരില്‍ പ്രധാനിയാണ്. മഹാനെ കുറിച്ച് ഇമാം നവവി(റ) പറയുന്നതിങ്ങനെ: ‘പത്തു വര്‍ഷത്തോളം ഞാന്‍ മഹാനവര്‍കളോടൊപ്പം കഴിഞ്ഞു. നീരസമുണ്ടാക്കുന്ന ഒരു കാര്യവും അദ്ദേഹത്തില്‍ നിന്നു ഞാന്‍ കണ്ടിട്ടില്ല. ഭൗതിക പരിത്യാഗിയും സൂക്ഷ്മതയുമുള്ള മഹാപണ്ഡിതനുമായിരുന്നു അദ്ദേഹം. എന്റെ ജീവിത കാലത്ത് അദ്ദേഹത്തെ പോലൊത്ത ഒരാളെ എന്റെ കണ്ണുകള്‍ കണ്ടിട്ടില്ല’ (ത്വബഖാത്ത്).

അബൂ ഇസ്ഹാഖ് ഇബ്‌റാഹീമുബ്‌നു അബീ ഹഫ്‌സ്(റ) ആണ് മറ്റൊരു ഗുരുവര്യര്‍. ഇവരില്‍ നിന്നാണ് നവവി ഇമാം സ്വഹീഹ് മുസ്‌ലിം പൂര്‍ണമായി ഓതിക്കേട്ടത്. ശൈഖ് സൈനുദ്ദീന്‍ അബുല്‍ ബഖാഅ് ഖാലിദ് ബ്‌നു യൂസുഫ്(ഹി. 663), അര്‍റളിയ്യു ബ്‌നുല്‍ ബുര്‍ഹാന്‍, ശൈഖഅബ്ദുല്‍ അസീസ് ബ്‌നു മുഹമ്മദ് ബ്‌നു അബ്ദില്‍ മുഹസ്സിന്‍(ഹി. 662), ശൈഖ് സൈനുദ്ദീന്‍ അബുല്‍ അബ്ബാസ് ബ്‌നു അബ്ദുദ്ദാഇം അല്‍ മഖ്ദസി, അബുല്‍ ഫറജ് അബ്ദു റഹ്മാന്‍ ബ്‌നു അബീ ഉമര്‍ മുഹമ്മദ് ബ്‌നു അഹ്മദ്  അല്‍ മഖ്ദസി (ഹി. 682), ഖാളില്‍ ഖുളാത് ഇമാദുദ്ദീന്‍ അബുല്‍ ഫളാഇല്‍ അബ്ദുല്‍ കരീമിബ്‌നു അബ്ദിസ്സ്വമദ് (ഹി. 662), തഖ്‌യുദ്ദീന്‍ അബൂ മുഹമ്മദ് ഇസ്മാഈല്‍ ബ്‌നു അബീ ഇസ്ഹാഖ് ഇബ്‌റാഹീം (ഹി. 672), ജലാലുദ്ദീന്‍ അബൂസകരിയ്യ യഹ്‌യ ബ്‌നു അബില്‍ ഫതഹ് അസ്സ്വയ്‌റഫീ, അബുല്‍ ഫയ്‌ള് മുഹമ്മദ് ബ്‌നു മുഹമ്മദ് ബ്‌നു മുഹമ്മദില്‍ ബകരി, ളിയാഉ ബ്‌നു തമാമില്‍ ഹനഫി, മുഫ്തി ജമാലുദ്ദീന്‍ അബ്ദുറഹ്മാനു ബ്‌നു സാലിം അല്‍ ഹമ്പലി, ശംസുദ്ദീനു ബ്‌നു അബീ അംറ് തുടങ്ങിയവരാണ് നവവി ഇമാമിന്റെ ഹദീസിലെ മറ്റു ശൈഖുമാര്‍ (അല്‍ ഇമാമുന്നവവി; ശൈഖുല്‍ ഇസ്‌ലാമി വല്‍ മുസ്‌ലിമീന്‍).

കഠിന പരിശ്രമം നടത്തിയാണ് ഇമാം നവവി(റ) ഹദീസ് വിജ്ഞാനീയങ്ങളിലുള്ള നൈപുണ്യം നേടിയെടുത്തത്. ഇബ്‌നുല്‍ അത്വാര്‍(റ) പറയുന്നു: ‘ഇമാം നവവി(റ) വിശുദ്ധ ഹദീസിന്റെ സംരക്ഷകനായിരുന്നു. ഹദീസിന്റെ എല്ലായിനങ്ങളും അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു. സ്വഹീഹായവയും അല്ലാ ത്തവയും കണ്ടെത്തുന്നതിലും ഹദീസുകളിലെ അപരിചിതമായ വാക്കുകളുടെ യഥാര്‍ത്ഥ അര്‍ത്ഥങ്ങള്‍ മനസ്സിലാക്കുന്നതിലും ഹദീസുകളില്‍ നിന്ന് കര്‍മശാസ്ത്രത്തെ നിര്‍ദ്ധാരണം ചെയ്യുന്നതിലുമെല്ലാം മഹാനവര്‍കള്‍ കൂടുതല്‍ ശ്രദ്ധ കാണിച്ചിരുന്നു’ (തുഹ്ഫതുത്ത്വാലിബീന്‍ ഫീ തര്‍ജമതില്‍ ഇമാമില്‍ മുഹ്‌യിദ്ദീന്‍). ദഹബി പറയുന്നു: ‘സൂക്ഷ്മതയുള്ള ജീവിതവും സംശുദ്ധ ഹൃദയവും കൈമുതലാക്കിയ ഇമാം നവവി(റ) ഹദീസിലും ഹദീസിന്റെ വിവിധ ശാഖകളിലും കൂടുതല്‍ അവഗാഹമുള്ളവരായിരുന്നു. ഹദീസ് റിപ്പോട്ടര്‍മാരെക്കുറിച്ചും അവയിലെ സ്വഹീഹിനെയും അല്ലാത്തവയെയും കുറിച്ചുമെല്ലാം അദ്ദേഹത്തിനു വ്യക്തമായ ധാരണയുണ്ടായിരുന്നു’ (തദ്കിറ 4/1472).

‘ഇമാം നവവി(റ) വിജ്ഞാനത്തിനു വേണ്ടി സമ്പൂര്‍ണ സമര്‍പ്പണം നടത്തുകയും കര്‍മ കാര്യങ്ങളില്‍ സ്ഥിരോത്സാഹം കാണിക്കുകയും ദുഷ്ചിന്തകളില്‍ നിന്നും ദുഃസ്വഭാവങ്ങളില്‍ നിന്നും മനസ്സിനെ സ്ഫുടം ചെയ്‌തെടുക്കുകയും ചെയ്യുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. അതൊടൊപ്പം ഹദീസില്‍ അഗാധ പാണ്ഡിത്യം നേടുകയും റിപ്പോര്‍ട്ടര്‍മാരെക്കുറിച്ച് വ്യക്തമായ ചിത്രം രൂപപ്പെടുത്തുകയും ഹദീസ് വിജ്ഞാനങ്ങളില്‍ കൂടുതല്‍ പഠനം നടത്തുകയും ചെയ്തു’ (സിയറു അഅ്‌ലാമിന്നുബലാഅ്).

അത്തഖിയ്യ് മുഹമ്മദ് ബ്‌നു ഹസനുല്ലഖമി (ഹി: 738) പറയുന്നു: ‘ഇമാം നവവിയുടെ കാലത്ത് മുസ്‌ലിം രാജ്യങ്ങളില്‍ അദ്ദേഹത്തെ പോലെ ഒരാളും ജീവിച്ചിരുന്നില്ല. ദൃഢജ്ഞാനമുള്ള പണ്ഡിതനും അതീവ സൂക്ഷ്മതയുള്ള വ്യക്തിയുമായിരുന്നു അദ്ദേഹം. ഹദീസില്‍ അദ്ദേഹത്തിനു നല്ല പാണ്ഡിത്യമായിരുന്നു. ഹദീസിന്റെ വ്യത്യസ്തയിനങ്ങളെക്കുറിച്ചും അതിന്റെ ഭാഷയെക്കുറിച്ചും റിപ്പോര്‍ട്ടര്‍മാരുടെ പേരുകള്‍, അവരുടെ ജനനം, മരണം, ന്യൂനത, മികവ് എന്നിവയെക്കുറിച്ചും മഹാനവര്‍കള്‍ക്ക് നന്നായി അറിയാമായിരുന്നു’. നിരവധി വാള്യങ്ങള്‍ രചിക്കാന്‍ മാത്രമുള്ള കാര്യങ്ങള്‍ മഹാനവര്‍കളില്‍ കണ്ടിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ശിഷ്യര്‍ സാക്ഷ്യപ്പെടുത്തുന്നത് (സഖാവി/55-56).

ഇബ്‌നുല്‍ അത്വാര്‍(റ) കുറിച്ചു: ‘എന്റെ ശൈഖായ ഇമാം നവവി(റ) ഇമാം ബുഖാരി(റ)യുടെ  സ്വഹീഹും ഇമാം മുസ്‌ലിമി(റ)ന്റെ സ്വഹീഹും അബൂദാവൂദ്(മരണം ഹി. 275), തുര്‍മുദി(ഹി. 279), നസാഈ (ഹി. 303) എന്നിവരുടെ സുനനും ഇമാം മാലികി (റ)ന്റെ (ഹി. 179) മുവത്വയും  ഇമാം ശാഫിഈ (ഹി. 204), അഹ്മദ് ബ്‌നു ഹമ്പല്‍ (ഹി. 304) എന്നിവരുടെ മുസ്‌നദും ഇമാം ദാരിമിയുടെ (ഹി. 280) മുസ്‌നദും (സുനനുദ്ദാരിമി എന്ന പേരില്‍ പ്രസിദ്ധമായ) അബൂഅവാന അല്‍ അസ്ഫറാ ഈനി (ഹി. 316), അബൂയഅ്‌ലല്‍ മൂസ്വിലി (ഹി. 307) എന്നിവരുടെ മുസ്‌നദും ഇബ്‌നുമാജ (ഹി. 273), ദാറുഖുത്വ്‌നി (ഹി. 385), ബൈഹഖി (ഹി. 488) എന്നിവരുടെ സുനനും ഇമാം ബഗ്‌വി(റ)യുടെ (ഹി. 317) ശര്‍ഹുസ്സുന്നയും തഫ്‌സീറിലെ മആനിത്തന്‍സീലും സുബൈര്‍ ബ്‌നു ബക്കാറിന്റെ  (ഹി. 286) കിതാബുല്‍ അന്‍സാബും ഇമാം ഖുശൈരിയുടെ (ഹി. 465) രിസാലയും ഇബ്‌നുസ്സുന്നിയുടെ (ഹി. 464)  അമലുല്‍ യൗമി വല്ലൈലയും ഖത്വീബുല്‍ ബഗ്ദാദിയുടെ (ഹി. 463) കിതാബുല്‍ ആദാബിസ്സാമിഇ വര്‍റാവിയുമൊക്കെ പൂര്‍ണമായും ഓതിക്കേട്ടിരുന്നു. മഹാനവര്‍കളുടെ കൈപ്പടയില്‍ നിന്നാണ് ഇവയൊക്കെ ഞാന്‍ എഴുതിയെടുത്തത് (തുഹ്ഫതുത്ത്വാലിബീന്‍).

