Thursday 15 October 2020

കൊലപാതകം: നിസ്സാരമാവുന്നുവോ

 

ജീവന് അല്ലാഹുവിന്റെ ദാനമാണ്. അതിന്റെ അപഹരണം ദൈവത്തോടുള്ള കൊലവിളിയാണ്. അല്ലാഹു ആദരിച്ചവയെ അനാദരിക്കാനുള്ള ചങ്കൂറ്റമാണ്. അത് അഭിശപ്തമായ അഹങ്കാരവും തെമ്മാടിത്തവുമാണ്. മനുഷ്യ ശരീരത്തെ അല്ലാഹു സൃഷ്ടിച്ച് സംവിധാനിച്ചിരിക്കുന്നതും ജീവന്, ബുദ്ധി, വിവേകം തുടങ്ങിയവ നല്കി അനുഗ്രഹിച്ചിരിക്കുന്നതും വളരെ മികച്ച അന്തസ്സോടെയാണ്. ‘നിശ്ചയം, നാം ആദമിന്റെ സന്തതികളെ കടലിലും കരയിലും വാഹനത്തിലേറ്റുകയും ഉദാത്ത ഭോജ്യങ്ങളില് നിന്ന് അവര്ക്ക് ഉപജീവനമേകുകയും നാം പടച്ച മിക്കവരെയും അപേക്ഷിച്ച് അവരെ പ്രത്യേകം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു’ (അല് ഇസ്റാഅ്: 70). 

ആകാര സൗഷ്ടവം, അറിവ്, ബുദ്ധി, ഗ്രഹണശേഷി തുടങ്ങി അനേക സവിശേഷതകളാല് പരസഹസ്രം സൃഷ്ടിജാലങ്ങളെക്കാള് മനുഷ്യന് മികവ് നല്കിയിരിക്കുന്നു.

മനുഷ്യ രക്തത്തിന് അല്ലാഹു നല്കിയ പവിത്രതയും ശരീരത്തിന് നല്കിയ സംരക്ഷണവും എത്രമാത്രമാണെന്നത് മനുഷ്യന്റെ മഹത്വം വ്യക്തമാക്കുന്നുണ്ട്. മനുഷ്യന്റെ രക്തം ചിന്തുന്ന അവനു ദേഹോപദ്രവമേല്പ്പിക്കുന്ന പ്രവണതകളെ ഇസ്ലാം തടഞ്ഞു. അല്ലാഹു പറഞ്ഞു: ‘അല്ലാഹു ആദരിച്ച ജീവന് ന്യായപ്രകാരമല്ലാതെ കൊല്ലരുത്. ചിന്തിച്ചു ഗ്രഹിക്കാനായി അവന് നിങ്ങള്ക്കു നല്കുന്ന ഉപദേശമാണിത്’ (അല് അന്ആം: 151).


കൊലപാതകി മഹാ നഷ്ടത്തിലാണ്. കേവല ഇഹലോകത്തിന് പകരം പാരത്രിക ലോകം തുലച്ചവനാണവന്. സ്വന്തം സഹോദരനെ കൊലക്കിരയാക്കി മനുഷ്യകുലം കണ്ട ആദ്യ കൊലപാതകിയുടെ ദുരന്ത കഥ ഖുര്ആന് അവതരിപ്പിക്കുന്നുണ്ട്. താങ്കളവര്ക്ക് ആദം നബിയുടെ പുത്രന്മാര് ബലിയര്പ്പിച്ചതിന്റെ വിവരം സത്യസമേതം പ്രതിപാദിച്ചു കൊടുക്കുക. എന്നിട്ട് അവരിലൊരാളില് നിന്ന് അതു സ്വീകരിക്കപ്പെടുകയും അപരന്റേത് അസ്വീകാര്യമാവുകയും ചെയ്തു. ‘ഞാന് നിന്നെ കൊല്ലുക തന്നെ ചെയ്യുമെ’ന്ന് അപരന് ആക്രോശിച്ചു. സഹോദരന് മറുപടി നല്കി. ‘ദൈവഭയമുള്ള എന്നെ കൊല്ലാനായി നീ കൈ നീട്ടിയാല് തന്നെയും നിന്നെ വധിക്കാന് ഞാന് ധൃഷ്ടനാകില്ല. സര്വലോക രക്ഷിതാവായ അല്ലാഹുവെ ഞാന് ഭയക്കുന്നു. എന്നെ കൊന്നതിന്റെയും നീ അനുവര്ത്തിച്ചതിന്റെയും കുറ്റങ്ങള് നീ പേറിപ്പോകകണമെന്നാണ് ഞാനുദ്ദേശിക്കുന്നത്. അപ്പോള് നീ നരകാവകാശിയായിത്തീരും. 

