Saturday 10 July 2021

ഇബ്‌നു ബത്തൂത്ത

 


ലോകസഞ്ചാരി. സാമൂഹ്യശാസ്ത്രം, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളിൽ ഏറെ പ്രഗത്ഭനാണ് ഇബ്നു ബത്തൂത്ത. 1304സഫെബ്രുവരി 25 ന് മൊറോക്കോയിലെ താൻജീർ പട്ടണത്തിൽ ജനിച്ചു. ശംസുദ്ദീൻ അബൂ അബ്ദില്ല മുഹമ്മദ് ബിൻ അബ്ദില്ല എന്ന് പൂർണ നാമം. ഇസ്‌ലാമിക നിയമ പണ്ഡിതനായ ഇബ്‌നു ബത്തൂത്ത ഒരു ന്യായാധിപനാണെങ്കിലും പ്രസിദ്ധനായ ഒരു സഞ്ചാരിയായിട്ടാണ് അറിയപ്പെടുന്നത്

ചെറുപ്പകാലംമുതല്‍തന്നെ സഞ്ചാരത്തില്‍ അതീവ തല്‍പരനായിരുന്നു. നാടുകള്‍ ചുറ്റിക്കാണുന്നതിലും അവിടങ്ങളിലെ വിസ്മയങ്ങള്‍ ദര്‍ശിക്കുന്നതിലും ഭാഷകളും സംസ്‌കാരങ്ങളും പഠന വിധേയമാക്കുന്നതിലും അദ്ദേഹം ആനന്ദം കണ്ടെത്തി. ഇരുപത്തൊന്നു വയസ്സായതോടെ ലോകസഞ്ചാരത്തെക്കുറിച്ച് ചിന്തിച്ചു. ആദ്യമായി മക്കയും മദീനയും സന്ദര്‍ശിക്കുകയും ഹജ്ജ് കര്‍മം നിര്‍വഹിക്കുകയും ചെയ്തു. 1325 ജൂണ്‍ പതിമൂന്നിന് സ്വദേശമായ താന്‍ജീരില്‍നിന്ന് വാഹനം കയറുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ലോകസഞ്ചാരത്തെക്കുറിച്ച് വലിയ ചിന്തകളൊന്നുമുണ്ടായിരുന്നില്ല. മക്കയിലെത്തി കര്‍മങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ ചിരകാലാഭിലാശമായിരുന്ന ലോകസഞ്ചാരം ഉള്ളില്‍ ശക്തമാവുകയായിരുന്നു. അതോടെ യാത്രയാരംഭിക്കുകയും ചെയ്തു. 25 വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു ഈ യാത്ര. 

ഒന്നാം ഘട്ടത്തില്‍ വടക്കെ ആഫ്രിക്ക, ഈജിപ്ത്, സിറിയ, ദമസ്‌കസ്, ഇറാഖ്, ഖൂസിസ്താന്‍, പേര്‍ഷ്യ, ജിബാല്‍, തബ്‌രീസ്, ബാഗ്ദാദ്, മൗസ്വില്‍ തുടങ്ങിയ പ്രദേശങ്ങള്‍ ചുറ്റിക്കറങ്ങി മക്കയില്‍തന്നെ തിരിച്ചെത്തി. ആരാധനകളും മറ്റുമായി മൂന്നു വര്‍ഷം അവിടെ ചെലവഴിച്ചു. ഹജ്ജും നിര്‍വഹിച്ചു.

ജിദ്ദയില്‍ നിന്നും തുടങ്ങി ചങ്കടലിലൂടെ യമന്‍ തീരങ്ങളിലേക്കായിരുന്നു രണ്ടാം ഘട്ട യാത്ര. ഏദന്‍, സബീദ് തുടങ്ങിയ ചരിത്ര പ്രാധാന്യമേറിയ പ്രദേശങ്ങള്‍ ഈ ഘട്ടത്തില്‍ സന്ദര്‍ശിച്ചു.