അബൂ ഇസ്ഹാഖ് ഇബ്‌റാഹീമുബ്‌നു ഈസല്‍ മുറാദി (ഹി: 668) യില്‍ നിന്നാണ് മഹാനവര്‍കള്‍ സ്വഹീഹ് മുസ്‌ലിമും സ്വഹീഹുല്‍ ബുഖാരിയുടെ ഭൂരിഭാഗവും അല്‍ ജംഉ ബൈനസ്സ്വഹീഹൈനിയുടെ അല്‍പ ഭാഗവും സ്വായത്തമാക്കിത്. ഇബ്‌നുസ്സ്വലാഹി(റ)ന്റെ ഉലൂമുല്‍ ഹദീസ് പാഠങ്ങള്‍  മഹാനവര്‍കളുടെ ശിഷ്യന്മാരില്‍ നിന്നുമാണ് ഇമാം നവവി(റ) പഠിച്ചത്. ഹാഫിള് അബ്ദുല്‍ ഗനിയ്യില്‍ മഖ്ദസിയുടെ ‘അല്‍കമാലു ഫീ അസ്മാഇര്‍രിജാല്‍’ പഠിച്ചത് അബുല്‍ ബഖാഅ് ഖാലിദ് ബ്‌നു യൂസുഫുന്നാബുലുസിയില്‍ നിന്നാണ് (ഇമാം സുയൂത്വി-റ-അല്‍ മിന്‍ഹാജുസ്സവി ഫീ തര്‍ജമതില്‍ ഇമാമിന്നവവി, പേ.  38-39).

അത്യന്തം അത്ഭുതകരമാണ് ഇമാം നവവി(റ)യുടെ ഹദീസ് വിഷയങ്ങളിലെ രചനാ ലോകം. വെറും നാല്‍പ്പത്തി ആറ് വര്‍ഷമാണല്ലോ ഇമാമവര്‍കളുടെ ജീവിത കാലം. കാര്യമായ പഠനത്തിലേക്ക് പ്രവേശിക്കുന്നതാവട്ടെ പതിനെട്ടോ പത്തൊമ്പതോ വയസ്സിലും.  പിന്നെയും  ഏകദേശം പത്ത് വര്‍ഷം കഴിഞ്ഞാണ് ഇമാം ഗ്രന്ഥരചന തുടങ്ങുന്നതു തന്നെ. ഹിജ്‌റ 660-നു ശേഷമാണ് ഇമാം രചന ആരംഭിക്കുന്നതെന്ന് ചരിത്ര പണ്ഡിതനായ ദഹബി അഭിപ്രായപ്പെടുന്നു.  ഹി. 676-ല്‍ വഫാത്തായ ഇമാം നവവി(റ)ക്ക് ഗ്രന്ഥ രചനക്ക് ലഭിച്ചത് ആകെ പതിനാറു വര്‍ഷമാണെന്നു ചുരുക്കം. അതാതു ശാഖകളില്‍ ഏറ്റവും സമഗ്രവും പ്രബലവുമായ വിശദീകരണങ്ങള്‍ ലഭിക്കാന്‍ കര്‍മശാസ്ത്ര പണ്ഡിതര്‍ക്കു മിന്‍ഹാജും ചരിത്രകാര്‍ക്കു തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്തും ഹദീസ് പണ്ഡിതര്‍ക്ക് ഇമാം നവവി(റ)യുടെ ശര്‍ഹു മുസ്‌ലിമും  തന്നെ ധാരാളം.

ഹദീസ് ജ്ഞാന ശാസ്ത്ര ഗ്രന്ഥമാണെങ്കിലും കര്‍മശാസ്ത്രപരമായ വീക്ഷണത്തോടെയാണ് ഇമാം നവവി(റ) ശറഹു മുസ്‌ലിം രചിച്ചിട്ടുള്ളത്. ഹദീസിനെ കുറിച്ചും ഹദീസ് നിവേദകരെ കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്ന ശര്‍ഹു മുസ്‌ലിം, കര്‍മശാസ്ത്രത്തിലെ അതാതു വിഷയങ്ങളിലെ പണ്ഡിതന്മാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വിശദമായി വിവരിക്കുകയും മദ്ഹബിലെ പ്രബലമായ അഭിപ്രായം വ്യക്തമാക്കുകയും ചെയ്യുന്നു. വഫാത്താകുന്നതിന്റെ രണ്ടു വര്‍ഷം മുമ്പ് രചന നടന്നതുകൊണ്ടു തന്നെ മഹാനവര്‍കളുടെ ജ്ഞാന സമ്പത്തു മുഴുവന്‍ ഈ ഗ്രന്ഥത്തില്‍ പ്രതിഫലിച്ചു കാണാം.

ഇമാം നവവി(റ)യുടെ ഹദീസ് പാണ്ഡിത്യത്തിന് തന്റെ ശര്‍ഹു മുസ്‌ലിം തന്നെ വേണ്ടുവോളം മതി. അദ്ദേഹത്തിനു ശേഷം വന്ന ഒരു ഹദീസ് പണ്ഡിതനും തന്റെ ഗ്രന്ഥങ്ങള്‍ അവലംബിക്കാതിരുന്നിട്ടില്ലെന്നത് അനുഭവ യാഥാര്‍ത്ഥ്യമാണ്. ഉന്നതമായ സനദോടു കൂടിയാണ് രചയിതാക്കളായ ഇമാമുമാരില്‍ നിന്ന് മഹാനവര്‍കള്‍ ഹദീസ്  റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ശര്‍ഹു മുസ്‌ലിമിന്റെ ആമുഖത്തില്‍ മഹാനവ ര്‍കളുടെ ഇമാം മുസ്‌ലിം(റ) വരെയുള്ള സനദ് ഇങ്ങനെ രേഖപ്പെടുത്തുന്നു: ഇബാറാഹീമു ബ്‌നു അബീഹഫ്‌സ് ഉമറു ബ്‌നുല്‍ മുളിര്‍ അല്‍ വാസിത്വി (റ)-അബുല്‍ ഖാസിം അബൂബക്കര്‍ അബുല്‍ ഫതഹ് മന്‍സൂറു ബ്‌നു അബ്ദില്‍ മുന്‍ഇം അല്‍ഫറാവി(റ)-അബുല്‍ ഹുസൈന്‍ അബ്ദുല്‍ ഗാഫിര്‍ അല്‍ ഫാരിസി(റ)-അബൂഅഹ്മദ് മുഹമ്മദ് ബ്‌നു ഈസല്‍  ജലൂദി(റ)-അബൂഇസ്ഹാഖ് ഇബ്‌റാഹീമു ബ്‌നു മുഹമ്മദ് ബ്‌നു സുഫിയാനുല്‍ ഫഖീഹ്(റ)-ഇമാം അബുല്‍ ഹുസൈന്‍ മുസ്‌ലിമു ബ്‌നുല്‍ ഹജ്ജാജ്(റ).

ശര്‍ഹു സ്വഹീഹ് മുസ്‌ലിമിനു പുറമെ ഹദീസ് വിജ്ഞാനീയങ്ങളില്‍ നിരവധി ഗ്രന്ഥങ്ങളും മഹാനവര്‍കള്‍ രചിച്ചിട്ടുണ്ട്. അല്‍ അദ്കാറുല്‍ മുന്‍തഖബതു മിന്‍ കലാമി സയ്യിദില്‍ അബ്‌റാര്‍, രിയാളുസ്സ്വാലിഹീന മിന്‍ കലാമി സയ്യിദില്‍ മുര്‍സലീന്‍, അല്‍അര്‍ബഊന ഹദീസന്നവവി, അത്തഖ്‌രീബു വത്തയ്‌സീറു ലിമഅ്‌രിഫതി സുനനില്‍ ബശീറിന്നദീര്‍, ഇര്‍ശാദു ത്വുല്ലാബില്‍ ഹഖാഇഖി ഇലാ മഅ്‌രിഫതിസ്സുനനി ഖൈറില്‍ ഖലാഇഖ്, അല്‍ ഇര്‍ശാദു ഇലാ ബയാനില്‍ അസ്മാഇല്‍ മുബ്ഹമാത്, അല്‍ ഖുലാസ്വതു ഫീ അഹാദിസില്‍ അഹ്കാം (സകാത്ത് വരെ), ശര്‍ഹു സുനനി അബീദാവൂദ് (വുളൂഅ് വരെ), അത്തല്‍ഖീസ്വു ശര്‍ഹി സ്വഹീഹില്‍ ഇമാമില്‍ ബുഖാരി (ഇല്‍മ് വരെ), അല്‍ഇംലാഉ അലാ ഹദീസി ഇന്നമല്‍ അഅ്മാലു ബിന്നിയ്യാത്ത് എന്നിവയാണവ (അല്‍ അത്വറുശ്ശദീ മിന്‍ തര്‍ജമതില്‍ ഇമാമിന്നവവി).

രാപ്പകല്‍ ഭേദമന്യേ അറിവന്വേഷണം നടത്തിയതു കൊണ്ട് വിജ്ഞാനതൃഷ്ണയില്‍ ഉപമിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു  മഹാനവര്‍കളെന്നു ചരിത്രം പറയുന്നു. ഉറക്കം പരമാവധി നിയന്ത്രിച്ചും മുഴുസമയവും ദര്‍സ്, എഴുത്ത്, ഗ്രന്ഥ പാരായണം, ഉസ്താദുമാരെ തേടിപ്പോകല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കു വേണ്ടി ക്രമീകരിച്ചും മഹാനവര്‍കള്‍ ജീവിതത്തെ ധന്യമാക്കി (ഇമാം സഖാവി/അല്‍ മന്‍ഹലുല്‍ അദ്ബുര്‍റവി ഫീ തര്‍ജമി ഖുത്വുബില്‍ ഔലിയാഇന്നവവി, പേജ് 14).

ഇസ്‌ലാമിലെ മിക്ക വിജ്ഞാന ശാഖയിലൂടെ കടന്നുപോകുന്ന ഏതൊരാള്‍ക്കും ഇമാം നവവി(റ)യുടെ രചനകളെയോ ആശയങ്ങളെയോ അവഗണിക്കാനാവില്ല. അത്രയും പ്രവിശാലതയും പ്രബലതയും അദ്ദേഹത്തിന്റെ വൈജ്ഞാനിക ഇടപെടലുകളില്‍ കാണാന്‍ കഴിയും. അതുകൊണ്ടുതന്നെയാണ് മുന്‍കാല പണ്ഡിതരെല്ലാം ഇമാം നവവി(റ)യോട് വലിയ ആദരവ് പ്രകടിപ്പിച്ചതും.   

