Saturday 10 July 2021

ഉസ്മാനുബ്നു മള്ഊൻ(റ)

 

ഉസ്മാനുബ്നു മള്ഊൻ (റ) ഇസ്ലാമാശ്ലേഷിക്കുമ്പേൾ അദ്ദേഹം ഇസ്ലാമിലെ പതിനാലാമത്തെ അംഗമായിരുന്നു.

നബിﷺയും അനുയായികളും മദീനയിൽ അഭയം തേടിയശേഷം മരണമടഞ്ഞ ഒന്നാമത്തെ സ്വഹാബിയും ഒന്നാമത്തെ മുഹാജിറും, മുസ്ലിംകളുടെ ഒന്നാമത്തെ ശ്മശാനമായ "ബഖീഇൽ' ആദ്യമായി മറവുചെയ്യപ്പെട്ട ആളും ഇദ്ദേഹം തന്നെ.

മുൻഗാമികളായ സ്വഹാബിമാരിൽ അത്യുന്നത പദവിയായിരുന്നു അദ്ദേഹത്തിന്നുണ്ടായിരുന്നത്. മരണവക്രതയിൽ കിടക്കുന്ന തന്റെ ഓമന പുത്രി റുഖിയ്യ(റ)യോട് നബി ﷺ അവസാനമായി ഇങ്ങനെ പറയുകയുണ്ടായി. “ഉസ്മാനുബ്നു മള്ഊനെ പോലെയുള്ള നമ്മുടെ ഉത്തമരായ മുൻഗാമികളുടെ സങ്കേതത്തിലേക്ക് പുറപ്പെടൂ, മകളെ!"

ഇതിൽ നിന്ന് അദ്ദേഹത്തിന്റെ പദവി ഊഹിക്കാമല്ലോ.

അദ്ദേഹം സന്യാസിയേപോലെ ജീവിച്ചു. പക്ഷേ, തന്റെ പർണ്ണശാല വിശാലമായിരുന്നു. ജീവിതത്തിന്റെ എല്ലാകർമ്മരംഗങ്ങളിലും അത് വ്യാപിച്ചുകിടന്നിരുന്നു. സത്യത്തിന്റെയും നൻമയുടെയും മാർഗ്ഗത്തിൽ അദ്ദേഹം ജാഗരൂകനായിരുന്നു. 

ഇസ്ലാമിന്റെ പ്രാരംഭദശയിൽ പ്രതിയോഗികൾ അതിന്റെ പ്രഭാകിരണം ഊതിക്കെടുത്താൻ ശ്രമിച്ചപ്പോൾ എണ്ണത്തിൽ ചുരുങ്ങിയ പുണ്യവാളൻമാരായ ചില ത്യാഗികൾ തിരുമേനിﷺയുടെ ചുറ്റും സഹായികളായി നിലകൊണ്ടു. അവർ അനുഭവിച്ച കഷ്ടാരിഷ്ടതകൾ അവർണ്ണനീയവും അചിന്ത്യവുമായിരുന്നു. 

നബി ﷺ തന്നെ പിന്നീടൊരിക്കൽ അവരെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി: “നിങ്ങൾ എന്റെ അനുയായികളെ ദുഷിച്ചു പറയരുത്. നിങ്ങളിലൊരാൾ ഉഹ്ദ്മലയോളം കൊണ്ടുവന്നാലും അവരുടെ അധ്വാനത്തിന് അത് തുല്യമാവുകയില്ല.''

പ്രസ്തുത മുൻഗാമികളിൽ മുൻപനായിരുന്നു അദ്ദേഹം. ഇസ്ലാമിന്ന് വേണ്ടി നിരവധി യാതനകൾ അദ്ദേഹം സഹിക്കേണ്ടിവന്നു.

നിസ്സഹായരും നിരാലംബരുമായ ഒരനുചരവിഭാഗത്തെ നബി ﷺ ശത്രുക്കളുടെ അക്രമത്തിൽ നിന്ന് രക്ഷനൽകാൻ രണ്ടു പ്രാവശ്യം അബ്സീനിയായിലേക്ക് അയക്കുകയുണ്ടായി. പ്രസ്തുത സംഘത്തിൽ തന്റെ മകൻ സാഇബിനോടൊപ്പം ഇബ്നു മള്ഊൻ (റ) യും പങ്കെടുത്തിരുന്നു. 

