Saturday 17 October 2020

വിചാരണയില്ലാതെ സ്വര്‍ഗം നേടിയവര്‍

 

‘നിങ്ങളിൽ നിന്ന് എഴുപതിനായിരം പേർ വിചാരണ കൂടാതെ സ്വർഗത്തിൽ പ്രവേശിക്കും. അവരുടെ മുഖകമലം പൗർണമി രാവിലെ ചന്ദ്രനെ പോലെയായിരിക്കും.’

ഒരിക്കൽ തിരുദൂതർ(സ്വ) അനുയായികളോട് പറഞ്ഞു.

‘ആ വിഭാഗത്തിൽ എന്നെ ഉൾപ്പെടുത്താൻ അവിടുന്ന് പ്രാർത്ഥിച്ചാലും…!’

കേട്ടയുടനെ തിരുസന്നിധിയിൽ ചെന്ന് ഉക്കാശ(റ) വിനയാന്വിതനായി പറഞ്ഞു. നബി(സ്വ) അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിച്ചു. ഉടനെ മറ്റൊരു അൻസ്വാരി ഓടിവന്നു, വിചാരണ രഹിതനായി സ്വർഗത്തിൽ പ്രവേശിക്കാൻ പ്രാർത്ഥിക്കണമെന്ന് അദ്ദേഹവും നബി(സ്വ)യോട് ആവശ്യപ്പെട്ടു.

‘ഉക്കാശ മുന്നിലെത്തി നിന്നെ പിറകിലാക്കിയിരിക്കുന്നു. ആ പ്രാർത്ഥന സഫലീകരിക്കുകയും ചെയ്തിരിക്കുന്നു’ നബി(സ്വ) പ്രതികരിച്ചു.

തിരുതേട്ടത്തിന് പാത്രീഭൂതനായി നേട്ടം കൊയ്ത ഉക്കാശതുബ്നു മിഹ്സ്വിൻ(റ) സുമുഖനും സുന്ദരനുമായ ചെറുപ്പക്കാരനാണ്. ഖുറൈശികളുടെ അഭിമാന ഭാജനവും. മെയ്യഴക് മഹാന്റെ വലിയ സമ്പത്തായിരുന്നു. ഹിജ്റക്കു മുമ്പുതന്നെ മക്കയിൽ വെച്ച് സത്യസാക്ഷ്യം വഹിക്കുകയും പ്രവാചകരുടെ സദസ്സിലെ നിത്യസന്ദർശകനായി മാറുകയും ചെയ്ത ഉക്കാശ(റ) പ്രബലരായ തിരുശിഷ്യരിൽ ഒരാളായി പരിഗണിക്കപ്പെടുന്നു.

ബദ്ർ, ഉഹ്ദ്, ഖന്ദഖ്, ഖൈബർ, തബൂക്, മക്കാവിജയം, ഹുനൈൻ തുടങ്ങി സുപ്രധാനമായ പല യുദ്ധങ്ങളിലും ഇതിഹാസമായി ഉക്കാശ(റ).

‘നമ്മുടെ അനുചര വ്യൂഹത്തിൽ ഉത്തമനായ ഒരു കുതിരപ്പടയാളിയുണ്ട്’ ഒരു യുദ്ധവേളയിൽ നബി(സ്വ) അഭിമാനം കൊണ്ടു.

‘ആരാണത് തിരുനബിയേ..?’ സദസ്സിൽ നിന്നാരോ ചോദിച്ചു.

‘ഉക്കാശതുബ്നു മിഹ്സ്വിൻ തന്നെ!’

‘യാ റസൂലല്ലാഹ്, അദ്ദേഹം ഞങ്ങളുടെ ആളാണല്ലോ’ സദസ്സിലുണ്ടായിരുന്ന ളിറാറുൽ അസദ്(റ) പറഞ്ഞു.

‘നിങ്ങളുടെ മാത്രമല്ല, അദ്ദേഹം ഞങ്ങളുടെയും ആളാണ്’ തിരുദൂതർ(സ്വ) തിരുത്തി.