അക്രമികൾക്കുള്ള പ്രതിഫലം അതാണ്’. അങ്ങനെ സഹോദര ഹത്യക്ക് അവന്റെ മനസ്സനുവദിക്കുകയും അവനയാളെ കൊന്നുകളയുകയും തന്മൂലം പരാജിതരില് ഉള്പ്പെടുകയുമുണ്ടായി’ (അല് മാഇദ: 27-30).

ആദം നബി(അ)ന്റെ പുത്രനായ ഖാബീല് സഹോദരനായ ഹാബീലിനെ വധിച്ചുകളഞ്ഞ സംഭവത്തിലേക്കാണ് ഖുര്ആന് ഇവിടെ ശ്രദ്ധ ക്ഷണിക്കുന്നത്. മനുഷ്യ ലോകത്തിന് അപരിചിതമായിരുന്നു കൊലപാതകം എന്ന ക്രൂരകൃത്യം ആദ്യമായി ചെയ്യുക വഴി തിന്മയുടെ ഒരു വിത്ത് പാകുകയായിരുന്നു ഖാബീല്, അതിനാല് ലോകത്ത് നടക്കുന്ന ഓരോ കൊലപാതകത്തിന്റെയും ശിക്ഷാംശം ഖാബീലിനും അര്ഹമായിരിക്കുന്നതാണ്. 

പ്രവാചകൻ (സ) പഠിപ്പിച്ചു: ‘അന്യായമായി കൊല ചെയ്യപ്പെടുന്ന ഏതൊരു മനുഷ്യന്റെയും രക്തത്തില് ആദമിന്റെ ആദ്യ സന്തതിക്ക് പങ്കുണ്ടായിരിക്കുന്നതാണ്. കാരണം അവനാണ് ആദ്യമായി കൊല നടപ്പില് വരുത്തിയത്’ (ബുഖാരി, മുസ്ലിം റഹ്).

മനുഷ്യനെ കൊലപ്പെടുത്തിയാലുള്ള ശിക്ഷയുടെ ഗൗരവം അല്ലാഹു പഠിപ്പിച്ചു: 

‘പ്രതിക്രിയയായോ നാട്ടില് കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ ഒരാള് മറ്റൊരാളെ വധിച്ചാല് മര്ത്യകുലത്തെ ഒന്നടങ്കം അവന് കൊന്നതുപോലെയാണ്. ഒരാളെ കൊലയില് നിന്ന് വിമുക്തനാക്കിയാല് മനുഷ്യരെ മുഴുവന് അതില് നിന്ന് രക്ഷിച്ചതുപോലെ. ഭാഷയോ ദേശമോ ഏതാവട്ടെ ഒരാള് അന്യായമായി വധിക്കപ്പെടുന്നത് മനുഷ്യനെ ഒന്നടങ്കം കൊല്ലുന്ന വിധം കടുത്ത പാതകമാണെന്നും ഒരാളുടെ ജീവന് രക്ഷിക്കുന്ന വിധം മഹത്തായ കര്മമാണെന്നും അല്ലാഹു പഠിപ്പിക്കുന്നു. ‘ഒരു സത്യവിശ്വാസിയെ കരുതിക്കൂട്ടി ഒരാള് കൊല്ലുന്ന പക്ഷം നരകമാണവന്റെ പ്രതിഫലം. അവനതില് ശാശ്വതവാസിയായിരിക്കും. അല്ലാഹു അവനോട് കോപിക്കുകയും അവനെ ശപിക്കുകയും ചെയ്യും. കഠോര ശിക്ഷയാണ് അല്ലാഹു അവന് തയാറാക്കിവെച്ചിട്ടുള്ളത്’ (അന്നിസാഅ്: 93). 

‘ഈ ലോകം തന്നെ നശിച്ചുപോകുന്നത് ഒരു സത്യവിശ്വാസിയെ വധിക്കുന്നതിനെക്കാള് നിസാരമാകുന്നുവെന്നാണ് നബി (സ) പഠിപ്പിക്കുന്നത്’ (തിര്മുദി). 


കരാറിലേർപ്പെട്ട അവിശ്വാസിയെ ഒരാള് കൊന്നാല് സ്വര്ഗീയ മണം പോലും അവനു ലഭിക്കുകയില്ല. സ്വര്ഗത്തിന്റെ സുഗന്ധം 40 വര്ഷത്തെ വഴിദൂരം അന്യമാണുതാനും’ (ബുഖാരി റഹ്). 

