Saturday 10 July 2021

ഉബാദതുബ്നു സ്വാമിത്ത്(റ)

 

അൻസാരികളുടെ നേതാവും നായകനുമായിരുന്നു അബുൽവലീദ് ഉബാദത്തുബ്നുസ്വാമിത്ത് (റ). ഖസ്റജ് ഗോത്രക്കാരനായിരുന്നു അദ്ദേഹം...

ചരിത്രപ്രസിദ്ധമായ അഖബ ഉടമ്പടികളിൽ പങ്കെടുക്കുകയും തന്റെ ജനതയുടെ നേതൃത്വം വഹിക്കുകയും ചെയ്തു അദ്ദേഹം. ആദ്യം മദീനയിൽ നിന്ന് പന്ത്രണ്ട് പേർ മക്കയിൽ വരികയും ഇസ്ലാം സ്വീകരിച്ച് നബിﷺയുമായി സഹായ വാഗ്ദാനം നടത്തുകയും ഉണ്ടായി. ഈ സംഭവത്തെ ഒന്നാം അഖബ ഉടമ്പടി എന്ന് പറയുന്നു.

പ്രസ്തുത പന്ത്രണ്ടുപേരിൽ ഉബാദ (റ) അംഗമായിരുന്നു. അടുത്തവർഷം മക്കയിൽ വന്നു നബിﷺയുമായി ഉടമ്പടി നടത്തി. ഇതിനെ രണ്ടാം അഖബ ഉടമ്പടി എന്ന് പറയുന്നു. പ്രസ്തുത സംഘത്തിലും ഉബാദ (റ) അംഗമായിരുന്നു.

അതിന്നു ശേഷം മുസ്ലിംകൾ നേരിട്ട ബദർ, ഉഹ്ദ് പോലെയുള്ള എല്ലാ നിരന്തര പരീക്ഷണഘട്ടത്തിലും ഉബാദ (റ) മുൻപന്തിയിൽ നിലകൊണ്ടു.

നബിﷺയുമായി ബന്ധപ്പെട്ട ശേഷം തന്റെ വ്യക്തിപരവും കുടുംബപരവുമായ ബന്ധങ്ങൾ പരിപൂർണ്ണമായും ഇസ്ലാമിന്റെ ചട്ടക്കൂട്ടിൽ ഒതുങ്ങി നിന്നു. സത്യവിശ്വാസത്തിന്റെ പ്രതിഫലനം പരിപൂർണ്ണമായും ആ ജീവിതത്തിൽ ദർശിക്കപ്പെട്ടു.

തന്റെ കുടുംബവും മദീനയിലെ ജൂതഗോത്രമായ ബനൂഖൈനുഖാഉം തമ്മിൽ ഒരു പൂർവ്വ സംരക്ഷണക്കരാർ നിലവിലുണ്ടായിരുന്നു. നബിﷺയും സ്വഹാബിമാരും മദീനയിൽ അഭയം പ്രാപിച്ചപ്പോൾ ആദ്യഘട്ടങ്ങളിലെല്ലാം അവിടുത്തെ ജൂതൻമാർ ബാഹ്യമായെങ്കിലും നല്ല സഹവർത്തിത്വം പ്രകടിപ്പിക്കുകയുണ്ടായി. 

ബദറിൽ പരാജിതരായ ശത്രുക്കൾ ഉഹ്ദിന്നുവേണ്ടി തയ്യാറെടുത്തുകൊണ്ടിരുന്ന വിപൽസന്ധിയിൽ ജൂതൻമാരുടെ സ്വഭാവത്തിൽ പ്രത്യക്ഷമായ ശത്രുത പ്രകടമായി. മുസ്ലിംകളെ ആവുന്നത്ര ശല്യംചെയ്യാനും വിനാശത്തിന്റെ വിത്ത് വിതയ്ക്കാനും ബനൂഖനാഅ് തയ്യാറെടുത്തു. 

അവരുടെ പുതിയ നിലപാട് മനസ്സിലാക്കിയി ഉബാദ (റ) അവരോടുള്ള ബന്ധം വിഛേദിച്ചുകൊണ്ട് പറഞ്ഞു: “നാം തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുﷻവും അവന്റെ റസൂലും (ﷺ) സത്യവിശ്വാസികളും മാത്രമാണ് ഇന്നുമുതൽ എന്റെ രക്ഷാധികാരികൾ.'' 

ഈ ധീരമായ പ്രഖ്യാപനത്തെ ശ്ലാഘിച്ചുകൊണ്ട് പിന്നീട് പരിശുദ്ധ ഖുർആൻ ഇങ്ങനെ അവതരിച്ചു: “ഏതൊരാൾ അല്ലാഹുﷻവിനെയും അവന്റെ പ്രവാചകനെയും സത്യവിശ്വാസികളെയും രക്ഷാധികാരികളായി സ്വീകരിക്കുന്നുവോ എങ്കിൽ, അല്ലാഹുവിന്റെ കക്ഷി (അത്തരക്കാർ) വിജയികളാകുന്നു.”