ഓരോ സ്ഥലം സന്ദര്‍ശിക്കുമ്പോഴും അതിന്റെതായ ആളുകളെ കണ്ട് കാര്യങ്ങള്‍ ചൂഴ്ന്നു മനസ്സിലാക്കി. ഭാഷ, ശൈലി, ജനസംഖ്യ, ജീവിത രീതി, മതങ്ങള്‍, സംസ്‌കാരങ്ങള്‍, വരുമാനമാര്‍ഗം, തുടങ്ങി സര്‍വതും രേഖപ്പെടുത്തി. ഇവയെല്ലാം സമാഹരിച്ച് ഒരു ഗ്രന്ഥം രചിക്കുകയെന്നതിലപ്പുറം ഇത്തരം അമൂല്യമായ വിവരങ്ങള്‍ മാലോകര്‍ക്ക് കൈമാറുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവായിരുന്നു അടുത്ത ലക്ഷ്യം. ഉടനെ യാത്ര തിരിച്ച അദ്ദേഹം പല പൂര്‍വ്വാഫ്രിക്കന്‍ വ്യാപാര കന്ദ്രങ്ങളുമായും ബന്ധം പുതുക്കി. ഒമാനിലൂടെ പേര്‍ഷ്യന്‍ ഉള്‍ക്കടലും കടന്ന് വീണ്ടും മക്കയിലേക്കു മടങ്ങി ഹജ്ജ് നിര്‍വഹിച്ചു.

പിന്നീട്, ഈജിപ്ത്, സിറിയ, ഏഷ്യാ മൈനര്‍, ഗോള്‍ഡന്‍ ഹോര്‍ഡ് പ്രദേശങ്ങള്‍, കോണ്‍സ്റ്റാന്റ്‌നോപ്പിള്‍, തുര്‍ക്കി, ഉസ്ബക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇവിടെനിന്നാണ് 1333 സെപ്തംബര്‍ പന്ത്രണ്ടിന് അദ്ദേഹം ഇന്ത്യയിലെത്തിയത്. അന്ന് ഇന്ത്യ ഭരിച്ചിരുന്ന മുഹമ്മദ് ബ്‌നു തുഗ്ലക്ക് അദ്ദേഹത്തെ ഹാര്‍ദ്ദവമായി സ്വീകരിച്ചു. വര്‍ഷങ്ങളോളം ഇവിടെ തങ്ങിയ അദ്ദേഹം പിന്നീട് ചൈനയിലേക്കു പോയി. അതിനിടെ മലബാറിന്റെ ചില ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. പല കാര്യങ്ങളും പഠന വിധേയമാക്കി. യാത്രക്കിടയില്‍ കപ്പല്‍ തകര്‍ന്നതു കാരണം അദ്ദേഹത്തിന് പല കൂട്ടാളികളെയും നഷ്ടമായി.

ഇബ്നു ബത്തൂത്തയില്ലാതെ മലബാറിനോ കോഴിക്കോടിനോ ചരിത്രമില്ല. എഴുതപ്പെട്ട ചരിത്രത്തിലും എഴുതപ്പെടാത്ത ചരിത്രത്തിലും ആ ചരിത്രപുരുഷനുണ്ട്. പതിന്നാലാം നൂറ്റാണ്ടില്‍ മൊറോക്കോയില്‍ നിന്നെത്തിയ ആ സമുദ്രസഞ്ചാരി ഏഴുപ്രാവശ്യം കോഴിക്കോട് സന്ദര്‍ശിച്ചിട്ടുണ്ട്. ഈ തീരത്ത് ഇബ്നുബത്തൂത്തയ്ക്ക് കടല്‍ക്ഷോഭത്തില്‍ ഭാര്യയെയും മക്കളെയും നഷ്ടപ്പെട്ടു. 