ബദ്ർ പടയിൽ ഉക്കാശ(റ) നിറഞ്ഞുനിന്നു. അണികൾക്കിടയിലൂടെ ചാട്ടുളി പോലെ തുളച്ചുകയറി ശത്രുക്കളെ സംഹരിച്ചു കൊണ്ടിരുന്നു. അതിനിടയിൽ തന്റെ കരവാൾ മുറിഞ്ഞു. യുദ്ധം കൊടുമ്പിരി കൊള്ളവെ നിരായുധനായി അണിയിലേക്ക് മടങ്ങിവന്ന അദ്ദേഹത്തിന് ഈത്തപ്പനത്തടിയുടെ കഷ്ണം എടുത്തു നൽകി തിരുദൂതർ(സ്വ) പറഞ്ഞു:

‘ഉക്കാശാ, പടക്കളത്തിലേക്ക് ചെന്നു ഇതുകൊണ്ടു പൊരുതൂ.’

ലോകഗുരു നൽകിയ ഈത്തപ്പന വടി മൂർച്ചയേറിയ വാൾകണക്കെ ചുഴറ്റി ശത്രുനിരയിലേക്ക് എടുത്തുചാടി മിന്നൽപിണരുകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഉക്കാശക്ക് നൽകിയ വടി മൂർച്ചയേറിയ വാളായി പരിണമിച്ചുവെന്ന് ഇബ്നു ഇസ്ഹാഖ് തുടങ്ങിയ ചരിത്രകാരന്മാർ രേഖപ്പെടുത്തി.

ആ വാളിന് ‘ഔൻ’ എന്ന് നാമകരണം ചെയ്തുവെന്നും അതുപയോഗിച്ചായിരുന്നു പിന്നീട് ഉക്കാശ(റ)യുടെ പടയോട്ടങ്ങളെന്നും ഇബ്നുഹിശാമിൽ ഉദ്ധരിക്കപ്പെട്ടു കാണാം.

ബദ്ർ യുദ്ധത്തിന് മുമ്പ് അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)ന്റെ നേതൃത്വത്തിൽ പ്രവാചകർ(സ്വ) അബൂഹുദൈഫ, ഉത്ബതുബ്നു ഗസ്വാൻ, സഅദുബ്നു അബീ വഖാസ്, വാഖിദുബ്നു അബ്ദില്ല, ഖാലിദുബ്നു ഖൈർ, സുഹൈലുബ്നുൽ ബൈളാഅ്(റ.ഹും) തുടങ്ങി എട്ടുപേരെ അതിസാഹസികമായ ഒരു ദൗത്യത്തിന് നിയോഗിച്ചിരുന്നു. അവരിൽ ഉക്കാശ(റ)യും ഉൾപ്പെട്ടിരുന്നു.

തിരുദൂതർ(സ്വ) ദൗത്യതലവനായ അബ്ദില്ലാഹിബ്നു ജഹ്ശ്(റ)ന്റെ കൈവശം ഒരെഴുത്ത് കൊടുത്തു. സംഘം സഞ്ചരിക്കേണ്ട വഴി നിർദേശിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: ‘നിങ്ങൾ യാത്രയാവുക, നിങ്ങളുടെ നിയോഗലക്ഷ്യം ഈ എഴുത്തിലുണ്ട്. യാത്ര രണ്ടുനാൾ പിന്നിട്ട ശേഷം മാത്രമേ ഈ എഴുത്ത് തുറന്നു വായിക്കാവൂ. അന്നേരം സംഘാംഗങ്ങളിൽ ആർക്കെങ്കിലും വിയോജിപ്പോ വിസമ്മതമോ ഉണ്ടെങ്കിൽ അവരെ ഉടനെ നാട്ടിലേക്ക് തിരിച്ചയക്കുക. അവശേഷിച്ചവർ ദൗത്യം പൂർത്തിയാക്കി തിരിച്ചുവരികയും ചെയ്യുക.’