താജുദ്ദീനുസ്സുബ്കി(റ) ഉദ്ധരിക്കുന്ന ഒരു സംഭവം കാണുക: ‘എന്റെ പിതാവായ തഖ്‌യുദ്ദീനു സ്സുബ്കി(റ) കോവര്‍ കഴുതയുടെ പുറത്ത് യാത്ര ചെയ്യുന്ന വേളയില്‍ വഴി മധ്യേ ഒരു വൃദ്ധനെ കണ്ടുമുട്ടി. അവരിരുവരും ഒരുപാടു നേരം സംസാരിച്ചു. സംസാരത്തിനിടയില്‍പിതാവ് പെട്ടെന്നു കഴുതപ്പുറത്ത് നിന്ന് ചാടിയിറങ്ങുകയും ആ വൃദ്ധന്റെ കൈ പിടിക്കുകയും ചെയ്തു. അപരിഷ്‌കൃതനായ ഒരു സാധാരണക്കാരനായിരുന്നു അദ്ദേഹം. പിന്നെ അയാളോട് തനിക്കു വേണ്ടി ദുആ ചെയ്യാനാവശ്യപ്പെട്ടു. ശേഷം അദ്ദേഹത്തെ തന്റെ കൂടെ വാഹനപ്പുറത്തിരുത്തി പിതാവ് പറഞ്ഞു: ‘ഇമാം നവവി(റ)യുടെ മുഖം കണ്ട കണ്ണുള്ള വ്യക്തി എന്റെ മുന്നിലൂടെ നടന്നുപോകുമ്പോള്‍ എനിക്കൊരിക്കലും വാഹനപ്പുറത്തിരിക്കാന്‍ സാധിക്കുകയില്ല’ (സഖാവി/ 60).


ഇമാം നവവി(റ)യുടെ ആദര്‍ശം

ഇമാം നവവി(റ)നെ അംഗീകരിക്കാത്തവര്‍ ബിദ്അത്തുകാരില്‍ പോലുമില്ല. നേരെ ചൊവ്വെ പറഞ്ഞാല്‍ തന്റെ അത്യാഗാധ പാണ്ഡിത്യവും അപൂര്‍വ ധിഷണയും വഴി പ്രോജ്വലിച്ചു നില്‍ക്കുന്നതിനാല്‍ എല്ലാവര്‍ക്കും മഹാനുഭാവനെ അംഗീകരിക്കേണ്ടിവരികയാണുണ്ടായത്. ഹദീസുകളുടെ ബലാബലം പരിശോധിക്കാനും റാവിമാരുടെ ആധികാരികത ഉറപ്പിക്കാനും മാത്രമല്ല, ഹദീസ് ലഭ്യമല്ലാതിരിക്കുമ്പോള്‍ ഫത്‌വ നല്‍കാന്‍ വരെയും അവര്‍ ഇമാമിന്റെ വാക്കുകള്‍ പ്രമാണമാക്കുന്നു. 

കേരളത്തിലിറങ്ങുന്ന എല്ലാ പുത്തന്‍വാദ പ്രസിദ്ധീകരണങ്ങളിലും ഈയൊരു പ്രവണത പലയാവര്‍ത്തി കണ്ടിട്ടുണ്ട്. ഇവ്വിധം ഇമാം നവവി(റ)യെ തോളിലേറ്റുന്നവര്‍ പക്ഷേ, അവിടുന്ന് കടുകട്ടി തെളിവുകളുടെ പിന്‍ബലത്തോടെ ആവര്‍ത്തിച്ചു പഠിപ്പിച്ച ആദര്‍ശ കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. ശരിക്കും പറഞ്ഞാല്‍, സര്‍വമാന ബിദ്അത്ത് കക്ഷികളും നാളിതു വരെയും പ്രചരിപ്പിക്കാന്‍ ശ്രമിച്ച മതവിരുദ്ധ ആദര്‍ശങ്ങള്‍ക്ക് നേര്‍ക്കുനേര്‍ എതിര്‍ ചേരിയില്‍ ഇമാം നവവി(റ) വീറോടെ നിലനില്‍ക്കുന്നതിനാല്‍ കണ്ണു ചിമ്മാന്‍ അവര്‍ നിര്‍ബന്ധിതരാവുകയാണ്. വ്യത്യസ്ത ഗ്രന്ഥങ്ങളില്‍ ഇമാമവര്‍കള്‍ സ്വീകരിച്ച ആദര്‍ശ നിലപാടുകള്‍ തീരെ വിശദീകരണമില്ലാതെ എടുത്തുചേര്‍ക്കുകയാണിവിടെ.


ശഫാഅത്ത് തേടല്‍

സ്വഹീഹുല്‍ ബുഖാരിക്ക് ഇമാം നവവി(റ) എഴുതിയ വ്യാഖ്യാനമാണ് അത്തല്‍ഖീസ്വ്. ഈ ഗ്രന്ഥത്തിന്റെ പ്രൗഢമായ ആമുഖത്തിന്റെ അവസാന ഭാഗത്ത് തിരുനബി(സ്വ)യോട് മഹാനവര്‍കള്‍ ശഫാഅത്ത് തേടുന്നത് കാണാം. (അത്തല്‍ഖീസ്വ്, പേ: 285). വ്യക്തമായ രൂപത്തില്‍ ഇമാം ശഫാഅത്ത് തേടുന്ന മറ്റൊരു ഭാഗമിങ്ങനെ: ‘അല്ലാഹുവേ, ശിപാര്‍ശക്കുതകുന്ന സര്‍വ ശിപാര്‍ശകരെക്കൊണ്ടും നിന്നിലേക്ക് ഞാന്‍ ശഫാഅത്ത് തേടുന്നു’ (ബുസ്താനുല്‍ ആരിഫീന്‍, പേ: 9). സ്വന്തമായി അതു നിര്‍വഹിക്കുക മാത്രമല്ല, അങ്ങനെ ചെയ്തിരിക്കണമെന്ന് മഹാന്‍ കല്‍പ്പിക്കുന്നുമുണ്ട്.

തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യുന്നവര്‍ അവിടുത്തെക്കൊണ്ട് അല്ലാഹുവിലേക്ക് ശിപാര്‍ശ തേടണം (ശര്‍ഹുല്‍ മുഹദ്ദബ്, പേ: 8/274, അല്‍ ഈളാഹ്, പേ: 491, അല്‍ അദ്കാര്‍, പേ: 219).

ഹജ്ജ് വേളയില്‍, മശ്അറുല്‍ ഹറാമില്‍ വെച്ച് നിര്‍വഹിക്കല്‍ സുന്നത്തായ ദുആകളുടെ കൂട്ടത്തിലായി ഇമാം നവവി(റ) കുറിച്ചു: നിന്റെ പ്രത്യേകക്കാരായ ഇഷ്ടദാസന്മാരെക്കൊണ്ട് അല്ലാഹുവേ, നിന്നിലേക്ക് ഞാന്‍ ശഫാഅത്ത് തേടുന്നു (അല്‍ അദ്കാര്‍, പേ: 215-216).

മഴയെ തേടുന്നവര്‍ തങ്ങളുടെ കൂട്ടത്തില്‍ നന്മകൊണ്ട് അറിയപ്പെട്ടവരെ മുന്‍നിറുത്തി അല്ലാഹുവിലേക്ക് ശഫാഅത്ത് തേടണമെന്നും ഇമാം പഠിപ്പിച്ചു (ആദാബുല്‍ ഇസ്തിസ്ഖ്വാഅ്, പേ: 44).

കണ്ണ് കാണാത്ത സ്വഹാബിക്ക് റസൂല്‍(സ്വ) പഠിപ്പിച്ച ദുആയുടെ അവസാന ഭാഗത്ത് ‘അല്ലാഹുവേ, എന്റെ കാര്യത്തില്‍ തിരുനബി(സ്വ)യുടെ ശിപാര്‍ശ നീ സ്വീകരിക്കണേ’ എന്ന് കാണാം. ഈ ഹദീസ് ഇമാം നവവി(റ) അല്‍ അദ്കാര്‍ പേ 200-ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ആ രീതിയിലുള്ള ശഫാഅത്ത് തേട്ടവും അദ്ദേഹം അനുവര്‍ത്തിക്കുന്നുവെന്നു സാരം.


തവസ്സുല്‍

കേരളത്തില്‍ ആദര്‍ശ രംഗത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വിധേയമായതാണല്ലോ തവസ്സുല്‍. ഇവിടെയും ഇമാം നവവി(റ) പഠിപ്പിക്കുന്നത് അത് പുണ്യമാണെന്നു തന്നെയാണ്. അദ്ദേഹം പറയുന്നു: മുഴുവന്‍ മാധ്യമങ്ങളെയും (വസീല) മുന്‍നിര്‍ത്തി അല്ലാഹുവേ, ഞാന്‍ നിന്നോട് ചോദിക്കുന്നു (ബുസ്താനുല്‍ ആരിഫീന്‍, പേ: 9).

തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യുന്നവര്‍ സ്വന്തം കാര്യത്തില്‍ അവിടുത്തെക്കൊണ്ട് തവസ്സുലാക്കണമെന്നും മഹാന്‍ പഠിപ്പിച്ചു (ശര്‍ഹുല്‍ മുഹദ്ദബ്, പേ: 8/274, അല്‍ ഈളാഹ്, പേ: 491, അല്‍ അദ്കാര്‍, പേ: 219).

പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ ചൊല്ലേണ്ട ദിക്ര്‍ വിവരിക്കുന്ന അധ്യായത്തില്‍ ഇമാം പഠിപ്പിക്കുന്ന ദുആയില്‍ ‘അല്ലാഹുവേ, നിന്നിലേക്ക് പ്രാര്‍ത്ഥനാ നിരതരാകുന്നവരുടെ ഹഖ്ഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു’ എന്ന വ്യക്തമായ തവസ്സുല്‍ കാണാം (അല്‍ അദ്കാര്‍, പേ: 40-41).

കാഴ്ചയില്ലാത്ത സ്വഹാബിക്ക് നബി(സ്വ) പഠിപ്പിച്ച ദുആ പ്രസിദ്ധമാണല്ലോ. തവസ്സുല്‍ ഉള്‍ക്കൊള്ളുന്ന പ്രസ്തുത പ്രാര്‍ത്ഥന നവവി(റ) അംഗീകരിക്കുകയും പ്രയോഗിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്: ‘അല്ലാഹുവേ, കാരുണ്യദൂതരായ നിന്റെ മുഹമ്മദ് നബി(സ്വ)യെ ഞാന്‍ നിന്നിലേക്ക് തവസ്സുലാക്കുന്നു’ എന്നുള്‍ക്കൊള്ളുന്ന ആ ദുആ ഇമാം ആവശ്യപൂര്‍ത്തീകരണ നിസ്‌കാരത്തില്‍ (സ്വലാത്തുല്‍ ഹാജത്) ചൊല്ലേണ്ട ദിക്‌റുകള്‍ പറയുന്ന അധ്യായത്തില്‍ ഉദ്ധരിച്ചിട്ടുണ്ട് (അല്‍ അദ്കാര്‍, പേ: 199-200).