കരയിലായിരുന്നതു കൊണ്ട് രക്ഷപ്പെട്ട ഇബ്‌നു ബത്തൂത്ത കോഴിക്കോട് സന്ദര്‍ശിച്ചു. അവിടെനിന്നും മാലിദ്വീപിലേക്കു പോയി. തുടര്‍ന്ന് പലയിടങ്ങളിലും കറങ്ങി ഒടുവില്‍ ചൈനയിലെത്തി. അവിടെനിന്ന് വീണ്ടും മക്കയിലേക്കു തിരിച്ചു. പിന്നീട്, നാട്ടിലേക്കു പുറപ്പെട്ട അദ്ദേഹം സ്‌പെയിന്‍, കൊറഡോബ തുടങ്ങിയവ സന്ദര്‍ശിച്ചു. മറ്റു ചില ഭാഗങ്ങളില്‍ക്കൂടി ചുറ്റിക്കറങ്ങിയ അദ്ദേഹം ശേഷം മൊറോക്കോ ഭരണാധികാരിയായിരുന്ന അബൂ ഇനാന്റെ ആസ്ഥാന നഗരിയായ ഫാസില്‍ സ്ഥിര താമസമാക്കി. 28 വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു ഇബ്‌നു ബത്തൂത്തയുടെ ലോക സഞ്ചാരം. 124000 കിലോമീറ്ററുകള്‍ സഞ്ചരിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.

താന്‍ യാത്രയില്‍ ശേഖരിച്ച വിവരങ്ങള്‍ സമാഹരിച്ചുകൊണ്ട് ഇബ്‌നു ബത്തൂത്ത വിശ്വവിഖ്യാതമായൊരു യാത്രാവിവരണ ഗ്രന്ഥം രചിച്ചിട്ടുണ്ട്. രിഹ്‌ലതു ഇബ്‌നു ബത്തൂത്ത എന്ന പേരിലത് അറിയപ്പെടുന്നു. താന്‍ സന്ദര്‍ശിച്ച ഓരോ പ്രദേശങ്ങളെയും സവിസ്തരം പ്രതിപാദിക്കുന്ന ഈ കൃതി ഭൂമിശാസ്ത്രത്തില്‍ അതിപ്രധാനമായൊരു സംഭാവനയാണ്. ജനങ്ങള്‍, സംസാരം, ഭാഷ, ജീവിത രീതി, തൊഴില്‍, മതം, ആരാധനകള്‍ തുടങ്ങി ഓരോ നാടിന്റെയും സര്‍വ്വ സ്പന്ദനങ്ങളും അദ്ദേഹം ഇതില്‍ വരച്ചുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പഠനങ്ങളുടെ വസ്തുനിഷ്ഠതയറിയാന്‍ കേളത്തെക്കുറിച്ച് അദ്ദേഹം എഴുതിയ ഭാഗം മാത്രമെടുത്തു പരിശോധിച്ചാല്‍ മതി. കേരളത്തില്‍ ഏഴിമല, ശ്രീകണ്ഠാപുരം, ധര്‍മടം, വളപ്പട്ടണം, പന്തലായനി, കോഴിക്കോട്, ചാലിയം, കൊല്ലം തുടങ്ങിയ സ്ഥലം സന്ദര്‍ശിച്ച അദ്ദേഹം വളരെ ആഴത്തില്‍തന്നെ അവയെ പ്രദിപാതിക്കുന്നുണ്ട്.


യോദ്ധാവും നയതന്ത്രവിദഗ്ധനും ഇസ്ലാമിക പണ്ഡിതനുമായ ബത്തൂത്തയെക്കുറിച്ച് അമേരിക്കയിലെ സാന്റിയാഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എമിറൈറ്റിസ് പ്രൊഫസര്‍ റോസ് ഡണ്‍ സംസാരിക്കുന്നു.  

