Saturday 17 October 2020

മുഹമ്മദ്ബ്നു മസ് ലമ(റ): അതുല്യനായ കാവല്‍ ഭടന്‍

 

വിടർന്ന മാറിടവും ബലിഷ്ഠ ശരീരവുമുള്ള കറുത്ത ആജാനുബാഹു. ഈ ശരീര പ്രകൃതിയുമായി ഏതു സദസ്സിലും വേറിട്ടുനിന്നു മല്ലനായ ആ വ്യക്തിത്വം. കാഴ്ചക്കാർക്ക് കൗതുകം പകരാൻ മാത്രമല്ല ഈ ആകാരവും വടിവും. യുദ്ധമുഖത്ത് കൊണ്ടും കൊടുത്തും നിറഞ്ഞുനിന്ന അദ്ദേഹത്തെ കണ്ടാൽ ഏതു ശത്രുവിൻറെയും മുട്ടുവിറക്കും.

ഇതാണ് മുഹമ്മദ്ബ്നു മസ്ലമ(റ). മദീനയിൽ മത പ്രബോധനത്തിന് തിരുനബി(സ്വ) നിയോഗിച്ച മിസ്അബ്(റ) മുഖേനയാണ് ഇദ്ദേഹം ഇസ്ലാമിലേക്ക് വരുന്നത്. സഅ്ദുബ്നു മുആദ്(റ), ഉസൈദുബ്നു ഉളൈറ്(റ) തുടങ്ങിയവർ ഇസ്ലാം ആആശ്ലേഷിക്കുന്നതിന് മുമ്പുതന്നെ ഇബ്നു മസ് ലമ(റ) സത്യമതം സ്വീകരിച്ചിരുന്നു. മുഹാജിറുകളിൽ നിന്ന് അബൂഉബൈദ(റ)യെയാണ് ഇദ്ദേഹത്തിന് തിരുനബി(സ്വ) ഏൽപിച്ചുകൊടുത്തത്.

“ഈജിപ്തിലെ സമരമുഖത്ത് ഇനിയും പോഷക സൈനികരെ ആവശ്യമായതിനാൽ യോഗ്യരായവരെ ഉടനെ ഇങ്ങോട്ടയക്കണം..’

യുദ്ധഭൂമിയിൽ നിന്നും അംറുബ്നുൽ ആസ്വ്(റ) ഖലീഫ ഉമർ(റ)ന് എഴുതി. കത്ത് കൈപ്പറ്റിയ ഖലീഫ മുഹമ്മദ്ബ്നു മസ്ലമ(റ), സുബൈറുബ്നുൽ അവ്വാം(റ), മിഖ്ദാദുബ്നുൽ അസ്വദ്(റ), ഉബാദത്തുബ്നു സ്വാമിത്(റ) എന്നീ നാലു ധീരന്മാരെ പറഞ്ഞയച്ചു. അവർ വശം കൊടുത്തുവിട്ട കത്തിലെ വരികൾ ഇങ്ങനെയായിരുന്നു.

“സൈനികരുടെ അംഗസംഖ്യ കുറഞ്ഞുപോയതിൽ പരിഭവിക്കേണ്ടതില്ല. വിരിഞ്ഞ മാറും ക്ഷോഭിച്ച മുഖവും ബലിഷ്ഠ ശരീരവുമുള്ള ഈ ആരോഗ്യ ദൃഢഗാത്രരെ യുദ്ധമുന്നണിയിൽ ശത്രുസേനക്ക് അഭിമുഖമായി നിർത്തുക. നാലായിരം ഭടന്മാർക്ക് തുല്യരാണ് ഞാൻ അയക്കുന്ന ഈ നാലു പേർ..!’

ബദ്റിലും ഉഹ്ദിലും ഹുനൈനിലുമെല്ലാം തിരുനബി(സ്വ)ക്കൊപ്പം സജീവമായിരുന്ന ഇബ്നു മസ്ലമ(റ)ക്ക് പക്ഷേ, തബൂക്കിൽ തൻറേതായ ഭാഗധേയം നിർണയിക്കാൻ കഴിഞ്ഞില്ല. ആ സൈനിക വേളയിൽ മദീനയിൽ ചില ചുമതലകൾ തിരുദൂതർ(സ്വ) അദ്ദേഹത്തെ ഏൽപിച്ചതായിരുന്നു കാരണം.