നാട്ടുവര്‍ത്തമാനം പറഞ്ഞിരുന്നാലും ദിനപത്രപാരായണം നടത്തിയാലും മയ്യിത്തിനരികെ ഖുര്‍ആന്‍ ഓതാന്‍ പാടില്ലെന്നാണ് മുജാഹിദുകളുടെ വാദം. ഇവിടെയും ഇമാം നവവി(റ) അവര്‍ക്ക് ഭീഷണിയാകുന്നു.


ഇസ്തിഗാസ

ഇമാം നവവി(റ)ന്റെ ആദര്‍ശം പരിശോധിക്കുമ്പോള്‍ ഏറെ ശ്രദ്ധേയമാണ് അവിടുത്തെ ഇസ്തിഗാസാ ദര്‍ശനം. മുസ്‌ലിം പൊതുസമൂഹത്തെ മുഴുവന്‍ മുശ്‌രിക്കുകളായി ചിത്രീകരിക്കാന്‍ മതവിരുദ്ധര്‍ ഏറെ ദുരുപയോഗം ചെയ്യുന്നത് ഈ സംഭവമാണല്ലോ. അല്ലാഹു നല്‍കുന്ന കഴിവുകൊണ്ട് അമ്പിയാക്കളും ഔലിയാക്കളുമൊക്കെ സഹായിക്കുമെന്ന വിശ്വാസത്തോടെ അവരില്‍ നിന്ന് സഹായമഭ്യര്‍ത്ഥിക്കുകയാണ് ഇസ്തിഗാസ. ഇത് ചെയ്യണമെന്നു പഠിപ്പിക്കുക മാത്രമല്ല, സ്വജീവിതത്തില്‍ അനുഷ്ഠിച്ചു മാതൃകയാവുകയും ചെയ്തിട്ടുണ്ട് ഇമാം നവവി(റ).

ഒരാളുടെ മൃഗം ഓടിപ്പോയാല്‍ ‘യാ ഇബാദല്ലാഹി ഇഹ്ബിസൂ’ (അല്ലാഹുവിന്റെ ഇഷ്ടദാസന്മാരേ, അതിനെ പിടിച്ചുവെക്കൂ) എന്ന് വിളിച്ചു പറയണമെന്ന് ഇതു സംബന്ധിയായി നിവേദനം ചെയ്യപ്പെട്ട ഹദീസടിസ്ഥാനത്തില്‍ അദ്ദേഹം പറയുന്നു (അല്‍അദ്കാര്‍ പേ: 239, ശര്‍ഹുല്‍ മുഹദ്ദബ് 4/396, അല്‍ഈളാഹ് പേ: 66).

ഇസ്തിഗാസയുടെ ഫലം ഇമാം നവവി(റ) വിശദീകരിക്കുന്നതിങ്ങനെ: വൈജ്ഞാനിക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച എന്റെ ചില ഗുരുവര്യന്മാര്‍ എനിക്ക് വിവരിച്ച് തന്നു. അവരുടെ മൃഗം ഓടിപ്പോയി. പ്രസ്തുത ഹദീസറിയാവുന്നതിനാല്‍ തന്നെ അവര്‍ അപ്രകാരം (യാ ഇബാദല്ലാഹി…) പറയുകയും അന്നേരം തന്നെ അല്ലാഹു മൃഗത്തെ തടഞ്ഞു നിര്‍ത്തുകയും ചെയ്തു (അല്‍ അദ്കാര്‍ പേ: 239, ശര്‍ഹുല്‍ മുഹദ്ദബ്: 4/396). ഇമാം അബൂമുഹമ്മദ് ബ്‌നു അബില്‍ യുസ്ര്‍ എന്നാണീ ഗുരുവര്യരുടെ പേരെന്ന് കൂടി ശര്‍ഹുല്‍ മുഹദ്ദബില്‍ കാണാം.

ഇമാം നവവി(റ) തന്നെ ഇങ്ങനെ ഇസ്തിഗാസ നടത്തിയിട്ടുണ്ട്. മഹാന്‍ പറയുന്നു: ഞാനടക്കമുള്ള ഒരു സംഘത്തില്‍ നിന്നും ഒരു വാഹനം (മൃഗം) ഓടിപ്പോയി. ആര്‍ക്കും അതിനെ പിടിക്കാന്‍ കഴിഞ്ഞില്ല. ആ സമയത്ത് ഞാനിപ്രകാരം (യാ ഇബാദല്ലാഹി…) പറഞ്ഞു. ഉടനെ മൃഗം നിന്നു. ഈ വാക്ക് ഉച്ചരിച്ചതല്ലാതെ മറ്റൊന്നും അതിന് നിമിത്തമായിട്ടില്ല (അല്‍ അദ്കാര്‍ പേ: 239, ശര്‍ഹുല്‍ മുഹദ്ദബ്: 4/396).

ഉപര്യുക്ത യാ ഇബാദല്ലാഹി… (അല്ലാഹുവിന്റെ ഇഷ്ടദാസന്മാരേ) എന്ന് വിളിച്ചുള്ള തേട്ടം ഇസ്തിഗാസയാണെന്നതില്‍ സംശയമില്ല. ഇമാം അത് സന്ദേഹമേതുമില്ലാതെ ചെയ്യുകയും അപ്രകാരം പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിക്കുകയും അതിന്റെ ഫലം നേരില്‍ അനുഭവിക്കുകയും ചെയ്തതാണിത്. അഹ്‌ലുസ്സുന്നയുടെ വിശ്വാസത്തിന് വിരുദ്ധമായിരുന്നുവെങ്കില്‍ ഇമാം അത് പ്രവര്‍ത്തിക്കുമായിരുന്നില്ല.

മയ്യിത്തിനു വേണ്ടി ഖുര്‍ആനോതാമോ?

കര്‍മശാസ്ത്ര പണ്ഡിതനായിരുന്ന ഇമാം ശംസുദ്ദീന്‍ മുഹമ്മദ് അന്നവവി(റ)യുടെ മേല്‍ ഇമാം നവവി(റ) വിശുദ്ധ ഖുര്‍ആന്‍ ഖതം (ഖുര്‍ആന്‍ മുഴുവന്‍ പാരായണം നടത്തല്‍) ഓതിയതും തുടര്‍ന്നുണ്ടായ സ്വപ്‌നവും അവിടുന്ന് തന്നെ വിവരിക്കുന്നുണ്ട് (ബുസ്താനുല്‍ ആരിഫീന്‍, പേ: 394).

മഹാന്‍ എഴുതി: സുനനു അബീദാവൂദിലും മറ്റും നിവേദനം ചെയ്ത ഹദീസുള്ളതിനാല്‍ തന്നെ മയ്യിത്തിനരികില്‍ യാസീന്‍ സൂറത്ത് പാരായണം ചെയ്യണം (ശര്‍ഹുല്‍ മുഹദ്ദബ്, പേ: 5/311). ഇമാം ശാഫിഈ(റ)ന്റെ ശിഷ്യന്മാരും അല്ലാത്തവരുമായ പണ്ഡിതന്മാര്‍ പറഞ്ഞു: മയ്യിത്തിനരികില്‍ യാസീന്‍ സൂറത്ത് പാരായണം ചെയ്യല്‍ സുന്നത്താണ് (അത്തിബ്‌യാന്‍, പേ: 149).

അന്‍സ്വാറുകളായ സ്വഹാബികള്‍ മയ്യിത്തിനരികിലെത്തിയാല്‍ അല്‍ബഖറ സൂറത്ത് പാരായണം ചെയ്യാറുണ്ടായിരുന്നുവെന്ന് ഇമാം ശഅ്ബി(റ)യെ തൊട്ട് മുജാഹിദ്(റ) നിവേദനം ചെയ്തിട്ടുണ്ട് (അത്തിബ്‌യാന്‍, പേ: 149, അല്‍ അദ്കാര്‍, പേ: 160, ഖുലാസ്വതുല്‍ അഹ്കാം, പേ: 2/926).

മറവ് ചെയ്തതിനു ശേഷം ഇതു സംബന്ധമായി ഇമാം ശാഫിഈ(റ)യെ ഉദ്ധരിച്ച് നവവി(റ) കുറിച്ചു: മയ്യിത്തിനെ മറമാടിയ ശേഷം ഖബ്‌റിനരികില്‍ ഖുര്‍ആന്‍ ഓതല്‍ സുന്നത്താണ്. ഖുര്‍ആന്‍ ഖതം ചെയ്യലാണ് നല്ലത് (രിയാളു സ്സ്വാലിഹീന്‍, പേ: 347).

ഇമാം ശാഫിഈ(റ)ക്ക് പുറമെ ശിഷ്യന്മാരും ഇപ്രകാരം പറഞ്ഞിട്ടുണ്ടെന്ന് നവവി(റ) അല്‍ അദ്കാറിലും (പേജ്: 177) ശര്‍ഹുല്‍ മുഹദ്ദബിലും (5/294) രേഖപ്പെടുത്തിയിട്ടുണ്ട്. മറമാടിയ ശേഷം, ഖബ്‌റിനരികില്‍ സൂറത്തുല്‍ ബഖറയുടെ ആദ്യ ഭാഗവും അവസാന ഭാഗവും ഓതുന്നതിനെ പ്രമുഖ സ്വഹാബിയായ ഇബ്‌നു ഉമര്‍(റ) ഇഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം ഹസനായ(സ്വീകാര്യ യോഗ്യം) പരമ്പരയോടെ ഇമാം ബൈഹഖി(റ) സുനനില്‍ നിവേദനം ചെയ്തിട്ടുണ്ട് (അല്‍ അദ്കാര്‍, പേ: 177-178, ഖുലാസ്വതുല്‍ അഹ്കാം: 2/1028). പരമ്പരയെക്കുറിച്ചുള്ള പരാമര്‍ശമില്ലാതെ ഇക്കാര്യം ഇമാം നവവി(റ) ശര്‍ഹുല്‍ മുഹദ്ദബിലും (5/294) പറഞ്ഞിട്ടുണ്ട്.