അതിര്‍വരമ്പുകള്‍ ഇല്ലാത്ത സഞ്ചാരി 

രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ ഇബ്നുബത്തൂത്തയ്ക്ക് ഇല്ലായിരുന്നെന്നുവേണം പറയാന്‍. ആഫ്രോ യൂറേഷ്യന്‍ ചരിത്രത്തില്‍ ഇതുപോലൊരു സഞ്ചാരി വേറെയില്ല. 73000 മൈലുകള്‍ ഒരു ജീവിതംകൊണ്ട് സഞ്ചരിച്ചയാള്‍. ചൈന മുതല്‍ കോഴിക്കോടു വരെ. മൊറോക്കോ മുതല്‍ ഡല്‍ഹി വരെ. 14-ാം നൂറ്റാണ്ടിലെ അദ്ഭുതസഞ്ചാരിയെ വിശേഷിപ്പിക്കാന്‍ എനിക്കു വാക്കുകളില്ല. മുഹമ്മദ് ബിന്‍ തുഗ്ലക്കുമുതല്‍ സാമൂതിരിവരെയുള്ള ഭരണാധികാരികള്‍ അതത് നാട്ടില്‍ വളര്‍ത്തിയ സംസ്‌കാരങ്ങളോട് ഇഴുകിച്ചേര്‍ന്ന സഞ്ചാരിയാണ്. സൂഫിസം മുതല്‍ സഞ്ചാരിയുടെ ഭ്രമകല്പനകള്‍ വരെ അദ്ദേഹത്തിന്റെ എഴുത്തുകളില്‍ കടന്നുവരുന്നു. ചരിത്രപൈതൃകങ്ങളെയും ജനസംസ്‌കൃതികളെയും ഉള്‍ക്കൊണ്ടായിരുന്നു 21 വര്‍ഷം നീണ്ട ബത്തൂത്തയുടെ യാത്രകള്‍. ഡല്‍ഹിയിലെ സുല്‍ത്താന്‍പോലും അദ്ദേഹത്തിന്റെ സഞ്ചാരപ്രേമത്തെ ആദരിച്ച് തന്റെ രാജ്യാന്തര പ്രതിനിധിയെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

കോഴിക്കോടിന്റെ ആരാധകന്‍ 

ദില്ലിയില്‍ നിന്ന് കപ്പല്‍മാര്‍ഗം ചൈനയിലേക്കു പോകാനാണ് ബത്തൂത്ത കോഴിക്കോട്ട് എത്തുന്നത്. മംഗലാപുരത്തുനിന്നും കോഴിക്കോട്ടു നിന്നും മാത്രമായിരുന്നു അന്ന് ചൈനയിലേക്ക് കപ്പല്‍മാര്‍ഗം പോകാന്‍ കഴിയുമായിരുന്നത്. കോഴിക്കോട് തുറമുഖത്തിന്റെ പുഷ്‌കല കാലം. ലോകത്തിലെ ഏറ്റവും സുരക്ഷിത തുറമുഖനഗരം എന്നും മഹിമയില്‍ ഈജിപ്തിലെ അലക്‌സാന്‍ഡ്രിയ തുറമുഖത്തിനു സമാനമെന്നും കോഴിക്കോടിനെ ബത്തൂത്ത വിശേഷിപ്പിക്കുന്നു. കോഴിക്കോട് കുറ്റിച്ചിറയിലെ മിശ്കാല്‍ പള്ളിയെക്കുറിച്ചും അതിന്റെ നിര്‍മാതാക്കളെക്കുറിച്ചുമൊക്കെ ബത്തൂത്ത എഴുതിയിട്ടുണ്ട്.

കേരളം അന്നും ഇന്നും 

അന്നത്തെ കേരളത്തിന്റെ ശേഷിപ്പുകള്‍ മാത്രമാണ് ഇപ്പോഴുള്ളതെന്നുവേണം പറയാന്‍. മംഗലാപുരം മുതല്‍ കൊല്ലം വരെ നീളുന്ന ഉള്‍നാടന്‍ ജലപാതയെക്കുറിച്ച് ബത്തൂത്ത വിശേഷിപ്പിക്കുന്നുണ്ട്. അന്ന് സജീവമായിരുന്ന ജലഗതാഗതം ഇന്ന് പേരിനുമാത്രമായി. തന്റെ സഞ്ചാരകാലത്ത് കേരളത്തില്‍ കൃഷിയില്ലാത്ത ഒരിടം പോലുമില്ലെന്ന് ബത്തൂത്ത എഴുതിയിട്ടുണ്ട്.

