Friday 30 July 2021

ഹജ്ജ്, ഉള്ഹിയ്യ, ബലിപെരുന്നാൾ മസ്അലകൾ

 

ഹജ്ജും കടവും

ഒരാൾ ഹജ്ജിനു പോകാൻ തീരുമാനിച്ചു. അയാൾക്കു പലവിധത്തിലുളള കടങ്ങൾ തീർക്കാനുണ്ട്.  ഒരു കല്യാണം നടത്തുമ്പോൾ പലരുടെ പക്കൽ നിന്നും സംഭാവന വാങ്ങുന്ന പതിവ് ഈ നാട്ടിലുണ്ട്. അവർക്ക് തിരിച്ചു കൊടുക്കുന്നത് അങ്ങനെ കല്യാണമോ വസ്തുബലിയോ മറ്റോ നടത്തുമ്പോളാണ്. പോകുന്നതിനു മുമ്പ്‌ ഓരോ പാർട്ടികളെയും കണ്ട് വിവരം പറയുകയും അവർ, താങ്കൾ പോയി വന്ന് ഇടപാടു തീർത്താൽ മതിയാകുമെന്നു സമ്മതിക്കുകയും ചെയ്താലും അതല്ലെങ്കിൽ പണം തന്നു പോയാൽ മതി എന്നു പറഞ്ഞാലും പണം കൊടുത്തേ പോകാൻ പാടുളളൂവെന്ന് ഒരു കാര്യപ്പെട്ട മുസ്ലിയാർ പറഞ്ഞിരുന്നു. ഒന്ന് വിശദീകരിക്കുമോ?

ഹജ്ജ് യാത്ര പോലുളള സുദീർഘമായ യാത്രകളിൽ കഴിയുന്നതും തന്റെ കടങ്ങളെല്ലാം വീട്ടി പോകലും അല്ലെങ്കിൽ വീട്ടാൻ ആളെ ഏൽപിച്ചു പോകലുമാണ് മര്യാദ. കടം വീട്ടാൻ കഴിവുളള, അവധിയെത്തിയ കടമുളളയാളെ യാത്രയിൽ നിന്നു തടയാനും തന്റെ കടം വസൂലാക്കാനും കടക്കാരന് അവകാശമുണ്ടെന്നല്ലാതെ കടമുളളയാളുടെ ഹജ്ജ് സാധുവാകാൻ കടം വീട്ടൽ നിബന്ധനയൊന്നുമല്ല. ഈളാഹ് ഹാശിയ സഹിതം പേജ് 23-24 നോക്കുക.

ഇതു ശരിയായ കടത്തെ സംബന്ധിച്ചുളള കാര്യമാണ്. താങ്കളുടെ പ്രശ്നത്തിൽ നിന്നു മനസ്സിലാകുന്നത് ഹജ്ജിനു പോകാനുദ്ദേശിച്ചയാൾ കല്യാണം നടത്തിയപ്പോൾ അയാൾക്കു നാട്ടുമര്യാദ പ്രകാരം പലരും നല്കിയ സമ്മാനങ്ങൾ അയാളുടെ കടബാധ്യതയായി കണക്കു വച്ചിരിക്കുകയാണെന്നാണ്. എന്നാൽ കല്ല്യാണം പോലുളള ആഘോഷ വേളകളിൽ കവറിലും മറ്റുമായി പദമൊന്നും കൂടാതെ നൽകപ്പെടുന്ന സമ്മാനപ്പണങ്ങളും വസ്തുക്കളും സൗജന്യമായി അയാൾക്കു നൽകപ്പെടുന്ന ദാനം (ഹിബത്ത്) ആണ്. അതു വീട്ടൽ നിർബന്ധമായ കടമല്ല. നൽകിയവരുടെ കല്യാണാഘോഷങ്ങളിലും മറ്റും അവരുടെ സമ്മാനത്തിനു തുല്യമായതോ അതിൽ കൂടുതലോ തിരിച്ചു കൊടുക്കുന്ന പതിവ് ഉണ്ടെങ്കിലും ആ പതിവുമൂലം അവ കടമായിത്തീരുകയില്ല. അതിനാൽ അങ്ങനെയുളള ഇടപാടുകളെല്ലാം തീർത്തശേഷം മാത്രം പോയാൽ മതിയെന്നു നൽകിയവരിൽ ആരെങ്കിലും ശാഠ്യം പിടിച്ചാൽ പോലും അതു വീട്ടാൻ ബാധ്യതപ്പെട്ട കടമായി കരുതേണ്ടതില്ല. തുഹ്ഫ 5:44. നോക്കുക.

(മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌വാ സമാഹാരമായ *പ്രശ്നോത്തരം* ഭാഗം: 3)


ഭർത്താവ് വഴിക്കുവച്ചു മരണപ്പെട്ടാൽ

ഫതാവാ നുസ്രത്തുൽ അനാം 4-29 ൽ ഭാര്യയും ഭർത്താവും ഹജ്ജിനു തിരിച്ചു. ഭർത്താവ് വഴിക്കുവച്ചു മരണപ്പെട്ടാൽ ഭാര്യ ഇദ്ദ: ആചാരിക്കുകയോ ഹജ്ജിനു പോകുകയോ ഏതാണു വേണ്ടത്? എന്ന ചോദ്യത്തിനു  "ആ വർഷം തന്നെ ഹജ്ജ് ചെയ്യൽ അവൾക്ക് നിർബന്ധമായിട്ടില്ലെങ്കിൽ അവൾ ഹജ്ജിനു പോകാവതല്ല , ഇദ്ദ ഇരിക്കുകയാണു വേണ്ടത്. തുഹ്ഫ 8-264 നോക്കുക"  എന്നുത്തരം നൽകിയിരിക്കുന്നു. തുഹ്ഫ പ്രസ്തുത പേജിൽ പറഞ്ഞതിൽ നിന്നു മനസ്സിലാകുന്നത്, ഇദ്ദ നിർബന്ധമായ ശേഷം ഹജ്ജിനു പുറപ്പെടാൻ പാടില്ലെന്നും പുറപ്പെട്ട ശേഷം വഴിയിൽ വച്ച് ഇദ്ദ നിർബന്ധമായാൽ വീട്ടിലേക്കു മടങ്ങുകയോ ഹജ്ജിനു പോകുകയോ ഇഷ്ടം പോലെയാവാം എന്നുമാണ്. ഫതാവായിലെ ചോദ്യമാണെങ്കിൽ വഴിയിൽവച്ച് ഇദ്ദ നിർബന്ധമായതിനെ സംബന്ധിച്ചുമാണ്. വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു.

ഫതാവാ നുസ്രത്തിലെ ചോദ്യം താങ്കൾ ധരിച്ചതുപോലെ ഭാര്യക്കു വഴിയിൽ വച്ച് ഇദ്ദ: നിർബന്ധമായതിനെ സംബന്ധിച്ചു പൊതുവെയല്ല. പ്രത്യുത, ഭാര്യയും ഭർത്താവും ഒന്നിച്ചു ഹജ്ജിന് യാത്ര പുറപ്പെടുകയും വഴിയിൽ വച്ച് ഭർത്താവ് മരണപ്പെട്ടതിൻെറ പേരിൽ ഭാര്യക്കു ഇദ്ദ നിർബന്ധമാവുകയും ചെയ്യുന്ന രൂപത്തെ കുറിച്ചാണ്. ആ പ്രത്യേക രൂപത്തിൽ ഫതാവായിലെ ഉത്തരത്തിലുള്ളതു പോലെ പ്രസ്തുത ഭാര്യക്ക് അക്കൊല്ലം ചെയ്യൽ നിർബന്ധമായ ഹജ്ജല്ലെങ്കിൽ മടങ്ങി വന്ന് ഇദ്ദ ആചരിക്കൽ തന്നെയാണ് നിർബന്ധമായിട്ടുള്ളത്. ഫതാവായിൽ ഉദ്ധരിച്ച തുഹ്ഫ: 8-264ൽ നിന്നു തുഹ്ഫ:യുമായും ഇബാറത്തുമായും ബന്ധമുള്ളവർക്ക് അത് ഗ്രഹിക്കുകയും ചെയ്യാം. അതു കൊണ്ടാണ്  "തുഹ്ഫ: 8-264 നോക്കുക" എന്നു ഫതാവായിൽ പറഞ്ഞിട്ടുള്ളത്. പ്രസ്തുത പേജിൽ നിന്ന് മനസ്സിലാകുന്നതായി താങ്കൾ ചോദ്യത്തിൽ കുറിച്ചത് - വീട്ടിലേക്ക്     മടങ്ങുകയോ, ഹജ്ജിന് പോകുകയോ ഇഷ്ടം പോലെയാകമെന്നതു ഭർത്താവിൻെറ അനുമതിയോടു കൂടി ഭർത്താവുമൊന്നിച്ചല്ലാതെ ഭാര്യ ഹജ്ജിന് പോകുന്നേടത്താണ്. ഭർത്താവോടൊത്ത് യാത്ര ചെയ്താൽ അതല്ല വിധിയെന്ന് ആ പേജിൽ നിന്നുതന്നെ ഗ്രഹിക്കാം. പോരെങ്കിൽ, ഈ വിധി - ഇദ്ദ ആചരിക്കുവാനായി മടങ്ങൽ നിർബന്ധമാണെന്നത് - തുഹ്ഫ തൊട്ടടുത്ത പേജിൽ (256) തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

(ഫതാവാ നുസ്രത്തുൽ അനാം ഭാഗം: 6 പേജ്: 61 _ ശൈഖുൽ ഉലമാ എൻ.കെ ഉസ്താദ് (ന:മ) - മൗലാനാ നജീബ് ഉസ്താദ്)


അമുസ്‌ലിംകൾക്ക്‌ ബലിമാംസം?

26-12-2012 വെള്ളിയാഴ്ച 9.30 ന്‌ ടി.വി.യിൽ മുട്ടോളം താടിരോമം നീട്ടിയ ഒരു മൗലവി ഇങ്ങനെ പ്രഭാഷണം ചെയ്യുന്നത്‌ കേട്ടു. "ബഹു: അബ്ദുല്ലാഹിബ്‌നു ഉമറി (റ)നോട്‌ നബി (സ) ബലിമാംസം തന്റെ അയൽവാസിയായ യഹൂദന്‌ കൊടുക്കാൻ കൽപിച്ചു. അതാണ്‌ നബിയുടെയും സഹാബത്തിന്റെയും മാതൃക. അത്‌ കൊണ്ട്‌ ബലിമാംസം അമുസ്‌ലിംകൾക്കും കൊടുക്കണം" എന്ന്. എന്നാൽ ഖൽയൂബി 4 ആം ഭാഗത്തിൽ ബലിമാംസം അമുസ്‌ലിംകൾക്ക്‌ കൊടുക്കരുതെന്നുണ്ടല്ലോ. വേവിച്ചതായാലും തനിക്ക്‌ കിട്ടിയ വിഹിതത്തിൽ നിന്നായാലും കൊടുക്കാൻ പാടില്ലെന്ന് നമ്മുടെ ഉസ്താദുമാരെല്ലാം പറയുന്നല്ലോ. അവരാരും ഈ ഹദീസ്‌ കണ്ടില്ലയോ? അതോ അങ്ങിനെ ഒരു ഹദീസില്ലേ?