ദൗത്യവാഹകർ ഉത്സാഹപൂർവം യാത്രയായി. യാത്ര രണ്ടു ദിവസം പിന്നിട്ടു. അവർ തിരുനിർദേശം ഓർത്തു. കരുതിവെച്ച എഴുത്ത് തുറന്നുവായിച്ചു. അതിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു: ‘ശത്രുക്കളുടെ സങ്കേതമായ നഖ്ലയിൽ ചെന്ന് രഹസ്യമായി ഖുറൈശികളുടെ നിലപാട് അറിഞ്ഞു മടങ്ങിവരിക.’

കത്തിൽ നിന്നും കാര്യം ഗ്രഹിച്ച നായകൻ അബ്ദുല്ല(റ) സഹകാരികളുടെ ഇംഗിതമാരാഞ്ഞു. ആർക്കും എതിർപ്പും നിസ്സഹകരണവുമില്ല. ഏകമനസ്സോടെ നേതൃനിർദേശം അംഗീകരിച്ചു. അവർ നഖ്ലയിലെ ശത്രുപാളയത്തിലേക്ക് നടന്നു. മക്കക്കും ത്വാഇഫിനും ഇടക്കുള്ള പ്രദേശമാണ് നഖ്ല.

ദുൽഖഅദ്, ദുൽഹിജ്ജ, മുഹർറം, റജബ് എന്നീ നാലു മാസങ്ങൾ പൂർവകാലം മുതലേ അറബികൾ ആദരണീയ മാസമായി കണ്ടിരുന്നു. ആ മാസങ്ങളിൽ യുദ്ധമോ രക്തച്ചൊരിച്ചിലുകളോ ഉണ്ടാക്കാവുന്നതല്ല. ഇസ്ലാമും അവ പവിത്രമാസമായി അംഗീകരിക്കുകയുണ്ടായി.

നഖ്ലയിൽ എത്തിയ എട്ടംഗ സംഘത്തിന് പക്ഷേ, ചെറിയൊരു സംഘത്തിനോടു ചെറുത്തുനിൽക്കേണ്ടിവന്നു. ബന്ധികളുമായി ദൗത്യസംഘം മദീനയിലേക്ക് മടങ്ങി. ഈ സംഭവം വലിയ ബഹളത്തിന് വഴിയൊരുക്കി. ഇസ്ലാമിനെതിരെ പ്രചണ്ഡമായ പ്രചാരണം നടന്നു. മുഹമ്മദും അനുയായികളും സമാദരണീയ മാസങ്ങളുടെ പവിത്രത കളങ്കപ്പെടുത്തിയിരിക്കുന്നു. അവർ റജബ് മാസത്തിൽ സൈനിക നടപടി കൈക്കൊണ്ടിരിക്കുന്നു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇതേറെ ചർച്ചയായി. വിഷയത്തിൽ ഖുർആൻ പ്രതികരിച്ചതിങ്ങനെ:

‘ആദരണീയ മാസങ്ങളിൽ യുദ്ധം ചെയ്യുന്നത് ഗുരുതരം തന്നെ. പക്ഷേ, അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ മാർഗത്തിൽ നിന്നും മസ്ജിദുൽ ഹറാമിൽ നിന്നും ജനങ്ങളെ തടയുകയും അതിന്റെ അനുയായികളെ അവിടെനിന്നും പുറംതള്ളുകയും ചെയ്യുന്നത് ഏറെ ഗുരുതരമായ പാതകമാകുന്നു. കൊലയേക്കാൾ വലുതത്രെ ഫിത്ന’ (2/217).

തിരുദൂതരുടെ സ്നേഹാദരങ്ങൾക്കും പ്രാർത്ഥനക്കും പാത്രീഭൂതനായി ഉക്കാശ(റ) ധന്യജീവിതം നയിച്ചു. റസൂലിനെ ജീവനിലേറെ സ്നേഹിച്ചു. റസൂലിന്റെ റഫീഖുൽ അഅ്ലയിലേക്കുള്ള പോക്ക് അദ്ദേഹത്തെ ദുഃഖസാഗരത്തിലേക്ക് നയിച്ചു.