ലോകവ്യാപാരത്തിന്റെ ഭാവി 

ലോകവ്യാപാരത്തിന്റെ ഭാവി ശോഭനമാണ് എന്നല്ല പറയേണ്ടത്. ലോകവ്യാപാരത്തിലൂടെയല്ലാതെ ഒരു രാജ്യത്തിനും ഇനി ശോഭനമായ ഭാവിയില്ല എന്നാണ് റയേണ്ടത്. ഇന്ത്യ ഈ രംഗത്ത് കുറെക്കൂടി മുന്നേറേണ്ടിയിരിക്കുന്നു. ലോകംതന്നെ നന്നേ ചുരുങ്ങിയ ഇക്കാലത്ത് ഒരൊറ്റക്കമ്പോളമെന്ന നിലയില്‍ ലോകത്തെ കാണാം.എല്ലാ സംസ്‌കാരങ്ങളും വൈവിധ്യങ്ങളും ഇഴചേരുന്ന ഒരു വലിയ കമ്പോളം.


ഒന്നുകൂടി ഹ്രസ്വമായി ഇങ്ങനെ വായിച്ചെടുക്കാം 

ഇബ്‌നു ബത്തൂത്തയുടെ യാത്രകള്‍:

1325-ലാണ് ഇബ്‌നു ബത്തൂത്ത തന്റെ യാത്രക്ക് തുടക്കം കുറിക്കുന്നു.

പ്രഥമ ഘട്ടം:കോണ്‍സ്റ്റാന്‍ഡിനോപ്പിള്‍, തുനീഷ്യ, അലക്‌സാന്‍ഡ്രിയ, ട്രിപ്പോളി, ഈജിപ്ത്, ഫലസ്തീന്‍, സിറിയ, ഡമസ്‌കസ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം ഹജ്ജ് കര്‍മം നിര്‍വ്വഹിക്കുന്നതിനായി മക്കയിലേക്ക് തിരിച്ചു. പിന്നീട് തന്റെ യാത്ര സംഘത്തോട് വിടപറഞ്ഞ് ടൈഗ്രീസ് നദി കടന്ന് ബസറയിലേക്ക് പോയി.

രണ്ടാം ഘട്ടം:മെസപ്പെട്ടോമിയയിലെ നജഫ്, ബസറ, മൊസൂള്‍, ബഗ്ദാദ്, ആഫ്രിക്കയിലെ മോഗഡിഷു, മൊംബാസ്സ, സന്‍സിബാര്‍, കില്‍വ തുടങ്ങിയ സന്ദര്‍ശിച്ചതിന് ശേഷം വീണ്ടും ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിനായി മക്കയിലേക്ക് തിരിച്ചു. വിവിധ ഭാഷകള്‍ പഠിക്കുന്നതിനും വിശ്രമത്തിനുമായി രണ്ട് വര്‍ഷത്തോളം മക്കയില്‍ ചിലവഴിച്ചു.

മൂന്നാം ഘട്ടം:1332-ല്‍ ആരംഭിച്ച ഈ യാത്ര യമന്‍, ഒമാന്‍, ബഹ്‌റൈന്‍, സിറിയ, ഏഷ്യാമൈനര്‍, ഇന്ത്യ, മാലദ്വീപ്, സിലോണ്‍, കിഴക്കന്‍ ഏഷ്യ ചൈന എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം വീണ്ടും ഇന്ത്യ, പേര്‍ഷ്യ, മെസപ്പെട്ടോമ്യ, സിറിയ, ഈജിപ്ത് വഴി ടാന്‍ജിയയില്‍ മടങ്ങിയെത്തി. വീണ്ടും ആഫ്രിക്കന്‍ യാത്ര തിരിച്ച ഇബ്‌നു ബത്തൂത്തയെ മൊറോക്കോ സുല്‍ത്താന്‍ ഉയര്‍ന്ന ബഹുമതികള്‍ നല്‍കി തന്റെ അതിഥിയായി അവിടെ താമസിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രേരണയാലാണ് ഇബ്‌നു ബത്തൂത്ത രിഹ്‌ല എന്ന ഗ്രന്ഥം രചിച്ച് തുടങ്ങിയത്.