ഉള്‌ഹിയ്യത്തിന്റെ ബലിമാംസംത്തിൽ നിന്ന് ഒരംശവും അമുസ്‌ലിമിന്‌ നൽകൽ അനുവദനീയമല്ലെന്നത്‌ ഇമാം ശാഫിഈ(റ)യുടെ വ്യക്തമായ പ്രസ്‌താവന(നസ്സ്വ്‌)യാണ്‌. തദടിസ്ഥാനത്തിലാണ്‌ താങ്കളുദ്ദരിച്ച ഖൽയൂബിയിലും ശാഫിഈ മദ്‌ഹബിലെ മറ്റ്‌ ഗ്രന്ഥങ്ങളിലുമെല്ലാം ഈ നിയമം വിവരിച്ചിട്ടുള്ളത്‌.  (ഉദാഹരണം തുഹ്ഫ: 9-346). പ്രശ്‌നത്തിലുന്നയിച്ച മൗലവി ഏത്‌ മദ്‌ഹബുകാരനാണെന്നറിയില്ല. ഹദീസിൽ നിന്ന് നേരിട്ട്‌ മനസിലാക്കി ബലിമാംസം അമുസ്‌ലിംകൾക്ക്‌ കൊടുക്കണം എന്നു ജൽപിച്ചതിൽ നിന്ന് അയാൾ ഒരു മദ്‌ഹബ്‌ വിരുദ്ധനാണെന്നാണ്‌ മനസിലാകുന്നത്‌. എങ്കിൽ താനുദ്ദരിച്ച ഹദീസ്‌ ആരു റിപ്പോർട്ട്‌ ചെയ്തതാണ്‌? അതിന്റെ സനദെന്ത്‌? സ്വഹീഹാണോ, ളഈഫാണോ? ഏതു ബലി മാംസത്തെ കുറിച്ചാണ്‌? എന്നെല്ലാം വ്യക്തമാക്കേണ്ട ബാദ്ധ്യത അയാൾക്കുണ്ടല്ലോ. അല്ലാത്തിടത്തോളം അയാൾ മറുപടിയർഹിക്കുന്നില്ല. ഇമാം ശാഫിഈ(റ)ക്കും ശാഫിഈ മദ്‌ഹബിലെ ഇമാമുകൾക്കും ഖുർആനും ഹദീസും നബിചര്യയും പഠിപ്പിക്കാൻ ഇവരാരും വളർന്നിട്ടില്ലെന്ന് ഏതായാലും വ്യക്തമാണ്‌. 

(മൗലാനാ നജീബുസ്താദിന്റെ ഫത്'വാ സമാഹാരമായ പ്രശ്നോത്തരം ഭാഗം: 4, പേജ്: 204)


ഉള്‌ഹിയ്യത്തിനു കഴിവുള്ളവർ ആര്‌?

ചോദ്യം: ഉള്‌ഹിയ്യത്തിന്റെ സുന്നത്ത്‌ കഴിവള്ളവർക്കാണല്ലോ ബാധകമാവുക. കഴിവുള്ളവർ എന്നത്‌ കൊണ്ട്‌ ഇവിടെ ഉദ്ദേശ്യമെന്ത്‌?

തനിക്കും താൻ ചിലവ്‌ കൊടുക്കൽ നിർബന്ധമായവർക്കും പെരുന്നാളിന്റെ രാപ്പകലിലും തുടർന്നുള്ള തശ്‌രീഖിന്റെ മൂന്ന് ദിനങ്ങളിലും ഭക്ഷണ-വസ്‌ത്രാദി ആവശ്യം കഴിഞ്ഞ്‌ മിച്ചം വരുന്നവനാണ്‌ കഴിവുള്ളവൻ എന്നത്‌ കൊണ്ടുദ്ദേശ്യം. തുഹ്ഫ: 9-344.

(മൗലാനാ നജീബ്‌ ഉസ്താദിൻ്റെ ചോദ്യോത്തരം പംക്തി -  നുസ്രത്തുൽ അനാം മാസിക. 2012 ഡിസംബർ)


അമുസ്ലിംകൾക്ക്‌ ഉള്ഹിയ്യത്ത്‌:

ഉള്ഹിയ്യത്തിന്റെ മാംസം അമുസ്ലിംകൾക്ക്‌ നൽകൽ അനുവദനീയമാണോ? അനുവദനീയമാണെന്ന വാദം പണ്ഡിതന്മാർക്കിടയിലുണ്ടോ? വിശദീകരിച്ചാലും.

അമുസ്ലിംകൾക്ക്‌ പൊതുവേ ഉള്ഹിയ്യത്തിന്റെ മാംസം ഭക്ഷിപ്പിക്കാമെന്ന് പണ്ഡിതാഭിപ്രായമില്ല. ഇസ്ലാമിക ഭരണത്തിന്റെ കീഴിൽ നിയമപ്രകാരം ജീവിക്കുന്ന വേദക്കാരായ അമുസ്ലിംകളിലെ നിർദ്ധനർക്ക്‌ ഭക്ഷിപ്പിക്കാമെന്ന അഭിപ്രായം ചില ഇമാമുകൾക്കുണ്ട്‌. ഹസനുൽ ബസരി(റ), അബൂഹനീഫ(റ), അബൂഥൗർ(റ) എന്നിവർ ഈ പക്ഷക്കാരാണ്‌. വേവിച്ച മാംസം മേൽപ്പറഞ്ഞ വേദക്കാർ മുസ്ലിംകളോടൊപ്പം തിന്നുന്നതിൽ കുഴപ്പമില്ലെന്നാണു ഇമാം ലൈഥി(റ) വിന്റെ അഭിപ്രായം. (ശറഹുൽ മുഹദ്ദബ്‌ 8-404) 

എന്നാൽ അമുസ്ലിംകൾക്ക്‌ ഉള്ഹിയ്യത്തിന്റെ ഒരംശവും നൽകാവതല്ലെന്ന് ഇമാം ശാഫിഈ (റ) പ്രസ്താവിച്ചിട്ടുണ്ട്‌. നമ്മുടെ മദ്‌ഹബിന്റെ വീക്ഷണം ഇതാണ്‌. (തുഹ്ഫ 9-364)

(മൗലാനാ നജീബ്‌ ഉസ്താദിന്റെ പ്രശ്നോത്തരം പംക്തിയിൽ നിന്നും)


ഉള്‌ഹിയ്യത്തിന്റെ തോൽ എന്ത്‌ ചെയ്യണം?

ഉള്‌ഹിയ്യത്തിന്റെ തോൽ ചിലർ ഖതീബിനെ ഏൽപ്പിക്കുകയും അതിന്റെ വിലയിൽ നിന്ന് ഒരു ഭാഗം ഖതീബിനും മുഅദ്ദിനും മറുഭാഗം സാധുക്കൾക്കുമായി നിശ്ചയിച്ചു കൊടുക്കുകയും ചെയ്യുന്നു. മറ്റു ചിലർ അത്‌ വിറ്റു കിട്ടുന്ന വില കൊണ്ട്‌ പള്ളിയിലേക്ക്‌ ഫാനും മറ്റും വാങ്ങാനുപയോഗിക്കുന്നു. വേറെ ചിലർ അത്‌ അറുക്കുന്നതിന്റെയും മറ്റും കൂലിയായും കൊടുക്കുന്നു. ഏതാണ്‌ ശരിയായ മാർഗ്ഗമെന്ന് ലക്ഷ്യസഹിതം വിവരിച്ചാലും.

ഉള്‌ഹിയ്യത്തിന്റെ തോൽ സ്വന്തം ഉപയോഗത്തിന്നെടുക്കുകയോ സദഖ ചെയ്യുകയോ ആണ്‌ വേണ്ടത്‌. സദഖ ചെയ്യുന്നത്‌ ഖതീബിനോ മുഅദ്ദിനോ മറ്റേത്‌ മുസ്ലിമിനോ ആയാലും വിരോധമില്ല. അങ്ങനെ സദഖയായി ലഭിച്ച തോൽ പ്രസ്‌തുത വ്യക്തിക്ക്‌ വിൽക്കുകയോ മറ്റോ ചെയ്യാവുന്നതാണ്‌. അറവിനും മറ്റുമുള്ള കൂലിയായി ഉള്‌ഹിയ്യത്തിന്റെ തോൽ കൊടുക്കാവതല്ല. ഈ വസ്‌തുതകൾ തുഹ്ഫ: 9-365 ൽ നിന്ന് വ്യക്തമാകുന്നതാണ്‌.

(താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 237)


ആദ൦ നബിയുടെ ആയിരം ഹജ്ജ് :

ആദം നബി(അ) ഇന്ത്യയിൽ നിന്നും ആയിരം പ്രാവശ്യം നടന്നു പോയി ഹജജ് ചെയ്തുവെന്ന് ഒരു മുസ്‌ലിയാർ പ്രസംഗിക്കുന്നതു കേട്ടു .ഇതു ശരിയാണോ ? ഏതു കിതാബിലാണുളളത് ?

ആദം നബി(അ) ആയിരം പ്രാവശ്യം ഇന്ത്യയിൽ നിന്ന് കഅബത്തിങ്കലേക്ക് നടന്നു ചെന്നതായി ഇബ്നു ഖുസൈമ തന്റെ സ്വഹീഹിൽ നിവേദനം ചെയ്ത ഒരു ഹദീസിലുണ്ട്. ഇത് ഹജ്ജിനെ സംബന്ധിച്ചു മാത്രമല്ലെന്നു വ്യക്തമാണ്. എന്നാൽ ഇന്ത്യയിൽ നിന്ന് ആദം നബി(അ) നടന്നു കൊണ്ട് നാൽപത് വർഷം ഹജജു നിർവ്വഹിച്ചതായി റിപ്പോർട്ടുണ്ട്. തുഹ്ഫ: 4-3.

(മാലാനാ നജീബ് ഉസ്താദിൻ്റെ ഫത്'വാ സമാഹാരമായ പ്രശ്നോത്തരം : ഭാഗം 4, പേജ് 36,37).


ഉള്‌ഹിയ്യത്ത്‌ എന്ന പേര്‌

വലിയ പെരുന്നാളിന്‌ അറയ്ക്കപ്പെടുന്ന ഉളുഹിയ്യത്തിന്‌ ആ പേരു പറയുന്നതെന്തു കൊണ്ട്‌?

ളുഹാ സമയത്താണ്‌ വലിയ പെരുന്നാൾ ബലിയുടെ സമയം വന്നെത്തുക. ഈ ബന്ധം പരിഗണിച്ചാണ്‌ ഉളുഹിയ്യത്ത്‌ എന്ന പേരു വന്നത്‌. തുഹ്ഫ: 9-341.

(മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌'വാ സമാഹാരമായ *'പ്രശ്നോത്തരം':* ഭാഗം 3)


ഉള്ഹിയ്യത്തിന്റെ നിയ്യത്ത്

ഉള്ഹിയ്യത്ത് അറക്കുമ്പോൾ എപ്പോഴാണ് നിയ്യത്തു ചെയ്യേണ്ടത്? ഒരു പണ്ഡിതന്റെ ഹജ്ജു പഠന ക്ലാസിൽ ഹജ്ജിന്റെ ബലി കർമ്മങ്ങളിൽ മാംസം വിതരണം ചെയ്യുമ്പോൾ നിയ്യത്ത് ചെയ്യണമെന്നു പറഞ്ഞു കേട്ടു. എങ്കിൽ ഉള്ഹിയ്യത്തിലും അങ്ങനെ മതിയോ? ഇല്ലെങ്കിൽ ഹജ്ജിന്റെ ബലിയും ഉള്ഹിയ്യത്തും തമ്മിൽ വ്യത്യാസമെന്ത്?

ഹജ്ജിന്റെ കർമ്മങ്ങൾ നഷ്ടപ്പെട്ടതിനു പരിഹാരമായോ വിലക്കപ്പെട്ട കാര്യം ചെയ്തതിന്റെ പ്രായശ്ചിത്തമായോ നടത്തപ്പെടുന്ന അറവുകളിൽ മാംസം വിതരണം ചെയ്യുന്ന നേരത്തോ അതിനു മുമ്പോ ആണ് നിയ്യത്ത് വേണ്ടതെന്ന് ഇമാം നവവി(റ) തന്റെ ശർഹുൽ മുഹദ്ദബിൽ ഉദ്ധരിച്ചിട്ടുണ്ട്. ഇതുപ്രകാരമാവാം താങ്കൾ ഹജ്ജു ക്ലാസിൽ അങ്ങനെ കേൾക്കാനിടയായത്. എന്നാൽ ഉള്ഹിയ്യത്തിലും ഹറമിനുള്ള ഹദ്'യിലും ഇതു പോരാ. അറവിന്റെ നേരത്താണ് ഇവ രണ്ടിലും നിയ്യത്തു ചെയ്യേണ്ടത്. അറവിന്റെ മുമ്പ് കരുതുന്നതിനും വിരോധമില്ല. അറവു കഴിഞ്ഞ ശേഷം വിതരണം ചെയ്യുമ്പോളോ മറ്റോ കരുതിയാൽ മതിയാവുകയില്ല. മുകളിൽ പറഞ്ഞ ഹജ്ജിന്റെ അറവുകളും ഉള്ഹിയ്യത്തും തമ്മിൽ വിധി വ്യത്യാസം വരാൻ ന്യായമുണ്ട്. എന്തു കൊണ്ടെന്നാൽ ഉള്ഹിയ്യത്തിലും ഹദ്'യിലും ലക്ഷ്യമാക്കപ്പെടുന്നത് സ്വന്തം ശരീരത്തിന് ദണ്ഡമായി രക്തം വീഴ്ത്തുകയെന്നതാണ്. ഇതു നടക്കുന്നത് അറവിന്റെ സമയത്താണല്ലോ. അപ്പോൾ ആ സമയത്താണ് അടിസ്ഥാനപരമായി ഇബാദത്തിന്റെ കരുത്ത് വേണ്ടത്. മുകളിൽ പറഞ്ഞ ഹജ്ജിന്റെ ബലികളിൽ ഹജ്ജിനു സംഭവിച്ച വീഴ്ചകൾ പരിഹരിക്കുകയാണ് ലക്ഷ്യം. സാധുക്കൾക്ക് മാംസം നല്കിക്കൊണ്ടാണ് ഈ പരിഹാരം നിർവ്വഹിക്കപ്പെടുന്നത്. അപ്പോൾ ഇവിടെ മാംസവിതരണത്തിന്റെ സമയത്താണ് അടിസ്ഥാനപരമായി നിയ്യത്തു വേണ്ടതെന്നു പറയുന്നതിനു ന്യായമുണ്ട്. തുഹ്ഫ: 9-361 നോക്കുക.

(മൗലാനാ നജീബ് ഉസ്താദിൻ്റെ ഫത്'വാ സമാഹാരമായ പ്രശ്നോത്തരം ഭാഗം: 3 - 86)


ഉള്‌ഹിയ്യത്ത്‌ മറ്റൊരു നാട്ടിൽ അറക്കാമോ

ഒരു മഹല്ലിൽ ഉള്‌ഹിയ്യത്തറക്കാൻ കൂടുതൽ മൃഗങ്ങളുണ്ട്‌. അതിനടുത്ത ഒരു മഹല്ലിൽ ഉള്‌ഹിയ്യത്തിനു മൃഗങ്ങളൊന്നുമില്ല. എന്നാൽ, കൂടുതലുള്ള മഹല്ലിൽ നിന്ന് ഇല്ലാത്ത മഹല്ലിലേക്ക്‌ തന്റെ മൃഗത്തെ കൊണ്ടു പോയി ഉടമസ്ഥൻ അവിടെ വച്ച്‌ അറത്ത്‌ വിതരണം ചെയ്യാമോ? ഒരു മഹല്ലിൽ അറത്ത ഉള്‌ഹിയ്യത്തിന്റെയും അഖീഖത്തിന്റെയും മാംസം മറ്റൊരു മഹല്ലിൽ താമസിക്കുന്ന ബന്ധുക്കൾക്ക്‌ കൊണ്ടുപോയി കൊടുക്കാമോ?

പ്രശ്‌നത്തിൽ പറഞ്ഞ രണ്ട്‌ മഹല്ലുകളും വ്യത്യസ്ഥ നാടുകളാണെങ്കിൽ തന്നെ, കൂടുതൽ മൃഗങ്ങളുള്ള നാട്ടിൽ നിന്ന് അതിന്റെ ഉടമസ്ഥന്മാർക്ക്‌ മൃഗമില്ലാത്ത നാട്ടിലേക്ക്‌ തങ്ങളുടെ മൃഗങ്ങളെ കൊണ്ടുപോയി ഉള്‌ഹിയ്യത്തറക്കാവുന്നതും മാംസം അവിടെ വിതരണം ചെയ്യാവുന്നതുമാണ്‌. കാരണം, ഉള്‌ഹിയ്യത്തിന്റെ കാര്യത്തിൽ അറക്കുന്നവന്റെ നാടാണ്‌ പരിഗണനീയമെങ്കിലും ഒരാൾക്ക്‌ തന്റെ മൃഗത്തെ മറ്റൊരു നാട്ടിൽ കൊണ്ടുപോയി അറക്കുന്നതിനും മാംസം അവിടെ വിതരണം ചെയ്യുന്നതിനും വിരോധമൊന്നുമില്ല. മാംസവിതരണത്തിന്‌ ഏറ്റവും നല്ലത്‌ അറക്കുന്നവന്റെ നാടാണ്‌ എന്ന് മാത്രമേയുള്ളൂ. പ്രശ്‌നത്തിൽ പറഞ്ഞ പരിതസ്ഥിതിയിൽ ഇതിനെക്കാൾ പ്രധാനമായ ഒരു കാരണം നാട്‌ മാറ്റി അറക്കുന്നതിലുണ്ടല്ലോ. അതിനാൽ അതിൽ ഒരു കുഴപ്പവുമില്ല. ഫതാവൽ കുബ്‌റാ: 4-257 നോക്കുക.

ഒരു നാട്ടിൽ അറത്ത ഉള്‌ഹിയ്യത്ത്‌ സുന്നത്താണെങ്കിൽ ആ നാട്ടിലെ നിർദ്ധനർക്ക്‌ വിതരണം ചെയ്യൽ നിർബന്ധമായ ഭാഗം കഴിച്ച്‌ ബാക്കി മാംസം മറ്റൊരു നാട്ടിലേക്ക്‌ കൊണ്ടുകൊടുക്കുന്നതിനോ കൊടുത്തയക്കുന്നതിനോ വിരോധമില്ല. നിർബന്ധമായ ഉള്‌ഹിയ്യത്താണെങ്കിൽ അതിന്റെ മാംസം മറ്റൊരു നാട്ടിലേക്ക്‌ കൊടുത്തയക്കൽ അനുവദനീയമല്ലെന്നാണ്‌ പ്രബല വീക്ഷണം. അപ്പോളും മറ്റുനാട്ടിലെ ബന്ധുക്കളെ ഉള്‌ഹിയ്യത്തിന്റെ നാട്ടിലേക്ക്‌ വിളിച്ചു വരുത്തി അവർക്ക്‌ വിതരണം ചെയ്യാവുന്നതാണ്‌. ശർവാനി: 9-365 നോക്കുക.

(മൗലാനാ നജീബ് ഉസ്താദിന്റെ ഫത്'വാ സമാഹാരമായ പ്രശ്നോത്തരം ഭാഗം: 4, പേജ്: 73)


ഉള്ഹിയ്യത്തും അഖീഖത്തും കരുതിയാൽ

ഉള്ഹിയ്യത്തും അഖീഖത്തും ഒന്നിച്ച് കരുതി ഒരു മ്യഗത്തെ അറുക്കാമോ ? രണ്ടിന്റേയും പുണ്യം ലഭിക്കുമോ ? അതല്ല രണ്ടും നഷ്ടപ്പെട്ടേക്കുമോ ?

ഉള്ഹിയ്യത്തിന് മതിയാകുന്ന ഒരാട് കൊണ്ടോ മാട്, ഒട്ടകം എന്നിവയിലൊന്നിന്റെ ഏഴിൽ ഒരു ഭാഗം കൊണ്ടോ ഉള്ഹിയ്യത്തും അഖീഖത്തും ഒന്നിച്ച് കരുതിയാൽ രണ്ടും നഷ്ടപ്പെടുന്നതാണ്. മറിച്ച് ഒട്ടകം,മാട് എന്നിവയിലൊന്നിന്റെ ഏഴിലൊരു ഭാഗം ഉള്ഹിയ്യത്തും വേറൊരു ഭാഗം അഖീഖത്തും എന്നിങ്ങനെ കരുതികൊണ്ടാണെങ്കിൽ രണ്ടും ലഭിക്കുന്നതാണ്. ഫതാവൽ കുബ്റാ 4- 256.

(ഫതാവാ നുസ്രത്തുൽ അനാം ഭാഗം: 5 പേജ്: 88. ശൈഖുൽ ഉലമാ എൻ.കെ ഉസ്താദ് (ന:മ) - മൗലാനാ നജീബ് ഉസ്താദ്)


ഉള്‌ഹിയ്യത്ത്‌ അറുക്കുമ്പോൾ അഖീഖയും കൂടി കരുതിയാലോ?

ഉള്‌ഹിയ്യത്തോട്‌ കൂടി അഖീഖത്തിനെയും കരുതിയാൽ രണ്ടിന്റെയും പ്രതിഫലം ലഭ്യമാകുമോ?