മക്കയിൽ അദ്ദേഹത്തിന്റെ പ്രധാന പ്രതിയോഗി, തന്റെ പിതൃവ്യപുത്രനായ ഉമയ്യത്ത്ബ്നുഖലഫ് തന്നെയായിരുന്നു. അബ്സീനിയയിലേക്ക് പാലായനം നടത്തിയ മുസ്ലിം അഭയാർത്ഥികൾ പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ തുടങ്ങിയപ്പോഴേക്കും അവിടെ ഒരു കിംവദന്തി പരന്നു. മക്കയിൽ ഇസ്ലാമിന്റെ ശത്രുക്കൾ ഒന്നടങ്കം ഇസ്ലാമാശ്ലേഷിക്കുകയും ഇസ്ലാം അവിടെ വിജയക്കൊടി നാട്ടുകയും ചെയ്തിരിക്കുന്നു എന്നതായിരുന്നു കിംവദന്തി. 

ഈ വാർത്ത അഭയാർത്ഥികളെ നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചു. അവർ മക്കയുടെ പരിസരത്ത് എത്തിയപ്പോഴേക്കും അതിന്റെ പൊള്ളത്തരം അവർക്ക് ബോധ്യമായി. ജൻമനാടിനോടുള്ള അവരുടെ ആവേശം ആക്രമികളെക്കുറിച്ചുള്ള ബോധം അകറ്റിക്കളഞ്ഞു. അവർ മക്കയിൽ ഇറങ്ങി. അവരിൽ ചിലർ മക്കയിലെ ചില ഖുറൈശി പ്രമുഖരുടെ സംരക്ഷണത്തിലാണിറങ്ങിയത്. 

അറബികളിൽ ജാഹിലിയ്യാ കാലത്തുതന്നെ നിലവിലുണ്ടായിരുന്ന ഒരു ആചാരമായിരുന്നു അത്. അതനുസരിച്ച്, തദ്ദേശീയരിൽ ഒരു പ്രധാനി സംരക്ഷണം പ്രഖ്യാപിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിന്ന് ആ നാട്ടിൽ ഒന്നും ഭയപ്പെടാനുണ്ടായിരുന്നില്ല. 

അപ്രകാരം വലീദുബ്നു മുഗീറത്തിന്റെ സംരക്ഷണത്തിലാണ് ഉസ്മാനുബ്മദ്ഊൻ (റ) മക്കയിലിറങ്ങിയത്. അതുവഴി മക്കയിൽ നിർബാധം സഞ്ചരിക്കാൻ അദ്ദേഹത്തിന്ന് അവസരം ലഭിച്ചു.


വലീദുബ്നു മുഗീറയുടെ സംരക്ഷണത്തിൽ കുറച്ചു ദിവസം സുരക്ഷിതനായി അദ്ദേഹം മക്കയിൽ സഞ്ചരിച്ചെങ്കിലും താൻ ഒരു മുശ്രിക്കിന്റെ സംരക്ഷണം സ്വീകരിക്കുകയും തന്റെ മുസ്ലിം സഹോദരൻമാരിൽ പലരും സംരക്ഷണമില്ലാതെ അക്രമിക്കപ്പെടുകയും ചെയ്യുന്നത് കണ്ടു സഹിക്കാൻ അദ്ദേഹത്തിന്ന് കഴിഞ്ഞില്ല. 

അദ്ദേഹം വലീദിനോട് പറഞ്ഞു: “വലീദേ, നിന്റെ സംരക്ഷണം എനിക്കാവശ്യമില്ല. ഞാൻ സ്വതന്ത്രനായി ജീവിക്കാൻ ആഗ്രഹിക്കുന്നു.''

വലീദ് പറഞ്ഞു: “സഹോദരാ, വേണ്ട. എന്റെ സംരക്ഷണവലയത്തിൽ നിന്ന് നീ മോചിതനായാൽ ശത്രുക്കളുടെ അക്രമത്തിന്ന് നീ വിധേയനായേക്കും.''

ഉസ്മാൻ ബ്നു മള്ഊൻ: “എനിക്ക് അല്ലാഹു ﷻ വിന്റെ സംരക്ഷണം മാത്രം മതി. സൃഷ്ടികളുടേത് ആവശ്യമില്ല. അതുകൊണ്ട് പള്ളിയിൽ വെച്ച് അന്ന് പരസ്യമായി എനിക്ക് സംരക്ഷണം പ്രഖ്യാപിച്ചതുപോലെ എന്നെ അതിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനവും നീ നടത്തണം.''

അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങിയ വലീദ് പള്ളിയിൽ വെച്ച്, തന്റെ സംരക്ഷണം പിൻവലിച്ചതായി ഉറക്കെ പ്രഖ്യാപിക്കുകയും ഉസ്മാനുബ്നു മള്ഊൻ (റ) വിമുക്തനാവുകയും ചെയ്തു. അദ്ദേഹം വലീദിന്ന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് സർവ്വ സ്വതന്ത്രനായി പള്ളിയിലുടെ ചുറ്റിനടന്നു. 

അനന്തരം അദ്ദേഹം തൊട്ടടുത്ത ഒരു സദസ്സിൽ ചെന്നിരുന്നു. അവിടെ മറ്റൊരു അറബി പ്രമുഖനായ ലബീദുബ്നുറബീഅത്ത് ഇരിക്കുന്നുണ്ടായിരുന്നു. അയാൾ സദസ്സിൽ വെച്ച് ഇങ്ങനെ പാടി:

“അറിയുക, അല്ലാഹു ﷻ വല്ലാത്ത എല്ലാ വസ്തുക്കളും നശിച്ചുപോകും. തീർച്ച!'' ഉസ്മാനുബ്നു മള്ഊൻ (റ) അത് ശരിവെച്ചു.

വീണ്ടും ലബീദ് പാടാൻ തുടങ്ങി: “എല്ലാ അനുഗ്രഹങ്ങളും നിസ്സംശയം മറഞ്ഞുപോവുകയും ചെയ്യും.”

ഉസ്മാനുബ്നു മള്ഊൻ (റ) പറഞ്ഞു: “അതു ശരിയല്ല. സ്വർഗ്ഗലോകമാകുന്ന അനുഗ്രഹം ഒരിക്കലും മറഞ്ഞുപോവുകയില്ല.''

ഉസ്മാനുബ്നു മള്ഊൻ (റ) വിന്റെ അഭിപ്രായം ലബീദിന്ന് രസിച്ചില്ല. അവർ തമ്മിൽ വാക്കേറ്റം നടന്നു. അതുകേട്ട് സദസ്സിലുണ്ടായിരുന്ന ഒരു മനുഷ്യൻ എഴുന്നേറ്റു ഉസ്മാനുബ്നു മള്ഊൻ (റ) ന്റെ മുഖത്തടിച്ചു.. അദ്ദേഹത്തിന്റെ ഒരു കണ്ണ് പൊട്ടിപ്പോയി..!!

അൽപ്പം മുമ്പ് സംരക്ഷണം പിൻവലിച്ച വലീദുബ്നുമുഗീറത്ത് ഇതു കണ്ട് അവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: “സഹോദരാ, നീ എന്റെ സംരക്ഷണത്തിലായിരുന്നുവെങ്കിൽ ആ കണ്ണ് നശിച്ചു പോകുമായിരുന്നില്ലായിരുന്നു. അതുകൊണ്ട് നീ എന്റെ സംരക്ഷണത്തിലേക്ക് മടങ്ങിവരു.”

ഉസ്മാനുബ്നു മള്ഊൻ (റ) പറഞ്ഞു: “സാരമില്ല സഹോദരാ, ദൈവമാർഗ്ഗത്തിൽ എന്റെ ഒരു കണ്ണിന് സംഭവിച്ചത് മറുകണ്ണിനുകൂടി സംഭവിച്ചിരുന്നെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാനിന്ന് നിങ്ങളെക്കാൾ പ്രതാപവാനും ശക്തനുമായ ഒരു സംരക്ഷകന്റെ കീഴിലാകുന്നു.''

രക്തമൊലിക്കുന്ന കണ്ണു തുടച്ചുകൊണ്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ അദ്ദേഹം ഇങ്ങനെ പാടുന്നുണ്ടായിരുന്നു: “ദൈവത്തിന്റെ സംപൃതിയോടുകൂടിയാണ് എന്റെ കണ്ണിന്നിത് സംഭവിച്ചതെങ്കിൽ (എനിക്ക് പ്രശ്നമില്ല) മതനിഷേധിയുടെ കരങ്ങൾ സൻമാർഗ്ഗം പ്രാപിക്കുകയില്ല. കരുണാനിധിയായ ദൈവം ഇതിന്നു പ്രതിഫലം നൽകും! അവന്റെ സംതൃപ്തി നേടിയവനാകുന്നു വിജയി! നിങ്ങൾ എന്നെ മാർഗ്ഗ ഭ്രംശം വന്നവനെന്നോ വിഡ്ഢി എന്നോ വിളിക്കുന്നു. പ്രവാചകനായ മുഹമ്മദ് നബിﷺയുടെ മാർഗ്ഗത്തിലാകുന്നു ഞാൻ ജീവിക്കുന്നത്. അതിനാൽ ഞാൻ അല്ലാഹുﷻവിന്റെ പ്രീതി കാംക്ഷിക്കുന്നു!”