ഖബ്ര്‍ സിയാറത്ത് ചെയ്യുമ്പോള്‍

വഫാത്തിനോടടുത്ത സമയം, ഇമാം നവവി(റ) തന്റെ ചില ഗുരുവര്യരുടെ മഖ്ബറ സിയാറത്ത് ചെയ്യുകയും ഖുര്‍ആനോതി ദുആ ഇരക്കുകയും കരയുകയുമെല്ലാം ചെയ്തതായി ശിഷ്യനും മുഖ്തസ്വിറുന്നവവി എന്ന പേരില്‍ വിശ്രുതനുമായ ഇമാം ഇബ്‌നുല്‍ അത്ത്വാര്‍(റ-മരണം: ഹി.724) തുഹ്ഫതുത്ത്വാലിബീനില്‍ (പേജ്: 97) പറഞ്ഞിട്ടുണ്ട്. ഇമാം ഇബ്‌നു ഇമാമില്‍ കാമിലിയ്യ (മരണം: ഹി.874) ബുഗ്‌യതുര്‍റാവിയിലും (പേജ്: 49) ഇമാം സഖാവി(റ-മരണം: ഹി.902) അല്‍മന്‍ഹലുല്‍ അദ്ബുര്‍റവിയ്യിലും (പേജ്: 77) അതുദ്ധരിച്ചിട്ടുണ്ട്.

ഈ മൂന്ന് ഗ്രന്ഥങ്ങള്‍ക്ക് പുറമെ ഇമാം സുയൂത്വി(റ)യുടെ (മരണം: ഹി.911) അല്‍മിന്‍ഹാജുസ്സവിയ്യയിലും ഇക്കാര്യം കാണാം. ഇമാം നവവി(റ)യുടെ ജീവചരിത്രം വിവരിക്കുന്നതിനു മാത്രമുള്ള ആധികാരികവും പൗരാണികവുമായ രചനകളാണ് ഇവ എന്ന് പ്രത്യേകം ഓര്‍മിക്കുക.

ഖബ്ര്‍ സിയാറത്ത് ചെയ്യുമ്പോള്‍ ഖുര്‍ആന്‍ ഓതല്‍ സുന്നത്താണ്. ഖുര്‍ആന്‍ പാരായണത്തിനുടനെയുള്ള ദുആക്ക് ഉത്തരം കിട്ടാന്‍ സാധ്യത കൂടുതലാണ് (റൗളതുത്ത്വാലിബീന്‍, പേ: 2/139). ഖബ്ര്‍ സിയാറത്ത് ചെയ്യുന്നവര്‍ ഖുര്‍ആന്‍ ഓതുകയും ദുആ ചെയ്യുകയും വേണം (അല്‍ മിന്‍ഹാജ്, പേ: 158)

ഖബ്ര്‍ സിയാറത്ത് ചെയ്യുന്നവര്‍ തങ്ങള്‍ക്ക് കഴിയുന്നത്രയും ഖുര്‍ആന്‍ ഓതലും ഉടനെ ദുആ ചെയ്യലും സുന്നത്താണെന്ന് ഇമാം ശാഫിഈ(റ)യും ശിഷ്യന്മാരും പറഞ്ഞിട്ടുണ്ട് (ശര്‍ഹുല്‍ മുഹദ്ദബ്, പേ: 2/171).

ഖുര്‍ആന്‍ പാരായണത്തിനായി കൂലിക്കു വിളിക്കല്‍ പോലുമാകാമെന്ന് മഹാന്‍ വിശദീകരിച്ചിട്ടുണ്ട്: ഖബ്‌റിങ്കല്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനായി ആളെ കൂലിക്ക് വിളിക്കല്‍ അനുവദനീയമാണ് (റൗളതുത്ത്വാലിബീന്‍, പേ: 5/191).


ഖുത്വുബയുടെ ഭാഷ

പ്രത്യേക ആരാധനയാണല്ലോ ഖുത്വുബ. അത് കേവലം പ്രസംഗമാണെന്ന് ന്യായം പറഞ്ഞ് പ്രാദേശിക ഭാഷകളില്‍ നിര്‍വഹിക്കാന്‍ പ്രേരിപ്പിക്കുന്നവരാണ് പുത്തന്‍ വാദികള്‍. റസൂല്‍(സ്വ) മുതല്‍ ഇതുവരെയുമുള്ള ഇസ്‌ലാമിക ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഈ അനാചാരത്തിനെതിരെയും ഇമാം നവവി(റ)ന്റെ പടയോട്ടം കാണാം. ചില വരികള്‍ ഉദ്ധരിക്കാം: ഖുത്വുബ അറബിയിലാവല്‍ ശര്‍ത്വാണ് (റൗളതുത്ത്വാലിബീന്‍: 2/26, അല്‍ മിന്‍ഹാജ്, പേ: 48).

ഖുത്വുബ അറബിയിലായിരിക്കല്‍ നിബന്ധനയാണ്. കാരണം തക്ബീറതുല്‍ ഇഹ്‌റാം, തശഹ്ഹുദ് പോലുള്ള നിര്‍ബന്ധമായ ഒരു ദിക്‌റാണത്. ‘നിങ്ങള്‍ ഞാന്‍ എങ്ങനെ നിസ്‌കരിക്കുന്നത് കണ്ടോ അപ്രകാരം നിസ്‌കരിക്കൂ’ എന്ന് തിരുനബി(സ്വ) കല്‍പിച്ചിട്ടുണ്ട്. അവിടുന്ന് അറബിയിലായിരുന്നു ഖുത്വുബ നിര്‍വഹിച്ചിരുന്നത് (ശര്‍ഹുല്‍ മുഹദ്ദബ്: 4/ 521-522).


സ്വുബ്ഹ് നിസ്‌കാരത്തില്‍ ഖുനൂത് ഓതല്‍

ബിദഇകള്‍ എതിര്‍ക്കുന്ന മറ്റൊരു പുണ്യകര്‍മമാണ് സുബ്ഹിയിലെ ഖുനൂത്. സ്വുബ്ഹ് നിസ്‌കാരത്തില്‍ ഖുനൂത് ഓതല്‍ സുന്നത്താണെന്ന സുന്നീ ആദര്‍ശം ഇമാം നവവി(റ)ന്റെ എല്ലാ കിതാബുകളിലും രേഖപ്പെടുത്തിയത് കാണാം. സൂറത്തുല്‍ ബഖറയിലെ 238-ാം സൂക്തം സുബ്ഹ് നിസ്‌കാരത്തില്‍ ഖുനൂത് ഓതുന്നതിന് രേഖയാണെന്ന് ശര്‍ഹുല്‍ മുഹദ്ദബ് 3/60-ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

സുബ്ഹ് നിസ്‌കാരത്തില്‍ ഖുനൂത് സുന്നത്താണെന്നത് ശാഫിഈ മദ്ഹബിലെ അവിതര്‍ക്കിതമായ അഭിപ്രായമാണ് (ശര്‍ഹുല്‍ മുഹദ്ദബ്: 3/494). സുബ്ഹിയില്‍ പതിവായി ഖുനൂത് സുന്നത്തുണ്ടെന്നതാണ് ഇമാം ശാഫിഈ (റ)ന്റെ നിലപാട്. ഭൗതിക ലോകത്ത് നിന്ന് വിടവാങ്ങുന്നത് വരെ സുബ്ഹ് നിസ്‌കാരത്തിലെ ഖുനൂത് തിരുനബി(സ്വ) ഉപേക്ഷിച്ചിട്ടേയില്ല എന്ന് അനസ്(റ)വില്‍ നിന്നും സ്വഹീഹായി വന്നിട്ടുണ്ട് (ശര്‍ഹു മുസ്‌ലിം: 5/176-178).

പ്രസ്തുത ഹദീസിനെക്കുറിച്ച് ഇമാം നവവി(റ) തന്നെ പറയുന്നു: ഈ ഹദീസ് നിരവധി ഹാഫിളുകള്‍ നിവേദനം ചെയ്യുകയും അത് സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അല്‍ഹാഫിള് അബൂഅബ്ദില്ലാഹില്‍ ബല്‍ഖീ(റ), ഇമാം ഹാകിം (റ), ഇമാം ബൈഹഖി(റ) എന്നിവര്‍ ഈ ഹദീസ് സ്വീകാര്യമാണെന്ന് വ്യക്തമാക്കിയവരില്‍ പെടുന്നു (ഖുലാസ്വതുല്‍ അഹ്കാം: 1/450, ശര്‍ഹുല്‍ മുഹദ്ദബ്: 3/504).

ഖുലഫാഉര്‍ റാശിദുകള്‍ (റ) നാലുപേരും സുബ്ഹ് നിസ്‌കാരത്തില്‍ ഖുനൂത് ഓതിയിരുന്നതായി സ്വീകാര്യയോഗ്യമായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഇമാം ബൈഹഖി(റ) പറഞ്ഞിട്ടുണ്ട് (ഖുലാസ്വതുല്‍ അഹ്കാം: 1/451, ശര്‍ഹുല്‍ മുഹദ്ദബ്: 3/505). ഇമാം ഹാകിം(റ) കിതാബുല്‍ അര്‍ബഈനില്‍ പ്രസ്തുത ഹദീസ് സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ടെന്നും സുബ്ഹ് നിസ്‌കാരത്തില്‍ ഖുനൂത് ഓതല്‍ ശക്തമായ സുന്നത്താണെന്നും ഇമാം നവവി(റ) അല്‍ അദ്കാറില്‍ രേഖപ്പെടുത്തുന്നു (പേജ്: 70).

കേരളത്തിലെ മുജാഹിദുകള്‍ കടുംപാതകമെന്ന് വിലയിരുത്തുന്ന സ്വുബ്ഹിയിലെ ഖുനൂതിനെ കുറിച്ചാണ് ഈ പറയുന്നതൊക്കെയും. മുകളിലും കഴിഞ്ഞ ലക്കത്തിലും നാം മനസ്സിലാക്കിയ വസ്തുതകള്‍ ഒന്നു കൂടി വിലയിരുത്തുക. എന്നിട്ട് എല്ലാവരും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഈ മഹാപണ്ഡിതന്‍ പ്രാമാണികമായി പഠിപ്പിക്കുന്നതാണോ, അതോ കേരള ബിദ്അത്തുകാരുടെ അജ്ഞതയാണോ നമ്മുടെ വിജയമാര്‍ഗമെന്ന് ഓരോ വിശ്വാസിയും ആലോചിക്കുക. പരലോക രക്ഷയാണല്ലോ യഥാര്‍ത്ഥ ലക്ഷ്യം.


ശാഫിഈ മദ്ഹബും ഇമാം നവവി(റ)യുടെ സേവനങ്ങളും

ശരീഅത്തിന്റെ ജീവത്തായ ഫിഖ്ഹ് സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത പണ്ഡിത കുലപതികളുടെ സേവനം നിസ്തുലമാണ്. പ്രമാണങ്ങളില്‍ നിന്ന് അവര്‍ നിര്‍ധാരണം ചെയ്ത് വ്യക്തമാക്കിയതാണ് ഫിഖ്ഹിന്റെ ആകെത്തുക.