ഉള്‌ഹിയ്യത്തിന്‌ പറ്റിയ ഒരാടിനെ അറുക്കുമ്പോഴോ പശു, പോത്ത്‌ ആദിയായ മൃഗങ്ങളെ ഏഴാൾ കൂടി അറുക്കുമ്പോഴോ ഉള്‌ഹിയ്യത്തോട്‌ കൂടി അഖീഖത്തിന്റെയും പ്രതിഫലം ലഭ്യമാകുന്നതല്ല. ആടല്ലാത്ത മറ്റ്‌ ഉള്‌ഹിയ്യത്ത്‌ മൃഗങ്ങൾ ഒരാൾ അറുക്കുമ്പോൾ ഉള്‌ഹിയ്യത്തിന്‌ പുറമെ അഖീഖത്തിനെ കൂടി കരുതാവുന്നതും രണ്ടിന്റെയും പ്രതിഫലം ലഭ്യമാകുന്നതുമാണ്‌. ഫതാവൽ കുബ്‌റാ: 4-256.

(താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 267)


ഉള്‌ഹിയ്യത്ത്‌ മൃഗത്തിന്‌ ന്യൂനത

ഉള്‌ഹിയ്യത്ത്‌ മൃഗത്തിന്‌ ന്യൂനത ഉണ്ടായിരുന്നു. പക്ഷേ, അറക്കാൻ കിടത്തിയപ്പോഴോ അതിന്റെ ഏതാനും നിമിഷങ്ങൾക്ക്‌ മുമ്പോ ആണ്‌ കണ്ടത്‌. ഇനിയെന്ത്‌ ചെയ്യണം?

ആ മൃഗം ഉള്‌ഹിയ്യത്തിന്‌ നിർണ്ണിതമായ നേർച്ച മൃഗമല്ലെങ്കിൽ അതിനെ വേണ്ടെന്നു വച്ച്‌ ന്യൂനത ഇല്ലാത്തതിനെ അറക്കണം. അറവിന്റെ മുമ്പ്‌ തന്നെ ന്യൂനത കണ്ടത്‌ കൊണ്ട്‌ അതിനു സൗകര്യമാണല്ലോ. നിജമായ നേർച്ച മൃഗം ന്യൂനതയുള്ളതാണെങ്കിലും അതിനെ അറക്കൽ നിർബന്ധമാണ്‌. അത്‌ ഉള്‌ഹിയ്യത്തായി സംഭവിക്കുകയില്ലെങ്കിലും, ഈ വർഷത്തെ ഉള്‌ഹിയ്യത്തിന്റെ സമയത്ത്‌ തന്നെ അറക്കുകയും നിർബന്ധമായ ഉള്‌ഹിയ്യത്തിന്റെ മാംസം പോലെ കൈകാര്യം ചെയ്യപ്പെടുയും വേണം. (ഫത്‌ഹുൽ മുഈൻ പേജ്‌:217)

(മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌വാകളുടെ സമാഹാരമായ പ്രശ്നോത്തരം പുസ്തകത്തിൽ നിന്നും)


ആട് മാടുകളെ കണ്ടാലുളള തക്ബീർ

ആട്, മാട്, ഒട്ടകങ്ങളെ കാണുമ്പോളും  ശബ്ദം കേൾക്കുമ്പോളും ദുൽഹജ്ജ് ഒന്ന് മുതൽ പത്തുവരെയുളള ദിവസങ്ങളിൽ തക്ബീർ ചൊല്ലൽ സുന്നത്തുണ്ടല്ലോ. ഒരു മൃഗത്തെ തന്നെ വീണ്ടും കണ്ടാലോ? പുരയിൽ തൊഴുത്തിൽ കെട്ടിയിട്ടുളള മൃഗങ്ങളെ കാണുമ്പോൾ എപ്പോളും തക്ബീർ സുന്നത്തുണ്ടോ? കുതിരയെ കണ്ടാൽ തക്ബീർ സുന്നത്തുണ്ടോ? ഈ തക്ബീർ എങ്ങനെയാണ്? ഈ സുന്നത്തുകളുടെ അവസാന സമയം ഏതാണ്?

ആട്, മാട്, ഒട്ടകം എന്നീ മൃഗങ്ങളിൽ ഒന്നിനെ കാണുമ്പോളുമെല്ലാം പ്രസ്തുത പത്തു ദിവസവും തക്ബീർ ചൊല്ലൽ സുന്നത്താണെന്നു പറഞ്ഞതിൽ ഒരേ മൃഗത്തെ തന്നെ ആവർത്തിച്ചു കാണുമ്പോളും ഉൾപ്പെടുമല്ലോ. അപ്പോൾ കാണൽ ആവർത്തിക്കുമ്പോളെല്ലാം തക്ബീർ ചൊല്ലലും സുന്നത്താണെന്നു മനസ്സിലാക്കാം. 'അൻആം' എന്ന ബഹീമത്തിനെ അല്ലാഹു വിഭവമായി നൽകിയതിന്റെ പേരിൽ തക്ബീർ ചൊല്ലുവാൻ നിർദ്ദേശിക്കുന്ന ഖുർആൻ വാക്യം അടിസ്ഥാനമാക്കിയാണ് ദുൽഹിജ്ജയുടെ ആദ്യത്തെ പത്തു നാളിലും അൻആമിൽ നിന്ന് ഏതെങ്കിലും കണ്ടാൽ  തക്ബീർ ചൊല്ലൽ സുന്നത്താണെന്ന് ഫുഖഹാഅ് വിധി പ്രസ്താവിച്ചത്. അൻആം എന്നാൽ ഒട്ടകം, മാട്, ആട് എന്നീ മൂന്നിനം മാത്രമേ ഉൾപ്പെടുകയുളളൂ. ശർഹു ബാഫള്ൽ 2-90.

അതിനാൽ കുതിരയെയോ മറ്റു മൃഗങ്ങളെയോ കണ്ടാൽ ഈ തക്ബീർ സുന്നത്തില്ല. 'അല്ലാഹു അക്ബർ' എന്ന് ഒരു പ്രാവശ്യം പറയലേ ഈ തക്ബീറിൽ സുന്നത്തുളളൂ. ഇതിന്റെ സമയം 'അയ്യാമുൻ മഅ്ലൂമാത്ത്' എന്ന പേരിലറിയപ്പെടുന്ന ദിവസങ്ങളാണ്. ദുൽഹിജ്ജ ആദ്യത്തെ പത്തു ദിവസങ്ങളാണ് പ്രസ്തുത ദിനങ്ങൾ. ശർവാനി. 3-54. ശർഹു ബാഫള്ൽ 2-90. 

അപ്പോൾ വലിയ പെരുന്നാൾ ദിനത്തിന്റെ സൂര്യാസ്തമയം വരെ ഈ സുന്നത്തിന്റെ സമയം നീണ്ടു നില്ക്കുമെന്ന് ഗ്രഹിക്കാമല്ലോ.

(മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്'വാ സമാഹാരമായ പ്രശ്നോത്തരം: ഭാഗം:3)


എന്നാണ്‌ അറഫ നോമ്പ്‌?

അറഫയുടെ സുന്നത്ത്‌ നോമ്പ്‌ ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസം തന്നെയാവണമെന്നും കഴിഞ്ഞ ദുൽഹിജ്ജ മാസത്തിൽ നമ്മൾ അറഫ നോമ്പ്‌ ഹാജിമാർ പെരുന്നാൾ കൊണ്ടാടിയ ദിവസം അനുഷ്‌ടിച്ചത്‌ ശരിയല്ലെന്നും പത്രകോളങ്ങളിലും മറ്റും പരക്കെ വാദവിവാദമുയർന്നിരുന്നു. 'മാസം കാണേണ്ടത്‌ റമളാൻ നോമ്പിനെ പറ്റി മാത്രമാണ്‌ നബി അരുളിയതെന്നും അറഫാനോമ്പിനെ പറ്റി അറഫാ ദിനത്തിലെ നോമ്പ്‌' എന്നാണ്‌ ഹദീസിലെ പ്രയോഗമെന്ന് ചിലർ പ്രശ്‌നമുന്നയിക്കുന്നു. (ഉദാ: ചന്ദ്രിക മാർച്ച്‌ 17) ഒരു ചെറു വിശദീകരണം നൽകി ശറഇന്റെ യഥാർത്ഥ വീക്ഷണം വ്യക്തമാക്കിയാലും.

ദുൽഹിജ്ജയുടെ ആദ്യത്തെ ഒമ്പത്‌ ദിവസവും നോമ്പനുഷ്‌ടിക്കൽ ബലപ്പെട്ട സുന്നത്താണ്‌. തുഹ്ഫ: 3-454. ഇത്‌ ശരിക്കും പാലിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഹാജിമാർ അറഫയിൽ നിൽക്കുമ്പോൾ നാം ഇവിടെ നോമ്പനുഷ്‌ടിക്കാതിരിക്കുന്നുവെന്ന വൈഷമ്യം മിക്കവാറും അനുഭവപ്പെടാനിടയില്ല. കാരണം, നമ്മുടെ നാട്ടിലെ ദുൽഹിജ്ജ എട്ടിനോ ഒമ്പതിനോ അധിക പക്ഷവും ഹാജിമാർക്ക്‌ അറഫ നാളാകുമല്ലോ. എന്നാൽ പ്രസ്‌തുത ഒമ്പത്‌ ദിവസങ്ങളിൽ ഏറ്റവും ബലപ്പെട്ടതും സുന്നത്ത്‌ നോമ്പുകളിൽ നിന്ന് തന്നെ ഏറ്റവും പുണ്യമുള്ളതുമായ നോമ്പ്‌ അറഫഃ നാളിലെ നോമ്പാണ്‌. തുഹ്ഫ: 3-454. 

അറഫ നാളെന്നാൽ ദുൽഹിജ്ജ ഒമ്പതാം നാൾ എന്നാണുദ്ദേശ്യം. അല്ലാതെ ഹാജിമാർ അറഫയിൽ നിന്ന നാൾ എന്നല്ല. കാരണം അങ്ങനെയാകുമ്പോൾ ഭൂമിയിലെ കുറേയധികം വിശ്വാസികൾക്ക്‌ അറഫ നാളിന്റെ സുന്നത്ത്‌ ശാശ്വതമായി നിഷേധിക്കപ്പെടുകയാവും ഫലം. കാരണം, ഹാജിമാർ അറഫയിൽ നിൽക്കുന്ന പകലിന്റെ നേരം മുഴുവൻ രാത്രിയായി അനുഭവപ്പെടുന്ന മേഖലകളും അവിടെയൊക്കെ വിശ്വാസികളുമുണ്ടല്ലോ. ഹാജിമാർ അറഫയിൽ സമ്മേളിക്കുമ്പോൾ അത്‌ ടി.വി.യിലോ മറ്റോ കണ്ട്‌ മനസിലാക്കുന്നവർ നോമ്പ്‌ നോറ്റ്‌ കൊണ്ട്‌ ഈ കാഴ്ച ആസ്വദിക്കണമെന്നാണ്‌ ആ നോമ്പിന്റെ ഉദ്ദേശ്യമെങ്കിൽ തൽസമയം മുഴുവൻ രാത്രി ആയതിനാൽ ഇതിന്‌ സാധിക്കാതെ വരുന്നവരോട്‌ ശറ'അ് അനീതി കാണിച്ചുവെന്നാണല്ലോ വരിക. ഭാഗ്യവശാൽ ഇത്തരം ഒരനീതിയുടെ പ്രശ്‌'നം ഇവിടെ ആരോപിക്കാനില്ല. 