സത്യത്തിന്റെയും സൻമാർഗ്ഗത്തിന്റെയും പതാകയുമേന്തി നബിﷺയുടെ ചുറ്റും നിലകൊണ്ട് അല്ലാഹുﷻവിന്റെ കക്ഷിയിലെ പ്രമുഖാംഗമായിരുന്നു ഉബാദ (റ).


ഒരിക്കൽ ഭരണാധികാരികളുടെയും ജനനേതാക്കളുടെയും ഉത്തരവാദിത്വത്തെയും ബാദ്ധ്യതയെയും കുറിച്ച് നബി (ﷺ) പ്രസംഗിക്കുകയായിരുന്നു.

ഉത്തരവാദിത്വങ്ങളും ബാദ്ധ്യതകളും ഗൗനിക്കാത്ത ഭരണാധികാരികളെ നബി ﷺ പ്രസ്തുത പ്രസംഗത്തിൽ താക്കീത് ചെയ്യുന്നുണ്ടായിരുന്നു. ഇത് കേട്ടുകൊണ്ടിരുന്ന ഉബാദ (റ) വിന്റെ ശരീരത്തിന്ന് ഭയം നിമിത്തം ഒരു കിടിലം അനുഭവപ്പെടുകയുണ്ടായി. അന്ന് അദ്ദേഹം സത്യം ചെയ്തു: “ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും നേതൃത്വം ഏറ്റെടുക്കുകയില്ല. രണ്ടാളുടെ നേതൃത്വം പോലും!” ജീവിതാന്ത്യം വരെ ആ സത്യം അദ്ദേഹം പാലിക്കുകയും ചെയ്തു.

ഉമർ (റ) തന്റെ ഭരണകാലത്ത് സമ്പൽസമൃദ്ധമായ മുസ്ലിം രാഷ്ട്രത്തിന്റെ ഉന്നതമായ പല സ്ഥാനങ്ങളും ഏറ്റെടുക്കാൻ ഉബാദ (റ) വിനോട് ആവശ്യപ്പെടുകയുണ്ടായി അദ്ദേഹം അവയെല്ലാം തിരസ്കരിക്കുകയാണ് ചെയ്തത്. സമ്പത്തും സമൃദ്ധിയും ആഢംബരങ്ങളും നിറഞ്ഞ അധികാരങ്ങൾ അദ്ദേഹം കൈവരിച്ചില്ല. 

എങ്കിലും മുആദുബ്നുജബൽ (റ) വിന്റെയും അബുദ്ദർദാഅ് (റ) വിന്റെയും കൂടെ സിറിയയിലേക്ക് പുറപ്പെട്ടു. അവിടുത്തെ ജനങ്ങൾക്ക് ഇസ്ലാമിക വിജ്ഞാനം പകർന്നുകൊടുക്കുകയും അവിടുത്തെ ന്യായാധിപവൃത്തി നിർവഹിക്കുകയുമായിരുന്നു അദ്ദേഹം ഏറ്റെടുത്ത ബാധ്യത.

അദ്ദേഹം ഹിമ്മസിൽ താമസമാക്കി. പിന്നീട് അദ്ദേഹം ഫലസ്തീനിലെ ന്യായാധിപസ്ഥാനം ഏറ്റെടുത്തു. ഫലസ്തീനിലേക്ക് താമസം മാറ്റി. മുആവിയ(റ)ആയിരുന്നു അക്കാലത്ത് സിറിയയിലെ ഗവർണ്ണർ. അദ്ദേഹത്തിന്റെ കീഴിൽ പ്രസ്തുത ജോലി തുടർന്നുപോകാൻ ഉബാദ (റ) ഇഷ്ടപ്പെട്ടില്ല. പ്രവാചക തിരുമേനി ﷺ യുടെ ഉത്തമശിഷ്യരിൽ അഗ്രഗണ്യനായിരുന്ന അദ്ദേഹത്തിന്ന് മുആവിയ(റ)വിന്റെ നിലപാട് അരോചകമായി തോന്നി.

ഉബാദ (റ) പറഞ്ഞു: “അല്ലാഹു ﷻ വിന്റെ മാർഗ്ഗത്തിൽ സത്യം തുറന്നു പറയുന്നതിന്ന് ഞാൻ ആരെയും ഭയപ്പെടുകയില്ല. എന്ന് നബിﷺയുമായി ഞാൻ ബൈഅത്ത് ചെയ്തിരിക്കുന്നു. അതുകൊണ്ട് എനിക്ക് ഭരണാധികാരികളുടെ തെറ്റ് തുറന്നുപറയാതിരിക്കാൻ നിർവാഹവുമില്ല.''