“തിരുദൂതർ(സ്വ) നയിച്ച ഏതു യുദ്ധത്തെ പറ്റി നിങ്ങൾ ആരാഞ്ഞാലും ഞാനതിനു വിശദീകരണം നൽകാം. തബൂക്ക് ഒഴികെ. ആ പടനാൾ ചില ചുമതലകൾ തിരുദൂതർ(സ്വ) ഏൽപിച്ചിരുന്നു’  അദ്ദേഹം പറയുമായിരുന്നു.

ഒരിക്കൽ നബി(സ്വ) ചോദിച്ചു: കഅ്ബ്ബ്നു അശ്റഫിൻറെ ശല്യം ഈയിടെയായി ഏറിയിട്ടുണ്ട്. അതൊന്ന് അവസാനിപ്പിക്കാൻ നിങ്ങളിൽ ആർക്കു കഴിയും?

ബദ്ർ യുദ്ധാനന്തരം ഖുറൈശികളെ മുസ്ലിംകൾക്കെതിരെ അക്രമത്തിനു പ്രേരിപ്പിക്കാൻ തന്നാലാവുന്നതെല്ലാം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ജൂത നേതാവായിരുന്ന കഅ്ബ്. അയാളുടെ ദ്രോഹം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയായിരുന്നു. സ്വന്തം വിശ്വാസവും ആദർശവും സംരക്ഷിച്ചു സമാധാനത്തോടെ കഴിയുന്ന മുസ്ലിംകളെ ചോരയിൽ മുക്കിക്കൊല്ലാൻ തന്ത്രം പണിയുകയായിരുന്നു അയാൾ. കേൾക്കേണ്ട താമസം മുഹമ്മദ്ബ്നു മസ്ലമ(റ) വിനയത്തോടെ പറഞ്ഞു: “യാ റസൂലല്ലാഹ്, അങ്ങ് അനുവദിക്കുകയാണെങ്കിൽ ഞാൻ അക്കാര്യം നിർവഹിക്കാം…’

നബി(സ്വ) ഇബ്നു മസ്ലമ(റ)ക്ക് സമ്മതം നൽകി.

ജനങ്ങൾക്കെതിരെ ദ്രോഹത്തിൻറെ കുന്തമുന ഉയർത്തുന്ന കഅ്ബിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ ഇബ്നുമസ്ലമ പുറപ്പെട്ടു. സഹകാരികളായി ഉബാദ്ബ്നു ബിശ്ർ(റ) ഹാരിസ്ബ്നു ഔസ്(റ) അബൂ അബ്സ്ബ്നു ജബൽ(റ) അബൂനാഇല(റ) എന്നീ നാൽവർ സംഘത്തെ തെരഞ്ഞെടുത്തു. ഇതിൽ അബൂനാഇല(റ) കഅ്ബിൻറെ മുലകുടി ബന്ധത്തിലെ സഹോദരൻ കൂടിയായിരുന്നു.

കൊട്ടാര സദൃശ്യമായ കഅ്ബിൻറെ വസതിയിൽ ചെന്നു അവർ പറഞ്ഞു:

“ഞങ്ങളാകെ വലഞ്ഞിരിക്കുന്നു. പ്രവാചകർ എപ്പോഴും ധർമം ചെയ്യാൻ നിർബന്ധിപ്പിക്കും.. ഞങ്ങളിപ്പോൾ അങ്ങയുടെ അടുത്തുവന്നത് അൽപം ധാന്യം കടം ചോദിക്കാൻ വേണ്ടിയാണ്’

“നിങ്ങൾക്ക് അയാളെ മടുക്കുമെന്ന് എനിക്കറിയാം’ ഗർവോടെയും പരിഹാസത്തോടെയും കഅ്ബ് പറഞ്ഞു.

“എന്നാലും ഞങ്ങൾ അദ്ദേഹത്തെ പിന്തുടർന്ന സ്ഥിതിക്ക് എന്തെങ്കിലുമൊന്ന് ആവാതെ പിന്മാറാൻ പറ്റില്ലല്ലോ. അതിരിക്കട്ടെ, പട്ടിണി മാറ്റാൻ ഒന്നോ രണ്ടോ വസ്ഖ് ധാന്യം കടമായി തന്നാൽ വലിയൊരു ഉപകാരമായിരുന്നു’

“ധാന്യമെല്ലാം തരാം. പക്ഷേ, പണയം തന്നേ പറ്റൂ. നിങ്ങളുടെ സ്ത്രീകളെ ഇവിടെ പണയമായി നൽകണം’

“അതുപറ്റില്ല, അറേബ്യയിലെ എണ്ണപ്പെട്ട സുമുഖനും സുന്ദരനുമായ താങ്കളുടെ പക്കൽ ഞങ്ങളുടെ സ്ത്രീകളെ ധാന്യത്തിന് പണയമായി നൽകുന്നത് ഞങ്ങൾക്ക് അപമാനമല്ലേ…?’