ഏത്‌ കാലത്തേക്കും ഏത്‌ മണ്ണിലേക്കും ഏത്‌ സമൂഹത്തിനും ബാധകമായ ഇസ്‌'ലാമിക നിയമം എല്ലാവരോടും (ഹാജിമാരൊഴിച്ച്‌) ദുൽഹിജ്ജ ഒമ്പതിനു പകൽ നോമ്പനുഷ്ടിക്കണമെന്നാണ്‌ നിർദ്ദേശിച്ചിരിക്കുന്നത്‌. ദുൽഹിജ്ജ ഒമ്പതിന്റെ പകൽ അവർക്കെന്നാണോ അന്ന് നോമ്പനുഷ്‌ടിക്കാൻ. അതേസമയം, ഹാജിമാരോട്‌ അവർക്കെന്നാണോ ദുൽ ഹിജ്ജ ഒമ്പതെങ്കിൽ അന്ന് പകൽ നോമ്പനുഷ്‌ടിക്കാതെ അവർ അറഫയിലായിക്കൊള്ളാനും നിർദ്ദേശിച്ചു. ഒരിടത്ത്‌ പകലാവുമ്പോൾ മറുവശത്ത്‌ രാത്രിയാവുന്ന ഭൂമിയുടെ വ്യവസ്ഥ പ്രകാരം ഇങ്ങനെയുള്ള ഐക്യപ്പെടലേ സാധിക്കുകയുള്ളൂ. 

നമുക്ക്‌ തന്നെ നമസ്‌കാരങ്ങളിലും നോമ്പിലുമെല്ലാം മക്കയുമായി ഭൂമിശാസ്‌ത്രപരമായി ഈ ഭിന്നിപ്പ്‌ സാധരണ തന്നെ അനുഭവമാണല്ലോ. നമ്മൾ മഗ്‌രിബ്‌ നമസ്‌കരിക്കുന്നത്‌ ടി. വി. യിൽ കണ്ട്‌ അവിടെയുള്ളവർക്ക്‌ ആ സമയം നമസ്‌കരിക്കാനാവില്ലല്ലോ. ഏതാണ്ട്‌ രണ്ടര മണിക്കൂർ കഴിഞ്ഞ്‌ അവിടത്തെ അസ്‌തമയം ഉറപ്പാകുമ്പോളല്ലേ അവർക്ക്‌ നമസ്‌കരിക്കാനും നോമ്പ്‌ മുറിക്കാനും പറ്റുകയുള്ളൂ. ഈ കുറഞ്ഞ സമയത്തിന്റെ വ്യത്യാസമായത്‌ കൊണ്ട്‌ അത്‌ സാരമാക്കാതെ അവർ അറഫയിൽ സമ്മേളിക്കുന്ന പകൽ നമുക്കും പകലായി ലഭിക്കുന്നുവെന്ന കാര്യം മാത്രം പരിഗണിച്ചാൽ പോരല്ലോ. ആ പകൽ തീർത്തും അനുഭവിക്കാനാകാതെ രാത്രിയിൽ തന്നെ കഴിഞ്ഞുകൂടേണ്ട ഭൂമിയിലെ സഹജീവികളെയും പരിഗണിക്കേണ്ടയോ? 

സ്വാർത്ഥനായ മനുഷ്യൻ തന്റേത്‌ മാത്രം പരിഗണിക്കുമ്പോൽ, അല്ലാഹുവും ശർഉം അറഫ നോമ്പിന്റെ സുന്നത്തു കാര്യത്തിലും ഭൂമിയിലെ എല്ലായിടത്തെ ജനങ്ങളെയും പരിഗണിച്ചുവെന്ന് മനസിലാക്കിയാൽ മതി. അറഫയിലെ ഹാജിമാരുടെ നിറുത്തവും പ്രാർത്ഥനയുമെല്ലാം സ്വന്തം വീടിന്റകത്തിരുന്ന് ടി.വി. യിൽ കാണാനാകുമ്പോൾ തോന്നുന്ന ഒരുതരം വസ്‌വാസുകളാണ്‌ പ്രശ്‌നത്തിലുന്നയിച്ച വിതണ്ഡവാദങ്ങളെല്ലാം.

മാസം കാണെണ്ടത്‌ റമളാനിനു മാത്രമേയുള്ളൂവെന്ന് ധരിച്ചിരിക്കുന്നവർ, ദുൽഹിജ്ജ ഒമ്പതാം നാളും അന്ന് ഹാജിമാർ അറഫയിൽ സമ്മേളിക്കുന്നതും ദുൽഹിജ്ജയുടെ മാസപ്പിറവി കാണാതെ എങ്ങനെ കണക്കുവെക്കുമെന്നാണ്‌ ധരിച്ചു വെച്ചിരിക്കുക!? ഏത്‌ മാസവും മാസപ്പിറവി കാണുന്നതുമായാണ്‌ ശർഅ് ബന്ധപ്പെടുത്തിയിരിക്കുന്നത്‌.

(മൗലാനാ നജീബ് ഉസ്താദിൻ്റെ ഫത്'വാ സമാഹാരമായ പ്രശ്നോത്തരം ഭാഗം: 2, പേജ്: 145 )


ഉള്‌ഹിയ്യത്ത്‌ പള്ളിയിലോ വീട്ടിലോ?

ഉള്‌ഹിയ്യത്ത്‌ അറക്കുമ്പോൾ പള്ളിയുടെ അടുത്ത്‌ വെച്ച്‌ നടത്തുന്നതിൽ വല്ല പുണ്യവുമുണ്ടോ? അതല്ല അവനവന്റെ വീട്ടിനടുത്ത്‌ വെച്ച്‌ നടത്തുന്നതാണോ പുണ്യം?

ഇമാം (ഭരണാധികാരി) അല്ലാത്തവർ സ്വന്തം വീട്ടിൽ വച്ചു കുടുംബത്തിന്റെ സാന്നിദ്ധ്യത്തിൽ ഉള്‌ഹിയ്യത്ത്‌ അറക്കുന്നതാണ്‌ സുന്നത്ത്‌. നേരെമറിച്ച്‌, ഭരണാധികാരി മുസ്ലിംകളെ തൊട്ട്‌ പൊതുവായി ഉള്‌ഹിയ്യത്ത്‌ അറക്കുമ്പോൾ പെരുന്നാൾ നമസ്‌കാരം കഴിഞ്ഞ ഉടനെ നമസ്‌കാര സ്ഥലത്ത് വച്ചു നേരിട്ടറക്കുന്നതാണ്‌ സുന്നത്ത്‌. തുഹ്ഫ: 9-348. 

(മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌വാ സമാഹാരമായ *പ്രശ്നോത്തരം*- ഭാഗം 4, പേജ്‌: 52)


നഖവും മുടിയും നീക്കാമോ?

ഒന്നിൽ കൂടുതൽ മൃഗങ്ങളെ ഉളുഹിയ്യത്തറക്കുന്ന വ്യക്തി അവയിൽ ഒന്നിന്റെ അറവു നടത്തിക്കഴിഞ്ഞ ശേഷം നഖം, മുടി പോലുള്ളവ നീക്കൽ കറാഹത്താകുമോ? അതല്ല, എല്ലാ മൃഗങ്ങളെയും അറത്തു കഴിഞ്ഞ ശേഷമേ ഇതു പാടുള്ളൂവെന്നാണോ?

ഒന്നിലധികം മൃഗങ്ങളെ ഉളുഹിയ്യത്തറക്കുന്നയാൾക്ക്‌ ഒന്നാമത്തേതിൽ അറവ്‌ കഴിയുന്നതോടെ മുടി, നഖം പോലുള്ളവ നീക്കുന്നതിന്റെ കറാഹത്ത്‌ ഇല്ലാതാകും. ഉളുഹിയ്യത്തിന്റെ പുണ്യത്തിലും അതുമൂലം ലഭ്യമാകുന്ന മഗ്ഫിറത്ത്‌ പോലുള്ളതിലും നഖം, മുടി പോലുള്ള ശരീരത്തിന്റെ എല്ലാ ഭാഗങ്ങൾക്കും പങ്കാളിത്തം ലഭിക്കണമെന്നതു കൊണ്ടാണല്ലോ അറവിന്റെ മുൻപ്‌ അവ നീക്കരുതെന്ന് വിലക്ക്‌ വന്നത്‌. ഒന്നാമത്തേതിന്റെ അറവോടെ ഈ പങ്കാളിത്തം ലഭിച്ചുവല്ലോ. എങ്കിലും എല്ലാ മൃഗങ്ങളെയും അറത്ത്‌ തീരും വരെ മുടിയും നഖവുമൊന്നും നീക്കാതിരിക്കുക തന്നെയാണ്‌ ശ്രേഷ്ടം. തുഹ്ഫ: ശർവാനി സഹിതം: 9-347.

(മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌'വാ സമാഹാരമായ *'പ്രശ്നോത്തരം':* ഭാഗം 3)


രാത്രി അറവ്‌

രാത്രിയിൽ  അറവു നടത്തുന്നതിനു വിരോധമുണ്ടോ? ഉളുഹിയ്യത്ത്‌, അഖീഖത്ത്‌ പോലുള്ള ബലി കർമ്മങ്ങൾ രാത്രി നടത്തിയാലോ?

രാത്രിയിൽ തന്നെ അറവു നടത്തേണ്ട ആവശ്യമോ അഥവാ രാത്രി നടത്തുന്നതിൽ വല്ല പ്രത്യേക നേട്ടങ്ങളോ ഉണ്ടെങ്കിൽ രാത്രിയിൽ അറക്കുന്നതിനു വിരോധമില്ല. ഇത്തരം കാരണങ്ങളില്ലാതെ രാത്രിയിൽ അറവു നടത്തൽ കറാഹത്താണ്‌. ഉള്‌ഹിയ്യത്ത്‌, അഖീഖത്ത്‌ പോലുള്ള ബലികർമ്മങ്ങൾക്കും ഇതു തന്നെ വിധി. (തുഹ്ഫ: 9-354)

(മൗലാനാ നജീബ്‌ ഉസ്താദിന്റെ ചോദ്യോത്തരം പംക്തി - നുസ്രത്തുൽ അനാം 2007 മെയ്‌ - ജൂൺ)


ഉള്‌ഹിയ്യത്തിന്റെ വേവിച്ച മാംസം അമുസ്‌ലിംകൾക്ക്‌ നൽകാമോ?

കൊടുക്കാവതല്ല. അത്‌ തുഹ്ഫ 9-363 ൽ നിന്നും വ്യക്തമാവും.

( താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 246_) 


ഉള്‌ഹിയ്യത്തിന്റെ ഉടമ പെണ്ണായാൽ അവൾ തന്നെ അറക്കേണ്ടത്തുണ്ടോ?

എന്റെ മകൾ ഇപ്രാവശ്യവും ഉള്‌ഹിയ്യത്തറുക്കുന്നുണ്ട്‌. അവൾ തന്നെ അറുക്കുന്നതല്ലേ നല്ലത്‌? ഉടമസ്ഥന്റെ കൈ കൊണ്ട്‌ തന്നെ അറുക്കുന്നതാണല്ലോ ഉത്തമം?

