Thursday 15 October 2020

ആഹാര മര്യാദകൾ

 

💥ഭക്ഷണത്തിന് മുന്പും ശേഷവും കൈ കഴുകുന്നത് ദാരിദ്ര്യത്തെ നിഷ്കാസനം ചെയ്യുന്നതാണ്” (ഖുള്വാള).

💥 തീറ്റകൊണ്ട് നാം ലക്ഷ്യമാക്കേണ്ടത് രസവും സുഖവുമൊന്നുമല്ല. മറിച്ച് അല്ലാഹുവിന് ആരാധന നിർവഹിക്കുന്നതിന് ശക്തി പകരാനായിരിക്കണം. 

തിരുനബി(സ്വ) പറഞ്ഞു: “”മനുഷ്യൻ നിറക്കുന്ന മോശമായ പാത്രം അവന്റെ വയറാകുന്നു” (തിർമുദി).

💥 കിട്ടിയതുകൊണ്ട് തൃപ്തിയടയൽ

മുമ്പിൽ ലഭിച്ചത് തിന്നുക എന്നതായിരിക്കണം സമീപനം. അത് കുറഞ്ഞുപോയതിനും സുഭിക്ഷമാകാത്തതിനും ശുണ്ഠി പിടിക്കുന്നതും കൂടുതൽ കുശാലാകാൻ കാത്തുകെട്ടി നിൽക്കുന്നതും ഒഴിവാക്കണം. 

ഇമാം ഗസ്സാലി(റ) പറയുന്നു: “”പത്തിരി കിട്ടിയാൽ കൂട്ടാൻ കാത്തുനിൽക്കാതിരിക്കുന്നതാണ് മാന്യത. പത്തിരിയെ ആദരിക്കണമെന്ന് തിരുനബി(സ്വ) പറഞ്ഞിട്ടുണ്ടല്ലോ” (ഇഹ്യാഅ്: 2/4).

ഇനിയെന്ത്, ഇനിയെന്ത് എന്ന ചിന്തയും ചോദ്യവും അന്നത്തിന് മുമ്പിൽ വെച്ച് അമാന്യമാണെന്നാണ് ഈ പറഞ്ഞതിന്റെ പൊരുൾ. കിട്ടിയ അന്നത്തെ അനാദരിക്കുന്ന പ്രവണതയാണത്.

💥 തിരുനബി(സ്വ) പറഞ്ഞു: “”നിങ്ങൾ സംഘടിച്ചു തിന്നുവീൻ. അതിൽ ബറകത്ത് നൽകപ്പെടും” (അബൂദാവൂദ്).

💥 തീറ്റ ആരംഭിക്കുന്നത് അല്ലാഹുവിന്റെ നാമത്തിലാകണം. അതിന് പൂർണമായി ബിസ്മി ചൊല്ലുക. ബിസ്മി ചൊല്ലാതിരുന്നാൽ പിശാച് ഒപ്പം ഭക്ഷിക്കുമെന്ന് ഹദീസിൽ കാണാം.

💥 നബി(സ്വ) പറഞ്ഞു: “”നിങ്ങളാരും ഇടത് കൈകൊണ്ട് തിന്നരുത്, കുടിക്കരുത്. പിശാച് തിന്നുന്നതും കുടിക്കുന്നതും ഇടത് കൈകൊണ്ടാണ്” (ഇബ്നുമാജ).

“”നിങ്ങൾ വലത് കൈകൊണ്ട് മാത്രം തിന്നുകയും കുടിക്കുകയും ചെയ്യുക” (ഇബ്നുമാജ).

💥 തീറ്റ തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും സ്വൽപം ഉപ്പുകൊണ്ടാവുക (ഇഹ്യാഅ്: 2/5).

💥 ചവച്ചരച്ച് തിന്നുക (കയശറ: 2/5)

💥 ഭക്ഷണത്തെ പഴിക്കാതിരിക്കുക.

ഒരു അന്നത്തെയും കുറ്റപ്പെടുത്തുന്നത് ഭൂഷണമല്ല. “”തിരുനബി(സ്വ) ഒന്നിനെയും ആക്ഷേപിച്ചിരുന്നില്ല. ഇഷ്ടപ്പെട്ടാൽ തിന്നും, ഇല്ലെങ്കിൽ ഒഴിവാക്കും” (ബുഖാരി, മുസ്‌ലിം).

💥 അരികെ നിന്നു മാത്രം

നാം ഇരിക്കുന്നതിന്റെ അടുത്ത സ്ഥലത്ത് നിന്ന് മാത്രമേ തീറ്റ പാടുള്ളൂ. സുപ്രയിലും പാത്രത്തിലും കൈ പരന്ന് നടക്കുന്ന ഗതി വരരുത്. നബി(സ്വ) പറഞ്ഞു: “”തിന്നുമ്പോൾ അടുത്തുനിന്ന് തിന്നുക” (ബുഖാരി, മുസ്‌ലിം).

എന്നാൽ പഴവർഗങ്ങൾ തിന്നുമ്പോൾ ഈ നിയമം പാലിക്കണമെന്നില്ല. തിരുനബി(സ്വ) ഫലങ്ങൾ തിന്നപ്പോൾ കൈ പാത്രത്തിൽ ചുറ്റിക്കറങ്ങുന്നത് കണ്ട് ചിലർ സംശയ ഭാവേനെ നോക്കി. തങ്ങൾ പറഞ്ഞു: “”പഴം ഒരു ഇനമല്ലല്ലോ. കുറെയുണ്ടല്ലോ” (തിർമുദി, ഇബ്നുമാജ).