അദ്ദേഹത്തിന്റെ അനന്തരജീവിതം ത്യാഗത്തിന്റെയും പരീക്ഷണത്തിന്റെയും മുകുടോദാഹരണമായിരുന്നു. അദ്ദേഹം തന്റെ കൂട്ടുകാരായ മുജാഹിറുകളോടൊപ്പം മദീനയിലേക്ക് പാലായനം ചെയ്തു. മക്കാമുശ്രിക്കുകളുടെ അക്രമത്തിൽ നിന്ന് ഹിജ്റ അവർക്ക് സംരക്ഷണം നൽകി. 

എങ്കിലും സ്വൈര്യപൂർണ്ണമായ ഒരു ജീവിതം അവരുടെ ലക്ഷ്യമായിരുന്നില്ല. വിശ്രമം അവർക്ക് വിലക്കപ്പെട്ട കനിയായിരുന്നു. ഇസ്ലാമിന്റെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കാൻ വിശ്രമലേശമന്യേ അവർ പ്രവർത്തിച്ചുകൊണ്ടിരുന്നു. രാത്രിയിൽ ധ്യാനനിരതനും പകലിൽ കുതിരപ്പടയാളിയുമായി അദ്ദേഹം ജീവിതം നയിച്ചു. 

പരുക്കൻ വസ്ത്രവും ഭക്ഷണവുമുപയോഗിച്ചു. ജീവിതാഢംബരങ്ങൾ മുഴുവനും പരിത്യജിച്ച അദ്ദേഹം ഒരിക്കൽ നബിﷺയുടെ അടുത്ത് കയറിച്ചെന്നു. നബിﷺയും അനുയായികളും പള്ളിയിൽ ഇരിക്കുകയായിരുന്നു. കീറിപ്പറഞ്ഞ വേഷവിധാനം കണ്ടു നബിﷺയുടെ കണ്ണുകൾ ആർദ്രമായി. അനുയായികൾ സഹതാപത്തിന്റെ കണ്ണുനീർ ഉതിർത്തു. 

നബി ﷺ അവരോട് ചോദിച്ചു: “പറയൂ, രാവിലെയും വൈകുന്നേരവും ആഢംബരപൂർണ്ണമായ വസ്ത്രങ്ങൾ മാറിമാറി ധരിക്കാനും വിഭവസമൃദ്ധമായ തളികകൾ ആസ്വദിക്കാനും പരവതാനികൾ കൊണ്ട് കഅ്ബാലയം പോലെ, നിങ്ങളുടെ ഭവനങ്ങൾ ആവരണം ചെയ്യപ്പെടാനും സാധിച്ചെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ..?"

അനുയായികൾ പറഞ്ഞു: അങ്ങനെയായിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അന്ന് ഞങ്ങൾ സുഭിക്ഷമായി തീരുമല്ലോ.

നബി ﷺ പറഞ്ഞു: അതുണ്ടായിത്തീരും. പക്ഷേ, അന്നത്തെ നിങ്ങളെക്കാൾ ഉത്തമം ഇന്നത്തെ നിങ്ങളാകുന്നു.

അതെ, ആ ഉത്തമ ദശയിൽ തന്നെയാണ് ഉസ്മാനുബ്നു മള്ഊൻ (റ) വഫാത്തായത്. ഹിജ്റ മൂന്നാം വർഷം ശഅ്ബാനിൽ...

അത്യാസന്നനായ തന്റെ ഇഷ്ടതോഴന്റെ നെറ്റിയിൽ അധരങ്ങൾ അമർത്തിക്കൊണ്ട് സ്നേഹസമ്പന്നനായ നബി ﷺ ചുടുബാഷ്പം വാർത്തുകൊണ്ടിരുന്നു.

ബഖീഅ് ശ്മശാനത്തിൽ ആദ്യമായി മറവ് ചെയ്യപ്പെട്ടതും ഈ മഹാൻ തന്നെ.

ആദ്യമായി തങ്ങളിൽ നിന്ന് കൂട്ടുപിരിഞ്ഞ ഉത്തമനായ തങ്ങളുടെ തോഴനെ ഓർത്ത് മുഹാജിറുകളുടെ നയനങ്ങൾ ജലാർദ്രമായി. “സലാമുൻ അലൈക്ക യാ ഉസ്മാനു ബ്നു മള്ഊൻ”


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു..

No comments:

Post a Comment