അദ്ദേഹത്തിന്റെ ധീരമായ നിലപാട് ഫലസ്തീൻ ജനതയിൽ അത്ഭുതകരമായ പ്രതികരണമുണ്ടാക്കി. മുസ്ലിം ലോകത്ത് ആകമാനം അവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ വാർത്ത പരക്കുകയും ചെയ്തു.

മുആവിയ (റ) അതിബുദ്ധിമാനും ക്ഷമാശീലനുമായിരുന്നെങ്കിലും ഉബാദ (റ) വിന്റെ നിലപാട് അദ്ദേഹത്തിന്റെ അസ്വസ്ഥത സൃഷ്ടിച്ചു. തന്റെ അധികാരത്തിനും പ്രതാപത്തിനും അത് ഭീഷണിയായിത്തീരുമോ എന്നദ്ദേഹം ഭയപ്പെടുകയുമുണ്ടായി.

താനും മുആവിയ(റ)വും തമ്മിലുള്ള അഭിപ്രായഭിന്നത കുടിക്കൂടി വരികയാണെന്ന് സ്വയം മനസ്സിലാക്കിയ ഉബാദ (റ) മുആവിയ (റ) വിനോട് പറഞ്ഞു: “ നിങ്ങൾക്ക് വേണ്ടി എക്കാലത്തും ഒരിടത്ത് തന്നെ താമസിക്കാൻ എനിക്ക് സാധ്യമല്ല, ഞാൻ പോവുകയാകുന്നു..!!''

അദ്ദേഹം മദീനയിലേക്ക് യാത്ര തിരിച്ചു. ഖലീഫ ഉമർ (റ) വിനോട് സംഭവങ്ങൾ വിവരിച്ചുകൊടുത്തു. അതിബുദ്ധിമാനും ദീർഘദൃഷ്ടിയുമുള്ള ആളുമായിരുന്ന

ഉമർ (റ), മുആവിയ(റ)വിനെ പോലുള്ള പ്രാപ്തനും നിപുണനുമായിരുന്ന ഭരണാധികാരിയെ പിരിച്ചുവിടാനോ കടിഞ്ഞാണില്ലാതെ അഴിച്ചുവിടാനോ തയ്യാറല്ലായിരുന്നു. 

ഉബാദ (റ) വിനെ പോലുള്ള ഭക്തൻമാരും ഇസ്ലാമിന്റെ അഭ്യദയ കാംക്ഷികളുമായ സ്വഹാബിമാരുടെ സാന്നിദ്ധ്യംകൊണ്ട് അത്തരം ഭരണാധികാരികളെ കടിഞ്ഞാണിടാമെന്നായിരുന്നു ഉമർ (റ) വിന്റെ നിലപാട്. തന്നെയുമല്ല, സഹാബി പ്രമുഖരുടെ സാന്നിദ്ധ്യം തദ്ദേശിയരായ ജനതയിൽ നബി ﷺ ജീവിച്ചിരുന്ന സുവർണ്ണകാലഘട്ടത്തെക്കുറിച്ചുള്ള സ്മരണ മായാതെ നിലനിർത്തുകയും ചെയ്യും. 

ഉമർ (റ) ഉബാദ (റ) വിനോടു പറഞ്ഞു:  “നിങ്ങൾ ഫലസ്തീനിലേക്ക് തന്നെ മടങ്ങിപ്പോവണം. അങ്ങയെപ്പോലുള്ളവരുടെ സാന്നിദ്ധ്യമില്ലാത്ത നാട് നിർഭാഗ്യവതിയാകുന്നു.”

അദ്ദേഹത്തിന്ന് ആ നിർദ്ദേശം നിരാകരിക്കാൻ സാധിച്ചില്ല. ഫലസ്തീനിലേക്ക് തിരിച്ചുപോയി. ഉമർ (റ) മുആവിയ (റ) വിന് ഇങ്ങനെ ഒരു കത്തയക്കുകയും ചെയ്തു: “ഉബാദയുടെ (റ) മേൽ നിങ്ങൾക്ക് ഒരു അധികാരവുമില്ല. അദ്ദേഹം അവിടെ സ്വതന്ത്രനാകുന്നു.”

ഖലീഫ ഉമർ (റ) വിൽ നിന്ന് ഇത്തരം ഒരു പദവി വകവെച്ചുകിട്ടുന്നത് വലിയ ഒരംഗീകാരമാണെന്ന് പറയേണ്ടതില്ലല്ലോ..

ഹിജ്റ 34ൽ ഫലസ്തീനിലെ 'റംല് ' എന്ന സ്ഥലത്ത് വെച്ച്  ഉബാദ (റ) വഫാത്താവുകയും ചെയ്തു.



ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...


No comments:

Post a Comment