“എന്നാൽ പിന്നെ മക്കളെ പണയം തരണം’

“അതും പറ്റില്ല. പിന്നീട് ഞങ്ങളുടെ സന്താനങ്ങളെ വസ്ഖിൻറെ പണയം എന്ന പേര് ജനം കൽപിച്ചു നൽകി പരിഹസിക്കാനിടവരും. ഞങ്ങൾ ഞങ്ങളുടെ ആയുധം പണയം തരാം, താങ്കളത് സ്വീകരിക്കണം’

“ശരി അങ്ങനെയാവട്ടെ, ആയുധവുമായി എപ്പോൾ വരും?’

“ഇന്നു രാത്രി’

മുഹമ്മദ്ബ്നു മസ്ലമ(റ)യുടെ തന്ത്രത്തിൻറെ ആദ്യഘട്ടം വിജയകരമായി. അദ്ദേഹം സഹചാരികളോട് പറഞ്ഞു: രാത്രി ആയുധങ്ങളുമായി നാം കഅ്ബിനടുത്ത് വരുമ്പോൾ ഞാൻ വെറുക്കപ്പെട്ടവൻറെ ശിരസ്സ് പിടിച്ചു ചുംബിക്കും പോലെ തല താഴ്ത്തും. അവൻറെ പിരടി വാളിനു പാകമായി ചാഞ്ഞുനിൽക്കവെ നിങ്ങൾ ജാഗ്രതപുലർത്തി കാര്യം നിർവഹിക്കണം.

പറഞ്ഞുറച്ച പോലെ രാത്രി അവർ ആയുധവുമായി അവൻറെ വസതിയിലെത്തി. കഅ്ബിനെ ഉമ്മറത്തേക്കു വിളിച്ചു. കസ്തൂരി പൂശിയ ശിരസ്സുമായി പരിസരമാകെ പരിമളം പരത്തി അവൻ ഒരു രാജാവിൻറെ ഗർവോടെ തന്നെ ഇറങ്ങിവന്നു.

“ഹായ്, എന്തൊരു സുഗന്ധം! താങ്കളുടെ തല ഞാനൊന്ന് മുത്തട്ടെ. എനിക്കങ്ങൊന്ന് കുനിഞ്ഞുതന്നാലും.’

കഅ്ബിന് തന്നെക്കുറിച്ച് അഭിമാനം തോന്നി. പറഞ്ഞപോലെ അയാൾ നിന്നുകൊടുത്തു. ഇബ്നു മസ്ലമ(റ) തല പിടിച്ചു വാളിനു പാകമാക്കി. അരനിമിഷം! കൂട്ടുകാരിൽ ഒരാൾ അത് വെട്ടി താഴെയിട്ടു. ഹബീബിൻറെ ഇംഗിതം പൂർത്തീകരിച്ചു. കുലദ്രോഹത്തിൻറെ പരിണതി. വിവരമറിഞ്ഞ ദൂതർ റബ്ബിന് സ്തോത്രമോതി. ഇരുസംഘങ്ങൾ തമ്മിൽ നാശകാരിയായ യുദ്ധത്തേക്കാൾ ചില തന്ത്രങ്ങൾകൊണ്ട് പ്രശ്നം ഒതുക്കുന്നതാണല്ലോ അഭികാമ്യം.

* * *

ഉഹ്ദിൻറെ രണഭൂമിയിൽ മുസ്ലിം സൈന്യം അണി ചിതറിയപ്പോൾ തിരുനബി(സ്വ)ക്ക് കാവലായി പാറപോലെ ഉറച്ചുനിന്നവരിൽ മുഹമ്മദ് ബ്നു മസ്ലമയും ഉണ്ടായിരുന്നു.

ഹിജ്റ ഏഴാം വർഷം നടന്ന ഖൈബറിൽ ഇബ്നു മസ്ലമ(റ)യുടെ പോരു സുപ്രസിദ്ധം. ഖൈബറിൽ ശത്രു സൈന്യത്തിന് സുരക്ഷിത കോട്ടകളുണ്ടായിരുന്നു. ദീർഘമായ പ്രതിരോധാനന്തരം അവ ഓരോന്നും മുസ്ലിം സൈന്യത്തിന് അധീനപ്പെട്ടു. ഒന്നാം കോട്ട വളഞ്ഞ സൈനികരിൽ ഇബ്നു മസ്ലമ(റ)യുടെ സഹോദരൻ മഹ്മൂദുബ്നു മസ്ലമ(റ)യുമുണ്ടായിരുന്നു. കോട്ടമുകളിൽ നിന്ന് ഓർക്കാപുറത്ത് ഒരു കല്ല്, താഴെ നിൽക്കുകയായിരുന്ന മഹ്മൂദ്(റ)ൻറെ ശിരസ്സിലേക്കിട്ടു ശത്രുക്കൾ. തല തകർന്ന അദ്ദേഹം രക്തസാക്ഷിയായി.