അവൾ അറുക്കുന്നതല്ല നല്ലത്‌. പെണ്ണ്‌ ഉടമസ്ഥയാവുമ്പോൾ മറ്റൊരാളെ വക്കാലത്താക്കുകയാണുത്തമം.

( താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 288) 


ഒരു മൃഗത്തിന്റെ 1/7 വിലക്ക്‌ വാങ്ങി ദാനം ചെയ്‌താൽ ഉള്‌ഹിയ്യത്ത്‌ ആവുമോ?

ഉള്‌ഹിയ്യത്തിന്റെ നിബന്ധനകളെല്ലാം ഒത്ത ഒരു മൃഗത്തിനെ അറുത്ത്‌ വിൽക്കപ്പെടുന്ന മാംസത്തിൽ നിന്ന് ഏഴിൽ ഒരു ഭാഗം ഉള്‌ഹിയ്യത്തിനെന്ന കരുത്തോടു കൂടി വാങ്ങി സദഖ ചെയ്‌താൽ അത്‌ ഉള്‌ഹിയ്യത്താവുമോ?

അറുത്ത മൃഗത്തിന്റെ ഏഴിൽ ഒരു ഭാഗം വാങ്ങി ധർമ്മം ചെയ്‌താൽ അത്‌ ഉള്‌ഹിയ്യത്തായി കെട്ടുപെടുകയില്ല. നിബന്ധനകളെല്ലാം ഒത്തിണങ്ങിയ ഒരു മൃഗത്തിന്റെ ഏഴിൽ ഒരു ഭാഗം അത്‌ ഉള്‌ഹിയ്യത്തിന്റെ കരുത്തോടെ അറുത്താൽ അത്രയും ഭാഗം ഉള്‌ഹിയ്യത്തായി കെട്ടുപെടുന്നതും മാംസത്തിന്റെ ഏഴിൽ ഒരംശത്തെ ഉള്‌ഹിയ്യത്തിന്റെ മാംസം പോലെ കൈകാര്യം ചെയ്യപ്പെടേണ്ടതുമാണ്‌. തുഹ്ഫ: 9-349 നോക്കുക.

( താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 246_)


ശവ്വാലിൽ മക്കത്തുളളവനു ഹജ്ജു നിർബന്ധം?

ഒരു പാവപ്പെട്ട മനുഷ്യന് എങ്ങനെയോ ഉംറ നിർവ്വഹിക്കാനുളള അവസരം ലഭിക്കുകയും അയാൾ റമളാനിൽ ഉംറക്കു പോകുകയും ശവ്വാൽ മാസം രണ്ടിനു മക്കയിൽ നിന്നും തിരിച്ചു വരുകയും ചെയ്തു. ഇയാൾ ശവ്വാലിൽ രണ്ടു ദിവസം മക്കത്തുണ്ടായി എന്ന കാരണം കൊണ്ടു മാത്രം അയാൾക്കു ഹജ്ജു നിർബന്ധമായോ? ജീവിതകാലം ഹജ്ജു ചെയ്യാനുളള കഴിവ് ലഭിക്കാതെ അയാൾ മരണപ്പെട്ടാൽ ഈ പ്രശ്നം കൊണ്ടു ദോഷിയായിട്ടാണോ മരിക്കുന്നത്. 

എങ്ങനെയോ ഉംറക്ക് എത്തിപ്പെട്ട അദ്ദേഹത്തിന് അനുവദിക്കപ്പെട്ട തിയ്യതി കഴിഞ്ഞാൽ നാട്ടിലേക്കു മടങ്ങിപ്പോരാതെ പറ്റില്ലല്ലോ. ഇനി ഹജ്ജു ചെയ്യണമെങ്കിൽ വീണ്ടും ഇവിടെ നിന്ന് അങ്ങോട്ടെത്താനും മടങ്ങിപ്പോരാനും മറ്റുമുളള കഴിവ് വേണം. അതില്ലാതെ അയാൾക്കു ഹജ്ജ് നിർബന്ധമാകുകയില്ല. ശവ്വാൽ മാസം ഹജ്ജിന്റെ മാസമാണെന്നതു കൊണ്ടും ആ മാസത്തിൽ രണ്ടു ദിവസമോ അതല്ലെങ്കിൽ ആ മാസം മുഴുവനുമോ മക്കത്തുണ്ടായിരുന്നുവെന്നതു കൊണ്ടും ഒരാൾക്ക് ഹജ്ജ് നിർബന്ധമാകുകയില്ല. ഹജ്ജു ചെയ്യാൻ സൗകര്യപ്പെടും വിധം അങ്ങോട്ടെത്താനും അവിടെ നിൽക്കാനും മടങ്ങാനുമെല്ലാം സാമ്പത്തിക ശേഷിയടക്കം കഴിവുണ്ടെങ്കിൽ മാത്രമേ ഹജ്ജു നിർബന്ധമാകുകയുളളൂവെന്നു വ്യക്തമാണ്. ഈ കഴിവില്ലാതെ അയാൾ മരണപ്പെട്ടാൽ അയാൾ ദോഷിയായി മരിക്കുന്ന പ്രശ്നവുമില്ല. തുഹ്ഫ: ശർവാനി സഹിതം 4-12 നോക്കുക.

(മൗലാനാ നജീബ്‌ ഉസ്താദ്‌ - നുസ്രത്തുൽ അനാം മാസിക 2015 നവംബർ)


ഉള്ഹിയ്യത്തിനുളളതാണെന്നു പറഞ്ഞാൽ?

ഉള്ഹിയ്യത്തറുക്കുന്നതിനായി ഒരു മൃഗത്തെ വാങ്ങിച്ചു കൊണ്ടു വരുമ്പോൾ 'ഇത് ഉള്ഹിയ്യത്തിനുളള മൃഗമാണോ' എന്നു ചിലർ ചോദിച്ചു. 'അതെ, ഉള്ഹിയ്യത്തിനുളളതാണ്' എന്നു മറുപടിയും പറഞ്ഞു. ഇനി ഈ മൃഗത്തെ ഉള്ഹിയ്യത്തറത്താൽ മുഴുവൻ മാംസവും സാധുക്കൾക്ക് കൊടുക്കൽ നിർബന്ധമുണ്ടോ?

ഇല്ല. പ്രസ്തുത മറുപടിയിൽ ആ മൃഗത്തെ ഉള്ഹിയ്യത്താക്കി നിശ്ചയിക്കൽ വ്യക്തമല്ലല്ലോ. അതിനാൽ, ഉള്ഹിയ്യത്തറക്കാൻ ഉദ്ദേശിച്ചു വാങ്ങിയതാണെന്ന അർത്ഥത്തിൽ പറഞ്ഞതാണെങ്കിൽ ഇതു നിർബന്ധമായ ഉള്ഹിയ്യത്താവുകയില്ല. സാധാരണ സുന്നത്തായ ഉള്ഹിയ്യത്തിന്റെ മാംസം പോലെ ഇതിനെ കെെകാര്യം ചെയ്യാവുന്നതാണ്. തുഹ്ഫ: 9-355,356 നോക്കുക.

(മൗലാനാ നജീബ്‌ ഉസ്താദിന്റെ ഫത്‌വാ സമാഹാരമായ 'പ്രശ്നോത്തര'ത്തിൽ നിന്നും)


അലങ്കാര ദിനം:

ഹജ്ജിന്റെ പാഠത്തിൽ പറയപ്പെടുന്ന  يوم الزينة ഏതാണ്?  അങ്ങനെ പേര് വരാൻ കാരണമെന്ത്?

ദുൽഹിജ്ജ ഏഴാം നാളിനാണ് *അലങ്കാര നാൾ (يوم الزينة)* എന്ന് പറയപ്പെടുന്നത്. അന്നേദിവസം ഹജ്ജിന്റെ മുന്നോടിയായി അവർ തങ്ങളുടെ ഒട്ടകപ്പുറത്തെ കൂടാരങ്ങളെ അലങ്കരിച്ചിരുന്നത് കൊണ്ടാണ് ആ പേര് വന്നത് (തുഹ്ഫ:  4-103).

(നുസ്രത്തുൽ അനാം മാസിക 2015: നവംബർ)


21 പേർ ചേർന്ന് 3 കാളകളെ അറുത്താൽ:

21 പേരു പങ്കുചേർന്നു മൂന്നു കാളകളെ വാങ്ങി ഉള്ഹിയ്യത്തറുത്തു. എന്നാൽ ഏഴു പേർ ചേർന്ന് ഒന്നിനെ ഉള്ഹിയ്യത്തറുത്തതായി പരിഗണിക്കപ്പെടുമോ?

പരിഗണിക്കപ്പെടുകയില്ല. ഇരുപത്തൊന്നു പേരുടെയും 1/7 വ്യക്തമല്ലാതെ, ആ മൂന്നു മൃഗങ്ങളിലായി വ്യാപിച്ചു കിടക്കുകയാണല്ലോ. ഓരോ ഏഴു പേരുടെയും മൃഗം ഇന്നതാണെന്നു വ്യക്തമാകണം. തുഹ്ഫ: ശർവാനി സഹിതം 9-349.

(ചോദ്യോത്തരം പംക്തി - നുസ്രത്തുൽ അനാം 1992 ജൂലായ്)


അറഫയിൽ വാരിദായ ദിക്ർ?

അറഫയിൽ നില്ക്കുന്ന വേളയിൽ പ്രത്യേകം വല്ല സൂറത്തുകളും ദിക്റുകളും വാരിദായതുണ്ടോ? ഖുർആനും തസ്ബീഹും വർദ്ധിപ്പിക്കണമെന്നുണ്ടല്ലോ.

ഉണ്ട്. തഹ്ലീൽ, തക്ബീർ, തൽബിയത്ത്, തസ്ബീഹ്, ഖുർആൻ പാരായണം, നബിയുടെ മേൽ സ്വലാത്ത് ആദിയായവ വർദ്ധിപ്പിക്കൽ സുന്നത്തുണ്ട്. സൂറത്തുൽ ഹശ്റ്, ഖുൽഹുവല്ലാഹു 100 പ്രാവശ്യം /1000 പ്രാവശ്യം എന്നിവ വാരിദായിട്ടുണ്ട്.

سبحان الذي في السماء عرشه ، سبحان الذي في الارض موطأه، سبحان الذي في البحر سبيله، سبحان الذي في الجنة رحمته، سبحان الذي في النار سلطانه، سبحان الذي في الهواء روحه، سبحان الذي في القبور قضاءه، سبحان الذي رفع السما، سبحان الذي وضع الارض، سبحان الذي لا ملجأ ولا منجي منه الا اليه

എന്ന തസ്ബീഹ് 1000 പ്രാവശ്യം ചൊല്ലിയാൽ ചോദിക്കുന്നതിനെല്ലാം ഉത്തരം കിട്ടുമെന്നും ഹദീസിൽ വന്നിട്ടുണ്ട്. ഹാശിയത്തുൽ കുർദി. 2-252

(മൗലാനാ നജീബ് ഉസ്താദിൻ്റെ ചോദ്യോത്തരം പംക്തി - നുസ്റത്തുൽ അനാം മാസിക 2014 സെപ്തംബർ)


ദുൽഹിജജ: 10ന്  റമളാൻ 10 നേക്കാൾ പുണ്യമോ?

