Saturday 31 July 2021

രാജാവിന്റെ ചിരി, വൃദ്ധയുടെ കണ്ണീർ

 

ഇസ്രായീൽക്കാരിയായ ഒരു സാധു സ്ത്രീ താമസിച്ചിരുന്നതു കൊട്ടാരത്തിന്നു തൊട്ടടുത്താണ്. ഇതൊരു വൃത്തികേടായി രാജാവിന്നു തോന്നി

തന്റെ കൊട്ടാരത്തിന്നു ഒരു പുഴുക്കുത്താണാ ചെറ്റക്കുടിൽ. തട്ടണമത്.

സ്ത്രീ സമ്മതിച്ചില്ല. എന്തു കൊടുത്താലും ഇരിക്കക്കൂര പൊളിക്കാൻ സമ്മതിക്കില്ലെന്നവർ തീർത്തു പറഞ്ഞു. ഒരു ദിവസം സ്ത്രീ സ്ഥലത്തില്ലാത്ത സമയത്ത് രാജാവതു തട്ടി നിരത്തി.

സ്ത്രീ വന്നു കുറെ കരഞ്ഞു. അവർ അവിടെ തന്നെ ഇരിപ്പായി. രാജാവു പുറത്തിറങ്ങിയപ്പോൾ അവളെ കണ്ടു. എന്താണിവിടെ ഇരിക്കുന്നത്? നിന്റെ കൊട്ടാരം തകരുന്നതു കാണാൻ ഇതായിരുന്നു മറുപടി. രാജാവ് പൊട്ടിച്ചിരിച്ച് കടന്നു പോയി.

അന്നു രാത്രി ആ കൊട്ടാരം രാജാവോടൊപ്പം ഭൂമി വിഴുങ്ങി. അവിടെ ചുമരിൽ ഇങ്ങനെ എഴുതിയതു കണ്ടു. 

ഹേ! വിഡ്ഢീ പ്രാർത്ഥനയെന്ന് അമ്പിനെ പരിഹസിക്കുന്നുവോ? ഇതാണ് പ്രാർത്ഥനാശക്തി. നിന്റെ വിധി. ആധിപത്യം നശ്വരം. രാത്രിയിലെ അമ്പുകൾ പിഴക്കില്ല.


ഉൽബോധനം:- അന്യന്റെ അവകാശത്തിൽ സമ്മതം കൂടാതെ കൈയിടൽ, കൈയേറ്റം ചെയ്യൽ എന്നിവ അക്രമമാണ്. അതു ഹറാമെന്നു ഖുർആനും, സുന്നത്തും, ഇജ്മാഉം പറയുന്നു. ഹലാലെന്നു കരുതിയവൻ കാഫിർ. അതൊരു മണി ധാന്യമാണെങ്കിലും ശരി.


ഈസാ നബി (അ) ഒരു മഖ്ബറയിലൂടെ പോകുമ്പോൾ ഒരു മയ്യത്തു എഴുന്നേറ്റു. നീയാരെന്നു ചോദിച്ചപ്പോൾ അയാൾ പറഞ്ഞു. ഞാൻ ഒരു ചുമട്ടുകാരനായിരുന്നു. ഒരു ദിവസം ഒരാൾക്കു വിറകു കൊണ്ടു പോകുമ്പോൾ അതിൽ നിന്നു പല്ലിൽ കുത്താൻ ഒരു കൊള്ളിയെടുത്തു. അതിന്റെ വിചാരണ ഇന്നോളം നീണ്ടു.

അക്രമം പോലെ അതിന്നു അരു നിൽക്കലും അതൊരു വാക്കു കൊണ്ടാണെങ്കിലും ശരി- ഹറാം. 

അക്രമിയെ സഹായിക്കാൻ പിന്നാലെ നടക്കുന്നവന്ന് ഖിയാമം നാളിൽ മുട്ടു വിറക്കുകയും അവനെ സിറാത്തിൽ നിന്നു അല്ലാഹു വ്യതിചലിപ്പിക്കുകയും ചെയ്യുമെന്നു നബിയരുളി.

ഒരു നാൾ വിളിക്കും -എവിടെ അക്രമികളും അവരുടെ സഹായികളും, പിന്നാലെ നടക്കുന്ന വരും പേനകൊണ്ടോ, മഷികൊണ്ടോ അവരെ സഹായിച്ചവർ എവിടെ? അവരെയൊക്കെ ഒരു പെട്ടിയിലാക്കി നരകത്തിലെറിയുമെന്നു അബൂ ഹുറൈറ പറഞ്ഞു. 

നബി (സ) പറഞ്ഞതാണെന്നുമുണ്ട്. കഠിനശിക്ഷയായി ഇടുങ്ങിയ പെട്ടിയിലടക്കുമ്പോൾ, നമ്മോളം വേദനാജനകമായ ശിക്ഷ മറ്റാർക്കുമുണ്ടാവില്ലെന്നവർ കരുതുമെന്നു ഇമാമുകൾ പറയുന്നു.

No comments:

Post a Comment