Wednesday 7 October 2020

ഹജ്ജും , നിർദ്ദേശവും

 

മഹാനായ ബിശ്‌റുനിൽഹാഫിയെ സമീപിച്ച് ഒരാൾ പറഞ്ഞു: ''ഞാൻ ഹജ്ജിനു പോവുകയാണ്; വല്ല നിർദേശവും നൽകാനുണ്ടോ?''

''എത്ര സംഖ്യ ചെലവിന് കരുതിയിട്ടുണ്ട്?'' ബിശ്‌റ് ചോദിച്ചു.

'രണ്ടായിരം ദിർഹം' എന്ന് പ്രതിവചിച്ചപ്പോൾ ബിശ്‌റ് ചോദിച്ചു:

''ഹജ്ജ്‌കൊണ്ട് എന്താണ് താങ്കളുടെ ഉദ്ദേശ്യം? നാടിനോടുള്ള വിരക്തിയും പുണ്യഗേഹം കാണാനുള്ള ആഗ്രഹവുമാണോ? അല്ലെങ്കിൽ അല്ലാഹുവിന്റെ പൊരുത്തം കാംക്ഷിച്ചുകൊണ്ടാണോ ഈ യാത്ര?''

അല്ലാഹുവിന്റെ പൊരുത്തം കാംക്ഷിച്ചുകൊണ്ടാണ് തന്റെ തീർഥാടനം എന്നായിരുന്നു മറുപടി. 

''വീട്ടിലിരുന്നു കൊണ്ടു തന്നെ ഈ രണ്ടായിരം ദിർഹം ചെലവഴിച്ചുകൊണ്ട് ഉറപ്പായും അല്ലാഹുവിന്റെ പൊരുത്തം സാധിക്കുമെങ്കിൽ താങ്കൾ അതിന് തയാറാണോ?'' ബിശ്‌റ് ചോദിച്ചു.

അതേ എന്ന് ആഗതൻ പറഞ്ഞപ്പോൾ ബിശ്‌റ് വിശദീകരിച്ചു:

''താങ്കൾ പോയി ഈ സംഖ്യ പത്തു പേർക്ക് ദാനം ചെയ്യുക. കടം വീട്ടാനായി ഒരു കടക്കാരന്നും, ജട നന്നാക്കാനായി ഒരു ദരിദ്രന്നും, കുടുംബത്തിന്റെ പട്ടിണി തീർക്കാനായി ഒരു കുടുംബനാഥന്നും, അനാഥയെ സന്തോഷിപ്പിക്കാനായി അവന്റെ പരിപാലകന്നും എന്ന ക്രമത്തിൽ കൊടുക്കുക. സംഖ്യ മുഴുവനും ഒരാൾക്കു തന്നെ കൊടുക്കാൻ നിന്റെ മനസ്സ് ധൈര്യം കാണിക്കുന്നുവെങ്കിൽ അങ്ങനെ ചെയ്യുക.''

ഹജ്ജ് കരുതി വന്ന ആ ഭക്തനോട് മഹാഗുരു ബിശ്‌റ് ഇങ്ങനെ ഉപദേശിക്കാനുണ്ടായ കാര്യം വ്യക്തമാക്കിക്കൊടുത്തു: ''മുസ്‌ലിംകളുടെ ഹൃദയത്തിൽ സന്തോഷം ഉണ്ടാക്കുന്നതും നിരാലംബരെ സഹായിക്കുന്നതും അവരുടെ പ്രയാസം നീക്കുന്നതും ദുർബലരെ സഹായിക്കുന്നതും, നിർബന്ധ ഹജ്ജിനു ശേഷം ചെയ്യുന്ന നൂറ് ഹജ്ജിനേക്കാൾ മഹത്തരമാണ്. അതിനാൽ, പോയി ഞാൻ പറഞ്ഞപോലെ ചെയ്യൂ. നിന്റെ മനസ്സ് എന്തു പറയുന്നു?''

''ഹജ്ജിനു യാത്ര ചെയ്യാനാണ് എനിക്ക് കൂടുതൽ താൽപര്യം'' - അയാൾ പറഞ്ഞു.

മന്ദഹാസത്തോടെ സ്വൂഫിവര്യൻ  ഉണർത്തി: ''കച്ചവടത്തിലെ അഴുക്കും ഹറാം മിശ്രിതവും അടങ്ങിയ അശുദ്ധ സമ്പാദ്യം ആകുമ്പോൾ മനസ്സ് ഇതുപോലെയാണ് പ്രേരിപ്പിക്കുക. പക്ഷേ അല്ലാഹു ഭക്തന്മാരിൽനിന്നേ സ്വീകരിക്കുകയുള്ളൂ എന്ന് മനസ്സിലാക്കുക.''

തനിക്ക് ചുറ്റും ദാരിദ്ര്യം കൊണ്ട് വലയുന്ന മനുഷ്യർ ഉണ്ടായിരിക്കെ, ദൈവത്തിന്റെ പ്രീതി നേടാൻ കഅ്ബാലയം വരെ യാത്രചെയ്യേണ്ട ആവശ്യമില്ല എന്നാണ് ഇവർ പഠിപ്പിക്കുന്നത്. മനുഷ്യരെ മറന്ന് ഇബാദത്തുകളിൽ വ്യാപൃതരാകുന്ന ആത്മവഞ്ചകരെ, ഈ സംഭവം പശ്ചാത്തലമാക്കി ഇമാം ഗസ്സാലി വിശകലനം ചെയ്യുന്നുണ്ട്, തന്റെ ഇഹ്‌യാ ഉലൂമിദ്ദീനിൽ. സമ്പത്ത് നേരാംവിധം ചെലവഴിക്കാൻ അറിയാത്ത ധനികരെ കുറിച്ച് വിവരിക്കുന്നതാണ് രംഗം. ധനികരിൽ ചിലരുടെ അവസ്ഥ പറയുകയാണ് അദ്ദേഹം : ''ചിലപ്പോൾ അവർ ഹജ്ജിനു വേണ്ടി ധനം ചെലവഴിക്കാൻ ഉത്സുകരാണ്; വീണ്ടും വീണ്ടും അവർ ഹജ്ജ് ചെയ്യുന്നു. എന്നാൽ മിക്കപ്പോഴും അയൽവാസികൾ വിശന്നിരിക്കുന്ന അവസ്ഥയിലാകും ഇവർ ഹജ്ജിനു പോവുക. 

ഇക്കാരണത്താലത്രെ ഇബ്‌നു മസ്ഊദ് (റ) ഇപ്രകാരം പ്രസ്താവിച്ചത്: അന്ത്യകാലം അടുക്കുമ്പോൾ കാരണം കൂടാതെ ഹജ്ജ് വർധിക്കും. അന്ന് അവർക്ക് യാത്ര നിസ്സാരമായിരിക്കും. അവരുടെ അന്നപാനീയങ്ങൾ സുഭിക്ഷമായിരിക്കും. എന്നാൽ ഹജ്ജ് കഴിഞ്ഞ് അവർ തിരിച്ചുവരുന്നത് പ്രതിഫലം നിഷേധിക്കപ്പെട്ടവരായാണ്. അവരുടെ വാഹനം വിജനമായ മരുഭൂമികൾ കടന്നുവരുന്നു. അവന്റെ അയൽവാസി തന്റെ ചാരത്ത് ബന്ധിതനാണ്, പക്ഷേ, അവരുടെ ക്ഷേമകാര്യത്തെ കുറിച്ച് ഇയാൾ അന്വേഷിക്കുന്നു പോലുമില്ല.'' 

No comments:

Post a Comment