Saturday 31 July 2021

കന്നിമൂല യാഥാര്‍ത്ഥ്യമെന്ത്

 

വീട്, മറ്റു നിര്‍മ്മിതകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണാനുബന്ധമായി തച്ചുശാസ്ത്രം അനുശാസിക്കുന്ന നിരവധി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിയമങ്ങളുമുണ്ട്. ഈ നിയമ നിര്‍ദ്ദേശങ്ങളില്‍ ചിലത് ഇസ്‍ലാമിക വിരുദ്ധവും മറ്റു ചിലത് മതപരമായി എതിര്‍ക്കപ്പെടേണ്ടതുമാണ്. ഈ നിയമനിര്‍ദ്ദേശങ്ങളില്‍ ഇസ്‍ലാമിക വിരുദ്ധമായവയും അല്ലാത്തവയുമുണ്ട്. വാസ്തു ശാസ്ത്രത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം ഇസ്‍ലാമിക വിരുദ്ധമെന്ന് പറയുക സാധ്യമല്ലെങ്കിലും വാസ്തു പൂജ, വാസ്തു ബലി പോലോത്തവ തെറ്റും മതവിരുദ്ധവും ഏകദൈവ വിശ്വാസത്തിന് കളങ്കമേല്‍പ്പിക്കുന്നതുമാണ് (ശിര്‍ക്ക്) എന്നതില്‍ ഒട്ടും സംശയമില്ല തന്നെ. ഇതുപോലെ തന്നെ നിശിദ്ധവും (ഹറാമ്) അനുകരിക്കാന്‍ പാടില്ലാത്തതുമായ നിര്‍ദ്ദേശങ്ങള്‍ വേറെയുമുണ്ട്. അഥവാ, ഇസ്‍ലാമിക കര്‍മ്മ വിശ്വാസ ശാസ്ത്രങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും നീതീകരിക്കാനാവില്ല എന്ന് ചുരുക്കം.

ഇനി പ്രയോഗതലത്തിലേക്ക് വരുമ്പോള്‍ മുസ്‍ലിംകള്‍ വാസ്തു ബലി, വാസ്തു പൂജ തുടങ്ങിയ മതവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാറോ ചെയ്യിക്കാറോ ഇല്ലെന്നതാണ് വസ്തുത. എന്നാല്‍ മതവിരുദ്ധമല്ലാത്ത കാര്യങ്ങള്‍ കേവലം തച്ചുശാസ്ത്രത്തിന്‍റെ ഭാഗമാണ് എന്നതു കൊണ്ട് എതിര്‍ക്കപ്പെടേണ്ടതില്ല എന്ന കാര്യം ഏറെ പ്രസക്തമാണ്.

വാസ്തു ശാസ്ത്രമെന്നാല്‍ പലരും ധരിച്ചുവെച്ചിരിക്കുന്ന പോലെ കന്നിമൂലയും അനുബന്ധ പ്രശ്നങ്ങളും മാത്രമല്ല. ചിലയിടങ്ങളില്‍ വീടു വെക്കരുതെന്നും വീടെടുത്താല്‍ ദോശകരമായി ബാധിക്കുമെന്നും വാസ്തുശാസ്ത്രം നമ്മെ ബോധിപ്പിക്കുന്നുണ്ട്. ഉദാഹരണമായി അമ്പലങ്ങളുടെ സമീപങ്ങളില്‍ വീടു വെക്കരുതെന്ന് ഹൈന്ദവ ശാസ്ത്ര വിദഗ്ദ്ധര്‍ പറയുന്നുണ്ട്. എന്നാല്‍ ഇസ്‍ലാമികമായി ഇത്തരം സ്ഥലങ്ങളില്‍ വീട്, കെട്ടിടങ്ങള്‍ മുതലായവ പണി കഴിക്കുന്നതിന്ന് വിരോധമില്ലെങ്കില്‍ പോലും പൈശാചികമായ ഉപദ്രവങ്ങള്‍ക്ക് സാധ്യതയേറെയാണ്. കാരണം സത്യനിഷേധികളുടെ ആരാധനാ മൂര്‍ത്തികള്‍ നമ്മുടെ കാഴ്ചപ്പാടില്‍ പൈശാചിക ശക്തികളാണ്.