💥 ഊതാതിരിക്കുക

തിരുനബി(സ്വ) വിലക്കിയ ഒരു സംഗതിയാണ് അന്നത്തിൽ ഊതലും ശ്വാസം വിടലും. തങ്ങൾ പറഞ്ഞു: “”ഭക്ഷണം ചൂടുണ്ടെന്ന് കരുതി നിങ്ങൾ ഊതരുത്” (അഹ്മദ്).

ചൂടാറുന്നതുവരെ ക്ഷമിക്കുകയാണ് വേണ്ടത്.

💥 ഈത്തപ്പഴം തിന്നുകയാണെങ്കിൽ ഒറ്റയാക്കൽ സുന്നത്താകുന്നു. ഏഴ്, പതിനൊന്ന്, ഇരുപത്തിയൊന്ന് എന്നിങ്ങനെ ഒറ്റയാക്കിത്തിന്നുക. ഇല്ലെങ്കിൽ സൗകര്യപ്പെട്ട ഒറ്റയിൽ ഒതുക്കുക. 

ഈത്തപ്പഴക്കുരുവും പഴവും ഒരേ പാത്രത്തിൽ ഇടുന്നത് ഒഴിവാക്കണം. കുരു കൈവെള്ളയിലും ഒരുമിച്ച് കൂട്ടരുത്. മറിച്ച് വായയിൽ നിന്ന് കൈപത്തിയുടെ പുറംഭാഗത്തേക്കെടുത്ത് പുറത്തെറിയുകയാണ് വേണ്ടത്.

“”കുരു ഉള്ള എല്ലാ പഴങ്ങൾക്കും ഈ ഭോജന രീതി തന്നെ പഥ്യം. ഭക്ഷണത്തിന്റെ ഉഛിഷ്ടങ്ങൾ അതേ പാത്രത്തിൽ തന്നെ ഇടുന്നത് ഒഴിവാക്കണം. പുറത്ത് ഉപേക്ഷിക്കാതിരുന്നാൽ തിരിച്ചറിയാതെ വീണ്ടുമാരെങ്കിലും തിന്നാൻ മതി” (ഇഹ്യാഅ്: 2/5).

💥 ഭോജനത്തിനിടെ ജലപാനം അധികരിപ്പിക്കരുത്. തൊണ്ടയിൽ കെട്ടുകയോ ദാഹം തോന്നുകയോ ചെയ്താൽ കുടിക്കാം (കയശറ: 2/5).

💥 പറ്റെ വയർ നിറയുന്നതിന് മുമ്പ് തന്നെ തീറ്റ അവസാനിപ്പിക്കുക. നബി(സ്വ) പറഞ്ഞു: “”വിശ്വാസി ആമാശയത്തിന്റെ ഒരു ഭാഗം നിറക്കുമ്പോൾ അവിശ്വാസി ഏഴ് ഭാഗവും നിറക്കുന്നതാണ്” (ബുഖാരി).

💥 തിന്നുകഴിഞ്ഞാൽ വിരലുകൾ നന്നായി ഈമ്പുക. നബി(സ്വ) പറഞ്ഞു: “”നിങ്ങൾ വിരൽ ഈമ്പുവീൻ. ഏത് അന്നത്തിലാണ് ബറകത് എന്ന് പറയാൻ പറ്റില്ല” (മുസ്‌ലിം).

💥 പൊഴിഞ്ഞുവീണ ഭക്ഷണഭാഗങ്ങൾ എടുത്ത് വൃത്തിയാക്കി തിന്നുക. നബി(സ്വ) പറഞ്ഞു: സുപ്രയിൽ വീണുപോയത് തിന്നുന്നവൻ സുഭിക്ഷതയിൽ ജീവിക്കുന്നതും അവന്റെ സന്തതികൾക്ക് ആരോഗ്യമേകപ്പെടുന്നതുമാണ് (അബുശ്ശൈഖ്).

മറ്റൊരു നിവേദനത്തിൽ ദാരിദ്ര്യം, വെള്ളപ്പാണ്ട്, കുഷ്ഠം എന്നിവയിൽനിന്ന് മുക്തിയും മക്കൾക്ക് അവിവേക മോചനവും കിട്ടുന്നതാണെന്ന് കാണാം (അൽ മുഗ്നി അൻഹം ലിൽ അസ്ഫാർ: 2/6).

💥 പാത്രം തുടച്ച് വൃത്തിയാക്കി ആ വെള്ളം കുടിക്കുക.

ഇമാം ഗസ്സാലി(റ) കുറിക്കുന്നു: പാത്രം തുടച്ച് കഴുകി ആ ജലം കുടിക്കുന്നത് അടിമ മോചനത്തിന് സമമാകുന്നു. 

അതുപോലെ ഭക്ഷണത്തിൽ നിന്ന് വീണുപോയവ എടുക്കുന്നത് സ്വർഗഹൂറികൾക്കുള്ള വിവാഹമൂല്യവുമാകുന്നു (ഇഹ്യാഅ്: 2/6).

💥 തിന്നാൻ കിട്ടിയതിന് ഖൽബിൽ നന്ദി പറയുക (ഇഹ്യാഅ്: 2/6).

💥 തിന്ന് തീർന്നപാടെ ഖുൽഹുവല്ലാഹു സൂറതും ലി ഈലാഫിയും ഓതുക (കയശറ: 2/6).

💥 താഴെ പറയുന്ന നന്ദി വാചകം ഉരുവിടുക.

الحمد لله الذي أطعمني هذا الطعام ورزقنيه من غير حول مني ولا قوة

നബി(സ്വ) പറഞ്ഞു: ഇങ്ങനെ ഭോജനാനന്തരം ഒരാൾ പറഞ്ഞാൽ അവൻ മുമ്പ് ചെയ്ത പാപങ്ങളത്രയും പൊറുക്കുന്നതാണ് (തിർമുദി). 

No comments:

Post a Comment