ഇബ്‌നു ബത്തൂത്ത ഇന്ത്യയില്‍:ഡല്‍ഹി സുല്‍ത്താനായ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ കാലത്താണ് അഫ്ഗാനിസ്ഥാനിലെ ബലൂചിസ്ഥാന്‍ വഴി ഇന്ത്യയിലെത്തിയത്. മുസ്‌ലിം ലോകത്തെ പുതിയ രാജ്യമായിരുന്ന ഡല്‍ഹിയില്‍ തന്റെ ഭരണം ദൃഢമാക്കുന്നതിന് തുഗ്ലക്ക് പല ഇസ്‌ലാമിക പണ്ഡിതരേയും ഡല്‍ഹിയിലേക്ക് വരുത്തിയിരുന്ന കാലമായിരുന്നു അത്. ഇബ്‌നു ബത്തൂത്തയുടെ പാണ്ഡിത്യത്തെയും ലോകപരിചയത്തെയും മാനിച്ച് അദ്ദേഹത്തിന് തുഗ്ലക്ക് ന്യായാധിപസ്ഥാനം നല്‍കി.

ഇബ്‌നു ബത്തൂത്ത കേരളത്തില്‍:1342-ല്‍ ചൈനയിലേക്കുള്ള സ്ഥാനപതിയായി നിയമിതനായ ഇബ്‌നു ബത്തൂത്ത അവിടേക്കുള്ള യാത്ര മദ്ധ്യേ ഗ്വാളിയോര്‍, ചന്ദ്രഗിരി, ഉജ്ജയിന്‍, സഹാര്‍, സന്താപ്പൂര്‍, ഹോണാവര്‍, ബാര്‍ക്കൂര്‍, മംഗലാപുരം വഴി കേരളത്തിലെത്തി. അന്ന് കോഴിക്കോട്, കൊല്ലം തുറമുഖങ്ങളില്‍ നിന്ന് മാത്രമേ ചൈനയിലേക്ക് കപ്പലുകള്‍ പുറപ്പെട്ടിരുന്നുള്ളൂ. 1342 ഡിസംബര്‍ 29-ന് ഇബ്‌നു ബത്തൂത്ത ഏഴിമലയിലും, 1343 ജനുവരി 1-ന് പന്തലായനിയും, 1343 ഡിസംബര്‍ 31-ന് ധര്‍മ്മടവും, 1344 ജനുവരി 2-ന് കോഴിക്കോടും, 1344 ഏപ്രില്‍ 7-ന് കൊല്ലത്തും സന്ദര്‍ശിച്ചു.


ഇബ്‌നു ബത്തൂത്ത കണ്ട കേരളം;

മുലൈബാര്‍ എന്നാണ് കേരളത്തെ അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നത്. നിറയെ വൃക്ഷങ്ങളെ കൃഷിയും ഉള്ള ഒരു പ്രദേശമെന്നാണ് ഇബ്‌നു ബത്തൂത്ത കേരളത്തെപ്പറ്റി ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത്. സഞ്ചാരികളെ ആതിഥ്യമര്യാദയോടെ ഇവിടത്തെ ജനങ്ങള്‍ സ്വീകരിച്ചിരുന്നുവത്രേ. കോഴിക്കോട് എത്തിയ ഇബ്‌നു ബത്തൂത്ത അത് ഒരു മികച്ച തുറമുഖ പട്ടണമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ എല്ലാ കോണിലെയുമുള്ള വ്യാപാരികളെയും സഞ്ചാരികളെയും അദ്ദേഹമിവിടെ കണ്ടു. കോഴിക്കോട് നിന്ന് ജലമാര്‍ഗ്ഗം ഇബ്‌നു ബത്തൂത്ത കൊല്ലത്തേക്ക് പുറപ്പെട്ടു. ജനവാസവും കൃഷിയും ഇല്ലാത്ത ഒരു സ്ഥലവും അദ്ദേഹം കണ്ടില്ലത്രേ. വേലി കെട്ടിത്തിരിച്ച കൃഷിയിടത്തിനു നനടുവിലായിരുന്നുവത്രെ ഉടമയുടെ വീട്. 