ശാഫിഈ കര്‍മശാസ്ത്ര സരണിയില്‍ ഈ മഹത്തായ ദൗത്യനിര്‍വഹണം നടത്തിയവരില്‍ പ്രമുഖനാണ് ശൈഖുല്‍ ഇസ്‌ലാം ഇമാം നവവി(റ). തന്റെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും അംഗീകാരമായാണ് രണ്ടാം ശാഫിഈ എന്ന പേരില്‍ മഹാന്‍ അറിയപ്പെട്ടത്. ഒരു കര്‍മ പ്രശ്‌നത്തില്‍ ഇമാം ശാഫിഈ(റ) സ്വീകരിച്ച ന്യായങ്ങളെയും ലക്ഷ്യങ്ങളെയും കണ്ടെത്തുന്നതിന് അഗാധജ്ഞാനവും പരിശ്രമവും ആവശ്യമാണ്. ഇമാം നവവി(റ) തന്നെ പറയുന്നു: ‘ശാഫിഈ ഗ്രന്ഥത്തില്‍ പരന്ന് കിടക്കുന്ന അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പണ്ഡിതന്മാര്‍ അവയില്‍ നിന്ന് മതവിധി പുറത്തെടുത്തപ്പോള്‍ പ്രകടമായ അഭിപ്രായ ഭിന്നതകളും ആഴമുള്ള ജ്ഞാനിക്കേ മനസ്സിലാക്കാനാവൂ. 

ശാഫിഈ മദ്ഹബിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് പരിശ്രമിക്കുന്ന അത്തരം വ്യക്തികള്‍ക്ക് ശാഫിഈ രചനകളില്‍ നല്ല നൈപുണ്യം ഉണ്ടായിരിക്കണം. അങ്ങനെ അവര്‍ നിര്‍ധാരണം ചെയ്ത് പുറത്തെടുക്കുന്നതാണ് ശാഫിഈ മദ്ഹബ്’ (തഹ്ഖീഖ് 26-28/1). ശാഖാപരം മാത്രമായ ഈ അഭിപ്രായ ഭിന്നതകളുടെ കാരണങ്ങളും അവ എന്തെല്ലാമാണെന്നുമെല്ലാം തഹ്ഖീഖിന്റെ ആമുഖത്തില്‍ ഇമാം നവവി(റ) വിശദീകരിക്കുന്നുണ്ട്.

ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമാണ് കര്‍മശാസ്ര്ത വിശാരഥന്മാര്‍ ശാഫിഈ മദ്ഹബിലെ വിപുലമായ ഗ്രന്ഥരചനകള്‍ നടക്കുന്നത്. ഇമാമുല്‍ ഹറമൈനി(റ)യുടെ നിഹായത്തുല്‍ മത്വ്‌ലബ്, ശിഷ്യന്‍ ഇമാം ഗസ്സാലി(റ)യുടെ ബസീത്വ്, വസീത്വ്, വജീസ്, ഖുലാസ്വ, അബൂ ഇസ്ഹാഖുശ്ശീറാസി(റ)യുടെ തന്‍ബീഹ്, മുഹദ്ദബ് എന്നീ വിഖ്യാത രചനകള്‍ ഈ വഴിയില്‍ വലിയ സേവനമാണ് നല്‍കിയിട്ടുള്ളത്. ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഏഴാം നൂറ്റാണ്ടിലും വിപുലമായ നീക്കങ്ങള്‍ ഈ രംഗത്ത് നടന്നു. 

ശാഫിഈ മദ്ഹബിലെ ഓരോ കര്‍മപ്രശ്‌നത്തിന്റെയും ആധാരം, ലക്ഷ്യം, ലക്ഷ്യങ്ങളിലെ വൈജാത്യങ്ങള്‍, ഭിന്നതകള്‍, പശ്ചാത്തലങ്ങള്‍, ന്യായങ്ങളുടെ പ്രബലത, പ്രബലതയുടെ അടിസ്ഥാനവും ന്യായവും തുടങ്ങി വിശാല ലോകത്തേക്ക് കടന്നുചെന്ന് കൃത്യമായ ഉത്തരങ്ങളാണ് ഈ ഘട്ടത്തില്‍ ഇമാം നവവി(റ) ശാഫിഈ മദ്ഹബിന് സമര്‍പ്പിച്ചത്. ക്രോഡീകൃതമെങ്കിലും അവയെല്ലാം ഒന്നിച്ചു ലഭിക്കായ്ക എന്ന പരിമിതിയെ മറികടന്ന് ഫിഖ്ഹിന്റെ സമാഹൃത രൂപം അവതരിപ്പിക്കുകയായിരുന്നു ഇമാം നവവി(റ).

ഇമാം ശാഫിഈ(റ) സ്വീകരിച്ച നിലപാടുകള്‍ ഇമാം നവവി(റ) നന്നായി പഠിച്ചു. ഇമാം ശാഫിഈ(റ) കണ്ടെത്തിയ ന്യായങ്ങള്‍ പരിശോധിക്കുകയും മഹാന്റെ രചനകള്‍ ചുരുക്കിയെഴുതുകയും ഇമാം ശാഫിഈ നിരീക്ഷിച്ച കര്‍മലക്ഷ്യങ്ങളെ വ്യക്തമായവതരിപ്പിച്ചുകൊണ്ട് സുതാര്യമായൊരു പാത ഇമാം നവവി(റ) വെട്ടിത്തെളിയിച്ചു. അത് പോലെ ശാഫിഈ കര്‍മശാസ്ത്ര ലോകത്തെ അതിപ്രതിഭകളായ ഇമാം മാവര്‍ദി, ശീറാസി, ഗസ്സാലി(റ) തുടങ്ങിയവരുടെ രചനകളും അവരുടെ കാഴ്ചപ്പാടുകളും പഠിക്കുകയും വിശകലനം നടത്തുകയും ചെയ്ത ഇമാം നവവി(റ) അവരുടെ രചനകള്‍ വ്യാഖ്യാനിക്കുകയും സംഗ്രഹിക്കുകയും ലക്ഷ്യങ്ങളുടെ വൈജാത്യങ്ങള്‍ കണ്ടെത്തി കൃത്യത വരുത്തുകയും ചെയ്തു. ഇമാം നവവി(റ)യുടെ മിന്‍ഹാജ്, ഇമാം റാഫിഈ(റ)യുടെ മുഹര്‍ററിന്റെ സംഗ്രഹമാണ്. 

നവവി ഇമാമിന്റെ ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ രചനയാണ് മിന്‍ഹാജ്. നിരവധി വ്യാഖ്യാനങ്ങളും ടിപ്പണികളും മിന്‍ഹാജിനുണ്ട്. റാഫിഈ(റ)യുടെ തന്നെ ഫത്ഹുല്‍ അസീസിന്റെ സംഗ്രഹമാണ് ഇമാം നവവി(റ)യുടെ റൗള. റൗളക്കും നിരവധി സംഗ്രഹങ്ങളും ടിപ്പണികളും വ്യാഖ്യാന കുറിപ്പുകളുമുണ്ട്. ശീറാസിയുടെ മുഹദ്ദബിന്റെ വ്യാഖ്യാനമാണ് ഇമാം നവവി(റ)യുടെ മജ്മൂഅ്. നവവി രചനകളില്‍ ഏറ്റവും സമ്പന്നമാണ് മജ്മൂഅ്. ഇബ്‌നു കസീറുദ്ദിമശ്ഖരി പറഞ്ഞു: 

‘മജ്മൂഇന് തുല്യം വേറെ ഒന്നുമില്ല. ശാഫിഈ മദ്ഹബിനെ ഇത്രയധികം സമ്പന്നമാക്കിയ മജ്മൂഇന്റെ സൗന്ദര്യം ഒന്നുവേറെതന്നെയാണ്. ഹദീസുകളുടെ പിന്‍ബലങ്ങളോടെ കര്‍മപ്രശ്‌നങ്ങള്‍ക്ക് കൃത്യമായ വീക്ഷണങ്ങളാണ് മജ്മൂഅ് നല്‍കുന്നത്’ (അല്‍ ബിദായത്തു വന്നിഹായ 279/13). ഇമാം നവവി(റ)യുടെ തഹ്ഖീഖിന്റെ ആമുഖത്തില്‍ പറഞ്ഞു: ‘ഈ രചന പൂര്‍ത്തിയാവുമ്പോള്‍ എന്റെ ആഗ്രഹം ഇതാണ്. ഈ ഗ്രന്ഥം കര്‍മപ്രശ്‌നങ്ങളുടെ തിരിച്ചറിവില്‍ മുന്നിട്ട് നില്‍ക്കുന്നതാവണം. മദ്ഹബിന്റെ അസ്ഥിവാരത്തില്‍ നിന്ന് പുറത്ത് പോവാതെ കര്‍മങ്ങള്‍ ചെയ്യാനും ഈ രചന ഉപകാരപ്പെടണം’ (തഹ്ഖീഖ് 28-32).

ശാഫിഈ കര്‍മസരണിയെ സംശോധന ചെയ്യുന്നതിലും വിശദീകരിക്കുന്നതിലും ഇമാം നവവി(റ) സ്വീകരിച്ച കണിശതയും പരിശ്രമവും വളരെ വിലപ്പെട്ടതാണ്. നടേ സൂചിപ്പിച്ച പോലെ തന്റെ മുന്‍ഗാമികളുടെ രചനകളും അവരുടെ നിലപാടുകളും കാഴ്ചപ്പാടുകളും ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നതില്‍ സ്വീകരിച്ച മാര്‍ഗവുമെല്ലാം ചികഞ്ഞ് പരിശോധിച്ചാണ് നവവി(റ) സാഹസികമായ ഈ ദൗത്യം നിര്‍വഹിച്ചു വിജയിച്ചത്.

മുഖ്തസ്വര്‍(ഇമാം മുസ്‌നി. വഫാത്ത്: ഹിജ്‌റ 264), ലുബാബ്(മഹാമിലി. വഫാത്ത്: ഹിജ്‌റ 415), ഹാവി(മാവറദി. വഫാത്ത്: ഹിജ്‌റ 450), ഇബാന(ഫൂറാനി. വഫാത്ത്: ഹിജ്‌റ 461), തഅ്‌ലീഖാത്ത്(ഖാളി ഹുസൈന്‍. വഫാത്ത്: ഹിജ്‌റ 462), തതിമ്മത്ത്(മുതവല്ലി. വഫാത്ത്: ഹിജ്‌റ 478), ബഹ്‌റുല്‍ മുഹദ്ദബ്(റുഅ്‌യാനി. വഫാത്ത്: ഹിജ്‌റ 502), തഹ്ദീബ്(ബഗ്‌വി. വഫാത്ത്: ഹിജ്‌റ 516) തുടങ്ങിയ ഒട്ടേറെ പ്രസിദ്ധ ശാഫിഈ കര്‍മശാസ്ത്ര രചനകള്‍ പഠനത്തിന് വേണ്ടി ഇമാം നവവി(റ) ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ലക്ഷ്യങ്ങളുടെ ശക്തിയും ദുര്‍ബലതയും പരിശോധിച്ച് പ്രബലമായത് ഉദ്ധരിക്കുകയും അവയുടെ ന്യായങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ശൈലിയാണ് ഇമാം  സ്വീകരിച്ചത്. അതോടൊപ്പം ശാഫിഈ കര്‍മസരണിയില്‍ സാങ്കേതിക പ്രയോഗങ്ങള്‍ വിശദീകരിക്കുകയും ഭിന്നതകളുടെ ഗതികള്‍ നിര്‍ണയിച്ച് നവോത്ഥാന പാതകള്‍ വെട്ടിത്തെളിക്കുകയും ചെയ്ത ഇമാമവര്‍കള്‍ ശാഫിഈ മദ്ഹബില്‍ അഗ്രഗണ്യനാണ്. അവിടുത്തെ അഭിപ്രായത്തിനാണ് മുന്‍ഗണനയും.