‘അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെ ആരാധിക്കാത്തവരും അവന് വിശുദ്ധി കല്പിച്ച ഒരു ജീവനെ അന്യായമായി വധിക്കാത്തവരും വ്യഭിചരിക്കാത്തവരുമാണവര്. ആരൊരാള് അവ അനുവര്ത്തിക്കുന്നവോ അവന് കഠോര ശിക്ഷ കണ്ടെത്തുന്നതും അന്ത്യനാളില് ഇരട്ടി ശിക്ഷ നല്കപ്പെടുന്നതും ഹീനമായി അവനതില് ശാശ്വത വാസം നയിക്കുന്നതുമാണ്’ (അല് ഫുര്ഖാന്: 68,69)

ഒരു മനുഷ്യന് ഒരു കുടുംബത്തിന്റെ വിത്താണ്. ഒരു കുടുംബം ഒരു സമൂഹത്തിന്റെ വിത്തും. ഒരു ജീവന് ഒരുപാട് തലമുറകളെ ഗര്ഭം പേറുന്നു. അഥവാ ഒരു ജീവന് ഹനിക്കപ്പെടുന്നതിലൂടെ ഒരു വ്യക്തിയല്ല ഇല്ലാതാവുന്നത്. ഒരു കുടുംബമോ സമൂഹമോ തലമുറകളോ ഒക്കെയാണ്. അതുകൊണ്ടു തന്നെ കൊലപാതകത്തെ നിസാരവത്കരിക്കപ്പെടുന്ന അവസ്ഥ തുടച്ചുമാറ്റാന് അല്ലാഹു കര്ക്കശമായ നിയമം നടപ്പില് വരുത്തി കൈകള് രക്തപങ്കിലമാവാത്തിടത്തോളം എല്ലാവിധ മാപ്പുകളും അവനു വകവെച്ചുകൊടുത്തു. 

നബി (സ) പറഞ്ഞു: ‘നിഷിദ്ധ രക്തത്തില് പങ്കുചേരാത്തിടത്തോളം മനുഷ്യന് അവന്റെ മതത്തില് വിശാലത ലഭ്യമാവുന്നതാണ്’ (ബുഖാരി റഹ്).

ജീവന്റെ നിലനില്പ്പിനും സുരക്ഷക്കും അല്ലാഹു നിയമം വിശദീകരിച്ചു. പ്രതിക്രിയാ നടപടിയിലാണ് ബുദ്ധിയുള്ളവരേ നിങ്ങളുടെ ജീവിതത്തിന്റെ ഭദ്രത. ഈ നിയമം നിങ്ങള് സൂക്ഷ്മാലുക്കളാവാന് വേണ്ടിയത്രെ’ (അല് ബഖറ: 179). 

‘അവര്ക്ക് നാം ഇപ്രകാരം നിര്ബന്ധമാക്കിയിരിക്കുന്നു. ജീവനു പകരം ജീവന്, കണ്ണിനു കണ്ണ്, മൂക്കിന് മൂക്ക്, ചെവിക്ക് ചെവി, പല്ലിന് പല്ല്, മറ്റു മുറിവുകള്ക്ക് തത്തുല്യ പ്രതിക്രിയ. എന്നാല് ഒരാള് മാപ്പാക്കുന്നുവെങ്കില് അതവന് പ്രായശ്ചിത്തമാകുന്നു. അല്ലാഹു അവതരിപ്പിച്ച പ്രകാരം ആര് വിധി കല്പ്പിക്കുന്നില്ലയോ അവര് തന്നെയാണ് അതിക്രമകാരികള്’ (അല് മാഇദ: 45).


ഒരു നിരപരാധിയുടെ രക്തം ചൊരിയാന് ഇസ്ലാം ഒരിക്കലും കൂട്ടുനില്ക്കില്ല. സര്വലോകത്തിനും കാരുണ്യമായി വന്ന മുത്തുനബി ഒരു ചെറുജീവിയെപ്പോലും അന്യായമായി നോവിക്കാന് അനുവദിച്ചില്ല. ഭൂമിയിലുള്ളവരോട് കരുണ കാണിച്ചെങ്കിലേ ആകാശത്തുള്ളവന് കരുണ കാണിക്കൂ എന്നു പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്ക്ക് ഭീകരവാദിയോ തീവ്രവാദിയോ ആകാനാവില്ല. ഈ മതത്തിന്റെ കാരുണ്യ മുഖം വികൃതമായി കാണാന് കൊതിക്കുന്ന തമസ്സിന്റെ ശക്തികളുടെ മുഖംമൂടികള് ലോകം തിരിച്ചറിയുക തന്നെ ചെയ്യും.

No comments:

Post a Comment