അറഫ ദിവസത്തിനു മുമ്പുള്ള എട്ട് ദിവസം നോമ്പനുഷ്ഠിക്കലും ബലപ്പെട്ട സുന്നത്താണ് എന്ന് പറഞ്ഞതിന്റെ ശേഷം ഫത്ഹുൽ മുഈനിൽ പറയുകയാണ് റംസാനിലെ അവസാനത്തെ പത്തിനേക്കാളും ദുൽഹിജ്ജ:10 ശ്രേഷ്ടമാണെന്ന് ജനിപ്പിക്കുന്ന സ്വഹീഹായ ഹദീസുണ്ടായതാണിതിന്ന് കാരണം എന്ന്. എന്നാൽ റമസാൻ അവസാനത്തെ പത്തിനാണ് മറ്റെല്ലാകാലത്തേക്കാളും ശ്രേഷ്ടത എന്ന് തെളിയിക്കുന്ന സ്വഹീഹായ ഹദീസുകൾ വേറേയും ഉള്ളതല്ലെ ? ഒന്ന് വിശദീകരിച്ചാലും ?

ചോദ്യത്തിൽ സൂചിപ്പിച്ച ഹദീസിന്റെ അടിസ്ഥാനത്തിൽ ദുൽഹജ്ജയിലെ ആദ്യത്തെ എട്ടു ദിവസം വ്രതമനുഷ്ടിക്കൽ ബലപ്പെട്ട സുന്നത്താണെന്ന് പ്രസ്താവിക്കുകയാണ് ഫത്ഹുൽ മുഈൻ ചെയ്തത്. അല്ലാതെ ദുൽഹജ്ജ്‌ പത്ത്‌ വരെയുള്ള കാലത്തിനാണ് റമസാൻ അവസാന പത്തിനേക്കാളും ശ്രേഷ്ടത എന്ന് പ്രഖ്യാപിക്കുകയല്ല. എന്നാൽ ദുൽഹജ്ജയിലെ ആദ്യത്തെ പത്ത് ദിവസങ്ങൾക്ക് ഇതര ദിവസങ്ങളേക്കാളെല്ലാം ശ്രേഷ്ടതയുണ്ടെന്ന് ജനിപ്പിക്കുന്ന ഹദീസുണ്ടെങ്കിലും ആ ഹദീസിന്റെ വിവക്ഷ റമസാനിലെ ദിനരാത്രികൾ ഒഴിച്ച് മറ്റു ദിവസങ്ങളേക്കാൾ ദുൽഹജ്ജയിലെ പത്തു ദിവസങ്ങൾക്ക് ഉത്കൃഷ്ടതയുണ്ടെന്ന് മാത്രമാണ്. ഇത് കാര്യകാരണ സഹിതം തുഹ്ഫഃ 3-454ൽ വിവരിച്ചിട്ടുണ്ട്.

(ഫതാവാ നുസ്രത്തുൽ അനാം ഭാഗം 5 പേജ്: 120,121 - ശൈഖുൽ ഉലമാ എൻ.കെ ഉസ്താദ് - മൗലാനാ നജീബുസ്താദ്)


ഷെയർ ഉള്‌ഹിയ്യത്ത്‌:

നിബന്ധനയൊത്ത ഒരു മൃഗത്തെ ഏഴുവരെ ആളുകൾക്ക് ഉള്ഹിയ്യത്ത് അറുക്കാമല്ലോ. എന്നാൽ 23 പേർ 1250 രൂപ വീതം  തുല്യ ഷെയറെടുത്ത് 28750 രൂപക്ക് നാല് പോത്തുകളെ വാങ്ങി ഉള്ഹിയ്യത്ത് അറുത്താൽ ഇത് ശരിയാകുമോ.? അപ്രകാരം ഉള്ഹിയ്യത്തിന്റെ തോല് വിറ്റ് അതിന്റെ പെെസ ധർമ്മം ചെയ്യുന്ന പതിവ് ഇവിടങ്ങളിൽ നടപ്പുണ്ട്. വിറ്റു കിട്ടുന്ന പെെസ ഖത്വീബ്, മുക്രി, മുഅല്ലിംകൾ തുടങ്ങിയവർക്കും നൽകാറുണ്ട്. ഇത് ശരിയാകുമോ? ഇല്ലെങ്കിൽ അങ്ങനെ ലഭിച്ച പെെസ തിരിച്ചു കൊടുക്കേണ്ടതുണ്ടോ

ചോദ്യത്തിൽ പറഞ്ഞ രൂപത്തിൽ ഒരു മാടിൽ ഏഴു പേർ ഷെയറാവുക എന്നതില്ലല്ലോ. നാലു പോത്തിൽ 23 പേർ പങ്കുകാരാകുന്നുവെന്നേയുള്ളൂ. ഇതു സാധുവാകുകയില്ല. ഒരാളെ തൊട്ടും ഇത് ഉള്ഹിയ്യത്തായി സംഭവിക്കുകയുമില്ല. കാരണം, ഒരു മാടിന്റെയോ ഒട്ടകത്തിന്റെയോ ഏഴിൽ ഒരു ഭാഗം അഥവാ അതിൽ കൂടുതൽ ഒരാളെത്തൊട്ട് അറത്താലേ ഉള്ഹിയ്യത്തായി സംഭവിക്കുകയുള്ളൂ. തുഹ്ഫ: ശർവാനി സഹിതം: 9-349.

ഉള്ഹിയ്യത്തിന്റെ തോല് സുന്നത്തായ ഉള്ഹിയ്യത്താണങ്കിൽ ഉടമക്ക് ഉപയോഗിക്കാമെന്നല്ലാതെ അതു വിൽപ്പന നടത്താൻ ഉടമക്കോ ഉടമയുടെ അനന്തരാവകാശികൾക്കോ പാടുള്ളതല്ല. നിർബന്ധമായ ഉള്ഹിയ്യത്താണെങ്കിൽ സ്വന്തം ഉപയോഗിക്കാനും പാടില്ല. സ്വദഖ ചെയ്യുക തന്നെ വേണം. വില്പന ഏതായാലും ഹറാമാണ്. വിറ്റാൽ അതു സാധുവാകുകയുമില്ല. തുഹ്ഫ: 9-365 നോക്കുക. അപ്പോൾ വിറ്റു കിട്ടുന്ന പണം അസാധുവും നിഷിദ്ധവുമായ ഇടപാടിലൂടെ നേടുന്നതാണ്. വിറ്റവൻ അന്യന്റെ അവകാശത്തിന്മേൽ കയ്യേറ്റം നടത്തുന്നവനെപ്പോലെയായി. എന്നിരിക്കെ അതു ദാനമായി നൽകുന്നതും അസാധുവാണ്. നിലയറിയുന്നവർക്ക് ആ ദാനം സ്വീകരിക്കാവതല്ല. അറിയാതെ സ്വീകരിച്ചത് സ്ഥിതി അറിഞ്ഞാൽ ഉപയോഗിക്കാവതുമല്ല. സവാജിർ : 1-169,187 നോക്കുക.

(നുസ്രത്തുൽ അനാം മാസിക , 2005 നവംബർ - ഡിസംബർ)


ആർത്തവകാരിയുടെ ഹജ്ജ്‌

ആർത്തവ സമയത്തു ഹജ്ജുകർമ്മം നിർവ്വഹിക്കാൻ പറ്റുമോ? 

പറ്റും. ഹജ്ജു കർമ്മങ്ങളിൽ കഅ്ബ: ത്വവാഫു ചെയ്യൽ അല്ലാത്ത എല്ലാ കാര്യങ്ങളും ആർത്തവത്തോടെ തന്നെ നിർവ്വഹിക്കാം. എന്നാൽ, ഹജ്ജിന്റെ ഘടകമായ ത്വവാഫു ചെയ്യാതെ ഹജ്ജിൽ നിന്നു വിരമിക്കൽ (തഹല്ലുൽ) സാധ്യമല്ല. അതു പക്ഷേ, ശുദ്ധിയാകും വരെ കാത്തിരുന്നു നിർവ്വഹിക്കുകയും ചെയ്യാവുന്നതാണ്. ദുൽഹിജ്ജ: പത്താം രാവു പകുതിയായേടം മുതൽ അതിന്റെ സമയം ആകുമെങ്കിലും അതിന്റെ സമയം അവസാനമില്ലാതെ തുടരുന്നതാണ്. തുഹ്ഫ : 4 - 123.

( മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഒന്നാം ഭാഗം. പേജ്‌: 115_ )


കല്ലേറിന്റെ മുമ്പ്‌ വദാഇന്റെ ത്വവാഫ്‌

ഹജ്ജു ചെയ്തു. കല്ലേറിന്റെ മുമ്പാണു വദാഇന്റെ ത്വവാഫ് ചെയ്തത്. എന്തു വേണം? ബാത്വിലായോ?

മക്കയിൽ നിന്നു തിരിച്ച് വരുമ്പോൾ ചെയ്യുന്ന ത്വവാഫിനാണു 'വദാഇന്റെ ത്വവാഫ്' എന്നു പറയുന്നത്. അതുതന്നെയാണു പ്രശ്നത്തിലെയും ഉദ്ദേശ്യമെങ്കിൽ അതു കഴിഞ്ഞ ഉടനെ മക്ക വിട്ടിരിക്കുമല്ലോ. ദുൽഹിജ്ജ: 10,11,12,13 എന്നീ നാലു ദിവസങ്ങൾ കഴിഞ്ഞശേഷം കല്ലേറുകൾ വീണ്ടെടുക്കാൻ നിർവ്വാഹമില്ല. അതിനാൽ കല്ലേറുകൾ തീർത്തും ഒഴിവാക്കിയയാൾ അതിനു പ്രായശ്ചിത്തമായി അറവ് (ദമ്) നടത്തുകയാണു പരിഹാരമാർഗ്ഗം. അതല്ല, മിനായിൽ നിന്നു തിരിച്ചെത്തി മക്കയിൽ ചെന്നു നടത്തുന്ന ഹജ്ജിന്റെ ഫർളായ ത്വവാഫാണു താങ്കളുദ്ദേശിച്ചതെങ്കിൽ അതിന് ഇഫാളത്തിന്റെ ത്വവാഫ് എന്നാണു പറയുക. ദുൽ ഹിജ്ജഃ 10 നാണ് ഇതു നടത്തിയതെങ്കിൽ ഏറ് അതിനുശേഷം നടത്തിയാലും മതി. ഇനി മേൽ പറഞ്ഞ പ്രകാരം കല്ലേറിന്റെ സമയം കഴിഞ്ഞതിനാൽ അതു വീണ്ടെടുക്കാൻ പറ്റാതെ വന്നാൽ അതൊഴിവാക്കിയതിന്റെ പേരിലുള്ള ദമ് (അറവ്) കൊണ്ടു പരിഹരിക്കുക തന്നെയാണ് ഇവിടെയും മാർഗ്ഗം. മിക്ക ഫിഖ്ഹ് ഗ്രന്ഥങ്ങളിലും ഇതു വിവരിച്ചിട്ടുണ്ട്.