ഇമാം നവവി(റ) മിന്‍ഹാജില്‍ കുറിച്ച സാങ്കേതിക പ്രയോഗങ്ങളെ കുറിച്ച് ഖത്വീബുശ്ശര്‍ബീനി എഴുതി. ഏറ്റവും നല്ല പ്രയോഗങ്ങളാണിവ (മുഗ്‌നി). അസ്വഹ്ഹ്, അള്ഹര്‍, സ്വഹീഹ് എന്നിങ്ങനെയുള്ള തിരിച്ചറിവില്‍ ഓരോ പ്രശ്‌നവും ലക്ഷ്യസഹിതം ഉള്‍വിരിയുന്നുണ്ട്. അതോടൊപ്പം ലക്ഷ്യങ്ങളുടെയും ന്യായങ്ങളുടെയും പ്രാമാണികതയും. മിന്‍ഹാജ്, റൗള, തഹ്ഖീഖ് അടക്കമുള്ള രചനകളുടെ ആമുഖത്തില്‍ ഇമാം നവവി(റ)യുടെ സാങ്കേതിക പ്രയോഗങ്ങളും അവയുടെ വിശകലനവും വിവരിച്ചത്.

നവവി(റ)ന് ശേഷം ശാഫിഈ സരണിയെ പരിപോഷിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്ത കര്‍മശാസ്ത്ര വിജ്ഞാനത്തിലെ അതികായര്‍ സ്വീകരിച്ചത് ഇമാം നവവിയുടെ രചനകള്‍ക്കും കണ്ടെത്തലുകള്‍ക്കും പ്രയോഗങ്ങള്‍ക്കും വ്യാഖ്യാനം നല്‍കലായിരുന്നു. ഇമാമിന്റെ ഗവേഷണ-നിരീക്ഷണ തത്ത്വങ്ങളെ വികസിപ്പിക്കുകയും ആ അടിത്തറയില്‍ നിന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിക്കുകയുമായിരുന്നു അവര്‍ ചെയ്തത്. അല്‍ ഇബ്തിഹാജ്(തഖിയുദ്ദീനു സ്സുബ്കി. വഫാത്ത്: ഹിജ്‌റ 772), കന്‍സുര്‍റാഗിബീന്‍ (ജലാലുദ്ദീന്‍ മഹല്ലി. വഫാത്ത്: ഹിജ്‌റ 864), കാഫില്‍ മുഹ്താജ്(ജമാലുദ്ദീന്‍ മസ്‌നവി. വഫാത്ത്: ഹിജ്‌റ 772), തുഹ്ഫ(ഇബ്‌നു ഹജര്‍ ഹൈത്തമി. വഫാത്ത്: ഹിജ്‌റ 973), ബിദായത്തുല്‍ മുഹ്താജ്(ഇബ്‌നു ഖാളി ശുഹ്ബ. വഫാത്ത്: ഹിജ്‌റ 874), മുഗ്‌നില്‍ മുഹ്താജ്(ഖത്വീബുശ്ശര്‍ബീനി. വഫാത്ത്: ഹിജ്‌റ 977), നിഹായത്തുല്‍ മുഹ്താജ്(ഇമാം റംലി. വഫാത്ത്: ഹിജ്‌റ 1004) തുടങ്ങി നിരവധി രചനകള്‍ പ്രസിദ്ധമാണ്. ഇബ്‌നു ഹജര്‍(റ)നോട് ഒരു ചോദ്യമുന്നയിക്കപ്പെട്ടു: ഇമാം നവവിയും റാഫിഈയും അഭിപ്രായ ഭിന്നതയുള്ള വിഷയത്തില്‍ ആരെയാണ് അവലംബിക്കേണ്ടത്. 

ഇമാം നവവി ബലപ്പെടുത്തിയതിനെയാണെന്നായിരുന്നു മറുപടി. അദ്ദേഹം തുടരുന്നു: നവവി(റ) കര്‍മശാസ്ത്രത്തിലെ മഹാശയനാണ്. ഈ വിഷയത്തില്‍ ഇമാമിന്റെ ശേഷം വന്നവര്‍ മുഴുവന്‍ ഏകാഭിപ്രായക്കാരാണ്. അതിനാല്‍ തന്നെ നവവി(റ) പ്രബലപ്പെടുത്തിയ വിഷയത്തില്‍ നിന്ന് മാറാവതല്ല (ഫതാവല്‍ ഫിഖ്ഹിയ്യ 403/2). ആറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇമാമുല്‍ ഹറമൈനി(റ) തുടങ്ങിവെച്ച ജ്ഞാന വിപ്ലവത്തിന്റെ സമ്പന്ന സമാപനമാണ് ഇമാം നവവി(റ) നടത്തിയതെന്ന് ചരിത്ര പരിശോധന ബോധ്യപ്പെടുത്തുന്നുണ്ട്. അതായത് ഇമാമുല്‍ ഹറമൈനി(റ)യുടെ നിഹായത്തുല്‍ മത്വ്‌ലബ് ഫീ ദിറാസത്തില്‍ മദ്ഹബ് എന്ന ശ്രേഷ്ഠ ഗ്രന്ഥം സംഗ്രഹിച്ച് കൊണ്ട് ബസീത്വ്, വസീത്വ്, വജീസ്, ഖുലാസ്വ എന്നീ രചനകളിലൂടെ ശാഫിഈ കര്‍മശാസ്ത്ര സരണിയെ ഇമാം ഗസ്സാലി(റ) സമ്പന്നമാക്കി. 

ഖുറാസാനി പണ്ഡിതനായ ഇമാമുല്‍ ഹറമൈനി(റ)യുടെ രചനയെ അനുകരിച്ച് ഇറാഖി പണ്ഡിതനായ ഇമാം ശീറാസി തന്‍ബീഹ്, മുഹദ്ദബ് എന്നിവ രചിച്ചു. ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇമാം റാഫിഈ(റ) ശാഫിഈ മദ്ഹബിന്റെ ലക്ഷ്യങ്ങളിലും ന്യായങ്ങളിലും കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തി ശാഫിഈ സരണിയെ ഒന്ന്കൂടി പരിപോഷിപ്പിച്ചു. ഹിജ്‌റ ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ശാഫിഈ മദ്ഹബിനെ വ്യക്തമായി മനസ്സിലാക്കാനും ഓരോ കര്‍മപ്രശ്‌നത്തിലും പ്രബലമായത് ഏതെന്ന് തിരിച്ചറിയാനും ഏറെ സുഗമമായി കഴിയുന്ന വിധത്തില്‍ ഇമാം നവവി(റ) പൂര്‍ണ സംശോധനയും സംസ്‌കരണവും നടത്തി ഗ്രന്ഥങ്ങള്‍ രചിച്ചു.

ഹദീസില്‍ നവവി(റ)യുടെ ആഴമുള്ള ജ്ഞാനമാണ് ഈ ഉയരത്തില്‍ ഇമാമവര്‍കള്‍ എത്തിയതിന്റെ കാരണങ്ങളിലൊന്ന്. ഒരു മസ്അലയില്‍ മുന്‍ഗാമികളുടെ അഭിപ്രായവും അവരുടെ ന്യായങ്ങളും അഭിപ്രായഭിന്നതയുമെല്ലാം പരിശോധിച്ച് പ്രസ്തുത വിഷയത്തില്‍ തീരുമാനം കാണാനാവുന്നതില്‍ ഹദീസ് വിജ്ഞാനത്തിനു പങ്കുണ്ട്. പ്രമാണ ബദ്ധമായി മസ്അലകള്‍ രേഖപ്പെടുത്തുന്ന രീതിയും ഇമാമവര്‍കള്‍ക്കുണ്ട്. അതിനാല്‍ തന്നെ ഇമാം നവവി(റ) ഒരു തീരുമാനം പറഞ്ഞാല്‍ അത് അന്തിമമായിരിക്കും. തന്റെ മജ്മൂഅ് അതിന് സാക്ഷ്യമാണ്.

ബന്ധിപ്പിക്കപ്പെട്ട മൃഗത്തിന്റെ മേല്‍ നിസ്‌കരിക്കുന്നതിന്റെ വിധി, ഫാത്തിഹയിലെ ഒരു ആയത്ത് രണ്ട് പ്രാവശ്യം നിസ്‌കാരത്തില്‍ ആവര്‍ത്തിക്കുന്നതിന്റെ വിധി, സുജൂദില്‍ നെറ്റിയും മൂക്കും നിലത്ത് വെക്കുന്നത്, അവസാന തശഹ്ഹുദില്‍ നബി കുടുംബത്തിന്റെ മേല്‍ സ്വലാത്ത് ചൊല്ലുന്നതിന്റെ വിധി, നിസ്‌കാരത്തില്‍ നിന്ന് പുറത്ത് പോവുന്ന ഇമാം ഒരാളെ പകരക്കാരനാക്കുന്നതിന്റെ നിയമം, തല കൊണ്ട് ആംഗ്യം കാണിക്കാന്‍ കഴിയാത്ത രോഗിയുടെ നിസ്‌കാരം, ഫാത്തിഹ അറിയാത്തവനോട് തുടരുന്നതിന്റെ നിയമം, റക്അത്ത് ലഭിക്കുന്നതിന്റെ മാനദണ്ഡം തുടങ്ങിയ കര്‍മപ്രശ്‌നങ്ങളില്‍ ഇമാം നവവി(റ)യുടെ നിലപാടുകള്‍ വേറിട്ട നിരീക്ഷണങ്ങളും ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണവുമാണ്. ജമാഅത്തായി നിര്‍വഹിക്കുന്ന സുന്നത്ത് നിസ്‌കാരങ്ങള്‍ക്ക് അസ്സ്വലാത്തു ജാമിഅ എന്ന് പറയുന്നത്, സ്വുബ്ഹി വാങ്കിലെ അസ്സ്വലാത്തു ഖൈറുന്‍ മിനന്നൗം, ചൂട് കഠിനമാകുമ്പോള്‍ ളുഹ്‌റിനെ പിന്തിപ്പിക്കുന്നത്, ഖിബ്‌ല തിരിച്ചറിയാത്തവന്‍ എന്ത് ചെയ്യണം, സ്വുബ്ഹിയില്‍ ഖുനൂത്തിന്റെ നിയമം, ഖസ്വ്‌റിന്റെ ദൂരപരിധി എന്നീ വിഷയങ്ങളില്‍ പ്രകടമായ വീക്ഷണങ്ങളില്‍ സുന്നത്തിന്റെ പിന്‍ബലത്തോടെ ശാഫിഈ മദ്ഹബിന്റെ പ്രബലാഭിപ്രായം ഇമാം നവവി(റ) സമര്‍പ്പിച്ചിട്ടുണ്ട്.