പിറ്റേ ദിവസം മറ്റൊരു കോട്ടയിൽ നിന്ന് ഒരു ജൂതനേതാവ് സായുധനായി അഹങ്കാരപൂർവം മുസ്ലിംകളെ വെല്ലുവിളിച്ചു. തൻറെ പ്രൗഢി പ്രകീർത്തിച്ചു ഈരടികളുമായി ഇറങ്ങിവന്നു. ആ നിഗളിപ്പ് കണ്ട് സഹികെട്ട് തിരുദൂതർ ആരാഞ്ഞു:

“ആരുണ്ട് അവനെ നേരിടാൻ?’

“റസൂലേ, ഞാനായാലോ?

സമ്മതം വാങ്ങി ഇബ്നു മസ്ലമ(റ) അവനു നേരെ ചെന്നു. ഘോരമായ സംഘട്ടത്തിനൊടുവിൽ ആ ധിക്കാരി നിലംപതിച്ചു.

നല്ല ഭയഭക്തി, സേവനതാൽപര്യം, വിശ്വസ്തത, സത്യസന്ധത തുടങ്ങിയ ഗുണവിശേഷങ്ങൾ നിമിത്തം ഖലീഫ ഉമർ(റ)ൻറെ അടുപ്പക്കാരനായിരുന്നു. ഖലീഫയുടെ ഏതു ആജ്ഞയും നടപ്പിലാക്കുമ്പോൾ മുഖം നോക്കാറുണ്ടായിരുന്നില്ല. ഈജിപ്തിലെ ഗവർണറായിരുന്ന അംറുബ്നുൽ ആസ്വ്(റ)നെ കുറിച്ച് ചില ആരോപണങ്ങൾ തദ്ദേശീയർ ഉന്നയിച്ചു. അതിലെ ശരിതെറ്റുകൾ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ഖലീഫ ഉമർ(റ) നിയോഗിച്ച ഏകാംഗ കമ്മീഷൻ ഇബ്നു മസ്ലമ(റ)യായിരുന്നു.

അദ്ദേഹം ഈജിപ്തിലെ അംറ്(റ)ൻറെ വസതിയിൽ ചെന്നു. ഭക്ഷണ നേരമായപ്പോൾ വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ തീൻമേശയിൽ നിരന്നു. ഇരുവരും കഴിക്കാനിരുന്നു. വിഭവങ്ങളൊന്നും ശ്രദ്ധിക്കാതെ ഇബ്നു മസ്ലമ(റ) കൈയിൽ കരുതിയിരുന്ന സഞ്ചിയിൽ നിന്ന് ഒരു പൊതിയെടുത്തു അഴിച്ചു. ഉണക്ക റൊട്ടി, തൊട്ടുകൂട്ടാൻ അൽപം ഉപ്പും. സംതൃപ്തിയോടെ ഭക്ഷിക്കാൻ തുടങ്ങി.

“എൻറെ ഭക്ഷണം കഴിക്കരുതെന്ന് ഉമർ(റ) നിങ്ങളോട് പറഞ്ഞിരുന്നോ?’

“താങ്കളുടെ ഭക്ഷണം കഴിക്കുന്നത് അദ്ദേഹം വിലക്കിയിട്ടില്ലെങ്കിലും അതുതന്നെ കഴിക്കണമെന്ന് കൽപിച്ചിട്ടില്ല’

നിരാശനായ അംറ്(റ) പറഞ്ഞു: “ഉമറിൻറെ കീഴുദ്യോഗസ്ഥനാകേണ്ടി വന്നത് നമ്മുടെ വിധി. എൻറെ ഉപ്പ സ്വർണക്കസവ് നെയ്ത പട്ടുപുടവയണിഞ്ഞ് മക്കയിൽ പത്രാസോടെ നടന്ന കാലത്ത് ഖത്താബും പുത്രന്മാരും ഉടുതുണിക്ക് മറുതുണിയില്ലാതെ, ഉടുത്തും ഉടുക്കാതെയും അർധനഗ്നരായി നടക്കുന്നത് ഞാൻ കണ്ടിരുന്നു.’