ഇതുപോലെത്തന്നെയാണ് കന്നിമൂലയിലെ ശൗചാലയം, ശൗചാലയത്തിലുള്ള കുഴി തുടങ്ങിയവയുടെ നിര്‍മ്മാണവും. ഇത്തരം നിര്‍മ്മിതികള്‍ അവരുടെ ദേവന്‍മാരുടെ കോപത്തിന്നും അപ്രീതിക്കും വഴിവെക്കുമെന്നാണ് അവരുടെ വിശ്വാസം. അഥവാ, നാം സാത്താന്‍മാരെന്ന് വിളിക്കുന്ന ദേവന്‍, ദേവി, അസുരന്‍, ഭൂതങ്ങള്‍ തുടങ്ങിയവരുടെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നര്‍ത്ഥം. പിശാചുക്കള്‍ ഉപദ്രവം ചെയ്യുമെന്ന് വിശ്വസിക്കുന്നത് ഒരിക്കലും നമ്മുടെ ആശയാദര്‍ശങ്ങള്‍ക്ക് വിരുദ്ധമല്ല താനും. മാത്രമല്ല പിശാചുക്കളുടെ കഴിവുകളെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ തന്നെ പ്രതിപാദിക്കുന്നുമുണ്ട്. മറ്റൊരു കാര്യം, നാം ശത്രുവിന്‍റെ കഴിവിനെ അംഗീകരിച്ചു കൊടുക്കുന്നത് അവരോടുള്ള ആദരവുകള്‍ കൊണ്ടോ ബഹുമാനം കൊണ്ടോ അല്ല. മറിച്ച് അവരുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടി മാത്രമാണ്.

ശത്രുവിനെ തുരത്തിയോടിക്കാന്‍ മാത്രം പ്രാഗത്ഭ്യമുള്ള ഒരു വ്യക്തിയെ കുറിച്ചല്ല നാമിവിടെ സൂചിപ്പിക്കുന്നത്. ശത്രുവിനെ എതിരിടുക സാധ്യമല്ലാത്ത സാധാരണക്കാരനെ കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നത്. ഉദാഹരണത്തിന് ഒരു സ്ഥലത്ത് ഉഗ്ര വിഷമുള്ള ഒരു സര്‍പ്പമുണ്ടെന്ന് ഒരാള്‍ മനസ്സിലാക്കുകയോ അതല്ലെങ്കില്‍ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഒരു വ്യക്തി ഇതര സമുദായത്തിലെ പ്രതിനിധിയാണെങ്കില്‍ പോലും അറിയിക്കുകയോ ചെയ്താല്‍ സര്‍പ്പത്തെ കൊന്നു കീഴടക്കാന്‍ മാത്രം ശേഷിയില്ലാത്ത ഒരാള്‍ അവിടേക്ക് പോവാതിരിക്കുന്നതിനെ നമുക്കെങ്ങിനെയാണ് എതിര്‍ക്കാനാവുക? (സര്‍പ്പത്തോടുള്ള വിധേയപ്പെടലായി ഈ ഒഴിഞ്ഞു മാറലിനെ എങ്ങിനെയാണ് വിലയിരുത്താനാവുക?)

ഇസ്‍ലാമിക ശരീഅത്ത് സ്വഭൂമിയിലെവിടെയും വീടെടുക്കാന്‍ അനുമതി നല്‍കത്തന്നെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തുടങ്ങി ഭരണകൂടം അനുശാസിക്കുന്ന നിയമങ്ങള്‍ പാലിച്ചു മാത്രമല്ലേ നാം വീടെടുക്കാറുള്ളൂ. അപ്രകാരം തന്നെയാണ് വാസ്തു ശാസ്ത്ര നിയമങ്ങള്‍ പാലിക്കുന്നതും.

No comments:

Post a Comment