എല്ലാ വീടുകള്‍ക്കും പടിപ്പുര ഉണ്ടായിരുന്നു. ജനങ്ങളാരും മൃഗങ്ങളെ വാഹനമായുപയോഗിച്ചിരുന്നില്ല. കുതിര സവാരി രാജാവിനു മാത്രമായിരുന്നു. കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും കടുത്ത ശിക്ഷ നല്‍കിയിരുന്നതിനാല്‍ മലബാറിലൂടെയുള്ള യാത്ര അത്യന്തം സുരക്ഷിതമായിരുന്നത്രെ. കഴുവേറ്റുക, തിളച്ച എണ്ണയില്‍ കൈമുക്കുക മുതലായ ശിക്ഷാവിധികള്‍ പ്രചാരത്തിലുണ്ടായിരുന്നു. അടിമ വ്യാപാരവും തൊട്ടുകൂടായ്മയും അതിന്റെ എല്ലാ തീവ്രതയോടും കൂടി ആചരിച്ചിരുന്നു. മലബാറിലെ ഏറ്റവും ഭംഗിയുള്ള പട്ടണമായിരുന്നുവത്രെ കൊല്ലം. 

വലിയ അങ്ങാടികളും ധനാഢ്യരായ കച്ചവടക്കാരും കൊല്ലത്തിന്റെ പ്രത്യേകതയായിരുന്നു. ചൈനയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഇബ്‌നു ബത്തൂത്ത സന്താപ്പൂര്‍ സന്ദര്‍ശിച്ച് വീണ്ടും 1344 ജനുവരി 2ന് കോഴിക്കോട് എത്തി. മൂന്ന് മാസത്തോളം ചാലിയത്ത് താമസിച്ചു.1344-ല്‍ കോഴിക്കോട് നിന്ന് മാലിദ്വീപിലേക്കു പോയ ഇബ്‌നു ബത്തൂത്ത അവിടെ നിന്നും 1346 ജനുവരി 20-ന് തിരിച്ചു കൊല്ലത്തെത്തി മൂന്ന് മാസത്തോളം അവിടെ താമസിച്ചു. 1346 മെയ് 2-ന് കോഴിക്കോട് നിന്ന് ചൈനയിലേക്കു പോയ ബത്തൂത്ത വീണ്ടും 1347 ജനുവരിയില്‍ കോഴിക്കോട് എത്തി. 1353 ഡിസംബര്‍ 29-ന് മൊറോക്കയിലേക്ക് അദ്ദേഹം യാത്ര തിരിച്ചു.


"ഇവിഇടെ സുലഭമായി കാണുന്ന ഒരു തരം മരം ഉണ്ട് അതിന്‍റെ കായ് ആണ് നാളികേരം.  നമ്മുടെ ഈത്തപ്പന പോലെയാണ് ആ മരവും. നാളികേരത്തിന് മനുഷ്യന്‍റെ തല പോലെ രണ്ടു കണ്ണും വായുയുമുണ്ട് പുറത്ത് തലമുടി പോലെ നാറും ഉള്ളില്‍ തലചോറും കാണാം "

ലോക പ്രശസ്തന്‍ ആയ ഒരു സഞ്ചാരിയുടെ യാത്ര വിവരണത്തിലെ ചെറിയ ഒരു ഭാഗം ആണ് മുകളില്‍ പറഞ്ഞത്. നാളികേരത്തിന്റ്റെ നാട് ആയ കേരളം പല വട്ടം സന്ദര്‍ശിച്ച് ഇവിടുത്തെ ജനങ്ങളെ പറ്റിയും ജീവിത രീതിയെ കുറിച്ച് വിശദം ആയി പഠിച്ച സഞ്ചാരി ആണ് ഇബ്നു ബത്തൂത്ത.