ഒന്നാം ഖലീഫയായി സിദ്ദീഖ്(റ) അവരോധിതനായി. ഉക്കാശ(റ) ഖലീഫയുടെ കൽപനകൾക്ക് കാതോർത്തു. വിശുദ്ധ മതത്തിനെതിരെ തിരിഞ്ഞ ഛിദ്രശക്തികളെ ഒതുക്കിനിർത്താൻ ഖാലിദുബ്നുൽ വലീദ്(റ)ന്റെ നേതൃത്വത്തിൽ നിയുക്തമായ സൈനികരിൽ ഉക്കാശ(റ)യും സ്ഥാനം പിടിച്ചു.

പ്രവാചകരുടെ കാലത്ത് മുസ്ലിമാവുകയും റസൂലിന്റെ വിയോഗാനന്തരം മതപരിത്യാഗം നടത്തുകയും പ്രവാചകത്വം വാദിക്കുകയും ചെയ്ത തുലൈഹയുടെ നാട്ടിൽ മുസ്ലിം സൈന്യം പ്രവേശിച്ചപ്പോൾ സ്ഥിതിഗതികളറിയാൻ ഖാലിദ്(റ) നിയോഗിച്ചത് സാബിതുബ്നുൽ അർഖം(റ)നെയും ഉക്കാശ(റ)യെയുമായിരുന്നു.

അവരിരുവരും സൈന്യത്തിനു മുമ്പ് തുലൈഹയുടെ ദേശത്ത് പ്രവേശിച്ചു. അശ്വാരൂഢരായ അവർ മുസ്ലിം യോദ്ധാക്കളിൽ നിന്നും ഒളിച്ചോടി പോവുകയായിരുന്ന തുലൈഹയുടെയും സഹോദരൻ സലമയുടെയും മുമ്പിൽ അകപ്പെട്ടു. അവർക്കു പിന്നിൽ അവരുടെ സൈന്യവുമുണ്ടായിരുന്നു. ഉക്കാശ(റ) തുലൈഹയെയും സാബിത്(റ) സലമയെയും നേരിട്ടു. ശക്തമായ സംഘട്ടനത്തിനു ശേഷം സാബിത്(റ)നു വെട്ടേറ്റു. എന്നാൽ ഉക്കാശ(റ)യോട് ചെറുത്തു നിൽക്കാനാവാതെ തുലൈഹ അവശനായിരുന്നു. തന്റെ സഹോദരൻ പ്രതിയോഗിയായ സാബിതിൽ നിന്നും രക്ഷപ്പെട്ടതു കണ്ട തുലൈഹ സഹോദരനോടു സഹായം ആവശ്യപ്പെട്ടു. അതോടെ, ഉക്കാശ(റ) രണ്ടുപേരെയും നേരിടേണ്ടി വന്നു. അതിനിടെ സലമയുടെ വെട്ടേറ്റു ഉക്കാശ(റ)യും നിലംപതിച്ചു. അതോടെ തിരുദൂതരുടെ ആ രണ്ടു ഇഷ്ടതോഴരും രക്തസാക്ഷികളായി. സൈന്യാധിപൻ ഖാലിദുബ്നു വലീദ്(റ) അവരുടെ ജനാസ കണ്ടുപിടിച്ചു. അന്ത്യവിശ്രമമൊരുക്കി. തുലൈഹയുടെ അനുയായികളെ പരാജയപ്പെടുത്തുകയും ചെയ്തു.

തുലൈഹ പിന്നീട് പശ്ചാതപിക്കുകയും ഇസ്ലാമിലേക്ക് മടങ്ങുകയും ചെയ്തു. ശിഷ്ട ജീവിതം ഇസ്ലാമിക സേവനത്തിനായി വിനിയോഗിച്ചു. റോമാപേർഷ്യൻ യുദ്ധങ്ങളിൽ സംബന്ധിച്ചു. പടക്കളത്തിൽ അദ്ദേഹം കാഴ്ചവെച്ച സാഹസിക കൃത്യങ്ങൾ ഉമർ(റ)ന്റെയും സഅദുബ്നു അബീവഖാസ്(റ)ന്റെയും പ്രകീർത്തനത്തിനും പ്രശംസക്കും പാത്രമാവുകയും ചെയ്തു.

(സുവറുൻ മിൻ ഹയാതി സ്വഹാബ)


 ടിടിഎ ഫൈസി പൊഴുതന

No comments:

Post a Comment