ഈ കുറ്റം പറച്ചിൽ ഇബ്നു മസ്ലമ(റ)ക്ക് തീരെ പിടിച്ചില്ല. അദ്ദേഹം പ്രതികരിച്ചു: നിർത്ത്! ആസ്വ്ബ്നു വാഇൽ എന്ന നിൻറെ പിതാവും നരകത്തിലേക്കാണു പോയത്. നിങ്ങളുടെ സ്ഥിതിയോ? ഇന്ന് ഗവർണറായിരുന്നില്ലെങ്കിൽ ആടുകളെ കറന്നും അവയുടെ ഒട്ടിയ അകിടുനോക്കി നെടുവീർപ്പിട്ടും മക്കയിലെ തെരുവുകളിൽ നീ അലയുന്നത് കാണാമായിരുന്നില്ലേ…

* * *

സഅ്ദുബ്നു അബീ വഖാസ്(റ) കൂഫയിൽ സാമാന്യം നല്ലൊരു വീട് നിർമിച്ച വിവരം ഉമർ(റ) അറിയുന്നു. ഭരണീയരെക്കാൾ ഭരണാധികാരികൾ ഒട്ടും ഉയർന്നുകൂടാ എന്ന നിർബന്ധമുള്ള ഉമർ(റ)ന് അത് ഇഷ്ടമായില്ല. ആ വീട് തീയിട്ടു നശിപ്പിക്കാൻ ഉമർ(റ) ഇബ്നു മസ്ലമ(റ)യെ നിയോഗിച്ചു. അദ്ദേഹം കൂഫയിൽ ചെന്നു. അത് പൊളിച്ചുകളഞ്ഞു. തൻറെ വീട് തകർക്കുന്നത് സഅ്ദ്(റ) നിർവികാരനായി നോക്കിനിന്നു. അവർക്കാർക്കും പരസ്പരം ശത്രുതയോ വിദ്വേഷമോ വെറുപ്പോ ഒന്നുമില്ല. മാനവ സമൂഹത്തിനുവേണ്ടി നിസ്തുലവും മാതൃകാപരവുമായ ഒരു ചരിത്രരചന നടത്തുകയായിരുന്നു അവർ.

ഉമർ(റ), ഉസ്മാൻ(റ) എന്നിവരുടെ വഫാതാനന്തരമുണ്ടായ കലുഷിതമായ അന്തരീക്ഷത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുനിന്നു. മുസ്ലിം ലോകത്ത് കലാപം വ്യാപിച്ചപ്പോൾ ഇബ്നു മസ്ലമ(റ) തൻറെ പടവാൾ ഒരു പാറയിൽ അടിച്ചുപൊട്ടിച്ചു. പകരം ഒരു മരക്കഷ്ണമെടുത്ത് വാള് രൂപത്തിലാക്കി വീടിൻറെ ഉമ്മറത്ത് തൂക്കിയിട്ടു.

“എന്തിനാണ് നല്ലൊരു വാൾ കല്ലിൽ തല്ലിത്തകർത്തത്?’ ആരോ ചോദിച്ചു.

അദ്ദേഹം പറഞ്ഞു: “മുത്ത് റസൂൽ(സ്വ) എനിക്കാ വാൾ സമ്മാനിച്ചപ്പോൾ ഇങ്ങനെ ഉപദേശിച്ചിരുന്നു: മുശ്രിക്കുകൾ യുദ്ധത്തിന് മുതിരുമ്പോഴൊക്കെയും നീ ഇതുകൊണ്ടു പോരാടണം. മുസ്ലിം സമൂഹം പരസ്പരം യുദ്ധം ആരംഭിക്കുന്ന കാലത്ത് ഈ വാൾ പാറയിലടിച്ച് പൊട്ടിച്ച് സ്വന്തം കൂരയിൽ സ്വസ്ഥത തേടി മരണം വരെയോ വധിക്കപ്പെടുന്നതുവരെയോ ഇരിക്കുക!’

സിറിയക്കാരായ കലാപകാരികളുടെ കൈകളാൽ ഹിജ്റ നാൽപത്തിയാറാം വർഷം മദീനയിലെ സ്വന്തം വീട്ടിൽ വധിക്കപ്പെടുവോളം ആ സാത്വികൻ ജീവിച്ചു. എഴുപത് വയസ്സായിരുന്നു അന്നദ്ദേഹത്തിന്.

(അൽഇസ്വാബ, സുവറുൻ മിൻ ഹയാതിസ്വഹാബ)


ടിടിഎ ഫൈസി പൊഴുതന

No comments:

Post a Comment