( _മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഒന്നാം ഭാഗം: പേജ്: 116_ )


പ്രായമാകാത്ത മൃഗത്തെ നേർച്ചയാക്കിയാൽ:

ഉള്ഹിയ്യത്തിന്റെ പ്രായമെത്താത്ത ഒരാട്ടിൻ കുട്ടിയെ ഉള്ഹിയ്യത്തറുക്കാൻ നേർച്ചയാക്കുകയും ചില മതപണ്ഡിതന്മാരുടെ നിർദ്ദേശമനുസരിച്ച് അടുത്ത വലിയ പെരുന്നാൾക്ക് അറുക്കാൻ ഒരുങ്ങുകയും ചെയ്തപ്പോൾ മറ്റു ചിലർ അത് പ്രായമെത്തിയിട്ട് അറുത്താൽ മതിയെന്ന് പറയുകയും അതനുസരിച്ച് അതിനെ അറുക്കാതിരിക്കുകയും ചെയ്തു. ഇതിന്റെ മതവിധി എന്ത്?

ഉള്ഹിയ്യത്തിന്റെ പ്രായമെത്താത്തതോ അംഗഭംഗം മുതലായ കാരണങ്ങൾ കൊണ്ട് ഉള്ഹിയ്യത്തിന് പറ്റാത്തതോ ആയ മൃഗങ്ങളെ ഉള്ഹിയ്യത്തറുക്കാൻ നേർച്ചയാക്കിയാൽ അതിനടുത്തു വരുന്ന വലിയ പെരുന്നാൾക്കോ അയ്യാമുത്തശ്രീഖിന്റെ ദിവസങ്ങളിലോ (ദുൽഹിജ്ജ 11, 12, 13 എന്നീ ദിവസങ്ങൾ) തന്നെ അതിനെ അറുക്കേണ്ടതും പിന്തിക്കാൻ പാടില്ലാത്തതുമാണ്. തുഹ്ഫ: 9-351-55 നോക്കുക. ലോകാവസാനം ജനങ്ങൾ വിഡ്ഢികളെ നേതാക്കളായി സ്വീകരിക്കുകയും അവർ വിവരമില്ലാതെ ഫത്'വാ ചെയ്യുകയാൽ അവർ സ്വമേധയാ വഴിപിഴക്കുകയും മറ്റുള്ളവരെ വഴി പിഴപ്പിക്കുകയും ചെയ്യുമെന്ന റസൂലി(സ)ന്റെ പ്രവചനത്തിന്റെ പുലർച്ചയാണെന്നേ പ്രസ്തുത ആട്ടിൻകുട്ടിയെ പ്രായമെത്തിയാൽ അറുത്താൽ മതിയെന്ന് ഫത്'വ നൽകുകയും അതനുസരിച്ച് അറുക്കാതിരിക്കുകയും ചെയ്തവരെപ്പറ്റി പറയാനുള്ളൂ.

( _താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ.കെ. സദഖത്തുല്ല മൗലവി(റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 215_)


പുള്ളിയുള്ള മൃഗത്തെ ഉള്ഹിയ്യത്ത് അറുക്കാമോ

പ്രസവിക്കുമ്പോൾ തന്നെ പുള്ളിയുള്ള മൃഗങ്ങളെ ഉള്ഹിയ്യത്ത് അറുക്കുന്നതിന് വിരോധമുണ്ടോ?

ചോദ്യത്തിൽ പറഞ്ഞ പുള്ളി, മൃഗങ്ങൾക്ക് ഐബ് ആയി എണ്ണാവുന്നതല്ല. അതുകൊണ്ട് അവയെ ഉള്ഹിയ്യത്ത് അറുക്കാവുന്നതാണ്. പക്ഷേ, ഒറ്റവർണ്ണമുള്ളതാണ് അത്യുത്തമം (തുഹ്ഫ: 9-350).

( _താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ.കെ. സദഖത്തുല്ല മൗലവി(റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 164_)


ഗർഭിണി മൃഗം ന്യൂനതയോ?

ഉടമസ്ഥന്റെ തൃപ്തിയില്ലാതെ ഗർഭിണിയായ മൃഗത്തെ സക്കാത്തായി പിടിക്കരുതെന്നും അവർ തൃപ്തിപ്പെട്ടു നല്കുകയാണെങ്കിൽ പറ്റുമെന്നും നല്ലതാണെന്നും കാണുന്നു. പ്രത്യേകം തീറ്റ കൊടുത്ത് വളർത്തുന്ന മൃഗത്തെപ്പോലെത്തന്നെ ഇതിനും മുന്തിയ സ്ഥാനവും വിലയും ഉള്ളതുകൊണ്ട് ഇതിനെ പിടിക്കുമ്പോൾ ഉടമസ്ഥന് വിഷമകരമാകുമെന്നതാണ് ഇതിനു കാരണം പറയുന്നത്. എന്നാൽ ഇവിടെ മുന്തിയതും നല്ലതുമായി ഗണിക്കുന്ന ഗർഭിണിയായ മൃഗം ഉളുഹിയ്യത്തിന് പറ്റില്ലെന്ന് പറഞ്ഞതിന്റെ കാരണമെന്ത്?

അറക്കപ്പെടുന്ന മൃഗത്തിന്റെ മാംസമാണ് ഉള്ഹിയ്യത്തിന് ലക്ഷ്യമാക്കുന്നത്. ഗർഭിണിയുടെ മാംസം താഴ്ന്നതും ജനങ്ങൾ വെറുക്കുന്നതുമാണല്ലോ. ഇതുകൊണ്ടാണു ഗർഭിണിയെ ഉള്ഹിയ്യത്തിന് പറ്റില്ലെന്നും ന്യൂനതയാണെന്നും പറഞ്ഞത്. സകാത്തിൽ മാംസമെന്നോ മറ്റോ ഉപാധികളില്ലാതെ മൃഗത്തിൽ നിന്നുണ്ടാകുന്ന നേട്ടങ്ങളാണു ലക്ഷ്യം. വില കൂടുതലാവുക പോലുള്ള നേട്ടങ്ങൾ ഗർഭിണിയിൽ അധികമാണെന്നു വ്യക്തമാണല്ലോ. അപ്പോൾ രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. തുഹ്ഫ: 3-227.

(മൗലാനാ നജീബ് ഉസ്താദിൻ്റെ ഫത്'വാ സമാഹാരമായ പ്രശ്നോത്തരം: ഭാഗം 3 പേജ് 116)


ഉള്‌ഹിയ്യത്തിൽ രണ്ടും നാലും ഷെയർ പറ്റില്ലേ?

രണ്ടാൾ ചേർന്ന് ഒരു മാടിനെ ഉള്‌ഹിയ്യത്തറക്കാൻ പാടില്ലെന്ന് ചിലർ പ്രചരിപ്പിക്കുന്നു. അപ്പോൾ മൂന്നര വിഹിതമായി മാറുമെന്നാണ്‌ അവർ തടസ്സം പറയുന്നത്‌. അത്‌ പോലെ നാലാൾ ചേർന്ന് ഒരു മാടിനെ അറക്കുമ്പോളും ഓരോരുത്തരുടെയും ഷെയർ ഒന്നേമുക്കാൽ വീതമാകുന്നത്‌ കൊണ്ട്‌ അതും പറ്റില്ലെന്നാണ്‌ ഇവരുടെ വാദം. ശരിയെന്താണ്‌? ഇതിൽ കുഴപ്പമുണ്ടോ?

മാടും ഒട്ടകവും ഏഴു പേരെ തൊട്ട്‌ മതിയാകുമെന്ന് ഫുഖഹാഅ്  പറഞ്ഞതിന്റെ ഉദ്ദേശ്യം ഏഴിൽ കൂടുതൽ പേർ അതിൽ ഷെയറായാൽ പറ്റില്ലെന്നാണ്‌. അതായത്‌ ഒരാളുടെ ഷെയർ ഏഴിലൊന്നിനെക്കാൾ ചുരുങ്ങാവതല്ലെന്ന്. തുഹ്ഫ: 9-349. അല്ലാതെ ഏഴിൽ ഒന്നോ അതിന്റെ ആവൃത്തികളോ മാത്രമേ ഷെയറായി പരിഗണിക്കപ്പെടുകയുള്ളൂവെന്നല്ല. രണ്ടാൾ ചേർന്ന് ഒരു മാടിനെ അറക്കുമ്പോൾ അതിൽ രണ്ടു പേരുടെയും ഷെയർ പകുതി വീതമാണ്‌. നാലു പേർ ചേർന്നറക്കുമ്പോൾ ഓരോ ഷെയർ നാലിൽ ഒന്ന് വീതമാണ്‌. അല്ലാതെ ഓരോ ബലിമൃഗത്തെയും ഏഴിൽ ഒന്നായി വീതം വെക്കപ്പെടണമെന്നല്ല. ഒരു മാടിന്റെ ഏഴിൽ ഒന്ന് ഒരാളുടെ ഉള്‌ഹിയ്യത്തായി മതിയാവുകയും സാധുവാകുകയും ചെയ്യുമ്പോൾ അതിന്റെ രണ്ടിൽ ഒന്നും നാലിൽ ഒന്നും ഏതായാലും ഉള്‌ഹിയ്യത്തായി സാധുവാകുന്നതാണ്‌. 

(മൗലാനാ നജീബ്‌ ഉസ്താദിൻ്റെ ചോദ്യോത്തരം പംക്തി, നുസ്രത്തുൽ അനാം മാസിക. 2012 നവംബർ)


നേർച്ച ഉള്ഹിയ്യത്തിൽ നിന്ന് ഭക്ഷിക്കൽ:

ഒരാൾ ഉള്ഹിയ്യത്തു നേർച്ചയാക്കിയാൽ അയാൾക്കോ അയാളുടെ ഭാര്യക്കോ മക്കൾക്കോ പിതാവിനോ മാതാവിനോ അതിൽ നിന്നു ഭക്ഷിക്കാമോ? ഉദ്ധരണി സഹിതം മറുപടി തരുമോ?

നേർച്ചയാക്കിയ ആൾക്കോ അയാൾ ചെലവുകൊടുക്കൽ നിർബന്ധമായ ഭാര്യ, മക്കൾ, മാതാപിതാക്കൾ പോലുള്ളവർക്കോ നേർച്ച ഉള്ഹിയ്യത്തിൽ നിന്ന് അൽപം പോലും ഭക്ഷിക്കൽ അനുവദനീയമല്ല. അയാൾ ചെലവു കൊടുക്കൽ നിർബന്ധമില്ലാത്ത വലിയ മക്കൾക്കോ മാതാപിതാക്കൾക്കോ തിന്നാവുന്നതുമാണ്. ബാജൂരി 2-306.

(മൗലാനാ നജീബ് ഉസ്താദിൻ്റെ ഫത്'വാ സമാഹാരമായ പ്രശ്നോത്തരം: ഭാഗം 3, പേജ്: 23)


No comments:

Post a Comment