രിഹ്‌ലതു ഇബ്‌നു ബത്തൂത്ത

അറേബ്യയിലെ പുണ്യസ്ഥലങ്ങളുടെ സന്ദര്‍ശനമായിരുന്നു യാത്രയുടെ പ്രഥമ പ്രചോദനമെങ്കിലും ഭരണാധികാരികളെ സന്ദര്‍ശിച്ച് അവരുടെ പാരിതോഷികങ്ങള്‍ സ്വീകരിച്ച് സാമ്പത്തിക ഭദ്രത നേടലും അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളില്‍പ്പെടുന്നതായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഭക്തനും പണ്ഡിതനും സൂഫിയുമായിരുന്നു. ബത്തൂത്തയുടെ ഭൂഖണ്ഡാന്തര യാത്ര രിഹ്‌ലതു ഇബ്‌നു ബത്തൂത്ത എന്ന പേരില്‍ വിഖ്യാതമാണ്. ആ ഗ്രന്ഥത്തിന്റെ പൂര്‍ണ നാമം തുഹ്ഫതുന്നുദ്വാര്‍ ഫീ ഗറാഇബില്‍ അംസ്വാര്‍ വ അജാഇബില്‍ അസ്ഫാര്‍ (രാജ്യങ്ങളിലെ വിചിത്രതകളെയും സഞ്ചാരങ്ങളിലെ അത്ഭുതങ്ങളെയും സംബന്ധിച്ച് പ്രേക്ഷകര്‍ക്കൊരു ഉപഹാരം) എന്നത്രെ. ഇബ്‌നു ബത്തൂത്തയുടെ യാത്രാനുഭവങ്ങള്‍ ഇതില്‍ സമാഹരിച്ചിരിക്കുന്നു. ഇതിന്റെ കര്‍ത്താവ് മുഹമ്മദ്ബിനു മുഹമ്മദിബ്‌നി ജുസ്സയില്‍ കല്‍ബിയാണ്. ഇബ്‌നു ബത്തൂത്ത അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ നോക്കിപ്പറഞ്ഞത് ഇബ്‌നു ജുസയ്യ് രേഖപ്പെടുത്തുകയാണുണ്ടായത്. കുറിപ്പുകള്‍ നഷ്ടപ്പെട്ട സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം ഓര്‍മയെ ആശ്രയിക്കുകയായിരുന്നു. 756 ദുല്‍ഹിജ്ജ 3(1357 ഡിസംബര്‍ 9)നാണ് ഇബ്‌നു ജുസയ്യ് ഇതിന്റെ ക്രോഡീകരണം പൂര്‍ത്തിയാക്കിയത്.

ഇബ്ന്‍ ബത്തൂത്ത സൂക്ഷ്മഗ്രാഹിയായ സഞ്ചാരിയായിരുന്നു. സഞ്ചരിച്ച രാജ്യങ്ങളെയും അവിടത്തെ വിഭവങ്ങളെയും ജനങ്ങളെയും അവരുടെ സംസ്‌കാരങ്ങളെയും ഭരണ സമ്പ്രദായങ്ങളെയും വിവരിക്കുന്നതില്‍ കുറേയെല്ലാം വസ്തുനിഷ്ഠത അദ്ദേഹം പുലര്‍ത്തിയിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് അദ്ദേഹം എഴുതിയത് ഈ സമീപനത്തിന് തെളിവാണ്. അത്ഭുതങ്ങളില്‍ സീമാതീതമായ വിശ്വാസമുള്ള സൂഫി മാര്‍ഗാവലംബിയായ ബത്തൂത്ത സംഭവങ്ങളുദ്ധരിക്കുമ്പോള്‍ അതു പലപ്പോഴും അതിശയോക്തി കലര്‍ന്നതും കര്‍തൃനിഷ്ഠവുമാകാറുണ്ടെന്ന ഒരാക്ഷേപമുണ്ട്. അദ്ദേഹത്തിന്റെ കൃതികള്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, തുര്‍കിഷ്, പേര്‍ഷ്യന്‍, ഉര്‍ദു തുടങ്ങിയ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിണ്ട്. അതിന്റെ ഒരു സംക്ഷേപം പ്രൊഫ. മങ്കട അബ്ദുല്‍ അസീസ് ഇബ്‌നുബത്തൂത്തയുടെ സഞ്ചാര കഥകള്‍ എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഇബ്‌നു ബത്തൂത്ത 1378ല്‍ (ഹി:780) 74ാമത്തെ വയസ്സില്‍ മൊറോക്കോയില്‍ മരിച്ചു.


കടപ്പാട്: ഇസ്ലാം ഓൺലൈവ്, ഇസ്ലാം ഓൺവെബ് , ഇസ്ലാം കവാടം.കോം, കേരളം അറുനൂറ് കൊല്ലം മുമ്പ്-വേലായുധന്‍ പണിക്കശ്ശേരി

No comments:

Post a Comment