അങ്ങനെ എല്ലാ അര്‍ത്ഥത്തിലും കര്‍മശാസ്ത്ര സരണികള്‍ക്ക് ഊര്‍ജവും ഉത്തേജനവുമായിരുന്നു മഹാന്‍. അതുകൊണ്ടുതന്നെയാണ് പണ്ഡിതലോകം ഒന്നടങ്കം ഇമാം നവവി(റ)യെ രണ്ടാം ശാഫിഈ എന്ന് അദരിച്ചുവിളിച്ചത്.

പണ്ഡിതന്‍മാരുടെ ആദരവ് 

പല പ്രഗത്ഭ പണ്ഡിതന്മാരും മഹാനവര്‍കളെ ആദരിക്കുകയും അവരോടടുത്തവരെ ബഹുമാനിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രധാനിയായിരുന്നു ഇമാം തഖ്‌യുദ്ധീന്‍ സുബുകി(റ).  താജുദ്ധീന്‍ സുബ്കി(റ) പറയുന്നു: ഒരിക്കല്‍ എന്റെ ഉപ്പ തഖ്‌യുദ്ധീന്‍ സുബ്കി (റ) കോവര്‍ കഴുതയുടെ മേല്‍ യാത്ര ചെയ്യുന്നതിനിടയില്‍ ഒരു വൃദ്ധനെ കണ്ടുമുട്ടി. വൃദ്ധനോട് കുശലാന്വേഷണങ്ങള്‍ ആരായുന്നതിനിടയില്‍ അദ്ദേഹം നവവി ഇമാമിനെ കണ്ടിരുന്നതായി സുബ്കി (റ) വിന് മനസ്സിലായി. തുടര്‍ന്ന് അദ്ദേഹത്തോട് ബഹുമാനവും ആദരവും കാണിക്കുകയും തന്റെ കോവര്‍ കഴുതയുടെ മേല്‍ യാത്ര ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ശിഷ്യന്മാര്‍ 

ശൈഖ് ഇലാഉദ്ധീന്‍ ബിന്‍ അത്വാര്‍ (റ), ശംസു ദ്ധീന്‍ ബിനു നഖീബ് (റ), ശംസുദ്ധീന് ബ്‌നു ജവാന്‍ (റ), ശൈഖ് ശംസുദീന്‍ അല്‍ ഖുമ്മാഹ് (റ), ഹാഫിള് ജമാലുദ്ധീന്‍ അല്‍ മിസ്സി (റ) തുടങ്ങിയവര്‍ മഹാനരുടെ ശിഷ്യ ഗണത്തിലെ പ്രസിദ്ധരാണ്.


മരണം 

നിസ്കാരം,തുടര്‍ച്ചയായ വ്രതം , ഭൗതിക പരിത്യാഗം, അതിസൂക്ഷ്മത എന്നിവമുറുകെ പിടിച്ചു കെണ്ടായിരുന്നു ജീവിതം നയിച്ചത്.മരണനിമിഷം പോലും വിലപ്പെട്ട അല്‍പസമയം പോലും ഉപകാരമില്ലാതെ പാഴാക്കയിട്ടില്ല’.(തുഹ്ഫത്ത്വാലിബീന്‍)

28 വര്‍ഷം ഡമസ്‌കസല്‍ കഴിച്ചു. മരണമടുത്തു എന്നതിന് സൂചന ലഭിച്ചപ്പോള്‍ ഡമസ്‌കസിനോട് വിടപറയാനായി സ്ഥലത്തെ ഉസ്താദുമാരുടെ ഖബ്‌റിടങ്ങളില്‍ ചെന്നു. ഖുര്‍ആന്‍ ഓതി കരഞ്ഞു. ജീവിച്ചിരിക്കുന്ന ഉസ്താദുമാരെ കൂടി സന്ദര്‍ശിച്ച ശേഷം നവായിലേക്കുള്ള മടക്കത്തില്‍ ബൈത്തുല്‍ മുഖദ്ദസ്സിലെത്തി. പിതൃ ഭവനത്തിലെത്തിയതും കിടപ്പിലായി. ഹി: 676-ല്‍ വഫാത്. നവായില്‍ ഖബ്‌റ്. മകന്‍ വഫാതായി 9 വര്‍ഷം കഴിഞ്ഞ് പിതാവ് വഫാതായി. ജീവിതത്തില്‍ നല്ല വസ്ത്രമോ ഭക്ഷണമോ സൗകര്യപ്രദമായ റൂമോ സ്വീകരിക്കാതെ വഫാതായ ഇമാം നവവി(റ)ന് അഭ്യുദയ കാംക്ഷികള്‍ ഖബ്‌റിന് മേല്‍കൂര ഒരുക്കാന്‍ പദ്ധതിയിട്ടപ്പോള്‍ അതും നിരസിച്ചു. സ്വപ്നത്തില്‍ കുടുംബാംഗങ്ങളിലൊരാള്‍ക്ക് പ്രത്യക്ഷപ്പെട്ടു അത് വേണ്ടെന്ന് ഉണര്‍ത്തി

അതുല്ല്യമായ വ്യക്തിത്വമായതിരുന്നാലും വിജ്ഞാവ ലോകത്ത് മുഴുകിയതിനാലും ഇമാം മറന്ന് പോയത് വിവാഹം കയിക്കാനായിരുന്നു. അതിനെ പറ്റി ഇമാമിനോട് ചോതിച്ചപ്പോള്‍ പറഞ്ഞ മറുപടി: ‘ ഒരു സുന്നത്തിലൂടെ ഒരുപാട് ഹറാമുണ്ടാവലിനെ ഞാന്‍ ഭയക്കുന്നു’  എന്നായിരുന്നു. ജീവിതത്തിന്‍റെ സകല മേഖലകളിലും ധന്യമാക്കിയ ഇമാമിന് ഒരു മനുഷ്യന്‍റെ ശരാശരി ആയുസ് പോലും ജീവിക്കാന്‍ കഴിഞ്ഞില്ലാ എന്നതാണ് ഏറെ ദുഃഖകരം 

തന്‍റെ ജീവിത സായാഹ്നമെത്തിയപ്പോള്‍ മുന്‍കൂട്ടി അറഞ്ഞത് പോലെ അസാധാരണമായ പല പ്രവണതകളും ഇമാമില്‍ നിന്ന് കണ്ടതും അനുഭവച്ചതുമായി ശിഷ്യന്‍ ഇബ്നു അത്വാര്‍(റ) രേഖപ്പെടുത്തുന്നുണ്ട്. അത്വാര്‍(റ) കൂട്ടി ബൈത്തുല്‍ മുഖദ്ദസ് സന്ദര്‍ശിക്കുകയും പല പണ്ഡിതന്മാരെയും ചെന്ന് കാണുകയും ചെയ്ത ഇമാം പിഞ്ഞീട് ഡമസ്കസില്‍ തന്നെ തിരിച്ചെത്തി നവയിലെക്ക് യാത്രയായി. ഏറെ താമസിയാതെ ഇമാം രോഗ ബാധിതനായി മാറി.

ഹിജ്റ വര്‍ഷം 676 റജബ് മാസം 24 ബുധനാഴ്ച രാത്രി അന്ത്യയാമത്തില്‍ മഹാത്മാവായ ഇമാം അബുസക്കരിയ്യ യഹ്യാബിന്‍ ശറഫ് , മുഹ്യുദ്ദീന്‍ അന്നവവി (അല്ലാഹുവിന്‍റെ കരുണാ കടാക്ഷവും തൃപ്തിയും ആ അഭിവന്ദ്യ പണ്ഡിതരില്‍ എന്നുമെന്നും വര്‍ശിക്കുമാറാവട്ടെ ) .  ഇഹലോകവാസ വെടിഞ്ഞു (ക്രിസ്താബ്ദം 1277 ജൂലായ്)  

ഇമാമിന്‍റെ മരണ വൃത്താന്തം ശിഷ്യനായ ഇബ്നു അത്വാര്‍ വിവരിക്കുന്നത് ഇപ്രകാരമാണ് ശൈഖവര്‍കള്‍ക്ക് രോഗമായ വിവരം ഞാന്‍ ഡമസ്ക്കസില്‍ അറിഞ്ഞു. രോഗ സന്ദര്‍ശനാര്‍ത്ഥം ഞാന്‍ ഉടനെ നവയില്‍ എത്തി ശൈഖ് അത് മൂലം വളരെ സന്തോഷവാനായിരുന്നു ദീര്‍ഘമായി പല വിഷയങ്ങളെ പറ്റി ഞങ്ങള്‍ സംസാരിച്ചു. പിന്നീട് എന്നോട് പറഞ്ഞു:നിങ്ങള്‍ കുടുംബത്തിലേക്ക്  മടങ്ങി പോവുക. അതനുസരിച്ച് ഞാന്‍ യാത്ര പറഞ്ഞിറങ്ങി.

ഹിജ്റ 676 റജബ് 20നായിരുന്നു ഞാന്‍ ഒടുവില്‍ കണ്ടുപിരിഞ്ഞത്. അന്ന് വളരെ സുഖവാനായിരുന്നു. പിന്നീട് റജബ് 24ന് ബുധനാഴ്ച രാത്രി മഹാനായ ശൈഖ് അവര്‍കള്‍ വഫാത്തായി’.(തുഹ്ഫത്തുത്വാലിബീന്‍) ഒരു കാലഘട്ടത്തിന്‍റെ ഇതിഹാസമായ നവവി(റ)വിന്‍റെ ധന്യവും കര്‍മനിരതവുമായ ജീവിതത്തിന് ഇവിടെ തിരശീല വീണു. 45 വയസ്സ് മാത്രം ജീവിച്ച് നൂറ്റാണ്ടുകള്‍ കൊണ്ട് ചെയ്യാവുന്ന സേവനങ്ങള്‍ ചെയ്തുതീര്‍ത്ത ഒരാള്‍ വിജ്ഞാന ചരിത്രത്തില്‍ ഒരാള്‍ മാത്രമേയുള്ളൂ. അത് ഇമാം ശറഫിന്നവവിര(റ)ആണ്.

No comments:

Post a Comment