Saturday 10 July 2021

ദുൽഹിജ്ജിലെ പവിത്രമായ പത്ത് ദിനങ്ങൾ

 

ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: അല്ലാഹുﷻവിന്റെ അടുക്കല്‍ ഈ  ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളെക്കാൾ ശ്രേഷ്ഠമായ മറ്റു ദിവസങ്ങളില്ല.

ഈ ദിവസങ്ങളിലുള്ളതിനേക്കാള്‍ അവന്ന് സന്തുഷ്ടകരമായ മറ്റു കര്‍മങ്ങളുമില്ല. അതിനാല്‍ പ്രസ്തുത ദിവസങ്ങളില്‍ നിങ്ങള്‍ തഹ്‌ലീലിനെയും തക്ബീറിനെയും മറ്റു ദിക്‌റുകളെയും വര്‍ധിപ്പിക്കുക. കാരണം ഈ ദിവസങ്ങൾ തഹ്‌ലീലിന്റെയും തക്ബീറിന്റെയും  ദിക്‌റുകളുടെയും ദിവസങ്ങളാണ്.

അതിലെ ഓരോ ദിവസത്തെ നോമ്പിനും ഒരു വർഷം നോമ്പെടുത്ത പ്രതിഫലമാണ്. ഈ ദിവസങ്ങളില്‍ സല്‍ക്കര്‍മ്മങ്ങള്‍ക്ക് എഴുനൂറ് മടങ്ങ് പ്രതിഫലമുണ്ട്.(ശുഅ്‌ബുൽ ഈമാൻ:3481)


ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങള്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കേണ്ട ദിനങ്ങളാണ്. അതിലെ ഒമ്പത് ദവസവും നോമ്പെടുക്കൽ സുന്നത്താണെന്നും, ആ ദിനങ്ങളിൽ സൂറത്തുൽ ഫജ്ർ പാരായണം ചെയ്യൽ സുന്നത്താണെന്നും ഫത്ഹുൽ മുഈനിൽ കാണാം.

ദിവസങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ഠമായ ദിവസങ്ങൾ ഈ പത്ത് ദിനങ്ങളാണെന്ന് അറിയിക്കുന്ന ബുഖാരിയിലെ ഹദീസിനെ വ്യാഖ്യാനിച്ച് ഇബ്നുഹജരുൽ ഹൈതമി (റ) തുഹ്ഫയിൽ പറഞ്ഞു: "റമളാന്‍" മാസങ്ങളുടെ നേതാവാണെന്നും അതിന് മറ്റു മാസങ്ങളെക്കാള്‍ പോരിശ യുണ്ടെന്നും നിരവധി ഹദീസുകൾ കൊണ്ട് തെളിയിക്കപ്പെട്ടതാണ്. അതിനാൽ ഈ ഹദീസ് കൊണ്ട് ലഭിക്കുന്നത് റമളാന്‍ അല്ലാത്ത സമയങ്ങളില്‍ കൂടുതൽ പ്രതിഫലം ദുല്‍ ഹജ്ജിലെ ആദ്യ ഒമ്പത് ദിനങ്ങള്‍ക്കാണ് എന്നാണ്.


ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങളെ ആദരിക്കുന്നവർക്ക് ലഭിക്കുന്ന പത്ത് നേട്ടങ്ങൾ

ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദർ ജീലാനി (റ) പറയുന്നു: ആരെങ്കിലും ഈ പത്ത് ദിനങ്ങളെ (ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങൾ) ആദരിച്ചാൽ അല്ലാഹു ﷻ അവനെ പത്ത് നേട്ടങ്ങൾ കൊടുത്ത് ആദരിക്കും.

01) ആയുസ്സിൽ ബറകത്തുണ്ടാവും.

02) സമ്പത്തിൽ വർദ്ധനവുണ്ടാവും.

03) കുടുംബത്തെ സംരക്ഷിക്കപ്പെടും.

04) തെറ്റുകൾ പൊറുക്കപ്പെടും.

05) നന്മകൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കും.

06) മരണവേദന ലഘൂകരിക്കപ്പെടും.

07) (നന്മതിന്മകൾ തൂക്കപ്പെടുന്ന) തുലാസിൽ നന്മകൾക്ക് തൂക്കം കൂടും.

08) ഖബ്റിലെ ഇരുളിൽ പ്രകാശം ലഭിക്കും.

09) പദനങ്ങളിൽ (നരകത്തിൽ) നിന്ന് രക്ഷ ലഭിക്കും.

10) സ്ഥാനക്കയറ്റം ലഭിക്കും.(ഗുൻയത്ത്:42)


ഈ ദിനങ്ങളിൽ നന്മ ചെയ്യാൻ കഴിയാത്തവർക്ക് നഷ്ടം

അബുദ്ദർദാഅ്‌ (റ) പറയുന്നു: നിങ്ങൾ ദുൽഹിജ്ജയുടെ ആദ്യ പത്ത് ദിനങ്ങളിൽ നോമ്പെടുക്കുക. പ്രാർത്ഥനകളും ഇസ്തിഗ്ഫാറും സ്വദഖകളും വർധിപ്പിക്കുകയും ചെയ്യുക. കാരണം നബി ﷺ ഇപ്രകാരം പറയന്നത് ഞാൻ കേട്ടിട്ടുണ്ട്: "അയ്യാമുൽ അശ്റിലെ നൻമകൾ തടയപ്പെടുന്നവൻ നാശം." 

നിങ്ങൾ ദുൽഹിജ്ജ ഒമ്പതിന് പ്രത്യേകം നോമ്പെടുക്കുക. കാരണം ആ ദിനത്തിൽ എണ്ണി തിട്ടപ്പെടുത്തുന്നതിനെക്കാൾ അധികം നന്മകളുണ്ട്.(തൻബീഗുൽ ഗാഫിലീൻ)


കടം വീടാൻ ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങളിൽ ഇത് ഓതുക

അല്ലാമ അശ്ശൈഖ് അൽഹത്വാബുൽ മക്കി (റ) വിനെ തൊട്ട് ഉദ്ധരിക്കപ്പെടുന്നു. മഹാനവർകൾ പറഞ്ഞു: കടം വീടിക്കിട്ടാൻ ദുൽഹിജ്ജ മാസം ആദ്യ പത്ത് ദിനങ്ങളിൽ ഓരോ ദിവസവും നിശ്ചിത എണ്ണം കണക്കാക്കാതെ എത്രയാണോ സൗകര്യമാകുന്നത് അത്രയും തവണ താഴെ പറയുന്ന പ്രാർത്ഥന നടത്താൻ തേടപ്പെട്ടിരിക്കുന്നു.


اَللّٰهُمَّ فَرَجَكَ الْقَرِيبَ, اَللّٰهُمَّ سِتْرَكَ الْحَصِينَ, اَللّٰهُمَّ عَوَائِدَكَ الْحَسَنَةَ, اَللّٰهُمَّ عَطَاءَكَ الْحَسَنَ الْجَمِيلَ, يٰا قَدِيمَ الْإِحْسَانِ إِحْسَانَكَ الْقَدِيمَ, يٰا دَائِمَ الْمَعْرُوفِ مَعْرُوفَكَ الدَّائِمَ

(കൻസുന്നജാഹ്‌:282)




മുഹമ്മദ് ശാഹിദ് സഖാഫി

No comments:

Post a Comment